ശ്രീഭദ്രം ഭാഗം 6

അവളോടെല്ലാം തുറന്നുപറഞ്ഞ സന്തോഷത്തിൽ… ഗംഗയിൽ മുങ്ങിക്കുളിച്ച് സമസ്തപാപങ്ങളും കഴുകിക്കളഞ്ഞ മനസമാധാനത്തോടെയാണ് കോളേജിലേക്ക് വന്നത്. പതിവായി ബൈക്കിൽ വന്നിരുന്നത്, അന്നൊരു ചെയ്ഞ്ചിന് കാറിലേക്ക് മാറ്റി. കാർന്നോപ്പടി ആദ്യമായി വാങ്ങിയ ബെൻസിൽ തന്നെയായിരുന്നു അന്നത്തെ വരവ്. പുതിയ ഓഡി വന്നതോടെ പുള്ളി അതിലാണ് സഞ്ചാരമെന്നതിനാൽ ഇവനങ്ങനെ ഒതുങ്ങി കിടപ്പായിരുന്നു. പക്ഷേ എത്ര നാളായി അനങ്ങാതെ കിടന്നാലും ഒന്ന് കാലുവെച്ചുകൊടുത്താൽ ചെക്കനിപ്പോഴും നൂറിന് മോളിലാ. മാക്സിമം സ്പീഡിൽ പലവഴി പോയിട്ടും ഇന്നേവരെ ഒന്ന് പോറിച്ചിട്ടു പോലുമില്ലവൻ. അത്രക്ക് കരുതലാണ് അവനു ഞങ്ങളെ. അതുകൊണ്ടുതന്നെ അവനെയെനിക്ക്‌ വല്ലപ്പോഴുമൊക്കെ കിട്ടാറുമുള്ളൂ. ഒന്ന് ചൂടാക്കിയിട്ടു കുറേയായില്ലേ, ഇനിയുമിങ്ങനെ എടുക്കാതെ കിടന്നാൽ ഓയില് തണുക്കുമെന്നൊക്കെ തട്ടിവിട്ട്, മിസ്സിസ് വൈജയന്തി മേനോനെ പറ്റിച്ചാണ് ഒപ്പിച്ചതും. കോളേജിൽ കൊണ്ടുപോയാൽ കൂട്ടുകാരൊക്കെ മേടിച്ചോടിക്കുമെന്ന് പറഞ്ഞാണ് എനിക്ക് കാറൊന്നും തന്നുവിടാത്തത്. ചോദിച്ചാൽ ഞാൻ കൊടുക്കുമെന്ന് വീട്ടുകാർക്ക് നന്നായി അറിയാം. അവന്മാരുകൊണ്ടോയി തട്ടുവോ മുട്ടുവോ വല്ലോം ചെയ്താൽ അവരെക്കൊണ്ട് ഞാനത് പണിയിക്കില്ലാന്നും വീട്ടുകാർക്കറിയാം. ആ കാശും കാർന്നോർക്കു പോകും. അതുകൊണ്ടാണ് എനിക്ക് കാറൊന്നും തന്നുവിടാത്തത്.

ആർക്കും കൊടുക്കില്ലാന്ന് അവരോട് നുണ പറയാനും വയ്യ. കാരണം എന്റെ ബൈക്കുമായി ഡിബിനൊക്കെ പോകുന്നത് അവര് കാണാറുള്ളതാണ്. അതും കാർന്നോർക്ക് ഇഷ്ടമുള്ള കാര്യമല്ല. നമ്മുടെ വണ്ടി നമ്മുടെ ആവശ്യത്തിന് മാത്രം. അതാണ് പുള്ളിയുടെ ലൈൻ. പക്ഷേ ഞാനൊരു മുടിയനായ പുത്രനായതിനാൽ പുള്ളി പറയുന്നതിന് മുമ്പേ കൊടുത്തുകഴിയും. അമ്മ മാത്രം ബൈക്കിന്റെ കാര്യത്തിൽ മിണ്ടാറില്ല. കാരണം അതുമായി വരുമ്പോഴാണ് ഡിബിനെ കുടഞ്ഞ് എന്റെ കാര്യങ്ങൾ അറിയുന്നത്. ആ വഴി മുടക്കാൻ വയ്യല്ലോ..

എന്തായാലും കാലുപിടിച്ചാണ് അമ്മയെക്കൊണ്ടു സമ്മതിപ്പിച്ചത്. അച്ഛനറിയരുത് എന്ന ഉഗ്രശാസനയോടെയാണ് തന്നുവിട്ടതും. പക്ഷേ പുള്ളിയാണ് ആദ്യമറിഞ്ഞതും. എങ്ങനെയാണെന്നല്ലേ… അതായിരുന്നു ഭദ്രകാളിയുടെ ആദ്യത്തെ സഹതാപ പഠനം.

വഴിയിൽനിന്ന് ഡിബിനെയും കയറ്റി പാട്ടുംപാടി കോളേജിലേക്ക് വണ്ടി പായിച്ചുകയറ്റി. മെയിൻ എൻട്രൻസിൽനിന്ന് ഏകദേശം നൂറു നൂറ്റമ്പത് മീറ്റർ മാറിയാണ് പാർക്കിങ്‌. മെയിൻ എൻട്രൻസ് വരെയുള്ള ഏകദേശം പത്തിരുന്നൂറ് മീറ്റർ ദൂരവും എൻട്രൻസ് കഴിഞ്ഞുള്ള ദൂരവും ഒരേ നിരപ്പിൽ നല്ല കിടിലൻ റോഡാണ്.

കോളേജിലെ ആമ്പിള്ളേര് പെമ്പിള്ളേരുടെ മുന്നിൽ ഷോ കാണിക്കുന്ന പ്രദേശം. നൂറിന് നൂറ്റമ്പതും വണ്ടി കേറിക്കോളും. അതുപോലുള്ള വഴി. ആദ്യമായി ബെൻസുകാറിൽ കോളേജിൽ വരുന്ന ത്രില്ലിലും ഒന്ന് ഷോ കാണിക്കാമെന്നു കരുതിയും ഞാനും ചവിട്ടിയാണ് വിട്ടത്. മെയിൻ തിരക്ക്‌സമയം കഴിഞ്ഞതിനാൽ വിജനമായ റോഡ്. ഗിയറൊന്ന് മാറിയപ്പോഴേ ഫാസ്റ്റ് ആന്റ് ഫ്യുരിയസ് സിനിമയിലെപ്പോലെ മീറ്റർസൂചി പാഞ്ഞു. അറുപതിൽ നിന്ന് സ്വിച്ചിട്ടപോലെ നൂറിന് മുകളിലേക്ക്. കാറ്റുപോലെ വണ്ടി പറന്നു.

മെയിൻ എൻട്രൻസ് കടന്ന് പാഞ്ഞാണ് വണ്ടി പാർക്കിങ്ങിലേക്ക് ചെന്നത്. പാർക്കിങിന്റെ തുടക്കത്തിലുള്ള ഒരു മരം ചുറ്റിവേണം കാർ പാർക്കിങ്ങിലേക്ക് കടത്താൻ. പിള്ളേരിൽ ആകെ രണ്ടോ മൂന്നോ പേരുമാത്രമേ കാറുമായി വരാറുള്ളൂ. ബാക്കി മിക്കവാറുംപേരും ബൈക്കാണ്. അതുകൊണ്ടുതന്നെ വിശാലമായ കാർപാർക്കിങ്‌ ഏറെക്കുറെമൊത്തം കാലിയുമായിരിക്കും. ആ ഉറപ്പിൽ വന്ന വരവിൽ ബ്രെക്കിലൊന്നു തൊടുക പോലും ചെയ്യാതെയാണ് മരത്തെ ചുറ്റിയത്. ചുറ്റി വന്നപ്പോഴാണ് ആ പോകുന്നത് ചേട്ടത്തിയമ്മയല്ലേടാ എന്നവൻ ചോദിച്ചത്. അതേ… അവളുതന്നെ. ഒരു വെള്ളസൽവാറുമിട്ട് കുണുങ്ങിക്കുണുങ്ങി പോകുന്നു. സാധാരണ നല്ല സ്പീഡിൽ പോകുന്നയാളിന്നു വളരെപ്പതുക്കെ, ഒരു താളത്തിൽ ആടിയാടി നല്ല ഒതുക്കത്തിലാണ് പോക്ക്. ആരെക്കാണിക്കാനാണോ ഇതുമായി ഇറങ്ങിയത്…, അവളെത്തന്നെ ആദ്യമേ കാണുന്നു. ആ ത്രില്ലിൽ, അവളെയൊന്നു കാണിക്കാമെന്നു കരുതിത്തന്നെ ഹോണൊരൊറ്റയടി. അതിന് മുന്നേ വണ്ടിയവളുടെ തൊട്ടടുത്തെത്തിയിരുന്നു താനും. എന്തോ ആലോചിച്ചു സ്വപ്നംകണ്ടു നടന്നവൾ ഹോണിന്റെ സ്വരം കേട്ട് ഞെട്ടിത്തിരിഞ്ഞപ്പോൾ തൊട്ടുപിന്നിലൊരു കാറ്‌. അവളുടനെ സൈഡിലേക്ക് എടുത്തൊരു ചാട്ടം. ബാലൻസ് കിട്ടാതെയുള്ള ആ ചാട്ടം മരത്തിന് ചുറ്റും കെട്ടിയിരുന്ന അരമതിലിലാണ് പോയിടിച്ചത്. ചെന്നിടിച്ചതും എടുത്തടിച്ചപോലെയൊരു വീഴ്ചയും. എല്ലാം ഒറ്റ സെക്കന്റിനുള്ളിൽ കഴിഞ്ഞു.

അവളെ ഇടിക്കാൻ മാത്രമുള്ള അകലത്തിലൊന്നുമായിരുന്നില്ല വണ്ടി. പക്ഷേ പെട്ടന്നുകേട്ട ഒച്ചയും വണ്ടികണ്ടപ്പോഴുള്ള ഞെട്ടലുമൊക്കെയായി പേടിച്ചതാണ്. അവളുടെ വീഴ്ച കണ്ടതും ഞങ്ങള് അതിലേറെ പേടിച്ചിരുന്നു. ഞങ്ങളറിയാതെ അയ്യോയെന്നൊരു നിലവിളിയോടെ പരസ്പരമൊന്നു നോക്കിപ്പോയി. നൂറിൽ വന്നവണ്ടി സഡൻ ബ്രെക്കിട്ട സൗണ്ടിൽ കോളേജൊന്നു കിടുങ്ങിക്കാണണം. ബെൻസ്‌ ആയതുകൊണ്ട് അത്രവലിയ ശബ്ദമൊന്നും വന്നുകാണില്ലല്ലോ. പക്ഷേ ടയറു കത്തിയ മണം മൊത്തം പടർന്നുകാണും. പക്ഷേ കിടുങ്ങില്ലാന്നു കരുതിയ എനിക്ക് തെറ്റി.
കിടുങ്ങി. നല്ല സൂപ്പറായിട്ടു കിടുങ്ങി. കോളേജല്ല, ഞാൻ. വീഴ്ച കണ്ടിട്ടോ, ബ്രെക്കിട്ട ഒച്ച കേട്ടിട്ടോ അല്ല, വീണവളുടെ അടുത്ത പണി കണ്ടിട്ട്. വീണിടത്തുനിന്ന് ചാടിയെണീറ്റ് അടുത്തു കിടന്ന എന്തോ ഒരുണക്കമ്പുമായിട്ടവൾ പാഞ്ഞുവരുന്നതെ കണ്ടൊള്ളു. സീറ്റുബെൽറ്റും വലിച്ചൂരിച്ചാടിയിറങ്ങാൻ പോലുമുള്ള സമയം കിട്ടിയില്ല. അതിന് മുന്നേ അവളാ കമ്പ് വീശിയിരുന്നു.

ബ്രെക്കിട്ടപ്പോൾ അൽപ്പം മുമ്പോട്ടു നീങ്ങിപ്പോയിനിന്ന വണ്ടിയുടെ ബാക്കിലെ വലതുവശത്തെ ബ്രെക്കുലൈറ്റ് വരുന്ന ഭാഗത്തായിരുന്നു അടി. വണ്ടിയുടെ ആ വശം പൊട്ടിയ സൗണ്ടിനെക്കാളുമുച്ചത്തിൽ എന്റെ ഹൃദയം പൊട്ടിയുള്ള നിലവിളിയുയർന്നു. ഡോറും തുറന്നുഞങ്ങള് പുറത്തേക്ക് ചാടുമ്പോഴേക്കും അടിച്ചിടത്തുതന്നെ ഒന്നുകൂടിയടിവീണിരുന്നു. ഭൂകമ്പത്തിൽ ഭൂമി പൊട്ടിപ്പിളരുന്നപോലെ ആ വശത്തെ പെയിന്റും ഗ്ലാസുമെല്ലാംകൂടി പൊട്ടിയടർന്നുവീണു. രണ്ടാമത്തെ അടിക്ക് വീശുമ്പോഴാണ് അവളെന്റെ അലർച്ച കേട്ടതും. വീശിയ കൈ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് ആ അടി വീണതും. ഞാനാണെന്നു മനസ്സിലായാൽ അടുത്തതെന്റെ തലയായിരുന്നു ആദ്യം പൊട്ടേണ്ടത്. അതായിരുന്നു ഇതിലും ഭേതവും. പക്ഷേ അവളത് ചെയ്തില്ല. എന്നെയൊന്നു തുറിച്ചു നോക്കിയിട്ട് ആ കമ്പും നിലത്തേക്ക് വലിച്ചെറിഞ്ഞിട്ട് ചവിട്ടിക്കുലുക്കിയൊരൊറ്റപ്പോക്ക്. തലയിൽ കൈവെച്ചുകൊണ്ട്‌ ഞാൻ നിലത്തേക്കുമിരുന്നു.

കുറേനേരത്തേക്ക് തലക്കുള്ളിലാകെയൊരു പുകയായിരുന്നു. ഒന്നു കരയാൻ പോലുമാവാത്ത അവസ്ഥ. കണ്മുന്നിൽ ഒരിരുട്ടു മാത്രം. ചുറ്റുമുള്ളതൊന്നും കാണുന്നില്ല. ആകെ കിളിപോയപോലെ. ആരൊക്കെയോ ഓടിവരുന്നതും വണ്ടിക്കുചുറ്റും നോക്കുന്നതും എന്തുപറ്റിയെന്നന്വേഷിക്കുന്നതും പിറുപിറുക്കുന്നതും ഡിബിൻ ആ അടികൊണ്ട ഭാഗമൊക്കെ തൊട്ടുംപിടിച്ചുമൊക്കെ നോക്കുന്നതും വന്നവരൊക്കെ കംപ്ലൈന്റ് ശെരിയാക്കാനെടുക്കുന്ന ചിലവിന്റെ കാര്യമൊക്കെ സംസാരിക്കുന്നതുമൊക്കെ ബോധത്തിന്റെ ഏതോ കോണിലിരുന്നു ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ ഒന്നുമങ്ങോട്ടു ക്ലിയറാവുന്നില്ല. ആകെയൊരു ശൂന്യത.

കുറേസമയമെടുത്തു ഞാനൊന്നു നോർമലാവാൻ. ഒന്ന് വെളിവുവീണപ്പോൾ ചുറ്റും നിന്നവരെയൊന്നു മുഖമുയർത്തി നോക്കിയപ്പോഴാണ് സഹതാപത്തിന്റെ ആദ്യപാഠം ഞാനറിഞ്ഞത്. ആ ചുറ്റുംകൂടിനിന്നവരുടെ മുഖത്ത് ഒരുതരം സഹതാപഭാവം. ഒരൽപ്പം പരിഹാസം കൂടിക്കലർന്ന, ലജ്ജിപ്പിക്കുന്ന ഒരുതരം സഹതാപം. !!! ആ ഭാവം കണ്ടപ്പോൾ ആദ്യം കരച്ചിലാണ് വന്നത്. പിന്നെ കഷ്ടപ്പെട്ട് അതങ്ങടക്കി. എണീറ്റുനിന്നു.
മുഖമൊക്കെയൊന്നു തുടച്ചു. ചുറ്റുമുള്ളവരെ നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടവന്റെ മുഖത്തെ ഭാവമായിരുന്നിരിക്കണം ആ സമയത്തപ്പോഴെനിക്ക്. അപമാനം കൊണ്ട് നീറിപ്പുകഞ്ഞൊരു ഭാവം.!!!

എടാ… എന്തായിപ്പൊ ചെയ്യുക ??? വീട്ടിലറിഞ്ഞാൽ പ്രശ്നമാവില്ലേ ???

ഡിബിനെന്റെ അരികിലെത്തി ചോദിച്ചു. പറയാതെതന്നെ എന്റെയവസ്ഥ ഏറെക്കുറെ അവനറിയാം. ഉവ്വെന്നോ ഇല്ലന്നോ മനസ്സിലാവാത്ത വിധത്തിൽ ഞാനൊന്നു മൂളി. അക്ഷരാർത്ഥത്തിൽ ഞാനുമതാണ് ചിന്തിച്ചിരുന്നതും. വീട്ടിലേക്കെന്തു വിളിച്ചു പറയും ??? ഒറ്റനോട്ടത്തിൽ ന്യായം പണിയുണ്ട്. അതുകൊണ്ട് ആരുമറിയാതെ ഷോറൂമിൽ കയറ്റി പണിയാനൊന്നും പറ്റില്ല. ബെൻസ് ആയതിനാൽ അന്നേദിവസം കിട്ടുമോയെന്നുള്ള കാര്യവും സംശയം. അതുകൊണ്ട് എങ്ങനെയെങ്കിലും അറിയിച്ചേ പറ്റൂ.

കഴുവേറ്ടെ മോൾടെയൊരു പണി. നമ്മളെന്ത് കാണിച്ചിട്ടാ… ??? കാശിന്റെ വെലയറിയില്ല പൂറിക്ക്. അതിന്റെ കഴപ്പാ… തലമണ്ടയടിച്ചു പൊട്ടിക്കുവാ വേണ്ടത് …

ഡിബിൻ നിന്നുതുള്ളി. ഞാനൊന്നും മിണ്ടിയില്ല. വേണ്ട എന്നമട്ടിൽ അവന്റെ കയ്യിലൊന്നു പിടിച്ചു അത്രമാത്രം. പക്ഷേ അവനെ ശാന്തനാക്കാൻ അതൊന്നും പോരായിരുന്നു. അത്രനേരം വളരെ ഡീസന്റായി സംസാരിച്ചുകൊണ്ടിരുന്നവൻ ചുറ്റുമുള്ളവരുടെ കൂട്ടത്തിലേക്ക് നോക്കി അവളെ പൂരത്തെറി. അവൾക്ക് പ്രാന്താന്നൊക്കെയവൻ വിളിച്ചു കൂവുന്നുണ്ട്. ഒരുവേള എന്നെക്കാളും സങ്കടം അവനാണെന്നു തോന്നിപ്പോയി. അമ്മാതിരി തെറി. പെമ്പിള്ളേരൊക്കെ ചെവിപൊത്തുന്നുണ്ട്. എന്നിട്ടുമവൻ നിർത്താതെ തെറിയാണ്. എന്തെങ്കിലും മിണ്ടിയാൽ അവനെന്നെയും തെറിവിളിച്ചാലോ എന്നോർത്തിട്ടോ അതോ അതിലുംവലിയ തെറി വീട്ടിൽനിന്നു കിട്ടുമല്ലോന്നു കരുതിയിട്ടൊ ഞാൻ വീട്ടിലേക്ക് വിളിച്ചു കാര്യമവതരിപ്പിക്കാനൊരു വഴിയാണ് തേടിയത്.

അമ്മയെ വിളിച്ചു പറഞ്ഞാലോയെന്നാണ് ആദ്യമാലോചിച്ചത്. പിന്നെ വേണ്ടാന്നുവെച്ചു. തല്ലിപ്പൊട്ടിച്ചെന്നൊക്കെ പറഞ്ഞാൽ എന്നെയാരെങ്കിലും തല്ലിയെന്നൊക്കെചിലപ്പോ ചിന്തിച്ചുകളയും. അത്രയ്ക്ക് പാവമാണ്. അഥവാ ഇനി അല്ലാതെ അവതരിപ്പിച്ചാലും കാർന്നൊരെ അപ്പഴേ വിളിച്ചുപറയും. അതോടെ അങ്ങേരോട് മറച്ചു വെച്ചതിനുള്ള തെറികൂടി വരും. അച്ഛനറിയാതെ അമ്മയെ വളച്ചു കാര്യം നേടാൻ നോക്കിയെന്നാവും പറയുക. അതുകൊണ്ട് രണ്ടുംകല്പിച്ച് മിസ്റ്റർ മേനോനെതന്നെ വിളിക്കാമെന്നു തീരുമാനിച്ചു.

എല്ലാവരുടെയും അടുത്തുനിന്ന് കുറച്ചുമാറിനിന്നു. എന്തായാലും തെറിയുറപ്പാ. അത് അവരുംകൂടി കേട്ട് നാണക്കേടാവണ്ട.
ശ്വാസമൊന്നു വലിച്ചുവിട്ടിട്ട് ഒരുനിമിഷം കണ്ണടച്ചുനിന്ന് ധൈര്യം സംഭരിച്ചു. ഒന്നുകൂടി ശ്വാസം ആഞ്ഞുവലിച്ചുവിട്ടു. ഒന്ന് ഫ്രീയായെന്നു തോന്നിയപ്പോൾ ഫോണിൽ മെല്ലെ ബെല്ലുവിട്ടു. താങ്ക്സ് ഫോർ കോളിംഗ് മിസ്റ്റർ ഹരീന്ദ്ര മേനോൻ ആൻഡ് ശ്രീഹരി ഗ്രൂപ്പ് ഓഫ് കമ്പനീസ്… അച്ഛന്റെ റിംഗ് ട്യൂൺ ചെവിയിൽ മുഴങ്ങി. കോളെടുക്കാൻ വൈകുന്തോറുമെന്റെ നെഞ്ചിടിപ്പ് കൂടിക്കൂടിവന്നുകൊണ്ടിരുന്നു. മേൽപ്പറഞ്ഞ ഡയലോഗിനൊപ്പമുള്ള മ്യുസിക്ക് എന്റെ അന്ത്യശ്വാസം പോലെയാണെനിക്കു തോന്നിച്ചുകൊണ്ടിരുന്നത്. തൊണ്ടയിലെ ഉമിനീരെല്ലാം വറ്റി. വിയർത്തുകുളിച്ചു. അറിയാതെ ദേഹമാസകലം വിറയ്ക്കാൻ തുടങ്ങി.

എന്താടാ… ??? പെട്ടന്ന് ഒട്ടും മയമില്ലാത്തയാ ഘനമുള്ള സ്വരം മറുതലയ്ക്കൽ വന്നപ്പോഴേ സംഭരിച്ചുവെച്ച ധൈര്യമെല്ലാം ആവിയായിപ്പോയി.

അ… അച്ഛാ… അത്… അത് നമ്മടെ വണ്ടിക്കൊരാക്സിഡന്റ്….

ആക്സിഡന്റോ… ??? എങ്ങനെ…??? എപ്പോ… ??? എന്നിട്ടു നിനക്കെന്താ പറ്റിയത് ???

ഒറ്റ ശ്വാസത്തിലുള്ള ചോദ്യം. പക്ഷേ അപ്പോഴാ സ്വരത്തിൽ മുഴുവൻ നിറഞ്ഞുനിന്നത് മകനെക്കുറിച്ചുള്ള ആധിയായിരുന്നു. അതെനിക്ക് പെട്ടന്ന് മനസ്സിലായി. കാരണം ആദ്യത്തെ ഘനമുള്ള സ്വരത്തിന് പകരം

പരിഭ്രമിച്ചുപോയൊരു അച്ഛന്റെ സ്വരമായിരുന്നു അത്. എന്റെ ദൈന്യത നിറഞ്ഞ സംസാരത്തിൽനിന്ന് എനിക്കെന്തെങ്കിലും പറ്റിയോയെന്നു ചിന്തിച്ചുകാണും. എന്തായാലും ആ സ്വരത്തിന്റെ ധൈര്യത്തിൽ ഞാൻ ഉള്ളതങ്ങു വെട്ടിത്തുറന്നു പറഞ്ഞുകളഞ്ഞു. പക്ഷേ എന്റെ പെണ്ണാണ് തല്ലിപ്പൊട്ടിച്ചത് എന്നത് ഞാനങ്ങു മാറ്റി, കോളേജിലേക്ക് പോയ ഏതോ ഒരു പെണ്ണായി. പെട്ടന്ന് പേടിച്ചത് കൊണ്ട് ആ ദേഷ്യത്തിന് ചെയ്തതാണെന്നോക്കെ അറിയാതെ അവളെ സപ്പോർട്ട് ചെയ്തു തട്ടിവിട്ടു. മൊത്തം കേട്ടുകഴിഞ്ഞിട്ടും ഞാൻ പ്രതീക്ഷിച്ച അലർച്ചയും ബഹളവുമൊന്നും മറുവശത്തുനിന്നും വരാത്തത് എനിക്ക് ചെറിയൊരു സമാധാനം നൽകി. ഞാനൊന്നാശ്വസിച്ചു.

ആ കൊച്ചിനൊന്നും പറ്റിയില്ലാന്നുറപ്പാണല്ലോല്ലേ ???

ഏയ് ഒന്നും പറ്റിയില്ലാന്നേ. അതിനവളുടെ ഏഴയലത്തുകൂടിപ്പോലുമല്ല വണ്ടി ചെന്നത്. പെട്ടന്നോണിന്റെയൊച്ച കേട്ടപ്പോ എടുത്തുചാടി വീണതാ.. അപ്പൊത്തന്നെ പോകുവേം ചെയ്തു.

വണ്ടിയൊന്നുമിടിച്ചില്ലാന്നുറപ്പല്ലേ ???

അതേന്നേ…

ആ അങ്ങനെയാണെങ്കി കുഴപ്പമില്ല. അല്ലാതെയിനി നാളെയാ കൊച്ചിനെന്തെങ്കിലും പറ്റിയെന്നും പറഞ്ഞെന്നെയാരും വിളിക്കാനിട വരരുത്.

ഏയ് അതോന്നുമില്ലച്ഛാ. വണ്ടി അടുത്തൂടെ പോലും പോയിട്ടില്ല. ആ കൊച്ച് പോയി വീണന്നേയുള്ളൂ. തൊലി പോലും പോകാനുള്ള വീഴ്ച്ച വീണില്ല. കുറച്ചു ചെളി ചെലപ്പോ പറ്റിക്കാണും. അത്രേയുള്ളൂ. പക്ഷേ വണ്ടിക്ക് കൊറേ പണിയുണ്ട്. ബാക്ക് സൈഡിലെ കുറെ പെയിന്റും ബ്രെക്ക്ലൈറ്റുമൊക്കെ പോയി…

ആ ഓരോന്നു കാണിച്ചു വെച്ചിട്ട് ഇനി പണിയൊണ്ടെന്നു പറഞ്ഞാ മതി. അതെങ്ങനെയാ പതുക്കെപോകാൻ പറഞ്ഞാൽ കേൾക്കൂല്ലല്ലോ… മരണപ്പാച്ചില് പാഞ്ഞു നാട്ടുകാരെ ഇടിച്ചുകൊല്ലാൻ നോക്കിയാൽ ഇതല്ല ഇതിലപ്പുറവും വരും.

ഏയ്… വണ്ടി സ്പീഡിലൊന്നുമല്ലാരുന്നു….

പിന്നേ… പതുക്കെ വരുന്ന വണ്ടികണ്ടു വീഴാൻ നീ ലോറിയാണല്ലോ ഓടിച്ചോണ്ടു പോയത്… ആ കൊച്ചിനൊന്നും പറ്റാഞ്ഞത് ഭാഗ്യം.

ഉം… വേറൊന്നും പറയാൻ പറ്റാത്തതുകൊണ്ടു ഞാനൊന്നുമൂളി.

ആ ഇനി മൂളിയേച്ചാ മതി. അമ്മയ്ക്കും മോനും ഒരൊന്നൊണ്ടാക്കി വെച്ചാ മതീല്ലോ… കാശ് പോണത് എന്റെയല്ലേ…

ഞാനൊന്നും മിണ്ടിയില്ല. കേട്ടുനിന്നു. നീണ്ട ഉപദേശം. എന്നെ പറയുന്നതിനിടയിലും അമ്മയ്ക്കായിരുന്നു കുറ്റം. അമ്മയാണ് എനിക്ക് വളംവെച്ചു തരുന്നതെന്നാണ് പുള്ളിയുടെ നിലപാട്. എന്തായാലും കേട്ടത് ഞാനാണെങ്കിലും പകുതി അമ്മയ്ക്കുള്ള ഉപദേശമായിരുന്നു. എന്തായാലും വലിയ പരിക്കില്ലാതെ കോള് കട്ടു ചെയ്യാനൊരുങ്ങവെയാണ് ആ ബോംബ് മൊത്തമായിട്ടു പൊട്ടിയത്.

ആ എന്തായാലും വരാനുള്ളത് വന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. എന്തായാലും വണ്ടിയോടുമല്ലോ… വൈകുന്നേരമത് സുദേവിന്റെ ഷോറൂമിൽ കൊണ്ടു കൊടുത്തേരെ… എന്നിട്ട് നാളെയോ മറ്റെന്നാളോ പോയെടുത്തേച്ചാൽ മതി…

അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴാണ് എനിക്ക് സംഗതി കത്തിയത്. അച്ഛന്റെ ഹോണ്ടാസിറ്റിയും വീട്ടിലുണ്ടായിരുന്നു. കാറെന്ന് ഞാൻ പറഞ്ഞപ്പോൾ അതാണ് ഞാൻ തകർത്തതെന്നാണ് പുള്ളി കരുതിയേക്കുന്നത്. സാധാരണ ബെൻസെടുക്കുന്ന പതിവ് എനിക്കില്ലല്ലോ. കോളേജിൽ പോകുമ്പോ ഒട്ടുമില്ല താനും. അതാണ് സുദേവേട്ടന്റെ ഷോറൂമിൽ കൊടുക്കാൻ പറഞ്ഞത്. ഒരു തിരുത്തുപോലെ അയ്യോ അച്ഛാ സുദേവേട്ടന്റെ ഷോറൂമിൽ കൊടുക്കാൻ ഹോണ്ടാസിറ്റിയല്ല ബെൻസാ എന്റെ കൈയിൽ എന്നൊന്നു പറഞ്ഞു തീർന്നില്ല, അതിനുമുമ്പേ തെറി തുടങ്ങിയിരുന്നു. എന്റമ്മോ… ഇത്രേം വലിയ കമ്പനിമുതലാളി ഇങ്ങനേം തെറിവിളിക്കുമോയെന്നു ചിന്തിച്ചു പോകുന്ന തരത്തിലായിരുന്നു തെറി.

കടപ്പുറം ജാനു പോലും ഇങ്ങനെ വെറൈറ്റി തെറി വിളിച്ചു കാണില്ല. ശ്വാസം വിടാതെ ഒരാൾക്കെങ്ങനെയാ ഇങ്ങനെ തെറിവിളിക്കാൻ പറ്റുന്നെ…??? സ്വന്തം തന്തയായതുകൊണ്ടു പറയുവല്ല, ഇക്കാര്യത്തിലങ്ങേർക്കൊരു കോംപറ്റിഷൻ കൊടുക്കാൻ ഈ ലോകത്തിൽപോലും വേറാരും കാണില്ല. എന്റമ്മോ.. എന്തൊരു തെറി. സ്വന്തം മോനെയാണ് തെറിവിളിക്കുന്നതെന്നുപോലും അങ്ങേർക്ക് ചിന്തയില്ലായിരുന്നുവെന്നുവേണം കരുതാൻ. വീട്ടിലോട്ടു വാട്ടോ ബാക്കി വീട്ടിൽ വന്നിട്ടെന്നും പറഞ്ഞ് ദേഷ്യത്തോടെയങ്ങേരു കോള് കട്ട് ചെയ്യുമ്പോഴേക്കും എന്റെ ചെവിയിൽനിന്നും ഫോണിൽനിന്നും തെറികേട്ടു പുക വന്നിരുന്നു.

എന്തായാലും വരാനുള്ളത് ശിവരാത്രിയാണെന്നുറപ്പായി. ഒന്നാലോചിച്ചു നിന്നിട്ട് ഞാൻ വീണ്ടും വണ്ടിയുടെ അടുത്തേക്ക് ചെന്നു. പ്രേമഭാജനത്തിന്റെ സ്നേഹസമ്മാനമേറ്റ് കിടക്കുന്ന അവനെ നോക്കിയപ്പോൾ ഉള്ളിലൊരു വിഷമം. ആദ്യമായിട്ടവന്റെ ദേഹത്തൊരു പോറലു വീണിട്ടും എനിക്കത് തടയാനായില്ലലോ… അല്ലെങ്കിൽ ഞാൻ കാരണമാണല്ലോ അതുണ്ടായത് എന്നൊക്കെയൊരു തോന്നല്. ഉള്ളിലൊരു പിടച്ചില്. അത്രയേറെ ആത്മബന്ധമുണ്ടായിരുന്നു അവനുമായിട്ടെനിക്ക്. എന്തായാലും ഇതിലും സൂപ്പറായിട്ടവനെ പണിയണമെന്ന ദൃഢനിശ്ചയത്തോടെ ഞാൻ വന്നു വണ്ടിയിലേക്ക് കേറി. അവനെ റോഡിൽ നിന്ന് സൈഡിലേക്ക്, പാർക്കിങ്ങിലേക്ക് മാറ്റിയിട്ടു.

എന്റെയടുത്ത പരിപാടിയെന്തന്ന മട്ടിൽ നോക്കിനിൽക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് ഞാൻ ബാഗുമെടുത്തു തിരിഞ്ഞു. എന്നിട്ട് ഡിബിനെ നോക്കി തികച്ചും സൗമ്യമായിത്തന്നെ ഒരു തെറിയുടെ അകമ്പടിയോടെ ബാഗെടുക്കാൻ പറഞ്ഞു. ഏതോ വിചിത്രജീവിയെ കാണുമ്പോലെ എന്നെത്തന്നെ നോക്കിക്കൊണ്ട് അവനും വന്നു ബാഗെടുത്തു. ഡോറടഞ്ഞതും ഞാൻ സെന്റർ ലോക്കും ഓണാക്കി ഒന്നും സംഭവിക്കാത്തപോലെ ക്ലാസിലേക്ക് നടന്നു. അവൻ പിന്നാലെയും അവന്റെ പുറകെ കുറച്ചുപേരും. ഞാനെന്തോ വലുത് ചെയ്യാൻ പോകുന്നുവെന്ന മട്ടിലായിരുന്നു അവരുടെയൊക്കെ വരവ്. എന്റെ പോക്ക് കണ്ട് സസ്‌പെൻസടക്കാനാവാതെ ഡിബിൻ പെട്ടെന്ന് മുന്നിൽ കയറിനിന്ന് എന്നെ തടഞ്ഞുകൊണ്ടത് ചോദിക്കുകപോലും ചെയ്തു.

ടാ… എന്താ നീന്റുദ്ദേശം ??? നീയെന്നാ ചെയ്യാൻ പോണേ ??? വീട്ടിലോട്ടു വിളിച്ചപ്പോ വീട്ടുകാരെന്നാ പറഞ്ഞേ ???

വീട്ടുകാരെന്നാ പറയാൻ… ??? വണ്ടിനേരെ ഷോറൂമിൽ കേറ്റിക്കൊള്ളാൻ പറഞ്ഞു, അത്രതന്നെ… !!!

തികച്ചും ലാഘവത്തോടെയുള്ള എന്റെയാ മറുപടിക്ക് ങ്ഹേ എന്നൊരു ആശ്ചര്യം നിറഞ്ഞ സൗണ്ടായിരുന്നു അവനിൽ നിന്നു വന്നത്.

എന്നിട്ട്… ??? എന്നിട്ട് അവളെ നീയെന്നാ ചെയ്യാൻ പോണേ ???

അവളെ ഞാനെന്തൊന്നു ചെയ്യാൻ ???

അപ്പൊ അവളെയൊന്നും ചെയ്യാനല്ലേ നീ പോണേ ???

നിനക്കെന്നാടാ മൈരേ പ്രാന്തുണ്ടോ ??? അവളെ ഞാനെന്തൊന്നു ചെയ്യാനാ ??? എനിക്കെന്താ തലക്കോളവോ ??? ഒരു പിരീഡ്‌ പോയി. ഞാൻ നേരെ ക്ലാസ്സിൽ കേറാനാ പോണേ… !!!

ഒരുനിമിഷം എന്റെ മുഖത്തേക്ക് വായുമ്പോളിച്ചു നോക്കിനിന്നിട്ട് അവനും എന്നെ അനുഗമിച്ചു. പക്ഷേ പുറകേവന്ന കൂട്ടം അവിടെ നിന്നു. ഞാനൊന്നു നൈസായിട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവരെന്നെയെന്തോ അന്യഗ്രഹ ജീവിയെ നോക്കുമ്പോലെ നോക്കിനിൽപ്പുണ്ട്. എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. എനിക്ക് ചിരിവന്നു. ഒരു സിനിമാറ്റിക് സീനും കൊലമാസ് ഡയലോഗുമൊക്കെ പ്രതീക്ഷിച്ചുവന്ന അവരുടെ സങ്കടമെനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ആ അവസ്ഥയിലും എനിക്ക് അതോർത്ത് ചിരിവന്നു. എന്റെ ചിരി കണ്ടിട്ടാവണം അവനെന്നെ ഇടയ്ക്കിടക്ക് സംശയത്തോടെ നോക്കുന്നുമുണ്ട്. എന്റെ മനസ്സിലിരിപ്പ് ഒരൈഡിയയും കിട്ടാത്തതിന്റെ സകല അങ്കലാപ്പുമവന്റെ മുഖത്തുണ്ട്.

സ്റ്റയർകേസ്‌ കേറി ക്ലാസിലേക്ക് നടക്കുമ്പോഴതാ നമ്മുടെ കഥാനായിക ഞങ്ങൾക്കെതിരേ വരുന്നു. എന്താണെന്നറിയില്ല, മുഖത്തൊരു കലിപ്പ്. ഒരൽപ്പം മുഖം താഴ്ത്തിയാണ് വരുന്നതെങ്കിലും ആ മുഖത്താകെ നിറഞ്ഞുനിൽക്കുന്ന ഭാവം എനിക്ക് പെട്ടന്ന് മനസ്സിലായി. ഞങ്ങളെക്കണ്ടതും മുഖത്തിന്റെ ഇരുട്ടുകൂടി. ഞാനേതാണ്ടവളെ പീഡിപ്പിച്ചു വിട്ടതുപോലെ ദഹിപ്പിക്കുന്നൊരു നോട്ടം. നീയെന്തേലും ഇതിനിടക്ക് ഒപ്പിച്ചോടാ എന്നമട്ടിൽ അവനെന്നെയൊന്നു നോക്കി. ഇവളെന്താ ഇങ്ങനെ നോക്കുന്നതെന്ന മട്ടിൽ ഞാനവനെയും. പക്ഷേ അവളാ നോട്ടം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഞങ്ങളെ മറികടന്ന് താഴേക്ക് പോകാനാണ് നോക്കിയത്. പക്ഷേ പെട്ടന്ന് ബോധം വന്നപോലെ ഡിബിൻ അപ്പഴേക്കും കലിപ്പിലായി. അവനൊരു അലർച്ച.

നിനക്കെന്നാടീ പ്രാന്തോണ്ടോ ??? എന്നാ കഴപ്പിനാ നീയാ വണ്ടി തല്ലിപ്പൊട്ടിച്ചത് ??? സ്വപ്നം കണ്ടൊണ്ട് നടന്ന് വണ്ടികേറിയിടിക്കാതിരിക്കാൻ ഹോണടിച്ചപ്പോ നീ വണ്ടി തല്ലിപ്പൊട്ടിക്കുവോ… വണ്ടീടെ ഹോണല്ലേ അടിച്ചത്… അല്ലാതെനിന്റെ…

അവൻ പറയാൻ വന്നത് പറയാൻ പെട്ടെന്നെന്തോ ഓർത്തതുപോലെ നിർത്തി. നല്ല കലിപ്പിലായിരുന്നു അപ്പോഴവന്റെ മുഖവും. പക്ഷേ അത് കേട്ടതോടെ അവളുടെ കണ്ണിൽ തീയാളി. മുഖമൊക്കെ ചുവന്നു. ആ മുഖത്തേക്ക് ദേഷ്യമിരച്ചു കയറുന്നത് കണ്ട് ഞാനാകെ വിറങ്ങലിച്ചുനിന്നു. അവൻ പറഞ്ഞതിന്റെയാ ധ്വനി. പറഞ്ഞ വർത്താനം… ആഹാ ഇന്നത്തെയടി മച്ചാനുതന്നെ.!!! ഉറപ്പായി.

പക്ഷേ അവള് മറുപടിയൊന്നും പറഞ്ഞില്ല. ദഹിപ്പിക്കുന്ന ഒരു നോട്ടംകൂടി നോക്കിയിട്ട് അവള് മുമ്പോട്ടുതന്നെ നടന്നു. പക്ഷേ ഞാൻ വയലന്റായി. അവളങ്ങോട്ടു നീങ്ങിയതും കഴുത്തിന് കുത്തിപ്പിടിച്ച് ഞാനവനെ ഭിത്തിയേൽകേറ്റി.

ഫ പരനാറീ… എന്നാ വർത്താനാവാടാ മൈരേ നീയെന്റെ പെണ്ണിനോട് പറഞ്ഞത് ???

അ… നിന്റെ വണ്ടി തല്ലിപ്പൊട്ടിച്ച കാര്യമല്ലേ ഞാൻ പറഞ്ഞേ…???

എന്നുവെച്ച് എന്നാ മൈരാടാ നീ പറഞ്ഞേ… ???

പൊന്നുമച്ചാനെ ഒരാവേശത്തിന് പറഞ്ഞതാ… സംഗതി കൈവിട്ടു പോയി… സോറി.

ഇനിയെന്റെ പെണ്ണിനോട് ഇമ്മാതിരി വർത്താനം പറഞ്ഞാ… ങ്ഹാ…

ചുമ്മാ ഒരു ഡയലോഗും വിട്ടിട്ട് ഞാനവനെ വിട്ടു. അവനും ഷർട്ടിന്റെ ചുളിഞ്ഞുപോയ കോളറൊക്കെ നേരെയാക്കിയിട്ട് എന്നെയൊന്നു നോക്കി. എന്നിട്ടൊരു ചിരി. ദേഷ്യമഭിനയിച്ചുനിന്ന ഞാനും അറിയാതെയൊന്നു പുഞ്ചിരിച്ചുപോയി.

കിണിക്കല്ലേ പൂറാ നീ… കാശെത്രയാ പോകുകാന്നറിയാവോ നിനക്ക്… അവന്റമ്മേടെയൊരു സെന്റിമെൻസ്. അവളെന്നാ കാണിച്ചാലും ഈ ഇളിയുമായി നടന്നോണം, പഴംവിഴുങ്ങി. ഭൂ…

അവളെന്റെ മുത്തല്ലേടാ…

ഉവ്വുവ്വാ… അവസാനം അവള്നിന്റെ തലമണ്ടയിതുപോലെയടിച്ചു പൊട്ടിച്ചാലും ഇതുതന്നെ പറയണം…

അവള് വന്നു പൊടിക്കട്ടെടാ… ഞാൻ ദേയിങ്ങനെ നിന്നുകൊടുക്കും. വന്നുപൊട്ടിച്ചോ ഡാർലിംങ്ന്നും പറഞ്ഞോണ്ട്…

ഞാനവനെ നോക്കി ഇരുകയ്യും വിടർത്തി ഹിന്ദിനടന്മാർ റൊമാന്റിക്കായി നിൽക്കുമ്പോലെനിന്നു.

ഇങ്ങോട്ട് നോക്കിയല്ല, അങ്ങോട്ട് നോക്കിനിക്ക്…

അവനെന്റെ പുറകിലോട്ടു നോക്കി ആക്കിയ ചിരിയോടെ പറഞ്ഞു. എങ്ങോട്ട് നോക്കിയെന്നും ചോദിച്ചോണ്ട് നിന്നനില്പിൽ പിന്നോട്ട് തിരിഞ്ഞ എന്റെ ചങ്കിടിച്ചുപോയി. നീട്ടിപ്പിടിച്ച കൈകൾ അറിയാതെ താഴ്ന്നു. സ്റ്റെയറിന്റെ പകുതിയിൽ ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണവൾ. പറഞ്ഞതും ചെയ്തതുമെല്ലാം കണ്ടതും കേട്ടതുംകൊണ്ടാവണം ചോര തൊട്ടെടുക്കാവുന്നതുപോലെ ദേഷ്യംകൊണ്ടുചുവന്നുതുടുത്താണ് നില്പ്. എന്റെ വായിലെ വെള്ളംപറ്റിപ്പോയി. പശ്ചാത്തലത്തിൽ അവന്റെ അടക്കിയ ചിരിയുംകൂടിയായപ്പോൾ നിന്നനിൽപ്പിൽപ്പിലങ്ങില്ലാണ്ടായാൽ മതിയായിരുന്നുവെന്നു തോന്നിപ്പോയെനിക്ക്.

പക്ഷേ അതിനും പ്രതികരണമുണ്ടായില്ല. തറപ്പിച്ചൊന്നുകൂടി നോക്കിയിട്ട് എന്തോ ഓർത്തപോലെ സ്റ്റയർക്കേസ് ചവിട്ടിപ്പൊളിക്കുന്നപോലെ ചാടിത്തുള്ളിയിറങ്ങിയൊരു പോക്ക്.

ഇവളിങ്ങനെ ചവിട്ടിപ്പൊളിക്കുവാണെങ്കി കോളേജിന് വേറെ കെട്ടിടം പണിയേണ്ടി വരുവല്ലോടാ…

എന്തോ വലിയ കോമഡിപോലെ സ്വയം ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവനവളുടെ പുറകെ മെല്ലെ അടിവെച്ചിറങ്ങി. ഞാനവനെ തടയാൻ നോക്കിയെങ്കിലും ഇപ്പ വരാടാ എന്ന അർത്ഥത്തിൽ കൈകൊണ്ടൊരാഗ്യവും കാണിച്ച് അവന്റെ ബാഗ്‌കൂടിയെന്റെ മേത്തോട്ടിട്ടിട്ട് മാർജാരപാദുകനായിട്ടവൻ പമ്മിപ്പമ്മി സ്റ്റെയറിറങ്ങി നടന്നു. എന്നിട്ട് സ്റ്റെയറിന്റെ പാതിയിൽ ചെന്ന് അവളെങ്ങോട്ടാ പോകുന്നതെന്നെത്തി നോക്കി.

പ്രിൻസിയുടെ റൂമിലേക്കണല്ലോടാ അളിയാ… എന്തോ വള്ളിയുണ്ടല്ലോടാ…

അവൻ പറഞ്ഞു തീരുന്നതിന് മുന്നേ ഞാനുമിറങ്ങിയോടിയിരുന്നു. ക്ലാസ് ടൈമിൽ ഒരു വിദ്യാർത്ഥിയെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് വിളിപ്പിക്കണമെങ്കിൽ തക്കതായ കാരണമുണ്ടെന്നത് വ്യക്തം. ആ ജിജ്ഞാസ കൊണ്ടാവും പാതിവഴിയിൽ ചെന്നുനിന്നിരുന്ന അവനേക്കാളുംമുമ്പേ താഴെയെത്തിയത് ഞാനായിരുന്നു. പ്രിൻസിപ്പാളിന്റെ റൂമിന്റെ മുമ്പിലേക്ക് പാഞ്ഞാണ് ചെന്നത്. ഞങ്ങളങ്ങോട്ടു ചെന്നതും പ്യുൺ രാജിച്ചേച്ചി വാതിലുംതുറന്നിറങ്ങി വന്നതും ഒരുമിച്ച്.

ആ നിങ്ങളെ വിളിക്കാൻ വരുവാരുന്നു. വാ സാറ് വിളിപ്പിക്കുന്നുണ്ട്. !!!

കൂടുതലൊന്നും പറയാതെ ചേച്ചി തിരിഞ്ഞു നടന്നതും ഞങ്ങള് പരസ്പ്പരം നോക്കി. ഇതെന്തോന്ന് കൂത്ത് ?? ഇന്നേവരെ ഫീസടയ്ക്കാൻപോലും ഞാനീ ഓഫീസ് മുറിയിലേക്ക് വന്നിട്ടില്ല. അതൊക്കെ കമ്പനിയിൽ നിന്ന് നേരിട്ട് കോളേജ്‌ അക്കൊണ്ടിലേക്ക് ഓരോ സെമസ്റ്ററിനും മുമ്പായി വിടാറാണ് പതിവ്. അതുകൊണ്ടുതന്നെ എന്നെയീ ഓഫീസ് കണ്ടിട്ടുപോലുമുണ്ടാവില്ല. പിന്നെന്തോന്നിനാ എന്നെ വിളിക്കുന്നതെന്ന ചിന്തയോടെയാണ് അകത്തേക്ക് കേറിയത്. ചെല്ലുന്നതെ കാണുന്നത് പ്രിൻസി അവളെയിട്ടു വാട്ടുന്നതും. അതെന്താണെന്നറിയാണുള്ള വെപ്രാളത്തോടെ പാഞ്ഞു ചെന്നാണ് പ്രിൻസിയുടെ കാബിൻ തുറന്നത്.ഒരു അൻപത് വയസോളം വരുന്ന വെളുത്തു തടിച്ചൊരു കഥാപാത്രമാണ് പ്രിൻസിപ്പാൾ. ചെറിയ കുടവയറും ഒരു ചതുരക്കണ്ണടയുംമുള്ള പാന്റും ഇൻസെർട്ട് ചെയ്‌ത ഫുൾസ്ലീവ് ചെക്ക്ഷർട്ടുമൊക്കെയായി ഒരു ടിപ്പിക്കൽ ക്ലിഷേ പ്രിൻസിപ്പാളുതന്നെ.

നിനക്ക് നല്ല അഹങ്കാരമാണെന്നാലോ കോളേജില് മൊത്തം സംസാരം ??? നീയൊക്കെ പഠിക്കാൻ തന്നാണോ കോളേജിലേക്ക് വരുന്നത് ??? അതോ കാശിന്റെ കഴപ്പ് കാണിക്കാനോ ??? നന്നായിട്ട് പഠിക്കുന്ന കൊച്ചാണെന്നു കേട്ടതുകൊണ്ടാ ഇത്രനാളും ഞാനൊന്നും ചോദിക്കാതേം പറയാതേമിരുന്നത്. അപ്പോ നീയിപ്പോ ബാക്കിയുള്ള പിള്ളേരുടേം നെഞ്ചത്തോട്ടു കേറാൻ തൊടങ്ങിയോ… ??? ഇന്നലെ നീയാക്കൊച്ചിന്റെ മോന്തയടിച്ചു പൊട്ടിച്ചു. ഇന്നിപ്പോഴിതും. നീയാരാ ഝാൻസിറാണിയോ ??? അതോ കോളേജിലെ പെൺഗുണ്ടയോ ??? കൂടുതല് വേഷംകെട്ടെടുത്താൽ റ്റീസിയടിച്ചു കയ്യിൽത്തരും ഞാൻ… ലാസ്റ്റിയറാണെന്നൊന്നും നോക്കൂല്ല…

കതക് തുറന്നതെ കേട്ടത് അങ്ങേരുടെ അലർച്ചയാണ്. അവളാകട്ടെ ഒന്നും മിണ്ടാതെ മുഖംതാഴ്ത്തി നിൽക്കുകയും ചെയ്യുന്നു. ഞാനവളെയും പ്രിൻസിയെയും മാറിമാറി നോക്കി.

ആ ശ്രീഹരീ… ഇതേലൊരൊപ്പിട്ടേ… ഇവൾടെയഹങ്കാരമിന്നു തീർത്തുകൊടുക്കുന്നുണ്ട് ഞാൻ… പത്തുപതിനഞ്ചു ദിവസം സസ്‌പെൻഷനടിച്ചു വീട്ടിലിരിക്കുമ്പോ പഠിച്ചോളും. ങ്ഹാ ഒപ്പിട്…

ഒരു പേപ്പറും എന്റെ നേരെ നോക്കിക്കൊണ്ട് അങ്ങേരെന്നോട് പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ഒന്നും മനസ്സിലാവാതെ കണ്ണുമിഴിച്ചു.

എന്തിനാ സാർ ഒപ്പ് ???

തന്റെ വണ്ടിയിവൾ തല്ലിപ്പൊളിച്ചില്ലേ… ??? അതിനൊരു പെറ്റിഷൻ. സസ്‌പെൻഷൻ കയ്യോടെയടിച്ചു കയ്യിലൊട്ടു കൊടുക്കാം… ആ വണ്ടി സർവീസ് ചെയ്യാനുള്ള പൈസ ഇവൾടെ കയ്യീന്നുതന്നെ വാങ്ങിക്കണം. അതു തരുന്നവരെ ഇവളിനി കോളേജിലേക്ക് വരണ്ട. പത്തുപതിനഞ്ചു ദിവസം വീട്ടിലുമിരുന്ന് വീട്ടുകാരുടെ കൊറേ കാശുകൂടി വണ്ടിപണിത് കളയുമ്പോ അഹങ്കാരംകൊറേ കൊറഞ്ഞോളും. അല്ലപിന്നെ… പെമ്പിള്ളേരായാൽ ഇത്രക്കഹങ്കാരം പാടുണ്ടോ… ???

പുള്ളി നിന്നു ചീറി. സസ്‌പെൻഷൻ കൊടുക്കാനോ… ??? എന്റെ പെണ്ണിനോ… ??? അതും ഞാൻ ഒപ്പിട്ടു കൊടുത്തിട്ടോ… ??? നോ… നെവർ. !!! ഞാനവളെ പാളിയൊന്നു നോക്കി. മുഖം കുനിച്ചാണ് നില്പ്. കുറ്റമേറ്റുപറഞ്ഞു നിൽക്കുന്നപോലെ. കണ്ണുകൾ നിറഞ്ഞിട്ടുണ്ടെന്നു തോന്നി. അത് കണ്ടതും ഉള്ളിലൊരു നീറ്റൽ. നിന്റെ കണ്ണു നിറഞ്ഞാലെന്റെയുള്ള് കലങ്ങും പെണ്ണേ… !!!

എന്തിനാ സാർ… സസ്‌പെൻഷനൊന്നും വേണ്ട. വിട്ടേക്ക്… !!!

ആ പേപ്പർ തട്ടിമാറ്റിക്കൊണ്ട് ഞാനത് പറഞ്ഞത് വിശ്വസിക്കാനാവാതെ അങ്ങേരെന്നെ അത്ഭുതത്തോടെ നോക്കി. അവളെന്നിട്ടും മുഖമുയർത്തിയെന്നെ നോക്കിയതുകൂടിയില്ല എന്നത് മറ്റൊരു കാര്യം.

വാട്ട്… ??? സസ്‌പെൻഷൻ വേണ്ടെന്നോ ??? ഇത്രക്കഹങ്കാരം കാണിച്ചിട്ടും സസ്‌പെൻഷൻ കൊടുക്കണ്ടാന്നോ… ???

അതേ സാർ… സസ്‌പെൻഷനെന്നല്ല, ഒരു വഴക്കുപോലും പറയണ്ട. കാരണം തെറ്റ് എന്റെ ഭാഗത്താണ്. അവളുടെ അഹങ്കാരം കൊണ്ടൊന്നുമല്ല. ഞാൻ വണ്ടിയിടിപ്പിക്കാൻ നോക്കിയപ്പോൾ ആ ദേഷ്യത്തിന് ചെയ്തതാ… കുറ്റം എന്റെ ഭാഗത്താ… വിട്ടേക്ക്… !!!

അതെപ്പോ… ??? ഞാൻ പറഞ്ഞുനിർത്തിയതും എന്റെയരികത്തുനിന്ന ഡിബിന്റെ വായിൽനിന്ന് അങ്ങനെയാണ് അറിയാതെ പുറത്തേക്ക് വന്നത്. അവന്റെ തുറന്നുപോയ വായിലേക്ക് നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ആ കാൽപാദത്തിൽ ആരും കാണാതെയൊരു ചവിട്ടുംകൂടികൂടി കൊടുത്തുഞാൻ. മിണ്ടല്ലേടാ പട്ടീ എന്നൊരാജ്ഞയുണ്ടായിരുന്നു എന്റെ നോട്ടത്തിൽ. അത് മനസ്സിലാക്കിയാവും, അവൻ വായടയ്ച്ചു മിണ്ടാതെ നിന്നു. അവന്റെ മുഖത്തുനിന്നു നോട്ടം മാറ്റി, അവളെ നോക്കിയപ്പോൾ കേട്ടത് വിശ്വസിക്കാനാവാത്തപോലെ വല്ലാത്തൊരു ഭാവത്തിൽ നിൽക്കുന്നു. ആ മുഖത്തുള്ളത് സന്തോഷമാണോ ആശ്വാമാണോന്നു തിരിച്ചറിയാനാവാത്തൊരു വികാരം. !!! ആ നോട്ടം കണ്ടതും എന്റെ മുഖത്തൊരു വിജയച്ചിരിയാണ് വിരിഞ്ഞത്. അല്ല അത് നേർത്തൊരു പുഞ്ചിരിയായിരുന്നു. അതിൽ നിറഞ്ഞുനിന്നതുമുഴുവൻ അവളോടുള്ള എന്റെയടങ്ങാത്ത കെയറിങ്ങും ഇഷ്ടവുമായിരുന്നു !!!.

വാട്ട് ആർ യൂ ടോക്കിങ് ??? വീണ്ടും പ്രിൻസിയുടെ രോഷംനിറഞ്ഞ സ്വരമാണെന്നെയുണർത്തിയത്.

അതേ സാർ. കുറ്റം എന്റെയാണ്. എനിക്ക് പരാതിയൊന്നുമില്ല. വിട്ടേക്ക്… !!!

ഉം… ക്ലാസിലേക്ക് പൊക്കോ… മേലാൽ ഇതാവർത്തിക്കരുത്. ആ പിന്നെ. നിന്റെ ഗുണ്ടായിസവും അഹങ്കാരവുമൊന്നും ഈ കോളേജിൽ വേണ്ടാ കേട്ടല്ലോ…

എന്റെ മറുപടിക്ക് എന്തോ പറയാൻ വന്നത് വേണ്ടാന്നുവെച്ച് പ്രിൻസിയവളോട് പറഞ്ഞു. മറുപടിയൊന്നും പറയാതെ മുഖം കുനിച്ചുതന്നെ അവളിറങ്ങിപ്പോയി. ഉം… നിങ്ങളുംപൊക്കോ എന്നൊരു ഡയലോഗ് വന്നതും ഞങ്ങളുമിറങ്ങി. നേരം കളയാൻ ഓരോരോ കേസുകേട്ടുകള് !!!. പ്രിൻസി ഞങ്ങളിറങ്ങുമ്പോ തന്നത്താൻ പിറുപിറുക്കുന്നത് കേട്ടു. ആളാവാൻ നോക്കിയിട്ട് നടക്കാതെ പോയതിന്റെ ദേഷ്യമായിരിക്കും.

ഉം… അല്ലേലും നീയിപ്പോ പരാതി കൊടുത്താരുന്നേ അങ്ങേരിപ്പൊ കമത്തിയേനെ. സസ്‌പെൻഷൻ പോലും. ഹും… കോപ്പാണ്… !!!

പുറത്തിറങ്ങി ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ അവൻ ആരോടെന്നില്ലാതെ പറഞ്ഞു.

അതെന്താ… ???

എടാ കോപ്പേ കോളേജിന് റാങ്ക് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന അവൾക്ക് സസ്‌പെൻഷൻ കൊടുക്കാൻ അങ്ങേരടെ തലക്കെന്താ ഓളവൊണ്ടോ ?? ഇതൊക്കെ നിന്നെക്കാണിക്കാനുള്ള അങ്ങേരുടെ ചില നമ്പറല്ലേ… നീ പരാതിയൊന്നുമെഴുതി കൊടുക്കൂല്ലാന്ന് അങ്ങേർക്ക് നന്നായി അറിയാം. ഇതുപിന്നെ നിന്നെ കാണിക്കാനുള്ള ഒരു ഷോ… അത്രമാത്രം !!!.

ഷോയോ ??? എന്തിന് ???

എടാ പുല്ലേ നിന്റെ തന്ത ഇനിയിതും പറഞ്ഞ് തുണീംപൊക്കിപ്പിടിച്ച് ഇങ്ങോട്ടെങ്ങാനും എഴുന്നള്ളിയാലോ എന്നുപേടിച്ച്. !!! കൊടുത്തൊണ്ടിരിക്കുന്ന ഡൊണേഷൻ നിന്റെ കാർന്നൊരെങ്ങാനും നിർത്തിയാ… കോളേജ് പൂട്ടിപ്പോകും മോനെ… മോൻ പഠിക്കുന്ന കോളേജല്ലേന്നുംപറഞ്ഞ് ഓരോ കൊല്ലവും കാശെത്രെയാ നിന്റെ തന്തേടെ കയ്യീന്ന് വാങ്ങിച്ചെടുക്കുന്നെന്നറിയാവോ ???

എന്റെ തന്തേടെ കയ്യീന്നോ ??? ആ കോപ്പുകിട്ടും.

കോപ്പല്ല നിന്റെ മൈ… ഒന്ന് പോടാ നാറീ… കോളേജിന്റെ പരസ്യത്തിലൊക്കെ നിന്റെ കമ്പനിടെ ആശംസകളെന്നും പറഞ്ഞോണ്ടുള്ള പരസ്യം നീയും കണ്ടിട്ടില്ലേ…??? അതുപിന്നെ മോക്ഷം കിട്ടാൻവേണ്ടി കോളേജുകാരു കൊടുക്കുന്നതാണെന്നാണോ നിന്റെ വിചാരം ???

ആ… എനിക്കറിയാൻമേലാ. !!!

നിനക്കുപിന്നെ എന്നാ മൈരാ അറിയാവുന്നത് ??? പട്ടി പല്ലിളിക്കുംപോലെ പല്ലുമിളിച്ചോണ്ട് അവൾടെ പൊറകെ നടക്കാനറിയാം. അല്ലാതെ… ഭൂ…

നിന്റെ വെഷമം കണ്ടാ നിന്റെ തന്തേടെ കാശാ കൊടുക്കുന്നേന്ന് തോന്നുവല്ലോ… ആ കൊടുക്കുന്നുണ്ടേൽ കൊടുത്തു. അത്രേയുള്ളൂ. എന്റെ തന്തേടെ കാശല്ലേ… ഞാനങ്ങു സഹിച്ചു.!!!

ആ നിനക്ക് സഹിക്കാം… നീ അദ്ധ്വാനിച്ചുണ്ടാക്കീതൊന്നുവല്ലാല്ലോ… !!! അതുകൊണ്ടാണല്ലോ എനിക്കൊരു പരാതീമില്ല അവളോട് കാശും മേടിക്കണ്ടാന്നും പറഞ്ഞുവിട്ടത് ???!!!.

അതേടാ അതേ… ഞാൻ അദ്ധ്വാനിച്ചുണ്ടാക്കീതൊന്നുവല്ല. എന്റെ തന്തേടെ കാശല്ലേ… അതായത് അവൾടെ അമ്മായിയപ്പന്റെ കാശ്. അതിച്ചിരി പൊക്കോട്ടെ. !!!

എന്റെ പൊന്നുപൂറാ നിന്റെയീ അളിഞ്ഞ വർത്താനവൊന്നു നിർത്താവോ… എന്നാ പറഞ്ഞാലും അവളുനിന്റെ കെട്യോളാണെന്ന മട്ടിലാണല്ലോ നിന്റെ സംസാരം ???!!!. അവളാണെങ്കി നിന്നെക്കണ്ടാലേ ചെകുത്താൻ കുരിശു കാണുന്നപോലെയും. !!!.

ആ അതൊക്കെ മാറിക്കോളും. ഒരുത്തനും കൊടുക്കൂല്ല ഞാനവളെ. എന്റെ പെണ്ണാ അവള്. അവളെ ഞാൻ കെട്ടും മോനേ…

എന്നാലന്ന് കാക്ക മലർന്നു പറക്കും. !!!

കാക്കയാരാ നിന്റെ തന്തയോ… ??? എന്നാ പറഞ്ഞാലും അവന്റെയൊരു കൊണച്ച കാക്ക. !!! ഇനി കാക്കയെന്നെങ്ങാനും മിണ്ടിയാ വായ്ക്കാത്ത് ഞാൻ വല്ലകമ്പും കുത്തിക്കേറ്റും പറഞ്ഞേക്കാം… എപ്പഴുവൊണ്ട് അവന്റെയൊരു കാക്കാ… കാക്കാ കാക്കാ…

അവനോടുള്ള കലിപ്പിന് ഞാൻ സ്റ്റെയർകേസ്‌ വേഗത്തിൽ നടന്നുകയറാൻ തുടങ്ങി. അവനും ഒപ്പമെത്തിയെങ്കിലും പിന്നെയൊന്നും മിണ്ടിയില്ല. അപ്പോ എനിക്കൊരു സംശയം. ഞാനവനെയൊന്നു നോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു. എന്തോ ചോദിക്കാനാണെന്റെ ഭാവമെന്നു മനസ്സിലായതും അവനും നിന്നു.

എടാ… നീ പറഞ്ഞില്ലെ… എന്നെക്കാണിക്കാനാണ് അങ്ങേരങ്ങനെയൊക്കെ പറഞ്ഞതെന്ന്… !!! ഞാൻ പരാതിയൊന്നും കൊടുക്കില്ലാന്ന് അങ്ങേർക്കെങ്ങനെയാ അറിയാവുന്നത് ???

ആ അതോ… എടാ അതൊക്കെ സിമ്പിളല്ലേ… ഈ കോളേജിലെ ആർക്കാ അറിയാൻമേലാത്തത്, ഈ കോളേജിലെ ഏറ്റവും പാൽക്കുപ്പി നീയാണെന്ന്… !!!

പറഞ്ഞതും പൊട്ടിച്ചിരിച്ചോണ്ട് അവനോരൊറ്റയോട്ടം. ഒറ്റ സെക്കന്റ് കഴിഞ്ഞാണ് എനിക്ക് സംഗതി കത്തിയത്. ഒരലർച്ചയോടെ അവനെപ്പിടിക്കാൻ ഞാനും പുറകെയൊടി. ഓടിക്കയറി മോളിൽ ചെന്നതും അവനും ഞാനും സ്വിച്ചിട്ടപോലെ നിക്കുവേം ചെയ്തു. ചെല്ലുന്നതേ കാണുന്നത് ഞങ്ങളെയും കാത്തുനിൽക്കുന്ന അവളെ.!!!. കൈരണ്ടും ഭിത്തിയിൽ കുത്തി അതിൽചാരി തികച്ചും കൂളായി, ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണവൾ. മുഖത്തുവലിയ ദേഷ്യമൊന്നുമില്ല. എന്നാ ചിരിയുമില്ലാത്ത ഒരു നിസ്സംഗഭാവം.!!! മുമ്പിൽച്ചെന്ന ഡിബിനെ ഒഴിവാക്കി അവള് നേരെ എന്റെ നേർക്കാണ് വന്നത്. കാര്യമറിയില്ലെങ്കിലും ഞാനൊന്നു പകച്ചു. അല്ലേലും അവളടുത്തേയ്ക്കു വരുമ്പോ എനിക്കെന്തൊഒരു വീർപ്പുമുട്ടലാ… !!!.

സോറി ശ്രീഹരീ… എന്നെ മനപ്പൂർവ്വം ഇടിക്കാൻ വന്നതാണെന്ന് കരുതിയാ അങ്ങനെ ചെയ്‌തെ… നിങ്ങളാണെന്നു കരുതിയില്ല. ഈ കളറുള്ള വണ്ടിയുമായി നിങ്ങള് വരാറില്ലല്ലോ… !!! മെറിനോ അല്ലെങ്കിൽ കോളേജിലെ അലമ്പു പിള്ളേരോ ആണെന്നാ കരുതീത്. സോറി. വണ്ടി പണിയാനുള്ള പൈസ എത്രയെന്നുവെച്ചാ പറഞ്ഞാമതി. ഞാൻ തരാം… !!!

എന്നാ കൊണ്ടുകൊടുക്കെടീ ഒന്നൊന്നര ലക്ഷം രൂപാ… !!! തല്ലിപ്പൊട്ടിച്ചിട്ടുനിന്നു ന്യായം പറയുന്നോ… ??? കാശ് തരാന്ന്… നിന്റെ ഏഴയലത്തൂടെപ്പോലും വരാത്തവണ്ടി നിന്നെയിടിക്കാൻ വന്നതാണെന്ന് എന്തു കണ്ടിട്ടാടീ നീ ചിന്തിച്ചുകൂട്ടിയെ… ???

അവളുടെ ക്ഷമാപണത്തിന് തികച്ചും സിനിമാറ്റിക്കായൊരു റൊമാന്റിക് മറുപടി കൊടുക്കാൻവന്ന എന്നെപ്പോലും മറികടന്ന് ഡിബിൻ പൊട്ടിത്തെറിച്ചു.

പിന്നിൽനിന്ന് പെട്ടെന്നുണ്ടായ അലർച്ചയിൽ അവളൊന്നു ഞെട്ടി. ഞാനും. !!!

ഒന്നരലക്ഷം രൂപയോ ??? അവളുടെ കണ്ണിൽ അങ്കലാപ്പ്. എനിക്കു ചിരിവന്നു.

പിന്നല്ലാണ്ടെന്നാ മോള് വിചാരിച്ചേ ??? നീയൊക്കെക്കണ്ടിട്ടുള്ള ഏപ്പരാച്ചി മാരുതിയെണ്ണൂറല്ലിത്. സാധനം ബെൻസാ… ബെൻസ്‌.. !!!

അവൻ മുന്നോട്ടുവന്ന് തികഞ്ഞ പുച്ഛത്തോടെയത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു കാണണമായിരുന്നു. ആ വണ്ടിയേക്കുറിച്ചോ വിലയെക്കുറിച്ചോ അവൾക്കൊന്നുമറിയില്ലാന്ന് ആ മുഖം കണ്ടപ്പഴേ എനിക്ക് കത്തി. അതേപോലെ ഒന്നരലക്ഷം രൂപയെന്നൊക്കെ കേട്ടപ്പോൾ അതെങ്ങനെ തരുമെന്നുള്ള പേടിയും അതിലുണ്ടായിരുന്നു. എന്നാ സാമ്പത്തികമുള്ള വീടാണെങ്കിലും ഒന്നരയെന്നൊക്കെ കേൾക്കുമ്പോഴൊന്നു ഞെട്ടും. എന്റെ നോട്ടത്തിൽ അവളുടേതൊരു മിഡിൽക്ലാസ് ഫാമിലിയാണ്. അതുകൊണ്ടുതന്നെ അത്രേംപൈസ ഒന്നിച്ചു കണ്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്. അവള് എന്റെ മുഖത്തേക്കൊന്നു നോക്കി. ഒരാശ്രയത്തിനെന്നപോലെ അവളെന്നെ നോക്കുന്നതും എന്റെമുന്നിൽ അവളൊന്നു തലകുനിച്ചു കാണുന്നതും അന്നായിരുന്നു.

അവനങ്ങനെയൊക്കെ പറയും. നീ പൊക്കോ ഭദ്രേ… വണ്ടിയെനിക്കു ക്ലയ്മിനു കിട്ടും. ഫുൾകവർ ഇൻഷുറൻസ് ആയതുകൊണ്ട് കാശൊന്നും കൊടുക്കണ്ട. നീ പൊക്കോ…

ഞാനവളെ ആശ്വസിപ്പിക്കാനെന്നവണ്ണം ഒരൽപ്പം പൈങ്കിളിഭാവത്തിൽ തട്ടിവിട്ടു. ആ പറഞ്ഞതൊട്ടും പിടിച്ചില്ലെങ്കിലും ഡിബിൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവളെന്നെ പ്രതീക്ഷയോടെയൊന്നു നോക്കി. കാശ് വേണ്ടെന്നു പറഞ്ഞപ്പോൾ മുഖത്തെ പേടിയങ്ങു കുറഞ്ഞപോലെ. ഒന്ന് റിലാക്‌സായ മട്ടുണ്ട്.

ഉറപ്പണല്ലോല്ലേ… ??? അവളുടെ സ്വരത്തിൽ എന്നിട്ടുമൊരു സംശയം ബാക്കി.

ഹ പൊക്കോന്നെ… ഞാനല്ലേ പറയുന്നേ… കാശൊന്നും കൊടുക്കണ്ട. ഇൻഷുറൻസ് കമ്പനി കൊടുത്തോളും.

എന്നെയിടിക്കാൻ വന്നതാണെന്ന് കരുതിയാ ഞാൻ… ഇത്രേം വിലയുണ്ടെന്നൊന്നും എനിക്കറിയാൻ പാടില്ലായിരുന്നു… !!!

അവളുടെ സ്വരത്തിൽ ചെറിയൊരു കുറ്റബോധവും സങ്കടവുമൊക്കെ. ഈശ്വരാ… ഈ സമയമൊന്നു ഫോട്ടോസ്റ്റാറ്റെടുത്തുവെക്കാൻ പറ്റിയിരുന്നെങ്കിൽ… !!! ഞാനറിയാതെ പ്രാർത്ഥിച്ചുപോയി. ഭദ്രകാളിയെ തനി പാർവതിയായിട്ടാണ് കിട്ടിയിരിക്കുന്നത്. ഈ സമയമൊന്നു മാറാതിരുന്നെങ്കിൽ… !!!

ഓ അറിഞ്ഞാരുന്നെ നീ ഉമ്മേം വെച്ചിട്ട് പോയേനെ… ഒന്ന് പോടീ…

ഡിബിൻ പിന്നേം ഒച്ചയിട്ടു. ഞാനവനെ ശാസിച്ചപ്പോൾ അന്നാദ്യമായി അവളുടെ മുഖത്തൊരു ചിരി. ഒറ്റ സെക്കന്റ്, അവൾപോലുമറിയാതെ വന്നുപോയതാണെങ്കിലും അതിന്റെയൊരു ഭംഗി… !!! എന്റെ സാറേ…

പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ലാ… !!!

അവള് പെട്ടന്ന് ചിരി മായിച്ചെങ്കിലും ഞാനത് കണ്ടുവെന്നവൾക്ക് മനസ്സിലായി. അതിന്റെയൊരു ചളിപ്പ് ആ മുഖത്തുണ്ടായിരുന്നു. അവനാകട്ടെ ഞാൻ ശാസിച്ചതിന് കൊതികുത്തിയപോലെ നിൽപ്പാണ്. ഒരുമാതിരി കൊച്ചുകുട്ടികള് പിണങ്ങിമാറി നിൽക്കുന്നപോലെ.

എന്നാ ഞാനിനി ക്ലാസിൽ പൊക്കോട്ടെ…??? കാശ് കിട്ടുമല്ലോല്ലേ… ??? കിട്ടിയില്ലെങ്കി പറഞ്ഞാ മതി. ഞാൻ എങ്ങനെയേലും കൊണ്ടൊന്നു തരാം…. !!!

അതൊന്നും നീ നോക്കണ്ട. ക്ലെയിം കിട്ടൂന്നെ… ഇനിയഥവാ കിട്ടിയില്ലെങ്കി… അത് അപ്പോൾ നോക്കാം.

തന്നോടൊന്നു സോറി പറയണമെന്ന് തോന്നിയിരുന്നു. അതാ നിന്നത്. എനിവേ… പ്രിൻസിപ്പാളിന്റെ മുന്നിൽവെച്ച് കുറ്റമേറ്റു പറഞ്ഞതിനും എന്നെ സസ്‌പെൻഷൻ കിട്ടാതെ രക്ഷിച്ചതിനുമൊക്കെ താങ്ക്സ്ട്ടോ…

അവളൊന്നു ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. ഞാനെന്റെ മറുപടിയൊരു ചിരിയിലൊതുക്കിയപ്പോൾ ഒന്നുകൂടി ചിരിച്ചിട്ട് പോയേക്കുവാ എന്നൊരാഗ്യവും കാണിച്ചിട്ട് അവള് തിരിഞ്ഞു നടന്നു. അവളങ്ങോട്ടു നീങ്ങിയതും എന്തോ കുശുകുശുക്കാനായി ഡിബിനെന്റെയടുത്തേക്കും വന്നു. പക്ഷേ ഞാനത് കാര്യമാക്കാതെ അവളുടെയാ നടപ്പിന്റെ ഭംഗിയും ആസ്വദിച്ചങ്ങനെയൊരു ചിരിയോടെ നിൽപ്പായിരുന്നു. അവളുടെയാ മീഡിയം വേഗത്തിലുള്ള നടത്തവും അങ്ങനെ നടക്കുമ്പോൾ തട്ടിക്കളിക്കുന്ന നീണ്ട കേശഭാരവുമെല്ലാം വല്ലാത്ത ഭംഗിയാണെന്നെനിക്കു തോന്നി. എന്നെ ശല്യപ്പെടുത്തണ്ടാന്നു കരുതിയാവണം, അവനൊന്നും മിണ്ടാതെ നിന്നു. പെട്ടന്നവളൊന്നു തിരിഞ്ഞു നോക്കിയപ്പോഴാണ് ഞാൻ പെട്ടെന്ന് സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നത്. ഞൊടിയിടയിൽ നോട്ടം മാറ്റിയെങ്കിലും അവളുടെ പിന്നഴകുംനോക്കി ഞാൻ നിന്നത് അവള് കണ്ടെന്നെനിക്കുറപ്പായിരുന്നു. അവള് പെട്ടന്ന് നിൽക്കുന്നതും ആ കാലടികളെന്റെയടുത്തെക്കു പെട്ടന്നുതിരിച്ചു വരുന്നതും ഞാനൊരു ഞെട്ടലോടെ കേട്ടു. പണിയായോ ദൈവമേ… കൊല്ലാനാണോ വളർത്താനാണോ വരുന്നത്… ???!!!. മുഖമങ്ങോട്ടു തിരിക്കാൻ പോലും ശക്തിയില്ലാതെ ഞാൻ അറച്ചറച്ചു നിന്നു.

ആ പിന്നെ… ഇനി ഇതിന്റെ പേരിൽ കൂടുതൽ ഒലിപ്പിക്കാനെന്റെയടുത്തേക്ക് വരണ്ടാ… കാശ് വേണമെങ്കിൽ അപ്പോ ചോദിക്കുക… കൂടുതൽ സംസാരമോ നോട്ടവോ ഒന്നും വേണ്ട. ഇതിന് മറ്റൊരർത്ഥം കാണുവേം വേണ്ട. കേട്ടല്ലോ…

ആ ഭദ്രകാളിക്കു പിന്നേം പ്രാന്തിളകി. ഓന്തിന് നിറം മാറുന്നതിലും സ്പീഡിലാണ് നിറംമാറ്റം. കുറച്ചുമുമ്പ് മിണ്ടാൻപോലുംപറ്റാതെ നിന്നവള് ഇപ്പോദേ ഈറ്റപ്പുലിപോലെ ചീറുന്നു. അവള് പോയിക്കഴിഞ്ഞിട്ടും എനിക്കാ ചങ്കിടിപ്പ് മാറിയിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ആദ്യത്തെപ്പോലെ പേടിയൊന്നുമില്ലെന്നൊരു തോന്നല്.

ഹോ… കീറു കിട്ടീല്ലാല്ലേ… ???!!! നീയവൾടെ കുണ്ടീലോട്ടുതന്നെ നോക്കിനിന്നപ്പോ ഞാനോർത്തു നിനക്കിട്ടൊരെണ്ണം കിട്ടൂന്ന്… ഛേ… നശിപ്പിച്ചു. !!!

ഡിബിനെന്നെയൊന്നു താറടിക്കാൻ നോക്കി. ഞാനവനെ തുറിച്ചൊന്നു നോക്കിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് പല്ലിറുമ്മി.

ആ പല്ലിറുമ്മുവൊന്നും വേണ്ടാ… ഉള്ളതുതന്നാ പറഞ്ഞേ. നിനക്കിട്ടൊരെണ്ണത്തിന്റെ ആവശ്യമുണ്ടാരുന്നു… ങ്ഹാ… അല്ലേലും ഇതിനെയൊന്നും ഒരാവിശ്യത്തിന് കൊള്ളുല്ലല്ലോ… !!!

എനിക്കും തോന്നിയാരുന്നു. നിന്റെ ഡയലോഗിന് അവളൊരെണ്ണം മുഖമടച്ചു തരൂന്ന്. നീയെന്നാത്തിനാടാ നാറീ അവൾടെയടുത്തത്രക്ക് റെയ്‌സായെ ???

എടാ ആ സമയത്ത് അവളൊന്നും മിണ്ടൂല്ലാന്ന് എനിക്കുനല്ല ഉറപ്പുണ്ടായിരുന്നു. അവള് എന്നെക്കൊറേയിട്ടു വെള്ളംകുടിപ്പിച്ചിട്ടുള്ളതല്ലേ… ??!!! ഇങ്ങനെയൊക്കെയുള്ള അവസരങ്ങളിലേ അതിനൊക്കെ പ്രതികാരം ചെയ്യാൻ പറ്റൂ… !!! ഉള്ളത് പറയാല്ലോ ആ സമയത്ത് അവൾക്കിട്ടു ഞാനൊന്നു പൊട്ടിച്ചാലും അവളത് കൊണ്ടോണ്ട് നിന്നേനെ… !!!

എന്നാ നിന്നെ ഞാൻ കൊന്നേനെ… !!!

എനിക്കതറിയാം. അതല്ലേ ഞാനത് ചെയ്യാത്തതും. അല്ലാ ഏത് കമ്പനിയാടാ ഒരു ജീഡി എൻട്രി പോലുമില്ലാതെ, തല്ലിപ്പൊട്ടിച്ച വണ്ടിക്കുനിനക്ക് ഇൻഷുറൻസ് തരാൻ പോണേ… ??? എനിക്കത് മനസ്സിലായില്ലല്ലോ… ???

ഒന്നു ചിരിച്ചതല്ലാതെ ആ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തില്ല. ആ ചിരിയിലുണ്ടായിരുന്നു അതിന്റെ മറുപടി.

തൊലിക്കല്ലേ തൊലിക്കല്ലേ… അവന്റെയൊരു കിളി. ഹും… രൂപാ ഒന്നൊന്നര ലക്ഷമാ മോനെ നിന്റെ തന്തക്ക് ചുമ്മാ പോകാൻപോണത്. എന്റെ ദൈവമേ… ഒരു തന്തയ്ക്കും ഇതുപോലൊരു മോനെ കൊടുക്കല്ലേ… !!!

ഒന്ന് പോടാ… എന്നിട്ട് നിന്റെ തന്തക്ക് നിന്നെ കൊടുത്തതോ… ??? അത്രേമൊന്നും വരില്ലല്ലോ ഞാൻ… !!! അല്ലേലും അത്രേം കാശൊക്കെ അവളെവിടുന്നെടുത്തു തരാനാടാ… ???!!! വല്യ കാശൊള്ള വീട്ടിലെയൊന്നുമല്ലാന്നാ തോന്നുന്നെ. നീ ഒന്നരാന്നൊക്കെ പറഞ്ഞപ്പോ അവളവിടെ ബോധംകെട്ടു വീഴുമെന്നാ ഞാൻ കരുതീത്. കണ്ണൊക്കെ മിഴിഞ്ഞ്, രണ്ടു മത്തങ്ങ പോലുണ്ടായിരുന്നു.

അല്ലേലും മത്തങ്ങ പോലല്ലേ ഇരിക്കുന്നത്… ???!!!

ടാ ടാ വേണ്ടാട്ടോ…. അവളേതൊട്ടുള്ള കളിയൊന്നും വേണ്ടാ…

ഓ ഇപ്പൊ പറഞ്ഞ ഞാൻ കുറ്റക്കാരൻ. മത്തങ്ങ പൊലിരിക്കുന്നതിന് കുഴപ്പമില്ല.. !!!

ആ മത്തങ്ങയെങ്കി മത്തങ്ങ. ഞാനല്ലേ നോക്കുന്നത്. ഞാനങ്ങു സഹിച്ചു. പോടാ…

നോക്കാനായിട്ടങ്ങോട്ടു ചെല്ല്. പറഞ്ഞിട്ടു പോയത് കേട്ടല്ലോ…. ഇനി ഇതും പറഞ്ഞു കിന്നരിക്കാനങ്ങോട്ടു ചെല്ലാണ്ടാന്ന്… !!! ഓർമയുണ്ടല്ലോല്ലേ… ???

അതിനാരു ചെല്ലുന്നു മോനേ ദിനേശാ… ഇനി കളി വേറെ…

കളിയോ … ??? എന്തുകളി… ??? ടാ മോനെ അവള് ആറ്റംബോംബാട്ടോ… സൂക്ഷിച്ചും കണ്ടും ഇടപെടണം… അക്കാര്യം ഞാനായിട്ടു പറഞ്ഞു തരേണ്ടല്ലോല്ലേ… ???!!!.

അമേരിക്കക്കെന്തോന്ന് ആറ്റംബോംബ് മക്കളേ… ??!!! അത് നിന്നെപ്പോലുള്ള ഹിരോഷിമാകള് മാത്രം സൂക്ഷിച്ചാൽ മതി. ഇനി കാര്യങ്ങള് അമേരിക്ക തീരുമാനിക്കാം… എന്തായാലും ഒന്നുറപ്പാ… അവൾന്നോടൊരിഷ്ടമുണ്ട്. വലുതൊന്നുമല്ലാ… ഒരു കുഞ്ഞിഷ്ടം. അതു ഞാൻ ഉറപ്പിച്ചു. !!!

മൈരാണ്… ഇഷ്ടം പോലും. അങ്ങു ചെന്നേച്ചാലും മതി. കാറിന്റെ ബാക്ക് പോയപോലെ തലമണ്ട പോകാതെ നോക്കിക്കോ…

ഒന്ന് പോടാ. അവളിനിയെന്നെ തല്ലാനും പോണില്ല… ദേഷ്യപ്പെടാനും പോണില്ല. നോക്കിക്കോ നീ… ഇന്നത്തോടെ അതു ഞാൻ ഉറപ്പിച്ചു.

എടാ പുല്ലേ അവൾക്കിട്ടു പണി കിട്ടാതെയൊന്നു രക്ഷിച്ചെന്നും പറഞ്ഞോണ്ട് നീ വല്യ സൂപ്പർമാനായീന്നൊന്നും കരുതല്ലേ… പാന്റിന്റെ പുറത്തിടാതെ ജട്ടി അകത്തിട്ടിരിക്കുന്നകൊണ്ടുതന്നെ നീയിപ്പോഴുമൊരു വെറും മാനാ… അതോർമ വേണം. ഹും… അവള് തല്ലൂല്ലാന്ന്… !!! ഒരു സസ്‌പെൻഷൻ കിട്ടാതെ നോക്കിയാലുടനെ പ്രേമം വരാൻ ഇതെന്തോന്നാ സിനിമയോ ???!!!.

എടാ മോനൂസേ… അവളെയൊന്നു രക്ഷിച്ച കൊണ്ടൊന്നുവല്ല, അവൾക്കെന്നോടുചെറിയ ഇഷ്ടമുണ്ടെന്നു ഞാൻ പറഞ്ഞേ… നീയവള് പറഞ്ഞത് കേട്ടോ… നമ്മള് ഈ കളറുള്ള വണ്ടിയിൽ വരാറില്ലല്ലൊന്ന്… !!!,

നമ്മളാണെന്നറിയില്ലാരുന്നു, അതുകൊണ്ടാണ് തല്ലിപ്പൊട്ടിച്ചതെന്ന്… !!!. എടാ മോനെ… ഇന്നലെയൊക്കെ നമ്മളോട് പറഞ്ഞ ഡയലോഗും ചെയ്തികളും വെച്ച്, നമ്മളാണെന്നറിഞ്ഞാൽ അവളാദ്യം നമ്മളെയാവും തല്ലുക. വണ്ടീംകത്തിച്ചിട്ടവള് പോയേനെ… !!!. മാത്രോമല്ല, നമ്മള് വരുന്ന വണ്ടീടെ കളറുപോലും പഠിച്ചുവെച്ചവള്, എന്നെ കുറച്ചെങ്കിലുമൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ… ??? അങ്ങനെ ശ്രദ്ധിക്കണമെങ്കിൽ എന്നോട് ചെറിയൊരു ഇഷ്ടാവില്ലേ… ??? ആ.. അതാണ് ഞാൻ പറഞ്ഞത്… അവൾക്കെന്നോട് ചെറിയൊരിഷ്ടമുണ്ട്… മുണ്ട്… മുണ്ട്… മുണ്ടെന്ന്… !!! മതി… ഇനി ഞാൻ നോക്കിക്കോളാമെന്റെ മോനെ… ജസ്റ്റ് വെയിറ്റ് ആന്റ് സീ… അവൾടെ ദേഷ്യവും തല്ലുമെല്ലാം എനിക്കിനിയിതാണ് മോനെ… ദേ ഇത്… !!!

അവന്റെ മീശയുടെ ഇരു വശത്തുനിന്നും ഓരോ രോമങ്ങൾ വലിച്ചുപറിച്ച് അവന്റെ മുഖത്തോട്ടുതന്നെ ഊതിപ്പറപ്പിച്ചുകൊണ്ടാണ് ഞാനത് പറഞ്ഞത്. വേദനകൊണ്ട് മുഖത്തിന്റെ ഇരുവശവും പൊത്തിപ്പിടിച്ചുകൊണ്ട് അവൻ തെറിവിളിക്കാനും അടിക്കാനുമൊരുങ്ങവേ പൊട്ടിച്ചിരിച്ചോണ്ട് ഞാൻ ക്ലാസിലേക്ക് പാഞ്ഞിരുന്നു… !!!

(തുടരും. )

ഹൃദയപൂർവ്വം

ജോ

Comments:

No comments!

Please sign up or log in to post a comment!