Love Or Hate 02

ഞാനും ആൻഡ്രൂവും പരസ്പരം നോക്കി…

സത്യത്തിൽ ഒറ്റ നിമിഷത്തിൽ ഞാൻ ഒന്നു പകച്ചു എങ്കിലും എനിക്ക് സത്യം മനസ്സിലായി.

“എടാ അവൾ നമ്മളെ പറ്റിച്ചതാ.. അവക്ക് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല…”

“അതേടാ.. അവള് നമ്മളെ പറ്റിച്ചതാ..”

ഈ സമയം കൊണ്ട് മിസ്സ് അവളുമായി എന്തോ സംസാരിക്കുക ആയിരുന്നു.. പക്ഷേ ഞങ്ങൾ സ്‌കൂട്ടിയിൽ കണ്ട വേഷം ആയിരുന്നില്ല അവളുടേത്.. അപ്പോൾ അവൾ ഒരു കറുപ്പ് കളർ ചുരിദാർ ആണ് ധരിച്ചിരുന്നത്.. കണ്ടപ്പോൾ തന്നെ ഒരു പാവം തോന്നിക്കുന്ന മുഖം ആയിരുന്നു.. ഒറ്റയടിക്ക് പറഞ്ഞാൽ ഒരു ശാലീന സുന്ദരി..

എന്നാൽ ഇപ്പൊൾ കോലം ഒക്കെ ആകെ മാറിയിരിക്കുന്നു, ജീൻസും ടോപ്പും ആണ് വേഷം മുടി പോണി ടെയ്ൽ പോലെ കെട്ടിയിരുന്നു.. കണ്ടാൽ തന്നെ ഒരു ഭയങ്കര ലുക്ക്.. ആൾക്കാർക്ക് കോലം മാറാൻ അതികം സമയം ഒന്നും വേണ്ടല്ലോ..

“ടാ ആൻഡ്രൂ, പൂച്ചയെ പോലെ ഇരുന്ന ഇവള് ക്ലാസ്സിൽ എത്തിയപ്പോൾ പുലി ആയല്ലോ…”

“നിക്ക് അവള് ഉള്ളിൽ വരട്ടേ..”

അവള് അവിടെ നിന്ന് മിസ്സിനോട് എന്തോ സംസാരിച്ച ശേഷം അകത്തേക്ക് വന്നു.. കേറി വന്നപാടെ ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അവൾ ബഞ്ചിൽ ഇരുന്നു.. ഞങ്ങളിൽ നിന്നും ഇടത്ത് വശത്ത് ഒരു ബഞ്ച് മുന്നിൽ ആയാണ് അവൾ ഇരിക്കുന്നത്.. അവളുടെ മുഖത്ത് ഞങളെ കണ്ട ഭാവം പോലും ഇല്ല.. പക്ഷേ എന്റെ മനസ്സിൽ ഉണ്ടായ ദേഷ്യത്തിന് കണക്കില്ലായിരുന്നു… അവള് പറ്റിച്ചതും പോര, അവളുടെ ഒടുക്കത്തെ ഒരു അഭിനയവും…

“ആൻഡ്രൂ..”

“എന്താ…”

“അവൾക്ക് നമ്മളെ കണ്ട ഭാവം പോലും ഇല്ലല്ലോ…”

“ഞാനും ശ്രദ്ധിച്ചു അളിയാ.. അവള് നൈസ് ആയിട്ട് നമ്മളെ തേച്ചു…”

“അവള് നമ്മളെ പറ്റിച്ചിട്ടുണ്ടെങ്കിൽ, അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല.. അവക്കിട്ട്‌ ഒരു പണി കൊടുക്കണ്ടേ..”

“കൊടുക്കണം ബ്രോ.. ഇപ്പൊ എന്ത് ചെയ്യും…”

മിസ്സ് ബോർഡിൽ എഴുതി കൊണ്ടിരിക്കുന്ന ഗ്യാപിൽ പതുക്കെ ആണ് ഞങൾ സംസാരിക്കുന്നത്.. ക്ലാസ്സിൽ മിക്കവരും ഉറങ്ങി തൂങ്ങി ഒക്കെ തന്നെ ആണ് ഇരിക്കുന്നത്..

“ആൻഡ്രൂ.. നിന്റെ അപ്പുറത്ത് ഇരിക്കുന്നവന്റെ പേര് എന്താന്നാ പറഞ്ഞെ..??”

“വിഷ്ണു..”

“ആ.. അവനോട് അവൾ ആരാ.. എന്താ നേരം വൈകി വന്നത് എന്ന് ചോദിക്ക്‌..”

“ഓകെ..”

ആൻഡ്രൂ പതിയെ അവന്റെ അരികിൽ ഇരിക്കുന്ന പയ്യനെ തോണ്ടി വിളിച്ചു.. ഞാൻ ഇരിക്കുന്നത് ഇങ്ങേ അറ്റത്ത് ആയത് കൊണ്ട് എന്റെ അപ്പുറത്ത് ആരും ഉണ്ടായിരുന്നില്ല…

“വിഷ്ണു ബ്രോ.

.?”

“ഹാ പറ ബ്രോ..”

“ഏതാ ഇപ്പൊ വന്ന ആ പെങ്കൊച്ച്..??”

“അതോ.. അത് ദിയ.. അവള് എപ്പോളും അങ്ങനെ തന്നെ.. ലേറ്റ് ആയിട്ടെ വരൂ..”

“അതെന്താ..??”

“ആ.. അത് അവൾക്ക് മാത്രേ അറിയൂ.. പിന്നെ അവളോട് ഇവിടെ ആരും അങ്ങനെ മിണ്ടാനും പറയാനും ഒന്നും പോകാറില്ല.. ടീച്ചർമാർ പോലും..”

“അതെന്താ..??”

“ഒരു പ്രത്യേക കാരക്ടർ ആണ് ബ്രോ.. ഒന്നിനേം ആരെയും പേടി ഇല്ലാത്ത ഒരു സാധനം.. അവളോട് പറഞ്ഞ് ജയിക്കാൻ ഒക്കൂല.. അതോണ്ട് ആരും അതിന് മെനക്കെടാർ ഇല്ല.., എല്ലാർക്കും ചെറിയ പേടി ഉണ്ട് എന്നതാണ് സത്യം…”

ഞാൻ ഇതെല്ലാം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു.. പെട്ടന്ന് ഞാൻ ഇടക്ക്‌ കേറികൊണ്ട് വിഷ്ണുവിനോട് ചോദിച്ചു..

“അതെന്താ ഇവൾ വല്ല ഗുസ്തി കാരിയും ആണോ??”

“ഏയ് ഗുസ്തി കാരി ഒന്നും അല്ല.. ബാസ്ക്കറ്റ് ബോൾ കളിക്കും.. പിന്നെ കുറച്ച് എന്തൊക്കെയോ അറിയാം എന്ന് തോന്നുന്നു..”

ഓഹോ അപ്പോ ഇവൾ ആണ് ഈ കാമ്പസിലെ പെൺ ഗുണ്ട… ഇവൾ എത്ര വലിയ മറ്റവൾ ആണെങ്കിലും എനിക്കിട്ട്‌ പണിഞ്ഞിട്ടുണ്ടെൽ തിരിച്ച് പണിതിരിക്കും…

“ആൻഡ്രൂ.. ബ്രേക് ടൈമിൽ പൊക്കിയാലോ..??”

“ചുമ്മാ ഇരി.. വന്നു കേറിയ ദിവസം തന്നെ അലമ്പുണ്ടാക്കണ്ട.. ഏതായാലും നമ്മൾ ഒരേ ക്ലാസ്സ് തന്നെ അല്ലേ അവള് നമ്മുടെ കൺവെട്ടത്ത് ഉണ്ടല്ലോ പണി കൊടുക്കാം.. പിന്നെ ഇപ്പൊ നമ്മൾ കേറി കോർത്താൽ ഇവൾ നമ്മളെ പറ്റിച്ച കാര്യം എല്ലാവരും അറിയും അത് നാണക്കേഡല്ലെ…”

അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് എനിക്കും തോന്നി.. അവസരം കിട്ടും… നിന്നെ ഞാൻ എടുത്തോലാടി…

ബാക്കി ക്ലാസ്സ് ഒക്കെ ഭയങ്കര ബോർ ആയിരുന്നു.. അല്ലെങ്കിലും ഈ പഠിപ്പ് ഒന്നും നമുക്ക് പറ്റിയ പണി അല്ല.. ഇവര് എന്താണ് പറയുന്നത് എന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല..

സത്യത്തിൽ ഈ പഠിക്കാൻ പുറകിൽ ഉള്ളവർ മറ്റെന്തെങ്കിലും കാര്യത്തിൽ കഴിവുള്ളവർ ആയിരിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷെ എന്റെ കാര്യത്തിൽ അതെന്താണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല… ആൻ‌ഡ്രുവിന്റെ അവസ്ഥയും ഇത് തന്നെ…

ക്ലാസ്സിൽ ഉടനീളം അവൾ ഞങളെ ഒന്ന് നോക്കിയത് പോലും ഇല്ല.. സീരിയസ് ആയി ബോർഡിലും ബുക്കിലും നോക്കി ഇരിക്കുന്നു..

“ടാ.. ആൻഡ്രൂ വാ കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം ഒടുക്കത്തെ വിശപ്പ്…”

“ഓകെ പോവാം…”

ഞങ്ങൾ പോകാൻ ഇറങ്ങിയതും ഞാനും ഉണ്ട് എന്ന് പറഞ്ഞ് വിഷ്ണുവും ഞങളുടെ കൂടെ കൂടി.. വിഷ്ണു ഭയങ്കര കൂൾ ആയിട്ടുള്ള ഒരു ബഡ്ഡി ആയിരുന്നു.
. അങ്ങനെ ഞങ്ങൾ പോകാൻ എഴുന്നേറ്റു..

ദിയ ഇപ്പോളും ബഞ്ചിൽ തന്നെ ഇരുന്ന് ബാഗിൽ എന്തോ നോക്കുകയായിരുന്നു.. പോണ വഴിയിൽ ഞാനും ആൻഡ്രുവും അവളെ ഒന്ന് തുറിപ്പിച്ച് നോക്കി.. അവള് ഒന്നും മനസ്സിലാകാത്ത മട്ടിൽ ഉള്ള ഒരു നോട്ടം ഞങ്ങളെയും നോക്കി.. അവൾടെ ഒരു നോട്ടം…

ക്ലാസിൽ നിന്നും പുറത്തിറങ്ങി ഞങൾ വരാന്തയിലൂടെ നടന്നു.. ഇവിടെ ഒരുപാട് കപ്പിൾസ് എല്ലാം ഉണ്ട് എന്ന് തോനുന്നു.. ഞാൻ വിഷ്ണുവിനെ വിളിച്ച് ചോദിച്ചു..

“വിഷ്ണു ബ്രോ.. മറ്റെ ദിയക്ക്‌ ബോയ് ഫ്രണ്ട് ഉണ്ടോ..??”

“എന്താ ബ്രോ ചോദിച്ചത്..?? താല്പര്യം ഉണ്ടോ..??”

“ഏയ്.. ഭയങ്കരി ആണ് എന്നാണല്ലോ നിങ്ങള് ഒക്കെ പറഞ്ഞത് അതോണ്ട് ചോദിച്ചതാ..”

“ഹോ.. ഇല്ല ബ്രോ.. അവളെ ഒക്കെ ആരു പ്രേമിക്കാന… ഇനീപോ ഉണ്ടെൽ തന്നെ അവളോട് അത് തുറന്ന് പറയാൻ ധൈര്യം വേണ്ടെ..”

“ഹോ.. ഓകെ..”

പക്ഷേ ഇത്രക്ക് വലിയ ആളാണ് എന്ന് പറഞ്ഞിട്ടും പിന്നെ ഇവൾ എന്തിന് ഞാൻ ചുമ്മാ ഒന്ന് ചൂടായപ്പോളേക്കും കരഞ്ഞത്.. അതാണ് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത്.. കേട്ടിടത്തോളം ഇവൾ ആളൊരു തരികിട ആണ്.. ചിലപ്പോ എന്തെങ്കിലും നമ്പർ ആവും.. നോക്കാം…

കുറച്ച് നടന്നപ്പോൾ തന്നെ ഞങ്ങൾ കാന്റീൻ കണ്ടു.. വലിയ വിശാലമായ കാമ്പസ് ആണ് ഇത്.. ഒരുപാട് പിള്ളേർ പഠിക്കുന്നുണ്ട്.. ഈ പഠിച്ചിറങ്ങുന്നവന്മാർ ഒക്കെ എവിടെ ജോലിക്ക് കയറുവോ എന്തോ..??

മനസ്സ് മടുത്തിട്ടാണ് ഇങ്ങോട്ട് വന്നത് തന്നെ അതുകൊണ്ട് ഈ കാമ്പസ് ഞങ്ങൾക്ക് എത്രത്തോളം എൻജോയ് ചെയ്യാൻ പറ്റും എന്നറിയില്ല.. എന്തായാലും നോക്കാം..

ഞാനും ആൻഡ്രുവും വിഷ്ണുവും കാന്റീനിൽ കയറി… നേരെ മുന്നിലെ ടേബിളിൽ തന്നെ കുറച്ച് പയ്യന്മാർ ഇരിക്കുന്നുണ്ട്.. കണ്ടപ്പോൾ തന്നെ ഒരു ഗ്യാങ്ങ് ആണ് എന്ന് മനസ്സിലായി.. കൂട്ടത്തിൽ ഒരുത്തൻ ഇരിക്കുന്നത് ടേബിളിന്റെ മുകളിൽ കാലും കയറ്റി വച്ചാണ്.. ആ അതെന്തേലും ആകട്ടെ.. നമ്മൾ ഇവിടെ വന്നത് പഠിക്കാൻ ആണ്, അതേതായാലും നടക്കില്ല.. പ്രശ്നത്തിന് എങ്കിലും പോകാതെ ഇരിക്കാലോ.. ഇവിടുന്നു കൂടി എന്തേലും പ്രശ്നം ഉണ്ടായാൽ ഞങ്ങൾടെ വീട്ടുകാർ ചിലപ്പോ ഞങളെ നാട് കടത്തും അതോണ്ട് ഒന്നിനും പോയി ചാടാതെ ഇരിക്കുന്നത് ആണ് നല്ലത്…

ഞങ്ങൾ മൂന്ന് പേരും ഒഴിഞ്ഞ ഒരു ടേബിൾ കണ്ടെത്തി അവിടെ പോയി ഇരുന്നു.. മൂന്ന് ചായയും പഴം പൊരിയും ഓർഡർ ചെയ്തു.. ചായയും പഴം പൊരിയും എന്റെയും ആൻഡ്രുവിന്റെയും ഫാവരൈറ്റ്‌ ആണ്..

വിഷ്ണു കൂടെ ഉള്ളത് കൊണ്ട് ഞാനും ആൻഡ്രുവും ദിയയെ കുറിച്ച് ഒന്നും സംസാരിച്ചില്ല.
. പെട്ടന്നാണ് ഒരു കൂട്ട ചിരി കേട്ടത്.. അവന്മാർ ആണ്.. ഞാൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയതും അവരിൽ ഒരുത്തൻ എന്നെ കണ്ടൂ.. അവർ ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്..

കുറച്ച് കഴിഞ്ഞതും ലീഡർ എന്ന് തോന്നുന്നവ ൻ ടേബിളിന്റെ മുകളിൽ നിന്നും കാൽ ഇറക്കി അവന്റെ സൈഡിൽ കിടന്ന കസേര അതെ കാലുകൊണ്ട് തന്നെ തട്ടി നീക്കി എഴുന്നേറ്റു.. അവൻ ഞങ്ങളുടെ അടുത്തേക്ക് ആണ് നടന്നു വരുന്നത്… ഞങ്ങളുടെ അടുത്ത് എത്തിയതും അവൻ ടേബിളിന്റെ മുകളിൽ രണ്ട് കയ്യും കുത്തി നിന്ന് എന്റെയും ആൻഡ്രുവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് പറഞ്ഞു..

“നിന്നെ ഒന്നും ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ… അപ്പോ നീ ഒക്കെ ആണ് തേർഡ് ഇയറിൽ ട്രാൻസ്ഫർ ആയി വന്ന അവന്മാർ അല്ലേ.. എങ്ങനെ കോളേജ് ഒക്കെ ഇഷ്ടപ്പെട്ടോ…??”

ഇവൻ വെറുതെ ഷോ ഇറക്കുകയാണ്.. അവൻ വായ തുറന്നപ്പോൾ തന്നെ നല്ല സിഗരറ്റിന്റെ മണം.. എന്തേലും പറഞ്ഞാ പിന്നെ സീൻ ആകും… പെട്ടന്ന് ആൻഡ്രൂ കേറി പറഞ്ഞു…

“ഞങ്ങള് ഇന്ന് വന്നതല്ലേ ഒള്ളു.. ഇഷ്ടപ്പെടാൻ ഒക്കെ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ …”

അത് അവന് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു.. അവന്റെ മുഖത്തെ ചിരി ഒന്ന് മാഞ്ഞു, പക്ഷേ അവൻ വീണ്ടും ചിരിച്ച് കൊണ്ട് തന്നെ തുടർന്നു…

“എനിക്കറിയാം നിങ്ങള് കുഴപ്പക്കാർ ഒന്നും അല്ല നല്ല കുട്ടികൾ ആണ് എന്ന്.. എന്നാലും പറയാം.. ഈ കാമ്പസിന് അതിന്റേതായ കുറച്ച് റൂൾസ് ഒക്കെ ഉണ്ട് അവനോട് ചോദിച്ചാൽ മതി പറയും”

വിഷ്ണുവിനെ ചൂണ്ടി ആണ് അവൻ പറഞ്ഞത്.. എന്നിട്ട് വീണ്ടും തുടർന്നു..

“അതോണ്ട് മക്കൾ അതൊന്നും തെറ്റിക്കാൻ നിക്കണ്ട.. ഓകെ.. അപ്പോ ശരി..”

ഇത്രയും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു പോകുന്നതിനിടയിൽ എന്റെ പുറത്ത് ഒന്ന് കൊട്ടി… അത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.. പക്ഷേ ഇപ്പോ ഒന്നും ചെയ്യാനും പറ്റില്ലല്ലോ.. ചേ.. ഇവിടെ വന്നത് മുതൽ ശത്രുക്കൾ മാത്രം ആണല്ലോ കിട്ടുന്നത്.. ഞാൻ എന്റെ ദേഷ്യം മുഴുവൻ ഉള്ളിൽ തന്നെ വച്ചു.. ഞാൻ ചോദിക്കാൻ നിന്നപോളേക്കും ആൻഡ്രൂ വിഷ്ണുവിനോട് ചോദിച്ചു..

“ആരാ ബ്രോ അവന്മാർ..??”

“അതോ അതാണ് അർജുൻ ഏതോ എം എൽ എ യുടെ മകൻ ആണ് അതിന്റെ അഹങ്കാരം നല്ലോണം ഉണ്ട്.. നിങ്ങള് കണ്ടല്ലോ.. ഈ കോളേജ് അവന്റെ അച്ഛന്റെ ആണ് എന്നാണ് വിചാരം.. പിന്നെ അവന്റെ കൂടെ ഉള്ളവന്മാർ ഒക്കെ അവന്റെ കാശും പവറും കണ്ട് അവന്റെ മൂടും താങ്ങി നടക്കുന്നു അത്രേ ഒള്ളു…”

“ഈ കാമ്പസ് മൊത്തം ടെറർ ആണല്ലോ ആൻഡ്രൂ…”

“ഞാൻ അത് വന്നപോ മുതലേ നോട്ട് ചെയ്യുന്നുണ്ട്…”

“ഇവിടെ തികച്ച് പഠിക്കാം എന്നുള്ള എന്റെ പ്രതീക്ഷ പോക പോകെ കുറഞ്ഞു വരുന്നുണ്ട്…”

“പൊന്നു മോനേ കരിനാക്ക്‌ വളച്ച് ഒന്നും പറയല്ലേ.
. ഇവിടേം കൂടെ തികച്ച് നിന്നില്ലേൽ നിനക്ക് അറിയാലോ എല്ലാവരും കൂടെ നമ്മളെ നാട് കടത്തും..”

ഞങ്ങളുടെ സംഭാഷണം ഒക്കെ കേട്ട് ഒന്നും മനസ്സിലാകാതെ നിന്ന വിഷ്ണു ചോദിച്ചു..

“അതെന്താ നിങ്ങള് പഴയ കോളജിൽ നിന്ന് ഇങ്ങോട്ട് പോന്നത്..??”

“ഞങ്ങൾക്ക് അങ്ങനെ ഒരു സ്ഥലത്ത് നിന്ന് പഠിച്ചാൽ ബോർ അടിക്കും അപ്പോ ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി..”

ആൻഡ്രൂ ആണ് മറുപടി പറഞ്ഞത്.. അവന് ഒന്നും മനസ്സിലായില്ല എങ്കിലും ഒന്നും ചോദിച്ചില്ല…

ചായ കുടി കഴിഞ്ഞ് ഞങ്ങൾ കാന്റീൻ വിട്ട് പുറത്തിറങ്ങി.. ക്ലാസ്സിൽ ഒന്നും കേറാൻ തന്നെ ഒരു മൂഡ് ഇല്ല.. പക്ഷേ ഇവിടുത്തെ മുറ്റവും ഗാർഡനും എല്ലാം കൊള്ളാം.. പ്രണയികുന്നവരെ ലക്ഷ്യം വച്ച് ഉണ്ടാക്കിയ പോലെ തന്നെ ഉണ്ട്..

ഞങ്ങള് ഇങ്ങനെ ഓരോന്ന് പറഞ്ഞ് വരാന്തയിലൂടെ നടന്നപ്പോൾ ആണ് പുറകിൽ നിന്നും ഒരു പെൺകുട്ടി എന്നെ വിളിക്കുന്ന ശബ്ദം കേട്ടത്…

“ഷൈൻ ചേട്ടാ..”

ഇതിപ്പോ ആരാ ഇവിടെ എന്നെ അറിയുന്ന ആൾ.. ഞാൻ തിരിഞ്ഞ് നോക്കി.. ആ ചൈത്ര ആണ്…

“ഹാ.. ചൈത്ര നീയെന്താ ഇവിടെ..??”

“എന്റെ ആന്റി ഇവിടെ ലെച്ചറർ ആണ് ആന്റിയെ കാണാൻ വന്നതാ.. ഹാ ആൻഡ്രൂ ചേട്ടാ എന്തൊക്കെ വിശേഷം..??”

“ആ അങ്ങനെ ഒക്കെ അങ്ങ് പോണ്..”

“അല്ല നിങ്ങള് രണ്ടാളും ഇവിടെ എന്ത് ചെയ്യുകയാ..”

“ഞങ്ങൾ ഇപ്പൊ ഇവിടെ ആണ്..”

“ഇവിടെ എന്ന് വച്ചാൽ..??”

“ഇവിടെ എന്ന് വച്ചാൽ.. ഇവിടെ ആണ് പഠിക്കുന്നത്..”

“ഹോ.. അപ്പോ പോളി പാതി വഴിയിൽ നിർത്തി ബി ടെക് എടുത്തോ..??”

“അതിന് പോളി നിർത്തിയത് അല്ലാലോ നിന്നത് അല്ലേ…”

ആൻഡ്രൂ ആണ് അതിനു മറുപടി പറഞ്ഞത്..

“അതൊക്കെ ശരിയാണ്, എന്നിട്ട് ഷൈൻ ചേട്ടാ നിങ്ങള് പിന്നെ അഞ്ജലി ചേച്ചിയെ കണ്ടിട്ടേ ഇല്ലെ..??”

“ഞാൻ എന്തിന് അവളെ കാണണം അതൊക്കെ അന്നെ വിട്ട കേസ് അല്ലേ..”

“സത്യത്തിൽ അന്ന് നിങ്ങള് ഒക്കെ ഉള്ളതായിരുന്നു അവിടത്തെ രസം.. നിങ്ങള് പോയെ പിന്നെ അതൊക്കെ അങ്ങ് നിന്നു…”

“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ചൈത്ര…”

“അതും ശരിയാ.. എന്നാൽ ഞാൻ പോട്ടെ.. പുറത്ത് ഡാഡി കാത്ത് നിൽപ്പുണ്ട്.. പിന്നെ കാണാം ട്ടോ.. രണ്ടു പേരോടും ബൈ..”

“ബൈ..”

അവള് വേഗം തന്നെ അവിടുന്ന് പോയി.. ഞങ്ങളുടെ സംസാരം എല്ലാം കേട്ട് നിന്ന വിഷ്ണു കുറച്ച് കൂടുതൽ കൺഫ്യൂഷൻ ആയി എന്ന് തോന്നുന്നു.. കാരണം പോളി, അഞ്ജലി, പുറത്ത് പോക്ക്.. ഇതെല്ലാം അവന് പുതിയ വാക്കുകൾ ആയിരുന്നല്ലോ.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവൻ അത് ഞങ്ങളോട് ചോദിച്ചു…

“അല്ല നിങ്ങള് രണ്ടുപേരും പോളിയിലും പഠിച്ചിട്ടുണ്ട..?? ഈ കുട്ടി ഏതാ?? അപോ ആരാ ഈ അഞ്ജലി..??”

ഞാൻ ഉത്തരം പറയാൻ നിന്നപ്പോളേക്കും ആൻഡ്രൂ ഇടയിൽ കയറി പറയാൻ ആരംഭിച്ചു…

“ഇതിന്റെ ഉത്തരം ഇവൻ പറഞ്ഞാൽ ശരിയാവൂല ഞാൻ പറയാം… അന്ന് ഞങ്ങൾ പോളിയിൽ പഠിക്കുന്ന കാലം… ഇപ്പൊ വന്നില്ലേ ഇവൾ ഞങ്ങളുടെ ജൂനിയർ ആയിരുന്നു.. സത്യത്തിൽ ആ കാമ്പസ് പഠിപ്പിസ്റ്റ്റുകളുടെ ഒരു കോട്ട ആയിരുന്നു.. എനിക്ക് തോന്നുന്നു അവിടെ പഠിക്കത്തവർ ആയി ഞങ്ങൾ രണ്ടുപേരും മാത്രമേ ഒള്ളു എന്ന്.. മുഴുവൻ ഒരുമാതിരി പാൽകുപ്പി ടീംസ് ആയിരുന്നു… കഥ തുടങ്ങുന്നത് ഞങ്ങളുടെ പോളി പഠന കാലത്തെ ഒന്നാം വർഷത്തിന്റെ മധ്യത്തിൽ നിനും ആണ്………….. ******************************

ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു അഞ്ജലി.. ഏറ്റവും മോശം വിദ്യാർത്ഥി ആയിരുന്നു ഷൈൻ.. അഞ്ജലി ടീച്ചർമാർക്ക് കണ്ണിലുണ്ണി ആയിരുന്നെങ്കിൽ ഇവൻ ടീച്ചർമാരുടെ കണ്ണിലെ കരട് ആയിരുന്നു.. അഞ്ജലി ക്ക്‌ ഞങ്ങളുടെ ക്ലാസ്സിൽ എന്നല്ല ആ സ്കൂളിലെ തന്നെ ഏറ്റവും വലിയ എതിരാളി ആയിരുന്നു സോഫിയ.. ഇവർ രണ്ടുപേരും തമ്മിൽ എപ്പോളും യുദ്ധം ആയിരുന്നു, യുദ്ധം എന്ന് പറഞ്ഞാൽ നേർക്ക് നേരെ അല്ല.. പരീക്ഷാ യുദ്ധം..

പരീക്ഷകളിൽ എപ്പോളും അഞ്ജലി ആയിരിക്കും ക്ലാസ്സിൽ ഒന്നാമത് എന്നാൽ സോഫിയ ക്ക്‌ അവളെക്കാൾ ഒന്നോ രണ്ടോ മാർക്ക് വിത്യാസം മാത്രമേ വരാറുള്ളൂ.. പക്ഷേ എത്ര ശ്രമിച്ചിട്ടും സോഫിയക്ക്‌ ആ ഒന്നോ രണ്ടോ മാർക്ക് ഉണ്ടാക്കി എടുക്കാൻ പറ്റിയിരുന്നില്ല…

അഞ്ജലി ആൾ ഭയങ്കര കൂൾ ആയിരുന്നു.. എല്ലാവരോടും നല്ല അനുകമ്പ ഒക്കെ ഉള്ള ഫ്രണ്ട്‌ലി ആയിട്ടുള്ള കുട്ടി… സോഫിയയും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെ , പക്ഷേ അവൾക്ക് അഞ്ജലി യോട് നല്ല കടുത്ത അസൂയ ഉണ്ടായിരുന്നു.. അത് മാത്രം അല്ല അവൾ കുറച്ച് കാശുള്ള വീട്ടിലെ ആയത് കൊണ്ട് അവളുടെ സ്റ്റാൻഡേർഡിന് ചേർന്നവരോട് മാത്രം ആയിരുന്നു അവൾക്ക് കൂട്ട്.. ചുരുക്കി പറഞ്ഞാൽ എന്നെയും ഇവനെയും ഒന്നും കണ്ണെടുത്താൽ കണ്ടൂട എന്നർത്ഥം..

ഈ കാര്യങ്ങൾ ഒക്കെ ആ കാമ്പസിൽ അങ്ങാടി പാട്ടുപോലെ പ്രശസ്തം ആയിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും അതിനു അത്ര വില കൊടുത്തിരുന്നില്ല.. കാരണം വേറൊന്നും അല്ല ഒന്നാമത് പെണ്ണുങ്ങൾ തമ്മിലുള്ള പ്രശ്നം പിന്നെ അതും പോരാഞ്ഞിട്ട് രണ്ട് പഠിപ്പിസ്റ്റ്റുകൾ.. നമ്മൾ ആ ഭാഗത്തേക്ക് തന്നെ മൈൻഡ് ചെയ്യാൻ പോകാറില്ലായിരുന്നു…

അങ്ങനെ പതുക്കെ പതുക്കെ അഞ്ജലി ക്യാമ്പസിൽ താരമാവാൻ തുടങ്ങി.. ക്യാമ്പസിലെ അഭിമാനം എന്ന് വരെ വിശേഷണങ്ങൾ അവൾക്ക് കിട്ടിയപ്പോൾ സോഫിയക്ക്‌ അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. അങ്ങനെ ആദ്യം അസൂയയിൽ തുടങ്ങി അത് പതുക്കെ ഒരു പക ആയി മാറാൻ തുടങ്ങി… ഒരു തവണ എങ്കിലും അഞ്ജലിയെ മറികടന്ന് തനിക്ക് മുന്നിൽ വരണം എന്ന് സോഫിയക്ക്‌ വാശിയായി..

“എന്താ സോഫിയ…??”

“കുറച്ച് സീരിയസ് മാറ്റർ ആണ് നമുക്ക് ഒരു 5 മണിക്ക് കോഫീ ഷോപ്പിൽ മീറ്റ് ചെയ്യാൻ പറ്റുമോ..? അവിടെ വച്ച് പറയാം.. ഇവിടെ ശരിയാവില്ല..”

“അഞ്ച് മണിക്ക്….. ഓകെ ഞങ്ങൾ വരാം..”

സത്യത്തിൽ എനിക്കും ഷൈനിനും അത് അൽഭുതം ആയിരുന്നു.. കാരണം ക്ലാസ്സ് തുടങ്ങി ഇത്രയും ദിവസം ആയിട്ടും ഇവൾ ഞങ്ങളോട് ആകെ വിരലിൽ എണ്ണാവുന്ന അത്ര സമയം മാത്രമേ സംസാരിച്ചിട്ടുള്ളു.. ഇപ്പൊ ഞങ്ങളെ കോഫി കുടിക്കാൻ വിളിക്കുന്നു.. ഇതിൽ എന്തോ പന്തികേട് ഉണ്ട് എന്ന് ഞങ്ങൾക്ക് അപ്പോള് തന്നെ മനസ്സിലായിരുന്നു.. എന്നാലും അവളുടെ ഉദ്ദേശം അറിയാൻ ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു..

അങ്ങനെ ഹോസ്റ്റലിൽ പോയി ഒന്ന് ഫ്രഷ് ആയി ഞങ്ങൾ അവളെ കാണാൻ കോഫി ഷോപ്പിലേക്ക് ചെന്നു.. അകത്ത് കയറിയപ്പോൾ തന്നെ അവൾ ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടു..

ഷൈൻ: ആൻഡ്രൂ.. മിക്കവാറും എന്തേലും ഉടായിപ്പ് ആയിരിക്കും.. എന്താണെലും നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി…

ആൻഡ്രൂ: സഹായം ചോദിക്കാൻ വല്ലതും ആണേൽ ആദ്യം കുറച്ച് ജാഡ ഇറക്കാം.. അവൾക്ക് ഒടുക്കത്തെ ജാഡ ആണല്ലോ.. എന്താ നമ്മക്ക് ആയികൂടെ…

ഷൈൻ: അല്ല പിന്നെ…

ഞങ്ങൾ പരസപരം ഒരു ഹൈ ഫൈ ഒക്കെ കൊടുത്ത് അവളുടെ അടുത്തേക്ക് നടന്നു… ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുകയായിരുന്നു അവൾ…

ഷൈൻ: ഹായ് സോഫിയ…

സോഫിയ: ഹായ്.. രണ്ട് പേരും ഇരിക്ക്‌.. പിന്നെ എന്താ കഴിക്കാൻ വേണ്ടത്..???

ഷൈൻ: ഇല്ല.. ഞങ്ങൾക്ക് ഒന്നും വേണ്ട.. താങ്ക്സ്…

സോഫിയ: അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ഇന്ന് എന്റെ ട്രീറ്റ് ആണ്.. നിങ്ങൾക്ക് ഇഷ്ടം ഉള്ളത് കഴിക്കാം.. പ്ലീസ്…

ആൻഡ്രൂ: എന്നാ എനിക്ക് ഒരു ബർഗറും കോഫിയും..

ഷൈൻ: എന്നാ… എനിക്കും.. അത് മതി..

സോഫിയ: ഓകെ..

അവള് അപ്പോൾ തന്നെ വെയിറ്റർനെ വിളിച്ച് ഓർഡർ കൊടുത്തു…

ഷൈൻ: അല്ല താൻ ഇത് വരെ ഞങ്ങളെ വിളിച്ച കാര്യം പറഞ്ഞില്ല…

സോഫിയ: പറയാം.. ആദ്യം നമുക്ക് ഫുഡ് കഴിക്കാം…

അങ്ങനെ അധികം വൈകാതെ തന്നെ ഫുഡ് എല്ലാം എത്തി.. ഞങ്ങൾ മൂന്ന് പേരും കഴിക്കാനും ആരംഭിച്ചു..

ആൻഡ്രൂ: ഞങ്ങളെ കൊണ്ട് എന്തേലും കാര്യം കാണാൻ ഉള്ള കൈക്കൂലി ആണോ ഈ ട്രീറ്റ്…

സോഫിയ: അങ്ങനെ ചോദിച്ചാൽ.. നിങ്ങളെ കൊണ്ട് എനിക്ക് ഒരു കാര്യം ഉണ്ട്.. ഐ മീൻ, നിങ്ങള് എന്നെ ഒന്ന് സഹായിക്കണം.. പക്ഷേ ഈ ട്രീറ്റ് അതിനൊന്നും അല്ല.. ഇത് എന്റെ ഒരു സന്തോഷത്തിന് മാത്രം… നിങ്ങള് എന്നെ സഹായിക്കാം എന്ന് പറഞ്ഞാൽ നിങ്ങള് ചോദിക്കുന്ന എന്തും ഞാൻ തരും.. കാരണം ഈ കാര്യം എനിക്ക് അത്രക്ക് സീരിയസ് ആണ്..

ഷൈൻ: അതെന്താ തനിക്ക് ഞങ്ങളെ കൊണ്ട് അത്ര സീരിയസ് കാര്യം…???

സോഫിയ: ഞാൻ പറയാം.. നിങ്ങൾക്ക് അറിയാലോ ഞാനും അഞ്ജലിയും തമ്മിലുള്ള പ്രശ്നം.. എനിക്ക് നമ്മുടെ ക്യാമ്പസിൽ ഉള്ള ഒരേ ഒരു എതിരാളി.. ജീവിതത്തിൽ ഇന്ന് വരെ പങ്കെടുത്ത പരീക്ഷകളിൽ ഒക്കെ ഞാൻ ആയിരുന്നു ഫസ്റ്റ്.. പക്ഷേ എന്ന് അഞ്ജലി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നോ അന്ന് മുതൽ എന്റെ സ്ഥാനം ഒന്നിൽ നിന്ന് രണ്ടിലേക്കായി.. അവളെ ഒന്ന് തോൽപ്പിക്കാൻ പല വഴികളും ഞാൻ നോക്കി പക്ഷെ ഒന്നിലും അവൾ തോട്ടില്ല.. ഉറക്കം അളച്ചിരുന്ന് കഷ്ടപ്പെട്ട് ഞാൻ പരീക്ഷ എഴുതിയിട്ട് കേവലം ഒന്നോ രണ്ടോ മാർക്കിന് അവൾ എന്നെ തോൽപ്പിക്കും… എനിക്ക് ജയിക്കണം ഒരു തവണ എങ്കിലും അവളെ എനിക്ക് തോൽപ്പിക്കണം.. അതിനു നിങ്ങള് എന്നെ സഹായിക്കണം…

സത്യത്തിൽ എല്ലാം കേട്ട് ഞങ്ങൾ രണ്ടുപേരും അന്തം വിട്ട് നിൽക്കുകയായിരുന്നു.. പാസ് ആകാനുള്ള മാർക്ക് ഉണ്ടാക്കുന്നതിന്റെ പാട് ഞങ്ങൾക്ക് അറിയാം അതിന്റെ ഇടക്ക്‌ ആണ് ക്ലാസിൽ ഫസ്റ്റ് ആകുന്നത്…

ഷൈൻ: സോഫിയ ഞങ്ങൾ എങ്ങനെ തന്നെ സഹായിക്കും തനിക്ക് അറിയുന്നതല്ലെ ഞങ്ങളുടെ ക്ലാസിലെ അവസ്ഥ…

ആൻഡ്രൂ: പിന്നിൽ നിന്ന് നോക്കുമ്പോൾ മാത്രേ ഞങ്ങൾക്ക് ഫസ്റ്റ് ഒള്ളു..

സോഫിയ: അതൊക്കെ എനിക്ക് അറിയാം.. അത് കൊണ്ട് തന്നെ ആണ് ഞാൻ നിങ്ങളെ രണ്ടുപേരെയും ഇതിന് തെരഞ്ഞെടുത്തത്…

ഷൈൻ: ഒകെ.. താൻ ഞങ്ങൾ എന്താ ചെയ്യേണ്ടത് എന്ന് പറ..

സോഫിയ: അഞ്ജലിയെ എനിക്ക് തോൽപ്പിക്കണം എങ്കിൽ അതിനു ഒറ്റ വഴിയേ ഒള്ളു.. പഠിത്തത്തിൽ ഉള്ള അവളുടെ ശ്രദ്ധ തിരിക്കണം.. അവളുടെ മനസ്സിൽ പഠിതത്തിന് രണ്ടാം സ്ഥാനം ആകണം…

ആൻഡ്രൂ: അത് ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല…

സോഫിയ: നടക്കും… ഷൈൻ വിചാരിച്ചാൽ നടക്കും…

ഷൈൻ: ഞാൻ വിചാരിച്ചാലോ..?? എങ്ങനെ..??

സോഫിയ: ഷൈൻ അവളെ പ്രമിക്കണം…

അത് ഞങ്ങൾ രണ്ടാളിലും ഒരു വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്.. ഒരാളെ ക്ലാസ്സിൽ സെക്കൻഡ് ആക്കാൻ വേണ്ടി പ്രേമിക്കാൻ പോവുക… ശേ.. അതൊന്നും ഒരിക്കലും നടക്കില്ല… മാത്രം അല്ല ഈ പ്രേമം ഒന്നും നമുക്ക് സെറ്റ് ആകില്ല…

ഷൈൻ: സോറി സോഫിയ.. എനിക്കതിനു പറ്റും എന്ന് തോന്നുന്നില്ല.. താൻ വേറെ ആരെ എങ്കിലും നോക്കിക്കോളൂ.. ആൻഡ്രൂ വാ പോകാം…

ഞങ്ങള് രണ്ടു പേരും കോഫി ഷോപ്പിൽ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങിയതും സോഫിയ ഓടി ഞങ്ങൾക്കൊപ്പം വന്നു..

സോഫിയ: ഷൈൻ അങ്ങനെ പെട്ടന്ന് ഒരു തീരുമാനം എടുക്കേണ്ട്.. ഒന്നുകൂടി ആലോചിക്ക്‌… പിന്നെ ഈ സഹായം സൗജന്യം ആവും എന്ന് കരുതണ്ട.. ഞാൻ രാത്രി വിളിക്കാം നിങ്ങള് ആലോചിക്ക്‌…

ഇതും പറഞ്ഞ് അവൾ അവളുടെ സ്‌കൂട്ടിയിൽ കയറി പോയി.. ബാക്കി റൂമിൽ പോയി പ്ലാൻ ചെയ്യാം എന്നും പറഞ്ഞ് ഞങ്ങൾ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു… തിരികെ റൂമിൽ എത്തിയപ്പോൾ ഞങ്ങൾ സോഫിയ പറഞ്ഞ കാര്യത്തെ കുറിച്ച് വിയദമായി തന്നെ ആലോചിച്ചു…

ആൻഡ്രൂ: ടാ ഷൈനെ.. നീ എന്ത് പറയുന്നു..??

ഷൈൻ: പറയാനുള്ളത് ഞാൻ പറഞ്ഞത് അല്ലേ….

ആൻഡ്രൂ: അത് അവിടെ വച്ച് പറഞ്ഞത്.. നീ അവൾ പറഞ്ഞത് കേട്ടോ.. നമ്മൾ അവളെ സഹായിച്ചാൽ അവൾ എന്ത് വേണമെങ്കിലും തരാം എന്ന്…

ഷൈൻ: എടാ അവള് ആൾ ഭൂലോക ഉടായിപ്പ് ആണ് അവളുടെ വാക്കും കേട്ട് ഒരോന്നിന് ഇറങ്ങി വെറുതെ പണി വേടിക്കണോ…

ആൻഡ്രൂ: അളിയാ എനിക്ക് ഒരു ഐഡിയ..

ഷൈൻ: എന്ത് ഐഡിയ??

ആൻഡ്രൂ: നിനക്ക് അഞ്ജലിയെ പറ്റി എന്താ അഭിപ്രായം..??

ഷൈൻ: അഞ്ജലി… സോഫിയയേ പോലെ തന്നെ.. പക്ഷേ അവളുടെ അത്ര തരികിട അല്ല എന്ന് തോന്നുന്നു…

ആൻഡ്രൂ: അപ്പോ ഈ കഥയിലെ വില്ലത്തി ആരാ..??

ഷൈൻ: ഇത് വരെ പറഞ്ഞത് വച്ച് നോക്കുമ്പോ.. സോഫിയ…

ആൻഡ്രൂ: അപ്പോ നമ്മൾ വില്ലത്തിയുടെ കൂടെ നിൽക്കണോ നായികയുടെ കൂടെ നിൽക്കണോ..??

അന്ന് ഞങൾ രണ്ട് സുപ്രധാന തീരുമാനങ്ങൾ എടുത്തു.. ഒന്ന് ഞങ്ങൾ അഞ്ജലിയെ സഹായിക്കാൻ പോകുന്നു.. രണ്ട് തീർച്ചയായും ഞങ്ങൾ സോഫിയക്ക്‌ ഒരു പണി കൊടുക്കാൻ പോകുന്നു…

അങ്ങനെ അന്ന് രാത്രി സോഫിയ വിളിച്ചപ്പോൾ ഞങ്ങൾ അവളെ സഹായിക്കാം എന്ന് വാക്ക് നൽകി… പക്ഷേ ഞങ്ങളുടെ പ്ലാൻ അഞ്ജലിയെ ഇക്കാര്യം അറിയിക്കുക എന്നത് ആയിരുന്നു…

അങ്ങനെ അടുത്ത ദിവസം ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും വീട്ടിൽ പോകുന്ന സമയം ഞാനും ഷൈനും അഞ്ജലിയെ കാണാൻ തീരുമാനിച്ചു… കോളേജിന്റെ അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട്.. ഏകദേശം നടക്കാൻ ഉള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അങ്ങനെ അവൾ നടന്നു പോകുന്ന വഴി ഞങ്ങൾ അവളെ ഫോളോ ചെയ്യാൻ തുടങ്ങി.. അങ്ങനെ അവസാനം അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി പോയപ്പോൾ ഞങ്ങൾ അവളുടെ അടുത്തേക്ക് ചെന്നു…

ഷൈൻ: ഹായ് അഞ്ജലി…

അവള് പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി.. പിന്നെ ഞങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ ചിരിച്ച് കൊണ്ട് പറയാൻ തുടങ്ങി..

അഞ്ജലി: ഹായ്.. അല്ല നിങ്ങൾ എന്താ ഈ വഴി.. അതും നടന്ന്.. നിങ്ങള് ബൈക്കിൽ അല്ലേ വരാറു..

ഷൈൻ: ഞങ്ങള് തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ…

അഞ്ജലി: എന്നെയോ..?? എന്തിന്..??

ആൻഡ്രൂ: തനിക്ക് ഇട്ട് ഒരു പണി തരാൻ സോഫിയയുടെ കൊട്ടേഷൻ ഉണ്ട്.. അതുകൊണ്ട് വന്നതാ…

അഞ്ജലി: സോഫിയ…. എനിക്ക് ഒന്നും മനസിലാകുന്നില്ല.. നിങ്ങള് കാര്യം തെളിച്ച് പറ…

ഞാനും ഷൈനും സോഫിയ ഞങ്ങളെ വന്ന് കണ്ടത് മുതൽക്കുള്ള എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു.. എല്ലാം കേട്ടപ്പോൾ അവളുടെ മുഖം അൽഭുതം കൊണ്ട് വിടരുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു…

അഞ്ജലി: അപ്പോ അവള് എന്നെ തോൽപ്പിക്കാൻ ഷൈനിനോട് എന്നെ പ്രേമിക്കാൻ പറഞ്ഞു എന്നാണോ പറയുന്നത്…??

ഷൈൻ: അതെ.. ഞാൻ തന്നെ പ്രണയിച്ച് തന്റെ മനസ്സ് കീഴടക്കണം.. എന്നിട്ട് പഠിത്തത്തിൽ ഉള്ള തന്റെ ശ്രദ്ധ തെറ്റിക്കണം അതാണ് അവളുടെ പ്ലാൻ…

അഞ്ജലി: അവൾക്ക് എന്നോട് ചെറിയ ദേഷ്യം ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു.. പക്ഷേ അത് ഇത്രക്ക് വലിയ വൈരാക്യം ആകും എന്ന് കരുതിയില്ല… അതൊക്കെ പോട്ടെ.. പിന്നെ നിങ്ങള് എന്താ അവളെ സഹായിക്കാതെ ഇരുന്നത്…??

ഷൈൻ: സംഭവം ഞങ്ങൾ രണ്ടാളും അത്ര നല്ല ആളുകൾ ഒന്നും അല്ലെങ്കിലും ഒരാളെ പറ്റികാനും ചതികാനും ഒന്നും ഞങ്ങൾ കൂട്ട് നിൽക്കില്ല… പക്ഷേ ഞാൻ സോഫിയയുടെ അടുത്ത് ഞങ്ങൾ അവളെ സഹായിക്കുന്നു എന്ന രീതിയിൽ ആണ് സംസാരിച്ചത്..

അഞ്ജലി: അതെന്തിനാ??

ഷൈൻ: ഇല്ലെങ്കിൽ അവൾ ചിലപ്പോ വേറെ ആളെ കണ്ടെത്തും.. അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി നോക്കും.. ഇതാകുമ്പോ സേഫ് അല്ലേ…

അഞ്ജലി: താങ്ക്സ് ഷൈൻ.. എന്നെ ഇത്രയും വലിയ ഒരു ചതിയിൽ നിന്ന് രക്ഷിച്ചതിന്…

ഷൈൻ: ഏയ്.. അതൊന്നും കുഴപ്പല്ല…

ആൻഡ്രൂ: എന്നാലും ആ സോഫിയ എന്തൊരു മണ്ടത്തി ആണ്.. ഇവൻ ഒക്കെ തന്നെ എങ്ങനെ വളക്കാൻ ആണ്.. സ്വന്തം ക്ലാസീന്ന് പോയിട്ട് ഈ ക്യാമ്പസിൽ നിന്ന് ഇവന് പെണ്ണ് കിട്ടുമോ..??😂😂

അഞ്ജലി: എന്തായാലും നിങ്ങള് ഇത് എന്നോട് തുറന്ന് പറഞ്ഞത് നന്നായി😊. ഒരു പക്ഷെ നിങ്ങള് അവളുടെ കൂടെ ചേർന്ന് എന്നെ തോൽപിക്കാൻ ആണ് നോക്കിയിരുന്നത് എങ്കിൽ….. ചിലപ്പോ…. അവള് ജയിച്ചേനെ….😊

അതും പറഞ്ഞ് അവള് അവിടെ നിന്നും അവളുടെ വീട്ടിലേക്ക് കയറി പോയി.. പോകുന്ന വഴിയിൽ അവൾ ഒന്ന് തിരിഞ്ഞ് നോക്കുകയും ചെയ്തു.. പക്ഷേ അവള് പറഞ്ഞതിന്റെ അർത്ഥം കുറച്ച് കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്….

അതായിരുന്നു എല്ലാത്തിന്റെയും തുടക്കം… അങ്ങനെ സോഫിയ പറഞ്ഞത് പ്രകാരം ഷൈനും അഞ്ജലിയും ആ ക്യാമ്പസിലെ ഇണ കുരുവികൾ ആയി മാറി.. പ്രേമം എന്ന് പറഞ്ഞാല് അസ്തിക്ക്‌ പിടിച്ച പ്രേമം… പക്ഷേ സോഫിയയുടെ രണ്ടാമത്തെ പ്രവചനം തെറ്റിപ്പോയി.. ഇവനും ആയി മുടിഞ്ഞ പ്രേമത്തിൽ ആയിരുന്നിട്ടും കൂടി അഞ്ജലി പരീക്ഷകളിൽ മുൻപുളതിനേക്കാൽ കൂടുതൽ മാർക്ക് ആണ് വാങ്ങികൊണ്ടിരുന്നത്…

ഇവരുടെ കൂടുതൽ പ്രേമ നിമിഷങ്ങൾ ഒന്നും ഞാൻ പറയുന്നില്ല.. പറഞ്ഞാൽ ഇവൻ എന്നെ കൊല്ലും… അങ്ങനെ ഞങൾ വിജയകരമായി പോളി ജീവിതത്തിലെ രണ്ടാം വർഷത്തിലേക്ക് കടന്നു… അഞ്ജലിയും ഷൈനും തമ്മിലുള്ള പ്രണയം അപ്പോളും കത്തി തന്നെ നിന്നു.. കോളേജ് മുഴുവൻ അക്കാര്യം പാട്ടായിരുന്നു.. ഇവർക്ക് അത് ഒരു പ്രശ്നവും ആയിരുന്നില്ല…

ആ സമയത്ത് ഫസ്റ്റ് ഇയറിൽ ഞങ്ങളുടെ ജൂനിയർ ആയിരുന്നു ഇപ്പൊ ഇവിടെ വന്ന ആ കുട്ടി… അങ്ങനെ പ്രേമം തലയ്ക്ക് പിടിച്ച് നടക്കുന്ന ആ കാലത്ത് ആണ്… ഞങ്ങളുടെ ജീവിതത്തിലെ ആ ദുരന്തം സംഭവിക്കുന്നത്….

ഹോസ്റ്റലിലെ ടെറസിന്റെ മുകളിൽ വെറുതെ കാറ്റ് കൊണ്ട് കിടക്കുമ്പോൾ ആണ് ഷൈനിന് ആ കോൾ വന്നത്.. വേറെ ആരും ആയിരുന്നില്ല അഞ്ജലി തന്നെ… സംഭവം വേറൊന്നും അല്ല.. അവൾക്ക് ഇവനെ കാണാൻ ഒരു പൂതി.. അതിന് കാരണവും ഉണ്ട്.. അവളുടെ വീട്ടിൽ എല്ലാവരും കൂടി ഏതോ ഒരു കല്ല്യാണം കൂടാൻ വേണ്ടി വൈകുന്നേരം പോയത് ആണ്.. അവർ ഏകദേശം അർദ്ധരാത്രി തിരിച്ച് വരികയുള്ളൂ.. അപ്പോ അത്രേം നേരം ഇവർക്ക് സൊള്ളാൻ ആണ് പ്ലാൻ..

അന്നത്തെ അവസ്ഥ അല്ലേ കേട്ട പാതി കേൾക്കാത്ത പാതി ഞാനും ഇവനും കൂടി വണ്ടിയും എടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു.. വീടിന്റെ കുറച്ച് മുന്നേ വണ്ടി നിർത്തി ഞങ്ങൾ വീടിന്റെ അടുത്തേക്ക് നടന്നു… റോഡിനെ ചാരി മതിൽ ആണ്.. നടുക്ക് ഒരു വലിയ ഗെയിട്ടും ഉണ്ട്.. ഗേറ്റിനു വീടിനും ഇടയിൽ വലിയ ഒരു മുറ്റം ആണ്…

ഗെയിറ്റ് തുറന്ന് അകത്ത് കയറുന്നത് ബുദ്ധി അല്ല കാരണം റിമോട്ട് കണ്ട്രോൾ ഉള്ള ഗെയിറ്റ് ആണ്…. മതിലു ചടാം.. പക്ഷേ അത് നല്ല ഉയരം ഉണ്ടായിരുന്നു.. എങ്ങനെ ചാടും എന്നാലോചിച്ച് നിന്നപ്പോൾ ആണ് റോഡ് സൈഡിൽ ചെങ്കല്ല് അട്ടി വച്ചിരിക്കുന്നത് കണ്ടത്… അപ്പോ തന്നെ പോയി അതിൽ നിന്ന് നാലെണ്ണം എടുത്തോണ്ട് വന്ന് മതിലിനെ ചാരി അട്ടിക്ക്‌ വച്ചു.. എന്നിട്ട് ഞങ്ങൾ അതിന്റെ മേലെ കയറി മതിൽ ചാടി..

വീട്ടിൽ പട്ടിയും സെക്യൂരിറ്റിയും ഒന്നും ഇല്ല എന്ന് അവൾ മുന്നേ പറഞ്ഞിരുന്നു… മതിലു ചാടിയ ഞങ്ങൾ കള്ളന്മാരെ പോലെ കുനിഞ്ഞ് വീടിന്റെ മുൻവശം ലക്ഷ്യമാക്കി നടന്നു…

നല്ല നിലാവുള്ള ഒരു രാത്രി ആയിരുന്നു അത്.. അത്കൊണ്ട് ടോർച്ചിന്റെ ആവശ്യം വേണ്ടി വന്നില്ല… പക്ഷേ എന്ത് പറയാൻ.. തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയുടെ അവസ്ഥ ആയിപ്പോയി.. ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയതും ഗെയിറ്റും തുറന്ന് കൊണ്ട് രണ്ടു കാറുകൾ ഉള്ളിലേക്ക് വന്നു… നല്ല ഹൈ ബീം വെളിച്ചത്തിൽ ഞങ്ങൾ രണ്ടുപേരും തിളങ്ങി നിന്നു..

ആൻഡ്രൂ ഓടിക്കോ എന്ന് പറഞ്ഞ് ഇവനും ഇവന്റെ പിന്നാലെ ഞാനും മതിൽ ലക്ഷ്യം ആക്കി ഓടി… പക്ഷേ എത്ര ശ്രമിച്ചാലും ചാടാൻ പറ്റാത്ത ഉയരം ഉണ്ടായിരുന്നു ആ മതിലിന്…

അപ്പോളേക്കും കാറിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുക്കൾ ഒക്കെ കൂടി ഞങ്ങളെ പിടിച്ചു… പിടിച്ചു എന്ന് മാത്രം അല്ല നല്ല ഇടിയും കിട്ടി.. വയറ്റിനിട്ട്‌ ആദ്യത്തെ ഇടി കിട്ടിയപ്പോൾ തന്നെ ഞാൻ നിലത്തോട്ട്‌ ഇരുന്നു…

അവന്മാർ ഞങ്ങളെയും വലിച്ചൊണ്ട് അവളുടെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോയി..

അച്ഛൻ: എന്തായിരുന്നു നിന്റെ ഒക്കെ ഉദ്ദേശം..?? എന്തിനാ നീയൊക്കെ എന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്..??

ഞങ്ങൾ രണ്ടാളും മറുപടി ഒന്നും പറഞ്ഞില്ല.. അവസാനം നല്ല ഒരു കുത്ത് വയറ്റത്ത് കിട്ടിയപ്പോൾ ഇവൻ ഉറക്കെ വിളിച്ച് പറഞ്ഞു…

ഷൈൻ: ഞങ്ങൾ അഞ്ജലിയെ കാണാൻ വേണ്ടി വന്നതാ… ഞാനും അഞ്ജലിയും തമ്മിൽ ഇഷ്ടതിൽ ആണ്… അവള് വിലിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്…

ഇത്രയും ബന്ധുക്കളുടെ മുന്നിൽ വച്ച് അത് പറഞ്ഞപ്പോൾ അവളുടെ അച്ഛൻ അലറി കൊണ്ട് ഇവന്റെ നേരെ വന്നു.. എന്നിട്ട് ഇവന്റെ കോളരിന് കുത്തി പിടിച്ചു…

അച്ഛൻ: എന്ത് പറഞ്ഞെടാ നായെ..?? മാനം മര്യാദക്ക് ജീവിക്കുന്ന എന്റെ കൊച്ചിനെ കുറിച്ച് അനാവശ്യം പറയുന്നോ… കൊന്നു കളയും നിന്നെ ഞാൻ…

ഷൈൻ: നിങ്ങള് ആദ്യം അവളെ വിളിക്ക് എന്നിട്ട് ചോദിക്ക് എന്നെ അറിയുമോ എന്ന്.. എന്നിട്ട് തീരുമാനിക്ക് എന്നെ കൊല്ലണോ വേണ്ടയോ എന്ന്…

അവരുടെ ചില കുടുംബാംഗങ്ങളും അത് ശരി വച്ചു.. അങ്ങനെ അവസാനം അവളുടെ അച്ഛൻ അവളുടെ പേര് ഉറക്കെ വിളിച്ചു.. സത്യത്തിൽ ഇത്രയും പ്രശ്നം താഴെ നടക്കുമ്പോൾ അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയിരുന്നില്ല.. പെടികണ്ടാവും എന്ന് ഞങ്ങൾ കരുതി…

അങ്ങനെ അവസാനം ഉറക്ക ചടവോടെ അവൾ താഴേയ്ക്ക് വന്നു..

അഞ്ജലി: എന്താ അച്ഛാ..??

അച്ഛൻ: അഞ്ചു.. നിനക്ക് അറിയുമോ ഇവന്മാരെ…

ഞങ്ങളെ നോക്കികൊണ്ട് അവൾ മറുപടി പറഞ്ഞു

അഞ്ജലി: അറിയാം…

അവളുടെ അച്ഛന്റെ ശബ്ദം ഉച്ചത്തിൽ ആയി

അച്ഛൻ: എങ്ങനെ അറിയാം..??

അഞ്ജലി: എന്റെ ക്ലാസ്സിൽ ഉള്ളതാ..

ഷൈനിനെ ചൂണ്ടിക്കൊണ്ട് അവളുടെ അച്ഛൻ ചോദിച്ചു..

അച്ഛൻ: നീയും ഇവനും തമ്മിൽ എന്താ ബന്ധം..??

അഞ്ജലി: ബന്ധമോ..?? എന്ത് ബന്ധം..?? ഞങ്ങൾ ക്ലാസ്മേറ്റ്സ്‌ ആണ് അത്രേ ഒള്ളു…

അച്ഛൻ: ശരി മോളെ നീ അകത്ത് പൊയ്ക്കോ…

മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആണ് അവൾ അത് പറഞ്ഞത്.. സത്യത്തിൽ ഞങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി.. പക്ഷേ ഷൈനിന് അവന്റെ ഞെട്ടൽ ഉള്ളിൽ അടക്കാൻ ആയില്ല.. അവൻ അവളുടെ പുറകെ പോകാൻ ഒരുങ്ങി..

ഷൈൻ: അഞ്ജലി….

പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. ടീപോയിക്ക്‌ മുകളിൽ ഉണ്ടായിരുന്ന ഫ്ളവർ ബേസ് എടുത്ത് അവളുടെ അച്ഛൻ ഷൈനിന്റെ തലയിൽ അടിച്ചു…

അച്ഛൻ: മാനം മര്യാദക്ക് ജീവിക്കുന്ന എന്റെ മോളെ ഉപദ്രവിക്കാൻ നോക്കും അല്ലേ…..

പിന്നെ നടന്നത് ഒന്നും ഞങ്ങൾക്ക് ഓർമയുണ്ടായിരുന്നില്ല…. കണ്ണ് തുറന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഹോസ്പിറ്റലിൽ ബെഡിൽ കിടക്കുക ആയിരുന്നു…

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… അവളുടെ അച്ഛന്റെ പോലീസ് കേസ്.. ഭീഷണി.. അങ്ങനെ ഇവന്റെ അളിയന്റെ സ്വാധീനവും പണവും എല്ലാം ഉപയോഗിച്ച് ഒരു വിധം എല്ലാം ഒതുക്കി തീർത്തു… പക്ഷേ പ്രശ്നം പോലീസ് കേസ് ഒക്കെ ആയത് കൊണ്ടും മറ്റു പ്രഷർ കൊണ്ടും ഞങ്ങളെ രണ്ടാളെയും കോളജിൽ നിന്ന് പുറത്താക്കി… അതോടെ പോളി പഠനം അങ്ങനെ അവസാനിച്ചു….

വിഷ്ണു: അപ്പോ അഞ്ജലി..??

ആൻഡ്രൂ: അഞ്ജലിയുടെ കല്ല്യാണം ആയിരുന്നു കഴിഞ്ഞ വർഷം… അവള് ഇപ്പൊ അമേരിക്കയിൽ സുഖായി ജീവിക്കുന്നു…

വിഷ്ണു: അപോ ആ കഥയിലെ വില്ലത്തി സോഫിയ അല്ല അഞ്ജലി ആയിരുന്നു അല്ലേ….

ഷൈൻ: എല്ലാം കണക്കാണ് ബ്രോ.. അത് വിട്.. നീ ഇനി ഇത് ആരോടും പറയുക ഒന്നും വേണ്ട..

വിഷ്ണു: ഏയ് ഇല്ല ബ്രോ…

കഥ പറഞ്ഞ് തീർന്നപോലേക്കും ബ്രേക്ക് തീർന്നിരുന്നു.. ഞങ്ങൾ ക്ലാസ്സിൽ പോയി ഇരുന്നു.. ദിയ അപ്പോളും അവളുടെ പ്ലേസിൽ തന്നെ ഉണ്ട്.. സത്യം പറഞ്ഞാൽ അഞ്ജലിയുടെ അതെ മുഖം ആയിരുന്നു ഞാൻ അവളിലും കണ്ടത്.. അല്ലേലും ഈ പെണ്ണുങ്ങൾ ഒക്കെ കണക്കാണ്.. അത് ഇവലും തെളിയിച്ചു…

ആരൊക്കെയോ വന്ന് എന്തക്കെയോ പഠിപ്പിച്ചു… പക്ഷേ എനിക്കും ആൻഡ്രുവിനും ഒന്നും മനസ്സിലാകുന്നെ ഇല്ലായിരുന്നു… ഇന്ന് ഏതായാലും ഇങ്ങനെ പോട്ടെ ആദ്യത്തെ ദിവസം അല്ലേ.. നാളെ മുതൽ റേഞ്ച് മാറ്റി പിടിക്കണം… പഴയ ഫോമിൽ വരണം…

അങ്ങനെ എല്ലാം കഴിഞ്ഞ് അവസാനം ലഞ്ച് ബ്രേക്ക് ആയി.. ഇവിടെ അടുത്ത് നല്ല വല്ല ഹോട്ടലും ഉണ്ടോ ആവോ??

ഷൈൻ: വിഷ്ണു.. ഇവിടെ അടുത്ത് നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടോ..??

വിഷ്ണു: വെജ് ആണോ നോൺ ആണോ??

ആൻഡ്രൂ: ഓഫ്‌കോഴ്‌സ്‌ നോൺ വെജ്..

വിഷ്ണു: എന്നാ വാ ഒരു അടിപൊളി ഹോട്ടൽ ഉണ്ട്.. അവിടുത്തെ ബിരിയാണി പൊളി ആണ്…

ആൻഡ്രൂ: ഇപ്പോഴെ വായിൽ വെള്ളം വന്നു.. വേഗം വാ പോകാം….

ഞങ്ങൾ മൂന്നാളും കൂടി പുറത്തേക്ക് നടന്നു.. വാതിൽക്കൽ വച്ച് ഞാൻ വീണ്ടും ദിയയെ കണ്ടു.. അവളെ മറികടന്ന് പോവുമ്പോൾ ഞാൻ അവളെ പഴയ പോലെ തന്നെ ഒന്നുകൂടി തറപ്പിച്ച് നോക്കി.. അവൾ പക്ഷേ എന്നെ ഒന്നും മനസ്സിലാകാത്ത പോലെ ആണ് നോക്കിയത ഞങ്ങൾ പാർക്കിങ്ങിൽ ബൈക്ക് എടുക്കാനായി നടന്നു.. അപ്പോളാണ് അവിടെ ഒരു സ്‌കൂട്ടി കണ്ടത്… ആ ഇത് അവളുടെ വണ്ടി അണല്ലോ…

അത് മൈൻഡ് ചെയ്യാതെ ഞാൻ വണ്ടിയിൽ കയറി പുറകെ ആൻഡ്രുവും വിഷ്ണുവും കയറി… ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുക്കാൻ ഒരുങ്ങിയതും അവളുടെ സ്‌കൂട്ടിക്ക്‌ അരികിൽ ഞങ്ങൾ ആ കാഴ്ച കണ്ട്‌… ദിയ…. പക്ഷേ ഞങ്ങൾ രാവിലെ കണ്ട വേഷം.. ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.. മുടി ഒതുക്കി കെട്ടിയിരിക്കുന്നു.. നെറ്റിയിൽ ചന്ദക്കുറി.. ശാലീനത നിറഞ്ഞ മുഖം… ഇതെങ്ങനെ സംഭവിച്ചു..

ഞാനും ആൻഡ്രുവും ഒരുപോലെ അന്തം വിട്ട് അവളെ നോക്കുന്നത് കണ്ടപ്പോൾ വിഷ്ണു പറഞ്ഞു..

വിഷ്ണു: ഓഹ്‌… ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ….മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. ഒരു പച്ച പാവം.. സ്റ്റൈൽ മാത്രേ മാറ്റം ഒള്ളു കാണാൻ രണ്ടും ഒരുപോലെ തന്നെ.. പിന്നെ ആകെ ഒരു പ്രശ്നം ഉള്ളത് ഈ കൊച്ചിന് സംസാരിക്കാൻ ഒക്കത്തില്ല…

(തുടരും)…..

Comments:

No comments!

Please sign up or log in to post a comment!