Soul Mates 13

“വിനു… വിനു.. അതാണ് സോണിയ… ബാംഗ്ലൂരിൽ വച്ച് കെവിൻ എനിക്ക് പരിചയപ്പെടുത്തിയ ഡ്രഗ് ഡീലിങ്സ് നടത്തുന്ന അവൻ്റെ കൂട്ടുകാരി…”

“ഹേ….!!!”

Episode 13 Revealing The Truths A

“അതേ വിനു.. എനിക്ക് നല്ല ഉറപ്പുണ്ട്.. ഇത് അവള് തന്നെ ആണ്..”

“ഓകെ..ഓകെ.. ഞാൻ അങ്ങോട്ട് വരാം..”

ഫോൺ കട്ട് ചെയ്തതും ഞാൻ ആകെ ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു..

കെവിൻ അവൻ അല്ല.. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ എങ്ങനെ സോണിയ ആയി..??

ആർക്കും അറിയാത്ത എന്തോ ഒന്ന് ഇതിനിടക്ക് നടക്കുന്നുണ്ട്..

പുസ്തകത്തിൽ നിന്ന് കാണാതായ ആ താൾ കൂടി കണ്ടെത്തി ഇതിലേക്ക് കൂട്ടി ചേർത്താൽ ഈ കഥ പൂർണമാവും..

ഞാൻ വേഗം റെഡിയായി നേരെ അതിഥിയുടെ വീട്ടിലേക്ക് ആണ് പോയത്.

എന്നെ കാത്ത് അക്ഷമയായി അതിഥി നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു..

“അതിഥി.. താൻ ശരിക്കും നോക്കിയിട്ട് ആണോ പറഞ്ഞത്..??”

“പിന്നെ നോക്കാതെ.. എനിക്ക് നല്ല ഉറപ്പാണ് വിനു അത് അവള് തന്നെ ആണ് സോണിയ”

“ശരി.. പക്ഷേ അവളുടെ ഭർത്താവ് കെവിൻ അത്..??”

“അതല്ല യഥാർത്ഥ കെവിൻ..”

“ഓകെ..ഓകെ.. ഇത് ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ…”

“വിനു നമുക്കറിയാത്ത എന്തൊക്കെയോ നടക്കുന്നുണ്ട്..”

“അതെ.. എന്തായാലും ഞാൻ ഓഫീസിൽ പോയിട്ട് വൈകുന്നേരം വരാം.. താൻ ടെൻഷൻ ആവാതെ ഇരിക്ക്..”

“ഉം.. ശരി..”

അങ്ങനെ ഞാൻ അതിഥിയുടെ അടുത്ത് നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടു..

എങ്ങനെ എങ്കിലും ഈ രഹസ്യത്തിൻ്റെ ചുരുൾ അഴിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..

ഓഫീസിൽ എത്തിയതും തലേ ദിവസത്തെ പാർട്ടിയെ പറ്റിയും മറ്റും ആയിരുന്നു എല്ലാവരുടെയും സംസാരം…

ഞാൻ കാബിനിൽ ഇരുന്നപ്പോൾ ഓഫീസ് സിസ്റ്റത്തിൽ മെയില് വന്ന് കിടക്കുന്നത് കണ്ടു…

വരാൻ പോകുന്ന ഒരു പ്രധാന പ്രോജക്ടിൻ്റെ സുരക്ഷയുടെ ഭാഗമായി ഓഫീസ് സേർവറിലെക്ക് ലോഗ് ഇന് ചെയ്യാൻ പാസ്‌വേഡ് സെറ്റ് ചെയ്യേണ്ടത് ആവശ്യമാണ്..

പ്രോടോകോൾ പ്രകാരം അടുത്ത കുടുംബത്തിൽ ഉള്ളവരുടെ പേരോ പേഴ്സണൽ വിവരങ്ങളോ പാസ്‌വേഡ് ആയി വെക്കരുത്..

കാരണം ആ വിവരങ്ങൾ ഡാറ്റാ ബേസ് നോക്കിയാൽ ആർക്ക് വേണമെങ്കിലും കിട്ടും…

നാല് അക്ഷരം ആണ് പാസ്‌വേഡ് ആയി വെക്കേണ്ടത്… എന്ത് വെക്കണം

ഇത് മറന്നാൽ പണിയാണ്.. യാതൊരു വിധ റികവറി ഓപ്ഷനും ഉണ്ടാവില്ല.. ചെയ്തത് എല്ലാം ആദ്യം മുതലേ ചെയ്യേണ്ടി വരും.

.

എന്ത് വക്കണം എന്ന് ആലോചിച്ചപ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വന്നത് ആതിരയുടെ മുഖം ആണ്..

എന്താണ് അങ്ങനെ വന്നത് എന്നറിയില്ല.. പക്ഷേ എൻ്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമുള്ള ഒന്നിനെ കുറിച്ച് ഞാൻ ആലോചിക്കുമ്പോൾ എല്ലാം ആതിരയുടെ മുഖം ആണ് എൻ്റെ മനസ്സിലേക്ക് ഓർമ വരുന്നത്..

നാല് അക്ഷരം ആയത് കൊണ്ട് ഞാൻ പാസ്‌വേഡ് വക്കാനായി കീബോർഡിൽ വിരലമർത്തി..

എ…ട്ടി…എച്ച്… യു….. ആതു….

ഇത് മതി.. യൂസർ നെയിം പിന്നെ നമ്മുടെ നെയിം തന്നെ ആണ്..

എന്താണെന്ന് അറിയില്ല ആതുവിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..

എന്തിനാണ് ഞാൻ ഇപ്പൊ അവളുടെ പേര് എൻ്റെ പാസ്‌വേഡ് ആയി വച്ചത്..

അറിയില്ല.. ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാണോ എനിക്കവൾ..

ആതിരയെ കുറിച്ച് ആലോചിച്ച് നിന്നപ്പോൾ ആണ് മുന്നിലൂടെ ആശ പാസ്സ് ചെയ്തു പോയത്..

ഞാൻ വേഗം എല്ലാം ക്ലിയർ ചെയ്ത ശേഷം ആശയുടെ അടുത്തേക്ക് ചെന്നു…

സിസ്റ്റം ഡാറ്റാബേസ് അഡ്മിൻ ആണ് ആശ.. അവള് വഴി ഒന്ന് ശ്രമിച്ചാൽ ചിലപ്പോൾ കേവിനിൻ്റ ഫാമിലിയെ പറ്റിയോ അല്ലെങ്കിൽ മെർലിൻ എന്ന സോണിയയെ പറ്റിയോ കൂടുതൽ ആയി എന്തെങ്കിലും അറിയാൻ പറ്റിയേക്കും…

ഞാൻ അവളുടെ കാബിനിലേക്ക് ചെന്നു…

“ആശാ…”

“ഹായ് വിനു.. പണി ഒന്നും ഇല്ലെ..??”

“എന്ത് പണി.. താൻ ഫ്രീ ആണെങ്കിൽ വാ നമുക്ക് ഓരോ കോഫി കുടിക്കാം..”

“എൻ്റെ ദൈവമേ ആരാ ഈ പറയുന്നത്.. അല്ലെങ്കിൽ എപ്പോ നോക്കിയാലും കമ്പ്യൂട്ടറിൻ്റെ മുന്നിൽ കുത്തി ഇരിക്കുന്ന ആളാ..”

“അത് പിന്നെ ജോലി സമയത്ത് ജോലി എടുക്കണ്ടെ…”

“ഓ.. ശരി.. ശരി.. വാ..”

അങ്ങനെ ഞാനും ആശയും നേരെ കഫെയിലേക്ക് നടന്നു..

ഓരോ കപ്പ് കോഫിയും എടുത്ത് ഞങൾ ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നു..

സത്യത്തിൽ ഓഫീസ് ടൈം ആയത് കൊണ്ട് എല്ലാ ടേബിളും ഒഴിഞ്ഞാണ് കിടന്നിരുന്നത്..

“വിനു.. നീ എന്നെ ഈ നേരത്ത് കോഫി കുടിക്കാൻ വിളിച്ചത് ഏതായാലും വെറുതെ അല്ല എന്നെനിക്കറിയാം.. കാര്യം പറ..”

“താൻ പറഞ്ഞത് നേരാ.. ഞാൻ വെറുതെ വിളിച്ചതല്ല…”

“എന്താ കാര്യം..??”

“എനിക്ക് തൻ്റെ ഒരു ഹെൽപ് വേണം..”

“പറഞ്ഞോളൂ.. എന്നെ കൊണ്ട് പറ്റുന്നത് ആണെങ്കിൽ ഞാൻ ചെയ്യാം..”

“തന്നെ കൊണ്ട് പട്ടുന്നതാണ്.. പക്ഷേ..”

“താൻ കാര്യം പറയെടോ..”

“താൻ എനിക്ക് നമ്മുടെ കമ്പനി ഡാറ്റാ ബേസിലേക്ക് ഒരു പത്ത് മിനിറ്റ് നേരത്തേക്ക് ആക്സസ്സ് തരണം.
.”

“കമ്പനി ഡാറ്റാ ബേസിലേക്കോ..?? അതെന്തിനാ..??”

“അത്.. അതെനിക്ക് ഒരു കാര്യം നോക്കാൻ ആണ്..”

“വിനു.. ഡാറ്റാ ബേസിലേക്ക് ഓതറൈസഡ് എംപ്ലോയീസിന് മാത്രമേ ആക്സസ് ഒള്ളൂ എന്ന് തനിക്ക് അറിയില്ലേ..”

“താൻ അല്ലേ അത് നോക്കുന്നത്.. ഒരു പത്ത് മിനിറ്റ് നേരത്തേക്ക് എൻ്റെ സിസ്റ്റം ആ ലിസ്റ്റില് നിന്ന് ഒന്ന് ഒഴിവാക്കി തന്നാൽ മതി..”

“താൻ എൻ്റെ പണി കളയാൻ തന്നെ ഉള്ള പരിപാടി ആണോ..??”

“ഏയ് അല്ല ആശാ.. ഇത് അത്രക്ക് ഇമ്പൊട്ടൻ്റ് ആയ ഒരു കാര്യം ആണ്..”

“നീ സീരിയസ് ആയിട്ടാണോ..??”

“100% സീരിയസ് ആണ്..”

“പക്ഷേ എന്തിനാ തനിക്ക് ഇപ്പൊ ഈ ആക്സസ്സ്..”

“ഞാൻ പറയാം ആശ..”

എനിക്ക് വേണ്ടി ഇത്ര വലിയ ഒരു റിസ്ക് എടുക്കാൻ ആശ തയ്യാറാണ് എങ്കിൽ അവളോട് സത്യം പറയേണ്ട ബാധ്യത എനിക്കുണ്ട്…

ഞാൻ നടന്ന സംഭവങ്ങൾ എല്ലാം അവളോട് തുറന്നു പറഞ്ഞു.. പക്ഷേ അതിഥിയുടെ ഐഡൻ്റിറ്റി ഞാൻ മറച്ച് വച്ചു..

എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ആണ് എന്ന് മാത്രമാണ് ഞാൻ അവളോട് പറഞ്ഞത്…

എല്ലാം കേട്ടപ്പോൾ ആശ ആദ്യം ഒക്കെ ഒരു ആശയ കുഴപ്പത്തിൽ ആയ പോലെ ഇരുന്നെങ്കിലും പിന്നീട് അവൾക്ക് കാര്യത്തിൻ്റെ ഗൗരവം മാൻസ്സിലായ പോലെ എന്നോട് സംസാരിച്ച് തുടങ്ങി..

“ശരി വിനു… ഞാൻ തന്നെ സഹായിക്കാം.. പക്ഷേ അതിന് ചെറിയ പ്രോബ്ലം ഉണ്ട്..”

“എന്ത് പ്രോബ്ലം ആശ..?”

“ഞാൻ നിൻ്റെ സിസ്റ്റം ബ്ലോക്ക് ലിസ്റ്റില് നിന്ന് റിമൂവ് ചെയ്താലും ഹിസ്റ്ററി നോക്കിയാൽ അഡ്മിൻസിന് അത് കാണാൻ സാധിക്കും..”

“എൻ്റെ ഐ പി, സെർവറിൽ നിന്ന് വൈപ് ചെയ്താൽ പോരെ..”

“മതി.. പക്ഷേ എനിക്ക് അതിനു ആക്സസ്സ് ഇല്ല..”

“ഓകെ.. അത് ഞാൻ ബൈപാസ് ചെയ്തൊളാം.. താൻ എനിക്ക് ആക്സസ്സ് മാത്രം തന്നാൽ മതി..”

“ശരി.. ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലേ.. ഞാൻ ചെയ്ത് തരാം..”

“താൻ പേടിക്കണ്ട.. എന്ത് കുഴപ്പം വന്നാലും ഞാൻ ഏറ്റോളാം..”

“താൻ ഏറ്റെടുത്താലും അത് എൻ്റെ കഴിവ് കെടാണെന്ന് വരില്ലേ… അതൊന്നും സാരമില്ല.. താൻ വാ..”

ആശ സഹായിക്കാം എന്ന് സമ്മതിച്ചതും ഞങൾ നേരെ ഓഫീസിലേക്ക് തന്നെ തിരികെ കയറി…

ആശ നേരെ അവളുടെ കാബിനിൽ കയറി.. ഞാൻ എൻ്റെ കാബിനിലും..

മറ്റാരും കാണുന്നില്ല എന്ന് ഉറപ്പായപ്പോൾ ആശ എനിക്കവലുടെ അഡ്മിൻ ഐഡി യും പാസ്‌വേഡും മെസ്സേജ് ചെയ്ത് തന്നു…

ഞാൻ നേരെ എൻ്റെ സിസ്റ്റത്തിൽ ആ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്തു.
.

എന്നിട്ട് നേരെ കമ്പനി സ്റ്റാഫുകളുടെ പേഴ്സണൽ വിവരങ്ങൾ അടങ്ങിയ ഡാറ്റാ ബേസിലേക്ക് എൻ്റർ ചെയ്തു..

അതിൽ നിന്ന് കേവിനിൻറ ഫയൽ കണ്ട് പിടിച്ചു..

ഇവിടെ വച്ച് മുഴുവനായി പരിശോധിക്കാൻ നിന്നാൽ ആരെങ്കിലും വന്ന് കണ്ട് എല്ലാം കുളമാവും…

അത്കൊണ്ട് ഞാൻ ആ ഫയൽ നേരെ എൻ്റെ സിസ്റ്റത്തിൻ്റെ ലോക്കല് ഡ്രൈവിലേക്ക് ഡൗൺലോഡ് ചെയ്തു..

കമ്പനി പ്രോട്ടോകോൾ പ്രകാരം യാതൊരു വിധ ഫയലുകളും ലോക്കല് ഡ്രൈവിലേക്ക് സേവ് ചെയ്യാൻ പാടില്ല.. പക്ഷേ ഇവിടെ പ്രോട്ടോകോൾ നോക്കി ഇരുന്നാൽ ശരിയാവില്ല..

ഫയൽ ഡൗൺലോഡ് ആയി കഴിഞ്ഞതും ഞാൻ ആശയുടെ ഐഡിയിൽ നിന്ന് ലോഗ് ഔട്ട് ചെയ്തു..

പക്ഷേ അവള് പറഞ്ഞ പോലെ സെർവറിൽ എൻ്റെ ഐ പി അഡ്രസ്സ് റെജിസ്റ്റർ ആയിട്ടുണ്ടാവും..

സാധാരണ ഞങ്ങളുടെ കമ്പ്യൂട്ടറിന് സെർവർ മാനേജറിലേക്ക് ആക്സസ് ഇല്ല.. പക്ഷേ അത് കിട്ടാൻ ചില സൂത്ര പണികൾ ഉണ്ട്.. ചെയ്യാൻ പാടില്ലാത്തത് ആണ്.പക്ഷേ തൽക്കാലം ആശയുടെ സുരക്ഷയെ മുൻ നിർത്തി ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു..

ബ്രൗസറിൻ്റെ എക്സ്റ്റൻഷൻ കോഡിൽ ചെറിയ ഒരു ലൈൻ ആഡ് ചെയ്താൽ സെക്യൂരിറ്റി ബ്ലോക്കർ ബൈപാസ് ആവും അങ്ങനെ ആവുമ്പോൾ സെർവർ ഡാറ്റാ കേബിൾ കണക്ഷൻ യുസ് ചെയ്ത് കണ്ട്രോൾ സെൻ്റർ ട്രേസ് ചെയ്യാം..

അങ്ങനെ ഞാൻ കണ്ട്രോൾ സെൻ്റർ ആക്സസ് ചെയ്ത് ലോഗ് രജിസ്റ്ററിൽ നിന്ന് ഞാൻ ലോഗ് ചെയ്ത ആശയുടെ ഐഡിയും എൻ്റെ ഐപി അഡ്രസ്സും മായ്ച്ച് കളഞ്ഞു…

അങ്ങനെ ആ പ്രശനം തീർന്നു കിട്ടി…

ഇനി ബാക്കി പണി നോക്കാം.. ഞാൻ ലോക്കല് ഡ്രൈവിൽ കോപ്പി ചെയ്തിട്ട കെവിൻ റിച്ചാർഡിൻ്റെ ഫയൽ എൻ്റെ ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്തു.. ഉടൻ തന്നെ അത് സിസ്റ്റത്തിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു..

എല്ലാം കഴിഞ്ഞപ്പോൾ ആശക്ക് ഡൺ എന്നൊരു മെസ്സേജ് അയച്ചു…

വൈകുന്നേരം വരെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് കടിച്ച് പിടിച്ച് ഇരുന്നു…

ഓഫീസ് ടൈം തീർന്നതും ഞാൻ നേരെ ഫ്ലാറ്റിലേക്ക് തിരിച്ചു…

അവിടെ എത്തിയതും ഞാൻ ലാപ്ടോപ് എടുത്ത് ഗൂഗിൾ ഡ്രൈവിൽ നിന്ന് ആ ഫയലുകൾ ഡൗൺലോഡ് ചെയ്തെടുത്തു..

ഓപ്പൺ ചെയ്ത് നോക്കിയാലും കാര്യമായ വിവരങ്ങൾ ഒന്നും കിട്ടാൻ പോണില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. പക്ഷേ ഞാൻ പ്രതീക്ഷിച്ച രണ്ട് കാര്യങ്ങള് ഉണ്ടായിരുന്നു..

ഫയലിൽ മുഴുവൻ കെവിൻ റിച്ചാർഡിനെ സംബന്ധിക്കുന്ന വിവരങ്ങൾ ആയിരുന്നു..

പക്ഷേ അതിൽ ഞാൻ അത്ര ശ്രദ്ധ കൊടുത്തില്ല..

പ്രധാനമായും ഞാൻ നോക്കിയത് കെവിനിൻ്റെ ചെന്നൈയിലെ അഡ്രസ്സും അവിടത്തെ ഫോൺ നമ്പറോ മറ്റ് കോൺടാക്ട് വിവരങ്ങളോ ആണ്.
.

കുറച്ച് തപ്പിയപ്പോൾ ഞാൻ അന്വേഷിച്ച വിവരങ്ങൾ എനിക്ക് കിട്ടി..

ഞാൻ ആ വിവരങ്ങളും ആയി നേരെ പോയത് അതിഥിയുടെ വീട്ടിലേക്ക് ആയിരുന്നു…

🌀🌀🌀🌀🌀🌀🌀🌀🌀

അവിടെ എത്തിയതും എന്നെ കാത്ത് അവിടെ വിഷ്ണുവും ജയരാജ് അങ്കിളും അതിഥിയും ഉണ്ടായിരുന്നു..

ഞാൻ നേരെ അവരുടെ അടുത്തേക്ക് ചെന്നു…

എന്നെ കണ്ടതും അങ്കിൾ സംസാരിച്ച് തുടങ്ങി.

“കാര്യങ്ങള് എല്ലാം മോള് പറഞ്ഞു.. എന്താ വിനു ഈ നടക്കുന്നത് ഒക്കെ..”

“കൃത്യമായി ഉത്തരം പറയാൻ എനിക്കും അറിയില്ല അങ്കിൾ.. എവിടെയോ ഒരു ഭാഗം ഇപ്പോഴും നമ്മൾ അറിയാത്തതായി ഈ കഥയിൽ ഉണ്ട്…”

ഞാൻ എനിക്കറിയാവുന്ന കെവിൻ റിച്ചാർഡിനേ കുറിച്ചുള്ള വിവരങ്ങൾ അവരോട് പറഞ്ഞു..

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ എല്ലാം എന്നെ പോലെ തന്നെ ആശയ കുഴപ്പത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി…

ഒന്ന് ആലോചിച്ചു നിന്ന ശേഷം വിഷ്ണു പറഞ്ഞ് തുടങ്ങി..

“വിനോദ്.. എനിക്ക് തോന്നുന്നത് ഒരുപക്ഷേ ആ സ്ത്രീ അവരുടെ ഭർത്താവിൻ്റെ വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറി അയാളും അവരും ആയിരിക്കും ഈ കാര്യങ്ങള് എല്ലാം ചെയ്യുന്നത് എന്നാണ്…”

“ആ ഒരു സംശയം എനിക്കും തോന്നിയതാണ്.. പക്ഷെ അത് മാത്രമാണ് ശരി എന്ന് ഉറപ്പിക്കാൻ ആയിട്ടില്ല.. ഓഫീസിൽ ഉള്ളത് അതിഥി കണ്ട കെവിൻ അല്ല എന്നതിന് അർത്ഥം അയാൾക്ക് അതിൽ പങ്കില്ല എന്നല്ലല്ലോ..”

ഞാൻ എൻ്റെ സംശയം പറഞ്ഞപ്പോൾ അങ്കിൾ സംസാരിച്ച് തുടങ്ങി..

“അതെ.. ആരാണ് നിരപരാധി ആരാണ് കുറ്റവാളി എന്ന് കണ്ടെത്തുക ആണ് ആദ്യം വേണ്ടത്…”

“അതെ അങ്കിൾ… എൻ്റെ കയ്യിൽ അയാളുടെ ചെന്നൈയിലെ ഫ്ലാറ്റ് അഡ്രസ്സും കോൺടാക്ട് നമ്പറും ഉണ്ട്..”

“ഇത് വച്ച് നമ്മൾ എന്ത് ചെയ്യും വിനു… എൻ്റെ അഭിപ്രായത്തിൽ നമുക്ക് ഈ കേസ് പോലീസിന് വിട്ട് കൂടെ..”

“അങ്കിൾ പറയുന്നത് ഞാൻ പൂർണമായും നിഷേധിക്കുന്നില്ല.. പക്ഷേ ഇപ്പൊൾ അതിനു സമയം ആയിട്ടില്ല… ആദ്യം നമ്മുടെ ഭാഗത്ത് നിന്ന് ഒന്ന് നോക്കാം..”

“ശരി.. വിനോദ്..”

“ഞാൻ നാളെ ഈ അഡ്രസിൽ ഉള്ള ഫ്ലാറ്റ് വരെ ഒന്ന് പോകാം.. സോണിയ എന്ന മെർലിൻ ചെന്നൈയില് ഉണ്ടെങ്കിൽ അവള് അവിടെ ഉണ്ടാകും..”

“ശരി വിനു.. നീ സൂക്ഷിച്ചാൽ മതി..”

“ഉം.. എന്നാ ശരി ഞാൻ ഇറങ്ങാണ്…”

അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ മുറിയിലേക്ക് തിരികെ എത്തി..

എന്നെ പോലെ തന്നെ എല്ലാവരും അവിടെ മൊത്തത്തിൽ കൺഫ്യൂഷനിൽ ആണ്..

ഈ രഹസ്യത്തിൻ്റെ ചുരുൾ എത്രയും പെട്ടന്ന് അഴിച്ചെ മതിയാകൂ..

കുറ്റവാളി ആരായാലും അയാൾക്ക് തക്കതായ ശിക്ഷയും ലഭിക്കണം…

ഫുഡ് കഴിക്കാൻ ഹോട്ടലിൽ ഇരിക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ഏട്ടൻ ആണ്.. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..

“ഹലോ ഏട്ടാ..”

“വിനു നീ എവിടെയാണ്??”

“ഞാൻ ഫുഡ് കഴിക്കാ ഏട്ടാ.. എന്ത് പറ്റി..??”

“ഞാൻ നാളെ രാവിലെ ചെന്നൈക്ക് വരുന്നുണ്ട്..”

“നാളെയോ.. ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന്..”

“അത് ബാങ്കിൻ്റെ ചെന്നൈ ബ്രാഞ്ചിൽ ചെറിയ ഒരു പണി ഉണ്ട്.. ഞാൻ ട്രയിനിൽ ആണ് രാവിലെ 5 മണിക്ക് അവിടെ എത്തും നീ സ്റ്റേഷനിൽ വരണം..”

“ഹാ.. ഞാൻ വരാം ചേട്ടാ…”

“ഉം ശരി.. അപ്പോ രാവിലെ കാണാം..”

ഫോൺ കട്ട് ചെയ്ത് ഞാൻ പോക്കറ്റിൽ ഇട്ടു…

ഇതാണ് ഏട്ടൻ്റെ കാര്യം.. എല്ലാം വളരെ ഫാസ്റ്റ് ആണ് പുള്ളിക്ക്.. ഇനി എന്തായാലും നാളെ നോക്കാം ബാക്കി..

ഭക്ഷണം കഴിച്ച് തിരികെ എത്തിയതും ഞാൻ നേരെ കേറി കിടന്നു…

🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു.. 5 മണിക്ക് ചേട്ടൻ വരുന്ന ട്രയിൻ സ്റ്റേഷനിൽ എത്തും അതിനു മുൻപേ അവിടെ എത്തണം..

അങ്ങനെ രാവിലെ തണുപ്പിൽ ഒരുവിധം എഴുന്നേറ്റ് ഞാൻ സെൻട്രൽ സ്റ്റേഷനിലേക്ക് പുറപ്പെട്ടു…

അല്പം.നേരത്തെ ആണ് എത്തിയത് അതുകൊണ്ട് ട്രയിൻ വരുന്ന വരെ അവിടെ കാത്ത് നിൽക്കേണ്ടി വന്നു…

ട്രയിൻ വന്നതും ചേട്ടൻ എന്നെ വിളിച്ചതും ഒരുമിച്ചായിരുന്നു..

അങ്ങനെ ഞങൾ പരസ്പരം കണ്ടു..

പരസ്പരം കണ്ടതും ഞങൾ സ്റ്റേഷനിലെ തിരക്കിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

“ഏട്ടാ നേരെ റൂമിലേക്ക് അല്ലേ..??”

“അതെ ടാ.. ഒന്ന് ഫ്രഷ് ആകണം.. എന്നിട്ട് വല്ലതും കഴിക്കാം..”

“ഓകെ..”

അങ്ങനെ ഞങൾ രണ്ടാളും ബൈക്കിൽ റൂമിലേക്ക് യാത്ര തുടങ്ങി..

ഈ നേരത്ത് ട്രാഫിക് അല്പം കുറവാണ്.. കൂടി കൂടി വരുന്നത് ഒള്ളു..

“നിനക്ക് ഇന്ന് ഓഫീസ് ഇല്ലെ…?”

“ഇല്ല ഏട്ടാ.. ഞാൻ ലീവ് ആക്കി.. വേറെ കുറച്ച് കാര്യങ്ങള് ഉണ്ട്..”

“ഓ അത് ശരി..”

“ഏട്ടൻ്റെ ബാങ്കിലെ കാര്യങ്ങള് എന്നാ ചെയ്യണ്ടത്..??”

“അത് നാളെ ആണ്..”

“നാളെ സാറ്റർഡേ അല്ലേ..??”

“അത് കുഴപ്പം ഇല്ല.. ഇത് ഓപ്പറേഷൻ വിംഗിൽ ഉള്ളവർക്ക് മാത്രമേ ഒള്ളു..”

“ഓകെ.. എനിക്ക് ഏതായാലും നാളെ ലീവ് ആണ്.. ഇപ്പൊ പ്രോജക്ട് കുറവാണ്..”

“ഉം.. അല്ലേടാ.. നമ്മുടെ ആതുവിൻ്റെ ഹോസ്റ്റലും കോളേജും ഒക്കെ നീ നിൽക്കുന്നതിന് അടുത്താണോ..??”

“അതെ.. ഒരു പത്ത് മിനിറ്റ് യാത്ര ഒള്ളു..”

“അത് ശരി.. എന്നാല് പോവുന്നതിനു മുന്നേ അവളെയും ഒന്ന് കാണണം..”

“അതിനെന്താ കാണാം ഏട്ടാ..”

അങ്ങനെ അധികം വൈകാതെ തന്നെ ഞങൾ മുറിയിൽ എത്തി…

“വാ ഏട്ടാ.. ഇതാണ് ഫ്ലാറ്റ്..”

“ഉം.. കൊള്ളാം അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉണ്ടല്ലോ…”

“എനിക്ക് ഒറ്റക്ക് ഇത് തന്നെ ധാരാളം ആണ്…”

“എന്നും വീട്ടിലേക്ക് വരാൻ പറ്റുന്ന തരത്തിൽ എന്തെങ്കിലും ജോലി പഠിക്കാൻ അന്നേ ഞങ്ങൾ നിന്നോട് പറഞ്ഞതല്ലേ.. അപ്പോ നിനക്ക് ലോകം ചുറ്റി നടക്കണം..”

“ഇപ്പൊ അതൊക്കെ ശരിയാണ് എന്ന് തോന്നുന്നുണ്ട് ഏട്ടാ.. ഈ കറക്കം ഒക്കെ മടുത്തു.. നാടും വീടും തരുന്ന സുഖം ഒന്നും ലോകത്ത് എവിടെ പോയാലും കിട്ടില്ല.. നമ്മുടെ പ്രിയപ്പെട്ടവരുടെ അടുത്ത് ഇല്ലെങ്കിൽ പിന്നെ എവിടെ ആയിട്ടെന്ത് കാര്യം..”

“നിനക്ക് അത്ര വിഷമം ഉണ്ടെങ്കിൽ ഞാൻ പോകുമ്പോ നീ കൂടെ പോരെ.. നമുക്ക് അവിടെ എന്തെങ്കിലും പണി നോക്കാം..”

“അല്ലെങ്കിലും അത് തന്നെ ആണ് എൻ്റെ പ്ലാൻ.. പക്ഷേ ഇപ്പൊ അല്ല.. എനിക്ക് കുറച്ച് കൂടി ടൈം വേണം.. ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങള് ബാക്കി കിടക്കുന്നുണ്ട്..”

“ഉം.. നിയാലോചിച്ച് വേണ്ട പോലെ ചെയ്.. സഹായം വല്ലതും വേണമെങ്കിൽ എന്നോട് ചോദിച്ചാൽ മതി..”

“ശരി ഏട്ടാ…”

“ബാത്ത്റൂം എവിടെ..?? ഞാൻ ഒന്ന് കുളിക്കട്ടെ..”

“ദാ അവിടെ .. സോപ്പും തോർത്തും ഒക്കെ അകത്തുണ്ട്..”

“ശരി..”

അങ്ങനെ ചേട്ടൻ കുളിക്കാൻ കയറി.. ഞാൻ പുറത്ത് വെറുതെ ഇരുന്നു…

പുള്ളി പറഞ്ഞതിലും കാര്യം ഉണ്ട്.. അല്ലെങ്കിലും ഈ അന്യ നാട്ടിൽ ഒക്കെ കിടന്ന് കഷ്ടപ്പെടുന്നത് എന്തിന് വേണ്ടി ആണ്..

ശരിക്കും ആലോചിക്കുമ്പോൾ ചേട്ടനെ പോലെ ഒക്കെ ആയാൽ മതിയാരുന്നു…

ബാങ്കിൽ നല്ല ഒന്നാംതരം ജോലി.. രാവിലെ 9 മണിക്ക് പോയാൽ വൈകുന്നേരം 6 മണി ആവുമ്പോൾ വീട്ടിൽ തിരികെ വരാം..

എന്നും അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം.. ആഗ്രഹം ഉള്ളപ്പോൾ ഒക്കെ അമ്പല കുളത്തിൽ കുളിക്കാം.. കായലിൽ ചൂണ്ട ഇടാൻ പോവാം.. ക്ലബ്ബിൽ പോയി പയ്യൻമാരുടെ കൂടെ കാരമ്പോർഡ് കളിക്കാം.. പാടത്ത് പന്ത് കളിക്കാം അങ്ങനെ അങ്ങനെ…

അതിനൊക്കെ ഉപരിയായി നല്ല ഒരു പെണ്ണിനേയും കെട്ടി നാട്ടിൽ തന്നെ അങ്ങ് ലാവിഷ് ആയി ജീവിക്കം…

പെണ്ണ് കെട്ടുന്ന കാര്യത്തെ പറ്റി ആലോചിച്ചപ്പോൾ തന്നെ മനസ്സിലേക്ക് വന്നത് ആതിരയുടെ മുഖം ആണ്..

അവളുടെ കല്യാണം ആയി.. ഓർക്കുമ്പോൾ എന്തോ ഒരു സങ്കടം.. രണ്ട് ദിവസമായി ഇങ്ങനെ ആണ്.. എന്താ സംഗതി എന്നറിയില്ല.. അവള് കല്യാണം കഴിഞ്ഞ് പോവുന്നതിനു ഞാൻ എന്തിനാ സങ്കട പെടുന്നത്..

ആലോചിച്ച് നിന്നപ്പോൾ ആണ് ചേട്ടൻ കുളി കഴിഞ്ഞ് അങ്ങോട്ട് വന്നത്..

“ഇവിടെ വെള്ളം ഏങ്ങനെ പ്രശനം ആണോ..??”

“മുടി കൊഴിയുന്ന കാര്യം ആണോ ചേട്ടൻ ഉദ്ദേശിച്ചത്?”

“അതെ..”

“ഈ ഭാഗത്ത് അത്ര സീൻ ഇല്ല.. ചില ഏരിയയിൽ ക്ലോറിൻ നല്ല കൂടുതലാ…”

“ഉം..”

“ചേട്ടൻ നിക്ക് ഞാൻ ഒന്ന് കുളിക്കട്ടേ.. എന്നിട്ട് നമുക്ക് ചായ കുടിക്കാൻ പോവാം..”

“ശരി..”

അങ്ങനെ ചേട്ടനെ അവിടെ നിർത്തി ഞാൻ കുളിക്കാൻ കയറി…

പെട്ടന്ന് കുളി കഴിഞ്ഞ് പുറത്തിറങ്ങി ഡ്രസ്സ് മാറ്റി കണ്ണാടിയിൽ മുടി ചീകി നിൽക്കുവാരുന്നു ഞാൻ..

ചേട്ടൻ ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുക ആയിരുന്നു.. സംസാരം കേട്ടപ്പോൾ തന്നെ അമ്മയോട് ആണെന്ന് മനസ്സിലായി…

ഫോൺ സംഭാഷണം കഴിഞ്ഞതും ചേട്ടൻ എൻ്റെ അടുത്തേക്ക് വന്നു…

“അമ്മ ആയിരുന്നു… എത്തിയ കാര്യം പറയാൻ ഞാൻ അങ്ങോട്ട് വിളിച്ചതാണ്…”

“ഉം.. എന്നാ പോവാം..”

“നിന്നെ ഏതോ ഒരു അതിഥി വിളിച്ചിരുന്നു.. ഞാൻ നീ കുളികുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്..”

“ആ.. ഏട്ടാ.. അതെൻ്റെ ഫ്രണ്ട് ആണ്..”

“അന്ന് വീട്ടിൽ വച്ച് നീ പറഞ്ഞ ആ കുട്ടി അല്ലേ അത്..”

“അതെ ഏട്ടാ..”

“എന്താടാ വല്ല ചുറ്റികളിയും ഉണ്ടോ..??”

“ഏയ്.. ഇല്ല ഏട്ടാ..”

“ആ കൊച്ച് നിൻ്റെ ഓഫീസിൽ ആണോ ജോലി ചെയ്യുന്നത്..”

“അല്ല…”

“പിന്നെ എന്തിനാ ഈ വെളുപ്പാൻ കാലത്ത് അവള് നിന്നെ വിളിക്കുന്നത്..”

“അത്.. അതൊരു കാര്യം ഉണ്ട് ഏട്ടാ.. ഞാൻ പറയാം..”

ചേട്ടനോട് എല്ലാം തുറന്ന് പറയണം എന്ന് എൻ്റെ മനസ്സ് എന്നോട് പറഞ്ഞു..

പല പ്രതിസന്ധി ഘട്ടങ്ങളിലും എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ് ചേട്ടൻ.. ഈ അവസരത്തിൽ ചേട്ടൻ്റെ പ്രതികരണം എങ്ങനെ ആവും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല.. പക്ഷേ സംഭവങ്ങൾ എല്ലാം ചേട്ടനോട് തുറന്ന് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു…

ഫ്ലാറ്റിൽ നിന്ന് ഇറങ്ങി ടീ കടയിലേക്ക് വരുന്ന വഴിയിൽ ബൈക്കിൽ ഇരുന്നും ബാക്കി കടയിൽ വാച്ചുമായി ചേട്ടനോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു…

എല്ലാം കേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച ഭാവങ്ങൾ തന്നെ ആയിരുന്നു ചേട്ടൻ്റെ മുഖത്ത്.. എല്ലാവരെയും പോലെ തന്നെ തികഞ്ഞ കൺഫ്യൂഷൻ…

“ചേട്ടന് എന്ത് തോന്നുന്നു ഇത് കേട്ടിട്ട്..”

“അതവിടെ നിൽക്കട്ടെ.. ആ കുട്ടിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്..”

“അവള് ഒരുപാട് ബെറ്റർ ആയിട്ടുണ്ട്.. ശരിക്കും പറഞാൽ നോർമൽ സ്റ്റേജിൽ ആണെന്ന് തന്നെ പറയാം..”

“ഉം.. എൻ്റെ അഭിപ്രായത്തിൽ ഇവിടെ രണ്ട് ഓപ്ഷൻ ആവാൻ ആണ് സാധ്യത.. ഒന്നുകിൽ കെവിൻ റിച്ചാർഡ് എന്ന ആളെ അയാളുടെ ഭാര്യ മറ്റൊരാളുടെ സഹായത്തോടെ ചതിക്കുന്നു.. അല്ലെങ്കിൽ കെവിൻ റിച്ചാർഡും അയാളുടെ ഭാര്യയും മറ്റൊരാളും ചേർന്ന് എല്ലാവരെയും ചതിക്കുന്നു…”

“സംസാരവും പെരുമാറ്റവും ഒക്കെ വച്ച് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് കെവിൻ നിരപരാധി ആണെന്നാണ്..”

“ആയിരിക്കാം.. അങ്ങനെ ആണെങ്കിൽ അയാളുടെ ഐഡൻ്റിറ്റി ആണ് ഇവിടെ മറ്റുള്ളവർ യൂസ് ചെയ്യുന്നത്..”

“അതെ… സോണിയ ഫേക്ക് ആന്നെന്ന് എന്തായാലും ക്‌ളിയർ ആയല്ലോ.. അതുകൊണ്ട് നമുക്ക് അവള് വഴി സത്യം അറിയാൻ ശ്രമിക്കാമല്ലോ..”

“നമുക്ക് ആകെ ഉള്ള ഒരു ഓപ്ഷൻ അത് മാത്രം ആണ്.. കാരണം കെവിനിനെ ഈ കാര്യങ്ങള് അറിയിച്ചാൽ ഒരുപക്ഷേ അയാള് ഇതിൽ ഇൻവോൾവ് ആണെങ്കിൽ അത് റിസ്ക് ആകും..”

“അപ്പോ സോണിയ തന്നെ ആദ്യ ടാർഗറ്റ് അല്ലേ..”

“എസ്…”

അങ്ങനെ ഞങൾ രണ്ടാളും ഒരുമിച്ച് തന്നെ ഈ അങ്കത്തിന് ഇറങ്ങാൻ തീരുമാനിച്ചു…

ഇത് പോലുള്ള ത്രില്ലിംഗ് പരിപാടികൾക്ക് ഭയങ്കര ഇൻ്റ്റസ്റ്റ് ഉള്ള ആളാണ് ചേട്ടൻ.. ചെറുപ്പത്തിൽ ഞങൾ കള്ളനും പോലീസും കളിക്കുമ്പോൾ പോലീസ് വേഷം എപ്പോഴും ചേട്ടന് സ്വന്തം ആയിരിക്കും.. ഇപ്പൊ ജീവിതത്തിൽ അങ്ങനെ ഒരു ചോയ്സ് വന്നപ്പോഴും ഞാൻ സന്തോഷത്തോടെ ആ സ്ഥാനത്തേക്ക് ചേട്ടനെ സജ്ജസ്റ്റ് ചെയ്തിരിക്കുന്നു…

ഓഫീസ് ടൈം കഴിഞ്ഞാൽ കെവിൻ ഫ്ലാറ്റിൽ ഉണ്ടാകില്ല.. ആ സമയത്ത് മെർലിൻ ഫ്ലാറ്റിൽ തനിച്ചാവാൻ ആണ് സാധ്യത.. വെറുതെ അങ്ങോട്ട് കയറി ചെന്ന് അവരോട് എല്ലാം തുറന്ന് ചോദിക്കാൻ പറ്റില്ല.. ആദ്യം എന്തെങ്കിലും തെളിവുകളോ മറ്റോ കണ്ടെത്തണം..

സമയം പത്തര ആയപ്പോൾ ഞാനും ചേട്ടനും കെവിൻ താമസിക്കുന്ന ചെന്നൈയിലെ ഫ്ലാറ്റിൻ്റെ പാർക്കിങ്ങിൽ എത്തി…

“ചേട്ടൻ ഇവിടെ നിൽക്ക് ഞാൻ പോയി നോക്കിയിട്ട് വരാം…”

“ശരി.. സൂക്ഷിക്കണം.. കേട്ടിടത്തോളം അവർ ഒരു പക്കാ ക്രിമിനൽ ആണ്.. സംശയം ഒന്നും വരാതെ നോക്കണം..”

“ശരി ചേട്ടാ…”

അഡ്രസ്സിൽ ഉണ്ടായിരുന്ന ഫ്ലാറ്റ് നമ്പർ 5ബി ആയിരുന്നു.. അഞ്ചാം നിലയിൽ ആണ്… ഞാൻ ലിഫ്റ്റിൽ കയറി 5 പ്രസ് ചെയ്തു…

ലിഫ്റ്റ് ഓപ്പൺ ആയതും ഞാൻ 5 ബി ഫ്ലാറ്റിൻ്റെ മുന്നിലേക്ക് നടന്നു…

ഒരു ദീർഘ നിശ്വാസം എടുത്ത ശേഷം ഞാൻ ഫ്ലാറ്റിലേക്ക് കയറാൻ മനസ്സ് കൊണ്ട് തയ്യാറായി…

രണ്ടും കൽപ്പിച്ച് ഞാൻ കോളിംഗ് ബെല്ലില് വിരൽ അമർത്തി…

…….ടിംങ് ടോങ്..,..

വാതിലിൻ്റെ ലോക്ക് തുറക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു… എൻ്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങി…

അധികം വൈകാതെ എനിക്ക് മുന്നിൽ ആ വാതിൽ പതിയെ തുറന്നു..

എൻ്റെ മുന്നിൽ നിൽക്കുന്നത് അവള് തന്നെ ആയിരുന്നു.. ഞാൻ അന്വേഷിച്ച് വന്ന മെർലിൻ എന്ന സോണിയ..

അവർ എന്നെ കണ്ടതും ഒന്ന് കൺഫ്യൂഷൻ ആയ പോലെ നിന്നു..

“ഹായ് മെർലിൻ…”

“ഞാൻ.. ഞാൻ എവിടെയോ..”

“ഞാൻ വിനോദ്.. കേവിനിൻ്റെ ഓഫീസിൽ ഉള്ള..”

“ഓ.. വിനോദ്.. ഇപ്പൊ മനസ്സിലായി.. അകത്തേക്ക് വരൂ..”

“താങ്ക്സ്..”

ഞാൻ അകത്ത് കയറിയതും അവർ വാതിൽ അടച്ചു…

“അല്ല വിനോദ് ഇന്ന് ഓഫീസ് ഇല്ലെ.. കെവിൻ ഇവിടെ നിന്ന് പോയല്ലോ…”

“ആണോ.. ഞാൻ ഇന്ന് ലീവ് ആണ്.. ഇവിടെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി വന്നതാണ് അപോ കെവിൻ ഉണ്ടെങ്കിൽ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി കയറിയതാണ്…”

“ഓഹോ.. കെവിൻ സാധാരണ പത്ത് മണി ഒക്കെ ആയിട്ടാണ് പോകാറ് ഇന്നിപ്പോ വേറെ എവിടെയോ കയറണം എന്ന് പറഞ്ഞ് നേരത്തെ ഇറങ്ങി…”

“അത് സാരമില്ല.. പിന്നീട് ഒരിക്കൽ വരുമ്പോൾ കാണാമല്ലോ..”

“അതെ.. അല്ല വിനോദിന് കുടിക്കാൻ എന്താ വേണ്ടത്..??”

“ഏയ് ഒന്നും വേണ്ട..”

“അത് പറ്റില്ല.. കെവിൻ വിനോദിനെ കുറിച്ച് ഇടക്കിടക്ക് സംസാരിക്കാറുണ്ട് അപ്പോ ഇവിടെ വന്നിട്ട് എന്തെങ്കിലും കഴിക്കാതെ പോയാൽ അത് മതിയാവും കെവിൻ പിന്നെ എന്നോട് ചാടി കടിക്കാൻ..”

“ഓകെ.. എന്തായാലും ഇപ്പൊ ഒന്നും വേണ്ട….”

“ശരി.. താൻ അങ്ങനെ പറഞാൽ പിന്നെ ഞാൻ എന്ത് പറയാൻ..”

ഞാൻ ഒളികണ്ണിട്ടു ഫ്ലാറ്റിൻ്റെ മുക്കും മൂലയും ഒക്കെ ഒന്ന് പരതി നോക്കി…

വളരെ നീറ്റ് ആയ കാണാൻ ഭംഗിയുള്ള ഒരു ഫ്ലാറ്റ്…

ഇതിൽ കൂടുതൽ എന്തെങ്കിലും കണ്ടെത്തണം എങ്കിൽ മെർലിൻ്റെ ശ്രദ്ധ തിരിക്കണം..

“വിനോദ് എന്താ ആലോചിക്കുന്നത്..??”

“ഏയ് ഒന്നുമില്ല.. ഞാൻ ഫ്ലാറ്റ് ഒക്കെ ഒന്ന് നോക്കുവാരുന്നു..”

“ഇത് പെട്ടന്ന് ഒപ്പിച്ചത് ആണ്.. കുറച്ച് ദിവസം ആയത് കൊണ്ട് കുഴപ്പം ഇല്ല.. ഇനി ഇപ്പൊ ഏതാണ്ട് രണ്ടാഴ്ച കൂടിയേ ഇവിടെ കാണൂ എന്നാണ് കെവിൻ പറഞ്ഞത്.. അത് കഴിഞ്ഞാൽ വീണ്ടും മുംബൈയ്ക്ക് തന്നെ പോണം..”

“നിങൾ ബാംഗ്ലൂർ ആയിരുന്നു പണ്ട് എന്നാണല്ലോ കെവിൻ പറഞ്ഞത്…”

“ഞങ്ങൾ അല്ല… കെവിൻ മാത്രം.. ഞാൻ ആ സമയം നാട്ടിൽ ആയിരുന്നു.. അവിടെ കെവിൻൻ്റെ അമ്മച്ചി സുഖമില്ലാതെ കിടക്കുന്ന സമയം ആയിരുന്നു അത്… കെവിൻ മുംബൈയിലേക്ക് മാറി ഒരു വർഷം ആവാർ ആയപ്പോഴേക്കും അമ്മച്ചി മരിച്ച് പോയി.. അങ്ങനെ പിന്നെ ഞാൻ മുംബൈയിലേക്ക് മാറിയതാണ് കേവിൻ്റെ കൂടെ…”

ഇത് പോലെ പല കള്ള കഥകളും ഞാൻ പ്രതീക്ഷിച്ചത് ആണ്.. ആ സമയത്ത് ഇവർ ബാംഗ്ലൂർ ഇല്ലെങ്കിൽ പിന്നെ ആരാണ് അതിഥിക്ക് ഡ്രഗ്സ് സപ്ലൈ ചെയ്തിരുന്നത്…

“ഓഹോ അപോ മെർലിൻ ബാംഗ്ലൂർ പോയിട്ടെ ഇല്ല..”

“ഒന്ന് രണ്ട് തവണ കെവിൻ ൻ്റെ കൂടെ ചില മീറ്റിംഗ്ന് ഒക്കെ പോയിട്ടുണ്ട്..”

“ഉം…”

“വിനോദ് എനിക്ക് തന്നോട് ഒരു കാര്യം പറയണം..”

“എന്താ മെർലിൻ..??”

“അന്ന് പാർട്ടിയിൽ വച്ച് ഞാൻ തന്നെ തുറിച്ച് നോക്കിയത് തനിക്ക് കുറച്ച് ഡിസ് കംഫർട്ട് ആയി എന്നെനിക്ക് മനസ്സിലായി.. അയാം സോറി..”

“ഏയ്.. അത് കുഴപ്പം ഇല്ല..”

“കെവിൻ ആദ്യമായിട്ട് ആണ് ഇവിടെ ഉള്ള ഒരാളെ പറ്റി ഇങ്ങനെ മതിപ്പോടെ സംസാരിക്കുന്നത്.. അതാ ഞാൻ തന്നെ അങ്ങനെ നോക്കിയത്..”

“ഞാൻ പറഞ്ഞല്ലോ അത് സാരമില്ല..”

ഹൊ പഠിച്ച കള്ളി തന്നെ ആണിവർ..

എങ്ങനെ എങ്കിലും സത്യങ്ങൾ മനസ്സിലാക്കി എടുത്തേ മതിയാകൂ… പെട്ടന്നാണ് എൻ്റെ കണ്ണ് ചുവട്ടിൽ ഉള്ള ഷേൽഫിലേക്ക് പോയത്…

അതിൽ നോക്കിയാൽ എന്തെങ്കിലും തുമ്പോ വാലോ കിട്ടും.. പക്ഷേ അതിന് ആദ്യം ഇവരെ ഇവിടെ നിന്ന് മാറ്റണം… അതിനു ഞാൻ ചെറിയ ഒരു നമ്പർ ഇട്ടു..

“മെർലിൻ ഇനിയും ഇരിക്കുന്നില്ല എനിക്ക് ഇറങ്ങണം.. ഏതായാലും വന്നതല്ലേ ഇനി ഞാൻ ഒന്നും കഴിക്കാതെ പോയി എന്ന് കെവിൻ തന്നോട് പരാതി പറയണ്ട.. ഒരു ചായ ഇട്ട് തന്നാൽ അത് കുടിച്ചിട്ട് ഞാൻ അങ്ങ് ഇറങ്ങിയേക്കാം…”

“ഹൊ.. സമ്മതിച്ചല്ലോ.. ഭാഗ്യം.. ചായ ഞാൻ ഇപ്പൊ ഇട്ട് കൊണ്ടുവരാം…”

മെർലിൻ അടുക്കളയിൽ പോയതും ഞാൻ എഴുന്നേറ്റ് ഷേൽഫിൻ്റെ അടുത്തേക്ക് ചെന്നു… കുറെ ടോയ്സ് ആണ്.. പിന്നെ കുറെ മരുന്നുകളും പേപ്പറുകളും ട്രോഫിയും..

വാടക വീട് ആയതിനാൽ ആവും ഒന്നും ഇല്ലാത്തത്.. ഞാൻ അടുത്ത കള്ളിയിൽ നോക്കി.. അതിൽ കെവിനും മെർലിനും നിൽക്കുന്ന ഫോട്ടോ ആയിരുന്നു… വേഷം കണ്ടപ്പോൾ തന്നെ കല്യാണ ഫോട്ടോ ആയിരിക്കും എന്ന് മനസ്സിലായി…

അടുത്ത ഫോട്ടോ വളരെ വിത്യസ്ഥം ആയിരുന്നു.. അന്ന് പാർട്ടിയിൽ വന്നപ്പോഴും ഇപ്പോഴും മെർലിൻ സാരി ആണ് ഉടുത്തിരുന്നത്.. പക്ഷേ ഈ ഫോട്ടോയിൽ ജീൻസും ഷർട്ടും ആണ്.. കൂടെ നിൽക്കുന്ന ആൾ കെവിൻ അല്ല… ഇനി.. ഇനി ഇയാള് ആണോ ഞാൻ അന്വേഷിക്കുന്ന പ്രതി…

ഒരു ഫോട്ടോ എടുക്കാൻ ഞാൻ ഫോൺ എടുക്കാൻ ഒരുങ്ങിയതും മെർലിൻ അങ്ങോട്ട് വന്നു..

“ദാ ചായ.. മധുരം പ്രോബ്ലം ഇല്ലല്ലോ അല്ലേ..??”

“ഏയ്.. ഇല്ല…”

ഞാൻ ഒരു സിപ് ചായ കുടിച്ചു.. ദോഷം പറയരുതല്ലോ നല്ല രുചി ഉണ്ടായിരുന്നു… ഞാൻ രണ്ടാമത് കണ്ട ഫോട്ടോ ചൂണ്ടി വളരെ കാഷ്വൽ ആയി അവളോട് ചോദിച്ചു..

“ഈ ഫോട്ടോയിൽ തൻ്റെ കൂടെ നിൽകുന്നത് ആരാ.. ബ്രദർ ആണോ..??”

“അയ്യോ അല്ല.. അതെൻ്റെ ബ്രദർ ഇൻ ലോ ആണ്.. ശരിക്കും ആ ഫോട്ടോയിൽ ഉള്ളത് ഞാൻ അല്ല എൻ്റെ ട്വിൻ സിസ്റ്റർ ആണ് മെറീന വിക്ടർ… അതവളുടെ ഹസ്ബൻഡ് വിക്ടർ എബ്രഹാം…”

വലിയ ഒരു നടുക്കത്തോടെ ആണ് ഞാൻ അത് കേട്ടത്…

“ട്വിൻ സിസ്റ്റർ..??!!!!!”

“അതെ…”

പെട്ടന്ന് വാതിൽ തുറന്ന് കൊണ്ട് ആരോ അകത്തേയ്ക്ക് വന്നു… ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.. കെവിൻ ആയിരുന്നു അത്.. എന്നെ കണ്ടതും അമ്പരന്നു പോയ കെവിൻ ചോദിച്ചു..

“വിനു.. താൻ ഇവിടെ..??”

മെർലിനിൽ നിന്ന് കേട്ട വാർത്തയും മുന്നിൽ നിൽക്കുന്ന കെവിനിൻ്റേ ചോദ്യവും എൻ്റെ തലക്കുള്ളിൽ മുഴങ്ങി കൊണ്ടിരുന്നു….

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!