Soul Mates 4

അമ്മുവിൻ്റെ കൂടെ ഹാളിൽ എത്തിയ ഞാൻ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി പോയി….

ഡൈനിങ് ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നത് വേറെ ആരും ആയിരുന്നില്ല അവള് ആയിരുന്നു… ആതിര……

എന്നെ കണ്ടതും അവള് പുച്ഛത്തോടെ ഒന്ന് തല വെട്ടിച്ച് വീണ്ടും ചായ കൂടി തുടർന്നു..

അവളിൽ നിന്ന് കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…

ഞാൻ അമ്മുവിന് നേരെ തിരിഞ്ഞു…

“ഈ മാരണം എപ്പോൾ വന്നു കേറി..??”

“വന്നിട്ട് കുറച്ച് നേരമായി.. യാത്ര പറയാൻ വന്നതാ…”

“യാത്രയോ..?? ഇവൾ എന്താ നാട് വിട്ട് പോവാണോ..??”

“ചേച്ചിക്ക് ചെന്നൈയില് കോളേജിൽ അഡ്മിഷൻ കിട്ടിയില്ലേ അതിനു ജോയിൻ ചെയ്യാൻ അങ്ങോട്ട് പോവാണ് എന്ന്…”

“ഓഹോ…”

അമ്മു അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഏട്ടൻ ഇന്നലെ പറഞ്ഞ ചെന്നൈയിലെ കമ്പനിയെ കുറിച്ച് ഓർത്തത്…

വേഗം തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് ഞാൻ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി…

അമ്മയും അമ്മുവും ആതിരയും അടുക്കളയിൽ ആണ്.. അച്ഛനും ചേട്ടനും സ്വാഭാവികം ആയും പുറത്ത് പോയി കാണും…

ഞാൻ കുറച്ച് മാറി പുറത്തെ കോൺക്രീറ്റ് ബെഞ്ചിൽ പോയി ഇരുന്നു..

ചേട്ടൻ മെസ്സേജായി അയച്ചു തന്ന നമ്പർ എടുത്ത് അതിലേക്ക് കോൾ ചെയ്തു…

ഒന്ന് രണ്ട് ബെല്ലിൽ തന്നെ കോൾ കണക്ട് ആയി…

“ഹലോ.. ഡിക്കോട ഐടി സോലൂഷൻസ്..”

“ഹായ്.. മൈ നെയിം ഈസ് വിനോദ് കുമാർ………….”

ചേട്ടൻ പറഞ്ഞ് പുള്ളീടെ ഫ്രണ്ടിൻ്റെ പേര് എനിക്ക് അറിയാമായിരുന്നു… അങ്ങനെ അതൊക്കെ വച്ച് ഞാൻ അവരോട് സംസാരിച്ചു..

അര മണിക്കൂറിൽ തിരിച്ച് വിളിക്കാം ഒരു ടെലിഫോൺ ഇൻ്റർവ്യൂ ഉണ്ടാകും അതിനു റെഡി ആയി നിൽക്കണം എന്നും പറഞ്ഞു…

കുറച്ച് ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു.. പക്ഷേ നല്ല രീതിക്ക് തന്നെ ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ സാധിച്ചു…

ടെക്നിക്കൽ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല.. എല്ലാം പേഴ്സണൽ ചോദ്യങ്ങൾ ആണ് ചോദിച്ചത്…

അവരുടെ സംസാരവും പെരുമാറ്റവും ഒക്കെ വച്ച് ചേട്ടൻ്റെ കൂട്ടുകാരൻ ആ കമ്പനിയിൽ ഏതോ വലിയ പൊസിഷനിൽ ആണെന്ന് മനസ്സിലായി..

മറ്റൊരു സന്തോഷ വാർത്ത കൂടി ഉണ്ട്.. ഉടൻ തന്നെ ജോയിൻ ചെയ്യണം അതും വരുന്ന തിങ്കൾ തന്നെ.. ഇന്നാണെങ്കിൽ വ്യാഴം ആയി…

ഞാൻ വേഗം കാര്യം പറയാനായി അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു…

മൂന്നാളും അവിടെ തന്നെ ഉണ്ടായിരുന്നു…

“അമ്മേ…..”

“ഓ വന്നോ… നട്ടുച്ച വരെ കിടന്ന് ഉറങ്ങിയിട്ട് ചായ പോലും കുടിക്കാതെ എങ്ങോട്ടാടാ പോയത്…??”

അമ്മ അത് ചോദിച്ചപ്പോ അമ്മുവും ആതിരയും അടക്കി ചിരിക്കുന്നത് ഞാൻ കണ്ടു…

“അത് പിന്നെ അമ്മേ ഞാൻ ഏട്ടൻ പറഞ്ഞ കമ്പനിയിൽ വിളിച്ച് നോക്കാൻ പോയതാ.

.”

“എന്നിട്ട് എന്ത് പറഞ്ഞെടാ അവര്..??”

“ഏട്ടൻ്റെ ഫ്രണ്ട് അവിടെ ഉള്ളത് കൊണ്ട് സംഭവം എല്ലാം പെട്ടന്ന് ആയി.. തിങ്കളാഴ്ച ജോയിൻ ചെയ്യണം…”

“ഏത് തിങ്കൾ..??”

“ഈ വരുന്ന തിങ്കൾ…”

“ഈ വരുന്ന തിങ്കളോ… എന്താ ഇത്ര പെട്ടന്ന്…??”

“അത് അമ്മേ അവർ വർക്ക് ഫ്രം ഹോം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു… അത് ഞാൻ പറ്റില്ല പറഞ്ഞു അതുകൊണ്ടാണ് ഇപ്പൊ പെട്ടന്ന് ജോയിൻ ചെയ്യാൻ പറഞ്ഞത്.. പിന്നെ കുറെ കാത്തിരുന്നു കിട്ടിയ ജോലി അല്ലേ അമ്മേ അപോ അതികം ജാഡ ഇറക്കണ്ട എന്ന് കരുതി…”

“ആ അതേതായാലും നന്നായി.. ഇവിടെ വീട്ടിൽ കുത്തി ഇരിക്കാതെ കിട്ടിയ പണിക്ക് പോകാൻ നോക്ക്… ഇന്നാ ചായ…”

“ചായക്ക് എന്താ കടി അമ്മെ..??”

“കടി പുട്ട് ഉണ്ടായിരുന്നു അത് തീർന്നു…”

“തീർന്നോ…??!! അതെങ്ങനെ..??”

“മനുഷ്യന്മാർ ആയാൽ നേരത്തും കാലത്തും ഒക്കെ എഴുന്നേറ്റ് വരണം…”

“ഞാൻ എഴുന്നേറ്റില്ല എന്ന് കരുതി… അമ്മക്ക് അത് മാറ്റി വചൂടെ..??”

“മാറ്റി വച്ചിരുന്നു.. അപ്പോഴാ ആതു മോൾ വന്നത്.. ചായക്ക് ഒന്നും ഇല്ലായിരുന്നു കൊടുക്കാൻ അപ്പോ ഞാൻ നിൻ്റെ പുട്ട് എടുത്ത് അവൾക്ക് കൊടുത്തു…”

“അപ്പോ ഞാൻ പട്ടിണി… അല്ലേ…….”

“നീ അവിടെ നിക്ക് ചോറ് കഴിക്കാൻ ആയല്ലോ…”

ആതിരയുടെ മുഖത്തുള്ള പുച്ഛവും അഹങ്കാരവും നിറഞ്ഞ ചിരി കൂടി കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നതാണ്…

പക്ഷേ അമ്മയോട് ദേഷ്യം കാണിക്കാൻ പോയാൽ ഭാവിയിൽ അത് കൂടുതൽ പണി ആകും എന്നുള്ളത് കൊണ്ട് തൽക്കാലം മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്…

പെട്ടന്നാണ് എന്തോ ഓർത്തത് പോലെ അമ്മ അവൾക്ക് നേരെ തിരിഞ്ഞ് ചോദിച്ചത്..

“അല്ല മോളെ.. നീ എന്നാ പോവുന്നത് എന്ന് പറഞ്ഞിലല്ലോ…”

“എനിക്കും തിങ്കളാഴ്ച തന്നെ ആണ് ആൻ്റി ക്ലാസ് തുടങ്ങുന്നത്…”

“ആഹാ.. എന്നാല് ബാംഗ്ലൂർ പോയപോലെ നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ച് പോയാൽ മതിയല്ലോ…”

“വേണ്ട……!!!!!”

കേട്ടപ്പോൾ തന്നെ ഞാൻ ചാടി കയറി നോ പറഞ്ഞു…

“എന്താടാ നിനക്ക് അവളെ കൂടെ കൂടെ കൊണ്ടുപോയാൽ..??”

“അത് ശരിയാവില്ല അമ്മെ… അവൾക്ക് അവളുടെ കൂട്ടുകാരികളുടെ ഒക്കെ കൂടെ വരാൻ ആവും ഇഷ്ടം..”

“അതിനു അവളുടെ കൂട്ടുകാരികൾ ഒക്കെ നേരത്തെ പോയെടാ.. ഇനി അവള് തനിച്ച് വേണം പോവാൻ…”

“ഞാൻ ഇല്ലെങ്കിലും അവള് പോവണ്ടെ.. അതോണ്ട് അവള് തനിയെ പോയികോളും.. ”

അടുത്തതായി അമ്മ എന്തെങ്കിലും പറയുന്നതിന് മുന്നേ ആതിര ചാടി കയറി പറഞ്ഞു…

“വേണ്ട ആൻ്റി.
. എൻ്റെ കൂടെ അച്ഛൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്.. ”

“ആണോ എന്നാ ശരി മോളെ…”

പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഞാൻ അവിടെ നിന്ന് ഹാളിലേക്ക് പോന്നു…

ഉച്ച ഭക്ഷണം ആവുന്ന വരെ വെയിറ്റ് ചെയ്യണം നല്ല വിശപ്പും ഉണ്ട്… ഒന്ന് നടന്നു വരാൻ വേണ്ടി ഞാൻ പുറത്തേക്ക് ഇറങ്ങി…

കായലിൻ്റെ കരയിലൂടെ നടക്കുമ്പോൾ ആണ് ഫോണിൽ മെസ്സേജ് വന്നത്.. നോക്കിയപ്പോൾ നീതു ചേച്ചി ആയിരുന്നു…

“ബിസി അല്ലെങ്കിൽ ഒന്ന് വിളിക്കാമോ…”

മെസേജ് കണ്ടതും ഞാൻ ചേച്ചിയെ വിളിക്കാൻ തീരുമാനിച്ചു.. നമുക്ക് എന്ത് തിരക്ക്…

ആദ്യ ബല്ലിൽ തന്നെ ചേച്ചി ഫോൺ എടുത്തു…

“ആ വിനൂ.. നീ തിരക്കിൽ ആയിരുന്നോ..??”

“അല്ല ചേച്ചി.. എന്തോന്ന് തിരക്ക് ഞാൻ ഇങ്ങനെ നടക്കാൻ ഇറങ്ങിയതായിരുന്നു…”

“അത് ശരി.. അല്ല എന്തായെടാ നിൻ്റെ ജോലി കാര്യം ഒക്കെ വല്ലതും സെറ്റ് ആയോ..??”

“ആ ചേച്ചി ദേ ഒരു അരമണിക്കൂർ മുന്നേ ആണ് എല്ലാം സെറ്റ് ആയത്.. സ്ഥലം എവിടെ ആണെന്ന് കേട്ടാൽ ചേച്ചി ഞെട്ടും…”

“എവിടെ ആടാ..?? യുഎസ് ഇൽ വല്ലതും ആണോ..??”

“അവിടെ ഒന്നും അല്ല ചേച്ചി..”

“പിന്നെ..??”

“ചെന്നൈയില്…”

“ആഹാ ചെന്നൈയിലോ… അത് ഏതായാലും കൊള്ളാം.. ഏതാ കമ്പനി..?? എന്നാ ജോയിനിങ് ഒക്കെ..??”

“കമ്പനി ഡീകോട ഐടി സൊല്ലൂഷൻസ്.. ഈ വരുന്ന തിങ്കൾ ജോയിനിംഗ്…”

“ഓഹോ.. കൊള്ളാം ഡാ.. എനിക്കറിയാം ആ കമ്പനി.. എൻ്റെ രണ്ട് മൂന്ന് പഴയ ഫ്രണ്ട്സ് ഒക്കെ അവിടെ ആയിരുന്നു.. ഇപ്പോഴും ഉണ്ടോ എന്നറിയില്ല…”

“ഓഹോ.. അല്ല.. ചേച്ചി എവിടെയും ട്രൈ ചെയ്യുന്നില്ലേ..??”

“ഏയ്.. ഇപ്പൊ തൽക്കാലം ഒന്നും പ്ലാൻ ചെയ്തിട്ടില്ല…”

“ഓകെ…”

“നീ അപ്പോ സൺഡേ പോരും അല്ലേ..?? എങ്ങനെ ട്രയിനിൽ ആണോ അതോ ബൈക്കിനോ..??”

“ബൈക്കിന് വരാൻ ആണ് പ്ലാൻ.. പിന്നെ ബാംഗ്ലൂർ പോലെ അല്ലല്ലോ ദൂരം കൂടുതൽ അല്ലേ.. ഒറ്റ സ്ട്രെച്ച് അത്രേം ദൂരം ഓടിക്കാൻ പറ്റുമോ അറിയില്ല… നോക്കാം… ഞാൻ ശനിയാഴ്ച പോരും.. അവിടെ വന്ന് റൂമും കാര്യങ്ങളും ഒക്കെ സെറ്റ് ആക്കണ്ടെ.. ”

“ഹാ അത് ശരിയാ.. ഏതായാലും നീ വിളിക്ക്…”

“ശരി ചേച്ചി…”

ഫോൺ കട്ട് ചെയ്യുന്നതിന് മുൻപ് എനിക്ക് അതിഥിയെ പറ്റിയും അവളുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയും ഒക്കെ ചോദിക്കണം എന്ന് ഉണ്ടായിരുന്നു…

പക്ഷേ അവളുടെ കാര്യങ്ങളിൽ ചേച്ചി എന്നെ മുൻപും വിലക്കിയിട്ടുള്ളത് കൊണ്ട് വേണ്ട എന്ന് തീരുമാനിച്ചു…

ഇന്നലെ അവളുടെ ഡയറിയിൽ വായിച്ച വരികൾ ഇപ്പോഴും മനസ്സിൽ തന്നെ കിടക്കുന്നുണ്ട്…

ഇത്ര വലിയ ഒരു ഫ്ലാഷ് ബാക്ക് അവൾക്ക് പുറകിൽ ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയിരുന്നില്ല…

അവളുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കണം എന്ന് ഇപ്പോഴും എനിക്ക് അറിയില്ല… ഒറ്റ നോട്ടത്തിൽ അവളോട് തോന്നിയ ആ ആകർഷണം ഇപ്പോഴും മനസ്സിൽ തന്നെ ഉണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ഇതിനോടകം പല തവണ ചോദിച്ചു…

അവളുടെ കഥകൾ കേട്ട് ഞാൻ അവളെ ഒഴിവാക്കുക ആണെങ്കിൽ ഞാൻ ഒരു ക്രൂരൻ ആവുമോ.
. അതോ ഇനിയും അവളുടെ പുറകെ പോവാൻ ആണ് തീരുമാനം എങ്കിൽ അത് വെറും ഒരു സിംപതിയുടെ പുറത്തുള്ള ഇഷ്ടം മാത്രം ആവുമോ..

ചോദ്യങ്ങൾ പലതാണ്.. പക്ഷേ ഒന്നിനും എൻ്റെ പക്കൽ ഉത്തരങ്ങൾ മാത്രം ഇല്ലായിരുന്നു…

പിന്നെയും ഒരുപാട് നേരം ഞാൻ ആ കായലിലേക്ക് നോക്കി നിന്നു…

ഈ ഐടി ജോലി ഒക്കെ വിട്ട് ഇതിൽ രണ്ട് ഹൗസ് ബോട്ടും വാങ്ങി ഇട്ട് ഇവിടെ തന്നെ ഒരു കല്യാണം കഴിച്ച് അങ്ങ് കൂടിയാലോ…

ഹ..ഹ.. ഹ… എന്ത് നല്ല നടക്കാത്ത സ്വപ്നം… വിശപ്പ് പിന്നെയും കൂടിയപ്പോൾ ഞാൻ വീട്ടിലേക്ക് തിരികെ നടന്നു….

🌀🌀🌀🌀🌀🌀🌀🌀

രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് ഉച്ചക്ക് അമ്മയുടെ വക വിഭവ സമൃദ്ധമായ സദ്യ തന്നെ ഉണ്ടായിരുന്നു..

ഇനിയിപ്പോ രണ്ട് മൂന്ന് ദിവസം കൂടിയേ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കിട്ടുകയുള്ളൂ എന്നോർത്തപ്പോൾ അല്പം കൂടുതൽ തന്നെ കഴിച്ചു…

കുറച്ച് നേരം ടിവി ഒക്കെ കണ്ട് ഇരുന്നപ്പോൾ ആണ് കൂട്ടുകാർ വന്ന് ക്രിക്കറ്റ് കളിക്കാൻ വിളിച്ചത്…

ചെന്ന് നോക്കിയപ്പോൾ പാടത്തിൻ്റെ അവസ്ഥ ക്രിക്കറ്റിന് പറ്റിയത് അല്ല.. പിന്നെ ഫുട്ബോൾ കളിക്കാൻ തീരുമാനിച്ചു…

അങ്ങനെ കളിയും അമ്പല കുളത്തിൽ നിന്നുള്ള കുളിയും ഒക്കെ കഴിഞ്ഞ് വൈകുന്നേരം ആണ് വീട്ടിലേക്ക് തിരികെ എത്തിയത്…

ഏട്ടനും അച്ഛനും ഒക്കെ അപോഴേക്കും എത്തിയിരുന്നു…

ഞാൻ പറയുന്നതിന് മുന്നേ എനിക്ക് ജോലി കിട്ടിയ കാര്യം ഏട്ടൻ അറിഞ്ഞിരുന്നു…

ആതിര അപ്പോഴും പോയിരുന്നില്ല… വൈകുന്നേരത്തെ ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ ആണ് അവൾക്ക് പോവേണ്ട കാര്യം ഓർമ വന്നത്…

സമയം 7 മണി ആയിട്ട് ഒള്ളു.. പക്ഷേ ഇപ്പൊ പകൽ കുറവാണ് രാത്രി ആണ് കൂടുതൽ അതുകൊണ്ട് വേഗം ഇരുടായി…

അവള് അമ്മയോട് പോകണം എന്ന് പറഞ്ഞതും അമ്മ നേരെ എൻ്റെ നേരെ തിരിഞ്ഞു…

“ടാ വിനു നീ അവളെ ഒന്ന് വീട്ടിൽ കൊണ്ടുപോയി ആക്ക്…”

“എൻ്റെ അമ്മെ.. എനിക്ക് വയ്യ.. അവള് ഒറ്റക്ക് പോക്കൊളും..”

“ഈ രാത്രി ആ കൊച്ചിനെ ഒറ്റക്ക് വിടാനോ.. മര്യാദക്ക് ചെല്ലെടാ…”

“എന്നാ ചേട്ടൻ കൊണ്ടുപോയി ആക്കികോളും…”

അത് കേട്ടപ്പോൾ ചേട്ടൻ്റെ മുഖത്ത് കണ്ട ഭാവം മാത്രം മതിയായിരുന്നു ഇനി ഇവിടെ നിന്നാൽ പണി കിട്ടും എന്ന് മനസിലാക്കാൻ…

“ഓ ശരി.. ഞാൻ തന്നെ കൊണ്ടുപോയി ആക്കി കൊള്ളാം.. എടി അമ്മു ആ ബൈക്കിൻ്റെ താക്കോൽ ഇങ്ങ് എടുക്ക്…”

“ഇനി ഇപ്പൊ എന്തിനാടാ ബൈക്ക്.. ആ പാടം വഴി അങ്ങ് കയറിയാൽ പോരെ…”

“ആ അമ്മക്ക് അത് പറയാം.
. എന്നിട്ട് ആ ഒഴിഞ്ഞ പറമ്പിൽ കൂടെ ഞാൻ ഒറ്റക്ക് വരണം അല്ലേ…??”

“ഇങ്ങനെ ഒരു പേടി തൊണ്ടൻ.. ആ ചാവി എടുത്ത് കൊടുക്കെടി…”

അമ്മു ചാവി തന്നതും ഞാനും ആതിരയും വണ്ടിയിൽ കയറി യാത്ര തുടങ്ങി…

“അതെ.. ഒറ്റക്ക് വരാനും പോകാനും പറ്റില്ലേൽ പിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുക്കുന്നത്…”

“ഞാൻ എൻ്റെ മാമൻ്റെയും ആൻ്റിയുടെയും വീട്ടിലേക്ക് ആണ് വന്നത്…”

“പക്ഷേ അവിടെ നിന്ന് തിരിച്ച് പോണെങ്കിൽ ഞാൻ തന്നെ കൊണ്ടുപോയി വിടണ്ടെ..??”

“വേറെ പണി ഒന്നും ഇല്ലല്ലോ… ഇങ്ങനെ എങ്കിലും ഒരു പണി ആകട്ടെ…”

“ഓഹോ.. മോൾ എനിക്ക് പണി ഉണ്ടാക്കി തരാൻ വേണ്ടി തന്നെ ഇറങ്ങിയത് ആണ് അല്ലേ..??”

“അതെ…”

“ഒരു കാര്യം ഞാൻ പറയാം.. ഇനി അവിടെ ചെല്ലുമ്പോൾ നിൻ്റെ അച്ഛനും അമ്മയും എന്നോട്.. മോനെ ഒന്ന് കയറിയിട്ട് പോ എന്നൊക്കെ പറയുമായിരിക്കും… പക്ഷേ ഞാൻ കേറാൻ ഒന്നും നിക്കില്ല…”

“വീട്ടിൽ കേറ്റാൻ പറ്റാത്ത സാധനം ആയിട്ടും കയറാൻ പറയുന്നത് അവരുടെ മര്യാദ.. പക്ഷേ എന്തായാലും അത് എൻ്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കണ്ട…”

“അല്ലേലും നീ മര്യാദ ഇല്ലാത്തവൾ ആണെന്ന് എനിക്ക് പണ്ടെ അറിയാമെടി… പണ്ട് നീ മാങ്ങക്ക് എറിഞ്ഞ് ആ കല്ല് പോയി വീടിൻ്റെ ജനലിലും അതിൻ്റെ അകത്ത് കിടന്നിരുന്ന തള്ളയുടെ തലയിലും കൊണ്ടപോൾ നീ എന്നെ കള്ളനാക്കി… അതിനു നിൻ്റെ അച്ഛൻ.. എൻ്റെ അമ്മാവൻ എന്നെ അതെ മാവിൽ കെട്ടിയിട്ട അടിച്ചപ്പോൾ നോക്കി നിന്ന് ചിരിച്ചവൾ അല്ലെടി നീ…”

“അന്ന് ഞാൻ ചിരിച്ചൊന്നും ഇല്ല… പിന്നെ കഥയുടെ ബാക്കി കൂടി പറ.. അതിൻ്റെ പ്രതികാരം തീർക്കാൻ അല്ലേ നീ തീക്കൊള്ളി കൊണ്ട് എൻ്റെ മുതുകത്ത് കുത്തിയത്… അതിൻ്റെ പാട് ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്…”

“അത് പിന്നെ.. അന്ന്.. ഞാൻ കരുതിയോ ആ കൊള്ളിക്ക് അത്രേം ചൂട് ഉണ്ടാകും എന്ന്…”

“തീക്കൊളിക്ക് പിന്നെ തണുപ്പ് ആണല്ലോ…”

“അതൊക്കെ ചെറുപ്പത്തിൽ കഴിഞ്ഞ കാര്യങ്ങള് അല്ലേ.. അന്തം ഇല്ലാത്ത പ്രായത്തിൽ.. നീ അത് വിട്…”

“വിടാൻ ഞാൻ അല്ലല്ലോ തുടങ്ങിയത്…”

“ഓ ശരി.. ഞാൻ പറഞ്ഞ് വന്നത് ഇത്ര ഒള്ളു… ഞാൻ നിൻ്റെ വീട്ടിൽ കേറില്ല…”

“ഓ വേണ്ട..”

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങൾ ആതിരയുടെ വീട്ടിൽ എത്തി…

ബൈക്കിൻ്റെ ശബ്ദം കേട്ടതും അമ്മാവനും അമ്മായിയും പുറത്തേക്ക് വന്നു…

“ഹാ.. നിങ്ങൾ എത്തിയോ.. ഞാൻ മോളെ വിളിക്കാൻ തുടങ്ങുവാരുന്നു…”

“നേരം ഇരുടായില്ലെ.. അതുകൊണ്ട് ഞാൻ കൊണ്ട് വന്ന് വിടാം എന്ന് കരുതി അമ്മാവാ…”

അത് പറഞ്ഞപ്പോൾ അവള് എന്നെ ഒരു നോട്ടം.. എന്ത് എന്ന അർത്ഥത്തിൽ ഞാനും ഒന്ന് നോക്കി…

“ഹ.. ഏതായാലും വന്നതല്ലേ അകത്തേക്ക് വാ.. ഇന്നത്തെ അത്താഴം ഇവിടെ നിന്ന് ആവാം…”

“അയ്യോ അമ്മാവാ അതൊന്നും വേണ്ട.. അമ്മ കാത്തിരിക്കും…”

“നീ ഇങ്ങോട്ട് അല്ലേ പോന്നത്.. ചേച്ചി പെടിക്കത്തൊന്നും ഇല്ല… നല്ല ഇറച്ചി കുരുമുളക് ഇട്ട് വരട്ടിയതുണ്ട് വാടാ…”

അമ്മായി അത് പറഞ്ഞപ്പോൾ എൻ്റെ സകല ആവേശവും കെട്ടടങ്ങി.. അമ്മായിയുടെ ഇറച്ചി കറി വേറെ ലെവൽ ആണ്…

അങ്ങനെ രണ്ടും കൽപ്പിച്ച് ഞാൻ അകത്ത് കയറിയതും ആതിര കഷ്ടം എന്ന രീതിയിൽ എന്നെ നോക്കി കൈ മലർത്തി..

ഞാൻ പതിയെ പോടി എന്ന രീതിയിൽ അവളോട് തിരിച്ച് കാണിച്ചു…

ഇറച്ചി കറിയും കൂട്ടി ഭക്ഷണം കഴിക്കുമ്പോൾ ആണ് അമ്മാവൻ അത് ചോദിച്ചത്…

“എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ ബാംഗ്ലൂർ ട്രിപ്പ്..??”

“നന്നായിരുന്നു അമ്മാവാ…”

“ഇവൾ ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കിയില്ലല്ലോ അല്ലേ..??”

“ഏയ് എന്ത് ബുദ്ധിമുട്ട്…”

പച്ച കള്ളം ആയിരുന്നിട്ടും കൂടി അമ്മവനോട് ഞാൻ അങ്ങനെ തന്നെ പറഞ്ഞു…

അത് കേട്ടപ്പോൾ അവള് എന്നെ ഒന്ന് ഇടം കണ്ണുട്ട് നോക്കി…

“അവൾക്ക് തിങ്കളാഴ്ച ജോയിൻ ചെയ്യണം.. ഇവിടെ നിന്ന് ശനിയാഴ്ച പോണം.. അവിടെ ഹോസ്റ്റലിൽ ഒക്കെ കുറച്ച് കാര്യങ്ങള് ശരിയാക്കാൻ ഉണ്ട്…”

“ആണോ… എനിക്കും തിങ്കളാഴ്ച ചെന്നൈയില് ജോയിനിങ്ങ് ആണ്.. ഏട്ടൻ്റെ ഫ്രണ്ടിൻ്റെ കമ്പനി ആണ്…”

“ആഹാ.. നീ എന്നാ പോകുന്നത്…??”

“ഞാനും ശനിയാഴ്ച ആയിരിക്കും.. പക്ഷേ ഞാൻ ബൈക്കിൽ ആണ് പോകുന്നത്…”

“അത് മതിയല്ലോ.. എന്നാ നീ ഇവളെയും കൂടെ കൂട്ടിക്കോ…”

തൊലച്ച്.. ബൈക്കിൽ ആണെങ്കിൽ പുള്ളി സമ്മതിക്കില്ല എന്നാ ഞാൻ കരുതിയത്.. ഇത് വടി കൊടുത്ത് അടി വാങ്ങിയ പോലെ ആയല്ലോ… ഇനി ഈ പിശാചിനെ ഞാൻ കൂടെ കൊണ്ടു പോകേണ്ടി വരുമോ..

“അത് അമ്മാവാ.. അവൾക്ക് അവിടെ ഹോസ്റ്റലിൽ ഒക്കെ ചിലപ്പോ മാതാ പിതാക്കൾ ആവശ്യം വരും.. അപ്പോ അമ്മാവൻ പോവുന്നതല്ലെ നല്ലത്..”

“അതൊന്നും കുഴപ്പം ഇല്ലെടാ.. അതൊക്കെ അവള് നോക്കിക്കോളും.. പിന്നെ ഈ ഇംഗ്ലീഷും തമിഴും അറിയാത്ത ഞാൻ കൂടെ ഉള്ളതിനേക്കാൾ നല്ലത് നീയാണ്…”

“അല്ല അമ്മാവാ.. ചിലപ്പോ അവൾക്ക് എൻ്റെ കൂടെ വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് കാണും…”

“അവൾക്ക് എന്ത് ബുദ്ധിമുട്ട്.. എൻ്റെ കൂടെ വരുന്നതാണ് അവക്ക് ബുദ്ധിമുട്ട്… അല്ലേ മോളെ…”

അമ്മാവൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. ആന മടിയൻ ആണ്…

“എനിക്ക് കുഴപ്പം ഒന്നില്ല അച്ഛാ.. എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം.. ഞാൻ വേണേൽ ഒറ്റക്ക് പൊയ്ക്കൊളാം…”

“അങ്ങനെ നീ ഒറ്റക്ക് പൊണ്ട.. ഏതായാലും ഇവൻ ഇവിടെ നിന്ന് പോവുന്നുണ്ടല്ലോ.. നീ അവൻ്റെ കൂടെ പോയാൽ മതി… എന്താ ഓകെ അല്ലേ വിനു…”

ഇനി തർക്കിക്കുന്നതിൽ പ്രയോജനം ഒന്നും ഇല്ല.. വീട്ടിൽ അറിഞ്ഞാൽ എന്തായാലും അവളെ കൂടെ കൂട്ടാൻ പറയും.. വെറുതെ എന്തിനാ ഇനി അമ്മയുടെ വഴക്ക് കൂടി കേൾക്കുന്നത്.. മാരണത്തിനെ കൂടെ കെട്ടി എടുക്കാം…

“ആ.. എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ അമ്മാവാ…”

“അപ്പോ അതിൽ ഒരു തീരുമാനം ആയി…”

ഹൊ അങ്ങേരു രക്ഷപ്പെട്ടു… ഇങ്ങനെ ഉള്ള അമ്മാവന്മാർ ഉണ്ടായാൽ മരുമക്കൾക്ക് ആണല്ലോ ദൈവമേ പണി കിട്ടുന്നത്.. കൂട്ടത്തിൽ ഇങ്ങനെ തല തെറിച്ച മുറപ്പെന്നുങ്ങൾ കൂടെ ആയാൽ ഉഷാറായി…

അങ്ങനെ ഭക്ഷണം കഴിക്കലും കുശലം പറച്ചിലും ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി….

🌀🌀🌀🌀🌀🌀🌀🌀🌀🌀

പിന്നീടുള്ള രണ്ട് ദിവസങ്ങൾ വളരെ പെട്ടന്ന് തന്നെ കടന്ന് പോയി..

അല്ലെങ്കിലും നമ്മൾ വളരെ ആശിക്കുന്നതോ വളരെ വെറുക്കുന്നതോ ആയ തിയ്യതികൾ വേഗം വന്നെത്തും…

ഇവിടെ എനിക്ക് മിക്സഡ് ഫീലിംഗ് ആണ്…

കൊണ്ടുപോകാൻ ഉള്ള സാധനങ്ങൾ ഒക്കെ ഞാൻ ബാഗിൽ എടുത്ത് വച്ചു…

കൂട്ടത്തിൽ നീതു ചേച്ചിയുടെ സാധനങ്ങളും പ്രധാനമായും അതിഥിയുടെ ഡയറിയും ഞാൻ ശ്രദ്ധയോടെ എടുത്ത് വച്ചു…

നാളെ രാവിലെ പോണം.. രാത്രിയോടെ അവിടെ എത്തണം എന്നാണ് പ്ലാൻ.. രാവിലെ അമാവൻ്റെ വീട്ടിൽ പോയി ആതിരയെ പിക്കു ചെയ്യണം…

അങ്ങനെ വരാൻ പോകുന്ന ദിനങ്ങൾ സ്വപ്നം കണ്ട് ഞാൻ കണ്ണടച്ച് കിടന്നു….

🌀🌀🌀🌀🌀🌀🌀🌀🌀

രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി യാത്രയ്ക്ക് ഇറങ്ങി…

എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞു..

വീട്ടിൽ അമ്മ ഉൾപ്പടെ എല്ലാവരും നല്ല ബോൾഡ് ആയതുകൊണ്ട് സെൻ്റി സീൻ ഒന്നും ഉണ്ടാവില്ല…

അങ്ങനെ ഞാൻ വണ്ടി എടുത്ത് നേരെ അമ്മാവൻ്റെ വീട്ടിലേക്ക് തിരിച്ചു…

അവിടെ സ്ഥിതി അൽപ്പം വ്യത്യസ്തം ആണ്.. അമ്മായി അൽപ്പം സെൻ്റി ഒക്കെ അടിച്ച് സീൻ സാഡ് ആക്കി എങ്കിലും കുഴപ്പം ഇല്ല.. എന്തൊക്കെ പറഞ്ഞാലും അമ്മയല്ലെ.. മക്കളെ പിരിഞ്ഞിരിക്കുന്നത് ഏത് അമ്മക്കാണ് സഹിക്കുക… എൻ്റെ അമ്മയും ഇപ്പൊൾ മനസ്സിൽ എത്ര സങ്കടപ്പെടുന്നുണ്ടാവും എന്ന് എനിക്ക് നന്നായി അറിയാം…

അവൾക്കും ഹെൽമെറ്റ് ഉണ്ട്.. അതുകൊണ്ട് ആ വൃത്തി കെട്ട മുഖം ഇടക്കിടക്ക് കാണണ്ടല്ലോ…

അങ്ങനെ ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

ആദ്യത്തെ കുറെ ദൂരം ഞങൾ ഒന്നും മിണ്ടിയില്ല… അതിൻ്റെ ആവശ്യവും ഇല്ല…

നല്ല വെയിലാണ്.. എന്നാലും അത്രക്ക് ക്ഷീണം ഒന്നും തോന്നുന്നില്ല…

കുറച്ച് കഴിഞ്ഞപ്പോൾ അവള് സംസാരിച്ച് തുടങ്ങി.. പക്ഷേ ആ ചൊറിയുന്ന സ്ലാങ്ങിന് ഒരു മാറ്റവും ഇല്ല…

“ഹൈ വേ കാണുമ്പോൾ ഉള്ള ആ ആക്രാന്തം വേണ്ട… പതിയെ പോയാൽ മതി…”

“അതിനു ഇത് നിൻ്റെ അപ്പൻ്റെ കാള വണ്ടി അല്ല.. ബൈക്ക് ആണ്.. സ്പീഡിലെ പോകൂ…”

“ഓ പിന്നെ.. വല്ല്യ റൈഡർ ആണെന്നാ വിചാരം…”

“അതെടി ഞാൻ റൈഡർ തന്നെയാ…”

“ഒന്ന് പോടാ…”

” നോക്ക് ഒരു വഴക്കിന് ഞാൻ ഇപ്പൊ ഒട്ടും റെഡിയല്ല… അതും ഇങ്ങനെ ഒരു പൊസിഷനിൽ.. അതുകൊണ്ട് ദയവ് ചെയ്ത് ആ നാവിനിത്തിരി റെസ്റ്റ് കൊടുത്ത് മിണ്ടാതെ ഇരിക്കാമോ…”

“ഹാ..നോക്കാം…”

പിന്നെ കുറെ നേരം ഞങൾ പരസ്പരം ഒന്നും മിണ്ടിയില്ല…

ഏകദേശം ഉച്ച ആയി… വിശപ്പ് തുടങ്ങി..

റോഡ് സൈഡിൽ കണ്ട അത്യാവശ്യം നല്ലത് എന്ന് തോന്നിക്കുന്ന ഒരു റസ്റ്റോറൻ്റിൽ ഞാൻ വണ്ടി ഒതുക്കി….

അകത്ത് കയറിയതും നല്ല തിരക്കാണ്… പുറത്ത് കിടക്കുന്ന വണ്ടികളുടെ എണ്ണം കണ്ടപ്പോൾ തന്നെ എനിക്ക് ഒരു ചെറിയ സംശയം തോന്നിയിരുന്നു…

നോക്കിയപ്പോൾ ഒരു ടേബിൾ മാത്രമേ ഒഴിവ് ഒള്ളു…

തൽക്കാലം ഞാൻ അതിൽ ഇരിക്കാൻ വേണ്ടി അങ്ങോട്ട് നടന്നു..

അവളും അതെ ടേബിള് തന്നെ ആണ് കണ്ടത്.. സത്യത്തിൽ അത് മാത്രമേ അവിടെ കാലിയായിട്ട് ഒള്ളു..

അങ്ങനെ ആദ്യമായി ഞങൾ രണ്ടാളും ഒരു ടേബിളിൽ ഇരുന്നു…

അല്പം കഴിഞ്ഞപ്പോൾ വെയിറ്റർ ഓർഡർ എടുക്കാനായി വന്നു…

“സാർ കഴിക്കാൻ എന്താ വേണ്ടത്..?? ഊണുണ്ട് ബിരിയാണി ഉണ്ട്…”

“എനിക്ക് ഒരു ഊൺ മതി…”

“മേടത്തിന്..??”

“എനിക്ക് ഒരു ബിരിയാണി…”

“ശരി മേടം…”

ഞാൻ ഫോൺ എടുത്ത് അതിൽ കളിച്ചൊണ്ട് ഇരുന്നു.. അവളും സ്വാഭാവികം ആയും അത് തന്നെ ആണ് ചെയ്യുന്നത്…

സെൽഫി ഒക്കെ എടുക്കുന്നത് കണ്ടു.. ഇൻസ്റ്റാഗ്രാമിൽ ഇടാൻ ആയിരിക്കും…

അങ്ങനെ ഫുഡ് വന്നതും ഞങൾ കഴിക്കാൻ തുടങ്ങി…

ഫുഡ് എന്ന് കേട്ടാൽ പിന്നെ അവൾക്ക് ഫോണും വേണ്ട ഒരു കുന്തോം വേണ്ട…

എൻ്റെ കഴിക്കൽ നേരത്തെ കഴിഞ്ഞു… അപ്പോഴാണ് എനിക്ക് അവൽക്കിട്ട് ഒരു പണി കൊടുക്കാൻ തോന്നിയത്…

ഞാൻ നേരത്തെ എഴുന്നേറ്റ് കൈ ഒക്കെ കഴുകി കൗണ്ടറിൽ ചെന്ന് കാശ് അവള് തരും എന്നും ബിൽ ഒരുമിച്ച് ഇട്ടാൽ മതി എന്നും പറഞ്ഞു…

അവർ ഓകെ പറഞ്ഞതും ഞാൻ അവിടെ നിന്ന് നൈസ് ആയിട്ട് വണ്ടി നിൽക്കുന്ന സ്ഥലത്തേക്ക് സ്കൂട്ട് ആയി…

പാവം.. അങ്ങനെ തന്നെ വേണം.. ഫ്രീ ആയിട്ട് വണ്ടിക്ക് പുറകിൽ ഇരുന്നു ഞെളിഞ്ഞ് പോകുന്നത് അല്ലേ.. ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ…

അല്പം കഴിഞ്ഞപ്പോൾ അവള് ഇറങ്ങി വരുന്നത് കണ്ടു…

മുഖം കണ്ടാൽ അറിയാം നന്നായിട്ട് ചമ്മിയിട്ടുണ്ട്…

അവള് വന്നതും ഞാൻ വണ്ടിയിൽ കയറാൻ ഒരുങ്ങി..

“ഹലോ എങ്ങോട്ടാ..??”

“പിന്നെ പോകണ്ടേ…”

“ഹോട്ടലിൽ ബിൽ ഞാൻ കൊടുക്കും എന്ന് പറഞ്ഞോ..??”

“ഹാ പറഞ്ഞു…”

“ഒരു പ്രശ്നം ഉണ്ട്…”

“എന്ത് പ്രശ്നം..??”

“എൻ്റെ കയ്യിൽ കാർഡ് ആണ്.. പക്ഷേ അവിടെ കാർഡ് എടുക്കില്ല… കാശ് തന്നെ വേണം…”

“ഹൊ.. നാശം.. മാറ്.. ഞാൻ കൊടുത്തിട്ട് വരാം…”

ശേ.. അവൾക്കിട്ട് നല്ല ഒരു പണി കൊടുത്തത് ആയിരുന്നു.. പക്ഷേ പാളി പോയി.. ഹാ സാരല്ല.. അടുത്ത തവണ നോക്കാം…

ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്നു…

“എത്രയായി ചേട്ടാ…”

“ഒരൂൺ.. ഒരു ബിരിയാണി.. ഒരു ജ്യൂസ്.. ഒരു ഐസ്ക്രീം… മൊത്തം 350 മോനെ…”

“അല്ല ഈ ജ്യൂസും ഐസ്ക്രീമും…”

“മോൻ്റെ കൂടെ ഉള്ള കൊച്ച് കഴിച്ചു…”

ഓഹോ ഞാൻ പോയി കഴിഞ്ഞ് ഈ പിശാച് പിന്നേം ഓർഡർ ചെയ്ത് കഴിച്ചോ…

“ദാ ചേട്ടാ…”

അങ്ങേരു ബാക്കി നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അങ്ങോട്ട് വേറൊരു ആൾ കാശ് കൊടുക്കാൻ വന്നത്…

“ചേട്ടാ കാർഡ് എടുക്കില്ലെ…??”

“പിന്നെ.. കാർഡ് ഉണ്ട്.. ഗൂഗിൽ പേ ഉണ്ട് ഫോൺ പേ ഉണ്ട് പേ ടി എം ഉണ്ട്.. എല്ലാം ഉണ്ട് മോനെ.. കാലം ഒക്കെ മാറില്ലേ… ഇന്നാ മോൻ്റെ ബാലൻസ് 150 രൂപ…”

ഓഹോ അപ്പോ അവള് എനിക്കിട്ട് വച്ചതാണ്.. ഞാൻ ബാലൻസ് വാങ്ങി അവളുടെ അടുത്തേക്ക് നടന്നു…

“നുണചീ.. നുണ പറഞ്ഞതാണല്ലെ.. അവിടെ കാർഡ് അല്ലാതെ പിന്നെ എന്ത് കോപ്പാടി ആൾക്കാർ എടുത്ത് വച്ച് ഉരക്കുന്നത്…??”

“ആഹാ.. ഇപ്പൊ ഞാൻ നുണ പറഞ്ഞത് ആണോ കുറ്റം.. വാരി വലിച്ച് തിന്നിട്ട് ബില്ല് എൻ്റെ തലയിൽ വച്ച് തന്നു മുങ്ങുന്നത് വല്ല്യ മാന്യ പ്രവർത്തി ആണല്ലോ…”

“അത് പിന്നെ…”

“വേണ്ട.. പകരത്തിന് പകരം.. ഓകെ…”

“ഹും ഓകെ…”

“എന്നാ വണ്ടി എടുക്കാൻ നോക്ക്…”

“ശരിയാക്കി തരാം…”

“ഓ…”

അങ്ങനെ അവൾക്കിട്ടു കൊടുത്ത പണി പൊളിഞ്ഞു എന്ന് മാത്രമല്ല അവള് അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയും ചെയ്തു…

ഹ പണി കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ.. കിട്ടാൻ കൂടി ഉള്ളതല്ലേ.. അങ്ങനെ ഞങൾ അവിടെ നിന്ന് വീണ്ടും യാത്ര തിരിച്ചു….

ഇടയ്ക്ക് ഒന്ന് ചായ കുടിക്കാൻ ഞങൾ വീണ്ടും വണ്ടി നിർത്തി…

അത് കഴിഞ്ഞ് പിന്നെ ഒന്ന് റിഫ്രഷ് ആകാൻ ഒരു പമ്പിൽ നിർത്തി…

അവള് വാഷ് റൂം ഉപയോഗിക്കുമ്പോൾ ഞാൻ നീതു ചേച്ചിക്ക് ഫോൺ ചെയ്തു…

“ഹലോ വിനു.. പോന്നോ..??”

“ഹാ ചേച്ചി… ഞങ്ങൾ ഒരു 8 മണിയോടെ എത്തും…”

“ഞങ്ങളോ..??”

“ഹ അത് ചേച്ചി.. എൻ്റെ കൂടെ എൻ്റെ കസിൻ ഉണ്ട്.. അവൾക്ക് ഇവിടെ ഒരു കോളേജിൽ അഡ്മിഷൻ ഉണ്ട് അപോ അതിനു വേണ്ടി വന്നതാ..”

“ആണോ.. അല്ല ടാ.. നിനക്ക് റൂം ഒന്നും ശരിയായില്ലല്ലോ…”

“ഇല്ല ചേച്ചി.. നാളെ തിരഞ്ഞ് ഒരെണ്ണം കണ്ടുപിടിക്കണം.. ബാച്ചിലർ ആയതുകൊണ്ട് എവിടെ എങ്കിലും കിട്ടുമോ എന്നും സംശയം ആണ്…”

“നീ ഏതായാലും നോക്ക്.. ഒന്നും റെഡിയായില്ല എങ്കിൽ പറ.. ഞാൻ ആരോടെങ്കിലും പറഞ്ഞ് സഹായിക്കാം..”

“ശരി ചേച്ചി.. എന്നാ ഞാൻ വിളിക്കാം..”

“ഓകെ ടാ…”

അങ്ങനെ ആതിര തിരിച്ചെത്തിയതും ഞങൾ വീണ്ടും യാത്ര തുടർന്നു…

രാത്രി ആകും തോറും നല്ല തണുപ്പ് ആയിരുന്നു…

“നമ്മൾ എപ്പോഴാ എത്തുക അവിടെ..??”

“ഒരു 8 മണി ഒക്കെ ആവുമായിരിക്കും..”

“എന്നെ ഹോസ്റ്റലിൽ വിട്ടാൽ മതി..”

“എനിക്ക് എങ്ങനെ നിൻ്റെ ഹോസ്റ്റൽ അറിയും..??”

“അഡ്രസ് തരാം പോരെ..??”

“അഡ്രസ് കിട്ടീട്ട് പോകാൻ ഇത് എൻ്റെ നാടൊന്നും അല്ല.. എനിക്ക് പോകേണ്ട സ്ഥലത്തേക്ക് എങ്ങനെ പോകും എന്ന് കരുതി ഇരിക്കാണ് ഞാൻ…”

“ഗൂഗിൽ മാപ്പ് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട് അറിയാമോ.. അതിൽ അടിച്ച് കൊടുത്താൽ മതി…”

“അത് എനിക്കും അറിയാം…”

“ഓ…”

അങ്ങനെ ഞങൾ അവസാനം ഏകദേശം ചെന്നൈയുടെ ഉള്ളിൽ എത്തി…

ഈ പിശാചിനെ ഹോസ്റ്റലിൽ വിടാൻ വേണ്ടി അവളുടെ ഹോസ്റ്റൽ അഡ്രസ് മാപ്പിൽ നോക്കി കണ്ടു പിടിച്ച് വണ്ടി അങ്ങോട്ട് വിട്ടു…

അങ്ങനെ ചുറ്റി വളഞ്ഞ് ഒരു വിധം അവളുടെ ഹോസ്റ്റൽ കണ്ടു പിടിച്ചു..

നല്ല ഒന്നാന്തരം ലേഡീസ് ഹോസ്റ്റൽ ഗെയിറ്റിൻ്റെ മുന്നിൽ വണ്ടി നിർത്തിയതും സെക്യൂരിറ്റി അടുത്തേക്ക് വന്നു…

“യാര്.. എന്ന വേണം..??”

“അണ്ണാ.. ന്യൂ അഡ്മിഷൻ…”

“കേരളാ വാ ??”

“ആമാ അണ്ണാ…”

“ഇന്ത ടൈമിലെ അഡ്മിഷൻ എതും കെടയാത് തമ്പി.. പോയി കാലയിലെ വാ..”

അപ്പോഴേക്കും അവള് ഇടയ്ക്ക് കയറി പറഞ്ഞു തുടങ്ങി..

“എനക്ക് ഇങ്ക കോളേജ് അഡ്മിഷൻ ഇരുക്ക് അണ്ണാ.. വാർഡനെ കോൾ പന്നുങ്കോ…”

“സരി.. ഇര് മാ..”

അയാള് അകത്തേക്ക് പോയി വാർഡനെ കൂട്ടി വന്നു…

“മലയാളി ആണോ മോളെ.??”

“അതെ മേടം..”

“ശരി ഇനിയിപ്പോ ഈ രാത്രി അഡ്മിഷൻ ഫോർമാളിട്ടി ഒന്നും നോക്കണ്ട.. രാവിലെ ആവാം…”

“ശരി മേടം..”

“അല്ല.. ഇതാരാ..??”

“ഇത് എൻ്റെ കസിൻ ആണ് മേടം..”

“ഇയാള് മാത്രേ ഒള്ളോ കൂടെ കുറച്ച് കൂടി മെച്യൂരിട്ടി ഉള്ള ആരും ഇല്ലെ..??”

“അയ്യോ മേടം.. എനിക്ക് നല്ല മെച്യൂറിട്ടി ആണ്…”

“ആ എന്നാല് പോയി നാളെ രാവിലെ വാ..”

“അല്ല രാവിലെ ഞാൻ എന്തിനാ വരുന്നത്..??”

“പിന്നെ ഈ കുട്ടിയുടെ ലോക്കൽ ഗാർഡിയൻ ആയിട്ട് ആരു നിക്കും.. എന്താ കുട്ടീ ഇയാള് അല്ലേ നിൻ്റെ ലോക്കല് ഗാർഡിയൻ..”

“പിന്നെ ഇത് തന്നെയാ ആ ‘ ലോക്കല് ‘ ഗാർഡിയൻ…”

“കോളേജ് സ്റ്റുഡൻ്റ് ആയതുകൊണ്ടാണ്.. ഇല്ലെങ്കിൽ ഇങ്ങനെ കസിനും ഫ്രണ്ടും വന്നാൽ ഒന്നും അഡ്മിഷൻ തരില്ല… ഏതായാലും വാ…”

വാർഡൻ മലയാളി ആണ്… അവള് രക്ഷപ്പെട്ടു….

അങ്ങനെ അവള് അകത്തേക്ക് പോയി.. ഞാൻ ബൈക്കിൽ കയറി തിരികെ പോന്നു…

തൽക്കാലം ഇന്ന് രാത്രി തങ്ങാൻ ഒരു ഹോട്ടൽ മുറി സെറ്റപ്പാക്കണം…

🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് രാവിലെ തന്നെ ഫ്രഷ് ആയി മുറി വേക്കേറ്റ് ചെയ്തു..

നല്ല അടിപൊളി തമിഴ് സ്റ്റൈൽ ഇഡലിയും ചായയും കുടിച്ച് നേരെ ആതിരയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു…

ചെന്ന് നോക്കിയപ്പോൾ ഗേറ്റ് അടഞ്ഞു കിടപ്പാണ്.. സെക്യൂരിറ്റിയെ കാണാനും ഇല്ല…

പിന്നെ ഒന്നും നോക്കിയില്ല.. ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി…

(തുടരും…)

Comments:

No comments!

Please sign up or log in to post a comment!