കിനാവ് പോലെ 4

ഒരുപാട് സ്നേഹത്തോടെ ഈ ഭാഗവും നിങ്ങൾക്ക് സമർപ്പിക്കുന്നു , ഇഷ്ടപെടുമെന്നു വിശ്വസിക്കുന്നു ….

കിനാവ് പോലെ 4

“നീ പറ ,ഞാൻ കേക്കട്ടെ ” ഞാൻ നൈസായി ഒന്ന് ചോദിച്ചു നോക്കി .

” അത് അങ്ങനെ ചുമ്മാ പറയാൻ പറ്റൂല മുത്തേ , നീ ആദ്യം ഞാൻ പറയണ പോലെ ചെയ്യുംന്നു വാക്ക് താ , എന്നാലേ ഞാൻ ഇത് പറയണോ വേണ്ടെന്നു അലോയ്ക്കുക കൂടി ഉള്ളു ..”

നേരിട്ട ബോൾ നല്ലൊരു കവർഡ്രൈവ് കളിച്ചു കഴിഞ്ഞു എന്നെ തിരിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു ..

“വൗ ….വിരാടിനെ പോലെ തന്നെ , ന്താ ഒരു ഷോട്ട് ..”

ഞാൻ വീണ്ടും ഒന്ന് ചൂണ്ടയിട്ടു നോക്കി.

“ടാ മൈ ഡിയർ ഫ്രണ്ടേ …..വെറുതെ ഊഞ്ഞാലാട്ടല്ലേ ട്ടാ …ഇത് നിന്റെ കാര്യമാണ് ,നീ എന്ത് പിണ്ണാക്ക് വേണെങ്കിലും കാണിക്ക്, ഞാൻ ഈ കാര്യത്തിൽ ഇടപെടുന്നേ ഇല്ല …നീ ആയി നിന്റെ പ്രശ്നമായി ,എന്ത് വേണേലും ചെയ്യ് …”

അവൻ കലിപ്പ് മോഡ് ആയി, സംഗതി വേറൊന്നുമല്ല ,ഞാനീ കാണിക്കുന്ന നിസ്സംഗത അവൻ ഏൽപ്പിക്കാൻ പോകുന്ന കാര്യത്തെയോർത്താവും എന്ന് അവനും എനിക്കും അറിയാം …സത്യത്തിൽ എന്റെ പേടിയും അത് തന്നെ ആയിരുന്നു .അവൻ വാക്ക് ചോദിച്ചപ്പോൾ തന്നെ സംഗതി സീരിയസ് ആണെന്നൊരു ഉൾവിളി ഉണ്ടായതുകൊണ്ട് നെഞ്ചിടിപ്പ് ഏകദേശം പൂരത്തിന് കൊട്ടുന്ന നാസിക് ഡോളിന്റെ ശബ്ദം പോലെ എനിക്ക് തന്നെ കേൾക്കാൻ തൊടങ്ങീട്ടുണ്ട് , പണ്ടാരടങ്ങാൻ എന്ത് കോപ്പാണോ പറയാൻ പോണത് …എന്തായാലും ഇനീം കളിച്ചാൽ പണി പാളും ..

” ശെരി ,നീ പറയണ പോലെ ചെയ്യാം , കാര്യം പറ ..പക്ഷെ എന്നെ കൊണ്ട് പറ്റണതാവണം …” ഞാൻ അർദ്ധ സമ്മതം കൊടുത്തു .

“നീ വെയിറ്റ് ചെയ്യ് ,ഞാനിപ്പോ വരാം ..”

“ടാ നീ അറിഞ്ഞോ , കോളേജ് നമുക്ക് വേണ്ടി ഒരു കോച്ചിനെ ഏർപ്പാടാക്കി പോലും , അടുത്ത ആഴ്ച പുള്ളി ചാർജ് എടുക്കുമെന്നാണ് കേട്ടത് ,എന്നിട്ട് നമുക്ക് ടീം ഒന്ന് സെറ്റ് ആക്കണം ,ഒന്നിനും ഒരു ഓർഡർ ഇല്ലാത്ത അവസ്ഥയാണ്‌ ഈ ടീമിന് …ഒരു ചെറിയ മാച്ച് പോലും ജയിക്കാനുള്ള കപ്പാസിറ്റി നമ്മുടെ ഈ ടീമിനില്ല ..ഒരു ഊമ്പിയ ടീം …” ശബരി അടുത്തു വന്നിരുന്നു ടവൽ എടുത്തു അവന്റെ മുഖവും കഴുത്തും തുടച്ചു കൊണ്ട് പറഞ്ഞു … ” നീ നിന്റെ ബോളിങ് ഒന്നുകൂടി ഷാർപ് ആക്കാനുണ്ട് ട്ടോ ” അവൻ ഉപദേശിക്കുന്നു , തെണ്ടി , ഞാനിവിടെ ചൂളയിൽ ഇട്ട ഇഷ്ടികയുടെ അവസ്ഥയിൽ നിൽക്കുമ്പോൾ പറയുന്ന ഡയലോഗെ ……കള്ളപ്പട്ടി ….😡😡😡

“നീ നേരത്തെ പറഞ്ഞ കാര്യം പറയെടാ കോപ്പേ ” ഞാൻ ദേഷ്യപ്പെട്ടു ..

” ഓഹ്ഹ് നീ ഇത്ര സീരിയസ് ആയോ …ശെരി , അപ്പൊ നമ്മൾ 2 കാര്യം ചെയ്യുന്നു നാളെത്തന്നെ ” അവൻ പറഞ്ഞുനിർത്തി എന്നെ നോക്കി .

.

” രണ്ടു കാര്യമോ ….എന്തൊക്കെയാ ..???”” എന്റെ പേടി ആകാംഷയായി .

” നമുക്ക് ആദ്യം ജിത്തുവിനെ ഒന്ന് ശെരിക്കും കാണണം , ഇതിൽ വേറെ എന്തെങ്കിലും ഉൾകളികൾ ഉണ്ടോ ഇല്ലേ ന്നു മനസിലാക്കണം …അത് കഴിഞ്ഞതിന് ശേഷം കീർത്തനയെ…”

” അതൊന്നും വേണ്ട , അത് ശെരിയാവില്ല ” അവൻ മുഴുവൻ പറയുന്നതിന് മുൻപ് ഇടയിൽ കേറി ഞാൻ പറഞ്ഞു ,കീർത്തന എന്ന് കേട്ടപ്പോൾ തന്നെ എന്റെ പകുതി കാറ്റ് ഒഴിഞ്ഞുപോയി , തെറ്റൊന്നും ചെയ്തില്ലെങ്കിലും ഞാൻ അപരാധിയെ പോലെ സ്വയം കരുതുന്നതെന്തിനാണെന്നു എനിക്ക് തന്നെ മനസിലാകുന്നില്ല …

” എടാ മൈരേ , നിനക്ക് ഞാൻ പറയുന്ന വഴി ചെയ്യാമെങ്കിൽ മാത്രം എന്റെ കൂടെ വാ , അല്ലെങ്കിൽ നീ ഒരു പേടിത്തൊണ്ടനായി നിന്റെ ഇഷ്ടം പോലെ ചെയ്യ് ..എന്തായാലും നീ ഇന്നലെ ചാകാൻ നോക്കിയ ധൈര്യം ഇതിനൊന്നും വേണ്ട , അതിനു ശ്രമിച്ചപ്പോ നിനക്ക് അത്രയ്ക്ക് ധൈര്യം ഏത് ഡാഷിൽ നിന്നാ കിട്ടിയത് നിന്റെ മറ്റവളുടെ കൊണോത്തിൽ നിന്നോ ..??”

അവൻ വീണ്ടും ഫോമായപ്പോ ഞാൻ ആലോചനയോടെ തലക്കു കൈകൊടുത്തു ഇരുന്നു ..

” വല്ലാത്തൊരു വള്ളിക്കെട്ടായല്ലോ ദൈവമേ !! ” എന്റെ ആത്മഗതം കുറച്ചു ശബ്ദത്തിൽ ആയിപോയി …

“അല്ല മോനെ ….ഇതിപ്പോ നിന്റെ കാര്യമാണോ എന്റെ കാര്യമാണോ …!! അല്ല നിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നുമല്ലോ ഇതൊക്കെ നീ എനിക്കും വേണ്ടി ബുദ്ധിമുട്ടി ചെയ്യണതാണെന്നു …”

എനിക്ക് ശബ്ദം ഇടറി .കേവലം ഒരു ദിവസത്തിന് മുൻപ് സംഭവിച്ച ആ കാര്യം ജന്മാന്തരങ്ങളോളം അവളെന്നെ അവഗണിക്കുകയായിരുന്ന പോലെയാണ് ഫീൽ ചെയ്യുന്നത് മൊത്തം …

” എന്നാ നമുക്ക് ജിത്തുവിനെ ഒന്ന് കാണാം ..ബാക്കിയൊക്കെ പിന്നെ ..ഇന്നു ആ തെണ്ടി പ്രാക്ടിസിനു വരാത്തത് ചിലപ്പോൾ ഈ കാരണം കൊണ്ടാവാം ..”

അവൻ അതുപറഞ്ഞപ്പോളാണ് ജിത്തു ഇന്നു വന്നില്ലല്ലോ എന്നുള്ള കാര്യം ഞാനും ആലോചിച്ചത് ..ഇതൊരു ഇഷ്യൂ ആയ കാര്യം അറിഞ്ഞപ്പോൾ തടി ഊരിയാതാവുമെന്നു തോന്നി. എന്നാലും ഈ കോളേജിൽ ഇത്രേം ആണ്പിള്ളേര് ഉണ്ടായിട്ടും ആ കുരിപ്പിന് എന്റെ പേര് മാത്രേ ഇതിനൊക്കെ കിട്ടിയുള്ളൂ …..ഈ ലോകത്ത് ഇത്രേം ഗതികെട്ടവൻ വേറെ ആരും ഇല്ലേ ദൈവമേ എന്ന് ഷാജി പാപ്പൻ ചോയ്ക്കുന്ന പോലെ ഞാൻ സ്വയം ചോദിച്ചു…

” ഇന്നിനി കാണുന്ന കാര്യം നടക്കില്ല , നമുക്ക് നാളെ ഉച്ചയ്ക്ക് ആ ശവത്തിന്റെ ക്ലാസിൽ പോയി നോക്കാം, നീ വാ നമുക്ക് വീട്ടിൽ പോവാം ” ശബരി അതും പറഞ്ഞു എഴുന്നേറ്റു …

ഒരുവിധം എല്ലാവരും പ്രാക്റ്റിസ് നിർത്തി പോവാനുള്ള പരിപാടി ആയിരുന്നു .
.എനിക്ക് കോളേജ് കാണാൻ ഏറ്റവും ഇഷ്ടമുള്ള സമയം വൈകുന്നേരമാണ് , സൂര്യൻ അസ്തമിക്കുന്നതിന്റെ ആരംഭത്തിൽ , കുട്ടികളുടെ തെരക്കുകളൊന്നും ഇല്ലാതെ സ്വസ്ഥമായ ക്യാമ്പസ്‌ …7 ഏക്കറോളം സ്ഥലത്താണ് കോളേജ് നിൽക്കുന്നത് , അതിൽ ഒരുപാട് ഡിപ്പാർട്ടമെന്റ് ഉള്ള കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ , 1 ഏക്കറോളം ഗ്രൗണ്ടിന് മാത്രമായാണ്, ഇപ്പോൾ ഉള്ള പ്രിൻസിപ്പൽ 2 വർഷം മുൻപ് ചാര്ജടുത്തതിന് ശേഷമാണ് കോളേജിന്റെ നോൺ അക്കാഡമിക്കൽ കാര്യങ്ങൾക്കു കൂടി പ്രാധാന്യം കിട്ടിയത് …ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൗണ്ടിൽ 3 നെറ്റ്‌സ് പ്രാക്ടിസിനു മാത്രമായുണ്ട് , അതുകൂടാതെ ഒരു ഭാഗത്ത്‌ വോളീബോൾ കോർട്ടും ..ഫുട്ബോൾ മാത്രം കോളേജിന്റെ 100 മീറ്റർ അപ്പുറത്തെ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ കളിക്കാനുള്ള അവകാശം ഉണ്ട് .ചുരുക്കത്തിൽ കഴിയുന്നത്ര സ്പോർട്സ് ട്രെയിനിംഗ് നടക്കുന്ന ഞങ്ങടെ സ്വന്തം കോളേജ് .ഇടക്കൊക്കെ സമരങ്ങളും ഇലെക്ഷനും പൊളിറ്റിക്‌സും എല്ലാം ഉണ്ടെങ്കിലും പൊതുവേ വലിയ രീതിയിലുള്ള കച്ചറ ഇല്ല എന്നുള്ളതും പ്രത്യേകതയാണ് .ഞങ്ങൾ പിന്നെ ക്രിക്കറ്റ്‌ അല്ലാതെ മറ്റൊരു സ്പോർട്സിലും , പൊളിറ്റിക്സിലും ഉൾപ്പെടാത്തവരാണ് …ഞാൻ ഡ്രോയിങ് കോംപെറ്റീഷനിൽ കൂടാറുണ്ടെങ്കിലും ശബരി അതിലും ഒഴിവാണ് ..പിന്നെ കോമഡി എന്താന്ന് വെച്ചാൽ ചിത്രം വരക്കുമെങ്കിലും prize അടിക്കാനുള്ള കഴിവൊന്നും എനിക്കും ഇല്ല ..ചുമ്മാ എന്റെയൊരു ആഗ്രഹത്തിന് വരക്കും , പൊതുവേ മത്സരബുദ്ധി കുറവായതുകൊണ്ട് ഒന്നും കിട്ടാത്തത് എന്നെ ബാധിക്കാറില്ല …പണ്ട് വര പഠിക്കാൻ നല്ലൊരു സെന്റെറിൽ പോണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു പക്ഷെ സാമ്പത്തികസ്ഥിതി സമ്മതിച്ചില്ല ..പറഞ്ഞു പറഞ്ഞു വിഷയം മാറ്റിയതല്ല ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുകൊണ്ടു പറഞ്ഞെന്നെ ഉള്ളു ..😃😃

എല്ലാം കഴിഞ്ഞു മുക്കാൽ മണിക്കൂർ കൊണ്ട് റെഡി ആയി ഞങ്ങൾ അമ്പലത്തിൽ എത്തി ..ഇന്നു ആരുടെയോ വിളക്കുള്ളതാണ് , ദീപാരാധനയ്ക്കു മുൻപ് ചുറ്റുവിളക്കുകളെല്ലാം കത്തിച്ചു വെക്കണം , ചെന്നു പ്രദക്ഷിണം വെച്ച ശേഷം ഞങ്ങളും അതിനു കൂടി .., ഈ വൈകുന്നേരത്തിന്റെ മറ്റൊരു ഭംഗി ഈ അവസരങ്ങളിലാണ് ..അമ്പലത്തിനു ചുറ്റും തെളിഞ്ഞുനിൽക്കുന്ന ദീപങ്ങളും ,സായം സന്ധ്യയും , അവിടവിടെ ചുറ്റിത്തിരിയുന്ന പ്രാവിൻകൂട്ടങ്ങളും , കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ചന്ദനത്തിരിയുടെയും സുഗന്ധവും എല്ലാം ചേർന്ന് നമുക്ക് നല്ല പോസറ്റീവ് എനർജി കിട്ടും ..ആ ഒരു അന്തരീക്ഷത്തിൽ നിന്നും മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം അത് അനുഭവിച്ചവർക്കേ അറിയുകയുള്ളു …പണ്ടുമുതൽക്കേ ഞാൻ അമ്പലത്തിൽ വന്നാൽ ഒന്നും ആവശ്യപ്പെട്ടു പ്രാർത്ഥിക്കാറില്ല , നമ്മളെ അങ്ങോട്ട്‌ എത്തിച്ചതിനു നന്ദി പറയുക മാത്രമാണ് നമ്മുടെ കർത്തവ്യം ,ബാക്കി എല്ലാം നമ്മൾ ചെയ്യുന്ന കർമങ്ങൾ അനുസരിച്ചാണ് എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു .
.പക്ഷെ പെങ്ങളൊക്കെ എന്തിനും ഏതിനും അമ്പലത്തിൽ കൈകൂലി ഇട്ടു ദൈവത്തിനെ ക്രൈം പാർട്ണർ ആക്കിയിരിക്കുകയാണ് ..ഞാൻ വരുന്നത് ആ എനെർജിക്കു വേണ്ടിയും അവൾ വരുന്നത് സഹായം ചോദിക്കാനും ..(അമ്പലം എന്നല്ല എല്ലാ ആരാധനാലയങ്ങളുടെയും ബേസിക് ആയിട്ടുള്ള സൂപ്പർ പവർ അവിടെ നിന്നും നമുക്ക് കിട്ടുന്ന പോസിറ്റീവ് എനർജി തന്നെയാണ് ..ദൈവമില്ലെന്നു വാദിക്കുന്ന യുക്തിവാദികൾ പോലും ആ ഒരു അന്തരീക്ഷം തരുന്ന എനർജി അംഗീകരിക്കും )

ദീപാരാധനയും , പായസം കഴിക്കലും എല്ലാം കഴിഞ്ഞു ആൽത്തറയിൽ ഇത്തിരി സമയം കൂടി ചിലവഴിച്ചതിനു ശേഷമാണ് വീട്ടിൽ പോയത്‌ ..പോകാൻ നേരം ശിവേട്ടൻ എന്റെ അടുത്ത് വന്നു .ഞങ്ങളുടെ നാട്ടിലെ പത്രം ഏജന്റ് ആണ് പുള്ളി . ” ഇവിടെ ലൈനിൽ പോയിരുന്ന ജാഫർ നിർത്തി , അവന് പെങ്ങളുടെ അവിടെ എന്തോ ഒരു പണി ശെരിയായി എന്നും 2 ദിവസം കൊണ്ട് അവിടേക്ക് പോണമെന്നും .. വേറെ ഒരാളെ ആവശ്യമുണ്ട് നിനക്ക് പറ്റുമോ ഇടാൻ ..? 5.30 തൊട്ട് 8 മണി വരെ മാക്സിമം ആവുള്ളു ..നിനക്കുള്ളതെങ്കിലും കിട്ടുമല്ലോ അമ്മക്ക് ഒരു സഹായവും ..നീ അമ്മയോട് ആലോചിച്ചു ഇന്നു തന്നെ പറട്ടോ .. ok ആണെങ്കിൽ നീ നാളെ വീട്ടിൽ വന്നു എന്റെ പഴേ ആ സൈക്കിൾ എടുത്തു പൊക്കൊ , നാളേം മറ്റന്നാളും അവന്റെ കൂടെ പോയി ഏതൊക്കെയ വീട് എന്നൊക്കെ ഒന്ന് നോക്കി പഠിച്ചോ …”

ഇത്രേം പറഞ്ഞു പുള്ളി പോയി ,ഞങ്ങൾ തിരിച്ചും ..

“നീ എന്ത് തിരുമാനിച്ചു ..? ”

ഞാൻ മിണ്ടാത്തത് കൊണ്ടാകണം ശബരി ചോദിച്ചു .. ഞാൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നില്ല ..

” പോയാലൊന്നാണ് അലോയ്‌ക്കണത് ..”

വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു , രാവിലെ കുറച്ചു സമയത്തെ കാര്യമേ ഉള്ളു എന്നതും ഞാൻ സാധാരണ ആ സമയത്ത് ഉറങ്ങലാണ് എന്നുള്ളതുകൊണ്ടും ഇനിയിപ്പോ കാരണമറിയാത്ത എന്തൊകൊണ്ടും ഞങ്ങൾ സംസാരിച്ചു അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു ..അമ്മയുടെ അകെ പ്രശ്നം എന്റെ പനി ശെരിക്കും മാറാതെ പോകണ്ട എന്നുള്ളതായിരുന്നു , 2 ദിവസമേ ജാഫർ ഉള്ളു എന്നുള്ള കാര്യം പറഞ്ഞപ്പോ അതും തീർന്നുകിട്ടി . സമയം കളയാതെ ശിവേട്ടനോട് ഞാൻ ചെല്ലാമെന്നും വിളിച്ചു പറഞ്ഞു ..അത് കഴിഞ്ഞു ആദ്യമായിട്ടൊരു ജോലിക്ക് പോകുന്നതിന്റെയോ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ , സന്തോഷമാണോ ആകാംഷയാണോ എന്നറിയാതെ എന്തോ ഒരു അവസ്ഥ …മനസ്സ് വല്ലാതെ നിറഞ്ഞു കവിയുന്ന അവസ്ഥയിൽ ആയതുകൊണ്ടാകും കഫ് സിറപ്പ് കുടിച്ചിട്ടുപോലും ഒട്ടും ഉറക്കം വന്നില്ല …തിരിഞ്ഞും മറഞ്ഞും കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു .


കുളിച്ചിട്ടു പോകേണ്ട ആവശ്യമൊന്നും ഇല്ലാത്തതുകൊണ്ട് 5 മണി ആയിട്ടെ എണീറ്റുള്ളു .പല്ലുതേപ്പും മുഖവും കഴുകി വന്നപ്പോളേക്കും അമ്മ കട്ടൻ ചായ ഉണ്ടാക്കികൊണ്ടുവന്നു ..എനിക്ക് ഇത് അസമയമാണെങ്കിലും അമ്മക്ക് സ്ഥിരം സമയം തന്നെയാണ്..കട്ടൻ കുടിച്ചു നേരെ ഞാൻ ശിവേട്ടന്റെ സൈക്കിൾ എടുക്കാൻ പോയി.

അവിടെ എത്തിയപ്പോളേക്കും ശിവേട്ടൻ സൈക്കിൾ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെച്ചിരുന്നു , പുള്ളിയെ വിളിച്ചു ചോദിച്ചപ്പോൾ ഞങ്ങളുടെ ആൽത്തറ കവലയിലെ ഓഫീസിൽ ചെല്ലാൻ പറഞ്ഞു , അങ്ങനെ അതുമെടുത്തു അങ്ങോട്ട്‌ പോയി ..ജാഫർ ഏതാണ്ട് ആ സമയത്ത് തന്നെ എത്തി , പേപ്പറുകൾ കെട്ടാക്കി എണ്ണി പൊതിഞ്ഞു സൈക്കിൾ സ്റ്റാൻഡിൽ എടുത്തു വെച്ചു..രാവിലെ ആയതുകൊണ്ട് തന്നെ അത്യാവശ്യം തണുപ്പുണ്ടായിരുന്നു പക്ഷെ എനിക്ക് അവസ്ഥ വേറെ ആയിരുന്നു .ഇത്രേം വീടുകൾ ഓർത്തുവെക്കാൻ കഴിയുമോ എന്നുള്ള പേടി കാരണമുള്ള ചൂട് ,അത് പുറമെയുള്ള തണുപ്പിനെ കെടുത്തി …

എല്ലാം എടുത്തു വെച്ചു ജാഫർ പോവാമെന്നു പറഞ്ഞു സൈക്കിൾ എടുത്തു…ഞാൻ അവന്റെ പുറകെ സൈക്കിളിൽ ഓരോ വീടും കവർ ചെയ്തു ..നല്ല ബുദ്ധിമുട്ട് തന്നെ ആയിരുന്നു ,ഒന്നാമത് സൈക്കിൾ നന്നായി ഓടിക്കാൻ അറിയില്ല ,നല്ല എക്സ്പീരിയൻസ് ഉള്ള ജാഫർ അവന്റെ ഒഴുക്കിൽ ആ ജോലി ചെയ്തപ്പോൾ ഞാൻ അതിന്റൊപ്പം എത്തിപ്പിടിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടേണ്ടി വന്നു…

ഏകദേശം 120 വീടോളം ഉണ്ടായിരുന്നു , 7.40ന് അവസാന വീടും തീർത്തു ജാഫർ യാത്ര പറഞ്ഞു പോയപ്പോളേക്കും എന്റെ അടപ്പ് ഊരിയിരുന്നു.

തുടര്ച്ചയായി സൈക്കിൾ ഓടിച്ചു എനിക്ക് കാലിനൊരു കൊളുത്തി പിടുത്തം , അവൻ പോയിക്കഴിഞ്ഞപ്പോൾ മെല്ലെ സൈക്കിളിൽ നിന്നും ഇറങ്ങി അതും ഉന്തി ഞൊണ്ടി ഞൊണ്ടിയായി എന്റെ നടപ്പ് …പക്ഷെ മനസിന്‌ വല്ലാത്തൊരു സന്തോഷം , ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ …

സൈക്കിൾ കുറേ ഉന്തിയും ഓടിച്ചും 3 km അപ്പുറത്ത് നിന്നും ഞാൻ വീട്ടിലെത്തി , മെല്ലെ ചെന്നു ഉമ്മറത്ത്‌ ഒരു പായ വിരിച്ചു കിടന്നു , നന്നായിത്തന്നെ ക്ഷീണിച്ചിരുന്നതും രാത്രിയിലെ ഉറക്കമില്ലായ്മയും, ശെരിക്കും വിട്ടുമാറാത്ത പനിയും എല്ലാം കൂടി ആയപ്പോൾ അവിടെ അങ്ങനെ കിടന്നു ഉറങ്ങിപ്പോയി ..9 മണിക്ക് പെങ്ങൾ എണീപ്പിച്ചപ്പോൾ എനിക്ക് ഉറക്കം മാറിയിരുന്നില്ല ..പിന്നെ ഒരുതരത്തിൽ കുളിച്ചു ഭക്ഷണം കഴിച്ചു ശബരിയോടൊത്തു കോളേജിലേക്ക് പോയി , പോകുന്ന പോക്കിൽ ജോലിയെകുറിച്ച് സംസാരിച്ചും ഓരോന്ന് പ്ലാൻ ചെയ്തും കോളേജിൽ എത്തിയത് അറിഞ്ഞില്ല ..

ഇന്നു സംഭവബഹുലമായ ദിവസമാകുമോ എന്തോ ..ജിത്തുവിനെ കണ്ടിട്ട് എങ്ങനെയാ പരിപാടി എന്നൊന്നും അറിയില്ല , ഞാൻ ഇനി പറയാനുള്ള എന്തൊക്കെ പ്ലാൻ ചെയ്തുപോയിട്ടും പ്രത്യേകിച്ചൊരു കാര്യവും ഇല്ല , അവരെ കാണുമ്പോൾ സംസാരിച്ചുതുടങ്ങുന്നതോടുകൂടി പ്ലാൻ ചെയ്തതെല്ലാം മറന്നു വേറെന്തെങ്കിലും സംസാരിക്കാറാണ് പതിവ് ..ശബരി എന്തൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടോ എന്തോ ..അടിപിടിയൊന്നും ഉണ്ടാവണ്ടിരുന്നാൽ മതിയാരുന്നു…

അന്നും പതിവുപോലെ ഉച്ചവരെയുള്ള സമയം വളരെ പെട്ടെന്ന് കഴിഞ്ഞുപോയി , ഉച്ചക്കുള്ള ഭക്ഷണം എടുത്തപ്പോൾ തന്നെ ശബരി പെട്ടെന്ന് കഴിക്കാനായി തിരക്ക് കൂട്ടി , എനിക്ക് വീണ്ടും ടെൻഷൻ ആയി തുടങ്ങി..സംഗതി ജിത്തു കമ്പനിക്കാരൻ ആണെങ്കിലും ഇപ്പോളത്തെ പോക്ക് കമ്പനി കൂടാനല്ലെന്നു എന്റെ മനസിലുണ്ടല്ലോ ….ഒരു പ്രശ്നം ഉണ്ടാവുന്നതിനേക്കാൾ എനിക്ക് ടെൻഷൻ ഉള്ളത് അതിന്റെ വരും വരായ്കകളെ ചിന്തിച്ചായിരുന്നു ..അച്ഛൻ എന്നൊരു പിൻബലം ഇല്ലാത്തതുകൊണ്ട് അമ്മ പണ്ടുമുതൽക്കേ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ആരും സഹായിക്കാനുണ്ടാവില്ലെന്ന ഒരു മെസ്സേജ് മനസ്സിൽ അടിച്ചേൽപ്പിച്ചിരുന്നു , പിൽക്കാലത്തു ആ ഒരു കാര്യം എന്റെ ചങ്കൂറ്റത്തിനെ സാരമായി ബാധിച്ചു , ഒരുതരം അരക്ഷിതാവസ്ഥ …ശബരി എന്റെ ആ ഒരു അവസ്ഥയെ മാറ്റി പ്രതികരിക്കേണ്ട സമയങ്ങളിൽ പ്രതികരിക്കാൻ വേണ്ടുന്ന ട്രെയിനിംഗ് തരുന്നത് നിങ്ങള്ക്കും അറിയാമല്ലോ ..

നമ്മുടെ പ്രശ്നങ്ങൾ തീര്ക്കാൻ ആരും ഇല്ലെന്നും , ഉള്ള ആളുകൾക്ക് അതിനുള്ള കഴിവില്ല എന്നതും വളർന്നു വരുന്ന കുട്ടിക്ക് ചിലപ്പോൾ പ്രതികരിക്കേണ്ട അവസരത്തിൽ പോലും നിശ്ശബ്ദരായിരിക്കാൻ കാരണമായേക്കാം , വളരുന്ന സമയത്ത് നമ്മിൽ സ്വതസിദ്ധമായി ഉത്ഭവിക്കുന്ന ചങ്കൂറ്റം വളർന്നതിന് ശേഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിനു പൂര്ണത കൈവരുകയില്ല ..

ശബരി പലപ്പോളും പ്രതികരിക്കുമ്പോളെല്ലാം ഇതുപോലെ വരും വരായ്കകളെ കുറിച്ച് ഞാൻ പേടിക്കുമെങ്കിലും അവന്റെ ആ കഴിവിനോട് എന്റെയുള്ളിൽ ബഹുമാനമുണ്ടായിരുന്നു ….

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ജിത്തുവിന്റെ ക്ലാസിനു അരികിലേക്ക് ചെന്നു , ചെല്ലുമ്പോൾ തന്നെ കൂട്ടുകാരുമൊത്ത് സംസാരിച്ചു അവൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു …ഞങ്ങളെ കണ്ടപ്പോൾ അവനുണ്ടായ പരുങ്ങൽ ഈ പ്രശ്നത്തിലുള്ള അവന്റെ പങ്കിനെപ്പറ്റി നല്ലൊരു ഐഡിയ തന്നു , ചെന്നു അവന്റെ കഴുത്തിൽ കയ്യിട്ടു കൂട്ടിപ്പിടിച്ചു ശബരി തിരികെ പോന്നു , ഞാൻ പിറകെയും …ഒപ്പം കളിക്കുന്നവർ ആയതുകൊണ്ടോ എന്തോ അതുകണ്ടിട്ടും കൂട്ടുകാർക്കു പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നിയില്ലെന്നു എനിക്ക് തോന്നി …ആ ക്ലാസിൽ തന്നെയാണല്ലോ കീർത്തനയും ,എന്നെ അവൾ കാണരുതേ എന്ന പ്രാർത്ഥനയാണ് എന്റെയുള്ളിൽ ഉണ്ടായിരുന്നത് ..

ഫസ്റ്റ് ഫ്ലോറിലാണ് ജിത്തുവിന്റെ ക്ലാസ്സ്‌, ശബരി അവനെയും പിടിച്ചു പോയത്‌ താഴെ ക്ലാസുകളുടെ പുറകുവശത്തായി ഉള്ള വെള്ള ടാങ്കിന്റെ അവിടേക്കാണ് , കോളേജിലെ ആവശ്യങ്ങൾക്ക് ആ ടാങ്കിൽ നിന്നും ശുദ്ധീകരിച്ചു പോകുന്ന വെള്ളമാണ് ഉപയോഗിക്കുന്നത് ടാങ്ക് എന്ന് പറഞ്ഞാൽ സിമെന്റിൽ ഒരു റൂം പോലെ ഉണ്ടാക്കിയ ഒന്നാണത് . ക്യാമ്പസ്‌ വലുതായതുകൊണ്ടു തന്നെ ഇതിന്റെ സൈഡിലേക്ക് അധികമാരും വരാറില്ല ..

ജിത്തുവിനെ ശബരി വളരെ വേഗത്തിലാണ് കൊണ്ടുപോയിരുന്നത് , ഞാൻ കോണിപ്പടി ഇറങ്ങി തിരിയുന്നതിനിടക്ക് എന്റെ കാലൊന്നു മടങ്ങി , ചെരുപ്പ് പൊട്ടി , കാലിന്റെ ആംഗിളിൽ ചെറിയൊരു വേദനയും….ചെരുപ്പ് ഊരി കയ്യിലെടുത്തു അവർ നിക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോൾ ജിത്തുവിന്റെ കഴുത്ത് ഇടതു കയ്യിലിട്ടു കുടുക്കി അവന്റെ നെടുംപുറത്തിട്ടു വലതും കൈമുട്ട് കൊണ്ട് പോലിസ് ഇടിക്കുന്ന പോലെ ഇടിക്കുന്ന ശബരിയെയും ,അനങ്ങാൻപോലും പറ്റാതെ ഞെരങ്ങിക്കൊണ്ടു കരയുന്ന ജിത്തുവിനെയുമാണ് .. അതുശെരി ഇത്രപെട്ടെന്ന് തുടങ്ങിയോ ..!! അവന്റെ കരച്ചിൽ കണ്ടിട്ട് പക്ഷെ സാധാരണ തോന്നുന്ന പാവത്തം എനിക്ക് തോന്നിയില്ല , ഒന്നുമില്ലെങ്കിലും എനിക്കിട്ടു നൈസായിട്ട് പണിഞ്ഞ് ആളാവാൻ നോക്കിയ തെണ്ടിയല്ലേ…!!

ജിത്തു നിസ്സഹായനായിരുന്നു , നേരത്തെ കിട്ടിയതിന്റെ ഫലമായി ശ്വാസം നേരാവണ്ണം കിട്ടുന്നില്ല ,അതിനിടക്ക് ഈ ചവിട്ടുകൂടി ആയപ്പോൾ ചെങ്ങായി താഴെ വീണു ..

” സോറി മച്ചാനെ , ഞാൻ അത്രക്കൊന്നും കരുതീല , അവളൊന്നു നാണം കെടണമെന്നേ ഉദ്ദേശിച്ചുള്ളൂ , അറിയാത്ത ഇവനെ തേടിപ്പിടിച്ചു എല്ലാരേം മുന്നിൽ വെച്ചു ഇങ്ങനെ ഡയലോഗ് അടിക്കുമെന്നൊന്നും ഓർത്തില്ല , അപ്പഴത്തെ ആ ദേഷ്യത്തിൽ പെട്ടെന്ന് വന്ന പേര് നിന്റെയായിപ്പോയി , മുന്നും പിന്നും നോക്കാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലേടാ , എങ്ങനേലും കാര്യം നടക്കണമെന്നേ ചിന്തിച്ചുള്ളൂ ..നിന്നെ പെടുത്തണമെന്നൊന്നും ഞാൻ കരുതീല …. ചെയ്തത് ചെറ്റത്തരമായി പോയി, നീ ക്ഷമിക്ക് ….” അവൻ എണീറ്റു എന്റെ കയ്യിൽ പിടിച്ചു പറഞ്ഞുകൊണ്ടിരുന്നു ..

ശബരി ദേഷ്യം മുഴുവനായും മാറാതെ എന്നെ നോക്കികൊണ്ടിരുന്നു , എന്റെ മറുപടി എന്താ എന്നുള്ള സംശയത്തിലായിരിക്കും ….ഞാനാണെങ്കിൽ മൊത്തം ബ്ലാങ്ക് അവസ്ഥയിലായിരുന്നു ..ക്ഷമ ചോദിച്ചു നിൽക്കുന്ന ആളോട് എന്ത് മറുപടിയാണ് കൊടുക്കേണ്ടത് …!! മനസ്സിൽ നിന്നും വന്നത് ഇങ്ങനെയാണ് ..

” സാരമില്ലെടോ , അത് അല്ലെങ്കിലും എങ്ങും എത്താത്ത ഒരു കോപ്പിലെ പ്രേമമായിരുന്നു…… അല്ലെങ്കിൽ … പ്രേമമാണോ എന്നുപോലും ശെരിക്കും അറിയാത്ത എന്തോ ഒരു മണ്ടത്തരം..ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇങ്ങനെയൊക്കെ ആവേണ്ട ഒന്ന് …” എന്റെ ശബ്ദം ഇടറിവരുന്നത് മാറ്റാൻ ഞാൻ ഒന്ന് മുരടനക്കി വീണ്ടും തുടർന്നു .. ” അവൾ എന്നെങ്കിലും വേറെ എങ്ങനേലും അറിഞ്ഞിരുന്നെങ്കിലും ഇതൊക്കെത്തന്നെ സംഭവിച്ചേനെ , എന്നെപോലെ ഒരുവനെ ഇഷ്ടപ്പെടാനൊന്നും ആർക്കും പറ്റൂല , പക്ഷെ സങ്കടം അതൊന്നുമല്ലടോ വെറുതെയാണെങ്കിലും എന്റെയാണെന്നു പറയുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടാർന്നു അത് പോയിക്കിട്ടി , പിന്നാലെ നടക്കരുതെന്നു പറഞ്ഞോണ്ട് ഇനി എന്നെക്കൊണ്ട് അതിനു സാധിക്കൂല ”

അത് പറഞ്ഞു തീർന്നപ്പോൾ ജിത്തു എന്നെ അമർത്തി കെട്ടിപിടിച്ചു ..കണ്ണുനീർ മൂടി കാഴ്ച്ച വീണ്ടും മറഞ്ഞു ..ശബരി ജിത്തുവിനെ തോണ്ടി വിളിച്ചു

” അവളോട്‌ ഞങ്ങൾ കാര്യം പറയും ,നിന്റെ ആവശ്യം വേണ്ടിവന്നാൽ നീ വന്നു കാര്യം പറയണം …..അറിയാത്ത കാര്യത്തിന്റെ പാപം തലേൽ ചൊമക്കേണ്ട ആവശ്യം ഇല്ലല്ലോ ..”

ജിത്തു സമ്മതിച്ചു ,അവനോടു അവന്റെ ഏതെങ്കിലും നോട്ട്ബുക്കും ആ കത്തും എടുത്തുവരാൻ പറഞ്ഞു ,അവൻ ഒന്നും ചോദിക്കാതെ ഏതോ ഒരു നോട്ട് കൊണ്ട് തന്നു ,കത്ത് ഉള്ളിൽ ഉണ്ടെന്നും അവനോടു പറഞ്ഞു … ശബരി എന്നെയും കൂട്ടി ക്ലാസിലേക്ക് നടന്നു ..

” നമുക്ക് ഇന്നുതന്നെ അവളേം കാണണം , അതും കൂടി ക്ലിയർ ആയാൽ ഒരു സമാധാനം ഉണ്ടാവും …” നടക്കുമ്പോൾ അവൻ പറഞ്ഞു .

ക്ലാസിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു , ഏതൊക്കെയോ വിഷയങ്ങൾ ആരൊക്കെയോ വന്നു എടുത്തുപോയി എന്നല്ലാതെ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല , ആലോചിക്കുംതോറും അവളെ കണ്ടു ഇതോടുകൂടി എല്ലാം ശെരിയാക്കണമെന്നു എനിക്കും തോന്നി …അതാണ് അതിന്റെ ശെരി , മനസൊന്നു ശാന്തമായപ്പോൾ ഒരു നിശ്വാസം വിട്ടു ശബരിയുടെ കയ്യിൽ അമർത്തി ….

വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞു നേരെ അവർ വരുന്ന വഴിയെ വച്ചുപിടിച്ചു , ആ വഴിയും സമയവും എല്ലാം എനിക്ക് കാണാപ്പാഠമാണെന്നു നിങ്ങള്ക്കും അറിയാലോ ..പക്ഷെ നേരത്തെ കരുതിയ സമാധാനം വീണ്ടും ചെറുങ്ങനെ പോയിത്തുടങ്ങി , ഓരോ അടി വെക്കുംതോറും നെഞ്ചിൽ ദഫ്‌മുട്ട് ആരംഭിച്ചു …നാക്കിലെ വെള്ളം ചെറുതായിട്ട് വറ്റുന്നുണ്ടോ …????ഏയ്‌ ,കൂൾ മനു ..കൂൾ …. ഞാൻ ശ്വാസം വലിച്ചെടുത്തു ഉള്ള 30cm നെഞ്ചിൽ കിട്ടാവുന്നത്ര എയർ വലിച്ചുകേറ്റി ഫിറ്റാക്കിവെച്ചു …കാലിനു വിറയലുണ്ടോ ? എന്റെ അടുത്ത സംശയം , പണ്ടാരടങ്ങാൻ എന്നെ എന്റെ മനസ് തന്നെ തളർത്തുമെന്നാണ് തോന്നണത് , പുല്ല് , പ്രൊപ്പോസ് ചെയ്യാനൊന്നും അല്ലല്ലോ , ഈ വള്ളിക്കെട്ടു ഒന്ന് മാറ്റാനല്ലേ ഇതൊകെ മതി …ശബരി എതിരെ വരുന്ന ഓരോ പെൺകുട്ടികളെയും ക്ലോസായി നോക്കുന്നുണ്ട് , ഇനിയിപ്പോ ഇവന്റെ ഉദേശം കീർത്തനയെ കാണണതല്ലേ ..വൻ വായ്നോട്ടമാണല്ലോ …

ഇതൊക്കെ ചിന്തിച്ചു നിക്കുന്നതിനിടക്ക് അതാ വരുന്നു ആറ്റംബോംബ് ….കീർത്തന …

അവൾ നടന്നു അടുത്തെത്തിയപ്പോൾ ശബരി അവളെ വിളിച്ചു , സംശയത്തിൽ അവനെ നോക്കിയ അവൾ അടുത്തു എന്നെക്കണ്ടപ്പോ മുഖം കടന്നൽ കുത്തിയ കണക്കിന് കൂട്ടിവെച്ചു ..ഹോ എന്തൊരു ഭാവം …ഉണ്ടക്കണ്ണു തുറിപ്പിച്ചു പുച്ഛത്തിൽ എന്നെ നോക്കി ..കൂടെയുള്ള രണ്ടെണ്ണവും ഏതാണ്ട് അതേ ഭാവത്തിൽ തന്നെയാണ് നോക്കുന്നത് …ഇവർ മൂന്നും എപ്പോഴും ഒരുമിച്ചു തന്നെയാണോ …ബ്ലാഡിഫൂൾസ് …!!!!

” ഓഹ് , തീർന്നില്ലേ ..??ഇനി എന്താ …?? എടോ തനിക്ക് ഒരു നാണവും മാനവും ഇല്ലേ …!! കൂട്ടുകാരോടൊക്കെ എന്റെ പെണ്ണാണെന്ന് പറഞ്ഞു അവരെ കാണിക്കാൻ ചുമ്മാ ഫോളോ ചെയ്യുക ,അവടേം ഇവടേം ഒളിഞ്ഞു നിന്നു വായിനോക്കുക , മോശം കത്തെഴുതി ഫ്രണ്ട്സിന്റെൽ കൊടുത്തയക്കുക , ഇതിന്റെ അടുത്ത സ്റ്റെപ് എന്താ ..കയ്യിൽ കേറി പിടിക്കാനാണോ അതോ അതിലും കൂടിയ വല്ലതും ബാക്കിയുണ്ടോ എന്നാ അതും ആയിക്കോട്ടെ ..ഇങ്ങനെ പിന്നാലെ നടന്നു വെറുപ്പിക്കുമ്പോ എന്ത് സുഖമാ തനിക്കൊക്കെ കിട്ടുന്നേ ..?? വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം പ്രേമിക്കാൻ ഇത് സിനിമയൊന്നും അല്ല, ഒരു പെണ്ണിനെ റെസ്‌പെക്ട് ചെയ്യാനാണ് ആദ്യം പഠിക്കേണ്ടത് … ” അവൾ ചീറിക്കൊണ്ട് തുടർന്നു …

” പിന്നെ പറയുകയാണെങ്കിൽ ഞാനീ കോളജിൽ വന്നത് പ്രേമിക്കാനല്ല , ഞാൻ പഠിക്കുന്നതും ,അതിനുപുറമെ ചെയ്യുന്ന എല്ലാം എന്റെ ലക്ഷ്യങ്ങളും ഇഷ്ടങ്ങളും മാത്രം മനസ്സിൽ കണ്ടാണ്‌ അല്ലാതെ അതിലൂടെ ഒരുത്തനെയും ആകര്ഷിക്കാനല്ല ..

ഇനി അഥവാ പ്രേമിക്കാൻ തോന്നുകയാണെങ്കിൽ ഞാനെന്തിനു തന്നെ ചൂസ് ചെയ്യണം …?? ഈ 2 വർഷം കൊണ്ട് എനിക്കെത്രയോ പ്രൊപോസൽ കിട്ടി , അങ്ങനെവെച്ചു നോക്കുമ്പോൾ താനൊരു റോങ്ങ്‌ ചോയ്സ് ആയിപോകും ..അതിപ്പോ ഞാൻ പറയാണ്ട് തന്നെ തനിക്കും അറിയുമായിരിക്കും …..ശെരിയല്ലെടീ ..?? ”

ശേഷം അവളുടെ ഫ്രെണ്ട്സിനെ മുഖത്ത് നോക്കി ചോദിച്ചു ..

“പിന്നെന്താ , അതൊക്കെ ഇത്ര ചോദിക്കാനുണ്ടോ …”

അവൾ ഉത്തരം പ്രതീക്ഷിച്ചത് അവളുടെ കൂട്ടുകാരികളിൽ നിന്നാണെങ്കിലും പറഞ്ഞത് ശബരിയായിരുന്നു …

” എടീ കീർത്തനേ ….നായിന്റെ മോളെ …..നിന്റെ കത്തിക്കൽ കഴിഞ്ഞെങ്കിൽ ഞാൻ പറയാം ..ഇതാ നിന്റെ കത്ത് , ഇതിലെ കയ്യക്ഷരം നോക്കെടീ കോപ്പേ ഇത് എഴുതിയത് ഇവനല്ല നിന്റെ ക്ലാസ്‌മേറ്റ് ജിത്തു തന്നെയാണ് .. നീയെന്താ പറഞ്ഞത് ഇവൻ ഒരു റോങ്‌ ചോയ്സ് ആണെന്നോ ..? അതിനെക്കാളും റോങ്‌ ചോയ്സ് ആരുന്നെടീ അവനു നീ …

“ഇവളോടാണോ നിനക്ക് ആദ്യായിട്ട് പ്രേമം തോന്നിയത് …ഒരു സ്വപ്നസുന്ദരി ….ത്ഫൂ ….!!!!! ഇവൾക്ക് നിന്നോട് ഇഷ്ടം തോന്നാഞ്ഞത് നന്നായി ഈ ടൈപ്പ് സാധനമൊക്കെ ലൈഫിൽ വന്നാൽ നീ തൊലഞ്ഞു പോയേനെ ..ദൈവം കാത്തു ..”

അവൾ അകെ വിളറി വെളുത്തിരുന്നു , അവന്റെ തെറിയും കുറ്റപ്പെടുത്തലും, പരിഹാസവും കൂട്ടുകാരുടെ മുന്നിൽനിന്നും കേൾക്കേണ്ടിവന്നതിന്റെ ചളിപ്പും എല്ലാം കൂടെ അവളാകെ തളർന്നെന്നു തോന്നി…ബാഗിന്റെ വള്ളിയിൽ വെറുതെ വിരൽ കൊരുത്തും വിട്ടും അവൾ ടെൻഷൻ കാണിച്ചു ..പക്ഷെ ശബരി പെയ്തൊഴിഞ്ഞിരുന്നില്ല വീണ്ടും അവളുടെ നേർക്ക്‌ തിരിഞ്ഞ് അവൻ ചീറി

” ഞങ്ങടെ അമ്മമാരും ഞങ്ങളെ പെൺകുട്ടികളോട് റെസ്പെക്ട് ചെയ്യാൻ പഠിപ്പിച്ചു തന്നാ വളർത്തിയത്‌ അതുകൊണ്ടാണ് നീ അന്ന് ചെയ്തതിനും ഇന്നത്തെ ഡയലോഗിനും സംസാരത്തിൽ ഒതുക്കിയത്, എന്നാലും ഒരു മനുഷ്യന് ഇത്രയ്ക്കു അഹങ്കാരം പാടില്ല , ആളുകളെ ജഡ്ജ് ചെയ്യുമ്പോ കൊറച്ചൂടിയൊക്കെ സെൻസ് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല ….ഉപകാരപ്പെടും..ഒരാളുടെ സ്വഭാവത്തെ അയാളുടെ രൂപം വെച്ചു അനുമാനിക്കുന്ന നീ എത്ര പഠിച്ചിട്ടും നിന്റെ ഏതൊക്കെ ഇഷ്ടങ്ങൾ സാധിച്ചിട്ടും വല്ല്യേ കാര്യോന്നും ഉണ്ടാവും ന്നു തോന്നണില്ല …

ഡാ മനു , നിനക്ക് എന്തെങ്കിലും പറയാനോ കൊടുക്കാനോ ഉണ്ടെങ്കിൽ വേഗം ആയ്കോട്ടെ തമ്പുരാട്ടിക്ക് പോവാൻ ലേറ്റ് ആവും …”

ശബരി എന്നെ നോക്കിയപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു

” തന്നെ കുറ്റം പറയണ്ട കാര്യമൊന്നും ഇല്ലടോ , ഞാൻ തന്റെ ഭംഗി മാത്രമേ കണ്ടുള്ളൂ , ഇത്രക്കും നല്ല സ്വഭാവമാണെന്ന് അറിയില്ലാരുന്നു ….പിന്നെ ഒരാളെ അവരറിയാതെ ഇഷ്ടപ്പെടാൻ പോലും എന്നെപോലുള്ളവർക്കു അർഹതയില്ലെന്ന് എനിക്കറിയാത്ത കാര്യമായിരുന്നു , അത് പറഞ്ഞുതന്നതിനും ഒരുപാട് നന്ദി …അപ്പൊ ശെരി , പോട്ടെ ..”

ഞാൻ ഒരു ചെറുചിരിയോടെ കൈകൂപ്പിക്കൊണ്ടാണ് അവളോട്‌ അതൊക്കെ പറഞ്ഞത് ….അത്ര കുറച്ചേ പറഞ്ഞുള്ളൂവെങ്കിലും അതിൽത്തന്നെ ഞാൻ ഹാപ്പി ആയിരുന്നു ..

” ന്റെ പൊന്നോ എനിക്ക് വേണ്ട , അതിലും ഭേദം കുളത്തിൽ ചാടി നീന്തൽ പഠിക്കണതാണ് ..” ഞാൻ തിരിച്ചും പറഞ്ഞു ..

അങ്ങനെ 48 മണിക്കൂർ കൊണ്ട് എന്നെ ഉലച്ച വലിയൊരു പ്രശ്നം പരിഹാരമായി ..എന്നത്തേയും പോലെ അത് പരിഹരിക്കാനും ശബരി തന്നെ മുന്നിൽ നിക്കേണ്ടിവന്നു….നൻപൻ ടാ …!!!

അവിടത്തെ അങ്കം കഴിഞ്ഞു പതിവുപോലെ ഗ്രൗണ്ടിലേക്ക് നടന്നു …ഞാൻ ഫിറ്റ്‌ അല്ലാത്തത് കൊണ്ട് ഇന്നും കൂടെ ഇറങ്ങേണ്ടന്നു കരുതി ..രാവിലത്തെ സ്‌ട്രെയിൻ കൊണ്ടുള്ള കൊളുത്തിപ്പിടുത്തം ഇപ്പോളുമുണ്ട് ..ശബരി ഡ്രെസ്സെല്ലാം മാറ്റി ചെറിയ വാം അപ് ചെയ്തു നെറ്റ്സിലേക്കു പോയി , കളിക്കാനുള്ള ഓരോരുത്തരും എന്നോട് കുശലം ചോദിച്ചു പ്രാക്ടിസിനു ഇറങ്ങി ..ഞാൻ സ്ഥിരം ഇരിക്കുന്ന സ്റ്റെപ്പിന്റെ മുകളിലെ പുല്ലിൽ മലര്ന്നു കിടന്നു കണ്ണടച്ചു ., പിന്നെ ശബരി വന്നു വിളിച്ചപ്പോളാണ് എണീറ്റത് ഒരു ചെറുമയക്കം കിട്ടിയതിനാൽ നല്ല ഉന്മേഷം തോന്നി..

പ്രശ്നമെല്ലാം സോൾവ്‌ ആയെങ്കിലും ജിത്തുവിനെന്തോ ഞങ്ങളെ ഫേസ് ചെയ്യാൻ മടിയുള്ളപോലെ തോന്നി , ആദ്യത്തെപോലെ അടുത്തേക്ക് ഒരുപാട് വരാനോ സംസാരിക്കാനോ അവൻ ശ്രമിച്ചില്ല ..ഞാനും അതിനു വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല …ശത്രുക്കളേക്കാൾ തിരിച്ചടികൾ പ്രതീക്ഷിക്കേണ്ടത് മിത്രങ്ങളിൽ നിന്നു തന്നെയാണ്, ഇതൊരു സാമ്പിൾ ദൈവം തന്നതായിരിക്കും …

” ഇന്നു പോകുമ്പോ നമുക്ക് ചിക്കൻ വാങ്ങണം , നീയിന്നു വീട്ടിൽന്നു കഴിച്ചാമതി ..” ശബരി പറഞ്ഞു , ചിക്കന്റെ കാര്യം കേട്ടപ്പോൾ തന്നെ ഞാനതു ഉറപ്പിച്ചിരുന്നു , അവന്റെ അമ്മയുടെ ചിക്കെൻ കറി വേറെ ലെവലാണ് .സംഗതി മെലിഞ്ഞിട്ടാണെങ്കിലും ഞാൻ നല്ല പോളിങ്ങാണ് ..അവനും നന്നായി കഴിക്കും ..ഇന്നിപ്പോ ചിക്കനും കൂടി ഉള്ളതുകൊണ്ട് തകർക്കും ..

പോകുന്ന വഴി പറഞ്ഞതുപോലെ ചിക്കെനും വാങ്ങി ഞങ്ങൾ തിരിച്ചു , എല്ലാം ഒന്ന് കരക്കടിഞ്ഞത്കൊണ്ട് രണ്ടുപേരും ഹാപ്പി ആയിരുന്നു ..

” അപ്പൊ ഇന്നു തന്നെ തുടങ്ങിയാലോ മ്മടെ നീന്തൽ പഠിത്തം …??? അവൻ ചോദിച്ചു .

” ഇന്നു തന്നെ വേണോ …പനി മാറീട്ടില്ല ..” ഞാൻ പേടിയെ തല്ക്കാലം പനി വെച്ചു മൂടി ….

എന്തായാലും 2 ദിവസം കഴിഞ്ഞു പഠിക്കാൻ തുടങ്ങാമെന്ന് തീരുമാനമായി ..

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു , രാവിലേ പത്രമിടാൻ പോയി , അന്നും കൂടെ പോയതോടെ ഇടാനുള്ള വീടുകൾ ഓരോന്നും മനസിലായി ..തലേ ദിവസത്തേക്കാൾ ആയാസകരമായിരുന്നു ഇന്നത്തെ. സൈക്കിളുമായി ഒന്നുകൂടി അടുത്തു , അതിനെക്കാൾ ഭാഗ്യമായത് ജാഫർ പിറ്റേ ദിവസം കൂടി അവിടെയുണ്ടെന്നും അന്നും എന്റെ കൂടെ വരാമെന്ന് സമ്മതിച്ചതുമാണ് .അതെനിക്ക് വലിയ ആശ്വാസമായി ,ഒരു അബദ്ധം വരാതിരിക്കാൻ ഒന്നുകൂടി മനസിലാകുന്നതല്ലേ നല്ലത് ….ജാഫറിന്റെ കയ്യടക്കം എനിക്ക് അത്ഭുതമായിരുന്നു , ഒരു സർക്കസുകാരനെപോലെ ഓരോന്നും ചെയ്യുന്നത് എനിക്ക് പാഠമായിരുന്നു….ഓരോ മാസവും പത്രത്തിന്റെ പൈസ പിരിക്കുന്നത് കുറച്ചു ശ്രദ്ധിച്ചു വേണമെന്നും അവൻ ഓർമ്മിപ്പിച്ചു …അതിനെപ്പറ്റി എനിക്കും ടെൻഷൻ ഉണ്ടായിരുന്നു …ഓരോ വീടുകളിലും കഴിവതും എന്നെ പരിചയപ്പെടുത്താൻ ജാഫർ ശ്രദ്ധിച്ചു , ശിവേട്ടന്റെ വലംകൈ ആയിരുന്നു അവൻ ,

ഞങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധം ഉണ്ടായിരുന്നില്ല അതുവരെ..പക്ഷെ ഈ 2 ദിവസം അവൻ എനിയ്ക്കൊരുപാട് കാര്യങ്ങൾ എളുപ്പമാക്കി തന്നു , ഇടേണ്ട വീടുകളുടെ ലിസ്റ്റ് ഉണ്ടാക്കിയിരുന്നു എന്നും അത് പോവുമ്പോൾ ശിവേട്ടന്റെ കയ്യിൽ കൊടുത്തേക്കാമെന്നും അവൻ ഉറപ്പു തന്നു …ജാഫറിന് എന്നേക്കാൾ മൂന്നോ നാലോ വയസ് കൂടും ,ഇത്രേം കാലം തമ്മിൽ അടുത്ത ബന്ധമില്ലാതിരുന്നത് നഷ്ടമായിരുന്നു എന്നുറപ്പിക്കുന്ന ദിവസങ്ങളായിരുന്നു അവയെല്ലാം .നല്ലൊരു പയ്യൻ , ഡിപ്ലോമ കഴിഞ്ഞു കുറച്ചു കാലം നാട്ടിൽ പത്രമിടലും മറ്റു ചെറിയ ജോലികളും ചെയ്യുന്നയാൾ , എറണാകുളത്തു പെങ്ങളുടെ ഭർത്താവ്‌ ഒരു കമ്പനിയിൽ കോഴ്സ് സംബന്ധമായ ഒരു ജോലി റെഡി ആക്കികൊടുത്തപ്പോളാണ് ഈ പോക്ക് ..അവിടം നിന്നു എക്സ്പീരിയൻസ് അയാൾ ഗള്ഫിലേക്ക് പോണം എന്നാണ് ആഗ്രഹം …ഒരുപാട് ഇഷ്ടപ്പെട്ടു ചെയ്ത ജോലി ആയതിനാൽ എനിക്ക് കഴിയുന്നത്ര സഹായം ചെയ്യാൻ അവനും ഉത്സാഹമായിരുന്നു .

അതിരാവിലെയുള്ള ഈ യാത്ര ഒരുതരത്തിൽ സുഖകരമായിരുന്നു .ഉറക്കം നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ട് ഒഴിച്ചാൽ ബാക്കി എല്ലാം കൊണ്ടും എന്റെ ജോലി എനിക്കിഷ്ടപ്പെട്ടു …രാവിലെ ആയതുകൊണ്ട് ചില വീടുകളിൽ അടിച്ചുവാരുന്ന സ്ത്രീകളോ പെണ്കുട്ടികളോ ഉണ്ടായിരുന്നു..ഇത്ര നേരത്തെ ആയതുകൊണ്ടുതന്നെ ഭൂരിഭാഗവും തലേദിവസം ഇട്ട അയഞ്ഞ ഡ്രെസിലോ മറ്റോ ആയിരിക്കും ,കണ്ണിനു ഒരുപാട് ആനന്ദം തരുന്ന ആ സമയങ്ങളിൽ അവരെക്കൂടെ വായ്‌നോക്കാൻ പറ്റുന്നത് ജോലിയുടെ മറ്റൊരു ആശ്വാസം …കഴിഞ്ഞു പോകുമ്പോൾ തന്നെ ശബരിയെയും ഉണർത്തിയാണ് വീട്ടിൽ പോയത്‌ ..ശനിയും ഞായറും കോളേജ് അവധിയാണ് ..അതുകൊണ്ടുതന്നെ കലുങ്കിലും ,ആൽത്തറയിലുമുള്ള ഇരുത്തവും ഉറക്കവും ആയപ്പോൾ രണ്ടുദിവസം വളരെ പെട്ടെന്ന് തീർന്നു , ഞായർ വൈകുന്നേരം ശബരി വന്നു നീന്തൽ പഠിക്കാൻ പോകാൻ വേണ്ടി നിർബന്ധിച്ചു ..അങ്ങനെ ഞാൻ നീന്തൽ പഠിക്കാൻ തിരുമാനിച്ചു..വീട്ടിൽ പറഞ്ഞപ്പോ അവര്ക്കൊക്കെ അതിശയം സഹിക്കാൻ വയ്യാ..!!, കളിയാക്കലുകൾ അധികമായപ്പോൾ എല്ലാവരെയും പുച്ഛിച്ച ശേഷം ഞാൻ തോർത്തെടുത്തു തോളിലിട്ടു …അല്ലപിന്നെ നമ്മളോടാ കളി !!

കുളത്തിലെത്തി നിറഞ്ഞുനിൽക്കുന്ന വെള്ളം കണ്ടപ്പോൾ രണ്ടു ദിവസം മുൻപ് മുങ്ങിത്താണതൊക്കെ ഓർമ്മ വന്നു .. കുടിച്ചു നിറഞ്ഞ വയർ മെല്ലെ തടവിക്കൊണ്ട് ഞാൻ ശബരിയെ ദൈന്യമായി നോക്കി …അവനതൊന്നും ശ്രദ്ധിക്കാതെ ഷർട്ടൊക്കെ ഊരി ബോക്‌സറിൽ തയ്യാറായി നിൽപ്പുണ്ട് ..പിന്നെ ഒന്ന് രണ്ടു സ്റ്റെപ് പിന്നിലേക് ചുവടുവെച്ചു ഓടി വന്നു വെള്ളത്തിലേക്ക് കൂപ്പ്കുത്തി …ഞാനാണെങ്കിൽ ജെട്ടിക്ക് മുകളിൽ തോർത്തുടുത്തു മെല്ലെ മെല്ലെ സ്റ്റെപ്പുകളിറങ്ങി , വെള്ളം കാലിൽ തട്ടിയപ്പോ തന്നെ തണുപ്പ് കേറാൻ തുടങ്ങി .ഞങ്ങളെക്കാൾ ചെറിയ പിള്ളേർ മൂന്നു നാലെണ്ണം നീന്തിക്കളിക്കുന്നുണ്ട് ..അതോകെ കാണുമ്പോളാണ് സ്വയം കിണറ്റിൽ ചാടാൻ തോന്നണത് ….ആ ഇപ്പളെലും പഠിക്കാൻ തോന്നിയല്ലോ അതെന്നെ ഭാഗ്യം ..!! ഞാൻ ചുമ്മാ എന്നെത്തന്നെ ആശ്വസിപ്പിച്ചു …ഒരു സ്റ്റെപ് കൂടി താഴെ ഇറങ്ങി പിന്നേം തണുപ്പ് ..

ദേവ്യേ ….ചതിക്കല്ലേ ….!!!

ഞാൻ ഇറങ്ങുന്നതിനു മുൻപ് തന്നെ വിറക്കാൻ തുടങ്ങി….ഒന്നും നോക്കിയില്ല കേറി പോയി അപ്പുറത്തെ പറമ്പിൽ മൂത്രമൊഴിച്ചു വന്നു ,വെറുതെ കുളിച്ചു പോകാനാണെങ്കിൽ കുളത്തിൽ ഒഴിച്ചാൽ മതിയാരുന്നു ,ഇതിപ്പോ ആ വെള്ളം തന്നെ കുടിക്കേണ്ടി വരുമല്ലോ എന്നൊരു പേടി ..തിരിച്ചു കുളത്തിൽ നോക്കുമ്പോൾ ശബരി കാലും കയ്യും അനക്കാതെ വെള്ളത്തിൽ ബാലൻസ് ചെയ്യുന്നു , ഇതിപ്പോ ഇവനെങ്ങാനും ……

” എടാ മൈ ** നീ ഇതിനകത്തൊന്നും മൂത്രോഴിക്കല്ലെട്ടോ ….അതും കൂടെ താങ്ങാൻ വയ്യ ….” ഞാൻ അവനോടു കയർത്തു …

” ടാ ….ബാ …ബാക്കി നാളെ കുടിക്കാം , ഇന്നിപ്പോ ന്നെ കൊണ്ട് ഇത്രയേ പറ്റുള്ളൂ …”

ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു ..എന്റെ കണ്ണാകെ ചുവന്നു വേദനയെടുക്കാൻ തുടങ്ങി ..ഞാൻ തോർത്തൂരി മുടിയിലെ വെള്ളമൊക്കെ തുടച്ചു …

” ആ …ആദ്യത്തെ ദിവസായോണ്ട് സമ്മതിക്കാം …ഇനി ഇത് നടക്കൂല്ലട്ടോ .., നിന്നെ ഒരു നീന്തൽക്കാരനാക്കിയിട്ട് തന്നെ ബാക്കി കാര്യള്ളൂ …..നീ കേട്ടിട്ടില്ലേ പേടിയുള്ള കാര്യങ്ങൾ ആദ്യം ചെയ്താൽ പിന്നെ എന്ത് ചെയ്യാനും ധൈര്യം കിട്ടും ന്നു …ഇനി ബൈക്ക് കൂടി പഠിക്കണം , നീന്തൽ പഠിച്ചൊന്നു സെറ്റ് ആയാൽ അതൂടി നോക്കാം …Ok..??

അവൻ ചോദിച്ചപ്പോ വല്ല്യേ സമ്മതൊന്നും തോന്നീലേലും ചുമ്മാ മൂളിക്കൊടുത്തു …ഇല്ലെങ്കിലും ആ നാറി സമ്മതിക്കൂല …

” കുടിച്ച വെള്ളത്തിന്‌ ഉപ്പുരുചി ഉണ്ടോ ചെങ്ങായ് ..???”

പോണ വഴിക്ക് കള്ളച്ചിരിയോടെ ആ നാറി ചോദിച്ചപ്പോൾ സത്യമായിട്ടും എന്റെ മനം ചത്തു …വയറിൽ നിന്നും ഒരു ഓക്കാനം തൊണ്ടക്കുഴിയിൽ എത്തി …അല്ലെങ്കിലെ അകെ അവശനിലയിൽ ആയിട്ടുണ്ട് അതിന്റെകൂടെ ആ ചെറ്റയുടെ മൂത്രം കുടിക്കേണ്ട ഗതികേട് കൂടി വന്നോ എന്നതാരുന്നു എന്റെ ഡൌട്ട് …!!

” ഈശ്വരാ … ഭഗവാനെ ….ഈ നാറിക്ക് നല്ലത് മാത്രം വരുത്തണേ ”

ഞാൻ ആകാശത്തേക്ക് കൈകൂപ്പി ഉറക്കെ പ്രാർത്ഥിച്ചു …ചിരി സഹിക്കാൻ വയ്യാതെ അവൻ തലയറഞ്ഞു തുള്ളി ….ഞാനാണെങ്കിൽ അതും നോക്കി വിഷണ്ണനായി പാടവരമ്പത്തികൂടി വീട്ടിലേക്കു നടന്നു …ബൈക്കിനു വരുമ്പോൾ കുളത്തിലേക്ക് വീട്ടിൽ നിന്നും വളഞ്ഞു വരണം ,പക്ഷെ പാടം വഴി ആണെങ്കിൽ കുറച്ചേ ഉള്ളു …വാഴയും പൂളയും ഒരു ഭാഗത്ത്‌ നെല്ലും നിറഞ്ഞു എത്രയോ ഏക്കറോളം പാടമാണ് , അഞ്ചോ ആറോ പേരുടെ ഒന്നിച്ചുള്ള സ്ഥലമാണ്‌ ഇതെല്ലാം …

പോകുന്ന വഴിയാണു അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ശാന്തി ചേച്ചിയുടെ വീട് , അവരുടെ മകൾ നിത്യ ചെറുപ്പത്തിൽ നല്ല കൂട്ടായിരുന്നു ..വളർന്നപ്പോൾ അവൾ ഒരു നാണക്കാരിയായി മാറി എങ്കിലും സംസാരിക്കാറൊക്കെ ഉണ്ടുതാനും ..ഇരുനിറത്തിൽ വട്ടം മുഖവും ചന്തിക്ക് താഴെ മുടിയുമുള്ള ഒരു സുന്ദരിക്കുട്ടി ..പ്ലസ്‌ ടു പഠിക്കുന്നു .ശബരി പണ്ട് എന്നെ കളിയാക്കിയിരുന്നതു അവളുടെ പേര് പറഞ്ഞായിരുന്നു , കീർത്തനയെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞതും പിന്നാലെ നടക്കാൻ തുടങ്ങിയപ്പോളുമാണ് അവൻ ഇതിനെപ്പറ്റി തീരെ സംസാരിക്കാതായത് …

എനിക്ക് അവളോട്‌ ഒരിക്കലും അങ്ങനൊരു ഇഷ്ടം തോന്നിയിട്ടില്ല , പാടം കേറിയാൽ അവരുടെ വീടിന്റെ ഇടവഴിയിലൂടെയാണ് പിന്നെ നടക്കാനുള്ളത് ..ജസ്റ്റ്‌ നോക്കിയപ്പോൾ ശാന്തി ചേച്ചി ചൂടിൽ എന്തൊക്കെയോ പറയുന്നുണ്ട് , ആരെയാ പറയുന്നതെന്ന് കാണുന്നില്ല , അടുത്തു ആരും ഇല്ല ..തിണ്ണയിൽ ചാരിയിരുന്നു ഉള്ളിലേക്ക്‌ നോക്കിയാണ് പറയുന്നത് …

” എന്താ അവിടൊരു യുദ്ധം ..ചേച്ചി നല്ല ചൂടിലാണല്ലോ ..” ഞാൻ ചേച്ചിയോട് ചോദിച്ചു .

” ആഹാ ….ആരാപ്പോ ഇത് .. ജമ്പനും തുമ്പനും കുളിക്കാൻ തിരുമാനിച്ച ദിവസമാണല്ലേ ഇന്ന് …??

ചേച്ചി ദേഷ്യം മാറ്റി നമുക്കിട്ടു താങ്ങി ..

” ഒന്നും പറയണ്ട മക്കളെ , ആ കുരുത്തംകെട്ട പെണ്ണിനെ പറയാർന്നു , പരീക്ഷ ടൈമിൽ തലേദിവസം മാത്രം പഠിക്കും , അല്ലാത്ത സമയം വെറുതെ ഓരോന്ന് കുത്തിക്കുറിച്ചും , ക്രാഫ്റ്റ് ചെയ്തും സമയം കളയും..ഇപ്പോ പേപ്പർ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് , എല്ലാത്തിനും 60-65 % മാർക്ക്‌ , ഇതൊക്കെ വെച്ചു എവടെ അഡ്മിഷൻ കിട്ടാനാ …പറഞ്ഞാൽ പെണ്ണിന്റെ തലേൽ കേറൂല , ഒപ്പമുള്ള ഓരോ ടീച്ചേഴ്സിന്റെ കുട്ടികളുടെ മാർക്ക്‌ കാണണം , ഞാൻ വെറുതെ പറയാ എന്നല്ലാണ്ട് അവൾ പിന്നേം ഇതൊക്കെത്തന്നെ ചെയ്യും ..!!

ചേച്ചി വീണ്ടും സീരിയസ് ആയി .നിത്യ ഞങ്ങളുടെ ശബ്ദം കേട്ടതുകൊണ്ടാവും മെല്ലെ വന്നു തിണ്ണയിൽ ഇരുന്നു ..

” ഞാൻ പഠിക്കാറോക്കെണ്ട് , മാർക്ക്‌ കിട്ടത്തേന് എന്ത് ചെയ്യാനാ ..!! ”

ചേച്ചി ഞങ്ങടെ മുന്നിൽന്നു ചീത്തപറഞ്ഞതിലുള്ള സങ്കടം കൊണ്ടാവും കണ്ണൊക്കെ ചെറുതായി നിറച്ചാണ് മറുപടി ..

എനിക്കെന്തോ പാവം തോന്നി ..

” എന്തിനാ വേറെ ഉള്ളവരെ വെച്ചു കമ്പയർ ചെയ്യണത് ചേച്ചീ …അവൾ അവളുടെ രീതിയിൽ പഠിക്കട്ടെ…എല്ലാർക്കും ഒരുപോലെ പഠിക്കാൻ പറ്റില്ലല്ലോ ….ചേച്ചി ഈ പറഞ്ഞ മാർക്കുതന്നെ ഞങ്ങക്കും ഉള്ളു , ന്നിട്ട് അഡ്മിഷൻ കിട്ടിയില്ലേ …ഒക്കെ ശെരിയാവും ന്നെ ….

ഞാൻ സമാധാനിപ്പിച്ചു , ശബരിയും അത് അനുകൂലിച്ചു ..

” ഇനീപ്പോ അവൾക്കു വേറെ എന്തെങ്കിലും ചെയ്യാൻ താൽപ്പര്യമുണ്ടെങ്കി അത് ചെയ്യട്ടെ ചേച്ചീ , പഠിച്ചു മാത്രോന്നും അല്ലല്ലോ അവനവനു ഇഷ്ടമുള്ള ജോലി എടുക്കാൻ പറ്റുന്നത് ഒരു ഭാഗ്യല്ലേ ..?”

ശബരി അതുപറഞ്ഞു തീരുമ്പോളേക്കും നിത്യ ഇടയിൽ കേറി പറഞ്ഞു

” അല്ലപിന്നെ , അമ്മ വെറുതെ ചീത്തപറയാൻ വേണ്ടി നിക്കണതാണ് ..”

ചേച്ചിയൊന്നും മറുത്തുപറഞ്ഞില്ല…ഉള്ളിൽ പോയി ഒരു മൂന്നു നാലു വെണ്ടക്കയും വഴുതനയും തക്കാളിയും കവറിലാക്കി തന്നിട്ട് അമ്മേടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു .ചേച്ചീന്റെ അടുക്കളത്തോട്ടത്തിൽ ഉണ്ടായതാണത്രേ ..

ഞങ്ങൾ മെല്ലെ യാത്ര പറഞ്ഞിറങ്ങി…അവരവരുടെ വീട്ടിൽ കേറി …എനിക്ക് വെള്ളം കേറിയിട്ടുള്ള അമ്പരപ്പ് മാറിവരുന്നേ ഉണ്ടായിരുന്നുള്ളു ….അതുകൊണ്ട് ചായ കുടിക്കാനുള്ള മൂഡ്‌ ലവലേശം ഉണ്ടായിരുന്നില്ല ..നേരം ഇരുട്ട് ആവുന്നെ ഉള്ളു , ചുമ്മാ പടിയിൽ കേറി ഇരുന്നു, അങ്ങനെ പേടിയുള്ള ഒരു കാര്യം ചെയ്തുതുടങ്ങി ..ഇനി ഇങ്ങനെ ഓരോന്നും വേണ്ട മാറ്റങ്ങൾ വരുത്തണം ..നാളെ ഇനി എന്തൊക്കെയാണാവോ …കോളേജ് ഓരോ ദിവസവും ഓരോ അവസ്ഥയിലാണ് നടന്നുകൊണ്ടിരിക്കുന്നത് …എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞുപോകുന്നത് .ജീവിതം ഒഴുകുന്നത്‌ ശെരിയായ രീതിയിലാണോ അല്ലേ എന്നുള്ളതിൽ മാത്രമാണ് സംശയം ..

അമ്മ വിളക്ക് വെച്ചതും യാന്ത്രികമായി തൊഴുതു വീണ്ടും ചിന്തകളിൽ ചിലവഴിച്ചു , അനിയത്തി നാമം ജപിച്ചതും മറ്റേതോ ലോകത്തിൽ നിന്നാണ് ഞാൻ കേട്ടത് . …

എനിക്കിഷ്ടമാണ് ഇങ്ങനെ ഏകാന്തമായി ഇരിക്കുന്നത് , എല്ലാവരിലുമുള്ള ചില ഭ്രാന്തൻ ചിന്തകളിൽ മനസിനെ അങ്ങനെ അലയാൻ വിട്ടു സ്വതന്ത്രനായി സമയം കഴിക്കുന്നത്‌ രസകരമാണ് ..

അവനവന്റെ സ്വഭാവത്തിന്റെ പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ നമ്മൾ സ്വയം തിരിച്ചറിയുന്നത് ജീവിതത്തിൽ നല്ലതാണ് , അങ്ങനെ വരുമ്പോൾ അകന്നു നിൽക്കേണ്ടതിൽ നിന്നും അകന്നുനിൽക്കാനും അടുത്തു വേണ്ടതിനെ കൂട്ടിപിടിക്കാനും സാധിക്കുകയുള്ളു എന്നാണ് എന്റെ വിശ്വാസം ..എപ്പോഴോ ഞാൻ എന്റെ നെഗറ്റിവിറ്റി മറന്നുപോയതാണ് കീർത്തനയുടെ കാര്യത്തിൽ സംഭവിച്ച പിഴവിന്റെ കാരണം …

ഒരിക്കൽ ഇങ്ങനൊരു ഏകാന്തതക്കിടയിലാണ് വീട്ടിലെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്നും അകാലത്തിൽ മരണത്തെ വരിച്ച നന്ദിത k s എന്നൊരു കവിയത്രി യുടെ ‘ നന്ദിതയുടെ കവിതകൾ ‘ വായിക്കാനിടയായത് ..സ്വതവേ ദുര്ബലഹൃദയനും സെൻസിറ്റിവും ആയ എന്റെ മനസിനെ പിടിച്ചുകുലുക്കാൻ പാകത്തിൽ സങ്കീർണമായ കവിതാശകലങ്ങളായിരുന്നു അവരുടേത് ..ആരും അറിയാതെ സ്വന്തം ഡയറിക്കുറിപ്പിൽ സൂക്ഷിച്ച ആ കുത്തിക്കുറിക്കലുകളിലെല്ലാം മരണത്തെ ആഴത്തിൽ സ്നേഹിച്ചവളുടെ വേദനകളായിരുന്നു ..ഒടുവിൽ മറ്റൊരാളോടും ഒരു യാത്രപോലും പറയാതെ അതേ കാമുകനെ വരിച്ച നന്ദിത , ശേഷം അവരെ അറിയാനായി അവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു വായിച്ചു …ആ നനുത്ത അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ എനിക്ക് പോലും നികത്താനാവാത്ത വിടവ് സൃഷ്‌ടിച്ച അനുഭവമായിരുന്നു അവരുടെ ജീവിതം .. ഒടുവിൽ എന്റെ ഏകാന്തതയുടെ അവസാനങ്ങളിൽ അങ്ങനൊരു കൊഴിഞ്ഞുപോക്ക് ഞാൻ സ്വപ്നം കണ്ടിരുന്നു …അങ്ങനെ മനസിന്‌ കടിഞ്ഞാണില്ലാത്ത എന്റെ അവസ്ഥയെക്കുറിച്ചു ഞാൻ മുന്പും പറഞ്ഞിട്ടുണ്ടല്ലോ .

ഇന്നത്തെ ഏകാന്തതക്ക് അവസാനം കുറിച്ചത് കൊതുകുകളുടെ എണ്ണം കൂടിയപ്പോളാണ് …ഒരു മയവുമില്ലാത്ത അവറ്റയുടെ കുത്ത് സഹിക്കാതെ വന്നപ്പോൾ ഞാൻ മെല്ലെ എണീറ്റു …എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകാത്ത ഒരു കാര്യം ഈ കൊതുകുകളെ ദൈവം സൃഷ്ടിച്ചതിനെപറ്റിയാണ് …എല്ലാ ജീവികളും ഒരോ ആവാസവ്യവസ്ഥയുടെ ഭാഗങ്ങളാണ് പക്ഷെ ഈ സാധനത്തിന്റെ റോൾ ഇതുവരെ മനസിലായിട്ടില്ല …

അകത്തുപോയി ചായ ഒന്നുകൂടി ചൂടാക്കി കുടിച്ചപ്പോളേക്കും ശബരി വന്നു, ചെറിയ ജലദോഷം ഉള്ളതായി തോന്നിയെങ്കിലും ഞാനും ഇറങ്ങി , ആൽത്തറയിൽ വെടിപറഞ്ഞു സമയം ചിലവഴിച്ചു …തിരികെ വന്നു രാത്രിഭക്ഷണവും കുറച്ചേ കഴിക്കാൻ പറ്റിയുള്ളൂ ..ജലദോഷത്തിനുള്ള മരുന്നും കഴിച്ചു കിടന്നു ,ക്ഷീണമുള്ളതുകൊണ്ടു ഉറങ്ങാൻ പ്രയാസമൊന്നും ഉണ്ടായില്ല ..

പിന്നെയുള്ള 2 ദിവസവും പ്രത്യേകിച്ച് സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല ..തിങ്കൾ മുതൽ ഞാനും ക്രിക്കറ്റ്‌ പ്രാക്ടീസ് പുനരാരംഭിച്ചു ,ബുധനാഴ്ച പുതിയ കോച്ച് ചാർജ് എടുത്തു ..ഞങ്ങൾക്ക് ടീം മീറ്റിംഗ് ഉണ്ടായിരുന്നു . ടീമിന്റെ പോരായ്മകളെ കുറിച്ച് അവനവനു അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരുന്നു ..എല്ലാവരും പറയുകയും ചെയ്തു ..ശബരിക്ക് മുൻപേ എനിക്ക് അവസരം കിട്ടി …കഴിഞ്ഞ ദിവസം എന്നോട് ശബരി സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ഞാൻ വള്ളിപുള്ളി തെറ്റാതെയും , കുറച്ചു എന്റെ കയ്യിൽ നിന്നും എടുത്തിട്ടും ഒരു ഘടാഘടിയൻ അഭിപ്രായം പാസാക്കി….സംഗതി നല്ല ഒബ്സെർവഷൻ വെച്ചു അവൻ പറഞ്ഞ കാര്യങ്ങളായിരുന്നു എന്നുള്ളതുകൊണ്ട് കോച്ച് അടക്കം എല്ലാ മെമ്പേഴ്സിനും ക്ലിയർ ഐഡിയ ആയിരുന്നു …എല്ലാം പറഞ്ഞുതീർന്നു കയ്യടി വാങ്ങിച്ചു ഇരുന്ന് അവനെ ഇടംകണ്ണിട്ടു നോക്കിയപ്പോൾ ലോകത്ത് കിട്ടാവുന്ന എന്തോ തെറിമാല ശബ്ദമില്ലാതെ ഉച്ചരിച്ചാണ് അവൻ സങ്കടം തീർത്തത് …

അത്രേം പോയിന്റ്‌ ഞാൻ പറഞ്ഞെങ്കിലും അവസരം കിട്ടിയപ്പോൾ അവൻ വീണ്ടും കുറച്ചു പോരായ്മകൾ ചൂണ്ടിക്കാണിച്ചു , അവൻ വളരെയേറെ ഈ പ്രശ്നങ്ങളെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു എനിക്കും മനസിലായി ..അവസാനമായി ടീം കളിച്ചതിൽ 10ൽ 8ഉം ഞങ്ങൾ തോറ്റതുകൊണ്ടു ഒരുതരത്തിൽ പോരായ്മകൾ ശെരിക്കും എല്ലാർക്കും അറിവുള്ളതുമായിരുന്നു ..ഒന്നാമത് നല്ലൊരു കൊച്ചൊന്നും ഇതുവരെ ഉണ്ടായിട്ടില്ല , മിക്കവാറും മുൻപ് കോളേജ് ടീമിൽ കളിച്ചിരുന്ന ഇപ്പൊ കോളേജിലില്ലാത്ത വല്ലവരും വന്നു അവർക്കിഷ്ടമുള്ള ഓരോ ടീമും സെറ്റ് ആക്കി കളിക്കാൻ വിടും ….ഒരുപാട് പേർ സൂചിപ്പിച്ച പ്രധാന കാര്യം അതായിരുന്നു .

കോച്ച് ഉറക്കെ ചോദിച്ചു .

“Yes sir” ഞങ്ങളും അതേ ടോണിൽ തിരിച്ചു പറഞ്ഞു .

“ഗുഡ് , ഇതേ പവർ എന്നും എപ്പോളും ഫീൽഡിൽ കാണണം അത് പ്രാക്റ്റീസ് ആണെങ്കിലും മാച്ചിൽ ആണെങ്കിലും ..Ok ഗയ്‌സ് ഇന്നു പ്രാക്ടീസ് ഇല്ല ,പകരം ഈ ഗ്രൗണ്ടിന് ചുറ്റും 5 റൌണ്ട് ജോഗ് ചെയ്തു ശേഷം നിങ്ങൾക്ക് പോകാം ..”

എന്റെ പകുതി ബോധം പോയി ..ഇന്നിനി 5 റൌണ്ട് , തിരിഞ്ഞ് നോക്കുമ്പോൾ ഒരു വിധം എല്ലാരുടെയും അവസ്ഥ ഇതൊക്കെത്തന്നെ ,പിന്നെ ഒന്നും നോക്കിയില്ല പടച്ചോനെ ഇങ്ങൾ കാത്തോളീൻ ന്നു പറഞ്ഞു ഞങ്ങൾ തൊടങ്ങി ..രണ്ടുമൂന്നു റൌണ്ട് ഒരുവിധം കഴിഞ്ഞു ,4 ആയപ്പൊളേക്കും ശ്വാസം നെറുകിൽ കേറി …വെള്ളം കുടിക്കാതെ തൊണ്ട വരണ്ടു …5 എണ്ണം മുക്കി മൂളി കഴിഞ്ഞപ്പോളേക്കും എല്ലാരും ഗ്രൗണ്ടിൽ തന്നെ സെറ്റ് ആയി , വെള്ളം കുടിച്ചും ,ശ്വാസമെടുത്തും എല്ലാ പ്ലയേഴ്‌സും മണ്ണുകപ്പി …

” മാച്ച് ജയിക്കാൻ ആദ്യം നമുക്ക് വേണ്ടത് സ്റ്റാമിനയാണ് പ്ലേയേഴ്സ് …അതുകൊണ്ട് നാളെമുതൽ ആദ്യം 5 റൌണ്ട് ഓടണം , അത് ഇങ്ങനെ തളരാതെ ഓടാൻ പറ്റുമ്പോൾ ക്രിക്കറ്റ്‌ പ്രാക്റ്റീസ് തുടങ്ങാം , ഇതിന് പറ്റുന്നവർ മാത്രം നാളെ മുതൽ വന്നാൽ മതി ..”

കോച്ചിന്റെ പരിശീലനത്തിൽ ആദ്യത്തെ പ്ലാൻ ..ഞാൻ ദയനീയമായി ശബരിയെ നോക്കി ..അവൻ തളർന്നിട്ടുണ്ട് അത് കിതപ്പ് കണ്ടാൽ അറിയാം …പക്ഷെ ചുണ്ടത്തൊരു ചിരിയുണ്ട് ..

” ഇനി നീ കാണാനിരിക്കുന്നതെ ഉള്ളു മോനെ , ഈ കോച്ച് നമ്മുടെ ജില്ല പ്ലയെർ ആയിരുന്നു , 2 വർഷം മുൻപ് വരെ കേരളാ സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിന്റെ ഓൾ റൗണ്ടർ ആയിരുന്നു ..രഞ്ജി ടീമിൽ ഇടം പിടിക്കാനൊക്കെ ടാലന്റ് ഉള്ള ടീമാണ് ,ഭാഗ്യക്കേട്‌ കാരണം പറ്റിയിട്ടില്ല …പ്രിൻസിപ്പൽ നേരിട്ടു ഇടപെട്ടു കൊണ്ടുവന്നതാണ് ഇങ്ങേരെ …ഇതൊക്കെ എനിക്ക് പറഞ്ഞുതന്നത് നമ്മുടെ ക്ലാർക്ക് ഫിറോസിക്കയാണ് , അന്ന് നീ ഒറങ്ങിയ അന്ന് കുറച്ചുസമയം പുള്ളി വന്നിരുന്നു …”

ഈ ഫിറോസിക്ക വല്ല്യേ തെരക്കിലല്ലാത്ത ദിവസ്സം കളിക്കാൻ കൂടും , ശബരിയോട് നല്ല കമ്പനിയാണു പുള്ളി ..വേറെ ആർക്കും അങ്ങേരോട് അത്ര കൂട്ടൊന്നും ഇല്ല ..ഒരു മുരടൻ കാരക്ടർ ആണ് .

അത് അവിടെ നിക്കട്ടെ , അപ്പൊ സംഭവം ഇനി നല്ല മുട്ടൻ പണിയാണെന്ന് സാരം…അകെ നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറാം ….

തുടരും ………

പ്രിയപ്പെട്ടവരെ , ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടു, ആവേശത്തോടെ വായിച്ച ഒരു കഥയാണ് ശ്രി s k പൊറ്റെക്കാടിന്റെ ‘ ഒരു ദേശത്തിന്റെ കഥ ‘… ആ കഥ പറയുന്ന രീതിയിലാണ്‌ ഞാൻ ഇതും എഴുതുന്നത് , അതുപോലെ ഇതിലെ മനു എന്ന ഞാൻ ഒരു കൗമാരക്കാരൻ ആണ് ,കൗമാരത്തിലുള്ള ഒരു സൈക്കോളജിക്കൽ പ്രശ്നമാണ് mood swings ..അതുകൊണ്ടുതന്നെ ഒരു കൗമാരക്കാരന്റെ മനസികാവസ്ഥയോടെ വായിക്കുകയാണെങ്കിൽ നന്നായേനെ….അതുപോലെ കഥയുടെ സ്വഭാവികമായ ഒഴുക്കിനു ചില കാര്യങ്ങൾ ഞാനെന്റെതായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ..ഈ ശൈലി ഫോളോ ചെയ്യാൻ പറ്റാത്തവരോടും ലാഗ് ഫീൽ ചെയ്യുന്നവരോടും പ്രത്യേകം ക്ഷമ ചോദിക്കുന്നു …കാരണം എനിക്ക് ഈ രീതിയിൽ മാത്രമേ എഴുതാൻ കഴിയുന്നുള്ളു…

നിങ്ങൾ ഇതുവരെ തന്ന പ്രോത്സാഹനത്തിന് ഒരിക്കൽക്കൂടി നന്ദി പറയുന്നതോടൊപ്പം ഇഷ്ടമായെങ്കിൽ ആ ലൈക്‌ ബട്ടൺ അമർത്താനും കമന്റ്‌ ചെയ്യാനും ഓർമിപ്പിക്കുന്നു ..

സ്നേഹപൂർവ്വം

Comments:

No comments!

Please sign up or log in to post a comment!