ഡിറ്റക്ടീവ് അരുൺ 3

അടുത്ത ദിവസം രാവിലെ തന്നെ അരുൺ ഓഫീസിലെത്തി. ഷട്ടർ ഉയർത്തിയപ്പോൾ ആണ് അവൻ മടക്കിയ നിലയിൽ ഒരു പേപ്പർ വാതിലിനടുത്ത് കണ്ടത്. അവൻ വേഗം കുനിഞ്ഞ് അതെടുത്തു. ശേഷം വാതിൽ തുറന്ന് അവൻ തന്റെ കസേരക്കരികിലേക്ക് നടന്നു.

അവൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പേപ്പറിന്റെ മടക്കുകൾ നിവർത്തി. അതിലെ വാചകങ്ങളിലൂടെ അവന്റെ കണ്ണുകൾ അരിച്ചിറങ്ങി. അതിന്റെ സംഗ്രഹം മനസ്സിലാക്കിയ അവൻ ആ കടലാസ് മുഖത്തേക്ക് അമർത്തിവെച്ച് ഇതികർത്തവ്യാമൂഢനായി ഇരുന്നു.

അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും ആ പേപ്പറിലൂടെ അരിച്ചിറങ്ങി.

അരുൺ എത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് ഗോകുൽ ഓഫീസിലെത്തിയത്. മുഖത്തൊരു പേപ്പർ വെച്ച് കസാരയിൽ ചാരി കിടക്കുകയായിരുന്നു അരുൺ. “എന്താ അരുൺ രാവിലെ തന്നെ ഒരു കടലാസൊക്കെ മുഖത്ത് വെച്ച്.” ഗോകുൽ തമാശയോടെ അരുണിനോട് ചോദിച്ചു.

“ദാ നോക്ക്.” കസാരയിൽ നിന്നെഴുന്നേറ്റ്, മുഖത്തിരുന്ന കടലാസ് ഗോകുലിന് നേരെ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.

ഗോകുൽ വേഗം ആ കടലാസ് കഷ്ണം അരുണിന്റെ കൈകളിൽ നിന്ന് കൈക്കലാക്കി. അതിലെ വരികളിലൂടെ അവന്റെ മിഴികൾ ഓടി നടന്നു.

മരണം തൊട്ടടുത്തെത്തുമ്പോൾ ആളിക്കത്തുക സ്വാഭാവികമാണ്.ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ജോലിയുടെ പ്രത്യാഗാതം നിങ്ങളറിയും ഉടൻ തന്നെ.

ഗോകുൽ ആ കടലാസിൽ നിന്നും മിഴികളുയർത്തി ഞെട്ടലോടെ അരുണിന്റെ മുഖത്തേക്ക് നോക്കി. അരുണിന്റെ മുഖത്തൊരു നിസ്സംഗതാ ഭാവമാണുള്ളതെന്ന് ഗോകുൽ തിരിച്ചറിഞ്ഞു. “നമ്മുടെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് അല്ലേ അരുൺ.” ഞെട്ടലിൽ നിന്നും മോചിതനായ ഗോകുൽ ചോദിച്ചു.

“ശരിയായ ദിശയിലാണെന്ന് മാത്രമല്ല ഗോകുൽ. അത് കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളുന്നുമുണ്ട്. ഇനി നമ്മുടെ ഓരോ നിക്കവും സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വേണമെന്നുള്ളതിന്റെ തെളിവാണ് നമ്മൾക് ഈ കിട്ടിയ എഴുത്ത്.”

“അരുൺ ഈ കടലാസ് എവിടെ നിന്ന് കിട്ടി.” എന്തോ ചിന്തിച്ചു കൊണ്ട് ഗോകുൽ ചോദിച്ചു.

“ഷട്ടർ തുറന്നതിന് ശേഷമാണ് കണ്ടത്. അടഞ്ഞ് കിടക്കുന്ന വാതിലിനടിയിലേക്ക് നീക്കിവെച്ച വിധമാണ് കിടന്നിരുന്നത്. എന്താ നീ ഇതാരാ ഇവിടെ കൊണ്ട് വെച്ചതെന്നതിനെക്കുറിച്ചാണോ ചിന്തിക്കുന്നത്.”

“അതെ കുറിച്ച് കൂടുതൽ എന്താ അന്വേഷിക്കാൻ. രശ്മിയെ തട്ടിക്കൊണ്ട് പോയവരായിരിക്കും അതെന്ന കാര്യത്തിൽ സംശയമേയില്ല.”

“ഞാൻ ആ കാര്യമല്ല ഗോകുൽ ഉദ്ദേശിച്ചത്. ഞാൻ ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഇവിടെ നിന്ന് പോയത്. അതിനു ശേഷമായിരിക്കുമല്ലോ ഇവിടെ ആ കടലാസ് കൊണ്ടു വന്നിട്ടത്.

അയാളെ ഈ ഫ്ലാറ്റിന്റെ സെക്യൂരിറ്റിക്കാരൻ ജോയിച്ചേട്ടൻ കണ്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. നമുക്കദ്ദേഹത്തോടൊന്ന് ചോദിച്ചു നോക്കിയാലോ.? അതാണ് ഞാനുദ്ദേശിച്ചത് ഗോകുൽ.”

“ഓകെ എങ്കിൽ നമുക്ക് ജോയി ചേട്ടന്റെ അടുത്തേക്ക് പോവാം.” അവരിരുവരും എഴുന്നേറ്റ് ജോയിച്ചേട്ടന്റ മുറിയിലേക്ക് നടന്നു.

ആ ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിട്ടിക്കാരനാണ് ജോയിച്ചേട്ടൻ. അയാൾക്ക് രാത്രി സമയത്ത് മാത്രമാണ് ഡ്യൂട്ടിയുള്ളത് ഏകദേശം അറുപതിനോടടുത്ത് പ്രായമുള്ള അയാൾക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല. ഫ്ലാറ്റിന്റെ കാർ പാർക്കിങ് ഏരിയയിൽ ഉള്ള ഒരു കുടുസ് മുറിയിലാണ് അയാളുടെ താമസം.

അരുണും ഗോകുലും കോണിയിറങ്ങി വേഗം തന്നെ ജോയിച്ചേട്ടന്റെ മുറിക്ക് മുന്നിലെത്തി. “ജോയിച്ചേട്ടാ.” അരുൺ വിളിച്ചു.

“ആരാ.” കഴിച്ചുക്കൊണ്ടിരിക്കുന്ന ദോശക്ക് മുന്നിൽ നിന്നെഴുന്നേറ്റ് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിക്കൊണ്ട് അയാൾ അവരോട് ചോദിച്ചു‌ ചോദിച്ചു. അവരെ കണ്ടപ്പോൾ അയാൾക്ക് മനസ്സിലായി.

“ഞങ്ങളെ മനസ്സിലായില്ലേ 2D (two D) ട്രയിലെ ആളുകളാണ്.” ചുണ്ടുകളിലും കൈകളിലും അവശേഷിച്ച ഭക്ഷണശാലങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഗോകുൽ ചോദിച്ചു. അയാൾ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് തങ്ങളുടെ വരവെന്നവന് ബോധ്യമായി. “ഞങ്ങൾ വിളിച്ച് ബുദ്ധിമുട്ടിച്ചു അല്ലേ.” അവൻ വീണ്ടും ചോദിച്ചു

“മുഖം കണ്ടപ്പോൾ മനസ്സിലായി സാറമ്മാരേ. ഇപ്പോൾ വിളിച്ചത് ബുദ്ധിമുട്ടൊന്നുമായിട്ടില്ല സാറേ. ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നതിനിടയിലാണ് വന്നത്. വേറെ പ്രശ്നമൊന്നുമില്ല.”

“ഞങ്ങൾ വന്നത് കുറച്ച് പ്രധാനപ്പെട്ട ഒരു കാര്യം അറിയാനാണ്.”

“അത് സാറന്മാരെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. സാധാരണ നിങ്ങളൊന്നും ഈ പാവപ്പെട്ടവനെ കാണാൻ വരാറില്ലല്ലോ.” അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അയ്യോ ജോയിച്ചേട്ടാ അങ്ങനെയൊന്നുമില്ല. ചേട്ടനും പലപ്പോഴും തിരക്കിലാവും ഞങ്ങളും അത്രയേ ഉള്ളു.” അരുൺ അയാളെ സാന്ത്വനിപ്പിക്കാൻ പറഞ്ഞു.

“അയ്ക്കോട്ടെ സാറെ നിങ്ങള് വന്ന കാര്യം പറ അത് കഴിഞ്ഞ് വേണം ഭക്ഷണം കഴിക്കാൻ.”

“ഇന്നലെ രാത്രി പരിചയമില്ലാത്ത ആരെങ്കിലും ഈ ഫ്ലാറ്റിലേക്ക് വന്നിരുന്നോ.”

“രാത്രി പത്ത് മണിക്ക് ശേഷം ആരും വന്നിട്ടില്ല. പക്ഷേ ഒമ്പതരയോടടുത്ത സമയത്ത് രണ്ട് പേർ വന്നിരുന്നു. അവരെയാണോ നിങ്ങൾ ഉദ്ദേശിച്ചത്.”

“അതേ.. അവർ എന്റെ ഓഫീസിലേക്ക് വന്നതായിരുന്നു. പക്ഷേ ഞാനതിനു മുമ്പ് ഇവിടെ നിന്നും ഇറങ്ങിയിരുന്നു.
അവരെ കണ്ടാൽ ജോയി ചേട്ടന് ഇനി തിരിച്ചറിയാൻ കഴിയുമോ.?” ഗോകുൽ അവസരത്തിനൊത്ത് ഉയർന്നു.

“മുഖത്ത് തൂവാല കെട്ടി ബൈക്കിലിരുന്ന ആളെ തിരിച്ചറിയാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ മുകളിലേക്ക് കയറിയ ആളെ തിരിച്ചറിയാൻ കഴിയും.”

“അവർ പോയതിനു ശേഷം അപരിചിതരായ വേറെ ആരെങ്കിലും വന്നിരുന്നോ.?”

ഇല്ല സാർ അവർ പോയ ശേഷം ഇവിടെയുള്ള ഓഫീസുകളിലെ ആളുകളും മടങ്ങി പോയിട്ടേയുള്ളു. ഇങ്ങോട്ടാരും വന്നിട്ടില്ല.

അകത്തേക്ക് പോയ ആളെ തിരിച്ചറിയാമെന്നല്ലേ പറഞ്ഞത്.? അയാളുടെ രൂപം ഒന്ന് പറഞ്ഞ് തരാമോ.?

“രൂപം പറയാനൊന്നും എനിക്കറിയില്ല സാറേ. കാണിച്ചു തന്നാൽ ആ ആളാണോന്ന് പറയാൻ പറ്റും.” ജോയി ചേട്ടൻ ഒന്നാലോചിച്ച ശേഷം അരുണിനോടായി പറഞ്ഞു.

“എന്നാൽ ഞങ്ങൾ പിന്നെ വരാം ജോയിച്ചേട്ടാ. ചില അത്യാവശ്യ കാര്യങ്ങളുണ്ട്.” ഗോകുൽ അയാളോട് പറഞ്ഞു.

ജോയിച്ചേട്ടൻ ഒന്ന് മൂളിയ ശേഷം അയാളുടെ കുടുസ് മുറിയിലേക്ക് കയറിപ്പോവുന്നത് അവരിരുവരും നോക്കി നിന്നു. “എന്താണ് അരുൺ അടുത്ത പ്ലാൻ.” അരുണിനോടായി ഗോകുൽ ചോദിച്ചു.

“ഗോകുൽ ഇപ്പോൾ ഒമ്പത് മണി ആവാറായി. നീ രശ്മി പോകുന്ന വഴിയിലൂടെ ഒന്ന് പോയി നോക്ക്. ഞാൻ പ്രേമചന്ദ്രനെ ഒന്ന് കണ്ടിട്ട് വരാം.”

“എന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ. കൂടുതലെന്തെങ്കിലും ചോദിക്കാനുണ്ടോ.?

“ഉണ്ട് ഗോകുൽ രശ്മിയും ചന്ദ്രികയും കോളേജിലേക്ക് നടന്നാണ് പോയിരുന്നത്. അപ്പോൾ തീർച്ചയായും അവരുടെ കൂടെ വേറെ കുട്ടികളും ഉണ്ടാവാനുളള സാധ്യതയുണ്ട് അതാരൊക്കെയാണ് എന്നൊന്നറിയണം. ഒരു പക്ഷേ അവരിൽ നിന്നാണെങ്കിലോ എന്തെങ്കിലും വീണ് കിട്ടുന്നത്.” ഗോകുലിന്റെ മുഖത്തേക്ക് അരുൺ ചോദ്യഭാവത്തോടെ നോക്കി.

“അത് ഫോൺ ചെയ്ത് ചോദിച്ചാൽ മതിയാവില്ലെ അരുൺ. വെറുതെ അവടെ വരെ പോവണോ.”

“അതാണ് നല്ലത് കാരണം നമ്മൾ രണ്ട് പേരും ഒരേ കാര്യത്തിന് നടക്കേണ്ടല്ലോ.? പിന്നെ നേരിട്ടു പോകുന്ന പോയി വന്നതിനു ശേഷം നമുക്ക് കാര്യങ്ങൾ വിശദമായി പറയാം.” ഓഫീസിനകത്തേക്ക് കയറിക്കൊണ്ട് അരുൺ പറഞ്ഞു.

“ശരി അങ്ങനെയാവട്ടെ. എങ്കിൽ ഞാനിപ്പോൾ തന്നെ ഇറങ്ങുകയാണ്. നിനക്കേത് വണ്ടിയാണ് വേണ്ടത്.”

“എനിക്ക് ബുള്ളറ്റ് മതി. നീ ബൊലേറോ കൊണ്ട് പൊയ്ക്കോളൂ.” ഗോകുലിനോടായി അരുൺ പറഞ്ഞു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

ബുള്ളറ്റ് പ്രേമചന്ദ്രന്റെ വീടിന്റെ മുറ്റത്ത് നിർത്തി അരുൺ അതിൽ നിന്നിറങ്ങി. മുറ്റത്താരും ഉണ്ടായിരുന്നില്ല. അവൻ കോളിങ്ങ് ബെല്ലിൽ വിരലമർത്തി.


ഏതാനും നിമിഷങ്ങൾക്ക് ശേഷം പ്രേമചന്ദ്രന്റെ ഭാര്യയാണ് വാതിൽ തുറന്നത്. “ആരാ എന്ത് വേണം” അവർ അരുണിനെ നോക്കി ചോദിച്ചു.

“ഞാൻ അരുൺ. മുമ്പ് വന്നിരുന്നു. പ്രേമ ചന്ദ്രൻ സാറിന്റെ സുഹൃത്താണ്. ദ്ദേഹത്തെ ഒന്ന് കാണാനായി വന്നതാണ്.” അരുൺ വിനയത്തോടെ അവരോട് പറഞ്ഞു.

“ഞാൻ വിളിക്കാം. അവിടെ നിന്നോളൂ.” അഹങ്കാരത്തോടെ അങ്ങനെ പറഞ്ഞ് അവർ അകത്തേക്ക് കയറിപ്പോയി.

അരുണിന് അവരുടെ സംസാരവും പെരുമാറ്റവും ഇഷ്ടപ്പെട്ടില്ലെങ്കിലും അവനത് പുറത്തേക്ക് പ്രകടിപ്പിച്ചില്ല. അവൻ സിറ്റൗട്ടിനു പുറത്ത് പ്രേമചന്ദ്രൻ വരാനായി കാത്തിരിക്കാൻ തുടങ്ങി.

അൽപസമയത്തിനകം പ്രേമ ചന്ദ്രൻ എത്തി. പുറത്ത് ഗേറ്റിനു നേർക്ക് തിരിഞ്ഞു നിൽക്കുന്ന അരുണിനെയാണയാൾ കണ്ടത്.

“ആ… അരുൺ നീയായിരുന്നോ.? കയറിയിരിക്കാത്തതെന്താ.? കയറിയിരിക്ക്.” അരുണിനെ കണ്ടയുടൻ പ്രേമചന്ദ്രൻ അവനോപറഞ്ഞു.

“ഇല്ല സാർ ഇരിക്കുന്നില്ല. ചില കാര്യങ്ങൾ അറിയാൻ വന്നതാണ് പെട്ടന്ന് തന്നെ മടങ്ങണം.” അരുൺ താൻ തിരക്കിലാണെന്ന് പ്രേമചന്ദ്രനെ ബോധ്യപ്പെടുത്താനായി തിടുക്കം കാണിച്ചു.

“ഞാനും നിന്നെ കാണാനിരിക്കുകയായിരുന്നു അരുൺ. ഏതായാലും നീ ഇങ്ങോട്ട് വന്നത് നന്നായി. ഇനി ഞാനങ്ങോട്ട് വരേണ്ട കാര്യമില്ലല്ലോ. ഏതായാലും വന്ന കാര്യം പറയൂ.”

“സാർ രശ്മിയുടെ കൂടെ ചന്ദ്രികയെ കൂടാതെ വേറെ ആരെല്ലാമുണ്ടാകുമായിരുന്നു കോളേജിൽ പോവുമ്പോൾ.”

“ഓ.. അതാണോ. ഒരു കുട്ടിയുടെ പേര് രേഷ്മ എന്നാണ്. മറ്റേ കുട്ടിയുടെ പേര് പ്രിയ എന്നോ മറ്റോ ആണ് അതെനിക്കത്ര നിശ്ചയം പോര. പിന്നെ അപൂർവ്വമായി വേറെ ചില കുട്ടികളും ഉണ്ടാവാറുണ്ട്. പക്ഷേ അവരുടെ പേരൊന്നും എനിക്കറിയില്ല.”

“ശരി സാറ് എന്നെയെന്തിനോ കാണാനിരിക്കുകയായിരുന്നു എന്ന് സൂചിപ്പിച്ചല്ലോ എന്താണ് കാര്യം.?”

“പ്രത്യേഗിച്ച വല്യ കാര്യമൊന്നുമല്ല. മോളെ കാണാതായിട്ട് പത്ത് ദിവസമായിരിക്കുന്നു. ഇത് വരെ വിവരമൊന്നുമായിട്ടില്ല. നിങ്ങളുടെ അന്വേഷണം എന്തായി എന്നറിയാനായിരുന്നു.”

“അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു എന്നല്ലാതെ വേറൊന്നും പറയാൻ കഴിയില്ല സാർ. പിന്നെ ഒരു കാര്യം മാത്രം മനസ്സിലായി അന്വേഷണം യഥാർത്ഥ ദിശയിലാണ്. അത് കൊണ്ടാണ് ഇന്ന് ഞങ്ങൾക്കൊരു ഭീഷണി കത്ത് കിട്ടിയത്.ഈ അന്വേഷണം ഞങ്ങൾക്ക് നല്ലതല്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം.”

“എന്നിട്ട്..? നിങ്ങൾ എന്ത് തീരുമാനിച്ചു. are you leaving this case.?”

“No sir.
From that we learned that the investigation was on the right track.Therefore, our decision is to investigate the case itself. സാർ നിങ്ങളിങ്ങനെ ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചാൽ ഞാനും അറിയാതെ ഇംഗ്ലീഷ് പറഞ്ഞ് പോവും. അത് കൊണ്ട് നമുക്ക് രണ്ട് പേർക്കും മാതൃഭാഷയല്ലേ നല്ലത്.”

“സോറി അരുൺ ഞാനിങ്ങനെ വികാരഭരിതനാവുമ്പോൾ അറിയാതെ ഇംഗ്ലീഷ് കടന്നു വരും. മന:പൂർവ്വം പറയുന്നതല്ല. എന്തായാലും നിങ്ങളുടെ തീരുമാനം എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ അന്വേഷണം ഒന്നുകൂടി വേഗത്തിലാക്കണം. ഇതെന്റെ ഒരപേക്ഷയാണ്.”

“തീർച്ചയായും… ഞങ്ങൾക്കും ഇതെത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ ഞങ്ങളുടെ പുറകിൽ ആരോ ഉണ്ട്. ഇനി അയാളുടെ കണ്ണ് വെട്ടിച്ചേ അന്വേഷണം തുടരാൻ കഴിയുകയുള്ളു. അത് കൊണ്ട് നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക അത് മാത്രമേ എനിക്ക് പറയാനുള്ളു.”

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

സ്കൂളിലേക്ക് കുട്ടികൾ പോകുന്ന സമയമായതിനാൽ ഗോകുലിന് ഡ്രൈവിങ്ങ് അത്ര സുഗമമായിരുന്നില്ല. ഏകദേശം ഒമ്പത് മണി ആയപ്പോൾ തന്നെ ഗോകുൽ പ്രേമചന്ദ്രന്റെ വീടിനു മുമ്പിലെത്തി. ബൊലേറേ കയറ്റി നിർത്താൻ പറ്റിയ ഒരിടം നോക്കി അവൻ വാഹനം പാർക്ക് ചെയ്തു.

പരിസരം ഒന്ന് അവൻ വിശദമായി നിരീക്ഷിച്ചു. കുറച്ചപ്പുറത്ത് മാറി ഒരു കടയുള്ളതവന്റെ ശ്രദ്ധയിൽ പെട്ടു. തന്റെ അന്വേഷണം ആ കടയിൽ നിന്ന് തുടങ്ങാമെന്ന ചിന്തയോടെ അവൻ പതിയെ വാഹനത്തിൽ നിന്നിറങ്ങി.

അതൊരു പലചരക്ക് കടയായിരുന്നു. അതിനു മുമ്പിലേക്ക് ഇറക്കിക്കെട്ടിയ സ്ഥലത്ത് ഒരു ഡസ്കും അതിനിരുവശത്തുള്ള ബെഞ്ചുകളിൽ രണ്ട് പേർ മുഖാമുഖമിരുന്ന് സംസാരിക്കുന്നതും അവൻ കണ്ടു. ആളുകൾക്ക് രാവിലെയും വൈകുന്നേരവും നാട്ടുവർത്താനവുമായി കൂടാനുള്ള ഇടമാവാം അതെന്ന വന് തോന്നി.

കടയിൽ ചെന്ന് എന്ത് ചോദിച്ചു തുടങ്ങുമെന്നാലോചിച്ച് അവന് ഒരുത്തരവും കിട്ടിയില്ല. വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ച് അവൻ കടയിലേക്ക് നടന്നു.

“ചേട്ടാ ഒരു സിസർ(സിഗററ്റ്).” കടയിലെത്തിയ ശേഷം അങ്ങനെ ചോദിക്കാനാണ് ഗോകുലിന് തോന്നിയത്.

“അയ്യോ സിസർ കഴിഞ്ഞല്ലോ ഫിൽട്ടറും ഗോൾഡും വിൽസുമേയുള്ളു. അത് വേണോ.?” ഗോകുൽ ചോദിച്ച സാധനം അവിടെയില്ലാത്തതിന്റെ വിഷമത്തോടെയായിരുന്നു കടക്കാരന്റെ മറുപടി.

“എങ്കിൽ ഒരു ഫിൽട്ടർ തരൂ.” സംഭാഷണം തുടരൽ തന്റെ ആവശ്യമായത് കൊണ്ട് ഗോകുൽ പറഞ്ഞു. ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ബെഞ്ചിലിരിക്കുന്നവരുടെ ശ്രദ്ധ തന്റെ നേർക്കാണെന്നവന് മനസ്സിലായി.

കടക്കാരൻ ഒരു പാക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ഗോകുലിന് നൽകി. ഗോകുൽ ഫിൽട്ടർ ചുണ്ടുകൾക്കിടയിലേക്ക് വെച്ചു. അവിടെ ചരടിൽ തൂക്കിയിട്ടിരുന്ന ലൈറ്റർ ഉപയോഗിച്ച് ഫിൽട്ടറിന് തീ പിടിപ്പിച്ചു.

“നിങ്ങളെ ഇതിനു മുമ്പിവിടെ കണ്ടിട്ടില്ലല്ലോ എവിടെയാ താമസം. ” ഗോകുൽ പുകയൂതി വിടുന്നത് ശ്രദ്ധിച്ചു കൊണ്ട് കടക്കാരൻ ചോദിച്ചു.

“താമസം ടൗണിലാണ്. ഈ വഴിയിലിപ്പോ രണ്ടാമത്തെ തവണയാണ്. ടൗണിലൊക്കെ വാടക വളരെ കൂടുതലല്ലേ.? അപ്പോൾ ചെറിയ വാടകക്ക് വീട് തിരഞ്ഞിറങ്ങിയതാണ്.”

“ഇവിടെ അടുത്തൊരു വീടുണ്ട്. നോക്കണോ.?”

“നന്ദി. ഇപ്പോൾ വേണ്ട. വേറൊരെണ്ണം ശരിയായിട്ടുണ്ട്. അല്ല ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ.” സ്വരം അൽപം കൂടി താഴ്തിയാണ് ഗോകുൽ ചോദിച്ചത്. ഗോകുൽ ഒരു പുക ഊതി വിട്ടു.

“ചോദിക്ക് എനിക്ക് അറിയാവുന്ന കാര്യമാണെങ്കിൽ മറുപടി പറയാം.”

“അല്ല ചേട്ടാ, ഇവിടെ അടുത്തുള്ള ഒരു പെങ്കൊച്ചിനെ കാണാനില്ലെന്ന് കേട്ടല്ലോ.? ഞാൻ വാടകക്ക് എടുത്ത വീടിനടുത്തുള്ള ഒരാൾ വേറൊരാളോട് പറയുന്നത് ഞാൻ കേട്ടതാണ്. എന്താ സംഭവം.” ഗോകുൽ പോക്കറ്റിൽ നിന്നും ഫോണെടുത്ത് വോയ്സ് റെക്കോർഡർ ഓൺ ചെയ്ത് കൊണ്ട് ചോദിച്ചു.

“ആരാടോ തന്നോടീ വേണ്ടാതീനം പറഞ്ഞത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞത് സത്യം തന്നെയാണ്. ദാ… ആ കാണുന്ന വീട്ടിലെ കൂട്ടിയെ ആണ് കാണാതായത്. ഞങ്ങക്കൊക്കെ അറിയാവുന്ന കൊച്ചാണ് അവളങ്ങനെ ഒളിച്ചോടുകയാന്നുമില്ല.” പ്രേമചന്ദ്രന്റെ വീടിനു നേർക്ക് വിരൽ ചൂണ്ടി ക്കൊണ്ട് അയാൾ പറഞ്ഞു. ആദ്യം അയാളൽപം ശബ്ദമുയർത്തിയെങ്കിലും പിന്നെ തണുത്തു.

“അയ്യോ ചേട്ടാ ചൂടാവല്ലെ. എനിക്ക് പരിചയമില്ലാത്തവർ പരസ്പരം പറയുന്നത് കേട്ടതാണ്. സംശയം തീർക്കാനായാണ് നിങ്ങളോട് ചോദിച്ചത്.”

“അവർ തമ്മിലെന്താ പറഞ്ഞതെന്ന് താൻ കേട്ടോ.”

“കഴിഞ്ഞ തിങ്കളാഴ്ച ആ കുട്ടി വീട്ടിൽ നിന്നും കോളേജിലേക്ക് പോകാനിറങ്ങിയെന്നും കുറച്ചപ്പുറത്ത് കാത്ത് നിന്നിരുന്ന കാമുകന്റെ കൂടെയാണ് പോയതെന്നുമാണവർ പറഞ്ഞത്. അത് കേട്ടിട്ട് അവരിലൊരാൾ പോലീസുകാരനാണെന്നാണ് എനിക്ക് തോന്നിയത്.” ഗോകുൽ കടക്കാരന് സംശയം തോന്നിക്കാത്ത രീതിയിൽ ഒരു നുണ തട്ടിക്കൂട്ടിയെടുത്തു.

“നിങ്ങളിത് പറയുമ്പോൾ ഞാനോർക്കുന്നു. സാധാരണയായി രശ്മി കുറച്ച് കൂട്ടുകാരോടൊപ്പമാണ് കോളേജിൽ പോവാറുളളത്. എന്നാൽ അവസാനം കണ്ട ദിവസം അവൾ തനിച്ചായിരുന്നു.എന്താ മോളേ തനിച്ച് പോവുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു വിഷാദം കലർന്ന ചിരിയായിരുന്നു. മറുപടി. കുറച്ചപ്പുറത്തൊരു ബൈക്ക് നിർത്തിയിരുന്നു. ആ കുട്ടി പോയി അൽപം കഴിഞ്ഞതിനു ശേഷമാണ് അയാൾ ബൈക്കുമായി പോയത്.” ആലോചനയോടെ കടക്കാരൻ പറഞ്ഞു.

“ബൈക്കുകാരനെ നിങ്ങൾ ശ്രദ്ധിക്കാനെന്താ കാരണം.?” സംശയത്തോടെ ഗോകുൽ കടക്കാരനെ നോക്കി.

“മാറ്റൊന്നുമല്ല. ആ ബൈക്കിലിരുന്നയാൾ അവളെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ഒരു പൂവാലനാണോ എന്ന സംശയത്തിലാണ് ഞാൻ നോക്കിയത്.” അയാൾ വിശദീകരിച്ചു.

“ഇതൊക്കെ നിങ്ങൾ കണ്ടതാണോ.” സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടി കെടുത്തിക്കൊണ്ടു ഗോകുൽ ചോദിച്ചു.

“അതേ ഞാൻ കണ്ടതാണ്. നിങ്ങൾ പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് എന്ന് മാത്രം. പിന്നെ വേറൊരു കാര്യമുണ്ട് സാറേ.”

എന്ത് കാര്യം.ഗോകുലിന്റെ നെറ്റി ചുളിഞ്ഞു.

“അന്ന് രശ്മിയുടെ കൂടെ പോവുന്ന രണ്ട് കുട്ടികളും അതിന് ശേഷം ഈ വഴി കോളേജിലേക്ക് പോയിരുന്നു.പിന്നീട് ഇന്ന് വരെ ആ രണ്ട് കുട്ടികൾ മാത്രമേ കോളേജിലേക്ക് പോയിട്ടുള്ളു.”

“എങ്കിൽ ഞാൻ പോവട്ടെ.” പോക്കറ്റിൽ നിന്ന് സിഗരറ്റിന്റെ പണമെടുത്ത് കടക്കാരന് നൽകിക്കൊണ്ട് ഗോകുൽ പറഞ്ഞു..

“ശരി.” അയാൾ മറുപടി നൽകി.

ഗോകുൽ വേഗം തന്റെ ബൊലേറോ ലക്ഷ്യമാക്കി നടന്നു. നടന്നു. വണ്ടിയുടെ അടുത്തെത്തിയപ്പോഴാണ് പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. അവൻ നമ്പർ നോക്കിയപ്പോൾ മഹാദേവനാണ് അവൻ വേഗം കോൾ അറ്റന്റ് ചെയ്തു. “ഹലോ. ദേവേട്ടാ.”

“ഗോകുൽ നീ പറഞ്ഞത് പ്രകാരം നിന്റെ പേരിൽ ഞാൻ എസ് ഐ ടെസ്റ്റിന് അപേക്ഷിച്ചിരുന്നു. മറ്റന്നാൾ എഴുത്ത് പരീക്ഷയാണ് നാളെ തന്നെ നീ വീട്ടിലെത്തണം.” ആ മുഖ സംഭാഷണത്തിനൊന്നും മുതിരാതെ മഹാദേവൻ ഗോകുലിനോടായി പറഞ്ഞു.

“അത്… ദേവേട്ടാ ഞാനിപ്പോൾ ഒരു മിസ്സിങ്ങ് കേസിന്റെ അന്വേഷണത്തിലാണ്. ഇതിനിടയിൽ വരാൻ പറ്റുമോന്ന് അറിയാൻ കഴിയില്ല. കല്യാണ കേസല്ലാത്ത കേസൊന്നുമില്ലെന്ന നിന്റെ സങ്കടം കേട്ടിട്ടാണ് എസ് ഐ ടെസ്റ്റിന് അപേക്ഷിച്ചത്. എന്ത് കാണിച്ചിട്ടായാലും നീ നാളെ വീട്ടിലെത്തണം.” മഹാദേവന്റെ ശബ്ദത്തിലുള്ള ആജ്ഞ ഗോകുൽ തിരിച്ചറിഞ്ഞു.

“ശരി. ഞാനെത്താം ദേവേട്ടാ.” ഗോകുൽ മറുപടി നൽകിയ ഉടൻ മറു വശത്ത് കോൾ കാട്ടായത് അവനറിഞ്ഞു. ഗോകുലിന്റെ മനസ്സിൽ ആധി നിറഞ്ഞു. ഇനി അരുണിനോടെന്ത് പറയുമെന്ന ചോദ്യമാണ് ഗോകുലിനെ അലട്ടിയത്.

എന്തായാലും ഇന്ന് ചെയ്യാൻ തീരുമാനിച്ച ജോലി തീർത്ത ശേഷം അരുണിനെ കാണാം എന്ന തീരുമാനത്തിലാണ് അവസാനം ഗോകുൽ എത്തി ചേർന്നത്.

അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. രശ്മി കോളേജിലേക്ക് പോവുന്ന വഴിയിലൂടെയാണ് മുമ്പോട്ടെടുത്തത്. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ മറ്റൊരു കട അവന്റെ ശ്രദ്ധയിൽ പെട്ടു. അവൻ വണ്ടി റോഡ് സൈഡിൽ മറ്റ് വാഹനങ്ങൾക്ക് പോവാൻ ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഒതുക്കി നിർത്തി.

ഗോകുൽ മീശയൊന്ന് പിരിച്ചു വെച്ച ശേഷം വണ്ടിയിൽ നിന്നിറങ്ങി ആ കട ലക്ഷ്യമാക്കി നടന്നു. കടയിലേക്കെത്തുന്നതിന് മുമ്പ് തന്നെ അവൻ ഫോണിൽ വോയ്സ് റെക്കോർഡർ ഓൺ ചെയ്തു കൊണ്ട് കടയിലേക്ക് നടന്നു.

“എന്താണ് മിസ്റ്റർ നിങ്ങളുടെ പേര്.” ഏതോ വീക്കിലി വായിച്ചു കൊണ്ടിരുന്ന കടക്കാരനോടായി കനത്ത ശബ്ദത്തിൽ ഗോകുൽ ചോദിച്ചു.

“രാജൻ എന്നാണ് സാറെ. എന്താ കാര്യം.?” ചെറിയ ഭയത്തോടെയാണ് അയാളത് ചോദിച്ചത്. മുന്നിൽ നിൽക്കുന്നത് വ്യക്തിയുടെ മുന്നിൽ താൻ വളരെ ചെറുതാണെന്ന തോന്നലായിരുന്നു ആ ഭയത്തിന് കാരണം.

“I am Narendran from CBl.” തന്നെ കുറിച്ച് കടക്കാരനിൽ ഭയം കലർന്ന മതിപ്പ് ഉണ്ടാവാനും താൻ പറയുന്ന നുണ അയാൾ അംഗീകരിക്കാനുമായി ഗോകുൽ ഇംഗ്ലീഷിൽ പറഞ്ഞു.

“സാറെ എനിക്ക് ഇംഗീഷൊന്നും അറിയാൻ പാടില്ല സാറെ.” അയാൾ അൽപം പരിഭ്രാന്തനായി പറഞ്ഞു.

“ഞാൻ നരേന്ദ്രൻ. സി ബി ഐ ഓഫീസറാണ്. പ്രേമചന്ദ്രന്റെ മകൾ രശ്മിയെ കാണാതായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാനിവിടെ എത്തിയത്.” ഗോകുൽ അൽപം ഗൗരവത്തിൽ പറഞ്ഞു.

“സാറ് ചോദിച്ചോളൂ. എനിക്കറിയാവുന്നതാണെങ്കിൽ ഞാൻ പറയാം.” അയാൾ ഇരുന്നിരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അതുമായി കടയുടെ പുറത്തെത്തി. “ഇങ്ങോട്ട് ഇരുന്നോട്ടെ.” കസാര നിലത്തു വച്ച് ഭവ്യതയോടെ അയാൾ ഗോകുലിനോട് പറഞ്ഞു.

“ഇരിക്കാനല്ല ചില കാര്യങ്ങൾ ചോദിക്കാൻ ആണ് ഞാൻ വന്നത്. കൃത്യമായ ഉത്തരം നൽകിയാൽ എന്റെ ജോലി കുറയും.” കസേരയിലേക്ക് പതിയെ ഇരുന്നുകൊണ്ട് ഗോകുൽ പറഞ്ഞു.

“സാറ് ചോദിച്ചോളൂ.”

“രശ്മി എന്ന കുട്ടിയെ നിങ്ങൾക്ക് പരിചയമുണ്ടോ.”

“ഉവ്വ്. ആ കുട്ടി ഇത് വഴിയാണ് കോളേജിലേക്ക് പോവാറുള്ളത്.പണ്ട് സ്കൂളിൽ പോയിരുന്നതും ഇതിലെയാണ്. ഒന്ന് പുഞ്ചിരിക്കാതെ, സുഖമാണോന്ന് ചോദിക്കാതെ അവളീവഴി കടന്ന് പോവാറില്ല. അത് അവളുടെ ചെറുപ്പം മുതലുള്ള ശീലമാണ്.”

“ഓക്കേ രശ്മിയെ കാണാതായ ദിവസം കോളേജിൽ പോവാൻ ഒറ്റയ്ക്കായിരുന്നു വീട് അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. പ്രേമചന്ദ്രനെ വീടിന് തൊട്ടടുത്തുള്ള കടയിൽ ഉള്ള ആൾ അവൾ ഈ വഴി പോയത് കണ്ടെന്ന് പറയുന്നു. അന്ന് നിങ്ങൾ അവളെ കണ്ടിരുന്നോ.”

“അങ്ങനെ ചോദിച്ചാൽ പെട്ടെന്നൊരു തരാൻ പ്രയാസമാണ് സാറേ. പക്ഷേ സാറു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. അവൾ ഹൈസ്കൂൾ പഠനം കഴിഞ്ഞതിനുശേഷം അവൾ തനിച്ച് ഇതുവഴി നടന്നു പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. നടന്നാണ് പോയതെങ്കിൽ ഞാൻ കാണുമായിരുന്നു. ഒരുപക്ഷേ വണ്ടിയിൽ മറ്റോ പോയിട്ടുണ്ടെങ്കിൽ അത് കണ്ടിട്ടുമുണ്ടാവില്ല.” കുറച്ചു ആലോചിച്ച ശേഷമാണ് അയാൾ മറുപടി പറഞ്ഞത്.

“ഉറപ്പാണല്ലോ അല്ലേ.”

“അതെ സർ.” അയാൾ സംശയമേതുമില്ലാതെ പറഞ്ഞു.

“എങ്കിൽ ഇപ്പോൾ തൽക്കാലം ഞാൻ പോകുന്നു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം.” ഗോകുൽ കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ശരി സാർ.” അയാളുടെ മറുപടി കേട്ടതിനു ശേഷം ഗോകുൽ താൻ വന്ന ബൊലേറോയുടെ നേരെ നടന്നു. കടക്കാരനെ തന്നോടുള്ള ഭയം കണ്ട് അതുവരെ ചിരിയടക്കി പിടിച്ചിരുന്ന ഗോകുലിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നിരുന്നു. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കടക്കാരന്റെ ശ്രദ്ധയിൽപ്പെടാതെ വോയിസ് റെക്കോർഡർ ഓഫ് ചെയ്തു.

ഗോകുൽ ബൊലേറോയിൽ കയറി. കോളേജ് വരെ ഓടിച്ചു പോയെങ്കിലും രശ്മി കുറിച്ച് കൂടുതലെന്തെങ്കിലും അന്വേഷിക്കാവുന്ന കടകളോ സ്ഥാപനങ്ങളോ ആ വഴിയിൽ അവന് കണ്ടെത്താൻ സാധിച്ചില്ല. അവൻ വണ്ടി തിരിച്ച് ഓഫീസിലേക്ക് ഓടിച്ചു.

ഗോകുൽ ഓഫീസിൽ എത്തുമ്പോൾ ഓഫീസിലെ വാതിൽ കിടക്കുകയായിരുന്നു. അവൻ വാതിൽ തുറക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ച ശേഷം കോളിംഗ് ബെല്ലിൽ വിരലമർത്തി.

“കയറി വരൂ.” അകത്തുനിന്നും അരുണിന് ശബ്ദം പുറത്തേക്കെത്തി.

വാതിലിനെ ഹാൻഡിലിൽ പിടിച്ച് തിരിച്ചു ഗോകുൽ വാതിൽ തുറന്നു അകത്തു കയറി. അകത്ത് അരുണിനെതിരെ നാൽപതോളം വയസ്സ് പ്രായം തോന്നുന്ന ഒരാൾ ഇരിക്കുന്നത് ഗോകുലിന് ശ്രദ്ധയിൽപ്പെട്ടു. “നമസ്കാരം” അകത്തേക്ക് കയറിയ ഗോകുൽ അവരിരുവരോടുമായി പറഞ്ഞു. ശേഷം അവൻ മധ്യവയസ്കൻ ഇരുന്നതിന് തൊട്ടടുത്തുണ്ടായിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നു.

അയാൾ ഗോകുലിനെ ഒന്ന് തിരിഞ്ഞു നോക്കി പതിയെ പുഞ്ചിരിച്ചു.

“ഗോകുൽ ഇത് മിസ്റ്റർ നന്ദൻ മേനോൻ. ചെന്നൈയിൽ ഒരു ഡിറ്റക്ടീവ് ഏജൻസിയിൽ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തത്. ഇന്നു മുതൽ നമ്മുടെ കൂടെ കേസ് അന്വേഷണങ്ങളിൽ ഇദ്ദേഹവും ഉണ്ടാകും.” മുന്നിലിരിക്കുന്ന അയാളെ അരുൺ ഗോകുലിനായി പരിചയപ്പെടുത്തിക്കൊടുത്തു.

“നന്ദൻ മേനോൻ ഇത് ഗോകുൽ. നല്ല ഒരു വ്യക്തിയാണ് എന്നതിലപ്പുറം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടുപിടിക്കാൻ അതിയായ താല്പര്യമുള്ള വ്യക്തിയുമാണ്.” അരുൺ നന്ദൻ മേനോന് വേണ്ടി ഗോകുലിനെ പരിചയപ്പെടുത്തി.

നന്ദൻ മേനോനും ഗോകുലം പരസ്പരം ഷേക്ക് ഹാൻഡ് നൽകി.

“ഗോകുൽ ഇദ്ദേഹത്തെ തൽക്കാലം രശ്മിയുടെ കേസിലേക്ക് വലിച്ചിഴക്കണ്ട എന്നാണ് എന്റെ ഇപ്പോഴത്തെ തീരുമാനം. എന്താണ് നിന്റെ അഭിപ്രായം.” അരുൺ ഗോകുലിനോടായി അഭിപ്രായമാരാഞ്ഞു.

“എന്റെ അഭിപ്രായം അദ്ദേഹവും നമ്മുടെ കൂടെ സഹകരിക്കാട്ടെ എന്നാണ് അങ്ങനെ പറയാൻ മറ്റൊരു കാരണവുമുണ്ട്.”

“എന്താ ഗോകുൽ എന്താണ് പ്രശ്നം.” ആധിയോടെ അരുൺ ചോദിച്ചു.

“ചെറിയൊരു പ്രശ്നം ഉണ്ട് അരുൺ. ഇന്ന് ദേവേട്ടൻ വിളിച്ചിരുന്നു. മറ്റന്നാൾ എസ് എ ടെസ്റ്റ് ഉണ്ടെന്നു പറഞ്ഞ്. എത്രയും പെട്ടെന്ന് എത്താനാണ് അദ്ദേഹം പറഞ്ഞത്.

ഗോകുലിന്റെ വാക്കുകൾ ഇടിമുഴക്കം പോലെയാണ് അരുണിന്റെ കാതുകളിൽ എത്തിയത്. ഒരു നിമിഷം അവനെ എന്താണ് മറുപടി പറയേണ്ടത് എന്ന് പോലും അറിയാതെ തരിച്ചുനിന്നു.

തുടരും……..

Comments:

No comments!

Please sign up or log in to post a comment!