Love Or Hate 05

മായ രണ്ടുപേരോടും പറയാനായി കൈകൾ ഉയർത്തിയതും മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു..

മിസ്സിനെ കണ്ടതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി ഇരുന്നു. ഷൈനും ദിയയും ഉൾപ്പടെ ക്ലാസിൽ എല്ലാവർക്കും മായ എഴുതിയതിന്റെ സത്യാവസ്ഥ അറിയാൻ ഉള്ള ആകാംഷ ആയിരുന്നു..

മിസ്സ് പുസ്തകം മേശപ്പുറത്ത് വച്ച് മായയുടെ അരികിലേക്ക് നടന്നു ചെന്നു.. എന്നിട്ട് ചിരിച്ച് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി..

മിസ്സ്: കൺഗ്രാജുലേഷൻ മായ.. നോവൽ ഞാൻ വായിച്ചു കേട്ടോ.. വളരെ നന്നായിട്ടുണ്ട്…

മായ വളരെ പാട് പെട്ട്‌ മുഖത്ത് ചിരി വരുത്തി കാണിച്ചു.. മിസ്സ് വീണ്ടും പറഞ്ഞ് തുടങ്ങി..

മിസ്സ്: അല്ല എവിടെ നമ്മുടെ നായകനും നായികയും.. ഷൈൻ.. ദിയ… എന്നാലും നിങ്ങള് തമ്മിൽ ശരിക്കും എന്തെങ്കിലും ഉണ്ടോ അതോ മായ വെറുതെ രണ്ട് പേര് എഴുതി വച്ചതാണോ..?? ആണോ മായ..??

ഷൈനും ദിയയും പരസ്പരം നോക്കി.. ഇരുവരും തമ്മിൽ കടിച്ച് കീറാനുള്ള ദേഷ്യത്തിൽ ആയിരുന്നു… മായ പെട്ടന്ന് തന്നെ ചാടി കയറി അതെ എന്ന് മിസ്സിന് മറുപടി കൊടുത്തു…

മിസ്സ് ഓകെ പറഞ്ഞ് തിരികെ നടന്ന് ക്ലാസ്സ് ആരംഭിച്ചു… എങ്ങനെയെങ്കിലും ഇന്റർവെൽ ആയിട്ട് വേണം മായയോട് സംസാരിക്കാൻ എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു ദിയയും ഷൈനും..

മാറി വന്ന ക്ലാസ്സുകളിൽ എല്ലാം അധ്യാപകർ വന്ന ഉടൻ തന്നെ മായയെ അഭിനന്ദിക്കുകയും തുടർന്ന് ഷൈനും ദിയയും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേവലം രണ്ട് പേരുകൾ മാത്രമാണെന്നും അവർ തമ്മിൽ ബന്ധം ഒന്നും ഇല്ല എന്നും മായ എല്ലാവരോടും ആവർത്തിച്ച് പറഞ്ഞു…

അങ്ങനെ ആദ്യത്തെ രണ്ടുമണിക്കൂർ പിന്നിട്ടു.. ആദ്യത്തെ രണ്ട് പിരിയടുകളും അവസാനിച്ചു.. ഇന്റർവെൽ ആയപ്പോൾ ആരും ക്ലാസ്സിൽ നിന്ന് വെളിയിൽ ഇറങ്ങിയില്ല.. എല്ലാവർക്കും മായയുടെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു…

മിസ്സ് ക്ലാസ്സിൽ നിന്ന് പോയ ഉടനെ തന്നെ ഷൈൻ മായുടെ അടുത്തേക്ക് ചെന്നു..

ഷൈൻ: മായ.. ഇനി പറ.. എന്താ ഇതിന്റെ ഒക്കെ അർത്ഥം.. എന്തിനാ താൻ ഇത് ചെയ്തത്..??

മായ മറുപടി പറയാതെ ദിയയെ നോക്കി..

ദിയ: എന്നെ നോക്കണ്ട.. എനിക്കും അത് തന്നെ ആണ് അറിയേണ്ടത്…

മായ കൈകൊണ്ട് ആംഗ്യ ഭാഷയിലൂടെ പറഞ്ഞ് തുടങ്ങി…

മായ: നിങ്ങള് എന്നോട് ക്ഷമിക്കണം ഞാൻ ജസ്റ്റ് രണ്ട് പേരെഴുതി എന്നെ ഒള്ളു.. നിങ്ങള് തമ്മില് ഒന്നും ഇല്ല എന്ന് നിങ്ങൾക്ക് അറിയുന്നതല്ലെ.

.

ദിയ: വെറുതെ രണ്ട് പേര്.. അതും കോളേജ് മാഗസിനിൽ.. ഇതാണോ നീ എനിക്ക് തരാൻ വച്ച സർപ്രൈസ്.. ഇത് വായിക്കുന്ന ആളുകൾ ഇത് വെറും രണ്ട് പേരായി കാണും എന്ന് നിനക്ക് തോന്നുന്നുണ്ടോ..???

മായക്ക്‌ അതിന് മറുപടി ഒന്നും ഇല്ലായിരുന്നു.. അവൾ തല കുനിച്ച് നിന്നു.. എന്നാൽ മായ മുൻപ് പറഞ്ഞത് എന്താണ് എന്ന് ഷൈനിന് മനസ്സിലായിരുന്നില്ല.. അവൻ അത് എന്താണ് എന്ന് ദിയയോട് ചോദിച്ചു..

ഷൈൻ: ഹലോ.. എന്താ ഇവള് പറയുന്നത്..??

ദിയ: ഹലോ എന്നോ.. എക്സ്ക്യൂസ്‌ മി.. എനിക്കൊരു പേരുണ്ട്..

ഷൈൻ പുച്ഛത്തോടെ…

ഷൈൻ: ഓകെ മിസ്സ് ദിയ.. എന്താണ് തന്റെ സഹോദരി പറഞ്ഞത് എന്നൊന്ന് പറഞ്ഞ് തരാവോ…??

ദിയ: അവള് വെറുതെ രണ്ട് പേര് എഴുതിയതാണ് നമ്മളെ ഉദ്ദേശിച്ച് അല്ല എന്ന്…

അത് കേട്ടതും ഷൈനിന്റെ ദേഷ്യം ഒന്നുകൂടെ കൂടി…

ഷൈൻ: ഈ ലോകത്ത് കാക്കത്തൊള്ളായിരം പേര് ഉണ്ടായിട്ടും ഇവക്ക് എന്റെ പേര് മാത്രേ കിട്ടിയൊള്ളോ..?? എന്തൊക്കെയാ അവള് എഴുതി കൂട്ടിയത്.. അല്ല ഇനി അവള് എഴുതിയത് ഒക്കെ സത്യാണോ..?? നിങ്ങള് രണ്ടാളും കൂടി ഉള്ള വല്ല ഒത്തുകളിയും ആണോ ഇത്..

ഇത് കേട്ടതും ദിയ പൊട്ടിത്തെറിച്ചു…

ദിയ: അറിഞ്ഞിരുന്നെങ്കിൽ ആ നിമിഷം തന്നെ ഞാൻ ഇവളെ വിലക്കിയേനെ… ഇതൊന്നും എന്തായാലും എന്റെ അറിവോടെ അല്ല…

ഷൈൻ: എനിക്കിപ്പോളും അത്ര വിശ്വാസം പോര…

ദിയ ദേഷ്യത്തോടെ ഷൈനിനെ നോക്കി പറഞ്ഞു..

ദിയ: താൻ വിശ്വസിക്കണ്ട…

എന്നിട്ട് മായയെ നോക്കി പറഞ്ഞു

ദിയ: നിനക്ക് സമാധാനം ആയല്ലോ ഇപ്പൊ…

അത്രേം പറഞ്ഞ് ദിയ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.. ഷൈനും കൂട്ടുകാരും ക്ലാസിന് പുറത്തേക്ക് ഇറങ്ങി..

വിഷ്ണു: ഏയ് ഇല്ല ബ്രോ.. ദിയേടെ കാര്യം ആയത് കൊണ്ട് ആരും വിശ്വസിക്കില്ല..

അരവിന്ദ്: അതെന്താ..??

വിഷ്ണു: ദിയയുടെ സ്വഭാവം വച്ച് അവള് ആരേം പ്രേമിക്കാൻ ഒന്നും നിക്കില്ല.. പിന്നെ ഷൈനും ദിയയും വന്നപ്പോ മുതലേ വഴക്ക് അല്ലേ അതോണ്ട് ഇതൊന്നും ആരും അത്ര കാര്യം ആയി എടുക്കില്ല..

ആൻഡ്രൂ: ആ അതും നേരാണ്.. അല്ല ഇനി നീ പറഞ്ഞ പോലെ അവള് അറിഞ്ഞൊണ്ട് എങ്ങാനും..??

ഷൈൻ: ഏയ് അത് ഞാൻ വെറുതെ പറഞ്ഞതാ.. ദിയ എന്തായാലും ഇത് അറിഞ്ഞ് കാണില്ല.. എനിക്ക് തോന്നുന്നത് മായ പറഞ്ഞത് സത്യാവും എന്നാ.. ചിലപ്പോ റാൻഡം ആയി രണ്ട് പേര് ഇട്ടതാവും…

ആൻഡ്രൂ: ആ അങ്ങനെ ആയാൽ കൊള്ളാം… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഇതേ സമയം ക്യാന്റീനിൽ കൂട്ടുകാരുടെ കൂടെ ഇരിക്കുകയായിരുന്നു അർജുൻ.
. അപ്പോളാണ് അർജുന്റെ ഒരു കൂട്ടുകാരൻ ഗൗതം മാഗസിനുമായി അവന്റെ അരികിലേക്ക് വന്നത്…

ഗൗതം: അർജുൻ നീ ഇത് കണ്ടോ..??

അർജുൻ: എന്താടാ..??

ഗൗതം മാഗസിനിൽ നോവൽ ഭാഗം എടുത്ത് അർജുന്റെ കയ്യിൽ കൊടുത്തു… അർജുൻ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി മുഴുവൻ വായിച്ചു… വായിച്ച് തീർന്നതും ചെയറിൽ നിന്നും എഴുന്നേറ്റ് എന്തോ ആലോചിച്ചു കൊണ്ട് പറയാൻ ആരംഭിച്ചു…

അർജുൻ: അപ്പോ മായയുടെ പുതിയ നോവൽ.. നായകൻ ഷൈൻ.. നായിക ദിയ.. കൊള്ളാം…

ഗൗതം: അതെ.. ദിയ എഴുതുന്ന ആത്മകഥ എന്നപോലെ ആണ് എഴുതിയിരിക്കുന്നത്.. ജീവിതത്തിൽ അവിചാരിതമായി കണ്ടുമുട്ടുന്ന ഒരാളോട് തോന്നുന്ന ഒരു ഇഷ്ടം.. ആളുടെ പേര് ഷൈൻ… നോവൽ അവസാനിക്കുന്നത് നല്ല ത്രില്ലിംഗ് ആയിട്ടാണ്.. ദിയ ഷൈനിനെ പ്രോപ്പോസ് ചെയ്യുന്ന ഭാഗത്ത്… ഇനിയിപ്പോ ഫൗണ്ടേഷൻ തീരാതെ പുതിയ പബ്ലിഷിംഗ് ഒന്നും ഉണ്ടാകില്ല.. അതോണ്ട് ഒരുമാസം കഴിയാതെ ആർക്കും നോവലിന്റെ ക്ലൈമാക്സ് വായിക്കാൻ പറ്റില്ല..

അർജുൻ: അത് മായ വെറുതെ എഴുതിയ ഒരു കഥ തന്നെ ആയിരിക്കും… ഇനിയിപ്പോ അല്ലെങ്കിലും ഈ കഥക്ക് ക്ലൈമാക്സ് ഉണ്ടാകില്ല..

ഗൗതം: അതെന്താ..??

അർജുൻ: ഈ ഫൗണ്ടേഷൻ തീരുന്ന വരെ അവൻ ഈ കോളേജിൽ ഉണ്ടാവൂ… പിന്നെങ്ങനെ കഥയിലെ ദിയ ഷൈനിനെ പ്രോപ്പോസ് ചെയ്യും…

അർജുൻ മുകളിലേക്ക് നോക്കി വെറുതെ ചിരിച്ചു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഇന്റർവെൽ അവസാനിച്ചപ്പോൾ ദിയയും ഷൈനും കൂട്ടുകാരും മറ്റ് കുട്ടികളും എല്ലാം തിരികെ ക്ലാസിലേക്ക് തന്നെ തിരിച്ചെത്തി.. ദിയ നോക്കിയപ്പോൾ മായ ബെഞ്ചിൽ സങ്കടപ്പെട്ടു ഇരിക്കുന്നത് കണ്ടു… ദിയ അവളുടെ അടുത്ത് ചെന്ന് സംസാരിച്ച് തുടങ്ങി..

ദിയ: എന്താടോ പിണക്കാണോ..??

മായ മറുപടി ഒന്നും പറഞ്ഞില്ല.. പക്ഷേ ദിയ മായയുടെ തോളിൽ കൈ ഇട്ട് പറഞ്ഞ് തുടങ്ങി…

ദിയ: അപോ നീ എന്തിനാ ഈ ആവശ്യല്ലാത്ത പണിക്ക് ഒക്കെ നിന്നത്.. അതല്ലേ ഈ പ്രശ്നത്തിന് ഒക്കെ കാരണം.. ഇതിപ്പോ കോളജിൽ എല്ലാർക്കും സത്യം അറിയുന്നത് കൊണ്ട് കുഴപ്പല്ല.. ഇല്ലെങ്കിലോ… എന്തായാലും അത് പോട്ടെ.. സാരല്ല..

മായ ദിയയെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. പക്ഷേ ഈ നോവലിന്റെ ക്ലൈമാക്സ് മായയുടെ മനസ്സിൽ അപ്പോഴേ ഉണ്ടായിരുന്നു…

പിന്നീടുള്ള പിരിയെടുകളിലും പതിവിൽ കവിഞ്ഞ ഒന്നും സംഭവിച്ചില്ല.. പക്ഷേ ഇതിനോടകം കോളജിൽ നോവൽ ഇറങ്ങിയ സമയത്ത് ഉണ്ടായ ആ പ്രഭാവം നഷ്ടമായിരുന്നു.. നോവൽ എല്ലാവർക്കും നനായി ഇഷ്ടമായി.. ഷൈനും ദിയയും മായയുടെ വെറും സാങ്കൽപ്പിക കഥാപാത്രങ്ങൾ തന്നെ ആണെന്ന് എല്ലാവരും വിശ്വസിച്ചു…

അങ്ങനെ അവസാനത്തെ പിരിയഡ് കഴിഞ്ഞ് പതിവ് പോലെ എല്ലാവരും പിരിയാൻ ഒരുങ്ങി…

പാർക്കിങ്ങിൽ ചെന്ന് ഷൈനും ആൻഡ്രുവും വണ്ടിയിൽ കയറി… വിഷ്ണുവും അരവിന്ദും കൂടെ സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു.
.

അരവിന്ദ്: ഷൈൻ നാളെ ഈവനിംഗ് മുതൽ നമുക്ക് പ്രാക്ടീസ് തുടങ്ങാം..

ഷൈൻ: ഓകെ.. ഞാൻ റെഡി..

അരവിന്ദ്: നിങ്ങളാരും എനിക്കിതുവരെ ആ അർജ്ജുനെ കാണിച്ച് തന്നില്ലല്ലോ..

വിഷ്ണു: ആ.. അത് മറന്നു ബ്രോ.. ഇനിയെതായാലും നാളെ ആകട്ടെ…

അരവിന്ദ്: ഓകെ…

അങ്ങനെ അവർ നാല് പേരും സംസാരിച്ച് പിരിഞ്ഞു… 🌀🌀🌀🌀🌀🌀🌀🌀🌀

എന്നാൽ കോളജിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്ന അർജുന്റെ അടുത്തേക്ക് പതിവ് പോലെ ഗൗതം ഓടിയെത്തി… എന്നിട്ട് കിതച്ച് കൊണ്ട് പറയാൻ ആരംഭിച്ചു…

ഗൗതം: അർജുൻ അവിടെ ഷൈനിന്റെ കൂടെ ഞാൻ ഒരാളെ കണ്ടു…

അർജുൻ: ആരെ..??

ഗൗതം: അരവിന്ദ്….!!!

അർജുൻ: അരവിന്തോ..??? ഏത് അരവിന്ദ്..??

ഗൗതം: നിനക്ക് ഓർമയില്ലേ പണ്ട് നിന്നെ യൂണിവേഴ്സിറ്റി കോംബട്ടീഷണിൽ തോൽപ്പിച്ച അരവിന്ദ്….

അർജുൻ ഒന്ന് ഞെട്ടിയതായി തോന്നി..

അർജുൻ: അവനോ…??!! അവൻ എന്താ ഇവിടെ.??? അതും ആ ഷൈനിന്റെ കൂടെ…??

ഗൗതം: അവൻ അവരുടെ ക്ലാസ്സിൽ ട്രാൻസ്ഫർ ആയി വന്നതാണ്.. എനിക്ക് കിട്ടിയ അറിവ് വെച്ച് അവനും ഷൈനും പണ്ട് മുതലേ സുഹൂർത്തുക്കൾ ആണ്…

അർജുൻ ദേഷ്യം കൊണ്ട് കാറിന്റെ ബോണറ്റിൽ ആഞ്ഞിടിച്ചു… അവൻ എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടുക ആയിരുന്നു… 🌀🌀🌀🌀🌀🌀🌀🌀

കോളജിൽ നിന്നിറങ്ങിയ ഷൈനും ആൻഡ്രുവും പോയത് ഒരു സ്പോർട്സ് ഷോപ്പിലേക്ക് ആയിരുന്നു.. അവർ കടക്ക്‌ അകത്തേക്ക് കയറി ചെന്നു…

ഷൈൻ: ബോക്സിങ് ഗ്ലൗസും മുഖത്ത് വക്കുന്ന ആ മാസ്‌ക്കും വാങ്ങണം..

ആൻഡ്രൂ: പിന്നെ വായ്ക്കകത് ഒരു സാധനം വക്കൂല്ലെ പല്ല് പോകാതെ ഇരിക്കാൻ അത് വേണ്ടെ…??

ഷൈൻ: അതൊക്കെ അരവിന്ദിന്റെ അടുത്ത് ചോദിച്ചിട്ട് പിന്നെ വാങ്ങിക്കാം…

അവർ ഓരോ സെക്ഷനിലൂടെ സാധനങ്ങൾ നോക്കി നടന്നു…

ആൻഡ്രൂ: എന്നാലും എന്റെ ഷൈൻ.. നീ എന്ത് കണ്ടിട്ടാണ് ആ അർജ്ജുനെ കേറി വെല്ലുവിളിച്ചത്.. ഇപ്പൊ അരവിന്ദ് ഇവിടെ വന്നില്ലയിരുന്നെങ്കിൽ???

ഷൈൻ: അവൻ വന്നില്ലെങ്കിൽ ഞാൻ ഒരു കോച്ചിന്റെ അടുത്ത് ചേരാൻ ആയിരുന്നു പ്ലാൻ.. ഇനി ഏതായാലും അത് വേണ്ടല്ലോ…

ആൻഡ്രൂ: ഹാ…

ഷൈൻ: എന്നാലും അവന് ബോക്സിങ് ഒക്കെ അറിയാമായിരിക്കും അല്ലേ…

ആൻഡ്രൂ: അറിയുമായിരിക്കും… ഇല്ലെങ്കിൽ നിന്റെ കാര്യം തീർന്നു..

ഷൈൻ: ഒന്ന് പോടാ… ഞാനൈ ജോസഫ് തരകന്റെ…….

ആൻഡ്രൂ: മോനാണ് എന്നല്ലേ.. ഇതെനിക്ക് അറിയാത്ത കാര്യം ഒന്നും അല്ലല്ലോ.. നീ തള്ളു നിർത്തി സാധനം നോക്കി എടുക്ക്‌…

അങ്ങനെ സാധങ്ങൾ ഒക്കെ വാങ്ങി അവർ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി ചെന്നു… 🌀🌀🌀🌀🌀🌀🌀🌀🌀

ദിയയും മായയും ഇതിനോടകം തന്നെ ഹോസ്റ്റലിൽ എത്തിയിരുന്നു… മായ തന്റെ ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമായ ജനാലക്ക്‌ അരികിൽ ഇരിക്കുകയായിരുന്നു.
. ദിയ പിന്നെ പതിവ് പോലെ ഫോണിൽ എന്തൊക്കെയോ നോക്കി ബെഡിലും…

ദിയ: നാളെ ബാസ്ക്കറ്റ് ബോൾ മാച്ചുണ്ട് എനിക്ക് വൈകുന്നേരം.. നീ വരില്ലേ കാണാൻ..?? അതോ ഇങ്ങ് പോരുമോ..??

മായ: പോരും എന്ന് ഞാൻ പറഞ്ഞാലും നീ വിടില്ലല്ലോ അതോണ്ട് വരാം…

ദിയ: ഹാ.. വന്നാ നിനക്ക് കൊള്ളാം.. അല്ല നീയും മറ്റേ ശ്രീലക്ഷ്മിയും കൂടി എന്ത് പ്രോഗ്രാം ആണ് പ്ലാൻ ചെയ്യുന്നത്..??

മായ: ഞങ്ങൾ എന്തെങ്കിലും പ്രസന്റേഷൻ ടൈപ്പ് സംഭവങ്ങൾ ആണ് പ്ലാൻ ചെയ്യുന്നത്… അല്ല നീ ഷൈനും ആയിട്ട് സംസാരിചോ..???

ദിയ: ഇല്ല.. ഇന്നിപ്പോ അതിനു പറ്റിയ ഒരു സാഹചര്യം അല്ലായിരുന്നല്ലോ.. ഇനി നാളെ ആകട്ടെ…

മായ: ഹാ.. നിങ്ങള് സംസാരിച്ച് തീരുമാനിക്ക്…

ദിയ: എനിക്ക് തോന്നുന്നില്ല ഇത് വർക്ക് ഔട്ട് ആകും എന്ന്.. അവന്റെ സ്വഭാവവും പെരുമാറ്റവും ഒന്നും എനിക്ക് തീരെ പിടിക്കുന്നില്ല…

മായ: നീ എന്തിനാ എല്ലാം ഇങ്ങനെ നെഗറ്റീവ് ആയി കാണുന്നത്..?? നീ നോക്കിക്കോ ഒക്കെ റെഡി ആകും…

ദിയ: ആയാൽ മതി… കിടക്കാൻ നോക്ക്… ഇനിയിപ്പോ ഫൗണ്ടേഷൻ കഴിഞ്ഞാൽ അല്ലേ മാഗസിൻ ഒക്കെ വരൂ അതോണ്ട് ഇപ്പൊ തിരക്കിട്ട് എഴുതൊന്നും വേണ്ടല്ലോ..

മായ: അത് ശരിയാ.. അല്ലെങ്കിലും ഈ കഥയുടെ സെക്കൻഡ് ഹാൾഫ് ട്വിസ്റ്റ് ഫൗണ്ടേഷൻ കഴിഞ്ഞാലേ ഉണ്ടാകൂ….

മായ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ദിയയുടെ കൂടെ കയറി കിടന്നു.. അവളുടെ സംസാരത്തിൽ ചില മുള്ളുകൾ അനുഭവപ്പെട്ടു എങ്കിലും ദിയ അത് കാര്യമാക്കിയില്ല…

തലേ ദിവസത്തെ ഉറക്ക ക്ഷീണം നന്നായി ഉള്ളത് കൊണ്ട് മറ്റൊന്നിനെ കുറിച്ചും ആലോചിക്കാതെ ഷൈനും ആൻഡ്രുവും ഫുഡ് കഴിച്ചപാടെ കയറി കിടന്നു….. 🌀🌀🌀🌀🌀🌀🌀🌀🌀🌀

രാവിലെ വിഷ്ണു പതിവ് സമയത്ത് തന്നെ ക്ലാസ്സിൽ എത്തി… നേരത്തെ വരുന്ന ചില പഠിപ്പിസ്റ്റ് പെൺപിള്ളേരും ആൺ പിള്ളേരും ഒഴിച്ചാൽ കാര്യമായിട്ട് ആരും ക്ലാസ്സിൽ ഇല്ല… സത്യം പറഞ്ഞാൽ വിഷ്ണുവിന് വേണ്ടത് ഷൈനിനെയും കൂട്ടുകാരെയും ആയിരുന്നു…

അവൻ പതിവ് പോലെ പാർക്കിങിലേക്ക്‌ നടന്നു.. എന്നിട്ട് അവിടെ ഉണ്ടായിരുന്ന ഒരു ബുള്ളറ്റിന് മുകളിൽ കയറി ഇരുന്നു..

കണ്ണാടിയിൽ നോക്കി വെറുതെ മുടി ഒക്കെ ശരിയാക്കി ഇരുന്നപ്പോൾ ആണ് ദിയയും മായയും വരുന്നത് കണ്ടത്.. ദിയ വണ്ടി നിർത്തി ഇറങ്ങി വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു.. സത്യത്തിൽ ഇവളിപ്പോ എന്തിനാ എന്റെ അടുത്ത് വരുന്നത് എന്ന ഒരു ഭയം വിഷ്ണുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.. അടുതെത്തിയത്തും ദിയ ചോദിച്ചു..

ദിയ: വിഷ്ണു.. നിന്റെ കൂട്ടുകാരൻ വന്നില്ലേ… ആ ഷൈൻ…???

വിഷ്ണു: ഇല്ല ദിയ.. അവര് വരുന്ന ടൈം ആകുന്നെ ഒള്ളു…

ദിയ: ഹും.. ശരി…

അത്രേം പറഞ്ഞ് ദിയ മായയുടെ കൂടെ ക്ലാസിലേക്ക് നടന്നു.. അപ്പോൾ വിഷ്ണു ശ്വാസം ഒന്ന് നേരെ വിട്ടു…

അവൻ തിരിഞ്ഞ് നോക്കിയതും അതാ വരുന്നു അടുത്ത മാരണം.. അർജുനും കൂട്ടുകാരും… ഈ കാലമാടൻ എന്തിനാ എന്റെ അടുത്തേക്ക് വരുന്നത് എന്ന് ചിന്തിച്ച് തീരും മുന്നേ അർജുൻ വിഷ്ണുവിന്റെ അടുത്ത് എത്തിയിരുന്നു…

അർജുൻ: ടാ.. എന്താടാ നിന്റെ കൂടെ ഉള്ളവന്മാർ ഒക്കെ എവിടെ..??

വിഷ്ണു: വരുന്നേ ഒള്ളു…

അർജുൻ: നിന്റെ ക്ലാസിൽ പുതിയ ഒരു പയ്യൻ വന്നിട്ടുണ്ടോ..??

വിഷ്ണു: ഉണ്ട്..

അർജുൻ: എന്താ അവന്റെ പേര്..??

വിഷ്ണു: അരവിന്ദ്…

അർജുൻ: അവനും ഷൈനും തമ്മിൽ എന്താ ബന്ധം..??

വിഷ്ണു: അതൊന്നും എനിക്കറിയില്ല…

അർജുന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി പെട്ടന്ന് മാഞ്ഞു…

അർജുൻ: നിനക്കറിയില്ല…??

വിഷ്ണു: ഇല്ല എന്ന് പറഞ്ഞില്ലേ..??

അർജുൻ വിഷ്ണുവിന്റെ കോളറിൽ കുത്തിപ്പിടിചു..

അർജുൻ: അവന്മാരുടെ ബലത്തിൽ ഓവർ ധൈര്യം കാണിക്കാൻ നിൽക്കണ്ട.. മര്യാദക്ക് പറയുന്നതാ നിനക്ക് നല്ലത്…

പെട്ടന്നാണ് അർജുന്റെ തോളിൽ ആ കൈ പതിഞ്ഞത്… പൊടുന്നനെ അർജുൻ വിഷ്ണുവിനെ വിട്ട് തിരിഞ്ഞ് നോക്കി… അതേ മുന്നിൽ നിൽക്കുന്നത് വേറെ ആരും അല്ല.. അരവിന്ദ് ആയിരുന്നു…

അരവിന്ദ്: ഞാൻ പറഞ്ഞാൽ മതിയോ…??

അർജുന്റെ മനസ്സിലൂടെ രണ്ട് വർഷം മുന്നേ അരവിന്ദും അവനും പങ്കെടുത്ത യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലെ ഓരോ രംഗങ്ങളും കടന്നു പോയി… അരവിന്ദിന്റെ ഓരോ പഞ്ചും തന്റെ മുഖത്ത് വന്ന്‌ വീഴുന്നത് അർജുന് ഇപ്പോളും ഫീൽ ചെയ്യുന്നുണ്ടായിരുന്നു….

അരവിന്ദ്: ഈ നിമിഷം വരെ ഇവർ പറയുന്ന ചാമ്പ്യൻ അർജുൻ നീയാണ് എന്ന് എനിക്കറിയില്ലായിരുന്നു… പക്ഷേ ഇപ്പോ മുതൽ നീ തോൾക്കേണ്ടത് ഷൈനിന്റെയും ഈ കാമ്പസിന്റെയും മാത്രം ആവശ്യം അല്ല.. എന്റെ കൂടി ആവശ്യം ആണ്…. പിന്നെ നിനക്ക് ഞാനും ഷൈനും തമ്മിൽ ഉള്ള ബന്ധം അല്ലേ അറിയേണ്ടത് എന്നാൽ കേട്ടോ.. ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവൻ എനിക്ക് സഹോദരൻ തന്നെ ആണ്.. അത്കൊണ്ട് ഞാൻ അവനെ ട്രെയിൻ ചെയ്യിക്കും… ബാക്കി നമുക്ക് റിങ്ങിൽ വച്ച് കാണാം…

അർജുൻ: കാണാം…

അത്രയും പുച്ഛത്തോടെ പറഞ്ഞ് അർജുൻ അവിടെ നിന്നും പോയി.. പക്ഷേ അവന്റെ കണ്ണിൽ ഒരു നേരിയ ഭയം ഉണ്ടായിരുന്നോ.???

വിഷ്ണു: ബ്രോ.. അപ്പോ നിങ്ങള് തമിൽ മുന്നേ അറിയുമോ..??

അരവിന്ദ്: അറിയാം..

വിഷ്ണു: എങ്ങനെ..??

അരവിന്ദ് പറഞ്ഞു തുടങ്ങിയതും ഷൈനും ആൻഡ്രുവും ബൈക്കിൽ അങ്ങോട്ട് എത്തി.. രണ്ടുപേരും വേപ്രാളത്തോടെ ഇറങ്ങി കൊണ്ട് ചോദിച്ചു…

ഷൈൻ: എന്താടാ.. എന്ത് പറ്റി..? ആ അർജുനും ടീമും പോണ കണ്ടല്ലോ…

അരവിന്ദ്: ഓഹ്‌.. നിങ്ങള് കണ്ടോ..?? ഏയ് അവൻ വെറുതെ നമ്മൾ തമ്മിൽ ഉള്ള ബന്ധം അറിയാൻ…

വിഷ്ണു: അരവിന്ദിന് അർജ്ജുനെ മുന്നേ അറിയാം…

ഷൈൻ: ആണോടാ..??

അരവിന്ദ്; അതെ..

ഷൈൻ: എങ്ങനെ.???

അരവിന്ദ്: രണ്ട് വർഷം മുൻപ് ഒരു യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് മത്സരം ഉണ്ടായിരുന്നു.. അന്ന് ഫൈനലിൽ അവനെ തോൽപ്പിച്ചത് ഞാൻ ആയിരുന്നു…

ആൻഡ്രൂ: എന്നിട്ട് നീ ചാമ്പ്യൻ ഒന്നും അല്ല എന്നല്ലേ ഞങ്ങളോട് പറഞ്ഞത്…

അരവിന്ദ്: അതെ അത് സത്യമാണ്.. ഫൈനലിൽ ഞാൻ അർജ്ജുനെ തോൽപ്പിച്ചു.. പക്ഷേ ചാമ്പ്യൻഷിപ്പ് കിട്ടിയില്ല..

ഷൈൻ: അതെന്താ..??

അരവിന്ദ്: അവന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനം ഒക്കെ വച്ച് അന്ന് അവർ ഞാൻ ആ മത്സരത്തിന് ഡിസ് ക്വാളിഫൈഡ് ആണെന്ന് രേഖകൾ ഉണ്ടാക്കി… അതോടെ എന്റെ ചാമ്പ്യൻഷിപ്പും ബോക്സിങ് കരിയറും അവിടെ അവസാനിച്ചു… അർജുൻ അങ്ങനെ അവസാന ആളുമായി മത്സരിച്ച് ചാമ്പ്യൻ ആയി..

ഷൈൻ: ഓഹ്‌.. ഇത്രേം ഒക്കെ ഇതിന്റെ പുറകിൽ ഉള്ള കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു…

അരവിന്ദ്: ഏയ് അത് വിട്.. നിങ്ങടെ കാര്യത്തിൽ അതൊന്നും നടക്കില്ല.. ഇത് ഓപ്പൺ കൊമ്പട്ടീഷൻ അല്ലേ.. പിന്നെ റിയൽ ബോക്സിങ് അല്ലല്ലോ.. ചലഞ്ച് ചെയ്ത അടി അല്ലേ.. എനിക്ക് നന്നായി അറിയാം അർജുന്റെ വീക്ക്‌ പോയിന്റ്‌സ്… അല്ല നീ ഗ്ലൗസും ഒക്കെ എടുത്തല്ലെ വന്നത്…

ഷൈൻ: ഹാ.. എല്ലാമുണ്ട്…

അരവിന്ദ്: ഓകെ…

അങ്ങനെ അവർ സംസാരിച്ച് നിന്ന് ക്ലാസ്സ് തുടങ്ങാൻ ആയത് അറിഞ്ഞില്ല.. പതിവ് പോലെ ക്ലാസ്സുകൾ എല്ലാം അറുബോർ ആയിരുന്നു… ഇംഗ്ലീഷിൽ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു…

അങ്ങനെ ഒരു വിധം ലഞ്ച് ബ്രേക്ക് ആയി… ഉച്ചക്ക് ഭക്ഷണം ഷൈനും കൂട്ടുകാരും കോളജിന്റെ അടുത്തുള്ള ഒരു കുടുംബ ശ്രീ ഹോട്ടലിൽ നിന്നാണ് കഴിച്ചത്.. അതാകുമ്പോ നടന്നു പോകാൻ ഉള്ള ദൂരം ഒള്ളു മാത്രമല്ല നല്ല നാടൻ ഊണും കിട്ടും…

ഊൺ ഒക്കെ കഴിഞ്ഞ് മറ്റു മൂന്ന് പേരും അവരുടെ ടീം മെമ്പർ മാരുടെ കൂടെ ചർച്ചകൾക്ക് പോയി.. ഷൈൻ ആണെങ്കിൽ ദിയയോട് സംസാരിക്കാൻ പോയിട്ട് കാണാൻ പോലും താൽപര്യം ഇല്ലാത്തത് കൊണ്ട് പാർക്കിങ്ങിൽ ബൈക്കിന് മുകളിൽ വെറുതെ ഓരോന്ന് ഓർത്ത് ഇരുന്നു…

വാസ്തവത്തിൽ ദിയയുടെ പ്രശ്നവും ഇത് തന്നെ ആയിരുന്നു.. എന്നാൽ ഷൈൻ പുതിയ അഡ്മിഷൻ ആണ് എന്ന കാരണം കൊണ്ട് ചോദ്യം മുഴുവൻ തന്നോടെ വരൂ എന്ന് അവൾക്കറിയാം.. അത്കൊണ്ട് അവള് അങ്ങോട്ട് പോയി ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു…

അവള് പാർക്കിങ്ങിൽ ചെന്ന് ഷൈനിനോട് ചോദിച്ചു…

ദിയ: എടോ.. തനിക്ക് ചിത്രം വരക്കാനോ എഴുതാനോ എന്തേലും അറിയാവോ.???

ഷൈൻ: എടോ എന്നോ..?? എനിക്ക് ഒരു പേരുണ്ട്…

ദിയ: ഓഹ്‌.. എന്നാൽ മിസ്റ്റർ ഷൈൻ.. താങ്കൾക്ക് ചിത്രം വരക്കനോ എഴുതാനോ വല്ലതും അറിയുമോ..??

ഷൈൻ: എനിക്കൊന്നും അറിയാൻ പാടില്ല…

ഇത് കേട്ടതും ദിയ മനസ്സിൽ പറഞ്ഞു..

“ഏത് നേരത്ത് ആണാവോ ദൈവമേ ഈ പോട്ടന്റെ ഗ്രൂപ്പിൽ ആയത്…”

അതേ സമയത്ത് തന്നെ ഷൈനും മനസ്സിൽ പറഞ്ഞു..

“പിന്നെ അറിയാം എന്ന് പറഞ്ഞിട്ട് മുഴുവൻ എന്നെ കൊണ്ട് ചെയ്യിക്കാൻ അല്ലേ..?? പോടി…”

പെട്ടന്ന് രണ്ടു പേരും ഒരുമിച്ച് പരസ്പരം ചോദിച്ചു..

“എന്തെങ്കിലും പറഞ്ഞോ..??”

മറുപടിയും രണ്ട് പേരും ഒരുമിച്ച് തന്നെ പറഞ്ഞു…

“ഇല്ല…”

ഷൈൻ: തനിക്ക് വരക്കാൻ ഒന്നും അറിയാൻ പാടില്ലേ..??

ദിയ: എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്.. ഒരു കോമിക് ബുക്ക്.. മാറ്റർ ഒക്കെ മായ എഴുതി തരും ബട്ട്‌ കോമിക് ആവുമ്പോ കാർട്ടൂൺ ഒക്കെ ആരു വരക്കും..???

ഷൈൻ: ആൻഡ്രൂ അത്യാവശ്യം നന്നായിട്ട് വരക്കും ഞാൻ വേണേൽ അവനോട് പറയാം…

ദിയ: അപ്പോ കോമിക് ബുക്ക് ഫിക്സ്..

ഷൈൻ: ആഹ് ഓകെ..

ദിയ: പിന്നെ.. ഇത് രണ്ടുപേരുടെയും ഈക്വൽ റസ്പോൺസിബിലിട്ടി ആണ്.. അതുകൊണ്ട് പരസ്പരം പാര വക്കാൻ നിക്കരുത്…

ഷൈൻ: അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്… പാര വെക്കരുത്…

ദിയ: ഓഹ്‌…

ഷൈൻ: ഓഹ്‌…

രണ്ടുപേരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി… രണ്ടുപേർക്കും അവസരം കിട്ടിയാൽ ഒരുത്തർക്ക്‌ ഒരുതർ കൊല്ലാനുള്ള ഭാവം ആണ്… ക്ലാസ്സ് തുടങ്ങാൻ ആയിരുന്നത് കൊണ്ട് രണ്ടുപേരും ക്ലാസ്സിലേക്ക് നടന്നു…

ദിയ മായയുടെ കൂടെ ബഞ്ചിൽ ഇരുന്നു.. ഷൈൻ നോക്കുമ്പോൾ ബഞ്ചിൽ അരവിന്ദും വിഷ്ണുവും ഉണ്ട് പക്ഷെ ആൻഡ്രൂ ഇല്ല…

ഷൈൻ: ആൻഡ്രൂ എവിടെ..?

വിഷ്ണു: ദാ.. ഇരിക്കുന്നു…

ഷൈൻ നോക്കിയപ്പോൾ ആൻഡ്രൂ ആയിഷയുടെ കൂടെ വേറൊരു ബഞ്ചിൽ ഇരിക്കുന്നു.. രണ്ട് പേരും ചിരിച്ച് കളിച്ച് എന്തൊക്കെയോ സംസാരിക്കുകയാണ്.. ക്ലാസ്സ് തുടങ്ങാൻ ആയത് ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു… അവസാനം ആയിശയോട് ടാറ്റാ ഒക്കെ പറഞ്ഞ് ആൻഡ്രൂ ഷൈനിന്റെ അടുത്തേക്ക് എത്തി….

ഷൈൻ: കഴിഞ്ഞോ.????

ആൻഡ്രൂ: എന്ത് അളിയാ..?? മീറ്റിങ് ആണോ.???

ഷൈൻ: മീറ്റിംഗ് അല്ല നിന്റെ പുഷ്‌പ്പിക്കൽ..

ആൻഡ്രൂ: ഓഹ് അതോ.. അത് പിന്നെ കോളേജ് ആയിട്ട് നമുക്ക് ഒരു അവസരം ഒരുക്കി തരുമ്പോ നമ്മൾ മുതലാക്കണ്ടെ അളിയാ…

ഷൈൻ: തലേൽ ആകാതെ നോക്കിക്കോ..

ആൻഡ്രൂ: ആയാലും കുഴപ്പം ഒന്നുല്ല.. അവള് ആൾ പാവാടാ…

ഷൈൻ: എനിക്ക് ഒരുതീനേം വിശ്വാസം ഇല്ല…

ആൻഡ്രൂ: എല്ലാവരും അഞ്ജലിയെ പോലെ ആകുമോ.???

ഷൈൻ: ആവില്ലയിരിക്കും.. പക്ഷേ എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല…

വിഷ്ണു: ഹാ നിങ്ങള് വഴക്ക് കൂടല്ലെ… പിന്നെ ഇനിയാണ് ആ സുപ്രധാന ചടങ്ങ്…

അരവിന്ദ്: എന്ത് ചടങ്ങ്.???

വിഷ്ണു: ഇന്നലെ മിസ്സ് പറഞ്ഞില്ലേ ഈ ബഡ്ഡി പെയർ നെ പറ്റി.. അതിന്റെ രണ്ടാം ഘട്ടം…

ഷൈൻ: രണ്ടാം ഘട്ടമോ..??

വിഷ്ണു: അതെ.. ഫൗണ്ടേഷൻ ഡേ അല്ലേ വരാൻ പോകുന്നത്.. അപോ അവർക്ക് ഈ കോളജിൽ കുറച്ച് വർക്ക് ഒക്കെ ഉണ്ടാകും.. അതായത് ക്ലീനിംഗ് അടുക്കി പെറുക്കി വക്കൽ അങ്ങനെ കുറെ.. അതിനുള്ള ജോലിക്കാർ ആണ് ഓരോ ടീമും…

ആൻഡ്രൂ: മനസ്സിലായില്ല…

വിഷ്ണു: മനസ്സിലാകാൻ മാത്രം ഒന്നുല്ല… ഓരോ ടീമിനും ഓരോ ഡ്യൂട്ടി തരും അത് ചെയ്യുക.. അത്രേ ഒള്ളു….

വിഷ്ണു പറഞ്ഞ് തീർന്നതും മിസ്സ് ക്ലാസിലേക്ക് വന്നു… എല്ലാവർക്കും തങ്ങൾക്ക് എന്ത് ഡ്യൂട്ടി ആയിരിക്കും കിട്ടുക എന്ന ആകാംഷ ആയിരുന്നു…

അങ്ങനെ പതിവ് പോലെ മിസ്സ് വന്ന് ക്ലാസ്സ് ആരംഭിച്ചു… എല്ലാം തീർന്നതിന് ശേഷം മിസ്സ് ലിസ്റ്റില് നോക്കി ഓരോരുത്തരുടെയും ഡ്യൂട്ടി വായിക്കാൻ തുടങ്ങി..

ആൻഡ്രുവിനും ആയിശക്കും മീറ്റിംഗ് ഹാളിൽ ആണ് ഡ്യൂട്ടി… വിഷ്ണുവിനും സിനിക്കും മിനിപാർക്കിൽ ആണ്.. അരവിന്ദിനും നേഹക്കും ഓഡിറ്റോറിയത്തിൽ ആണ് ഡ്യൂട്ടി കിട്ടിയത്…

മായക്കും ശ്രീലക്ഷ്മിക്കും ലാബിൽ ആണ് ഡ്യൂട്ടി കിട്ടിയത്.. അവസാനം ഷൈനിനും ദിയക്കും ലൈബ്രറിയിൽ ആണ് ഡ്യൂട്ടി കിട്ടിയത്…

എവിടെ ആയാലും അവളുടെ കൂടെ ആണല്ലോ എന്നതായിരുന്നു ഷൈനിന്റെ പ്രധാന പ്രശ്നം…?? ഇത് തന്നെ ആയിരുന്നു ദിയക്കും പ്രശ്നമായിട്ടുണ്ടായിരുന്നത്…

ഡ്യൂട്ടി നാളെ മുതൽ ആരംഭിച്ചാൽ മതി എന്നാണ് മിസ്സ് പറഞ്ഞത്… അങ്ങനെ ക്ലാസുകൾ എല്ലാം അവസാനിച്ചു…

വീട്ടിൽ പോകുന്നവർ എല്ലാം പോകാൻ തുടങ്ങി … ഷൈനും കൂട്ടരും നേരെ ഗ്രൗണ്ടിലേക്ക് ആണ് പോയത്.. അവിടെ ഒഴിഞ്ഞ ഒരു സ്ഥലത്ത് വച്ച് ട്രെയിനിംഗ് തുടങ്ങാൻ ആയിരുന്നു പ്ലാൻ…

ദിയയും മായയും പോകുന്നതും അതെ ഗ്രൗണ്ടിലേക്ക് ആണ്.. മായക്ക്‌ അവിടെ ബാസ്ക്കറ്റ് ബോൾ ഏരിയയിൽ മാച്ച് ഉണ്ട്…

ഇരു കൂട്ടരും ഗ്രൗണ്ടിൽ വെച്ച് കണ്ടുമുട്ടി… ദിയ ഡ്രസ്സ് എല്ലാം മാറി ബാസ്ക്കറ്റ് ബോൾ ജഴ്‌സിയും ട്രൗസറും ആയിരുന്നു ഇട്ടിരുന്നത്…. അവരുടെ മാച്ച് തുടങ്ങിയിരുന്നു.. ദിയ നന്നായി കളിക്കുന്നുണ്ടായിരുന്നു…

ഷൈൻ ഗ്ലൗസ് കയ്യിൽ ഇടാൻ ഒരുങ്ങിയതും അരവിന്ദ് തടഞ്ഞു..

അരവിന്ദ്: നിക്ക്‌.. നിക്ക്‌.. അതിനൊന്നും ആയിട്ടില്ല.. ആദ്യം നീ കുറച്ച് ബേസിക് വാം അപ്പ് എക്സസൈസ് ഒക്കെ പഠിക്ക്‌ എന്നിട്ട് ഗ്ലൗസ് ഒക്കെ ഇടാം…

ഷൈൻ: പിന്നെ ഞാൻ എന്തിനാ ഇതൊക്കെ താങ്ങി പിടിച്ച് കൊണ്ട് വന്നത്..??

അരവിന്ദ്: അത് നിനക്കൊരു പഞ്ചിന് പറഞ്ഞതല്ലേ…

അങ്ങനെ അരവിന്ദ് ഷൈനിനെ ട്രെയിൻ ചെയ്യിക്കാൻ തുടങ്ങി.. ജീവിതത്തിൽ ഒരുപക്ഷേ ആദ്യമായി ആകും ഷൈൻ ഇത്രയധികം അധ്വാനിക്കുന്നത്… അര മണിക്കൂർ കൊണ്ട് തന്നെ ഷൈൻ ആകെ ശീണിച്ച് അവശൻ ആയിരുന്നു…

അപ്പോളും കോർട്ടിലൂടെ ഓടുകയും ചാടുകയും ചെയ്യുന്ന ദിയയെ നോക്കി ഷൈൻ പറഞ്ഞു…

ഷൈൻ: ഒടുക്കത്തെ സ്റ്റാമിന തന്നെ.. ഇവൾക്കൊന്നും ക്ഷീണം പോലും ഇല്ലെ..??

അരവിന്ദ്: അതൊക്കെ പ്രാക്ടീസ് കൊണ്ടാണ്.. അർജുനും ഇത് പോലെ ആയിരിക്കും.. അതുകൊണ്ട് നീ ഇപ്പൊ ബാക്കി ചെയ്യാൻ നോക്ക്….

അത് കേട്ടതും ഷൈനിന്റെ ഉള്ളിലെ വാശി ഉണർന്നു.. അവൻ വേഗം തന്നെ ബാക്കി വ്യായാമം ചെയ്യാം ആരംഭിച്ചു…

അങ്ങനെ ഏറെ നേരത്തിനു ശേഷം ഇരുകൂട്ടരും പോകാനുള്ള തയ്യാറെടുപ്പിൽ ആയി… ഷൈൻ നന്നായി ഒന്ന് വിയർത്തിരുന്നു…

ദിയയും ടീമും ആ മാച്ചിൽ പതിവ് പോലെ വിൻ ചെയ്തു… അവളും മായയും തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു…

അരവിന്ദും വിഷ്ണുവും നടന്നും ഷൈനും ആൻഡ്രുവും ബൈക്കിലും തിരികെ വീട്ടിലേക്ക് പോയി… 🌀🌀🌀🌀🌀🌀🌀🌀🌀

മായ ജനാലക്കരികിൽ ഇരുന്ന് ഏതോ ഒരു പുസ്തകം വായിക്കുകയായിരുന്നു.. ദിയ വന്ന് അവളോട് സംസാരിച്ച് തുടങ്ങി…

ദിയ: നീ കണ്ടോ ഇന്ന് ഗ്രൗണ്ടിൽ… ആ ഷൈനും കൂട്ടുകാരും പ്രാക്ടീസ് ചെയ്യുന്നത്…

മായ: കണ്ടു..

ദിയ: എനിക്ക് തോന്നുന്നു അരവിന്ദ് ആണ് അവനെ ട്രെയിൻ ചെയ്യിക്കുന്നത് എന്ന്.. ചിലപ്പോ അവന് ബോക്സിങ് അറിയുമായിരിക്കും…

മായ: അതെ.. ഞാൻ കണ്ടു.. എനിക്ക് ഷൈൻ ജയിച്ചാൽ മതി എന്നാ.. നിനക്കോ..??

ദിയ: ആര് ജയിച്ചാലും തോറ്റാലും എനിക്കെന്താ..??

മായ: അല്ല നിനക്കും ഷൈനിനും നാളെ ലൈബ്രറിയിൽ ആണ് ഡ്യൂട്ടി അല്ലേ..??

ദിയ: അതെ.. അത് ഓർക്കുമ്പോൾ തന്നെ തല പെരുക്കുന്ന്…

മായ മറുപടി പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു… 🌀🌀🌀🌀🌀🌀🌀🌀🌀🌀

ജീവിതത്തിൽ ആദ്യമായി ഇത്രയും കഠിനമായി അധ്വാനിച്ചത്തിന്റെ ക്ഷീണത്തിൽ ആയിരുന്നു ഷൈൻ.. അത് കൊണ്ട് മിണ്ടാതെ ബെഡിൽ കയറി കിടന്നു…

ആൻഡ്രൂ: എന്ത് പറ്റി.. ആദ്യായിട്ട്‌ തടി ഇളകിയതിന്റെ ആണ്.. ഇനി അങ്ങോട്ട് ശീലായിക്കോളും…

ഷൈൻ: എന്തൊക്കെ വന്നാലും പ്രശ്നല്ല.. അവനെ എനിക്ക് തോൽപ്പിക്കണം…

ആൻഡ്രൂ: ഒക്കെ നമുക്ക് തോൽപിക്കാം.. ഇപ്പൊ വാ.. നമുക്ക് പബ് ജി കളിക്കാം..

ഷൈൻ: നീ കളി.. ആ വള്ളിച്ചാട്ടത്തിന്റെ ആണ് തോന്നുന്നു കയ്യോക്കെ നല്ല വേദന ഞാൻ ഒന്ന് കിടക്കട്ടെ…

ആൻഡ്രൂ: ചേച്ചിയോട് പറഞ്ഞ് തൈലം വല്ലതും വാങ്ങണോ..??

ഷൈൻ: ഏയ് അതൊന്നും വേണ്ട.. പിന്നെ കാരണം ഒക്കെ പറയേണ്ടി വരും.. അത് മാറിക്കോലും..

ആൻഡ്രൂ: ഓകെ… 🌀🌀🌀🌀🌀🌀🌀🌀

പതിവ് പോലെ ദിയയും മായയും രാവിലെ തന്നെ കോളജിൽ എത്തി.. നോട്ടീസ് ബോർഡിന്റെ ചുറ്റുവട്ടത്ത് കുറെ കുട്ടികളെ കണ്ടു…

എന്താണ് എന്നറിയാൻ അവരും അങ്ങോട്ട് ചെന്നു.. കാര്യമായിട്ട് ഒന്നും ഇല്ല.. എല്ലാവരുടെയും ഡൂട്ടിയുടെ വിവരങ്ങൾ ആണ്…

ദിയ കണ്ടതിൽ വച്ച് ഏറ്റവും വലിയ ലൈബ്രറി ആണ് ആ കോളജിൽ ഉള്ളത്… ഇഷ്ടം പോലെ ബുക്കുകൾ.. എവിടെ തുടങ്ങും എവിടെ അവസാനിക്കും എന്ന് പോലും അറിയില്ല… ഇനി ഫൗണ്ടേഷൻ കഴിയുന്നത് വരെ ലൈബ്രറിയിൽ വിസിറ്റിംഗ് ആക്സസ് ഉണ്ടാവില്ല.. ഫൗണ്ടേഷന്റെ അന്ന് ലൈബ്രറി തുറക്കുമ്പോലേക്കും എല്ലാം റെഡി ആക്കി വെക്കേണ്ട പണി ആണ് ദിയക്കും ഷൈനിനും..

അധികം വൈകാതെ തന്നെ ഷൈനും ആൻഡ്രുവും കോളജിൽ എത്തി… ബാക്കി ഉള്ളവർ എല്ലാം അവരുടെ പെയറിന്റെ കൂടെ ഡ്യൂട്ടി സ്പോട്ടിലേക്ക്‌ പോയിരുന്നു… ക്ലാസിൽ എത്തിയതും ഷൈനിനോട് ബൈ പറഞ്ഞ് ആൻഡ്രൂ ആയിഷയുടെ കൂടെ പോയി..

ദിയ ഷൈനിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു…

ദിയ: പോകാം..??

ഷൈൻ: പോകാം..

അവർ രണ്ടുപേരും ആ വലിയ കാമ്പസിന്റെ വരാന്തയിലൂടെ ലൈബ്രറി നോക്കി നടന്നു..

ഷൈൻ: എവിടെ ഈ ലൈബ്രറി..???

ദിയ: ജി ബ്ലോക്കിൽ…

ഷൈൻ: ഒരുപാട് വലുതാണോ..??

ദിയ: അത്യാവശ്യം…

ഷൈൻ: കോളേജ് ലൈബ്രറി ആയത് കൊണ്ട് അത്യാവശ്യം നീറ്റ് ആയിരിക്കും അല്ലെ..??

ദിയ: അറിയില്ല.. ഞാൻ സ്ഥിരം പോകാർ ഒന്നും ഇല്ല….

ഷൈൻ: ഓഹ്‌…

അങ്ങനെ അവസാനം അവർ ലൈബ്രറി ഏരിയയിൽ എത്തി… പക്ഷേ അത് പൂട്ടി ഇട്ടിരിക്കുക ആയിരുന്നു…

ഷൈൻ: ഇത് പൂട്ടിയിട്ടുണ്ടല്ലോ…

ദിയ: അതെനിക്ക് കാണാലോ…

ഷൈൻ: ഓഹ്‌ ഞാൻ കരുതി കണ്ണിൽ കുരു ആയിരിക്കും എന്ന്…

ദിയ: എന്താ..??!!!

ഷൈൻ: ഒന്നുല്ല….

പെട്ടന്ന് ആരോ ചുമച്ച് കൊണ്ട് അങ്ങോട്ട് കടന്ന് വന്നു.. ഒരു സ്ത്രീ ആണ്.. കണ്ടാൽ ഒരു പത്ത് നാൽപ്പത് വയസ്സ് പ്രായം തോന്നിക്കും… ഷൈനിനെയും ദിയയെയും കണ്ടതും അവർ ചോദിച്ചു…

സ്ത്രീ: ഹാ… നിങ്ങള്…. ഷൈനും ദിയയും ആണോ???

ദിയ: അതെ.. എങ്ങനെ മനസ്സിലായി..??

സ്ത്രീ: നിങ്ങളെ അറിയാത്തവർ ഇപ്പൊ ഈ കാമ്പസിൽ ആരാ ഉള്ളത്.. മായ മോളുടെ നോവലിലെ നായകനും നായികയും അല്ലേ…??

ഷൈൻ: അത് വെറും നോവലിൽ മാത്രം ആണ്….

ദിയ: അതെ… നോവലിൽ മാത്രം…

സ്ത്രീ: അതൊക്കെ നിങ്ങളുടെ ഇഷ്ടം.. എന്തായാലും നിങ്ങൾക്ക് ആണല്ലേ ലൈബ്രറി ഡ്യൂട്ടി..

ദിയ: അതെ…

സ്ത്രീ: ശരി താക്കോൽ ഞാൻ തരാം.. പക്ഷേ സൂക്ഷിക്കണം.. ജോലി കഴിഞ്ഞാൽ ഇത് എന്നെ ഏൽപ്പിക്കണം..

ദിയ: ശരി മേടം…

അവർ തന്റെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ കൂട്ടം ദിയയെ ഏൽപ്പിച്ചു…

ഷൈൻ: ഇത് ഒരുപാട് താകോൽ ഉണ്ടല്ലോ.. കോളജിന്റെ മുഴുവൻ താകോൽ ഇതിലാണോ.???

സ്ത്രീ: എൽ എന്ന് മാർക്ക് ചെയ്തതാണ് ലൈബ്രറിയുടെ താകോൽ.. മറ്റ് ചാവികൾ ഒന്നും ഉപയോഗിക്കരുത്…

ദിയ: ശരി മാഡം…

അവർ അവിടെ നിനും പോയതും ദിയ എൽ എന്ന് മാർക്ക് ചെയ്ത താകോൽ ഉപയോഗിച്ച് ലൈബ്രറി തുറക്കാൻ തുടങ്ങി..

ഷൈൻ: മണിച്ചിത്രത്താഴ് ഇന്നെങ്ങാനും തുറക്കുമോ.???

ദിയ: തുറക്കുന്നത് കണ്ടില്ലേ…???

ഷൈൻ: അല്ല ഏതാ ആ തള്ള..??

ദിയ: തള്ളയോ..???!!

ഷൈൻ: അല്ല… സ്ത്രീ…

ദിയ: അവർ ആരാണെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല പക്ഷെ കോളജിന്റെ കര്യങ്ങൾ ഒക്കെ നോക്കി എല്ലായിടത്തും ഉണ്ടാകും…

ഷൈൻ: ഓഹോ… നമ്മുക്ക് ഇന്ന് തന്നെ ഡ്യൂട്ടി തീർക്കാൻ നോക്കാം അല്ലെ..??

ദിയ: അത്ര ഈസി ഒന്നും ആകില്ല.. എങ്ങനെ പോയാലും കുറച്ച് ബുക്സ് പുറത്താകും അതൊക്കെ എടുത്ത് ഷെൽഫിൽ വെക്കേണ്ടി വരും.. ഒരു രണ്ട് ദിവസത്തിൽ തീർക്കാൻ നോക്കാം..

ഷൈൻ: ഓഹ്‌…

അങ്ങനെ ഒരു വിധം ദിയ താഴ് തുറന്നു.. ഒരു വലിയ ശബ്ദത്തോടെ അവർക്ക് മുന്നിൽ ആ ലൈബ്രറിയുടെ വാതിൽ മലർക്കെ തുറന്നു…

ഉള്ളിലെ കാഴ്ച കണ്ട ഇരുവരും ഒരുപോലെ ഞെട്ടി….

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!