രാഘവായനം 2

(കഥ ഇതുവരെ – രാഘവിന്റെ മുത്തശ്ശി മരിക്കുന്നതിനു മുൻപ് നൽകിയ താളിയോലയിൽ നിന്നും രാവണന്റെ പുനർജനനത്തിനുള്ള ചന്ദ്രഹാസം നശിപ്പിക്കാനുള്ള അറിവ് രാഘവിന് ലഭിക്കുന്നു… രാഘവ് അതിനായി ഒരുങ്ങുന്നു… തുടർന്ന് വായിക്കുക…)

മുത്തശ്ശിയുടെ വിയോഗത്തിനു ശേഷം രാഘവ് ഒന്നു തളർന്നു പോയി… എങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ട് മുത്തശ്ശിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി അവൻ തയ്യാറെടുത്തു… അതിനു വേണ്ടി അവൻ ആദ്യം ചെയ്തത് നിലവറയിൽ നിന്ന് കിട്ടിയ താളിയോലയെപറ്റി ആഴത്തിൽ പഠിക്കുക എന്നതായിരുന്നു… അവനപ്പോൾ 17 വയസേ ആയിരുന്നുള്ളൂ… പക്ഷേ അവന്റെ ചിന്തകൾക്ക് പക്വത കൈവരിച്ചിരുന്നു… കാലടി ശങ്കരാചാര്യ ഇൻസ്റ്റിറ്റൂട്ടിലെ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഋഗ്വോദങ്ങൾ… അതിൽ നിന്നും തനിക്ക് ലഭിച്ചിരിക്കുന്ന താളിയോലയുടെ കൂടുതൽ രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കാൻ കഴിയും എന്ന് അവൻ വിശ്വസിച്ചു… അതിനു വേണ്ടിയാണ് പ്ലസ് -ടു ജയിച്ചതിനു ശേഷം കാലടി ശ്രീശങ്കര കോളേജ് തന്നെ അവൻ തിരഞ്ഞെടുത്തത്… ശ്രീ ശങ്കര കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ അവന് ആദ്യം കിട്ടിയ കൂട്ടുകാരൻ ഗോകുൽ ആയിരുന്നു… അവനിലൂടെ ഭാവിയിൽ ശ്രീലങ്കയിലേക്ക്‌ പോകുവാനുള്ള പാസ്പോർട്ട് കിട്ടുന്നതിനു വേണ്ടിയുള്ള പണികൾ അവൻ തുടങ്ങി… സമയത്തിന് ലങ്കയിൽ എത്തിയില്ല എങ്കിൽ താനീ ചെയ്യുന്ന പ്രവൃത്തികൾക്ക് ഫലമില്ലാതെ വരും… ഫസ്റ്റ് ഇയറിന്റെ തുടക്കത്തിൽ തന്നെ അവിടെ പഠിക്കുന്ന ഹിസ്റ്ററി സ്റ്റുഡന്റ്സിനു മാത്രം സന്ദർശിക്കുവാൻ കഴിയുന്ന ആദി ശങ്കരന്റെ സംസ്‌കൃത ഗ്രന്ഥശാലയിൽ കയറിപ്പറ്റി തന്റെ അന്വേഷണത്തിന് സഹായിക്കുന്ന താളിയോലകൾ ഒരു അസെൻമെൻറിന് എന്ന വ്യാജേന അവൻ കരസ്ഥമാക്കി…

ബ്രിട്ടീഷുകാർ ഭാരതത്തിൽ നിന്നു കടത്തി ഇപ്പോൾ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ അനേകം പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന ഋഗ്വേദങ്ങളുടെ അവസാനത്തെ താളിയോലകൾ… രാഘവ് അതറിഞ്ഞത് ഇന്റർനെറ്റിന്റെ സഹായത്തോടെയാണ്… ഇന്റർനെറ്റ് ലോകത്തെ രഹസ്യങ്ങൾ ചികയുവാൻ അവന് എന്നും വലിയ താൽപര്യമായിരുന്നു… ശ്രീ ശങ്കരാ കോളേജിൽ ചേർന്ന് ആദ്യത്തെ മാസം പിന്നിട്ടപ്പോൾ അവിടെയുള്ള മ്യൂസിയത്തിലെ ഓലകളിൽ സൂക്ഷിച്ചിരുന്ന അറിവുകൾ എല്ലാം അവൻ തന്റെ ഡയറിയിലേക്ക് പകർത്തി… ആ താളിയോലകൾ വച്ച് അവൻ മുത്തശ്ശിയിൽ നിന്നും ലഭിച്ച ഓലയിലെ വിവരങ്ങൾ വിശദമായി കുറിച്ചെടുത്തു… അതിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു… അതിൽ പറയും പ്രകാരം രാവണന്റെ മരണശേഷം ഇപ്പോൾ 3499 വർഷങ്ങൾ പിന്നിട്ടു… ഇനി വരുന്ന വർഷം രാവണ നിഗ്രഹം നടന്ന നാളിന്റെ അന്ന്… ചന്ദ്രഹാസത്തിന്റെ സഹായത്തോടെ രാവണ ഉയിർപ്പിനായി ഒരു പ്രത്യേക പൂജ ചെയ്യുന്ന പക്ഷം രാവണൻ ഉയിർത്തെഴുന്നേൽക്കും… അതിനു മുൻപ് താനത് തടയണം… ഇപ്പോൾ തനിക്ക് ആറുകമ്പികുട്ടന്‍.

നെറ്റ് മാസത്തെ സമയം ഉണ്ട്… അതിനുള്ളിൽ മുത്തശ്ശി പറഞ്ഞതു പോലെ കഴിയാവുന്നിടത്തോളം രാമ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ സന്ദർശിക്കണം… രാഘവിന്റെ മനസ്സ് കലുഷിതമായി… രാവണന്റെ മരണത്തോടെ ചന്ദ്രഹാസം തിരിച്ച് ശിവ സന്നിദ്ധിയിൽ എത്തിയതായാണ് കേട്ടുകേൾവി… താളിയോലയിൽ പറയും പ്രകാരം അപ്രകാരം തന്നെയാണ് സംഭവിച്ചിരിക്കുന്നത്… പക്ഷേ രാവണൻ തന്റെ ക്ഷുദ്ര ശക്തികളാൽ ചന്ദ്രഹാസത്തിന്റെ ശക്തി അതേ രൂപത്തിലും ഭാവത്തിലുമുള്ള വേറെയൊരു ആയുധം നിർമ്മിച്ച് ചന്ദ്രഹാസത്തിൻ മേലുള്ള ശക്തി ആ ആയുധത്തിലേക്ക് ആവാഹിച്ചു… കൂടുവിട്ട് കൂടുമാറ്റം ചെയ്യുന്ന വിദ്യ… അതുപയോഗിച്ച് കൈമാറ്റം ചെയ്തിരുന്നു… കൃത്യമായി പറഞ്ഞാൽ രാവണന്റെ മരണം അയാൾ നേരത്തെ അറിഞ്ഞിരുന്നു… വീണ്ടും പുനർജനിക്കാനുള്ള വിദ്യയാണ് ഈ പരകായ പ്രവേശ വിദ്യയിലൂടെ രാവണൻ ലക്ഷ്യം വച്ചിരുന്നത് എന്ന് മനസ്സിലാക്കാം… രാഘവ് വിസ്മയിച്ചു പോയി… ഇതെല്ലാം ആരാണ് ഈ താളിയോലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്?… അല്ലെങ്കിൽ ഈ അറിവെല്ലാം ആർക്ക്? ആരു വഴി ലഭിച്ചു?… വീണ്ടും വിശദമായി താളിയോല പരിശോധിച്ചപ്പോൾ ഒരു സിംഹത്തിന്റെ ചിത്രം അവിടെ ഇവിടെയായി കൊടുത്തിരിക്കുന്നത് കണ്ടു… ആ സിംഹത്തിന്റെ അടയാളം ലങ്കയെ ആണ് കുറിക്കുന്നത്…

ലങ്കയിലെ രാവണന്റെ കൊട്ടാരത്തിന്റെ കവാടം ഒരു സിംഹത്തിന്റെ വായ തുറന്നിരിക്കുന്ന രൂപത്തിൽ ആണെന്നു കേട്ടിട്ടുണ്ട്… ഓ മൈ ഗോഡ്… ഇപ്പോഴത്തെ ശ്രീലങ്കയുടെ പതാകയിൽ ഉള്ളത് ഒരു സിംഹത്തിന്റെ ചിത്രമാണല്ലോ… രാഘവ് ഉടനേ ലാപ് ടോപ്പിൽ ഗൂഗിൾ സെർച്ചിൽ ശ്രീലങ്കയുടെ പതാകയെടുത്ത് നോക്കി… ഓലയിലെ സിംഹത്തിന്റെ ചിഹ്നവും ഇപ്പോഴത്തെ പതാകയിലെ ചിത്രവും തമ്മിൽ താരതമ്യം നടത്തി… രണ്ടും ഒരച്ചിൽ വാർത്തത് പോലെ… ഒരു നിമിഷം ഐതിഹ്യം എത്? ചരിത്രം ഏത്? എന്ന് തിരിച്ചറിയാനാവാതെ രാഘവ് നിശ്ചലനായി ഇരുന്നു… രാവണന്റെ സാമ്രാജ്യത്തിന്റെ ചിഹ്നമാണ് ശ്രീലങ്കക്കാർ ഇപ്പോഴും പിന്തുടരുന്നത്… ഒടുവിൽ അവനത് തിരിച്ചറിഞ്ഞു… ഐതിഹ്യം എന്നാൽ കെട്ടുകഥയല്ല… വർത്തമാന കാലത്തിന്റെ ചരിത്രമാണ് പിന്നീട് ഐതിഹ്യം എന്ന് അറിയപ്പെടുന്നത്… കൂടാതെ ഈ അറിവ് പകർന്നു തന്ന ആളുടെ വിവരവും അതിൽ നിന്ന് അവൻ കണ്ടുപിടിച്ചു… കയ്യിലിരിക്കുന്ന ഭൂതക്കണ്ണാടിയുടെ സഹായത്തോടെ രാഘവ് ആ പേര് വായിച്ചു… “വിഭീഷണ…” ഒന്നുരണ്ടു വട്ടം തന്റെ നാവിൽ അവൻ ആ പേര് ഉരുവിട്ടു… അതെ… രാവണന്റെ സഹോദരന്റെ പേരാണത്… സീതയെ രാമന് തിരികെ കൊടുക്കുവാൻ രാവണനോട് അപേക്ഷിച്ച രാവണന്റെ ബന്ധുവായ ശത്രു… രാവണ നിഗ്രഹത്തിന് ശേഷം രാമൻ ലങ്കയുടെ അധിപനായി വാഴിച്ചത് വിഭീഷണനെ ആയിരുന്നു… അപ്പോൾ പിന്നീട് ലങ്കാധിപനായ വിഭീഷണൻ താൻ മനസ്സിലാക്കിയ ചന്ദ്രഹാസത്തിന്റെ ആ രഹസ്യം ആർക്കോ നൽകി… അത് കറങ്ങിത്തിരിഞ്ഞ് തന്റെ കയ്യിലെത്തി… അതെങ്ങിനെ ശ്രീലങ്കയിൽ നിന്ന് കടൽ കടന്ന് ഇവിടെയെത്തി?… വിഭീഷണ രാജാവിന് അത് അന്നേ നശിപ്പിച്ചു കൂടായിരുന്നോ?… ഒരു പക്ഷേ അദ്ദേഹത്തിന് അന്ന് അതിന് കഴിയാത്തതിനാൽ ആയിരിക്കുമോ ഇങ്ങിനെയൊരു താളിയോലയിൽ വിവരം കൈമാറിയത്?… ആ കർമ്മം വേറെയാരാൽ കഴിയും എന്നാണ് അദ്ദേഹം കരുതിയിരുന്നത്?… ചിന്തകൾ കാടു കയറിയപ്പോൾ രാഘവിന്റെ തല പെരുത്തു… എല്ലാം ബാഗിലാക്കിയിട്ട് അവൻ കിടന്നു… തലയ്ക്കുള്ളിൽ നവഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതു പോലെ തോന്നി അവന്… അതിൽ കറങ്ങിക്കൊണ്ടിരുന്ന ഗ്രഹങ്ങൾ ഓരോന്നായി മറയുന്നതും, അവസാനം ഒരു ഗ്രഹം മാത്രം അവശേഷിക്കുന്നതും അതിനെ ചുറ്റിക്കറങ്ങുന്ന ഒരു ഉപഗ്രഹവും അവൻ കണ്ടു…

അത് തന്റെ അടുത്തേക്ക് നീങ്ങി വരുന്നതായി അവനു തോന്നി… അടുത്ത് വരുന്തോറും അതിന്റെ വട്ടം ഒരു ഭാഗത്ത് നിന്ന് കുറഞ്ഞ് കുറഞ്ഞ് തന്റെയടുത്തെത്തിയപ്പോൾ ഒരു ചിരിക്കുന്ന സ്മൈലി പോലെ തോന്നി അവന്… ചന്ദ്രഹാസം… അതിൽ പിടിക്കാനായി കൈ നീട്ടിയതും ഒരു ഭയങ്കര ശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചു… ” സീതേ… ” ഉറക്കെ ഉച്ചയെടുത്തു കൊണ്ട് രാഘവ് ഞെട്ടിയുണർന്നു… അവന്റെ മുഖം വെട്ടി വിയർത്തിരുന്നു… അവൻ അടുത്തിരുന്ന കൂജയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് തന്റെ അണപ്പ് മാറ്റി… വാച്ചിൽ സമയം നോക്കിയപ്പോൾ സമയം 12.
30… ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ താൻ എന്തോ വിളിച്ചു പറഞ്ഞതായി അവന് തോന്നി… പക്ഷേ എത്ര ശ്രമിച്ചിട്ടും അതെന്താണെന്ന് അവന് ഓർത്തെടുക്കാൻ പറ്റിയില്ല… രാഘവ് മൊബൈലെടുത്ത് ജാനകിയുടെ നമ്പർ ഡയൽ ചെയ്തു… ” ഹായ് രാഘവ്… ഇതെന്താ ഈ സമയത്ത്?… ” മറുതലയ്ക്കൽ ഉറക്കച്ചടവോടെയുള്ള ജാനകിയുടെ ശബ്ദം രാഘവ് കേട്ടു… ” ഏയ് ചുമ്മാ നിന്റെ ശബ്ദം കേൾക്കണമെന്ന് തോന്നി എനിക്ക്… ” രാഘവിന്റെ പ്രേമമൂർന്ന സ്വരം കേട്ടപ്പോൾ ജാനകിയുടെ ഉറക്കം എവിടെയോ പോയി… ” പിന്നെ പിന്നെ ചുമ്മാ എന്നെ സുഖിപ്പിക്കാൻ ഒന്നും പറയണ്ടാട്ടോ…” അവനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അവൾ പറഞ്ഞു… ” നോ നോ… ഐ റിയലി ലവ് യൂ മൈ ഡിയർ ജാനു… ” രാഘവിന്റെ ഹൃദയത്തിൽ നിന്നുതിർന്ന ആ വാക്കുകൾ അവളുടെ മനസ്സിൽ മകരമഞ്ഞ് പെയ്യിച്ചു… ” ഐ ടൂ ഡിയർ… പിന്നേ എനിക്കൊന്ന്… ” ജാനകി അവനെയൊന്ന് കാണണമെന്ന് പറയാൻ തുടങ്ങവേ കോൾ കട്ടായി… അവൾ ഫോൺ കിടക്കയിലിട്ട് നിരാശയോടെ പുതപ്പ് തലവഴി മൂടി… ജാനകിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നിയവന്… അവൾ പറയാൻ തുടങ്ങിയ കാര്യം ഏന്താണെന്ന് അവന് അറിയാമായിരുന്നു… തന്റെ ലക്ഷ്യം നിറവേറ്റാതെ ഇനി അവളെ കാണരുതെന്ന് അവൻ തീരുമാനിച്ചതാണ്… പതിയെ പതിയെ ഉറക്കം അവനെ തേടിയെത്തി…

മുത്തശ്ശി പറഞ്ഞതു പോലെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് അവൻ ഒരു ലിസ്റ്റുണ്ടാക്കി… കൂടുതൽ വിവരങ്ങൾ അറിയാൻ അവൻ ചെയ്തത് അവന്റെ സന്തത സഹചാരിയായ ഗൂഗിളിനെ ആശ്രയിക്കുക എന്നതായിരുന്നു… അതിൽ സെർച്ച് ചെയ്തപ്പോൾ അവന് കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി… ഒരു രാത്രിയുടെ ഏഴാം യാമത്തിൽ താൻ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് അവൻ തയ്യാറാക്കി… 1) ജനക്പൂർ – സീതയുടെ ജന്മ സ്ഥലം – നേരത്തേ ബീഹാറിൽ അയിരുന്ന ഈ സ്ഥലം ഇപ്പോൾ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് 2) അയോദ്ധ്യ – രാമന്റെ ജന്മസ്ഥലം – ഉത്തർപ്രദേശിലെ ആ സ്ഥലനാമത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല 3) ദണ്ഡകാരണ്യം – രാമ സീതാ ലക്ഷ്മണൻമാർ കാനനവാസം നടത്തിയ സ്ഥലം – ആന്ധ്യാപ്രദേശ്, ഒറീസ, ചണ്ഢീഗണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങൾ കൂടിച്ചേരുന്ന ആ കാനന പ്രദേശത്താണ് ഇപ്പോൾ മാവോയിസ്റ്റുകൾ പ്രാധാനമായും ഉള്ളത്… 4) രാമക്കൽമേട് – ഇടുക്കി ജില്ല 5) ശബരീപീഠം – ശബരിമല – പത്തനംതിട്ടജില്ല 6) ജടായുപ്പാറ – ചടയമംഗലം- കൊല്ലം ജില്ല 7) രാമേശ്വരം – തമിഴ് നാട് ഏറ്റവും അവസാനം 8) ശ്രീലങ്ക- രാവണന്റെ പഴയ ലങ്കാ സാമ്രാജ്യം – തന്റെ ലക്ഷ്യം

പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് റെഡിയായപ്പോൾ അവൻ അതുമായി തന്റെ വീടിന്റെ ഗോവണിയിൽ വന്ന് ആകാശത്തേക്ക് നോക്കി… തെളിഞ്ഞ ആകാശത്തിൽ കാണുന്ന അർദ്ധ ചന്ദ്രൻ തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി… ചന്ദ്രഹാസം… രാവണൻ ഉഗ്രതപസ്സ് അനുഷ്ഠിച്ച് ശിവന്റെ പക്കൽ നിന്നും വരദാനമായി മേടിച്ച ആ വാളിന് അർദ്ധ ചന്ദ്രാകൃതി ആയിരിക്കുമെന്ന് അവൻ നിനച്ചു… ഐതീഹ്യവും ചരിത്രവും ശാസ്ത്രവും കൂടിച്ചേർന്ന് തന്നെ എവിടേക്കാണ് കൂട്ടികൊണ്ട് പോകുന്നത് എന്ന് ചിന്തിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു…

അടുത്ത ദിവസം തന്നെ താൻ ചില സ്ഥലങ്ങളിൽ ടൂർ പോകുന്നുണ്ടെന്ന കാര്യം അവൻ അച്ഛനെ ധരിപ്പിച്ചു… രാഘവിന്റെ ഈ ടൂർ പ്രോഗ്രാമിൽ കണ്ട സ്ഥലങ്ങളിൽ എന്തോ സംശയം തോന്നിയതു കൊണ്ടോ മറ്റോ കേരളത്തിൽ എവിടെ വേണമെങ്കിലും പോകുവാനുള്ള അനുവാദം മാത്രം രാഘവിന്റെ അച്ഛൻ കൊടുത്തു… കുറച്ച് സ്ഥലങ്ങളിലെങ്കിലും പോകുവാൻ അനുവാദം കിട്ടിയ രാഘവ് സന്തോഷിച്ചു… പ്രധാനമായും അവൻ ലക്ഷ്യം വച്ചത് ചന്ദ്രഹാസം കടന്നു പോയ വഴികൾ ആയിരുന്നു… താളിയോലയിൽ പറയുന്ന പ്രകാരം അവിടങ്ങളിലെ മണ്ണ് ശേഖരിക്കുക എന്നത് മാത്രമായിരുന്നു അവന്റെ ഉദ്ദേശം… ഈ പറയുന്ന സമയത്തിനുള്ളിൽ തനിക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് അവൻ നോക്കി… രാമക്കൽമേട്, ശബരിമല, ജടായുപ്പാറ… പിന്നെ രാമേശ്വരം… അവിടെ പോകാൻ അച്ഛൻ സമ്മതിക്കില്ല… എന്നാലും പോയേ പറ്റൂ… അവസാനം ലങ്കയിലും… പഞ്ചഭൂതങ്ങൾ പോലെ അഞ്ച് സ്ഥലങ്ങൾ… അടുത്ത ശനിയാഴ്ച വീട്ടിൽ വന്നപ്പോൾ അച്ഛനോട് അനുവാദം വാങ്ങി ഇടുക്കി ജില്ലയിലെ രാമക്കൽമേട്ടിലേക്ക് രാഘവ് യാത്ര തിരിച്ചു… വീട്ടിൽ ഗോകുലിന്റെ ഒപ്പമാണ് പോകുന്നത് എന്നാണ് പറഞ്ഞതെങ്കിലും ഒറ്റക്കാണ് രാഘവ് യാത്ര തിരിച്ചത്… താൻ കൂടി വരാം എന്ന് ഗോകുൽ പറഞ്ഞപ്പോൾ രാഘവ് അത് നിരസിക്കുകയാണ് ചെയ്തത്… രാഘവിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഗോകുൽ പിന്നെ ഒന്നും പറഞ്ഞില്ല… അവന് ശുഭയാത്ര ആശംസിച്ചു… ആ സെക്കൻറ് സാറ്റർഡേ അലുവയിലെ ഹോസ്റ്റലിൽ നിന്നാണ് അവൻ യാത്ര തിരിച്ചത്… ഇടുക്കിയിലേക്ക് പോകുന്ന കട്ടപ്പന – കുമളി ബസ് EBT യിൽ കേറി അവൻ കട്ടപ്പനയെത്തി… അവിടെ നിന്ന് അര മണിക്കൂർ യാത്ര ചെയ്ത് രാമക്കൽമേട് ടൂറിസ്റ്റ് പ്ലേസിലെത്തി… അപ്പോഴേക്കും സമയം മൂന്ന് മണി കഴിഞ്ഞു… അവിടന്ന് ഭക്ഷണം കഴിച്ച് രാമക്കൽ മലയിലേക്ക് കേറാനുള്ള തിടുക്കത്തോടെ ആ മലമ്പാതയിലേക്ക് അവൻ നടന്നു… വലതു വശത്ത് കാണുന്ന കുറവൻ- കുറത്തി മലയിലേക്ക് കേറുവാൻ പാസ് എടുക്കണം… പക്ഷേ തന്റെ ലക്ഷ്യം ഇടത്തേ മലയാണ്… അങ്ങോട്ട് പോകുവാൻ പാസ് ആവശ്യമില്ല… അടുത്ത് കണ്ട കടയിൽ നിന്ന് കൊറിക്കാൻ കുറച്ച് കടല മേടിച്ചു അവൻ…

“മോനെവിടുന്നാ?… ” കടയുടെ തിണ്ണയിൽ ഇരുന്ന് ബീഡി വലിക്കുകയായിരുന്ന ഒരു വൃദ്ധൻ ചോദിച്ചു… ” ഞാൻ എറണാകുളത്ത് നിന്ന് വരാ… ഈ സ്ഥലമൊക്കെയൊന്ന് കാണാനായിട്ട്… ” രാഘവ് പകുതിക്ക് വച്ച് നിർത്തി… ” അതേയതേ… ഇതിപ്പൊ ഒരു ടൂറിസ്റ്റ് കേന്ദ്രമല്ലേ… ഇപ്പോൾ ഇവിടെ ആൾക്കാർ വരുന്നത് കാറ്റിന്റെ ശക്തി അറിയാനാ… എഷ്യയിലെ ഏറ്റവും കൂടുതൽ കാറ്റുള്ള സ്ഥലമല്ലേ… പക്ഷേ പണ്ട് അങ്ങിനെ ആയിരുന്നില്ല മോനേ…” വൃദ്ധൻ ചെറുതായി ചിരിച്ച് നിർത്തി… അയാൾ പറഞ്ഞ കാര്യങ്ങളൊക്കെ രാഘവിന് അറിയാവുന്നതായിരുന്നു… ” എനിക്കറിയാം അപ്പൂപ്പാ…” രാഘവ് അതു പറഞ്ഞിട്ട് വൃദ്ധനെ കടന്ന് പോകാൻ തുടങ്ങി… ” മോൻ അറിയാത്തത് ചിലതുണ്ട് ഇവിടെ… വാ… ” കടയുടെ വശത്ത് ഇട്ടിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് തന്നെ പിന്തുടരാനുള്ള സൂചന നൽകിക്കൊണ്ട് വൃദ്ധൻ മുൻപേ നടന്നു… തന്നോടെന്തിനാ ഈ വയസ്സൻ ഇതൊക്കെ പറയുന്നത് എന്ന് ആലോചിച്ചെങ്കിലും രാഘവ് അയാളുടെ പുറകെ വച്ചുപിടിച്ചു… ” ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് വരാൻ കാരണമെന്താണെന്ന് മോനറിയോ?… ” ഇല്ലിക്കാടുകളുടെ കവാടം കടന്ന് ഉള്ളിലേക്ക് നടന്നു കൊണ്ട് വൃദ്ധൻ രാഘവിനോട് ആരാഞ്ഞു… ” ശ്രീരാമ രാജാവുമായി ഇവിടെ എന്തോ ബന്ധമുണ്ട്… ” തനിക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഈ വയസവനോടു വിളമ്പിയിട്ട് കാര്യമില്ല… അയാളുടെ കയ്യിൽ നിന്നും തനിക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോ എന്ന് നോക്കാം… ” ആ… അതു തന്നെ… രാവണൻ തട്ടിക്കൊണ്ടു പോയ സീതാദേവിയെ അന്വോഷിച്ച് രാമരാജാവ് ഇതുവഴി വന്നിരുന്നു…” ഇല്ലിക്കൂട്ടങ്ങളുടെ വഴിയിൽ നിന്ന് അവർ വളഞ്ഞ് മുകളിലേക്കുള്ള ചെറിയ ഇടവഴിയിലേക്ക് കയറി… ” ഉം കുറച്ചൊക്കെ ഞാൻ കേട്ടിട്ടുണ്ട്… ” രാഘവ് ചുറ്റുപാടും കണ്ണോടിച്ച് തന്റെ ഷോൾഡർ ബാഗ് ഒന്ന് ടൈറ്റ് ചെയ്തു കൊണ്ട് പറഞ്ഞു… അവിടെ ഒരു പാറയുടെ മുകളിലായി പത്തോളം കുരങ്ങൻമാർ ഇരിക്കുന്നത് അവൻ കണ്ടു… ഷോൾഡറിൽ നിന്നും ബാഗ് എടുത്ത് അതിലുണ്ടായിരുന്ന കുറച്ച് ഏത്തപ്പഴങ്ങൾ അവൻ ആ കുരങ്ങൻമാർക്ക് എറിഞ്ഞു കൊടുത്തു… കുരങ്ങൻമാർ പഴം വീണിടത്തേക്ക് ഓടി പാഞ്ഞെത്തി…

” മോനേ… അവറ്റകൾ ചിലപ്പോൾ ഉപദ്രവിച്ചേക്കും… ഇങ്ങ് പോര്… ” ഇല്ലിക്കാടിന്റെ ഉള്ളിൽ നിന്നും തുറസ്സായ പുൽമേട്ടിലേക്ക് കേറിക്കൊണ്ട് വൃദ്ധൻ പറഞ്ഞു… പക്ഷേ കുരങ്ങന്മാർ ആ പഴം കഴിച്ച് തീരുന്നത് വരെ രാഘവ് അവിടെ അത് നോക്കി നിന്നു… അവറ്റകൾ പഴം കഴിച്ചതിന് ശേഷം എല്ലാവരും കൂടി രാഘവന്റെ നേർക്ക് ഒരു നിമിഷം ഉറ്റുനോക്കിയിട്ട് കാടിനുള്ളിലേക്ക് ഓടി മറഞ്ഞു… അവറ്റകളുടെ അവസാന നോട്ടം രാഘവിന്റെ മനസ്സിലുടക്കി… വൃദ്ധന്റെ പിറകേ പുൽമേട്ടിലേക്ക് കേറിയപ്പോൾ കാറ്റിന്റെ ശക്തി കൂടിയിരിക്കുന്നത് രാഘവ് മനസ്സിലാക്കി… അടുത്ത മലകളുടെ മുകളിൽ കാണുന്ന വലിയ കാറ്റാടികളിലേക്ക് അതിശയത്തോടെ രാഘവ് നോക്കി… അകലെ നിന്ന് കാണുന്നതു പോലെയല്ല അതിന്റെ പൊക്കം… ഒരു തെങ്ങിനേക്കാൾ ഉണ്ട്… അതിന്റെ മൂന്ന് ഭീമൻ പങ്കകൾ കറക്കുവാനുള്ള ശക്തി അവിടത്തെ കാറ്റിനുണ്ട്… വായു ദേവനാൽ അനുഗ്രഹിക്കപ്പെട്ട സ്ഥലം… ഇരുന്നൂർ മീറ്റർ അകലെ മുകളിലായി കാണുന്ന പാറക്കൂട്ടത്തിന് താഴെയെത്തിയപ്പോൾ വൃദ്ധൻ അവിടെ കുത്തിയിരുന്നു… കാറ്റിന്റെ ശക്തി അപാരമായിരുന്നു അവിടെ… ചെടികളെല്ലാം പറന്ന് പോകുമെന്ന് തോന്നുന്നത പോലെ കാറ്റിൽ ആടിഉലയുന്നു… ” ഇനി മോൻ പോയാൽ മതി… പിന്നെ ആ കാണുന്ന പാറയുടെ ഏറ്റവും മുകളിലാണ് ശ്രീരാമന്റെ കാൽപ്പാദം പതിഞ്ഞു എന്നു പറയുന്നത്… പാറക്കെട്ടിന് ഏറ്റവും മുകളിലാണ് കയറാൻ ശ്രമിക്കണ്ട കെട്ടോ… കാറ്റിൽ പറന്ന് പോയാൽ തമിഴ് നാട്ടിലാണ് ചെന്ന് വീഴുക… അവിടെ നിന്ന് കുഞ്ഞിന്റെ പൊടി പോലും ബാക്കി കിട്ടില്ല…” കാറ്റിന്റെ ശക്തി അയാളെ താഴെ ഇരിക്കാൻ പ്രേരിപ്പിച്ചു…

” എനിക്ക് മുകളിൽ പോയേ പറ്റൂ… ” അയാളുടെ ചുമലിൽ ഒന്ന് പിടിച്ചു കുലുക്കിയിട്ട് രാഘവ് മുകളിലേക്ക് നടന്നു… തന്റെ ബനിയനിൽ ശക്തമായ കാറ്റടിച്ച് നെഞ്ചിൽ ഭാരം അനുഭവപ്പെടുന്ന പോലെ… നീളമുള്ള മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്നു… രാഘവ് താഴെ വലതു മുട്ടുകാലിൽ ഇരുന്നിട്ട് തന്റെ ബാഗ് തുറന്ന് കണ്ണ് മുഴുവൻ കവർ ചെയ്യുന്ന ഒരു ബ്രൗൺ റെയ്ബാൻ വെഫെയർ സൺഗ്ലാസ് വച്ചു… അതോടൊപ്പം തന്റെ കറുത്ത ജാക്കറ്റ് എടുത്ത് ബനിയന് പുറമേ അണിഞ്ഞു… വൃദ്ധനെ ഒന്നു കൂടി തിരിഞ്ഞു നോക്കിയ ശേഷം മുന്നിലേക്ക് അടി വച്ച് നടന്നു… തന്റെ വലതു ഭാഗത്തേക്ക് നോക്കിയപ്പോൾ വൃദ്ധൻ പറഞ്ഞതിലെ കാര്യം അവന് പിടികിട്ടി… ഇക്കാണുന്ന മലയുടെ അപ്പുറം വലിയ കൊക്കയാണ്… മലയിൽ നിന്ന് വീണാലും പറന്ന് പോയാലും ചെന്ന് വീഴുക തമിഴ് നാട്ടിലെ ഏതോ ഗ്രാമത്തിൽക മ്പികു ട്ടന്‍നെ റ്റ്ആയിരിക്കം… അവിടെ ചെറിയ വലിപ്പത്തിൽ കാറ്റാടികളും കൊച്ചു കൊച്ചു വയലുകളും കാണാം… ഇനി നൂറ് മീറ്റർ കൂടി… കാതിൽ കാറ്റിന്റെ ഹുങ്കാരം… പാറക്കെട്ടുകളുടെ ഇടയിലേക്ക് നടന്ന രാഘവ് കാറ്റൊന്ന് വീശിയടിച്ചപ്പോൾ വേച്ചുപോയി… ഒന്ന് അടിതെറ്റിയ അവൻ കൊക്കയുടെ ഭാഗത്തേക്ക് തെന്നിവീണു… ” മോനേ… വേണ്ട താഴേക്ക് വാ… ” പാറക്കെട്ടിന് താഴെയിരുന്ന വൃദ്ധന്റെ ഉറക്കെയുള്ള വിളികൾ ഭാഗികമായി രാഘവിന്റെ കാതിൽ പതിച്ചു… അവനത് കാര്യമാക്കാതെ എഴുന്നേറ്റു… വലതു ഭാഗത്തായി കാണുന്ന കൊക്കയിലേക്ക് ഒന്നു നോക്കിയിട്ട് നിശ്ചയദാർഡ്യത്തോടെ മുന്നോട്ട് തന്നെ അടിവച്ചു… പാറകളുടെ ഇടയിലായുള്ള വിള്ളലുകളിൽ അള്ളിപ്പിടിച്ച് ഒരു വിധത്തിൽ അവൻ മുകളിലെത്തി… അവിടെയായി ഒരു ഇരുമ്പിന്റെ ദണ്ഡ് ഉറപ്പിച്ചിരുന്നു… മുകളിലെത്തിയതും ചുഴിഞ്ഞു വന്ന ഒരു കാറ്റ് രാഘവിനെ തള്ളിയിട്ടു… ആ ഇരുമ്പുദണ്ഡിൽ തന്റെ രണ്ടു കയ്യാലും ചുറ്റിപിടിച്ചില്ലായിരുന്നു എങ്കിൽ അവന്റെ കാര്യം ഒരു തീരുമാനം ആയേനെ…

അവനാ ഇരുമ്പുദണ്ഡിൽ ശക്തിയോടെ പിടിച്ചു നിന്നു… കാറ്റിന്റെ അപാര വീശിയടിയിൽ അവന്റെ ജാക്കറ്റിന്റെ സിബ്ബ് മുകളിൽ നിന്ന് താഴേക്ക് തനിയെ ഇറങ്ങി വന്നു… ഇനിയും അവിടെ നിൽക്കുന്നത് അപകടം ആണെന്ന് അവന് മനസിലായി… ഇവിടെയാണ് രാമലക്ഷ്മണൻമാർ സീതയെ അന്വേഷിച്ച് എത്തിയത്… ഇവിടന്ന് എങ്ങിനെയാ മണ്ണ് ശേഖരിക്കുന്നേ… ഇവിടെ നിൽക്കാൻ തന്നെ പറ്റുന്നില്ല… രാഘവ് പതിയെ പിടിച്ചു പിടിച്ച് താഴേക്കിറങ്ങി… അവൻ താഴെ കാത്ത് നിന്ന വൃദ്ധന്റെ അരികിലെത്തി… ” എനിക്ക് ഏറ്റവും മുകളിൽ നിന്ന് കുറച്ച് പാറപ്പൊടി എടുക്കണം… എപ്പോഴാ ഈ കാറ്റൊന്ന് ശമിക്കുക?… ” രാഘവ് നിരാശയോടെ ചോദിച്ചു… അവന്റെ ചോദ്യം കേട്ട് വൃദ്ധന്റെ കണ്ണുകൾ തിളങ്ങി… ” കാറ്റ് അടങ്ങും മോനേ… കാത്തിരിക്കുക… ” അത് പറഞ്ഞയുടൻ വൃദ്ധൻ തിരികെ നടന്നു… ” ഏയ്… അതുവരെ ഞാനെവിടെ ഇരിക്കും… ” രാഘവിന്റെ ആ ചോദ്യത്തിന് ഉത്തരമുണ്ടായില്ല… വൃദ്ധൻ കണ്ണിൽ നിന്ന് പോയ് മറഞ്ഞപ്പോൾ രാഘവ് അടുത്ത് കണ്ട ഒരു പാറയുടെ മുകളിൽ ഇരുന്നു… അപ്പോൾ കാറ്റിന്റെ ശക്തി കുറയുന്നത് വരെ കാക്കുക തന്നെ… അവൻ തന്റെ ബാഗിൽ നിന്ന് ലാപ് ടോപ്പെടുത്ത് തന്റെ രാമായണത്തെ കുറിച്ചുള്ള റിസർച്ചുകൾ വായിക്കാൻ തുടങ്ങി… സമയം 7 മണി… കാറ്റിനിപ്പോൾ ശമനമുണ്ട്… എന്നാൽ ആകെ ഇരുട്ട് പരന്നിരിക്കുന്നു അവിടെയെല്ലാം… മൊബൈലിന്റെ വെട്ടത്തിൽ ഒരു ചെറിയ പാറക്കല്ലടുത്ത് വീണ്ടും അവൻ മുകളിലെത്തി… തണുത്ത ഇളം കാറ്റ് അവനെ തട്ടിത്തലോടിപ്പോയി… കമ്പിയുടെ ചുവട്ടിൽ ഇരുന്ന് തന്റെ കയ്യിലെ പാറക്കഷ്ണം കൊണ്ട് താഴെ ഉരക്കാൻ തുടങ്ങി… കുറച്ച് നേരത്തെ ശ്രമഫലമായി ലഭിച്ച കുറച്ച് പാറപ്പൊടി വടിച്ചെടുത്ത് തന്റെ ബാഗിലെ ചെറിയ ഉരുണ്ട ഗ്ലാസ് കുപ്പിയിലേക്ക് ഇട്ടു… അത് ഭദ്രമായി അടച്ച ശേഷം ഉടൻ പാറയിൽ നിന്ന് താഴേക്കിറങ്ങി… എന്നിട്ട് മൊബൈൽ വെളിച്ചത്തിൽ വേഗം താഴേക്ക് നടക്കാൻ ആരംഭിച്ചു… നടത്തത്തിനിടയിൽ പല തവണ കുഴികളിൽ വീണു രാഘവ്… ഒരു കണക്കിന് മലയുടെ താഴെയെത്തിയ രാഘവ് തനിക്ക് വഴി കാണിച്ചു തന്ന വൃദ്ധനെ എമ്പാടും തിരക്കിയെങ്കിലും കണ്ടെത്താനായില്ല… അയാളെ കാണാനാവാത്ത വിഷമത്തോടെ രാഘവ് തിരിച്ച് ഹോസ്റ്റലിലേക്ക് യാത്ര തിരിച്ചു…

പോകുന്ന വഴി തന്റെ ലിസ്റ്റിൽ നിന്ന് രാമക്കൽമേട് എന്ന പേര് അവൻ വെട്ടിക്കളഞ്ഞു… അടുത്ത ആഴ്ച ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയ രാഘവിന്റെ കഴുത്തിൽ ചെറിയ രുദ്രാക്ഷങ്ങൾ കോർത്ത ഒരു മാല അവന്റെ അച്ഛൻ രഘു കണ്ടു… അവന്റെ താടി വളർന്നിരിക്കുന്നു… ഒരു ബ്ലാക് വിനെക്ക് ബനിയനും അതേ നിറത്തിലുള്ള ഒരു പാന്റും… ” എന്താ മോനേ… നിന്റെ ഗെറ്റപ്പ് ഒക്കെ ആകെ മാറിയല്ലോ.
. ” തന്റെ മകന്റെ വേഷപ്പകർച്ച അടിമുടി നോക്കി കൊണ്ട് രഘു പറഞ്ഞു… ” ഞാൻ ശബരിമല ദർശനത്തിന് പോകേണ് അച്ഛാ… ” ഒരു പുഞ്ചിരിയോടെ രാഘവ് പറഞ്ഞു… ” അതേതായാലും നന്നായി മോനേ… അയ്യപ്പസാമിയുടെ അനുഗ്രഹം എന്റെ മോന് എപ്പോഴും ഉണ്ടാകും…” അവന്റെ അമ്മ സന്തോഷത്തോടെ പറഞ്ഞു… ” അപ്പൊ കെട്ടു നിറയ്ക്കുന്നത് എന്നാ?… ” അച്ഛന്റെ ചോദ്യത്തിനു മുന്നിൽ അവനൊന്നു പതറി… രാഘവിന്റെ ഉദ്ദേശം ശബരീപീഠം സന്ദർശിക്കുക എന്നതാണ്… അതിനൊരു മാർഗ്ഗം മാത്രമാണ് ഈ വേഷം… ” അത് പിന്നെ അച്ഛാ… ഞാൻ കെടുനിറച്ചും വ്രതം എടുത്തൊന്നുമല്ല പോകുന്നത്… അവിടം വരെ പോകാൻ ഒരാഗ്രഹം… അത്രേയുള്ളൂ… ” അവൻ ഒതുക്കത്തിൽ പറഞ്ഞു… ” ഉം… നീ ഉദ്ദേശിക്കുന്നത് ഒരു ടൂറാണല്ലേ… എന്താന്ന് വച്ചാൽ ആയിക്കോളൂ… സ്വാമിയേ ശരണമയ്യപ്പാ…” അതു പറഞ്ഞ് രഘു അകത്തേക്ക് കേറിപ്പോയി… അമ്മയുടെ പരിഭവം കേൾക്കാൻ നിൽക്കാതെ രാഘവ് തന്റെ മുറിയിലേക്കും പോയി… അടുത്ത ദിവസം പുലർച്ച തന്നെ തന്റെ ലിസ്റ്റിലെ രണ്ടാമത്തെ സ്ഥലത്തേക്ക് രാഘവ് യാത്ര ആരംഭിച്ചു… എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പമ്പയിലേക്ക് നേരിട്ടുള്ള ബസിലായിരുന്നു യാത്ര… കറുപ്പ് നിറത്തിലുള്ള ഷർട്ടും ബനിയനും അതേ നിറത്തിലുള്ള ഒരു തോർത്തും… രാമക്കൽമേട്ടിലെ പാറപ്പൊടി ഉൾക്കൊള്ളുന്ന ചില്ലു കുപ്പി അടങ്ങുന്ന ഷോൾഡർ ബാഗുമായി രാഘവ് പമ്പയിൽ ബസിറങ്ങി…

മണ്ഡല കാലമായതിനാൽ പമ്പ അയ്യപ്പ ഭക്തൻമാരാൽ നിറഞ്ഞിരുന്നു… പണ്ടത്തെ പോലെയല്ല… പമ്പയിലെ വെള്ളത്തിന് നല്ല തെളിമയുണ്ട്… അതിലൊന്ന് മുങ്ങിക്കളിച്ച് ഒരു മസാല ദോശയും അകത്താക്കിക്കൊണ്ട് രാഘവ് ശബരിമല കേറാൻ തുടങ്ങി… നല്ല മനോഹരമായ കാനനപാത… താൻ നടന്നു പോകുന്നത് പ്ലാസ്റ്റിക് നിരോധിത പദ്ധതിയായ ‘പുണ്യം പൂങ്കാവനം ‘ നടപ്പാക്കിയ സ്ഥലത്ത് കൂടി മാത്രമല്ലെന്ന് അവന് മനസ്സിലായി… ഇതൊരു ടൈഗർ റിസർവ് വനം കൂടിയാണ്… കഴിഞ്ഞ മാസം ഒരു കടുവയേയും രണ്ട് കടുവക്കുട്ടികളേയും ഇവിടത്തെ CCTV യിൽ പതിഞ്ഞ വാർത്ത വായിച്ചത് ഓർത്തപ്പോൾ രാഘവിന്റെ മനസ്സൊന്ന് കിടുങ്ങി… ഇതിൽക്കൂടി കുട്ടികളെ കൂട്ടി നടന്നു പോകുന്ന അയ്യപ്പൻമാരെ അവൻ മനസാ വന്ദിച്ചു… അങ്ങിനെ ഓരോന്നാലോചിച്ച് അയ്യപ്പൻമാരുടെ ഒപ്പം അര മണിക്കൂർ മല കേറിയപ്പോൾ ശബരീപീഠം എന്നെഴുതിയ ബോർഡും ഒരു ചെറിയ കോവിലും കണ്ടു… അതാ തന്റെ ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു… അവിടെ ഒരു അയ്യപ്പൻ കാഷായ വസ്ത്രത്തിൽ ഇരിക്കുന്നതു കണ്ടു… ശബരീപീഠത്തിനരികിൽ ഇരിക്കുന്ന അയാളുടെ അടുത്ത് നിന്ന് കുറച്ച് മാറ്റി ഇരുന്ന് രാഘവ് കിതപ്പടക്കി… മല കയറ്റമൊന്നും തനിക്ക് വലിയ വശമില്ലല്ലോ… ” സ്വാമീ എവിടന്നാ?… എന്താ പേര്?… ” കിതപ്പടക്കുന്ന രാഘവിനെ നോക്കി അയാൾ തിരക്കി… ശബരിമലയിൽ വരുന്ന എല്ലാവരേയും സംബോധന ചെയ്യുന്നത് സ്വാമി എന്നാണ്… ശബരിമലയിൽ കോവിലിനു മുകളിൽ വച്ചിരിക്കുന്ന ബോർഡിൽ തത്ത്വമസി എന്നു എഴുതിയിട്ടുണ്ട്… നിങ്ങൾ അന്വോഷിച്ചു വന്ന അയ്യപ്പൻ നിങ്ങൾ തന്നെയാണ്… അതാണ് ‘തത്ത്വമസി’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്… ” ഞാൻ രാഘവ്… എറണാകുളത്ത് നിന്നാ വരുന്നേ… നിങ്ങളോ?… ” ഒരു പുഞ്ചിരിയോടെ രാഘവും ചോദിച്ചു…

” ഞാൻ മൂസ… കൊടുങ്ങല്ലൂർ നിന്നും വരുന്നു… ” അയാൾ തന്റെ നീണ്ട താടിയിൽ തടവിക്കൊണ്ട് പറഞ്ഞു… അയാൾ മുസ്ലീം ആണെന്ന് അറിഞ്ഞപ്പോൾ രാഘവന്റെ മുഖം വിടർന്നു… ” സ്വാമീ… ഇങ്ങിനെ മിഴിച്ച് നോക്കേണ്ട കാര്യമില്ല… ശബരിമലയിൽ വാവരുസ്വാമിയുടെ നടയുണ്ട്… എന്നാലും ഞാൻ പ്രധാനമായും പോകുന്നത് അയ്യപ്പനെ കാണാനാണ്… ശബരിമലയിൽ ആദ്യായിട്ടാണല്ലേ… ” ഒരു കുസൃതിച്ചിരിയോടെ അയാൾ സ്വാമി അയ്യപ്പനും മുസ്ലീമായ വാവരുസ്വാമിയും തമ്മിലുള്ള യുദ്ധവും അതിന്റെ പര്യവസാനത്തിൽ രണ്ടു പേരും തമ്മിൽ പിരിയാനാവാത്ത സുഹൃത്തുക്കളായതും എല്ലാം രാഘവിന് വിവരിച്ചു കൊടുത്തു… ഇതൊക്കെ വളളി പുളളി വിടാതെ കേട്ടെങ്കിലും രാഘവ് തന്റെ വരവിന്റെ ഉദ്ദേശം മൂസയോട് വ്യക്തമാക്കിയില്ല… അങ്ങിനെ മൂസ കഥ പറയുന്ന കൂട്ടത്തിൽ സീതയെ അന്വോഷിച്ചു വന്ന ശ്രീരാമൻ ഈ മലയിൽ തപസ്സ് അനുഷ്ഠിച്ചിരുന്ന ശബരിയുടെ ആശ്രമത്തിൽ വന്ന കഥയും പറഞ്ഞു… ശബരി ഇവിടെ തപസ്സ് ചെയ്തിരുന്നതു കൊണ്ടാണ് ഇത് ശബരിമല എന്ന് അറിയപ്പെടുന്നത്… അതിന്റെ കൂടെ ശ്രീരാമൻ ശബരിയുടെ ആതിഥ്യം സ്വീകരിച്ച് ഫലങ്ങൾ ഭക്ഷിച്ചതും എല്ലാം കടന്നു വന്നു… അത് കേട്ട മാത്രയിൽ രാഘവ് താഴെ നിന്നും കുറച്ച് പൊടി മണൽ വാരി തന്റെ ചില്ലു കുപ്പിയിലിട്ട് അതടച്ചു… അതു കണ്ടപ്പോൾ മൂസ ചിരിച്ചു കൊണ്ട് എണീറ്റു… ” അപ്പൊ നിങ്ങൾ സ്വാമിയെ കാണാതെ പോവുകയാണല്ലേ… ശരി… ഞാൻ പോകുന്നു…” പെട്ടെന്നെഴുന്നേറ്റ് മലയേറുന്ന മൂസയെ നോക്കി ഒരു നിമിഷം രാഘവ് അന്തംവിട്ടു നിന്നു… തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഇയാളെങ്ങിനെ അറിഞ്ഞു… രണ്ടാമതൊന്ന് ആലോചിക്കാതെ രാഘവ് അയാളുടെ പുറകെ വച്ചുപിടിച്ചു… ” എയ് സ്വാമീ… നിങ്ങൾക്കെങ്ങിനെ എന്റെ മനസിലെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു?… ” മൂസയുടെ ഒപ്പം നടന്നെത്തിക്കൊണ്ട് രാഘവ് ആകാംക്ഷയോടെ ചോദിച്ചു… ” ഒന്നില്ലെങ്കിലും ഞാനൊരു വാവരു സ്വാമിയല്ലേ എന്റെ പൊന്നു സ്വാമീ…” ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് മൂസ രാഘവിനേയും കൂട്ടി സന്നിധാനത്തേക്ക് യാത്രയായി… അവർ തമ്മിൽ ചിരകാല സുഹൃത്തുക്കളെ പോലെ ചരിത്രങ്ങളെ ചികഞ്ഞു കൊണ്ട് അയ്യപ്പസന്നിന്ധിയിലേക്ക് യാത്ര തുടർന്നു… പിറ്റേ ദിവസം അയ്യപ്പദർശനം കഴിഞ്ഞ് മലയിറങ്ങുമ്പോൾ ശബരിമലയുടെ ഐതീഹ്യങ്ങളും വാസ്തവങ്ങളും മനപാഠമാക്കിയിരുന്നു രാഘവ്… തന്റെ ലിസ്റ്റിൽ നിന്ന് ‘ ശബരീപീഠം ’ വെട്ടിക്കളയുമ്പോൾ മനസിനകത്ത് ഒരു അനിർവചനീയ സുഖം തോന്നി രാഘവിന്…

ശബരിമലയിലെ വിശേഷങ്ങൾ വീട്ടിൽ പങ്കുവക്കുന്നതിനിടയിൽ രാഘവ് തന്റെ അടുത്ത ആവശ്യം അറിയിച്ചു… ” അച്ഛാ നാളെ ഞാൻ നമ്മുടെ പഴയ വീട് വരെ ഒന്ന് പോയാലോ എന്ന് ആലോചിക്കാ… ” രാഘവിന്റെ ആവശ്യം കേട്ടപ്പോൾ രഘുവിന് ചിരിയാണ് വന്നത്… ഇവനിങ്ങനെ ഒന്നും ആവശ്യപ്പെടാത്തതാണല്ലോ… ആ എന്തേലും ആവട്ടെ… കുട്ടികൾ തറവാടും പരിസരവുമൊക്കെ കണ്ടിരിക്കുന്നത് നല്ലതാണ്… ” ആ… നിന്റെ ആഗ്രഹമല്ലേ… പോയിട്ടു വാ…” അച്ഛന്റെ സമ്മതത്തിന് അമ്മയും തലയാട്ടി… അടുത്ത ദിവസം ഉറക്കമുണർന്ന രാഘവ് മുത്തശ്ശിയുടെ കുഴിമാടത്തിനരികിൽ കുറച്ച് സമയം നിന്നു… അപ്പോൾ ഒരു തണുത്ത കാറ്റ് അവനെ തട്ടിത്തലോടി പോയി… മുത്തശ്ശി കാറ്റിന്റെ രൂപത്തിൽ വന്ന് തന്നെ അനുഗ്രഹിക്കുന്നതായി അവന് തോന്നി… അവിടം ഒന്ന് വന്ദിച്ചിട്ട് രാഘവ് യാത്ര തിരിച്ചു… കൊല്ലത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കേറി ചടയമംഗലം സ്റ്റോപ്പിൽ ഇറങ്ങി നടന്ന രാഘവ് ജടായുപ്പാറ 5 കി.
മീ എന്ന ബോർഡ് കണ്ട് ആ ഭാഗത്തേക്ക് നടന്നു… തന്റെ പഴയ തറവാട് സന്ദർശിക്കാർ സമയം ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴത്തെ ലക്ഷ്യം അതല്ലല്ലോ… ഒരു കിലോമീറ്റർ റോഡിലൂടെ പടിഞ്ഞാറു ഭാഗത്തേക്ക് നടന്നു കഴിഞ്ഞപ്പോൾ JADAYU NATIONAL PARK – 4 KM എന്ന ബോർഡ് കാണാനായി… ഇനി കാടിന്റെ ഭാഗത്ത് കൂടിയുള്ള യാത്രയാണ്… ഒരു നടപ്പാത കാണുന്നുണ്ട്… രാഘവ് ആ വഴിയേ വച്ചു പിടിച്ചു… ഗൂഗിളിൽ നിന്ന് അവിടേക്കുള്ള യാത്ര കുറച്ച് ദുർഘടം ആണെന്ന് മനസ്സിലാക്കിയതിനാൽ അതിനുതകുന്ന തരത്തിലുള്ള ഹാർഡ് ബ്ലുജാക്കറ്റും ബ്രൗൺ കളർ ടൈറ്റ് ജീൻസും ജംഗിൾ ബൂട്ടും… രാമക്കൽമേട്, ശബരീപീഠം എന്നിവടങ്ങളിലെ രാമപദനം ഏറ്റ മണ്ണ് ശേഖരിച്ച ചില്ലു കുപ്പി ഉൾക്കൊള്ളുന്ന ഷോൾഡർ ബാഗും വഹിച്ചായിരുന്നു രാഘവിന്റെ യാത്ര… കാടിന്റെ ഓരം പറ്റിയാണ് യാത്രയെങ്കിലും മൃഗങ്ങളുടെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല… ഇൻറർനെറ്റിൽ ജടായു നാഷണൽ പാർക്ക് എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ ഇപ്പോൾ ഈ സ്ഥലത്തിന്റെ എല്ലാ വിവരങ്ങളും അറിയാൻ കഴിയും… ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലമാണ് ഇത്… ഗുരു എന്ന സിനിമയുടെ സംവിധായകൻ രാജീവ് അഞ്ചലാണ് ഇക്കാര്യങ്ങളുട പിന്നിൽ… എല്ലാം നന്നായി വരട്ടെ… ജടായുപ്പാറയിലേക്ക് കേറിത്തുടങ്ങിയപ്പോൾ മുകളിൽ ആ ശിൽപ്പത്തിന്റെ ചെറിയ ഭാഗം കാണാനായി…

രാവണൻ സീതയെ തട്ടിയെടുക്കുന്ന സമയം അതേ നേരത്ത് അവിടെ ഉണ്ടായിരുന്നത് ജടായു മാത്രമാണ്… പുഷ്പകവിമാനത്തിൽ വന്ന രാവണനെ കൊത്തി മുറിവേൽപ്പിച്ച പക്ഷിയാണ് പാവം ജടായു… രാവണൻ തന്റെ ചന്ദ്രഹാസത്താൽ ജടായുവിന്റെ ചിറകരിഞ്ഞു… ചിറകറ്റ് വീണ ജടായു വന്നു വീണ സ്ഥലമാണ് പിന്നെ ജടായുപ്പാറ എന്ന സ്ഥലനാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്… ഇപ്പോൾ ഇവിടെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ജടായുവിന്റെ കൂറ്റൻ പ്രതിമയും ജടായു ചിറകറ്റ് വീണു കിടക്കുന്ന രൂപത്തിൽ ഉള്ളതാണ്… പാറയുടെ വശങ്ങളിൽ ചവിട്ടി മുകളിലെത്തിയപ്പോഴാണ് എന്ത് വലുതാണ് അതിന്റെ ആ പ്രതിമയുടെ വലിപ്പം എന്നവന് മനസ്സിലായത്… ആ പാറയിലേക്ക് രാഘവിന്റെ കാൽ പതിഞ്ഞ നിമിഷം ഇടതുഭാഗത്തെ കാട്ടിൽ നിന്നും കുറച്ച് കൊറ്റികൾ പറന്നകന്നു… വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത്… തന്റെ മൊബൈൽ എടുത്ത് അവൻ ഒരു ഫോട്ടോ എടുത്തു… ഒഴിവു ദിവസം ആയതുകൊണ്ടാകാം ആരേയും ആ പ്രദേശത്ത് അവൻ കണ്ടില്ല… ആ പ്രതിമയെ ഒന്ന് വണങ്ങിയ ശേഷം അതിനു ചുറ്റും രാഘവ് വലംവച്ചു… കുറച്ച് ഫോട്ടോകൾ എടുത്തു… അപ്പോഴാണ് രണ്ട് കാൽപ്പാടുകൾ പാറയിൽ അമർന്നതു പോലെയുള്ള രണ്ട് കുഴികൾ കണ്ടത്… അപ്പോൾ ഇതാണ് രാമപാദം പതിഞ്ഞ ഇടം… രാഘവ് അതിന്റെ ഓരത്ത് ഇരുന്ന് ബാഗിൽ നിന്ന് ചില്ലുകുപ്പിയെടുത്തു… അതേസമയം ഒരു ശ്രീകൃഷ്ണ പരുന്ത് പറന്നു വന്ന് അവന്റെ മുന്നിലായി ഇരുന്നു… രാഘവിനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം ഉറക്കെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മുകളിലേക്ക് പൊങ്ങിപ്പറന്നു… ആ പക്ഷി പറന്നുയർന്ന മാത്രയിൽ രാഘവിന്റെ മനസ്സിൽ ഒരു മിന്നലുണ്ടായി… ജടായു എന്നത് ഏത് വർഗ്ഗത്തിൽപെട്ട പക്ഷി ആയിരുന്നു… പരുന്തോ അതോ കഴുകനോ?… ഉത്തരം കിട്ടാനാവാതെ രാഘവ് അരികിലുള്ള ഒരു പാറക്കല്ല് എടുത്ത് ഉരച്ച് ആ കുഴികളിൽ നിന്നും കുറച്ച് പാറപ്പൊടി ശേഖരിച്ചു… അതിനു ശേഷം അവിടം ഒന്ന് വണങ്ങിയിട്ട് തന്റെ കാലുകൾ ആ കുഴികളിലേക്ക് ഇറക്കിവച്ചു… ഏഴടിയുള്ള തന്റെ കാൽപ്പാദത്തിനേക്കാൾ രണ്ടടി കൂടുതലുണ്ട് ആ പാദത്തിന്റെ നീളം…

” സംശയിക്കേണ്ട അത് നിങ്ങൾ തേടിവന്ന ആളുടേത് തന്നെയാണ്… ” ഗംഭീര്യമുള്ള ഒരു ശബ്ദം കേട്ട് രാഘവ് തിരിഞ്ഞു നോക്കിയപ്പോൾ നരച്ച താടിയും മുടിയും വളർത്തി കാഷായ വസ്ത്രധാരിയായ ഒരു സന്യാസി നിൽക്കുന്നതു കണ്ടു… മുത്തശ്ശി പറഞ്ഞു തന്ന സന്യാസിയുടെ കാര്യം രാഘവ് പെട്ടന്ന് ചികഞ്ഞെടുത്തു… ” ഇതാ ഞാൻ നിന്റെ മുത്തശ്ശിക്ക് കൈമാറിയ താളിയോലയുടെ ബാക്കി… ഇതെങ്ങിനെ എന്റെ കയ്യിൽ എത്തി എന്നതിനെപ്പറ്റി നീ അന്വോഷിക്കേണ്ട… നിന്റെ നിയോഗത്തെക്കുറിച്ച് മാത്രം ചിന്തിക്കുക… ഇത് നിന്നെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കും… സ്വീകരിക്കൂ…” രാഘവിന് ഒന്നിനെക്കുറിച്ചും ചോദിക്കാൻ അവസരം നൽകാതെ സന്യാസി ആ ഓലക്കെട്ട് രാഘവിനെ ഏൽപ്പിച്ചു… ” വന്ദനം… ” രാഘവ് താളിയോല കൈപ്പറ്റിയപ്പോൾ സന്യാസി കണ്ണുകളടച്ച് വന്ദനം പറഞ്ഞു… രാഘവ് താളിയോല സ്വീകരിച്ച ശേഷം കണ്ണുകളടച്ച് പ്രതിവന്ദനം ചെയ്തു… ശേഷം കണ്ണുകൾ തുറന്ന രാഘവിന്റെ മുൻപിൽ സന്യാസി ഉണ്ടായിരുന്നില്ല… എല്ലാമൊരു മായക്കാഴ്ച പോലെ… സസ്യ മയങ്ങിത്തുടങ്ങി… താളിയോല ഭദ്രമായി ബാഗിൽ വച്ചിട്ട് രാഘവ് വേഗം മലയിറങ്ങാൻ തുടങ്ങി… തിരികെ ബസിൽ ഹോസ്റ്റലിലേക്ക് പോരുമ്പോൾ അവന്റെ ലിസ്റ്റിലെ മൂന്നാമത്തെ സ്ഥലവും വെട്ടിമാറ്റപ്പെട്ടിരുന്നു… അടുത്ത സ്ഥലത്തിന്റെ പേരിലേക്ക് അവനൊന്ന് നോക്കി… രാമേശ്വരം… രഹസ്യങ്ങളുടെ നാട്… ( തുടരും… )

Comments:

No comments!

Please sign up or log in to post a comment!