Soul Mates

നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് ജോലി കിട്ടി വന്നതിന് ശേഷം കൂട്ടുകാരുമായി ഉള്ള കറക്കവും പാടത്തുള്ള പന്ത് കളിയും ക്ലബ്ബിൽ ഇരുന്നുള്ള കാരം ബോർഡ് കളിയും ഒക്കെ ഓർമകൾ ആയി മാറിയിരുന്നു…

കോർപ്പറേറ്റ് ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ ഞാനും പെട്ട് പോയി എന്ന് പറയാം.. നാട്ടിൽ ഉള്ളവരുടെ കണ്ണിൽ നമ്മൾ വലിയ കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയപ്പോൾ ഇപ്പോ ആരെയും വേണ്ട എന്ന മട്ടാണ്.. പക്ഷേ സത്യം നമുക്കല്ലെ അറിയൂ, ഓവർ ടൈമും ഡബിൾ ഷിഫ്റ്റും ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ സമയം കിട്ടുന്നത് തന്നെ ഭാഗ്യമാണ്..

നാട്ടിൽ ഉള്ള എൻ്റെ അടുത്ത കൂട്ടുകാരിൽ ഒരാളാണ് സഞ്ജയ്.. പേരൊക്കെ കിടിലൻ ആണെങ്കിലും അവനെ ഞങൾ കൂട്ടുകാർ പരസ്പരം വിളിക്കുന്നത് പച്ചരി എന്നാണ്.. കാരണം വേറൊന്നും അല്ല അവൻ്റെ അച്ഛന് ഒരു റേഷൻ കടയാണ്…

ചെറുപ്പം മുതലേ എല്ലാ കാര്യത്തിലും ഞങൾ ഒരുമിച്ചായിരുന്നു.. സഞ്ജുവിന് ഒരു ചേച്ചിയും ഉണ്ട് സഞ്ജന.. അവളിപ്പോൾ നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ് ആണ്.. സഞ്ജു ആണെങ്കിൽ പോക്കറ്റിൽ കാശ് തീരുമ്പോ മാത്രം പണിക്ക് പോകുന്ന കൂട്ടത്തിലും…

സഞ്ജന ചേച്ചിയുടെ കല്യാണം ആണ് നാളെ, തിടുക്കത്തിൽ ഞാൻ ഇപ്പൊൾ നാട്ടിലേക്ക് പോകുന്നതിൻ്റെ കാരണവും അത് തന്നെ ആണ്..

തലേ ദിവസം തന്നെ എത്തണം എന്ന് എല്ലാവരും നിർബന്ധിച്ച് പറഞ്ഞതാണ്, പക്ഷേ ഞാൻ നേരത്തെ പറഞ്ഞ കോർപ്പറേറ്റ് ലൈഫിൻ്റെ ഇടയിൽ നിന്ന് ഒന്ന് തലയൂരാൻ പറ്റണ്ടെ… അതുകൊണ്ട് എന്തായി.. ഇന്ന് രാത്രി അവിടെ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ആഘോഷങ്ങളും മിസായി…

ഒരു വിധത്തിൽ ടീം ലീഡറുടെ കയ്യും കാലും പിടിച്ചാണ് ആ സമയത്ത് എങ്കിലും ഇറങ്ങാൻ പറ്റിയത്.. പക്ഷേ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ബസ്സ് മിസ്സായി..

അങ്ങനെ അവസാനത്തെ പിടിവള്ളി എന്ന നിലക്കാണ് ഞാൻ ഇപ്പൊൾ ഈ ബസ്സിൽ ഇരിക്കുന്നത്…

സത്യം പറഞാൽ ഈ ബസ്സിൽ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.. ഒന്നാമത് അവിടെ എത്തുമ്പോൾ നേരം കെട്ട നേരമാവും പോരാത്തതിന് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരുപാട് മുന്നിൽ നിർത്തി അവിടെ നിന്ന് തിരിഞ്ഞാണ് ഈ ബസ്സ് പോവുന്നത്…

അവിടെ ഇറങ്ങി കൂട്ടുകാരെയോ ചേട്ടനയോ അച്ഛനെയോ വിളിച്ചാൽ വീട്ടിൽ എത്താം… പക്ഷേ സമയം നല്ലതായത് കൊണ്ട് ഓഫീസിൽ വച്ച് ഫോൺ ചാർജ് ചെയ്യാൻ ഒത്തില്ല.. ഇപ്പോ നോക്കുമ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു…

പകൽ സമയത്ത് പോലും ഒരു ഓട്ടോ കിട്ടാത്ത ഈ നാട്ടിൽ രാത്രി അതും നടു രാത്രിയിൽ ഒരു വണ്ടി പോലും കിട്ടുമോ എന്ന കാര്യം സംശയമാണ്.

.

മിക്കവാറും ബസ്സ് സ്റ്റോപ്പിൽ കിടന്ന് ഉറങ്ങേണ്ടി വരും എന്നാണ് തോന്നുന്നത്…

ബസ്സ് സ്റ്റോപ്പിൽ നിർത്തിയതും ഞാൻ അവിടെ ഇറങ്ങി.. വാച്ചിൽ സമയം രണ്ട് മണി ആയിരുന്നു.. ഭാഗ്യമോ നിർഭാഗ്യമോ എന്നോടൊപ്പം അവിടെ ഇറങ്ങാൻ ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല..

എന്നെ അവിടെ സേഫ് ആയി ഇറക്കി ബസ്സ് വിട്ടടിച്ച് പോയി.. വിശാലമായ റോഡും നോക്കി ഞാൻ ആ ബസ്സ് സ്റ്റോപ്പിൽ തന്നെ ഇരുന്നു…

വട്ടം വച്ചിട്ടാണെങ്കിലും ഒരു വണ്ടി നിർത്തിക്കാം എന്ന് വെച്ചാൽ ഒരു വണ്ടി പോലും വരുന്നും ഇല്ല… അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ നായ്ക്കളുടെ ഓരിയിടൽ ശബ്ദം കേൾക്കുമ്പോൾ ചെറിയ ഒരു ഭയം ഉള്ളിൽ തോന്നുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും…

ഇത്തരം ഒരു അവസ്ഥയിൽ എൻ്റെ സ്ഥാനത്ത് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ എന്നോർത്തപ്പോൾ ഉള്ളിൽ വലിയ ഭയമാണ് തോന്നിയത്..

ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ഒന്ന് രണ്ട് ലോറികൾ ചീറിപ്പാഞ്ഞു പോയതല്ലാതെ ഒറ്റ വണ്ടി പോലും വന്നില്ല.. അടുത്തത് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ദൂരെ നിന്ന് ഒരു കാർ വരുന്ന പോലെ തോന്നിയത്…

റോഡിലേക്ക് ഇറങ്ങി നിന്ന് വേഗം കാറിന് കൈ കാണിച്ചു… പ്രതീക്ഷിച്ച പോലെ തന്നെ അതും നിർത്തിയില്ല… തിരികെ ബസ്സ് സ്റ്റോപ്പിൽ കയറാൻ നിന്നപ്പോൾ ആണ് ആ കാർ റിവേഴ്സ് എടുത്ത് എൻ്റെ അടുത്തേക്ക് തന്നെ വരുന്നത് കണ്ടത്…

ഇപ്പോഴാണ് ശ്രദ്ധിച്ചത് ഒരു ബെൻസ് കാറാണ്.. ഞാൻ അതിൻ്റെ അടുത്തേക്ക് ചെന്നു.. കറുത്ത കണ്ണാടി ആയത് കൊണ്ട് അകത്തേക്ക് കാണുന്നില്ലായിരുന്നു.. പെട്ടന്ന് കാറിൻ്റെ മുൻ വശത്തെ കണ്ണാടി പതിയെ താഴ്ന്നു…

ഡ്രൈവറും അല്പം പ്രായമുള്ള ഒരാളും ആയിരുന്നു മുന്നിൽ ഇരുന്നിരുന്നത്.. അതിൽ പ്രായം തോന്നിക്കുന്ന ആൾ എന്നോട് സംസാരിച്ച് തുടങ്ങി..

“എന്താടോ..?? എന്താ കൈ കാണിച്ചെ..??”

“എൻ്റെ വീട് മൂന്ന് നാല് സ്റ്റോപ്പ് അപ്പുറത്താണ്.. പക്ഷേ ഞാൻ വന്ന ബസ്സ് ഇവിടെ വരെയേ ഉണ്ടായിരുന്നുള്ളൂ.. ബുദ്ധിമുട്ടില്ലെങ്കിൽ ഒരു ലിഫ്റ്റ് തരാവോ.. ഇവിടെ വേറെ വണ്ടി ഒന്നും കിട്ടാൻ ഇല്ല…”

ഞാൻ എൻ്റെ നിസ്സഹായ അവസ്ഥ അവരെ പറഞ്ഞ് ബോധ്യമാക്കി.. ഞാൻ പറഞ്ഞത് കേട്ട് എന്നെ നോക്കി ഒന്ന് മൂളിയ ശേഷം അയാൾ തല പുറകിലേക്ക് തിരിച്ച് കാറിനുള്ളിലേക്കു നോക്കി ചോദിച്ചു…

“ഇയാള് വന്ന ബസ്സ് ഇവിടെ വരെ ഒള്ളൂ എന്ന്.. ലിഫ്റ്റ് വേണം എന്നാ പറയുന്നത്.. എന്ത് ചെയ്യണം മോളെ…??”

“എന്തായാലും ഈ നേരം ആയില്ലേ കയറി കോളാൻ പറയൂ ശങ്കരൻ മാമ…”

സത്യത്തിൽ കാറിനുള്ളിൽ മറ്റൊരാലുണ്ട് എന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്.
. നല്ല അടിപൊളി ശബ്ദം.. ആളെ ഒന്ന് കാണാൻ വേണ്ടി ഞാൻ കാറിനുള്ളിലേക്ക് ഏന്തി നോക്കിയതും മുന്നിലെ ആൾ തിരിഞ്ഞതും ഒപ്പം ആയിരുന്നു…

“എന്താടോ..??”

“ഒന്നുല്ല…”

“ഹും.. ഈ നേരം ആയതല്ലെ.. കേറിക്കോ…”

“താങ്ക്സ് ചേട്ടാ…”

ഉള്ളിലേക്ക് കയറാൻ ആയി ഞാൻ കാറിൻ്റെ ബാക്ക് ഡോര് തുറന്നതും ഞെട്ടി പോയി…

പെൺകുട്ടികളുടെ സൗന്ദര്യം നീട്ടി വളർത്തിയ മുടിയും ഒതുങ്ങിയ ശരീരവും ചന്ദന കുറിയും തുളസി കതിരും ഒക്കെ ആണെന്നുള്ള എൻ്റെ ധാരണ പാടെ മാറി മറിഞ്ഞ് കഴിഞ്ഞിരുന്നു…

ബോയ് കട്ട് ചെയ്ത മുടിയും ഒരു കണ്ണാടിയും സിംഗിൾ സ്റ്റഡ് കമ്മലും ഒക്കെ ആയി ഒരു അതി സുന്ദരി ആ കാറിനകത്ത് ഇരിക്കുന്നത് ഞാൻ കണ്ടൂ…. അവളെ തന്നെ നോക്കി അന്തം വിട്ട് നിൽക്കുന്ന എന്നെ നോക്കി മുന്നിലെ ചേട്ടൻ ചോദിച്ചു…

” എന്താടോ കേറുന്നില്ലെ..??”

“ആ… ഉണ്ട്…”

ഞാൻ ബാഗ് തോളിൽ നിന്നും ഊറി കാറിലേക്ക് കയറി… നല്ല മണമായിരുന്നു കാറിനുള്ളിൽ മുഴുവൻ.. ഇത്രയും ആഡംബരം ഒക്കെ ഉള്ള ഒരു ബെൻസ് കാറിൽ ഞാൻ ആദ്യമായി സഞ്ചരിക്കുക ആയിരുന്നു…

ഡ്രൈവർ മുന്നിലേക്ക് നോക്കി വണ്ടി ഓടിക്കുന്നു.. മറ്റെ ചേട്ടനും മുന്നിലേക്ക് തന്നെ ആണ് നോക്കുന്നത്… ആ പെൺകുട്ടി ആണെങ്കിൽ സൈഡിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നു…

എനിക്കാണെങ്കിൽ അവളെ ഒന്ന് പരിചയപ്പെടാനും ഒന്ന് മിണ്ടാനും വല്ലാത്ത ആകാംഷ തോന്നി… പക്ഷേ മുന്നിൽ ഇരിക്കുന്ന ആൾ അൽപ്പം ചൂടൻ ആണെന്ന് തോന്നുന്നു… എന്നാലും ധൈര്യം സംഭരിച്ച് ഞാൻ അവളോട് സംസാരിച്ച് തുടങ്ങി..

“ഹായ്… എന്താ… പേര്…??”

എൻ്റെ ചോദ്യം കേട്ട് അവള് നോട്ടം എൻ്റെ നേരെ ആക്കി എന്താ എന്ന അർത്ഥത്തിൽ മൂളി…

“അല്ല പേര്…”

“ആരുടെ പേര്..??”

“കുട്ടീടെ പേര്…”

അത് കേട്ടതും അവള് മുന്നിൽ ഇരിക്കുന്ന ആളെ നോക്കി പറഞ്ഞു..

“ശങ്കരൻ മാമാ.. ഇയാളെ ഇവിടെ തന്നെ ഇറക്കി വിട്ടോളൂ…”

അത് കേട്ടതും അയാള് എൻ്റെ നേരെ തിരിഞ്ഞു….

“വേണ്ട.. വേണ്ട.. ഞാൻ ഇനി ഒന്നും ചോദിക്കില്ല.. ദേ കുറച്ചൂടെ പോയാൽ എൻ്റെ വീടായി…”

അത് കേട്ടപ്പോൾ അയാള് പിന്നെയും മുന്നിലേക്ക് തന്നെ തിരിഞ്ഞു… നോക്കിയപ്പോൾ അവള് വീണ്ടും പുറത്തേക്ക് നോക്കി ഇരിക്കുന്നു…

ഹോ ഇവര് ഫാമിലിയയിട്ട് മുൻകോപം ഉളളവർ ആണെന്ന് തോന്നുന്നു… പിന്നെ ദാനം കിട്ടിയ പശുവിൻ്റെ വായിലെ പല്ല് എണ്ണി നോക്കേണ്ട കാര്യം ഇല്ലല്ലോ.. ഈ ലിഫ്റ്റ് കിട്ടിയത് തന്നെ വലിയ ഭാഗ്യമാണ്…

കുറച്ച് ദൂരം കൂടി പോയതും എൻ്റെ വീട് എത്തി… കാറിൽ നിന്ന് ഇറങ്ങുമ്പോഴും ഞാൻ അവളെ ശ്രദ്ധിച്ചു.
. അവള് ഒന്ന് നോക്കിയത് പോലും ഇല്ല…

ഗേറ്റ് തുറന്ന് അകത്ത് കയറി കോളിംഗ് ബൽ അടിച്ചു.. അധികം വൈകാതെ എന്ന് പറഞ്ഞ് കൂടാ ഒന്ന് രണ്ട് തവണ ബെൽ അടിച്ചപ്പോൾ അച്ഛനും അമ്മയും വന്ന് വാതിൽ തുറന്നു…

“ഹാ നീ എന്താടാ ഇത്ര വൈകിയത്.. ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല അപ്പോ ഞങൾ കരുതി നീ ഇനി ഇന്ന് വരില്ല എന്ന്…”

“ഓഫീസിലെ തിരക്ക് കൊണ്ട് ഇറങ്ങാൻ വൈകി അച്ഛാ.. ഫോൺ ആണെങ്കിൽ ചാർജ് തീർന്നു ഓഫായി പോയി…”

“അല്ല നീ എങ്ങനാ വന്നെ..??”

“ഒരു ലിഫ്റ്റ് കിട്ടി അമ്മെ..”

“ഹും ശരി.. ബാക്കി ഒക്കെ നാളെ പറയാം പോയി കിടക്കാൻ നോക്ക്..”

ഫ്രഷായി ഡ്രസ്സ് മാറി ഫോൺ ചാർജിൽ ഇട്ട് ബെഡ്ഡിൽ വന്ന് കിടന്നു… പക്ഷേ ഇപ്പോഴും മനസ്സ് മുഴുവൻ അവളാണ്… ആ കാറിൽ ഞാൻ കണ്ട സുന്ദരി… നല്ല ക്ഷീണം ഉള്ളത് കൊണ്ട് അധികം സ്വപ്നങ്ങൾ കാണുന്നതിന് മുന്നേ ഞാൻ ഉറക്കത്തിലേക്ക് വീണു…

🌀🌀🌀🌀🌀🌀🌀🌀🌀

എൻ്റെ പേര് വിനോദ്.. ബാംഗ്ലൂരിലെ ഒരു ഐ ടി കമ്പനിയിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്യുന്നു.. വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഒരു അനിയത്തി അമൃത അമ്മു എന്ന് വിളിക്കും പിന്നെ ഒരു ചേട്ടൻ പേര് വിവേക്…

ഇത്രയും ഒക്കെ ആണ് എന്നെ പറ്റി പൊതുവേ പറയാൻ ഉള്ളത്.. ബാക്കി ഒക്കെ വഴിയേ നിങ്ങൾക്ക് മനസ്സിലായിക്കോളും…. 🌀🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് രാവിലെ ഒരു മൂളിപ്പാട്ട് കേട്ടാണ് ഞാൻ ഉണർന്നത്… കണ്ണ് തുറന്ന് നോക്കിയപ്പോൾ അനിയത്തി അമ്മുവാണ്…

“നീ എന്താടി ഇവിടെ..??”

“ഹ.. എണീട്ടോ..?? എൻ്റെ റൂമിൽ ടാപ്പ് വർക്ക് ചെയ്യുന്നില്ല.. അതോണ്ട് ഞാൻ ഇപ്പോ ചേട്ടൻ്റെ മുറിയിലാണ് കുളിക്കാറു…”

“ഹൊ.. നല്ല ശീലങ്ങൾ ഒക്കെ തുടങ്ങിയോ..??”

“എന്താ..??”

“ഒന്നില്ല…”

“ഹും.. ചേട്ടൻ ഒരുങ്ങുന്നില്ലെ..?? കല്യാണത്തിന് പൊണ്ടെ..??”

“ഹാ.. വേണം.. ഇന്നലെ ചെല്ലാതത്തിന് തന്നെ എല്ലാരും കലിപ്പിൽ ആകും…”

ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി.. അത്യാവശ്യം നന്നായി തന്നെ അണിഞ്ഞൊരുങ്ങി.. ചേച്ചീടെ കൂട്ടുകാരൊക്കെ വരില്ലേ.. ആരേലും ഒക്കെ മനസ്സിന് പിടിച്ചവർ ഉണ്ടെങ്കിൽ വളക്കാൻ നോക്കാലോ…

അക്കാര്യം ആലോചിച്ചപ്പോൾ ആണ് പെട്ടന്ന് അവളുടെ മുഖം മനസ്സിലേക്ക് വന്നത്… ഇനിയും കളിച്ച് നിന്നാൽ നേരം വൈകും എന്നുള്ളത് കൊണ്ട് വേഗം റെഡിയായി ഇറങ്ങി…

സഞ്ജുവിൻ്റെ വീട്ടിൽ വലിയ ആഘോഷങ്ങൾ ഒക്കെ ആയിരുന്നു സങ്കടിപ്പിച്ചിരുന്നത്… ഇന്നലെ എത്താത്തതിന് എല്ലാവരുടെ കയ്യിൽ നിന്നും വയറു നിറച്ച് കേൾക്കേണ്ടി വന്നു…

രാത്രി ഇവിടെ ഒരു റിസപ്ഷനും പാർട്ടിയും ഒക്കെ ഒരുക്കിയിട്ടുണ്ട്.
. സഞ്ജന ചേച്ചി ഭയങ്കര ഹാപ്പിയാണ്.. അറേഞ്ച് മാര്യേജ് ആണെങ്കിലും ചേച്ചിക്ക് വളരെ ഇഷ്ടപ്പെട്ട മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ തന്നെ ആയിരുന്നു…

അധികം വൈകാതെ തന്നെ ഞങൾ കല്യാണ തിരക്കുകളിൽ മുഴുകാൻ തുടങ്ങി.. സദ്യ വിളമ്പലും പാചകവും അലങ്കാരവും ഒക്കെ ആയി കല്യാണം അടിച്ച് പൊളിച്ചു…

അവസാനം സഞ്ജുവിൻ്റെ അലിയനെയും പരിചയപ്പെട്ട് സ്റ്റേജിൽ കയറി ഞങൾ ടീം ആയി ഓരോ ഫോട്ടോയും എടുത്തു…

ഞങ്ങളുടെ തന്നെ കൂട്ടുകാരനും നാട്ടിൽ സ്റ്റുഡിയോ നടത്തുന്നതും ആയ കണ്ണൻ ആയിരുന്നു കല്യാണത്തിൻ്റെ ഫോട്ടോഗ്രാഫി വർക്കുകൾ ഏറ്റിരുന്നത്..

വൈകുന്നേരം തിരക്കൊക്കെ തീർന്ന് ഞങൾ കൂട്ടുകാർ എല്ലാവരും അടുത്തുള്ള പാറ കെട്ടിന് മുകളിൽ വെറുതെ ഓരോന്ന് സംസാരിച്ച് ഇരിക്കുകയായിരുന്നു…

പാർട്ടി തുടങ്ങാൻ ഇനിയും സമയമുണ്ട്.. ഞാൻ കണ്ണൻ്റെ കയ്യിൽ നിന്ന് കാമറ വാങ്ങി അതിൽ ഓരോ ഫോട്ടോ നോക്കി കിടക്കുകയായിരുന്നു…

“എടാ സഞ്ജു.. ഇവൻ നിൻ്റെ ചേച്ചിയേം അളിയനേം എടുക്കുന്നേന് പകരം മൊത്തം പെൺപിള്ളേരുടെ പടം ആണല്ലോ എടുത്ത് വച്ചേക്കുന്നെ..”

“അത് കുഴപ്പല്ലെടാ വിനു.. പരിപാടി കഴിഞ്ഞിട്ട് അവൻ എനിക്ക് എല്ലാം അയച്ച് തരാം എന്ന് പറഞ്ഞിട്ടുണ്ട്…”

“പോടാ സംഭവം അതൊന്നും അല്ല.. നിങ്ങള് കണ്ടിട്ടില്ലേ ഇപ്പോ ഇൻസ്റ്റാഗ്രാമിൽ ഒക്കെ അതാ ട്രെൻഡ്.. പെൺകുട്ടികൾ അറിയാതെ അവരുടെ വീഡിയോ എടുത്ത് വൈറൽ ആക്കണം..”

“അവർക്കൊക്കെ നല്ല ആങ്ങളമാർ കൂടി ഉണ്ടെങ്കിൽ സംഭവം കുറച്ച് കൂടി ഈസി ആകും…”

ഞാൻ പിന്നെയും സ്ക്രോൾ ചെയ്ത് ഫോട്ടോ മാറ്റികൊണ്ടിരുന്നു.. പെട്ടന്നാണ് ഒരു ഫോട്ടോ എൻ്റെ കണ്ണിനു മുന്നിലൂടെ കടന്ന് പോയത്.. ഞാൻ വീണ്ടും അതിലേക്ക് തന്നെ തിരികെ വന്നു…

അതേ ചെക്കൻ്റെയും പെണ്ണിൻ്റെയും കൂടെ നിൽക്കുന്നത് അവള് ഇന്നലെ ഞാൻ കണ്ട സുന്ദരി… ഇനി ഇവൾ ഇവൻ്റെ കുടുംബക്കാരി എങ്ങാനും ആണോ..?? ഞാൻ വേഗം ഫോട്ടോ സഞ്ജുവിനെ കാണിച്ചു..

“ടാ സഞ്ജു.. ഇതെതാടാ ഈ കുട്ടി..??”

“ആഹാ കൊള്ളാല്ലോ.. ഇതേതാ ഈ കുട്ടി..??”

“പോടാ നാറി.. നിൻ്റെ കുടുംബത്തിൽ ഉള്ള ആരും അല്ലെ..??”

“പോടാ എനിക്കൊന്നും അറിയാൻ പാടില്ല ഈ കൊച്ചിനെ… ചെലപ്പോ ചേച്ചീടെ കൂട്ടുകാരി വല്ലോം ആവും..”

“അത് ശരിയാണല്ലോ.. ടാ കണ്ണാ നീ ഇതിൻ്റെ ഒരു കോപ്പി എനിക്ക് ഒന്ന് സെൻ്റ് ചെയ്ത് താ…”

“അതൊക്കെ തരാം എന്താ കാര്യം..??”

“കാര്യം ഒക്കെ പറയാം.. നീ ആദ്യം അയക്ക്..”

ഫോട്ടോ കിട്ടിയതും ഞാൻ സഞ്ജുവിനെയും കൂട്ടി അവിടെ നിന്നും വീട്ടിലേക്ക് തന്നെ തിരികെ പോന്നു…

“എടാ വിനു നീ എങ്ങോട്ടാ ഈ പോണെ..??”

“എടാ എനിക്ക് നിൻ്റെ ചേച്ചിയെ അത്യാവശ്യമായി ഒന്ന് കാണണം..”

“എന്തിന്..? അല്ല നീ നേരത്തെ ഏതോ കൊച്ചിനെ പറ്റി ചോദിച്ചില്ലെ അതെന്താ സംഭവം..??”

“പറയാം ആദ്യം ചേച്ചിയെ കണ്ട് പിടിക്കാം..”.

“അവളവിടെ പാർട്ടിക്ക് റെടിയാകുന്നുണ്ടാവും വാ അങ്ങോട്ട് പോവാം…”

അങ്ങനെ ഞങൾ നടന്ന് സഞ്ജന ചേച്ചി ഒരുങ്ങുന്ന റൂമിൻ്റെ അടുത്തെത്തി.. ഒരു വിധത്തിൽ കയ്യും കണ്ണും ഒക്കെ കാണിച്ച് ഞങൾ അവളെ പുറത്തേക്ക് വിളിച്ചു…

“എന്താടാ..?? എന്താ രണ്ടും കൂടി അവിടെ വന്ന് കയ്യും കാലും ഒക്കെ കാണിച്ചത്..??”

“എനിക്കല്ല.. ഇവന് എന്തോ ചോദിക്കാൻ ഉണ്ട്…”

“എന്താടാ വിനു..??”

“അത് പിന്നെ ചേച്ചി.. ഈ കൊച്ച് ആരാ..??”

ഞാൻ ഫോൺ എടുത്ത് അവളുടെ ഫോട്ടോ ചേച്ചിയെ കാണിച്ചു… എൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവള് ഫോട്ടോയിലേക്ക് നോക്കി..

“ഹാ ഇത് ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൻ്റെ എം ഡി യുടെ മകൾ ആണ് അഥിതി…”

അതിഥി.. പേര് കൊള്ളാം…

“ഈ കുട്ടി വൈകുന്നേരം പാർട്ടിക്ക് വരുമോ..??”

“ഏയ് ഇല്ലെടാ.. ഞാൻ വിളിച്ചത് കൊണ്ട് മാത്രമാണ് അവള് കല്യാണത്തിന് പോലും വന്നത്.. അവരൊക്കെ ബാംഗ്ലൂരിൽ സെറ്റിൽ ആണെടാ.. ഇന്നോ നാളെയോ തിരിച്ച് പോവുമായിരിക്കും…”

“ബാംഗ്ലൂരിലോ..?? ബാംഗ്ലൂരിൽ എവിടെ..??”

“അതൊന്നും എനിക്കറിയില്ല.. പറഞ്ഞിരുന്നു പക്ഷേ ഞാൻ മറന്ന് പോയി.. അല്ല എന്താ മോനെ കാര്യം..??”

പിന്നീട് ഒന്നും മറച്ച് വെക്കാൻ നിന്നില്ല.. ഞാൻ എല്ലാ കാര്യങ്ങളും സഞ്ജുവിനോടും ചേച്ചിയോടും പറഞ്ഞു…

“ഓഹോ.. അപ്പോ നിങ്ങള് പരിചയപ്പെട്ടു കഴിഞ്ഞോ..??”

“ഇല്ല ചേച്ചി.. പരിചയപ്പെടാൻ പോയപ്പോൾ അല്ലെ അവള് എന്നെ കാറിൽ നിന്ന് പുറത്താക്കാൻ നോക്കിയത്… ആള് അൽപ്പം ജാഡ ആണെന്ന് തോന്നുന്നു അല്ലേ…??””

“പോടാ.. ജാഡ ഒന്നും ഇല്ല.. അവളൊരു പാവം ആണ്.. പിന്നെ ആരോടും മിണ്ടാറില്ല.. എപ്പോളും ഒറ്റക്കിരിക്കുന്നതാ ഇഷ്ടം.. ഒരു പ്രത്യേക ടൈപ്പ് ആണ്…”

“ഹാ.. അതെനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു…”

“അല്ല എന്താ എന്നിട്ട് നിൻ്റെ പരിപാടി..??”

“എന്ത് പരിപാടി..??”

“അവളെ പറ്റി അന്വേഷിക്കുന്നതിന് ഒരു കാരണം ഉണ്ടാവുമല്ലോ.. അതെന്താണെന്ന്..??”

“അങ്ങനെ കാരണം ഒന്നും ഇല്ല.. പിന്നെ കണ്ടപോ ഒരു കൗതുകം.. പിന്നെ യാദൃശ്ചികം ആയി ഇവിടെ വച്ച് കൂടി കണ്ടപ്പോ..”

“അത്രേ ഒള്ളൂ..??”

“അത്ര… പോരെ….??”

“എന്നോടാണോ ചോദിക്കുന്നത്… അവരൊക്കെ വലിയ ആൾക്കാർ അല്ലെ.. നമുക്ക് മുട്ടാൻ പറ്റിയ ടീം അല്ലെടാ…”

“ഹും.. അതും ശരിയാ… ഏതായാലും അത് വിട്.. ചേച്ചി പോയി റെഡിയായിക്കോ.. ഞങൾ ബാക്കി കാര്യങ്ങള് ഒക്കെ നോക്കട്ടെ…”

സഞ്ജന ചേച്ചി പറഞ്ഞ പോലെ അവള് ഒരുപക്ഷേ എനിക്ക് ചേർന്ന ആളാവില്ല എന്ന് എനിക്കും തോന്നി…

ഒന്നാമത് അവളുടെ ഫാമിലി സ്റ്റാറ്റസ് രണ്ടാമത് അവളുടെ സ്വഭാവം.. അവളുടെ സ്വഭാവം എനിക്ക് ഇഷ്ടമായി എങ്കിലും ആ സ്വഭാവം വച്ച് അവള് എന്നെ ഇഷ്ടപ്പെടാൻ ഒരു സാധ്യതയും ഇല്ല…

തൽക്കാലം അത്തരം ചിന്തകള് ഒക്കെ മാറ്റി വച് ഞാൻ കല്യാണ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് വിട്ടു…

പാർട്ടിയും മറ്റ് പരിപാടികളും എല്ലാം വളരെ ഭംഗിയായി തന്നെ അവസാനിച്ചു.. പ്രോജക്ട് ഡെഡ് ലൈൻ ആയത് കൊണ്ട് എനിക്ക് ലീവ് ഇല്ലായിരുന്നു.. അങ്ങനെ പിറ്റെ ദിവസം തന്നെ വൈകുന്നേരം ഞാൻ ബാംഗ്ലൂരിലേക്ക് തിരികെ പോന്നു…. 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഓഫീസിൽ തിരികെ എത്തിയതും തിരക്കുകളും ആരംഭിച്ചു.. പതിയെ പതിയെ ഞാൻ അതിഥിയെ പറ്റിയുള്ള കാര്യങ്ങള് പൂർണമായും മറന്നു…

ആഴ്ചകൾ പിന്നെയും കടന്ന് പോയി… ഇതിനിടക്ക് ചെറുതും വലുതുമായ പല സംഭവങ്ങളും നടന്നു… അതിൽ പ്രധാനപ്പെട്ടത് എൻ്റെ ടീം ലീഡർ ഐസക് സാർ മാറി അതിനു പകരം നീതു ചേച്ചി വന്നു…

വന്ന ആദ്യ ദിവസം തന്നെ അവർ കൊണ്ടുവന്ന പരിഷ്കരണം ആയിരുന്നു മേടം എന്നുള്ള വിളി മാറ്റി പകരം ഫ്രണ്ട്‌ലി ആയി പേര് വിളിക്കാൻ പറഞ്ഞു…

പക്ഷേ വയസ്സിനു മൂത്തത് ആയതുകൊണ്ട് ഞാൻ ബഹുമാനത്തോടെ ചേച്ചി എന്ന് വിളിക്കാൻ തീരുമാനിച്ചു…

നീതു ചേച്ചി ആൾ ഭയങ്കര കൂൾ ആൻഡ് ചിൽ ആയിരുന്നു.. പക്ഷേ വർക്കിൻ്റെ കാര്യം വന്നാൽ പുള്ളിക്കാരി വേറെ ലെവൽ ആകും…

എൻ്റെ കഴിവിൽ എന്നെ പോലെ തന്നെ വിശ്വാസമുള്ള ഒരു മേലുദ്യോഗസ്ഥ വന്നതോടെ എൻ്റെ പെർഫോമൻസ് ലെവൽ വല്ലാതെ കൂടി.. എൻ്റെ കമ്പനിയിൽ ഉള്ള പേര് കൂടിയതോടെ നീതു ചേച്ചി എന്നോട് കൂടുതൽ കമ്പനി ആവാൻ ആരംഭിച്ചു..

മിക്ക ഫ്രീ ടൈമിലും ഞാനും ചേച്ചിയും ഒരുമിച്ചായിരുന്നു.. അവർ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ട് വരുന്ന ഭക്ഷണങ്ങളിൽ നിന്ന് ഒരു പങ്ക് എനിക്കും തരുമായിരുന്നു..

ചേച്ചിയുടെ ഭർത്താവ് അമേരിക്കയിൽ ഒരു കമ്പനിയിൽ ആണ്.. മകൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു… ഒരർത്ഥത്തിൽ പറഞാൽ ഞങൾ ശരിക്കും സഹോദരീ സഹോദരന്മാരെ പോലെ ആയിരുന്നു… 🌀🌀🌀🌀🌀🌀🌀🌀

അന്നൊരു സൺഡേ ആയിരുന്നു… ഓഫീസ് അവധി ആയതിനാൽ ഞാൻ മുറിയിൽ നല്ല ഉറക്കത്തിൽ ആയിരുന്നു…

ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്.. നോക്കിയപ്പോൾ നീതു ചേച്ചി ആയിരുന്നു… എന്തായിരിക്കും ഇത്ര രാവിലെ വിളിക്കുന്നത് എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു…

“ഹലോ.. ഗുഡ് മോണിംഗ് ചേച്ചി എന്താ ഇത്ര രാവിലെ..??”

“വിനു നീ ഇന്ന് ഫ്രീയാണോ..??”

“ഇന്ന് സൺഡേ അല്ലെ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല…”

“എന്നാ നമുക്ക് ഒരു സ്ഥലം വരെ പോയാലോ..??”

“എവിടേക്ക് പോവാൻ..??”

“അതൊക്കെ പറയാം.. നീ വീട്ടിലേക്ക് വാ.. പിന്നെ നിനക്ക് ഡ്രൈവിംഗ് അറിയില്ലേ..??”

“അറിയാം.. ഞാൻ ഇപ്പോ വരാം ചേച്ചി..”

ചേച്ചി എങ്ങോട്ട് പോവാൻ ആണ് വിളിച്ചത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. മുന്നേ ഒരിക്കലും എന്നെ ഇങ്ങനെ പുറത്ത് പോവാൻ ഒന്നും വിളിച്ചിട്ടില്ലായിരുന്നു…

ഏതായാലും ഞാൻ എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി ചേച്ചിയുടെ വീട്ടിലേക്ക് പോയി.. അവിടെ ചേച്ചിയുടെ ഭർത്താവിൻ്റെ അമ്മയും ചേച്ചിയുടെ മോളും ഉണ്ടായിരുന്നു…

ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ അവിടെ നിന്ന് ഇഡ്ഡലിയും കറിയും ഒക്കെ കഴിച്ചു…

അത് കഴിഞ്ഞ് ഞാനും ചേച്ചിയും മോളും കൂടി കാറിൽ കയറി യാത്ര ആരംഭിച്ചു..

“അല്ല ചേച്ചി നമ്മൾ എങ്ങോട്ടാ ഈ പോണത്..??”

“പറയാടാ നീ വണ്ടി ഒടിക്ക്…”

“എങ്ങോട്ടാ എന്നറിയാതെ ഞാൻ എങ്ങോട്ട് ഒടിക്കാനാണ്..??”

“ഓകെ എന്നാ വണ്ടി ഹോപ് ചൈൽഡ് കെയർ സെൻ്ററിലേക്ക് ഓടിക്ക്..” [Hope Care Center already exists in Calicut]

“അവിടെ എന്താ..??”

“അവിടെ കുറെ കുഞ്ഞു മക്കൾ ഉണ്ട് എന്ത് ചെയ്തിട്ടാണോ എന്തോ പാവം മിക്ക കുട്ടികൾക്കും കാൻസർ ആണ് ടാ..”

“ഓഹ്…”

“ഞാൻ ഇങ്ങനെ ഇടക്കൊക്കെ അവിടെ പോവാറുണ്ട്.. കുറച്ച് നേരം അവരുടെ കൂടെ ഒക്കെ ചിലവഴിക്കും പോരും.. നീ ഫ്രീ ആണെന്ന് പറഞ്ഞത് കൊണ്ടാ നിന്നെയും കൂട്ടിയത്…”

“അതേതായാലും നന്നായി ചേച്ചി.. എനിക്കും കുട്ടികളെ ഭയങ്കര ഇഷ്ടമാണ്…”

അങ്ങനെ കുറച്ച് നേരത്തെ ഡ്രൈവിന് ശേഷം ഞങൾ ചേച്ചി പറഞ്ഞ ചൈൽഡ് കെയർ സെൻ്ററിൽ എത്തി…

ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു… ആ കുട്ടികളുടെ കൊഞ്ചലും ചിരിയും കളിയും കണ്ടിരിക്കാൻ തന്നെ വല്ലാത്തൊരു രസമായിരുന്നു…

ഇടയ്ക്ക് ഒരു ഫോൺ വന്നപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്യാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി…

ഏതോ ഒരു ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡിൻ്റെ ഓഫർ പറഞ്ഞുള്ള കോൾ ആയിരുന്നു.. ഞാൻ ഒറ്റ വാക്കിൽ റിജെക്റ്റ് ചെയ്ത് അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ ആണ് ആ കാഴ്ച കാണുന്നത്…

കുറച്ച് ദൂരെ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം അവള് ഇരിക്കുന്നു… അതിഥി….

അവളെ കണ്ടതും എൻ്റെ ഉള്ളിലെ ആകാംശകൾ വീണ്ടും ഉണരാൻ തുടങ്ങി.. ഇനി ഒരിക്കലും അവളെ കാണാൻ സാധിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്..

ഇവിടെ വച്ച് കാണും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചിരുന്നില്ല… മുൻപേ അനുഭവം ഉള്ളതാണെങ്കിലും അവളോട് ഒന്ന് സംസാരിക്കാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി.. അതുകൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു… ധൈര്യം സംഭരിച്ച് ഞാൻ അവളോട് സംസാരിച്ചു…

“ഹായ്…”

അവള് പെട്ടന്ന് തിരിഞ്ഞ് എന്നെ നോക്കി…

“ഹായ്…”

ഭാഗ്യം ചാടി കടിക്കാൻ വന്നില്ല…

“ഞാൻ അന്ന് കാറിൽ.. രാത്രി.. ലിഫ്റ്റ് തന്നു നാട്ടിൽ വച്ച്…”

“മനസ്സിലായി…”

“ഹാ… താൻ അന്ന് നാട്ടിൽ ഒരു കല്യാണത്തിന് വന്നിരുന്നു അല്ലേ.. സഞ്ജന ചേച്ചിയുടെ…”

“അതേ വന്നിരുന്നു.. എങ്ങനെ അറിയാം..??”

“ഞാനും ഉണ്ടായിരുന്നു അവിടെ.. സഞ്ജന എൻ്റെ കൂട്ടുകാരൻ്റെ ചേച്ചിയാണ്.. ഞങ്ങളൊക്കെ ചെറുപ്പം മുതലേ ഉള്ള കളിക്കൂട്ടുകാർ ആണ്…”

“ഹോ.. അല്ല എന്താ ഇവിടെ..?? ഐ മീൻ ബാംഗ്ലൂരിൽ..”

“ഞാൻ ഇവിടെ ആണ് വർക്ക് ചെയ്യുന്നത്..”

“ഹൊ.. എനിക്ക് പോവാൻ സമയായി… ബൈ…”

“ശരി ബൈ.. ഹാ പിന്നെ എൻ്റെ പേര് വിനോദ്.. അടുപ്പം ഉളളവർ വിനു എന്ന് വിളിക്കും…”

“ശരി..”

“അല്ല തൻ്റെ പേര്..”

അപ്പോഴേക്കും അവൾക്ക് പോകാനുള്ള കാർ അങ്ങോട്ട് വന്നു.. കാറിലേക്ക് കയരുന്നതിൻ്റെ ഒപ്പം അവള് എന്നെ നോക്കി പറഞ്ഞു…

“അതിഥി…”

അത്രയും പറഞ്ഞ് അവള് കാറിൽ കയറി പോയി… ഇപ്പോഴും കാര്യമായി ഒന്നും സംസാരിക്കാൻ പറ്റിയില്ല.. അറിയാവുന്ന കാര്യങ്ങളെ പറ്റി മാത്രമാണ് സംസാരിച്ചത്…

സഞ്ജന ചേച്ചി പറഞ്ഞ പോലെ അവള് സംസാരിക്കാൻ അത്ര താൽപര്യം ഉള്ള കൂട്ടത്തിൽ അല്ല എന്ന് തോന്നുന്നു…

പക്ഷേ എനിക്കാണെങ്കിൽ അവളോട് സംസാരിച്ച് കൊതി തീർന്നതും ഇല്ല… ഇത് പോലെ യാദൃശ്ചികം ആയി എവിടെയെങ്കിലും വച്ച് വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ ഞാൻ വീണ്ടും അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും അതാ അവിടെ എന്നെയും നോക്കി നീതു ചേച്ചി നിൽക്കുന്നു…

“ടാ അത് അതിഥി അല്ലെ..??”

“അതേ.. ചേച്ചിക്ക് എങ്ങനെ അറിയാം..??”

“പിന്നെ എൻ്റെ ചേട്ടൻ്റെ മകളെ എനിക്ക് അറിയാതെ ഇരിക്കോ..??”

ചേച്ചി ആ പറഞ്ഞ കാര്യം കേട്ട് സത്യത്തിൽ എനിക്ക് സന്തോഷമാണോ അൽഭുതം ആണോ അതോ രണ്ടും കൂടി മിക്സ് ആയി ആണോ വന്നത് എന്നറിയില്ല….

“ചേ…ചേട്ടൻ്റെ മകളോ..??”

“അതേ.. അല്ല നിനക്ക് എങ്ങനെ അറിയാം അവളെ..?? അവൾക്ക് അങ്ങനെ സുഹൃത്തുക്കൾ ആരും ഇല്ലല്ലോ..”

ഞാൻ അതിഥിയെ കണ്ട കാര്യവും ഇതാ വരെ ഉള്ള സംഭവങ്ങളും എല്ലാം നീതു ചേച്ചിയോട് പറഞ്ഞു…

“ഹൊ ഇത്രേം കാര്യങ്ങള് ഒക്കെ നടന്നോ ഇതിനിടക്ക്…”

“ഹാ.. നടന്ന് പോയി…”

“അല്ല എന്താ നിൻ്റെ പ്ലാൻ..??”

“പ്ലാനോ എന്ത് പ്ലാൻ..??”

“അവളെ കുറിച്ച്..”

“ഏയ് അങ്ങനെ വലിയ പ്ലാൻ ഒന്നും ഇല്ല ചേച്ചി… അതിഥിയെ ഒന്ന് പരിചയപ്പെടാനും അടുത്തറിയാനും ആഗ്രഹം ഉണ്ട്… പിന്നെ.. ചേച്ചിയോട് തുറന്ന് പറയാലോ.. എനിക്ക് അതിഥി യോട് ചെറിയ ഒരു ക്രഷ്….”

“അത് വേണ്ട വിനോദ്…”

അത് പറയുമ്പോൾ നീതു ചേച്ചിയുടെ മുഖത്തുള്ള സീരിയസ്സനസ് ഞാൻ ശ്രദ്ധിച്ചിരുന്നു…

“എന്ത് പറ്റി ചേച്ചി…??”

“അവൾക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നും ഇല്ലെടാ.. അവൾക്ക് അതിൽ പരാതിയും ഇല്ല.. ഒറ്റക്കുള്ള ലൈഫ് ആണ് അവൾക്കിഷ്ടം… സോ നീ അവളെ ബുദ്ധിമുട്ടിക്കാൻ നിക്കണ്ട…”

“അല്ല ചേച്ചി ഞാൻ അങ്ങനെ…”

“മതി.. എനിക്ക് മനസ്സിലായി.. വാ… നമുക്കിറങ്ങാം…”

നീതു ചേച്ചി മുഖത്തടിച്ച പോലെ കാര്യങ്ങള് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്കുള്ളിൽ ചെറിയ ഒരു നിരാശ തോന്നിയിരുന്നു…

ഒരുപക്ഷേ അവരുടെ സ്റ്റാൻഡേർഡ്ന് ഞാൻ യോജിക്കാത്തതു കൊണ്ടാവും ചേച്ചി എന്നോട് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് തോന്നി…

ഞങ്ങൾ അങ്ങനെ വീട്ടിലേക്ക് യാത്ര ആരംഭിച്ചു… എന്തുകൊണ്ടാണ് എന്നറിയില്ല ചേച്ചി അങ്ങനെ പറഞ്ഞതിൽ പിന്നെ എനിക്ക് വലിയ മനോ വിഷമം ആണ് ഉണ്ടായത്..

കാറിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടാവും ചേച്ചി എന്നോട് ചോദിച്ചത്…

“എന്താടാ.. നീ എന്താ ഇങ്ങനെ ഇഞ്ചി കടിച്ച പോലെ ഇരിക്കുന്നെ..??”

“ഏയ് ഒന്നുല്ല ചേച്ചി…”

“പറയെടാ…”

“ഒന്നില്ല ന്നെ…”

“ഹും.. ശരി…”

അതിനു ശേഷവും ഞാൻ ഒന്നും സംസാരിച്ചില്ല… ചേച്ചിയും എന്നോട് ഇങ്ങോട്ട് ഒന്നും പറഞ്ഞില്ല…

വീട്ടിൽ എത്തിയതും ഞാൻ ബൈക്കും എടുത്ത് റൂമിലേക്ക് തന്നെ തിരികെ പോന്നു.. ഭക്ഷണം കഴിക്കാൻ അവർ നിർബന്ധിച്ചെങ്കിലും ഞാൻ നിന്നില്ല…

ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും ഒരുപാട് സെർച്ച് ചെയ്തെങ്കിലും എനിക്ക് അതിഥിയുടെ പ്രൊഫൈൽ കണ്ടെത്താൻ സാധിച്ചില്ല…

നീതു ചേച്ചിയുടെ ഏട്ടൻ്റെ മകൾ ആണ് അവള് എന്നറിഞ്ഞപ്പോൾ അവളെ പരിചയപ്പെടാൻ എളുപ്പമാവും എന്നാണ് ഞാൻ കരുതിയത്…

പക്ഷേ എല്ലാ കാര്യത്തിലും എന്നെ സപ്പോർട്ട് ചെയ്യുന്ന ചേച്ചി ഈ കാര്യത്തിൽ ഇങ്ങനെ ഉടക്കി നിൽക്കും എന്ന് ഞാൻ വിചാരിച്ചത് പോലും ഇല്ല…

ചേച്ചിയെ പറഞ്ഞിട്ടും കാര്യമില്ല… അതിഥി അവരുടെ സ്വന്തം മകളെ പോലെ അല്ലെ.. അപ്പോ ഒറ്റയടിക്ക് എന്നെ സപ്പോർട്ട് ചെയ്യാൻ പറ്റില്ലല്ലോ… 🌀🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് രാവിലെ പതിവ് പോലെ ഓഫീസിൽ എത്തി… ചേച്ചിയോട് നിരാശ ഒന്നും ഇല്ലെങ്കിലും എനിക്ക് അവരെ ഫേസ് ചെയ്യാൻ എന്തോ മടി ഉള്ള പോലെ തോന്നി…

ആരോടും, പ്രത്യേകിച്ച് ചേച്ചിയോട് ഒന്നും പറയാൻ നിൽക്കാതെ ഞാൻ ഉച്ചവരെ കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിച്ചു…

ഉച്ച സമയത്ത് ഞാൻ ചേച്ചിയോട് ഒരുമിച്ചിരുന്ന് ആണ് ഭക്ഷണം കഴിക്കാറുള്ളത്.. പക്ഷേ ഇന്ന് ഞാൻ നേരത്തെ കാൻ്റീനിൽ എത്തി കഴിക്കാൻ ആരംഭിച്ചു…

ചേച്ചി വരുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുകയായിരുന്നു…

“ടാ… നീ എന്താ എന്നെ വിളിക്കാതെ ഒറ്റക്ക് ഇങ്ങോട്ട് പോന്നത്..??”

“ഒന്നില്ല ചേച്ചി.. ഞാൻ നോക്കിയപ്പോൾ ചേച്ചി നല്ല തിരക്കിൽ ആയിരുന്നു…”

“വിനു.. കള്ളം പറയാൻ അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത്… ഇന്ന് രാവിലെ മുതൽ ഞാൻ ഫ്രീയാണ്… എന്താ നിൻ്റെ പ്രശനം..???”

“ഏയ്.. ഒന്നുമില്ല.. ചേച്ചി.. കഴിക്കാൻ നോക്ക്..”

“അതിഥിയുടെ കാര്യത്തിൽ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ആണോ നീ ഈ അകൽച്ച കാണിക്കുന്നത്…??”

“അതൊന്നും അല്ല…”

“കള്ളം പറയണ്ട.. എനിക്ക് മനസ്സിലാകും.. ഞാൻ നിന്നോട് അവളോട് അധികം അടുക്കണ്ട എന്ന് പറഞ്ഞത് നിനക്ക് വിഷമം ആയി അല്ലെ..??”

“വിഷമം ഉണ്ട് ചേച്ചി.. പക്ഷേ എനിക്കതിൽ പ്രോബ്ലം ഒന്നും ഇല്ല.. എന്നാലും ചേച്ചിക്ക് അതിനുള്ള കാരണം എന്നോട് പറഞ്ഞൂടെ..”

“നീ കരുതുന്ന പോലെ നിന്നിൽ എന്തെങ്കിലും കുറവ് കണ്ടത് കൊണ്ട് ഒന്നും അല്ല ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്…”

“പിന്നെ???”

“എടാ അതിഥി നീ കരുതുന്ന പോലെ ഒരു കുട്ടിയല്ല… അവള്… അവള് ഒരുപാട് ഡിഫറൻ്റ് ആണ്..”

“ചേച്ചി മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങള് പറ…”

“അവൾക്ക് പിന്നിൽ ഒരു വലിയ കഥ തന്നെ ഉണ്ട്.. മുൻപ് അവള് ഇങ്ങനെ ഒന്നും ആയിരുന്നില്ല.. വളരെ ആക്ടീവ് ആയ എനേർജറ്റിക് ആയ ഒരു കുട്ടി ആയിരുന്നു.. നിന്നെ പോലെ ഒക്കെ.. ആരെയും ഒറ്റ കാഴ്ചയിൽ തന്നെ സംസാരിച്ച് വീഴ്ത്താൻ ഒരു പ്രത്യേക കഴിവായിരുന്നു അവൾക്ക്… പക്ഷേ.. അവളുടെ പതിനേഴാം പിറന്നാള് ദിവസം ആണ് അവളുടെയും ഞങ്ങളുടെയും ജീവിതത്തിലെ ആദ്യത്തെ ദുരന്തം സംഭവിക്കുന്നത്…….”

ചേച്ചി പറഞ്ഞ ഓരോ വാക്കുകളും എൻ്റെ ഉള്ളിലെ ആകാംഷയെ ഇരട്ടിപ്പിച്ചു..

“അന്ന്… അന്നെന്താ സംഭവിച്ചത് ചേച്ചി…”

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!