മൃഗം 26

“മോളെ സുറുമി..ഈ മീന്‍ കൊണ്ട് പോ..” കച്ചവടം കഴിഞ്ഞെത്തിയ അബുബക്കര്‍ ഒരു ഇടത്തരം വലിപ്പമുള്ള നെയ്മീന്‍ തന്റെ മീന്‍പെട്ടിയില്‍ നിന്നും എടുത്തു മകളെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അയാളുടെ ഇളയ മകന്‍ സഫീര്‍ ഓടി അടുത്തെത്തി; പതിമൂന്ന് വയസാണ് അവന്. “വാപ്പച്ചി..സുഖിയന്‍..” അവന്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. അബുബക്കര്‍ ചിരിച്ചുകൊണ്ട് ഒരു പൊതിയെടുത്ത് അവന് നല്‍കി. എന്നും ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു പലഹാരപ്പൊതി മക്കള്‍ക്ക് വേണ്ടി അയാള്‍ വാങ്ങിവരും. ഇന്ന് സുഖിയന്‍ വേണമെന്നായിരുന്നു സഫീര്‍ ആവശ്യപ്പെട്ടിരുന്നത്. “മോനെ ഇന്ന് ഞമ്മക്ക് സുഖിയന്‍ കിട്ടീല്ല..പരിപ്പ് വടയാ..അന്റെ ഇത്തമാര്‍ക്കും ഉമ്മാക്കും കൊടുക്ക്..” അയാള്‍ പറഞ്ഞു. പതിനേഴു വയസു പ്രായമുള്ള മകള്‍ സമീറ അയാളുടെ കൈയില്‍ നിന്നും മത്സ്യം വാങ്ങി ഉള്ളിലേക്ക് പോയി. “സുറുമി എവിടെ മോളെ?” “കുളിക്കുവാ വാപ്പച്ചി..” പോകുന്ന വഴിക്ക് സമീറ പറഞ്ഞു. സഫീര്‍ വടകളുമായി ഉള്ളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അബുബക്കര്‍ മത്സ്യം ഇടുന്ന വലിയ പെട്ടി സ്കൂട്ടറില്‍ നിന്നും ഇറക്കി കഴുകാന്‍ വച്ചു. “ഇങ്ങളെന്തേ ഇന്ന് ബരാന്‍ ബൈകീത്..ന്നാ ചായ” അയാളുടെ ഭാര്യ ഒരു സ്റ്റീല്‍ ടംബ്ലാറില്‍ ചായ നീട്ടിക്കൊണ്ട് പറഞ്ഞു. അബുബക്കര്‍ അതുവാങ്ങി മെല്ലെ ആ ചെറിയ വീടിന്റെ വരാന്തയിലേക്ക് ആശ്വാസത്തോടെ ഇരുന്നു. “മീന്‍ ബിറ്റ് തീരാന്‍ കുറെ ബൈകി..ഇപ്പം മുക്കിന് മുക്കിന് കച്ചോടം ബന്നതോടെ ബിസിനസ് കൊറഞ്ഞു..പോകെപ്പോകെ ഈ കച്ചോടം കൊണ്ട് ജീവിക്കാന്‍ പറ്റുവോന്ന് പടച്ചോന് മാത്രേ അറിയൂ..” ചായ ഊതിക്കൊണ്ട് അയാള്‍ പറഞ്ഞു.

“ഇങ്ങക്കും ഏതേലും ഒരു സ്ഥലത്തിരുന്നു കച്ചോടം ചെയ്തൂടെ..” “അങ്ങനൊന്നും പറ്റൂല്ല..അയിനൊക്കെ എന്തോ പുതിയ നിയമങ്ങള്‍ ഒക്കെ ബരുന്നുണ്ട്..പോകുന്നടത്തോളം ഇങ്ങനെ പോട്ടെ..സ്ഥിരം ഞമ്മടെന്നു മീന്‍ മാങ്ങുന്ന കുറെ ബീട്ടുകാരുണ്ട്..അതുകൊണ്ട് കൊയപ്പമില്ല” “സുറുമിയെ ആരുടെ കൂടെങ്കിലും പറഞ്ഞു ബിടണം..ഓള്‍ക്ക് പ്രായം ഇരുപത് കയിഞ്ഞ്..” “ഉം..ജ്ജ് ബേജാറാകാണ്ട്..പടച്ചോന്‍ ഒരു ബയി കാണിക്കും..” അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു. ഭാര്യ ഉള്ളിലേക്ക് പോയപ്പോള്‍ ചായ കുടിച്ചു തീര്‍ന്ന അബുബക്കര്‍ പെട്ടി കഴുകാനായി എഴുന്നേറ്റു. അപ്പോഴാണ്‌ ഒരു പഴയ ജീപ്പ് പൊടിപറത്തി അയാളുടെ വീടിന്റെ മുന്‍പിലെത്തി നിന്നത്. അതില്‍ നിന്നും ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന ആറേഴുപേര്‍ ചാടിയിറങ്ങി അയാളുടെ വീട്ടിലേക്ക് കയറി. “താനല്യോടോ അബുബക്കര്‍” അവരുടെ നേതാവ് അബു ബക്കറിന്റെ മുന്‍പിലെത്തി ചോദിച്ചു.

“അതെ..ആരാ..എന്താ ബല്ല കൊയപ്പോം..” അവരുടെ മട്ടിലും ഭാവത്തിലും പന്തികേട് മണത്ത അബുബക്കര്‍ ചോദിച്ചു. “തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകാതിരിക്കാനാ ഞങ്ങളിപ്പം ഇങ്ങോട്ട് വന്നത്” ശബ്ദം കേട്ടു വീട്ടിലെ മറ്റ് അംഗങ്ങള്‍ അവിടേക്ക് വന്നു നോക്കി. ഇളം പ്രായത്തിലുള്ള സുറുമിയെയും സമീറയെയും കണ്ട ഗുണ്ടകള്‍ വികടച്ചിരിയോടെ അവരെ നോക്കി. “നല്ല പരുവം പ്രായത്തിലുള്ള മക്കള്‍ ഉണ്ടല്ലോടോ തനിക്ക്..ങാ അതെന്തോ ആകട്ടെ..തന്നോട് ഡോണ എന്നോരുത്തി വന്നു ചിലതൊക്കെ ചോദിക്കും. തനിക്കറിയാം അവളെ..അവളിവിടെ മുന്‍പും വന്നിട്ടുണ്ട്. ഒരക്ഷരം താന്‍ അവളോട്‌ ഉരിയാടിയാല്‍..ഈ നില്‍ക്കുന്ന രണ്ടെണ്ണത്തിനേം തന്റെ കണ്മുന്നില്‍ ഇട്ടു ഞങ്ങള്‍ പണിയും..ഓര്‍ത്തോണം”

“ഇങ്ങള് മര്യാദയ്ക്ക് സംസാരിക്കണം..(തിരിഞ്ഞു നോക്കി) ഉള്ളില്‍ പോ മക്കളെ ഈ ശെയ്ത്താന്‍മാരുടെ മുമ്പീ നിക്കാണ്ട്..(വീണ്ടും ഗുണ്ടകളുടെ നേരെ തിരിഞ്ഞ്)..ആരോട് എന്ത് പറേണമെന്നു ഞമ്മക്ക് അറിയാം..എറങ്ങിപ്പോ ഞമ്മടെ പൊരേന്ന്..” അബുബക്കര്‍ കോപത്തോടെ പറഞ്ഞു. സ്വന്തം മക്കളെ കുറിച്ച് അവന്‍ പറഞ്ഞത് അയാളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. “മൂപ്പില്‍സ് ആളു കൊള്ളാമല്ലോ? എടൊ വയസു കാലത്ത് ഈ തടി ഇല്ലായ്മ ആക്കല്ലേ..പറഞ്ഞത് ഓര്‍മ്മ ഉണ്ടല്ലോ? അവളോട്‌ താന്‍ എന്തെങ്കിലും പറഞ്ഞെന്നറിഞ്ഞാല്‍, പിന്നെ തന്റെ മക്കളെ മാത്രമല്ല, ഈ രണ്ട് കാലുംകൂടി ഞങ്ങള്‍ ഇങ്ങേടുക്കും..പിച്ച തെണ്ടി ജീവിക്കും താന്‍ ശിഷ്ടകാലം…” അവന്‍ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. അബുബക്കറിന്റെ ഭാര്യയും മക്കളും ഭയന്നു വിറച്ചു നില്‍ക്കുകയായിരുന്നു. “അളിയാ ഇയാള് കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്..അതിന്റെ പേരില്‍ ഈ പച്ചക്കരിമ്പുകളെ എടുത്തിട്ട് ഒരു പണി പണിയാമായിരുന്നു..” സമീറയെയും സുറുമിയെയും നോക്കി മറ്റൊരുവന്‍ വികൃതച്ചിരിയോടെ പറഞ്ഞു. “കേറിപ്പോടീ അകത്ത്..” അബുബക്കര്‍ മക്കളെ നോക്കി അലറി. പിന്നെ ഗുണ്ടകളുടെ നേരെ തിരിഞ്ഞു “അനക്കൊക്കെ ബീട്ടില്‍ അമ്മേം പെങ്ങമ്മാരും ഇല്ലേടാ..അതോ നീയൊക്കെ ഓരുടെ കൂടെ ആണോ കെടപ്പ്..ഹറാം പെറപ്പുകളെ..എറങ്ങി പോടാ..” അയാള്‍ കോപം കൊണ്ട് ജ്വലിച്ചു. “തന്തയില്ലാഴിക പറയുന്നോടാ കിഴവാ” ഗുണ്ടാ നേതാവ് അബുബക്കറിന്റെ കരണം തീര്‍ത്ത് പ്രഹരിച്ചുകൊണ്ട് അട്ടഹസിച്ചു. ബക്കര്‍ മറിഞ്ഞു പെട്ടിയുടെ മുകളിലേക്ക് വീണുപോയി. അയാളുടെ മക്കളും ഭാര്യയും നിലവിളിയോടെ അങ്ങോട്ട്‌ അടുത്തപ്പോഴേക്കും അവന്‍ കത്തി എടുത്ത് അവര്‍ക്ക് നേരെ ചൂണ്ടി. “അനങ്ങിപ്പോകരുത്..ഇയാളോട് പറഞ്ഞത് കേട്ടല്ലോ.
.അത് ഒന്ന് ഓര്‍മ്മിപ്പിച്ചു കൊടുത്തേക്ക്..” അവരെ രൂക്ഷമായി നോക്കി അങ്ങനെ പറഞ്ഞിട്ട് അവന്‍ പുറത്തേക്ക് നടന്നു. അവര്‍ ചെന്നു വണ്ടിയില്‍ കയറിപ്പോയപ്പോള്‍ ബക്കറിനെ ഭാര്യയും മക്കളും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. “പടച്ചോനെ..എന്തിനാ അവര് നിങ്ങളെ തല്ലിയത്” കാര്യമറിയാതെ അയാളുടെ ഭാര്യ തിരക്കി. കുട്ടികള്‍ കരയുന്നുണ്ടായിരുന്നു. “കരയാണ്ട് മക്കളെ..ഞമ്മക്കൊന്നും പറ്റീല്ല..” അയാള്‍ കവിളില്‍ തടവിക്കൊണ്ട് പറഞ്ഞു. “ആരാ വപ്പച്ചി അവന്മാര്‍? എന്തിനാ അവര് ഇപ്പം ഇങ്ങോട്ട് വന്ന് ഇങ്ങനൊക്കെ ചെയ്തത്?” മൂത്തമകള്‍ സുറുമി വാപ്പയുടെ കവിളില്‍ മെല്ലെ തടവിക്കൊണ്ട് ചോദിച്ചു.

“ഞമ്മള് മുന്‍പ് പറഞ്ഞിട്ടില്യോടീ..ഒരു പെങ്കൊച്ചിനെ കുറേപ്പേര് ബണ്ടിയില്‍ കേറ്റി കൊണ്ട് പോന്നത് ഞമ്മള്‍ ഒരിക്കല്‍ കണ്ട വിവരം..അത് തന്നാ സംഭവം. പച്ചേങ്കി ഇപ്പം ഇവരെന്തിനാ ബന്നത് എന്ന് മനസിലാകുന്നില്ല..അന്നേ ഞമ്മള് പറഞ്ഞതാ ആരോടും അത് പറയൂല്ലാന്ന്..” കവിള്‍ തടവിക്കൊണ്ട് അയാള്‍ പറഞ്ഞു. “ഏതു പെങ്കൊച്ചാ വപ്പച്ചി?” കണ്ണുകള്‍ തുടച്ചുകൊണ്ട് സുറുമി ചോദിച്ചു. “അനക്കറിയൂല്ല മോളെ..ഓള്‍ടെ പേര് മുംതാസ്. റെയില്‍വേ സ്റ്റേഷനില്‍ തട്ടുകട നടത്തിക്കൊണ്ടിരുന്ന ഒരു മൂസയുണ്ട്..ഓന്റെ മോളാരുന്നു ഓള്..” “എന്നിട്ടെന്ത് പറ്റി വാപ്പച്ചി..” “ഞമ്മക്ക് ഒന്നും അറിയൂല്ല മോളെ..ആ പെങ്കൊച്ച് ആത്മഹത്യ ചെയ്തു..അത് കൊച്ചീലെ മൂന്നു വല്യ മൊതലാളിമാരു കാരണമാണ് എന്ന് ഡോണ എന്നൊരു പെങ്കൊച്ച് ടിവിയിലൂടെ പറഞ്ഞതിന്റെ പുകില്‍ ആയിരുന്നു കൊറേ നാള്‍..ആരേം കൊല്ലാന്‍ മടി ഇല്ലാത്ത ആ മൊതലാളിമാരെ എനിക്കറിയാം..അന്ന് ആ വണ്ടീല്‍ അവരുണ്ടാരുന്നു..ഞമ്മള്‍ അവരെ കണ്ടു എന്ന് എങ്ങനോ അറിഞ്ഞ അവര്‍ ഞമ്മട പൊര കണ്ടുപിടിച്ച് ഞമ്മളെ അന്നേ ഭീഷണിപ്പെടുത്തി..കണ്ട വിവരം പറഞ്ഞാല്‍ ഞമ്മള്‍ ജീവനോടെ കാണൂല്ല എന്ന് മാത്രമല്ല..നിങ്ങളെ അവര്‍ പിടിച്ചു കൊണ്ടുപോകും എന്നും പറഞ്ഞാരുന്നു..ഞമ്മള്‍ അതുകൊണ്ട് ആരോടും അതെപ്പറ്റി പറഞ്ഞിട്ടില്ല. ആ കേസൊക്കെ തീര്‍ന്ന് ആരെയോ കോടതി ശിക്ഷിക്കുവേം ചെയ്തു..പിന്നെ..ഇവരെന്തിനാ ഇപ്പം വീണ്ടും വന്നെ എന്നാ ഞമ്മക്ക് പുടി കിട്ടാത്തത്” അബുബക്കര്‍ ആലോചനയോടെ തലയില്‍ കൈയും കൊടുത്തിരുന്നപ്പോള്‍ ഒരു ബുള്ളറ്റ് പടി കടന്ന് അവര്‍ക്കരികില്‍ എത്തി നിന്നു. അതില്‍ നിന്നും ഡോണ താഴെ ഇറങ്ങിയപ്പോള്‍ ബക്കറിന്റെ കണ്ണുകളില്‍ ഭയം കൂടുകൂട്ടി. ഹെല്‍മറ്റ് ഊരിയിട്ട് വാസു അയാളെ നോക്കി പുഞ്ചിരിച്ചു. “ഓലാണ് മോളെ ഡോണ.
.” ബക്കര്‍ ശബ്ദം താഴ്ത്തി മകളോട് പറഞ്ഞു. സുറുമിയും സമീറയും അവളെയും വാസുവിനെയും കൌതുകത്തോടെ നോക്കി. വാസു ഇരുവരെയും നോക്കി ചിരിച്ചു. അതോടെ പെണ്‍കുട്ടികളുടെ മുഖം നാണിച്ച് തുടുത്തു. ബക്കറിന്റെ ഭാര്യയ്ക്ക് ഡോണയെ അറിയാമായിരുന്നു. അവരുടെ മുഖത്തേക്ക് കോപം കടല്‍ത്തിരപോലെ ഇരച്ചുകയറി.

“ഇങ്ങള് എന്തിനാണ് ഇങ്ങോട്ട് ബന്നത്..ഈ മനുസനെ കൊലയ്ക്ക് കൊടുക്കാനോ..ഞമ്മക്ക് ഒന്നും അറിഞ്ഞൂടാന്ന് അന്നേ പറഞ്ഞതല്ലേ..ഇങ്ങള് പിന്നേം പിന്നേം എന്തിനാ ഇങ്ങോട്ട് ബരുന്നത്..പോ..ഇബട നില്‍ക്കണ്ട..പോ…” അവര്‍ ഹിസ്റ്റീരിയ പിടിച്ചതുപോലെ ചീറി. ഡോണ അവരുടെ പെരുമാറ്റം കണ്ടു ചെറുതായി പകച്ചു. “ഇത്താ ഈ ചേച്ചി ടിവിയില്‍ വരുന്നതാ” സമീറ അത്ഭുതത്തോടെ അവളെ നോക്കി സുറുമിയുടെ കാതില്‍ മന്ത്രിച്ചു. ബക്കര്‍ ഡോണയെ നോക്കുന്നതേയില്ലായിരുന്നു. സുറുമി വേഗം ഇറങ്ങി ഡോണയുടെ അരികില്‍ ചെന്നു. “ചേച്ചി..ഉമ്മ വെറുതെയല്ല ദേഷ്യപ്പെടുന്നത്. അല്‍പ്പം മുന്‍പ് കുറെ ഗുണ്ടകള്‍ ഇവിടെ വന്ന് എന്റെ വാപ്പച്ചിയെ തല്ലി ഭീഷണിപ്പെടുത്തി ഞങ്ങളോട് വൃത്തികേടും പറഞ്ഞിട്ട് അങ്ങോട്ട്‌ പോയതെ ഉള്ളു. ചേച്ചി വന്നു വല്ലതും ചോദിച്ചാല്‍ ഒരക്ഷരം പറയരുത് എന്നാണ് അവര് പറഞ്ഞത്….ദയവു ചെയ്ത് നിങ്ങള്‍ ഞങ്ങളെ വെറുതെ വിട്ടേക്ക്..ഞങ്ങള്‍ക്ക് വാപ്പച്ചി മാത്രമേ ഉള്ളു ചേച്ചി..” നിറകണ്ണുകളോടെ അവള്‍ ഡോണയുടെ മുന്‍പില്‍ കൈകള്‍ കൂപ്പി. ഡോണയുടെ മുഖം വലിഞ്ഞു മുറുകി. അവളുടെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു. “അവര്‍ ഇപ്പോള്‍ പോയതെ ഉള്ളോ” ഡോണ ചോദിച്ചു. “അതെ..” ഡോണ ബക്കറിന്റെ അരികിലെത്തി. “വാപ്പച്ചി..ഞാന്‍ കാരണം അവര്‍ വാപ്പച്ചിയെ തല്ലിയെങ്കില്‍, ഞാന്‍ മാപ്പ് ചോദിക്കുന്നു..വാപ്പച്ചി പേടിക്കണ്ട..അവരെ ഞാന്‍ വെറുതെ വിടില്ല..” അവള്‍ വേഗം വന്നു ബൈക്കില്‍ കയറി. “വാസു..വണ്ടി വിട്..നമുക്ക് പോയിട്ട് വരാം..” അവള്‍ പറഞ്ഞു. “എങ്ങോട്ട്..” “നമ്മള്‍ ട്രീസ ടീച്ചറിനെ കണ്ടിട്ടല്ലേ വരുന്നത്..അവരും ഇതേപോലെ തന്നെ പെരുമാറിയത് നീ കണ്ടല്ലോ..ഇവിടെ വന്ന ഗുണ്ടകളെ ഡെവിള്‍സ് അയച്ചതാണ്. നമ്മള്‍ ഷാജിയെ പിടികൂടി തെളിവ് എടുത്ത വിവരം അറിഞ്ഞ അവന്മാര്‍ നമുക്ക് മുന്‍പേ പണി തുടങ്ങിക്കഴിഞ്ഞു..ഇവരെ വിരട്ടി നിര്‍ത്തി സത്യം പറയിക്കാതിരിക്കാന്‍ ഉള്ള ശ്രമം ആണ് ഇപ്പോള്‍ നടന്നത്. അവന്മാര്‍ മിക്കവാറും നേരെ ട്രീസ ടീച്ചറെ കാണാന്‍ ആകും പോയിട്ടുണ്ടാകുക..അങ്ങനെ ആണെങ്കില്‍ നമുക്ക് ഉടന്‍ അവിടെത്തണം..ഞാന്‍ ഇച്ചായനെ ഒന്ന് വിളിച്ചു വിവരം പറയാം.
.നീ വണ്ടി എടുക്ക്” അവള്‍ തിടുക്കത്തോടെ പറഞ്ഞു. വാസുവിന്റെ കാല്‍ കിക്കറില്‍ അമര്‍ന്നു. ഹെല്‍മറ്റ് ധരിച്ചുകൊണ്ട് അവന്‍ ബൈക്ക് തിരിച്ചു. ——————–

“ഈ പെങ്കൊച്ചിന് ഇതെന്തിന്റെ സൂക്കേടാ?..അവന്മാര് ചെയ്ത തെറ്റിന്റെ ശിക്ഷ ദൈവം നല്‍കും..അല്ലാതെ ഈ കൊല്ലാനും കൊല്ലിക്കാനും നടക്കുന്നവന്റെ ഒക്കെ പിന്നാലെ രണ്ടും കല്‍പ്പിച്ച് ഇങ്ങനെ ഇറങ്ങുക എന്നൊക്കെ വച്ചാല്‍? ഇട്ടുമൂടാന്‍ സ്വത്തുള്ള വീട്ടിലെ ഏക പെണ്‍തരി ആണ്.. അവളുടെ അപ്പനെങ്കിലും ഇതിനെ ഒന്ന് ഉപദേശിച്ചു കൂടെ” അസ്വസ്ഥതയോടെ ജോണി പറഞ്ഞു. അയാളും ഭാര്യ ട്രീസ ടീച്ചറും മകള്‍ ജാനറ്റും വൈകുന്നേരം വീടിന്റെ വരാന്തയില്‍ സമ്മേളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ട ശേഷം വാസുവും ഡോണയും അബുബക്കറിന്റെ വീട്ടിലേക്ക് പോയ സമയത്ത് അവളെപ്പറ്റി സംസാരിക്കുകയായിരുന്നു അവര്‍ മൂവരും. അവളോട്‌ സഹകരിക്കാന്‍ ടീച്ചര്‍ അന്നും തയാറായില്ല. ജോണിയാണ് പ്രധാനമായും ടീച്ചറെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്. അറേബ്യന്‍ ഡെവിള്‍സിനെ അയാള്‍ക്ക് അത്രയ്ക്ക് ഭയമായിരുന്നു. “ആ കൊച്ചിനെ കൊല്ലാന്‍ അവര്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നാണ് കേഴ്വി. അതിനാണ് ഇപ്പം കൂടെ വന്ന ആ പയ്യനെ അവളുടെ ബോഡി ഗാര്‍ഡ് ആയി വച്ചിരിക്കുന്നത്..പക്ഷെ അറേബ്യന്‍ ഡെവിള്‍സിന്റെ മുമ്പീ ഈ ചെക്കന്‍ ഒരു ചുക്കുമല്ല എന്ന് അറിയാവുന്നവര്‍ക്കല്ലേ അറിയൂ..എന്ത് വന്നാലും നീ അവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടരുത്. നമുക്ക് കണ്ട വയ്യാവേലി തലയില്‍ കയറ്റി വയ്ക്കേണ്ട യാതൊരു കാര്യവുമില്ല..” ജോണി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ട് പറഞ്ഞു. “ഞാനത് അതിനോട് അന്നേ പറഞ്ഞതാണ്; പക്ഷെ അവള്‍ അതിന്റെ പിന്നാലെ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുവല്ലേ..ഈ കൊച്ച് എന്നും പുറത്ത് പോകുന്നതാണ്..എന്തിനാണ് അതീ അപകടം പിടിച്ച പണി ചെയ്യുന്നത് എന്നെനിക്ക് മനസിലാകുന്നില്ല.. നമ്മള്‍ അവര്‍ക്കെതിരെ വല്ലതും പറഞ്ഞാല്‍, ഇവളെ ആയിരിക്കും അവന്മാര്‍ ആദ്യം ഉപദ്രവിക്കുക. കണ്ണില്‍ ചോര ഇല്ലാത്ത എന്തിനും പോന്ന അവന്മാരോട് നമുക്ക് എതിര്‍ക്കാനുള്ള ശേഷി ഉണ്ടോ” ടീച്ചര്‍ ആശങ്കയോടെ അയാളെനോക്കി. “ആ ചത്തുപോയ പെണ്ണ് ഇവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു..” ജോണി നടത്ത നിര്‍ത്തി ഇരുവരോടുമായി പറഞ്ഞു. പിന്നെ വീണ്ടും നടക്കാനാരംഭിച്ചു. “ഇങ്ങനെ പേടിച്ച് ജീവിച്ചാലോ മമ്മി? ആ ചേച്ചി ശ്രമിക്കുന്നത് അവര്‍ മൂലം മരിച്ചുപോയ ഒരു പാവം പെണ്ണിന് നീതി വാങ്ങി കൊടുക്കാനല്ലേ..അവര്‍ക്കുള്ള അത്ര റിസ്ക്‌ ഇതില്‍ നമുക്കില്ലല്ലോ..” ജാനറ്റ് ട്രീസയുടെ നിലപാട് ഇഷ്ടപ്പെടാത്ത മട്ടില്‍ ചോദിച്ചു.

“മോളെ നീ ചെറുപ്പമാണ്..ഈ അറേബ്യന്‍ ഡെവിള്‍സ് ആരാണെന്നാ നിന്റെ വിചാരം? തനി ചെകുത്താന്മാരാണ് അവര്‍. ഈ കൊച്ചി നഗരത്തില്‍ അവര്‍ക്കെതിരെ സംസാരിക്കാനോ കളിക്കാനോ ഒരുത്തനും ധൈര്യപ്പെടില്ല. എവിടെയും അവരുടെ ചെവികളും കണ്ണുകളും ഉണ്ട്. പോലീസിലും രാഷ്ട്രീയക്കാരിലും മറ്റ് ഉദ്യോഗസ്ഥരിലും നല്ല സ്വാധീനവും. അവര്‍ക്കെതിരെ നീങ്ങുന്നതിലും നല്ലത് ട്രെയിനിന്റെ കീഴില്‍ തല വയ്ക്കുന്നതാണ്” ജോണി പറഞ്ഞു. “അപ്പോള്‍ ആ ചേച്ചി രണ്ടും കല്‍പ്പിച്ചു ചെയ്യുന്നതോ?” “മോളെ അവളുടെ അപ്പന്‍ പുന്നൂസ് ഒരു കോടീശ്വരന്‍ ആണ്. അത്യാവശ്യം പിടിപടൊക്കെ അയാള്‍ക്കും ഉണ്ട്. പക്ഷെ ഡെവിള്‍സിന് മുന്‍പില്‍ പുന്നൂസ് ഒരു ചുക്കുമല്ല. ഈ കൊച്ചിന്റെ ജീവിതം അപകടത്തിലാണ്..അത് നീ ഏറെ താമസിയാതെ അറിയും..അവനവന്റെ പണി നോക്കി ജീവിക്കാനുള്ളതിനു പകരം മരിച്ചുപോയ ഏതോ പെണ്ണിന് വേണ്ടി ജീവിതം തുലയ്ക്കാന്‍ നടക്കുന്ന വിഡ്ഢി..” അയാള്‍ അരിശത്തോടെ പറഞ്ഞു. “ആ മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നു എങ്കിലും പപ്പാ ഇതുതന്നെ പറയുമായിരുന്നോ” ജാനറ്റിന്റെ ആ ചോദ്യത്തിന് മുന്‍പില്‍ ജോണിയും ട്രീസയും പതറി. “മോളെ നീ പപ്പയോടു തര്‍ക്കുത്തരം പറയാതെ അകത്ത് പോ. നമുക്ക് ഇതിവിടെ നിര്‍ത്താം. ഞാന്‍ ആരോടും ഒന്നും പറയാന്‍ പോകുന്നില്ല..അതെന്റെ ഉറച്ച തീരുമാനമാണ്..” ട്രീസ ടീച്ചര്‍ ശാസനാരൂപത്തില്‍ മകളോട് പറഞ്ഞു. ജാനറ്റ് മുഖം വീര്‍പ്പിച്ച് പോകാന്‍ എഴുന്നേറ്റതാണ്. അപ്പോഴാണ്‌ ഇരമ്പിയെത്തിയ ഒരു ജീപ്പ് വീട്ടുമുറ്റത്തേക്ക് കയറി ബ്രേക്കിട്ടത്. അവര്‍ നോക്കവേ, അതില്‍ നിന്നും അബുബക്കറിന്റെ വീട്ടിലെത്തിയ അതേ ഗുണ്ടകള്‍ ചാടിയിറങ്ങി ജോണിയുടെ അടുത്തേക്ക് എത്തി. ജാനറ്റ് ഭീതിയോടെ അവരെ നോക്കി. “എന്തൊക്കെയുണ്ട് ടീച്ചറെ? സുഖമല്ലേ?” ഒരു വഷളച്ചിരിയോടെ ടീച്ചറെയും മകളെയും നോക്കി ഗുണ്ടാനേതാവ് ചോദിച്ചു. ജോണിയും ടീച്ചറും മകളും ഞെട്ടലോടെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. “ആരാ? എന്ത് വേണം?” ജോണി ധൈര്യം സംഭരിച്ചു ചോദിച്ചു. അവന്മാരുടെ വൃത്തികെട്ട നോട്ടം കണ്ട ജാനറ്റ് മുഖം ചുളിച്ചു. “ഞങ്ങള്‍ ആരാണെന്ന് വഴിയെ അറിയും..തല്‍ക്കാലം ഒരു കാര്യം പറയാനാ വന്നത്. നിങ്ങളെ കാണാന്‍ ഡോണ എന്നൊരു ടിവിക്കാരി വരാന്‍ ഇടയുണ്ട്. ആളെ അറിയാമല്ലോ അല്ലെ? അവള്‍ ചോദിക്കുന്ന ഒരൊറ്റ ചോദ്യത്തിനും മറുപടി കൊടുത്തേക്കരുത്..കൊടുത്താല്‍..കളി ആരോടാണ് എന്നറിയാമല്ലോ.” (ജാനറ്റിനെ നോക്കി) “മോള്‍ ഏതു കോളജിലാ പഠിക്കുന്നത്?”

“ഞങ്ങള് പറയില്ല എന്ന് അന്നേ പറഞ്ഞതല്ലേ..പിന്നെന്താ ഇപ്പം വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍? ഡോണ ഇപ്പോള്‍ വന്നിട്ട് പോയതെ ഉള്ളു..ഞങ്ങള്‍ അവളോട്‌ കമാന്നൊരു അക്ഷരം പറഞ്ഞിട്ടില്ല..പറയുകയുമില്ല..നിങ്ങള്‍ ദയവു ചെയ്ത് പോണം” ജോണി അവരെ ഒഴിവാക്കാനുള്ള വ്യഗ്രതയോടെ പറഞ്ഞു. “നല്ലത്..ടീച്ചര്‍ക്ക് ബുദ്ധി ഉണ്ട്..അപ്പൊ ഞങ്ങള് പോട്ടെ..മോളെ..ബൈ” അവന്‍ ജാനറ്റിനെ നോക്കി കൈവീശി കാണിച്ച് തിരിഞ്ഞതും ഇടിമുഴക്കം പോലെ വാസുവിന്റെ ബുള്ളറ്റ് അവിടെത്തി നിന്നതും ഒരുമിച്ചായിരുന്നു. ഡോണ നിമിഷങ്ങള്‍ കൊണ്ട് അതില്‍ നിന്നും ചാടിയിറങ്ങി ഫ്ലാഷ് മിന്നിച്ച് പടപടാ നാലഞ്ച് ഫോട്ടോകള്‍ എടുത്തു. വാസു ഹെല്‍മറ്റ് ഊരി വച്ച ശേഷം ബൈക്കില്‍ ഇരുന്നുകൊണ്ട് തന്നെ അത് സ്റ്റാന്റില്‍ ഇട്ടു. ജോണിയും കുടുംബവും പുതിയ സംഭവവികാസങ്ങള്‍ ഞെട്ടലോടെ നോക്കി നില്‍ക്കുകയായിരുന്നു. “ആരോട് ചോദിച്ചിട്ടാടീ ഫോട്ടോ എടുത്തത്?” ഗുണ്ടാനേതാവ് ഡോണയുടെ നേരെ ചീറി. “ആ ക്യാമറ പിടിച്ചു വാങ്ങടാ” അവന്‍ അണികളോട് അലറി. ഡോണ വീണ്ടും അവരുടെ ഫോട്ടോകള്‍ എടുത്തു. അവള്‍ക്ക് നേരെ ചെന്ന ഒരുത്തനെ വാസു തോളില്‍ പിടിച്ചു നിര്‍ത്തി. “എങ്ങോട്ടാ മോന്‍? ഉം?” അവന്‍ ബൈക്കില്‍ ഇരുന്നുകൊണ്ട് ചോദിച്ചു. “അടിക്കടാ നായിന്റെ മോനെ” നേതാവ് അലറി. ജോണിയും ഭാര്യയും മകളെയും കൊണ്ട് വേഗം വീട്ടിനുള്ളില്‍ കയറി കതകടച്ചു. എന്നിട്ട് ജനലിലൂടെ ഭീതിയോടെ വെളിയിലേക്ക് നോക്കി. ഗുണ്ടകളില്‍ രണ്ടുപേര്‍ വാസുവിന് നേരെ കുതിച്ചു. തോളില്‍ വച്ചിരുന്ന കൈയുടെ ബലത്തില്‍ ബൈക്കില്‍ നിന്നും പൊന്തിയ വാസുവിന്റെ രണ്ട് കാലുകളും ആ രണ്ട് പേരുടെയും നെഞ്ചില്‍ത്തന്നെ പതിഞ്ഞു. വന്നതിനേക്കാള്‍ വേഗത്തില്‍ അവര്‍ പിന്നിലേക്ക് മലര്‍ന്നടിച്ചു വീണു. ജാനറ്റിന്റെ കണ്ണ് തള്ളിപ്പോയി അവന്റെ ആ പ്രകടനം കണ്ടപ്പോള്‍. പിന്നില്‍ നിന്നവനെ നോക്കി ഒന്ന് ചിരിച്ച ശേഷം വാസു അവനെ തട്ടി തോളില്‍ കയറ്റി ഒന്ന് കറക്കിയശേഷം നിലത്തടിച്ചു. പിന്നെ അവന്റെ നെഞ്ചില്‍ ചവുട്ടി ഗുണ്ടാ നേതാവിന്റെ അരികിലെത്തി അവന്റെ കണ്ണിലേക്ക് നോക്കി. “നീ പ്രായമായ മനുഷ്യരെ വിരട്ടും..ങേ? നീ അവരെ തല്ലും..അല്ലേടാ..തല്‍ക്കാലം നീ ഇത് പിടി..”

പറഞ്ഞതും അവന്റെ വലതുകാല്‍ അവന്റെ വാരിയെല്ലില്‍ ഊക്കോടെ പതിഞ്ഞതും ഒപ്പമായിരുന്നു. ഒരു അലര്‍ച്ചയോടെ അവന്‍ വീഴുന്നത് കണ്ട ജാനറ്റ് ഭീതിയോടെ കണ്ണുകള്‍ പൊത്തി. ബാക്കി ഉണ്ടായിരുന്ന ഗുണ്ടകള്‍ ഭയന്നു വിറച്ച് അവന്റെ മുന്‍പില്‍ കൈ കൂപ്പി. പിന്നെ റോഡിലേക്ക് ശരവേഗത്തില്‍ പാഞ്ഞു. ഒരു വാഹത്തിന്റെ ടയറുകള്‍ ഉരയുന്ന ശബ്ദം കേട്ടു ജാനറ്റും വാസുവും ഡോണയും റോഡിലേക്ക് നോക്കി. പോലീസ് ജീപ്പില്‍ നിന്നും പൌലോസ് പുറത്തേക്കിറങ്ങുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. ഓടിച്ചെന്ന ഗുണ്ടകള്‍ അയാളെ കണ്ടു ഞെട്ടിത്തരിച്ചു നിന്നു. “ഉം..കേറിക്കോ..നിങ്ങക്ക് പോകാനുള്ള വണ്ടി തന്നെ..” പൌലോസ് പറഞ്ഞു. പോലീസുകാര്‍ അവരെ പിടികൂടി ഉള്ളില്‍ കയറ്റുന്ന സമയത്ത് പൌലോസ് എത്തി നോക്കി. മൂന്നു പേര്‍ നിലത്ത് നിന്നും എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. നേതാവ് എങ്ങനെയോ തപ്പിപ്പിടിച്ച് എഴുന്നേറ്റ് കഴിഞ്ഞിരുന്നു. പൌലോസ് വാസുവിനെ നോക്കി. “അപ്പൊ പണി കഴിഞ്ഞു..പിന്നെന്തിനാ ഇവളെന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്” “സാറിന് ഒന്നും ബാക്കി വക്കാന്‍ പറ്റിയില്ല..ക്ഷമിക്കണം” വാസു വിനയാന്വിതയായി പറഞ്ഞു. അത് കണ്ടപ്പോള്‍ പൌലോസ് ഉറക്കെ ചിരിച്ചു. “പോയി വണ്ടിയേല്‍ കേറടാ..നിന്റെയൊക്കെ ഗുണ്ടാപ്പണി ഇന്നോടെ തീര്‍ന്നു..ഉം..ക്യുക്ക്” പൌലോസ് ഗുണ്ടകളോട് ആജ്ഞാപിച്ചു. അവന്മാര്‍ നാലുപേരും വണ്ടിയുടെ അടുത്തേക്ക് പോയിക്കഴിഞ്ഞപ്പോള്‍ ജോണി കതക് തുറന്ന് വെളിയിലെത്തി. “ഇച്ചായാ..അങ്ങേരെ രണ്ട് പറഞ്ഞിട്ടേ പോകാവൂ..അയാള് കാരണം ആണ് ടീച്ചര്‍ ഒന്നും പറയാത്തത്” ഡോണ പൌലോസിന്റെ കാതില്‍ മന്ത്രിച്ചു. “ഏറ്റടി ഭാവി ഭാര്യെ..” പൌലോസ് പിറുപിറുത്തു. “വല്യ ഉപകാരം സര്‍..ഇവന്മാര് കാരണം ജീവിക്കാന്‍ പറ്റാതായിരിക്കുകയാണ്..” ജോണി ഭയം വിട്ടുമാറാതെ കൈകള്‍ കൂപ്പിക്കൊണ്ട്‌ പറഞ്ഞു. “നിങ്ങള്‍ ഗുണ്ടകളെ പേടിക്കുന്നതാണ് അവരുടെ വിജയം. ദാ ഇവന്‍ പ്രതികരിച്ചത് കണ്ടില്ലേ? ആറുപേര്‍ക്ക് ഒരൊറ്റ ഒരുത്തന്‍ മതി എന്ന് മനസിലായില്ലേ? നോക്കണം മിസ്റ്റര്‍….?” പൌലോസ് ചോദ്യഭാവത്തില്‍ അയാളെ നോക്കി. “ജോണ്സന്‍” ജോണി പൂരിപ്പിച്ചു. “ങാ..മിസ്റ്റര്‍ ജോണ്‍സന്‍..കുറ്റകൃത്യം നടത്തുന്ന ആളുകളെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുക, അവരെ എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കര്‍ത്തവ്യമാണ്..ക്രിമിനലുകള്‍ ഉണ്ടാകാന്‍ കാരണം തന്നെ നട്ടെല്ലില്ലാത്ത നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ആണ്.. കുറേപ്പേര്‍ സംഘം ചേര്‍ന്നു എന്ത് പോക്രിത്തരം കാണിച്ചാലും അതിനെതിരെ ശബ്ദിക്കാതെ,

പോലീസില്‍ പോലും പറയാതെ നപുംസകങ്ങളെപ്പോലെ ജീവിക്കുന്ന മനുഷ്യരാണ് ഇവര്‍ക്ക് പ്രചോദനം. ക്രിമിനലുകളെ പിടിക്കുന്നത് പോലീസിന്റെ മാത്രം പണിയല്ല..ഈ ഫോഴ്സ് ഉണ്ടാക്കിയിരിക്കുന്നത് നിങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. അതായത് ഇതുപോലെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പ്രതികരിക്കുമ്പോള്‍ അവര്‍ നിങ്ങളെ എതിര്‍ത്താല്‍, ബാക്കി പണി ഞങ്ങളുടേത് ആണ് എന്നര്‍ത്ഥം. പക്ഷെ പലരുടെയും ധാരണ ക്രിമിനലുകളെ പിടിക്കേണ്ടത് പോലീസിന്റെ മാത്രം പണി ആണെന്നാണ്. ഈ മനോഭാവം മാറ്റാതെ നമ്മുടെ നാട് നന്നാകില്ല..ദാ നോക്ക്..ഈ നില്‍ക്കുന്ന പെണ്‍കുട്ടി ഒരു മാധ്യമ പ്രവര്‍ത്തകയാണ്..ഒരു കോടീശ്വരന്റെ ഏകപുത്രി….എന്നിട്ടും സ്വന്തസുഖങ്ങള്‍ ഉപേക്ഷിച്ച് ചിലരുടെ പ്രവൃത്തി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു പാവപ്പെട്ട പെണ്ണിന് നീതി വാങ്ങി കൊടുക്കാന്‍ വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയാണ് ഇവള്‍. ആ ഇവള്‍ക്ക് നിങ്ങളുടെ ഭാര്യയില്‍ നിന്നും അവര്‍ നേരില്‍ കണ്ട ചില വിവരങ്ങള്‍ അറിയണം എന്ന് പറഞ്ഞിട്ട് നിങ്ങള്‍ അവരെ പറയാന്‍ സമ്മതിച്ചോ? ഇല്ല..മിസ്റ്റര്‍ ജോണ്‍സന്‍, കുറ്റം ചെയ്തവര്‍ക്ക് എതിരെയുള്ള സത്യം ഒളിച്ചു വയ്ക്കുന്നത് കുറ്റവാളികളെ സഹായിക്കുന്നതിനു തുല്യമാണ്.. ഇതാണോ ഒരു ദൈവവിശ്വാസി സ്വീകരിക്കേണ്ട രീതി..എനിവേ..പോലീസ് നിങ്ങളുടെ കൂടെ ഉണ്ട്..ഒരുത്തനെയും നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല..ഇപ്പോള്‍ ഇവിടെ നിന്നും പോയവന്മാര്‍ ഇന്നോടെ ഗുണ്ടാപ്പണി നിര്‍ത്തും..അവന്മാരെ നേരെ ഞങ്ങളുടെ വര്‍ക്ക് ഷോപ്പിലേക്ക് ആണ് കൊണ്ടുപോകുന്നത്..ഒന്ന് അഴിച്ചു പണിയാന്‍..അപ്പം പോട്ടെ..” അയാളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം പൌലോസ് ചെന്നു വണ്ടിയില്‍ കയറി. ഡോണ വേഗം ഓടി അവന്റെ അരികില്‍ എത്തി. “എന്നതാടി..അത്രേം പറഞ്ഞാല്‍ പോരെ..എന്റെ ശ്വാസം തീര്‍ന്നു ആ നീണ്ട ഡയലോഗടിച്ച്..” പൌലോസ് അവള്‍ കേള്‍ക്കാന്‍ മാത്രം ശബ്ദത്തില്‍ പറഞ്ഞു. “ഇച്ചായന്‍ ആരാ സുരേഷ് ഗോപിയോ നെടുങ്കന്‍ ഡയലോഗടിക്കാന്‍..ങാ പിന്നെ ഞാന്‍ വേറൊരു കാര്യം പറയാനാ വന്നത്. മിക്കവാറും ട്രീസ ടീച്ചര്‍ ഇനി സംസാരിച്ചേക്കും..ഇച്ചായന്‍ ഇവന്മാരെ ആ ബക്കര്‍ ഇക്കയുടെ വീട്ടില്‍ കൊണ്ടുപോയി, തെളിവെടുപ്പ് നടത്തിയിട്ടേ കൊണ്ട് പോകാവൂ..ആ പാവം പേടിച്ചിരിക്കുകയാണ്..ഇവരെ പോലീസ് കൈയോടെ പിടികൂടി എന്നറിഞ്ഞാല്‍ പുള്ളിക്കും ധൈര്യം വരും..ഒന്ന് പോണേ ഇച്ചായാ..പിന്നെ ഇതുപോലെ ഇല്ലെങ്കിലും കുറച്ച് മയപ്പെടുത്തി രണ്ട് ഡയലോഗ് അവിടെയും കാച്ചിയേക്ക്..ഇത് കഴിഞ്ഞാലുടന്‍ ഞങ്ങള്‍ പിന്നെയും അങ്ങോട്ട്‌ പോകും” ഡോണ പറഞ്ഞു. “ഉം..വന്നു വന്നു നിന്റെ ഓര്‍ഡര്‍ലിയാക്കി എന്നെ മാറ്റുന്നുണ്ട് നീ. വച്ചിട്ടുണ്ട് നിനക്ക് ഞാന്‍. ങാ ചെല്ല്..ചെല്ല്..” ഡോണ ആരും കാണാതെ അയാളുടെ കൈയില്‍ ഒന്ന് നുള്ളിയ ശേഷം വാസുവിന്റെ അരികിലേക്ക് പോയി. പോലീസ് ജീപ്പ് ഒരു ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു.

“ചേട്ടാ..എന്തൊരു ഫൈറ്റ് ആയിരുന്നു..ദേ എന്റെ രോമം എഴുന്നു നില്‍ക്കുന്നത്കണ്ടോ..ചേട്ടന്‍ കരാട്ടെ പഠിച്ചിട്ടുണ്ടോ..യ്യോ ആ ബൈക്കില്‍ നിന്നും പൊങ്ങിയ സ്റ്റൈല്‍ ഉണ്ടല്ലോ..ഹമ്മേ..ഐ ലവ് യു മാന്‍…ചേട്ടാ നാളെ എന്റെ കൂടെ ഞങ്ങളുടെ കോളജ് വരെ ഒന്ന് വരാമോ..അവിടെ കുറെ വായീ നോക്കികള്‍ ഉണ്ട്..ഒന്ന് വിരട്ടിയാല്‍ മതി..വരുമോ” ജാനറ്റ് സ്വയം മറന്ന മട്ടില്‍ വാസുവിനെ വിടാതെ പിടികൂടിയിരിക്കുന്നത് കണ്ടു ഡോണ ചിരിച്ചു. “മോളെ ഈ ചേട്ടന് കോളജും സ്കൂളും ഒക്കെ അലര്‍ജി ആണ്…വല്ല ഷാപ്പിലോ ബാറിലോ ആണേല്‍ ഉടന്‍ വരും..” അവള്‍ പറഞ്ഞു. “എന്റെ ചേച്ചി..ഈ ചേട്ടന്‍ സൂപ്പറാണ്..ആ ഗുണ്ടകള്‍ക്ക് രണ്ട് മിനിറ്റ് പോലും കൊടുത്തില്ല..എന്തൊരു ഫൈറ്റ് ആയിരുന്നു..ചേട്ടാ ഞാനൊരു ഉമ്മ തന്നോട്ടെ..” “പിന്നെന്താ..ഇന്നാ തന്നോ…” വാസു കവിള്‍ അവളെ കാണിച്ചു പറഞ്ഞു. “ജാനറ്റ്..നിനക്കെന്താ പെണ്ണെ ഭ്രാന്തായോ” ട്രീസ ടീച്ചര്‍ ചെറിയ ചിരിയോടെ ആണ് അത് ചോദിച്ചത്. “ഉമ്മ്മ..” ജാനറ്റ് അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ വാസുവിന് ഒരു ഉമ്മ നല്‍കി. “ടീച്ചര്‍ പേടിക്കണ്ട..എല്ലാ ഇന്ത്യക്കാരി പെണ്ണുങ്ങളും, ഒരാള്‍ ഒഴികെ, ഇവന് സഹോദരിമാരും അമ്മമാരും ഒക്കെ ആണ്..” ഡോണ ടീച്ചറെ നോക്കി പറഞ്ഞു. “മോനെ..വളരെ നന്ദി..ആ സാറ് പറഞ്ഞത് പോലെ ഞങ്ങള്‍ക്കൊന്നും മോനെപ്പോലെ പ്രതികരിക്കാനുള്ള ത്രാണി ഇല്ല..നിങ്ങള് വാ..കേറി ഇരിക്ക്..” ജോണി അവര്‍ക്കരികില്‍ എത്തി പറഞ്ഞു. “മമ്മി..ഇനി ഒന്നും പേടിക്കണ്ട..എല്ലാം..എല്ലാം ഈ ചേച്ചിയോട് പറഞ്ഞു കൊടുക്ക്..പ്ലീസ്” ജാനറ്റ് പറഞ്ഞു. ഡോണ അവളെ നോക്കി പുഞ്ചിരിച്ചു. “പറയാം മോളെ..എന്തോ ഇപ്പോള്‍ മനസിന്‌ നല്ല ധൈര്യം തോന്നുന്നു..എന്തിനിങ്ങനെ ഭയന്നു ജീവിക്കണം..നിങ്ങള്‍ വാ..കേറി ഇരിക്ക്” ടീച്ചര്‍ ഡോണയുടെ കൈയില്‍ പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്. “ചേട്ടാ പേരെന്താ” ജാനറ്റ് വാസുവിന്റെ അടുത്തു നിന്നും മാറാതെ ചോദിച്ചു. “വാസു” അവന്‍ പറഞ്ഞു.

“വാസുവേട്ടാ എന്റെ കൂടെ കോളജില്‍ നാളെ വരുമോ” “മോളെ നീ കുട്ടികളെപ്പോലെ ആകാതെ..കോളജില്‍ കയറി അടിപിടി ഉണ്ടാക്കാന്‍ പറ്റുമോ..അതൊന്നും വേണ്ട” ജോണി പറഞ്ഞു. “അതെ അതൊന്നും വേണ്ട..കേറിപ്പോടീ അകത്ത്” വാസു അവളുടെ നേരെ നോക്കി കപട കോപത്തോടെ പറഞ്ഞു. ഭയന്നു പോയ ജാനറ്റ് ഉള്ളിലേക്ക് ഓടി. ഡോണ അതുകണ്ട് ചിരിച്ചു. —————— “ഇങ്ങോട്ട് മാറി നില്‍ക്കടാ” ഇന്ദുലേഖയുടെ പക്കല്‍ ഹാജരാക്കിയ കരണ്ടിയോട് അവള്‍ ആജ്ഞാപിച്ചു. അയാളുടെ വലതുകൈയുടെ തള്ളവിരലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. പൌലോസും സന്നിഹിതനായിരുന്നു അവിടെ. “നീ എന്ന് മുതലാണ് ഡെവിള്‍സിന്റെ ഏജന്റ്റ് ആയത്?” ഇന്ദുലേഖ ചോദിച്ചു. “ഞാന്‍ അങ്ങനെ ആരടേം സ്ഥിരം ആളല്ല സാറേ. ഓരോ സമയത്ത് കിട്ടുന്ന പണി അനുസരിച്ച് ചെയ്യുമെന്ന് മാത്രം” “മുന്‍പും നീ അവന്മാര്‍ക്ക് വേണ്ടി ഇതുപോലെ ചെയ്തിട്ടുണ്ടോ?” “കുറെ മാസം മുന്‍പ്..” “അത് എന്തായിരുന്നു?” “ഒരു ചെറിയ അടിപിടി..കോളനിയില്‍..” “ഉം..നീ ഞങ്ങളോട് പറഞ്ഞത് അതെപടി കോടതിയിലും പറയുമോ അതോ അവിടെ നീ കളം മാറ്റി ചവിട്ടുമോ?” “ഇല്ല സാറേ..എന്റെ ഈ വെരല് കണ്ടില്ലേ..ഞാന്‍ വാക്ക് മാറത്തില്ല..ഒറപ്പാ..” “ഉം.എടൊ അവളെ കൊണ്ടുവാ..” ഇന്ദുലേഖ ഒരു പോലീസുകാരനെ നോക്കി പറഞ്ഞു. “നിന്നോട് പറഞ്ഞതൊക്കെ ഓര്‍മ്മ ഉണ്ടല്ലോ..അവള്‍ വരുമ്പോള്‍ നിന്റെ സ്വഭാവം മാറിയാല്‍ കാലു തല്ലിയൊടിക്കും ഞാന്‍..” ഇന്ദുലേഖ അയാളെ രൂക്ഷമായി നോക്കി പറഞ്ഞു. “ഇല്ല സാറേ..” കരണ്ടി കൈകള്‍ കൂപ്പി.

വനിതാ പോലീസുകാര്‍ നാദിയയെ ഹാജരാക്കി. അവള്‍ തല കുനിച്ച് ആരെയും നോക്കാതെ ഒതുങ്ങി നിന്നു. “ഇവനാണോ നിന്നെ ആശുപത്രിയിലേക്ക് അയച്ചത്” അവളെ നോക്കി കരണ്ടിയെ ചൂണ്ടി ഇന്ദുലേഖ ചോദിച്ചു. “അതെ” “അയ്യോ കള്ളമാ സാറേ..ഞാന്‍ ഇവളെ ആദ്യം കാണുന്നത് തന്നെ അന്നാ ആശൂത്രീ വച്ചാ..അതിനു മുന്‍പ് ഞാനിവളെ കണ്ടിട്ട് പോലുമില്ല” കരണ്ടി വേഗം പറഞ്ഞു. ഇന്ദുലേഖ നാദിയയെ നോക്കി. അവളുടെ മുഖം വിളറുന്നത് കണ്ട ഇന്ദുലേഖ എഴുന്നേറ്റ് അവള്‍ക്ക് സമീപമെത്തി. നാദിയ ചെറുതായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. “നേരെ നോക്കടി..എന്നിട്ട് ഒന്ന് കൂടി പറ..ഇയാള്‍ ആണോ നിന്നെ അയച്ചതെന്ന്..” ഇന്ദുലേഖ അവളുടെ നേരെ മുന്‍പില്‍ നിന്നുകൊണ്ട് കനത്ത ശബ്ദത്തില്‍ ചോദിച്ചു. നാദിയ മടിച്ചുമടിച്ച് മുഖമുയര്‍ത്തി അവളെ നോക്കി. മറുപടി പറയാന്‍ വൈകിയപ്പോള്‍, ഇന്ദുലേഖ അവളുടെ കരണം തീര്‍ത്ത് പ്രഹരിച്ചു. നാദിയ തല കറങ്ങി നിലത്തേക്ക് വീണു. “എഴുന്നേല്‍പ്പിക്ക് അവളെ..” ഇന്ദുലേഖ കൈ ചുരുട്ടിക്കൊണ്ട് മുരണ്ടു. പോലീസുകാര്‍ അവളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. “പറയടി..പറഞ്ഞില്ലെങ്കില്‍ നിന്റെ ശവം മാത്രമേ ഇവിടുന്നു പുറത്ത് പോകുകയുള്ളൂ..നിന്നെ അങ്ങോട്ടയച്ചു എന്ന് നീ പറഞ്ഞ ആളാണ്‌ ഇത്. ഇയാളുടെ മൊഴി മാത്രം മതി ഞങ്ങള്‍ക്ക് നിന്നെ ജയിലില്‍ അടയ്ക്കാന്‍..പക്ഷെ ഞങ്ങള്‍ക്ക് വേണ്ടത് നിന്നെയല്ല.നിന്നെ അയച്ചവരെ ആണ്. അത് നിന്റെ നാവുകൊണ്ട് നീ പറയും..ഇപ്പോള്‍..” ഇന്ദുലേഖ അവളുടെ കഴുത്തിനു പിടിച്ച് കൈ ചുരുട്ടി മൂക്കിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. “എന്നെ തല്ലല്ലേ മാഡം..ഞാന്‍ പറയാം..പക്ഷെ പറഞ്ഞാല്‍ എന്നെ അവര്‍….” നാദിയ കൈകള്‍ കൂപ്പി കരഞ്ഞപ്പോള്‍ ഇന്ദു അവളുടെ കഴുത്തില്‍ നിന്നും കൈ മാറ്റി. “നിന്നെ ആരും ഒരു പുല്ലും ചെയ്യില്ല..ഉം പറ..ആരാണ് നിന്നെ അയച്ചത്?” “മാ…മാലിക്ക്….” നാദിയ വിക്കിവിക്കി പറഞ്ഞു. “ഗുഡ്..ഇവളെ കൊണ്ട് പോ..പൌലോസ്..ഇയാളെയും വിട്ടേക്ക്..മൊഴി എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ അല്ലെ” കസേരയിലേക്ക് ഇരുന്നുകൊണ്ട് ഇന്ദു ചോദിച്ചു. “ഉണ്ട് മാഡം..ഇവനെന്നല്ല ആരു വിചാരിച്ചാലും എതിര്‍ക്കാന്‍ പറ്റാത്ത വിധം ഇവന്റെ മൊഴി എല്ല തെളിവുകളും സഹിതം ഞാന്‍ റിക്കോഡ്‌ ആക്കിയിട്ടുണ്ട്” പൌലോസ് പറഞ്ഞു.

“ടാ കരണ്ടി..നിനക്കെതിരെ ഞങ്ങള്‍ കേസ് എടുക്കുന്നില്ല. നീ അസീസിനെ വധിക്കാന്‍ ചെന്നവളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് ഞങ്ങള്‍ മറക്കുന്നു. പക്ഷെ എപ്പോള്‍ വിളിച്ചാലും നീ വന്നോണം. അതേപോലെ ഞങ്ങളോട് പറഞ്ഞത് അതേപോലെ കോടതിയില്‍ പറഞ്ഞില്ല എങ്കില്‍, നിന്നെ ഒരു പത്തുകൊല്ലം ജയിലില്‍ ഇടാനുള്ള വകുപ്പ് ഞങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്..ഓര്‍മ്മ വേണം..” ഇന്ദു താക്കീതിന്റെ രൂപത്തില്‍ അവനോടു പറഞ്ഞു. “വല്യ നന്ദി സാറേ..വല്യ നന്ദി. കരണ്ടി ഇനി ഇത്തരം ജോലികള്‍ക്ക് പോത്തില്ല..ഒരിക്കലും പോത്തില്ല..” അയാള്‍ സന്തോഷത്തോടെ പറഞ്ഞു. “ഉം പൊക്കോ” അയാള്‍ ഇന്ദുവിനെയും പൌലൊസിനെയും നോക്കി കൈകള്‍ കൂപ്പിയ ശേഷം പുറത്തേക്ക് പോയി. “നല്ല പുരോഗതി ഉണ്ട് മാഡം. ഡോണയോട് ആ രണ്ട് സാക്ഷികളും സംസാരിച്ചു കഴിഞ്ഞു. വാസു അവരെക്കൊണ്ട് സംസാരിപ്പിക്കാന്‍ എന്തോ മാര്‍ഗ്ഗം കണ്ടിരുന്നു എങ്കിലും അത് വേണ്ടി വന്നില്ല. ഡെവിള്‍സ് തന്നെ അതിനുള്ള അവസരം ഒരുക്കി നല്‍കി..” പൌലോസ് ചിരിച്ചു. “അതെ..അവര്‍ തന്നെ അവര്‍ക്കുള്ള കുഴി തോണ്ടി..അതല്ലെങ്കില്‍ ആ ഗുണ്ടകളെ അന്ന് തന്നെ അങ്ങോട്ട്‌ അയയ്ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ..മുംതാസ് കേസ് ഏതാണ്ട് നല്ല രീതിയില്‍ തന്നെ പ്രസന്റ് ചെയ്യാന്‍ പറ്റും എന്നാണ് എന്റെ പ്രതീക്ഷ…കബീറിന്റെ കാര്യം എന്തായി? വാസുവിന്റെ ഭീഷണിക്ക് വഴങ്ങി അവന്‍ എത്തുമോ? അതോ ഞാന്‍ എന്റെ വഴിയിലൂടെ അവനെ വരുത്താന്‍ ശ്രമിക്കണോ?” “ഒരാഴ്ച എന്നല്ലേ അവന്‍ പറഞ്ഞിരുന്നത്..നമുക്ക് നാളെ കൂടി വെയിറ്റ് ചെയ്യാം..അവന്‍ വരാന്‍ ചാന്‍സില്ല..പക്ഷെ റാവുത്തര്‍ നന്നായി ഭയന്നിട്ടുണ്ട്‌..വാസുവിനെ ഒരിക്കല്‍ക്കൂടി കാണാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല” “ലെറ്റ്സ് സീ” —————————– അറേബ്യന്‍ ഡെവിള്‍സിന്റെ കൊട്ടാരത്തിന്റെ മുന്‍പിലേക്ക് ഒരു ബി എം ഡബ്ലിയു കാര്‍ ഒഴുകിയെത്തി നിന്നു. സമയം പകല്‍ പത്തുമണി കഴിഞ്ഞിരുന്നു. കാറിന്റെ പിന്നിലെ സീറ്റില്‍ നിന്നും ഏതാണ്ട് ആറടി ഉയരവും, ഒത്ത ശരീരവുമുള്ള ആര് കണ്ടാലും ഒന്ന് നോക്കിപ്പോകത്തക്ക സൗന്ദര്യവും ഉള്ള സുമുഖനായ ഒരു യുവാവ് പുറത്തിറങ്ങി.

ചുവന്ന തിളക്കമുള്ള സില്‍ക്ക് ജൂബയും ചന്ദന നിറമുള്ള ജീന്‍സും ആയിരുന്നു അവന്റെ വേഷം. ലേശം നീട്ടി വളര്‍ത്തിയ മുടിയും ഭംഗിയായി വെട്ടി നിര്‍ത്തിയിരുന്ന മീശയും ഒരു സിനിമാതാരത്തിന്റെ ഗ്ലാമര്‍ അവനു സമ്മാനിച്ചിരുന്നു. കഴുത്തില്‍ ചെറിയ ഒരു കയറിന്റെ ഘനമുള്ള സ്വര്‍ണ്ണമാല വെയിലേറ്റു വെട്ടിത്തിളങ്ങി. “നിങ്ങള്‍ പൊക്കോ..വണ്ടി ഇവിടെ ഇടണ്ട. ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി” ഡ്രൈവറെ നോക്കി അങ്ങനെ പറഞ്ഞിട്ട് അവന്‍ നേരെ ചെന്നു ഡോര്‍ബെല്ലിന്റെ സ്വിച്ച് അമര്‍ത്തി. “ഹല്ലോ കബീര്‍..നൈസ് ടു മീറ്റ്‌ യു എഗൈന്‍” കതക് തുറന്ന മാലിക്ക് വിടര്‍ന്ന ചിരിയോടെ പറഞ്ഞു. “ഹായ് മാലിക്ക്..എവിടെ മറ്റേ രണ്ട് സാറന്മാര്‍?” കബീര്‍ ചിരിച്ചുകൊണ്ട് തിരക്കി. “വരൂ..അവര്‍ ഉള്ളിലുണ്ട്” കതകടച്ച ശേഷം മാലിക്ക് അവനെയും കൂട്ടി ഉള്ളിലേക്ക് നടന്നു. “ഹായ്..കമോണ്‍ കബീര്‍..ഞങ്ങള്‍ നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി എത്തി അല്ലെ?” സ്റ്റാന്‍ലി ഹസ്തദാനം നല്‍കിക്കൊണ്ട് ചോദിച്ചു. അര്‍ജ്ജുനും അവനു കൈ നല്‍കി. “അതെ..ഇന്നലെ എത്തി..എത്തിയതല്ല എത്തിച്ചതാണ്..ഏതോ ഒരു വാസു..എന്റെ വീട്ടില്‍ കയറി വാപ്പയെ തല്ലിയ അവനെ നേരില്‍ ഒന്ന് കാണാന്‍ തന്നെയാണ് ഞാന്‍ വന്നത്..നിങ്ങള്‍ അറിയുമോ അവനെ?” കബീറിന്റെ മുഖത്ത് കോപം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. “ഞങ്ങള്‍ അറിയാതെ ഈ കൊച്ചി നഗരത്തില്‍ ഏവനെങ്കിലും കളിക്കുമോ? നീ ഇരി കബീറെ..” സ്റ്റാന്‍ലി സോഫയിലേക്ക് മലര്‍ന്നു കിടന്നുകൊണ്ട് പറഞ്ഞു. “കബീര്‍..ഓരോ സ്മാള്‍ ആയാലോ” അര്‍ജുന്‍ ചോദിച്ചു. “ഏയ്‌ നോ..വാപ്പ അറിഞ്ഞാല്‍ പ്രശ്നമാണ്” “നിനക്ക് ഇപ്പോഴും നിന്റെ വാപ്പയെ പേടിയാണ് അല്ലെ? എന്തോന്നടെ ഇത്?” മാലിക്ക് ചോദിച്ചു. “പേടി അല്ല.. ഞാന്‍ കുടിക്കുന്ന വിവരം വാപ്പയ്ക്ക് അറിയില്ല..” “നീ കുടിക്കുമല്ലോ അല്ലെ? എന്നാല്‍ പിന്നെ കുഴപ്പമില്ല. എടുക്കടാ മാലിക്കെ കുപ്പി..” സ്റ്റാന്‍ലി പറഞ്ഞു. ഗ്ലാസുകള്‍ നിരന്നു.

“ഉം..ഇനി പറ..എന്താണ് വീട്ടില്‍ നടന്നത്?” അര്‍ജുന്‍ ആദ്യത്തെ പെഗ് അടിച്ച ശേഷം ചോദിച്ചു. കബീര്‍ മദ്യം അല്‍പം നുണഞ്ഞ ശേഷം ഗ്ലാസ് വച്ചു. “വാസു എന്നൊരുത്തന്‍ വീട്ടില്‍ കയറി വാപ്പയെ ആക്രമിച്ചു. വാപ്പയുടെ മൂന്ന് അനന്തിരവന്മാര്‍ അവിടെ ഉണ്ടായിരുന്നു. മൂന്നും തിന്നു കൊഴുത്ത് ജിമ്മില്‍ പോയി മസില്‍ ഉരുട്ടി നടക്കുന്ന കട്ടകള്‍ ആണ്. ആ മൂന്നിനെയും ഒറ്റയ്ക്ക് അടിച്ചു നിലത്തിട്ടു വാപ്പയേയും ഭീഷണിപ്പെടുത്തി ഒരാഴ്ചയ്ക്കകം എന്നെ നാട്ടില്‍ എത്തിച്ചോണം എന്ന് അവന്‍ താക്കീത് നല്‍കിയത്രേ. ഇല്ലെങ്കില്‍ വീണ്ടും അവന്‍ വീട്ടില്‍ ചെല്ലുമെന്ന് പറഞ്ഞതോടെ വാപ്പ അങ്കലാപ്പിലായി. അവന്‍ ജൂവലറിയില്‍ എങ്ങാനും കയറി പ്രശ്നം ഉണ്ടാക്കിയാല്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകും. ഒപ്പം അത് ബിസിനസിനെയും ബാധിക്കും. വാപ്പ പോലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ ഒരു ചുക്കും ചെയ്തിട്ടില്ല. വാപ്പയ്ക്ക് വല്ല കുഴപ്പവും ഞാന്‍ കാരണം ഉണ്ടാകുമോ എന്ന ഭയം കൊണ്ടും, ആ നായിന്റെ മോനെ ഒന്ന് കാണാനും വേണ്ടിയുമാണ്‌ ഞാന്‍ പെട്ടെന്ന് തന്നെ വന്നത്..നിങ്ങള്‍ക്ക് അവനെ അറിയാമോ?” കബീര്‍ തന്റെ ആഗമനോദ്ദേശം അവരെ അറിയിച്ചുകൊണ്ട് ചോദിച്ചു. “ഓഹോ…അപ്പോള്‍ അവിടെ വരെയായി കാര്യങ്ങള്‍. അര്‍ജുന്‍, വക്കീല്‍ പറഞ്ഞത് ശരിയാണ്. അവര്‍ പണി തുടങ്ങിക്കഴിഞ്ഞു. ഇവനെ ഇങ്ങോട്ട് വരുത്തിയത് എന്തിനാണ് എന്നറിയാമല്ലോ? നമുക്കെതിരെ ഉള്ള ഏറ്റവും വലിയ സാക്ഷി ആണ് ഈ ഇരിക്കുന്ന കബീര്‍. സാക്ഷി മാത്രമല്ല, ഇവനാണ് മുംതാസ് കേസിലെ ഒന്നാം പ്രതിയും. രണ്ടാം സ്ഥാനത്ത് മാത്രമേ നമ്മള്‍ വരൂ..അങ്ങനെ വാസുവിന്റെ മിന്നല്‍ പ്രകടനത്തിലൂടെ കബീര്‍ നാട്ടിലെത്തി. എന്തായാലും ഇവന്‍ നേരെ ഇങ്ങോട്ട് തന്നെ വന്നത് നന്നായി..നീ എന്ത് പറയുന്നു?” സ്റ്റാന്‍ലി കബീറിന് മറുപടി നല്‍കാതെ അര്‍ജ്ജുനെ നോക്കി ചോദിച്ചു. “ഇങ്ങനെയൊരു നീക്കം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. റാവുത്തര്‍ സാഹിബ്‌ ഭയന്നു എങ്കില്‍ അതിനര്‍ത്ഥം അവനവിടെ നല്ലൊരു ഷോ തന്നെ നടത്തി എന്നതാണ്..നമ്മള്‍ വേഗം, അതിവേഗം പ്രവര്‍ത്തിക്കേണ്ട സമയം ആയിരിക്കുന്നു..” അര്‍ജുന്‍ പറഞ്ഞു. അല്‍പ്പം മാറി നിന്നു ഫോണില്‍ സംസാരിക്കുകയായിരുന്ന മാലിക്ക് പരിഭ്രമത്തോടെ അവിടേക്ക് എത്തി. “സ്റ്റാന്‍ലി..നാദിയ എന്റെ പേര്‍ ഇന്ദുലേഖയോട് പറഞ്ഞു. കരണ്ടി നേരത്തെ തന്നെ നമ്മളാണ് അവനെ അയച്ചത് എന്ന് പറഞ്ഞിരുന്നല്ലോ..ഇനിയിപ്പോ എന്ത് ചെയ്യും?” അവന്‍ രണ്ടുപേരെയും മാറിമാറി നോക്കി ചോദിച്ചു. “നീ അവളെ വിളിച്ചത് സ്വന്തം മൊബൈലില്‍ നിന്നുമായിരുന്നോ?” അര്‍ജ്ജുന്‍ ചോദിച്ചു. “അല്ല..ആ സിം ഞാന്‍ കളഞ്ഞു..”

“എങ്കില്‍ പേടിക്കണ്ട..അവളെ നമുക്ക് യാതൊരു പരിചയവുമില്ല..ദാറ്റ്സ് ആള്‍..” “പക്ഷെ എടാ അര്‍ജുന്‍..അവളുടെ മൊബൈലില്‍ എന്റെയും അവളുടെയും ഫോട്ടോകള്‍ ഉണ്ട്..ഊമ്പീ മോള്‍ക്ക് എന്നോട് വല്യ പ്രേമം അല്ലെ..അതെങ്ങാനും ആ ഇന്ദുലേഖയ്ക്ക് കിട്ടിയാല്‍ പണി പാളും” “അവളത് നല്‍കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” സ്റ്റാന്‍ലി ചോദിച്ചു. “എന്റെ പേര് അവള്‍ പറഞ്ഞില്ലേ? അപ്പോള്‍ എങ്ങനെ വിശ്വസിക്കും.. കഷ്ടകാലത്തിന് അവളത് കൊടുത്താലോ?” “നീ ഇരി..എന്നിട്ട് ഞാന്‍ പറേന്നത് കേള്‍ക്ക്. ഈ നാദിയയും നീയും തമ്മില്‍ അവിഹിതബന്ധമുണ്ട്. അതിനപ്പുറം അവളുമായി നിനക്ക് ഒരു ബന്ധവുമില്ല എന്നായിരിക്കണം അവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ നീ പറയേണ്ട ന്യായം. അഥവാ അവള്‍ നിന്റെ പേരിനും അപ്പുറം ഒന്നും പറഞ്ഞിട്ടില്ല എങ്കില്‍, അവളെ പരിചയമില്ല എന്നുള്ള സ്റ്റാന്‍ഡില്‍ തന്നെ നിനക്ക് നില്‍ക്കാം” സ്റ്റാന്‍ലി പറഞ്ഞു. “അളിയാ പക്ഷെ ഇന്ദുലേഖ അല്‍പ്പം പ്രശ്നക്കാരി ആണ്. നാദിയയുടെ വായ അവള്‍ തുറപ്പിച്ചത് കരണ്ടിയെ കാണിച്ചാണ്. കരണ്ടിയാണ് തന്നെ അയച്ചത് എന്ന അവളുടെ വാദത്തെ പൊളിച്ചടുക്കിയാണ് ഇന്ദു അവളെക്കൊണ്ട് സത്യം പറയിച്ചത്. ഇനി അവരവളെ കൂടുതല്‍ ചോദ്യം ചെയ്ത് ഞാനും അവളും തമ്മിലുള്ള ബന്ധം തെളിയിക്കുകയും നമുക്ക് വേണ്ടിയാണ് അവളത് ചെയ്തത് എന്ന് വരുകയും ചെയ്താല്‍, പ്രശ്നം നമുക്ക് മൂന്നു പേര്‍ക്കുമാണ്. എന്തെങ്കിലും ഉടനെ ചെയ്തെ പറ്റൂ…” “നീ വക്കീലിനെ വിളിച്ച് അവളുടെ ജാമ്യ ഹര്‍ജിയുടെ കാര്യം എന്തായി എന്ന് ചോദിക്ക്. എത്രയും വേഗം അവളെ ജാമ്യത്തില്‍ ഇറക്കാന്‍ വേണ്ടത് ചെയ്യാന്‍ അങ്ങേരോട് പറ” അര്‍ജുന്‍ പറഞ്ഞു. “ശരി..” മാലിക്ക് ഫോണുമായി പോയപ്പോള്‍ സ്റ്റാന്‍ലി കബീറിനെ നോക്കി. “ഇടതും വലതും മുന്‍പിലും കീഴിലും എല്ലാം പ്രശ്നങ്ങള്‍ തന്നെ. വരുമ്പോള്‍ എല്ലാം കൂടി ഒരുമിച്ചാണ്..പണം കൊടുത്താലും വഴങ്ങാത്ത കുറെ പോലീസുകാരാണ് അതിനെക്കാള്‍ വലിയ തലവേദന” അവന്‍ പറഞ്ഞു. “ആരാ ഈ നാദിയ?” കബീര്‍ ചോദിച്ചു. “ഒരു ചരക്കാണ് മോനെ….എല്ലാം ഇയാളുടെ മുംതാസ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആണ്” സ്റ്റാന്‍ലി ചിരിച്ചുകൊണ്ട് പറഞ്ഞു. “മുംതാസ് കേസോ? അത് തീര്‍ന്ന ചാപ്റ്റര്‍ അല്ലെ”

“അയ്യോ ക്ലോസ് കോടതിയല്ലേ ചെയ്തത്. ഇവിടിപ്പോ കോടതിയെക്കാള്‍ മുന്തിയ ഒരു സാധനം ഇറങ്ങിയിട്ടുണ്ട്..അവള്‍ അതിന്റെ മുക്കും മൂലയും കുത്തിപ്പൊക്കി നമ്മളെ അകത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിന്നെ ഇവിടേക്ക് എത്തിച്ചത്..മുംതാസ് കേസ് പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്ത് എഴുന്നേറ്റിരിക്കുന്നു മകനെ” സ്റ്റാന്‍ലി മദ്യമെടുത്തു നുണഞ്ഞുകൊണ്ട് പറഞ്ഞു. കബീര്‍ പരിഭ്രാന്തനായി ഇരുവരെയും മാറിമാറി നോക്കി. “എന്നെ എത്തിച്ചെന്നോ? ഞാന്‍ തനിയെ വന്നതല്ലേ? അര്‍ജ്ജുന്‍..എന്തൊക്കെയാണ് ഞാന്‍ കേള്‍ക്കുന്നത്? മുംതാസ് കേസ് വിധിയായി തീര്‍ന്നു എന്നല്ലേ നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നത്? പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു..പിന്നിപ്പോള്‍?” അവന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു. “മുംതാസിന്റെ പ്രേതം രംഗത്തിറങ്ങി കബീര്‍..” അര്‍ജുന്‍ ചിരിച്ചു. “ഏയ്‌..നിങ്ങള്‍ തമാശ കളയൂ..എന്താണ് സംഗതി എന്ന് പറയൂ..എനിക്കൊന്നും മനസിലാകുന്നില്ല” അവന്‍ പരിഭ്രാന്തിയോടെ രണ്ടുപേരെയും നോക്കി പറഞ്ഞു. “സ്റ്റാന്‍ലി..പൌലോസ് പിടിച്ചുകൊണ്ട് പോയ ആ ഊളന്മാരും നമ്മുടെ പേര് പറയും എന്നാണല്ലോ തോന്നുന്നത്..അവന്മാരുടെ കാര്യത്തില്‍ എന്ത് ചെയ്യും” അര്‍ജുന്‍ കബീറിന് മറുപടി നല്‍കാതെ ചോദിച്ചു. “മോനെ അര്‍ജുനാ..കഷ്ടകാലം അറബിക്കടല്‍ ഇളകി വരുന്നത് പോലെ നമ്മുടെ നേരെ വന്നുകൊണ്ടിരിക്കുകയാണ്. പൌലോസ് പിടിച്ച ഗുണ്ടകളെ നമ്മളിനി എന്ത് ചെയ്യാന്‍. അയാള്‍ അവന്മാരുടെ അപ്പൂപ്പന്മാരെക്കൊണ്ട് വരെ സത്യം പറയിക്കും. അവര് നമ്മുടെ പേര് പറയുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട…അതിനെ എങ്ങനെ മറികടക്കാം എന്ന് മാത്രം ചിന്തിച്ചാല്‍ മതി. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ..നമുക്ക് ഇവന്റെ കാര്യം നമുക്കൊന്ന് പരിഗണിക്കാം..അപ്പൊ കബീറെ..നീ എന്താ ചോദിച്ചത്?” “നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല എന്ന്…” “പറയാം. അന്ന് നീ ഇവിടുന്നു രായ്ക്ക് രാമാനം നാട് വിടേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നോര്‍മ്മ ഉണ്ടോ?” സ്റ്റാന്‍ലി ചോദിച്ചു. “ഉവ്വ്..ആ ടിവിക്കാരി പെണ്ണ് മുംതാസ് വിഷയം പ്രശ്നം ആക്കിയ സമയത്തല്ലേ ഞാന്‍ പോയത്..”

“യെസ്..അപ്പൊ നീ മറന്നിട്ടില്ല. അന്ന് ഞങ്ങള്‍ പോലീസിനൊരു പ്രതിയെ നല്‍കി കേസ് തീര്‍ത്തു. അതോടെ എല്ലാവരുടെയും വായ്കളും അടഞ്ഞു. പക്ഷെ മോനെ ഒരു രാജവെമ്പാല മാത്രം അതില്‍ വീണില്ല. അവള്‍ക്ക് നന്നായി അറിയാമായിരുന്നു മുംതാസിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ നീയും ഞങ്ങളും ആണെന്ന്..അന്ന് മുതല്‍ അവള്‍ നമ്മളെ കുടുക്കാനുള്ള പ്രയത്നത്തില്‍ ആണ്. അവളെ തട്ടിക്കളയാന്‍ ഞങ്ങള്‍ ഇടയ്ക്ക് ആലോചിച്ചെങ്കിലും, വക്കീല്‍ പറഞ്ഞത് അവളെത്ര ശ്രമിച്ചാലും ഈ കേസ് ഇനിയും കുത്തിപ്പൊക്കാന്‍ പറ്റില്ല എന്നാണ്. കാരണം പോലീസ് ഇതുമായി സഹകരിക്കില്ല എന്നത് തന്നെ. അതുകൊണ്ട് അവള്‍ക്ക് ഞങ്ങള്‍ ആയുസിന്റെ കാര്യത്തില്‍ ഒരു ഡിസ്കൌണ്ട് നല്‍കി. അതിപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. അന്ന് മുതല്‍ അവള്‍ ശ്രമം തുടര്‍ന്നുകൊണ്ടേഇരിക്കുകയാണ്… ഞങ്ങളുടെ ഭീഷണി കാരണം അവളുടെ തന്തപ്പടി എവിടുന്നോ ഒരു ഗജപോക്രിയെ അവളുടെ ബോഡി ഗാര്‍ഡ് ആയും ഇതിനിടെ വച്ചു. അവനാണ് നിന്റെ വീട്ടില്‍ കേറി മേഞ്ഞ വാസു..” സ്റ്റാന്‍ലി പറഞ്ഞു നിര്‍ത്തിയിട്ട് ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു. കബീര്‍ ഞെട്ടലോടെ ഇരിക്കുകയായിരുന്നു. “അവനും കൂടി ഒപ്പമുള്ളത് കൊണ്ട് അവള്‍ക്കിപ്പോള്‍ ഭയം ലവലേശമില്ല. കൂടാതെ എ സി പി ഇന്ദുലേഖ അവളുടെ ക്ലാസ് മേറ്റും അടുത്ത കൂട്ടുകാരിയുമാണ്. അതും പോരാഞ്ഞ് കേരളാ പോലീസിലെ ഒന്നാം നമ്പര്‍ റൌഡി പൌലോസ് എന്ന എസ് ഐയെ പണി കൊടുക്കാന്‍ വേണ്ടി ഞങ്ങള് തന്നെ ഇങ്ങോട്ട് തട്ടിക്കുകയും ചെയ്തു. അതിപ്പോള്‍ എങ്ങാണ്ട് കിടന്ന മൂര്‍ഖനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചതുപോലെയായി..അവളെ ഭീഷണിപ്പെടുത്തിയത് കൊണ്ട് വാസുവും, പണി കൊടുക്കാന്‍ ശ്രമിച്ചത് കൊണ്ട് പൌലോസും ഇവിടെത്തി എന്ന് സാരം. ഞങ്ങള്‍ക്ക് ഈയിടെയായി പറ്റുന്നത് മൊത്തം കുഴപ്പങ്ങള്‍ ആണ്..” അര്‍ജ്ജുന്‍ മുകളിലേക്ക് നോക്കി ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്. “പൌലോസ് വന്നത് കൊണ്ട് നിങ്ങള്‍ക്കെന്ത്‌ കുഴപ്പം? പോലീസുകാര്‍ അല്ലാതെ തന്നെ ഇവിടെ ഉള്ളതല്ലേ?” കബീര്‍ ചോദിച്ചു. “മോനെ കബീറെ നിന്റെ വീട്ടില്‍ കേറി മേഞ്ഞ വാസുവില്ലേ? നീ പറഞ്ഞ മൂന്നു കട്ടകളെ തൂക്കി താഴെ അടിച്ചവന്‍? കൈയിലിരിപ്പിന്റെ കാര്യത്തില്‍ അവന്റെ ഏതാണ്ട് ചേട്ടനായി വരും ഈ പൌലോസ്..കൂടെ പോലീസ് ഉദ്യോഗോം ഉണ്ട്. അവനും അവള്‍ക്ക് കട്ട സപ്പോര്‍ട്ട് ആണ്..ലോകത്ത് ഒരുത്തനെയും പേടി ഇല്ലാത്ത രണ്ട് വേള്‍ഡ് ക്ലാസ് ഗുണ്ടകള്‍ അവള്‍ക്കൊപ്പം ഉണ്ടെന്നര്‍ത്ഥം. അതിലൊരു ഗുണ്ടയ്ക്ക് അടിക്കാനും പിടിക്കാനും സര്‍ക്കാര്‍ ലൈസന്‍സും കൊടുത്തിട്ടുണ്ട്..അവര്‍ ഉണ്ടാക്കിയ തന്ത്രത്തില്‍ കുരുങ്ങിയാണ് നീ ഇപ്പോള്‍, ഇവിടെ ഞങ്ങളുടെ മുന്‍പില്‍ ഇരിക്കുന്നത്..ഇപ്പോള്‍ വല്ലതും മനസിലായോ?” സ്റ്റാന്‍ലി ചോദിച്ചു. കബീര്‍ വിയര്‍ത്ത് തുടങ്ങിയത് അവര്‍ ശ്രദ്ധിച്ചു.

“ഷാജി, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവനെ അവര്‍ വിദഗ്ധമായി കുടുക്കി ഞങ്ങള്‍ക്കെതിരെ തെളിവ് ഉണ്ടാക്കി..ഇത്രയും നാള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരുന്ന രണ്ട് സാക്ഷികളെ ഭംഗിയായി കൈയിലെടുത്ത് അവരില്‍ നിന്നും മൊഴി എടുത്തു..ഇന്നലെ അവരെ വിരട്ടാന്‍ അയച്ച കുറെ ഊളന്മാരെ പൌലോസ് പിടിച്ചു കൊണ്ട് പോയിട്ടുണ്ട്..അതിനിടെ നിനക്ക് പകരം ജയിലില്‍ പോയ അസീസ്‌ എന്നവന്‍ പരോളില്‍ വന്നപ്പോള്‍ എല്ലാം ഡോണയോട് തുറന്ന് പറഞ്ഞു. അവനെ തട്ടാന്‍ ഒരു തെണ്ടിയെ ഏര്‍പ്പാടാക്കി എങ്കിലും അവന്റെ ഭാര്യ മാത്രമേ ചത്തുള്ളൂ..അവനെ വീണ്ടും തട്ടാന്‍ ഒരുത്തിയെ പറഞ്ഞു വിട്ടു..അവളാണ് നീ ആദ്യം കേട്ട നായിക നാദിയ..അവളെക്കൊണ്ട് എസിപി സത്യം പറയിച്ചു. മാലിക്ക് ആണ് അവളെ ഏര്‍പ്പെടുത്തിയത് എന്ന മൊഴി പൊലീസിന് കിട്ടിക്കഴിഞ്ഞു..അങ്ങനെ മുംതാസ് കേസ് ഭംഗിയായി കഥ എഴുതുന്നത് പോലെ എഴുതി തെളിവ് സഹിതം കോടതിക്ക് നല്‍കാന്‍ ബാക്കി വേണ്ടിയിരുന്ന ഏക കണ്ണി നീ ആയിരുന്നു. ആ നീ വാസുവിന്റെ കഥ കേട്ടപാടെ കുറ്റിയും പറിച്ച് ഇങ്ങു വരികയും ചെയ്തു.നിന്നെ കൈയില്‍ കിട്ടിയാല്‍ പിന്നെ നമുക്ക് ഒരുമിച്ചു ഉണ്ട തിന്നാന്‍ ഉള്ള യോഗമാണ് മോനെ തെളിഞ്ഞു തെളിഞ്ഞു വരുന്നത്” അര്‍ജുന്‍ വീണ്ടും മദ്യം നിറച്ചുകൊണ്ട് പറഞ്ഞു. “ഒരെണ്ണം എനിക്കൂടെ..” ഏസിയുടെ കുളിര്‍മയിലും വിയര്‍ത്ത് തുടങ്ങിയ കബീര്‍ ഗ്ലാസ് നീട്ടിക്കൊണ്ടു പറഞ്ഞു. അര്‍ജുന്‍ ഒഴിച്ച സ്കോച്ച് വെള്ളം പോലും ചേര്‍ക്കാതെ കബീര്‍ വിഴുങ്ങി. അവന്‍ പരവേശത്തോടെ അവരെ നോക്കി. “നിങ്ങള്‍ ഈ പറയുന്നതൊക്കെ സത്യമാണോ?” “അല്ലടാ..ഞങ്ങള്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ കഥ നിന്നോട് പറയുകയായിരുന്നു. നീ കുടുങ്ങിക്കഴിഞ്ഞു..ഇതില്‍ നിന്നും രക്ഷപെടാന്‍ ഒരൊറ്റ വഴിയെ ഉള്ളു…” സ്റ്റാന്‍ലി പറഞ്ഞു. “പറ.എന്ത് വേണേലും ഞാന്‍ ചെയ്യാം” “കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തോളാം..പക്ഷെ ചിലവുണ്ട്..അമ്പത് ലക്ഷം രൂപ..അത് ഞങ്ങളുടെ അക്കൌണ്ടില്‍ ഏതെങ്കിലും എന്‍ ആര്‍ ഐ അക്കൌണ്ടില്‍ നിന്നും ക്രെഡിറ്റ് ആയാല്‍, നിനക്ക് ജയിലില്‍ പോകാതെ കഴിക്കാം..കേസ് ഞങ്ങള്‍ തീര്‍പ്പാക്കിക്കൊള്ളാം” “എങ്ങനെ? തെളിവുകള്‍ എല്ലാം നിങ്ങള്‍ക്ക് എതിരെ അവര്‍ക്ക് കിട്ടിയ സ്ഥിതിക്ക്…”

“അതൊക്കെ ഞങ്ങള്‍ ഡീല്‍ ചെയ്തോളാം. ഡെവിള്‍സ് കളി തുടങ്ങിയത് ഇന്നലെ രാത്രിയല്ല..ചിലരുടെ തല പോകും.ചിലതൊക്കെ ഉരുളും..ഇനിയുള്ള ദിവസങ്ങള്‍ ചടുലമായ നീക്കങ്ങളുടെ ദിനങ്ങള്‍ ആയിരിക്കും..കുടുങ്ങാന്‍ പോകുന്നവന്‍ രക്ഷപെടാന്‍ വേണ്ടി കളിക്കുന്ന രണ്ടുംകെട്ട കളി..എന്ത് പറയുന്നു?” സ്റ്റാന്‍ലി അവനെ നോക്കി. “പണം ഒരു പ്രശ്നമല്ല..പക്ഷെ എന്താണ് ഞാന്‍ രക്ഷപെടും എന്നതിന്റെ ഗ്യാരന്റി..” “നിനക്ക് ഒരൊറ്റ ഓപ്ഷനെ ഉള്ളു. ഞങ്ങളെ വിശ്വസിക്കുക. അല്ല, അതില്ലെങ്കില്‍, ഞങ്ങള്‍ കൂളായി ഊരിപ്പോകും. ഇതില്‍ നീയാണ് ഞങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത് എന്ന് ഞങ്ങള്‍ പുല്ലുപോലെ തെളിയിക്കും. ഒന്നാം പ്രതി നീ ആയിരിക്കും. കാണേണ്ടവരെ കാണേണ്ടപോലെ കണ്ടു ഞങ്ങള്‍ ഒരു ശിക്ഷയും കിട്ടാതെ ഊരിപ്പോകുകയും ചെയ്യും..ഞങ്ങള്‍ക്ക് തടി രക്ഷിക്കാന്‍ ഇഷ്ടം പോലെ വഴികളുണ്ട്..പക്ഷെ നീ..നീ രക്ഷപെടില്ല..” അര്‍ജ്ജുന്‍ ക്രൂരമായി അവനെ നോക്കി പറഞ്ഞു. “ഒകെ..പണം തന്നാല്‍ എന്താണ് നിങ്ങള്‍ എനിക്ക് നല്‍കാന്‍ പോകുന്ന മാര്‍ഗ്ഗം?” “ആദ്യം പണം. അത് എപ്പോള്‍ ക്രെഡിറ്റ് ആകുന്നോ..അപ്പോള്‍ മാത്രമേ നിനക്ക് വഴി തുറന്ന് കിട്ടൂ..” സ്റ്റാന്‍ലി പറഞ്ഞു. കബീര്‍ ആലോചനയില്‍ മുഴുകി. “പണം നാളെ നിങ്ങളുടെ അക്കൌണ്ടില്‍ ഇടാന്‍ നോക്കാം. പക്ഷെ എനിക്ക് ഇക്കാര്യം വാപ്പയോടും ഒന്ന് സംസാരിക്കണം” അവന്‍ പറഞ്ഞു. “വാപ്പേം മോനും കൂടി ചര്‍ച്ച ചെയ്ത് സമയം കളയുമ്പോള്‍ ഒന്നോര്‍ത്തോണം..നീ വന്നിട്ടുണ്ട് എന്ന് പോലീസ് അറിഞ്ഞാല്‍..പിന്നെ നീ രക്ഷപെടാന്‍ പോകുന്നില്ല. വളരെ കുറച്ച് സമയമേ നിനക്കുള്ളൂ..സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തി നിന്റെ വാപ്പ ഉണ്ടാക്കിയ കോടികള്‍ അനുഭവിക്കാന്‍ നിനക്ക് പറ്റാതെ പോകും..ജസ്റ്റ് റിമംബര്‍ ദാറ്റ്” അര്‍ജ്ജുന്‍ പറഞ്ഞു. കബീര്‍ ഭയത്തോടെ തലയാട്ടി. അവന്‍ വാസുവിനെയും അവനോട് ചെയ്യാനിരുന്ന പ്രതികാരവും എല്ലാം മറന്ന് കഴിഞ്ഞിരുന്നു. എങ്ങനെയും രക്ഷപെടണം എന്ന ചിന്ത അവനെ കീഴ്പ്പെടുത്തി.

“ശരി..ഞാന്‍ നിങ്ങളെ വിളിക്കാം. പറ്റിയാല്‍ ഇന്ന് തന്നെ” “വിളിക്കണ്ട. നോ ഫോണ്‍ കോള്‍സ്..എന്തും നേരില്‍ മാത്രം..” സ്റ്റാന്‍ലി പറഞ്ഞു. “ശരി..വാപ്പയെ കണ്ട ശേഷം നമുക്ക് കാണാം..ഇവിടെ വച്ചു തന്നെ” “ഓകെ..നിനക്ക് പോകാം” അവന്‍ ഭയന്നു വിറച്ചു പോകുന്നത് നോക്കി സ്റ്റാന്‍ലി മാലിക്കിനെ വിളിച്ചു. “ടാ..വക്കീല്‍ എന്ത് പറഞ്ഞു?” “അയാള്‍ ജാമ്യ ഹര്‍ജി നല്‍കി..നാളെയോ മറ്റന്നാളോ കോടതി പരിഗണിക്കുമത്രേ?” “ഏതവനാണ് ജഡ്ജി എന്ന് ചോദിച്ചോ?” “ഏതോ ഒരു പത്മനാഭന്‍..അഡ്രസ്സ് തരാമെന്ന് പറഞ്ഞിട്ടുണ്ട്” “ഉം..ഭേരു അണ്ണന്‍ എപ്പോ എത്തും?” അര്‍ജുന്‍ ചോദിച്ചു. “അയാള് പുറപ്പെട്ടിട്ടുണ്ട്” “പൌലോസ് അയാളെ തപ്പുന്നുണ്ട്..വരുത്തി പുലിവാല്‍ ആകുമോ?” സ്റ്റാന്‍ലി ചോദിച്ചു. “ഏയ്‌..അയാള്‍ക്ക് അങ്ങേരുടെ മോന്ത പരിചയമില്ലല്ലോ” “ആ പരനാറി അസീസിന് അറിയാം…” “അയാള്‍ വന്നു കാര്യം നടത്തിയിട്ട് പോട്ടെ..ഒന്നുമിനി വച്ചു താമസിപ്പിക്കേണ്ട..ഷാജിയുടെ ചീട്ടു നമ്മള്‍ കീറുന്നു….” അര്‍ജുന്‍ സോഫയിലേക്ക് ചാരിക്കൊണ്ട് പറഞ്ഞു. ——————————– “വാപ്പച്ചി..എനിക്ക് വാസു മാമനെ കാണണം” ബൈക്കിന്റെ മുന്‍പില്‍ ഇരുന്നുകൊണ്ട് സഫിയ ചിണുങ്ങി. “മോളെ അവന്‍ നമ്മുടെ ശത്രു ആണ്. മോളെ അന്നവന്‍ തട്ടിക്കൊണ്ട് പോയില്ലേ?” മകള്‍ക്ക് തുണി വാങ്ങാന്‍ സിറ്റിയിലേക്ക് വന്നതായിരുന്നു ഷാജി. തുണി വാങ്ങിയിട്ട് അവള്‍ക്കൊരു ഐസ് ക്രീമും വാങ്ങി കൊടുത്ത ശേഷം തിരികെ പോകാന്‍ ബൈക്കില്‍ കയറുമ്പോള്‍ ആണ് മുന്‍പില്‍ ഇരുന്നുകൊണ്ട് അവള്‍ തന്റെ ആവശ്യം ഉന്നയിച്ചത്. സമയം സന്ധ്യയോടടുത്തിരുന്നു. “ഇല്ല..മാമന്‍ എന്നെ തട്ടിക്കൊണ്ട് ഒന്നും പോയില്ല..എനിക്ക് എന്തെല്ലാം വാങ്ങി തന്നൂന്ന് അറിയോ വാപ്പച്ചിക്ക്..”

“അതൊക്കെ അവന്റെ ഓരോ തരികിടയാ മോളെ..അവനെ മോളിനി കാണണ്ട” “ഹ്മം.എനിക്ക് കാണണം..മാമനെ എനിക്കൊത്തിരി ഇഷ്ടാ..” അവള്‍ ചിണുങ്ങി കരയാന്‍ തുടങ്ങി. ഷാജി കുഴങ്ങി. ലോകത്ത് അവനേറ്റവും സ്നേഹിക്കുന്നത് അവന്റെ മകളെ ആണ്. അവളുടെ മനസ്‌ വിഷമിക്കുന്നത് സഹിക്കാന്‍ പറ്റില്ല അവന്. അവള്‍ നിര്‍ബന്ധം പിടിച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ അവന്റെ മനസലിഞ്ഞു. “പൊന്നുമോള് കരയാതെ. നമുക്ക് വേറൊരു ദിവസം പോകാം. എനിക്കവന്റെ വീട് അറിയില്ല. അത് എവിടാണെന്ന് അറിഞ്ഞ ശേഷം വാപ്പച്ചി മോളെ കൊണ്ടുപോകാം..അതുപോരെ?” അവളുടെ കുഞ്ഞുമുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. “മതി..നല്ല വപ്പച്ചി..ഉമ്മ്മ്മ” തിരിഞ്ഞ് അവന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് സഫിയ പറഞ്ഞു. “എന്നാല്‍ നമുക്ക് പോകാം? മോള്‍ക്ക് ഇനി വല്ലതും വേണോ?” “ഒന്നും വേണ്ട..വാസു മാമനെ കാണാന്‍ പോകുമ്പം നമുക്ക് ചോക്കലേറ്റ് വാങ്ങിക്കണം..മാമന് കൊടുക്കാന്‍” “വാങ്ങാം” സഫിയ ചിരിച്ചു. അവളുടെ ആഗ്രഹം വാപ്പച്ചി സമ്മതിച്ചതിന്റെ സന്തോഷത്തിലുള്ള നിഷ്കളങ്കമായ ചിരി. ഷാജി ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി. കാറ്റില്‍ സഫിയയുടെ മുടികള്‍ ഇളകി പറന്ന് അവന്റെ മുഖത്തേക്ക് പതിഞ്ഞപ്പോള്‍ അവന്‍ അവളുടെ ശിരസില്‍ ചുംബിച്ചു. ബൈക്ക് സിറ്റിയില്‍ നിന്നും ഉള്ളിലേക്കുള്ള വഴിയെ തിരിഞ്ഞു. കഷ്ടിച്ചു രണ്ട് വലിയ വണ്ടികള്‍ക്ക് പോകാന്‍ തക്ക വീതിയുള്ള റോഡിലൂടെ ഷാജി മെല്ലെ ബൈക്ക് ഓടിച്ചു. സാധാരണ നല്ല വേഗതയില്‍ വണ്ടി ഓടിക്കുന്ന അവന്‍ മകള്‍ കൂടെ ഉണ്ടെങ്കില്‍ വളരെ സൂക്ഷിച്ചു മാത്രമേ പോകൂ. റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങിയിരുന്നു. നേരിയ തണുപ്പുള്ള ആ സായാഹ്നത്തിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഷാജി മെല്ലെ നീങ്ങി. ഒരു വളവു തിരിഞ്ഞ് അവന്‍ മുന്‍പോട്ടു പോയപ്പോള്‍, അതുവരെ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന മംഗലാപുരം രജിസ്ട്രേഷന്‍ ഉള്ള ഒരു അശോക്‌ ലൈലാന്റ് ട്രക്ക് കറകറ ശബ്ദത്തോടെ സ്റ്റാര്‍ട്ട്‌ ആയി.

അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഭേരു എന്ന കന്നടക്കാരന്‍ ഇരിപ്പുണ്ടായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്നും ഒരുകവിള്‍ മദ്യം ഇറക്കിയ ശേഷം ഭേരു വണ്ടി ഒന്നാം ഗിയറില്‍ ഇട്ടു മുന്‍പോട്ടെടുത്തു. അല്‍പ്പം മുന്‍പിലായി മെല്ലെ പൊയ്ക്കൊണ്ടിരുന്ന ഷാജിയുടെ ബൈക്കിലേക്ക് നോക്കിക്കൊണ്ട് ഭേരു ഒരു സിഗരറ്റിനു തീ കൊളുത്തി. സന്ധ്യയുടെ കുളിര്‍മ്മയില്‍, പിതാവിന്റെ മടിയില്‍ ഇരുന്നുകൊണ്ട് നിഷ്കളങ്കമായ സന്തോഷത്തോടെ കാഴ്ചകള്‍ കണ്ടു നീങ്ങുകയായിരുന്ന സഫിയ എന്ന കുരുന്ന്, തൊട്ടുപിന്നാലെയുള്ള മരണദൂതന്റെ വരവ് അറിയുന്നുണ്ടായിരുന്നില്ല. തങ്ങളെ യമപുരിയിലേക്ക്‌ യാത്രയാക്കാന്‍ കാലന്‍ ഭേരുവിന്റെ രൂപത്തില്‍ ആ വലിയ വാഹനത്തില്‍ ഇരിക്കുന്നത് ഷാജിയും അറിഞ്ഞില്ല. സഫിയയുടെ നിഷ്കളങ്ക മുഖത്ത് കളിയാടിയിരുന്നത് പൂവിനെ വെല്ലുന്ന പാല്‍പ്പുഞ്ചിരി ആയിരുന്നു. മകള്‍ക്ക് അല്‍പ്പം പോലും അലോസരമുണ്ടാകാതിരിക്കാന്‍ ഡെവിള്‍സ് തീറ്റിപ്പോറ്റുന്ന ഒന്നാം നമ്പര്‍ ഗുണ്ടയായ ഷാജി വളരെ ശ്രദ്ധിച്ചാണ് ബൈക്ക് ഓടിച്ചുകൊണ്ടിരുന്നത്. സിഗരറ്റിന്റെ പുക വലിച്ചൂതി വിട്ടുകൊണ്ട് ഭേരു മുന്‍പിലേക്ക് നോക്കി. ബൈക്ക് ലേശം തിരക്കുള്ള സ്ഥലത്ത് കൂടിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അവന്‍ അകലം വിട്ട് ക്രൂരമായ കണ്ണുകളോടെ ഗിയര്‍ മാറ്റി. അന്ന്, ഇതുപോലെ ഒരു ദിവസമാണ് അസീസിനെ കൊല്ലാനുള്ള കൊട്ടേഷനുമായി അവന്‍ കൊച്ചിയില്‍ എത്തിയത്. അന്ന് പക്ഷെ ഒരു പിഴവ് പറ്റി. ആരെയാണോ കൊല്ലാന്‍ ഉദ്ദേശിച്ചത്, അവന്‍ മരിച്ചില്ല; മരിച്ചത് അവന്റെ ഭാര്യയായിരുന്നു. അതിന്റെ പേരില്‍ അറേബ്യന്‍ ഡെവിള്‍സ് അവനെ എടുത്തിട്ടു പെരുമാറിയില്ല എന്നെ ഉള്ളു; ബാക്കി എല്ലാം അവര്‍ ചെയ്തു. ഇന്നത്തെ ദൌത്യം അതേപോലെ പരാജയപ്പെടരുത് എന്ന് ഭേരുവിന് നിര്‍ബന്ധമുണ്ടായിരുന്നു. പരാജയപ്പെട്ടാല്‍ തന്നെ തട്ടിക്കളയാന്‍ പോലും അവര്‍ മടിക്കില്ല. ലക്ഷങ്ങള്‍ ആണ് തനിക്ക് ഇതുപോലെയുള്ള ദൌത്യങ്ങള്‍ക്ക് അവരെണ്ണി നല്‍കുന്നത്. അവന്‍ മദ്യമെടുത്ത് അല്പം കൂടി കുടിച്ചു. ബൈക്ക് തിരക്കില്‍ നിന്നും ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ഭേരുവിന്റെ കണ്ണുകള്‍ വന്യമായി തിളങ്ങി. അവന്റെ കാല്‍ ആക്സിലേറ്ററില്‍ മെല്ലെ അമര്‍ന്നു. “വാപ്പച്ചി..നമ്മള് വാസു മാമനെ കാണാന്‍ പോകുമ്പം ഉമ്മേം കൂടി കൊണ്ട് പോകാം” സഫിയ മുഖം തിരിച്ച് ഷാജിയോട് ചോദിച്ചു. “ഉമ്മയെ എന്തിനാ മോളെ കൊണ്ട് പോകുന്നത്? നമ്മള്‍ രണ്ടാളും പോയാല്‍ പോരെ? ഉമ്മ വന്നാല്‍ പിന്നെ വീട്ടില്‍ ചോറൊക്കെ ആര് വക്കും”

സഫിയ ശരിയാണ് എന്ന് തലയാട്ടിക്കൊണ്ട് വീണ്ടും മുന്‍പിലേക്ക് നോക്കി. പിന്നില്‍ ലോറിയുടെ ഇരമ്പല്‍ കേട്ട ഷാജി അതിനു കയറിപ്പോകാന്‍ സൈഡ് നല്‍കിക്കൊണ്ട് ബൈക്ക് മെല്ലെ അരികിലേക്ക് അടുപ്പിച്ചു. പെട്ടെന്ന് മിന്നല്‍ പോലെ ഒരു വെളിച്ചവും പാഞ്ഞടുക്കുന്ന ഏതോ വാഹനത്തിന്റെ സൈറനും ഷാജി കേട്ടു. ആംബുലന്‍സോ ഫയര്‍ വാഹനമോ എവിടെ നിന്നോ കുതിച്ചു വരുന്നുണ്ട് എന്ന് മാത്രം അവന് മനസിലായി. അറിയാതെ അവന്‍ വേഗത കൂട്ടി. “വാപ്പച്ചി..നമ്മള്‍ എന്നാ വാസു മാമനെ കാണാന്‍ പോകുന്നത്…അയ്യോ വാപ്പച്ചി ലോറി..” പിന്നിലേക്ക് അവനെ നോക്കി ചോദിച്ച സഫിയ തൊട്ടടുത്ത് എത്തിയ ലോറി കണ്ടു ഭയന്ന് നിലവിളിച്ചു. ബൈക്കിന്റെ കണ്ണാടിയില്‍ ലോറിയുടെ ഭീമാകാരരൂപം കണ്ട ഷാജി ഏതോ നിയോഗം പോലെ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ മാറ്റി മകളെ ഇറുകെ കെട്ടിപ്പിടിച്ചു. തൊട്ടടുത്ത നിമിഷം ബൈക്ക് അവര്‍ക്കൊപ്പം മുകളിലേക്ക് ഉയര്‍ന്നു.

Comments:

No comments!

Please sign up or log in to post a comment!