രാഘവായനം 3

കഥ ഇതുവരെ :—> മുത്തശ്ശിയിൽ നിന്നു കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ രാഘവ് രാവണന്റെ ചന്ദ്രഹാസം തേടിപ്പോകുകയും, രാമക്കൽമേട്, ജടായുപ്പാറ, ശബരീപീഠം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം രാമേശ്വരത്തേക്ക് പോകുകയും ചെയ്യുന്നു………

ട്രെയിൻ രാമേശ്വരത്ത് എത്തിച്ചേർന്നപ്പോൾ ഒരു ഉൾവിളി കേട്ടിട്ടെന്ന പോലെ രാഘവ് ഞെട്ടിയുണർന്നു… രാമന്റെ ഈശ്വരം… രാമേശ്വരം… എന്ത് അർത്ഥവത്തായ നാമം… ഇന്ത്യൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന അബ്ദുൾ കലാമിന്റെ നാടു കൂടിയാണ് ഇത്… മഹാപ്രതിഭകളുടെ ഒരിടം… രാമേശ്വരത്ത പ്രധാന ക്ഷേത്രമായ ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള അഗ്‌നിതീര്ഥംത എന്നറിയപ്പെടുന്ന സമുദ്രഭാഗത്ത് കുളിച്ച് ശുദ്ധി വരുത്തി രാഘവ്… തീർത്ഥാടകർ പിതൃക്കള്ക്ക് ബലിതര്പ്പടണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്… അടുത്തൊരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്നുള്ള പ്രാതലിനു ശേഷം ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിലേക്ക് അവൻ നടന്നു… ശ്രീരാമനാഥ സ്വാമിയും അദ്ദേഹത്തിന്റെ ധര്മതപത്‌നിയായ സീതയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിലെ മുഖ്യ ദേവതകള്‍… മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നില കൊള്ളുമ്പോള്‍, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീ സന്നിധിയുള്ളത്… ഭക്തജനങ്ങള്‍ ഇതൊരു സവിശേഷതയായി കാണുന്നു… രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടു കിലോമീറ്റർ ദൂരത്തിലാണ് ഗന്ധമാദനപര്വരതം സ്ഥിതി ചെയ്യുന്നത്… കഥയനുസരിച്ച് രാമന്റെ മുദ്രമോതിരം സീതയെ കാണിക്കാണുന്നതിനായി വാനര ശ്രേഷ്ഠനായ ഹനുമാൻ ലങ്കയിലേക്ക് ദൂത് പോകുന്നതിനായി ഈ പർവ്വതത്തിൽ നിന്നും പറന്നു എന്നാണ് പറയുന്നത്… ഇവിടെ തന്നെയാണ് ചിരജ്ഞീവിയായ ഹനുമാൻ ജീവിക്കുന്നതായി പറയുന്നത്…

രാമന്റെ ഏറ്റവും വലിയ ഭക്തനായ വായുപുത്രൻ ഹനുമാനോട് എന്തു വരം വേണമെന്ന് ശ്രീരാമൻ ചോദിച്ചപ്പോൾ ഹനുമാൻ ആവശ്യപ്പെട്ടത് രാമനാമം ആളുകളുടെ ഓർമ്മയിലുള്ള കാലം വരെ തനിക്ക് ഈ ഗന്ധമാധന പർവ്വതത്തിൽ ജീവിക്കണമെന്നാണ്… ഈ ഹനുമാൻ എന്ന വാനരൻ സൂപ്പർമാന്റെ പോലെ ആകുമോ?… എന്തൊക്കെയാണ് താൻ ചിന്തിക്കുന്നത്?… രാഘവിന്റെ ചുണ്ടിൽ തന്റെ ഫാന്റസി ചിന്തകളെ ഓർത്ത് ഒരു പുഞ്ചിരി തത്തിക്കളിച്ചു… അവിടെയെത്തിയ രാഘവ് മണ്തികട്ടയുടെ മുകളിൽ തളത്തോടു കൂടിയ മണ്ഡപം കണ്ടു… ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം… അവൻ അവിടെ ഒന്ന് തൊഴുതു വണങ്ങി… അതിനു ശേഷം തന്റെ ഷോൾഡർ ബാഗിൽ നിന്ന് ലാപ് ടോപ്പെടുത്ത് ഇന്റർനെറ്റിൽ നിന്ന് രാമേശ്വരത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചിരിക്കുന്നത് ഒന്ന് വായിച്ചു നോക്കാൻ തുടങ്ങി… തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം… ഉപദ്വീപായ ഇന്ത്യയുടെ മുഖ്യഭൂമിയില്നിവന്നും പാമ്പൻ കനാലിനാൽ വേര്തിമരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതി ചെയ്യുന്നത്… ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിൽ നിന്നും ഏകദേശം അന്പരത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്… രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു… ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം… മാന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം… രാമായണം എന്ന ഇതിഹാസ കാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാല്‍ അപഹരിക്കപ്പെട്ട തന്റെ പത്‌നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിര്മിച്ച സ്ഥലമാണിത്…

ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം… രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അര്ഥിത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം… ഐതീഹ്യം പറയുന്നതനുസരിച്ച് ആദികാവ്യമായ രാമായണത്തില്‍ പരാമര്ശി ക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം… ഭാരതത്തിൽ നിന്ന് ലങ്കയിൽ എത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമന്‍ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം… രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമര്ശിനക്കപ്പെടുന്നു… സേതു എന്നാല്‍ പാലം അഥവാ അണ എന്നര്ഥംന… രാമായണത്തിൽ പരാമര്ശി ക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്… അപ്പോഴാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദര്ശിടപ്പിച്ചിട്ടുള്ള ആഞ്ജനേയ ക്ഷേത്രത്തെകുറിച്ച് രാഘവ് വായിച്ചത്… രാമസേതു നിര്മാപണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം… ഉടനേ അങ്ങോട്ട് പോകുവാനായി രാഘവ് തന്റെ ലാപ് ടോപ്പ് ഓഫാക്കി മടക്കിയ ശേഷം താഴെ വച്ചിരിക്കുന്ന ഷോൾഡർ ബാഗ് എടുക്കുവാനായി നോക്കി… അതു പക്ഷേ കാണുന്നില്ല… അവന്റെ ഹൃദയം ദ്രുതഗതം മിടിച്ചു… രാമക്കൽമേട്, ശബരീപീഠം, ജടായുപ്പാറ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മണൽത്തരികൾ നിറച്ച ചില്ലുകുപ്പി അതിനുള്ളിലാണ്… അവൻ പെട്ടെന്നിറങ്ങി മണ്ഡപത്തിനു ചുറ്റും ഓടിപ്പാഞ്ഞു നോക്കി… അവിടെയെങ്ങും അതു കണ്ടില്ല…

പെട്ടെന്ന് എന്തോ ചിലക്കുന്ന പോലെ ശബ്ദം കേട്ട് രാഘവ് അതെന്താണെന്ന് ശ്രദ്ധിച്ചത്… പർവ്വതത്തിന്റെ കുറച്ച് മുകളിൽ നിന്നാണ് ആ ശബ്ദം വരുന്നതെന്നു കണ്ട് അങ്ങോട്ട് നോക്കവേ ഒരു കുരങ്ങൻ തന്റെ ബാഗുമായി മലയിലേക്ക് പതുക്കെ കേറിപ്പോകുന്നത് അവൻ കണ്ടു… “ ഹേയ്… അതു കൊണ്ടു പോകരുത്… ടാ… ” രാഘവിന്റെ ഉറക്കെയുള്ള ശബ്ദത്തിൽ അരിശവും സങ്കടവും ഉണ്ടായിരുന്നു… കുരങ്ങൻ ആ വിളി കേട്ടപ്പോൾ രാഘവിനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അടുത്തുണ്ടായിരുന്ന ആൽമരത്തിലേക്ക് ചാടി… രാഘവ് ഒരു നിമിഷം നോക്കി നിന്നു പോയി… കുരങ്ങൻ അക്ഷരാർത്ഥത്തിൽ പറക്കുന്നത് പോലെയാണ് അവനു തോന്നിയത്… കുറച്ച് ഉയരത്തിലായുള്ള ആൽമരത്തിന്റെ ചില്ലയിലിരിക്കുന്ന കുരങ്ങന്റെ അടുത്ത് ചെന്നപ്പോഴാണ് ആ കുരങ്ങൻ സാധാരണ കുരങ്ങൻമാരിൽ നിന്ന് വ്യത്യസ്തനാണെന്ന് അവന് മനസ്സിലായത്… നല്ല വലിപ്പവും, തടിയും, ഇളം ചുവപ്പ് നിറവുമുള്ള ഒരു കുരങ്ങൻ… ആൽമരത്തിനു താഴെ ചെന്ന് കുരങ്ങന് നേരെ ഒരു കല്ലെടുത്തെറിഞ്ഞു അവൻ… അത് കൃത്യമയി കുരങ്ങന്റെ ദേഹത്ത് തന്നെ കൊണ്ടു… കുരങ്ങന് പക്ഷേ ഒരു കുലുക്കവുമുണ്ടായില്ല… ആ വാനരൻ രാഘവിന്റെ ബാഗ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ടിരുന്നു… “ ഹനുമാൻ സ്വാമിയെ ഓർത്ത്… ദയവു ചെയ്ത് അതെനിക്ക് തരൂ… ” രാഘവ് കൈകൂപ്പി നിന്ന് യാചിച്ചു… താൻ ചെയ്യുന്നത് ഒരു കുരങ്ങൻ എങ്ങിനെ മനസ്സിലാക്കും എന്നൊന്നും അവനപ്പോൾ ചിന്തിച്ചില്ല… ആ ബാഗ് തിരികെ വാങ്ങിയെടുക്കുക എന്നത് മാത്രമായിരുന്നു അവന്റെ ലക്ഷ്യം… ഒന്ന് തലകുമ്പിട്ട് നിവർന്ന രാഘവിന് തന്റെ കൂപ്പുകൈയിലേക്ക് ബാഗ് വന്ന് വീഴുന്നതായി അനുഭവപ്പെട്ടു… അത് അവന്റെ കൈകളിൽ കിടന്നാടി… രാഘവ് കൂപ്പുകൈയ്യോടെ തന്നെ മുകളിലേക്ക് നോക്കി…

കുരങ്ങന്റെ രണ്ടു കൈകൾ കൂപ്പുകൈയുടെ രീതിയിൽ വരുന്നത് കണ്ടപ്പോൾ അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് നിറഞ്ഞു… നിറകണ്ണുകളാൽ ആ വാനരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഉന്തി നിൽക്കുന്ന താടിയിൽ ഒരു പാട് കിടക്കുന്നത് അവ്യക്തമായി അവൻ കണ്ടു… രാഘവ് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു… അപ്പോൾ ഉറക്കെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ആ കുരങ്ങൻ മരത്തിന്റെ മുകളിലേക്ക് ശരവേഗത്തിൽ പാഞ്ഞു കയറി… ആ കുരങ്ങന്റെ അടുത്ത നീക്കമെന്താണെന്ന് ഉദ്വോഗത്തോടെ നോക്കി നിന്ന രാഘവിനെ ഒന്ന് തിരിഞ്ഞു നോക്കിയതിനു ശേഷം കുറച്ചകലെയായി നിൽക്കുന്ന പേരറിയാത്ത വൻമരത്തിലേക്ക് ആ വാനരൻ ചാടി… നേരത്തേ പറഞ്ഞതു പോലെ പറന്നു എന്ന് പറയുന്നതായിരിക്കും ശരി… അൻപത് മീറ്ററോളം അകലെയായി നിൽക്കുന്ന ആ വൻമരത്തിലേക്ക് ഒറ്റക്കുതിപ്പിൽ പറന്ന ആ വാനരൻ ആ വൃക്ഷത്തിന്റെ ശിഖിരങ്ങളിലേക്കൊളിച്ചു… ‘ഹനു’ (താടി) മുറിഞ്ഞവൻ ഹനുമാൻ… ആ വാക്കുകൾ ഉരുവിട്ടപ്പോൾ അറിയാതെ അവന്റെ ഹൃദയം ഭക്തി കൊണ്ടും, കണ്ണുകൾ സന്തോഷം കൊണ്ടും നിറഞ്ഞു… ആ വൻമരത്തെ നോക്കി ഒന്നുകൂടി വണങ്ങിയ ശേഷം രാഘവ് ആ മലയിൽ നിന്ന് താഴേക്കിറങ്ങി… അവിടെ നിന്ന് ആജ്ഞനേയ ക്ഷേത്രത്തിലെത്തിയ രാഘവ് അവിടത്തെ പ്രധാന പ്രതിഷ്ഠയായ ഹനുമാൻ സ്വാമിയെ തൊഴുതു… അതിനു ശേഷം അവിടെ ഒരു വലിയ പാത്രത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലിലേക്ക് അവൻ നോക്കി… അത്ഭുതം തന്നെ… തനിക്ക് രാമേശ്വരത്ത് നിന്ന് വേണ്ടത് ഈ കല്ലിൽ നിന്നുള്ള പൊടിയാണ്… അല്ലെങ്കിൽ അതിന്റെ ഒരു കഷ്ണമാണ്… ഇത് കിട്ടിക്കഴിഞ്ഞാൽ പൊടിച്ചെടുക്കാം… പക്ഷേ ഇത് അപഹരിക്കുവാൻ കഴിയില്ല…

അതിനിനി ഒരു വഴിയേ ഉള്ളൂ… ഇപ്പോൾ സമുദ്രത്തിനടിയിലായി നിലകൊള്ളുന്ന രാമസേതുവിനെ കുറിച്ച് റിസർച്ച് നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്(ICHR)-ന്റെ ഗ്രൂപ്പിൽ കയറിപ്പറ്റണം… തന്റെ യാത്ര ഇപ്പോൾ അവരുടെ അടുത്തേക്കാണ്… രാമസേതു മനുഷ്യ നിർമ്മിതമാണെന്ന് ഒരു കൂട്ടം ആളുകൾ വാദിക്കുന്നുണ്ട്… ഇത് പരിശോധിക്കാനായി സമുദ്രത്തിനടിയിൽ പര്യവേഷണം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ICHR)… ഇതുവരെ സമുദ്രത്തിനടിയിൽ നടത്തിയ ഗവേഷണങ്ങൾ പ്രകാരം രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും അറിയപ്പെടുന്ന പാത സംബന്ധിച്ച് വ്യക്തമായ വിവരങ്ങളല്ല നൽകുന്നതെന്ന് ICHR അഭിപ്രായപ്പെടുന്നു… സുഹൃത്ത് ഗോകുലിന്റെ സഹായത്തോടെ അവന്റെ ശ്രീലങ്കയിലുള്ള അങ്കിൾ ശിവദാസൻ വഴിയാണ് തനിക്ക് അവരുടെ സംഘത്തോടൊപ്പം നിൽക്കാൻ അവസരം ലഭിച്ചിരിക്കുന്നത്… ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയിലാണ് അവന്റെ അങ്കിൾ ജോലി ചെയ്യുന്നത്… ICHR ഹിസ്റ്ററി ഡിപ്പാർട്ടുമെന്റുമായി അദ്ദേഹത്തിനുള്ള പിടിപാടാണ് രാഘവ് ഗോകുലിലൂടെ പ്രയോജനപ്പെടുത്തിയത്… പിന്നെ താനൊരു ഹിസ്റ്ററി സ്റ്റുഡന്റാണെന്നതും ഒരു പ്ലസ് പോയിന്റാണ്… ഗോകുലിനോട് താൻ കുറച്ച് അകലം കാണിച്ചിട്ടുണ്ടെങ്കിലും അവനത് തന്നോട് ഇതുവരെ കാണിച്ചിട്ടില്ലെന്ന് രാഘവോർത്തു… ധനുഷ് കോടിയിലേക്ക് പോകുന്ന വഴിയെല്ലാം രാഘവ് തന്റെ ലാപ്ടോപിൽ സ്ഥലകാല വിവരങ്ങളെ ചികഞ്ഞു കീറി പരിശോധിച്ചു… സേതുബന്ധനത്തിനായി രാമൻ വരുണദേവനെ പ്രാർത്ഥിച്ചപ്പോൾ സാഗരം രണ്ടായി പകുത്ത് ലങ്കയിലേക്ക് വഴിമാറിയെന്നാണ് രാമായണ ഭാഷ്യം…

പക്ഷേ ഇപ്പോഴത്തെ പഠനം തെളിയിക്കുന്നത് ഈ ഭാഗത്ത് കടലിന് ആഴം കുറവായിരുന്നുവെന്നാണ്… കൂടാതെ അമേരിക്കക്കാർ ഈ 2017-ൽ രാമസേതു മനഷ്യനിർമ്മിതമാണെന്ന് പറയുമ്പോൾ നമ്മൾ അത് ശരിവയ്ക്കുന്നു… അമേരിക്കക്കാർ വന്ന് പറഞ്ഞിട്ട് വേണം ചിലർക്ക് അതൊക്കെ മനസ്സിലാവാൻ… എന്തു പറയാൻ, സ്വന്തം നാടിനെക്കുറിച്ച് അറിയില്ലെങ്കിൽ മറുനാട്ടുകാരെ ആശ്രയിച്ചല്ലേ പറ്റൂ… ഹും… അവരുടെ പഠനം അനുസരിച്ച് ഈ പാലം ഉണ്ടാക്കിയിരിക്കുന്നത്, കടൽത്തിട്ടയുടെ മുകളിൽ കല്ല്- അതിനു മുകളിൽ മരത്തടികൾ… അങ്ങിനെ അടുക്കുകളായി എന്നാണ്… ഈ കല്ലുകളിൽ ചുണ്ണാമ്പിന്റെ അംശം ഉള്ളതായി നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്… രാമേശ്വരത്ത് നിന്നും റിസർച്ച് സെന്ററിന്റെ ആസ്ഥാനമായ ധനുഷ് കോടിയിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ രാഘവിന്റെ മനസ്സിൽ ആ പ്രദേശത്തിന് തന്റെ കഥയിലുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു… ഐതീഹ്യ പ്രകാരം രാമന്റെ സീതാന്വേഷണം വന്ന് നിൽക്കുന്നത് ഇവിടെയാണ്… പക്ഷി ശ്രേക്ഷ്ഠനായ സമ്പാതി തന്റെ ദീർഘ വീക്ഷണത്താൽ സീത ലങ്കയിൽ ഉണ്ടെന്ന് കണ്ടുപിടിച്ചു എന്നാണ് പറയുന്നത്… അത് അത്ര വിശ്വാസ യോഗ്യമായി രാഘവിന് തോന്നിയില്ല… ധനുഷ് കോടിയിൽ നിന്ന് 30കിലോ മീറ്റർ ദൂരമുണ്ട് ശ്രീലങ്കയിലേക്ക്… അതെങ്ങിനെ ഒരു പക്ഷിക്ക് കാണാനാകും… പക്ഷേ അങ്ങിനെയൊരു അറിവ് ആ പക്ഷിക്ക് കിട്ടിയാൽ അതെങ്ങിനെ മനുഷ്യനായ രാമനോട് അറിയിച്ചു എന്നതിൽ വിസ്മയപ്പെടാനുള്ള കാര്യമില്ല… അതിനു കാരണം ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ്ങിന്റെ ഒരു ലേഖനമായിരുന്നു… അദ്ദേഹത്തിന്റെ ലോകസഞ്ചാരത്തിനെ പറ്റി പറയുന്ന പുസ്തകത്തിൽ പുരാതന ഭാരതത്തിൽ അദ്ദേഹം സന്ദർശനത്തിനായി വന്നപ്പോൾ നളന്ദ, തക്ഷശില സർവ്വകലാശാലകളിൽ പക്ഷികളോട് സംസാരിക്കുന്ന പണ്ഡിതൻമാരെ അദ്ദേഹം കണ്ടു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്…

എത്രയോ സംശയങ്ങൾ ദൂരീകരിക്കാൻ കിടക്കുന്നു… എന്തൊക്കെ സംശയനിവാരണം നടത്തിയാലും രഹസ്യങ്ങൾ കൂടിക്കൂടി വരുന്ന പോലെ അവനു തോന്നി… എല്ലാം തന്റെ തോന്നലുകൾ മാത്രമാണോ?… കാലം അതെല്ലാം തന്റെ വെറും തോന്നലുകളല്ല എന്നാണു തെളിയിക്കുന്നത്… ഈ ‘ചന്ദ്രഹാസം’ ഒരു അപാരസംഭവം തന്നെ… രാവണൻ ഇതെങ്ങിനെ കൈക്കലാക്കി… ശിവൻ ജീവിച്ചിരുന്നത് കൈലാസത്തിലാണ്… കെ.

ആർ.രാമചന്ദ്രന്റെ ‘ഉത്തർഖണ്ഡിലൂടെ ഒരു യാത്ര’ എന്ന പുസ്തകത്തിൽ നിന്നാണ് കൈലാസത്തെ കുറിച്ചുള്ള വിവരങ്ങൾ രാഘവ് മനസ്സിലാക്കുന്നത്… ശിവൻ വസിക്കുന്നത് കൈലാസത്തിലാണെന്ന് പണ്ടൊക്കെ മുത്തശ്ശി പറഞ്ഞ് കേട്ടിരുന്നുവെങ്കിലും അതൊക്കെ ഒരു കഥയായി മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ… പക്ഷേ ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് കൈലാസം എന്നത് നേപ്പാളിലെ ഒരു പർവ്വതം ആണെന്ന് അറിയുന്നത്… ഇന്റർനെറ്റിൽ maps.google.com സൈറ്റിൽ കേറി സെർച്ച് ബോക്സിൽ Mount kailas എന്നോ kangrinboqe Peak എന്നോ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ കൈലാസ പർവ്വതത്തിന്റെ മുകളിൽ നിന്നുള്ള ദൃശ്യം നമുക്ക് കാണാൻ കഴിയും… അതിനു താഴെയായി നീണ്ടു പരന്നു കിടക്കുന്ന മാനസസരോവർ തടാകവും കാണാം… തന്റെ അഭിപ്രായത്തിൽ ശിവൻ എന്നത് അവിടെ വസിച്ചിരുന്ന അതിശക്തിയുള്ള ഒരു സന്യാസിവര്യൻ ആകാനാണു സാധ്യത…

അല്ലെങ്കിൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന അമീഷ് എന്ന എഴുത്തുകാരന്റെ ‘മെലൂഹയിലെ ചിരഞ്ജീവികൾ’ എന്ന നോവലിൽ പറയുന്നതു പോലെ ഒരു ഗോത്രവർഗ്ഗ നേതാവ്… രാവണൻ തപസ്സു ചെയ്ത് ശിവന്റെ പക്കൽ നിന്ന് ഈ ആയുധം കരസ്ഥമാക്കിയെന്നോ?… രാഘവിന് അൽപം കൺഫ്യൂഷൻ തോന്നി… തനിക്കറിയാൻ പാടില്ലാത്ത എന്തൊക്കെ കാര്യങ്ങൾ ഈ ലോകത്ത് നടക്കുന്നു… എല്ലാം പതിയെ പതിയെ തെളിഞ്ഞു വരുമായിരിക്കും… ഇപ്പൊ എല്ലാം ഒരു പ്രഹേളികയാണ്… എന്തൊക്കെ പറഞ്ഞാലും രാമൻ സീതയെത്തേടി ലങ്കയിലേക്ക് പോയിട്ടുണ്ട്… അതിന്റെ ഉറച്ച സാക്ഷ്യമാണ് രാമസേതു… ഐതീഹ്യം പറയുന്നത്… രാവണൻ അപഹരിച്ചു കൊണ്ട് പോയ സിതാ ദേവിയെ അന്വഷിച്ച് രാമേശ്വരത്ത് എത്തിയ രാമനും ലക്ഷ്മണനും വാനരസേനയും രാമശേരത്തു നിന്ന് ലങ്കയിലേക്ക് കടക്കാൻ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ വലിയ സേതു അഥവാ പാലം ആണ് രാമസേതു… രാമ ഭക്തിയിൽ നിറഞ്ഞ വാനര സേന ഓരോ ശിലയിലും രാമാ എന്ന് എഴുതി ആണ് ഈ പാലത്തിൽ കല്ലുകൾ ഇട്ടതു എന്ന് രാമായണത്തിൽ പറയുന്നു… ഈ രാമസേതു ഉപയോഗിച്ച് രാമനും തന്റെ സേനയും ലങ്കയിൽ കടക്കുകയും രാവണനിൽ നിന്നും സീതാദേവിയെ മോചിപ്പിക്കുകയും ചെയ്തു… രാമസേതു മനുഷ്യ നിർമ്മിതമോ അതോ പ്രകൃതിയുടെ അത്ഭുതമോ?… ചർച്ചകൾ കൊടുംബിരി കൊള്ളുമ്പോഴും മനുഷ്യചിന്തക്ക് പിടി തരാതെ സമുദ്രത്തിനടിയിൽ നീണ്ട് നിവർന്ന് കിടക്കുകയാണതങ്ങനെ… ഒന്നും രണ്ടുമല്ല… മുപ്പത് കിലോ മീറ്റർ!! അറിവുകൾ സഞ്ചരിക്കുകയാണ് രാമസേതുവിനു പിന്നിലെ നിഗൂഡതകൾ തേടി…

മനുഷ്യബുദ്ധിക്കും ശാസ്ത്രത്തിനും അതീതമായ ചില കാര്യങ്ങൾ ഇന്നും ഈ ലോകത്തുണ്ട് എന്നതിന് തെളിവാണ് രാമസേതു… ആഗോളതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ഈ പാത തേടിയും, ഇതിന്റെ ഉത്ഭവത്തിന് പിന്നിലെ രഹസ്യം തേടിയും നിരവധി ശാസ്ത്രജ്ഞരാണ് ഇന്ത്യയിൽ ദിനംപ്രതി വന്നുചേരുന്നത്… എന്താണ് രാമസേതു ?… ഇന്ത്യയിലെ പലർക്കും രാമസേതു അജ്ഞാതമാണ് എന്നതാണ് മറ്റൊരു സത്യം… ഇന്ത്യയിലെ രാമേശ്വരത്തിനും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇടയിലെ പാതയാണ് രാമസേതു… രാമസേതു എന്ന് ഇന്ത്യയിൽ അറിയപ്പെടുമ്പോൾ ‘ആഡംസ് ബ്രിഡ്ജ്’ എന്നാണ് ഇത് ആഗോള തലത്തിൽ അറിയപ്പെടുന്നത്….
നാട രൂപത്തിലുള്ള ഈ പാത ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്… കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത്… 30 കി.മി നീളമുള്ള രാമസേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു… 1480 CE യിൽ ഉണ്ടായ കൊടുങ്കാറ്റിൽ പെടുന്നത് വരെ ഇത് ജല പരപ്പിനു മുകളിൽ കാണാമായിരുന്നു എന്ന് ചില പുരാതന രേഖകൾ പറയുന്നു… ഇൻഡ്യയുടെ ദക്ഷിണഭാഗത്തെ (South) കപ്പൽച്ചാൽ ഇപ്പോഴുള്ളത് ശ്രീലങ്കയെ ചുറ്റിയാണു പോകുന്നത്… ഈ രാമസേതു ഡ്രഡ്ജ് ചെയ്ത് (മണ്ണ് കുഴിച്ചെടുക്കുക) അവിടെ ആഴം കൂട്ടിയാൽ ശ്രീലങ്കയെ ചുറ്റാതെ കപ്പലുകൾക്ക് ഇൻഡ്യൻ തീരത്ത് കൂടിപ്പോകാം എന്നൊരു നിർദ്ദേശം ഇടയ്ക്ക് പേപ്പറിലൊക്കെ വന്നിരുന്നു…

പക്ഷേ രാമസേതുവാദക്കാർ ഈ മേഖലയിൽ ഡ്രഡ്ജിംഗ് നടത്തുന്നതിനെ എതിർത്തു… പുരാണ കഥാപാത്രമായ ശ്രീരാമന്റെ വാനരസേനയാണ് ലങ്കയിലേയ്ക്കുള്ള പാലം നിർമ്മിച്ചതെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാൽ ഈ ഭാഗത്ത് യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്നുമാണ് അവരുടെ വാദം… പാലം നിർമ്മിക്കാൻ രാമൻ ഏത് എഞ്ചിനിയറിംഗ് കോളേജിലാണ് പഠിച്ചതെന്ന് അക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി പരിഹസിച്ചത് വിവാദമാവുകയും ചെയ്തു… ഇപ്പോഴിതാ രാമസേതു മനുഷ്യ നിര്മി്തമാണെന്ന വാദവുമായി അമേരിക്കൻ ചാനല്‍… സയന്സ്േ ചാനലിലാണ് ഇതു സംബന്ധിച്ച വാദങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്… ചാനല്‍ റിലീസ് ചെയ്ത പ്രമോഷണൽ വീഡിയോയിൽ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്മിഷതിയാണെന്നും വിശദീകരിക്കുന്നുണ്ട്… ഹിന്ദു വിശ്വാസ പ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്… രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു… സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോൾ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും, മനുഷ്യ നിര്മികതമാകാമെന്നും, 5000 വര്ഷതങ്ങള്ക്ക്. മുമ്പ് നിര്മിെക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തിൽ പാലം പണിയൽ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു…

രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങൾ അതിൽ കാണുന്ന മണലിനേക്കാൾ പഴയതാണെന്നും സേതുവിലെ പാറകള്ക്കി ടയിൽ പിന്നീട് മണൽ അടിഞ്ഞു കൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്… രാമസേതുവിലെ പാറകള്ക്ക്ി 4000 വര്ഷയത്തെ പഴക്കമുണ്ട്… എന്നാല്‍ അതിനു മുകളില്‍ കാണപ്പെടുന്ന മണലിന് 7,000 വര്ഷയത്തെ പഴക്കമുണ്ടന്ന് വീഡിയോയിൽ പറയുന്നു… ധനുഷ്‌കോടി വഴി രാമസേതുവിൽ എത്തിച്ചേരാം… ധനുഷ്‌കോടിയിൽ നിന്നും 20 കിമി അകലെയാണ് രാമസേതു… ധനുഷ് കോടിയിൽ ICHR-ന്റെ ക്യാമ്പിൽ എത്തിച്ചേർന്ന രാഘവിന് കുറച്ച് ദിവസം അവിടെ അവരുടെ ഒപ്പം ചിലവഴിക്കുവാനുള്ള അവസരം കിട്ടി… നാളെ ധനുഷ് കോടിയിൽ നിന്ന് കടലിലേക്ക് ഒരു യാത്ര പോകുന്നുണ്ട്… അതിനു ശേഷമാണ് റിസർച്ച് ആരംഭിക്കുക… കൊല്ലത്ത് നിന്നുള്ള ഹിസ്റ്ററി സ്റ്റുഡന്റ് ആരാധന എന്നൊരു പെൺകുട്ടിയെ രാഘവിന് കൂട്ടായി കിട്ടി… നിഷ്കളങ്കമായ മുഖമുള്ള എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിരിക്കുടുക്ക – അതായിരുന്നു അവൾ… രാമസേതുവിനെപ്പറ്റിയൊക്കെ രാഘവിനേക്കാൾ കൂടുതൽ അറിവുള്ള ആരാധനയ്ക്ക് രാഘവിന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കുവാൻ വളരെ ഉൽസാഹമായിരുന്നു… അവളിൽ നിന്ന് ധനുഷ് കോടിയെപ്പറ്റി രാഘവ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി… 1964 വരെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാടായിരുന്നു ധനുഷ്‌കോടി… ഒരു വശത്തു രാവണന്റെ ആസുരഭാവത്തോടെ ബംഗാൾ ഉൾക്കടലും, മറുവശത്തു ശ്രീരാമന്റെ സാത്വികഭാവത്തോടെ ഇന്ത്യൻ മഹാ സമുദ്രവും അതിരിടുന്ന ധനുഷ്‌കോടി… ത്രേതായുഗത്തിൽ, സീതാന്വേഷണത്തിനായി ശ്രീരാമൻ ശ്രീലങ്കയിലേക്ക് തന്റെ വാനരസൈന്യത്തെ നയിക്കുവാനായി, പാലം (സേതു) നിർമ്മിച്ചത് ഇവിടെ നിന്നാണത്രെ… അന്ന് ശ്രീരാമൻ തന്റെ വില്ലിന്റെ(ധനുഷ്) അഗ്രം(കോടി) കൊണ്ട് സേതുനിർമ്മാണം തുടങ്ങേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു എന്നും, ആ സ്ഥലം പിന്നീട് ധനുഷ് കോടി എന്നറിയപ്പെട്ടു എന്നും ഐതിഹ്യം…

ഇവിടെ നിന്നും ശ്രീലങ്കയിലേക്ക് വെറും 23 മൈലുകൾ മാത്രമാണ് ദൂരം… അത്രയും കുറച്ച് അകലത്തിൽ….
. രണ്ടു രാജ്യങ്ങൾ…. രണ്ടു ഭരണ രീതികൾ….രണ്ടു സംസ്കൃതികൾ… രണ്ടു സംസ്കാരങ്ങൾ… രണ്ടു ജനതകൾ… നല്ലവഴി ഉപദേശിച്ചു എന്ന ഒറ്റക്കാരണത്താൽ, രാവണൻ ലങ്കയിൽ നിന്നും പുറത്താക്കിയ സഹോദരൻ വിഭീഷണൻ, ശ്രീരാമന്റെ അടുത്തു അഭയം ചോദിച്ചെത്തിയതും ഈ ധനുഷ്‌കോടി തീരത്തു തന്നെ… ഐതിഹ്യങ്ങൾ ഇങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മനസിലേക്കോടിയെത്തുമ്പോൾ, വെറും വിളിപ്പാടകലെയുള്ള ആ മരതകഭൂമിയെ (ലങ്കയെ) ഒന്നു നേരിൽ കാണാൻ രാഘവ് വല്ലാതെ ആശിച്ചു പോയി… പക്ഷെ 1964 ഡിസംബർ-22 നു, മണിക്കൂറിൽ 280km ശക്തിയിൽ വീശിയടിച്ച ആ കൊടുങ്കാറ്റ് ഈ ധനുഷ്കോടിയുടെ തലവര തന്നെ മാറ്റി വരച്ചു… വിവിധ ആരാധനാലയങ്ങളും, റെയിൽവേസ്റ്റേഷനും, പള്ളിക്കൂടങ്ങളും, പോസ്റ്റോഫീസും ഒക്കെ ഉണ്ടായിരുന്ന ഈ സുന്ദരനാട് ഒറ്റ നിമിഷം കൊണ്ട് ഒരു ശ്മശാന ഭൂമിയായി മാറി… ഏഴു മീറ്ററോളം ഉയരത്തിൽ തിരമാലകളുയർത്തി ആ കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ, 115 യാത്രക്കാരുമായി പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ അപ്പാടെ അതിൽ അപ്രത്യക്ഷമായി… ഔദ്യോഗിക കണക്കനുസരിച്ചു ആകെ മരണസംഖ്യ 1800 ആണ്… എന്നാൽ തദ്ദേശവാസികൾ പറയുന്നത് ആകെയുണ്ടായിരുന്ന 12000 പേരിൽ 9000 പേരും അന്ന് ആ ദുരന്ത ഭൂമിയിൽ നാമാവശേഷരായി എന്നാണ്… തുടർന്ന്, അന്നത്തെ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ ‘ghost town’ അഥവാ ‘പ്രേത നഗരം’ ആയി പ്രഖ്യാപിച്ചു…

വാസയോഗ്യമല്ലാത്തതിനാൽ നേവിക്കു കൈമാറുകയായിരുന്നു… ഇന്നും അതേ സ്ഥിതി തുടരുന്നു… ആരാധന നൽകിയ വിവരങ്ങളെല്ലാം രാഘവ് തന്റെ ലാപ് ടോപ്പിലെ വിവരങ്ങളിലേക്ക് കൂട്ടിച്ചേർത്തു… പിറ്റേന്ന് ധനുഷ് കോടി ബീച്ചിലൂടെയുള്ള വാൻ യാത്രയ്ക്ക് ആവേശപൂർവം ഞങ്ങൾ തയ്യാറായി… ഇതിനകം ആരാധനയോട് ഒരുപാട് കാര്യങ്ങൾ രാഘവ് സംസാരിച്ചു… ഇരുവരും രാമസേതുവിന്റെ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്നതിനാൽ അവർക്കിടയിൽ സംസാരത്തിനുള്ള വിഷയങ്ങൾ നിമിഷം തോറും പൊട്ടിമുളച്ചു കൊണ്ടിരുന്നു… യാത്രയ്ക്കായി ധനുഷ് കോടി ബീച്ചിലെത്തിയ ഞങ്ങൾ കണ്ടത് പഴകി തുരുമ്പിച്ച കുറെ മഹീന്ദ്ര 4-wheel drive വാനുകളാണ്… ഒന്നു സംശയിച്ച ഞങ്ങളോട് ഗൈഡ് പറഞ്ഞു ” ധൈര്യമായി കയറിക്കോളൂ… ഇത് നിങ്ങൾക്കു വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും…” എന്തായാലും അതു വിശ്വസിച്ചു ഞങ്ങൾ കയറി… ആകെ 16 പേരെ നിറച്ചാണ് ഓരോ വാനും പുറപ്പെടുന്നത്… രാഘവും ആരാധനയും കയറിയ വാനിൽ റിസർച്ച് ഗ്രൂപ്പിൽ നിന്ന് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ… യാത്ര തുടങ്ങി… ബീച്ചിലൂടെ, പകുതി വെള്ളത്തിലും പകുതി കരയിലുമായി, വെള്ളം ചീറ്റി തെറിപ്പിച്ചു ഒരു കിടിലൻ യാത്ര, അതായിരുന്നു രാഘവിന്റെ മനസ്സിൽ… പക്ഷേ ആരാധനയുടെ മുഖഭാവത്തിൽ നിന്ന് അവൾ ഇതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിട്ടുണ്ടെന്നും, രാഘവ് ഉദ്ദേശിച്ച പോലുള്ള യാത്രയല്ല അതെന്നും അവന് മനസ്സിലായി…

പതുക്കെ മണൽത്തിട്ട വഴി നീങ്ങിത്തുടങ്ങിയ വാൻ നേരെ കടലിലേക്കിറങ്ങി… തീരത്തിന് സമാന്തരമായല്ല മറിച്ച് നേരെ കടലിലേക്കാണ് യാത്ര… തിരക്കില്ലാത്ത ഏതോ ഹൈവേയിൽ ഡ്രൈവ് ചെയ്യുന്ന അതേ ലാഘവത്തോടെ ഡ്രൈവർ അങ്ങിനെ ഓടിച്ചു പോവുകയാണ്… വെള്ളം ഏതാണ് വണ്ടിയുടെ പ്ലാറ്റുഫോമിന്റെ അതേ നിരപ്പിലെത്തി… ഒരിഞ്ചുകൂടി മുങ്ങിയാൽ വെള്ളം ഉള്ളിലേക്ക് കയറും എന്ന സ്ഥിതിയായി… വണ്ടിയിലുണ്ടായിരുന്ന സ്ത്രീകൾ പലരും കണ്ണുകൾ ഇറുക്കിയടച്ചു… ഇടയ്ക്ക് വണ്ടി കരയിലെ മണലിലേക്കു കയറി… ഓ… ആശ്വാസം! പക്ഷെ, അതാ അതു നമ്മൾ ഗൾഫിലെ മരുഭൂമിയിൽ കണ്ടിട്ടുള്ള ‘ഡെസേർട് റൈഡ്’ പോലെ ചാഞ്ഞും ചരിഞ്ഞും കിതച്ചും ഒക്കെ മുന്നോട്ടു കുതിച്ചു….
!! വീണ്ടും നേരെ കടലിലേക്ക്… പിന്നെ കരയിലേക്ക്… അങ്ങിനെ ഏതാണ്ട് ഒരു മണിക്കൂറോളം ഉള്ള ‘സാഹസിക കര – കടൽ യാത്ര’-ക്കു ശേഷം ഞങ്ങൾ ധനുഷ് കോടിയിലെ മുനമ്പിലേക്കെത്തി… ഇനി കുറച്ചു സമയം നമുക്ക് സ്വതന്ത്രമായി കാഴ്ച്ചകൾ കാണാനുള്ളതാണ്… പിന്നെ അതേ വാനിൽ മടങ്ങണം… മുൻപ് സൂചിപ്പിച്ച, രണ്ടു മഹാസമുദ്രങ്ങളുടെ സംഗമം… അത്യപൂർവ്വമായ കാഴ്ച… പിന്നെ, തകർന്നു പോയ ആ പഴയ ധനുഷ്കോടിയുടെ ബാക്കിയിരിപ്പുകൾ… അവയിൽ, വീടുകൾ, പള്ളികൾ, അമ്പലങ്ങൾ, റെയിവേ സ്റ്റേഷൻ, സ്‌കൂൾ… എല്ലാം ഉൾപ്പെടുന്നു… തകർന്നു വീണ വീടുകളുടെ അവശിഷ്ടങ്ങൾ കാണവെ, രാഘവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു… എത്രയോ മോഹങ്ങൾ ഉള്ളിലൊളിപ്പിച്ച മനുഷ്യരായിരുന്നു ഇവിടെ വസിച്ചിരുന്നത്?… മഹാസമുദ്രങ്ങളുടെ സംഗമഭൂമിയിൽ, ശ്രീരാമപാദം പതിഞ്ഞ ഈ പുണ്യഭൂമിയിൽ, ഒരു ജന്മം മുഴുവൻ ജീവിക്കാൻ അവസരം കിട്ടിയ തങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് അവർ കരുതിയിരുന്നിരിക്കില്ലേ ? അഥവാ, ഒരല്പം അഹങ്കരിച്ചിരിക്കില്ലേ?

മര്യാദാപുരുഷനായ ശ്രീരാമന്റെ, വാനരസൈന്യത്തെപ്പോലെ ഉത്സാഹഭരിതരായി, ഈ വീടുകളിലെ കരുമാടിക്കുട്ടന്മാരായ കുട്ടികൾ ഈ തീരത്തെല്ലാം ഓടിക്കളിച്ചിരുന്നില്ലേ? നേരം വെളുക്കുവോളം കടലിൽ പണിയെടുത്തിരുന്ന, കരിവീട്ടി കടഞ്ഞ മേനിയഴകുള്ള ഇവിടുത്തെ യുവാക്കൾ, തങ്ങളുടെ കാമിനിമാരെ സ്വപ്നം കണ്ടു, സായാഹ്നങ്ങൾ ഈ കടപ്പുറത്തല്ലേ ചിലവഴിച്ചിരിക്കുക? അവരുടെ കാമുകിമാർ അത് കാണാൻ ഓലപ്പഴുതിലൂടെ ഒളിച്ചു നോക്കിയിരുന്നത് ഈ കടലോരത്തല്ലേ?… 1964 ലെ അഭിശപ്തമായ ആ ഒരേയൊരു ദുരന്തദിവസം ഉണ്ടായിരുന്നില്ലെങ്കിൽ? അവരൊയൊക്കെ അല്ലെങ്കിൽ അവരുടെ പിൻതലമുറക്കാരെയെങ്കിലും ഇന്നിവിടെ ഞങ്ങൾക്ക് കാണാനാവുമായിരുന്നില്ലേ? ഉവ്വ്…. തീർച്ചയായും… ആരാധനയുടെ വിവരണത്തിൽ മനം കലങ്ങിയ രാഘവ് തന്റെ മുഖം കൈകളിൽ താങ്ങി ഇരുന്നു… ഇത്തരം ചിന്തകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയതിനാലാകണം, രാഘവിന് ആ മഹാസമുദ്രസംഗമം കൺനിറയെ കണ്ടു ആസ്വദിക്കാനായില്ല… ആരാധന അവനെ കൌതുകത്തോടെ നോക്കി… താൻ പറയുന്ന കാര്യങ്ങൾ ആ ചെറുപ്പക്കാരനിൽ ഉളവാക്കുന്ന വിഷമം ആ പെൺകുട്ടിക്ക് മനസ്സലായി… അവൾ അവനെ സമാധാനിപ്പിക്കുവാനായി തോളിൽ തട്ടി… പെട്ടെന്ന് ആകാശത്തു ഒരു ഇരമ്പം…

“അതാ രാവണന്റെ ആ പുഷ്പകവിമാനം…” രാഘവിന്റെ ശബ്ദം അൽപം ഉച്ചത്തിലായിരുന്നു… ആരാധന പേടിച്ചു പോയി… അവൾ ആ ശബ്ദം വന്നയിടത്തേക്ക് മിഴികൾ പായിച്ചു… അങ്ങകലെ പൊട്ടുപോലെ കാണപ്പെടുന്ന ഒരു പേടകം അത് അടുത്തടുത്ത് വരുന്നു…. ആകാംക്ഷയോടെയും അതിലേറെ അത്ഭുതത്തോടെയും അവൾ കണ്ണിമയ്ക്കാതെ നോക്കി… പക്ഷെ, അടുത്തെത്തിയപ്പോൾ ആണ് മനസിലായത് അത് നമ്മുടെ നാവികസേനയുടെ ഹെലികോപ്റ്റർ ആണെന്ന്!… പതിവ് നിരീക്ഷണ പറക്കൽ നടത്തുകയാവാം… “ രാഘവ് നിന്റെ മനസ്സ് എന്തിലോ ഉടക്കിക്കിടക്കുകയാണ്… അതാണ് ഇങ്ങിനെയൊക്കെ തോന്നുന്നത്…” അവനെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു… രാഘവിന്റെ മുഖത്ത് പക്ഷേ ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല… “രാവണൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും ആ പുഷ്പക വിമാനം ഈ കടലിനു മുകളിൽ കൂടി പറന്നേനെ ആരാധനാ…” ഉറച്ച ശബ്ദത്തോടെ അവനത് പറഞ്ഞപ്പോൾ അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി… “ ആർ യു ബിലീവ് ഇൻ തോസ് കൈൻഡ് ഓഫ് മിസ്റ്ററീസ്?… ” വിസ്മയത്തോടെയുള്ള അവളുടെ ചോദ്യത്തിന് രാഘവ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു… വാൻ ഒരു കൊച്ചു മുൻമ്പിൽ എത്തി… വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, വലിയ ഒരു കല്ല് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറു ഗണപതിക്ഷേത്രമുണ്ട് ഇവിടെ… അനുവദിക്കപ്പെട്ട സമയം കഴിഞ്ഞതും ഡ്രൈവർ ഞങ്ങളെ അന്വേഷിച്ചെത്തി… പിന്നെ, നേരത്തെ പറഞ്ഞ കര-കടൽ യാത്രയിലൂടെ മടക്കം… മടക്കയാത്രയിൽ, വലതു വശത്തായി ഒരു ചെറു ദ്വീപിൽ സ്ഥിതിചെയ്യുന്ന കോദണ്ഡരാമസ്വാമിക്ഷേത്രം കൂടി സന്ദർശിച്ചു ഞങ്ങൾ നേരെ രാമേശ്വരത്തേക്കു മടങ്ങി… 1964 ലെ കൊടുങ്കാറ്റിനെ അതിജീവിച്ചത് ഈ ക്ഷേത്രം മാത്രമായിരുന്നു…

യാത്ര തുടങ്ങിയ ബീച്ച് ഏരിയയിലേക്ക് തിരികെ എത്തിയപ്പോൾ സായാഹ്നമായിരുന്നു… വാനിൽ നിന്നിറങ്ങി റോഡിലേക്ക് നടക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്… കുറച്ച് കുരങ്ങൻമാർ- ഒരു ഇരുപതെണ്ണമെങ്കിലും ഉണ്ടാവും… റോഡിന്റെ ഇരുവശങ്ങളിലായി ഉള്ള ചെറിയ അരമതിലിൽ കേറി നിലയുറപ്പിക്കുന്നു… എല്ലാ കുരങ്ങൻമാരുടേയും നോട്ടം എത്തുന്നത് ഞങ്ങളിലേക്കാണ്… അല്ല തന്നിലേക്കാണ്… രാഘവിന് ഒരു ഉൾക്കിടിലമുണ്ടായി… രണ്ട് വശത്തും ഒരേ അകലത്തായിരുന്ന കുരങ്ങൻമാർ ഒരു അസാധാരണ കാഴ്ചയായിരുന്നു… രാഘവും ആരാധനയും അങ്ങോട്ട് നടന്നടുക്കേ ഇരുവശത്തുമുള്ള കുരങ്ങൻമാർ തല ചെറുതായി കുനിച്ച് അവനെ നോക്കിക്കൊണ്ട് അവരുടെ കൈകൾ മലർത്തി തലയ്ക്ക് മുകളിലേക്ക് ഉയർത്തി… മറ്റ് സഞ്ചാരികളൊക്കെ ഈ കാഴ്ച കണ്ട് അന്തം വിട്ടു നിന്നു… എല്ലാവരും തങ്ങളുടെ മൊബൈൽ ക്യാമറകൾ ഓണാക്കി ആ രംഗം പകർത്താൻ ശ്രമിച്ചു… കൂടെ ആരാധനയും… പക്ഷേ അവളുടെ മൊബൈലിൽ ക്യാമറ വർക്ക് ചെയ്യുന്നില്ല… അവൾ വീണ്ടും വീണ്ടും ക്യാമറ പ്രവർത്തിപ്പിക്കാൻ നോക്കിയെങ്കിലും പരാജിതയായി ആ ശ്രമം ഉപേക്ഷിച്ചു… രാഘവ് ആ വാനരൻമാരെ നോക്കി കൈകൾ ഒന്ന് കൂപ്പിയപ്പോൾ ആ നിമിഷം കുരങ്ങൻമാരെല്ലാം നൊടിയിടയിൽ എങ്ങോട്ടോ ഓടിമറഞ്ഞു… അപ്പോൾ തന്നെ ആരാധനയുടെ ക്യാമറ റെഡിയായി… അവൾ ക്യാമറ ഉയർത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ആ കുരങ്ങൻമാരുടെ പൊടിപോലും കണ്ടില്ല… അവൾ രാഘവിന്റെ നേരെ നോക്കി… അവളുടെ കണ്ണുകളിൽ വിവരിക്കാനാവാത്ത ഒരു ഭാവം കണ്ടു അവൻ… ‘ഈ ക്യാമറയ്ക്കിതെന്തു പറ്റി നാശം…’ അവരുടെ അടുത്തു നിന്ന ചില സഞ്ചാരികളിൽ നിന്നുകൂടി ആ വാക്കുകൾ കേട്ടപ്പോൾ രാഘവിനെ നോക്കുന്ന അവളുടെ കണ്ണുകളിൽ ചില സംശയങ്ങളുടെ നിഴൽ രാഘവ് കണ്ടു… അവൻ മുന്നോട്ട് നടന്നു…

അന്ന് രാത്രി ഭക്ഷണത്തിന് ശേഷം ധനുഷ് കോടിയിലെ അവരുടെ ക്യാമ്പിനടുത്തുള്ള കടൽത്തീരത്ത് വിശ്രമിക്കുകയായിരുന്ന രാഘവിന്റെ അടുത്ത് ആരാധന എത്തി… “ രാഘവ്… “ എന്തൊ ആലോചനയിൽ മുഴുകിയിരുന്ന രാഘവ് പെട്ടെന്ന് ആരാധനയുടെ വിളി കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി… “ഹായ്… വാ ഇവിടിരിക്ക്… “ രാഘവ് അവളെ അവനരികിൽ ഇരിക്കാൻ ക്ഷണിച്ചു… ആരാധന ഇരുന്ന ശേഷം അവന്റെ മുഖത്തോട്ട് നോക്കി… “ ശരിക്കും ആരാ നീ?… എന്തിനാ ഇവിടെ വന്നത്?…“ അവളുടെ സംശയത്തോടെയുള്ള ചോദ്യത്തിനു നേരെ രാഘവ് ഒരു പുഞ്ചിരി ഉതിർത്തു… “ നിന്നെപ്പോലെ രാമസേതുവിന്റെ രഹസ്യങ്ങൾ അറിയാൻ വന്ന ഒരു ഹിസ്റ്ററി സ്റ്റുഡന്റ്… “ രാഘവിന്റെ ആ ഉത്തരത്തിന് അവളിൽ നിന്ന് സംശയത്തിന്റെ നിഴലുകളെ മായ്ക്കാൻ സാധിച്ചില്ല എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് അവന് മനസ്സിലായി… “ നീ നുണ പറയുന്നതായി എനിക്ക് തോന്നുന്നില്ല… പക്ഷേ… “ ആരാധന പകുതിക്ക് വച്ച് അവളുടെ സംഭാഷണം മുറിച്ചപ്പോൾ രാഘവ് അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി… “ പറഞ്ഞോളൂ ആരാധനാ… “ രാഘവ് അതെന്തെന്ന് അറിയാനായി ചോദിച്ചു… “ ഇന്ന് നടന്ന സംഭവം… ആ കുരങ്ങൻമാരെല്ലാം നോക്കിയത് നിന്നെയാണ്… നീ കൈകൂപ്പിയപ്പോൾ ആണ് അവരെല്ലാം തിരികെ പോയത്… “ എന്തോ രഹസ്യം പറയുന്നതു പോലെ ആരാധന അവനോട് പറഞ്ഞു… “ ആരാധനാ… നീ എന്താ ഉദ്ദേശിക്കുന്നതെന്ന് ഒന്ന് തെളിച്ചു പറ…“ കാര്യം മനസ്സിലാവാതെ രാഘവ് ചോദിച്ചു… “ ഏയ് ഒന്നുമില്ല… എനിക്ക് ചുമ്മാ എന്തൊക്കെയോ തോന്നിയതാ… ഞാൻ പോണു… നാളെയാണ് രാമസേതുവിന്റെ റിസർച്ച് തുടങ്ങുന്നത്… നേരത്തേ കിടന്നോ… “ അതു പറഞ്ഞ് അവൾ എഴുന്നേറ്റ് ക്യാമ്പിലേക്ക് നടന്നു…

“ ഏയ് അതെന്ത് പരിപാടിയാ… കാര്യം പറഞ്ഞിട്ട് പോകുന്നേ…“ അതു പറഞ്ഞ് രാഘവ് അവളുടെ പുറകേ ചെന്നെങ്കിലും ആരാധനാ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി… അടുത്ത ദിവസം പുലർച്ചേ തന്നെ ഒരു ടൂറിസ്റ്റു ബോട്ടിൽ 20 പേരടങ്ങുന്ന ഒരു സംഘം റിസർച്ചിനായി കടലിലേക്ക് യാത്ര തിരിച്ചു… അക്കൂട്ടത്തിൽ രാഘവും ആരാധനയും ഉണ്ടായിരുന്നു… കടലിനടിയിൽ ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ സിലിണ്ടറുകളും മാസ്കും സ്വിമ്മിങ്ങ് സ്യൂട്ടുമെല്ലാം ആ ബോട്ടിൽ ഉണ്ടായിരുന്നു… തിരകളെ കീറിമുറിച്ചു കൊണ്ട് ധനുഷ് കോടിയിൽ നിന്നും രാമസേതു തുടങ്ങുന്ന ഭാഗത്തായി ബോട്ട് ലൊക്കേറ്റ് ചെയ്തു… റിസർച്ചിന്റെ പ്രൊജക്ട് അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം ആഴം കുറഞ്ഞ സ്ഥലങ്ങൾ നോക്കി റിസർച്ച് ആരംഭിക്കാൻ പദ്ധതിയിട്ടു… ചില സ്ഥലങ്ങളിൽ ഒരു മീറ്റർ വരെയെ ആഴമുള്ളൂ… അതായത് കടൽ നിരപ്പിൽ ഒരു മനുഷ്യൻ നിന്നാൽ അര വരെയെ വെള്ളം കാണൂ… അത്തരത്തിൽ ആഴം കുറഞ്ഞ ഒരു ഭാഗത്തേക്ക് ആ ബോട്ട് അടുത്തു… വെള്ളത്തിനു അധികം അടിയിലല്ലാതെ നീണ്ടു നിവർന്നു കിടക്കുന്ന ആ പാതയുടെ നിഴൽ കാണാമായിരുന്നു… അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം മണ്ണിന്റേയും കല്ലുകളുടേയും സാമ്പിളുകൾ എടുക്കാനുള്ള ഉപകരണങ്ങളുമായി പതിനഞ്ചോളം പേർ കടലിൽ ഇറങ്ങി… കറുപ്പ് നിറത്തിലുള്ള സ്വിമ്മിങ്ങ് സ്യൂട്ടണിഞ്ഞ് അവർ രാമസേതുവിൽ കാലൂന്നി…

ഇപ്പോൾ അവരുടെ നെഞ്ചിനു താഴേക്ക് വെള്ളത്തിനടിയിലാണ്… രാഘവും ആരാധനയും മുഖത്തെ മാസ്ക് ഒന്നുമാറ്റി… പരിപാവനമായ രാമസേതുവിൽ തന്റെ പാദങ്ങൾ അമർന്നപ്പോൾ രാഘവിന്റെ ഉള്ളംകാൽ മുതൽ ഉച്ചിയിലേക്ക് ഒരു പെരുപ്പ് കയറി… സന്തോഷവും ഭക്തിയും നിറഞ്ഞ മനസ്സോടെ ആ മണ്ണിൽ അവൻ മുട്ടുകുത്തി… ആ മണ്ണിൽ തൊട്ട് വന്ദിച്ചു… തന്റെ അടുത്ത് നിന്ന ആരാധനയെ നോക്കിയ രാഘവിന് തന്റേതിന് സമാനമായ ജിജ്ഞാസയുടേയും ഭക്തിയുടേയും പ്രതിഫലനങ്ങൾ അവളുടെ മുഖത്തും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി… അവർ രണ്ടുപേരും സംഘത്തിൽ നിന്നും കുറച്ച് മാറി ആ പാതയിലൂടെ നടന്നു… ചരലു പോലെയുള്ള മണ്ണാണ് വെള്ളത്തിനു താഴെ… അവിടെ ഒഴുക്കൊന്നുമില്ലാത്ത പ്രദേശമാണ്… രാഘവ് താഴേക്കിരുന്ന് ആ മണ്ണ് തന്റെ കൈകളിൽ കോരിയെടുത്തു… അത് തന്റെ സ്വിമ്മിംഗ് സ്യൂട്ടിന്റെ തുടയിലെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ഡപ്പിയെടുത്ത് അതിൽ നിറച്ചു… ദൂരേക്ക് നീണ്ടുകിടക്കുന്ന ആ പാതയിലൂടെ അവനൊന്ന് കണ്ണോടിച്ചു… ഈ പാതയിലൂടെ നേരെ വച്ചു പിടിച്ചാൽ ശ്രീലങ്കയിലേക്കെത്താം… പക്ഷേ അങ്ങിനെ ചിന്തിക്കുന്നത് തന്നെ ഒരു മണ്ടത്തരമായി അവന് തോന്നി… “ നമുക്കിതിന്റെ അടിയിൽ പോകണം ആരാധനാ… ഈ പാതയുടെ വശത്തേക്ക് പോകാം… “ രാഘവിന്റെ നിർദ്ദേശത്തോട് അനുകൂലമായി അവൾ തലയാട്ടി… മറ്റുള്ളവർ അവിടെത്തന്നെ തങ്ങളുടെ അന്വേഷണങ്ങൾ ആരംഭിച്ചപ്പോൾ രണ്ടുപേർ നടന്നു മറയുന്നത് അവർ ശ്രദ്ധിച്ചില്ല…

മാസ്ക് വീണ്ടും ഫിറ്റ് ചെയ്ത് ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിച്ചു കൊണ്ട് വെള്ളത്തിനടിയിലെ ആ പാതയുടെ വശത്തേക്ക് അവർ നടന്നു… പതിയെ നടന്ന് നടന്ന് വെള്ളത്തിനടിയിലേക്കിറങ്ങി… നല്ല തെളിഞ്ഞു കിടക്കുന്ന വെള്ളമാണ് താഴെ ഉണ്ടായിരുന്നത്… ആ ചരിഞ്ഞ പ്രദേശത്ത് നിന്ന് അൽപ്പം പുറകോട്ട് മാറിക്കൊണ്ട് അവിടെ വീക്ഷിച്ചപ്പോൾ പാറക്കഷ്ണത്തിന്റെ വക്കുകൾ ചിലയിടത്ത് തള്ളി നിൽക്കുന്നത് കണ്ടു… രാഘവ് ആവേശത്തോടെ താഴെ മണ്ണിൽ ചവിട്ടി അവിടെയെത്തി അവിടെയുള്ള മണ്ണ് അൽപ്പാൽപ്പമായി നീക്കം ചെയ്തു… ഇതുകണ്ട് ആരാധനയും അവനെ സഹായിച്ചു… അവരുടെ ശ്വസത്തിന്റെ കുമിളകൾ വെള്ളത്തിനു മുകളിലേക്കുയർന്നു… മണ്ണ് കുറേ മാറിക്കഴിഞ്ഞപ്പോൾ അതൊരു ഉരുണ്ട പാറയാണെന്ന് അവർക്ക് മനസ്സിലായി… അതിനോട് ചേർന്ന് വേറൊരു പാറയും അവർ കണ്ടു… പിന്നെയും മണൽ നീക്കിയപ്പോൾ ആ രണ്ടു പാറകൾക്ക് കീഴെ നടുവിലായി ഒരു വലിയമരത്തടി മുറിച്ച് വച്ചതു പോലെയുള്ള ഭാഗവും കണ്ടു… രാഘവ് ആരാധനയെ നോക്കിക്കൊണ്ട് തങ്ങൾ തേടിയത് കണ്ടെത്തി എന്നതിന്റെ അടയാളമായി വലതുകയ്യുടെ തള്ളവിരൽ തംസ് അപ്പ് ആയി കാണിച്ചു… ആ പാറകൾ വീണ്ടും നിരീക്ഷിച്ചപ്പോൾ അതിൽ എന്തോ വരച്ചു വച്ചിരിക്കുന്നതു പോലെ തോന്നി അവന്… അവൻ അതിലൂടെ വിരലുകൾ ഓടിച്ചു… മൂന്ന് വരകൾ… രാഘവ് ഓരോ വരകളിലൂടെയും തന്റെ വിരലുകൾ വീണ്ടും വീണ്ടും ഓടിച്ചു അതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു… ആദ്യത്തേത് ‘2’ എന്നെഴുതുന്ന ആകൃതിയിലാണ്… അടുത്തത് മുകളിൽ നിന്ന് താഴേക്ക് ഒരു നേർരേഖ… അവസാനത്തേത്ത് മലയാള അക്ഷരം ‘ഴ’ പോലെയും അവന് തോന്നി… ഒരു മിനിറ്റ് കണ്ണടച്ച് അതെന്തായിരിക്കും എന്നവൻ ചിന്തിച്ചു… അതിന്റെ ഉത്തരം മനസ്സിൽ തെളിഞ്ഞപ്പോൾ അവൻ കണ്ണുകൾ മിന്നിത്തുറന്നു… അധികസമയം ഇവിടെ നിൽക്കാൻ പറ്റില്ല… സംഘത്തിലുള്ളവർ ഇപ്പോൾ തങ്ങളെ തിരക്കാൻ തുടങ്ങം…

രാഘവ് പോക്കറ്റിൽ നിന്ന് ചെറിയ ചുറ്റികയെടുത്ത് അക്ഷരങ്ങൾ കണ്ട ആ പാറയുടെ ഒരു ചെറിയ കഷ്ണം പൊട്ടിച്ചെടുക്കാൻ തുടങ്ങി… അത് പൊടിഞ്ഞു താഴെ വീഴാൻ അവന് അധികം ബലം പ്രയോഗിക്കേണ്ടി വന്നില്ല… ആ വരകൾക്ക് ഒരു പോറൽ പോലും സംഭവിച്ചില്ല… അവന്റെ ചില്ലുകുപ്പിയിലേക്ക് അവന് വേണ്ടതായ അവസാനത്തെ മണൽത്തരി… അതാണ് ഇപ്പോൾ അവൻ സ്വന്തമാക്കിയത്… താഴെ മണ്ണിൽ വീണ ആ പാറക്കഷ്ണം അവനെടുത്ത് പോക്കറ്റിൽ നിക്ഷേപിച്ചു… അതെന്തിനാണെന്ന് സംശയത്തോടെ ചോദിച്ച ആരാധനയോട് പറയാം എന്നാംഗ്യം കാണിച്ച് മുകളിലേക്ക് പോകാമെന്ന് രാഘവ് സിഗ്നൽ കൊടുത്തു… അവർ രണ്ടു പേരും പതിയെ ജലനിരപ്പിലെത്തി… ജലപ്പരപ്പിനു മുകളിലേക്കെത്തിയ അവർ കണ്ടത് തങ്ങളെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന സംഘത്തെയാണ്… “ നിങ്ങൾ ഇവിടെ പിക്നിക്കിനു വന്നതാണോ കുട്ടികളേ…? “ അവരെ പുച്ഛത്തോടെ നോക്കിക്കൊണ്ട് പ്രായമായ പ്രൊജക്ട് അഡ്മിനിസ്ട്രേറ്റർ ചോദിച്ചു… “ ക്ഷമിക്കണം… അടക്കാനാവാത്ത ആകാംക്ഷ കൊണ്ട് ഒന്ന് താഴേക്ക് പോയതാണ്… “ രാഘവ് ചമ്മലോടെ പറഞ്ഞു… “ കുട്ടീ നീയും… “ ആരാധന കൂടി രാഘവിന്റെ കൂടെപ്പോയെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് ദേഷ്യം വന്നു… “ഉം പോകാം… ഇനി വൈകിട്ട് വരാം… ” അത്രയും പറഞ്ഞ് എല്ലാവരേയും പാക്കപ്പ് ചെയ്ത് ബോട്ട് കരയിലേക്ക് കുതിച്ചു… തീരത്ത് ക്യാമ്പിൽ എത്തിയപ്പോൾ രാഘവിനേയും ആരാധനയേയും അയാൾ വിളിപ്പിച്ചു… “ സർ ഇപ്രാവശ്യത്തേക്ക് ക്ഷമിക്കണം… ഇനി ഉണ്ടാവില്ല…“ രാഘവിന്റെ മുഖത്ത് വിഷമം നിഴലിട്ടു…

“ ഇത് തമാശക്കളിയല്ല… ശ്രീലങ്കൻ എംബസിയിലെ ശിവദാസന്റെ സ്ട്രോങ്ങ് റെക്കമന്റ് ഉള്ളത് കൊണ്ടു മാത്രമാണ് നിന്നെ ഇതിൽ ഉൾപ്പെടുത്തിയത്… പക്ഷേ നീ ഉത്തരവാദിത്യമില്ലായ്മ കാണിച്ചു… അതിനുള്ള ശിക്ഷ ഈ പ്രൊജക്ടിൽ നിന്നും നിന്നെ ഒഴിവാക്കുക എന്നതാണ്… നിന്നെ മാത്രമല്ല, ഇവളേയും… “ അയാളുടെ ശബ്ദത്തിലെ ക്ഷോഭം രാഘവ് തിരിച്ചറിഞ്ഞു… “ സർ… ഞാൻ നിർബന്ധിച്ചിട്ടാണ് ആരാധന എന്റെയൊപ്പം വന്നത്… ഈ റിസർച്ചിൽ പങ്കെടുക്കാൻ ആ കുട്ടി വളരെ ആഗ്രഹിച്ചു വന്നതാണ് സർ… ഇതെന്റെ മാത്രം കുറ്റമാണ്… ഞാൻ ഇന്നുതന്നെ മടങ്ങിപ്പോയേക്കാം… ആ കുട്ടിയെ ഒഴിവാക്കരുത്… പ്ലീസ് സർ… “ രാഘവിന്റെ കുറേ നേരത്തേ അപേക്ഷയുടെ ഫലമായി ആരാധനയെ റിസർച്ച് ടീമിൽ നിലനിർത്താൻ തീരുമാനമായി… തന്റെ ലഗ്ഗേജുകളൊക്കെ കെട്ടിപ്പെറുക്കി ക്യാമ്പിനു പുറത്ത് കടന്ന രാഘവിനെ നോക്കി പുറത്ത് കാത്ത് നിൽക്കുകയായിരുന്നു ആരാധന… അവന്റെ വിടുതൽ അവളെ ആകെ ഒന്നുലച്ചിരുന്നു… “ തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞ് എന്നെയിവിടെ തനിച്ചാക്കി പോവുകയാണല്ലേ രാഘവ്… “ എപ്പോഴും പ്രസന്നതയോടെയിരുന്ന അവളുടെ മുഖം മ്ലാനമായിരുന്നു… “ ഇവിടത്തെ എന്റെ ദൌത്യം കഴിഞ്ഞു ആരാധനാ… പിന്നെ നിന്റെ ഒരു വലിയ ആഗ്രഹം ഞാൻ കാരണം തകരുന്നത് എനിക്ക് താങ്ങാനാവില്ല… “ രാഘവിന്റെ ശാന്തമായ മുഖത്ത് നിന്ന് വാക്കുകൾ ഉതിർന്നു… “ എന്തിനാണ് ആ പാറക്കഷ്ണം നീയെടുത്തത്?… ആ കല്ലിൽ എന്താണ് എഴുതിയിരുന്നത്?… എന്തായിരുന്നു നിന്റെ ലക്ഷ്യം രാഘവ്?… “ തൊടുത്തുവിട്ട ശരങ്ങൾ കണക്കേ അവൾ രാഘവിനെതിരേ ചോദ്യങ്ങൾ വർഷിച്ചു… എല്ലാത്തിനും സമാധാനത്തോടെ രാഘവ് മറുപടി പറഞ്ഞു…

“ രാമസേതു നിർമ്മിക്കാൻ ഉപയോഗിച്ച എല്ലാ കല്ലുകളിലും രാമന്റെ നാമം എഴുതിയിട്ടുണ്ട്… ഇതെന്നോട് എന്റെ മുത്തശ്ശി പറഞ്ഞുതന്നതാണ്… കൂടാതെ രാമായണ കഥയിലും അത് സമർത്ഥിക്കുന്നു… രാമസേതുവിലെ പാറക്കല്ലിൽ കണ്ട അക്ഷരങ്ങൾ!!! അത് പുരാതന സംസ്കൃതമാണ്… ആദ്യത്തെ അംഗീകൃത ഭാഷ എന്നു പറയുന്നത് BC 6000 വർഷം പഴക്കമുള്ള തമിഴ് ആണ്… അതിനു ശേഷം BC 5000 ആണ്ടുകളിലാണ് പുരാതന സംസ്കൃതം വരുന്നത്… ആ പാറക്കല്ലിലെ വരകൾക്ക് പുരാതന സംസ്കൃത ലിപിയോട് വളരെ സാമ്യമുണ്ട്… ആ വരകൾ ഞാൻ ചേർത്തു വായിച്ചു നോക്കിയപ്പോൾ കിട്ടിയ ‘21ഴ’ എന്ന എഴുത്ത് പുരാതന സംസ്കൃത്തിൽ എഴുതുമ്പോൾ റാം എന്ന് വായിക്കാൻ കഴിയും…” ഇത്രയും ആരാധനയോട് അറിയിച്ചപ്പോൾ അവളുടെ കണ്ണുകൾ അമ്പരപ്പ് കൊണ്ട് മിഴിഞ്ഞു വരുന്നതു കണ്ടു രാഘവ്… തന്റെ ലക്ഷ്യം ചുരുങ്ങിയ വാക്കുകളിൽ അവളെ അറിയിച്ചപ്പോൾ അത്ഭുതവും ആദരവും കൊണ്ട് ആരാധനയുടെ കണ്ണ് നിറഞ്ഞു… അവസാനം അവളോട് യാത്ര പറഞ്ഞ് പോകാനായി തിരിഞ്ഞപ്പോൾ അവന്റെ ഇടതുകയ്യിൽ ആരാധന തന്റെ വലതുകരം ബന്ധിച്ചു… “ ഞാനും വന്നട്ടോ രാഘവ് നിന്റെ കൂടെ… ” തിരിഞ്ഞ് ആരാധനയെ നോക്കിയ രാഘവിന് അവളുടെ കണ്ണിലെ പ്രേമം തിരിച്ചറിയാനായി… “ രാഘവിന് ജാനകി ഒന്നേ ഉള്ളൂ… നീയെന്റെ ഉത്തമ സുഹൃത്താണ്… “ അവന്റെ രണ്ടു വാക്കുകളിൽ നിന്ന് ആരാധന എല്ലാം മനസ്സിലാക്കി… അവൾ അവനെ ഒന്ന് കെട്ടിപ്പുണർന്നു…

“ നിന്റെ ലക്ഷ്യം നിറവേറാനായി ഞാൻ പ്രാർത്ഥിക്കും… ജാനകിയോട് എന്റെ അന്വേഷണം പറയുക…“ അവനിൽ നിന്ന് അടർന്നു മാറിയ ആരാധനയുടെ കണ്ണുകൾ ഒരു പുഞ്ചിരിയോടെ രാഘവ് തുടച്ചു… ശേഷം തിരിഞ്ഞ് നടന്നു… അവൻ നടന്നകലുന്നത് ഒരു നെടുവീർപ്പോടെ ആരാധന നോക്കി നിന്നു… രാമേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് തിരികെ പോകുന്ന വഴി ലക്ഷ്യത്തിനാവശ്യമായ അവസാനത്തെ മണൽത്തരിയായ രാമനാമം എഴുതിയ പാറക്കല്ലിന്റെ പൊടി ഉൾക്കൊള്ളുന്ന ചില്ലുകുപ്പി രാഘവ് ഒന്നെടുത്ത് പരിശോധിച്ചു… ഇനിയാണ് രണ്ടാമതായി കിട്ടിയ താളിയോലയിൽ പറയുന്ന പ്രകാരമുള്ള അവസാന ലക്ഷ്യം നിറവേറ്റേണ്ടത്… ആ താളിയോലകൾ ബാഗിൽ നിന്നെടുത്ത് നിവർത്തി വായിക്കവേ താൻ ചെയ്യേണ്ട അടുത്ത കാര്യം ഓർത്ത് രാഘവ് ഒന്ന് നടുങ്ങി… ‘ ലങ്കയിലെ രാവണഗുഹയിൽ കടക്കുക… ‘ ഇനിയുള്ള നീക്കങ്ങൾ വളരെ കരുതലോടെ വേണം… സമയം കുറഞ്ഞ് വരുന്നു… ലക്ഷ്യം അടുത്തും… അടുത്തതായി ചെയ്യേണ്ടത് ലങ്കയിലേക്ക് പോവുക എന്നതാണ്… അവൻ ആ ഓലക്കെട്ട് മാറോട് അണച്ചു പിടിച്ചു… ( തുടരും… ) വാൽക്കഷ്ണം :- കൂട്ടുകാരെ… ഞാനിത്തവണത്തെ കഥാഭാഗം എഴുതിയത് ഇന്റർനെറ്റിൽ നിന്ന് കിട്ടിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ്… തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക… വായിക്കുന്ന എല്ലാവരും അഭിപ്രായം ഇടുവാൻ അഭ്യർത്ഥിക്കുന്നു… പഴഞ്ചൻ… 

Comments:

No comments!

Please sign up or log in to post a comment!