മൃഗം 29

“അ..ആരാ…ആരാ അത്” വരണ്ടുണങ്ങിയ തൊണ്ട പണിപ്പെട്ടു നനച്ച് തന്റെ മുന്‍പില്‍ നിന്നിരുന്ന രൂപത്തെ നോക്കി കബീര്‍ ചോദിച്ചു. പൊടുന്നനെ തന്റെ കഴുത്തില്‍ ഒരു കുരുക്ക് വീണത് അവനറിഞ്ഞു. അത് മെല്ലെ മുറുകുന്നത് മനസിലായപ്പോള്‍ അവന്‍ പിടഞ്ഞെഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ മുന്‍പില്‍ നിന്നിരുന്ന മനുഷ്യരൂപം ചെവിയുടെ പിന്നില്‍ ചെറുതായി ഒന്ന് തട്ടിയതോടെ ശരീരം തളര്‍ന്നവനെപ്പോലെ അവന്‍ ഇരുന്നുപോയി. “ഡെവിള്‍സ് നിന്റെ ജീവനെടുക്കാന്‍ വേണ്ടി അയച്ചതാണ് എന്നെ..ഇനി നിനക്ക് പേടിക്കാന്‍ ഒന്നുമില്ല കബീര്‍….സുഖമായ, ഒരിക്കലും ഉണരാത്ത ഉറക്കം ഞാന്‍ നിനക്ക് നല്‍കാന്‍ പോകുകയാണ്….” ഇംഗ്ലീഷിലുള്ള, മരണത്തിന്റെ ഗന്ധവും പൈശാചികതയും ഉണ്ടായിരുന്ന ആ വാക്കുകള്‍ കബീറിന്റെ നാഡികളെ പൂര്‍ണ്ണമായി തളര്‍ത്തിക്കളഞ്ഞു. ഒരു ഭീകരനായ ദുരാത്മാവിന്റെ മുരള്‍ച്ച പോലെയാണ് അവനത് തോന്നിയത്. കഴുത്തില്‍ മുറുകിയ ചരടില്‍ പിടിച്ചുകൊണ്ട് കബീര്‍ ഇരുട്ടില്‍ നിന്നിരുന്ന ആ രൂപത്തെ വിറയലോടെ, മരണഭീതിയോടെ നോക്കി. “ഡെവിള്‍സ്..ഓ നോ..ഇല്ല..അവരത് ചെയ്യില്ല..നിങ്ങള്‍ ആരാണ്..എന്നെ വിടൂ..” അവന്‍ കുതറാന്‍ വിഫലമായി ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു. “ഞാന്‍ ദിവേദി..ഹരീന്ദര്‍ ദ്വിവേദി…ഡെവിള്‍സ് നിയോഗിച്ച കില്ലര്‍..അവരെ വിശ്വസിച്ച നീ പടുവിഡ്ഢി…..ബൈ കബീര്‍…” ദയയുടെ കണിക പോലും ഇല്ലാതെ ദ്വിവേദി പറഞ്ഞു. തന്റെ ഒരേയൊരു മനുഷ്യജന്മത്തില്‍ അവസാനമായി അവന്‍ കേട്ടത് ആ വാക്കുകള്‍ ആയിരുന്നു. തുടര്‍ന്ന് എന്തെങ്കിലും പറയാനോ ചെയ്യാനോ സാധിക്കുന്നതിനു മുന്‍പ് അവന്റെ കഴുത്തിലെ കുരുക്ക് വലിഞ്ഞുമുറുകി. ശ്വാസം കിട്ടാതെ പിടഞ്ഞ കബീറിന്റെ ആത്മാവ് ശരീരത്തില്‍ നില്‍ക്കാനാകാതെ ചിറകടിച്ചു പറന്നുയര്‍ന്നു. മരണത്തിന്റെ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്ത് ഹരീന്ദര്‍ ദ്വിവേദി പിടി അയച്ചു. കൈയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം ചരടിന്റെ ഒരഗ്രം മുകളിലേക്ക് എറിഞ്ഞു ഫാനില്‍ കുരുക്കി അയാള്‍ താഴേക്ക് ഇറക്കി. പിന്നെ ആ ചരടില്‍ കബീറിനെ അനായാസം മുകളിലേക്ക് വലിച്ചു പൊക്കിനോക്കി. അയാളുടെ കൈകളില്‍ കിടന്ന് കബീര്‍ പെന്‍ഡുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടി. ———— വാസുവും ഡോണയും കയറിയ ബുള്ളറ്റ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്റെ കോമ്പൌണ്ടില്‍ എത്തി നിന്നപ്പോള്‍ സമയം രാവിലെ എട്ടരമണി കഴിഞ്ഞിരുന്നതെയുള്ളൂ. ബൈക്കില്‍ നിന്നും ഇറങ്ങി ഡോണ വാസുവിന്റെ ഒപ്പം തിടുക്കത്തില്‍ പൌലോസിന്റെ ക്യാബിനിലേക്ക് കയറി. പൌലോസ് അക്ഷമയോടെ അവരെ കാത്തിരിക്കുകയായിരുന്നു.

“എന്താ ഇച്ചായാ അത്യാവശ്യമായി വിളിപ്പിച്ചത്..”

ഇരിക്കുന്നതിനു മുന്‍പ് തന്നെ ഡോണ തിരക്കി. വാസുവും അവളും പൌലോസിനെതിരെ ഇരുന്നപ്പോള്‍ അയാള്‍ ഇരുവരെയും നോക്കി. എന്തോ ഗൌരവമുള്ള കാര്യം അയാള്‍ക്ക് പറയാനുണ്ട് എന്ന് ആ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. “ഡോണ..കബീര്‍ മരിച്ചു..ഇന്നലെ രാത്രി” ആമുഖമൊന്നുമിടാതെ കൂടാതെ പൌലോസ് പറഞ്ഞു. ഡോണയും വാസുവും ഒരേപോലെ ഞെട്ടിപ്പോയി ആ വാര്‍ത്ത കേട്ടപ്പോള്‍. “ഓ ഗോഡ്..എങ്ങനെ? ഇച്ചായന്‍ എപ്പോഴാണ് ഇതറിഞ്ഞത്?” അങ്കലാപ്പോടെ ഡോണ ചോദിച്ചു. “എന്നെ ഇന്ദു മാഡം ആണ് വിവരം അറിയിച്ചത്. മറ്റൊന്ന് കൂടി സംഭവിച്ചിരിക്കുന്നു. കമ്മീഷണര്‍ അലി ദാവൂദ് സാറിന്റെ ട്രാന്‍സ്ഫര്‍ ഇന്നലെ അപ്രതീക്ഷിതമായി നടന്നു; പുതിയ കമ്മീഷണര്‍ എഡിസണ്‍ ചാണ്ടി ചാര്‍ജ്ജ് എടുത്തും കഴിഞ്ഞു. എല്ലാ ഡി സി പി മാരെയും എ സി പി മാരെയും മീറ്റിങ്ങിനു വിളിപ്പിച്ചിരിക്കുകയാണ് അയാള്‍…” അതുകൂടി കേട്ടതോടെ ഡോണ അസ്തപ്രജ്ഞയായി ഇരുന്നുപോയി. അല്‍പനേരത്തേക്ക് അവര്‍ക്കിടയില്‍ നിശബ്ദത പരന്നു. “ഹരീന്ദര്‍ ദ്വിവേദിയുടെ ഇര കബീര്‍ ആയിരുന്നു..ചിലപ്പോള്‍ അവന്‍ അയാളുടെ ഇവിടുത്തെ മിഷനിലെ ഒന്നാം ഇര ആകാനും മതി…” അസ്വസ്ഥതയോടെ പൌലോസ് പറഞ്ഞു. “ഇച്ചായാ…എങ്ങനെയാണ് അയാള്‍ അവനെ കൊന്നത്…” ഡോണ ചോദിച്ചു. “കഴുത്തില്‍ കയര്‍ കുരുക്കി ആയിരിക്കണം കൊന്നത്..പക്ഷെ പോലീസ് കരുതുന്നത് ആത്മഹത്യ ആണെന്നാണ്. കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് പോലീസ് അവനെ കണ്ടത്..പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ശരിയായ മരണകാരണം അറിയാന്‍ പറ്റൂ. പ്രാഥമിക നിഗമനം അനുസരിച്ച് ആത്മഹത്യ എന്ന അനുമാനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം ഉണ്ടാകുമോ എന്നും സംശയമാണ്. പക്ഷെ അത് ആത്മഹത്യയല്ല എന്നുള്ളത് എനിക്ക് ഉറപ്പാണ്..ദ്വിവേദിയുടെ കൊലപാതകരീതി തന്നെ മിക്കപ്പോഴും അയാളുടെ ഇരകള്‍ ആത്മഹത്യ ചെയ്തതായി കരുതുന്ന തരത്തിലായിരിക്കും… കൊലപാതകം എന്ന് സംശയിക്കത്തക്ക യാതൊരു തെളിവും സംഭവസ്ഥലത്ത് നിന്നും കിട്ടിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്..”

“ഇച്ചായാ..എങ്ങനെയും ഈ കേസ് തെളിയണം. ദ്വിവേദി ആണ് ഇതിന്റെ പിന്നിലെന്ന് തെളിയിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, അവനെ ഇവിടേക്ക് കൊണ്ടുവന്ന ഡെവിള്‍സിന്റെ ഉദ്ദേശവും നമുക്ക് തെളിയിക്കാന്‍ പറ്റും. കബീര്‍ വധക്കേസിന്റെ വിചാരണയില്‍ തന്നെ മുംതാസ് കേസും നമുക്ക് കൂട്ടിച്ചേര്‍ക്കാന്‍ പറ്റും..പക്ഷെ ഇക്കാര്യം പുതിയ കമ്മീഷണറെ ബോധ്യപ്പെടുത്തണം.
.അയാളാണല്ലോ ഇനി ഈ കേസ് ആരന്വേഷിക്കും എന്ന് തീരുമാനിക്കുക” ഡോണ ഉദ്വേഗത്തോടെ പൌലോസിനെ നോക്കി. “ഡോണ..എഡിസണ്‍ ചാണ്ടി ഡെവിള്‍സിന്റെ ആളാണ്. അവരാണ് അയാളെ ഇങ്ങോട്ടേക്ക് വരുത്തിയതിന്റെ പിന്നില്‍ എന്ന് മിക്കവര്‍ക്കും അറിയാം. അലി സാര്‍ അവന്മാര്‍ക്ക് എതിരായിരുന്നതിനാലാണ് നമുക്ക് ഇത്ര ഫ്രീയായി പലതും ചെയ്യാന്‍ കഴിഞ്ഞിരുന്നത്. പക്ഷെ ഇനി സീന്‍ മൊത്തം മാറും. അയാള്‍ക്ക് വ്യക്തമായിത്തന്നെ അറിയാമായിരിക്കും ഈ കൊല ഡെവിള്‍സ് നടത്തിയതാണെന്ന്..എന്നാല്‍ അയാള്‍ അവര്‍ക്ക് ദോഷം വരുന്ന യാതൊന്നും ചെയ്യുമെന്ന് നീ കരുതണ്ട..ദ്വിവേദി നേരിട്ട് ഹാജരായാല്‍ പോലും അയാള്‍ അറസ്റ്റ് ചെയ്യുകയുമില്ല..അതുകൊണ്ട് ഇതൊരു ആത്മഹത്യയായി എഴുതി തള്ളാന്‍ മാത്രമേ അയാള്‍ ശ്രമിക്കൂ..ദ്വിവേദി കൊച്ചിയിലുണ്ട് എന്നല്ലാതെ അയാളാണ് ഇത് ചെയ്തത് എന്ന് തെളിയിക്കാന്‍ നമുക്ക് മാര്‍ഗ്ഗം ഒന്നുമില്ലല്ലോ” പൌലോസ് നിസ്സഹായനായി അവളെ നോക്കി. “ഇത് വളരെ വലിയ ഒരു തിരിച്ചടി ആയിപ്പോയല്ലോ ഇച്ചായാ..കബീര്‍ മരിച്ചതോടെ എന്റെ ഇത്രയും നാളത്തെ അധ്വാനം ഫലം കാണുമോ എന്ന് ഞാനിപ്പോള്‍ സംശയിക്കുകയാണ്. പുതിയ കമ്മീഷണര്‍ അവരുടെ ആളായത് കൊണ്ട് നമ്മുടെ രഹസ്യ അന്വേഷണം വെളിച്ചം കാണാനും സാധ്യത കുറവാണ്. എല്ലാം അതിന്റെ പര്യവസാനത്തിലെക്ക് ഭംഗിയായി എത്തി എന്ന് കരുതിയ സമയത്താണ് സകലവും തകിടം മറിച്ചുകൊണ്ട് ഇത് സംഭവിച്ചിരിക്കുന്നത്..” ഡോണ നിരാശയോടെ പറഞ്ഞു. “അതെ ഡോണ..നമ്മള്‍ ക്ലൈമാക്സിലേക്ക് എത്തി എന്ന് സന്തോഷിച്ച സമയത്താണ് ഡെവിള്‍സ് ശക്തമായ പ്രഹരം നമുക്ക് നല്‍കിയിരിക്കുന്നത്. കബീറിന്റെ മരണത്തോടെ മുംതാസ് കേസിലെ ഒന്നാം പ്രതി ആണ് ഇല്ലാതായിരിക്കുന്നത്. ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് അവനാണ് എന്ന് ഡിക്രൂസ് മൊഴി നല്‍കിയതോടെ വളരെ പെര്‍ഫെക്റ്റ് ആയ ഒരു അന്വേഷണ റിപ്പോര്‍ട്ടാണ് നമ്മള്‍ തയാറാക്കിയത്. ഇനി ഇതൊരു ചര്‍ച്ചാ വിഷയം ആക്കി കോടതിയെക്കൊണ്ട് വീണ്ടും ഈ കേസ് റീ ഓപ്പണ്‍ ചെയ്യിക്കാനുള്ള വഴിയിലേക്ക് നമ്മള്‍ എത്തിയപ്പോള്‍ എല്ലാം കൈവിട്ടു പോയതുപോലെ ആയിരിക്കുന്നു..കബീറിനെ വധിച്ചതാണ് എന്നും അതിന്റെ പിന്നില്‍ ഡെവിള്‍സ് ആണ് എന്നും തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്കിനി ഈ കേസില്‍ അവരെ കുടുക്കാന്‍ സാധിക്കൂ..പക്ഷെ പുതിയ കമ്മീഷണര്‍ ഒരിക്കലും ഡെവിള്‍സിനെതിരെ ചെറുവിരല്‍ പോലും അനക്കില്ല എന്ന് മാത്രമല്ല, അവര്‍ക്കെതിരെ നില്‍ക്കുന്ന സകലരെയും അയാള്‍ ഒതുക്കുകയും ചെയ്യും. നമ്മള്‍ ഈ കാര്യത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു” പൌലോസ് അസ്വസ്ഥതയോടെ ഇരുവരെയും നോക്കി പറഞ്ഞു.


“സാറ് കമ്മീഷണറെ കണ്ടു സംസാരിച്ചാല്‍ വല്ല ഗുണവും ഉണ്ടാകുമോ?” വാസു ചോദിച്ചു. “എന്ത് ഗുണം. അയാളെ ഇങ്ങോട്ട് വരുത്തിയ ഡെവിള്‍സ് നമ്മുടെ എല്ലാ വിവരങ്ങളും അയാള്‍ക്ക് എപ്പോഴേ നല്‍കിയിട്ടുണ്ട്. നമുക്കെതിരെ ഉള്ള അയാളുടെ കളികള്‍ ഉടന്‍ തന്നെ കാണാന്‍ പറ്റും. നമുക്ക് ആകെയുള്ള പിടിവള്ളി ഇന്ദു മാഡം ആണ്. മാഡവും നമ്മളും തമ്മിലുള്ള ബന്ധവും അവന്മാര്‍ക്ക് അറിയാം.. അതുകൊണ്ട് ഇനി മാഡത്തിനും നമ്മളെ അധികം സഹായിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. എന്റെ ഇവിടുത്തെ ജോലി മിക്കവാറും ഉടന്‍ തന്നെ തീരും..കബീറിന്റെ മരണം ആത്മഹത്യയല്ല എന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത ആയാല്‍, അയാള്‍ക്ക് അതെപ്പറ്റി അന്വേഷിക്കാതിരിക്കാന്‍ പറ്റില്ല. പക്ഷെ അയാളുടെ ഏറാന്‍ മൂളികളെക്കൊണ്ട് മാത്രമേ ഈ കേസ് അയാള്‍ അന്വേഷിപ്പിക്കൂ..അവര്‍ അന്വേഷിച്ചാല്‍, വീണ്ടും ഇത് ആത്മഹത്യ എന്ന് തന്നെ വിധിയെഴുത്ത് ഉണ്ടാകുകയും ചെയ്യും. അങ്ങനെ ദ്വിവേദിയും ഡെവിള്‍സും സുരക്ഷിതരുമാകും..എന്നുകരുതി നമ്മള്‍ പിന്തിരിയാനോ നിഷ്ക്രിയരാകാനോ പാടില്ല. പോലീസ് ഇതൊരു ആത്മഹത്യായി എഴുതിത്തള്ളി വിടാന്‍ അവസരം നല്‍കാതെ കബീറിന്റെ മരണം ഒരു കൊലപാതകമാണ് എന്ന് വാര്‍ത്ത നമ്മള്‍ സൃഷ്ടിക്കണം…” പൌലോസ് ഡോണയെ നോക്കി. “കബീറിന്റെ വീട്ടുകാര്‍ക്ക് അവന്റെ മരണത്തില്‍ സംശയം ഒന്നും തോന്നിയിട്ടില്ലേ ഇച്ചായാ?” അവള്‍ ചോദിച്ചു. “എനിക്ക് അധികവിവരം ഒന്നും കിട്ടിയിട്ടില്ല. കമ്മീഷണറുടെ ഓര്‍ഡര്‍ ഇല്ലാതെ സംഭവസ്ഥലത്ത് ചെല്ലാനോ തെളിവെടുപ്പ് നടത്താനോ എനിക്ക് പറ്റുകയുമില്ല. അതുകൊണ്ട് ഇന്ദു മാഡം വിളിക്കുന്നത് വരെ നമുക്ക് കാത്തിരിക്കണം. നിനക്ക് വേണമെങ്കില്‍ സംഭവസ്ഥലത്ത് പോയി കാര്യങ്ങള്‍ നേരില്‍ കാണാം..വീട്ടുകാരോട് ചോദിച്ചു വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യാം. ചാനലുകാര്‍ ഒക്കെ വിവരം അറിഞ്ഞു വരുന്നതെ ഉള്ളു..” “എങ്കില്‍ ഞാന്‍ അങ്ങോട്ട്‌ പോകാം ഇച്ചായാ..ഇന്ദു വിളിച്ചാല്‍ എന്നെ വിവരം അറിയിക്കുക..എനിക്കും അവളെ കണ്ടോന്ന് സംസാരിക്കണം” “ശരി..ഞാന്‍ വിളിക്കാം” “പോട്ടെ സാറെ..” വാസു ഡോണയുടെ കൂടെ പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. —————————– ഡോണ വാസുവിന്റെ ഒപ്പം കബീറിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. സുലൈമാന്‍ റാവുത്തര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അയല്‍ക്കാരും ബന്ധുക്കളും ഒക്കെയായി വലിയൊരു ജനക്കൂട്ടം അവിടെ തിങ്ങിക്കൂടിയിരുന്നു.

“വാസൂ..നീ ഇവിടെ നില്‍ക്ക്.
.ഞാന്‍ ഉള്ളിലേക്ക് പോയി വീട്ടുകാര്‍ ആരെയെങ്കിലും ഒന്ന് കണ്ടിട്ട് വരാം…” അവള്‍ ബൈക്കില്‍ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു. ചാനലില്‍ അവളെ കണ്ടു പരിചയമുള്ളതിനാല്‍ ആളുകള്‍ അവള്‍ക്ക് പോകാനുള്ള വഴി ഒരുക്കിക്കൊടുത്തു. ഡോണ ഉള്ളിലേക്ക് ചെന്നപ്പോള്‍ കബീറിന്റെ ഉമ്മയുടെ ചുറ്റും അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ഇരുന്നു വിലപിക്കുന്നത് കണ്ടു. അവര്‍ മോഹാലസ്യപ്പെട്ടു കിടക്കുകയായിരുന്നു. അല്പം അകലെ മകള്‍ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് കുറെ ബന്ധുക്കളായ യുവതികളുടെ നടുവില്‍ കിടപ്പുണ്ടായിരുന്നു. രണ്ടുപേരും ഡോണ അവള്‍ ചുറ്റും നോക്കിയപ്പോള്‍ സുഹൈലും അംജദും ഫൈസലും നില്‍ക്കുന്നത് കണ്ട് അവിടേക്ക് ചെന്നു. “നിങ്ങള്‍ കബീറിന്റെ ബന്ധുക്കള്‍ ആണോ..” അവള്‍ ചോദിച്ചു. “അതെ” “ഞാന്‍ ഡോണ..എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ആണ്..ഇപ്പോള്‍ സംസാരിക്കാന്‍ പറ്റുമോ? ചില വിവരങ്ങള്‍ അറിയാനാണ്” അവള്‍ അവരെ നോക്കി ചോദിച്ചു. മൂവരും മുഖാമുഖം നോക്കി. പിന്നെ ഫൈസല്‍ തലയാട്ടി. “കബീറിനെ എനിക്ക് വ്യക്തിപരമായി അറിയാം..അതുകൊണ്ടാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഞാനിങ്ങോട്ട്‌ നേരില്‍ എത്തിയത്. ഇത് ഒരു ആത്മഹത്യയാണ്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” ഡോണ വോയിസ് റിക്കോഡര്‍ ഓണ്‍ ചെയ്ത് കൊണ്ട് ചോദിച്ചു. “അങ്ങനെയാണ് പോലീസ് പറഞ്ഞതും ഞങ്ങള്‍ക്ക് തോന്നുന്നതും. ഇക്ക തൂങ്ങി മരിക്കുകയായിരുന്നു..” ഫൈസല്‍ പറഞ്ഞു. “മരിക്കാന്‍ തക്ക എന്തെങ്കിലും കാരണം കബീറിന് ഉള്ളതായി നിങ്ങള്‍ക്ക് അറിവുണ്ടോ..ഐ മീന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക കടുത്ത മാനസികാഘാതാമോ അങ്ങനെ വല്ലതും..?” “ഞങ്ങളുടെ അറിവില്‍ അങ്ങനെ എന്തെങ്കിലും ഉള്ളതായി ഇല്ല..ഇന്നലെ രാത്രിയിലും ഞങ്ങള്‍ ചിരിച്ചു കളിച്ചു സംസാരിച്ചതാണ്..നായ ചത്ത സമയത്തും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു..അപ്പോഴൊന്നും ഇക്കയ്ക്ക് എന്തെങ്കിലും വിഷമം ഉള്ളതായി തോന്നിയിട്ടില്ല..പിന്നെ പെട്ടെന്നിങ്ങനെ ചെയ്യാന്‍ എന്താണ് കാരണം എന്നൊരു പിടിയുമില്ല..” സുഹൈല്‍ ആണ് അത് പറഞ്ഞത്. “നായ ചത്തെന്നോ? എങ്ങനെ?” “അറിയില്ല മാഡം..ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞ സമയത്ത് ഞങ്ങളെല്ലാം ഉറങ്ങാന്‍ കിടന്നപ്പോള്‍ ആണ് അവന്‍ എന്തോ കണ്ടു കുരച്ചുകൊണ്ട് ഓടുന്ന ശബ്ദം കേട്ടത്..സാധാരണ മനുഷ്യര്‍ കോമ്പൌണ്ടില്‍ കയറിയാല്‍ മാത്രം ഉണ്ടാകുന്ന തരം കുര ആയതിനാല്‍ മാമനും ഞങ്ങളും വേഗം തന്നെ പുറത്തിറങ്ങി. പക്ഷെ ആദ്യം കേട്ട കുരയ്ക്ക് ശേഷം അവന്റെ ശബ്ദം കേള്‍ക്കാതെ വന്നതോടെ ഞങ്ങള്‍ അവനെ വിളിച്ചുനോക്കി..എങ്ങും അവനെ കണ്ടില്ല..അങ്ങനെ തിരക്കി ചെന്നപ്പോഴാണ് മതിലിന്റെ അരികില്‍ അവന്‍ ചത്തുകിടക്കുന്നത് കണ്ടത്…” ഡോണയുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത് അവര്‍ കണ്ടു.

“എങ്ങനെയാണ് നായ മരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? അതിന്റെ ദേഹത്ത് മുറിവോ മറ്റോ..” “ഒന്നുമുണ്ടായിരുന്നില്ല..ഉറങ്ങി കിടക്കുന്നത് പോലെയാണ് അവന്‍ കിടന്നിരുന്നത്..” “ഈ വിവരം പോലീസിനോട് പറഞ്ഞിരുന്നോ?” “ഇല്ല..അവര്‍ ഞങ്ങളോട് ഒന്നും ചോദിച്ചില്ല..പോലീസ് ആത്മഹത്യയാണ്‌ എന്ന നിഗമനത്തില്‍ എത്തി ശരീരം സംസ്കരിക്കാന്‍ അനുമതി നല്‍കിയിട്ട് പോയി. പക്ഷെ മാമന് ഇക്കാര്യത്തില്‍ സംശയം ഉള്ളത്കൊണ്ട് ബോഡി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം കമ്മീഷണര്‍ ഓഫീസിലേക്ക് പോയിരിക്കുകയാണ്. ഇക്ക ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് മാമന്‍ ഇവിടെ വന്ന പോലീസുകാരോട് പറഞ്ഞത്. അവര്‍ പക്ഷെ അത് അംഗീകരിച്ച മട്ടില്ല..” അംജദ് പറഞ്ഞു. “വളരെ നന്ദി..ഞാനും കമ്മീഷണര്‍ ഓഫീസിലേക്ക് പോകുകയാണ്. കബീര്‍ ആത്മഹത്യ ചെയ്തതല്ല എന്നാണ് എന്റെയും അനുമാനം. ഇന്നലെ രാത്രി ഈ വീടിന്റെ കോമ്പൌണ്ടില്‍ ആരോ കയറിയിട്ടുണ്ട്..” ഡോണ അവരോടും, എന്നാല്‍ സ്വയം പറയുന്നതുപോലെയും പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി. —————————– “മകന്‍ ആത്മഹത്യ ചെയ്യാന്‍ എന്തെങ്കിലും പ്രത്യേക കാരണം ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?” കൊച്ചി കമ്മീഷണര്‍ ആയി ചാര്‍ജ്ജ് എടുത്ത എഡിസണ്‍ ചാണ്ടിയുടെ മുന്‍പാകെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന പരാതിയുമായി എത്തിയ ഇബ്രാഹിം റാവുത്തരോട് സംസാരിക്കുകയായിരുന്നു അയാള്‍. അമ്പത് വയസു പ്രായമുള്ള ചാണ്ടി കരിവീട്ടിയുടെ നിറവും കരുത്തും ഉള്ള ഒരു ആജാനുബാഹുവായ മനുഷ്യനാണ്. ചുവന്നു കലങ്ങിയ അയാളുടെ കണ്ണുകളിലെ സദാ ഭാവം ക്രൂരതയായിരുന്നു. മരണം നടന്നു കബീറിന്റെ ദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടു റാവുത്തര്‍ നേരെ എത്തിയത് കമ്മീഷണറുടെ ഓഫീസിലേക്ക് ആണ്. എ സി പി ഇന്ദുലേഖ ഉള്‍പ്പെടെ ഉള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവിടെ സന്നിഹിതരായിരുന്നു. അലി ദാവൂദിന്റെ ട്രാന്‍സ്ഫറും ചാണ്ടിയുടെ രംഗപ്രവേശവും ഇന്ദു കണക്ക് കൂട്ടിയിരുന്നതിലും നേരത്തെ സംഭവിച്ചതില്‍ അവള്‍ക്ക് ചെറുതല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. യാതൊരു സൂചന പോലും ഇല്ലാതെയാണ് പഴയ കമ്മീഷണര്‍ പോയതും പുതിയ ആള്‍ കബീര്‍ മരിച്ച അതെ ദിവസം തന്നെ ചാര്‍ജ്ജ് എടുത്തതും. “അത് ആത്മഹത്യ അല്ല സാറേ..എന്റെ മോന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല” ഉള്ളിലെ ദുഃഖം കടിച്ചമര്‍ത്തി റാവുത്തര്‍ പറഞ്ഞു. “പക്ഷെ അവന്‍ കെട്ടിത്തൂങ്ങി ആണല്ലോ മരിച്ചത്..ആത്മഹത്യാ കുറിപ്പ് ഒന്നും കിട്ടിയില്ല എങ്കിലും, മുറിയുടെ ഉള്ളില്‍ ബലപ്രയോഗം നടന്നതിന്റെ യാതൊരു സൂചനയുമില്ല…ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാത്ത വല്ല കാരണവും ഈ ആത്മഹത്യയുടെ പിന്നില്‍ കാണുമായിരിക്കും..” ചാണ്ടി ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു. “ഇല്ല സാറേ..എന്റെ മോന്‍ എന്നോടും അവന്റെ ഉമ്മയോടും എല്ലാം തുറന്നു സംസാരിക്കുന്നവനാണ്..എന്ത് പ്രശ്നം ഉണ്ടെങ്കിലും അവനത് ഞങ്ങളോട് പറയും. മരിക്കാന്‍ തക്ക ഒരു കാരണവും അവനില്ല.

മാത്രമല്ല, ഇന്നലെ ഞങ്ങളുടെ വീട്ടിലെ നായ അപ്രതീക്ഷിതമായി രാത്രി ചത്തുപോയി..എന്തോ കണ്ടു കുരച്ച് അവന്‍ ഓടുന്നത് ഞാന്‍ കേട്ടതാണ്..പക്ഷെ പെട്ടെന്ന് അവന്റെ ശബ്ദം നിലച്ചു..ഞങ്ങള്‍ ഇറങ്ങി നോക്കിയപ്പോള്‍ അവന്‍ ചത്തുകിടക്കുന്നതാണ് കണ്ടത്..അതിന്റെ മരണവും എന്റെ മകന്റെ മരണവും തമ്മില്‍ എന്തോ ബന്ധമുണ്ട് സര്‍..” റാവുത്തര്‍ പറഞ്ഞു. “നായ ഏതു ഇനമാണ്‌?” “ഡോബര്‍മാന്‍..വലിയ നായ ആയിരുന്നു..നല്ല ആരോഗ്യത്തോടെ ഇരുന്ന അവന്റെ ഒരു കാരണവും ഇല്ലാത്ത മരണം ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു… അതേ രാത്രി തന്നെ കബീര്‍ മരിച്ചത് സ്വാഭാവികമല്ല എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ..ഈ മരണത്തിനു പിന്നില്‍ എന്തോ ദുരൂഹത ഉണ്ട്..സാറ് മനസ്സ് വച്ച് അതൊന്ന് അന്വേഷിക്കണം.” ചാണ്ടി കസേരയില്‍ ചാരിക്കിടന്ന് ആലോചനയോടെ സിഗരറ്റ് വലിച്ചൂതി വിട്ടു. “കബീറിന് ശത്രുക്കള്‍ ആരെങ്കിലും ഉള്ളതായി അറിവുണ്ടോ?” അല്‍പ നേരത്തെ മൌനത്തിനു ശേഷം അയാള്‍ ചോദിച്ചു. “കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് വാസു എന്നൊരുത്തന്‍ വീട്ടിലെത്തി വിദേശത്ത് ജോലി ചെയ്തിരുന്ന അവനെ നാട്ടില്‍ വരുത്തണം എന്ന് ഭീഷണിപ്പെടുത്തി എന്നെയും പിള്ളേരെയും ആക്രമിച്ചിരുന്നു. ആ വിവരം അറിഞ്ഞാണ് കബീര്‍ എത്തിയത്” റാവുത്തര്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖ ഞെട്ടി. എഡിസണ്‍ ചാണ്ടിയുടെ കണ്ണുകള്‍ തിളങ്ങുന്നതും അയാളുടെ മുഖത്ത് ക്രൂരത നിഴലിക്കുന്നതും അവള്‍ ആശങ്കയോടെ കണ്ടു. “എന്നിട്ട് നിങ്ങളത് പോലീസില്‍ പരാതിപ്പെട്ടില്ലേ?” അയാള്‍ ചോദിച്ചു. “ഉവ്വ്..പക്ഷെ നടപടി ഒന്നും ഉണ്ടായില്ല സാര്‍..എന്റെ മോന്‍ തിരികെ എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിക്ക് അവനെ തടഞ്ഞു പോക്ക് മുടക്കിയതും ഈ വാസു ആണ്..അവന്‍ മനപ്പൂര്‍വ്വം എന്റെ മോന്റെ യാത്ര മുടക്കിയതായിരുന്നു. ഒരു കാരണവും ഇല്ലാതെ അവന്റെ വണ്ടി തടഞ്ഞു കത്തി കൊണ്ട് കാറില്‍ പോറി ഉടക്ക് ഉണ്ടാക്കി. അന്ന് നടന്ന നിസ്സാര വഴക്കിന്റെ പേരില്‍ പൌലോസ് എന്ന എസ് ഐ എന്റെ മോനെ കസ്റ്റഡിയില്‍ എടുത്ത് കേസ് ചാര്‍ജ്ജ് ചെയ്തത് കൊണ്ടാണ് അവന് പോകാന്‍ സാധിക്കാതെ വന്നത്. അവന്‍ പോയിരുന്നു എങ്കില്‍, ഈ ദുരന്തം അവന് സംഭവിക്കുമായിരുന്നില്ല” റാവുത്തര്‍ കണ്ണുകള്‍ തുടച്ചു. ചാണ്ടിയുടെ ചുണ്ടുകളില്‍ ക്രൂരമായ ഒരു പുഞ്ചിരി വിടര്‍ന്നു. ഡെവിള്‍സ് തങ്ങളുടെ പ്രത്യേക താല്‍പര്യപ്രകാരം ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി അയാളെ കൊച്ചിക്ക് കൊണ്ടുവന്നത് പോലീസ് പൂര്‍ണ്ണമായി തങ്ങളുടെ ഭാഗത്ത് നില്ക്കാന്‍ വേണ്ടി ആയിരുന്നു. വാസുവിനെ പോലീസ് സംരക്ഷിക്കുന്നുണ്ട് എന്നുള്ള തോന്നലില്‍ അവനെതിരെ എത്രയും വേഗം നടപടി എടുക്കാന്‍ അയാള്‍ക്ക് അവര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതിനുള്ള അവസരം സ്വയം തുറന്നു കിട്ടിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു ചാണ്ടി. “എനിക്ക് മുന്‍പേ ഇരുന്ന കമ്മീഷണര്‍ പലതും നിയമവിരുദ്ധമായി ചെയ്തത് കൊണ്ടാണ് ഈ കസേരയിലേക്ക് എന്നെ സര്‍ക്കാര്‍ പോസ്റ്റ്‌ ചെയ്തത്. അന്ന് നിങ്ങള്‍ കൊടുത്ത പരാതിയില്‍ അയാള്‍ നടപടി എടുത്തിരുന്നു എങ്കില്‍, ഒരുപക്ഷെ നിങ്ങളുടെ മകന്‍ ഇപ്പോള്‍ ജീവനോടെ കാണുമായിരുന്നു..

ഡിപ്പാര്‍ട്ട്മെന്റില്‍ പലര്‍ക്കും ഈ വാസുവുമായി ബന്ധമുണ്ട് എന്നാണ് എന്റെ അറിവ്..പേടിക്കണ്ട.. നിങ്ങളുടെ മകന്റെ മരണത്തിനു പിന്നില്‍ അവന് പങ്കുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കും. ഉണ്ടെങ്കില്‍, അവന്‍ ഒരിക്കലും നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപെടില്ല.” ചാണ്ടി പറഞ്ഞു. അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖയുടെ ഉള്ളു കാളി. അപ്പോള്‍ ഡെവിള്‍സ് എല്ലാ വിവരങ്ങളും അയാള്‍ക്ക് നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇനി വാസുവിനെതിരെ പോലീസ് തന്നെ രംഗത്തിറങ്ങും എന്ന് അവള്‍ ഭീതിയോടെ മനസിലാക്കി. ഡോണ നാളിതുവരെ നടത്തിയ സകല പ്രയത്നങ്ങളും വെള്ളത്തില്‍ വരച്ച വര പോലെ ആകാനാണ് സാധ്യത. അതിലേറെ വാസുവിന്റെ ഭാവി തന്നെ അപകടത്തിലയിരിക്കുകയാണ് എന്ന വസ്തുത അവളെ ആകെ അസ്വസ്ഥയാക്കി. തനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നവള്‍ കൂലങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി. “അവനല്ലാതെ വേറെ ആരുമായും കബീറിന് ഈ അടുത്ത കാലത്ത് ശത്രുത ഉണ്ടായിട്ടില്ല. അവന്‍ ആരാണെന്നോ എന്തിനാണ് അവനെന്റെ മകനെതിരെ പ്രവര്‍ത്തിക്കുന്നതെന്നോ എനിക്കറിയില്ല. എന്ത് തന്നെ ആയാലും അവന്റെ മരണവും ഈ വാസുവും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നെനിക്ക് ഉറപ്പാണ്. അവന്റെ മരണം ഒരു കൊലപാതകമാണ് എന്ന് ഞാന്‍ കരുതുന്നു സര്‍..” റാവുത്തരുടെ ശബ്ദം ഇന്ദുവിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവന്നു. “പ്രത്യക്ഷത്തില്‍ കൊലപാതകത്തിന്റെ യാതൊരു സാധ്യതയും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല എങ്കിലും നിങ്ങളുടെ വീടുകയറി ആക്രമിച്ച വാസുവിന് കബീറിനോടുള്ള ശത്രുത കണക്കിലെടുത്ത് അവനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും…എനിവേ..ഇന്നലെ രാത്രി നിങ്ങളുടെ വീടിന്റെ കോമ്പൌണ്ടില്‍ ആരെങ്കിലും കയറിയതായി നിങ്ങള്‍ക്ക് സംശയമുണ്ടോ” ചാണ്ടി റാവുത്തരുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. “ഇല്ല. നായ മരിച്ച ശേഷം ഞങ്ങള്‍ വീടും പറമ്പും മൊത്തം പരിശോധിച്ചു. ഞങ്ങള്‍ വീട്ടുകാരല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല..” “അപ്പോള്‍ കബീര്‍ ആത്മഹത്യ ചെയ്തത് തന്നെയാണ്..” “ഒരിക്കലുമല്ല സര്‍..ഒരിക്കലുമല്ല. വൈകിട്ടും ഒരുമിച്ചു ചിരിച്ചു കളിച്ചു സംസാരിച്ച എന്റെ മോന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക ഒരു കാരണവും ഇല്ല. അവന്റെ വിദേശത്തേക്ക് ഉള്ള പോക്ക് മുടക്കിയവര്‍ക്ക് ഇതില്‍ പങ്ക് കാണും എന്നാണ് എന്റെ ഉറച്ച തോന്നല്‍..വാസു എന്നവന്‍ എന്റെ മോനെ എന്തിനു ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നറിഞ്ഞാല്‍ ഈ മരണത്തിന്റെ ചുരുള്‍ അഴിയും..ഉറപ്പാണ്” ചാണ്ടിയുടെ ചുണ്ടില്‍ ക്രൂരമായ ഒരു ചിരി വിടര്‍ന്നു. “അവന് ഈ മരണവുമായി ബന്ധമുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” “ഉണ്ട്..വിദേശത്ത് നിന്നും അവനെ നാട്ടില്‍ വരുത്തുകയും തുടര്‍ന്നു തിരികെ പോകാന്‍ തുടങ്ങിയ അവനെ തടഞ്ഞു കേസാക്കി നാട്ടില്‍ നിര്‍ത്തുകയും ചെയ്തത് അവനാണ്..അപ്പോള്‍ ഈ മരണത്തിനു പിന്നില്‍ അവന്റെ കൈയുണ്ട് എന്ന് ഊഹിക്കുന്നതില്‍ തെറ്റുണ്ടോ സര്‍…”

ഇന്ദുലേഖ ഞെട്ടലോടെ അയാളെയും കമ്മീഷണറെയും നോക്കി. “ഇല്ല..ആ അനുമാനം ശരിയാകാനാണ് സാധ്യത. വാസുവിന്റെ കാര്യം ഞാന്‍ ഏറ്റു മിസ്റ്റര്‍ റാവുത്തര്‍…അവനെ ചോദ്യം ചെയ്ത ശേഷമേ കബീറിന്റെ ബോഡി സംസ്കരിക്കാവൂ..കൊലപാതകമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍, ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരും..” “അവനെ എത്രയും വേഗം കസ്റ്റഡിയില്‍ എടുക്കണം സര്‍….എന്റെ മകന്റെ മരണത്തിനു പിന്നില്‍ അവനായാലും വേറെ ആരുതന്നെ ആയാലും അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. അതിനുവേണ്ടി എന്ത് ചെയ്യാനും ഞാന്‍ തയാറാണ്..” റാവുത്തര്‍ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു. “ഡോണ്ട് വറി മിസ്റ്റര്‍ റാവുത്തര്‍..ഞാനാണ് ഈ സിറ്റിയുടെ നിയമ പരിപാലനത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍. ഞാനിവിടെ ഉള്ളിടത്തോളം ഒരുത്തനും കുറ്റം ചെയ്തു നിയമത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോകില്ല. നിങ്ങള്‍ പൊയ്ക്കോ..അന്വേഷണം തുടങ്ങിക്കഴിഞ്ഞു” “വളരെ നന്ദി സര്‍” റാവുത്തര്‍ കൈകള്‍ കൂപ്പിയ ശേഷം പുറത്തേക്ക് ഇറങ്ങി. ചാണ്ടി അടുത്ത സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് തന്റെ കീഴുദ്യോഗസ്ഥരെ നോക്കി. അയാളുടെ കണ്ണുകള്‍ ഇന്ദുലേഖയുടെ കണ്ണുകളുമായി ഇടഞ്ഞു. ഇന്ദുലേഖ ഉള്ളില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. വാസു കുടുങ്ങിക്കഴിഞ്ഞു എന്നവള്‍ക്ക് മനസിലായി. എങ്ങനെയും ഡോണയെ വിവരം അറിയിക്കണം. വാസുവിനോട് കൊച്ചിയില്‍ നിന്നും എങ്ങോട്ടെങ്കിലും ഉടനടി മാറാന്‍ വിവരം നല്‍കണം. പക്ഷെ ഈ കാലമാടന്‍ അനുമതി തരാതെ തനിക്ക് ഇവിടുന്ന് പുറത്തേക്ക് പോകാന്‍ പറ്റില്ല. അവനെ പിടികൂടാന്‍ ഇയാള്‍ ഇപ്പോള്‍ത്തന്നെ ഉത്തരവിടും. പിന്നെ അവന് രക്ഷപെടാന്‍ പറ്റില്ല. ഇങ്ങേരുടെ കൈയില്‍ കിട്ടിയാല്‍, ചിലപ്പോള്‍ കബീറിന്റെ ആത്മഹത്യ ഒരു കൊലപാതകമായി മാറ്റി ഇയാള്‍ അത് അവന്റെ തലയില്‍ കേട്ടിവയ്ക്കാനും മതി. അങ്ങനെ ആണെങ്കില്‍ ആ പാവം ചെറുപ്പക്കാരന്റെ ജീവിതം എന്നേക്കുമായി നശിക്കും. “എക്സ്യൂസ് മി സര്‍..” ഡോണയെ വിവരം അറിയിക്കാനുള്ള വ്യഗ്രതയോടെ ഇന്ദു പറഞ്ഞു. “യെസ് മിസ്സ്‌ ഇന്ദു..” ചാണ്ടി അവളെ നോക്കി. “സര്‍ എനിക്ക് ഒരു രണ്ടു മിനിറ്റ് പുറത്ത് പോണം..” “ഷുവര്‍..ഇന്‍ ഫാക്റ്റ് മിസ്സ്‌ ഇന്ദുവിനോട് ഞാന്‍ തന്നെ അത് പറയാന്‍ ഇരിക്കുകയായിരുന്നു” ഒരു വികൃതമായ ചിരിയോടെ ചാണ്ടി പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖയുടെ പുരികങ്ങള്‍ ചുളിഞ്ഞു. അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി. “മിസ്സ്‌ ഇന്ദൂ..നിങ്ങള്‍ക്കറിയാം ഈ വാസുവിനെ..അല്ലെ?” അയാള്‍ ചോദിച്ചു. ഇന്ദുലേഖ ഉള്ളിലെ ഞെട്ടല്‍ മറച്ച് മുഖഭാവം സ്വാഭാവികമാക്കി അയാളെ നേരിട്ടു. “യെസ് സര്‍” “അറസ്റ്റ് ഹിം..ഐ വാണ്ട് ഹിം ഹിയര്‍ ഇന്‍ നോ ടൈം..” ചാണ്ടി ഉത്തരവിട്ടു. “സര്‍”

ഇന്ദുലേഖ സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്ക് ഇറങ്ങി. ചാണ്ടി ക്രൂരമായ ഒരു പുഞ്ചിരിയോടെ അവളുടെ പോക്ക് നോക്കി. പുറത്തേക്ക് ഇറങ്ങിയ ഇന്ദുലേഖ വേഗം ഒരു ടോയ്ലറ്റില്‍ കയറി ഡോണയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളെ ലൈനില്‍ കിട്ടിയപ്പോള്‍ ഇന്ദുലേഖ ശബ്ദം പരമാവധി കുറച്ചാണ് സംസാരിച്ചത്. “ഡോണ..നീ എവിടെയാണ്? വാസു നിന്റെ കൂടെ ഉണ്ടോ?” അവള്‍ ചോദിച്ചു. “യെസ്..എന്താടി?” “കബീര്‍ മരിച്ചത് നീ അറിഞ്ഞു കാണുമല്ലോ അല്ലെ? അവന്റെ മരണവുമായി കണക്റ്റ് ചെയ്ത് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ കമ്മീഷണര്‍ ഓര്‍ഡര്‍ ഇട്ടിരിക്കുകയാണ്. എന്നോട് തന്നെ അവനെ അറസ്റ്റ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഒരിക്കലും അവന്‍ പോലീസ് പിടിയില്‍ ആകരുത്..ആയാല്‍ അവന്‍ പിന്നെ പുറംലോകം കാണില്ല..നീ അവനോട് വേഗം തന്നെ ഈ സിറ്റിയില്‍ നിന്നും എങ്ങോട്ടെങ്കിലും മാറാന്‍ പറ..ഒട്ടും വൈകരുത്” ഇന്ദുലേഖ ഒറ്റശ്വാസത്തില്‍ പറഞ്ഞു. “ഇന്ദൂ..പക്ഷെ ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ എത്തിക്കഴിഞ്ഞു..കമ്മീഷണര്‍ ഓഫീസിന്റെ കൊമ്പൌണ്ടിലാണ് ഞങ്ങള്‍ ഇപ്പോള്‍..ഞങ്ങളെ എല്ലാവരും കണ്ടും കഴിഞ്ഞു..എന്ത് ചെയ്യുമെടി ഇനി..” ഡോണയുടെ പരിഭ്രാന്തി നിറഞ്ഞ സ്വരം കേട്ടപ്പോള്‍ ഇന്ദു വിയര്‍ത്തുപോയി. “ഗോഡ്..ഇനി എന്ത് ചെയ്യും..” ഇന്ദു വിറയലോടെ ഫോണ്‍ കട്ട് ചെയ്തിട്ട് സ്വയം പറഞ്ഞു. അവള്‍ തിടുക്കത്തില്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ കമ്മീഷണര്‍ എഡിസണ്‍ ചാണ്ടി വാസുവിനെ കണ്ടു കഴിഞ്ഞിരുന്നു. കമ്മീഷണര്‍ ഓഫീസിലെ വര്‍ഗീസ്‌ എന്ന ഡെവിള്‍സിന്റെ ചാരനായ പോലീസുകാരനാണ് പുറത്ത് വന്ന വാസുവിന്റെ വിവരം അയാളെ അറിയിച്ചത്. ഇന്ദു തിടുക്കത്തില്‍ അവിടേക്ക് ചെന്നപ്പോള്‍ ചാണ്ടി തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങിയിരുന്നു. ബുള്ളറ്റില്‍ നിന്നും ഇറങ്ങുന്ന വാസുവിനെ ഇരയെ കുടുക്കിയ സിംഹത്തെപ്പോലെ അയാള്‍ നോക്കുന്നത് ഇന്ദു കണ്ടു. ഡോണ പരിഭ്രമത്തോടെ അയാളെയും പിന്നില്‍ നിന്നിരുന്ന ഇന്ദുവിനെയും നോക്കി. “ഇന്ദുവിന്റെ ജോലി കുറഞ്ഞിരിക്കുന്നു..അല്ലെ..” ഒരു വികടച്ചിരിയോടെ അവളെ നോക്കി ചാണ്ടി പറഞ്ഞു. ഡോണ എന്ത് ചെയ്യണം എന്നറിയാതെ, താന്‍ തന്നെ വാസുവിനെ അയാളുടെ കൈയിലേക്ക് എത്തിച്ചു കൊടുത്തതിന്റെ കടുത്ത മനസംഘര്‍ഷത്തോടെ, നിസ്സഹായയായി, നിശ്ചേതനയായി നിന്നുപോയി. താന്‍ അകപ്പെട്ടിരിക്കുന്ന കൊടിയ ആപത്ത് മനസിലാക്കാതെ വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് തന്നെത്തന്നെ നോക്കുന്ന കമ്മീഷണറെ നോക്കി പുഞ്ചിരിച്ചു.

Comments:

No comments!

Please sign up or log in to post a comment!