ഡിറ്റക്ടീവ് അരുൺ 11

“രാകേഷ് ഒരുപക്ഷേ ആ വോയിസ് റെക്കോർഡർ അരുണിന് കിട്ടിയിട്ടുണ്ടെങ്കിൽ, തീർച്ചയായും ആ ലോഡ്ജിൽ ഇന്നവൻ നമ്മളെ പ്രതീക്ഷിക്കുന്നുണ്ടാകും.” സൂര്യൻ രാകേഷിനോടായി പറഞ്ഞു.

“അത് ശരിയാണേട്ടാ. ആ വോയിസ് റെക്കോർഡർ അവർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ.. അങ്ങനെയെങ്കിൽ നമ്മൾ എന്തു ചെയ്യും.”

“അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഐഡിയ ഉണ്ട്.”

“എന്താണ് ഏട്ടാ അത്.” ആകാംഷയോടെ രാകേഷ് ചോദിച്ചു.

“അതിന് പ്രധാനമായും രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്. ഒന്നാമത്തെ കാര്യം അവനെ ഭയപ്പെടുത്തുന്ന അത്രയും ആളുകൾ അവിടെ എത്തുക എന്നതാണ്. അതായത്, അവൻ അവിടെ എത്തിയിട്ടുണ്ടെങ്കിൽ നമ്മുടെ ആളുകളുടെ എണ്ണം കാണുമ്പോൾ അവന് നമ്മളോട് പോരാടാനുള്ള തോന്നൽ ഉണ്ടാവരുത്.”

“മനസ്സിലായി ഏട്ടാ രണ്ടാമത്തെ കാര്യം എന്താണ്.?”

“രണ്ടാമത്തെ ഒരു കാര്യം എല്ലാവരും ഒരേ കളർ ഉള്ള ഡ്രസ്സുകൾ ധരിക്കുക ഒരേ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുക.”

“അതെന്തിനാ ചേട്ടാ ഒരു പോലത്തെ വസ്ത്രങ്ങൾ ധരിക്കുകയും ഒരു പോലത്തെ വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത്.?”

“നമ്മൾ അവിടെ നിന്നും മടങ്ങുമ്പോൾ അവൻ നമ്മളെ പിന്തുടരാനുള്ള സാധ്യതയുണ്ട്. സൊ നമ്മുടെ ആളുകൾ പലവഴിക്ക് പോയാൽ അവന് പിന്നെ നമ്മളെ പിന്തുടരാൻ കഴിയില്ല.”

“അതൊരു സൂപ്പർ ഐഡിയ ആണ്. ഞാൻ വേഗം തന്നെ അതിനുള്ള ഒരുക്കങ്ങൾ നടത്തട്ടെ. ഒരു പക്ഷെ അവൻ വന്നില്ലെങ്കിൽ നമ്മുടെ ഈ ഒരുക്കങ്ങൾ ഒക്കെ പാഴായി പോവില്ലേ.”

“പാഴായിപ്പോകുന്ന അതല്ലല്ലോ നമ്മുടെ വിഷയം. നമ്മൾ പിടിക്കപ്പെടരുത്. അതുമാത്രമാണ് നമ്മുടെ ലക്ഷ്യം. ഒരു സാധ്യതയേയാണ്. ഇതിലൂടെ നമ്മൾ ഇല്ലാതാക്കുന്നത്.”

“മനസ്സിലായി ഏട്ടാ. ഞാൻ പോയി പെട്ടെന്ന് തന്നെ തിരിച്ചു വരാം.” രാകേഷ് സൂര്യനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

“ഇനി എന്താണ് സാർ അടുത്ത പരിപാടി.” ഭക്ഷണം കഴിച്ചശേഷം, കൈ കഴുകുന്ന അതിനിടയിൽ അലി അരുണിനോട് ചോദിച്ചു.

നന്ദന്റെ ലോഡ്ജ് വരെ ഒന്നു പോകണം. ഇന്ന് രാത്രി അവിടെ നന്ദന കൊലപാതകികൾ വരുന്നുണ്ടെങ്കിൽ അവർ ആരാണെന്ന് അറിയാം.” ആലോചനയോടെ അരുൺ പറഞ്ഞു.

“അതുകൊണ്ട് വലിയ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല സാർ. കാരണം അവരെവിടെ വരുന്നുണ്ടെങ്കിൽ അത് നിങ്ങളെ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാവും. അതുകൊണ്ടുതന്നെ ഒരു കടമ്പയെ മറികടക്കാനുള്ള മുൻകരുതലും അവരെടുത്തു കാണും.”

“നീ എന്താണ് ഈ പറഞ്ഞു വരുന്നത്.

അവരെവിടെ വരുന്നുണ്ടെങ്കിൽ നമുക്ക് അവരെ കണ്ടെത്താൻ എളുപ്പമല്ലേ.”

“കണ്ടെത്താൻ അത്ര എളുപ്പം ഉണ്ടാകില്ല. കാരണം നിങ്ങൾ അവിടെ എത്തുകയാണെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാൻ എന്തു മുൻകരുതലാണോ എടുക്കേണ്ടത് അതവർ എടുത്തിട്ടുണ്ടാകും. അതുകൊണ്ട് ഈ രാത്രി നിങ്ങൾ എവിടെ പോകുന്നതിന് വലിയ പ്രയോജനം ഒന്നും ഉണ്ടാകില്ല. വെറുതെ ആ സമയം പാഴാക്കണ്ടാ. ഇന്നലെ രാത്രി ഉറങ്ങാത്തതല്ലേ. ഇനി ഉറങ്ങാം. ബാക്കിയുള്ളത് എന്തും നാളെ നോക്കാം.”

“അങ്ങനെയാണെങ്കിൽ അലി ആ ലാപ്ടോപ് ഒന്ന് തരൂ. ഇന്നത്തെയും ഇന്നലത്തെയും വിവരങ്ങൾ അതിൽ രേഖപ്പെടുത്തുന്നുണ്ട്.”

“ഓക്കേ സർ. ഞാൻ സാറിന്റെ വർക്ക് കഴിഞ്ഞത്തിനു ശേഷം കേസിനെക്കുറിച്ച് പഠിക്കാം.” മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് എടുത്ത് അരുണിന്റെ കയ്യിൽ കൊടുത്തുകൊണ്ട് അലി പറഞ്ഞു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

ഡ്യൂട്ടി അവസാനിച്ചശേഷം എസ് ഐ സ്വാമിനാഥൻ പോലീസ് ജീപ്പിൽ കയറി. അയാൾ കോൺസ്റ്റബിൾ രാമന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി.

പത്ത് മണിക്ക് മുമ്പ് തന്നെ അയാൾ കോൺസ്റ്റബിൾ രാമന്റെ വീട്ടിലെത്തി. അയാൾ ജീപ്പിൽ നിന്നിറങ്ങി, പരിസരം ഒന്ന് വീക്ഷിച്ചു.

ചാരിയിട്ട വാതിലിലൂടെ വെളിച്ചം പുറത്തേക്ക് അരിച്ച് വരുന്നുണ്ടായിരുന്നു. അയാൾ മുൻവശത്തെ വാതിൽ പതിയെ തട്ടിക്കൊണ്ടു വിളിച്ചു. “രാമേട്ടാ.”

“സാറേ കേറി വന്നോളൂ. വാതിൽ കുറ്റി ഇട്ടില്ല. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്.” അകത്ത് നിന്നും കോൺസ്റ്റബിൾ രാമന്റെ ശബ്ദം പുറത്തേക്കെത്തി.

ചാരിക്കിടന്ന വാതിൽ തുറന്ന് സ്വാമിനാഥൻ അകത്ത് കയറി. ഹാളിലെ ഡൈനിങ്ങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്ന രാമനെയും ഭാര്യയെയും അയാൾ കണ്ടു.

ഇരിക്ക് സാറേ.കഴിച്ചിട്ട് പോവാം. ഒരു പ്ലേറ്റ് എടുത്ത് കസാര ക്ക് മുമ്പിൽ വെച്ച് കൊണ്ട് രാമൻ പറഞ്ഞു.

വിശപ്പുണ്ടായിരുന്നത് കൊണ്ട് ഫോർമാലിറ്റി ക്കൊന്നും നിൽകാതെ സ്വാമിനാഥൻ ആ ക്ഷണം സ്വീകരിച്ചു. രാമൻ അയാളുടെ പാത്രത്തിലേക്ക് ചോറും കറിയും വിളമ്പി.

എത്രയും പെട്ടന്ന് അവിടെ നിന്ന് ബറങ്ങണമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ അൽപം വേഗത്തിലാണ് സ്വാമിനാഥൻ ഭക്ഷണം കഴിച്ചത്.

ഭക്ഷണത്തിനു ശേഷം നേരം കളയാതെ അവർ പോകാനിറങ്ങി. ഇറങ്ങാൻ നേരം ഭാര്യയോട് യാത്ര പറയാനും രാമൻ മറന്നില്ല.

രാത്രി ഏകദേശം പത്തര മണിയോടെയാണ് എസ് ഐ സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിന് സമീപം എത്തിയത്.
പോലീസ് ജീപ്പ് കുറച്ചു ദൂരെ മറ്റാരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് പാർക്ക് ചെയ്ത ശേഷം ലോഡ്ജ് കാണുന്ന രീതിയിൽ എന്നാൽ അവരെ അത്രപെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് ഇരിപ്പുറപ്പിച്ചു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

“രാകേഷ് എല്ലാം റെഡിയല്ലേ.?” ചോദ്യം സൂര്യന്റെ വകയായിരുന്നു. ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്ത ശേഷം സൂര്യനെ കാണാൻ വന്നതായിരുന്നു രാകേഷ്.

“ഏറെക്കുറേ നമുക്ക് ഇരുപത്തിയെട്ട് ബൈക്കുകൾ ആണ് കിട്ടിയിട്ടുളളത്.”

“മതി തൽകാലം അത് മതി. ഓരോ വണ്ടിയിലും രണ്ട് പേർ വീതം കയറണം. എന്നാലേ എണ്ണം കൊണ്ട് അവനെ ഭയപ്പെടുത്താൻ സാധിക്കൂ.”

“ഓക്കെ ഏട്ടാ. ഞങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങുകയാണ്. അവരെല്ലാം വഴിയിൽവെച്ച് ജോയിൻ ചെയ്യാം എന്നാണ് പറഞ്ഞത്.”

“അത് നന്നായി. മടങ്ങി പോരുന്ന വഴി അവരോട് അങ്ങനെ തന്നെ തിരിച്ച് വീട്ടിലേക്ക് പോകാൻ പറഞ്ഞോളൂ.”

“അത് ഞാൻ പറയാമേട്ടാ. അല്ല ഏട്ടൻ വരുന്നില്ലേ.?”

“ഇല്ലെടാ അവിടേക്ക് എന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ പോയി അതെടുത്തിട്ട് വാ. അഥവാ അതവിടെ ഇല്ലെങ്കിൽ നേരെ അരുണിന്റെ വീട്ടിലേക്ക്. അവിടേക്ക് ഞാനും വരാം. വിളിച്ചാൽ മതി.”

“ശരി ഏട്ടാ. എന്നാൽ ഞാനിറങ്ങുന്നു.” ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ട് രാകേഷ് പറഞ്ഞു.

“സാധനം കയ്യിൽ കിട്ടിയില്ലെങ്കിൽ വിളിക്ക്.”

“ഓകെ. ഞാൻ വിളിക്കാം.” അവൻ ബൈക്ക് മുമ്പോട്ടെടുത്ത് കൊണ്ട് പറഞ്ഞു.

സൂര്യന്റെ വീടിന്റെ മുറ്റത്ത് നിന്നും രാകേഷിന്റെ ബൈക്ക് റോഡിലേക്കിറങ്ങി. അവിടെ നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ കൂടി സ്റ്റാർട്ടായി. ഒരു റാലി പോലെ അവ നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജ് ലക്ഷ്യം വെച്ച് കുതിച്ചു.

ഓരോ വഴി പിന്നിടുമ്പോഴും കൂടെയുള്ള ബൈക്കുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരുന്നു. ഒരു ആഘോഷ തിമർപ്പിലെന്ന പോലെ ചൂളം വിളിച്ചും മറ്റ് ശബ്ദങ്ങളുണ്ടാക്കിയും അവ മുന്നിലേക്ക് കുതിച്ചു.

രാകേഷ് നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിനു സമീപം എത്തിയപ്പോൾ അയാളോടൊപ്പം ഇരുപത്തിയെട്ട് ബൈക്കുകളും ഉണ്ടായിരുന്നു. അതിൽ കുറച്ച് പേർ റോഡിൽ ഇറങ്ങി ബാന്റ് അടിക്കാനും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തുള്ളിക്കളിക്കാനും തുടങ്ങി.

രാകേഷും നാലഞ്ച് പേരും ബൈക്കിൽ നിന്നിറങ്ങി നന്ദൻ മേനോന്റെ മുറി ലക്ഷ്യമാക്കി നടന്നു. വാതിൽ ചവിട്ടിത്തുറന്ന് അവർ അകത്ത് കയറി. അവർ തങ്ങളുടെ കയ്യിൽ കരുതിയിരുന്ന ടോർച്ചുകൾ പ്രകാശിപ്പിച്ച് തിരച്ചിലാരംഭിച്ചു.


ഹാളിനുള്ളിലെ തറയിൽ കിടന്നിരുന്ന ആ വോയ്സ് റെക്കോർഡർ കണ്ടെത്താൻ വലിയ തിരച്ചിലിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.

“ടാ സാധനം കിട്ടി ഇനി എത്രയും പെട്ടന്ന് മടങ്ങണം.” രാകേഷ് കൂടെ വന്നവരോടായി പറഞ്ഞു. രാകേഷ് ആ വോയ്സ് റെക്കോർഡർ കീശയിലിട്ടു.

അവർ ആറുപേരും കൂടി പുറത്തേക്കിറങ്ങി. അവർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ കയറിയപ്പോൾ അവിടെ ബാന്റ് മുഴക്കിക്കൊണ്ടിരുന്നവരും അത് നിർത്തി ബൈക്കുകളിൽ കയറി. അവരത് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

രാത്രി പന്ത്രണ്ട് മണിയോടെ രാകേഷും കൂട്ടരും ഇരുപതോളം ബൈക്കുകളിലായി നന്ദൻ മേനോന്റെ ലോഡ്ജിന് മുമ്പിലെത്തിയത് എസ് ഐ സ്വാമിനാഥൻ കണ്ടു. എല്ലാ ആളുകളും ഉപയോഗിക്കുന്നത് ഒരു പോലെയുള്ള ബെെക്കുകൾ. അവരുടെ വസ്ത്രങ്ങളുടെ കളറും ഒരുപോലെ തന്നെ. അവർ മങ്കി ക്യാപ് ഉപയോഗിച്ച് മുഖം ഭാഗികമായി മറച്ചിരുന്നു.

അയാൾ നോക്കി നിൽകെ ആ ബൈക്കുകളിൽ നിന്നിറങ്ങിയ കുറച്ച് പേർ വലിയ ബാന്റ് നിലത്തിറക്കിവെച്ച് അതിലടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി.

“എന്താ സാർ ഇത്.” പുറത്ത് നടക്കുന്ന സംഭവ വികാസങ്ങൾ കണ്ട് രാമൻ എസ് ഐ സ്വാമിനാഥനോട് ചോദിച്ചു.

“അറിയില്ല. നമുക്ക് നോക്കാം.” അയാൾ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.

അപ്പോഴാണ് ബൈക്കിൽ നിന്നിറങ്ങിയ കുറച്ച് പേർ നന്ദൻ മേനോന്റെ കോട്ടേഴ്സിന് നേരെ പോകുന്നത് സ്വാമിനാഥൻ കണ്ടത്. തങ്ങൾ കാണുന്നതൊന്നും യാദൃശ്ചിക സംഭവമല്ല പ്ലാൻ ചെയ്തതാണെന്ന് അയാൾക്ക് മനസ്സിലായി.

വാതിൽ തകർക്കുന്നതിന്റെ ശബ്ദം കേൾക്കാതിരിക്കാനാണ് ബാന്റ് കൊട്ടുന്നതെന്നും അയാൾക്ക് മനസ്സിലായി. തങ്ങൾ രണ്ട് പേരെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന യാഥാർഥ്യം അയാൾ തിരിച്ചറിഞ്ഞു.

അയാൾ വേഗം പോലിസ് സ്റ്റേഷനിലെ നമ്പർ ഡയൽ ചെയ്തു. അൽപസമയത്തിനകം തന്നെ കോൾ എടുക്കപ്പെട്ടു. “ഹലോ പോലീസ് സ്റ്റേഷൻ.”

“എസ് ഐ സ്വാമിനാഥനാണ്. ഞാൻ ഇപ്പോൾ നന്ദൻ മേനോൻ മരണപ്പെട്ട ലോഡ്ജിലാണുള്ളത്. എത്രയും പെട്ടന്ന് രണ്ട് വണ്ടി പോലീസുകാരെ ഇവിടേക്കയക്കണം.”

“എന്താ സാർ പ്രശ്നം.?”

“ഈ ലോഡ്ജ് ആക്രമിക്കാനായി ഒരു കൂട്ടം ആളുകൾ എത്തിയിട്ടുണ്ട്. അവരിപ്പോൾ നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിന്റെ വാതിൽ തകർക്കാനുള്ള ശ്രമത്തിലാണ്.” അയാൾ സംഭവങ്ങൾ വീക്ഷിച്ചു കൊണ്ട് പറഞ്ഞു.

“സാർ ഇപ്പോൾ സ്റ്റേഷനിൽ ജീപ്പൊന്നുമില്ല ഒന്ന് സാർ കൊണ്ട് പോയതാണ് മറ്റ് മൂന്നെണ്ണം നൈറ്റ് പട്രോളിങ്ങിനും.


“എങ്കിൽ നൈറ്റ് പട്രോളിങ്ങിന് പോയവരോട് എത്രയും പെട്ടന്ന് ഇവിടേക്കെത്താൻ പറയൂ.”

“ശരി സാർ ഞാൻ അവരെ വിളിച്ച് കാര്യങ്ങൾ അറിയിക്കാം.”

“ഓകെ.” സ്വാമിനാഥൻ കേൾ കട്ട് ചെയ്തു.

സ്വാമിനാഥനൻ നോക്കി നിൽകെ അവർ വാതിൽ തകർത്ത് അകത്ത് കയറി. അൽപം കഴിഞ്ഞപ്പോൾ അവർ പുറത്തേക്കിറങ്ങി വരുന്നത് അയാൾ കണ്ടു.

അവർ മടങ്ങുന്നത് നോക്കി നിസ്സഹായനായി നിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു. ജീപ്പ് കുറച്ചകലെ മാറ്റിയിട്ടത് കൊണ്ട് അവരെ പിന്തുടരാനും അയാൾക്ക് കഴിഞ്ഞില്ല.

അവർ പോയിക്കഴിഞ്ഞപ്പോൾ കോൺസ്റ്റബിൾ രാമനോടൊപ്പം സ്വാമിനാഥൻ ലോഡ്ജ് ലക്ഷ്യമാക്കി നടന്നു.

വലിച്ചു പറിച്ച് കളഞ്ഞ Do Not cross Police എന്നെഴുതിയ റിബണും തകർന്നു കിടക്കുന്ന വാതിലും അയാൾ കണ്ടു. അകത്ത് കയറി പരിശോദന നടത്തിയെങ്കിലും അയാൾക്ക് കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് നൈറ്റ് പട്രോളിങ്ങിന് പോയ പോലീസുകാർ എത്തിയത്. നേരം വൈകിയതിന് സ്വാമിനാഥൻ അവരോട് തട്ടിക്കയറി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

അരുൺ അലിക്ക് ലാപ്ടോപ്‌തിരികെ നൽകിയതിന് ശേഷം അത് മുഴുവൻ നോക്കി മനസ്സിലാക്കിയ ശേഷമാണ് അലി ഉറങ്ങാൻ കിടന്നത്. രശ്മിയെ കാണാതായ കേസിൽ താൻ മനസ്സിലാക്കിയതിന്റെ ബാക്കി കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയായിരുന്നു അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്.

ഒരു ദിവസത്തെ ഉറക്കം ക്ഷീണവും യാത്രാ ക്ഷീണവും ഉണ്ടായിരുന്നതുകൊണ്ട് അരുൺ കിടന്ന് ഉടൻതന്നെ ഉറങ്ങിപ്പോയി.

രാവിലെ ഉണരുമ്പോൾ അലി ഉറക്കമായിരുന്നു. അവൻ അലിയെ ശല്യം ചെയ്യാതെ പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. അതിനുശേഷം അയാൾ ഭക്ഷണം വാങ്ങാൻ ആണ് പോയത്.

ഭക്ഷണം വാങ്ങി വരുമ്പോഴും അലി ഉറക്കമായിരുന്നു. കഴിക്കാനുള്ള പാത്രം ടേബിളിലേക്ക് എടുത്തു വച്ച ശേഷം അരുൺ അരി കിടക്കുന്ന കട്ടിലിനരികിലെത്തി.

അലി എഴുന്നേൽക്ക് സമയം എട്ടര കഴിഞ്ഞിരിക്കുന്നു. അരുൺ അവനെ വിളിച്ചുണർത്താൻ ശ്രമിച്ചു.

അലി മെല്ലെ മൂരി നിർത്തിക്കൊണ്ട് എഴുന്നേറ്റു. ഉറക്കത്തിൽ നിന്നും ഉണർന്ന അവനെ പെട്ടെന്ന് കിടന്ന് സ്ഥലത്തെക്കുറിച്ചും അരുണിനെ കുറിച്ചും ഓർമ്മ വന്നിരുന്നില്ല. അതിന്റെ അങ്കലാപ്പിൽ നിന്നും മുക്തനാകാൻ അവനെ രണ്ട് നിമിഷം വേണ്ടി വന്നു.

“സാറെ ഉമിക്കരി ഉണ്ടോ.?” അലി ഒരു കോട്ടുവായിട്ടുകൊണ്ട് ചോദിച്ചു.

“ഇല്ല. വാഷ് റൂമിൽ പേസ്റ്റ് ഉണ്ട്. നീ പോയി പല്ല് തേച്ചിട്ട് വാ.”

“ഞാൻ ബ്രഷ് ഒന്നും എടുത്തിട്ടില്ല സാറേ.”

“ടൂത്ത് പേസ്റ്റിന് അടുത്തു തന്നെ പൊട്ടിക്കാത്ത ഒരു കവറിൽ പുതിയ ബ്രഷ് ഉണ്ട്. അത് നിനക്കായി വാങ്ങിയതാണ്.”

അലി പല്ലുതേക്കാനായി പോയി. അല്പസമയം കൊണ്ട് തന്നെ അവനും പ്രഭാതകൃത്യങ്ങൾ എല്ലാം തീർത്തശേഷം വന്നു. ശേഷം അവർ ഒന്നിച്ചിരുന്ന് ചായ കുടിച്ചു.

അതുകഴിഞ്ഞ് അലി കുളിക്കാൻ പോയി. കുളി കഴിഞ്ഞ് അവൻ മടങ്ങി വന്നപ്പോൾ ഒരു പഴയ തുടങ്ങിയ വസ്ത്രമായിരുന്നു ധരിച്ചത്. അവന്റെ കയ്യിൽ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവന്റെ പഴകി തുടങ്ങിയ വസ്ത്രം കണ്ടപ്പോൾ അരുൺ നിന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി. അവൻ വേഗം അലിയെയും കൂട്ടി അലിക്ക് ഡ്രസ്സ് വാങ്ങാനായി പുറപ്പെട്ടു. തരക്കേടില്ലാത്ത ഒരു ടെക്സ്റ്റൈൽസിൽ കയറി അവൻ അലിക്ക് രണ്ടുമൂന്നു ജോഡി ഡ്രസ്സുകൾ വാങ്ങി.

അലിയോട് ട്രയൽ റൂമിൽ വെച്ച് തന്നെ ഡ്രസ്സ് മാറി വരാൻ അരുൺ പറഞ്ഞു. അരി അപ്രകാരം തന്നെ ചെയ്തു. ബാക്കിയുള്ള ഡ്രസ്സുകൾ ഒരു കവറിലാക്കി അരുൺ തന്നെ ബൊലേറോ യുടെ പിൻസീറ്റിലെക്കിട്ടു.

അരുൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോൾ അലി ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

“അലി, ഡ്രസ്സ് വീട്ടിൽ വച്ച ശേഷം നമ്മൾ നേരെ പോകുന്നത് പ്രേമചന്ദ്രനെ കാണാനാണ്. പ്രേമചന്ദ്രൻ ഇനി ഈ കേസ് അന്വേഷിക്കേണ്ട എന്നാണ് എന്നോട് അവസാനമായി പറഞ്ഞത്. ഈ കൂടിക്കാഴ്ചയോടു കൂടി അദ്ദേഹത്തിന്റെ ആ വാക്ക് മാറ്റിയെടുക്കണം.”

“ശരി സാർ.” അലി മറുപടി നൽകി.

അരുണിന്റെ വീട്ടിലേക്ക് എത്താൻ അവർ അധികം സമയമെടുത്തില്ല. അരുൺ അലിക്കായി വാങ്ങിയ ഡ്രസ്സ് അലമാരയിൽ വച്ച് വന്നപ്പോഴേക്കും അലി താനിന്നലെ വരച്ച ചിത്രം കയ്യിൽ എടുക്കുകയായിരുന്നു. ആ ചിത്രം അരുൺ കാണാതെ അവൻ മടക്കി കീശയിൽ നിക്ഷേപിച്ചു.

അപ്പോഴേക്കും പത്ത് മണി ആയിരുന്നു. അവർ പ്രേമചന്ദ്രന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.

പ്രേമചന്ദ്രന് വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ അരുൺ വണ്ടി ഒന്നു നിർത്തി. അവൻ മനസ്സിൽ എന്തോ ആലോചിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു.

“അലി നീ പോയിട്ട് ഒരു ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങിയിട്ട് വാ.” പോക്കറ്റിൽ നിന്നും അമ്പത് രൂപ എടുത്ത് അലിക്ക് നേരെ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.

“എന്താ സാർ പെട്ടെന്ന് സിഗരറ്റ് വലിക്കാൻ ഒരു തോന്നൽ.” അവൻ കൈ നീട്ടി അത് വാങ്ങി കൊണ്ട് അരുണിനോട് ചോദിച്ചു.

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല നീ പറഞ്ഞത് കേട്ടാൽ മതി. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട.” അരുൺ സ്വരമൊന്നു കടുപ്പിച്ചു.

“ഓക്കേ സർ.” ചെറിയൊരു വിഷമത്തോടെ ആയിരുന്നു അലി അത് പറഞ്ഞത്. തൊട്ടടുത്തുള്ള കട തിരഞ്ഞ് റോഡിലേക്കിറങ്ങി.

അലി പോയതിനുശേഷം അരുൺ ബൊലേറോ ഗേറ്റിംഗ് അകത്തേക്ക് കയറ്റി മരത്തിന്റെ ഒരു സൈഡിൽ നിർത്തിയശേഷം അതിൽ നിന്നും ഇറങ്ങി. അവൻ പരിസരം ഒന്ന് വീക്ഷിച്ചു. സിറ്റൗട്ടിൽ ആരുമുണ്ടായിരുന്നില്ല. വാതിൽ ചാരി കിടക്കുകയായിരുന്നു.

അരുൺ കോളിംഗ് ബെല്ലിൽ വിരലമർത്തി.

വാതിൽ തുറന്നത് പ്രേമചന്ദ്രൻ തന്നെയായിരുന്നു.

“ഉം.. എന്താ.” പുറത്ത് അരുണിനെ കണ്ടപ്പോൾ ഗൗരവത്തോടെ അയാൾ ചോദിച്ചു.

“സർ, രശ്മിയുടെ കേസുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യാൻ ആണ് ഞാൻ ഇന്ന് വന്നത്.” അരുൺ വാക്കുകളിൽ വിനയം കലർത്തികൊണ്ട് പറഞ്ഞു.

“തന്നോട് ഞാൻ പറഞ്ഞതല്ലേ, ഇനി ആ കേസിന് പിന്നാലെ നടക്കണ്ട എന്ന്. അതിനി പോലീസ് അന്വേഷിച്ചോളും. എനിക്ക് നിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.” നിർവികാരതയോടെ അയാൾ പറഞ്ഞു.

“സോറി സർ, എന്നിൽ നിന്ന് നിങ്ങൾക്ക് നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാൻ അല്ല ഞാൻ വന്നത്.”

“പിന്നെ.?”

“എന്റെ ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ്.”

“എന്നാൽ താൻ പറ.” അത്ര താല്പര്യം ഇല്ലാതെയാണ് അയാൾ അത് പറഞ്ഞത്.

“കഴിഞ്ഞ ഞായറാഴ്ചയാണ് നിങ്ങളുടെ മകൾ രശ്മിയുടെ ബോഡി കണ്ടെത്തിയത്. ശരിയല്ലേ.?”

“അതെ. എനിക്കും അറിവുള്ളതാണല്ലോ. നിങ്ങളല്ല അത് കണ്ടെത്തിയത് പോലീസ് ആയിരുന്നു, അതും ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു.”

“അവളെ കാണാതായ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ.?”

“അതെനിക്ക് മറക്കാൻ കഴിയില്ലല്ലോ.? കഴിഞ്ഞ അതിനുമുമ്പത്തെ ചൊവ്വാഴ്ച അതായത് മുപ്പത്തിയൊന്നാം തീയതിയാണ്.”

”ഓക്കേ. അവളെ കാണാതായി എത്ര ദിവസത്തിനു ശേഷമാണ് അവളുടെ ബോഡി കിട്ടിയത്.?”

“പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞു കാണും.”

“അതും ആത്മഹത്യ ചെയ്തിട്ട്. അല്ലേ.?”

“അതെ.”

“വീട്ടിൽനിന്ന് ഇറങ്ങിയതിനു ശേഷം ആത്മഹത്യ ചെയ്യാൻ രശ്മി എന്തിന് ഇത്രയും ദിവസങ്ങൾ കാത്തിരിക്കണം.?”

“അതെനിക്കറിയില്ല. അതൊക്കെ പോലീസ് അന്വേഷിക്കുന്നുണ്ട്.”

“എങ്കിൽ സാർ ഒന്ന് സ്റ്റേഷനിലേക്ക് വിളിച്ചു നോക്കണം. കേസന്വേഷണം എവിടെ വരെ എത്തി എന്ന് അറിയാമല്ലോ.?”

“അക്കാര്യത്തിൽ കേരള പോലീസ് നിന്നെക്കാളും ഒരുപാട് മുന്നിലാണെന്ന് എനിക്കറിയാം. എങ്കിലും തന്റെ വിശ്വാസത്തിനായി ഞാൻ ഇപ്പോൾ തന്നെ എസ് ഐ സത്യനാഥനെ വിളിച്ച് സംസാരിക്കാം.”

പ്രേമചന്ദ്രൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു എസ് ഐ സത്യനാഥന്റെ നമ്പർ ഡയൽ ചെയ്തു.

“ഹലോ സർ, പ്രേമചന്ദ്രനാണ്.” അപ്പുറത്ത് ഫോണെടുത്ത ഉടൻ ആവേശത്തോടെ ഫോണിലെ ലൗഡ്സ്പീക്കർ ഓൺ ആക്കി കൊണ്ട് അയാൾ പരിചയപ്പെടുത്തി.

“ഏത് പ്രേമചന്ദ്രൻ.?” അജ്ഞതയോടെ സത്യനാഥൻ ചോദിച്ചു.

“സർ കഴിഞ്ഞ ഞായറാഴ്ച കത്തിക്കരിഞ്ഞ രീതിയിൽ ഒരു ബോഡി കണ്ടെത്തിയിരുന്നില്ലേ.? രശ്മി ചന്ദ്രന്റെ.? ആ കുട്ടിയുടെ അച്ഛനാണ് ഞാൻ.” തെല്ല് വിഷമത്തോടെയാണെങ്കിലും അയാൾ പരിചയപ്പെടുത്തി.

“ഓഹോ.. നിങ്ങളോ.? എന്താ കാര്യം.?” അത്ര താല്പര്യം ഇല്ലാത്ത പോലെ അയാൾ ചോദിച്ചു.

“അന്വേഷണം എന്തായി എന്നറിയാൻ വിളിച്ചതാണ് സാറേ.” പ്രേമചന്ദ്രൻ അല്പംകൂടി വിനയാന്വിതനായി.

“ഏത് അന്വേഷണം.?” പ്രേമചന്ദ്രൻ പറഞ്ഞത് മനസ്സിലാകാത്ത പോലെ അയാൾ ചോദിച്ചു.

“രശ്മിയുടെ ആത്മഹത്യയുടെ കാരണം അന്വേഷിച്ച് കണ്ടെത്തി തരാമെന്ന് അന്ന് സാർ പറഞ്ഞിരുന്നു. അന്വേഷണം എന്തായി സാറേ.?”

“അത് കുറച്ച് പതിയെ അന്വേഷിച്ചാൽ മതി എന്നാണ് സി ഐ സാർ പറഞ്ഞത്. മറ്റു ചില കേസുകളുടെ ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു.”

“സാർ അത് എത്രയും പെട്ടെന്ന് അന്വേഷിക്കാമെന്ന് പറഞ്ഞിരുന്നതല്ലേ.” പ്രേമചന്ദ്രനെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു.

“അതെ ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനുമുമ്പല്ലേ. അന്ന് രശ്മിയുടെ മരണം ഒരു കൊലപാതകം ആവാനുള്ള സാധ്യത ഉണ്ടായിരുന്നു. പക്ഷേ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആത്മഹത്യ ആണെന്ന് മനസ്സിലായി.”

“ശരി സാർ.” പ്രേമചന്ദ്രൻ വിഷമത്തോടെ ആ കോൾ കട്ട് ചെയ്തു അരുണിനെ മുഖത്തേക്ക് നോക്കി.

“അയാൾ എന്തു പറഞ്ഞു.” ഫോൺ കട്ടാക്കി അതിനുശേഷം തന്റെ മുഖത്തേക്ക് നോക്കിയ പ്രേമചന്ദ്രൻ ഓട് അരുൺ ചോദിച്ചു.

“പറഞ്ഞതൊക്കെ നിങ്ങളും കേട്ടില്ലേ.?”

“ഇല്ല. ഞാൻ അത് ശ്രദ്ധിക്കാൻ നിന്നില്ല.”

“കേസന്വേഷണം എവിടെയും എത്തിയില്ല. അവർക്ക് ഇതിലും പെട്ടെന്ന് അന്വേഷിക്കേണ്ട മറ്റ് കേസുകൾ ഉണ്ട് പോലും.”

“അപ്പോൾ നിങ്ങൾക്ക് അറിയേണ്ടേ കഴിഞ്ഞ പത്ത് പന്ത്രണ്ട് ദിവസങ്ങൾ രശ്മി എവിടെയായിരുന്നു എന്ന്.?”

“അറിയണം. നിങ്ങൾക്കറിയാമോ അവൾ എവിടെയായിരുന്നു എന്ന്.”ആവേശത്തോടെ ആയിരുന്നു അയാളുടെ ചോദ്യം.

“അവൾ എവിടെയായിരുന്നു എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പക്ഷേ അതിലും പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്.”

“എന്താണ് സാർ ആ കാര്യം.” അയാൾ അത്യാകാംഷയോടെ ചോദിച്ചു.

“നമ്മളൊന്നും കരുതിയത് പോലെ രശ്മി മരണപ്പെട്ടിട്ടില്ല. അവളിപ്പോഴും നമ്മൾ പാർക്കുന്ന ഈ സിറ്റിയിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട്.”

“സർ സത്യമാണോ ഈ പറയുന്നത്.?” അയാളുടെ ആകാംക്ഷ പിന്നെയും വർദ്ധിച്ചു.

“അതെ. അവൾ ഇപ്പോഴും കുഴപ്പമൊന്നും കൂടാതെ ജീവിച്ചിരിപ്പുണ്ട്.”

“അതെങ്ങനെ മനസ്സിലായി സാർ.”

“അത് ആദ്യമായി മനസ്സിലാക്കിയത് ഞാൻ ആയിരുന്നില്ല. എന്റെ സഹപ്രവർത്തകനായിരുന്ന നന്ദൻ മേനോനായിരുന്നു. അത് മനസ്സിലാക്കിയത് കൊണ്ട് അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു.”

“എന്നാണ് സർ ഈ സംഭവം.” നന്ദൻ മേനോന്റെ മരണവാർത്ത അറിഞ്ഞിട്ടില്ലായിരുന്നതിനാൽ ചെറിയൊരു വിഷമത്തോടെ അയാൾ ചോദിച്ചു.

“ഇന്നലെ..” തുടർന്ന് അരുൺ നന്ദൻ മേനോൻ മരണവും അതിന് ഹേതുവായ വോയിസ് റെക്കോർഡിലെ ഉള്ളടക്കത്തെ കുറിച്ചും അയാളോട് വിശദീകരിച്ചു.

“നിങ്ങൾ ഈ പറയുന്നത് എനിക്ക് വിശ്വസിക്കാമോ.?” എല്ലാം കേട്ടു കഴിഞ്ഞ ശേഷം അവിശ്വസനീയതയോടെ പ്രേമചന്ദ്രൻ ചോദിച്ചു.

“നൂറ് ശതമാനം വിശ്വസിക്കാം.”

“അപ്പോൾ പന്ത്രണ്ടാം തീയതി ആണല്ലേ എന്റെ മോളെ കാണാൻ അവരുടെ ബോസ് വരുന്നത്.?”

“അതെ.”

“സർ. പ്ലീസ് ഡൂ സംതിങ്. എന്റെ മോളെ എങ്ങനെയെങ്കിലും രക്ഷിക്കണം. അതിന് പകരമായി നിങ്ങൾക്ക് ഞാൻ എന്തു വേണമെങ്കിലും തരാം.” അയാൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

“അപ്പോൾ ഞാൻ ഈ കേസ് ഒഴിവാക്കേണ്ട.?” ഒരു കള്ളച്ചിരിയോടെ അരുൺ ചോദിച്ചു.

“വേണ്ട സാർ, ഇപ്പോൾ നിങ്ങളെ എനിക്ക് വിശ്വാസമാണ്. മുമ്പ് നിങ്ങളെ വേദനിപ്പിച്ചതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.”

“ഓക്കേ എങ്കിൽ പിന്നെ നമുക്ക് ഒരു ചായ ഒക്കെ ആവാം. അല്ലേ.?”

“ഷുവർ സർ. എന്റെ മനസ്സിൽ നിങ്ങളോട് ഉണ്ടായിരുന്നോ തെറ്റിദ്ധാരണ കാരണമാണ് ഇത്രയും നേരം നിങ്ങളോട് ഞാൻ ആഥിത്യ മര്യാദ പോലും കാണിക്കാതിരുന്നത്. ഞാൻ തന്നെ ചായ കൊണ്ടു വരാം.” അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ഭാര്യ ഇവിടെ ഇല്ലേ.?”

“ഇല്ല. അവൾ അവളുടെ വീട്ടിൽ പോയതാണ്.”

“ഒക്കെ എങ്കിൽ മൂന്ന് ക്ലാസ്സ് ചായ ഉണ്ടായിക്കോട്ടെ.”

“നമ്മൾ രണ്ടു പേരല്ലേ ഉള്ളൂ.” സംശയത്തോടെ അയാൾ ചോദിച്ചു.

“ഒരാൾ കൂടി വരാനുണ്ട്.” അരുൺ മറുപടി നൽകി.

പ്രേമചന്ദ്രൻ ഹാളിൽ നിന്നും കിച്ചണിലേക്ക് നടക്കുന്നത് നോക്കി അരുൺ കസേരയിലേക്ക് ചാരിയിരുന്നു.

കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടതിനു ശേഷമാണ് അരുൺ ആയിരത്തിൽ നിന്നും പിന്നെ എഴുന്നേറ്റത്. കോളിംഗ് ബെൽ അടിച്ചത് സിഗരറ്റ് വാങ്ങി വരുന്ന അലി ആവാം എന്നൊരു ഊഹം അരുൺ ഉണ്ടായിരുന്നു.

അവൻ വാതിലിനടുത്തേയ്ക്ക് നടക്കാൻ തുടങ്ങുന്നത് തന്നെ അടുക്കളയിൽ നിന്ന് ധൃതിയിൽ പ്രേമചന്ദ്രനും വരുന്നുണ്ടായിരുന്നു. കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറക്കാൻ ആയിരുന്നു അയാൾ ധൃതിയിൽ വന്നത്.

“നിങ്ങൾ അവിടെ ഇരുന്നോളൂ. വാതിൽ ഞാൻ തുറന്നു വിടാം.” വാതിൽ തുറക്കാനായി പോകുന്ന അരുണിനോടായി അയാൾ പറഞ്ഞു.

“എന്റെ കൂടെ ഒരാൾ കൂടി വരാനുണ്ട്. അവൻ ആണോ എന്ന് നോക്കാനാണ് ഞാൻ വന്നത്.” അരുൺ തിരിഞ്ഞു നിന്നുകൊണ്ട് പ്രേമചന്ദ്രന് മറുപടി നൽകി.

“ഓക്കേ.” പ്രേമചന്ദ്രൻ വാതിലിന് സമീപിച്ചു കൊണ്ട് പറഞ്ഞു ശേഷം അയാൾ വാതിലിൻ ടവർ ബോൾട്ട് നീക്കി വാതിൽ തുറന്നു. നോക്കിയപ്പോൾ പുറത്ത് ഒരു പയ്യൻ നിൽക്കുന്നുണ്ട്.

“നീ ഏതാടാ.” ആ പയ്യനെ മനസ്സിലാവാത്തത് കൊണ്ട് പ്രേമചന്ദ്രൻ അവനോടായി ചോദിച്ചു.

“ഇതാണ് സർ ഞാൻ വരാൻ ഉണ്ടെന്നു പറഞ്ഞയാൾ.” അരുൺ പ്രേമചന്ദ്രന്റെ പിറകിൽ നിന്നു കൊണ്ട് അയാൾക്ക് മറുപടി നൽകി.

“നീ ഒരാൾ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രയും ചെറിയ ഒരു പയ്യനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.” അയാൾ പുഞ്ചിരിയോടെ മറുപടി നൽകി.

“സോറി സാർ. ഇവൻ എന്റെ ഒരു ബന്ധുവാണ്. ഞാനവനെ ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങാൻ പറഞ്ഞയച്ചതായിരുന്നു.”

“ഓക്കെ എങ്കിൽ ഞാൻ അടുക്കളയിലേക്ക് പോകട്ടെ. ചായക്കായി പാൽ അടുപ്പത്ത് വെച്ചിരിക്കുകയാണ്.” പ്രേമചന്ദ്രൻ അടുക്കളയുടെ നേർക്ക് നടന്നു കൊണ്ട് പറഞ്ഞു.

“അലി കയറി വാ.” പ്രേമചന്ദ്രൻ പോയതിനുശേഷം അരുൺ അലിയെ അകത്തേക്ക് ക്ഷണിച്ചു.

“സർ എനിക്കൊരു കാര്യം പറയാനുണ്ട്.” സിറ്റൗട്ടിലേക്ക് കയറി കൊണ്ട് അലി പറഞ്ഞു.

“അത് പോകുമ്പോൾ പറഞ്ഞാൽ പോരേ.” അരുണിന്റെ ചോദ്യത്തിൽ സംശയത്തിന്റെ മുന ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.

“അതു പോര സാർ. അർജന്റാണ്.”

“എങ്കിൽ നീ കാര്യം പറ.” അരുൺ സിറ്റൗട്ടിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“സർ എന്നെ കടയിലേക്ക് പറഞ്ഞയക്കുമ്പോൾ സാർ എന്താ പറഞ്ഞിരുന്നത് എന്ന് ഓർമ്മയുണ്ടോ.”

“ഉവ്വ്. ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങാൻ പറഞ്ഞു.” അരുൺ ആ സംഭവങ്ങൾ ഓർത്തുകൊണ്ട് പറഞ്ഞു.

“അതല്ല സാർ. എന്താ ഇപ്പോ സിഗരറ്റ് വലിക്കാൻ ഒരു തോന്നൽ എന്ന എന്റെ ചോദ്യത്തിന് സാർ എന്താണ് മറുപടി പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ.”

“ഉണ്ട്. നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട. എന്നല്ലേ ഞാൻ പറഞ്ഞത്.” അരുൺ സംശയത്തോടെ ചോദിച്ചു.

“അതെ. അതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു.”

“സോറി അലി. ഞാൻ ആ സമയത്ത് നിന്റെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാൻ മറന്നുപോയി.”

“പക്ഷേ ആ സങ്കടം കുറച്ചുനേരത്തേക്ക് ഉണ്ടായിരുന്നുള്ളൂ സാർ.”

“അതെന്താ.?”

“ഇന്നലെ എന്റെ കൈകാലുകൾ കൂട്ടിക്കെട്ടി സാറിന്റെ വണ്ടി മുമ്പിലേക്ക് എന്നെ തള്ളിയിട്ട് ആളുടെ ചിത്രം ഞാൻ വരച്ചിരുന്നു. ഞാൻ ഇങ്ങോട്ട് പോരുമ്പോൾ ആ ചിത്രവും എന്റെ കയ്യിൽ എടുത്തിരുന്നു. ഫിൽറ്റർ വാങ്ങാനായി കടയിലേക്ക് പോകുമ്പോഴാണ് ഗോകുൽ സാറ് ഫോണിൽ റെക്കോർഡ് ചെയ്ത ആദ്യത്തെ വോയിസ് പ്രേമചന്ദ്രന്റെ വീടിന്റെ തൊട്ടടുത്തുള്ള കടക്കാന്റേതാണല്ലോ എന്ന് എനിക്ക് ഓർമ്മ വന്നത്.”

“എന്നിട്ട്.?”

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️ അലി കടയിലേക്ക് നടക്കുന്നതിനിടയിൽ ബാങ്കിന്റെ പോക്കറ്റിൽ തപ്പി നോക്കി താൻ വരച്ച ചിത്രം അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഏതാനും മിനിറ്റുകൾ നടന്നപ്പോഴേക്കും അവൻ ആ കടയുടെ അടുത്തെത്തി. ഒരു ചെറിയ കടയാണ്. കഷണ്ടി കയറി തുടങ്ങിയ ഒരാൾ ഉള്ളിൽ ഒരു കസേരയിൽ ഇരിക്കുന്നുണ്ട്. ആ സമയം പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ല.

“ചേട്ടാ ഒരു പാക്കറ്റ് ഫിൽറ്റർ.”

“ഇപ്പൊ തരാം.” അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

അലി ചിത്രത്തിന്റെ കാര്യം എങ്ങനെ അയാളോട് ചോദിക്കണമെന്ന ചിന്തയിലായിരുന്നു.

“ആർക്കാ മോനെ ഇത്.” ഒരു ഫിൽറ്ററിന്റെ പാക്കറ്റ് എടുത്തുകൊണ്ട് അയാൾ അലിയോട് ചോദിച്ചു.

“എന്റെ ഏട്ടന് വേണ്ടിയാണ്.”

“തീപ്പെട്ടി വേണോ.?” ഫിൽറ്ററിന്റെ പാക്കറ്റ് അലിയുടെ നേർക്ക് നീട്ടി കൊണ്ട് അയാൾ ചോദിച്ചു.

“വാങ്ങാൻ പറഞ്ഞിരുന്നില്ല.” അവൻ അത് വാങ്ങി കൊണ്ട് മറുപടി നൽകി.

“ശരി മുപ്പത് രൂപ.”

അലി പോക്കറ്റിൽ നിന്നും അമ്പത് രൂപയുടെ നോട്ട് എടുത്തു കൊടുത്തു.

“വേറെ എന്തെങ്കിലും വേണോ.?” അയാൾ ആ പണം വാങ്ങി കൊണ്ട് ചോദിച്ചു.

“വേറെ ഒന്നും വേണ്ട… പിന്നെ ചേട്ടാ ഈ ചിത്രത്തിൽ കാണുന്ന ആളെ ചേട്ടൻ എവിടെനിന്നെങ്കിലും കണ്ടിട്ടുണ്ടോ.?” അലി പോക്കറ്റിൽ നിന്നും താൻ വരച്ച ചിത്രം എടുത്തു അയാളെ കാണിച്ചു കൊണ്ട് ചോദിച്ചു.

“ഉവ്വ്. കണ്ടിട്ടുണ്ട്.” അയാൾ ആ ചിത്രം വാങ്ങി അതിലേക്ക് നോക്കി കൊണ്ടാണ് മറുപടി പറഞ്ഞത്.

“എവിടെ വെച്ച്.?” അലി ആകാംക്ഷയോടെ തന്റെ അടുത്ത ചോദ്യം തൊടുത്തു. അവന്റെ പുരികങ്ങൾ ഉദ്യോഗത്താൽ വളഞ്ഞ് മുകളിലേക്കുയർന്നിരുന്നു. അയാളുടെ മറുപടിക്കായി അവന്റെ കാതുകൾ ജാഗരൂകമായി.

തുടരും……..

അപ്പോ സുഹൃത്തുക്കളെ വായിച്ചു കഴിഞ്ഞ് 10 സെക്കൻഡ് സമയമെങ്കിലും അഭിപ്രായം അറിയിക്കാനായി മാറ്റിവെക്കുക.

Comments:

No comments!

Please sign up or log in to post a comment!