ശ്രീരാഗം

കാലം കടന്നുപോകുമെന്നും, ഒരു വസന്തം വരുമെന്നുമുള്ള പ്രതീക്ഷയിൽ, നിറം മങ്ങിയ കനവുകളെ നെഞ്ചോടുചേർത്ത് നീറി നീറി ജീവിക്കുന്ന എല്ലാവർക്കുമായി ഞാനിതു സമർപ്പിക്കുന്നു…!

***********†************†************†**********

മഹാനഗരത്തിന്റെ മാറിൽവീണ പതിവില്ലാമഴയുടെ സംഗീതം എന്നെ പതിവിലും നേരത്തെ വിളിച്ചുണർത്തി……

ഇന്ന് ഓഫീസ് അവധിയാണ്. കുറച്ചുനേരം കൂടി കിടന്നാലോ? പുതപ്പിനടിയിൽ കണ്ണുകൾ ഇറുക്കിയടച്ചു കിടക്കാൻ തുടങ്ങിയ എന്നെ “ജനലഴികളിലൂടെ വന്ന ജലകണികകളാൽ ജനനിയാം ജൻമഭൂമി” വിളിച്ചുണർത്തി… ചിങ്ങമാസത്തിൽ നാട്ടിൽ ചിണുങ്ങിപ്പെയ്യുന്ന മഴപോലെയുണ്ട് ഈ മഴ… തുറന്നിട്ട ജാലകം വഴി ഞാൻ മാനത്തു നിന്നും പൊഴിയുന്ന ഓരോ തുള്ളിയും നോക്കിക്കൊണ്ടിരുന്നു…!

ഈ മഴക്കും, പ്രണയത്തിനും എന്തോ ഒരു ആത്മബന്ധമുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്…..

ഞാൻ കൈനീട്ടി ഷെൽഫിൽ നിന്നും എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഓട്ടോഗ്രാഫ് എടുത്തു…

അതിലെ ആദ്യ താളുകൾ മറിച്ചപ്പോൾ… അന്നവസാനമായി “”വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലെ ആ ഇലഞ്ഞിമരചോട്ടിലിരുന്ന് അവളുടെ നെറ്റിയിൽ തൊട്ടുകൊടുത്ത ആ നനഞ്ഞ ചന്ദനത്തിന്റെ സുഗന്ധം എന്റെ വിരൽത്തുമ്പിൽ ഉള്ള പോലെ””…

ഓർമകൾക്കെന്നും യാദാർഥ്യത്തേക്കാൾ മൂർച്ചയാണ്…!

“ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം”…

(ഫോണിന്റെ ശബ്ദം)

ഹലോ……..

ടാ….ശ്രീ, നീ സമയം കളയാതെ വീട്ടിലേക്ക് വാ…..

എന്താടാ മനു, എന്ത് പറ്റി…..

ഒന്നും പറ്റിയൊട്ടുന്നുമില്ല, ഇന്നെന്റെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആണെടാ…..

എന്നിട്ട് നീ എന്താ പൊട്ടാ നേരത്തെ പറയാഞ്ഞേ.?

ഞാൻ പോലും ഇന്നാ അറിയുന്നേ….. അതിനുള്ള ഒരു റൗണ്ട് ചീത്ത എന്റെ നല്ല പാതിയിൽ നിന്നും ഇപ്പൊ കേട്ടതെ ഉള്ളൂ… ബാക്കി വഴിയേ വന്നോളും… നീ വേഗം ഇറങ്ങ്, എന്നിട്ട് വേണം ബാക്കി കലാപരിലാടി നോക്കാൻ…

ശെരി, ടാ..ഞാൻ വേഗം എത്താം…….

ഞാൻ പെട്ടെന്ന് ഒരു കുളിയും പാസ്സാക്കി… മുൻവശത്തെ കതകടച്ചു പുറത്തിറങ്ങി….

ബസ്റ്റാണ്ടിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ… അവിടെ എത്തിയപ്പോൾ ബസ്സുകൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു.. ആദ്യം പോകുന്ന ബസ്സിലേക്ക് കയറി വിൻഡോ സീറ്റിലേക്കിരുന്നു…ഒരു മണിക്കൂറിലേറെ യാത്രയുണ്ട് മനുവിന്റെ വീട്ടിലേക്ക്….

അൽപ്പസമയത്തിനകം തന്നെ ബസ് പുറപ്പെട്ടു…

ഞാൻ വിൻഡോ സീറ്റിലൂടെ പുറമേയുള്ള കാഴ്ച്ചകളും ആസ്വദിച്ച് അങ്ങനെയിരുന്നു….

“കയ്യും തലയും പുറത്തിടാതിരിക്കാം, പക്ഷേ കണ്ണും, മനസ്സും പുറത്തിടാതെ വിൻഡോ സീറ്റിലിരുന്ന് ഒരു യാത്രയും സാധ്യമല്ല”…..

“മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു.. മൗനാനുരാഗത്തിൻ ലോലഭാവം…….

പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു.. പുലർമഞ്ഞുകാലത്തെ സ്നേഹതീരം”…

ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ നുന്നും വന്ന മധുരമേറിയ ഗാനം എന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് പതിയെ ഒഴുകി വന്നു….

“അല്ലേലും പാട്ടുകൾക്ക് പ്രത്യക കഴിവാണ് പലതും മറക്കാനും, ചിലതെല്ലാം പൊടി തട്ടിയെടുക്കാനും….”

വിധി……..അതൊരു വല്ലാത്ത സംഭവം തന്നെ……. നമ്മൾ ഇഷ്ടപ്പെട്ടതും നമ്മളെ ഇഷ്ടപ്പെട്ടതും ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ ഒന്നും ചെയ്യാനാവാതെ വെറുതെ നോക്കി നിൽക്കേണ്ടി വരുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ………

പുറമേ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു…

ചിന്തകൾ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചപ്പോൾ ഓർമ്മകൾ ഒരു ചാറ്റൽ മഴയായി എന്റെ മനസ്സിൽ പെയ്തിറങ്ങി…

*************************************************

കൗമാരസ്വപ്നങ്ങൾ ചിറകു വിരിക്കും കാലം……..!

ഒരു മനുഷ്യ ജീവിതത്തില്‍ ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം…. നമ്മിലെ സ്വപ്ന വസന്തത്തിന്റെ കാലം, ഉല്‍ക്കടമായ ആഗ്രഹങ്ങളുടെ കാലം, പ്രണയം പൂവിടര്‍ത്തുന്ന കാലം, നമ്മിലെ രതികാമനകള്‍ പൂക്കാന്‍ തുടങ്ങുന്ന കാലം, എന്നു വേണ്ട ജീവിതം അതിന്റെ സര്‍വ്വവിധ സൗന്ദര്യത്തോടും കൂടി നമ്മില്‍ പൂചൂടി നില്‍ക്കുന്ന കാലം….!.

(ഓർക്കും തോറും മധുരമേറുന്ന ഒരുപാട് കഥകൾ പറയാനുണ്ട് നമ്മുടെ ഓരോ കലാലയങ്ങൾക്കും.. മനസ്സിൻറെ ഇടനാഴികളിലെ മൗനം ഭേദിച്ച് എത്ര കൊലുസ്സുകൾ ചിരിച്ചുകൊണ്ട് നടന്നുപോയിരിക്കുന്നു… എന്നന്നേക്കുമായി ഹൃദയത്തിലൊരുപിടി വേദനയുടെയും, ഓർത്തോർത്തുചിരിക്കാൻ നല്ല നിമിഷങ്ങളേയും സമ്മാനിച്ച നമ്മുടെ പ്രിയ കലാലയങ്ങൾ..)

മനോഹരമായിരുന്നു പ്ലസ് വൺ പ്ലസ്ടൂ പഠനകാലം… ഹുമാനിറ്റീസ് ആയതിനാൽ ക്ലാസ്സിൽ അറുപതിൽ നാല്പ്പത്തിയഞ്ചു പേരും പെൺകുട്ടികളായിരുന്നു…

ആകെ ശ്മശാനമൂകത തളം കെട്ടി നിന്നിരുന്ന ഹിസ്റ്ററിക്കാസ്സുകളിൽ പെൺകുട്ടികളെ ഒളികണ്ണെറിഞ്ഞ് നോക്കിയിരിക്കാൻ നല്ല രസമാണ്…..

പുറകിലെ ജനാലവഴി വരുന്ന കാറ്റിലവരുടെ മുടിയിഴകൾ തെന്നിപ്പറക്കവെ ഏതോ സ്വപ്നലോകത്തിലേക്ക് വഴുതി വീണിരിക്കും പലരും…

ആയിടക്കാണ് ഞാനവളെ ശ്രദ്ദിച്ചുതുടങ്ങിയത്.


ആരതി, (ആദി) അതാണ് അവളുടെ പേര്…

സന്ധ്യയിൽ സൂര്യൻ മേഘങ്ങൾക്ക് കൊടുത്ത നിറം പൂശിയ മേനി…….. കരിമുകിൽ തഴുകിയ കേശദളങ്ങൾ… നക്ഷത്രങ്ങൾ മിന്നാൻ മറന്ന രാത്രിയിലെ പൂർണ്ണചന്ദ്രന്റെ ശോഭയുള്ള മിഴി… അവളുടെ മുഖത്തിനു ഭംഗികൂട്ടാനെന്ന വണ്ണം കീഴ്ച്ചുണ്ടിനു താഴെ വലതുവശത്തായി ഒരു ചെറിയ കാക്കപ്പുള്ളിയും……. ഒറ്റനോട്ടത്തിൽ അവളെ കണ്ടാൽ ആരും ഒന്ന് കൊതിക്കും…..!

ക്ലാസ്സുകളിലും ഒഴിവുസമയങ്ങളിലും എൻറെയൊരു കണ്ണ് അവൾക്കുമേലുണ്ടാവും.. എൻറെ നോട്ടങ്ങൾ അവളും ശ്രദ്ധിച്ചതുകൊണ്ടായിരുന്നിരിക്കണം, അവളെന്നെയും മെല്ലെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരം

ഇടക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവളോടുള്ള ഇഷ്ട്ടം കൂടുകയായിരുന്നു…

ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കവെ കൈകൾകൊണ്ട് കണ്ണുപൊത്തി വിരലുകൾക്കിടയിലൂടെ അവളെന്നെ നോക്കുമ്പോൾ വല്ലാത്തൊരനുഭൂതിയാണ്…

ശ്രീഹരി, സ്റ്റാൻഡ് അപ്പ്…

നീയെന്തു സ്വപ്നം കണ്ടിരിക്കുകയാണ് ?, ഇങ്ങോട്ടു നോക്കിയിരിക്കാതെ പെൺകുട്ടികളുടെ മോന്തക്ക് നോക്കിയിരുന്നോ നീ, നീയൊക്കെ എന്തിനാടാ സ്കൂളിൽ വരുന്നത്…..

വായുവിലൂടെ മൂളിവന്നോരു ചോക്കിന്റെ കഷ്ണം നെറ്റിയിൽ കൊണ്ട് തെറിച്ചു പോയപ്പോളാണ് ഹിസ്റ്ററി ടീച്ചറുടെ ശബ്ദം പോലും ഞാൻ കേൾക്കുന്നത്, എന്തോ കണ്ടു പേടിച്ചപോലെ ഞാൻ ഇരിക്കുന്നിടത്തു നിന്നും ചാടി എഴുനേറ്റു….. എന്റെ വെപ്രാളം കണ്ടപ്പോൾ ക്ലാസ്സിലാകൈ കൂട്ടച്ചിരി മുഴങ്ങി…..

സൈലന്റ്സ്……!

ടീച്ചർ വീണ്ടും അലറിയെന്നു പറയുന്നതാകും ശരി. കുട്ടികൾ നിശബ്ദരായി…..

ഓരോന്ന് കെട്ടും കെട്ടി വന്നോളും… അവരുടെ പിറുപിറുക്കൽ തുടർന്നുകൊണ്ടിരുന്നു . ഞാൻ നിന്ന നിൽപ്പ് തുടരുകയാണ്…..

ടീച്ചർ ക്ലാസ്സെടുക്കാൻ തുടർന്നു…..

പെൺകുട്ടികളുടെ സൈഡിലെ മൂന്നാമത്തെ ബെഞ്ചിൽ നിന്നും ആദിയുടെ കരിമിഴികൾ എന്നെ പാളിനോക്കുന്നതു മിന്നായം പോലെ ഞാനും കണ്ടിരുന്നു…..

മഴത്തുള്ളി തട്ടിയ കൊലുസിൽ വെയില്‍ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു.. ആദിയുടെ ആ നോട്ടത്തിന്..

നെഞ്ചിനുള്ളിലൊരു തിരയടിച്ചുയരുന്നത് ഞാനറിഞ്ഞു. എന്റെ ചുണ്ടിലൊരു ചെറുചിരി വിടർന്നു….. ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കിയപ്പോൾ എന്റെ ഹൃദയത്തിൽ ഒരു പെരുമ്പറ മുഴങ്ങുകയായിരുന്നു,…

ആരതി……… വിളിയോടൊപ്പം ഒരു മുഴുവൻ ചോക്ക് തന്നെ അവളുടെ തലയിൽ വന്നു കൊണ്ട് തെറിച്ചു പോയി….

ബോത്ത് ഓഫ് ഗെറ്റ് ഔട്ട് മൈ ക്ലാസ്… പ്രേമിക്കാൻ നടക്കുന്നു.
മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല…..

ഒന്നും മിണ്ടാതെ ഞാൻ ക്ലാസിനു പുറത്തേക്കിറങ്ങി, ഒന്ന് സംശയിച്ചു നിന്നിട്ടു ആദിയും പുറകെ വന്നു…. ക്ലാസ് വരാന്തയിൽ ചുമരും ചാരി നിൽക്കുമ്പോൾ ആദിയുടെ മുഖത്ത് നിഷ്കളങ്കമായ ഒരു പുഞ്ചിരി വിടർന്നിരിന്നു….

അതൊരു തുടക്കമായിരുന്നു………. വരാനിരിക്കുന്ന വസന്തത്തിന്റെ തുടക്കം……..

കണ്ണുകളിൽ പ്രണയത്തിൻറെ കാല്പനീകത കലർത്തിയ ആ നോട്ടത്തിൽ മനസ്സിൻറെ മായാലോകങ്ങൾ കഥകൾ പങ്കിട്ടു…

എന്നാൽ ഞങ്ങളൊരിക്കലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിരുന്നുമില്ല. അവളെന്നെങ്കിലുമത് പറയുമെന്നൊരു വിശ്വാസം മാത്രം…

എനിക്കേറ്റവും പ്രിയപ്പെട്ടത് അവളുടെ കരിമഷിക്കണ്ണുകൾ പായിച്ചു കൊണ്ടുള്ള തിരിഞ്ഞു നോട്ടങ്ങളായിരുന്നു…

ക്ലാസ്സിനുപുറത്തു വച്ചു കാണുമ്പോഴൊക്കെയും കാണാത്തഭാവം നടിച്ച് കൂട്ടുകാരിയോടെന്തോ സ്വകാര്യം പറഞ്ഞു കൊണ്ടവൾ നടന്നു പോകും… പിന്നെ അങ്ങെത്തിയാൽ ഒരു തിരിഞ്ഞുനോട്ടമാണ്. അവളെന്നെ കണ്ടുവെന്നറിയിക്കാൻ…

പ്ലസ്ടൂവിൻറെ അവസാന ദിവസങ്ങളിലാണ് ഞാനവളോട് ഒത്തിരിയടുത്തതും കൂടുതൽ സംസാരിക്കുന്നതും…..

അന്ന് അവസാന ക്ലാസായിരുന്നു……..

വരാന്തയിൽ പഴകിയ സിമന്റ് തൂണും ചാരിയവൾ പുറത്തെ കാഴ്ചകൾ കണ്ടു നിൽക്കുകയായിരുന്നു……

സഹപാഠികളെല്ലാം പിരിയുന്ന വേദനയോടെ പരസ്പരം കെട്ടിപ്പിടിച്ചും കണ്ണു തുടച്ചും അങ്ങിങ്ങായി നിൽക്കുന്നുണ്ട്……

എന്നും ശബ്ദമുഖരിതമായുള്ള സ്കൂൾ അങ്കണം അന്ന് തികച്ചും ശാന്തമായി കിടന്നു…… ഓരോരുത്തരും പടിയിറങ്ങി പോകുന്നുണ്ട് പോകുന്നവരെല്ലാം ഗേറ്റിനടുത്തെത്തുമ്പോൾ പിൻതിരിഞ്ഞു നോക്കി കണ്ണു തുടയ്ക്കുന്നു…

കയ്യിലെ ഓട്ടോഗ്രാഫുമായി ഞാൻ വരാന്തയിൽ നിൽക്കുന്ന അവളുടെ പുറകിൽ നിന്നും പതിയേ വിളിച്ചു……

ആദീ…….

കരിനീല ചുരിദാറിന്റെ ഷാൾ കഴുത്തിൽ നേരേയിട്ട് അവൾ ചെറുചിരിയോടെ എന്നെ നോക്കി…… അവളുടെ കൺകോണുകളിൽ ഒരു സങ്കട കടൽ ഇരമ്പുന്നത് കാണാമായിരുന്നു ……..

കയ്യിലുള്ള ഓട്ടോഗ്രാഫിന്റെ ആദ്യ താളുകൾ അവൾക്കായ് മാറ്റി വച്ചതായിരുന്നു…… ചുവന്ന പേജുള്ള ആ ഓട്ടോഗ്രാഫ് അവൾക്ക് നേരേ നീട്ടുമ്പോൾ വാക്കുകൾ കിട്ടാതെ ഞാൻ നിന്നു…..

അല്പനേരം അങ്ങനെ… മൗന നിമിഷങ്ങൾ…. പറയാൻ കൊതിച്ചു പോയതോ, മറന്നു പോയതോ എന്തോ പറയാനുള്ള ഒരു വെമ്പൽ അവളുടെ ഹൃദയത്തിൽ കിടന്നു പിടയുന്നുണ്ടെന്ന് എനിക്ക് തോന്നി….

ആദീ …. എന്റെ വിളി കേട്ടവൾ ഷാൾ കൊണ്ട് മുഖം തുടച്ചു ഓട്ടോഗ്രാഫ് വാങ്ങി.
കയ്യിലുള്ള പേന കൊണ്ട് ഓട്ടോഗ്രാഫിൽ എന്തോ കുത്തിവരച്ച് എനിക്ക് നേരേ നീട്ടുമ്പോൾ ചിരിക്കുകയായിരുന്നു അവൾ…

അവളെന്താണ് എഴുതിയത് എന്നറിയാനുള്ള ആകാംക്ഷയിൽ ഓട്ടോഗ്രാഫിലെ ആദ്യ താളുകളിലേക്ക് ഞാൻ പതിയെ കണ്ണുകൾ ചലിപ്പിച്ചു….

“””സായാഹ്നം എനിക്കിഷ്ടമാണ്……. നക്ഷത്രങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്……… പൂക്കൾ ഒരുപാട് ഇഷ്ടമാണ്………..

അതിലും… എത്ര….. എത്ര……. ഇഷ്ടമാണന്നോ …എനിക്ക് നിന്നെ”””…….!

ആദ്യ പ്രണയത്തിന്റെ വേര് ഹൃദയത്തിലേക്കു ഇറങ്ങുന്ന സുഖം എന്നിൽ വന്നുനിറഞ്ഞു….

നെഞ്ചിനുള്ളിൽ താളമിടിപ്പിനെക്കാളപ്പുറം ആയിരം സ്വർഗ്ഗങ്ങളൊന്നിച്ച് കണ്ട അനുഭൂതിയായിരുന്നു…… അപ്പോൾ ആ കണ്ണുകളിൽ നക്ഷത്രങ്ങളുടെ തിളക്കം ഞാൻ കണ്ടു…. കിഴക്കു നിന്ന് മെല്ലെയൊഴുകി വന്ന കാറ്റിൽ അവളുടെ നീളൻ തലമുടി മെല്ലെപാറിപ്പറക്കുന്നുണ്ടായിരുന്നു. അതിൽ കാലങ്ങളോളം ആർക്കോ കാത്തു വച്ച മുല്ലപ്പൂവിൻറെ ഗന്ധം മെല്ലെ സിരകളിലേക്ക് കയറിക്കൂടി. ഒന്നും പറയാനാവാതെ ഞാനാ വരാന്തയിൽ നിന്നു….!

അവൾ ചിരിച്ചു… ആ ചിരിയോളം ഭംഗിയുള്ള ഒന്നും തന്നെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നി…

ഏതോ പടത്തിൽ പണ്ട് ലാലേട്ടൻ പറഞ്ഞപോലെ..

“”ഇന്നലേയും മഴ പെയ്തിരിന്നു…. ഇന്നലേയും ഉദയാസ്തമയങ്ങൾ ഉണ്ടായിരുന്നു… പക്ഷേ അവയൊന്നും എന്റേതായിരുന്നില്ല… എനിക്ക് വേണ്ടി ആയിരുന്നില്ല… കാരണം..ഇന്നലെ ഞാൻ പ്രണയം അറിഞ്ഞിരുന്നില്ല… ഇന്നെപ്പഴോ എന്നിലുണർന്ന പ്രണയത്തിലൂടെ ഞാനറിയുന്നു… മഴക്ക് അവളുടെ ഗന്ധമാണ്… സൂര്യ രശ്മികൾ അവളുടെ സ്പർശനമാണെന്ന്…””

പിന്നീടുള്ള ദിനങ്ങൾ ഞങ്ങളുടേത് മാത്രമായിരുന്നു… ആഗ്രഹങ്ങളും സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ചു… ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടുറങ്ങിയ നാളുകൾ…

ഉള്ളിൽ അലയടിച്ചിരുന്ന പ്രണയവർണ്ണങ്ങളിൽ വർഷങ്ങൾ പെയ്തു തോർന്നതും ചെമ്പക തൈകൾ സുഗന്ധം പൊഴിച്ച് ഇതളൂർന്നു വീണതും ഞാനറിഞ്ഞില്ല.നിലാവ് വാരിപ്പുണർന്ന പൊയ്കയുടെ തീരങ്ങളിൽ കിനാവു കൊണ്ട് മായിക ലോകം മെനഞ്ഞു. കാലം ഇതളുകളായി പൊഴിഞ്ഞു വീണു.

നാലുവർഷത്തെ ദിവ്യ പ്രണയം…….

കാവിയെ സ്നേഹിച്ചവരുടെ വീട്ടിലെ ധ്വജമേന്തിയ പെൺകുട്ടി സ്നേഹിച്ചത്

ചെങ്കൊടിയെ പ്രണയിച്ചവനെ…… രാഷ്ട്രീയം കുടുംബത്തേക്കാൾ പ്രാധാന്യമുള്ള ആ നാട്ടിൽ ഞങ്ങളുടെ പ്രണയം വലിയ കോളിളക്കം തന്നെ ഉണ്ടാക്കി…

ജന്മം നൽകിയവർക്കു മുന്നിൽ അവൾ എന്റെ സ്നേഹം വേണ്ടെന്നു വെച്ചപ്പോൾ മരണത്തോട് പോലും അകാതമായ പ്രണയം തോന്നി…

എന്തും ഏതും നമുക്ക് വിലപ്പെട്ടതായി തോന്നുക രണ്ട് ഘട്ടങ്ങളിലാണ്… ഒന്നുകിൽ … അത് ലഭിക്കുന്നതിന് മുമ്പ്, അല്ലെങ്കിൽ … അത് നഷ്ടമാകുമ്പോൾ…….!

അന്നൊരു വെള്ളിയാഴ്‌ച്ചയായിരുന്നു… ഞാൻ അവസാനമായി അവളെ കണ്ട ദിവസം…

സൂര്യൻ മാത്രം അന്നും പതിവിലും വേഗത്തിൽ ഉദിച്ചെന്തിനോ സാക്ഷ്യം വഹിക്കാൻ വെമ്പി നിൽക്കുന്നത് കണ്ടു…

ഞങ്ങൾ എന്നും കണ്ടു മുട്ടാറുള്ള വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിൽ അവളെന്നെയും കാത്ത്, കലങ്ങിയ കണ്ണുമായി നിൽക്കുന്നുണ്ട്…

എന്നെ കണ്ടതും മുഖത്തൊരു ചെറു പുഞ്ചിരിയും വിരിയിച്ച് അടുത്തേക്ക് വന്നു….. കുറച്ച് മാറി ഞങ്ങൾ ആ ഇലഞ്ഞിമരചോട്ടിൽ ഇരുന്നു….. പിന്നെ വെറും മൗനം മാത്രമായിരുന്നു… അവസാനം ഞാൻ തന്നെ ആ മൗനത്ത ഇല്ലാതാക്കി, ചങ്ക് പിടയുന്ന വേദനയിലും സങ്കടം കടിച്ചമർത്തി അവളെ എന്നോട് ചേർത്ത് നിർത്തി. എന്റെ മാറിൽ തല ചേർത്ത് അവൾ കരയാൻ തുടങ്ങിയതും അവളെ ഒന്ന് കൂടെ ഇറുകെ പുണർന്ന് അവളുടെ നെറുകയിൽ ഒരു മുത്തം നൽകി…

വാക്കുകൾ പോലും വിതുമ്പുന്ന ചില സന്ദർഭങ്ങളുണ്ട് ജീവിതത്തിൽ, അതെപ്പോഴും നമ്മുടെ പ്രിയപ്പെട്ടവർക്ക് മുന്നിലായിരിക്കും…

“ഒരായിരം വർഷം നെഞ്ചോട് ചേർത്ത് സ്നേഹിക്കൻ എനിയ്ക്ക് നിന്നെ വേണം നിന്നെ മാത്രം”… ഞാൻ വിളിച്ചാൽ എന്റെ കൂടെ ഇറങ്ങി വരുവോ നീ……..

അവരെ എതിർത്ത് ഞാൻ നിന്റെ കൂടെ വരില്ല, ശ്രീ,……….. “പക്ഷെ ഈ ജന്മം മറ്റൊരാൾ എന്റെ കഴുത്തിൽ താലി ചാർത്തില്ല… ഈ ജീവൻ നിലക്കും വരെ എന്റെ ശരീരത്തിലോ മനസ്സിലോ മറ്റൊരാൾ തൊടില്ല”….! നീ എപ്പോഴും പറയാറില്ലേ, പിരിഞ്ഞിരിക്കുമ്പോഴാണ് സ്നേഹത്തിന്റെ ആഴം കാണാൻ കഴിയൂ എന്ന്…ഇതും അതുപോലെ കരുതിയാൽ മതി… “കുറച്ച് കാലം കഴിഞ്ഞായാലും അവര് സമ്മതിക്കും. എന്റെ അച്ഛനും അമ്മയും അല്ലേ…. അവർക്ക് കഴിയോ എന്നെ വേദനിപ്പിക്കാൻ.” ചെറുപ്പം മുതൽ ആരാധിക്കുന്ന എന്റെ ‘കൈലാസനാഥൻ’ ഒരിക്കലും എന്നെ കൈ വെടിയില്ലെന്നുള്ളത് ഉറപ്പാണ്….. ഈ മൗനത്തിനൊടുവിൽ…നമ്മൾ വീണ്ടും പ്രണയിക്കും. നമുക്ക് ഇടയിലെ അകലങ്ങളെ

പോലും അടുപ്പിക്കും വിധം..

“കാത്തിരിക്കാമോ ശ്രീ, ഒന്ന് കൂടെ ജീവിക്കാൻ”….

നിന്റെ അച്ഛനും അമ്മയ്ക്കും ഒരിക്കലും എന്നെ അംഗീകരിക്കാൻ കഴിയില്ല ,….. അവരെ വിട്ട് എന്നോടൊപ്പം വരാൻ നിനക്കും ആകില്ല…

എന്തു ചെയ്യാം, വിധിയോ, ജാതക ദോഷമോ ഞാൻ ഒരുപാട് സ്നേഹിക്കുന്നതൊന്നും എന്നിൽ അധികനാൾ നിലനിൽക്കാറില്ല… ഇപ്പൊ ഇതാ നീയും…

നമ്മളൊരുമിച്ചു നെയ്തു കൂട്ടിയ സ്വപ്നങ്ങൾ അതെന്നും ഒരു ഓർമ്മപ്പെടുത്തലാണ് ആദി,…

“”സ്വപ്നങ്ങളെന്നും സ്വപ്നങ്ങളാണെന്ന ഓർമ്മപ്പെടുത്തൽ.””

പിടിച്ചു വാങ്ങുന്നതല്ലല്ലോ, വിട്ടു കൊടുക്കുന്നതല്ലേ യഥാർത്ഥ പ്രണയം…

*************************************************

വിധിയെത്ര കലുഷിതമാണെങ്കിലും, യഥാർത്ഥ പ്രണയത്തിന് മരണമില്ലെന്നതാണ് സത്യം … പ്രണയത്തിന്റെ തീഷ്ണതകൾ മാറി മറഞ്ഞപ്പോൾ സിരകളിൽ ചൂടു പിടിച്ചിരുന്നു… എങ്കിലും, നിസ്സഹായവസ്ഥയുടെ കാണാക്കഴങ്ങളിലെവിടെയോ ഒരു പ്രണയത്തിന്റെ ജീവവായു മുങ്ങി മറഞ്ഞപ്പോൾ , കണ്ണുകളിൽ ഇരുട്ടു പടർന്നിരുന്നു… പക്ഷേ ,പച്ചയായ പ്രണയത്തിന് കാലം അന്ത്യം കുറിക്കാത്തിടത്തോളം , തിരുശേഷിപ്പുകൾ… നൊമ്പരങ്ങൾ സമ്മാനിക്കുന്നുവെങ്കിലും. മരിക്കാത്തത് പ്രണയവും , സ്വപ്നങ്ങളുമാണ് ….

വീണ്ടുമൊരു പുനർജ്ജന്മം ലഭിച്ചിടാതെ വാടിപോകുമായിരുന്നെന്നിലൊരു പുതു നാമ്പ് പിറവികൊണ്ടിരിക്കുന്നു…. പ്രതീക്ഷയോടെ……. പ്രത്യാശയോടെ…!

ഇന്നും ഞാൻ കാത്തിരിക്കുന്നു ആ വസന്തം എന്നിൽ പെയ്തിറങ്ങുന്ന സുവർണ്ണ നിമിഷത്തിനായി…!

Comments:

No comments!

Please sign up or log in to post a comment!