കിനാവ് പോലെ 9

എല്ലാവർക്കും നമസ്കാരം….സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു….കഴിഞ്ഞ പാർട്ടിനും എനിക്ക് തന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി…..

ഈ പാർട്ടിൽ ചെറിയ കുറച്ചു മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട് , ഏതൊരു കഥക്കും ചില അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകുമല്ലോ , ഇതുവരെ ഉണ്ടായിരുന്ന ഒഴുക്ക് പോകാതെ തുടരാൻ ശ്രദ്ധിച്ചിട്ടുണ്ട് , ശ്രമിച്ചിട്ടുണ്ട് ……

ഓരോ പാർട്ട് പബ്ലിഷ് ചെയ്യുമ്പോളും ഈ കഥ ആദ്യമായി വായിക്കുന്ന ഒരുപാട് പേർ കമന്റ്‌ ചെയ്യാറുണ്ട് , അതിനോടൊപ്പം ഓരോ ആഴ്ചയും ഈ കഥക്ക് കാത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരും ഉണ്ട് , എല്ലാവരോടും സ്നേഹം മാത്രം അറിയിച്ചുകൊണ്ട് ഈ പാർട്ടും സമർപ്പിക്കുന്നു …

” കൃപ നാരായണൻ ”

ഞാനറിയാതെ എന്റെ ചുണ്ടുകൾ ആ പേര് പതിയെ ഉച്ചരിച്ചു ..എന്റെ അമ്പരപ്പ് മാറി ഒരു പുഞ്ചിരി ചുണ്ടുകളിൽ വിടർന്നു ….കയ്യിലുള്ള കേക്ക് കഷണം ഞാൻ കഴിച്ചു…കൈ കഴുകാൻ എണീറ്റപ്പോൾ അവൾ തടഞ്ഞു …

” ഒരു പീസ്‌ കൂടി കഴിക്കെടോ… താൻ അച്ഛന്റെ ഭയങ്കര ഫ്രണ്ടല്ലേ …?? ”

അവൾ ചെറുചിരിയോടെ ചോദിച്ചപ്പോൾ ഞാൻ എന്നെ ആക്കിയതാണോ എന്ന് സംശയിച്ചു…എന്നാലും വേണ്ടില്ല ഒന്ന് സംസാരിച്ചു കണ്ടല്ലോ …..ഭാഗ്യവാൻ ഞാൻ..!!

ഇനി ഇവൾ ആരാണെന്നല്ലേ ..?? ഇതാണ് കൃപ നാരായണൻ ….ക്ലാസിലെ വൻ പഠിപ്പി , ആരോടെങ്കിലും കൂടുതൽ കമ്പനി പോയിട്ട് ചുറ്റുമിരിക്കുന്ന പെൺകുട്ടികളോട് നേരാംവണ്ണം ചിരിക്കുന്നത് പോലും വളരെ അപൂർവമേ കണ്ടിട്ടുള്ളു….എന്നോട് സംസാരിക്കുന്നത് ഈ രണ്ടു വര്ഷത്തിനിടക്ക് ആദ്യമായിട്ടും…..അവളൊരു സുന്ദരി തന്നെയാണ് , പക്ഷെ സ്വഭാവം ഇങ്ങനെയായതുകൊണ്ടു ആരും നോക്കാറില്ല എന്ന് മാത്രം …ഇനിയിപ്പോ വേറെ ആരെങ്കിലും നോക്കാറുണ്ടോന്ന് അറിയില്ല ഞങ്ങൾ രണ്ടും ആ ഭാഗത്തേക്ക് പോലും നോക്കീട്ടില്ല……പക്ഷെ ആൾ ചില്ലറക്കാരിയല്ല , പഠനത്തിൽ 95% മാർക്കിൽ പോകുന്നു എന്നത് മാത്രമല്ല അവളുടെ രണ്ടു പ്രധാന ഐറ്റം ഇംഗ്ലീഷ് പ്രസംഗവും , ക്വിസ് മത്സരങ്ങളുമാണ്….ക്രിട്ടിസിസം പഠിക്കാൻ ഞങ്ങളൊക്കെ മുട്ടയിട്ടപ്പോൾ അരിസ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും തിയറികളൊക്ക വളരെപ്പെട്ടെന്നു മനഃപാഠമാക്കി ഞെട്ടിച്ച മുതലാണ് ഈ നിക്കുന്നത്….യൂണിവേഴ്സിറ്റി ക്വിസ് മത്സരത്തിൽ ഒരുപാട് തവണ ഞങ്ങടെ കോളേജിനു വേണ്ടി ഫസ്‌റ്റും സെക്കണ്ടും ഒക്കെ വാങ്ങിയിട്ടുമുണ്ട് …..പക്ഷെ ഒരിക്കൽപ്പോലും ഇവളെ ഇവിടെ കണ്ട്‌ ഓർമ്മപോലും എനിക്കില്ല , എന്നെങ്കിലും അമ്പലത്തിൽ കാണേണ്ടതല്ലേ ……മുൻപ് സംസാരിക്കാത്തതുകൊണ്ടു ഞാനും ഈ നാട്ടുകാരിയാണെന്നു അവളും അറിഞ്ഞുകാണില്ല ….



” ഹെലോ …..താനെന്താ സ്വപ്നം കാണുവാണോ…? ” അവൾ എന്റെ ശ്രദ്ധ ആകർഷിക്കാൻ കൈ കൊണ്ട് മുഖത്തിനു നേരെ വീശികാണിച്ചു …

” എനിക്ക് അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല..”

ഞാൻ തിരിച്ചും പറഞ്ഞു ..

” എന്ത് ..?? ” അവൾക്കു കാര്യം മനസിലായില്ല..

” അല്ല …..താൻ ചിരിക്കുന്നു , സംസാരിക്കുന്നു…..ഇതൊക്കെ …!! ”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ….ഇത് പറയുമ്പോൾ എന്താണ് ഭാവം എന്ന് കാണാലോ ….പക്ഷെ അവൾക്കു പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല…..

” വീട്ടിൽ വരുമ്പോൾ സംസാരിച്ചില്ലെങ്കിൽ മോശമല്ലേ……??!! ”

അവൾ അത് പറയുമ്പോൾ ചുണ്ടിലൊരു ചിരി മിന്നിമാഞ്ഞു…ആ ചിരിയാണ് സാധാരണ കാണുമ്പോൾ ഉണ്ടാവാറുള്ളതും….

എനിക്ക് കേക്ക് ഇനിയും വേണ്ടെന്നു മനസിലാക്കിയാകും അവൾ തിരികെ പോയി…..ശെരിക്കും ഈ വരവ് സർപ്രൈസ് പൂരം തന്നെ ആയിപ്പോയി….വെറുതെ കീർത്തനയാണോ എന്നൊക്കെ പേടിച്ചു….പക്ഷെ ഇനിയിപ്പോ ഈ കുരുപ്പിന്റെ വക എന്തൊക്കെ വള്ളിക്കെട്ടാണോ വരാനുള്ളത് എന്തോ…!! ദേവ്യേ ..കാത്തോളണേ ..!!

ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ കുറച്ചുകഴിഞ്ഞു കഴിക്കാമെന്ന് ആംഗ്യം കാണിച്ചു …ആകെ പത്ത് മുപ്പതു പേരെ കാണുള്ളൂ…..എങ്ങനെ പോയാലും അടുത്ത പന്തിക്കു ഇരിക്കാലോ എന്ന ആലോചനയായിരുന്നു…പക്ഷെ നിത്യ വന്നു എന്നെയും വിളിച്ചു പോയി കഴിക്കാനിരുന്നു ..കഴിക്കുന്നതിനിടക്ക് അമ്മു വന്നു , ഞാൻ അറ്റത്തും ,തൊട്ടടുത്ത്‌ നിത്യയും ആയിരുന്നു …

” സർപ്രൈസ് എങ്ങനുണ്ടാർന്നു …?? ”

അവൾ എന്നോട് പതുക്കെ ചോദിച്ചു…..ഞാൻ അവളെ ഒന്ന് ആക്കികൊണ്ടു നോക്കി…

” അതല്ലേ നേരത്തെ അടിപൊളി ആയെന്നു ഞാൻ പറഞ്ഞത് ….നിനക്കെന്താ അരണബുദ്ധിയാണോ …?? ”

കുറച്ചു ദേഷ്യത്തിലാണ് ഞാൻ ചോദിച്ചത്….അത് കേട്ട് അവൾ ചിരിച്ചു ..എനിക്കാണെങ്കിൽ ഒന്നും മനസിലാവുന്നില്ല ..

” ഏട്ടാ …..ഏട്ടന് ഞാൻ കാത്തുവെച്ച സർപ്രൈസ് എന്റെ രണ്ടാമത്തെ ചേച്ചിയുടെ കാര്യമാണ്….നിങ്ങൾ ക്ലാസ്‌മേറ്റ്സ് ആണെന്ന് കഴിഞ്ഞ വരവിൽ തന്നെ ഞാൻ അറിഞ്ഞിരുന്നു….അതിന്റെ കാര്യമാണ് ചോദിച്ചത് ….ഏട്ടൻ അച്ഛൻ സംസാരിച്ചതാണ് ഉദ്ദേശിച്ചതെങ്കി അതിനെപ്പറ്റി എനിക്ക് ഒരു അറിവും ഇല്ലായിരുന്നു…അത് ഏട്ടനെപ്പോലെ എനിക്കും സർപ്രൈസ് ആണ്..”

അവൾ അത് പറഞ്ഞപ്പോളാണ് എനിക്ക് എല്ലാം കലങ്ങി വന്നത്…ഓ , അപ്പൊ അതാണ് സംഭവം..!! ഞാൻ ഒന്ന് ഇളിച്ചുകാണിച്ചു….പിന്നെ ഫുഡിങ്ങിൽ ശ്രദ്ധ കൊടുത്തു…

” ഞാൻ ഒരു ഉരുള വാരിത്തന്നാൽ കഴിക്കുമോ .
.?? ”

ഞാൻ അവളോട്‌ പതുക്കെ ചോദിച്ചു…

” ആഗ്രഹമുണ്ട് …ന്നാലും വേണ്ട…!! ”

അവൾ കണ്ണടച്ചു കാണിച്ചുകൊണ്ടു പറഞ്ഞു , പിന്നെ ഇപ്പൊ വരാം എന്ന് കണ്ണുകാണിച്ചു അവിടെ നിന്നും പോയി….നിത്യ അപ്പോൾ അതിനെപ്പറ്റിയൊന്നും ചോദിക്കാൻ നിന്നില്ല ..

ഞങ്ങൾ ഫുഡ് കഴിഞ്ഞു വീണ്ടും ഒരു സൈഡിൽ മാറിയിരുന്നു….നിത്യ അരികിൽ അടുത്തിരുന്നു..

” എന്താ സംഭവം മനുവേട്ടാ…?? ”

” അതോ….അവളുടെ രണ്ടാമത്തെ ചേച്ചീ കൃപ എന്റെ ക്ലാസിലാണ്…അത് അമ്മൂന് അറിയാർന്നു….”

ഞാൻ കാര്യം പറഞ്ഞപ്പോൾ അവൾ ആകാംക്ഷയിൽ കണ്ണ് മിഴിച്ചു..

” അപ്പോ അച്ഛൻ പറഞ്ഞതല്ലല്ലേ ….?? അതാണോ അമ്മു വന്നു കുശുകുശുത്തിരുന്നത്……ഇതൊക്കെ എന്ത് സർപ്രൈസ് ..അയ്യേ ..!!”

അവൾ പുച്ഛത്തോടെ മുഖം കോട്ടി പറഞ്ഞു…എനിക്കും ചിരി വന്നു …

” നീയിനി അവളോട്‌ ഇത് പറഞ്ഞു കളിയാക്കണ്ട…പാവം !! മറ്റേതു അവൾക്കും സർപ്രൈസ് ആണത്രേടീ …”

ഞാൻ അവളോട്‌ പറഞ്ഞപ്പോ അവൾ സംശയത്തോടെ പുരികം ചുളിച്ചു ആലോചിച്ചു…പിന്നെ ശെരിയെന്ന രീതിയിൽ തലയാട്ടി….

” ആ….ശെരിയാണ്‌ , അച്ഛൻ ഇത് സമ്മതിച്ച കാര്യം പറഞ്ഞപ്പോ അവൾക്കും അത്ഭുതമായിരുന്നല്ലോ ല്ലേ…? എനിക്ക് എല്ലാം കൂടെ ആയിട്ട് ആകെ കിളിപ്പാറി….സന്തോഷം കൊണ്ട് ആകെ ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല മനുവേട്ടാ ….! ”

അവൾ മനസ് നിറഞ്ഞുകൊണ്ട് പറഞ്ഞു …അവളുടെ സന്തോഷം ആ മുഖഭാവം തന്നെ കാട്ടിത്തരുന്നുണ്ടായിരുന്നു ….

“അവളുടെ അച്ഛനോട് ഞാൻ വീണ്ടും സംസാരിച്ചു …”

ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു ..

” പിന്നേം സംസാരിച്ചോ …എന്ത് ..? ”

അവൾ ചുറ്റിനും നോക്കി ഒന്നുകൂടി അടുത്തേക്കിരുന്നു …

” അമ്മൂനെ എനിക്ക് തരാൻ തോന്നാനുള്ള കാരണമെന്താണെന്ന് ചോദിച്ചതാ….”

ഞാൻ മറുപടി കൊടുത്തു ..അവൾ അമ്പരന്നു …

” ങേ ……മനുവേട്ടന് വട്ടായോ ….അങ്ങനൊക്കെ എന്തിനാ ചോദിക്കണേ ..??? ”

അവൾ കുറച്ചു ദേഷ്യത്തിലാണ് അത് ചോദിച്ചത് …

” അച്ഛനും ഇഷ്ടമായതുകൊണ്ടല്ലേ ഏട്ടനെ മതീന്ന് തിരുമാനിച്ചിട്ടുണ്ടാവാ…അതിനു വീണ്ടും ചോദ്യം ചോദിക്കണ്ട കാര്യമില്ലല്ലോ..”

അവൾ പറഞ്ഞു നിർത്തി എന്നെ നോക്കി…

” ടീ …..വേണെങ്കിൽ ചോദിക്കാണ്ടിരിക്കാം , പക്ഷെ ഈ ചോദ്യം എന്റെ ഉള്ളിലെപ്പളും ഉണ്ടാവും …സ്വയം ഉത്തരം കണ്ടെത്താതെ നേരിട്ട് ചോദിക്കാൻ തോന്നി…. ആ ചോദ്യം കാരണം അങ്ങേരോട് ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ ഒന്നുകൂടി അടുത്തു…….
ഇന്നു രാവിലേ വരെ ഞാൻ മനസിലാക്കിയ ആളല്ല ശെരിക്കും പുള്ളി …..അമ്മു ഭാഗ്യം ചെയ്ത കുട്ടിയാണ് , അങ്ങനൊരു അച്ഛനും അമ്മയും ഉണ്ടായല്ലോ കൂടെ …….”

ഞാൻ അവിടെ ഓടിനടന്നു ഓരോന്ന് ചെയ്യുന്ന അച്ഛനെ നോക്കികൊണ്ട്‌ അത് പറഞ്ഞപ്പോൾ അവൾ എന്റെ കൈയിൽ പിടിച്ചു …

” ഒന്ന് തെളിച്ചു പറ മനുവേട്ടാ….എനിക്കൊരു പിണ്ണാക്കും മനസിലാവുന്നില്ല…”

അവൾ കെഞ്ചിക്കൊണ്ടു പറഞ്ഞു …ഞാൻ അവൾ പോയതിനു ശേഷമുള്ള ഓരോ കാര്യവും പറഞ്ഞു …എന്നെപ്പറ്റിയും അമ്മുവിനെപ്പറ്റിയും അങ്ങേര് മനസിലാക്കിയ രീതി പറഞ്ഞപ്പോൾ അവൾ ഇടയ്ക്കിടെ അത്ഭുതപ്പെട്ടു ….

” അച്ഛൻ ഒരു പാവമാണെന്ന് മുന്നേതന്നെ അറിയാം , എന്നോടും ഒരുപാട് സ്നേഹം കാണിക്കുന്നതല്ലേ ….ഒരു സംഭവമാണെന്ന് ഇന്നു രാവിലെ മനസിലായി…..ഇതൊന്നുമല്ല ഒരു ഭീകരനാണെന്നു ഇത് കേട്ടപ്പോൾ ഉറപ്പായി ……ശ്ശൊ എന്താലെ ….”

അവൾ പറഞ്ഞത് കേട്ട് എനിക്ക് ചിരിവന്നു ……അച്ഛനെ നോക്കികൊണ്ടാണ് അവൾ ഇതെല്ലാം പറഞ്ഞത് …പെട്ടെന്ന് നോട്ടം നിർത്തി അവൾ എന്റെ കയ്യിൽ അള്ളിപ്പിടിച്ചു …

” മനുവേട്ടാ ……അപ്പൊ …അയ്യോ …ഒരു പ്രശ്നമുണ്ടല്ലോ …!! ”

ഇത്തിരി വേവലാതിയോടുകൂടിയാണ് അവൾ അത് പറഞ്ഞത് …’പ്രശ്നമെന്ന്’ കേട്ടപ്പോൾ തന്നെ എന്റെ നെഞ്ചിൽ ഇടി വെട്ടി ….ഇനിയിപ്പോ അടുത്ത കുരിശ്ശെന്താണോ എന്തോ …!!

” ഏട്ടൻ അവളെ പ്രൊപ്പോസ് ചെയ്യുമ്പോൾ അവളുടെ അമ്മ ഉറങ്ങിയിട്ടില്ല എന്നല്ലേ അച്ഛൻ പറഞ്ഞേ …?? ”

അവൾ എന്നോട് ഒന്നുകൂടി ഉറപ്പിച്ചു ചോദിച്ചു ..

” അതേ ….അങ്ങനാണ് പറഞ്ഞത് …..അതിനെന്താ ..?? ”

ഞാൻ തിരിച്ചു ചോദിച്ചു ..

” അപ്പൊ നിങ്ങടെ അടുത്ത് ഉണ്ടായിരുന്നത് വേറെ ആരൊക്കെയ ..??

അവൾ ചോദിച്ചു …

” അത് ……ഞാനും അവളും അടുത്തടുത്ത്‌ ….പിന്നെ ശബരി , അവളുടെ അമ്മ , പിന്നെ നമ്മുടെ അമ്മമാരും.. ….നീ കാര്യം പറ …”

എനിക്ക് കുറേശ്ശെ ദേഷ്യം വരാൻ തുടങ്ങി…ഇവക്കു കാര്യം പറഞ്ഞൂടെ …പക്ഷെ എന്റെ ചോദ്യം കേട്ട് അവൾ പുച്ഛഭാവത്തിൽ എന്നെ നോക്കി അവളുടെ തലക്കു കൈകൊടുത്തു …

” എന്റെ മണ്ടൻകുണാപ്പി മനുവേട്ടാ ….അവളുടെ അമ്മ കേട്ടപ്പോലെ നമ്മുടെ അമ്മമാർ കേട്ടിട്ടുണ്ടാവൂലെ …?? അവരിൽ ഒരാളെങ്കിലും കേക്കാണ്ടിരിക്കുമോ ….?”

അവളുടെ ചോദ്യത്തിൽ ഞാൻ ക്ലീൻ ബൗൾഡ് ആയി……അതിനെപ്പറ്റി അങ്ങനെയൊരു സാധ്യതയെപ്പറ്റി ഞാൻ ചിന്തിച്ചില്ലല്ലോ …..ഇവൾ ശബരിക്ക് പറ്റിയ മുതലാണ്…സംഗതി ശെരിയാണല്ലോ…അമ്മ അങ്ങനെ എല്ലാം എന്നോട് പറയുന്ന സ്വഭാവക്കാരിയല്ല .
.ഇനി ഇതൊക്കെ അറിഞ്ഞാലും മനസ്സിൽ വെക്കുകയെ ഉള്ളൂ , അതാണ് പ്രശ്നം…

” അമ്മ അറിഞ്ഞാൽ അത് എന്റടുത്ത് എങ്ങനേലും പുറത്തു ചാടേണ്ടതാണ്….അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല…..നോക്കട്ടെ..”

അവൾ ചൂണ്ടുവിരൽ കൊണ്ട് ചുണ്ടിൽ തട്ടി ആലോചിച്ചുകൊണ്ടു പറഞ്ഞു…..എനിക്ക് അമ്മുവിൻറെ ഭാഗം മുഴുവൻ ക്ലിയർ ആയും എന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ മുഴുവൻ ഇരുട്ടുമാണ് തോന്നിയത്…അഴിക്കുംതോറും മുറുകുന്ന കുരുക്കാവുമോ എന്തോ…!

” മനുവേട്ടനെന്താ ആലോചിക്കുന്നെ…?? ”

അവൾ തോൾ കൊണ്ട് തട്ടി ചോദിച്ചു…

” എല്ലാം കൂടെ വള്ളിക്കെട്ടാവുമോ എന്ന് ആലോചിച്ചതാ…”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…..

” എന്ത് വള്ളിക്കെട്ട്…….ഇത്രേം ഭാഗം ok ആയില്ലേ ..ഇനി ബാക്കികൂടി ആവും….ഒന്നുമില്ലെങ്കിലും അവളുടെ അച്ഛൻ തന്നെ സപ്പോർട്ട് ഇല്ലേ….”

അവൾ ധൈര്യം തന്നു….ഞാൻ തലകുലുക്കി സമ്മതിച്ചു ….

” ദേ ….ഒരാൾ പാളിനോക്കുന്നു ….”

നിത്യ എന്നോട് സ്വകാര്യം പറഞ്ഞു ..നോക്കുമ്പോൾ ഞങ്ങൾക്ക് അഭിമുഖമായി അമ്മുവും ചേച്ചിമാരും ഇരുന്നു സദ്യയുണ്ണുന്നു…എല്ലാം കഴിച്ചു തീരാനായിട്ടുണ്ട് …ഇവരൊക്കെ എപ്പളാണാവോ ഇരുന്നത്…..ഞാൻ ശ്രദ്ധിക്കാതിരുന്നത് കൊണ്ട് ഇടക്കിടെ എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട് അമ്മുട്ടി…അതാണ് നിത്യ പറഞ്ഞുതന്നത് …..ഞാൻ ഒരു ചെറുചിരിയോടെ അവൾ കഴിക്കുന്നത്‌ നോക്കി ഇരുന്നു ….ഞാൻ നോക്കുന്നത് കണ്ട്‌ ചെറിയൊരു നാണത്തോടെ അവൾ കഴിക്കൽ തുടർന്നു , ഇടയ്ക്കു അസഹനീയമാകുമ്പോൾ ചുണ്ട് കെറുവിച്ചും , പുരികം പൊക്കിയും അവൾ പ്രതിഷേധമറിയിച്ചു ……എനിക്കിതെല്ലാം കണ്ട്‌ ചിരി വരുന്നുണ്ടെങ്കിലും ഞാൻ പ്രത്യേകിച്ച് ഭാവങ്ങളൊന്നും കാണിക്കാതെ അവളുടെ ഗോഷ്ടികൾ കണ്ട്‌ ഇരുന്നു …..

ആരോ ശ്രദ്ധിക്കുന്ന തോന്നലുണ്ടായപ്പോളാണ് ഞാൻ കണ്ണുകൾ മാറ്റിയത് …..അമ്മുവിൻറെ രണ്ടു സീറ്റുകൾക്കപ്പുറം ഇരുന്നു എന്റെ കണ്ണിന്റെ ദിശ നോക്കി എന്നെയും അമ്മുവിനെയും ഇടംകണ്ണിട്ട് ശ്രദ്ധിക്കുന്ന കാവ്യയിലാണ് ഞാൻ ചെന്നു നിന്നത്……അബദ്ധം പറ്റിയ കണക്ക് എന്റെ മുഖം മാറുന്നത് അവൾ ശെരിക്കും കണ്ടുപിടിച്ചു…ഞാൻ അവളെ വല്ലാതെ ശ്രദ്ധിക്കാതെ നോട്ടം മാറ്റി നിത്യയോട്‌ വെറുതെ എന്തൊക്കെയോ സംസാരിച്ചു …വീണ്ടും നോക്കുമ്പോൾ അവർ കഴിച്ച ശേഷം എണീറ്റ്‌ പോവുകയാണ് …..എനിക്ക് വല്ലാത്ത ചളിപ്പ് തോന്നി…

കാവ്യ , കൃപ , കൃഷ്ണപ്രിയ …..കൊള്ളാം …!! മൂന്നാളും ഒന്നിച്ചു ഒരുങ്ങിനിന്നാൽ കണ്ണ് മഞ്ഞളിക്കും …..കാവ്യ ഒരു വയലറ്റ് കളർ ബോഡിഷെയ്പ് ചുരിദാറിൽ ഉദിച്ചു നിൽക്കുന്നുണ്ട് …. നീണ്ടകട്ടിയുള്ള മുടി പിരിച്ചിട്ടിട്ടുണ്ട് , അങ്ങിങ്ങായി ബ്രൌൺ ഷെയ്ഡ് തോന്നിക്കുന്നു, കളർ ചെയ്തതായിരിക്കും , …..കൃപ എന്നും കാണുന്നതുകാരണം എന്തോ കാവ്യയേക്കാൾ ഭംഗിയുണ്ടെന്നു തോന്നിയില്ല ,പക്ഷെ ഒട്ടും കുറയില്ല ……ഒരു റോസ് ടോപ്പും കണങ്കാലിന് പകുതി ഇറക്കമുള്ള ഒരു ബ്ലാക്ക്‌ മിഡിയും ആണ് ഇട്ടിരിക്കുന്നത് …അവളുടെ ഇടതൂർന്ന മുടി കഴുത്തിന്‌ താഴെ ഒരു ബണ്ണിട്ടു ചുമ്മാ ഇട്ടിരിക്കുന്നു……..അതിനും പൂർണ്ണമായും കറുപ്പ് നിറമില്ല ……കാലുകൾ അമ്മുവിൻറെ സാധാരണ കാലുപോലെതന്നെ ഷേപ്പ് ഉള്ളതാണ് , പക്ഷെ രോമങ്ങളില്ലാത്തത്കൊണ്ട് മിനുപ്പ് കൂടുതൽ തോന്നുന്നു ……അമ്മുട്ടി പിന്നെ നാടൻ സൌന്ദര്യം…..മറ്റുള്ളവരെ അപേക്ഷിച്ച് ഒരുപാട് എടുത്ത്‌ കാണിക്കാനുള്ള യക്ഷി സൗന്ദര്യമോ അംഗലാവണ്യമോ ബോഡി സ്‌ട്രെച്ചറോ തോന്നിക്കില്ല …..ആവശ്യത്തിനു വെളുപ്പും , കറുത്ത ഇടതൂർന്ന മുടിയും , ബാഹ്യ സൗന്ദര്യത്തേക്കാൾ സുന്ദരമായ മനസുമുള്ള എന്റെ ചുന്ദരി…

” കഴിഞ്ഞോ വായ്നോട്ടവും , അളവെടുക്കലും ….? ”

ചെവിക്കരികിൽ നിത്യയുടെ ശ്വാസത്തിന്റെ ചൂട് തട്ടിയപ്പോളാണ് ഞാൻ ഞെട്ടി തിരിഞ്ഞത്….ഒരു വളിച്ച ചിരിയുമായി അവളെ നോക്കിയപ്പോൾ ഒരു കൃത്രിമ ഗൌരവം കാണിച്ചു അവൾ എന്നെ നോക്കി…

” ഇക്കാര്യത്തിൽ എല്ലാ ആണുങ്ങളും കണക്കാ…!! കെട്ടാൻ പോണതിനെയും അതിന്റെ കൂടെപ്പിറപ്പുകളേം ഒന്നിനേം വെറുതെ വിടരുത് ട്ടോ…..”

അവൾ എന്നെ വിടാനുള്ള ഭാവമില്ല…..ഞാൻ ചമ്മി നാറി…

” അത് ഞാൻ ലിറ്ററേച്ചറിലെ aesteticism എന്നൊരു സംഭവമുണ്ട് , സൗന്ദര്യ ആരാധനാ എന്നതാണ് അർത്ഥം ….നീ ഉദ്ദേശിക്കുന്ന പോലെ വായ്നോക്കിയതല്ല , ഓരോ വസ്തുവിനും അതിന്റെ നിർമ്മാണത്തിൽ ഒരു കലയുണ്ടെന്ന തത്വത്തിൽ ആസ്വദിക്കുന്നതിനെയാണ് അത് പറയുന്നത്…..ഞാനൊരു aesthetic ആണ്…”

ചമ്മൽ മറച്ചുവെക്കാൻ ഞാൻ ലിറ്ററേച്ചറിനെ കൂട്ടുപ്പിടിച്ചു…..

” ഉവ്വ് …..ഉവ്വ് ……ഈ പറഞ്ഞ പരിപാടി തന്നെ ഇത് …!! പക്ഷെ മനുവേട്ടാ , ഞങ്ങളിതിനെ പറയുന്നപേര് ചോര ഊറ്റിക്കുടിക്കാ എന്നാണ്….വേറൊന്നും കൂടി ഉണ്ട് ചെവി അടുത്തേക്ക് തായോ , പറഞ്ഞുതരാം ….”

അവളുടെ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾതന്നെ എനിക്ക് കാര്യം മനസിലായി …

” നീ ഉദ്ദേശിച്ചത് മറ്റേ , ‘നോക്കി ……..ഉണ്ടാക്കുന്നവർ’ എന്നല്ലേ ..??

അവൾ അതെയെന്ന് കാണിച്ചു പൊട്ടിച്ചിരിച്ചു …ഞാൻ സംതൃപ്തനായി അവളിൽ നിന്നും കുറച്ചു മാറി സൈഡിലിരുന്നു…..

കൈകഴുകി കഴിഞ്ഞു അമ്മു അമ്മയോടൊപ്പം ഞങ്ങൾക്കരികിൽ വന്നു…അമ്മ കുറച്ചു കുശലാന്വേഷണങ്ങൾ ചോദിച്ചറിഞ്ഞു ..കുറച്ചു സമയം കൂടി ഞങ്ങളുടെ സംസാരങ്ങളും കേട്ട് ഞങ്ങളോടൊപ്പം നിന്ന ശേഷം ഉള്ളിലേക്കു പോയി…..

” അതേയ് ….ഞങ്ങക്ക്‌ പോവാനുള്ളതാണ് ട്ടോ…ഇനി എന്തേലും പറയാനുണ്ടെങ്കിൽ വേഗം ആയ്ക്കോ….”

നിത്യ അവളെ ചൊടിപ്പിക്കാൻ പറഞ്ഞപ്പോൾ അമ്മു ശബ്ദമില്ലാതെ കൊഞ്ഞനം കാണിച്ചു ….

” നമുക്ക് ഇത്തിരി നേരം കൂടെ കുളത്തിന്റെ അവിടെ പോയാലോ …? ”

ഞാൻ അമ്മുവിൻറെ കണ്ണിൽ നോക്കി ചോദിച്ചപ്പോൾ അവൾ കുസൃതി നിറഞ്ഞ സംശയത്തോടെ എന്നെ നോക്കി…

” അതെയതെ ……Aestheticism ആയിരിക്കും ഉദ്ദേശ്യം ലേ ….?? ”

നിത്യ സ്പോട്ടിൽ എനിക്കിട്ടു തോണ്ടി….അമ്മു കാര്യമറിയാതെ എന്നേം നിത്യയേം മാറിമാറി നോക്കി….

” എന്തൊക്കെയാ പറയണെ ….? ”

അവൾ നിത്യയെ കയ്യിൽ നുള്ളി ചോദിച്ചു….വേദനിച്ച നിത്യ ‘ആ ‘ എന്ന് കരഞ്ഞു…

” അവൾക്കു വട്ടാണ് , നീ വാ , നമ്മക്ക് ഇത്തിരി നേരം കൂടി അവിടിരിക്കാം….”

ഞാൻ അമ്മുവിനോട് വീണ്ടും പറഞ്ഞു …നിത്യയുടെ കയ്യിൽ പിടിച്ചു വലിച്ച് ഞാൻ കുളത്തിലേക്ക് നടന്നു ….

” ഹെലോ ചേട്ടോ …..ആള് മാറി അല്ല കയ്യ് മാറി …..ഈ കയ്യല്ലേ വേണ്ടത് .? ”

അവൾ എന്നെ തോണ്ടിവിളിച്ചു അമ്മുവിൻറെ കൈ കാണിച്ചു ….

” അമ്മു വന്നോളും ….നീയാണു പാര ……”

ഞാൻ അതേ രീതിയിൽ അവളോടും പറഞ്ഞു ….

” ഓഹോ …..ഞാനിപ്പോ പാര ലേ…?? എനിക്കിതു കേക്കണം …ഹ്മ്മം !!! ”

അവൾ തെറ്റിയപോലെ കാണിച്ചപ്പോൾ അമ്മു അവളെ കെട്ടിപിടിച്ചു ചിരിച്ചു …പിന്നെ ഞങ്ങൾ കുളത്തിലേക്ക് നടന്നു ..ഞാനും അമ്മുവും ഒരേ ലെവെലിലും നിത്യ പുറകിലുമായാണ് നടന്നത് ..

” രണ്ടു ഞൊണ്ടികൾ…..എന്താ ഒരു മാച്ച് …made for each other …….!! ”

അവൾ ഞങ്ങളെ കളിയാക്കി ….ഞാൻ പെട്ടെന്ന് ഞെട്ടി അമ്മുവിനെ നോക്കിയപ്പോൾ അവൾ നാക്ക് കടിച്ചു നിത്യയെ തല്ലാൻ ഒരു വടി തപ്പുകയായിരുന്നു …അതുകണ്ട നിത്യ കുളത്തിന്റെ അവിടേക്ക് ഓടി …അമ്മുവിനത് ഫീൽ ചെയ്തില്ലെന്ന് മനസിലായപ്പോൾ എനിക്ക് സമാധാനമായി …..

” സോറി ഏട്ടാ ….ആ പെണ്ണ് അങ്ങനെയാ ………കളിയാക്കിയതിനു ഒന്നും തോന്നരുത് ട്ടോ ….”

അമ്മു എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു….എന്റെ ഞൊണ്ടൽ ഒരു താൽക്കാലികമായ ഒന്നാണ് , പക്ഷെ അവൾക്കു എങ്ങനെ ഇത്ര കൂൾ ആവാൻ പറ്റുന്നു ദൈവമേ .!!

” അപ്പൊ നിനക്ക് പ്രശ്നോന്നും ഇല്ലേ അമ്മുട്ട്യേ ….?? ”

ഞാൻ അവളോട്‌ ചോദിച്ചപ്പോൾ അവൾ ചിരിച്ചു …

” ഞാനിതു കൊറേ കേട്ടതാണ് ഏട്ടാ….ചേച്ചിമാർക്ക് ദേഷ്യം വരുമ്പോൾ പോലും കേട്ടിട്ടുണ്ട് ………ആദ്യമൊക്കെ സഹിക്കാൻ പറ്റില്ലായിരുന്നു , കരഞ്ഞു തീർക്കും , പിന്നെപിന്നെ ശീലമായി , വയ്യാത്ത കുട്ടിയെന്നു കരുതി കാണിക്കുന്ന കൃത്രിമ അനുകമ്പയും , ഞൊണ്ടി വിളിച്ചുള്ള കളിയാക്കലും രണ്ടും സഹിക്കില്ല , …..പിന്നെ ആലോചിക്കുമ്പോൾ തോന്നും ഞാൻ ഞൊണ്ടി ആയോണ്ട് തന്നല്ലെ അവർ ഇങ്ങനെ ചെയ്യുന്നതെന്നൊക്കെ ….”

എനിക്ക് അതിനു കൊടുക്കാൻ ഒരു മറുപടി ഉണ്ടായിരുന്നില്ല ….പകരം ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ചു കുളത്തിന്റെ പടവുകളിറങ്ങി …നിത്യ ആദ്യം ഞങ്ങൾ ഇരുന്ന പടവിൽ ഉണ്ടായിരുന്നു ….നട്ടുച്ചയായിട്ടും മരങ്ങളുടെ തണൽ കാരണം തണുപ്പായിരുന്നു അവിടം ….അമ്മു നിത്യയുടെ തൊട്ടുമുകളിലെ പടവിൽ ഇരുന്നപ്പോൾ നിത്യ അമ്മുവിൻറെ തുടയിൽ മൃദുവായി ഉമ്മവെച്ച് അവളുടെ മടിയിലേക്ക് തലവെച്ചു..അവളുടെ മുടിയിൽ പതിയെ തലോടിക്കൊണ്ട് അമ്മു വീണ്ടും എന്റെ മുഖത്ത് നോക്കി ….ഞാൻ നിത്യ ഇരുന്ന പടവിൽ അവരിൽ നിന്നും കുറച്ചു വിട്ട് ഇരുന്നു…

“പക്ഷെ ഏട്ടാ …. ഇവൾ എന്നെ അങ്ങനെയൊക്കെ വിളിക്കുമ്പോൾ എനിക്ക് സങ്കടം വരാറില്ല …..കുഞ്ഞുനാൾ മുതൽ എന്നെ സമാധാനിപ്പിക്കാനും സപ്പോർട്ട് ചെയ്യാനും അച്ഛനും അമ്മയും പിന്നെ എന്റെ ഈ സുന്ദരിക്കുട്ടിയും മാത്രേ ഉണ്ടായിരുന്നുള്ളു ….”

അമ്മു പാതി നിറഞ്ഞ കണ്ണുകളുമായി സ്നേഹത്തോടെ അതും പറഞ്ഞു നിത്യയുടെ ചുണ്ട് പറിച്ചെടുക്കുന്നപോലെ കാണിച്ചു ആ വിരലെടുത്തു ഉമ്മവെച്ചു….ഞാൻ നിറഞ്ഞ സന്തോഷത്തോടെ ഇതെല്ലാം കണ്ടുനിന്നു …..

” അത് അവിടെ നിക്കട്ടെ , ഇപ്പൊ ഈ കുളത്തിലേക്ക് വീണ്ടും വന്നതെന്തിനാ …നേരത്തെ കൊടുത്തത് പോരാന്നു തോന്നുന്നുണ്ടോ..???

എന്നെ നോക്കി നിത്യ ചോദിച്ചു…അമ്മു അവളുടെ ചെവി കൂട്ടിപ്പിടിച്ചു മെല്ലെ തിരിച്ചു….

ഞാൻ നേരത്തെ അച്ഛനുമായി രണ്ടാമതുണ്ടായ കാര്യങ്ങൾ മുഴുവൻ അമ്മുവിനോട് പറഞ്ഞുകൊടുത്തു….തികച്ചും അത്ഭുതവും ഇഷ്ടവും ചേർന്നൊരു മുഖഭാവത്തോടെ അവൾ മുഴുവൻ കേട്ടിരുന്നു…..ഞാനിതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോളേക്കും അവളുടെ കണ്ണിൽനിന്നും രണ്ടു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി…..

” എന്തിനാ കരയണേ അമ്മുട്ട്യേ …? ”

എനിക്ക് ആ കണ്ണീർ കണ്ട്‌ നെഞ്ചിലൊരു നീറ്റൽ വന്നു ..

” സന്തോഷം കൊണ്ടാ ഏട്ടാ….!! ”

അവൾ കണ്ണീർ തുടച്ചു ആ പാൽപ്പല്ലു കാണിച്ചു ചിരിച്ചു ..അപ്പോൾ അവളുടെ മുഖം പതിവിലും സുന്ദരമായി തോന്നി ….

“ഏട്ടന്റെ മൂക്കിൽ ഞാനൊരു കടി തരട്ടെ …..എനിക്ക് സ്നേഹം കൂടിയിട്ട് സഹിക്കാൻ വയ്യ….”

അവൾ എന്നോട് കണ്ണിലൊളിപ്പിച്ച കുറുമ്പൊടെ ചോദിച്ചപ്പോൾ ഞാൻ ശെരിയെന്നു തലയാട്ടി …..അവൾ വാ തുറന്നു കടിക്കുന്നത് പോലെ കാണിച്ച് ,കണ്ണുകളടച്ചു ചിരിച്ചു ……

” കടിക്കുന്നില്ലേ ….? ”

ഞാൻ ചോദിച്ചു ….അയ്യടാ എന്നും പറഞ്ഞു അവൾ നിത്യയുടെ മുടിയിൽ വീണ്ടും തലോടിക്കൊണ്ട് കുളത്തിലേക്ക് നോക്കിഇരുന്നു …..

” നിനക്ക് നീന്താൻ അറിയണോ അമ്മൂ …??”

ഞാൻ അവളെ നോക്കി ..

” പിന്നെന്താ….അതൊക്കെ അച്ഛൻ പഠിപ്പിച്ചു തന്നു….ഏട്ടന് അറിയില്ലേ …? ”

അവൾ തിരിച്ചു ചോദിച്ചു ..

” ഹിഹിഹി ….. മനുവേട്ടൻ ഇപ്പൊ അടുത്താണ് പഠിച്ചത്…..പേടിയാണെന്ന് പറഞ്ഞു നടക്കുവാരുന്നു ….”

മറുപടി നിത്യയുടെ വകയായിരുന്നു…ഞാൻ ശെരിയാണെന്നു തല കാണിച്ചു …

” എനിക്ക് നീന്തൽ എന്നല്ല ,എല്ലാതും പേടിയായിരുന്നു അമ്മുട്ട്യേ …ഞാൻ പറഞ്ഞില്ലേ , നിന്നോട് ഇത് പറഞ്ഞത് മുതലാണ് ഇത്രയെങ്കിലും ചെയ്യാൻ പറ്റുന്നത് . ..”

ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ സ്നേഹത്തോടെ നോക്കി ..

” ഇതുവരെ ധൈര്യം ഇല്ലഞ്ഞത് നന്നായി ,അതോണ്ടല്ലേ എനിക്കെന്റെ ഏട്ടനെ കിട്ടിയത് ….”

അവൾ എന്റെ കണ്ണിൽ നോക്കി ഇത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം …ഇന്നു വരെ ഒന്നും നേടാൻ പറ്റാത്തതിൽ ആദ്യമായെനിക് ആഹ്ലാദം തോന്നി…..

” മതി ..മതി ….ചെറിയൊരു സമയം കിട്ടിയാൽ അപ്പൊ പരസ്പരം പുകഴ്ത്തിക്കോളും…..അതേയ് , ഈ സ്നേഹമൊക്കെ കല്യാണം കഴിഞ്ഞാലും കാണണം….അപ്പൊ ഒരുമാതിരി ഭാര്യേം ഭർത്താവും ആവരുത്…..”

അവൾ തമാശക്ക് സൂചിപ്പിച്ചതാണെങ്കിലും ഞങ്ങൾക്ക് തന്ന താക്കീത് സീരിയസ് ആയൊരു കാര്യം തന്നെയാണ്….പ്രണയവും ജീവിതവും….രണ്ടും രണ്ടു രീതിയിൽ ആണെന്ന് എല്ലാവരും പറയും…പക്ഷെ ജീവിതത്തിനോട് പ്രണയമുണ്ടെങ്കിൽ ബാക്കിയുള്ള എല്ലാത്തിലും പ്രണയം കാണാൻ കഴിയും…നമുക്ക് സ്വസ്ഥമായി , ശല്യങ്ങളില്ലാതെ പ്രണയിക്കാൻ ഏറ്റവും നല്ലത് ഭാര്യ തന്നെയാകും…ഇന്നു പ്രണയിക്കുന്നതിന്റെ പേരിൽ നമ്മളെ കുറ്റം പറയുന്ന നമുക്ക് ചുറ്റുമുള്ളവർ പോലും നാളെ ഭാര്യ ആയ കുട്ടിയെ പ്രണയിച്ചില്ലെങ്കിൽ തിരിഞ്ഞു കുത്തും…….(ഇതൊക്കെ ഇവിടെ പറയണ്ട കാര്യമുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടാവും , ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞെന്നെ ഉള്ളൂ ….പ്രണയിക്കുന്ന സമയത്തിനേക്കാൾ ആ പ്രണയിനിയേ ഭാര്യയാക്കി വിവാഹത്തിന് ശേഷം അന്നത്തെക്കാൾ മനോഹരമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന സന്തോഷത്തിൽ പറഞ്ഞതാണ്‌ )

ഇതിനെപ്പറ്റി ചിന്തിച്ചതുകൊണ്ടോ എന്തോ കുറച്ചു സമയം ഞങ്ങൾ നിശബ്ദരായി പരസ്പരം നോക്കി ഇരുന്നു….

” എക്സ്ക്യൂസ് മി …..ഞങ്ങക്കൂടി ജോയിൻ ചെയ്യാമോ…?? ”

പുറകിൽ നിന്നും വന്ന ആ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടിതിരിഞ്ഞു നോക്കി …അത് കാവ്യ ,കൃപ ടീം ആയിരുന്നു …സമ്മതമൊക്കെ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ , യെസ് അല്ലെങ്കിൽ നോ കേൾക്കുന്നതിന് മുൻപ് അവർ വന്നുഇരുന്നു …..

” എന്നാ പിന്നെ നിങ്ങൾ നാലും കൂടി സംസാരിച്ചിരിക്കു ..ഞാൻ അവിടെ ഉണ്ടാവും….”

ഇതും പറഞ്ഞു ഞാൻ മെല്ലെ എണീറ്റു…..

” അതെന്താ മനു അങ്ങനെ പോകുന്നെ ….? ഞങ്ങൾ വന്നത് ശല്യമായോ ….??

ചോദ്യം കൃപ വകയായിരുന്നു …അതെന്നു പറയാനാണ് ഇഷ്ടമെങ്കിലും ഞാൻ മാറ്റിപ്പിടിച്ചു….

” ഏയ്‌ …അതല്ല , നിങ്ങൾ നാല് പെങ്കുട്ടികളുടെ ഇടയിൽ ഞാനെന്തിനാ….അതുകൊണ്ടാ…!! ”

ഞാൻ തടിയൂരാൻ നോക്കി..അമ്മു എന്റെ നിസ്സഹായാവസ്ഥ കണ്ട്‌ പ്രത്യേകിച്ചൊന്നും പറയാതെ ഇരുന്നു…..

“കണ്ടോ ….മനു ഇതുവരെ ഇവരുടെ കൂടെ ഇരുന്നില്ലേ , അതുപോലെ ഇരിക്ക്….പിന്നെ പോകാം…”

കാവ്യ ഇത്തിരി ഗൌരവം കൂട്ടിയാണ് പറഞ്ഞത്…എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി…..എന്തോ ഒരു അപായ സൂചനയുണ്ടോ…..ഓടാൻ പോലും വയ്യല്ലോ ദൈവമേ..!! ഞാൻ പഴയതുപോലെ ഇരുന്നുകൊടുത്തു…..

” ശബരി എവിടെ മനു….? ”

കൃപ ചോദിച്ചപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി….

” അവനു വേറെ എന്തോ പ്രോഗ്രാം ഉണ്ട് , വരാൻ പറ്റിയില്ല…”

ഞാൻ പറഞ്ഞൊപ്പിച്ചു…

” ആദ്യമായിട്ടാണ് അവനില്ലാതെ നിന്നെ ഒറ്റയ്ക്ക് ഞാൻ കാണുന്നത്…..”

കൃപ ഓർമയിൽ നിന്നെടുത്ത് പറഞ്ഞു , ഞാൻ ഒരു പുഞ്ചിരി മാത്രം തിരികെ കൊടുത്തു…

” നിങ്ങൾ മൂന്നാളും എങ്ങനാ ബന്ധം ..?? ”

ആ ചോദ്യം കാവ്യയുടെ ആയിരുന്നു…ഞാനൊന്നു പരുങ്ങി ..

” ഞങ്ങൾ കളിക്കൂട്ടുകാർ ആണ് ചേച്ചീ…..എന്റെ അമ്മയുടെ ബെസ്റ്ഫ്രണ്ടാണ് മനുവേട്ടന്റെ അമ്മ….”

അവൾ ഇടക്ക് കേറി പറഞ്ഞു..എനിക്ക് ആശ്വാസമായി…

“അപ്പൊ നിങ്ങൾ തമ്മിലോ….?? ”

അവൾ എന്നെയും അമ്മുവിനെയും മാറി മാറി നോക്കി ചോദിച്ചു….ഞാൻ വീണ്ടും ഇടറി…വായിലെ വെള്ളമൊക്കെ ഒറ്റയടിക്ക് ഇറങ്ങി…

” ആദ്യം മുതൽക്കുള്ള പരിചയമാ കാവ്യെച്ചീ , ഒരേ നാട്ടിലല്ലേ ഉള്ളത് , അപ്പൊ അറിയാണ്ടിരിക്കുമോ…? ”

ആ മറുപടി അമ്മൂന്റെയായിരുന്നു…. ഞാനൊന്നിനും മറുപടി കൊടുത്തില്ല….നുണ പറഞ്ഞു പെടേണ്ടിവരുമോ എന്നുള്ള ചിന്തയായിരുന്നു…

” ഓ…..ശെരി ശെരി….ചോദിച്ചെന്നെ ഉള്ളൂ , ഒരേ പ്രായക്കാരല്ലാത്തതുകൊണ്ടു ചോദിച്ചതാട്ടോ…”

അവൾ ഞങ്ങളോടായി പറഞ്ഞു…ഞാൻ ചിരിച്ചുകൊടുത്തു …വേറെന്ത് ചെയ്യാൻ…!!

” മനു എന്താ മിണ്ടാണ്ടിരിക്കുന്നെ ..??

കൃപയാണ് ചോദിച്ചത്…ക്ലാസിൽ മിണ്ടാണ്ടിരിക്കുന്ന തെണ്ടി എന്നോട് ചോദ്യം ചോദിക്കുന്നു …

” ഒന്നുമില്ലെടോ….ശബരി വരാനായിട്ടുണ്ടാവും , ഇവിടിരുന്നാൽ അവൻ വരുന്നത് അറിയില്ല…അത് ആലോചിക്കുവാരുന്നു….”

ഞാൻ മറുപടി കൊടുത്തു…പിന്നെ മെല്ലെ എണീറ്റ്‌ എല്ലാവരോടും യാത്ര പറയാൻ തയ്യാറായി……അമ്മുവിൻറെ മുഖത്ത് വല്ലാത്തൊരു സങ്കടം നിഴലിച്ചു…പ്രതീക്ഷിക്കാത്ത നേരത്ത് ഇവർ വന്നു വെറുപ്പിക്കുമെന്നു ചിന്തിച്ചു കാണില്ല…ഞാൻ യാത്ര പറഞ്ഞു മെല്ലെ നടന്നു…പിന്നെ വീട്ടിൽ ചെന്നു അച്ഛനെ നോക്കി…പുള്ളി ക്ഷീണിച്ചു ഒരു സൈഡിൽ ഇരിക്കുന്നുണ്ടായിരുന്നു …കൂടെ ആ കുടവയറൻ അമ്മാവനും…….എന്നെ കണ്ടപ്പോൾ പുള്ളി ഉമ്മറത്ത്‌ നിന്നും എണീറ്റ്‌ വന്നു…..

” ഞാൻ പോവാണ്…..കൂട്ടുക്കാരൻ വരാൻ സമയമായി……അച്ഛൻ വിശ്രമിക്കൂ……പിന്നെ വന്നപ്പോൾ പറയാൻ മറന്നു , ഒരായിരം പിറന്നാൾ ആശംസകൾ ….”

ഞാൻ അച്ഛന്റെ കൈയിൽ പിടിച്ചു പറഞ്ഞു ….അത് കേട്ടപ്പോൾ പുള്ളി വെളുക്കെ ചിരിച്ചു…

” ശെരി ന്നാ….കാല് ശ്രദ്ധിച്ചോളുണ്ടു ……പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും മറക്കരുത്….”

എന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ട് അങ്ങേര് പറഞ്ഞു…ഞാൻ തലയാട്ടി മെല്ലെ കാലുകൾ വെച്ചു നടന്നു …ഇപ്പോ കുറേശ്ശെ വേദന തുടങ്ങി. എന്നാലും ഒരുപാട് സന്തോഷം തോന്നുന്നുണ്ട് താനും ….ഇങ്ങോട്ട് വരുമ്പോൾ ഒരു പത്രമിടുന്ന പയ്യൻ അല്ലെങ്കിൽ അമ്മുവിൻറെ കാമുകൻ മാത്രമാണെങ്കിൽ ഇന്നു ഈ പടി കടന്നു പോകുന്നത് അവളുടെ പ്രിയപ്പെട്ട രണ്ടുപേർ കൂടി അംഗീകരിച്ച ഒരാളായിട്ടാണ്…..ദൈവത്തിനു നന്ദി..!!

ഞാൻ പടിക്കപ്പുറം അരമതിലിൽ കേറി ഇരുന്നു വീണ്ടും ചിന്തകളുമായി ഗുസ്‌തിപ്പിടിച്ചു ……എല്ലാം നല്ല രീതിയിലാണ്‌ , പക്ഷെ അതേ സമയം എനിക്ക് മറ്റൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നത് എന്റെ ഭാവിയെ പറ്റിയാണ് …..ലക്‌ഷ്യം അമ്മു ആണെങ്കിലും എനിക്ക് നടന്നു തീർക്കാനുള്ള വഴിയെക്കുറിച്ചാണ് ടെൻഷൻ….അമ്മ പറയുന്നത് പോലെ B ‘ed എടുത്ത്‌ ഒരു ടീച്ചർ ആവുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ് , കാരണം പഠിക്കാനുള്ള ചിലവ് , പിന്നെ ഒരു ജോലി ആവാനുള്ള കഷ്ടപ്പാട്……..ഇനി അതല്ലെങ്കിൽ മറ്റെന്തു ജോലിയാണ് തിരഞ്ഞെടുക്കുക എന്നുള്ളത് …..ഡിഗ്രി അതും ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞു എന്ത് ജോലി കിട്ടാനാണ് …?? Bcom ആയിരുന്നെങ്കിൽ എന്തെങ്കിലും ഓഫീസിൽ അക്കൗണ്ടന്റ് ആയിയെങ്കിലും നോക്കാമായിരുന്നില്ലേ …ശ്ശേ , ഇതിപ്പോ ആകെ കോപ്പിലായല്ലോ ദൈവമേ ..!!! ചിന്തകൾ കാടുകേറി എന്നല്ലാതെ ഒരു കരക്ക്‌ അടുത്തില്ല……ആഹ് …എന്തെങ്കിലുമാവട്ടെ …… ഇനി ചിന്തിക്കുന്നത് ബുദ്ധിയല്ല…

ഇന്നത്തെ വിശേഷങ്ങൾ ശബരിയോട് പറയാൻ ഒരുപാടായി…..ആ നാറിയെ ആണെങ്കിൽ കാണാനും ഇല്ലല്ലോ…അവളുടെ വീട്ടിൽ നിന്നും പോവാൻ ബാക്കി ഉണ്ടായിരുന്ന രണ്ടുമൂന്നു പേരും കൂടെ ഇടക്കെപ്പോളോ കയ്യൊക്കെ കാണിച്ചു പോയി…..അര മണിക്കൂറോളം കഴിഞ്ഞാണ് ശബരി വന്നത്….എനിക്ക് ആദ്യം കണ്ടപ്പോൾ തലക്കിട്ടൊന്നു കൊടുക്കാനാണ് തോന്നിയത് ….

” സോറി മോനെ …ഞാൻ ചെറുതായൊന്നു മയങ്ങിപ്പോയി …”

അവൻ വന്നപാടെ എന്നോട് പറഞ്ഞു …ഞാൻ കൈ ചുരുട്ടി ഇടിയുടെ ആംഗ്യം കാണിച്ചു ഒരു വിധത്തിൽ കേറി ഇരുന്നു…..

” എങ്ങനുണ്ടാർന്ന് പരിപാടിയൊക്കെ…??

അവൻ ചോദിച്ചപ്പോൾ ഞാൻ ഒന്നുകൂടി അവനിലേക്ക് ചേർന്ന് തല തോളിലേക്ക് ചായ്ച്ചു…

” എന്താടാ ….ന്തെങ്കിലും പ്രശ്നമുണ്ടോ…..??

ആ കിടപ്പ് കിടന്നതുകൊണ്ടാകും അവൻ ചോദിച്ചു….

” വല്ല്യേ പ്രശ്നങ്ങളൊന്നും ഇല്ലടോ…..എന്നാ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഉണ്ട് താനും….”

ഞാൻ തുടങ്ങിവെച്ചു…..

” നമ്മൾ കാത്തിരുന്ന അവളുടെ രണ്ടാമത്തെ ചേച്ചീ ആരാണെന്നറിയണ്ടേ…??

ഞാൻ ചോദിച്ചപ്പോൾ അവൻ തലയാട്ടി…

” അത് കൃപയാണെടാ…..”

” ഏത് കൃപ …?? ”

അവൻ തിരിച്ചു അതേ രീതിയിൽ ചോദിച്ചു….

” കൃപ നാരായണൻ ….”

ഞാൻ മറുപടി കൊടുത്തു…

” ഏത് ..? ക്ലാസ്സിലുള്ളതോ …???അയ്യേ ..!! ആ സാധനമാണോ…….!”

അവൻ എടുത്ത വഴിക്ക് അങ്ങനെയാണ് മറുപടി തന്നത്…

” അയ്യേ ന്നോ …?? അവളെത്രക്ക് മോശമാണോ…??

അവന്റെ പുച്ഛം എനിക്കത്രക്ക് ഇഷ്ടപ്പെട്ടില്ല…

” അതല്ല മൈ…..ആ ജാട തെണ്ടിയാണോ അവളുടെ കൂടെപ്പിറപ് എന്ന് ആലോചിച്ചപ്പോൾ ഒരു ഒരു…..”

അവൻ ആലോചനയോടെ പറഞ്ഞു നിർത്തി….ഞങ്ങൾ വീടിനരികെ എത്തിയിരുന്നു , അവൻ നേരെ വണ്ടി അവന്റെ വീട്ടിൽ കേറ്റി..

” വാ ….എല്ലാം പറഞ്ഞു തീർന്നിട്ട് പോവാം …”

അവൻ കൈപ്പിടിച് മെല്ലെ സ്റ്റെയർ കയറ്റി…റൂമിൽ പോയി ഫാനിട്ട് നേരെ കിടക്കയിലേക്ക് മറിഞ്ഞു….കാലു കുറച്ചു നീര് വന്നിരുന്നു….അവൻ മുറിവെണ്ണ എടുത്ത്‌ വന്നു , പിന്നെ മെല്ലെ മെല്ലെ ഉഴിഞ്ഞു തന്നു….

” അല്ല ചെങ്ങായ്….ഈ കൃപേടെ കാര്യമായിരുന്നു അവൾ പറഞ്ഞ സർപ്രൈസ്…?? ”

അവൻ മുഖത്തേക്ക് നോക്കി ചോയ്ച്ചപ്പോൾ ഞാൻ മെല്ലെ ചിരിച്ചു….അത് കണ്ടപ്പോൾ അതിലും വലുതെന്തോ ഉണ്ടെന്നവന് മനസിലായി …

” ഇതും അല്ലേ….അപ്പൊ വേറെന്താ…???”

അവൻ ആവേശത്തിൽ ഉളുക്കിയ സ്ഥലം കുറച്ചു അമർത്തിപ്പിടിച്ചപ്പോൾ എന്റെ നല്ല ജീവൻ പോയി…..

” ആ……മെല്ലെ ഉഴിയ് മൈരേ…..”

ഞാൻ അവനോടു ചൂടായി….അവൻ സോറി എന്ന് മുഖം കൊണ്ട് കാണിച്ചു മെല്ലെ ഉഴിച്ചിൽ തുടർന്നു….

ഞാൻ എനിക്ക് കിട്ടിയ ശെരിക്കുള്ള സർപ്രൈസ് അവനോടു പറഞ്ഞു….നിത്യയോടൊപ്പം കുളക്കരയിൽ പോയതും , അവിടേക്ക് അച്ഛൻ വന്നതും , കാര്യങ്ങൾ പറഞ്ഞതും പറയുമ്പോൾ അവൻ കണ്ണുകളിൽ വല്ലാത്തൊരു തിളക്കത്തോടെ എല്ലാം കേട്ടിരുന്നു….അച്ഛൻ പറഞ്ഞ അങ്ങേരുടെ ഭൂതകാലവും , അമ്മുവിൻറെ കാര്യവും ഞാൻ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു …പിന്നെ അമ്മു വന്നതും കിസ്സടിച്ചതും പറഞ്ഞപ്പോൾ അവൻ കണ്ണ് മിഴിച്ചു പൊട്ടിച്ചിരിച്ചു…..

” എടാ ഭീകരാ…..!! നിനക്ക് ധൈര്യം തന്നതിപ്പോ അബദ്ധമായോ….? ”

അവൻ ചിരിക്കിടെ എന്നോട് ചോദിച്ചു…

” അത് എങ്ങനെയോ സംഭവിച്ചതാടോ…….വല്ലാത്തൊരു മൂഡായിപ്പോയി..”

ഞാൻ ഇത്തിരി ചമ്മി..

” എന്നിട്ട് എങ്ങനെയുണ്ടാർന്ന് നിന്റെ ഫസ്റ്റ് കിസ്സ്‌ ….?? ”

അവൻ ആകാംഷയോടെ ചോദിച്ചു…..കാര്യം ഒരു കാര്യത്തിലെങ്കിലും അവനെ തോൽപ്പിക്കാൻ കഴിഞ്ഞ സന്തോഷം എനിക്ക് തോന്നി……

” എന്താ പറയാ മോനെ….വല്ലാത്തൊരു ഫീലാണ് ,നമ്മൾ ഈ അപ്പൂപ്പന്താടിയൊക്കെ ഇല്ലേ അത് കണക്കിന് ആകെ ഇങ്ങനെ പറന്നു പോണതുപോലെ തോന്നും……ഹൂ , ആലോചിച്ചിട്ട് എന്റെ പൊന്നളിയാ….”

ഞാൻ തല അമർത്തിപ്പിടിച്ചു കിടക്കയിൽ കിടന്നു…

” ആഹ് …മതി മതി …..ഓവറാക്കണ്ട …..രാവിലെ പല്ലൊക്കെ തേച്ചിരുന്നല്ലോ അല്ലേ ..??”

അവൻ കുസൃതിചിരിയോടെ ചോദിച്ചു …

” ഓഹ് പിന്നെ …ഞാനെന്താ നിന്നെപോലെയാണോ…..?”

ഞാൻ തിരിച്ചും ആക്കി….

“ശെരി ….ബാക്കി പറ കുട്ടാ….”

അവൻ ഈ ഒരു കാര്യമായതുകൊണ്ടു കൂടുതൽ ഡയലോഗ് അടിക്കാതെ സോപ്പിട്ടു ….

ഞാൻ ബാക്കി സംഭവിച്ച കാര്യങ്ങൾ കൂടി പറഞ്ഞുതുടങ്ങി…..അതിൽ അച്ഛനോട് വീണ്ടും സംസാരിച്ച കാര്യം പറഞ്ഞപ്പോൾ അവൻ ഒന്നുകൂടി സന്തോഷവാനായി..

” അത് കലക്കിയെട …നീ അങ്ങനെ ചോദിച്ചത് നിന്നോടുള്ള പുള്ളിയുടെ സ്നേഹം കൂടാനേ ഉപകരിക്കൂ ,എന്റെ കാഴ്ചപ്പാടിൽ നമുക്ക് ലോട്ടറി അടിച്ചെന്നു കരുതി ചുമ്മാ സന്തോഷിക്കുന്നതിനേക്കാൾ മറ്റൊരാൾക്ക്‌ നമ്മളിലുള്ള സ്നേഹത്തിന്റെയും ദേഷ്യത്തിന്റെയും കാരണം അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ് , അങ്ങനെ ആണെങ്കിൽ തുടരാനാണെങ്കിലും മാറ്റനാണെങ്കിലും നമുക്ക് അത് ഉപയോഗിക്കാലോ …”

അവൻ എന്റെ തോളിൽ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു …..

ഞാൻ ബാക്കി കൂടി തുടർന്നു…..അമ്മുവിനെപ്പറ്റിയുള്ള അച്ഛന്റെ കാഴ്ചപ്പാടുകൾ പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ എന്നെ ചേർത്തുപിടിച്ചു …

” എടാ …..ശെരിക്കും നീ വല്ലാത്തൊരു ഭാഗ്യവാനാണ് …….സ്വന്തം മകൾ തെറ്റായൊരു തിരുമാനമെടുക്കില്ലെന്നു വിശ്വസിക്കുന്ന അച്ഛനമ്മമാർ , ആ അച്ഛനമ്മമാരുടെ വിശ്വാസം അങ്ങോളം കാത്തുസൂക്ഷിക്കുന്ന മകൾ…..ഇങ്ങനൊരു കുടുംബം നിന്റെ ജീവിതത്തിലേക്ക് വരുമ്പോൾ അതിനു മാത്രം എന്ത് പുണ്ണ്യമാ നീ കഴിഞ്ഞ ജന്മത്തിൽ ചെയ്തത് ന്റെ മോനെ…”

സ്നേഹം കൂടി എന്റെ കഴുത്തിലൂടെ കയ്യിട്ടു മുറുക്കിയാണ് അവൻ ഇത് പറഞ്ഞത്…….ഞാൻ ബാക്കി സംഭവിച്ച കാര്യങ്ങൾ കൂടി പറഞ്ഞശേഷം എന്റെ കൺഫ്യൂഷൻ പറഞ്ഞത്…

” എടാ , അന്ന് അമ്മുവിനെ പ്രൊപ്പോസ് ചെയ്തത് അമ്മമാരിൽ ആരെങ്കിലും കേട്ടിട്ടുണ്ടോന്നു എങ്ങനാ അറിയാ….? ”

ഞാൻ അവനോടു ചോദിച്ചു ..അവൻ കുറച്ചുസമയം ആലോചിച്ചു …

” എന്റെ അമ്മ അറിഞ്ഞൊന്നു നോക്കാം …നിന്റെ അമ്മ അറിഞ്ഞാൽ അറിയാനുള്ള ചാൻസ് കുറവല്ലേ ..?? ”

അവൻ ആലോചനയോടെ പറഞ്ഞു ….

” നിന്റെ അമ്മ അറിഞ്ഞൊന്നു എങ്ങന്യ അറിയാ …?? ” ഞാൻ അവനോടു ചോദിച്ചു …

” അതിപ്പോ ഒരു പ്ലാൻ ഒന്നും ഇല്ല …നോക്കാം , പറ്റിയ അവസരം വന്നാൽ ശ്രമിക്കാം…”

അവൻ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു …..അങ്ങനെ നോക്കാം , എന്റെ അമ്മേന്റെ മനസിലുള്ളത് അറിയാനിപ്പൊ ഒരു വഴിയുമില്ല … പക്ഷെ ഇത് അവൻ ഏറ്റെടുത്തോളും ……

” ടാ …..വേറൊരു വള്ളിക്കെട്ടുണ്ട്…….ആ കാവ്യക്ക് എന്തോ സംശയമുള്ളപോലെ തോന്നി , ഞങ്ങടെ കണ്ണും കണ്ണും കളി അവളെപ്പോളോ കണ്ടിരുന്നു……”

ഞാൻ എന്റെ മറ്റൊരു പ്രശ്നം എടുത്തിട്ടു….

” അവൾക്കത് മനസിലായെന്നിരിക്കട്ടെ എന്താണിപ്പോ പ്രശ്നം…?”

അവൻ തികച്ചും കൂൾ ആയി തിരിച്ചു ചോദിച്ചു …

” അല്ല , എന്തെങ്കിലും പാര വെക്കുമോ …?? ” ഞാൻ ടെൻഷനിൽ തന്നെയാണ് ചോദിച്ചത്…

” എടാ പേടിത്തൂറിക്കുട്ടാ …., സാധാരണ പോലെ ആണെങ്കിൽ ടെൻഷൻ അടിക്കാം , ഇത് അവളുടെ അച്ഛനും അമ്മയും ആ പെണ്ണും തന്നെ നീ മതി എന്ന് കരുതി ഇരിക്കുമ്പോ ചേച്ചിയായ കാവ്യ നിന്നെ എന്ത് ചെയ്യുമെന്നാ നീ പറയുന്നേ ..??? ”

അവന്റെ ചോദ്യം ഇത്തിരി ദേഷ്യത്തിലായിരുന്നു …..

” ഒക്കെ ശെരിയാണ്‌ , ന്നാലും ഇങ്ങനൊരു പൊസിഷനിൽ നിന്നും ഇങ്ങനെ മാത്രേ ചിന്തിക്കാൻ പറ്റുന്നുള്ളൂ …ഞാൻ അർഹിച്ചതിലും വലുത് കിട്ടി എന്നുള്ളതുകൊണ്ടാണോ എന്തോ എവിടെനിന്നെങ്കിലും എന്തെങ്കിലും പണി കിട്ടുമോ എന്നൊരു പേടിയാണ്…..വേറൊന്നും കൊണ്ടല്ലടാ ഒന്നിന്റെ പേരിലും ഇനി അവളെ നഷ്ടപ്പെടുത്താൻ വയ്യ …”

പറഞ്ഞു കഴിഞ്ഞപ്പോളേക്കും എന്റെ ശബ്ദമിടറി….അത് മനസിലായ അവൻ കയ്യിൽ മുറുകെ പിടിച്ചു ….

” നിനക്കിപ്പോ ആദ്യം വേണ്ടത് കുറച്ചു സ്വസ്ഥതയാണ് ….ഇന്നു ഒരുപാട് കാര്യങ്ങൾ ഒന്നിച്ചു സംഭവിച്ചതിന്റെ ഒരു അമ്പരപ്പാണ് ഇതെല്ലാം….ശാന്തമായി ഇരുന്നു ഒന്ന് ചിന്തിച്ചു ശെരിയാക്കാം…ഇപ്പൊ നീ വേണേൽ ഇത്തിരി സമയം ഒന്ന് മയങ്ങിക്കോ , 5 മണി ആവുമ്പോൾ ഞാൻ വിളിക്കാം….”

അവൻ എന്നോട് ഒരു സൊല്യൂഷൻ എന്ന നിലക്ക് പറഞ്ഞു…ഞാൻ അനുസരിച്ചു…കുറച്ചു സമയം മറ്റൊന്നും ചിന്തിക്കാതെ കിടന്നു മയങ്ങി……

ആ മയക്കത്തിൽ ഞാൻ കണ്ടു ഒരു സായം സന്ധ്യയിൽ പൂവാകപ്പൂക്കൾ വീണു മനോഹരമായ ആ വഴിത്താരയിലൂടെ ഒരു പെണ്കുട്ടിയുടെ കയ്യും പിടിച്ചു പോകുന്ന എന്നെത്തന്നെ …..പണ്ട് എന്റെ ഓർമകളിലെ പെണ്കുട്ടിയുടെ മുഖം തെളിഞ്ഞു കണ്ടില്ലെങ്കിൽ ഇന്നു ആ മുഖം എന്റെ അമ്മുട്ടിയുടേതാണ് …….ഇത്തിരി ക്ലേശിച്ചു നടക്കുന്ന പാതിയാണെങ്കിലും അവളുടെ കൂടെ ആവുമ്പോൾ ആ വഴി അങ്ങോളം തീരുന്നത് വരെ എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം…….എല്ലാം തികഞ്ഞ ഒരാളോടൊപ്പം അവരോടൊപ്പം എത്തിപ്പെടാൻ പറ്റാതെ സങ്കടപ്പെട്ടും കഷ്ടപ്പെട്ടും ജീവിക്കുന്നതിനേക്കാൾ നമ്മളെ ചേർത്തുപിടിച്ചു പോകാൻ സാധിക്കുന്ന, നമ്മളെപോലെയുള്ളവരുടെ കൂടെയാണ് ജീവിക്കാൻ എളുപ്പം…..അമ്മുവിനോടൊപ്പമുള്ള ജീവിതത്തിൽ അവളുടെ നടക്കാനുള്ള ബുദ്ധിമുട്ട് എന്നെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മാത്രമല്ല എന്റെ സ്വഭാവികമായ ഈ പതിഞ്ഞ സ്വഭാവത്തെ പോലും ഊർജ്ജസ്വലമാക്കാൻ തക്ക കഴിവ് അവൾക്കുണ്ട്……

ഉറക്കമുണർന്നപ്പോൾ കൺഫ്യൂഷൻ കുറഞ്ഞിരുന്നു ….അത് ആ സ്വപ്നത്തിന്റെ പവർ കൊണ്ടാണോ എന്നറിയില്ല….ഇപ്പൊ ആവശ്യം ഈ ഡിഗ്രി പറ്റാവുന്നത്ര നല്ല രീതിയിൽ കഴിയുക എന്നതാണ് …അതിനു ശേഷമുള്ള കാര്യങ്ങൾ ഇപ്പൊ ചിന്തിച്ചു ലൈഫ് കൂടുതൽ കോംപ്ലിക്കേറ്റ് ചെയ്യണ്ടല്ലോ….

എണീറ്റ്‌ ചായ കുടിയും മേല് കഴുകലും കഴിഞ്ഞു ഞങ്ങൾ ആൽത്തറയിലേക്ക് ചെന്നു …നേരത്തെ ആയതിനാൽ വേറാരും എത്തിയിട്ടുണ്ടാരുന്നില്ല…ഞങ്ങൾ അടുത്തടുത്തിരുന്നു…..

” ടാ മനു …..അപ്പൊ ഇനി പറ , ന്തായി നിന്റെ പ്രശ്നം ഇപ്പൊ …?? ”

അവൻ തന്നെ നിർത്തിയിടത്തു നിന്നും തുടങ്ങി…

” പ്രശ്നം ……അങ്ങനെയൊന്നും ഇപ്പൊ തോന്നുന്നില്ല ….ഒരു കറക്റ്റ് റൂട്ട് വേണം ചെങ്ങായ് ,അത്രേള്ളു .! ”

ഞാനും മറുപടി കൊടുത്തു …

” ഓക്കേ ….ആദ്യം മുതൽ തുടങ്ങാം ….ഇപ്പൊ ലവ് ശെരിയായി , അവൾടെ അച്ഛനമ്മമാർ നിന്റെ ഭാഗത്താണ് , ഇത്രയും കാര്യങ്ങൾ അനുകൂലമാണ് …..ഇനി അനുകൂലമല്ലാത്തതു നിന്റെ അമ്മ , സാമ്പത്തികം , ജോലി , ഇതൊക്കെ ചേർന്ന ഭാവി ലേ ..?? ”

അവൻ അനലൈസ് ചെയ്യാൻ തുടങ്ങി ….

” നമുക്ക് ഇപ്പൊ കോഴ്സ് വല്ല്യേ കൊഴപ്പമില്ലാണ്ട് കഴിയാനുള്ള പരിപാടി നോക്കാം…..എന്നിട്ട് മാർക്കിനനുസരിച്ചു വേണം ബാക്കി തീരുമാനിക്കാൻ …..അതായത് മാർക്ക്‌ നല്ല രീതിയിൽ ഉണ്ടെങ്കിൽ നീ അമ്മ കരുതുന്ന പോലെ B ed ചെയ്യണം , അത് കുറച്ചു കഷ്ടപ്പെട്ട് ചെയ്താലും പിന്നെ നിനക്ക് വെറുതെ ഇരിക്കേണ്ടി വരില്ല …..ലീവ് വാക്കൻസി ഒരുപാട് ഉണ്ടാവാറുണ്ടല്ലോ , നമുക്ക് അന്വേഷിച്ചു നോക്കണം …അത്യാവശ്യം പൈസ കിട്ടും , പിന്നെ psc പഠിക്കണം അത് കിട്ടിയാൽ രക്ഷപ്പെട്ടില്ലേ …?ആലോചിച്ചു നോക്ക്….”

അവൻ ഇത് പറഞ്ഞു എന്റെ മറുപടിക്ക് കാത്തു….

” എടാ കോപ്പേ , B’ ed പഠിക്കാൻ ഉള്ള ചിലവ് എന്ത് ചെയ്യും ….ഒരു വർഷം കോഴ്സിന് , ഫീസ്‌ , ഒരുപാട് വർക്ക് ചെയ്യാനുണ്ടാവും അതിനുള്ള പ്രോപ്പർട്ടി വാങ്ങാനുള്ള പൈസ , ബാക്കി വരുന്ന ചിലവുകൾ ഇതൊക്കെ എങ്ങനെ അമ്മക്ക് താങ്ങും ..അത് പറ ആദ്യം ……ചുമ്മാ ഒരു കോഴ്സ് എന്നൊക്കെ പറഞ്ഞു ചാടിയാൽ പരിപ്പിളകും ….”

ഞാൻ കുറച്ചു ദേഷ്യത്തിലാണ് മറുപടി കൊടുത്തത് ..

‘ ” നീ ഇതാണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാർന്നു…….ഞാൻ പറയാം , അതിനു മുൻപ് ആദ്യം ഒരു ഉത്തരം വേണം ..”

അവൻ സീരിയസ് ആയി ചോദിച്ചു ..ഞാൻ തലയാട്ടി സമ്മതിച്ചു …

” നിനക്ക് ഈ പൈസ മാത്രമാണോ കോഴ്സിന് പോവണ്ടാന്ന് വെക്കാൻ കാരണം അതോ പോവാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ …?? ”

അവൻ ചോദിച്ചപ്പോൾ ഞാൻ പെട്ടു …നാറിക്ക് മനസ്സിലായോ ..!!

ഞാൻ മറുപടിയില്ലാതെ കുറച്ചു സമയം ആലോചിച്ചു …കുറച്ചു സമയം ശല്യപ്പെടുത്താതെ ചിന്തിക്കാൻ വിട്ട് പിന്നെ വീണ്ടും അവൻ ചോദ്യം ആവർത്തിച്ചു …

” സത്യം പറഞ്ഞാൽ ….എനിക്ക് പോവാനും ഒരു ഇഷ്ടക്കുറവുണ്ട് ഡാ …..അത് പെണ്കുട്ടികൾക്കൊക്കെ പറ്റുന്ന പണിയാണ് , എന്നെകൊണ്ട്‌ അത് പ്രയാസമാണെന്ന് തോന്നും…”

ഞാൻ അവനോടു പറഞ്ഞപ്പോ അവൻ ഇഷ്ടപ്പെടാത്ത മട്ടിൽ തലകുലുക്കി …

” അപ്പൊ ഉദയൻ മാഷൊക്കെ പെണ്ണാണോ ..?? എടാ മൈ ** അവരും അതുപോലെ പീജിയും, B ed, സെറ്റും നെറ്റും ഒക്കെ എടുത്ത്‌ തന്നല്ലെ ഇങ്ങനെ ആയതു …അമ്മക്ക് വേണ്ടി അമ്മയെ കയ്യിലെടുക്കാൻ എന്തേലും ചെയ്യണമെങ്കിൽ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വഴി പൊന്നുമോനെ ….”

അവൻ കാര്യം പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി …ഞാൻ വീണ്ടും ആലോചനയിലേക് ഊളിയിട്ടു ….

” ടാ , ഇനിയിപ്പോ കോഴ്സ് പഠിക്കാനുള്ള ഒരു കാര്യം നിന്റെ കയ്യിൽ തന്നെ ഉണ്ട് …ഒന്നുകിൽ ഒരു 85 – 90 % മാർക്ക്‌ വാങ്ങി മെറിറ്റ് സീറ്റിൽ പഠിക്കുക , അല്ലെങ്കിൽ പിന്നെ നീ ഇപ്പൊ ksfe അടച്ചുകൊണ്ടിരിക്കുന്ന പൈസ കിട്ടുമല്ലോ അത് ഇതിനായിട്ട് ഉപയോഗിക്കണം …പിന്നെ പറ്റുമെങ്കിൽ കുറച്ചു പൈസ വേറെയും മാറ്റിവെച്ചു തുടങ്ങിക്കോ ഈ മാസം മുതൽക്കേ …”

അവൻ ഇത് പറഞ്ഞു വീണ്ടും എന്നെ നോക്കി ഇരുന്നു …

” ഓഹ് …..ആ ചിട്ടി ഉണ്ടല്ലോ ല്ലേ …..അത് ഞാൻ ഓർത്തില്ല , അപ്പൊ നീയെന്നെ B ed ന് ഉന്തി തള്ളി വിടുവാണല്ലേ ..?? ”

ഞാൻ ചോദിച്ചു , അത് കേട്ട് അവൻ ചിരിച്ചു ….

” നീ ഉറങ്ങുമ്പോൾ നിന്റെ പ്രശ്നങ്ങൾക്കെല്ലാം കൂടെയൊരു സൊല്യൂഷൻ ഞാൻ ആലോചിക്കുവാരുന്നു…കൂട്ടത്തിൽ നല്ലതെന്ന് തോന്നിയ ഒന്ന് ഇതാണ് …പക്ഷെ പ്ലാൻ മുഴുവൻ പറഞ്ഞുതീർന്നിട്ടില്ല….”

അവൻ അതും പറഞ്ഞു ഒന്ന് മൂരിനിവർന്നു ….ഓഹോ , അപ്പൊ ഇനീം ബാക്കിയുണ്ടോ കാര്യങ്ങൾ ….

” എങ്കിൽ പറ മോനെ …..കേക്കട്ടെ ..” ഞാൻ പ്രോത്സാഹിപ്പിച്ചു …

” പറയാം ….നമ്മുടെ ഇതുവരെ പറഞ്ഞ പ്ലാൻ ആണ് നമ്മൾ നിന്റെ അമ്മക്ക് വേണ്ടി ചെയ്യാനുള്ളത് , ഇനി വേറൊരു കാര്യം കൂടി , അത് നിന്റെ മനസ്സിൽ ഇരുന്നാൽ മതി …. മനസ്സിലായോ .??”

അവൻ എന്നെ ഒന്ന് സസ്പെൻസ് ഇട്ടു നിർത്തി…..ഞാൻ തലയാട്ടി സമ്മതിച്ചു .

” B ed കഴിഞ്ഞു സ്കൂളൊന്നും കിട്ടിയില്ലെങ്കിൽ നീ അന്ന് പറഞ്ഞൊരു മോഹമില്ലേ ആ മെഡിക്കൽ റപ്പിന്റെ അതിനു നോക്കാം ..!”

അവൻ പറഞ്ഞു നിർത്തി….ഞാൻ അമ്പരന്നു അവനെ നോക്കി ..

” എന്തൊക്കെയാടോ പറയുന്നത് …!! അതിനു ആ ജോലിക്ക് വേണ്ട കാര്യങ്ങൾ എന്താണെന്നു നമുക്കറിയില്ലല്ലോ …അതിലൊക്കെ സെലക്ട്‌ ആവാൻ നല്ല ബുദ്ധിമുട്ടാണ് …..”

ഞാൻ അവന്റെ വിഡ്ഢിത്തരം ഓർത്തു തലയിൽ കൈവെച്ചു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു …….

“എടാ മൈത്താണ്ടി ….ആദ്യം നീ നിന്റെ ഈ മുൻധാരണ വെച്ചുള്ള സംസാരം നിർത്തി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക് …”

അവനു ഞാൻ കളിയാക്കിയപ്പോൾ ദേഷ്യം വന്നു …..ഇടി കിട്ടാത്തത് ഭാഗ്യം ..!!

” ശെരി , ഞാനിനി മിണ്ടുന്നില്ല ….നീ മുഴുവൻ പറ…”

ഞാൻ അവനെ സാധാരണ നിലയിലേക്ക് തിരികെ എത്തിച്ചു…..

” ഞാൻ നമ്മുടെ ആ അനീഷ്‌ ഭായിയോട് സംസാരിച്ചിരുന്നു ….ആ ജോലിക്ക് വേണ്ട കാര്യങ്ങളെപ്പറ്റിയൊക്കെ ഒന്ന് അറിഞ്ഞിരിക്കാലോ….”

“എന്നിട്ടോ …????? ” അവൻ തുടങ്ങി വെച്ചപ്പോൾ എനിക്ക് ആകാംഷ സഹിക്കാനായില്ല …

” ചില കമ്പനികളൊക്കെ bsc ,b pharm ഒക്കെ ചോദിക്കുന്നുണ്ടെങ്കിലും ഡിഗ്രിക്കാർക്കും കിട്ടാറുണ്ടത്രെ ….ഫ്രഷേഴ്‌സിന് ജോലി കൊടുക്കുന്ന കമ്പനികളും ഉണ്ട് …ഡിഗ്രി കഴിഞ്ഞു നമ്മുടെ പ്ലാൻ മാറിയാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട് …അപ്പൊ പുള്ളി പുള്ളിയുടെ contact വെച്ചൊന്നു ശ്രമിക്കാമെന്നു പറഞ്ഞിട്ടുണ്ട് …”

ഞാൻ അത്ഭുതപ്പെട്ടു ….ഈ ചെങ്ങായ് വല്ലാത്ത സംഭവം തന്നെ ..ഇതിനായിരുന്നോ എന്നെ കിടത്തി ഉറക്കിയത് …..എന്തായാലും കൊള്ളാം ….എനിക്ക് സന്തോഷം ഉള്ളിൽ നുരഞ്ഞുപൊന്തി …

” നീ കോള്ളാലോ മോനെ……ഞാനിത്രക്ക് ചിന്തിച്ചില്ല….കുറേ പ്രശ്നം മാറികിട്ടിയല്ലോ …”

ഞാൻ അവനെ കളങ്കമില്ലാതെ അഭിനന്ദിച്ചു ….

അത് സ്വീകരിച്ചെന്ന മട്ടിൽ അവൻ ഒന്നുറക്കെ പൊട്ടിച്ചിരിച്ചു….

” ഇപ്പൊ ആദ്യം കോഴ്സ്… അത് നമ്മൾ പറ്റാവുന്നത്ര നന്നായിട്ട് ചെയ്യും , ബാക്കി അതിനനുസരിച്ച് നോക്കാം ..”

അവൻ പ്രശ്നത്തിനുള്ള സൊല്യൂഷൻ കണ്ടെത്തി സംഗതി ഔദ്യോദികമായി അവസാനിപ്പിച്ചു…..ഞാൻ രണ്ടു മിനിറ്റ് ചിന്തിച്ച ശേഷം തലയാട്ടി അംഗീകരിച്ചു …

**************************

*മൂന്ന് വർഷങ്ങൾക്കു ശേഷമുള്ള ദിവസം….*

ഇന്നു ഞാൻ പാലക്കാട്‌ വിക്ടോറിയ എന്ന പ്രശസ്തവും പുരാതനവുമായ കോളേജിൽ B’ed വിദ്യാർത്ഥിയാണു ……കഴിഞ്ഞ മൂന്ന് വർഷങ്ങൾ കടന്നു പോയത്‌ കേവലം മൂന്ന് മാസങ്ങളെ പോലെയായിരുന്നു…….ഇതിനിടക്ക്‌ എത്രയോ മാറ്റങ്ങൾ……

അന്ന് ഭാവിയെ പറ്റി ചിന്തിച്ചു തീരുമാനമെടുത്ത സന്ധ്യ മുതൽ ഇതുവരെയുള്ള ദൂരം ഒരു വല്ലാത്ത യാത്ര തന്നെ ആയിരുന്നു ….

അന്ന് രാത്രി തന്നെ തുടങ്ങിവെച്ച പഠനം മാർക്കിന്റെ കാര്യത്തിൽ എന്നിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല , പക്ഷെ ഉദയൻ മാഷിന്റെ ശിക്ഷണത്തിൽ പരന്ന വായനക്കായി മാഷ് നൽകിയ സാഹിത്യ ബുക്കുകളും ,റഫറൻസ് ചെയ്യാനായി തന്ന മറ്റുള്ള കൃതികളും ചേർന്ന് എന്റെ ചിന്തകളെ കൂടുതൽ കരുത്തുള്ളതാക്കി…..ഡിഗ്രി കഴിഞ്ഞത് 75% മാർക്കിൽ ആണെങ്കിലും അത്യാവശ്യം നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും , കയ്യിൽ കിട്ടുന്ന ഒരു സാഹിത്യകൃതിയെ എന്റെതായ രീതിയിൽ വ്യാഖ്യനിക്കാനും അപഗ്രഥിക്കാനും എനിക്ക് സാധിച്ചു……അന്ന് ഞാൻ ചിത്രം വരയാണു ഒരു ഹോബി ആക്കിയതെങ്കിൽ ഇന്നു അത് വായനയാണു ……

അന്നത്തെ എന്റെ തീരുമാനങ്ങളെല്ലാം ഞാൻ ഒരു ദിവസം അമ്മുവിൻറെ അച്ഛനോടായി സംസാരിച്ചു, ശെരിയെന്നു തോന്നുന്ന വഴി സ്വീകരിക്കാനാണ് പുള്ളി പറഞ്ഞത്……മനസിന്‌ ഇഷ്ടപ്പെട്ട ജോലി കിട്ടുമെങ്കിൽ അത് എത്ര ചെറുതാണെങ്കിലും പൊയ്ക്കോളാൻ ആയിരുന്നു അങ്ങേരുടെ അഭിപ്രായവും …..അടിയ്ക്കടി തിരുമാനങ്ങൾ മാറാതിരിക്കാൻ നോക്കണമെന്നും കൂടെ പറഞ്ഞാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത് …

അമ്മുട്ടി അവളുടെ ഭാവിയെപ്പറ്റി ഏകദേശം മുന്നേതന്നെ പ്ലാൻ ചെയ്തിരുന്നതിനാൽ ഞാൻ അതിലൊരു കൈകടത്തൽ നടത്തിയില്ല……എന്റെ തിരുമാനങ്ങൾ കേള്ക്കാനും അവൾ നിന്നില്ല , ഞാൻ അതെല്ലാം ചെയ്തു കാണിച്ചാൽ മതിയെന്നായിരുന്നു പെണ്ണിന്റെ ആഗ്രഹം ,അതുവരെ അതെല്ലാം അവൾക്കു ഒരു സർപ്രൈസ് ആയി ഇരുന്നോട്ടെ എന്നും….

അത് ഞാനും അംഗീകരിച്ചു ….ഞാൻ എന്റെ പ്ലാൻ ഓരോന്നായി അവൾക്കു കാണിച്ചുകൊടുത്തു …..ഞങ്ങൾ തമ്മിൽ പ്രണയത്തേക്കാളുപരി നല്ലൊരു സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് …എന്നാൽ അവളെന്റെയാണെന്ന ഉൾബോധം ബാക്കി എല്ലാ വിധ ബലഹീനതകളെയും ചെറുത്തു നില്ക്കാനും കരുത്തു നൽകി……അമ്മുവിലേക്കുള്ള വഴിയായാണ് ഞാൻ എല്ലാ പ്ലാനുകളും ചെയ്തതെങ്കിൽ ഞാൻ പോലുമറിയാതെ അമ്മയുടെ ആഗ്രഹങ്ങളിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു ….ഡിഗ്രി കഴിയുമ്പോളേക്ക് ഒരു ടീച്ചർ ആവാൻ ഞാൻ മാനസികമായി തയ്യാറായി കഴിഞ്ഞിരുന്നു ……

ശബരി ഡിഗ്രി കഴിഞ്ഞു നേരെ Mba പഠിക്കാൻ ബംഗ്ലൂരിൽ പോയത്‌ ആദ്യമെല്ലാം കുറച്ചു വിഷമമായിരുന്നെങ്കിലും പിന്നീട് മെല്ലെ മെല്ലെ ഞാൻ അവന്റെ അസാന്നിധ്യവുമായി പൊരുത്തപ്പെട്ടു….അന്ന് വരെ അവൻ ഓരോ സമയത്തായി എടുത്തിരുന്ന തിരുമാനങ്ങൾ ഞാൻ സ്വയം എടുക്കാൻ ശീലിച്ചു ..പക്ഷെ അവനു ഞാൻ കൊടുത്തിരുന്ന സ്ഥാനം മറ്റാർക്കും കൊടുക്കാൻ ഞാൻ തയ്യാറായില്ല ……

എന്റെ ക്ലാസിൽ 16 പെൺകുട്ടികൾക്ക് 6 ആൺകുട്ടികളാണ് ഉണ്ടായിരുന്നത് ..ആദ്യദിവസം അങ്ങോട്ട്‌ കേറിയപ്പോൾ ശബരി ഇല്ലാത്തതിന്റെയും പെൺപിള്ളേരുടെ എണ്ണക്കൂടുതലും കൊണ്ട് ക്ലാസിൽ നിന്നെറങ്ങി ഓടിയാലോ എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു…അവസ്ഥ സമ്മതിച്ചില്ല….ഇപ്പൊ ക്ലാസ്സ്‌ തുടങ്ങി രണ്ടു മൂന്ന് മാസമായി..ഏതാണ്ട് എല്ലാവരുമായി കുറച്ചു അടുത്തു…

വീട്ടിൽ പോയി വരണമെങ്കിൽ ആവാമെങ്കിലും ഞാൻ അതിനു നിന്നില്ല , വർക്കുകൾ പല രൂപത്തിൽ എല്ലാ ദിവസവും ചെയ്യാനുള്ളതുകൊണ്ടും പഠിക്കാനുള്ളതുകൊണ്ടും യാത്ര ഞാൻ ഒഴിവാക്കി …കഴിയുന്നതും രണ്ടാഴ്ചയോ മറ്റോ ആവുമ്പോൾ പോയി വരും , മാസത്തിലൊരിക്കലൊ മറ്റോ അമ്മുവിൻറെ വീട്ടിൽ പോയി എല്ലാവരെയും കാണും , കുറച്ചു സമയം ഞങ്ങൾ രണ്ടും മാത്രം ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന കുളപ്പടവിൽ ചേർന്നിരുന്നു പ്രണയിക്കും …..ആ സമയങ്ങളിൽ അല്ലാതെ കഴിവതും ഞങ്ങൾ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് ….

ഞങ്ങളുടെ പെങ്ങന്മാരും നിത്യയും അമ്മുവും ഞങ്ങളുടെ പാത പിന്തുടർന്നു ഞങ്ങൾ പഠിച്ച Nss കോളേജിൽ തന്നെ ചേർന്നു …പെങ്ങന്മാർ Bsc ഫിസിക്‌സും , നിത്യയും അമ്മുവും Bsc മാത് സും …..ഒന്നിച്ചു പോയി ഒന്നിച്ചു വരാൻ അവർക്ക് പറ്റി …… ശബരിയുമായോ അമ്മുവുമായോ എന്റെ വീട്ടിലേക്കോ ഞാൻ ഒരുപാട് തവണ വിളിച്ചു സംസാരിക്കാറൊന്നും ഇല്ല , അത് അവരോടുള്ള ഇഷ്ടത്തിൽ കുറവ് വന്നതുകൊണ്ടല്ല അതിന്റെ ആവശ്യകത ഇല്ലായിരുന്നു എന്നതാണ് സത്യം …….സംസാരിക്കുന്ന സമയത്ത് നിർത്തിയ സ്ഥലത്ത് നിന്നും തുടങ്ങും അത്രേ ഉള്ളൂ ……

ഞാൻ വ്യക്തിപരമായി എല്ലാം കൊണ്ടും ഒരു ടീച്ചർ എന്ന രീതിയിലേക്ക് എന്നെത്തന്നെ മാറ്റി….അതുകൊണ്ടുതന്നെ ആ 10 മാസ കോഴ്സിന്റെ ഭാഗമായുള്ള എല്ലാ വർക്കുകളും ഞാൻ ചെയ്തു തീർത്തത് ആ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടുതന്നെയായി …..പലപ്പോളും വർക്ക് കഴിഞ്ഞു കിടന്നുറങ്ങാൻ 1 മണിയും 2 മണിയും ചിലപ്പോൾ അതിലേറെയും ആയി ,കാരണം 10 മാസത്തെ B ed കോഴ്സ് സത്യത്തിൽ വലിയൊരു പാറക്കല്ലുമായി മറ്റൊരു പാറമല ഓടിക്കയറുന്ന പ്രതീതിയാണ് …..എന്നും ചാർട്ടുകളായോ ,റെക്കോർഡ്‌ ആയോ , പേപ്പർ വർക്കായോ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവന്നു ….അതുകൂടാതെ ചില ടീച്ചിംഗ് നോട്സ് ഒരേ കാര്യത്തിനെപ്പറ്റി തന്നെ അഞ്ചും ആറും തവണ എഴുതേണ്ടിവന്നു …..മനസ് മടുത്തെന്നു തോന്നുന്ന അവസ്ഥയിൽ അമ്മുവിൻറെ മോതിരമായിരുന്നു ആശ്വാസം….ഞാൻ വീട്ടിൽ അധികം ചെന്നില്ലെങ്കിലും അമ്മയോ മറ്റുള്ളവരോ അതൊരു വിഷയമാക്കിയില്ല , ശബരി ഇല്ലാത്തതുകൊണ്ട് വീട്ടിൽ ഉള്ള സമയം തന്നെ ബോറിംഗ് ആയി തോന്നാൻ തുടങ്ങിയതുകൂടിയാണ് ഹോസ്റ്റലിൽ തന്നെ തുടരാൻ എന്നെ പ്രേരിപ്പിച്ച മറ്റൊരു കാര്യം..

ഇനി ക്ലാസ്സിനെപ്പറ്റി കൂടുതൽ പറഞ്ഞാൽ പാരവെപ്പോ , തമ്മിൽ തല്ലോ പ്രത്യക്ഷത്തിൽ ഇല്ലാത്ത ഒന്നായിരുന്നു…….ക്ലാസുകൾ പലതും നല്ല നിലവാരമുള്ളതുകൊണ്ടും നമുക്ക് തരുന്ന ട്രെയിനിങ്ങും ഒരുപാട് മികച്ചുനിന്നു ….

സഭാകമ്പം എന്ന എന്റെ പ്രശ്നം മാറാൻ ആയിരുന്നു ആദ്യം എനിക്ക് പ്രയാസപ്പെടേണ്ടിവന്നത്….നേരാവണ്ണം ഒരു നാലാളോട് സംസാരിക്കുക എന്നത് തന്നെ പ്രയാസമുള്ളയാൾക് ഒരു ക്ലാസിനെ അതും ഡിഗ്രിയോ പീജിയോ

കഴിഞ്ഞു വന്ന് ടീച്ചേഴ്‌സാവാൻ ഉള്ളവരെത്തന്നെ അഭിമുഖീകരിച്ചു പ്രത്യേക വിഷയത്തെപ്പറ്റി സംസാരിക്കൽ ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു ……സ്വതവേ ദുർബലനായിരുന്ന ഞാൻ B ed തന്ന പ്രഷറിൽ ഉറക്കക്കുറവും ഭക്ഷണം സമയത്ത് കഴിക്കാൻ പറ്റാത്തതുകൊണ്ടും വീണ്ടും ശോഷിച്ചു…

എന്നെ കണ്ടാൽ ഒരു ടീച്ചർ ആയിത്തോന്നാനുള്ള എന്തൊക്കെയോ കാര്യങ്ങൾ എനിക്കില്ലെന്നു ഒരിക്കൽ എന്റെ ഒരു ട്രെയ്നർ എന്നോട് സ്വകാര്യമായി പറയുകയുണ്ടായി …അതിൽ പിന്നെ ഞാൻ ശ്രമിച്ചത് എന്റെ ക്ലാസ്സ്‌ തുടങ്ങുമ്പോൾ അത് കൃത്യമായും ലളിതമായും കുട്ടികൾക്ക് മനസിലാവണം എന്ന കാര്യത്തിനുവേണ്ടിയാണ് . ആദ്യത്തെ കുറച്ചു മാസങ്ങൾ ഇതിന് ആവശ്യമായ കഴിവും സ്പീഡും കിട്ടാൻ ഞാൻ പ്രയാസപ്പെട്ടെങ്കിലും പതുക്കെ ഞാൻ ഈ ഫ്ളോയുമായി പൊരുത്തപ്പെട്ടു …. ഇംഗ്ലീഷ് ക്ലാസിനു മാത്രമായാണ് ഞാൻ നേരത്തെ പറഞ്ഞ 22 പേർ ഉണ്ടായിരുന്നത് , ഉച്ചവരെയുള്ള ക്ലാസുകൾ മിക്കതും ജനറൽ സെഷൻ ആണ് …അസ്സെംബ്ലി , പൊതുവായുള്ള വിഷയങ്ങളെ പറ്റി ക്ലാസ്സ്‌, ഒരു ടീച്ചർ ക്ലാസിൽ ചെയ്യാൻ പാടുന്നതും അല്ലാത്തതുമായ കാര്യങ്ങളെപ്പറ്റിയുള്ള ട്രെയിനിംഗ് .. അങ്ങനെ അങ്ങനെ ……അതിനു ശേഷം ഉച്ച കഴിഞ്ഞാണ് ഐശ്ചിക വിഷയത്തിൽ ബാക്കിയുള്ള ക്ലാസുകൾ ….ഒന്നാം ദിവസം മുതൽ അവിടെ വിദ്യാർത്ഥികളായിട്ടല്ല മറിച്ച് അദ്ധ്യാപകരയാണ് ഞങ്ങൾക്ക് ഓരോരുത്തരെയും എല്ലാവരും കണക്കിയിരുന്നത്…..ഓരോ ദിവസവും ഓരോ വിഷയം വെച്ചു നമ്മളെടുക്കേണ്ടിവരുന്ന ക്ലാസിനു ശേഷം അതിനെക്കുറിച്ച്‌ ചോദ്യം ചോദിക്കാനും , നമ്മുടെ ക്ലാസിനെ വിമർശിക്കാനും ബാക്കിയുള്ളവർക്ക് അവകാശമുണ്ട് …പലപ്പോളും ഭീകരമായ രീതിയിൽ വിമര്ശനം ഏറ്റു വാങ്ങാൻ എനിക്കും ഭാഗ്യം കിട്ടി , ആദ്യമെല്ലാം അതെനിക്ക് വലിയ വിഷമമുണ്ടാക്കിയെങ്കിലും ഓരോ മാസം കഴിയുന്തോറും അതിനെ നേരിടാനുള്ള കഴിവ് കൂടി കൂടി വന്നു….ചുരുക്കത്തിൽ എന്നെ പോലെ മനസിന്‌ ധൈര്യമില്ലാത്തൊരാൾക്ക് ചേർന്ന ട്രെയിനിംഗ് തന്നെ ആയിരുന്നു ഈ കോഴ്സ്… ഏത് വെല്ലുവിളികളെയും വിമർശനങ്ങളെയും നേരിടാൻ തക്ക മനോബലം അതെനിക്ക് സമ്മാനിച്ചു….ചിലപ്പോൾ ചിന്തിക്കുമ്പോൾ ശബരി ഇതുകൂടി മുൻകൂട്ടി കണ്ടിട്ടാണോ ഇതിന് ഉന്തിതള്ളിവിട്ടതെന്നും തോന്നിപ്പോയി

ശബരി ഡിഗ്രി കഴിഞ്ഞ അതേ വർഷം Mba കിട്ടി ഒരു ആഗസ്ത് മാസമാണ് ബംഗ്ലൂരിൽ പോയത്‌….. ഞാൻ ആ സമയമൊക്കെ പേപ്പർ ഇടലും മറ്റുമായി സമയംപോക്കി…….എനിക്ക് ക്ലാസ്സ്‌ തുടങ്ങിയത് ഒരു ഡിസംബറിൽ ആയിരുന്നു …കൃത്യം 10 മാസമാണ് കോഴ്സ് സമയം……കോളേജിലെ ദിനങ്ങൾ വല്ലാത്തൊരു വേഗത്തോടെ കഴിഞ്ഞുകൊണ്ടിരുന്നു…..

കോഴ്സിന്റെ അവസാന സമയമെടുക്കുമ്പോളേക്കും തെരക്ക് അതിന്റെ അത്യുന്നതിയിലെത്തി…അതോടുകൂടി വീട്ടിലേക്കുള്ള പോക്ക് അതുപോലെ കുറഞ്ഞു…..എപ്പോളെങ്കിലും വിളിയിൽ മാത്രം ഒതുങ്ങി , അമ്മുവിനോട് അത് പറയാൻ വേണ്ടിപോലും വിളിക്കാൻ നിന്നില്ല…മഞ്ജിമ വഴി അറിഞ്ഞിട്ടുണ്ടാവുമെന്നു ഞാൻ സ്വയം കരുതി , അങ്ങനെ പറയാത്തതിന് മറ്റൊരു കാരണമുണ്ട് അത് ഞാൻ വഴിയെ പറയാം…….അതുപോലെ അവസാന മാസങ്ങളായപ്പോളേക്കും എല്ലാവരുമായി വല്ലാത്തൊരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്തു …..അതുകൂടാതെ ക്ലാസിലെ ഫൈസൽ എന്നൊരുത്തൻ ഇടക്ക് കാറ്ററിങ് പരിപാടിക്ക് പോകുന്നത് അറിഞ്ഞപ്പോൾ ഞാനും അവന്റെ കൂട്ടത്തിൽ ഒഴിവുള്ള ഞായറുകൾ അതിനു പോകാൻ തുടങ്ങി …ചാർട്ടുകൾ ,സ്‌കെച്ചുകൾ ,ചില മെറ്റീരിയലുകൾ തുടങ്ങിയ ചെറിയ ആവശ്യങ്ങൾ തടസം കൂടാതെ നടത്താൻ അതെന്നെ സഹായിച്ചു……

ക്ലാസിൽ ഉണ്ടായിരുന്നതിൽ അധികം പേരും വന്നത് മിഡിൽ ക്ലാസ്സ്‌ കുടുംബങ്ങളിൽ നിന്നായിരുന്നു ..അതുകൊണ്ടുതന്നെ ഓരോ തവണ പൈസയുടെ ബുദ്ധിമുട്ടുകളും ഏതാണ്ട് എല്ലാവരും ഒരുപോലെയാണു നേരിട്ടത് …..അതിൽ തന്നെ റസീന എന്ന കുട്ടി എന്നോട് വല്ലാതെ കൂട്ടായിത്തീർന്നു …ഒന്നിച്ചിരുന്നും , വർക്കുകൾ ഷെയർ ചെയ്തും കുടുംബകാര്യങ്ങൾ ഷെയർ ചെയ്തും ഞങ്ങൾ തമ്മിൽ മറ്റുള്ളവരെക്കാൾ കൂട്ടായി … എനിക്കവൾ ഒരുപാട് സഹായങ്ങൾ ചെയ്തുതന്നു, ഞാൻ തിരിച്ചും ……പക്ഷെ കുടുംബകാര്യം സംസാരിച്ചെന്നല്ലാതെ അമ്മുവിൻറെ കാര്യങ്ങളൊന്നും ഞാൻ പറഞ്ഞിരുന്നില്ല …

അമ്മുവിനെ കണ്ടിട്ടോ മിണ്ടിയിട്ടൊ മൂന്ന് മാസങ്ങൾ ആവാനായ ഒരു നാൾ , ക്ലാസിൽ വർക്കുകൾ കുറഞ്ഞുള്ള ഒരു ഇടവേള വന്നപ്പോൾ പതിവില്ലാതെ അമ്മുവിനെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ നൊമ്പരപ്പെടുത്തി …..അവളുടെ ഓർമ്മ നെഞ്ചിനെ നീറ്റിക്കൊണ്ടിരുന്നപ്പോ ഞാൻ കലപില സംസാരിക്കുന്ന കൂട്ടുകാരിൽ നിന്നും മാറി പുറകിലെ ബെഞ്ചിൽ ചുമരിനോട് ചേർന്നു കൈ രണ്ടും തലക്കടിയിൽ വെച്ചു നീണ്ടുനിവർന്നു കിടന്നു കണ്ണുകളടച്ചു …..അവളോടൊത്തു മുൻപ് ചിലവഴിച്ച സമയം ആലോചിച്ചാൽ ഇപ്പോഴുള്ള അവസ്ഥക്ക് എന്തെങ്കിലും കുറവ് വരുമെന്നൊരു കണക്കുകൂട്ടലിലാണ് കിടന്നത് …അന്നത്തെ പ്രതിഷ്ടാദിനം പോലെ പിന്നെയും രണ്ടു പ്രതിഷ്ടാദിനങ്ങൾ ഞങ്ങൾക്ക് ഒന്നിച്ചു ആഘോഷിക്കാൻ ഭാഗ്യം കിട്ടിയിരുന്നു ., അന്നെല്ലാം അന്നത്തെക്കാൾ ഭംഗിയായി ഞങ്ങൾക്ക് പ്രണയിക്കാനും …..ഞങ്ങൾ ഒത്തുചേരുന്ന സമയത്ത് ഞങ്ങൾക്ക് മാത്രമായൊരു സമയം കുറച്ചെങ്കിലും തരാൻ പെങ്ങന്മാർക്കും ശബരിക്കും നിത്യക്കും പുറമേ അമ്മുവിൻറെ അമ്മയും ശ്രദ്ധിച്ചിരുന്നു …..എന്നാൽ എന്റെയോ ശബരിയുടെയോ അമ്മമാരിൽ ആരെങ്കിലും ഞാൻ പ്രൊപ്പോസ് ചെയ്തത് കേട്ടിരുന്നോ എന്ന് ഇന്നും ഞങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല …….

അമ്മുവിനു കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അല്ലറചില്ലറ മാറ്റങ്ങളെല്ലാം വന്നിട്ടുണ്ട് …നിറം കൂടി , ഭംഗി അവളുടെ ചേച്ചിമാരോട് കിടപിടിക്കുന്നത്രക്കോ ഒരുപക്ഷേ അവരെക്കാൾ കൂടുതലോ ആയി……മെലിഞ്ഞല്ലെങ്കിലും തടിയുണ്ടെന്നു തോന്നാത്ത അവസ്ഥയിൽ നിന്നും അത്യാവശ്യം സ്ട്രക്ച്ചർ ഉള്ള ഷേപ്പ് ആയി…പക്ഷെ നാടൻ രീതി വിട്ടൊരു ഡ്രെസ്സിങ്ങോ , മറ്റ് കാര്യങ്ങളോ ചെയ്തില്ല ….അങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ ഇടപെട്ടതും ഇല്ല……ഇതിനിടയിൽ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം അവളുടെ ചേച്ചിമാരുടേതാണ് …..കാവ്യക്ക് പഠിച്ച യൂണിവേഴ്സിറ്റിയിൽ തന്നെ phd ചെയ്യാൻ അവസരം കിട്ടി , അവൾ കഴിഞ്ഞ വർഷം മുതൽ കാര്യമായിട്ട് തന്നെ അതിനു വേണ്ടി അവിടെത്തന്നെ ഫ്ലാറ്റ് എടുത്ത്‌ കൂടി …..കൃപ ഡിഗ്രി കഴിഞ്ഞു PG ക്ക് പോയി ….ചേച്ചിയുടെ പാത പിന്തുടർന്നു പോവാനാണ് അവളുടെ പ്ലാൻ എന്ന് കേട്ടിരുന്നു …..എന്തായാലും ഒരു ഗുണമുണ്ടായത് എന്താണെന്നു വെച്ചാൽ അവരെക്കൊണ്ടു എനിക്ക് പിന്നെ അമ്മുവിൻറെ വീട്ടിൽ വല്ല്യേ ശല്യമുണ്ടായില്ല എന്നതായിരുന്നു ….

എനിക്ക് B ed ന് കിട്ടി ആദ്യത്തെ തവണ അവളുടെ വീട്ടിൽ ചെന്നത് ഒരു വൈകുന്നേരമായിരുന്നു … പൂമുഖത്തു ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛൻ എന്നെ കണ്ടപ്പോൾ ഞാൻ വന്നിട്ടുണ്ടെന്ന് ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു …പിന്നെ അമ്മയും അമ്മുവും വന്ന് മൂന്നാളുകളും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഒരുപാട് സമയം പോയി ……ഒരു മണിക്കൂർ ആയപ്പോൾ അമ്മു കണ്ണുകാണിച്ചു , അത് ശ്രദ്ധിച്ചതുകൊണ്ടാകും അച്ഛൻ ഞങ്ങളോട് പാടത്തൊക്കെ ഒന്ന് നടന്നു വന്നോളാൻ പറഞ്ഞു കത്തിയടി നിർത്തി ….ഞാൻ അവളോടൊപ്പം കുളപ്പടവിൽ ആണ് പോയത്‌ …അന്ന് ഇരുന്ന പടിയിൽ അവളിരുന്നപ്പോൾ ഞാൻ അവൾക്കു മേലെയുള്ള പടിയിൽ അവളുടെ തൊട്ടുപുറകിൽ ഇരുന്നു ….എന്റെ രണ്ടു കാലും വിടർത്തി അവൾ ചാരിയിരുന്ന് അവളുടെ കൈ രണ്ടും എന്റെ മുട്ടിനു മുകളിൽ വെച്ചു……ഞാൻ അവളുടെ തലമുടിയിൽ എന്റെ താടി വെച്ചു കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു ….

” ഏട്ടാ…..ക്ലാസിൽ അധികവും പെൺകുട്ടികളാണെന്നല്ലേ പറഞ്ഞേ …?? ”

അവൾ എന്റെ കാലിലെ രോമത്തിൽ മെല്ലെ വലിച്ചുകൊണ്ടു ചോദിച്ചു …

” അതേടീ …..ഒക്കെ ഓരോ കിടിലൻ കുട്ടികൾ …..സാരിയൊക്കെ ഉടുത്തു വരുമ്പോൾ എന്റെ മോളെ , എന്താ പറയാ……ഹോ..!! ”

ഞാൻ അവളെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞു…

” എന്തൊക്കെ പറഞ്ഞാലും ഏട്ടനെ എനിക്ക് നല്ല വിശ്വാസാണ്……..ആരെ വായ്‌നോക്കണതും എനിക്കൊരു പ്രശ്നവുമില്ലാട്ടോ ,ഏട്ടൻ നോക്കണ്ടന്നൊന്നും ഞാൻ പറയില്ല , എന്നോട് പറയാതിരുന്നാൽ മതി …..”

അവൾ കൈകൾ ഉയർത്തി എന്റെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു …എനിക്കെന്തോ വല്ലായ്മ തോന്നി….ഞാൻ അവളുടെ നെറുകിൽ ഒരു ഉമ്മ കൊടുത്തു …..അതിനുശേഷവും ഞാൻ വായ്നോക്കിയിട്ടുണ്ട് , പക്ഷെ അങ്ങനെ അവളോട്‌ പറഞ്ഞില്ല …എന്നെ ഒരുപാട് ആഴത്തിൽ മനസിലാക്കിയതുകൊണ്ടാവും അന്ന് അവളെങ്ങനെ പറഞ്ഞതെന്ന് പിന്നീട് എനിക്ക് മനസിലായി …

ഇന്നു ഇത്രയും ഓർത്തത്‌ ഒരു ആശ്വാസത്തിനാണെങ്കിൽ സംഭവിച്ചത് മറ്റൊന്നാണ് , അവളെ ആലോചിക്കുന്തോറും മനസ്സിൽ വിഷമം ഏറിവന്നു …….ഈ നിമിഷം കണ്ടേതീരൂ എന്നൊരു അവസ്ഥയിലെത്തി നെഞ്ചാകെ പെരുമ്പറകൊട്ടി….ആകെയൊരു വിമ്മിഷ്ടം തോന്നിയപ്പോൾ തലമുടിയിൽ പിടിച്ചുവലിച്ചു തല ഇട്ട് ഉരുട്ടി ……..കണ്ണിൽ നിന്നും ചെവിയിലേക്ക് ചുടുകണ്ണീർ എന്റെ പോലും സമ്മതമില്ലാതെ ഒഴുകികൊണ്ടിരുന്നു …..തലമുടിയിലൊരു തലോടൽ കിട്ടിയപ്പോളാണ് ഞാൻ കണ്ണുതുറന്നത് ….അത് റസീനയായിരുന്നു ….

” എന്താ മനൂ …..എന്തിനാ കരയുന്നത് …??”

അവൾ വേവലാതിയോടെ നോക്കികൊണ്ട്‌ എന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കി …..

” ഏയ്‌ ….ഒന്നുമില്ലെടോ , ഞാൻ എന്തോ ആലോചിച്ചപ്പോ പെട്ടെന്ന്…”

ഞാൻ കിടന്നു വിക്കി….കൂടുതൽ കോംപ്ലിക്കേറ്റ് ആവാതിരിക്കാൻ എണീറ്റിരുന്നു , പിന്നെ മുഖം കഴുകിവരാമെന്നു പറഞ്ഞു പുറത്തിറങ്ങി …മുഖം കഴുകി വരാന്തയിൽ പേപ്പർ ഇട്ട് അവിടെ ഇരുന്നു ……അധികം വൈകാതെ റസീനയും അടുത്തു വന്നിരുന്നു …ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചുകൊടുത്തു ..

” ചിരിക്ക് വോൾടേജ് ഇല്ലല്ലോ മാഷേ……!! എന്താണ് സംഭവം…?? ”

അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു ചോദിച്ചു……ഞാൻ കാര്യം ആദ്യം മുതൽ പറഞ്ഞു കൊടുത്തു …….അമ്മുവിനെക്കുറിച്ചും , പ്രണയം തുടങ്ങിയതിനെപ്പറ്റിയും ,അവിടെ മുതൽ ഓരോ കാര്യവും അവൾക്കായി ഒരിക്കൽക്കൂടി തുറന്നുകൊടുത്തു ….തുടക്കം മുതൽ ഓരോന്നും ഞാൻ പോലുമറിയാതെ എന്നിൽ നിന്നും ഒഴുകുകയാണുണ്ടായത് ……പറഞ്ഞു തീരുമ്പോൾ ഒത്തിരി സ്നേഹം നിറഞ്ഞ മുഖവുമായി അവൾ പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു …….

” അമ്പടാ കള്ളകാമുകാ……..ഇത്രേം വല്യൊരു കാമുകനാണോ ഇങ്ങനെ പതുങ്ങി ഇരുന്നിരുന്നത് …!!! കണ്ടാൽ പറയൂല്ലല്ലോ ..!”

അവൾ എന്റെ തലമുടിയിൽ സ്പീഡിൽ കൈയുരച്ചു പറഞ്ഞു…….ഞാൻ തിരികെയും ചിരിച്ചുകൊടുത്തു …അവളെന്റെ കയ്യെടുത്തു പുഞ്ചിരിയോടെ ആ മോതിരം നോക്കി ….

” അപ്പൊ ഇത് വെറുമൊരു മോതിരമല്ലല്ലേ …അമ്മുക്കൊച്ചിന്റെ പ്രണയമാണ് ….ഹ്മ്മം , കേൾക്കാൻ സുഖമുള്ള ഒരു ലവ്‌ സ്റ്റോറി…..”

അവൾ വീണ്ടും എന്നെ അഭിനന്ദിച്ചു …

” എനിക്കും കാണാൻ തോന്നുന്നുണ്ട് നിന്റെ അമ്മുട്ടിയെ …….നിന്റെ സംസാരത്തിൽ നിന്നും എനിക്ക് ഒരു രൂപം കിട്ടീട്ടുണ്ട് , തൽക്കാലം അതുമതി , ഒരിക്കൽ എനിക്കും നേരിട്ട് കാണണം ……ഈ കഥ കേട്ട് എനിക്ക് ഇത്രേം തോന്നുന്നുണ്ടെങ്കിൽ നിന്റെ അവസ്ഥ എനിക്ക് ആലോചിച്ചിട്ട് പോലും എത്തുന്നില്ല മാഷേ …..എന്തായാലും നീ ഈ ആഴ്ച വീട്ടിൽ പോണം ഡാ……അവളേം കണ്ടു വായോ , നിനക്ക് ഇത്രേം ഉള്ള സ്ഥിതിക്ക് നിന്നെ കാണാതെ അവളും വിഷമിച്ചിട്ടുണ്ടാവൂലെ …??”

അവൾ ആലോചനയോടെ എന്നോട് പറഞ്ഞു ….ഞാനും അതുതന്നെ ആലോചിക്കുവാരുന്നു…..അവളോട്‌ തുറന്നു പറഞ്ഞിട്ടും അണയാൻ പാകത്തിലുള്ള ഒരു തീ ആയിരുന്നില്ല ആ അവസ്ഥ ..പിന്നെയും തീച്ചൂളയിൽ ഇട്ടെന്ന പോലെ ഞാൻ സമയം കഴിച്ചുകൂട്ടി ……..

പ്രണയത്തിന്റെ തീവ്രത അറിയാൻ അകന്നിരുന്നാൽ മതിയെന്നു ഞാൻ നന്നായിട്ട് മനസിലാക്കിയ സമയം …….

ഹോസ്റ്റലിൽ എത്തിയപ്പോൾ ഞാൻ കണ്ടു തഴമ്പിച്ച ആ വഴിത്താരയിലൂടെയുള്ള ഞങ്ങളുടെ നടത്തസ്വപ്നം ഞാൻ ഒരു ഡയറിയിലേക്ക് പകർത്തി ………അത് എഴുതിക്കഴിഞ്ഞു ഒരാവർത്തി വായിച്ചപ്പോൾ വല്ലാത്തൊരു അനുഭൂതി എന്നിൽ നിറഞ്ഞതായി എനിക്ക് ഫീൽ ചെയ്തു…….അതിന്റെ സന്തോഷം പ്രകൃതിയിൽ പോലും അലയടിച്ചതുകൊണ്ടാകാം പുറത്ത് മഴ കുറച്ചു ശക്തമായിത്തന്നെ പെയ്യുവാൻ തുടങ്ങി …….ഞാൻ ഡയറി മടക്കി വെച്ചു ജനാല ഇത്തിരി തുറന്നു …തണുത്ത കാറ്റ് ഉള്ളിലേക്ക് വന്നു മനസിനെ ഒന്നുകൂടി തണുപ്പിച്ചു……ഞാൻ വീണ്ടും ഡയറിയെടുത്തു അതിൽ ഒരു പേജിൽ കുറിച്ചു …

‘ ജനൽച്ചില്ലിലൂടെ ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ എന്നെ ഓർമ്മിപ്പിച്ചത് ആദ്യ ചുംബനത്തിൽ നിന്റെ കണ്ണിൽ നിന്നും അടര്ന്നുവീണ കണ്ണുനീര്തുള്ളികളെയായിരുന്നു ……’

ഇതായിരുന്നു ആ വരികൾ …….ദിവസങ്ങളോളം ക്ഷമിക്കാൻ കഴിയാത്തതുകൊണ്ട് ആ വെള്ളിയാഴ്ച ഉച്ചക്ക് ഞാൻ ലീവ് എടുത്ത്‌ ഇറങ്ങി , പോകാൻ നേരം റസീന അടുത്തുവന്നു ….

” മാഷേ , പോവുന്നതൊക്കെ കൊള്ളാം …..അവളെ കണ്ട്‌ തിരികെ വരാതിരിക്കരുത് …….കോഴ്സ് മുഴുവൻ തീർന്നിട്ടില്ല ട്ടോ ….”

അവൾ കുസൃതിയോടെ പറഞ്ഞു …ഞാൻ നാക്ക് കടിച്ചു ഇടിക്കുമെന്ന ആംഗ്യം കാണിച്ചു ….പിന്നെ സമയം കളയാതെ ഭക്ഷണം കഴിച്ചു മുഷിഞ്ഞ

ഡ്രെസ്സുകളുള്ള ബാഗും എടുത്ത്‌ ആദ്യ ബസ് പിടിച്ചു വീട്ടിൽ ചെന്നു ….3.30ന് വീട്ടിൽ എത്തി …അമ്മ എത്തിയിട്ടില്ല , മഞ്ജിമ സർപ്രൈസിൽ ചെന്ന എന്നെ കണ്ട്‌ ഞെട്ടി, പിന്നെ കണ്ണുകൾ ഒന്നുകൂടി തിരുമ്മി എന്നെ നോക്കി ……

” ആഹാ ….ഏട്ടനോ…!! ഇങ്ങനൊരാൾ ഉള്ളത് തന്നെ ഞാനും അമ്മേം മറന്നുപോയീണു ….”

എന്റെ ബാഗ്‌ കയ്യിൽ നിന്നും വാങ്ങി അവൾ പറഞ്ഞു ….ഞാൻ കിട്ടിയ തക്കത്തിന് അവൾടെ തലക്കിട്ടു കൊട്ടുകൊടുത്തു…..വേദനിച്ച അവൾ തിരിഞ്ഞു കൊഞ്ഞനം കാണിച്ചുകൊണ്ട് ഉള്ളിൽ പോയി …

ചായ ഉണ്ടാക്കിയപ്പോളേക്കും അമ്മയും വന്നു , പിന്നെ ആദ്യം കുറച്ചു പതിവ് പരാതികളും , ചീത്തപറച്ചിലും ഒക്കെയായി കഴിഞ്ഞു ….അമ്മുവിനെ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ ഈ മൂഡ്‌ വെച്ചു ഇന്നു എങ്ങോട്ട് ഇറങ്ങിയാലും പ്രശ്നമാകുമെന്നു തോന്നിയപ്പോൾ നാളത്തെക് മാറ്റിവെച്ചു ….

മേല് കഴുകി മഞ്ജിമയേയും കൂട്ടി ശബരിയുടെ വീട്ടിൽ പോയി…..അഞ്ചു എന്നെക്കണ്ടു ഓടിവന്നു കെട്ടിപിടിച്ചു , അങ്കിൾ ഉണ്ടായിരുന്നില്ല , അവന്റെ അമ്മ വന്നു കൈ രണ്ടും ചേർത്തുപിടിച്ചു …..

” രണ്ടു ആണ്മക്കളുണ്ടായിട്ടും രണ്ടാളും തിരിഞ്ഞുനോക്കുന്നുകൂടിയില്ല …. .എത്ര ദിവസമായെടാ പോയിട്ട് …ഇവിടെ ഞങ്ങളുള്ളതൊക്കെ മറന്നോ…?? ”

അവരുടെ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു……തെറ്റ് തന്നെയാണ് ഞങ്ങളും ചെയ്തത് , ശബരിയും ഞാനും ഒരുപോലെ ചെയ്തതിലുള്ള സങ്കടം അവർക്കുണ്ടാകുമല്ലോ ……..അവരുടെ എല്ലാവരുടെയും സങ്കടം മാറ്റാൻ വേണ്ടി കോളേജിലെയും കോഴ്‌സിന്റേയും വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ എല്ലാവരും ഒന്നിച്ചുകൂടി….അങ്കിൾ കൂടി വന്നു ആ സമയം ഒന്നുകൂടി മനോഹരമായി…. ശബരിയുടെ അഭാവത്തിലും കളിയും ചിരിയുമായി ഞങ്ങൾ ചിലവഴിച്ചു ..പിന്നെ തിരച്ചു വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞു ഉമ്മറത്ത്‌ തിണ്ണയിൽ വന്നിരുന്നു …മഴ ചെറുതായി പെയ്യുന്നുണ്ട് , അന്തരീക്ഷത്തിനൊക്കെ തണുപ്പ് , എന്തെന്നില്ലാത്ത ഒരു ആശ്വാസം മനസ്സിൽ തോന്നി , അമ്മുവിനെ കാണുന്ന കാര്യം ആലോചിച്ചപ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്തൊരു വിങ്ങൽ …. അടുത്താരോ വന്നിരുന്നത് തോന്നിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി ,അത് മഞ്ജിമയായിരുന്നു …ഞാൻ അവളുടെ അടുത്തെക്ക് നീങ്ങിയിരുന്നു തോളിലൂടെ കയ്യിട്ടു….

” ഏട്ടാ …..അമ്മുവുമായിട്ട് എന്തേലും പ്രശ്നമുണ്ടോ ..?? ”

അവളെന്റെ മുഖത്തേക്ക് അമ്മ കേൾക്കാതിരിക്കാൻ നോക്കി പതുക്കെ ചോദിച്ചപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി …

” പ്രശ്നമോ …എന്ത് പ്രശ്നം…?? ”

എന്റെ പേടി അമ്മു എന്തേലും പ്രശ്നമുള്ളതായി ഇവളോട്‌ പറഞ്ഞോ എന്നതായിരുന്നു …

” വേറൊന്നുമല്ല , അവൾ കുറച്ചു ദിവസായി ആകെ ഡെസ്പ് ആണ് .., വല്ലതെന്തോ സങ്കടം ഉള്ളിൽ ഉള്ളപോലെ മുഖം കാണുമ്പോ തോന്നും …!!”

അവൾ അത് പറഞ്ഞു എന്റെ മറുപടിക്ക് കാത്തു ..

” ഒന്നുമില്ലെടീ …നിന്നോട് അവളെന്തെലും പറഞ്ഞിരുന്നോ …? ”

ഞാൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു ….

” അല്ലെങ്കിൽ എന്നോട് ഇടക്കൊക്കെ ഏട്ടന്റെ കാര്യം ചോദിക്കാറോ പറയാറോ ഒക്കെയുള്ളതാ , ഇപ്പൊ ഒന്നും ചോദിക്കാൻ തോന്നില്ല ,പോവുമ്പോളൊക്കെ എപ്പളും എന്തോ വല്ല്യേ ആലോചനയിലാണ് ……എന്തെങ്കിലും ഉണ്ടെങ്കിൽ ഏട്ടൻ തീർത്തേക്ക് ട്ടോ , അതൊരു പാവം പെണ്ണല്ലേ..!! ”

അവൾ എന്റെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ടു പറഞ്ഞു ….

” അതിനെ ഞാൻ സങ്കടപ്പെടുത്തും ന്ന് നിനക്ക് തോന്നുന്നുണ്ടോടീ ….ഇനിപ്പോ എന്തേലും ഉണ്ടെങ്കിൽ ഒക്കെ നാളെ തീർക്കാം ….പോരേ ..?? ”

ഞാൻ പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ എന്നെ ചേർത്തുപിടിച്ചു ….അപ്പോഴാണ് അമ്മ വരുന്നത് കണ്ടത് , ഞങ്ങൾ മെല്ലെ ആ വിഷയം നിർത്തി …

” ഒന്നോളം പോന്ന രണ്ടെണ്ണമാണ് ഉമ്മറത്തിരുന്നു കെട്ടിപിടിക്കുന്നത് , നാണമില്ലേ നിങ്ങക്ക് ..??”

വന്നപാടെ അമ്മ ചീത്തപറഞ്ഞു …..സാധാചാര ബോധം കൊണ്ടല്ല , അമ്മക്ക് പരിചയമില്ലാത്ത സ്നേഹപ്രകടനങ്ങളാണ് ഇതെല്ലാം , അത് കാണുന്നത് ഇഷ്ടമാണെങ്കിൽ കൂടി അംഗീകരിക്കാൻ അമ്മക്ക് സാധിക്കില്ല ……മഞ്ജിമ അത് മൈൻഡ് ചെയ്യാതെ എന്നോട് ചേർന്നിരുന്നു …അമ്മ ഒരു സൈഡിലായി മാറിയിരുന്നു ….

” നീ അവിടെ ഒന്നും കഴിക്കരില്ലേ മനൂ …ഇതെന്തൊരു കോലമാണ്…..!!”

അമ്മ വീണ്ടും പരാതിപ്പെട്ടി തുറന്നു …

” പണ്ട് ഞാൻ ഭയങ്കര തടിയായിരുന്നല്ലോ ല്ലേ …..അവിടെ പോയിരിക്കുന്നത് തടി നോക്കി ഇരിക്കാനല്ലല്ലോ , അത്രേം വർക്കുണ്ട് ചെയ്ത് തീർക്കാൻ , ഒന്നും അറിയാണ്ട് b ed , b ed ന്നും പറഞ്ഞുവിട്ടതല്ലേ ….ഇനീപ്പോ അതെങ്ങനേലും കഴിയണ്ടത് എന്റെ ആവശ്യമായില്ലേ …!! ”

വർക്ക് കൂടുതലുള്ളതുകൊണ്ടാണെന്നു പറയാൻ മനസ്സിൽ വിചാരിച്ചെങ്കിലും മറുപടി പറഞ്ഞത് ഇങ്ങനെയാണ് …ഇതാണ് മിക്കവാറും സംഭവിക്കാറും ….. ഞങ്ങൾ സ്നേഹിക്കുന്നത് ഇങ്ങനെയാണ് ….

” അതൊണ്ടിപ്പോ ഒരു ജോലിക്കുള്ള വഴിയായെന്നു കൂട്ടിക്കോ ….”

അമ്മയുടെ മറുപടിയും കിട്ടി ….ഞാൻ ഒന്നും പറഞ്ഞില്ല ….

” കോഴ്സ് കഴിഞ്ഞാൽ എന്താ പിന്നെ പ്ലാൻ …?? ”

അമ്മ അടുത്ത ചോദ്യം ചോദിച്ചു …

” കോഴ്സ് ആദ്യം കഴിയട്ടെ , ബാക്കി പിന്നെയല്ലേ …!! ”

എന്റെ മറുപടി അങ്ങനെയായിരുന്നു …മഞ്ജിമ എണീറ്റ്‌ ഉള്ളിൽ പോയി …ഞാനും അമ്മയും മാത്രമായി ബാക്കി ..

” നിനക്കിപ്പോ 22 വയസ് കഴിഞ്ഞു , കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനുമൊക്ക ആയിത്തുടങ്ങി …..അതോണ്ട് വിവേകത്തോടെ തീരുമാനിക്കണം എന്ത് കാര്യവും ….”

അമ്മ വളച്ചുക്കെട്ടലോടെയാണ് പറഞ്ഞത് ..അതെന്താണെന്ന് ചൂഴ്ന്നു നോക്കാൻ ഞാനും ഇഷ്ടപ്പെട്ടില്ല …. എനിക്ക് അധികം മറുപടി ഇല്ലാത്തതുകൊണ്ടാവണം അമ്മ ഉള്ളിൽ പോയി ..കുറച്ചുസമയം കൂടി ഇരുന്ന ശേഷം ഞാനും പോയി കിടന്നുറങ്ങി ……

പിറ്റേന്ന് ഒരു 10 മണി കഴിഞ്ഞപ്പോൾ ശബരിയുടെ ബൈക്ക് എടുത്ത്‌ ഞാൻ അമ്മുവിൻറെ വീട്ടിൽ പോയി …ചെല്ലുമ്പോൾ അമ്മ മുറ്റത്ത്‌ മുളക് ഉണക്കാനിടുന്നുണ്ടായിരുന്നു …ഞാൻ ബൈക്ക് നിർത്തി ഇറങ്ങിയപ്പോളാണ് നോക്കിയത് …

” ആഹ് , മോനായിരുന്നോ ……ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ കരുതി കറന്റ്‌ ബിൽ തരുന്നയാളാണെന്നു …അതും ഇപ്പൊ വരനായീണു……”

അമ്മ എന്നോട് ഇതും പറഞ്ഞു വീണ്ടും ചെയ്ത പണി തുടർന്നു ..

” ഇത് വേഗം ഒണക്കാനിടട്ടേ ട്ടോ , ഒരു വെയിൽ കണ്ടപ്പോ വേഗം കൊണ്ടുവന്നിട്ടതാണ്, ആ പെണ്ണിന് ഇപ്പൊ ഇതിനൊന്നും നേരല്ല്യ …….”

” ആയ്ക്കോട്ടേ …..അച്ഛനും അമ്മുവും എവട്യാ അമ്മേ …?? ”

എനിക്ക് അമ്മുവിനെ കാണാൻ ധൃതിയായിരുന്നു , അവളെ മാത്രം ചോദിക്കുന്നത് മോശമായാലോ എന്ന് കരുതി അച്ചനേം കൂടെ ചോദിച്ചെന്നെ ഉള്ളൂ . …..

” അവർ പാടത്തേക്ക് പോയിട്ട് കൊറേ സമയായി , ഒന്ന് അങ്ങോട്ട്‌ പോയിനോക്കൂ …”

അമ്മ പാടഭാഗത്തേക് ചൂണ്ടി പറഞ്ഞു …ഞാൻ തലയാട്ടി അവിടെ നിന്നും വേഗം നടന്നു ,അവരുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ ഓടി , കുളപ്പടവിൽ എത്തി വെറുതെ ഒന്ന് നോക്കിയപ്പോൾ അമ്മു അവിടെ തലയും താഴ്ത്തിയിരുപ്പുണ്ട്, ഞാൻ ഓടിവന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ല , വല്ല്യേ എന്തോ ചിന്തയിലാണ് ….ഞാൻ ഓട്ടം നിർത്തി രണ്ടു മിനിറ്റ് അവളെയും നോക്കിക്കൊണ്ടു കിതച്ചു .. …

” അമ്മുട്ടീസ് ….”

ഞാൻ ഏറ്റവും മുകളിലെ പടവിൽ നിന്നും വിളിച്ചു …അവൾ ഞെട്ടി തിരിഞ്ഞു നോക്കി …പിന്നെ അതേ ഞെട്ടലോടെ എണീറ്റ്‌ പടവുകൾ ശ്രദ്ധിക്കുക കൂടി ചെയ്യാതെ വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു , എന്റെ മുഖത്തേക്ക് മാത്രം നോക്കി വരുന്നതിനാൽ ഇടക്ക് ഒരു പടവിൽ കാല് തട്ടി അവൾ അവിടെത്തന്നെ മുട്ടുകുത്തി വീണു , പിന്നെ അവിടുന്ന് അതുപോലെ എണീക്കാൻ നോക്കി ….

ആദ്യം ഒന്ന് അമ്പരന്നശേഷം ഞാൻ ഓടിച്ചെന്നു അവളെ എഴുന്നേൽപ്പിച്ചപ്പോൾ അവൾ തേങ്ങി തേങ്ങി കരഞ്ഞു ……പിന്നെ എന്നെ മുറുകെ കെട്ടിപ്പിടിച്ചു ആർത്തലച്ചു കരഞ്ഞു …ഞാൻ വല്ലാണ്ടായി …..അവളെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ ഞാൻ ആ പടവിൽ ഇരുന്നു …..അവളുടെ കരച്ചിലിന് ഒരു ആക്കം വരാൻ കാത്തുനിന്നു….കരച്ചിൽ നിന്നിട്ടും അവളുടെ തേങ്ങലിനു കുറവ് വന്നില്ല , ഞാൻ പതിയെ അവളുടെ പുറത്ത് തഴുകി….

” എന്തിനാ നീ ഇങ്ങനെ കരയണെ….?? ”

ഇടക്കൊന്നു ശാന്തമായപ്പോൾ ഞാൻ അവളുടെ മുഖം കൈയിലെടുത്തു ചോദിച്ചു ….അവൾ എന്റെ കണ്ണിൽ നോക്കി , മിഴികൾ വീണ്ടും നിറഞ്ഞു വന്നു ….ഞാൻ കുനിഞ്ഞിരുന്നു അവൾ കുത്തിവീണ ആ കാൽമുട്ടിലെ തൊലി പോയ ഭാഗം മെല്ലെ തുടച്ചു , പിന്നെ അവളുടെ മുഖത്തേക്ക് നോക്കി ആ മുറിവിൽ പതിയെ ഊതി …

” ഏട്ടൻ മിണ്ടാഞ്ഞിട്ട് ….!! എത്ര ദിവസായി എന്നോടൊന്നു സംസാരിച്ചിട്ട് , ഒന്ന് കണ്ടിട്ട് …….തെരക്ക് ആയാലും ഇങ്ങനെ മറക്കാൻ പറ്റോ ….!!എനിക്ക് സഹിച്ചില്ല ഏട്ടാ , ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനെന്തു തെറ്റാ ചെയ്തേ …?? ഞാനെങ്ങന്യാ സഹിച്ചെന്ന് എനിക്ക് തന്നെ അറിയില്ല , …ഇനി വയ്യ ട്ടോ , ഇങ്ങനെ ഇനിയും ചെയ്താൽ ഞാൻ ചങ്ക് പൊട്ടി ചാവും ….”

എന്നെ വീണ്ടും വരിഞ്ഞുമുറുക്കി ഇതും പറഞ്ഞു അവൾ വീണ്ടും കരഞ്ഞു….

ഇതാ ഈ നിമിഷത്തിനാണ് ഞാൻ കാത്തുനിന്നത് …കുറച്ചു കാലം കാത്തിരുന്ന് വീണ്ടും അതിനെക്കാൾ തീവ്രമായി പ്രണയിക്കുന്നതിന്റെ ആ സുഖം ഒന്ന് അറിയാൻ വേണ്ടിയാണു ചെറുതെങ്കിലും സഹിക്കാൻ പ്രയാസപ്പെട്ടൊരു ഗാപ്‌ എടുത്തത് ….അമ്മുവിനെ പോലൊരു പെണ്ണിനോട് ഇത് ഇത്തിരി ക്രൂരമാണെങ്കിലും ഉള്ളിൽ ഇടക്കെപ്പഴോ അണഞ്ഞു നിക്കുന്ന പ്രണയത്തിനെ അതിന്റെ എല്ലാ ഭാവത്തോടും കൂടി ജ്വലിപ്പിക്കാൻ ഇങ്ങനൊരു കുഞ്ഞു കാര്യമെങ്കിലും ഞാൻ ചെയ്യണമല്ലോ ….!!

അവളെ ഞാൻ ചേർത്തുപിടിച്ചു പിന്നെ മുഖം കയ്യിലെടുത്തു ,

“ഇനി ഞാൻ എങ്ങും പോവില്ല , അല്ലെങ്കിലും നിന്നെ വിട്ട് ഞാൻ എവടെ പോവാനാ അമ്മുട്ട്യേ ….നീ ഇല്ലെങ്കിൽ ഞാനില്ലല്ലോ …….ഇത് നിന്നെ ഞാനൊന്നു പരീക്ഷിച്ചതല്ലേ …നിത്യ പണ്ട് പറഞ്ഞിരുന്നത് നീയൊരു സ്ട്രോങ്ങ്‌ ഗേൾ ആണെന്നാണ് …ഇതിപ്പോ കണ്ടിട്ട് അന്ന് അവളെന്നെ പറ്റിച്ചതാണെന്ന് തോന്നുന്നു …”

ഞാൻ ആ മൂഡിന് ഒരു മാറ്റം വരാൻ ഇത്തിരി ചളിയടിച്ചു ….അവൾ എന്നെ പുറത്ത് ചുറ്റി ഒന്നുകൂടി അടുപ്പിച്ചു , പിന്നെ എന്റെ മൂക്കിൽ അവളുടെ മൂക്കുരുമ്മി….

” ഏട്ടൻ മിണ്ടാഞ്ഞാൽ എനിക്ക് ഇങ്ങനെ ആവാനെ പറ്റു ……എന്നെ വിട്ടുപോവുമെന്ന പേടിയൊന്നും കൊണ്ടല്ല എനിക്കീ സങ്കടം ഏട്ടാ , ഇടക്കൊന്നു കണ്ടില്ലെങ്കിൽ ,ഒന്ന് സംസാരിച്ചില്ലെങ്കിൽ നെഞ്ചുപൊട്ടി മരിക്കും എന്നൊരു തോന്നലാണ് …..അച്ഛനും അമ്മയും ഏട്ടനും കൂടെ ഇല്ലാതെ എനിക്ക് ഈ ലോകം തന്നെ വേറേതോ പോലെ തോന്നുവാ ……ഏട്ടനറിയുവോ നിത്യയോട്‌ പോലും മനസ് തുറന്നൊന്നു സംസാരിക്കാൻ ഈയിടെയായിട്ട് പറ്റാറില്ല

……എനിക്കെന്തൊക്കെയാ പറ്റിയതെന്ന് എനിക്കുതന്നെ അറിയില്ല …ഇനി പരീക്ഷിക്കല്ലേ ട്ടോ , പ്ലീസ് …..”

അവൾ കെഞ്ചിക്കൊണ്ടു എന്നോട് പറഞ്ഞു …എനിക്ക് സഹിച്ചില്ല …സോറി പറഞ്ഞു ഞാൻ അവളുടെ നെറ്റിയിലും രണ്ടു കണ്ണിലും മാറി മാറി ഉമ്മ വെച്ചു, പിന്നെ അവളെ ചേർത്തുപിടിച്ചു തിരിയുമ്പോൾ ഇതെല്ലാം കണ്ട്‌ നിറഞ്ഞ കണ്ണുമായി അവളുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു ….

തുടരും …

ഈ പാർട്ട് കുറച്ചു സ്പീഡ് കൂട്ടി എഴുതിയതാണ് , എങ്കിലും ഫീൽ പോവാതിരിക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട് ……സമയവും മൂഡും കിട്ടാതെ ഈ ആഴ്ചയിൽ പല ദിവസവും ഞാൻ കുടുങ്ങി…ഈ ആഴ്ച തന്നെ ഇടാമെന്ന് ഉറപ്പായത് കഴിഞ്ഞ രണ്ടു ദിവസത്തെ എഴുത്ത് കൊണ്ടാണ് …..കുറച്ചു വർഷങ്ങൾക്കു ശേഷമുള്ള ഭാഗം കാണിച്ചത് ഒരു മാറ്റം അത്യാവശ്യമായതുകൊണ്ടാണ് , അത് ഇഷ്ടമായവർ അഭിപ്രായം പറയുക , ഇഷ്ടമാകാത്തവർ ദയവു ചെയ്ത് ക്ഷമിക്കുക….

പിന്നെ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞതുപോലെ ഇതിൽ കാലം , ടെക്നോളജി , സ്ഥലം ,പിന്നെ ചരിത്രമോ മറ്റുള്ള കാര്യങ്ങൾ ഇവക്കൊന്നിനും സ്ഥായീഭാവമില്ല , അത് ഞാൻ എഴുത്തിന്റെ സ്വഭാവികമായ ഒഴുക്കിനു വേണ്ടി ആവശ്യാനുസരണം ഉപയോഗിക്കുന്നതാണ്, അതുകൊണ്ട് അങ്ങനെ പറയുന്ന കാര്യങ്ങളിലെ ലോജിക് നോക്കരുതെന്നും അപേക്ഷിക്കുന്നു …

എന്നത്തേയും പോലെ ഇന്നും ഈ കഥക്ക് വേണ്ടി കാത്തിരുന്നു വായിച്ചവരാണ് നിങ്ങളിൽ പലരും , നിങ്ങൾ തരുന്ന ലൈകും കമന്റും മാത്രമാണ് ഇതിൽ കഥ എഴുതുന്ന എല്ലാവരുടെയും പ്രതിഫലം എന്ന് കൂടി ഓര്മപ്പെടുത്തിക്കൊണ്ടു …..

സ്നേഹപൂർവ്വം

Fire blade…..🥰🥰

Comments:

No comments!

Please sign up or log in to post a comment!