ഡിറ്റക്ടീവ് അരുൺ 4

ഏതാനും നിമിഷത്തിനുള്ളിൽ അരുൺതന്റെ മനോനില തിരിച്ചെടുത്തു. “എസ് ഐ ടെസ്റ്റിന്റെ എഴുത്തുപരീക്ഷയല്ലേ.? പോയിട്ടു വിജയ ശ്രീളിതനായി തിരിച്ചു വരൂ. അത് കഴിഞ്ഞാൽ ഫിസിക്കൽ ടെസ്റ്റും ഉണ്ടാവും. എന്തായാലും അത്രയും സമയം നിനക്കിവിടെ തുടരാമല്ലോ.?”

“തീർച്ചയായും, ഞാനും അങ്ങനെ തന്നെയാണ് കരുതുന്നത്. അരുണിനറിയാമല്ലോ, എനിക്ക് ദേവേട്ടനെ പിണക്കാൻ കഴിയില്ലെന്ന്.” നിസ്സഹായനെ പോലെ ഗോകുൽ ചോദിച്ചു.

“അറിയാം ഗോകുൽ. വളരെ ചെറുപ്പത്തിൽ തന്നെ അച്ചനുമമ്മയും നഷ്ടപ്പെട്ട നിന്നെ വളർത്തിയതിന്റെ കടപ്പാടല്ലേ.. എനിക്ക് മനസ്സിലാവും. ഇപ്പോഴും നിന്റെ നന്മക്ക് വേണ്ടിയല്ലേ അദ്ദേഹം പറയുന്നത്. നീ തീർച്ചയായും അദ്ദേഹത്തെ അനുസരിക്കണം.” അരുൺ എന്തോ മനസിൽ ചിന്തിച്ചു കൊണ്ട് പറഞ്ഞു.

“താങ്ക്സ് അരുൺ.” കൈകൾ കൂപ്പിക്കൊണ്ട് ഗോകുൽ പറഞ്ഞു.

അരുൺ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഗോകുലിന്റെ കൂപ്പുകൈകൾ പിടിച്ചു മാറ്റി. “ഇത്തരം ഫോർമാലിറ്റിക്കു വേണ്ടിയുള്ള നന്ദി പ്രകടനങ്ങളിൽ എനിക്ക് വിശ്വാസമില്ല ഗോകുൽ.” ഗോകുലിനെ എഴുന്നേൽപ്പിച്ച മാറോട് ചേർത്ത് പുറത്ത് പതിയെ തട്ടിക്കൊണ്ട് അരുൺ പറഞ്ഞു.

“എങ്കിൽ ഞാൻ പേയ്ക്കോട്ടെ അരുൺ.” അരുണിന്റെ ആലിംഗനത്തിൽ നിന്ന് അടർന്ന് മാറിക്കൊണ്ട് ഗോകുൽ ചോദിച്ചു.

“ശരി.” ഗോകുലിന് പോവാനായി അരുൺ സമ്മതം നൽകി.

ഗോകുൽ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി പോവുന്നത് അരുൺ വികാര രഹിതനായി നോക്കി നിന്നു.

“അരുൺ ഞാൻ വന്നതാണോ അയാൾ പോവാനുള്ള കാരണം.? അങ്ങനെയാണെങ്കിൽ ഞാൻ ജോയിൻ ചെയ്യാതിരിക്കാം.” ഗോകുൽ പോയ ശേഷമുണ്ടായ മൗനത്തിന് വിരാമമിട്ട് കൊണ്ട് നന്ദൻ മേനോൻ ചോദിച്ചു.

“പ്രശ്നമതൊന്നുമല്ല നന്ദേട്ടാ.. ആറ് മാസത്തോളമായി ഗോകുൽ ഇവിടെ ജോയിൻ ചെയ്തിട്ട്. സിനിമകളിൽ കാണുന്നത് പോലെ ഒരു ഡിറ്റക്ടീവ് ആവാനായിരുന്നു ആഗ്രഹം. പക്ഷേ ഈ കാലത്തിനിടക്ക് അത്തരത്തിലുള്ള ഒരു കേസ് പോലും കിട്ടിയിരുന്നില്ല. അത് മൂലം നിരാശനായ ഗോകുൽ ജേഷ്ഠനായ മഹാദേവനോട് വിളിച്ച് സങ്കടം പറഞ്ഞു. അദ്ദേഹം ഒരു എസ് ഐ ആണ്. അദ്ദേഹത്തിന്റെ ആഗ്രഹം അവനെ പോലീസുകാരൻ ആകാനായിരുന്നു. എന്തായാലും കിട്ടിയ അവസരം അയാൾ മുതലെടുത്തു എന്ന് വേണം കരുതാൻ.” ഗോകുലിന്റെ കഥ അരുൺ ചുരുങ്ങിയ വാക്കുകളിൽ നന്ദൻ മേനോനോട് വിവരിച്ചു.

“ഓ അത് ശരി. അങ്ങനെയൊരു കഥയുമുണ്ടല്ലേ. അയാൾക്കൊരു പോലീസുകാരൻ ആവണമെങ്കിൽ അയാൾ ആവട്ടെ. ഒരുതരത്തിൽ അതും ഒരു കുറ്റാന്വേഷണം ആണല്ലോ.” അയാൾ അരുണിനെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു.



അപ്പോഴാണ് ഓടി കിതച്ച് ഗോകുൽ വീണ്ടും ആ മുറിയിലേക്ക് കയറി വന്നത്. അവന്റെ വിയർത്ത് കുളിച്ച ശരീരം കണ്ട് അരുൺ ഒരു നിമിഷം അങ്കലാപ്പിലായി.”എന്ത് പറ്റി ഗോകുൽ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചോ.” അരുൺ ഗോകുലിനോടായി ചോദിച്ചു.

ഇല്ലെന്ന് തലയാട്ടിക്കൊണ്ട് ഗോകുൽ നന്ദൻ മേനോന്റെ അരികിലുള്ള കസാരയിൽ ഇരുന്നു.

“പിന്നെ എന്താണ് ഗോകുൽ.” അരുൺ ചോദ്യം വീണ്ടും ആവർത്തിച്ചു.

“അരുൺ അയാൾ ഓടി തളർന്ന് വന്നതല്ലേ. കുറച്ച് സമയം റസ്റ്റെടുക്കട്ടെ. അതിനു ശേഷം സാവധാനം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം.” നന്ദൻ മേനോൻ ഗോകുലിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു.

ഗോകുൽ അൽപസമയം ഇരുന്ന് രണ്ട് മൂന്ന് തവണ ദീർഘനിശ്വാസം നടത്തി. “അരുൺ ഞാൻ ഇന്ന് നടത്തിയ അന്വേഷണത്തിൽ നിന്ന് മനസ്സിലായ കാര്യങ്ങളും കിട്ടിയ വോയ്സ് റെക്കോഡുകളും ഞാൽ നിനക്ക് തന്നിരുന്നില്ല. ഇവിടെ വെച്ചുണ്ടായ സംഭാഷണത്തിന്റെ ഇടക്ക് ഞാനത് മറന്ന് പോയി. അത് നിന്നെ ഏൽപിക്കാൻ വന്നതാണ് ഞാൻ.” ഗോകുൽ അരുണിനോടായി പറഞ്ഞു.

“ഹോ അതിനാണോ ഇങ്ങനെ ഓടി കിതച്ച് വന്നത്. സാവധാനം വന്നാലും അതെനിക്ക് തരാമായിരുന്നല്ലോ.”ചിരിച്ചു കൊണ്ട് അരുൺ ചോദിച്ചു.

“മതിയായിരുന്നു. എത്രയും പെട്ടന്ന് തന്നാൽ എത്രയും പെട്ടന്ന് പോവാമല്ലോ എന്ന് കരുതി വേഗം വന്നതാണ്.” ഗോകുൽ വിശദീകരിച്ചു.

സംസാരം അതികം നീണ്ടില്ല. ഗോകുൽ താൻ ഫോണിൽ റെക്കോർഡ് ചെയ്ത രണ്ട് വോയ്സ് ക്ലിപ്പുകളും ബ്ലൂടൂത്ത് വഴി അരുണിന്റെ ഫോണിലേക്ക് സെന്റ് ചെയ്തു കൊടുത്തു.

“അരുൺ ഞാൻ തൽകാലം ലോഡ്ജ് വെക്കേറ്റ് ചെയ്യുന്നില്ല. പരീക്ഷ കഴിഞ്ഞിട്ട് ഞാനുടനെ തിരിച്ചു വരാം. പിന്നെ ഫിസിക്കൽ ടെസ്റ്റിനു പോവുമ്പോൾ ലോഡ്ജ് വെക്കേറ്റ് ചെയ്യാം അത് പോരെ.” വോയ്സ് ക്ലിപ്പുകൾ സെന്റ് ചെയ്ത് കൊടുത്തതിനു ശേഷം ഗോകുൽ അരുണിനോടായി ചോദിച്ചു.

“ഓ അത് മതി. എന്നാലിനി നേരം കളയണ്ട. വേഗം പുറപ്പെട്ടോളൂ.” അരുൺ ഗോകുലിന് പോവാനുള്ള സൂചന നൽകി. നേരം വൈകിയാൽ അവന് നാട്ടിലെത്താനുള്ള ബസ് കിട്ടില്ലെന്ന് കരുതിയാണ് അവനത് പറഞ്ഞത്.

അവരോടിരുവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് വീണ്ടും കാണാമെന്ന ഉറപ്പോടെ ഗോകുൽ അവിടെ നിന്നിറങ്ങി താൻ താമസിച്ചിരുന്ന ലോഡ്ജ് ലക്ഷ്യമാക്കി നടന്നു.

ഗോകുൽ പോയതിനു ശേഷം അരുണും നന്ദൻ മേനോനും ഗോകുൽ നൽകിയ വോയ്സ് ക്ലിപ്പുകൾ കേട്ടു. അരുണിന്റെ മനസ്സിൽ പല ചിന്തകളും മിന്നിമറയാൻ തുടങ്ങി.

“അരുൺ ഗോകുൽ നൽകിയ ഈ വോയ്സ് ക്ലിപ്പിൽ നിന്ന് കേസിനെ കുറിച്ച് ചില സൂചനകൾ മാത്രമേ എനിക്ക് ലഭിക്കുന്നുള്ളു.
വിശദമായി പറയുകയാണെങ്കിൽ ഉപകാരമായിരുന്നു.” ഗോകുൽ നൽകിയ വോയ്സ് ക്ലിപ്പുകൾ കേട്ട് ചിന്തയിൽ മുഴുകിയിരുന്ന അരുണിനോടായി നന്ദൻ മേനോൻ പറഞ്ഞു.

പ്രേമചന്ദ്രൻ ഓഫീസിൽ വന്ന അന്ന് മുതലുള്ള കാര്യങ്ങൾ വിശദമായി തന്നെ അരുൺ നന്ദൻ മേനോനോട് പറഞ്ഞു..

“അപ്പോൾ നിലവിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് തോന്നുന്ന രണ്ട് വ്യക്തികൾ രശ്മിയുടെ രണ്ടാനമ്മയും കൂട്ടുകാരൻ സൂര്യനുമാണല്ലേ.” ഗോകുൽ കേസിനെ കുറിച്ച് വിവരിച്ചതിനു ശേഷം നന്ദൻ അരുണിനോടായി ചോദിച്ചു.

“അതേ പക്ഷേ അവരെയും പ്രതിസ്ഥാനത്ത് നിർത്താൻ കഴിയുന്ന ഒരു തെളിവു പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നത് വളരെ നിരാശാ ജനകമായ കാര്യവുമാണ്.” അരുൺ കേസിന്റെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

“എന്താണ് നിന്റെ അടുത്ത നീക്കം.” സംശയത്തോടെ അരുണിന്റെ മുഖത്തേക്ക് നോക്കി നന്ദൻ മേനോൻ ചോദിച്ചു.

“പ്രത്യേഗിച്ച് പ്ലാൻ ചെയ്തിട്ടൊന്നുമില്ല. വൈകുന്നേരം കോളേജ് വിടുന്ന സമയത്ത് രശ്മിയുടെ രണ്ട് കൂട്ടുകാരെ കാണണമെന്ന് കരുതുന്നു. അവരിൽ നിന്ന് കൂടുതലെന്തെങ്കിലും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.” അരുൺ തന്റെ അനുമാനം പറഞ്ഞു.

“അതേ അരുൺ അന്വേഷണം ഈ രിതിയിൽ തന്നെ തുടർന്നാൽ മതി. നമ്മുടെ അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന് കുറ്റം ചെയ്തവർ തന്നെ തെളിവുകൾ തന്ന് കൊണ്ടിരിക്കുകയല്ലേ.” നന്ദൻ മേനോൻ ഗോകുലിനോടായി പറഞ്ഞു.

കേസിനെ കുറിച്ചും, രശ്മിയുടെ രണ്ടാനമ്മയേയും സൂര്യനെയും തമ്മിൽ ബന്ധപ്പെടുത്താൻ എന്തെങ്കിലും തെളിവുണ്ടാവുമോയെന്നും ആലോചിച്ചവർ തലച്ചോറ് പുണ്ണാക്കിക്കൊണ്ടിരുന്നു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

മൂന്നരയോടടുത്തപ്പോൾ തന്നെ അരുൺ പോവാൻ റെഡിയായി. കൂടെ നന്ദൻ മേനോനുമുണ്ടായിരുന്നു. ജീൻസും ടൈറ്റ് ടീ ഷർട്ടുമായിരുന്നു അവന്റെ വേഷം.

അരുണിന്റെ ആവശ്യപ്രകാരം നന്ദൻ മേനോനാണ് ബൊലേറോ ഡ്രൈവ് ചെയ്തത്. പരിചയമില്ലാത്ത സ്ഥലമായിരുന്നതിനാൽ അയാൾ വളരെ പതുക്കെയാണ് വാഹനം ഓടിച്ചത്.

കോളേജ് വിടുന്നതിന്റെ അൽപം മുമ്പായി തന്നെ അവർ കോളേജിനരികിലെത്തി. അരുണിന്റെ നിർദേശമുള്ളത് കൊണ്ട് നന്ദൻ മേനോൻ വണ്ടിയിൽ നിന്നിറങ്ങിയില്ല. അരുൺ കോളേജ് ഗേറ്റിന് ഓപ്പോസിറ്റുള്ള കൂൾ ബാറിൽ കയറി. മൊബെെലെടുത്ത് രശ്മിയുടെ ആൽബത്തിൽ നിന്ന് പകർത്തിയ ഫോട്ടോകൾ അവൻ ഒരിക്കൽ കൂടി മനസ്സിൽ പതിപ്പിച്ചു.

അൽപസമയത്തിനു ശേഷം കോളേജ് കഴിഞ്ഞ് കുട്ടികൾ ഓരോന്നായി പുറത്തേക്കിറങ്ങാൻ തുടങ്ങി. അരുൺ ഫോൺ കീശയിലിട്ട് കോളേജ് ഗേറ്റിലേക്ക് ശ്രദ്ധ തിരിച്ചു.


പണക്കാരുടെ മക്കളായതിനാൽ കൂടുതൽ കുട്ടികൾക്കും ടുവീലറോ ഫോർവീലറേ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നടന്നു പോവുന്ന ഏതാനും കുട്ടികൾകിടയിൽ നിന്ന് രേഷ്മയെയും പ്രിയയെയും കണ്ടെത്താൻ അരുണിനതികം കഷ്ടപ്പെടേണ്ടി വന്നില്ല.

അരുൺ നന്ദൻ മേനോന് കണ്ണുകൾ കൊണ്ട് അവരെ കാണിച്ചു കൊടുത്തു. ശേഷം അവൻ ആ കുട്ടികളുടെ പിന്നാലെ നടക്കാൻ തുടങ്ങി. ആൾ തിരക്ക് കുറച്ച് കുറവുള്ള ഒരിടത്ത് വെച്ച് അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാമെന്ന് അവൻ കരുതി.

നന്ദൻ മേനോൻ ഒരു നിശ്ചിത അകലമിട്ട് അവരെ പിന്തുടർന്നു. ഒരു കാരണവശാലും അരുണിന്റെ മുന്നിലുള്ള ആ കുട്ടികൾ തന്നെ ഇപ്പോൾ കാണണ്ട എന്ന് അയാളും തീരുമാനിച്ചിരുന്നു.

കുറച്ച് ദൂരം നടന്നു കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞ് വന്നു. ഇത് തന്നെയാണ് തന്റെ അവസരമെന്ന് അരുൺ മനസ്സിലാക്കി. അരുൺ നടത്തത്തിന്റെ സ്പീഡ് വർദ്ധിപ്പിച്ച് അവരെ സമീപിച്ച് കൊണ്ട് അവരുടെ ശ്രദ്ധയയാകർഷിക്കാൻ വിളിച്ചു. “എക്സ്ക്യൂസ് മീ.” മൊബെെൽ ഫോണിൽ വോയ്സ് റെക്കോർഡർ ഓൺ ചെയ്ത് അവരുടെ ശ്രദ്ധയിൽ പെടുന്നതിന് മുമ്പ് തന്നെ അവൻ പോക്കറ്റിൽ നിക്ഷേപിച്ചു.

തമ്മിൽ സംസാരിച്ചു കൊണ്ട് നടന്ന് പോവുകയായിരുന്ന രേഷ്മയും പ്രിയയും പെട്ടന്നുള്ള അവന്റെ വിളിയിൽ തിരിഞ്ഞു നോക്കി. ശേഷം അവർ തമ്മിൽ തമ്മിൽ നോക്കി. “ആരാ നിങ്ങൾ എന്താ കാര്യം.” പ്രിയ ഒരൽപം ശബ്ദം ഉയർത്തിയാണ് ചോദിച്ചത്.

“ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ പെങ്ങളേ.. ചൂടാവല്ലെ.” അരുൺ പ്രിയയോട് അഭ്യർത്ഥന പോലെ പറഞ്ഞു. റോഡരികിൽ അങ്ങിങ്ങായി കാണുന്ന ആളുകൾ തങ്ങൾക്ക് ചുറ്റും തടിച്ചു കൂടുമോ എന്ന ഭയവും അവനുണ്ടായിരുന്നു.

“സോറി ചേട്ടാ ചേട്ടനെന്താ അറിയേണ്ടത്. ഞാൻ പറഞ്ഞ് തരാം.” രേഷ്മ പ്രിയക്ക് മുന്നിലേക്ക് കയറി നിന്ന് കൊണ്ട് പറഞ്ഞു.

“എനിക്ക് രശ്മി എന്ന കുട്ടിയെ കുറിച്ചാണ് അറിയേണ്ടത്. നിങ്ങളും രശ്മിയും ഒരുമിച്ചാണ് കോളേജിൽ പോകാറുള്ളത് എന്നറിയാൻ കഴിഞ്ഞു. അത് കൊണ്ടാണ് നിങ്ങളെ ഒന്ന് കാണാൻ തിരുമാനിച്ചത്.” അരുൺ തന്റെ ആഗമനോദ്ദേശം വെളിച്ചപ്പെടുത്തി.

“നിങ്ങളെന്തിനാണ് അവളെ കുറിച്ച് അന്വേഷിക്കുന്നത്. നിങ്ങളെന്താ പോലീസാണോ.?” സംശയത്തോടെയായിരുന്നു പ്രിയയുടെ ചോദ്യം.

“എന്നെ കണ്ടാൽ പോലീസുകാരനെ പോലെ തോന്നുമെങ്കിലും ഞാൻ പോലീസൊന്നുമല്ല. രശ്മിക്ക് ഒരു കല്യാണാലോചന. അതിനിടയിലാണ് അവളെ കാണാനില്ലെന്നറിഞ്ഞത്. എന്നാൽ പിന്നെ അവൾക്കെന്ത് സംഭവിചെന്ന് അറിയാൻ ഒരു ക്യൂരിയോസിറ്റി.
അതാണീ ചെറിയ അന്വേഷണത്തിനു പിന്നിൽ.” ചെറുചിരിയോടെ അരുൺ പറഞ്ഞു.

“ഓ ചേട്ടൻ വരൻ സിനിമയിലെ അല്ലു അർജുനെ അനുകരിക്കുകയാണോ.?” അടുത്തിടെ കണ്ട സിനിമയുടെ കഥ മനസ്സിലോർത്ത് കൊണ്ടായിരുന്നു രേഷ്മയുടെ ചോദ്യം ‘.

“അയ്യോ ഞാനല്ല ചെറുക്കൻ. എന്റെ വല്യച്ചന്റെ മകനാണ്. അവൻ പറഞ്ഞത് കൊണ്ടാണ് എന്റെയീ അഭ്യാസം.” അരുൺ മനസ്സിൽ കരുതിവെച്ചിരുന്ന കള്ളം ആത്മവിശ്വാസത്തോടെ പറഞ്ഞു.

താൻ പറഞ്ഞ കള്ളം പൂർണ്ണമായും അവർ വിശ്വസിച്ചില്ലെന്ന് അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അരുണിന് മനസ്സിലായി.

“അപ്പോ നിനക്ക് ചേട്ടൻ പറഞ്ഞത് മനസ്സിലായില്ലേ രേഷ്മേ. ചേട്ടനല്ല വരൻ സിനിമയിലെ അല്ലു അർജുനെ അനുകരിക്കുന്നത്. ചേട്ടന്റെ ബ്രദർ ആണെന്ന്.” ഒരു പരിഹാസത്തോടെ പ്രിയ കൂട്ടുകാരിയോട് പറഞ്ഞു.

“ഇവളു പറയുന്നത് കാര്യമാക്കണ്ട ചേട്ടായീ. ചേട്ടായി ചോദിക്ക്. എനിക്കറിയാവുന്നത് ഞാൻ പറയാം.” പ്രിയയുടെ പരിഹാസം കണക്കിലെടുക്കാതെ രേഷ്മ അരുണിനോടായി പറഞ്ഞു.

“ഓക്കെ താങ്ക്സ്. നിങ്ങൾ രശ്മിയുടെ അടുത്ത കൂട്ടുകാരികൾ ആണോ.? നിങ്ങളോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാൻ പറ്റും എന്നറിയാൻ വേണ്ടിയുള്ള ചോദ്യമാണ് കെട്ടോ.”

“അങ്ങനെ അടുത്ത കൂട്ടുകാരിയൊന്നുമല്ല. കോളേജിലേക്ക് പോവുമ്പോഴും വരുമ്പോഴുമുള്ള സൗഹൃദം. എന്തെങ്കിലും ഒരാവശ്യമില്ലാതെ അവൾ കോളേജിൽ വെച്ച് ഞങ്ങളോട് സംസാരിച്ചിട്ടു പോലുമില്ല.”

“ഓഹ് അങ്ങനെയാണല്ലേ. അപ്പോൾ അവൾ നിങ്ങളുടെ കൂടെയല്ലേ കോളേജിൽ വരുന്നതും പോവുന്നതും.”

“സാധാരണ അങ്ങനെ തന്നെയാണ്. എന്നാൽ അവളില്ലാതെ ഞങ്ങളും ഞങ്ങളില്ലാതെ അവളും കോളേജിൽ പോവുന്ന ദിവസങ്ങളും ഉണ്ടാവാറുണ്ട്.” കുറച്ചൊന്ന് ആലോചിച്ച ശേഷമാണ് രേഷ്മ മറുപടി പറഞ്ഞത്.

”ശരി അങ്ങനെയാണെങ്കിൽ ഒരൊറ്റ കാര്യമാണ് എനിക്ക് നിങ്ങളിൽ നിന്നറിയാനുള്ളത്.രശ്മിയെ കാണാതായെന്ന് പറയുന്ന ദിവസം അവൾ നിങ്ങളോടൊപ്പം കോളേജിൽ വന്നിരുന്നോ.?”

“ചേട്ടാ എനിക്ക് ഒന്നാലോചിക്കണം എങ്കിലേ ഇതിനുത്തരം പറയാൻ കഴിയൂ കുറേ ദിവസം ആയില്ലേ അത് കൊണ്ടാണ്.” രേഷ്മ പ്രിയക്ക് നേരെ തിരിഞ്ഞ് അവളോട് ചെറിയ ശബ്ദത്തിൽ ചില കാര്യങ്ങൾ ചോദിക്കുന്നതവൻ കേട്ടു. എന്നാൽ അതെന്താണെന്ന് വ്യക്തമായില്ല.

പ്രിയയുമായുള്ള കുറച്ച് നേരത്തെ ചർച്ചക്ക് ശേഷം രേഷ്മ അരുണിന് നേരെ തിരിഞ്ഞു. “ചേട്ടാ അന്നവൾ കോളേജിൽ വന്നിരുന്നു. ഞങ്ങൾ ഗേറ്റിനടുത്തുള്ള സ്റ്റോറിൽ നിന്ന് പേന വാങ്ങാൻ നിന്നപ്പോൾ അവൾ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറുന്നത് ഞങ്ങൾ കണ്ടതാണ്. പക്ഷേ ക്ലാസ് മുറിയിൽ എത്തിയപ്പോൾ അവളവിടെ ഇല്ലായിരുന്നു.”

അത് കേട്ട അരുൺ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഭാവ വ്യത്യാസമേതുമില്ലാതെയാണ് മറുപടി. അവന്റെ മനസ് കൂടുതൽ ആശയ കുഴപ്പത്തിലാവുകയാണ് ചെയ്തത്.

“തന്ന വിവരങ്ങൾക്ക് നന്ദി.” അരുൺ അവരോട് നന്ദി പറഞ്ഞ് കൊണ്ട് തിരിച്ചു നടന്നു. സൂത്രത്തിൽ അവർ പോക്കറ്റിൽ നിന്നും ഫോണെടുത്ത് വോയ്സ് റെക്കോർഡർ ഓഫ് ചെയ്തു.

അവൻ തിരിച്ചു വരുന്നത് കണ്ട നന്ദൻ മേനോൻ ബൊലേറോയുമായി അവന്റെ അരികിലെത്തി. അരുൺ യാന്ത്രികമായി തന്നെ ആ വണ്ടിയുടെ കോ- ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.

അരുണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ അവൻ എന്തൊക്കെയോ കുഴപ്പത്തിലാണെന്ന് അയാൾക്ക് തോന്നി. അത് കൊണ്ടയാൾ കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ വണ്ടി നേരെ ഓഫീസിലേക്ക് വിട്ടു.

ഓഫീസിലെത്തിയിട്ടും അരുൺ കാര്യമായൊന്നും സംസാരിച്ചില്ല. അവനെ അവന്റെ പാട്ടിന് വിടാൻ തീരുമാനിച്ച നന്ദൻ മേനോൻ അവനോട് കൂടുതലൊനും ചോദിക്കാനും നിന്നില്ല.

ആറ് മണിയായപ്പോൾ നന്ദൻ മേനോൻ പോവാൻ തയ്യാറായിക്കൊണ്ട് അരുണിനെ സമീപിച്ചു. “അരുൺ സമയം ആറ് മണിയായി ഞാനിറങ്ങിയാലോ.” നന്ദൻ മേനോന്റെ ചോദ്യം അരുണിനോടായിരുന്നു.

കുറച്ച് കഴിഞ്ഞ് പോവാം നന്ദേട്ടാ. നന്ദേട്ടനിരിക്ക്. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.” തനിക്കെതിരെയുള്ള കസാരയിലേക്ക് ചൂണ്ടിക്കൊണ്ട് അരുൺ പറഞ്ഞു.

“നീ ടെൻഷനിൽ ആണെന്നു കരുതിയാണ് ഇതുവരെ ഞാൻ നിന്നോടൊന്നും ചോദിക്കാതിരുന്നത്.” അരുണിനെതിരെയുള്ള കസാരയിൽ ഇരുന്ന് കൊണ്ട് നന്ദൻ മേനോൻ പറഞ്ഞു.

“അതേ നന്ദേട്ടാ ഞാൻ ഇപ്പോഴും ടെൻഷനിൽ തന്നെയാണ്. രശ്മിയുടെ കേസ് കൂടുതൽ കുഴപ്പിക്കുന്നത് ഇപ്പോഴാണ്. ഗോകുൽ ശേഖരിച്ച മൊഴികളിൽ രശ്മിയുടെ വീടിന്റെ തൊട്ടടുത്തുള്ള കടക്കരൻ പറയുന്നത് രശ്മി തനിച്ചാണ് കോളേജിലേക്ക് പോയതെന്ന്. എന്നാൽ രശ്മിയുടെ കൂടെ കോളേജിൽ പോവുന്ന രേഷ്മയും പ്രിയയും പറയുന്നു അവർ ഒരുമിച്ചാണ് കോളേജ് ഗേറ്റ് വരെ ചെന്നതെന്ന്.”

“അപ്പോൾ ക്ലാസിൽ രശ്മി എത്തിയിട്ടില്ലെന്ന് അവരും സമ്മതിക്കുന്നുണ്ടല്ലേ. അത് നല്ലതാണ്. പക്ഷേ ഒരാൾ കൂടിയുണ്ടല്ലോ രശ്മിയുടെ കൂട്ടുകാരി. ചന്ദ്രിക. നീ അവളുടെ മൊഴി ശേഖരിച്ചോ.?” നന്ദൻ മേനോൻ അരുണിനോടായി ചോദിച്ചു.

ചന്ദ്രിക എന്ന പേര് കേട്ടപ്പോൾ തന്നെ അരുണിന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്ത അനുഭൂതി ഉണ്ടായി.

“ഇല്ല രശ്മിയെ കാണാതായതിന് ശേഷം ആ കുട്ടി കോളേജിൽ പോയിട്ടില്ലെന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ട്.” കുറച്ചൊന്ന് ആലോചിച്ച ശേഷമാണ് അരുൺ മറുപടി പറഞ്ഞത്.

“എങ്കിൽ ആ കുട്ടിയിൽ നിന്നും വിവരങ്ങൾ ഞാൻ ശേഖരിച്ചാലോ.?”

“വേണ്ട. അത് ഞാൻ തന്നെ അന്വേഷിച്ചോളാം.” അരുൺ ആലോചിക്കുക പോലും ചെയ്യാതെയാണ് മറുപടി പറഞ്ഞത്. അവളെ നേരിട്ട് കാണണമെന്ന ചിന്തയാണ് അതിനവനെ പ്രോത്സാഹിപ്പിച്ചത്.

“എന്താ അരുൺ ഇനിയും എന്നെ ഈ കേസിൽ നിന്നും ഒഴിവാക്കി നിർത്തുകയാണോ.?” അരുണിന്റെ മനസ്സിലെന്തെന്ന് മനസ്സിലാവാതെ നന്ദൻ മേനോൻ ചോദിച്ചു.

“ഏയ് അങ്ങനെയൊന്നുമല്ല നന്ദേട്ടാ വേറൊരു പേഴ്സണൽ കാര്യമുണ്ട്.” ചമ്മലോടെയാണ് അരുൺ മറുപടി പറഞ്ഞത്.

“ഓ അതാണോ കാര്യം എങ്കിൽ നീ തന്നെ അത് കൈകാര്യം ചെയ്തോളൂ. തൽകാലം നമുക്ക് കേസിലേക്ക് തന്നെ തിരിച്ചു വരാം. ഇപ്പോൾ നിന്റെ പ്രശ്നം രശ്മിയുടെ കൂട്ടുകാരികളാണോ കടയിലുള്ള ആളാണോ കള്ളം പറഞ്ഞത് എന്നതാണ്.” അരുണിന്റെ ചമ്മൽ കണ്ട് കാര്യം മനസ്സിലായ നന്ദൻ മേനോൻ പറഞ്ഞു.

“അതേ. പിന്നെ അധ്യാപകന്റെ മൊഴിയുമായി ഒത്ത് നോക്കുമ്പോൾ രണ്ട് പേർ പറഞ്ഞതും ശരിയാണ്. പിന്നെ ആ കുട്ടികളുടെ മൊഴി സത്യമാവാനുള്ള സാധ്യതയുമുണ്ട്.”

“അരുൺ നിനക്ക് ആ കുട്ടികൾ പറഞ്ഞത് ശരിയാണോ എന്നറിയാനാണെങ്കിൽ രണ്ടാമത്തെ കടക്കാരൻ ഈ രണ്ട് കുട്ടികളെ കണ്ടിരുന്നോ എന്നറിഞ്ഞാൽ മതി.”

“അതേ നന്ദേട്ടാ. ആ രണ്ടാമത്തെ വ്യാപാരിയെ കണ്ട് അയാളോട് ചോദിച്ചാൽ ഇപ്പോഴുള്ള പ്രശ്നത്തിന് പരിഹാരമുണ്ടാവും.” അരുണിന്റെ വാക്കുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു.

“എങ്കിൽ അരുൺ ഞാനിപ്പോൾ തന്നെ അതേ കുറിച്ചൊന്നന്വേഷിച്ചാലോ.?”

“ശരി നന്ദേട്ടാ എങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ അദ്ദേഹത്തെ ഒന്ന് കാണൂ. നിങ്ങൾ പോയി വരുമ്പോഴേക്കും ചന്ദ്രികയുടെ കാര്യത്തിലും ഞാനൊരു തീരുമാനമുണ്ടാക്കാം.”

“ശരി അരുൺ ഞാൻ പോയിട്ടു വരാം.” നന്ദൻ മേനോൻ ഓഫീസിനു പുറത്തേക്ക് നടന്നു.

നന്ദൻ മേനോൻ മുറി വിട്ട് പുറത്തേക്കിറങ്ങുന്നത് നോക്കിക്കൊണ്ട് അരുൺ കസാരയിലേക്ക് ചാരി മിഴികൾ അടച്ചു. വാതിൽ അടയുന്നതിന്റെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി. പതിയെ അവന്റെ മനസ്സിൽ ഒരു പെൺ കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.അത് ചന്ദ്രികയുടേതായിരുന്നു.

അവൻ വേഗം മൊബൈലെടുത്ത് രശ്മിയുടെ വീട്ടിൽ നിന്നെടുത്ത ഫോട്ടോകൾ പരിശോദിച്ചു. അപ്പോഴാണ് ഫോൺ നമ്പറുകൾ എഴുതിയ ഡയറിയുടെ ഫോട്ടോ അവന്റെ ശ്രദ്ധയിൽ പെട്ടത്.

അവന്റെ മിഴികൾ അതിലൂടെ അരിച്ചിറങ്ങി. ചന്ദ്രികയുടെ നമ്പറും അവന്റെ ശ്രദ്ധയിൽ പെട്ടു. വേഗം തന്നെ അവൻ മേശവലിപ്പ് തുറന്ന് പേനയും പേപ്പറും എടുത്ത് ആ നമ്പർ കടലാസിലേക്ക് പകർത്തി.

പേപ്പറിൽ നമ്പർ കുറിച്ചെടുത്ത ശേഷം ഗാലറിയിൽ നിന്നും പുറത്ത് കടന്ന അരുൺ ഡയൽ പാഡിൽ ആ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. അവന്റെ വിരലുകളെ വിറയൽ ബാധിച്ചിരുന്നു.

അവൻ കോൾ ബട്ടണിൽ വിരലമർത്തിയ ശേഷം ഫോൺ ചെവിയിലേക്ക് ചേർത്ത് വെച്ചു. ബെൽ അടിക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ അരുണിന് ശരിരമാകെ തളരുന്നത് പോലെ തോന്നി.

“ഹലോ.” ഒരു പുരുഷ സ്വരമാണ് അരുണിന്റെ കാതിൽ മുഴങ്ങിയത്. അത് കൊണ്ട് തന്നെ അവന്റെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ ലഭിച്ചു.

“ഹലോ. ഇത് ചന്ദ്രികയുടെ ഫോൺ അല്ലേ.?” സംശയത്തോടെയായിരുന്നു അവന്റെ ചോദ്യം.

“അതേ അവളുടെ അച്ചനാണ് സംസാരിക്കുന്നത്. നിങ്ങൾ ആരാണ്. എന്റെ ഫോണിലെ ബാലൻസ് കഴിഞ്ഞപ്പോൾ അവളുടെ ഫോൺ തൽകാലത്തേക്ക് ഞാനൊന്നെടുത്തതാണ്.

അരുൺ ഒരു നിമിഷം ആലോചിച്ചു. എന്ത് പറയണം. പെട്ടന്നാണ് സൂര്യന്റെ മുഖം അവന്റെ മനസ്സിലേക്കെത്തിയത്. “ഞാൻ സൂര്യനാണ് ചന്ദ്രിക ഇപ്പോൾ കേളേജിലേക്ക് വന്നിട്ട് കുറച്ച് ദിവസമായല്ലോ തിങ്കളാഴ്ച മുതലെങ്കിലും അവളോട് കോളേജിലേക്ക് വരാൻ പറയണം എന്ന് കരുതി വിളിച്ചതാണ്. എന്റെ ഫോണിലും ബാലൻ കഴിഞ്ഞു. അത് കൊണ്ട് കൂട്ടുകാരന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നത്.”ഇത് എന്റെ നമ്പർ അല്ല എന്ന് അയാൾ തിരിച്ചറിയുമോ എന്ന് ഭയന്നാണ് അരുൺ ആ കള്ളം പറഞ്ഞത്.

“ഒന്ന് വെയ്റ്റ് ചെയ്യൂ ഞാനവളെ വിളിക്കാം. അവൾ മുകളിലെ മുറിയിലാണ്.”

“എനിക്ക് തിരക്കൊന്നുമില്ല അങ്കിൾ വിളിച്ചോളൂ. ഞാൻ പിന്നെ വിളിക്കാം.” അരുൺ ഉദാരമനസ്ക്കനായി.

“വേണ്ട മോനേ ഞാനിപ്പോൾ തന്നെ കൊടുക്കാം. കൂട്ടുകാരിയെ കാണാനില്ലെന്നും പറഞ്ഞ് പത്ത് ദിവസമായി അവൾ ലീവെടുത്തിരിക്കുന്നു. മോനെങ്കിലും അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്.” അയാൾ അഭ്യർത്ഥന പോലെ പറഞ്ഞു.

“എന്നാൽ എല്ലാം അങ്കിളിന്റെ ഇഷ്ടം പോലെ അങ്കിൾ ഫോൺ അവൾക്ക് കൊടുക്കൂ. അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കാം.” അരുൺ ഉദാരമനസ്കനായി.

“ശരി മോനേ. മേന് നല്ലതേ വരൂ. ഞാനിപ്പൊ തന്നെ അവൾക്ക് ഫോൺ കൊടുക്കാം.” അയാൾ അങ്ങനെ പറഞ്ഞ് കൊണ്ട് ഡൈനിംഗ് ഹാളിൽ നിന്നും മുകളിലേക്കുള്ള കോണി കയറി ചന്ദ്രികയുടെ റൂമിന് പുറത്തെത്തി.

അയാൾ വാതിലിന്റെ ഹാന്റിലിൽ പിടിച്ച് തിരിച്ചപ്പോൾ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയാണ് എന്നയാൾക്ക് മനസ്സിലായി. “തത്തേ വാതിൽ തുറക്ക് നിനക്കൊരു ഫോണുണ്ട്.” വാതിലിൽ പതിയെ മുട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

ഫോണിന്റെ ഇങ്ങേ തലക്കൽ അരുണും കേട്ടു ആ വിളി. ‘തത്ത’ ആ പേരവൻ ഒരിക്കൽ കൂടി മനസ്സിൽ ഉരുവിട്ടു. ആ പേരിനോടെന്തോ വല്ലാത്ത ഇഷ്ടം തോന്നി അവനപ്പോൾ.

“മോളേ വാതിൽ തുറക്ക്. നിനക്കൊരു കോൾ വന്നിട്ടുണ്ട്.” വാതിലിൽ അൽപം ഉറക്കെ തട്ടിക്കൊണ്ട് അയാൾ വീണ്ടും ചന്ദ്രികയെ വിളിച്ചു.

അൽപസമയം കഴിഞ്ഞപ്പോൾ വാതിലിന്റെ ടവർ ബോൾട്ട് നീക്കുന്ന ശബ്ദം അയാളുടെ കാതിലെത്തി. വാതിൽ തുറന്ന ശേഷം അവൾ ഫോൺ വാങ്ങാനായി കൈകൾ പുറത്തേക്ക് നീട്ടി.

“ദാ… നിനക്കാണ്. നിന്റെ സംസാരം കഴിഞ്ഞ ശേഷം ഫോൺ അച്ചന് കൊണ്ട് വന്ന് തരണേ. അച്ചന് താഴെ കുറച്ച് പണി കൂടിയുണ്ട്.” തന്റെ മുമ്പിൽ വെച്ച് ചന്ദ്രികക്ക് ഫ്രീയായി സംസാരിക്കാൻ കഴിയില്ലെങ്കിലോ എന്നോർത്താണ് അയാൾ സ്വയം അവിടെ നിന്നെഴിഞ്ഞത്.

“ശരി അച്ചാ” അവൾ ഫോൺ വാങ്ങിയ ശേഷം വാതിൽ അടക്കുന്നതിന് മുമ്പായി അയാളോട് പറഞ്ഞു. വാതിലടച്ച് കഴിഞ്ഞ് കട്ടിലിൽ പോയി ഇരുന്നതിന് ശേഷമാണ് അവൾ ഫോൺ കാതോട് ചേർത്തത്.

“ഹലോ ആരാണ് സംസാരിക്കുന്നത്.” മറു വശത്തു നിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനാൽ ചന്ദ്രിക ചോദിച്ചു.

“ഹലോ. എനിക്ക് സംസാരിക്കാൻനുള്ളത് മുഴുവൻ കേട്ടു കഴിയുന്നതിനു മുമ്പ് വെറുതെ ബഹളം വയ്ക്കരുത്. അത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണ് എനിക്ക് തന്നോട് പറയാനുള്ളത്.” അരുൺ സൗമ്യനായി ചന്ദ്രികയോട് പറഞ്ഞു.

“ഹേയ് ഞാനെങ്ങനെ ബഹളം വയ്ക്കുന്ന ആളൊന്നുമല്ല. ഇത്ര വലിയൊരു ഇൻട്രൊഡക്ഷന് പകരം നിങ്ങൾ ആരാണെന്ന് ആദ്യമേ പറഞ്ഞാൽ അതായിരുന്നു നന്നാവുക എന്ന് തോന്നുന്നു.”

“ഓക്കേ. ഞാൻ അരുൺ. ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ ആണ്. ഇപ്പോൾ തന്റെ കൂട്ടുകാരി രശ്മി ചന്ദ്രനെ കാണാതായ കേസാണ് ഞാൻ അന്വേഷിക്കുന്നത് അതിന് സഹായകമാകുന്ന എന്തെങ്കിലും വിവരങ്ങൾ തന്റെ കയ്യിൽ നിന്ന് അറിയാൻ കഴിയുമോ എന്നറിയാനാണ് ഞാൻ ഇപ്പോൾ വിളിക്കുന്നത്.”

“ഓക്കേ സർ. എനിക്കറിയാവുന്ന വിവരങ്ങളെല്ലാം ഞാൻ നൽകാം.”

“ഒക്കെ താങ്ക്യൂ. പിന്നെ ഞാൻ തന്റെ അച്ഛനോട് പറഞ്ഞത് സൂര്യനാണ് എന്നാണ്. ഞാനുമായിട്ടുള്ള സംസാരം കഴിഞ്ഞു കഴിയുമ്പോൾ തന്റെ അച്ഛൻ തന്നോട് ചോദിക്കുക സൂര്യൻ എന്താണ് പറഞ്ഞത് എന്നായിരിക്കും. തന്നോട് കോളേജിലേക്ക് വരാൻ ആവശ്യപ്പെടാനാണ് ഞാൻ വിളിച്ചത് എന്നാണ് ഞാൻ നിന്റെ അച്ഛനോട് പറഞ്ഞത്. അത് കൊണ്ടാണ് ഈ വിവരം ഇപ്പോൾ തന്നോട് പറയുന്നത്.”

“ഓക്കേ സർ. ഞാൻ അത് മാനേജ് ചെയ്തോളാം.”

“നീയായിരുന്നു രശ്മിയുടെ മനസാക്ഷി സൂക്ഷിപ്പുകാരി എന്ന് ഞങ്ങൾക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് നിന്നോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. എന്റെ ആദ്യത്തെ സംശയം ഇതാണ്. എല്ലാദിവസവും നീയും രശ്മിയും ഒരുമിച്ചാണ് കോളേജിലേക്ക് പോകാറുള്ളത്. എന്തുകൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച രശ്മി യോടൊപ്പം നീ കോളേജിലേക്ക് പോയില്ല.?”

“സർ, അതിനുള്ള കാരണം അവൾ തന്നെയാണ്. അവളെ കാണാതാകുന്നതിന് മുമ്പത്തെ ശനിയാഴ്ച അവൾ എനിക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച അവൾ കോളേജിലേക്ക് വരുന്നില്ല എന്നു പറഞ്ഞ്. അതു കൊണ്ടാണ് ഞാൻ കോളേജിലേക്ക് തിങ്കളാഴ്ച വരാതിരുന്നത്.”

“ഒരു റിക്വസ്റ്റ് ഉണ്ട്. താൻ എന്നെ ഇങ്ങനെ സാർ എന്ന് വിളിക്കല്ലേ. അത് കേൾക്കുമ്പോൾ എന്തോ ഒരു ഇറിറ്റേഷനാണ് അനുഭവപ്പെടുന്നത്.”

“ഒരു അന്വേഷണ ഉദ്യോഗസ്ഥനെ സാക്ഷിയാകുന്ന ആൾ പിന്നെ സാർ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. സാറ് സാറിനറിയാനുള്ള കാര്യങ്ങൾ ചോദിക്കൂ. മറ്റ് കാര്യങ്ങളിൽ സാറ് ഇടപെടണ്ട.” അല്പം ബോൾഡായി തന്നെയായിരുന്നു ചന്ദ്രികയുടെ മറുപടി.

അതുകേട്ട് അരുണിന് അവളുടെ സൗന്ദര്യത്തിനോട് തോന്നിയ ആരാധനക്കൊപ്പം ബഹുമാനവും കൂടി തോന്നി. “ഓക്കേ. രശ്മിക്ക് ഏതെങ്കിലും പ്രണയബന്ധം ഉണ്ടായിരുന്നോ എന്നാണ് എനിക്ക് അടുത്തതായി അറിയേണ്ട കാര്യം.”

“ഒരു മാസം മുമ്പ് വരെ ഇല്ലായിരുന്നു എനിക്ക് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും പക്ഷേ കഴിഞ്ഞ ഒരു മാസത്തിൽ ഉള്ള അവളുടെ പ്രവർത്തനങ്ങളിൽ അവൾ എന്തോ എന്നിൽ നിന്ന് ഒളിപ്പിച്ചു വെക്കുന്നതായി എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. അതൊരു പക്ഷേ പ്രണയമാവാം അല്ലെങ്കിൽ മറ്റെന്തെങ്കിലുമാവാം.”

“അപ്പോൾ അതെന്താണെന്ന് താൻ ഇതുവരെ ചോദിച്ചിട്ടില്ലേ.”

“ചോദിച്ചിരുന്നു പക്ഷേ അതിനെ കുറിച്ച് പറയാൻ അവൾ താല്പര്യപ്പെട്ടിരുന്നില്ല. പിന്നെ കൂടുതൽ ശല്യം ചെയ്യാൻ ഞാനും ആഗ്രഹിച്ചില്ല. പറയേണ്ട സമയമാകുമ്പോൾ അവൾ പറയുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ.”

“ശരി ഞാൻ എന്നെ സാർ എന്ന് വിളിക്കരുത് എന്ന് പറയാനുള്ള കാരണം എനിക്ക് തന്റെ ഫോട്ടോ കണ്ടപ്പോൾ, തന്റെ സൗന്ദര്യം കണ്ടപ്പോൾ തന്നോട് എന്തോ ഒരുപാട് ഇഷ്ടം തോന്നി. ഇപ്പോൾ തന്റെ ബോൾഡായുള്ള സംസാരം കേട്ടപ്പോൾ ആ ഇഷ്ടം കൂടുകയാണ് ചെയ്തത്.”

എങ്കിൽ ഞാൻ സാറിന്റെ ഫോണിലേക്ക് ഐശ്വര്യ റായിയുടെ ഫോട്ടോ അയച്ചു തരാം. അവരുടെ സൗന്ദര്യം കാണുമ്പോൾ താങ്കളുടെ ആരാധന പിന്നെ അവരോട് ആകുമല്ലോ.” പരിഹാസത്തോടെ ആയിരുന്നു അവളുടെ മറുപടി.

“എനിക്ക് തോന്നിയ ഇഷ്ടം വെറുമൊരു കമ്പമല്ലെന്ന് ഞാൻ ഉടൻ തന്നെ തന്നെ ബോധ്യപ്പെടുത്തുന്നതാണ്.”

“ഓക്കേ സർ. എന്നാൽ നമുക്ക് അതുകഴിഞ്ഞ് കഴിഞ്ഞു കാണാം.” ചന്ദ്രികയുടെ സ്വരത്തിന് ശേഷം ഫോൺ കട്ടായ ശബ്ദവും അരുണിന്റെ കാതുകളിലേക്ക് എത്തി.

സമയം ഏഴുമണിയോട് അടുത്തപ്പോഴാണ് നന്ദൻ മേനോൻ രാജന്റെ കടയുടെ അരികിൽ എത്തിയത്. ആ സമയത്ത് കടയുടെ സമീപത്തുണ്ടായിരുന്ന തിരക്ക് കണ്ടപ്പോൾ തിരക്കൊഴിയാതെ തനിക്ക് വേണ്ട കാര്യങ്ങൾ രാജനോട് ചോദിക്കാൻ കഴിയില്ല എന്ന് നന്ദൻ മേനോന് മനസ്സിലായി. അതുകൊണ്ട് തിരക്കൊഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു അയാളുടെ തീരുമാനം.

രണ്ടുമണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആ കടയിലെ തിരക്ക് ഒഴിഞ്ഞത്. കച്ചവടത്തിന്റെ തിരക്കായിരുന്നില്ല. വൈകുന്നേരങ്ങളിൽ സൊറ പറയുന്ന ആളുകളുടെ തിരക്കായിരുന്നു അവിടെ ഉണ്ടായിരുന്നത്.

തിരക്ക് കുറഞ്ഞപ്പോൾ രാജൻ പുറത്തേക്കു ഇറക്കി വെച്ച കച്ചവട സാധനങ്ങൾ വലത്തേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി. അതിനിടയിലേക്ക് ആണ് നന്ദൻ മേനോൻ ആ കടയിലേക്ക് കയറിച്ചെന്നത്. “മിസ്റ്റർ രാജൻ.” സംശയത്തോടെ നന്ദൻ മേനോൻ കടക്കാരനോടായി ചോദിച്ചു. ഇതിനിടയിൽ മൊബൈൽ ഫോണിലെ വോയിസ് റെക്കോർഡർ അയാൾ ഓൺ ചെയ്തു.

“അതെ എന്താ സാറേ കാര്യം അയാൾ പല്ല് മുഴുവൻ പ്രദർശിപ്പിച്ച് കൊണ്ട് ചോദിച്ചു.

“രാവിലെ നിങ്ങളുടെ അടുത്തുനിന്ന് നരേന്ദ്രൻ എന്ന ഒരു സിബിഐ ഓഫീസർ ചില കാര്യങ്ങൾ ചോദിച്ചിരുന്നതായി ഓർക്കുന്നുണ്ടല്ലോ അല്ലേ. അദ്ദേഹത്തിന് നിങ്ങൾ കൊടുത്ത വിവരങ്ങൾ വിവരണങ്ങളിൽ നിന്നും ചില സംശയങ്ങളുണ്ട്. അതൊന്ന് തീർക്കാൻ വേണ്ടിയാണ് ഞാൻ വന്നത്.” നന്ദൻ മേനോൻ മനസ്സിൽ തയ്യാറാക്കി വെച്ചിരുന്ന ചോദ്യം ചോദിച്ചു.

“എന്തു സംശയം ആണ് സാറേ ഉള്ളത് സാർ ചോദിച്ചോട്ടെ.”

“മറ്റൊന്നുമല്ല രാജൻ. രശ്മിയുടെ കൂടെ സാധാരണയായി നാലു കുട്ടികളാണ് പോയിരുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു കുട്ടികൾക്കൊപ്പം രശ്മി കോളേജിൽ പോയിരുന്നോ.?”

“ഒന്നാലോചിച്ചു നോക്കട്ടെ സാറേ.” അയാൾ മുകളിലേക്ക് കണ്ണുംനട്ട് ചിന്തയിലാണ്ടു.

ആലോചിക്കാൻ എന്തിനാ മുകളിലേക്ക് നോക്കുന്നത് എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് നന്ദൻ മേനോൻ അയാളുടെ മുഖത്ത് ദൃഷ്ടി ഉറപ്പിച്ചു.

“സാറേ രശ്മിയെ എന്നാണ് അവസാനമായി കണ്ടത് എന്ന് എനിക്ക് ഓർമ്മയില്ല പക്ഷേ അവസാനമായി കണ്ട അന്ന് ആ കുട്ടിക്കൊപ്പം രണ്ടുപേരല്ല ഉണ്ടായിരുന്നത്. സാധാരണ കാണുന്ന മൂന്നുപേരെ കൂടാതെ മറ്റ് രണ്ടു പേരും ഉണ്ടായിരുന്നു.” ആലോചനക്കൊടുവിൽ അയാൾ പറഞ്ഞു.

“ഉറപ്പാണല്ലോ അല്ലേ.”

“അതെ സർ എനിക്ക് ഉറപ്പാണ്. പിന്നെ ഒരു കാര്യമുണ്ട് സാറേ. ഞാനീ പറഞ്ഞ കാര്യങ്ങളിൽ വല്ല സംശയങ്ങളും ഉണ്ടെങ്കിൽ ചെട്ടിയൻ സന്തോഷ് എന്നൊരു പയ്യനുണ്ട്. അവനോട് ചോദിച്ചാൽ മതി.”

“അതാരാ ചെട്ടിയൻ സന്തോഷ്.”

” അത് രശ്മിയുടെ കൂടെ പോവുന്ന രേഷ്മ എന്നൊരു പെൺ കുട്ടിയുണ്ട്. അവളെ കാണാനായി ആ പയ്യൻ ഇവിടെ എന്നും വന്ന് നിൽക്കാറുണ്ട്. അവന് ഒരു പക്ഷേ നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് തോന്നുന്നു.”

“എങ്കിൽ അവന്റെ അഡ്രസ് ഒന്ന് പറയൂ. നാളെ എന്തെങ്കിലും സംശയമുണ്ടായാൽ അവനെ കാണാമല്ലോ.”

“സാർ ഇവിടുന്ന് അമ്പത് മീറ്റർ മുന്നോട്ട് പോയാൽ വലത്തോട്ട് ഒരു ചെറിയ റോഡ് കാണാം അതിലൂടെ ഒരു കിലോമീറ്റർ പോയാൽ ഒരു ശിവക്ഷേത്രം കാണാം. അതിനു പിന്നിലാണ് അവന്റെ വീട്.”

“ശരി എങ്കിൽ ഞാൻ പോകുന്നു എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വീണ്ടും കാണാം.” അയാളുടെ യാത്ര പറഞ്ഞുകൊണ്ട് നന്ദൻ മേനോൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് വോയിസ് റെക്കോർഡർ ഓഫ് ചെയ്തു. ശേഷം അയാൾ ബൊലേറോയ്ക്ക് നേരെ നടന്നു അതിൽ കയറി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.

അത് കാത്തുനിന്ന പോലെ കുറച്ച് അപ്പുറത്തെ മാറി നിർത്തിയിരുന്ന ലോറിയുടെ എൻജിൻ മുരൾച്ചയോടെ സ്റ്റാർട്ടായി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

അരുൺ നേരത്തെ തന്നെ ഓഫീസിലെത്തി. വാതിൽ തുറന്നപ്പോഴാണ് ഒരു മടക്കിയ നിലയിലുള്ള പേപ്പർ നിലത്ത് കിടക്കുന്നത് കണ്ടത്. അവൻ അതും കയ്യിലെടുത്ത് കൊണ്ട് തന്റെ കസാരയിൽ ഇരുന്നു.

പേപ്പർ നിവർത്തി ആകാംഷയോടെ അരുൺ അതിലേക്ക് മിഴികൾ നട്ടു.

നിങ്ങൾക്ക് ഞാനൊരു മുന്നറിയിപ്പ് തന്നതായിരുന്നു. പക്ഷേ നിങ്ങളത് കേട്ടില്ല. അത് കൊണ്ട് നിങ്ങൾക്കൊരു അടയാളം കൂടി തരുന്നു. വ്യാപാരി രാജന്റെ മരണം നിങ്ങൾ ഇരന്ന് വാങ്ങിയതാണ്.

അരുണിന്റെ നെറ്റിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകാൻ തുടങ്ങി.ഇന്നലെ രാത്രി നന്ദൻ മേനോൻ രാജനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. അത് ഇന്ന് വന്നിട്ട് കേൾകാമെന്നായിരുന്നു കരുതിയത്. തന്റെ മനസ്സിന്റെ ഭാരം വർദ്ധിച്ചു വരുന്നതായി അവനനുഭവപ്പെട്ടു.

തുടരും……..

കഴിഞ്ഞ ഭാഗങ്ങളെക്കാൾ കൂടുതൽ എഴുതിയിട്ടുണ്ട് എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.

Comments:

No comments!

Please sign up or log in to post a comment!