The Shadows 15

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 |

അവസാന ഭാഗം

” KL.7 BM 1993. യെസ് സർ വീ ഗോട്ട് ഇറ്റ്.” അനസ് വലതുകൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു.

“വാട്ട്..” സംശയത്തോടെ രഞ്ജൻ ചോദിച്ചു.

“യെസ് സർ, ഹോസ്റ്റലിലെ മെസ്സിലേക്ക് സാധങ്ങൾകൊണ്ടുവരുന്ന വണ്ടിയുടെ നമ്പറാണ്.” അനസ് അതുപറഞ്ഞപ്പോൾ രഞ്ജന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.

“താങ്ക് ഗോഡ്. അനസ് വണ്ടി സ്റ്റേഷനിലേക്ക് എടുത്തോ. കം ഫാസ്റ്റ്.”

“സർ.” അനസ് ഫോൺ കട്ട് ചെയ്ത് മെസ്സിലേക്ക് സാധങ്ങളുമായിവന്ന വണ്ടിയുമായി സ്റ്റേഷനിലേക്ക് തിരിച്ചു.

അനസിനെയും കാത്ത് രഞ്ജൻ സ്റ്റേഷന്റെ മുൻപിൽതന്നെ നിൽക്കുന്നുണ്ടായിരുന്നു. ഗെയ്റ്റ് കടന്നുവന്ന ആ വണ്ടിയുടെ നമ്പർപ്ലേറ്റിലേക്കായിരുന്നു അയാൾ ആദ്യം നോക്കിയത്.

“KL 7 BM 1993.”

സ്റ്റേഷന്റെ ഇടതുവശം ചേർന്നുനിൽക്കുന്ന മൂവാണ്ടൻമാവിന്റെ ചുവട്ടിലേക്ക് ആ വാഹനം ഒതുക്കി നിറുത്തി. രഞ്ജൻ മുറ്റത്തേക്കിറങ്ങിവന്ന് ആ വാഹനത്തിന്റെ ചുറ്റുഭാഗവും സൂക്ഷ്മമായി പരിശോധിച്ചു.

“സർ ഒരുസംശയവും വേണ്ട ഡയമണ്ട്‌സ് ഇതിലുണ്ടാകും” അനസ് തീർത്തുപറഞ്ഞു.

“ഉണ്ടാവും,ഉണ്ടാവണം. അനസേ,ഓരോ പാട്സും അഴിച്ചുനോക്കണം. അതിനുള്ള എൻജിനിയർ ആരാണെന്നുവച്ചാൽ വിളിക്ക് ഇപ്പോൾതന്നെ.ആ പിന്നേയ് വീഡിയോ റെക്കോർഡ് ചെയ്യണം.”

അത്രെയും പറഞ്ഞ് രഞ്ജൻ തന്റെ ഇടതുകൈയിൽ കെട്ടിയ വാച്ചിലേക്കു നോക്കി. സമയം 5.37.pm

“ഓഹ് മൈ ഗോഡ്. അനസ് ലെറ്റ്സ് ഗൊ, 6.15ന് എയർഇന്ത്യ ലാൻഡ് ചെയ്യും. ” തന്റെ കീഴിലുള്ളവരെ ഉദ്യോഗസ്ഥരെ പരിശോധനക്കുള്ള ചുമതലകൊടുത്ത് രഞ്ജൻ അനസിനെയുംകൂട്ടി കൊച്ചി ഇന്റർനാക്ഷണൽ എയർപോർട്ടിലേക്ക് തിരിച്ചു.

6.15ന് മുൻപുതന്നെ അവർ എയർപോർട്ടിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ ആഗമനകാവാടത്തിന്റെ അരികിലേക്ക് അവർ നടന്നു.

എയർഇന്ത്യ ലാൻഡ് ചെയ്തിരിക്കുന്നുയെന്ന് അനൗൺസ്‌മെന്റ് കേട്ടയുടനെ രഞ്ജൻ ക്രിസ്റ്റീഫറെ കാണാനുള്ള തയ്യാറെടുപ്പുനടത്തി. ആഗമനകവാടത്തിലൂടെ അധികം വൈകാതെ ഓരോ യാത്രക്കാരായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

കറുത്തകോട്ടിട്ട് കണ്ണടവച്ച് വീൽചെയറിൽ ഒരാൾ ആഗമനകവാടത്തിലൂടെ പുറത്തേക്കുവന്നു. കൂടെ അംഗരക്ഷകന്മാരെ പോലെ നാലുപേരും. രഞ്ജൻ തന്റെ കൈയിലുള്ള ഫോട്ടോയെടുത്തുനോക്കി വരുന്നത് ക്രിസ്റ്റീഫർ ആണെന്ന് ഉറപ്പുവരുത്തിയ ശേഷം എയർപോർട്ട് പോലീസിനൊപ്പം മുന്നോട്ട് ചലിച്ചു.



വീൽചെയറിൽ വരികയായിരുന്ന ക്രിസ്റ്റീഫറുടെ ചുറ്റുഭാഗവും പോലീസ് വളഞ്ഞു.

“മിസ്റ്റർ ക്രിസ്റ്റീഫർ, യൂ ആർ അണ്ടർ അറസ്റ്റ്.” മധ്യത്തിൽനിന്നുകൊണ്ട് രഞ്ജൻ പറഞ്ഞു.

“മീ, ഹഹഹ, ഡു യു നോ ഹു അയാം.?” ക്രിസ്റ്റീഫർ മുഖത്തെ കണ്ണട ഇടതുകൈയാൽ ഊരി എടുത്തുകൊണ്ട് ചോദിച്ചു.

“ഹാ, അതെന്ത് ചോദ്യമാണ് സർ. ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടല്ലേ ഞങ്ങൾ നിങ്ങളുടെ മുൻപിൽ ദേ ഇങ്ങനെ വന്നുനിൽക്കുന്നത്.” രഞ്ജൻ രണ്ടടി മുൻപിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.

ക്രിസ്റ്റീഫർ തന്റെ പിന്നിലുള്ളയാളെ നോക്കി. മാനേജർ എന്നുതോന്നിക്കുന്ന അയാൾ മുൻപിലേക്ക് കടന്നുനിന്നു.

“എസ്ക്യൂസ്‌ മീ ഓഫീസർ, വാട്ട് യൂ വാണ്ട്. വാട്ട് ഈസ്‌ യുവർ പ്രോബ്ലം.”

“നീന മർഡർ കേസുമായിബന്ധപ്പെട്ട് മിസ്റ്റർ ക്രിസ്റ്റീഫറെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടാണിത്.” രഞ്ജൻ കൈയിലുള്ള രേഖ അയാൾക്കു കൈമാറി.

വാറണ്ട് വായിച്ചുനോക്കിയ ശേഷം അയാൾ ക്രിസ്റ്റീഫറുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.

“ഓക്കെ, ലെറ്റ്സ് ഗൊ.” പുഞ്ചിരി പൊഴിച്ചുകൊണ്ട് ക്രിസ്റ്റീഫർ പറഞ്ഞു.

“അനസ്.” രഞ്ജൻ പിന്നിലേക്ക് തിരിഞ്ഞുനോക്കികൊണ്ട് അനസിനെ വിളിച്ചു. മുൻപിലേക്ക് കടന്നുവന്ന അനസ് ക്രിസ്റ്റീഫറുടെ വീൽചെയറിൽ പിടിയുറപ്പിച്ച് മുന്നോട്ട് ചലിച്ചു.

രണ്ടുവണ്ടികളിലായി അവർ നേരെ പോയത് ഐജിയുടെ ഓഫീസിലേക്കായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക മുറിയിലേക്ക് അയാളെ അവർ കൂട്ടിക്കൊണ്ടുപോയി.

“നവംബർ 14 ബുധനാഴ്ച്ച നിങ്ങൾ എവിടെയായിരുന്നു.?” അരണ്ടവെളിച്ചത്തിൽ രഞ്ജൻ ചോദിച്ചപ്പോൾ ക്രിസ്റ്റീഫർ അയാളുടെ മുഖത്തേക്ക് നോക്കി.

“യു എ ഇ.”

“15നും നിങ്ങൾ യു എ ഇയിൽ ആയിരുന്നോ?”

“അതെ.”

“നീനയെ കൊല്ലാൻ നിങ്ങൾ തീരുമാനിച്ചത് എപ്പോഴായിരുന്നു.?

“ഞാനരേയും കൊന്നിട്ടില്ല ഓഫീസർ.” അയാൾ ചുറ്റുഭാഗവും നോക്കിക്കൊണ്ട് പറഞ്ഞു.

“ഹാ, ഹഹഹ… അതുഞങ്ങൾക്കും അറിയാം കൊന്നിട്ടില്ലന്ന്. കൊല്ലിച്ചതല്ലേ ക്രിസ്റ്റീഫർ മ്..? അനസ്, പ്ലെ ദ വീഡിയോ.” രഞ്ജൻ അയാളുടെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കികൊണ്ട് അനസിനോട് പറഞ്ഞു.

അനസ് പ്രോജെക്ടറിൽ ലൂക്കാഫ്രാൻസിസ്ന്റെയും, ലെനജോസിന്റെയും, വാർഡന്റെയും മൊഴികൾ റെക്കോർഡ്ചെയ്ത വീഡിയോ ക്രിസ്റ്റീഫർക്ക് കാണിച്ചുകൊടുത്തു.

“ഇനി നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമെങ്കിൽ നിഷേധിക്കാം. രാത്രിയെ പകലാക്കുന്ന കൊടികെട്ടിയ വക്കീലന്മാർ നാളെ നിങ്ങൾക്ക് വേണ്ടി ഹാജരാകുമായിരിക്കും.
പക്ഷെ നിയമത്തിന്റെ ഭാഗത്തുനിന്നും ഒരാനുകൂല്യവും ലഭിക്കില്ല. കാരണം ഈ കേസന്വേഷണം നടത്തിയത് ഞാനാണ്. എല്ലാപഴുതുകളും ഭദ്രമായി അടച്ചിട്ടുണ്ട്.” രഞ്ജൻ പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.

“ഹഹഹ, മിസ്റ്റർ ഓഫീസർ, ഈ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ തന്നെയാണ്, ഞാൻ പറഞ്ഞിട്ടാണ് നീനയെ കൊലപ്പെടുത്തിയത്. എനിക്ക് മറ്റെന്തിനേക്കാളും വലുത് എന്റെ ബിസ്നസാണ്. എന്റെ സാമ്രാജ്യമാണ്. അതിനുമുൻപിൽ തടസം നിൽക്കുന്നവർക്ക് ഞാൻ കൊടുക്കുന്ന സമ്മാനമാണ് മരണം. നീനയെ മാത്രമല്ല വിരലിൽ എണ്ണാൻ കഴിയാത്ത ഒരുപാടുപേരെ കർത്താവിന്റെ സന്നിധിയിലേക്ക് പറഞ്ഞയച്ചിട്ടുണ്ട് ഈ ക്രിസ്റ്റീഫർ. തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്ക്. ഐ ഡോണ്ട് കെയർ അബൗട്ട് ദാറ്റ്. പിന്നെ അവളെ കൊന്ന് വല്ല കായലിലോ തോട്ടിലോ തള്ളാൻ അറിയാഞ്ഞിട്ടല്ല മിനിസ്റ്ററുടെ കൊച്ചുമകളുടെ മരണം ഒരു ആത്‍മഹത്യയാക്കി മാറ്റിയത്. മിനിസ്റ്റർക്കുള്ള ഒരു പാരിദോഷികമാണ്. അലയണം മരണകാരണം തേടി. എനിക്ക് നഷ്ട്ടപെട്ട വർഷങ്ങൾ, എന്റെ സ്വപ്നങ്ങൾ, എന്റെ സാമ്രാജ്യം എല്ലാം തകർത്തെറിഞ്ഞ ബാസ്റ്റഡ് ആണത്. ഇത്രെയെങ്കിലും ഞാൻ ചെയ്യേണ്ടേ?. നീന കൊച്ചുമകളാണ് എന്നകാര്യം ഞാനറിഞ്ഞത് ഈയടുത്താണ്, മുൻപേ അറിഞ്ഞിരുന്നുയെങ്കിൽ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ എന്നേ അവളെ അടക്കം ചെയ്തേനെ.” ക്രിസ്റ്റീഫർ അതുപറയുമ്പോൾ അയാളുടെ കണ്ണുകൾ ചുവന്നുതുടുത്തിരുന്നു.

“മരണം ദൈവനിശ്ചയമാണ് ക്രിസ്റ്റീഫർ. മനുഷ്യർക്കാർക്കും അതുനടപ്പിലാക്കാൻ അധികാരമില്ല. ശിക്ഷ നീതിയാണ് നിനക്കുള്ള ശിക്ഷയിൽ ഞാൻ നീതി നടപ്പാക്കുന്നു.”

രഞ്ജൻ കസേരയിൽനിന്നും എഴുന്നേറ്റു.

“നാളെ കഴിഞ്ഞ് കോടതിയിൽ കാണാം. തയ്യാറായിയിരുന്നോളൂ.”

“മിസ്റ്റർ ഓഫീസർ, എങ്ങനെയാണോ വന്നത് അതുപോലെതന്നെ ക്രിസ്റ്റീഫർ തിരിച്ചുപോകും. ഞാൻ പറയുന്നതാണ് എന്റെ വിധി. ഞാൻ എഴുതുന്നതാണ് എന്റെ നിയമം.” പരിഹാസത്തോടെ അയാൾ പറഞ്ഞു.

രഞ്ജൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ഐജിയുടെ ഓഫീസിലേക്ക് നടന്നു. ഹാഫ് ഡോർ തുറന്ന് അയാൾ അകത്തേക്ക് കടന്ന് ഐജിക്കുനേരെ സല്യൂട്ടടിച്ചു നിന്നു.

“ടെയ്ക്ക് യുവർ സീറ്റ്.” ഐജി കസേരയിലേക്ക് കൈചൂണ്ടി പറഞ്ഞു.

“താങ്ക് യൂ സർ.” രഞ്ജൻ കസേരയിലേക്ക് ഇരുന്നു.

“എന്തായി രഞ്ജൻ.” മുൻപിലുള്ള ഫയലുകൾ അടച്ചുവച്ചുകൊണ്ട് ഐജി ചോദിച്ചു.

“എന്നെ ഏൽപിച്ച പണികഴിഞ്ഞു സർ. ഇനി ആ ഡയമണ്ട്‌സ്. അതുകൂടെകിട്ടിയാൽ ഇറ്റ്‌സ് ഓവർ. ക്രിസ്റ്റീഫർ ഭയങ്കര കോണ്ഫിഡന്റാണ്.
കൊടികുത്തിയ വക്കീലന്മാർ നാളെ അയാൾക്കുവേണ്ടി വാദിക്കും. ചിലപ്പോൾ ശിക്ഷയിൽ ഇളവുലഭിക്കും ബിക്കോസ് ഹി ഈസ്‌ ആ ഹാൻഡിക്യാപ്റ്റഡ്.” ഐജിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രഞ്ജന്റെ ഫോൺ ബെല്ലടിച്ചത്. ഇടതുചെവിയോട് ചേർത്തുവച്ച ബ്ലൂട്ടൂത്ത്ഹെഡ്‌സെറ്റിലേക്ക് രഞ്ജന്റെ കൈകൾ ചലിച്ചു.

“ഓഹ്, ഗുഡ് ന്യൂസ്. ഇങ്ങോട്ട് വരാൻ പറയു.” പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു. ഫോൺ കട്ട് ചെയ്ത് അയാൾ ഐജിയെ നോക്കി.

“സർ, സ്റ്റേഷനിൽ നിന്നാണ്, ഡയമണ്ട്‌സ് കിട്ടി. ഒരുമണിക്കൂറിനുള്ളിൽ അവരെത്തും.”

“മ്, വരട്ടെ..” ഐജി രഞ്ജൻ സമർപ്പിച്ച കേസിന്റെ ഫയലുകൾ ഓരോന്നായി ഒതുക്കിവച്ചു.

ഒരുമണിക്കൂറിന് ശേഷം സ്‌പെഷ്യൽ ടീം ഐജി ഓഫീസിലേക്ക് എത്തി. വണ്ടിയുടെ ഓരോ സ്‌പെയർപാട്‌സ് അഴിക്കുന്ന വീഡിയോ ടീമിലെ ഉദ്യോഗസ്ഥൻ ഐജിക്കും രഞ്ജനും കാണിച്ചുകൊടുത്തു.

ബജാജ് ‘ആപേ’യുടെ പിൻഭാഗത്തെ നമ്പർ പ്ലൈറ്റിനോടുചാരി നിർമ്മിച്ച ഒരു ചെറിയ പെട്ടിയിൽ ചുവന്ന പട്ടിൽ ഭദ്രമായിപൊതിഞ്ഞ ഒരു കിഴി കണ്ടെത്തി. വീഡിയോ ഓഫ്‌ ചെയ്ത് അയാൾ ആ കിഴി മേശപ്പുറത്തേക്ക് എടുത്തുവച്ചു.

രഞ്ജൻ ഉള്ളംകൈയിലേക്ക് ആ ഡയമണ്ട്‌സ് അടങ്ങുന്ന കിഴി എടുത്തു.

“KL 7 BM 1993, 50 കോടിയുടെ ഡയമണ്ട്‌സ്.” രഞ്ജൻ ഐജിയുടെ മുഖത്തേക്കുനോക്കി. കിഴി കെട്ടഴിച്ച് അയാൾ മേശപ്പുറത്തുള്ള വെളുത്ത കടലാസിലേക്ക് ചെരിഞ്ഞു. ഏകദേശം 10 മില്ലീമീറ്ററും നീല നിറമുള്ളതുമായ ഡയമണ്ട്‌സ് വെളുത്ത കടലാസിൽകിടന്നു തിളങ്ങി.

“സർ, ഇത് ബ്ലൂ മൂൺ എന്നറിയപ്പെടുന്ന ഒരു ഡയമണ്ടാണ്. ഇതിന്റെ വെയ്റ്റ് 12.03 ക്യാരറ്റാണ് അതായത് 2.406 ഗ്രാം. സൗത്ത് ആഫ്രിക്കയിലാണ് ഇതിന്റെ ആസ്ഥാനം. ഇത്രയും കൂടുതൽ സാധനം എത്തിയെങ്കിൽ കക്ഷി വിചാരിച്ചതിനെക്കാൾ എത്രയോ ഉയരത്തിലായിരിക്കും. സർ പറഞ്ഞത് ശരിയാണ് ഇതെല്ലാംകൂടി കൂട്ടിനോക്കുമ്പോൾ 50 കോടിയോളം വിലമതിപ്പുണ്ട്.

“ഓഹ്, അപ്പൊ നമ്പർ പ്ലേറ്റിലെ BM എന്നുപറയുന്നത് ബ്ലൂ മൂണാണ്, ഇപ്പോൾ കണക്റ്റായി. ഓക്കെ, താങ്ക് യൂ. ” രഞ്ജൻ പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.

“സർ. എന്നാ ഞാൻ.”

“ഓക്കെ, യൂ ക്യാൻ ഗൊ.” ഐജി ചെറിയാൻപോത്തൻ പോകുവാൻ അനുവാദം കൊടുത്തു.

ഹാഫ്ഡോർ തുറന്ന് അയാൾ പുറത്തേക്ക് പോകുന്നതുവരെ രഞ്ജൻ അയാളെത്തന്നെ നോക്കിനിന്നു.

“വാട്ട് നെക്സ്റ്റ് രഞ്ജൻ.” ഐജി ചോദിച്ചു.

“സർ, നീന മർഡർ കേസ്ഫയൽ ഇതോടുകൂടി ക്ലോസ് ചെയ്തു. മിനിസ്റ്റർ പോളച്ചനും ഡിജിപിയും ഒരുമിച്ചുള്ള ഒരു മീറ്റിംഗ് ഇന്ന് രാത്രിതന്നെ വയ്ക്കണം.
കാരണം എനിക്കുതന്നെ 14 ദിവസം നാളത്തോടെ അവസാനിക്കും. ഒരു ദിവസം മുൻപേ കേസ്ഫയൽ ഡിജിപിക്കു മുൻപിൽ ഹാജരാക്കണം.” രഞ്ജന്റെ അഭിപ്രായത്തെമാനിച്ച ഐജി ഉടനെതന്നെ അതിനുള്ള ഒടുക്കങ്ങൾ നടത്തി. രാത്രി 10 മണിക്ക് മിനിസ്റ്ററുടെ ഗസ്റ്റ് ഹൗസിൽ എത്താനുള്ള നിർദ്ദേശം കിട്ടിയ ഉടനെ രഞ്ജൻ റിപ്പോർട്ട് സമർപ്പിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

കൃത്യം 10 മണിക്കുതന്നെ ഐജിയും രഞ്ജനും മിനിസ്റ്റർ പോളച്ചന്റെ ഗസ്റ്റ് ഹൗസിൽ എത്തി. ഡിജിപിയുടെ വാഹനം പുറത്ത് കിടക്കുന്നുണ്ടായിരുന്നു. രഞ്ജൻ കാറിൽനിന്നുമിറങ്ങി ഡിജിപിയുടെ വാഹനത്തെനോക്കി പുഞ്ചിരിപൊഴിച്ചു.

അകത്തേക്കുകയറിയ അവർ ഹാളിൽ ഇരിക്കുന്ന ഡിജിപിയേയും മിനിസ്റ്ററേയും മുൻപിൽ സല്യൂട്ടടിച്ചുനിന്നു.

“എന്താടോ അർജന്റായി കാണണമെന്നുപറഞ്ഞത്.” ഡിജിപി ഇരിക്കുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ചോദി

“സർ, എന്നെ ഏൽപിച്ച ജോലികഴിഞ്ഞു.” രഞ്ജൻ കൈയിലുള്ള ഫയൽ ഡിജിപിക്കുനേരെ നീട്ടി.

“മ്, എനിക്കറിയാമടോ. യു ആർ എ ബ്രില്യന്റ് ഗൈയ്‌.”

“സർ. 15.11.2018 വ്യാഴാഴ്ച്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ ഇന്ദിരാവിമൻസ് ഹോസ്റ്റലിലെ കിച്ചണിൽ നീനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ആത്മഹത്യ എന്നുതോന്നിക്കുന്ന അതി സമർത്ഥമായ കൊലപാതകം. ഹോസ്റ്റലിൽ ഭക്ഷണമുണ്ടാക്കുന്ന വത്സലയിൽ നിന്നാണ് ആദ്യം തുടങ്ങുന്നത്. പിന്നീട് അപ്രതീക്ഷിതമായി മുന്നിൽ വന്നുചാടിയ അർജ്ജുൻ എന്ന മധ്യമപ്രവർത്തകനിലൂടെ ലൂക്കാഫ്രാൻസിസ് എന്നയാളിലേക്കും.”

“നീനയുമായി ഇവർക്കൊക്കെ എന്താ ബന്ധം.” ഡിജിപി അതുചോദിച്ചപ്പോൾ രഞ്ജൻ ഇരിപ്പിടത്തിൽനിന്നുമെഴുന്നേറ്റു.

“സർ, ഡയമണ്ട്‌സിന്റെ ഇന്റർനാക്ഷണൽ ഡീലറാണ് ക്രിസ്റ്റീഫർ. അതിലെ ഒരു കണ്ണിയാണ് നീന.”

“നൊ, എന്റെ കൊച്ച് അങ്ങനെയൊന്നും ചെയ്യില്ല..!” മിനിസ്റ്റർ പോളച്ചൻ പ്രകോപിതനായി

“സർ റിലാക്സ്. വിശ്വസിച്ചേ പറ്റൂ. അതിന്റെ തെളിവുകളാണ് സാറിന്റെ മുൻപിലിരിക്കുന്നത്. ആഡംബരജീവിതം നയിക്കാനായിരുന്നു നീനയ്ക്ക് ഇഷ്ടം. വീട്ടിൽനിന്ന് അതിനുള്ള പണം കിട്ടുന്നില്ലാത്തതുകൊണ്ട്. അവൾ പണത്തിനുവേണ്ടി പുറത്തേക്കിറങ്ങി. സുധി എന്ന ചെറുപ്പക്കാരനിലൂടെ അവൾ ലൂക്കാഫ്രാൻസിസിന്റെ അടുത്തെത്തി. തുടർന്ന് പല ഡലിവറികൾ. ആയിടക്കാണ് സുധിയുമായി പ്രണയത്തിലാകുന്നതും ഇടപാടുകൾ അവസാനിപ്പിക്കാനും മുതിരുന്നത്. സൗത്ത് ആഫ്രിക്കയിൽനിന്നും വന്ന 50 കോടിയുടെ ഡയമണ്ട്‌സ് മുംബൈ വഴി നീനയുടെ കൈകളിലെത്തുന്നതും ആയിടക്കാണ്. സുധിയുമായി നാടുവിടാൻ തീരുമാനിച്ച അവൾ ആന്ധ്രയിലെ ഒരു സേട്ടുവിന് ഡയമണ്ട്‌സ് മറിച്ചു വിൽക്കാൻ തീരുമാനിച്ചു. ഈ വിവരം സുധിയെ ഫോണിൽ വിളിച്ചുപറഞ്ഞു. സുധിയുടെ ഫോൺ ട്രെയ്സ് ചെയ്ത് ലൂക്കയും കൂട്ടുകാരും വിവരം എത്തിക്കേണ്ടിടത്ത് എത്തിച്ചു. നീന ഇനി തുടർന്നാൽ അവരെ സാരമായി അതുബാധിക്കുമെന്ന് മനസിലായതുകൊണ്ടാകാം കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഈ ക്രിസ്റ്റീഫർക്ക് അങ്ങയോട് വർഷങ്ങൾക്കുമുൻപുള്ള ഒരു പകയുണ്ട്. പണ്ട് ചന്ദന തൈലത്തിന്റെ ഒരു സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ ക്രിസ്റ്റീഫറുമുണ്ടായിരുന്നു, അന്ന് അങ്ങയെ വന്ന് കേസിൽനിന്നും ഒഴിവാക്കിത്തരാൻ കുറെ നിർബന്ധിച്ചു പക്ഷെ സത്യത്തിനൊപ്പം, നീതിക്കൊപ്പം നിൽക്കുന്ന അങ്ങയെപോലെയുള്ള ഒരാൾക്ക് അതിന് കഴിയുമായിരുന്നില്ല.”

“ഉവ്വ്, ഞാനോർക്കുന്നു. എന്നെ അപായപ്പെടുത്തുമെന്ന് അന്ന് ഫോൺ ഭീഷണി മുഴക്കിയിരുന്നു.” രഞ്ജൻ സംസാരിക്കുന്നതിനിടയിൽ കയറി മിനിസ്റ്റർ പറഞ്ഞു.

“യെസ് സർ, അതുതന്നെ. ആ ഒരു പ്രതികാരംകൂടെ അയാൾ ഇതിൽ ഉപയോഗിച്ചു. നീന തമാസിക്കുന്ന ഹോസ്റ്റലിലെ വാർഡനും മകളും ക്രിസ്റ്റീഫറുടെ ആളുകളാണ്. മോർഫിൻ എന്ന മരുന്ന് 5 mgക്കുമുകളിൽ നീനയുടെ ശരീരത്തിൽ കുത്തിവച്ച് മയക്കികിടത്തി. ബ്രില്യന്റായ ഒരു ഡോക്ടർക്കെ പോസ്റ്റ്‌മോർട്ടത്തിൽ അത് കണ്ടെത്താൻ കഴിയൂ. ശേഷം ലൂക്കവന്ന് അവളെ ഹോസ്റ്റലിലെ മെസ്സിൽ…” ബാക്കിപറയാൻ രഞ്ജൻ അല്പം ബുദ്ധിമുട്ടി.

“ലോക്കൽ പൊലീസ് അന്വേഷിച്ച ഈ കേസ് ആത്മഹത്യ ആണെന്നുപറഞ്ഞ് പിന്നെ എങ്ങനെ കൊലപാതകത്തിലേക്ക് എത്തി.?”

“സർ, വത്സലയുടെ ഒരു മൊഴിയാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. അവര് മെസ്സിലേക്ക് വന്നപ്പോൾ കുറച്ചപ്പുറത്ത് മാറി രണ്ടു കസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്നപോലെ കണ്ടു. അതാണ് വഴിത്തിരിവ്. പിന്നെ പോസ്റ്റുമോർട്ടം ചെയ്ത് ഡോക്ടറുടെ മരുമകന്റെ അകൗണ്ടിലേക്ക് വന്ന കണക്കില്ലാത്ത ഒരുകോടി രൂപ. വിശദമായ വിവരങ്ങൾ ഈ ഫയലിൽ ഉണ്ട് സർ. നീനയുടെ കൈവശമുണ്ടായിരുന്ന 50 കോടിയുടെ ഡയമണ്ട്‌സും ആ ഫയലിന്റെ കൂടെയുണ്ട്. ഐ പി സി 302, 307 120 എന്നീവകുപ്പുപ്രകാരം ലെനജോസ്, വാർഡൻ, ലൂക്കാഫ്രാൻസിസ്,ക്രിസ്റ്റീഫർ, ഡോക്ടർ ശ്രീനിവാസൻ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടാതെ ലൂക്കയ്ക്ക് മറ്റൊരു കേസുകൂടെയുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീജിത്ത് എന്ന പോലീസുകാരനെ കൈയേറ്റംചെയ്തതും, കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും,കൊലപാതകശ്രമവും. 307 പ്രകാരം വേറെ കേസ് എടുത്തിട്ടുണ്ട്.”

അത്രയും പറഞ്ഞ് രഞ്ജൻ ദീർഘശ്വാസമെടുത്തുനിന്നു.

“വാട്ട് നെക്സ്റ്റ് രഞ്ജൻ?” ഡിജിപി ചോദിച്ചു.

“എന്റെ ജോലി കഴിഞ്ഞു സർ. ഇനി നീതിപീഠത്തിന്റെഭാഗത്തുനിന്നാണ് അനുകൂലമായ വിധിയുണ്ടാകേണ്ടത്. എനിക്ക് തന്ന 14 ദിവസത്തിൽ ഒരു ദിവസംകൂടെ ബാക്കിയുണ്ട്. നാളെ ഞാൻ തിരിച്ചുപോകും. ഇവിടെ കാര്യങ്ങൾ നോക്കാൻ സി ഐ അനസുണ്ട്. അറസ്റ്റിലായവരെ നാളെ കഴിഞ്ഞ് തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കും.”

“രഞ്ജൻ, എന്റെ മോൾടെ മരണകാരണം എനിക്കറിയണം എന്നെയുണ്ടായിരുന്നോള്ളൂ. പക്ഷെ അതൊരു കൊലപാതകമാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല.” നിറമിഴികളോടെ മിനിസ്റ്റർ പറഞ്ഞു.

“സർ, റിലാക്സ്, ആരായാലും അവർക്ക് നിയമത്തിന്റെകീഴിലുള്ള പരമാവധി ശിക്ഷവാങ്ങികൊടുക്കും.” അടുത്തിരിക്കുന്ന ഡിജിപി മിനിസ്റ്ററെ ആശ്വസിപ്പിച്ചു.

“സർ, എന്നാ ഞാനങ്ങോട്ട്.”

രഞ്ജൻ പോകാനായി കസേരയിൽ നിന്നും എഴുന്നേറ്റു.

“ഗുഡ് വർക്ക് രഞ്ജൻ. നിങ്ങളെപോലെയുള്ള സിൻസിയറായ ഉദ്യോഗസ്ഥരാണ് കേരളാപോലീസിന്റെ അഭിമാനം. വൈകാതെ നമുക്ക് വേണ്ടും കാണാം.”

“സർ.” പുഞ്ചിരിതൂവികൊണ്ട് ഹസ്തദാനം നൽകി രഞ്ജൻ മിനിസ്റ്ററുടെ ഗസ്റ്റ് ഹൗസിൽ നിന്നും പടിയിറങ്ങി.

×××××××××

ഞായറാഴ്ച്ച ആയതുകൊണ്ട് രഞ്ജൻ എഴുന്നേൽക്കാൻ അല്പം താമസിച്ചു. വലത്തുവശത്തുള്ള ചെറിയ മേശയുടെ മുകളിൽനിന്നും ഭാര്യ ശാലിനിയെ വിളിക്കാൻ മൊബൈൽഫോണെടുത്ത് നോക്കിയപ്പോഴായിരുന്നു അർജ്ജുവിന്റെ സന്ദേശം കണ്ടത്. ഉടൻ തന്നെ രഞ്ജൻ തിരിച്ചുവിളിച്ചു.

“സർ, ആകെ പ്രശ്നമായി, വൈഗയെ ഞാൻ വിളിച്ചിറക്കികൊണ്ടുവന്നിരുന്നു. ഇപ്പോൾ അവളുടെ വീട്ടുക്കാർ വന്ന് പ്രശ്നമുണ്ടാക്കി. എനിക്കെതിരെ കേസ് കൊടുത്തു. സർ എങ്ങനെയെങ്കിലും ഹെല്പ് ചെയ്യണം.”

“ഹഹഹ, അതുകലക്കി. എന്തായാലും സ്റ്റേഷനിൽനിന്നു വിളിക്കുമ്പോൾ പൊയ്ക്കോളൂ. എന്നിട്ട് അവിടെനിന്നും എന്നെ വിളിച്ചാൽമതി ഞാൻ പറഞ്ഞോളാം. ആ പിന്നേയ് ഞാനിന്ന് മണ്ണാർക്കാട്ടേക്ക് തിരിച്ചുപോകും. എന്റെ ഡ്യൂട്ടി കഴിഞ്ഞു.” ഉമ്മറത്തെ വാതിൽതുറന്ന് അയാൾ മുറ്റത്തേക്കിറങ്ങി.

“ഓക്കെ സർ. കുഴപ്പൊന്നും ഇല്ല്യങ്കിൽ ഞാൻ കല്യാണം വിളിച്ചുപറയാം സർ വൈഫിനേയും കൂട്ടിവരണം.”

“ഓഫ് കോഴ്‌സ്.” ഫോൺ കട്ട് ചെയ്ത് രഞ്ജൻ ഉദിച്ചുയരുന്ന അരുണനെ നോക്കി ദീർഘശ്വാസമെടുത്തുനിന്നു. ശേഷം കുളികഴിഞ്ഞ് ഹോസ്പിറ്റലിൽ അഡ്മിറ്റായ ശ്രീജിത്തിനെ പോയികണ്ടു. കേസിന്റെ സ്ഥിതിഗതികൾ സംസാരിച്ച് കുറച്ചുനേരം അവിടെയിരുന്നശേഷം യാത്രപറഞ്ഞ് നേരെ പോയത് അനസിന്റെ അടുത്തേക്കായിരുന്നു. ഉച്ചഭക്ഷണം അനസിന്റെകൂടെയിരുന്ന് കഴിച്ചതിനുശേഷം ജിനുവിനെ അവർ താമസിക്കുന്ന ഹോട്ടലായ ക്രൗൺപ്ലാസയിൽ ചെന്നുകണ്ടു.

“ജിനു, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഞങ്ങളീ പോലീസുകാർക്ക് സെന്റിമെൻസ് ഒന്നുമില്ല. എല്ലാവരെയും കുറ്റവാളികളായി കാണുക, ചോദ്യം ചെയ്യുക. അത്രേയുള്ളൂ. ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടിയാൽപിന്നെ ജോലി എളുപ്പമാകും. ജിനു കുറച്ചുകാര്യങ്ങൾ ഞങ്ങളിൽനിന്നും മറച്ചുവച്ചു. പിന്നീട് അത് മനസിലായി എന്നുണ്ടെങ്കിലും അന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ..”

“സോറി സർ, ” ഇടയിൽകയറി അവൾ പറഞ്ഞു.

“ആദ്യം ഒരു നുണ പറയും, പിന്നെ അതിനെ മറച്ചുപിടിക്കാൻ മറ്റൊരു നുണപറയുമ്പോൾ നമ്മളത് വിശ്വസിച്ചുപോകുന്നു. അതിൽ നഷ്ടമല്ലാതെ ലാഭമൊന്നുമില്ല.!

ആലോചിച്ചു നോക്കൂ..”

ശിരസ് താഴ്ത്തിനിൽക്കുന്ന അവളോട് കേസുമായി ഇനി ബുദ്ധിമുട്ടിക്കില്ലാ എന്നു പറഞ്ഞ് രഞ്ജൻ അനസിനൊപ്പം ഹോട്ടലിൽ നിന്നും തിരിച്ചു.

ശാലിനിക്കുള്ള അല്പം സാധനങ്ങൾ വാങ്ങി, നാളെ കോടതിയിൽ ഹാജരാക്കുന്നതുവരെയുള്ള ചുമതല അനസിനെ ഏല്പിച്ചു രഞ്ജൻ മടങ്ങുമ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞിരുന്നു. മണ്ണാർക്കാട്ടെ തന്റെ വീട്ടിൽ വന്നുകയറിയ രഞ്ജൻ കോളിങ് ബെല്ലടിച്ച് ഉമ്മറത്ത് നിന്നു. വാതിൽതുറന്ന ശാലിനി ദേഷ്യത്തോടെ മുഖം തിരിച്ചു നിൽക്കുന്നതുകണ്ട രഞ്ജൻ പിന്നിലൂടെവന്ന് അരക്കെട്ടിലൂടെ കൈകളിട്ട് തന്നിലേക്ക് ചേർത്തു നിറുത്തിചോദിച്ചു.

“എന്താണ് മാഷേ പിണക്കം,മ്.?”

“ഇന്ന് ഉച്ചക്ക് വരുംമെന്നു പറഞ്ഞിട്ട് ഞാൻ കുറെ കാത്തിരുന്നു.” ശാലിനി പരിഭവം പറഞ്ഞു.

“ജോലിത്തിരക്കല്ലേ..”

“ഓഹ്, ജോലിക്ക് കയറിയാൽ പിന്നെ നമ്മളെയൊന്നും പിടിക്കില്ലല്ലോ.” മുറുകെ പിടിച്ച അയാളുടെ ബന്ധനം വേർപെടുത്തി അവൾ അടുക്കളയിലേക്കു നടന്നു. പരിഭവങ്ങളും പരാതികളും അന്നത്തെ രാത്രികൊണ്ട് അവസാനിപ്പിച്ച രഞ്ജൻ രാവിലെ ചായയുമായി വന്ന ശാലിനി വന്നുവിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. ചായക്കപ്പ് അടുത്തുള്ള മേശപ്പുറത്ത് വച്ചിട്ട് രഞ്ജൻ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു.

“എന്റെ കർത്താവേ, പുതിയ കേസുകളുമായിവന്ന് ഈ നായരുട്ടീടെ അടുത്തുനിന്നും എന്നെ നീ അകറ്റല്ലേ..” അത്രയും പറഞ്ഞ് രഞ്ജൻ പുതപ്പെടുത്ത് തലവഴി മൂടി.

അവസാനിച്ചു…

ഈ നോവലെഴുതാൻ എന്നെ പ്രേരിപ്പിച്ച ദീപ എന്ന ജിനു, അക്സ, അതുല്ല്യ, നിങ്ങളെ ഈ നിമിഷം ഞാനോർക്കുന്നു. ഇതുവരെയുള്ള നല്ലവായനക്കും തന്ന സ്നേഹത്തിനും, പ്രോത്സാഹനത്തിനും, ക്ഷമയോടെയുള്ള കാത്തിരിപ്പിനും ഒരുപാട് നന്ദി. അകാലത്തിൽ പൊലിഞ്ഞ ഞങ്ങളുടെ കുഞ്ഞിമോൾ ശിവരാമി ധനിജ (ഹീര)യുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് സ്നേഹപൂർവ്വം വിനു വിനീഷ്.

Comments:

No comments!

Please sign up or log in to post a comment!