The Shadows 1

സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി.

കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ.

കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും ക്യാമറമാനും കൂടിയായിരുന്നു അർജ്ജുൻ.

വെളുത്ത് ഉയരംകുറഞ്ഞ ശരീരം. കട്ടമീശക്കുതാഴെ അടിച്ചുണ്ടിൽ കറുത്ത ഒരു മറുക്. കവിളിൽ തളിർത്ത താടിരോമങ്ങൾ വളരെ നന്നായി ഒതുക്കിവച്ചിട്ടുണ്ട്. വലതു കൈയിൽ ചുവപ്പും,കറുപ്പും ഇടകലർന്ന ചരടുകൾകൊണ്ടു നിർമ്മിച്ച രക്ഷയെന്നോണം എന്തോ കെട്ടിയിരിക്കുന്നു. കഴുത്തിൽ ഓം എന്ന് ചിഹ്നത്തോടുകൂടിയ ഒരു ചെറിയ സ്വർണത്തിന്റെ മാല.

ഒറ്റനോട്ടത്തിൽ ഇരുപത്തിയെട്ടു ഇരുപത്തിയൊമ്പത് വയസ് തോന്നിക്കുന്ന, കണ്ടാൽ ഒരുതവണകൂടെ നോക്കാൻ തോന്നുന്ന, യുവത്വം തുളുമ്പുന്ന മുഖം.

ബൈക്ക് സ്റ്റാന്റിൽവച്ചു അയാൾ ഇറങ്ങി. ശേഷം പാന്റിന്റെ പോക്കെറ്റിൽ നിന്നും ഫോണെടുത്തുനോക്കി.

നാല് മിസ്ഡ് കോൾ.

നാഷണൽഹൈവേയിലൂടെ ഹോൺ മുഴക്കി വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നുണ്ടായിരുന്നു.

നമ്പർലോക്കുതുറന്ന് മിസ്ഡ്കോൾ വന്ന നമ്പറിലേക്ക് അർജ്ജുൻ തിരിച്ചു വിളിച്ചു. മറുവശത്ത് ഒരു സ്‌ത്രീ ആയിരുന്നു.

“ഹലോ, ഒരു മിസ്ഡ് കോൾ കണ്ടു. ആരാ മനസിലായില്ല..”

ചീനിമരത്തിന്റെ ചില്ലകളിൽനിന്നും നെറുകയിലേക്ക് ഇറ്റിവീണ ജലകണികകളെ ഇടതുകൈകൊണ്ടു തട്ടിനീക്കി അയാൾ ചോദിച്ചു.

“ഏട്ടാ ഇതു ഞാനാ വൈഗ.”

വൈഗയാണെന്ന് അറിഞ്ഞപ്പോൾ അർജ്ജുന്റെ അധരങ്ങളിൽ നേർത്ത പുഞ്ചിരിവിടർന്നു.

“നീയായിരുന്നോ? ഇതേതാ നമ്പർ.?”

“ഇത് ഫ്രണ്ടിന്റെയാണ്. വാട്സാപ്പ് എടുത്തുനോക്ക് ഞാൻ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്‌.

“ഓഹ്.. എടാ, ഞാൻ വീട്ടിലേക്കുപോണവഴിയാണ് എത്തിട്ടു നോക്കാം ഓക്കെ.” തിരിഞ്ഞു തന്റെ ബൈക്കിന്റെ സീറ്റിൽ തളം കെട്ടിനിൽക്കുന്ന മഴത്തുള്ളിയെ അർജ്ജുൻ ഉള്ളം കൈകൊണ്ട് തുടച്ചുനീക്കികൊണ്ട് പറഞ്ഞു.

“ശരി ഏട്ടാ ലവ് യൂ… ഉമ്മാ..”

“ലവ് യൂ ടൂ…” ബൈക്കിൽ കയറി ഇരുന്നുകൊണ്ട് അർജ്ജുൻ പറഞ്ഞു. ശേഷം അയാൾ ബൈക്ക് സ്റ്റാർട്ട്ചെയ്ത് കാക്കനാട്ടെ തന്റെ വീട്ടിലേക്കുതിരിച്ചു.



വൈഗ, കോളേജിൽ അർജ്ജുവിന്റെ ജൂനിയർ ആയിരുന്നു വൈഗ. തൃശ്ശൂർ സ്വദേശിനി. കോളേജ് കാലഘട്ടത്തിൽ കവിതയും കഥയും അത്യാവശ്യം പാട്ടുമായി നടന്നിരുന്ന സമയത്താണ് അർജ്ജുവുമായി പ്രണയത്തിലാകുന്നത്. തുടർന്ന് എൻജിനിയറിങ് പാസായി ഇപ്പോൾ കൊച്ചിയിൽ സ്വകാര്യസ്ഥാപനത്തിൽ സിവിൽ എൻജിനിയറായി ജോലിചെയ്യുന്നു. പ്രണയം വീട്ടിലറിഞ്ഞു. പക്ഷെ അർജ്ജുവിന്റെ ചുറ്റുപാട് ഇഷ്ട്ടപ്പെടാത്ത വൈഗയുടെ അച്ഛൻ അവളെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ഫലം കണ്ടില്ല. ദിനംതോറും പ്രണയത്തിന്റെ തീവ്രത കൂടിവരികമാത്രമാണ് ചെയ്തത്.

ടൗണിൽ നിന്ന് വലതുവശത്തേക്ക് ഇൻഡിക്കേറ്ററിട്ട് ബൈക്ക് തിരിച്ചതും പിന്നിൽനിന്ന് ശരം വേഗത്തിൽ മറ്റൊരു ബൈക്ക് അർജ്ജുവിന്റെ വലതുവശം ചേർന്ന് കടന്നുപോയിതും, ഒരുമിച്ചായിരുന്നു.

“ആർക്ക് വയുഗുളിക വാങ്ങാനാടാ പന്ന കഴുവേറിയുടെ മോനെ പോകുന്നത്.”

അരിശം മൂത്ത അർജ്ജുൻ അയാളെ ഉച്ചത്തിൽ തെറി വിളിച്ചു. പക്ഷെ നിയന്ത്രണം വിട്ട ആ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകൊണ്ട് മറിഞ്ഞുവീണത് നിമിഷനേരത്തിനുള്ളിലായിരുന്നു.

ഉടനെ ഒരു മരുതികാർ സംഭവസ്ഥത്തേക്ക് കുതിച്ചെത്തി. ബൈക്കിൽ നിന്നും വീണ ആ ചെറുപ്പക്കാരനെ രണ്ട് മൂന്നു പേർ ചേർന്ന് ബലം പ്രയോഗിച്ച് കാറിനുള്ളിലേക്കു വലിച്ചുകയറ്റി.

നിലത്തു വീണുകിടക്കുന്ന ബൈക്ക് ഒരാൾ താങ്ങിയെടുത്ത് സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോകുന്നത് അർജ്ജുൻ നോക്കിനിന്നു.

എന്താണ് സംഭവിച്ചത് എന്നറയാതെ അർജ്ജുൻ ചുറ്റുപാടും നോക്കി.

രാത്രിയുടെ നിശബ്ദത അർജ്ജുവിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു.

രണ്ടുദിവസത്തെ മഴയിൽ റോഡ് വരെ ക്ലാവുപിടിച്ചു കിടക്കുകയാണെന്നു ബൈക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോൾ അയാൾക്ക് മനസിലായി.

വലതുകൈകൊണ്ടു നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്ന മുടിയിഴകളെ കോതിയൊതിക്കിക്കൊണ്ട് അർജ്ജുൻ സംഭവസ്ഥലത്തേക്ക് നടന്നു. ഒപ്പം തന്റെ നിക്കോൺ ക്യാമറയും കൈയിൽ കരുതി.

സ്ട്രീറ്റ്ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ബൈക്ക് റോഡിൽ വീണുരഞ്ഞതിന്റെ പാടുകൾ അർജ്ജുൻ തന്റെ ക്യാമറകണ്ണുകൾകൊണ്ട് ഒപ്പിയെടുത്തു.

തിരിഞ്ഞു നടക്കുമ്പോഴാണ് ഇളംങ്കാറ്റിന്റെ ഗതിക്കനുസരിച്ച് പാറിനടക്കുന്ന ഒരു കടലാസ് അർജ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

കുനിഞ്ഞിരുന്നു അയാൾ ആ കടലാസുകഷ്ണം കൈയിലെടുത്തു. രക്തക്കറയെന്നുതോന്നിക്കുന്ന എന്തോ അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അർജ്ജുൻ ആ കടലാസുകഷ്ണം തിരിച്ചും മറിച്ചും നോക്കി.


വ്യത്യസ്തമായി ഒന്നും കണ്ടില്ല, ഏതോ ബില്ലിന്റെ ബാക്കി പത്രംഎന്നപോലെ അവശേഷിക്കുന്ന ആ കടലാസുകഷ്ണം അയാൾ തന്റെ പേഴ്‌സിനുള്ളിലേക്ക് തിരുകി. അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു. ആരാണ് ആ ചെറുപ്പക്കാരൻ? എന്തിനാണ് അയാളെ പിടിച്ചുകൊണ്ടുപോയത്.?

മഴ വലിയതുള്ളികളായി അർജ്ജുവിന്റെ ശരീരത്തിൽവന്നു പതിച്ചപ്പോൾ അയാൾ മുകളിലേക്ക് നോക്കി. ഇരുട്ടുകുത്തി നിൽക്കുകയായിരുന്ന വിണ്ണിനെ അല്പം ഭയത്തോടെയായിരുന്നു അർജ്ജുൻ വീക്ഷിച്ചത്.

മഴ ശക്തിപ്രാപിച്ചു വന്നു. അർജ്ജുൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് വച്ചുപിടിച്ചു. യാത്രയിലുടനീളം മുൻപ് കണ്മുപിൽകണ്ട ബൈക്ക് അപകടം മാത്രമായിരുന്നു അർജ്ജുവിന്റെ മനസിൽ.

മഴ പൂർവ്വാധികം ശക്തിപ്രാപിച്ചു വരുന്നതിനുമുൻപേ അർജ്ജുൻ വീട്ടിലെത്തിയിരുന്നു. പഴതുപോലെതന്നെ ‘അമ്മ ജനലിന്റെ അരികിൽതന്നെ ചാവി വച്ചിട്ടുണ്ട്. തപ്പിപ്പിടിച്ചു അർജ്ജുൻ വാതിൽതുറന്ന് അകത്തേക്കുകയറി.

ഡൈനിങ് ടേബിളിന്റെ മുകളിൽ തനിക്ക് കഴിക്കാനുള്ള ഭക്ഷണം ‘അമ്മ എടുത്തുവച്ചിട്ടുണ്ടായിരുന്നു.

ക്യാമറയും ബാഗും മുറിയിൽ കൊണ്ടുവച്ചിട്ട് അർജ്ജുൻ ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴേക്കും ‘അമ്മ എഴുന്നേറ്റിരുന്നു.

“രാത്രിയിലുള്ള നിന്റെയീ കറക്കം ഒന്നു നിർത്തിക്കൂടെ അർജ്ജു. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഈ വലിയ വീട്ടിൽ ഞാൻ എത്രനേരാ ഒറ്റക്കിരിക്കുന്നെ? ഒരു പെണ്ണ് കെട്ടികൊണ്ടുവരാൻ പറഞ്ഞാൽ ങേ ഹേ..”

പരിഭാവത്തോടെ ഭവനിയമ്മ തന്റെ മകന്റെ പാത്രത്തിലേക്ക് ചോറു വിളമ്പി കൊടുത്തു.

“ഈ നട്ടപ്പാതിരാക്ക്, എനിക്ക് ആര് പെണ്ണുതരാനാ ഭവനിയമ്മേ?”

“പോടാ നിന്റെയൊരു തമാശ. ദേ ചെക്കാ വയസ്‌ പത്തുമുപ്പതാകുന്നു ആറുമാസം കൂടെ ഞാൻ നോക്കും. ഇല്ലങ്കിൽ ഈ ഭവാനി ആരാണ് നീയറിയും. അല്ലപിന്നെ ക്ഷമക്കും ഒരു പരിതിയൊക്കെ ഉണ്ട്.”

അത്രയും പറഞ്ഞു ഭവനിയമ്മ അവരുടെ മുറിയിലേക്ക് തിരിഞ്ഞി നടന്നു.

‘അമ്മ വിവാഹമെന്നു പറഞ്ഞപ്പോഴായിരുന്നു വൈഗയെക്കുറിച്ചു ഓർമ്മവന്നത്. ഉടൻ ഫോണെടുത്ത് വാട്സ്ആപ്പ് തുറന്നുനോക്കിയ അർജ്ജുൻ വൈഗയുടെ വോയിസ് മെസ്സേജ്കേട്ടു തരിച്ചിരുന്നു.

“ഏട്ടാ, വീട്ടിന്ന് വിവാഹത്തിന് നിർബന്ധിക്കുന്നു. ഞാൻ എന്തുചെയ്യണം.ഇനിയും പിടിച്ചുനിൽക്കാൻ എനിക്ക് കഴിയില്ല. ഒരു മാസത്തിനുള്ളിൽ ഒരു തീരുമാനം ഉണ്ടാക്കിയില്ലങ്കിൽ ഞാൻ അങ്ങട് ഇറങ്ങിവരും.”

ഫോൺ ലോക്ക് ചെയ്ത് അർജ്ജുൻ തന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.


“ശരി, നാളെ ഞാൻ വരാം നമുക്ക് സംസാരിക്കാം.” അയാൾ തിരിച്ചും ഒരു സന്ദേശമയച്ചു. ശേഷം ഭക്ഷണം കഴിച്ച് ബെഡിലേക്ക് വീഴുമ്പോൾ സമയം പുലർച്ച മൂന്നുമണി കഴിഞ്ഞിരുന്നു

തൃക്കാക്കര ജനമൈത്രി പോലീസ് സ്റ്റേഷൻ.

സമയം രാവിലെ 6 മണി

കോൺസ്റ്റബിൾ രവി സ്റ്റേഷനിൽ വന്നുകയറി ഫ്ലാസ്കിൽ നിന്നും ഒരുകപ്പ് ചായയെടുത്തു കുടിക്കാൻ നിൽക്കുമ്പോഴാണ് ഓഫീസ് ഫോൺ നിറുത്താതെ ബെല്ലടിക്കുന്നത്.

ഫോണെടുത്ത കോൺസ്റ്റബിൾ രവിയുടെ മുഖഭാവം മാറാൻ നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നൊള്ളൂ.

റെസീവർ താഴെ വച്ചിട്ട് അയാളുടെ പോക്കെറ്റിൽ നിന്നും മൊബൈൽ ഫോണെടുത്ത് എസ് ഐ ജയശങ്കറിനെ വിളിച്ചു.

“സർ, ഗുഡ് മോർണിംഗ്.”

“എന്താടോ രവി രാവിലെതന്നെ?” മറുവശത്ത് നിന്ന് ചോദ്യം ഉയർന്നു.

“സർ, സീ പോർട്ട് എയർപോർട്ട് റോഡിലെ ഇന്ദിരാ വിമൻസ് ഹോസ്റ്റലിലെ മെസ്സിൽ ഒരു പെൺകുട്ടി തൂങ്ങിമരിച്ചനിലയിൽ കണ്ടു.”

“ഓഹ്..രാവിലെതന്നെ പണിയണല്ലോ രവി. ശരി താൻ ജീപ്പ് അയക്ക് ഞാൻ അപ്പോഴേക്കും റെഡിയാവട്ടെ.”

“ഉവ്വ് സർ,” ഫോൺ വച്ചിട്ട് കോൺസ്റ്റബിൾ രവി എസ് ഐ ജയശങ്കറിന്റെ വീട്ടിലേക്ക് പോസ്‌ലീസ്‌ ജീപ്പ് അയച്ചു.

അരമണിക്കൂറിനകം എസ് ഐ ജയശങ്കറും സംഘവും ഇന്ദിരാ വിമൻസ് ഹോസ്റ്റലിൽ എത്തി.

അപ്പോഴേക്കും ഹോസ്റ്റലിനുചുറ്റും ജനങ്ങൾ തിങ്ങിക്കൂടിയിരുന്നു. ജീപ്പിൽ നിന്നിറങ്ങിയ ജയശങ്കർ ചുറ്റിലും ഒന്നുനോക്കി.

“രവി, എവിടെയാണ് ബോഡി.?”

ചുറ്റിലും കണ്ണോടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

“വരൂ സർ ഞാൻ കാണിച്ചുതരാം.” വാച്ച് മാൻ ജയശങ്കറിനെയും കൂട്ടി മെസ്സിലേക്ക് നടന്നു. ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികളും ഹാളിൽ നിരന്നുനിൽക്കുന്നുണ്ടായിരുന്നു. പലരുടെയും മുഖത്ത് ഭീതിയുള്ളപോലെ ജയശങ്കറിന് തോന്നി.

ഹാളിൽ നിന്ന് പാചകപ്പുരയിലേക്ക് കടക്കുന്ന വാതിൽ വാച്ച് മാൻ പതിയെ തുറന്നു.

എസ് ഐയും സംഘവും പാചകപ്പുരയിലേക്ക് കടന്നു. അവിടെ ഫാനിൽ ഷാൾ കുരുക്കി ഒരു പെൺകുട്ടി നിലം സ്പർശിക്കാതെ തൂങ്ങിമരിച്ചു കിടക്കുന്നു. മൃതദേഹത്തിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, രണ്ട് കൈകളും ഉടുത്തിരിക്കുന്ന നൈറ്റിയെ വരിഞ്ഞുമുറുക്കി,കയറി നിൽക്കാൻ ഉപയോഗിച്ച സ്റ്റൂൾ നിലത്ത് വീണുകിടക്കുന്നു

“രവി പോസ്റ്റുമോർട്ടത്തിനുള്ള കാര്യങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്.”

“യെസ് സർ.”

ആ മുറിയും പരിസരവും ഒന്നു നിരീക്ഷിച്ചതിനു ശേഷം ജയശങ്കർ പാചകപ്പുരയിൽനിന്നും പുറത്തേക്ക് കടന്നു.
ശേഷം ഹാളിൽ പ്രത്യേകം സജ്ജമാക്കിയ കസേരയിൽ അയാൾ ഇരുന്നു.

“ആരാ ബോഡി ആദ്യം കണ്ടത്.?” എസ് ഐയുടെ ചോദ്യത്തിന് മറുപടി നൽകിയത് അവിടത്തെ പാചകക്കാരി സ്ത്രീയായിരുന്നു.

“ഞാനാ സാറേ..”

“ഉം… ഉണ്ടായ സംഭവം ഒന്നു വിശദീകരിച്ചു പറയാൻ കഴിയുമോ.?”

ജയശങ്കറിന്റെ ചോദ്യത്തിനുത്തരം നൽകാൻ വേണ്ടി അവർ അല്പംകൂടി മുന്നിലേക്ക് നീങ്ങിനിന്നു.

“ജോർജെ, ഈ സ്റ്റേമെന്റ് ഒന്ന് എഴുതിയെടുത്തോ “

അടുത്തു നിൽക്കുന്ന് കോൺസ്റ്റബിൾ ജോർജ്ജ് സ്റ്റേമെന്റ് എഴുതാൻ വേണ്ടി തയ്യാറായിനിന്നു.

“നിങ്ങടെ പേരും അഡ്രസ്സും ഒന്നുപറയ്.” ജോർജ്ജ് അവരുടെ നേരെനിന്നുകൊണ്ടു ചോദിച്ചു.

“എന്റെ പേര് വത്സല, വൈറ്റിലയിലാണ് താമസം.

“ഇന്ന് എന്താ ശരിക്കും നടന്നത്.?”

“പതിവുപോലെ ഞാൻ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ഭക്ഷണമുണ്ടാക്കാൻ ചെന്നതാണ് സാറേ, അപ്പഴാ അവിടെ..”

ബാക്കിപറയാൻ വത്സല ഒന്നു ബുദ്ധിമുട്ടി.

“എന്നിട്ട് നിങ്ങൾ എന്തു ചെയ്തു.” കോൺസ്റ്റബിൾ രവിയായിരുന്നു ആ ചോദ്യം ആരാഞ്ഞത്.

“ഞാൻ വാച്ച്മാനെ വിവരം അറിയിച്ചു.”

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അർജ്ജുൻ ഉറക്കത്തിനിന്നും എഴുന്നേറ്റത്.

ആര്യ കോളിംഗ്.

“എന്തുവാടി ഒന്നുറങ്ങാനും സമ്മതിക്കില്ലേ.?” ഫോൺ എടുത്തിട്ട് അർജ്ജുൻ ഒറ്റവാക്കിൽ ചോദിച്ചു.

“എടാ, ഇന്ദിരാ വിമൻസ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി തൂങ്ങിമരിച്ചു. ന്യൂസ് കവർചെയ്യണം നീ പെട്ടന്ന് വാ, ഞാൻ ഇവിടെ വെയ്റ്റിംഗ് ആണ്.”

“ഓഹ്, എപ്പോ? “

പുതപ്പിനുള്ളിൽനിന്നും എഴുന്നേറ്റ് അർജ്ജുൻ ചോദിച്ചു.

“പുലർച്ചെയാണ് ന്ന് തോന്നുന്നു.”

“മ് ശരി, ഒരു പതിനഞ്ച് മിനുട്ട് ഞാൻ വരാ”

കോൾ കട്ട് ചെയ്ത് ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അർജ്ജുൻ ബാത്റൂമിലേക്ക് ഓടിക്കയറി.

“ആരാ വാച്ച്‌മാൻ ? കോൺസ്റ്റബിൾ രവി ചോദിച്ചു.

“ഞാനാ സാറേ..” മുൻപ് അവർക്ക് വഴികാണിച്ചുകൊടുത്തയാൾ മുന്നിലേക്ക് നീങ്ങിനിന്നുകൊണ്ട് പറഞ്ഞു.

“ഞാനാണ് സർ സ്റ്റേഷനിൽ വിളിച്ചത്.

“വാർഡൻ എവിടെ ജോർജെ? ” നെറ്റിയിൽ തടവിക്കൊണ്ട് ജയശങ്കർ ചോദിച്ചു.

“സർ ഇവിടെയുണ്ട്.”

“വരാൻ പറയു.”

“യെസ് സർ.”

അല്പം തടിച്ചു ഉയരം കുറഞ്ഞ ഒരു സ്‌ത്രീ സാരിയുടുത്തുകൊണ്ട് അവരുടെ ഇടയിലേക്ക് നടന്നുവന്നു.

” ആത്മഹത്യ ചെയ്യാൻതക്ക എന്തെങ്കിലും കാരണം?”

ജയശങ്കർ ചോദിച്ചു.

“ഇല്ല സാറേ ഇന്നലേം കൂടി കളിച്ചു ചിരിച്ചു സംസാരിച്ചതാ”

“എന്താ ഈ കൊച്ചിന്റെ പേര്?” സ്റ്റേറ്റ്മെന്റ് എഴുതുന്ന ജോർജിനോട് ജയശങ്കർ ചോദിച്ചു.

“നീന. സാർ, ഈ കുട്ടി നമ്മുടെ മിനിസ്റ്റർ പോളച്ചന്റെ സഹോദരന്റെ മകന്റെ കുട്ടിയാണ്.”

“ദേ വന്നു അടുത്ത പണി.” കസേരയിൽ നിന്നും എഴുന്നേറ്റ് ജയശങ്കർ പിറു പിറുത്തു.

“സാർ,” ഇടയിൽ കയറി രവി വിളിച്ചു.

“എന്തടോ..”

“മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണം ന്ന് പറയുന്നു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!