മൃഗം 25

കടല്‍തീരത്തിനടുത്ത് പൊളിഞ്ഞു കിടക്കുന്ന പഴയ കൊട്ടാരത്തിനു സമീപം അടുത്ത ദിവസം വൈകിട്ട് വാസുവും ഡോണയും എത്തി. “ഡോണ..നീ സൌകര്യമുള്ള സ്ഥലത്തേക്ക് മാറി ക്യാമറ ഫിക്സ് ചെയ്തോ. നിന്നെ അവന്‍ കാണണ്ട. തനിച്ചേ വരൂ എന്നവന്‍ പറഞ്ഞെങ്കിലും ഒപ്പം ആള് കാണാന്‍ ചാന്‍സുണ്ട്. കുട്ടി ഇവിടെയുണ്ട് എന്ന ധാരണയിലാകും അവന്റെ വരവ്..” വാസു ഡോണയോട് പറഞ്ഞു. “വാസൂ നീ സൂക്ഷിക്കണം. നിന്റെ ഫോണ്‍കോള്‍ കിട്ടി മംഗലാപുരത്ത് നിന്നുമാണ് അവന്‍ വരുന്നത്..പോലീസിലും അവര്‍ പരാതി നല്‍കിക്കഴിഞ്ഞു. എടാ ആ കൊച്ചിന് പ്രശ്നം ഒന്നുമില്ലേ?” ഡോണ ചോദിച്ചു. “എന്റെ കൂടെ താമസിക്കുന്ന കുട്ടിക്ക് പ്രശ്നമോ? അവള്‍ക്ക് ഇനി മാമന്റെ കൂടെ താമസിച്ചാല്‍ മതിയെന്നാണ് അവള് പറയുന്നത്. എടീ ആ ചേരിയിലെ വൃത്തികെട്ട വീട്ടില്‍ ഒരു സമാധാനവും ഇല്ലാതെ കഴിയുന്ന കൊച്ചാണത്. എന്നും അടിയും പിടിയും പോലീസ് കേസും ഒക്കെയല്ലേ അവിടെ? അതിനിപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയതുപോലെയാണ്. ഇന്നലെ എന്റെ ഒപ്പമാണ് അവള്‍ ഉറങ്ങിയത്. ഒരു ദിവസം കൊണ്ട് കൊച്ച് എനിക്കെന്റെ ആരൊക്കെയോ ആയപോലെ. നിന്റെ ഈ ആവശ്യം ഇല്ലായിരുന്നെങ്കില്‍ അതിനെ ഞാനങ്ങ് കൊണ്ട് വിട്ടേനെ” “സാരമില്ലടാ..നമ്മളവളെ ഉപദ്രവിക്കാനോ മറ്റു നേട്ടങ്ങള്‍ക്കോ അല്ലല്ലോ തട്ടിയെടുത്തത്. ഒരു നല്ല കാര്യത്തിനല്ലേ..മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം. പറയുന്നത് ലക്‌ഷ്യം നന്മ ആണെങ്കിലുള്ള കാര്യമാണ്. നമ്മുടെ ലക്‌ഷ്യം നീതിയുടെ വിജയമാണ്..അതുകൊണ്ട് ഇതില്‍ യാതൊരു തെറ്റും നമ്മള്‍ ചെയ്തിട്ടില്ല” “അതെ..ആ ധൈര്യമാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്. ആ കുഞ്ഞിന്റെ മനസ് അണുവിട പോലും വിഷമിച്ചിട്ടില്ല…പക്ഷെ അവളോടൊരു കള്ളം പറയേണ്ടി വന്നു..അത്രേ ഉള്ളു..” “വാസു..ഒരു വണ്ടി വരുന്നുണ്ട്..അവനായിരിക്കും..ഞാന്‍ അങ്ങോട്ട്‌ മാറുകയാണ്..” പൊടിപറത്തി തങ്ങളുടെ സമീപത്തേക്ക് വരുന്ന വാനിലേക്ക് നോക്കി ഡോണ പറഞ്ഞു. അവള്‍ വേഗം ക്യാമറ ഫിക്സ് ചെയ്തിരുന്ന സ്ഥലത്തേക്ക് മാറി മറഞ്ഞു.

വാസു ബൈക്കില്‍ ഇരുന്നുകൊണ്ട് തന്റെ ഷര്‍ട്ടിന്റെ പിന്നില്‍ വച്ചിരുന്ന റിവോള്‍വറില്‍ തൊട്ടുനോക്കി. പിന്നെ വലതു പോക്കറ്റില്‍ തിരുകിയിരുന്ന സൈക്കിള്‍ ചെയിനും എടുക്കത്തക്ക വിധത്തില്‍ റെഡി ആക്കി വച്ചു. വണ്ടി വാസു നിന്നിരുന്ന ഇടത്ത് നിന്നും അല്‍പ്പം മാറി ബ്രേക്കിട്ടു. കടുത്ത പകയോടെ ഷാജിയും ഏതാണ്ട് ആറു ഗുണ്ടകളും വണ്ടിയില്‍ നിന്നും ഇറങ്ങി അവനെ സമീപിച്ചു. വാസു കരുതലോടെ നിലയുറപ്പിച്ചു. ഗുണ്ടകള്‍ തന്നെ വളയാന്‍ തുടങ്ങിയപ്പോള്‍ വാസു കൈ ചൂണ്ടി.

“മുന്‍പില്‍ നില്‍ക്കിനെടാ..ഈ വരയ്ക്ക് ഇപ്പുറം വന്നാല്‍, വരുന്നവനെ ഞാന്‍ അവിടെ കുഴിച്ചുമൂടും..ജീവനോടെ..ഈ സ്ഥലത്തിന് ചുറ്റും എന്റെ ആളുകള്‍ കാവലുണ്ട്. അഭ്യാസത്തിനു മുതിര്‍ന്നാല്‍ പണി വരുന്ന വഴി നിനക്കൊന്നും ഊഹിക്കാന്‍ പോലും പറ്റില്ല..ഉം..” അവന്‍ മുരണ്ടു. ഗുണ്ടകള്‍ ഷാജിക്ക് പിന്നിലായി നിലയുറപ്പിച്ചു. “എന്റെ മോള്‍ എവിടെ? എന്താണ് നിന്റെ ആവശ്യം? പറയടാ..എന്റെ മോളെവിടെ?” ഷാജി പതിഞ്ഞ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു. “നിന്റെ മോള്‍ ഇപ്പോള്‍ സുരക്ഷിതയാണ്. എന്റെ ആവശ്യം മുന്‍പും ഞാന്‍ നിന്നോട് പറഞ്ഞിരുന്നു. മുംതാസ്..ഓര്‍മ്മ ഉണ്ടല്ലോ” വാസു അവന്റെ കണ്ണിലേക്ക് നോക്കി. “ഓഹോ..അപ്പോള്‍ അതിനാണ് നീ ഈ കളി കളിച്ചത് അല്ലെ. നീ തീ കൊണ്ട് തല ചൊറിയുകയാണ്..” “ചെറുപ്പം മുതലുള്ള ശീലമാണ് തീ കൊണ്ടുള്ള ഈ തല ചൊറിച്ചില്‍..മാറ്റാന്‍ പ്രയാസമാണ്. സംസാരിച്ചു കളയാന്‍ സമയമില്ല. നീ സത്യം പറയാന്‍ തയാറാണോ? ആണെങ്കില്‍ നിന്റെ മോള്‍ ഇന്ന് തന്നെ വീട്ടില്‍ എത്തും. അല്ല അതിനു നിനക്ക് മനസില്ല എങ്കില്‍, ജീവിതത്തില്‍ ഒരിക്കലും പിന്നെ നീ അവളെ കാണില്ല..വേഗം തീരുമാനിക്കാം…” വാസു ബൈക്കിലെക്ക് കയറി ഇരുന്നു. “ഇക്കാ..അടിച്ചു കൊല്ലട്ടെ ഈ നായിന്റെ മോനെ” കൂടെ വന്ന ഒരു ഗുണ്ട ഷാജിയോട് ചോദിച്ചു. ഒരു ചാട്ടത്തിന് വാസു അവനെ പിടിച്ചു. പിന്നെ തോളിലേക്ക് കയറ്റി കറക്കി ഒരൊറ്റ അടിയായിരുന്നു നിലത്തേക്ക്. അവന്റെ ബോധം പോയത് കണ്ട മറ്റുള്ളവര്‍ ഞെട്ടലോടെ അവനെ നോക്കി. “ഷാജി..അഭ്യാസം കാണിക്കരുത് എന്ന് ഈ ഞാഞ്ഞൂലുകളോട് പറഞ്ഞേക്ക്..അറിയാമല്ലോ നിനക്കെന്നെ..” വാസു മുരണ്ടു. “നിങ്ങള്‍ പോ..ഇത് ഞാന്‍ കൈകാര്യം ചെയ്തോളാം..” ഷാജി ബാക്കി ഉണ്ടായിരുന്നവരോട് പറഞ്ഞു. അവര്‍ വണ്ടിയുടെ അരികിലേക്ക് പോയപ്പോള്‍ ഷാജി ദൈന്യതയോടെ അവനെ നോക്കി.

“വാസൂ..എന്റെ മോള്‍..അവളെനിക്ക് ജീവനാടാ..എന്റെ കുഞ്ഞിന് വല്ലതും പറ്റിയാല്‍ പിന്നെ ഞാന്‍..” എന്ത് പറയണം എന്നറിയാതെ കടുത്ത നിരാശയോടെ ഷാജി കരഞ്ഞു. “നിന്റെ മോള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ല..പക്ഷെ അത് നിന്റെ തീരുമാനം പോലെ ഇരിക്കും. നിനക്ക് ഇപ്പോഴും നിന്റെ മുതലാളിമാരാണ് വലുതെങ്കില്‍, നീ മകളെ മറന്നേക്കുക..” വാസു വീണ്ടും ബൈക്കിലേക്ക് കയറി. ഡോണ അവരുടെ സംസാരം മൊത്തം പകര്‍ത്തുന്നുണ്ടായിരുന്നു. വാസുവിന്റെ പോക്കറ്റില്‍ അവളൊരു റിമോട്ട് മൈക്ക് സൂക്ഷിച്ചിരുന്നു. “പറ..ഞാനെന്ത് ചെയ്യണം” “അന്ന്, മുംതാസിനെ തട്ടിക്കൊണ്ടു പോയ ദിവസം എന്താണ് നടന്നത് എന്ന് നീ പച്ച മലയാളത്തില്‍ പറയണം.
അത് ശരി വച്ചുകൊണ്ട് ഒരു വെള്ളക്കടലാസില്‍ നീ ഒപ്പിട്ടും തരണം” വാസു പറഞ്ഞു. “ഞാനത് പറഞ്ഞാല്‍, അവരെന്നെ കൊല്ലും..” “പറഞ്ഞില്ലെങ്കില്‍, നിന്റെ മോളെ ഞാന്‍ ആദ്യം കൊല്ലും..പിന്നെ നിന്നെയും” വാസു പുഞ്ചിരിച്ചു. “നീ ഇത്ര ക്രൂരനാകരുത്” “ഞാനല്ല..നീയാണ് ക്രൂരത കാണിക്കുന്നത്. ഒരു പാവം പെണ്ണിന് നീതി വാങ്ങി കൊടുക്കാന്‍ നീ സഹകരിക്കുന്നില്ലെങ്കില്‍, ഒരു ദയയും നീ അര്‍ഹിക്കുന്നില്ല…” “പക്ഷെ അവരിതറിഞ്ഞാല്‍” “നീ ഇപ്പോള്‍ പറയുന്നത് ഞാനും നീയുമല്ലാതെ മറ്റൊരാളും അറിയില്ല. ഈ വിവരം ഞാന്‍ അവര്‍ പിടിയിലാകുന്ന നിമിഷം വരെ പുറത്ത് വിടുകയുമില്ല. പിന്നെങ്ങനെ അവര്‍ ഇതറിയും? നീയായിട്ട് പറയാതിരുന്നാല്‍ മാത്രം മതി” “എനിക്ക് നിന്നെ വിശ്വസിക്കാമോ?” “ഉറപ്പായും” “എനിക്ക് ഭയമാണ്. പക്ഷെ എന്റെ മോളെക്കാള്‍ വലുതല്ല എനിക്ക് മറ്റൊന്നും. അതുകൊണ്ട് ഞാന്‍ എല്ലാം പറയാം..എല്ലാം” “എങ്കില്‍ വാ..നമുക്ക് അല്‍പം അങ്ങോട്ട്‌ മാറി നിന്നു സംസാരിക്കാം..നീ പറയുന്നത് ഡോണയോടായിരിക്കും. എന്നോടല്ല. സംസാരിക്കുന്നത് ക്യാമറയുടെ മുന്‍പിലും” വാസു പറഞ്ഞു. “വാസൂ..നീ എന്നെ ചതിക്കുമോ? ഈ വീഡിയോ നീയോ അവളോ പുറത്ത് വിട്ടാല്‍ പിന്നെ അവര്‍ എന്നെ കൊന്നു കടലില്‍ തള്ളും” ഷാജി ഭീതിയോടെ പറഞ്ഞു. “വാസുവിന് ഒരൊറ്റ വാക്കേ ഉള്ളൂ. ഈ വിവരം ഞങ്ങള്‍ ഒരിക്കലും വെളിയില്‍ വിടില്ല. ഇത് ഡെവിള്‍സ് പിടിയിലാകുന്ന നിമിഷം വരെ രഹസ്യമായിരിക്കും. അവര്‍ അറസ്റ്റില്‍ ആയ ശേഷം മാത്രമേ ഇത് പുറത്ത് വരൂ. പിന്നെ നിനക്ക് പേടിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങളോട് സഹകരിക്കുന്ന നിന്റെ സുരക്ഷ ഞങ്ങളുടെയും ഉത്തരവാദിത്തമാണ്..മുംതാസിനു നീതി വാങ്ങി കൊടുക്കുക മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം..മറ്റൊന്നുമല്ല..ഉം വാ..”

ഷാജി മടിച്ചുമടിച്ച് അവന്റെ ഒപ്പം ആ പൊളിഞ്ഞ കെട്ടിടത്തിന്റെ ഉള്ളിലേക്ക് ചെന്നു. അവിടെ ഡോണയും അവളുടെ കൂടെ പൌലൊസിനെയും കണ്ടു ഷാജി ഞെട്ടി. “കമോണ്‍ ഷാജി..റിലാക്സ്..നീ പേടിക്കണ്ട..വാസു പറഞ്ഞത് മൊത്തം നിനക്ക് വിശ്വസിക്കാം. നീ ധൈര്യമായി സംസാരിച്ചോ….” പൌലോസ് അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. “സാര്‍..എന്റെ മോള്‍” “നിന്റെ മോള്‍ സുരക്ഷിതിയാണ്. അവളെ എത്രയും വേഗം കാണണം എന്നുണ്ടെങ്കില്‍ നീ സഹകരിക്കുക. ഈ കേസില്‍ പോലീസ് വീണ്ടും ഇടപെട്ടിട്ടുണ്ട്…രഹസ്യമായി..അതുകൊണ്ട് നീ പേടിക്കാതെ പറഞ്ഞോ..പക്ഷെ ഈ കൂടിക്കാഴ്ച നീ ആരോടെങ്കിലും പറഞ്ഞു എന്ന് ഞാനറിഞ്ഞാല്‍..അടുത്ത ദിവസം ഈ വീഡിയോയുടെ ഒരു കോപ്പി ഡെവിള്‍സിന് ഞാന്‍ തന്നെ എത്തിച്ചു നല്‍കും.
.ഓര്‍മ്മ വേണം. ഇത് നീയും ഞങ്ങള്‍ മൂവരും മാത്രം അറിയുന്ന രഹസ്യമായിരിക്കണം..” ഷാജി അല്‍പനേരം ആലോചിച്ചു. പിന്നെ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ തലയാട്ടിക്കൊണ്ട് മൂവരെയും നോക്കി. ഡോണ ക്യാമറ സെറ്റ് ചെയ്തു. “പെര്‍ഫെക്റ്റ്. ഇത് വളരെ ശക്തമായ, ഒരു കോടതിക്കും തിരസ്കരിക്കനാകാത്ത ഒരു തെളിവാണ്. പക്ഷെ ഇതുണ്ടാക്കാന്‍ വാസു തിരഞ്ഞെടുത്ത മാര്‍ഗ്ഗം അല്‍പ്പം കടുത്തുപോയി” ഇന്ദുലേഖയുടെ വീട്ടില്‍ ഷാജിയുടെ കുമ്പസാരം രേഖപ്പെടുത്തിയ വീഡിയോ കണ്ടശേഷം ഇന്ദുലേഖ മൂവരെയും നോക്കി സംസാരിക്കുകയായിരുന്നു. മുകളിലെ മുറിയില്‍ ആ സന്ധ്യാസമയത്ത് അവള്‍ക്കൊപ്പം ഡോണയും പൌലോസും വാസുവും ആണ് ഉണ്ടായിരുന്നത്. “വേറെ എന്ത് വഴിയാടീ അവനെക്കൊണ്ട്‌ പറയിക്കാന്‍ ഉള്ളത്? ഇതല്ലാതെ വേറെ ഒരു മാര്‍ഗ്ഗത്തിലും ഷാജി സത്യം പറയില്ലായിരുന്നു എന്നുള്ളത് ഉറപ്പല്ലേ?” ഡോണ ചോദിച്ചു. “ഇവനൊരു തനി രാവണന്‍ ആണ്. ഇത്തരമൊരു ഐഡിയ എനിക്ക് പോലും തോന്നിയില്ല” പൌലോസ് ഇന്ദുവിനെയും പിന്നെ വാസുവിനെയും നോക്കിയാണ് അത് പറഞ്ഞത്. ഡോണ പുഞ്ചിരിയോടെ ഇന്ദുവിനെ നോക്കി. “അതെ മാഡം..അവനെ ഇടിച്ചാലും കൊന്നാല്‍പോലും ഡെവിള്‍സിനെതിരെ സംസാരിക്കില്ല. പക്ഷെ മകളെ തൊട്ടപ്പോള്‍ അവനു വേദനിച്ചു. എനിവേ, നമ്മള്‍ ഇതൊരു നല്ല കാര്യത്തിനല്ലേ ചെയ്തത്” പൌലോസ് പറഞ്ഞു.

“രസം അതല്ലടി ഇന്ദൂ..ആ കൊച്ചില്ലേ സഫിയ..അത് വീട്ടില്‍ പോകുന്നില്ലെന്ന് പറഞ്ഞു കരച്ചില്‍ ആയിരുന്നു. വാസു മാമനെ അവള്‍ക്കങ്ങു പിടിച്ചു” ചിരിച്ചുകൊണ്ട് ഡോണ പറഞ്ഞു. “റിയലി?” അത്ഭുതത്തോടെ ഇന്ദു വാസുവിനെ നോക്കി. “അതെ മാഡം. ആ കുട്ടിക്ക് അതിനെ തട്ടിയെടുത്തതാണ്‌ എന്ന് തോന്നിയിട്ടേയില്ല..വലിയ പ്രയാസപ്പെട്ടാണ് ഞാനതിനെ വീട്ടില്‍ തിരിച്ചെത്തിച്ചത്” വാസു പറഞ്ഞു. “വണ്ടര്‍ഫുള്‍ വാസു. ഞാനിത് അറിഞ്ഞിരുന്നില്ല. യു ആര്‍ റിയലി ഗ്രേറ്റ്. ഡോണ..നിന്റെ സന്മനസ് കണ്ടു ദൈവം നല്‍കിയ സമ്മാനമാടീ ഈ വാസു..എനിക്ക് ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയണം. പിന്നീടാകാം. ഇപ്പോള്‍ എനിക്ക് മനസില്‍ ഇദ്ദേഹത്തോട് ഒരു ആരാധന തോന്നിത്തുടങ്ങിയിരിക്കുന്നു..റിയലി” ഡോണ അഭിമാനത്തോടെ വാസുവിനെ നോക്കി. വാസു പക്ഷെ സാധാരണ മട്ടില്‍ത്തന്നെ ഇരിക്കുകയായിരുന്നു. “സംഭവബഹുലമായ ഒരു കഥയാണ് മാഡം വാസുവിന്റെത്.. ഞാന്‍ ഇവരുടെ നാട്ടില്‍ ജോലി ചെയ്യുന്ന സമയത്ത് കുറെയധികം വിവരങ്ങള്‍ ഇവനെക്കുറിച്ച് അറിഞ്ഞിരുന്നു. ഇവന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ തൂക്കി ലോക്കപ്പില്‍ ഇട്ടു പെരുമാറേണ്ട കുറെ പണികള്‍ ഇവന്‍ ഒപ്പിച്ചിട്ടുണ്ട്.
പക്ഷെ ഇവന്‍ ഇടപെട്ട കേസുകള്‍ എല്ലാം ന്യായത്തിന്റെ ഭാഗത്ത് നിന്നുള്ളവ ആയതുകൊണ്ട് ഞാനൊരു പെറ്റി കേസ് പോലും ഇവനെതിരെ ചാര്‍ജ്ജ് ചെയ്തിരുന്നില്ല. പിന്നെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ മാഡം ഈ പറഞ്ഞ ഒരു ഇഷ്ടം ഇവനോട് എനിക്കുമുണ്ടായി. എന്തിനേറെ, ഇവളോട്‌ ഇപ്പോഴുള്ള എന്റെ അടുപ്പം പോലും ഇവന്‍ കാരണമാണ്..” ഇന്ദുലേഖ അത്ഭുതത്തോടെ വീണ്ടും വാസുവിനെ നോക്കി. “അതെങ്ങനെ പൌലോസ്?” “മാഡം ചില കാരണങ്ങള്‍ കൊണ്ട് എനിക്കീ നാറിയ മാധ്യമ പ്രവര്‍ത്തകരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. കുറെ എണ്ണത്തിനെ ഞാന്‍ പല സമയങ്ങളിലായി പെരുമാറിയതിന്റെ പേരില്‍ ഏതാണ്ട് നാലോ അഞ്ചോ ട്രാന്‍സ്ഫറുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഇവളെ ആദ്യം കണ്ടപ്പോഴും എനിക്ക് അതെ വെറുപ്പായിരുന്നു. പക്ഷെ ഒരിക്കല്‍ ഇവന്‍ എന്നോട് സംസാരിച്ചു. സാറ് മറ്റു പത്രക്കാരെ കാണുന്നത് പോലെ ഇവളെ കാണരുത് എന്നും അത് സാറ് നേരില്‍ മനസിലാക്കുമെന്നും പറഞ്ഞപ്പോള്‍ ഞാനതത്ര കാര്യമായി എടുത്തിരുന്നില്ല.

പക്ഷെ അന്ന് നാദിയയുടെ കാര്യത്തിന് മാഡത്തെ കാണാന്‍ എത്തിയ ഇവള്‍ എന്റെ അനുമതി ഉണ്ടെങ്കില്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞത് എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. എസിപി സുഹൃത്തായുള്ള ഇവള്‍ക്ക് വെറുമൊരു എസ് ഐ ആയ എന്നെ പരിഗണിക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. അന്നാണ് ഞാന്‍ ആദ്യമായി ഒരു മാധ്യമ പ്രവര്‍ത്തകയെ ഇഷ്ടപ്പെടുന്നത്..ഇവളുടെ മനസിന്റെ വലിപ്പം എന്നെ ആകര്‍ഷിച്ചു.” പൌലോസ് ലേശം വികാരഭരിതനായാണ് അത് പറഞ്ഞത്. “ഗുഡ് പൌലോസ്. നിങ്ങളെക്കാള്‍ മികച്ച ഒരു ഇണയെ ഇവള്‍ക്കൊരിക്കലും ലഭിക്കില്ല. നിങ്ങളോ..ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഭര്‍ത്തവായിരിക്കും എന്ന് ഞാന്‍ പറയുന്നു..ഷി ഈസ് എ ജം ഓഫ് എ ഗേള്‍..” ഇന്ദുലേഖയുടെ വാക്കുകള്‍ ഡോണയുടെ കണ്ണുകള്‍ നനയിച്ചു. “ചുമ്മാ എന്നെ കരയിക്കാതെ കാര്യത്തിലേക്ക് വാടി പോലീസുകാരി..” അവള്‍ നനഞ്ഞ കണ്ണുകളോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഷുവര്‍. ലെറ്റ്സ് കം ടു അവര്‍ ടാസ്ക്. നല്ല തുടക്കമാണ്‌ നമുക്ക് ലഭിച്ചിരിക്കുന്നത്. എന്റെ അനുമാനത്തില്‍ ഈ വിവരം ഷാജി ഡെവിള്‍സിനെ അറിയിക്കാന്‍ ചാന്‍സില്ല എന്നാണ്. കാരണം അവന്‍ അവര്‍ക്കെതിരെ മൊഴി നല്‍കി എന്ന് അവരറിഞ്ഞാല്‍, അവനെ അവന്മാര്‍ തട്ടിക്കളയാന്‍ വരെ ചാന്‍സുണ്ട്..ഇല്ലേ പൌലോസ്?” ഇന്ദുലേഖ ചോദ്യഭാവത്തില്‍ പൌലോസിനെ നോക്കി. “വിവരമറിഞ്ഞാല്‍ അവരവനെ തട്ടിക്കളയാന്‍ ചാന്‍സുണ്ട് എന്നല്ല, തട്ടിക്കളയുക തന്നെ ചെയ്യും. പക്ഷെ അവന്‍ അവരോടു വിവരം പറയില്ല എന്ന് നമുക്ക് ഉറപ്പിക്കാന്‍ പറ്റില്ല മാഡം. അവന്‍ പറയാനാണ് സാധ്യത കൂടുതല്‍. കാരണം തിന്നുന്ന ചോറിനു നന്ദി ഉള്ളവന്‍ ആണ് ഈ ഷാജി. തന്റെ ഗതികേട് കൊണ്ട് സത്യം പറയേണ്ടി വന്നുപോയി എന്ന് അവരോടു പറഞ്ഞാല്‍, ചിലപ്പോള്‍ അവര്‍ അത് തല്‍ക്കാലം ക്ഷമിച്ചതായി നടിക്കാനും തുടര്‍ന്നു ഭദ്രനുമായി കൂടിയാലോചിച്ച് മറുതന്ത്രം ഉണ്ടാക്കാനും മതി. പക്ഷെ ജീവനോടെ സാക്ഷി പറയാനായി അവരവനെ ബാക്കി വയ്ക്കും എന്ന് ഞാന്‍ കരുതുന്നില്ല. ഇനി അഥവാ അവര്‍ അവനെ കൊന്നില്ലെങ്കില്‍ തന്നെ, ഭദ്രന്‍ അവനെ നന്നായി ട്രെയിന്‍ ചെയ്യും. മകളെ തട്ടിയെടുത്ത് തോക്കിന്‍ മുന്‍പില്‍ നിര്‍ത്തി എഴുതിത്തന്നത് വായിപ്പിച്ചതാണ് എന്നവന്‍ കോടതിയില്‍ പറഞ്ഞാല്‍ കോടതി അത് തള്ളിക്കളയണം എന്നില്ല. അതുകൊണ്ട് അവന്റെ സ്റ്റേറ്റ്മെന്റ് അവനുപോലും തിരുത്താന്‍ സാധിക്കാത്ത മട്ടിലുള്ള മറ്റു അനുബന്ധ തെളിവുകള്‍ നമ്മള്‍ ഉണ്ടാക്കണം” പൌലോസ് പറഞ്ഞു. “യെസ്..യു ആര്‍ റൈറ്റ് പൌലോസ്” ഇന്ദുലേഖ തലയാട്ടി.

“അവന്‍ അങ്ങനെ പറയുമോ?” ഡോണ ശങ്കയോടെ പൌലോസിനെ നോക്കി. “എല്ലാ സാധ്യതകളും കണക്കിലെടുത്ത് ഫൂള്‍ പ്രൂഫ്‌ എവിഡന്‍സ് ഉണ്ടാക്കിയിട്ട് മാത്രമേ നമ്മള്‍ ഇതുമായി കോടതിയെ സമീപിക്കാവൂ. അറിയാമല്ലോ? ഭദ്രനാണ് അവരുടെ വക്കീല്‍..” പൌലോസ് അവളോട്‌ പറഞ്ഞു. “ബൈ ദ വെ പൌലോസ്. ഷാജിയുടെ ഭാര്യ നല്‍കിയ പരാതി നിങ്ങള്‍ റിക്കോഡ്‌ ആക്കിയിട്ടുണ്ടോ? കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു നല്‍കിയ പരാതി?” ഇന്ദുലേഖ ചോദിച്ചു. “ഇല്ല മാഡം. പോലീസ് അന്വേഷിക്കട്ടെ എന്നും ഒരു ദിവസത്തിനുള്ളില്‍ കിട്ടിയില്ല എങ്കില്‍ പരാതി രേഖപ്പെടുത്തി അന്വേഷിക്കാം എന്നുമാണ് ഞാനെടുത്ത തീരുമാനം. കാരണം പരാതി തന്നതായി റിക്കോഡ്‌ ഉണ്ടായാല്‍, നാളെ അത് ഭദ്രനൊരു പിടിവള്ളി ആകും” “വെരി ഗുഡ്. അപ്പോള്‍ നമ്മുടെ അടുത്ത സ്റ്റെപ്പ്, ഷാജിയുടെ ഈ മൊഴി ശരി വയ്ക്കുന്ന മറ്റു സാക്ഷി മൊഴികള്‍ ആണ്. അതില്‍ അസീസിന്റെ മൊഴി നമ്മുടെ പക്കല്‍ റെഡി ആണ്. ഡോണ, നീ പറഞ്ഞ ആ രണ്ടുപേരുടെ മൊഴി കിട്ടാന്‍ എന്താണ് വഴി?” ഇന്ദുലേഖ ഡോണയെ നോക്കി. “അവര്‍ സഹകരിക്കാന്‍ തയാറായിട്ടില്ല..ഡെവിള്‍സ് അവര്‍ക്ക് നേരില്‍ത്തന്നെ ഭീഷണി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരു ഐഡിയയുമില്ല ഇന്ദൂ” ഡോണ തലയ്ക്ക് കൈയും കൊടുത്തിരുന്നു. “വാസൂ..താങ്കള്‍ക്ക് വല്ല വഴിയും മനസ്സില്‍ തോന്നുന്നുണ്ടോ?’ ഇന്ദു വാസുവിനോട് ചോദിച്ചു. “ഈ പറഞ്ഞ ആളുകളെ എനിക്കറിയില്ല മാഡം..അവരെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ ഒരു വഴി ആലോചിക്കാന്‍ പറ്റൂ” അവന്‍ പറഞ്ഞു. “അവര്‍ക്ക് സഫിയയുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ ഒന്നുമില്ല നിനക്ക് ഐഡിയ കിട്ടാന്‍” ഡോണ അതെ മട്ടില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. “ടീ..ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് വാസു..നീ ആദ്യം അവരുടെ വിവരങ്ങള്‍ പറ..എന്നിട്ട് നോക്കാം” വാസുവില്‍ വിശ്വാസം വര്‍ദ്ധിച്ച ഇന്ദുലേഖ ഡോണയോട് പറഞ്ഞു. പൌലോസ് ചിരിച്ചുകൊണ്ട് വാസുവിനെ നോക്കി. “എന്റെ ഇന്ദൂ ഇവന് തട്ടിക്കൊണ്ടു പോകല്‍ അടി ഇടി..ഈ മൂന്നു വഴിയെ അറിയാവൂ. അതൊന്നും ആ പാവങ്ങളുടെ അടുത്തു നടത്താന്‍ ഞാന്‍ സമ്മതിക്കില്ല” ഡോണ പറഞ്ഞു. “നീ ആദ്യം അവരുടെ ഡീറ്റയില്‍സ് പറ..” ഇന്ദു ആവര്‍ത്തിച്ചു. “ഓകെ..പറയാം. ഒന്നാം സാക്ഷി അബുബക്കര്‍; പ്രായം അമ്പത്തിനാല്. സഞ്ചരിക്കുന്ന മത്സ്യവ്യാപാരി ആണ്. തോപ്പുംപടിക്ക് അടുത്താണ് താമസം. ഭാര്യയും നാല് മക്കളും ഉണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. ഒരു മകന്‍ ഗള്‍ഫിലുണ്ട്. അന്നന്നത്തെ കാര്യങ്ങള്‍ മാത്രം മുട്ടില്ലാതെ കഷ്ടിച്ച് ജീവിച്ചു പോകുന്ന ഒരു കുടുംബമാണ് അവരുടേത്. അടുത്തത് ട്രീസ ടീച്ചര്‍. ഭര്‍ത്താവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജര്‍ ആണ്.

ഭയങ്കര ഭക്തിയും പ്രാര്‍ത്ഥനയും ഒക്കെയുള്ള ദമ്പതികള്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്ന അവര്‍ക്ക് രണ്ട് മക്കള്‍. മകന്‍ വെളിയില്‍ എവിടെയോ പഠിക്കുന്നു; മകള്‍ ഡിഗ്രിക്ക് ഇവിടെ ഒരു കോളജിലും. ഭാര്യയും ഭര്‍ത്താവും ദൈവഭക്തരും മനസിന്‌ ധൈര്യം തീരെ ഇല്ലാത്തവരും ആണ്. ഇനി വല്ലതും അറിയണോ?” ഡോണ ഇന്ദുവിനെയും പിന്നെ വാസുവിനെയും നോക്കി. “നീ അവരോട് ഇതെപ്പറ്റി സംസാരിച്ചിരുന്നോ?” ഇന്ദു ചോദിച്ചു. “പല തവണ. പക്ഷെ അവര്‍ക്ക് ഭയമാണ്. ഡെവിള്‍സിനെ രണ്ട് കൂട്ടര്‍ക്കും അറിയാം എന്നതാണ് മറ്റൊരു പ്രശ്നം. അവരുടെ രണ്ടുപേരുടെ വീട്ടിലും ഗുണ്ടകള്‍ കയറി നേരില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതുകൊണ്ട് അവര്‍ വാ തുറക്കില്ല മോളെ..” ഡോണ താടിക്ക് കൈയും കൊടുത്ത് ഇന്ദുവിനെ നോക്കി. “നൌ..പൌലോസ്..എന്താണ് മാര്‍ഗ്ഗം?” “ഇവള്‍ കണ്ടു സംസാരിച്ചിട്ടും അവര്‍ സഹകരിച്ചില്ലെങ്കില്‍ നമുക്കും ഭീഷണിപ്പെടുത്തേണ്ടി വരും..അല്ലാതെ എന്ത് ചെയ്യാന്‍” “ഇച്ചായാ നോ.. ഞാന്‍ ഒരിക്കലും അത് അനുവദിക്കില്ല. ഷാജി ഒരു ഗുണ്ടയാണ്. അവന്റെ വാപ്പയും ഗുണ്ടയാണ്. അതുകൊണ്ട് മാത്രമാണ് ഇവന്‍ കുട്ടിയെ തട്ടിയെടുക്കുന്ന ഐഡിയ പറഞ്ഞപ്പോള്‍ ഞാന്‍ സഹകരിച്ചത്. അതുപോലെയുള്ള രീതികള്‍ ഈ പാവങ്ങളുടെ മേല്‍ നടത്താന്‍ ഒരു കാരണവശാലും ഞാന്‍ സമ്മതിക്കില്ല. വേറെ വല്ല വഴിയിലൂടെയും നമുക്ക് അവരെക്കൊണ്ട് സംസരിപ്പിക്കണം” ഡോണ ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഇന്ദു പൌലോസിനെ നോക്കി പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും. “വാസു? എനി ഐഡിയ?” ഇന്ദു അവനെ നോക്കി. “ഉണ്ട് മാഡം. ചിലപ്പോള്‍ അവര്‍ സംസാരിച്ചേക്കാനിടയുള്ള ഒരു വഴിയുണ്ട്” അവന്‍ പറഞ്ഞു. “കമോണ്‍..എന്താണത്?” “അത് ഞാന്‍ ഇപ്പോള്‍ പറയില്ല. എനിക്ക് ആദ്യം ഇവളുടെ കൂടെപ്പോയി അവരെ ഒന്ന് കാണണം. പിന്നെ വേണ്ടി വന്നാല്‍ മാത്രം ഞാന്‍ ആലോചിച്ച വഴി സ്വീകരിക്കും” “വാസൂ നീ വല്ല ഉടായിപ്പ് വഴിയുമാണ്‌ ഉദ്ദേശിക്കുന്നത് എങ്കില്‍ വേണ്ട. ഞാന്‍ സമ്മതിക്കില്ല” ഡോണ പറഞ്ഞു. “ഇല്ല ഡോണ. ഒരിക്കലുമില്ല. പാവങ്ങളെ ദ്രോഹിക്കുന്ന രീതി എനിക്കുമില്ല..” “ഓക്കേ ഡോണ. അപ്പോള്‍ നീ സൗകര്യം പോലെ വാസുവിനെയും കൂട്ടി അവരെ ചെന്നൊന്നു കാണുക” ഇന്ദുലേഖ പറഞ്ഞു. “മാഡം, വാസുവിനൊരു ഐഡിയ കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ നമുക്ക് അനുകൂല മൊഴി നല്‍കും. അതുകൊണ്ട് അത് നമുക്ക് തല്‍ക്കാലം നടന്നു എന്ന് തന്നെ കരുതാം. നമ്മള്‍ അതിനെക്കാള്‍ പ്രധാനമായി ചെയ്യേണ്ടത് കബീറിന്റെ കാര്യവും പിന്നെ അന്ന് ഡെവിള്‍സ് മുംതാസിനെ അബോര്‍ട്ട് ചെയ്യാന്‍ വിളിച്ച ഡോക്ടറെ കണ്ടുപിടിക്കുക എന്നതുമാണ്‌. കബീര്‍ നമ്മളുമായി സഹകരിക്കണമെങ്കില്‍ കൈപ്രയോഗം വേണ്ടിവരും.

പക്ഷെ ആദ്യം അവനെവിടെ ഉണ്ടെന്നും, അവനെ എങ്ങനെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കും എന്നതുമായിരിക്കണം നമ്മുടെ ലക്‌ഷ്യം” പൌലോസ് പറഞ്ഞു. “അതെ, കബീറിന്റെ കാര്യത്തില്‍ എനിക്ക് പറയാനുള്ളത്, വാസു അവരുടെ വീട്ടില്‍ പോയി ഒന്ന് സംസാരിച്ചു നോക്കണം എന്നാണ്. അവന്റെ വാപ്പ ഷഫീന ജ്യൂവലറിയുടെ ഉടമ ഇബ്രാഹിം റാവുത്തര്‍ ആളല്‍പ്പം പിശകാണ്. അയാളെ നിയമപരമായി ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാനുള്ള വകുപ്പില്ലാത്തതിനാല്‍, പൌലോസിനും അതില്‍ ഇടപെടാന്‍ പറ്റില്ല. അതുകൊണ്ട് വാസു അയാളെ നേരില്‍ കണ്ടൊന്നു സംസാരിച്ചു നോക്കുക. അവനെവിടെയുണ്ട് എന്നറിഞ്ഞാല്‍, അത് ഏതു രാജ്യത്തായാലും അവിടുത്തെ പോലീസുമായി ഞാന്‍ ബന്ധപ്പെട്ട് അവനെ ഇവിടെത്തിച്ചോളാം. അതിനുള്ള പെര്‍മിഷന്‍ ഒക്കെ കമ്മീഷണറില്‍ നിന്നും എനിക്ക് കിട്ടും. അലി സാറിന് എന്നെ വലിയ കാര്യമാണ്. മാത്രമല്ല ഈ ഡെവിള്‍സിനെ ഉന്മൂലനം ചെയ്യണം എന്ന് അദ്ദേഹത്തിനും നല്ല ആഗ്രഹമുണ്ട്” ഇന്ദുലേഖ പറഞ്ഞു. “ഞാന്‍ അയാളെ കണ്ടു സംസാരിക്കാം മാഡം. പോലീസിന്റെ പിന്തുണ എനിക്കുണ്ടെങ്കില്‍, എനിക്ക് ഒരു പ്രശ്നവുമില്ല. വല്ല കുഴപ്പവും ഉണ്ടായാല്‍ നിങ്ങളെന്നെ പൊക്കുമോ എന്നുള്ള ഒറ്റ പേടിയെ എനിക്കുള്ളൂ..” വാസു പറഞ്ഞു. അതുകേട്ടു ഡോണ ചിരിച്ചു. “എന്താടീ ഇതിലിത്ര ചിരിക്കാന്‍” ഇന്ദുവിന് അവളുടെ ചിരിയുടെ കാരണം മനസിലായില്ല. “എടീ ഇന്ദൂ..ഇവന് ഭൂമുഖത്ത് പേടി എന്ന സാധനം ആകെപ്പാടെ ഉള്ളത് നിന്റെ വര്‍ഗ്ഗത്തിനോട് മാത്രമാണ്. ഒരു സിംഹത്തിന്റെ മുന്‍പില്‍ പെട്ടാലും പൊരുതി ജയിക്കാനെ വാസു നോക്കൂ..പക്ഷെ പോലീസിനെ കണ്ടാല്‍ ഇവന്‍ ചുരുണ്ടുകൂടും..” ഡോണ പറഞ്ഞു. “മോളെ ഡോണ..അത് പേടിയല്ല. ഒരു ഉത്തമ പൌരന്‍ നിയമത്തിനും നിയമപാലകര്‍ക്കും നല്‍കുന്ന ബഹുമാനമാണ്..” ഇന്ദുലേഖ പറഞ്ഞത് കേട്ടപ്പോള്‍ ഡോണ വീണ്ടും ഉറക്കെ ചിരിച്ചു. “എന്താടി നീ ആളെ കളിയാക്കുന്ന ചിരി ചിരിക്കുന്നത്?” “എടി മണ്ടി..പണ്ടിവന് ചരല് വാരല്‍ പരിപാടി ഉണ്ടായിരുന്നു. ഈ ഉത്തമ പൌരനെ അന്നൊരു എസ് ഐ പിടിച്ച് നല്ലൊരു പെട കൊടുത്തു. അന്ന് മുതലാ ഇവന് കാക്കി കണ്ടാല്‍ പേടി ആയത്” ഡോണ ചിരിക്കിടെ പറഞ്ഞു. വാസു ചമ്മലോടെ മുഖം കുനിക്കുന്നത് കണ്ട ഇന്ദുലേഖയും ചിരിച്ചു. “പോടീ..നീ ചുമ്മാ..” “എനിവേ..എടി അപ്പോള്‍ നമ്മുടെ അടുത്ത ടാര്‍ഗറ്റ് കബീര്‍. ഇച്ചായാ ഇവനെ തനിച്ച് അങ്ങോട്ട്‌ വിടണോ? അയാള്‍ക്ക് ഗുണ്ടകളും മറ്റും ഉണ്ടെന്നാണ് എന്റെ അറിവ്” ഡോണ പൌലോസിനെ നോക്കി. “നീ പേടിക്കണ്ട. വാസു തനിയെ പോയാല്‍ മതി. വാസു പക്ഷെ ഒരിക്കലും തനിച്ചല്ല എന്ന് മാത്രം നീ അറിഞ്ഞോ” പൌലോസ് പറഞ്ഞത് കേട്ടപ്പോള്‍ ഡോണയുടെ മുഖം വിടര്‍ന്നു.

“ശരി..നമുക്ക് കബീറിന്റെ വീട്ടുകാരുടെ പ്രതികരണം ലഭിച്ച ശേഷം വീണ്ടും കൂടാം” ഇന്ദുലേഖ പറഞ്ഞു. —————————- “കള്ളക്കഴുവേറി..കൊന്നുകളയും നിന്നെ ഞാന്‍. നിനക്കെങ്ങനെ ധൈര്യം വന്നെടാ ഞങ്ങള്‍ക്കെതിരെ മൊഴി നല്‍കാന്‍?” സ്റ്റാന്‍ലി ഷാജിയുടെ വായിലേക്ക് റിവോള്‍വര്‍ തിരുകിക്കയറ്റി അലറി. “സ്റ്റാന്‍ലി..ലീവ് ഹിം..” അര്‍ജുന്‍ വിളിച്ചു പറഞ്ഞു. സ്റ്റാന്‍ലി പകയോടെ തോക്ക് വലിച്ചൂരിയ ശേഷം അവനെ പിടിച്ചു തള്ളി. ഷാജി മലര്‍ന്നടിച്ചു നിലത്ത് വീണു. “ഉണ്ട ചോറിനു നന്ദി ഇല്ലാത്ത പട്ടി. അര്‍ജ്ജുന്‍ ഇവനിനി ജീവനോടിരിക്കാന്‍ പാടില്ല. മൊഴി നല്‍കിയത് പോട്ടെ..ഇവനെങ്ങനെ ധൈര്യം വന്നു അത് നമ്മളോട് തന്നെ വന്നു പറയാന്‍?” സ്റ്റാന്‍ലിയുടെ പക അടങ്ങിയിരുന്നില്ല. “അതെ..എന്തുകൊണ്ട് നീ ഈ വിവരം അവരെ കാണുന്നതിനു മുന്‍പ് ഞങ്ങളെ അറിയിച്ചില്ല” മാലിക്ക് ചോദിച്ചു. തന്നെക്കൊണ്ട് വാസുവും ഡോണയും പൌലോസും കൂടി എല്ലാ സത്യങ്ങളും പറയിച്ച് വീഡിയോ ആക്കിയ വിവരം ഷാജി അറേബ്യന്‍ ഡെവിള്‍സിന്റെ താവളത്തില്‍ എത്തി അവരെ അറിയിച്ചതിന്റെ പ്രതികരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. “അറിയിച്ചാല്‍ എന്റെ മോളെ കൊന്നുകളയും എന്ന് പറഞ്ഞാല്‍ ഞാനെന്ത് ചെയ്യും സാറന്മാരെ? നിങ്ങളെ ചതിക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിതിവിടെ വന്നു പറയുമായിരുന്നോ? എനിക്ക് വേറെ ഒരു നിര്‍വാഹവും ഉണ്ടായിരുന്നില്ല. ആ വാസു കണ്ണില്‍ ചോര ഇല്ലാത്തവനാണ്..” “വാസു..പന്നക്കഴുവേറി മോന്‍…” അര്‍ജ്ജുന്‍ പല്ലുകള്‍ ഞെരിച്ചു. “ഉം നീ പോ..ഞങ്ങള്‍ വക്കീലിനെ ഒന്ന് കാണട്ടെ..” മാലിക്ക് പറഞ്ഞു. “സാറന്മാരെ എന്നോട് നിങ്ങള്‍ ദേഷ്യം വച്ചോണ്ടിരിക്കരുത്. എന്റെ മോള്‍ടെ ജീവന്‍ അപകടത്തില്‍ ആയതുകൊണ്ട് മാത്രമാണ് ഞാനത് പറഞ്ഞത്. അത് മാറ്റി ഏതു കോടതിയില്‍ പറയാനും ഞാന്‍ ഒരുക്കമാണ്…” ഷാജി ദൈന്യതയോടെ മൂവരെയും നോക്കി. “നീ പോടാ..നിന്നെ പിന്നെ കണ്ടോളാം..ഉം ഗെറ്റ് ഔട്ട്‌” സ്റ്റാന്‍ലി കോപത്തോടെ പറഞ്ഞു. ഷാജി വിഷണ്ണനായി മൂവരെയും നോക്കിയ ശേഷം കുനിഞ്ഞ തലയുമായി പുറത്തേക്ക് പോയി. “അര്‍ജ്ജുന്‍..കോടതിയില്‍ മൊഴി പറയാന്‍ ഇവന്‍ ജീവനോടെ കാണാന്‍ പാടില്ല…” സോഫയിലേക്ക് ഇരുന്നുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു.

“അതെ..എനിക്കും അതറിയാം. പക്ഷെ ഉടനെ അത് നമ്മള്‍ ചെയ്‌താല്‍, പൌലോസ് സംശയിക്കും. അവനല്‍പ്പം കൂടി ആയുസ് നീട്ടി നല്‍കാം. തല്‍ക്കാലം നമ്മളിത് അറിഞ്ഞതായി ആരും അറിയണ്ട.” അര്‍ജുന്‍ പറഞ്ഞു. “വക്കീലിന് ഞാന്‍ മെസേജ് നല്‍കി. അയാള്‍ ഉടനെത്തും” മാലിക്ക് പറഞ്ഞു. “ഛെ..ആ നായിന്റെ മോള്‍ നമ്മളെ പൂട്ടിയെ അടങ്ങൂ..വല്ലവളും ചത്ത്‌ തുലഞ്ഞതിന് ഇവള്‍ക്കെന്തിന്റെ കഴപ്പാണ്? അര്‍ജുന്‍..അവള്‍ക്ക് ഒരു പണി കൊടുക്കേണ്ട സമയം അതിക്രമിച്ചു. അവളുടെ പത്തി താഴ്ത്തുന്ന ഒരു പണി ഏറ്റവും വേഗം തന്നെ കൊടുക്കണം. തട്ടിക്കളഞ്ഞാല്‍ ആ ഇന്ദുലേഖ നായിന്റെ മോള്‍ നമ്മളെ തന്നെ സംശയിക്കും. അവളുടെ അടുത്ത കൂട്ടുകാരിയാണ്‌ ഇവള്‍..” സ്റ്റാന്‍ലി പറഞ്ഞു. “അവളെ കൊല്ലരുത്..പകരം അവളുടെ മനസ് തകര്‍ക്കുന്ന ഒരു ഏറ്റ പണി നമ്മള്‍ പ്ലാന്‍ ചെയ്യണം. അവളെ മാനസികമായി തകര്‍ത്താല്‍ പിന്നെ അവള്‍ ഒതുങ്ങിക്കോളും. ഒരു രക്ഷയുമില്ലെങ്കില്‍ മാത്രം തട്ടിക്കളഞ്ഞാല്‍ മതി” മാലിക്ക് പറഞ്ഞു. “അതെ…” അര്‍ജ്ജുന്‍ അത് ശരിവച്ചു. “മേ ഐ കമിന്‍” അഡ്വക്കേറ്റ് ഭദ്രന്റെ സ്വരം അവര്‍ വെളിയില്‍ കേട്ടു. “ഷുവര്‍..കമോണ്‍ ഇന്‍ വക്കീലെ…..” സ്റ്റാന്‍ലി വേഗം എഴുന്നേറ്റ് കതകിനരുകിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. അവന്‍ കതകു തുറന്നപ്പോള്‍ ഭദ്രന്‍ ഒരു പുഞ്ചിരിയോടെ ഉള്ളിലേക്ക് കയറി. മൂവര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷം അയാള്‍ ഒരു സോഫയിലേക്കിരുന്നു. “ഉച്ച സമയമാണ്..ഷാള്‍ വി ഫിക്സ് എ ഡ്രിങ്ക്?” അര്‍ജുന്‍ ചോദിച്ചു. “ഷുവര്‍..ഇന്നത്തെ പണി കഴിഞ്ഞു. വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മാലിക്കിന്റെ മെസേജ് കണ്ടത്. ഞാനിവിടെ അടുത്തുകൂടി പാസ് ചെയ്യുകയയിരുന്നത് കൊണ്ട് ഉടനെ തന്നെ കണ്ടേക്കാം എന്ന് കരുതി” “അത് നന്നായി..” ഷിവാസ് റീഗല്‍ ബോട്ടില്‍ എടുത്ത് ടീപോയില്‍ വച്ചുകൊണ്ട് അര്‍ജ്ജുന്‍ പറഞ്ഞു. ഗ്ലാസുകളും ഐസ് ക്യൂബുകളും കശുവണ്ടിപ്പരിപ്പും മാലിക്ക് എത്തിച്ചു. മദ്യം ഗ്ലാസുകളില്‍ പകര്‍ന്ന് എല്ലാവരും സിപ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഭദ്രന്‍ ചോദ്യഭാവത്തില്‍ അവരെ നോക്കി. “ഭദ്രന്‍ ജീ..നമുക്ക് ഈ അടുത്തിടെയായി തുടര്‍ച്ചയായി പ്രശ്നങ്ങള്‍ ആണ്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വലിയ ഒരു കുഴപ്പത്തില്‍ ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുകയാണ്” സ്റ്റാന്‍ലി ഗ്ലാസ് ടീപോയില്‍ വച്ചുകൊണ്ട് പറഞ്ഞു. “എന്ത് പറ്റി?”

“ഷാജിയെ അറിയില്ലേ? അവനെ ഇന്നലെ വാസു പൊക്കി. ഓ താങ്കള്‍ക്ക് വാസുവിനെ അറിയില്ലല്ലോ..ങാ അങ്ങനെ ഒരു അവതാരം ഇതിനിടെ ഇവിടെ കൊച്ചിയില്‍ എത്തി..ഡോണയുടെ പെഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ്..ഞങ്ങളുടെ ഭീഷണി കാരണം അവളുടെ തന്തപ്പടി ഏര്‍പ്പാടാക്കിയതാണ്. അവന്‍ കൂടി വന്നതോടെ അവള്‍ക്ക് ഉശിര് കൂടിയിരിക്കുകയാണ്” അര്‍ജ്ജുനാണ് അത് പറഞ്ഞത്. “ഓഹോ..എന്നിട്ട് എന്താണ് സംഭവിച്ചത്” “ഷാജിയുടെ മോളെ തട്ടിയെടുത്ത് വാസു ഭീഷണി മുഴക്കിയപ്പോള്‍ അന്ന് മുംതാസ് കേസില്‍ നടന്ന സത്യമൊക്കെ ഷാജി ഡോണയുടെ മുന്‍പാകെ ഏറ്റു പറഞ്ഞു. ആ നായിന്റെ മോള്‍ അത് റിക്കോഡ്‌ ചെയ്യുകയും ചെയ്തു. അവള്‍ ഈ കേസ് വീണ്ടും കുത്തിപ്പൊക്കി ഞങ്ങളെ കുടുക്കാനുള്ള ശ്രമത്തിലാണ്..നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു വക്കീലെ..സംഗതി കുഴയുമോ?” സ്റ്റാന്‍ലി ചോദിച്ചു. “കുഴയും; കുഴയുമെന്ന് പറഞ്ഞാല്‍ ചക്ക കുഴയുന്നത് പോലെ കുഴയും; വളരെ ശക്തമായ ഒരു തെളിവാണ് അവള്‍ക്ക് കിട്ടിയിരിക്കുന്നത്. കാര്യങ്ങളുടെ പോക്ക് വച്ചു നോക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടു തെളിവുണ്ടാക്കാന്‍ അവള്‍ ശ്രമിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പോലീസ് തീര്‍പ്പാക്കി കോടതി ശിക്ഷയും വിധിച്ച കേസില്‍ ഈ മാരണം കേറി ഇടപെടും എന്ന് നമ്മള്‍ കരുതിയിരുന്നില്ലല്ലോ. അല്ലെങ്കില്‍ ഇങ്ങനെയൊന്നു മുന്‍കൂട്ടി കണ്ടുകൊണ്ട് അന്നേ വേണ്ടത് ചെയ്യാമായിരുന്നു. ഇനിയിപ്പോള്‍ നേരിടുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗം” ഭദ്രന്‍ മൂവരെയും നോക്കി പറഞ്ഞിട്ട് മദ്യം സിപ് ചെയ്തു. “അല്ല ഭദ്രന്‍ ജീ, ഒരു കാരണവും ഇല്ലാതെ ഈ കേസ് ഇനി എങ്ങനെ കോടതി പരിഗണിക്കും? ഐ മീന്‍, ഈ കേസ് കോടതി വിധി കല്‍പ്പിച്ച ഒന്നല്ലേ? പിന്നെങ്ങനെ ഇതില്‍ ഇനിയൊരു അന്വേഷണമോ വാദമോ ഉണ്ടാകും? അത് പോസിബിള്‍ ആണോ?” മാലിക്ക് ആയിരുന്നു സംശയത്തിന്റെ ഉടമ. “സാധാരണഗതിയില്‍ ഈ കേസിന് ഇനിയൊരു സാംഗത്യമില്ല. കാരണം പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് തീര്‍ന്ന കേസാണ്. പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷെ നമുക്കെതിരെ കളിക്കുന്നവള്‍ സാധാരണക്കാരിയല്ല. അവളൊരു പെര്‍ഫക്റ്റ് മാധ്യമ പ്രവര്‍ത്തകയാണ്. കൂടാതെ ഒരു മാധ്യമവും അവള്‍ക്ക് പിന്നിലുണ്ട്..അതാണ്‌ പ്രശ്നം..” ഭദ്രന്‍ മൂവരെയും നോക്കി. “നിങ്ങള്‍ അതോര്‍ത്ത് പേടിക്കണ്ട. നമുക്കെതിരെ ഒരു വാര്‍ത്തയും അവര്‍ വിടില്ല. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്” അലസമായി പറഞ്ഞുകൊണ്ട് സ്റ്റാന്‍ലി ഗ്ലാസ് വീണ്ടുമെടുത്തു.

“സ്റ്റാന്‍ലി..ഡോണ ബുദ്ധിമതിയായ ഒരു പെണ്ണാണ്‌. അവളുടെ മുതലാളിയുടെ അനുമതി ഇല്ലെങ്കില്‍പ്പോലും നിങ്ങളുടെ പേര് പരാമര്‍ശിക്കാതെ ഒരു സ്കൂപ്പ് ഉണ്ടാക്കി അത് ചര്‍ച്ചാ വിഷയമാക്കാന്‍ അവള്‍ക്ക് ഈസിയായി സാധിക്കും. അതില്‍ അതിന്റെ ഉടമ ഇടപെടും എന്ന് നിങ്ങള്‍ കരുതണ്ട. കാരണം നിങ്ങളുടെ പേരോ വിവരങ്ങളോ ഒന്നും തന്നെ അതില്‍ കാണില്ല. കേസ് വീണ്ടും കുത്തിപ്പൊക്കുക മാത്രമായിരിക്കും അവളുടെ ലക്‌ഷ്യം. ചാനലിനു റേറ്റിംഗ് കിട്ടുന്ന വിവാദവിഷയം ആയതുകൊണ്ട് അവര്‍ സമ്മതിക്കുകയും ചെയ്യും” “മുംതാസ് വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്ന് ഞങ്ങള്‍ അയാളോട് ആവശ്യപ്പെടും” അര്‍ജ്ജുന്‍ പറഞ്ഞു. “നിങ്ങളുടെ ഭീഷണിക്ക് മുന്‍പില്‍ അയാള്‍ വഴങ്ങിയാല്‍ കൊള്ളാം. ഇല്ലെങ്കിലോ?” ഭദ്രന്‍ മൂവരെയും നോക്കി. അവര്‍ മിണ്ടിയില്ല. “അതും പോകട്ടെ.. ഇന്റര്‍നെറ്റ്‌ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ? ഒരു വീഡിയോ ഉണ്ടാക്കി അത് വൈറല്‍ ആക്കി സോഷ്യല്‍ മീഡിയയിലെ വായീ നോക്കികള്‍ക്ക് ഇട്ടുനല്‍കാന്‍ ഡോണയ്ക്ക് ആരുടേയും അനുമതി വേണ്ടല്ലോ? ഉവ്വോ? നാളെ ഷാജിയുടെ കുറ്റസമ്മതം ഒരു സ്കൂപ്പിന്റെ അകമ്പടിയോടെ യൂട്യൂബില്‍ വന്നാല്‍, അത് എഫ് ബിയിലും വാട്ട്സപ്പിലും പ്രച്ചരിച്ചാല്‍, ഇത് മറ്റു ചാനലുകള്‍ സ്വയം ഏറ്റെടുക്കും. അപ്പോള്‍ ഡോണയുടെ മുതലാളിയുടെ അവസ്ഥ അണ്ടി കളഞ്ഞ അണ്ണാന്റെ ഗതി ആയിരിക്കും” ഭദ്രന്‍ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു. “അപ്പോപ്പിന്നെ എന്താണ് വക്കീലെ ഞങ്ങള് ചെയ്യേണ്ടത്? ഇതിപ്പോള്‍ കുഴയുന്ന ലക്ഷണം ആണല്ലോ?” സ്റ്റാന്‍ലി കൈകള്‍ കൂട്ടിത്തിരുമ്മി. “പണി തുടങ്ങണം. ഉടന്‍ തന്നെ. ഇനിയും കൂടുതല്‍ തെളിവുകള്‍ അവള്‍ ഉണ്ടാക്കാന്‍ പാടില്ല. ഈ കേസില്‍ അവള്‍ സമീപിക്കാന്‍ സാധ്യതയുള്ള ആളുകളെ നിങ്ങള്‍ക്ക് അറിയാമല്ലോ? അവരെ കാണേണ്ടപോലെ കാണുക. ഒരാളും തെളിവ് നല്‍കരുത്. ഷാജിയെ അവര്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണ് എന്ന് ഞാന്‍ കോടതിയില്‍ തെളിയിച്ചോളാം. പക്ഷെ അവന്റെ കുറ്റസമ്മതം ശരി വയ്ക്കുന്ന അനുബന്ധ തെളിവുകള്‍ അവര്‍ക്ക് കിട്ടിയാല്‍ പിന്നെ നമ്മള്‍ പിടിക്കുന്നിടത്തു കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല.” “ഷാജിയെ അങ്ങ് തട്ടിയാലോ? എന്താണ് നിങ്ങളുടെ അഭിപ്രായം?” മാലിക്ക് ചോദിച്ചു. “നല്ല കാര്യമാണ്. മരിച്ചുപോയ ആളിന്റെ സാക്ഷിമൊഴിക്ക് വലിയ വിലയൊന്നും കോടതി നല്‍കില്ല. തന്നെയുമല്ല, അവനെ ഭീഷണിപ്പെടുത്തി അവര്‍ പറയിച്ചതാണ് എന്ന് നമുക്ക് തെളിയിക്കാന്‍ കൂടി സാധിച്ചാല്‍ പിന്നെ ഒരു ചുക്കും സംഭവിക്കില്ല. അവന്റെ മോളെ അവര്‍ തട്ടിക്കൊണ്ടു പോയതിന്റെ വല്ല തെളിവും ഉണ്ടോ?” “തെളിവെന്നു പറഞ്ഞാല്‍..ആ കൊച്ചിന് അതറിയാമല്ലോ. അതിന്റെ മൊഴി നമുക്ക് എടുക്കരുതോ? പിന്നെ അവര് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വല്ല കോപ്പിയും ഉണ്ടെങ്കില്‍ അതും കാണും” അര്‍ജ്ജുന്‍ പറഞ്ഞു. “പോരാ. കുട്ടിയുടെ മൊഴിക്ക് അത്ര വില കിട്ടണം എന്നില്ല. നല്ലൊരു വക്കീല്‍ വിചാരിച്ചാല്‍ കൊച്ചിനെ പൊളിച്ചടുക്കി അങ്ങനെ ഒന്ന് നടന്നിട്ടേ ഇല്ല എന്ന് തെളിയിക്കാന്‍ പറ്റും. നമുക്ക് വേണ്ടത് ഈ സംഭവം നേരില്‍ കണ്ട ആരെങ്കിലും, അതേപോലെ ഷാജിക്കോ വീട്ടുകാര്‍ക്കോ അവര്‍ ചെയ്ത ഫോണ്‍ കോളിന്റെ വിവരം; നിങ്ങള്‍ പറഞ്ഞ പോലീസ് സ്റ്റേഷനിലെ പരാതിയുടെ കോപ്പി..തുടങ്ങി കിട്ടാവുന്ന എല്ലാത്തിന്റെയും കൂടെ കൊച്ചിന്റെ മൊഴി കൂടി ആകുമ്പോള്‍ സംഗതി ക്ലീന്‍ ആകും..”

“ശരി. ഇത് ഞങ്ങള്‍ ശരിയാക്കിക്കോളാം..വേറെ എന്തെങ്കിലും പറയാനുണ്ടോ വക്കീലെ?” സ്റ്റാന്‍ലി ചോദിച്ചു. “ഈ കേസ് അവള്‍ വീണ്ടും സജീവമാക്കുന്നതിന് മുന്‍പ്, നിങ്ങള്‍ വേണ്ടത് ചെയ്തിരിക്കണം. അബദ്ധങ്ങള്‍ ഒന്നും കാണിക്കരുത്. ആലോചിച്ചു ബുദ്ധിപരമായി മാത്രമേ നീങ്ങാവൂ. പരോളില്‍ വന്ന ആ പ്രതി ഇപ്പോഴും പുറത്ത് തന്നെയല്ലേ?” “അതെ..അപകടം കാരണം അവന്റെ പരോള്‍ നീട്ടി നല്‍കി എന്നാണ് അറിഞ്ഞത്” “അവന്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുത്തിട്ടുണ്ടാകുമോ?” “ഉണ്ടെന്നാണ് ഞങ്ങളുടെ അറിവ്. അവനും അവന്റെ ഭാര്യയും കൂടി ഡോണയുമായി മുറി അടച്ചിട്ട് സംസാരിക്കുന്നത് ഞങ്ങളുടെ ആള് കണ്ടിരുന്നു. അതിന്റെ പേരിലാണ് അവനെ തട്ടാന്‍ ആ നാറിയെ മംഗലാപുരത്ത് നിന്നും വരുത്തിയത്. പെണ്ണ് മാത്രമേ പക്ഷെ മരിച്ചുള്ളൂ..അതിന്റെ പക കൂടി അവനു ഞങ്ങളോട് കാണും. അവനെ തട്ടാന്‍ പോയ നാദിയയ്ക്ക് ജാമ്യവും കിട്ടിയില്ല” അസ്വസ്ഥതയോടെ അര്‍ജ്ജുന്‍ പറഞ്ഞു. “അതില്‍ വിഷമിക്കണ്ട. നാദിയയെ രക്ഷിക്കാന്‍ നിങ്ങള്‍ കളിച്ച നാടകമാണ് എനിക്ക് തിരിച്ചടി ആയത്. ആ പോലീസ് വേഷം എങ്കിലും ഒഴിവാക്കാമായിരുന്നു.” ഭദ്രന്‍ മദ്യം ഒരു വലിക്ക് കുടിച്ചു തീര്‍ത്തുകൊണ്ട് പറഞ്ഞു. “ആ അലവലാതിയും പിടിയിലായി..അവന്റമ്മേടെ കരണ്ടി. പൌലോസ് അവനെക്കൊണ്ട് തത്ത പറയിക്കുന്നത് പോലെ എല്ലാം പറയിച്ചു. പക്ഷെ എന്താണെന്നറിയില്ല..യാതൊരു നടപടിയും അതിന്മേല്‍ അയാള്‍ എടുത്തിട്ടില്ല” സ്റ്റാന്‍ലി ആലോചനയോടെ പറഞ്ഞു. “സൂക്ഷിക്കണം..സിംഹം പതുങ്ങുന്നത് ശുഭലക്ഷണം അല്ല. അയാള്‍ എന്തോ കണ്ടുകൊണ്ടാണ് നടപടിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നത്. നിങ്ങള്‍ ആലോചിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുക. അവരെക്കാള്‍ വേഗത നിങ്ങള്‍ക്കുണ്ടായാല്‍, ആ വേഗത ലക്‌ഷ്യം കണ്ടാല്‍, പിന്നെ ഒന്നും പേടിക്കണ്ട” “ശരി ഭദ്രന്‍ ജീ..ഞങ്ങള്‍ ഒന്നാലോചിക്കട്ടെ..എന്തെങ്കിലും ആവശ്യമുണ്ടായാല്‍, ഞങ്ങള്‍ വിളിക്കാം” അര്‍ജ്ജുന്‍ പറഞ്ഞു. “ഓകെ..സീ യു ആള്‍ ലേറ്റര്‍” ഭദ്രന്‍ പോയപ്പോള്‍ ഡെവിള്‍സ് ആലോചനയോടെ പരസ്പരം നോക്കി. ———————– തണുത്ത കാറ്റടിക്കുന്ന കടല്‍ത്തീരത്ത്, മണലില്‍ ഡോണയുടെ ഒപ്പം വാസു നടന്നു. സമയം സന്ധ്യയോടടുത്തിരുന്നു. അല്‍പ്പം അകലെക്കണ്ട ഒരു പാറയുടെ അരികിലേക്ക് നടന്ന ഡോണ അവിടെയെത്തിയപ്പോള്‍ അതിലിരുന്നു. കാറ്റില്‍ അവളുടെ അളകങ്ങള്‍ പാറി പറക്കുന്നുണ്ടായിരുന്നു. “ഇരിക്കെടാ വാസൂ” അവള്‍ അവനെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു. വാസു അവള്‍ക്കെതിരെ മറ്റൊരു കല്ലില്‍ ഇരുന്നു.

“വാസു..നമ്മുടെ പ്രയത്നം അതിന്റെ പരിസമാപ്തിയിലേക്ക് എത്താന്‍ ഇനി വലിയ താമസമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ദുവും ഇച്ചായനും ഒപ്പമുള്ളത് വലിയ ഒരു ശക്തിയാണ് നമുക്ക്. മുന്‍പ് ഞാന്‍ തനിച്ചേ ഉള്ളായിരുന്നു. പിന്നെ നീ എന്റെ ഒപ്പമെത്തി. ഇപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ കൂടെ ചേര്‍ന്നിരിക്കുന്നു. ഇനി കാര്യങ്ങള്‍ സുഗമമായിത്തന്നെ നീങ്ങും. എന്നാല്‍, നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വച്ച് നീ ഒന്നിനും പോകുന്നത് ശരിയല്ല. അതെപ്പറ്റി സംസാരിക്കാന്‍ മാത്രമാണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ഈ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവന്നത്” ഡോണ പറഞ്ഞിട്ട് വാസുവിനെ നോക്കി. വാസു മിണ്ടിയില്ല. “നിനക്ക് മനസിലായിക്കാണും; ദിവ്യയുടെ കാര്യം തന്നെയാണ് ഞാന്‍ പറയുന്നത്. അവളുടെ കാര്യത്തില്‍ നീ നിന്റെ തീരുമാനം പുനപരിശോധിക്കണം” “ഇല്ല ഡോണ..അത് നടക്കില്ല. ഞാന്‍ പറഞ്ഞു കഴിഞ്ഞ കാര്യമല്ലേ അത്” വാസു കടലിലേക്ക് നോക്കിയാണ് അത് പറഞ്ഞത്. “വാസൂ..വിവാഹം പുരുഷനും സ്ത്രീയും പരസ്പര ഇഷ്ടത്തോടെയും സമ്മതത്തോടെയും ചെയ്യേണ്ട ഒന്നാണ്. അത് ഒരു വാക്കിന്റെ പുറത്തോ ആദര്‍ശത്തിന്റെ പുറത്തോ സഹതാപം മൂലമോ അഹങ്കാരം കൊണ്ടോ ഒന്നും ചെയ്യേണ്ട ഒന്നല്ല. അങ്ങനെ ചെയ്താല്‍, ആ വിവാഹജീവിതത്തെക്കാള്‍ നരകമായിരിക്കും ഭേദം. അതുകൊണ്ട് നീ നിന്റെ ഈ തീരുമാനം മാറ്റണം..മാറ്റിയെ മതിയാകൂ” ഡോണ അവന്റെ കണ്ണുകളിലേക്ക് നോക്കി. വാസു അവളെ നോക്കിയ ശേഷം ആലോചനാനിമഗ്നനായി ദൂരേക്ക് നോക്കി കുറെ നേരം ഇരുന്നു. അവന്റെ മനസു പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിഞ്ഞ ഡോണ അവനെ ആലോചിക്കാന്‍ വിട്ടുകൊണ്ട് ചുറ്റും നിരീക്ഷിച്ചു. ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ നോട്ടം. “എനിക്ക് അവളല്ലാതെ വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കനിനി സാധിക്കില്ല…അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാനും പാടില്ല.” അവസാനം വാസു പറഞ്ഞു. “പക്ഷെ അവള്‍ക്ക് നിന്നെ വേണ്ടല്ലോ? നീ എന്താണ് അതിനൊരു വിലയും കൊടുക്കാത്തത്? ബലപ്രയോഗം കൊണ്ട് കല്യാണം കഴിക്കാന്‍ പറ്റുമോ? അങ്ങനെ ചെയ്‌താല്‍ അവള്‍ വല്ല കടുംകൈയും പ്രവര്‍ത്തിച്ചാല്‍? നീ കാരണം ആ പെണ്‍കുട്ടി മരിച്ചുപോയാല്‍ നീ എന്ത് ചെയ്യും? പിന്നെ നിനക്ക് ഈ ജന്മം മനസമാധാനത്തോടെ ജീവിക്കാന്‍ പറ്റുമോ? പിടിവാശിയുടെ അന്ത്യം പലപ്പോഴും വന്‍ ദുരന്തമായിരിക്കും വാസൂ..നീ ആലോചിക്ക്” വാസുവിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നതും അവന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ വീണ്ടും ആലോചിക്കുന്നതും ഡോണ കണ്ടു. “ഡോണ..എന്റെ മനസ് നിനക്ക് മനസിലാക്കാന്‍ പറ്റുന്നില്ല; അതാണ് കുഴപ്പം. എനിക്ക് അവളോടുള്ള ഭ്രമമല്ല എന്റെ ഈ തീരുമാനത്തിന് കാരണം. അവളെ ഞാനെന്റെ ഭാര്യയായി മനസ്സില്‍ സ്വീകരിച്ചുപോയി എന്നതാണ്. തന്നെയുമല്ല, എന്റെ ഈ മടിയില്‍ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ച് എന്റെ ചുണ്ടുകളില്‍ ചുംബിച്ചവള്‍ ആണ് ദിവ്യ. മനസ് മൊത്തവും ശരീരം ഒരു പരിധി വരെയും എനിക്ക് സമര്‍പ്പിച്ച അവളിനി ആ മനസും ശരീരവും വേറെ ഒരാള്‍ക്ക് നല്‍കുന്നത് ശരിയാണോ? അവളെ മനസുകൊണ്ട് വരിച്ച ഞാന്‍ ജീവിതകാലം മൊത്തം വിവാഹം കഴിക്കാതെ ജീവിക്കണോ? എനിക്ക് അവളെ അല്ലാതെ വേറെ ഒരു പെണ്ണിനേയും സ്വീകരിക്കാന്‍ പറ്റില്ല.

എന്റെ ജീവിതത്തില്‍ ശാരീരികമായും മാനസികമായും ഒരൊറ്റ പെണ്ണ് മാത്രമേ എന്റെ ഭാര്യയും കാമുകിയും ആകൂ..ദിവ്യ അതായിക്കഴിഞ്ഞു..അവളുടെ മനസ് മാറിയത് ഞാനൊരു പ്രശ്നമായി കാണുന്നില്ല” അവസാനം അവന്‍ പറഞ്ഞു. “ഇത് നീ മുന്‍പും പറഞ്ഞതാണ്. വാസൂ നിന്റെ മനസും മറ്റു മനുഷ്യരുടെ മനസും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. നീ വലിയ വില കല്‍പ്പിക്കുന്ന മൂല്യങ്ങള്‍ ചിലര്‍ക്ക് വെറും പാഴ് വസ്തുവാണ്. അവരതിന് പുല്ലുവില പോലും നല്‍കുന്നില്ല. ഒരാളെ ഇഷ്ടപ്പെട്ട് അയാളെ വിവാഹം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ വേറെ ആരെയും കല്യാണം കഴിക്കില്ല എന്നൊക്കെ ഈ വന്ന കാലത്ത് നീയല്ലാതെ വേറെ ഒരാളും പറയില്ല. കല്യാണം കഴിച്ച ആളുകള്‍ തന്നെ തമ്മില്‍ തല്ലിപ്പിരിഞ്ഞു വേറെ കെട്ടുന്നില്ലേ? പ്രായോഗികമല്ല നിന്റെ ചിന്താഗതി. നീ അവളെ മനസ്സില്‍ നിന്നും കളഞ്ഞാല്‍, നീയും അവളും തമ്മിലുള്ള ബന്ധം അതോടെ തീര്‍ന്നു. നീ അവളുമായി മേല്‍പ്പറഞ്ഞതില്‍ കൂടുതല്‍ ബന്ധം ഒന്നും ഉണ്ടായിട്ടില്ലല്ലോ? ഐ മീന്‍ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നായിട്ടില്ലല്ലോ?” ഡോണ ചോദിച്ചു. “ഇല്ല..വിവാഹം കഴിയാതെ ഒരിക്കലും ഞാനത് ചെയ്യില്ല. പക്ഷെ ശാരീരിക ബന്ധത്തെക്കാള്‍ വലുതല്ലേ മാനസികബന്ധം? അത് നീ എന്താണ് മനസിലാക്കാത്തത്” “നോക്ക്..ആദ്യം നീ ഒന്ന് മനസിലാക്കുക. നിന്നെപ്പോലെ നീ മാത്രമേ ഉള്ളു. ദിവ്യ ഒരിക്കല്‍ നിന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ ഇന്ന് അവള്‍ക്ക് നിന്നെ വേണ്ട എന്നതും ഒരു സത്യമാണ്. ഈ ഒരു സത്യം സ്വന്തം തലയില്‍ നീ ഒന്ന് ഫീഡ് ചെയ്യ്‌” “പക്ഷെ നിനക്കറിയാമല്ലോ? അവളെന്നെ വെറുക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. അന്ന് നിന്റെയൊപ്പം ഞാന്‍ അവിടേക്ക് ചെന്നത് അവളെ കഠിനമായി വേദനിപ്പിച്ചു. അത്രയ്ക്ക് അവളെന്നെ സ്നേഹിച്ചിരുന്നു. അവള്‍ക്ക് മറ്റൊരു പെണ്ണിന്റെ കൂടെ എന്നെ കാണുന്നത് താങ്ങാനുള്ള കരുത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവള്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത്. ഇന്ന് അവള്‍ പറയുന്നത് എന്നെയെന്നല്ല ഒരാളെയും വിവാഹം കഴിക്കില്ല എന്നാണ്..അതിനു കാരണക്കാരന്‍ ഞാനല്ലേ” വാസു ഡോണയെ നോക്കി. “ഹേയ്..അല്ല വാസൂ..ഒരിക്കലും നീയല്ല അതിനു കാരണക്കാരന്‍. അവളുടെ മാനസിക വൈകൃതം ആണ് അതിന്റെ പിന്നില്‍. ഒരു പെണ്ണിന്റെ കൂടെ ഒരു ആണിനെ ഇരുട്ടിലോ മറവിലോ രഹസ്യ സ്ഥലത്തോ കാണുന്നതും, അവളുടെ കൂടെ പരസ്യമായി വീട്ടിലേക്ക് ചെല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലേ? നീ എനിക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നെങ്കിലും അവള്‍ ഓര്‍ക്കണമായിരുന്നു. അതെപ്പറ്റി സംസാരിക്കാനും അവളുടെ തെറ്റിദ്ധാരണ മാറ്റാനും ഞാന്‍ എത്ര ശ്രമിച്ചു..അവള്‍ ഒരിക്കലും സംസാരിക്കാന്‍ തയാറായില്ല. നാളെ നിന്റെ കല്യാണശേഷം ആണ് ഇവള്‍ ഈ പെരുമാറ്റം എടുക്കുന്നത് എങ്കില്‍, നീ എന്ത് ചെയ്യും. ഇങ്ങനെയൊരു ഭാര്യയുടെ കൂടെ ജീവിച്ചാല്‍ നിനക്ക് അബദ്ധത്തില്‍ പോലും മറ്റൊരു സ്ത്രീയെ നോക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവള്‍ നിന്നെ വെറുക്കുന്നത് നിനക്ക് ഗുണകരമാണ് എന്നെ ഞാന്‍ പറയൂ. അവളെ നീ മറക്ക്”

“ശരിയായിരിക്കാം; പക്ഷെ ഞാന്‍ കാരണം അവള്‍ അവിവാഹിതയായി ജീവിച്ചാല്‍ അതെന്റെ അമ്മയെയും അവളുടെ അച്ഛനെയും വിഷമിപ്പിക്കില്ലേ? അവര്‍ക്ക് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ ഏകമകള്‍ ആണ് ദിവ്യ. അവള്‍ ഇങ്ങനെ ഒരു കടുത്ത തീരുമാനം എടുത്താല്‍..ആ അച്ഛനും അമ്മയും എത്രമാത്രം വിഷമിക്കും?” വാസു ഡോണയെ നോക്കി. ഡോണയുടെ മുഖം ആര്‍ദ്രമായി. അവന്‍ എത്രയധികം ചിന്തിക്കുന്നു എന്നോര്‍ത്തപ്പോള്‍ അവള്‍ അവന്റെ അരികിലേക്കെത്തി അവന്റെ ശിരസില്‍ മെല്ലെ തലോടി. “വാസൂ..നീ എത്രമാത്രം മറ്റു മനുഷ്യരുടെ മനസിനെ പരിഗണിക്കുന്നു..നീ ദൈവം എനിക്ക് തന്ന എന്റെ കൂടെപ്പിറപ്പാണ്…” അവള്‍ അവന്റെ നിറുകയില്‍ ചുംബിച്ച ശേഷം വീണ്ടും തിരികെ ഇരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. “നമ്മള്‍ ഇക്കാര്യത്തില്‍ ഇവിടെ ഒരു തീരുമാനത്തില്‍ എത്താന്‍ പോകുകയാണ്. ഇപ്പോള്‍ നിന്റെ മനസ് എനിക്ക് വ്യക്തമായി മനസിലായിക്കഴിഞ്ഞു. അതുകൊണ്ട് നിന്റെ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നു ഞാന്‍ പറയുന്നത് നീ അക്ഷരം പ്രതി അനുസരിക്കണം. സമ്മതിച്ചോ..” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് ചോദിച്ചു. “ഇന്ന് ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത് നിന്നെയാണ്. എന്റെ അമ്മയേക്കാള്‍ അധികം എന്നുപോലും എനിക്ക് തോന്നാറുണ്ട്. നീ എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കാം…” വാസു ഉറച്ച തീരുമാനത്തോടെ പറഞ്ഞു. “ഗുഡ് ബോയ്‌..എങ്കില്‍ കേള്‍ക്ക്. ഈ തീരുമാനം നിന്റെ മനസിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ എടുത്തവ ആണ്. അതില്‍ മൂന്നു ഓപ്ഷന്‍സ് നിനക്ക് ഞാന്‍ നല്‍കുന്നു. ഒന്ന്, ദിവ്യ നാളെ മനസു മാറി നിന്നെ ഇഷ്ടപ്പെട്ടാല്‍ നിനക്ക് അവളെ വിവാഹം കഴിക്കാം. രണ്ട് അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചാല്‍, നീ അതിനെ എതിര്‍ക്കരുത്; പകരം നീ മറ്റൊരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കണം. മൂന്ന്, ദിവ്യ ആരെയും വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍, അവളെ നീ തന്നെ കെട്ടും. അത് ഏതു വിധത്തിലും നടത്താന്‍ നിന്റെ ഒപ്പം ഞാന്‍ മാത്രമല്ല, ഇച്ചായനും ഉണ്ടാകും. എന്ത് പറയുന്നു?” പറഞ്ഞിട്ട് ഡോണ അവനെ നോക്കി. വാസു അല്‍പനേരം അതെക്കുറിച്ച് ചിന്തിച്ച ശേഷം മെല്ലെ പുഞ്ചിരിച്ചു. “ആരാ പറഞ്ഞത് എന്റെ പെങ്ങള്‍ക്ക് ബുദ്ധി ഇല്ലെന്ന്..സമ്മതിച്ചെടീ..സമ്മതിച്ചു..” വാസു പഴയ പ്രസരിപ്പോടെ പറഞ്ഞു. “ഹാവൂ..ദൈവമേ..ഇപ്പോഴാണ്‌ എനിക്ക് സമാധാനം ആയത്. ഇനി നീ ഈ വിഷയം മനസ്സില്‍ നിന്നും കളയുക. ഓക്കെ?” “നിന്നോട് ഇത്രയും നേരം സംസാരിച്ചതുകൊണ്ട് എനിക്ക് എന്റെ തീരുമാനത്തിലെ പോരായ്മകളും പ്രശ്നങ്ങളും ഒക്കെ മനസിലാക്കാന്‍ കഴിഞ്ഞു. ഇല്ലെടി..ഇനി ഈ വിഷയം എന്നെ അലട്ടില്ല..ഒരിക്കലും. പക്ഷെ ഡോണ..ഞാനൊരു സത്യം പറയുകയാണ്…

നീ മനുഷ്യസ്ത്രീ അല്ലടീ പിശാചേ….നീ ഒരു മാലാഖ ആണ്..സ്വര്‍ഗ്ഗത്തില്‍ നിന്നും വഴിതെറ്റി എങ്ങനെയോ ഭൂമിയിലെത്തിയ മാലാഖ…” വാസു അവളുടെ കണ്ണിലേക്ക് നോക്കി അത് പറഞ്ഞപ്പോള്‍ ഡോണ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു. “ഒന്ന് പോടാ കാളെ..വാ പോകാം..” അവള്‍ പോകാനായി എഴുന്നേറ്റു. വാസുവും ഒപ്പം എഴുന്നേറ്റു. “ഇപ്പൊ വല്ലാത്ത ഒരു എനര്‍ജി..ഡബിള്‍ സ്ട്രോങ്ങ്‌ ആയതുപോലെ..ആര്‍ക്കെങ്കിലും ഇട്ടു രണ്ട് പെട കൊടുക്കാന്‍ മൂഡ്‌ തോന്നുന്നു” വാസു കൈകള്‍ നിവര്‍ത്തിക്കൊണ്ട്‌ പറഞ്ഞു. “ഹ്മം..ഇതാണ് എനിക്ക് വേണ്ടത്. ഈ സ്പിരിറ്റോടെ വേണം നീ നാളെ ഇബ്രാഹിം റാവുത്തര്‍ എന്ന മഹാത്മാവിനെ കാണാന്‍ പോകേണ്ടത്” ഡോണ അവന്റെ തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു. “യെസ്..നാളെ വൈകുന്നേരം ഞാന്‍ അയാളെ കാണും..മിസ്റ്റര്‍ ഇബ്രാഹിം റാവുത്തര്‍ സാഹിബിനെ..” വാസു സ്വയമെന്നപോലെ പറഞ്ഞു. —————————— കൊട്ടാരസദൃശമായ ആ വീടിന്റെ ഗേറ്റിനു പുറത്ത് വാസുവിന്റെ ബൈക്ക് വന്നു നിന്നപ്പോള്‍ സമയം വൈകിട്ട് എട്ടുമണി കഴിഞ്ഞിരുന്നു. കബീര്‍ മന്‍സില്‍ എന്ന് സ്വര്‍ണ്ണ ലിപികളില്‍ ഗേറ്റിന്റെ വശത്ത്‌ എഴുതിയിരിക്കുന്നത് നോക്കിക്കൊണ്ട് വാസു ഉള്ളിലേക്ക് കയറി. വീടിന്റെ വിശാലമായ മുറ്റത്ത് ആരൊക്കെയോ ചേര്‍ന്നു ചില അലങ്കാരപ്പണികള്‍ ചെയ്യുന്നത് വാസു കണ്ടു. വലിയ ഒരു ആര്‍ച്ചില്‍ ഹാപ്പി ബെര്‍ത്ത്‌ ഡേ ഷഫീന എന്നെഴുതി വച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഏതോ പിറന്നാള്‍ പാര്‍ട്ടിക്കുള്ള ഒരുക്കമാണ് എന്നവന് മനസിലായി. മുറ്റത്തിന്റെ ഒരു മൂലയ്ക്കിട്ടിരുന്ന മൂന്നു കസേരകളില്‍ ജിം ബോഡി ഉള്ള മൂന്നു യുവാക്കള്‍ ഇരിപ്പുണ്ടായിരുന്നു. വാസുവിനെ കണ്ടപ്പോള്‍ അവരില്‍ ഒരാള്‍ എഴുന്നേറ്റ് വന്നു. “ആരാ?” അവന്‍ വാസുവിനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു. “റാവുത്തര്‍ സാബ് ഉണ്ടോ?” “ഉണ്ട്..നിങ്ങള്‍ ആരാണ്? എന്താണ് കാര്യം?” “ഞാന്‍ വാസു. ഒരു കച്ചവടത്തിന്റെ കാര്യം സംസാരിക്കാന്‍ വന്നതാണ്‌..സാബിനെ ഒന്ന് കാണണമായിരുന്നു..” “ശരി..വാ കയറി ഇരിക്ക്. ഞാന്‍ മാമനെ വിളിക്കാം” “ഇല്ല.ഞാനിവിടെ നിന്നോളാം..” “ശരി” അവന്‍ ഉള്ളിലേക്ക് പോയപ്പോള്‍ വാസു ചുറ്റും നോക്കി. ഷഫീന അയാളുടെ മകള്‍ ആയിരിക്കും എന്നവന്‍ കണക്ക് കൂട്ടി. ഇന്നല്ല, ചിലപ്പോള്‍ നാളെ ആകും അവളുടെ ജന്മദിനം; അതിന്റെ ഒരുക്കങ്ങള്‍ ആണ് നടക്കുന്നത് എന്നവന് തോന്നി. പണിക്കാര്‍ ജോലി നിര്‍ത്തി പോകാനുള്ള തയാറെടുപ്പില്‍ ആയിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇബ്രാഹിം റാവുത്തര്‍ വാതില്‍ക്കല്‍ പ്രത്യക്ഷനായി. ആറടി ഉയരവും ഒത്ത ശരീരവുമുള്ള അയാള്‍ക്ക് നരകയറിയ താടിയും പറ്റെ വെട്ടിയ മുടിയുമായിരുന്നു. അയാള്‍ ഗൌരവത്തോടെ വാസുവിനെ നോക്കി. “ആരാ..മനസിലായില്ല?”

“ഞാന്‍ വാസു. റാവുത്തര്‍ സാഹിബിനെ കണ്ടൊന്നു സംസാരിക്കാന്‍ വന്നതാ..നമുക്ക് തനിച്ചൊന്നു സംസാരിക്കാന്‍ പറ്റിയ വല്ല ഇടത്തേക്കും ഒന്ന് മാറാന്‍ പറ്റുമോ?’ അവന്‍ ചോദിച്ചു. “എന്താ വിഷയം?” “ഒരു കച്ചവടക്കാര്യം ആണ്..” അയാള്‍ അവനെ സംശയത്തോടെ അടിമുടി ഒന്ന് നോക്കി. “ഇങ്ങോട്ടിരിക്കാം..ഇവിടെ ആരും വരില്ല” ഉള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് റാവുത്തര്‍ പറഞ്ഞു. “നന്ദി സാഹിബ്” വാസു ഉള്ളിലേക്ക് കയറി. അയാളെ വിളിച്ചുകൊണ്ടു വന്ന ജിമ്മന്‍ പഴയ സ്ഥലത്തേക്ക് തന്നെ പോയി. “ഇരിക്ക്” സോഫ ചൂണ്ടി റാവുത്തര്‍ പറഞ്ഞു. അത്യാഡംബരമായി അലങ്കരിച്ചിരുന്ന വിശാലമായ ആ ലിവിംഗ് റൂം വാസു ഒന്നോടിച്ചു നോക്കി. പണക്കൊഴുപ്പ് വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു അതിലെ ഓരോ സാധനങ്ങളും. ലിവിംഗ് റൂമിന്റെ ഒരു കോണിലാണ് അവര്‍ ഇരുന്നത്. “കുടിക്കാന്‍?” റാവുത്തര്‍ ചോദിച്ചു. “ഒന്നും വേണ്ട..എന്താ പുറത്തൊരു അലങ്കാരപ്പണി നടക്കുന്നത്?” അവന്‍ പുഞ്ചിരിയോടെ കുശലാന്വേഷണം പോലെ ചോദിച്ചു. “മോള്‍ടെ പിറന്നാള്‍ ആണ് നാളെ..ഓള്‍ക്ക് ഇരുപത് വയസു തികയുകയാണ്..അതിന്റെ ചെറിയ ഒരു ആഘോഷം” “ഷഫീന മകള്‍ ആണ് അല്ലെ?” “അതെ” “ഒരു മകള്‍ മാത്രമെ ഉള്ളു സാഹിബിന്?” വാസു തന്ത്രപൂര്‍വ്വം ചോദിച്ചു. “അല്ല രണ്ട് മക്കളുണ്ട്. മൂത്തത് മകന്‍” “അദ്ദേഹം എന്തെടുക്കുന്നു?” “വിദേശത്താണ്” “വിദേശത്ത് എവിടെ?” “ഏയ്‌..അതൊക്കെ എന്തിന് സംസാരിക്കുന്നു. നിങ്ങള്‍ വന്ന കാര്യം പറയൂ” ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ റാവുത്തര്‍ പറഞ്ഞു. “ഒക്കെ റാവുത്തര്‍ സാഹിബ്..ഞാനിനി വന്ന വിഷയം സംസാരിക്കാം. എറണാകുളം റെയില്‍വേ സ്റ്റേഷന് സമീപം തട്ടുകട നടത്തി ജീവിച്ചിരുന്ന മൂസ എന്നൊരു പാവം മനുഷ്യനുണ്ട്‌. അദ്ദേഹം ഒരു ചേരിയിലെ ചെറിയ പുരയില്‍ ഭാര്യയ്ക്ക് ഒപ്പമാണ് താമസം. അദ്ദേഹത്തിനും ഭാര്യയ്ക്കും ഒരു മകള്‍ ഉണ്ടായിരുന്നു. മകനും മകളുമായി ഒരൊറ്റയാള്‍..പേര് മുംതാസ്. സാഹിബ്‌ ആ പേര് കേട്ടിട്ടുണ്ടോ?”

അയാളുടെ മുഖത്തേക്ക് നോക്കി അവനത് ചോദിച്ചപ്പോള്‍ റാവുത്തര്‍ ഞെട്ടുന്നതും ആ മുഖത്ത് ചുളിവുകള്‍ വീഴുന്നതും വാസു കണ്ടു. അയാളുടെ ഭാവങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് അവന്‍ സോഫയിലേക്ക് ചാരിയിരുന്നു. “നീ ആരാണ്?” അല്‍പ സമയത്തെ മൌനത്തിനു ശേഷം സാഹിബ്‌ വായ തുറന്നു. “ഞാന്‍ ആരാണ് എന്നതില്‍ വലിയ കാര്യമൊന്നുമില്ല..സാഹിബ്‌ എന്റെ ചോദ്യത്തിന്റെ മറുപടി തന്നില്ല” വാസു ചെറിയൊരു പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്. “നീ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. കച്ചവടത്തിന്റെ കാര്യം പറയാന്‍ വന്ന നീ ഏതോ തട്ടുകടക്കാരന്റെ മോളുടെ കാര്യം പറഞ്ഞ് എന്റെ സമയം വേസ്റ്റ് ആക്കാന്‍ വന്നതാണോ?” “സാഹിബ് ഞാനീപ്പറഞ്ഞ മുംതാസിനെ അറിയുമോ? അതിനുള്ള മറുപടി പറയൂ” വാസു ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. “എന്തായാലും വീട്ടില്‍ വന്നു കയറിയ അതിഥിയോട് അപമര്യാദയായി ഞാന്‍ പെരുമാറുന്നില്ല. നീ പോകാന്‍ നോക്ക്.എനിക്ക് വേറെ പണിയുണ്ട്” എഴുന്നേറ്റുകൊണ്ട് റാവുത്തര്‍ പറഞ്ഞു. “ഞാന്‍ താങ്കളുടെ വീട്ടില്‍ ഉണ്ടുറങ്ങി താമസിക്കാന്‍ വന്നതല്ല സര്‍..താങ്കള്‍ ദയവായി ഇരിക്കണം. എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മനസെങ്കിലും ഒന്ന് കാണിക്ക്” “ഹും നീ വന്നത് തന്നെ കള്ളം പറഞ്ഞുകൊണ്ടാണ്. കച്ചവടകാര്യം അല്ലാതെ മറ്റൊന്നും സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. നിനക്ക് പോകാം. ഇനി ഒരു സംസാരം വേണ്ട” “ഇതൊരു കച്ചവടക്കാര്യം തന്നെയാണ് സാഹിബ്. ഇവിടുത്തെ കച്ചവട വസ്തു പക്ഷെ സ്വര്‍ണ്ണം അല്ലെന്ന് മാത്രം..അതുകൊണ്ട് നിങ്ങള്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കണം..കേട്ടെ പറ്റൂ..” വാസു എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു. “നാളെ എന്റെ മോള്‍ടെ പിറന്നാള്‍ ആണ്. അതിന്റെ ഒരു സന്തോഷത്തിലാണ് ഞാനും എന്റെ കുടുംബവും. പുറത്ത് നീ കണ്ട മൂന്നു പിള്ളേര്‍ എന്റെ അനന്തിരവന്മാര്‍ ആണ്..എന്റെ കച്ചവടത്തിലും നിന്നെപ്പോലെയുള്ള ആളുകളുടെ കാര്യത്തിലും എന്നെ എല്ലാ വിധത്തിലും സഹായിക്കുന്ന പിള്ളേര്‍. അവരെ ഞാന്‍ വിളിച്ച് നിന്നെ വെളിയിലേക്ക് നിര്‍ബന്ധിച്ചു പറഞ്ഞു വിടണോ, അതോ നീ സ്വയം പോകുന്നോ?” രൂക്ഷമായി വാസുവിനെ നോക്കിക്കൊണ്ട് സാഹിബ് ചോദിച്ചു. അയാളുടെ ശബ്ദം ഉയര്‍ന്നിരുന്നു. “താങ്കളുടെ മകളുടെ പിറന്നാള്‍ അലങ്കോലമാക്കാന്‍ വന്നതല്ല ഞാന്‍. എനിക്ക് ഒരല്‍പ്പ സമയം തന്നു ഞാന്‍ പറയുന്നത് ക്ഷമയോടെ താങ്കള്‍ ഒന്ന് കേള്‍ക്കാന്‍ മനസുവച്ചാല്‍, എനിക്ക് ഇനിയും ഇതുപോലെയുള്ള വരവുകള്‍ ഒഴിവാക്കാന്‍ പറ്റുമായിരുന്നു. കാരണം താങ്കളോട് സംസാരിക്കാന്‍ വന്ന വിഷയം എനിക്ക് സംസാരിച്ചേ പറ്റൂ..”

അവന്റെ കൂസലില്ലാത നില്‍പ്പും മറുപടിയും റാവുത്തരുടെ കോപം ജ്വലിപ്പിച്ചു. സംസാരം കേട്ട് അയാളുടെ ഭാര്യയും മകളും വാതില്‍ക്കലെത്തി അവരെ നോക്കി. സുന്ദരിയായ ഷഫീന വാസുവിനെ തെല്ലു ഭയത്തോടെയാണ് നോക്കിയത്. അവന്റെ മുഖം എവിടെയോ കണ്ടിട്ടുള്ളത് പോലെ അവള്‍ക്ക് തോന്നി. “എന്താണ് വാപ്പാ..എന്തുപറ്റി” അവള്‍ വിളിച്ചു ചോദിച്ചു. “ഒന്നുമില്ല. നിങ്ങള്‍ അപ്പുറത്ത് പൊക്കോ…” അവര്‍ പോയപ്പോള്‍ റാവുത്തര്‍ വാസുവിനെ നോക്കി പുറത്തേക്ക് വിരല്‍ ചൂണ്ടി. “ഉം..കടക്ക് പുറത്ത്” അയാള്‍ ആജ്ഞാപിച്ചു. വാസു ഒരു പുഞ്ചിരിയോടെ സോഫയിലേക്ക് ചാരി കാലിന്മേല്‍ കാലുകയറ്റി വച്ചിരുന്നു. റാവുത്തര്‍ കോപം കൊണ്ട് വിറയ്ക്കുന്നത് അവന്‍ കണ്ടു. “സാഹിബ്..നിങ്ങള്‍ ബി പി കൂട്ടാതെ അടങ്ങി ഒരു പത്തുമിനിറ്റ് അവിടിരുന്നാല്‍ ഞാനങ്ങ് പോയേക്കാം..വെറും പത്തുമിനിറ്റ്..അതുമതി എനിക്ക്” വാസു അയാളുടെ കോപക്രാന്തമായ മുഖത്തേക്ക് നോക്കി മൃദുവായി പറഞ്ഞു. “സുഹൈല്‍..അംജദ്..ഫൈസല്‍…” റാവുത്തര്‍ പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ചു. യുവാക്കള്‍ മൂവരും തിടുക്കത്തോടെ ഉള്ളിലേക്ക് വന്നു. “എന്താ മാമാ..എന്ത് പറ്റി” കോപഭാവത്തോടെ നില്‍ക്കുന്ന റാവുത്തരോട് അവര്‍ ചോദിച്ചു. മസിലുരുട്ടിക്കയറ്റി ഉറച്ച ശരീരമുള്ള അവര്‍ മൂവരും സോഫയില്‍ അലസമായി ഇരിക്കുന്ന വാസുവിനെയും നോക്കി. “പണിക്കാര് പോയോ” റാവുത്തര്‍ ചോദിച്ചു. “പോയി..ഇപ്പോള്‍ അങ്ങോട്ട്‌ പോയതെ ഉള്ളു. ബാക്കി നാളെ പകല്‍ വന്നു തീര്‍ത്തോളാം എന്ന് പറഞ്ഞു” അവരില്‍ ഒരാള്‍ പറഞ്ഞു. “എന്താ മാമാ വിളിച്ചത്?” മറ്റൊരുവന്‍ ചോദിച്ചു. “ദാ ഇവന്‍ എന്തോ അലമ്പുണ്ടാക്കാന്‍ കേറി വന്നതാണ്‌. ഇരുചെവി അറിയാതെ ഇവനെ പുറത്ത് കള.. ഞാന്‍ അകത്തോട്ടു പോവാണ്..” അങ്ങനെ പറഞ്ഞിട്ട് റാവുത്തര്‍ ഉള്ളിലേക്ക് പോയി കതകടച്ചു. ചെറുപ്പക്കാര്‍ ഒരു വികടച്ചിരിയോടെ ടീഷര്‍ട്ടിന്റെ കൈകള്‍ മേലേക്ക് തെറുത്ത് കയറ്റി വാസുവിനെ നോക്കി. “എന്താ ചേട്ടാ പ്രശ്നം?” അവരിലൊരാള്‍ സൌമ്യമായി, എന്നാല്‍ ഭീഷണിച്ചുവയോടെ ചോദിച്ചു. “ചേട്ടാന്നു വിളിക്കണ്ട..നമ്മളൊക്കെ ഏതാണ്ട് ഒരേ പ്രായമാണ്. എനിക്ക് സാഹിബിനോടൊരു കാര്യം സംസാരിക്കണം. പക്ഷെ അദ്ദേഹം അത് കേള്‍ക്കാന്‍ തയാറല്ല. നിങ്ങള്‍ പറ്റുമെങ്കില്‍ അദ്ദേഹത്തോട് പറഞ്ഞൊന്നു വിളിച്ചോണ്ട് വാ. എനിക്ക് ഒരു പത്തു മിനിറ്റ്..അല്ലേല്‍ വേണ്ട..ഒരു അഞ്ചു മിനിറ്റ് മതി..” വാസു അവരെ മൂവരെയും നോക്കി പറഞ്ഞു.

“സംസാരിക്കാന്‍ താല്‍പര്യമില്ല എങ്കില്‍ പിന്നെ കേള്‍പ്പിച്ചേ പറ്റൂ എന്ന് നിനക്കെന്താണ് ഇത്ര നിര്‍ബന്ധം? ഞങ്ങളോട് പറ..ഞങ്ങള്‍ പിന്നെ മാമനോട് പറഞ്ഞോളാം..ഒരു അലമ്പുണ്ടാക്കാതിരിക്കാനാണ് നിനക്ക് അല്‍പം മര്യാദ തരുന്നത്” അവരിലൊരാള്‍ പറഞ്ഞു. “അദ്ദേഹത്തോട് പറയേണ്ട കാര്യം നിങ്ങളോട് പറഞ്ഞിട്ട് പ്രയോജനമില്ല. അദ്ദേഹത്തോട് നേരിട്ട് പറഞ്ഞ് അതില്‍ അദ്ദേഹത്തിന്റെ മറുപടിയും അറിഞ്ഞ ശേഷമേ എനിക്ക് പോകാന്‍ പറ്റൂ..” “എന്തായാലും തല്‍ക്കാലം നീ എഴുന്നേല്‍ക്ക്..എന്നിട്ട് പോകാന്‍ നോക്ക്..ഉം” ഒരുത്തന്‍ സ്വരം അല്‍പ്പം കടുപ്പിച്ചു. വാസു ഒരു പത്രമെടുത്ത് അതിലേക്ക് നോക്കി വായിക്കുന്ന മട്ടില്‍ ഇരുന്നപ്പോള്‍ ചെറുപ്പക്കാര്‍ക്ക് കോപം നുരച്ചുപൊന്തി. “ഛീ എഴുന്നെല്‍ക്കാടാ നായെ..” ഒരുത്തന്‍ വാസുവിന്റെ ഷര്‍ട്ടിനു പിടിച്ചു മേലോട്ട് പൊക്കി എഴുന്നേല്‍പ്പിച്ചു. “ഇവനെ തൂക്കിയെടുത്ത് എറിയടാ ഫൈസലേ..” മറ്റൊരുവന്‍ പറഞ്ഞു. ഷര്‍ട്ടിനു പിടിച്ചിരുന്നവന്‍ വാസുവിനെ പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചപ്പോള്‍ വാസു അവന്റെ കൈ തട്ടിമാറ്റി. “നോക്ക്..ഞാന്‍ വാസു..വന്ന കാര്യം സാധിച്ചിട്ടെ ഞാന്‍ പോകൂ. നിങ്ങളുടെ മാമന്‍ എന്നോട് സംസാരിക്കും..ഇല്ലെങ്കില്‍ സംസാരിപ്പിക്കാന്‍ എനിക്കറിയാം…നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ടുവാ..ഈ വീട്ടിനുള്ളില്‍ വച്ച് വെറുതെ കശപിശ ഉണ്ടാക്കണ്ട…നാളെ ആ കൊച്ചിന്റെ പിറന്നാള്‍ ആണ്.. തന്നെയുമല്ല കശപിശകൊണ്ട് ഒരു ഗുണവുമില്ല..അതാ….” “ഡയലോഗടിക്കുന്നോടാ നായെ..ഇറങ്ങടാ പന്നീ വെളിയില്‍..” അവരിലൊരാള്‍ അങ്ങനെ പറഞ്ഞുകൊണ്ട് വാസുവിന്റെ മുഖം ലക്ഷ്യമാക്കി ആഞ്ഞിടിച്ചു. മിന്നല്‍ പോലെ ഒഴിഞ്ഞു മാറിയ വാസു ആദ്യം ചെയ്തത് അവന്റെ ഷര്‍ട്ടിനു പിടിച്ചവന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുകയാണ്. ആ കാല്‍ നിലത്തേക്ക് വച്ചു തിരിഞ്ഞ വാസുവിന്റെ മുഷ്ടി തന്നെ ഇടിക്കാന്‍ ശ്രമിച്ചവന്റെ കഴുത്തില്‍ ഊക്കോടെ പതിഞ്ഞു. അവനൊരു ഞരക്കത്തോടെ നിലത്തേക്ക് കൂപ്പുകുത്തിയപ്പോള്‍ മൂന്നാമന്‍ വാസുവിനെ ആഞ്ഞു ചവിട്ടി. ഒഴിഞ്ഞു മാറിയ വാസു അവന്റെ മുട്ടിനു മുകളില്‍, തുടയ്ക്ക് ആഞ്ഞു ചവിട്ടി. ബാലന്‍സ് തെറ്റി ടീപോയിലേക്ക് തലയടിച്ച് അവന്‍ വീണപ്പോഴേക്കും ആദ്യത്തെ ചവിട്ട് കൊണ്ടവന്‍ അവന്റെ നേരെ പാഞ്ഞടുത്തു. ഒന്ന് വെട്ടിത്തിരിഞ്ഞ വാസു അവന്റെ വാരിയെല്ലില്‍ ശക്തമായി ഇടിച്ചു. ഒരു നിലവിളിയോടെ അവന്‍ ചെരിഞ്ഞു സോഫയും മറിച്ച് വീണു. കഴുത്തിന് ഇടി കിട്ടിയവന്‍ ഇതിനിടെ ചാടി എഴുന്നേറ്റെങ്കിലും എഴുന്നേറ്റ വഴിക്ക് അവന്റെ മുഖമടച്ച് ഒരു അടി കൂടി കിട്ടിയതോടെ അവന്‍ വീണ്ടും നിലത്തേക്ക് വീണു. തുടയ്ക്ക് ചവിട്ട് കിട്ടിയവന്‍ ഞൊണ്ടിക്കൊണ്ട് വാസുവിനെ ഇടിക്കാനൊരു ശ്രമം നടത്തിയെങ്കിലും അവന്റെ കൈ പിടിച്ചു തിരിച്ച് വാസു ഊക്കോടെ മുന്‍പോട്ടു തള്ളിയതോടെ അവനും നിലത്തേക്ക് മൂക്കും കുത്തി വീണുപോയി.

ശബ്ദം കേട്ടോടി വന്ന റാവുത്തര്‍ അടികൊണ്ട് അവശരായി കിടക്കുന്ന അനന്തിരവന്മാരെ കണ്ടു ഞെട്ടി. അയാളുടെ പിന്നാലെ മകളും ഭാര്യയും വെളിയിലേക്ക് വന്നു. “വീട്ടില്‍ കയറി പോക്രിത്തരം കാണിക്കുന്നോടാ നായെ” എന്നലറിക്കൊണ്ട് ഒരു കത്തിയുമായി റാവുത്തര്‍ വാസുവിന് നേരെ കുതിച്ചു. “വാപ്പച്ചി വേണ്ടാ..” എന്ന് മകള്‍ വിളിച്ചു പറഞ്ഞെങ്കിലും അയാള്‍ വൈകിപ്പോയിരുന്നു. വശത്തേക്ക് മിന്നായം പോലെ ചുവടുവച്ചു മാറിയ വാസു കത്തിപിടിച്ചിരുന്ന അയാളുടെ കൈപിടിച്ച് തിരിച്ച് പിന്നിലേക്കാക്കി, കത്തി പിടിച്ചുവാങ്ങി അയാളുടെ കഴുത്തില്‍ മുട്ടിച്ചു. “എടാ റാവുത്തരേ..ഇതുകൊണ്ട് ഞാനൊരു വര വരയ്ക്കട്ടെ നിന്റെ ഈ കഴുത്തില്‍..” കത്തി അമര്‍ത്തിക്കൊണ്ട് വാസു മുരണ്ടു. “അയ്യോ എന്റെ വാപ്പച്ചിയെ കൊല്ലല്ലേ..” കൈകള്‍ കൂപ്പിക്കൊണ്ട്‌ അയാളുടെ മകള്‍ അവനോട് അപേക്ഷിച്ചു. വാസു കത്തി മാറ്റിയ ശേഷം അയാളെ പിടിച്ചു സോഫയിലേക്ക് തള്ളി. ഒരു ചാക്കുകെട്ട് ചെന്നു വീഴുന്നതുപോലെ റാവുത്തര്‍ സോഫയിലേക്ക് വീണു. “തന്നോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഈ ഊള പിള്ളേരുടെ മസില്‍ ബലം കണ്ടു താന്‍ അഹങ്കരിച്ചു. ഇനി താന്‍ കേള്‍ക്ക്..ഇവന്മാരും തന്റെ ഭാര്യയും മകളും എല്ലാവരും കേള്‍ക്ക്…ഞാന്‍ വാസു…ഇവിടെ തന്നെ കാണാന്‍ എത്തിയത് തന്റെ മകന്‍ പിഴപ്പിച്ചു കൊല്ലിച്ച മുംതാസ് എന്ന പെണ്‍കുട്ടിക്ക് വേണ്ടിയാണ്. എനിക്ക് തന്റെ മകനെ വേണം. അവന്‍ എവിടെയുണ്ട് എന്നെനിക്ക് അറിയണം… അത് പറഞ്ഞില്ലെങ്കില്‍ തന്റെ കഴുത്ത് ഞാനരിയും..പറയടോ? ഏതു രാജ്യത്താണ് അവനെ താന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്” സോഫയില്‍ ഇരുന്ന റാവുത്തരുടെ നെഞ്ചില്‍ കാലമര്‍ത്തി കഴുത്തില്‍ കത്തി കുത്തി നിര്‍ത്തി വാസു ചോദിച്ചു. അയാളുടെ കഴുത്തില്‍ നിന്നും ചോര പൊടിയുന്നത് കണ്ട ഷഫീനയും അവളുടെ ഉമ്മയും നിലവിളിച്ചു. ഉമ്മ ഓടിയെത്തി വാസുവിന്റെ കാല്‍ക്കല്‍ വീണു. “എന്റെ ഇക്കാനെ കൊല്ലല്ലേ..കൊല്ലല്ലേ..” അവര്‍ നിലവിളിച്ചു. “അയ്യോ എന്റെ വാപ്പച്ചിയെ വിടോ..കബീര്‍ ഇക്ക പാരീസിലുണ്ട്…” ഷഫീന ഭീതിയോടെ വിളിച്ചു പറഞ്ഞു. “ഷഫീന..” റാവുത്തര്‍ അലറി. വാസു അയാളുടെ മുഖമടച്ച് അടിച്ചു. അയാളുടെ മുഖം ഒരു വശത്തേക്ക് കോടിപ്പോയത് പോലെ ആയി. അത് കണ്ടതോടെ ഷഫീന ഉറക്കെ കരഞ്ഞു. “ഇവിടെ വാടീ” വാസു റാവുത്തരുടെ നെഞ്ചില്‍ കത്തി കുത്തി നിര്‍ത്തി അവളെ വിളിച്ചു. അവള്‍ വിറച്ചു കൈകള്‍ കൂപ്പിക്കൊണ്ട്‌ അവന്റെ അരികിലെത്തി. അവളുടെ ഉമ്മ അവന്റെ കാല്‍ക്കല്‍ കിടന്നു കരയുന്നുണ്ടയിരുന്നു.

“സത്യമാണോ നീ പറഞ്ഞത്? അവന്‍ പാരീസില്‍ ഉണ്ടോ?” “അത്..അത്..” അവള്‍ ഭീതിയോടെ റാവുത്തരെ നോക്കി. വാസു അയാളുടെ തലയ്ക്ക് തന്നെ ഒരെണ്ണം കൊടുത്തു. പിന്നെ അവളെ നോക്കി. “പറഞ്ഞില്ലെങ്കില്‍ നിന്റെ വാപ്പയുടെ മയ്യത്ത് നീ ഇന്ന് കാണും..” “അയ്യോ സത്യമാണ് പറഞ്ഞത്..ഇക്ക പാരീസിലുണ്ട്..” “അവന്റെ അഡ്രസ്സ്..ഫോണ്‍ നമ്പര്‍ എന്നിവ കുറിച്ച് താ..വേഗം” വാസു ആജ്ഞാപിച്ചു. ഷഫീന വേഗം ഒരു കടലാസ് എടുത്ത് അതില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് അവനു നല്‍കി. “ഇത് ശരിയല്ലെങ്കില്‍, ഞാന്‍ ഒരു വരവുകൂടിവ് വരും..കേട്ടല്ലോ” “ശരിയാണ്..അതാണ്‌ ഇക്കയുടെ നമ്പരും അഡ്രസും” വിറയലോടെ അവള്‍ പറഞ്ഞു. “എടൊ റാവുത്തരെ..തന്റെ മകനെ ഞാനായിട്ട് നാട്ടിലോട്ടു വരുത്താന്‍ നില്‍ക്കാതെ താന്‍ തന്നെ വരുത്തിയാല്‍, കുറച്ച് ഡിസ്കൌണ്ട് തനിക്ക് പലതിലും പ്രതീക്ഷിക്കാം. അല്ല എനിക്കവനെ വരുത്തേണ്ടി വന്നാല്‍, താന്‍ ദുഖിക്കും.വളരെ വളരെ..ഒരാഴ്ചയ്ക്കുള്ളില്‍ അവന്‍ ഇവിടെ ഈ നാട്ടില്‍ ഉണ്ടായിരിക്കണം..മനസിലായോടോ” കത്തി അയാളുടെ കണ്ണിലേക്ക് ചൂണ്ടി വാസു മുരണ്ടു. അയാള്‍ ഭയന്നു വിറച്ച് ഒരക്ഷരം മിണ്ടാതെ ഇരുന്നതെ ഉള്ളു. “അപ്പൊ ഞാന്‍ പോകുന്നു..” പറഞ്ഞിട്ട് വാസു ഷഫീനയുടെ നേരെ തിരിഞ്ഞു “കൊച്ചെ..ഹാപ്പി ബെര്‍ത്ത്‌ ഡേ..ഇതൊന്നും കാര്യമാക്കണ്ട..മോള് പിറന്നാള്‍ അടിച്ചു പൊളിച്ച് ആഘോഷിക്ക് കേട്ടോ..പിന്നെ ഈ നടന്നതിനൊക്കെ അയാം സോറി..ഉമ്മയെ വിളിച്ചോണ്ട് പോ..” അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. അവള്‍ ഭീതിയോടെ തലയാട്ടി. പുറത്തിറങ്ങിയ വാസു ബൈക്കില്‍ കയറി അത് സ്റ്റാര്‍ട്ടാക്കി. പിന്നെ ലൈറ്റ് ഓണാക്കിയ ശേഷം വന്നവഴിയെ തിരിഞ്ഞു. അവന്റെ ബൈക്ക് പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം മാറി ഇരുട്ടില്‍ നിന്നിരുന്ന മറ്റൊരു ബൈക്ക്, ഒരു പള്‍സര്‍, സ്റ്റാര്‍ട്ട്‌ ആയി. അതില്‍ ഹെല്‍മറ്റ് ധരിച്ച കരുത്തനായ ഒരുത്തന്‍ ഇരിപ്പുണ്ടായിരുന്നു. വാസു പോയ വഴിയെ, അവന്റെ പിന്നാലെ ആ ബൈക്ക് കുതിച്ചു.

Comments:

No comments!

Please sign up or log in to post a comment!