Will You Marry Me.?? Part 06

ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു….

അത്യാവശ്യം നല്ല ദൂരം ഉണ്ട് ചുരുങ്ങിയത് മൂന്ന് മണിക്കൂർ എങ്കിലും യാത്ര.. എന്റെ ഹൃദയം പട പട മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.. എന്തൊക്കെ ചെയ്തിട്ട്‌ ആയാലും വേണ്ടില്ല ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല.. എന്റെ മനസ്സിലൂടെ എന്തെല്ലാമോ കടന്ന് പോകൊണ്ടിരുന്നു…

അവലോടൊന്നിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു… അന്ന് ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്.. നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. ഒന്നിച്ച് ഭക്ഷണം കഴിച്ചത്.. അവൾ ആദ്യമായി എന്റെ കയ്യിൽ കൈ കോർത്തത്.. എന്റെ കയ്യിൽ മരുന്ന് വച്ച് തന്നത്.. ഭക്ഷണം വാരി തന്നത്… ഒരുമിച്ച് അമ്പലത്തിൽ പോയത്..ഒരുമിച്ച് പ്രാർത്ഥിച്ചത്.. എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

എന്റെ കാൽ ആക്സ്സിലേറ്റെറിൽ കൂടുതൽ അമർന്നു… മറ്റെല്ലാം ഞാൻ പൂർണമായും മറന്നിരുന്നു എന്നെ കൊണ്ട് കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരുന്നു..

ജൂലി പറഞ്ഞത് ശരിയാണ് അവൾക്കും എന്തൊക്കെയോ പറയാൻ ഉണ്ട്.. അത് എനിക്ക് കേട്ടെ മതിയാകൂ… മുന്നിലുള്ള ഓരോ വണ്ടികളും മറികടന്ന് കൊണ്ട് ജീപ്പ് മുന്നോട്ട് കുതിച്ചു…

പെട്ടന്നാണ് ഫോണിൽ എന്തോ ഒരു മെസ്സേജ് വന്നത്.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്. അവള് ബുക്ക് ചെയ്ത കാറിന്റെ നമ്പർ ആണ്.. താങ്ക്സ് കാർലോ…

ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി റോഡിലേക്ക് ആക്കി.. പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്, സിഗ്നൽ ആണ്.. മുന്നിലുള്ള കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു.. എന്റെ കാലും ബ്രേക്കിൽ അമർന്നു..

ഭാഗ്യം ഇടിച്ചില്ല.. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതി..

സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ വീണ്ടും ഞാൻ വണ്ടി മുന്നോട്ടെടുത്തു…

അവള് എങ്ങോട്ടായിരിക്കും പോകുന്നത്..??

പെട്ടന്നാണ് മുന്നിൽ ഒരു വലിയ ട്രാഫിക് ബ്ലോക്ക് കണ്ടത്.. ഇതെന്ത് പറ്റി..?? മുന്നിൽ പോകുന്ന വണ്ടികൾ എല്ലാം സ്പീഡ് കുറച്ച് പതുക്കെ പതുക്കെ ഓരോന്നായി നിർത്താൻ ആരംഭിച്ചു..

റോഡിന്റെ ഒരു ലൈൻ പൂർണമായും സ്തംഭിച്ചു നിൽക്കുകയാണ്.. അറ്റത്തേക്ക് ഒന്നും കാണുന്നില്ല.. ഇവിടെ സിഗ്നൽ ഒന്നും ഇല്ലല്ലോ.. കർത്താവേ വീണ്ടും പരീക്ഷിക്കുകയാണ് അല്ലേ.. ഞാൻ വണ്ടിയുടെ ഗ്ലാസ്സ് താഴ്ത്തി.

. തൊട്ടപ്പുറത്തെ കാറിൽ ഇരിക്കുന്ന ആളോട് ചോദിച്ചു..

“സാർ.. എന്താണ് ഇവിടെ ഇപ്പൊ പെട്ടന്ന് ഒരു ബ്ലോക്ക്..??”

“ഏതോ ഒരു ട്രക്ക് മറിഞ്ഞത് ആണ്… എപ്പോ തുറക്കും എന്ന് ഒരു ഐഡിയയും ഇല്ല…”

എന്റെ ദൈവമേ.. വീണ്ടും എല്ലാം കൈവിട്ട് പോവുകയാനല്ലോ… ഞാൻ മാപ്പിൽ എയർപോർട്ടിലേക്ക് വേറെ ഏതെങ്കിലും വഴി ഉണ്ടോ എന്ന് നോക്കി.. വഴി ഒക്കെ ഉണ്ട് പക്ഷെ പുറകിലേക്ക് നോക്കിയപ്പോൾ ആണ് കണ്ടത് ഒന്ന് അനങ്ങാൻ പോലും പറ്റാത്ത തരത്തിൽ ബാക്കിൽ മുഴുവൻ വണ്ടികൾ വന്നു നിറഞ്ഞിരുന്നു…

എല്ലാം അവസാനിച്ചു.. വീണ്ടും അവൾ പോയി.. എന്നെ തനിച്ചാക്കി.. അവളും ഈ ബ്ലോക്കിൽ പെട്ടിരിക്കണെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആ വണ്ടിക്കുള്ളിൽ ഇരുന്നു.. പറക്കുകയല്ലതെ വേറെ വഴി ഒന്നും ഇല്ല.. സ്റ്റ്റീരിങ് വീലിൽ തല വച്ച് ഞാൻ കുറച്ച് നേരം കിടന്നു….

ദേഷ്യം കൊണ്ട് തല പെരുക്കുന്ന്.. . ഇപ്പൊ ഏകദേശം ഒരു മണിക്കൂർ എങ്കിലും പിന്നിട്ടിരികും ഈ ഇരിപ്പ് തുടങ്ങിയിട്ട്.. എന്റെ ഉള്ള് പൂർണമായും ശാന്തമായിരുന്നു.. എല്ലാം കെട്ട് അടങ്ങിയിരിക്കുന്നു… പക്ഷേ അപ്പോളും പ്രതീക്ഷ ഇല്ലാത്ത ഒരു പ്രതീക്ഷ എവിടെയോ കിടന്നു…

പെട്ടന്ന് മുന്നിലുള്ള വണ്ടികൾ പതുക്കെ നീങ്ങി തുടങ്ങി.. ഞാനും വണ്ടി മുന്നോട്ടെടുത്തു.. അപകട സ്ഥലം കടന്ന് പോകുന്ന വരെ ഒച്ച് പോകുന്ന പോലെ ആണ് വണ്ടികൾ പോയി കൊണ്ടിരുന്നത്..

അവിടം കഴിഞ്ഞതും ഞാൻ വീണ്ടും വണ്ടി പരമാവധി സ്പീഡിൽ ഓടിക്കാൻ തുടങ്ങി.. അവസാനം ഒരു വിധത്തിൽ ഞാൻ എയർപോർട്ടിൽ എത്തി…

പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ പുറത്തേക്കിറങ്ങി.. ഈശോയെ എവിടെ പോയി തിരയും.. ഉള്ളിൽ നോക്കണോ അതോ പുറത്ത് നോക്കണോ.. പുറത്ത് വന്നാലും ഏതായാലും ഉള്ളിലേക്ക് അല്ലേ വരൂ എന്ത്രൻസിന്റെ അവിടെ പോയി നിൽക്കാം..

ഞാൻ ഉള്ളിലേക്ക് പോകാൻ ഒരുങ്ങിയതും ഒരു ടാക്സി കാർ എന്റെ കുറച്ച് മുന്നിലായി വന്ന് നിന്നു… എന്റെ കണ്ണ് ആദ്യം പോയത് നമ്പർ പ്ലേട്ടിലേക്ക്‌ ആണ്..

ഞാൻ ഫോൺ എടുത്ത് നോക്കി.. അതെ ആ നമ്പർ തന്നെ.. ഇത് തന്നെ ആണ് ആഷിക ബുക്ക് ചെയ്ത് കാർ..

ഞാൻ വേഗം കാറിന്റെ അടുത്തേക്ക് ഓടി ചെന്നു.. പെട്ടന്നാണ് കാറിന്റെ ഡോർ തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങിയത്.. ഇതാരാ…?? ഞാൻ വീണ്ടും നോക്കി… ഇവർ മാത്രമേ ഒള്ളു.. അപ്പോ ആഷിക..??

ഞാൻ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു..

“എക്‌സ്ക്യൂസ്‌ മി..”

“പറയൂ സാർ.
.”

“ഇൗ കാറിൽ ആഷിക എന്ന് പേരുള്ള ആരെങ്കിലും യാത്ര ചെയ്തിരുന്നോ..??”

“അതേ സാർ.. ഈ ട്രിപ്പിന് മുമ്പുള്ളത് അവരുടെ ട്രിപ്പ് ആയിരുന്നു..”

“അവരെ എവിടെ ആണ് ഡ്രോപ്പ് ചെയ്തത്..??”

“ഇവിടെ തന്നെ ആണ് സാർ.. അത് കഴിഞ്ഞിട്ടുള്ള ട്രിപ്പ് ആണിത്..”

“ഒരുപാട് നേരം ആയോ..??”

“കുറച്ച് നേരം ആയി സാർ.. അവർ ഇപ്പൊ എന്തായാലും ഫ്ലൈറ്റ് കയറി കാണും… അല്ല എന്ത് പറ്റി സാർ..??”

ഞാൻ ഒന്നും മിണ്ടാതെ ജീപ്പിനടുത്തേക്ക്‌ നടന്നു… അങ്ങനെ വീണ്ടും അവള് പോയി.. പോട്ടെ.. അല്ലാതെ എന്ത് ചെയ്യാനാ.. ഒരു പക്ഷെ ഒരിക്കലും ഞങ്ങൾ ഒന്നിക്കരുത് എന്നാവും ദൈവത്തിന്റെ തീരുമാനം..

എന്നാലും പിന്നെ എന്തിനാ ഇപ്പൊ വീണ്ടും ഇത്രേം പ്രതീക്ഷ തന്നത്.. എന്റെ കാര്യത്തിൽ മാത്രം എന്താ കർത്താവേ ഇങ്ങനെ നടക്കുന്നത്…

ഞാൻ ജീപ്പിന്റെ ക്രാഷ് ഗാർഡിൽ രണ്ട് കൈകളും കാൽ മുട്ടിൽ വച്ച് ഇരുന്നു… തിരികെ പോകാൻ തോന്നുന്നില്ല..

എല്ലാം മടുത്തിരിക്കുന്നു… ഇനിയും എന്തിന്… രണ്ട് വർഷങ്ങൾ കഴിഞ്ഞ് ഇന്ന് വരെ അവൾ അലാതെ മറ്റൊരു പെൺകുട്ടിയും ജീവിതത്തിൽ ഉണ്ടായിട്ടില്ല.. എല്ലാവരും എല്ലാം അവസാനിപ്പിക്കാൻ പറഞ്ഞപ്പോൾ പോലും മനസ്സിന്റെ ഏതോ കോണിൽ അവളോടുള്ള സ്നേഹം മൂടി കിടക്കുന്നുണ്ടായിരുന്നു…

അവസാനം എല്ലാം ശരിയായി വന്നപ്പോൾ അത് ഇങ്ങനെയും ആയി.. ഇപ്പോഴും അവൾ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞില്ല.. എന്റെ ഇഷ്ടം അവളെ അറിയിക്കാനും പറ്റിയില്ല..

ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെട്ടത് അവളെ ആണ്, കല്ല്യാണം കഴിച്ചത് അവളെ ആണ്.. പക്ഷേ അവലോടൊന്നിച്ച് ജീവിക്കാൻ മാത്രം ഭാഗ്യം ഇല്ല…

അവളെ കാണാൻ ഒന്നുകിൽ യു കെയിൽ പോണം അല്ലെങ്കിൽ രാജസ്ഥാനിൽ പോണം.. ഇനി അവിടെ ഇല്ലെങ്കിലും ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അവള് ഉണ്ടാകുമല്ലോ..

പക്ഷേ എനിക്ക് ഇനി ഓടാൻ വയ്യ.. അത് അവളോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ .. വേണ്ട…

ഓരോന്ന് ആലോചിച്ച് ഞാൻ അവിടെ തന്നെ ഇരുന്നു… പക്ഷേ ഇത്തവണ എന്റെ കണ്ണുകൾ നിറയുന്നില്ല… ശബ്ദം ഇടറുന്നില്ല.. കാരണം ഒരു തരത്തിൽ ഞാൻ ഹാപ്പി ആണ്.. ഞാൻ നേരിട്ട് പറഞ്ഞില്ലെങ്കിലും എന്റെ ഇഷ്ടം അവൾ കണ്ടിരിക്കുന്നു.. എന്നെ തേടി അവൾ വന്നിരിക്കുന്നു…

ഒരു കാര്യത്തിൽ മാത്രമേ സങ്കടം ഒള്ളു.. അവളുടെ തെറ്റിദ്ധാരണ മാറ്റാൻ പറ്റിയില്ല.. അവളെ അല്ലാതെ വേറെ ആരെയും ഞാൻ കല്ല്യാണം കഴിച്ചിട്ടില്ല എന്ന് പറയാൻ പറ്റിയില്ല…..

ഞാൻ തല താഴ്ത്തി തറയിൽ തന്നെ നോക്കി അവിടെ ഇരുന്നു… എത്ര നേരം ആ ഇരിപ്പ് ഇരുന്നു എന്നറിയില്ല.
. ഏതായാലും ഇനി മതി… ഞാൻ അവിടെ നിന്ന് എണീറ്റ് ജീപ്പിൽ കയറാൻ തുടങ്ങിയപ്പോൾ ആണ് എന്നെ നടുക്കിയ ആ കാഴ്ച ഞാൻ കണ്ടത്…

ആഷികാ…..

അതേ അവൾ തന്നെ.. എയർപോർട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നു… കൂടെ ഒരു വേറെ ഒരു പെൺകുട്ടിയും ഉണ്ട്..

എനിക്ക് അവളുടെ അടുത്തേക്ക് ഓടി ചെല്ലണം എന്നുണ്ട്.. പക്ഷേ എന്റെ കാലുകൾ ചലിക്കുന്നില്ല.. ശേ ഇതെന്ത് തെങ്ങയാണ് ഈ സമയത്ത്… അവസാനം എനിക്ക് എന്റെ ശരീരത്തിന് മേൽ നിയന്ത്രണം വന്നു.. ഞാൻ വേഗം അവളുടെ അടുത്തേക്ക് നടന്നു…

“ആഷികാ….”

തിരിഞ്ഞ് നോക്കിയ എന്നെ കണ്ട അവളുടെ മുഖത്തെ ഭാവം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.. എന്ത് തരം വികാരം ആണത് എന്ന് എനിക്കിപ്പോൾ പോലും അറിയില്ല…

“ഷോൺ….താൻ… ഇവിടെ…??”

“ഹോട്ടലിൽ വന്ന് എന്നെ കുറിച്ച് അന്വേഷിച്ചു പോയാ ഞാൻ കണ്ടു പിടിക്കില്ല എന്ന് കരുതിയോ..??”

“അത്… ഞാൻ……”

“തനിക്കരിയാലോ തന്നെ അന്വേഷിച്ച് കേരളത്തിൽ നിന്ന് രാജസ്ഥാൻ വരെ വന്ന ആളല്ലേ ഞാൻ ….”

“ഷോൺ.. അത്… പിന്നെ…..”

ഒന്നിനും അവൾക്ക് ഉത്തരം ഇല്ലായിരുന്നു….

“താൻ എങ്ങനെ എന്നെ കണ്ടെത്തി…??”

“അതൊക്കെ പറയാം ആദ്യം എന്റെ കൂടെ വാ…”

“ഷോൺ എന്റെ കൂടെ എന്റെ ഫ്രണ്ട് ഉണ്ട്..”

“ഫ്രണ്ട് ഒക്കെ അവിടെ നിന്നോളും…”

ഞാൻ അവളുടെ കൈ പിടിച്ച് ജീപ്പിന്റെ അടുത്തേക്ക് നടന്നു…

അവളെ പാസഞ്ചർ സീറ്റിൽ കയറ്റി ഇരുത്തി ഞാൻ വണ്ടിയിൽ കയറി..

“ഷോൺ നമ്മൾ എങ്ങോട്ടാ പോകുന്നത്..??”

“പറയാം…”

പുഞ്ചിരിച്ച് കൊണ്ട് അവൾക്ക് മറുപടി നൽകി ഞാൻ വണ്ടി മുന്നോട്ടെടുത്തു… അവള് അപ്പോളും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കുകയായിരുന്നു… സത്യത്തിൽ എനിക്കും അറിയില്ല എങ്ങോട്ട് പോകണം എന്ന്… ഞാൻ എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നു…

എന്തൊക്കെയോ അവളോട് പറയണം എന്നുണ്ട്.. പക്ഷേ എങ്ങനെ തുടങ്ങും.. അവളെ നോക്കിയപ്പോൾ അവളും ഇതേ ആശയക്കുഴപ്പത്തിൽ ആണ് എന്ന് തോന്നി..

അവസാനം മൗനം മുറിച്ച് കൊണ്ട് ഞാൻ തന്നെ പറഞ്ഞ് തുടങ്ങി…

“ആഷികാ….”

“ഹും…” അവള് ഒന്ന് മൂളുക മാത്രം ചെയ്തു…

“അന്ന് ഞാൻ തന്നെ ഫോൺ ചെയ്തിട്ട് താൻ എന്താ എന്നോട് സംസാരിക്കാൻ കൂട്ടാക്കാഞ്ഞത്…??”

അവള് മറുപടി ഒന്നും പറയാതെ റോഡിലേക്ക് നോക്കി ഇരിക്കുകയാണ്… ഞാൻ റോഡിലേക്കും അവയുടെ മുഖത്തേക്കും നോക്കി കൊണ്ട് വീണ്ടും ചോദിച്ചു.
.

“എന്താടോ ഒന്നും പറയാത്തത്‌..??”

അവള് എന്റെ മുഖത്തേക്ക് നോക്കി വീണ്ടും നോട്ടം റോഡിലേക്ക് തന്നെ ആക്കികൊണ്ട് പറഞ്ഞ് തുടങ്ങി…

“ഷോൺ.. തനിക്ക് ഓർമയുണ്ടോ നമ്മൾ തമ്മിൽ ആദ്യമായി കണ്ടുമുട്ടിയ ആ ദിവസം…..”

അവള് പറഞ്ഞു തുടങ്ങിയപ്പോൾ ഓരോ സീനും ഞാൻ എന്റെ മനസ്സിൽ കാണാൻ തുടങ്ങി…

“അന്ന് ആ രാത്രി താൻ എന്റെ ബൈക്കിന് കൈ കാണിച്ചപ്പോൾ.. അന്ന് താൻ ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ട് തന്റെ ചേട്ടനെ വിളിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു…

ആദ്യം താൻ ലിഫ്റ്റ് ചോദിച്ചപ്പോ തരണ്ട എന്നാണ് കരുതിയത്.. പിന്നെ തന്റെ അന്നത്തെ നിൽപ്പും അവസ്ഥയും ഒക്കെ കണ്ടപ്പോൾ പാവം തോന്നി.. അത് കൊണ്ടാണ് കേറാൻ പറഞ്ഞത്.. വണ്ടിയിൽ കയറി കഴിഞ്ഞിട്ടും താൻ വളരെ ഡീസന്റ് ആയാണ് പെരുമാറിയത്.. സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചതിലും വിത്യസ്തമായ ഒരു സ്വഭാവം..

അതിന്റെ അടുത്ത ദിവസം വൈകുന്നേരം ആണ് ഞാൻ രാജസ്ഥാനിൽ പോകാൻ ഇരുന്നത്. അന്ന് താൻ എന്നെ ഐസ് ക്രീം പാർലറിൽ വച്ച് കണ്ടില്ലേ.. അത് സത്യത്തിൽ ഞാൻ സ്നേഹയെ കാത്ത് നിൽക്കുകയായിരുന്നു.. പിന്നെ അവൾ വിളിച്ച് പറഞ്ഞു വണ്ടി എടുത്ത് മാളിൽ വരാൻ അങ്ങനെ ആണ് അന്ന് താൻ എന്നെ അവിടെ വച്ച് കണ്ടത്..

സത്യത്തിൽ ഞാൻ അന്ന് ഭയങ്കര ടെൻഷനിൽ ആയിരുന്നു. നാട്ടിൽ പോകുന്നതിന്റെയും പിന്നെ വിവാഹത്തിന്റെ യും ഒക്കെ.. അത് കൊണ്ടാണ് അന്ന് തന്നോട് അത്ര ഹാർഷ് ആയിട്ട് പെരുമാറിയത്.. സത്യത്തിൽ അവിടെ നിന്ന് ഇറങ്ങി കഴിഞ്ഞ് പിന്നീട് എനിക്കതിൽ ഒരു ചെറിയ കുറ്റബോധം തോന്നിയിരുന്നു..

അങ്ങനെ എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് സ്നേഹ വിളിക്കുന്നതും ആരോ ഒരാൾ എന്നെ അന്വേഷിച്ച് നടക്കുന്നുണ്ട് എന്ന് അറിഞ്ഞതും…

അടുത്ത ദിവസം തന്നെ അത് താൻ ആണ് എന്നും താൻ എന്നെ കാണാൻ രാജസ്ഥാനിൽ വന്നിട്ടുണ്ട് എന്നും ഞാൻ അറിഞ്ഞു.. പക്ഷേ താൻ എന്റെ കല്ല്യാണത്തിന് വരും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് യാധൃഷ്ചികം ആയാണ് തന്നെ വീട്ടിൽ കണ്ടത്.. അപ്പോൾ തോന്നിയ ഐഡിയ ആണ് ഈ കല്ല്യാണ നാടകത്തിൻറെ…

തനിക്ക് എന്നോട് എന്തോ ഒരു പ്രത്യേക താത്പര്യം ഉണ്ട് എന്ന് എനിക്ക് തുടക്കത്തിലേ അറിയാമായിരുന്നു.. തന്റെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ തന്റെ ഉള്ളിൽ തെറ്റായ ചിന്തകൾ ഒന്നും ഇല്ല എന്ന് എനിക്ക് ബോധ്യമായി…

ആ ഒരു ധൈര്യത്തിൽ ആണ് ഞാൻ തന്നെ എന്റെ കഴുത്തിൽ താലി കെട്ടാൻ അനുവദിച്ചത്… പക്ഷേ പിന്നീട് തന്നെ ഓരോ തവണ അടുത്ത് അറിയുമ്പോളും താൻ ഞാൻ കരുതിയ പോലെയേ അല്ല എന്നും നല്ല ഒരു മനസ്സിന്റെ ഉടമയാണ് എന്നും എനിക്ക് ബോധ്യമായി കൊണ്ടിരുന്നു..

താൻ എന്റെ വീട്ടുകാരോട് കാണിക്കുന്ന സ്നേഹം ബഹുമാനം ഒക്കെ… കല്ല്യാണം എന്ന് കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പായിരുന്നു.. കല്ല്യാണം കഴിക്കുന്ന എല്ലാ പെണ്ണുങ്ങളും തങ്ങളുടെ സ്വപ്നങ്ങൾ കെട്ടി പൂട്ടി വെക്കേണ്ടി വരും എന്ന് ഞാൻ ഓർത്തു…

പക്ഷേ താൻ .. തന്റെ കൂടെ കഴിയുന്ന ഓരോ ദിവസങ്ങളും എനിക്ക് എന്തോ.. വല്ല്യ ഒരു സന്തോഷം മനസ്സിൽ തന്നുകൊണ്ടിരുന്നു… ഞാൻ ഇതിനു മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക തരം സന്തോഷം.. അത് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല..

താൻ എനിക്ക് വേണ്ടി.. എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി എല്ലാം മറന്ന്.. തന്റെ ജീവിതം പോലും മറന്ന് എന്റെ കൂടെ നിൽക്കുമ്പോൾ സത്യത്തിൽ ഞാൻ ശരിക്കും ആഗ്രഹിച്ചു പോയി ഷോൺ.. താൻ ശരിക്കും എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്ന്…”

അവള് ടവ്വൽ എടുത്ത് അവളുടെ കണ്ണ് തുടച്ചു.. എന്നിട്ട് വീണ്ടും തുടർന്നു…

“ഞാൻ എല്ലാം എന്റെ ഉള്ളിൽ തന്നെ വച്ചു… ഒന്നും പുറത്ത് കാണിച്ചില്ല… അവസാനം.. താൻ എന്നെ പ്രോപ്പോസ്‌ ചെയ്യും എന്ന് എനിക്ക് തോന്നിയ ആ ഘട്ടത്തിൽ ആണ് ഞാൻ നമ്മൾ പിരിയാൻ പോകുന്നു എന്ന കാര്യം പറഞ്ഞത്.. കാരണം താൻ എന്നോട് എല്ലാം തുറന്ന് പറഞ്ഞാൽ പിന്നെ എനിക്ക് ചിലപ്പോൾ തന്നോട് നോ പറയാൻ പറ്റിയില്ലെങ്കിലോ എന്ന് ഞാൻ ഭയന്നു…

സത്യത്തിൽ തന്നെ പിരിയാൻ പോകുന്നു എന്ന കാര്യം എന്റെ ഉള്ളിലും വല്ലാത്ത നീറ്റൽ ഉണ്ടാക്കി.. പക്ഷേ എന്തു കൊണ്ട് എന്ന് എനിക്ക് മനസിലായില്ല…

അങ്ങനെ എല്ലാം അവസാനിപ്പിച്ച് നമ്മൾ ആ എയർപോർട്ടിൽ അവസാനമായി കണ്ട ദിവസം… ഞാൻ തനിക്ക് ആ ഗിഫ്റ്റ് തന്നപ്പോൾ തന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടിരുന്നു… അവിടെ നിന്നാൽ എനിക്ക് ഒരു പക്ഷെ എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റില്ല എന്ന് തോന്നി.. അത് കൊണ്ടാണ് ഞാൻ പെട്ടന്ന് യാത്രയും പറഞ്ഞ് അവിടെ നിന്ന് പോയത്…

താൻ എന്നെ നോക്കി അവിടെ തന്നെ നിന്നിരുന്നു എന്ന് എനിക്ക് അറിയാം.. പക്ഷേ ഞാൻ ഒരിക്കൽ പോലും തന്നെ തിരിഞ്ഞ് നോക്കിയില്ല.. വേറൊന്നും കൊണ്ടല്ല.. എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് താൻ കാണാതെ ഇരിക്കാൻ…

ഫ്ലൈറ്റ് കയറി അവിടെ ചെന്ന് ഇറങ്ങുന്ന വരെ എന്റെ മനസ്സ് മുഴുവൻ താൻ ആയിരുന്നു…

അവിടെ എത്തി കഴിഞ്ഞപ്പോൾ ആണ് ഞാൻ മനസിലാക്കിയത് തന്റെ നഷ്ടം എന്റെ ജീവിതത്തിൽ എത്രത്തോളം വലിയ ഒരു ശൂന്യത ആണ് സൃഷ്ടിച്ചത് എന്ന്.

പക്ഷേ ഞാൻ മനപൂർവ്വം എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. എന്നെ കൂടുതൽ ആയി ജോലിയിൽ മുഴുകാൻ വിട്ടു.. യാത്രകൾ പോകാൻ തുടങ്ങി..

അന്ന് താൻ എന്നെ അന്വേഷിച്ച് ഫോൺ വിളിച്ച ദിവസം.. അന്ന് ഞാൻ എത്രത്തോളം സന്തോഷിച്ചു എന്ന് എനിക്ക് മാത്രമേ അറിയൂ.. പക്ഷേ തന്നോട് സംസാരിച്ചാൽ എനിക്ക് എല്ലാം അവസാനിപ്പിച്ച് തന്നോടൊപ്പം വരേണ്ടി വരും എന്നുള്ള എന്റെ ഭയം.. ഈഗോ.. അത് എന്നെ കൊണ്ട് തന്നോട് സംസാരികണ്ട എന്ന തീരുമാനം എടുപ്പിച്ചു..

പക്ഷേ ജീവിതത്തിൽ എന്തൊക്കെ നേടിയിട്ടും എത്രയൊക്കെ സന്തോഷിക്കാൻ ശ്രമിച്ചിട്ടും എനിക്ക് ഒരു പൂർണത ലഭിച്ചില്ല.. വില പെട്ട എന്തോ ഒന്ന് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പതുക്കെ പതുക്കെ ബോധ്യപ്പെടാൻ തുടങ്ങി…

എല്ലാത്തിലും നിന്ന് ഒരു മോചനം എന്ന നിലക്ക് ആണ് ഓഫീസിൽ നിന്ന് പുതിയ ഒരു പ്രോജക്ട് എന്ന രീതിയിൽ ഞാൻ ഇങ്ങോട്ട് വന്നത്..

“ഷോൺ… ഐ…. ഐ… ഐ ലവ് യു…”

എന്റെ കാലുകൾ പെട്ടന്ന് തന്നെ ബ്രേക്കിൽ അമർന്നു… ഞാൻ വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി.. സത്യത്തിൽ അവൾ ഇപ്പൊൾ പറഞ്ഞു തീർത്ത കാര്യങ്ങൽ ഒക്കെ ഇതിനോടകം തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു, പക്ഷേ അവളുടെ വായിൽ നിന്ന് തന്നെ കേൾക്കുമ്പോൾ ഉള്ള ആ സുഖം അറിയാൻ ആണ് ഒന്നും അറിയാത്ത പോലെ അവളോട് ചോദിച്ചത്.. പക്ഷേ അവൾ പറഞ്ഞതിൽ എനിക്ക് അറിയാത്ത ചില കാര്യങ്ങളും ഉണ്ടായിരുന്നു…

ഞാൻ അവളെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. അവൾ വേഗം തന്നെ ടവൽ എടുത്ത് കണ്ണ് തുടച്ചു..

ഏതായാലും എന്നെ കുറെ വട്ടം ചുറ്റിച്ചത് അല്ലേ.. ഞാൻ അവളോട് ഒരു മധുര പ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു.. ഒന്ന് പറ്റിച്ചേക്കം… ഞാൻ വണ്ടിക്ക് അകത്ത് ഇരുന്നുകൊണ്ട് തന്നെ ചുറ്റും നോക്കി…

അപ്പോളാണ് മെയിൻ റോഡിന്റെ സൈഡിലേക്ക് ഒരു പോക്കറ്റ് റോഡ് കണ്ടത് റോഡിന്റെ തുടക്കത്തിൽ മരം കൊണ്ട് ഉണ്ടാക്കിയ ഒരു ബോർഡിൽ ഗപ്പുസ് ഗ്രേപ്സ് ഫാം എന്ന് എഴുതി വച്ചിരിക്കുന്നു…

മുന്തിരി ഫാം ആണ് എന്ന് തോന്നുന്നു ഞാൻ വണ്ടി അതിനുള്ളിലേക്ക് എടുത്തു.. മുഖത്ത് പരമാവധി വിഷമം കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു..

പോകുന്ന വഴിയിൽ ഞാൻ ആഷികയോട് ഒന്നും മിണ്ടിയില്ല അവളും എന്നോട് ഒന്നും മിണ്ടിയില്ല.. ഫാമിനകത്തേക്ക്‌ കയറുന്നതിനു മുൻപ് ഒരു ഒഴിഞ്ഞ പുൽത്തകിടി കണ്ടു…

എങ്ങോട്ടെന്നില്ലാതെ വണ്ടി ഓടിച്ച് അവസാനം ഞങ്ങൾ വന്നെത്തിയത് ഇവിടെ ആയിരുന്നു.. ഒരു മലയുടെ മുകൾ ആണ്.. താഴെ വലിയ താഴ്‌വാരം.. അതിനും അപ്പുറം കടൽ കാണാം…

ഞാൻ ഡോർ തുറന്ന് വണ്ടിയിൽ നിന്നും പുറത്തിറങ്ങി.. എന്നിട്ട് വണ്ടിയുടെ മുന്നിൽ ചാരി നിന്നു… എന്ത് ചെയ്യണം എന്നറിയാതെ ആഷികയും എന്റെ അടുത്ത് വന്നു നിന്നു..

ഞങൾ രണ്ടു പേരും ആ താഴ്‌വാരവും അതിനും അപ്പുറം കാണുന്ന കടലും നോക്കി നിൽക്കുകയായിരുന്നു… നല്ല കാറ്റ് വീശുന്നുണ്ട്..

“അതേ ഷോൺ.. ഞാൻ പറയണമായിരുന്നു.. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലാലോ..”

“ഹും.. അതെ.. സമയം വല്ലാതെ വൈകിയിരിക്കുന്നു.. സത്യത്തിൽ അന്ന് താൻ എയർപോർട്ടിൽ വച്ച് തിരിഞ്ഞ് നോക്കാതെ പോയപ്പോൾ ഞാൻ കരുതി താൻ എന്നെ ഒരിക്കലും അങ്ങനെ ഒരു സ്ഥാനത്ത് ഒന്നും കണ്ട് കാണില്ല എന്നാ.. അത്കൊണ്ട് വീട്ടിൽ എത്തി കഴിഞ്ഞപ്പോ ഞാൻ എല്ലാം വിട്ടു… പിന്നെ ഒരു ദിവസം ബോർ അടിച്ചപ്പോ തന്റെ ഓഫീസ് നമ്പറിൽ ഒന്ന് വിളിച്ചു അത്രേ ഒള്ളു…”

“ഹോ…”

“അല്ല.. താൻ അന്ന് പറഞ്ഞത് തന്റെ എല്ലാ സ്വപ്നങ്ങളും അവസാനിച്ചു എന്ന് തോന്നുമ്പോൾ കല്ല്യാണം കഴികും എന്നല്ലേ.. എന്നിട്ട് എല്ലാ സ്വപ്നങ്ങളും അവസാനിച്ചോ..??”

“എല്ലാം അവസാനിച്ചു ഷോൺ… പക്ഷേ അവസാനത്തെ ഒരു സ്വപ്നം മാത്രം നടന്നില്ല… മറ്റ് സ്വപ്നങ്ങൾക്ക് വേണ്ടി എനിക്കത്തിനെ സാക്രിഫൈസ് ചെയ്യേണ്ടി വന്നു…”

“ഓ…”

അവള് എന്റെ മുഖത്ത് നോക്കുന്നില്ല…

“ഷോൺ.. തന്റെ ഭാര്യ ആളെങ്ങനെ..??”

“എന്റെ ഭാര്യ ആൾ ഇത്തിരി കൊഴപ്പകാരിയാ…”

“അതെന്താ ഷോൺ അങ്ങനെ പറഞ്ഞത്..?? എനിക്ക് കണ്ടിട്ട് ഒരു പാവം കുട്ടി ആയിട്ടാണല്ലോ തോന്നിയത്…”

“കണ്ടാൽ പാവം ആയിട്ടോക്കെ തോന്നും പക്ഷേ ശരിക്കുള്ള സ്വഭാവം എനിക്കല്ലേ അറിയൂ..”

“ഏയ്.. താൻ വെറുതെ പറയുന്നതാ…”

“അല്ലെടോ സത്യം… ശരിക്കും പറഞ്ഞാ എനിക്കിപോ എന്റെ ഭാര്യയെ വിട്ട് തന്റെ കൂടെ വന്നാലോ എന്ന് വരെ തോന്നുന്നുണ്ട്..”

“ഷോൺ….”

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…

“എന്താ…??”

“താൻ എന്താ ഈ പറയുന്നത്.. ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ താൻ.. എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്…??”

“എന്താ തനിക്ക് എന്നെ ഇഷ്ട്ടം അല്ലേ..??”

“ഷോൺ മതി നിർത്ത്….”

ഞാൻ പോക്കറ്റിൽ നിന്നും ഫോൺ കയ്യിൽ എടുത്തു…

“തനിക്ക് എന്റെ കല്ല്യാണ ഫോട്ടോ കാണണ്ടേ..??”

അവള് മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ജൂലിയുടെയും സാമിന്റെയും കല്ല്യാണ ഫോട്ടോ അവളെ കാണിച്ചു…

“എങ്ങനെ ഉണ്ട്..???”

അവള് ഫോണിലേക്കു എന്റെ മുഖത്തേക്കും മാറി മാറി നോക്കി..

“ഷോൺ ഇത്..??”

“ഇത് എന്റെ കസിൻ ജൂലി… ജൂലി സാമുവേൽ.. ഇത് അവളുടെ കെട്ടിയോൻ സാമുവേൽ വർഗീസ്.. അവരുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ഒന്നര വർഷം ആകാൻ ആയി… ജൂലി മൂന്നു മാസം ഗർഭിണിയും ആണ്…”

അവള് എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി.. അവളുടെ കണ്ണിൽ സന്തോഷം വിരിയുന്നത് എനിക്ക് കാണാമായിരുന്നു…

“ഷോൺ അപ്പോ താൻ ഇപ്പോളും..”

“ഏയ്.. ഞാൻ പറഞ്ഞ് തീർക്കട്ടെ.. ഈ ഫോട്ടോയുടെ അർത്ഥം എന്റെ കല്ല്യാണം കഴിഞ്ഞില്ല എന്നല്ല.. എന്റെ ഭാര്യ ഇതല്ല എന്നാണ്…”

അവള് വീണ്ടും അൽബുതത്തോടെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു…

“തനിക്ക് കാണണോ എന്റെ ശരിക്കുള്ള ഭാര്യയെ…??”

സ്വാഭാവികമായും അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല.. ഞാൻ ഫോൺ എടുത്ത് അതിൽ ഫ്രണ്ട് ക്യാമറ ഓപ്പൺ ആക്കി അവളുടെ കയ്യിൽ കൊടുത്തു…

“സൂക്ഷിച്ച് നോക്ക്… അതിൽ കാണാം എന്റെ ഭാര്യയുടെ മുഖം….”

അവള് ഫോണിലേക്ക് നോക്കി അന്തം വിട്ട് വീണ്ടും എന്റെ മുഖത്തേക്ക് തന്നെ നോക്കി….

“അതേ ആഷികാ രണ്ട് വർഷം മുന്നേ ഒരു നാടകത്തിന്റെ പേരിൽ ആണെങ്കിലും ഞാൻ തന്റെ കഴുത്തിൽ താലി കെട്ടിയതാണ്.. ഇനി എന്തൊക്കെ സംഭവിച്ചാലും മരണം വരെ താൻ തന്നെ ആയിരിക്കും എന്റെ ഭാര്യ എന്ന് ഞാൻ അന്ന് തീരുമാനിച്ചത് ആണ്…”

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു… അവള് പതിയെ കഴുത്തിൽ ചുറ്റിയിരിക്കുന്ന ശാൾ മാറ്റി..

സത്യത്തിൽ അത് കണ്ട് ഞാൻ അന്തം വിട്ടു.. ഞാൻ അന്ന് കെട്ടിയ ആ താലി.. അത് ഇപ്പോളും അവളുടെ കഴുത്തിൽ ഉണ്ട്…

“ആഷികാ താൻ ഇപ്പോളും…??”

“അതേ ഷോൺ.. ഞാനിതിന്നും സൂക്ഷിക്കുന്നുണ്ട്… ഒരു നിധി പോലെ…”

എനിക്ക് പിന്നെ മറ്റൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല.. ഞാൻ ഒന്ന് ചുറ്റും നോക്കി അവിടെ ഒരു മരത്തിൽ ഒരു വള്ളിയിൻ മേൽ നീല കളറിൽ ഉള്ള കോളാമ്പി പൂ പോലെ ഉള്ള ഒരു പൂ കണ്ടു.. ഞാൻ ഓടി പോയി അത് പറിച്ചെടുത്ത് അവളുടെ അടുത്തേക്ക് തന്നെ ചെന്നു… എന്നിട്ട് അവളോട് ചേർന്ന് നിന്നു.. ഒന്ന് ചുമച്ചു തൊണ്ട ഒക്കെ ശെരിയാക്കി..

“ആഷികാ..”

അവള് എന്താ എന്ന അർത്ഥത്തിൽ ഒന്ന് മൂളി…

ഇത് കേട്ടതും അവൾ ചിരിക്കുന്നുണ്ട്.. പക്ഷേ കരയുന്നും ഉണ്ട്.. ആനന്ദ കണ്ണീർ ആയിരിക്കും.. ഞാൻ വീണ്ടും ചോദിച്ചു..

“താൻ മറുപടി ഒന്നും പറഞ്ഞില്ല…??”

അവള് എന്റെ കയ്യിൽ നിന്നും ആ പൂക്കൾ വാങ്ങിച്ചു.. എന്നിട്ട് എന്നെ മുറുക്കെ കെട്ടിപിടിച്ചു….

“I love you Shone…”

ഞാനും അവളെ തിരികെ കെട്ടിപിടിച്ചു.. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു….

“I love you too….”

അസ്തമയ സൂര്യന്റെ രശ്മികൾ ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു… ആകാശവും ഭൂമിയും കടലും സാക്ഷിയായി ഒരു സംഗമം……………….

*********** ************ ************

കുറച്ച് നേരം അങ്ങനെ നിന്ന ശേഷം ആഷിക എന്നിൽ നിന്നും കുതറി മാറി…

“മതി.. മതി.. നേരം ഇരുട്ടാൻ ആയി.. നമുക്ക് പോയാലോ..??”

“ഓകെ പോകാം… ഏതൊക്കെ കുന്നും മലയും കേറി ആണ് ഇങ്ങോട്ട് വന്നത് എന്നറിയില്ല… പോയി നോക്കാം….”

ഞാനും ആഷികയും തിരികെ ജീപ്പിലേക്ക്‌ തന്നെ കയറി… ഞാൻ ജി പി എസിൽ ബാഗ്യോ ടൗൺ മാർക്ക് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു…. പോയി കൊണ്ട് ഇരിക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു…

“അല്ല തിരികെ പോകാൻ അല്ലെങ്കിൽ പിന്നെ താൻ എന്തിനാ എയർപോർട്ടിൽ പോയത്…??”

“അതോ.. അത് താൻ അവിടെ വച്ച് എന്റെ കൂടെ ഒരു ഫ്രണ്ടിനെ കണ്ടില്ലേ അവളെ പിക്ക്‌ ചെയ്യാൻ…”

“അപ്പോ ഹോട്ടൽ റൂം വേക്കേറ്റ് ചെയ്തതോ..??”

“അത് താൻ അന്വേഷിച്ച് വരാതിരിക്കാൻ..”

“ശരിക്കും..??”

“ഏയ് അല്ലെടോ… കമ്പനി ഇവിടെ ഞങ്ങൾക്ക് വേറൊരു സ്റ്റേ അറേഞ്ച് ചെയ്തു അത്കൊണ്ട് ആണ്…”

“ഓകെ.. കുറച്ച് സമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ നമ്മുടെ ജീവിതം തന്നെ മാറി മറിയുമായിരുന്നു…”

“സംഭവിക്കാൻ ഉള്ളത് അതിന്റെ കറക്റ്റ് ടൈം ആകുമ്പോൾ സംഭവിക്കും ഷോൺ…”

“അത് നേരാ.. ഇന്ന് തന്നെ ഈ കാര്യം എല്ലാരോടും പറയണം.. എന്നിട്ട് വേണം ഒഫീഷ്യൽ കപ്പിൾസ് ആയി ഒന്ന് വിലസാൻ…”

അവള് മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു…

പോകുന്ന വഴിയിൽ പിന്നെയും ഞങ്ങൾ വാ തോരാതെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.. അതിനിടയിൽ ഞങൾ പരസ്പരം നമ്പറുകളും കൈമാറി.. രണ്ടു വർഷത്തെ വിശേഷങ്ങൾ ഉണ്ട് പറഞ്ഞ് തീർക്കാൻ.. ഞാൻ എന്റെ അവസ്ഥയും അവൾ അവളുടെ അവസ്ഥയും പറഞ്ഞു കൊണ്ടിരുന്നു… സത്യത്തിൽ ഞങ്ങളിൽ രണ്ടിൽ ഒരാൾ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ അന്നെ എല്ലാം ഓകെ ആകുമായിരുന്നു.. പക്ഷേ അത് നടക്കാത്തത് നന്നായി.. അത് കൊണ്ട് ഇന്ന് ഞങ്ങൾക്ക് രണ്ടാൾക്കും ഞങളുടെ പരസ്പരം ഉള്ള സ്നേഹത്തിന്റെ വില എത്രത്തോളം ആണ് എന്ന് നന്നായി അറിയാം.. മാത്രമല്ല ഞങൾ രണ്ടാളും ഞങൾ ആഗ്രഹിച്ച പൊസിഷനുകൾ എത്തുകയും ചെയ്തു.. അവള് പറഞ്ഞ പോലെ.. എല്ലാത്തിനും അതിന്റെ സമയം ഉണ്ടല്ലോ….

അങ്ങനെ അതികം വൈകാതെ ഞങൾ ബാഗ്യോ സിറ്റിയിലും അവിടെ നിന്ന് അവൾ പുതുതായി താമസിക്കുന്ന അപ്പാർട്ട്മെന്റ് ലും എത്തി… അകത്തേക്ക് വരാൻ അവൾ നിർബന്ധിച്ച് എങ്കിലും എല്ലാരോടും ഈ സന്തോഷ വാർത്ത അറിയിക്കാൻ ഉള്ള തിടുക്കത്തിൽ ഞാൻ പിന്നീട് ആകാം എന്ന് പറഞ്ഞു.. അങ്ങനെ അവളോട് നാളെ കാണാം എന്ന് പറഞ്ഞ് ഞാൻ വണ്ടി ഹോട്ടലിലേക്ക് വിട്ടു..

ഇവിടെ നിന്ന് ആകെ പത്തു മിനിറ്റ് ദൂരം മാത്രം ഒള്ളു ഹോട്ടലിലേക്ക്.. സത്യത്തിൽ ഞാൻ പോന്ന് ഇത്ര നേരമായിട്ടും ആരും വിളിച്ചില്ലല്ലോ കാർലോയും ജൂലിയും പോലും വിളിച്ചില്ല… ഇനി ഇവർ എന്നെ മറന്നോ.. ആ അതെന്തേലും ആകട്ടെ ആഷികയെ കണ്ട കാര്യം എല്ലാരോടും പറയണം.. അവർ എല്ലാം അവളെ ആദ്യമായി അല്ലേ നേരിൽ കാണാൻ പോകുന്നത്…

അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ ഹോട്ടലിൽ എത്തി.. ജീപ്പ് കൊണ്ടുപോയി പാർക്കിങ്ങിൽ ഇട്ടിട്ട് ഞാൻ വളരെ സന്തോഷത്തോടെ റൂമിലേക്ക് നടന്നു…

പതിവ് പോലെ എല്ലാവരും ബാൽക്കണിയിൽ തന്നെ ഇരിപ്പുണ്ട്.. എന്നെ കണ്ടതും എല്ലാവരും ഒരുമിച്ച് എഴുന്നേറ്റ് നിന്നു… എല്ലാവരുടെയും മുഖത്ത് നല്ല ഗൗരവം ആണല്ലോ.. ഇതെന്ത് പറ്റി…?? അപ്പോളാണ് ഞാൻ പറഞ്ഞ കള്ളതെ കുറിച്ച് ഓർത്തത്.. റൂമിലേക്ക് എന്ന് പറഞ്ഞ് ആണല്ലോ ഞാൻ ഇറങ്ങിയത്.. സാരമില്ല ഇനിയിപ്പോ ഏതായാലും സത്യം പറയാൻ പോവുകയാനല്ലോ… എല്ലാരും അന്തം വിട്ട് നിൽക്കുമ്പോഴും ചേട്ടായി ആണ് അത് ചോദിച്ചത്…

“ഷോൺ നീ എവിടേക്കാണ് പോയത്..??”

“അത് പിന്നെ ചേട്ടായി ഞാൻ…”

“ഞങ്ങൾക്ക് എല്ലാം മനസ്സിലായി ഷോൺ.. നീ വീണ്ടും അവളെ കാണാൻ പോയി അല്ലേ..??”

ഞാൻ പെട്ടന്ന് ജൂലിയുടെ മുഖത്തേക്ക് നോക്കി.. അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുകയാണ്… ചേട്ടായിയും ചേട്ടത്തിയും നല്ല ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലായി…

“ചേട്ടായി ഞാൻ പറയുന്നത് കേൾക്കൂ.. ഞാൻ അവളെ കാണാൻ തന്നെ ആണ് പോയത് പക്ഷേ…..”

“മതി ഷോൺ… ഇനി നീ ഒന്നും പറയണ്ട.. നിന്റെ മനസ്സിൽ ഞങ്ങളോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവളെ കാണാൻ നീ പോകില്ലായിരുന്നു.. ഒരിക്കൽ പോയതിനു നീ അനുഭവിച്ചത് അല്ലേ.. ഇനിയും മതിയായില്ലേ..??”

“ചേട്ടായി….”

“ഷോൺ.. നമ്മൾ ഈ ട്രിപ്പ് ഇപ്പൊൾ ഇവിടെ വച്ച് കാൻസൽ ചെയ്യുന്നു.. മറ്റന്നാൾ നമ്മൾ തിരികെ നാട്ടിലേക്ക് പോകുന്നു.. നിനക്ക് അവളാണ് വലുത് എന്നുണ്ടെങ്കിൽ ഇവിടെ അവളുടെ കൂടെ നിൽക്കാം അല്ലെങ്കിൽ ഞങളുടെ കൂടെ വരാം…”

ഇത്രെയും പറഞ്ഞു കൊണ്ട് ചേട്ടായി അവിടെ നിന്നും മുറിയിലേക്ക് പോയി… എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല.. എല്ലാം അറിയുമ്പോൾ എല്ലാവരും സന്തോഷിക്കും എന്നാണ് ഞാൻ കരുതിയത്… ഞാൻ നേരെ ചേട്ടത്തിയുടെ അടുത്തേക്ക് ചെന്നു….

“ചേട്ടത്തി… ചേട്ടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. ഞങൾ എല്ലാം ഏറ്റ് പറഞ്ഞു ഞങ്ങൾ തമ്മിൽ ഇപ്പൊൾ ഒരു പ്രശ്നവും ഇല്ല… ഞങൾ തമ്മിൽ ഇഷ്ടതിലാണ്….”

എനിക്ക് ചേട്ടത്തിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അറിയില്ലായിരുന്നു.. എങ്കിലും ഞാൻ പറഞ്ഞു ഒപ്പിച്ചു… പക്ഷേ ഞാൻ പ്രതീക്ഷിച്ച ഒരു മറുപടി ആയിരുന്നില്ല എനിക്ക് കിട്ടിയത്…

“ഷോൺ… നീ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് ആർക്കും ഇതിന് സമ്മതിക്കാൻ പറ്റില്ല.. ഒരു തവണ നിന്നെ സപ്പോർട്ട് ചെയ്തു കൂടെ നിന്നതിനു ഞങ്ങൾക്ക് എല്ലാം വയറു നിറച്ച് കിട്ടിയതാണ്.. അത് കൊണ്ട് ഇച്ചായന് പറയാൻ ഉള്ളത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്…”

ചെട്ടത്തിയും നേരെ റൂമിലേക്ക് കയറി പോയി… എന്താണ് ഇവിടെ നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. ഒരു ചെറിയ എതിർപ്പ് എല്ലാവരിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇത്രക്ക് ഭയങ്കര സീൻ ആവും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല….

ജീവനും ജൂലിയും എന്റെ അടുത്തേക്ക് വന്നു.. ജൂലി എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു…

“സോറി ഷോൺ… ഞാൻ അറിയാതെ പറഞ്ഞു പോയതാണ്.. ഇത്രയും വലിയ പ്രശ്നം ആവും എന്ന് ഞാൻ കരുതിയില്ല…നീ വിഷമിക്കണ്ട.. ചേട്ടയിയെയും ചേട്ടത്തിയെയും ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം….”

അവളുടെ നിസ്സഹായത എനിക്ക് മനസ്സി ലാവുന്നുണ്ടായിരുന്നു….

“സാരമില്ല ജൂലി.. അവർ സമ്മതിക്കും എനിക്ക് ഉറപ്പുണ്ട്..”

ജീവൻ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…

“അല്ല നിങ്ങള് തമ്മിൽ കണ്ടിട്ട് എന്തായി..”

ഞാൻ എല്ലാ കാര്യങ്ങളും അവർക്ക് വിവരിച്ച് കൊടുത്തു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും ഹാപ്പി ആണ് എന്ന് മനസ്സിലായി.. പക്ഷേ സമ്മതികേണ്ടവർ കടും പിടുത്തത്തിൽ ആണല്ലോ…

അവിടെ നിന്നും ഞാൻ മുറിയിലേക്ക് നടന്നു.. തൽകാലം ആഷികയോട് പറയണ്ട.. വെറുതെ അവളെ ടെൻഷൻ അടിപ്പിക്കണ്ടല്ലോ.. ഞാൻ ബെഡിലേക്ക്‌ കിടന്ന് ഒന്ന് മയങ്ങി…

“എന്താ ചേട്ടായി..??”

“നിനക്ക് ഞങ്ങൾ നേരത്തെ പറഞ്ഞത് വിഷമം ആയോ..??”

“നിങ്ങൾക്ക് അത് പറയാൻ എല്ലാ അവകാശവും ഉണ്ടല്ലോ ചേട്ടായി.. പിന്നെന്താ..??”

“ഹും… ജൂലി എല്ലാം പറഞ്ഞു.. നിങ്ങൾ വീണ്ടും കണ്ട കാര്യവും എല്ലാം തുറന്നു സംസാരിച്ചതും ഒക്കെ…”

ചേട്ടായി പറഞ്ഞ് നിർത്തിയപ്പോൾ ചേട്ടത്തി തുടർന്നു…

“ഷോൺ രണ്ട് വർഷം മുൻപ് ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങള് നീ ഓർക്കുന്നുണ്ടോ..?? ജീവിതത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് നമ്മുടെ ഭാവി ജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്തും.. പക്ഷേ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അതിന്റെ യഥാർത്ഥ ഫലം കാണിക്കാൻ സമയം എടുത്തു എന്ന് വരാം.. നിനക്ക് മനസ്സിലായി കാണില്ല അല്ലേ.. അന്ന് നീ എടുത്ത ചില തീരുമാനങ്ങൾ കാരണം നിന്റെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത് എന്നല്ലേ പറഞ്ഞിരുന്നത്.. പക്ഷേ നീ ഒന്ന് ശരിക്കും ആലോചിച്ച് നോക്.. എന്ത് നഷ്ടമാണ് നിനക്ക് ഉണ്ടായത്.. നിനക്കിന്ന് നല്ല ഒരു ജോലി ഇല്ലെ സമ്പാദ്യം ഇല്ലെ എല്ലാ സൗകര്യങ്ങളും ഇല്ലെ അതിനെല്ലാം അപ്പുറം നീ സ്നേഹിച്ച പെൺകുട്ടി ഇന്ന് നിന്റെ കൂടെ ഇല്ലെ… അത് തന്നെ ആണ് ഷോൺ ഞാൻ പറഞ്ഞു വന്നത്, അന്ന് നീ നിന്റെ ഇഷ്ടവും ജീവിതവും എല്ലാം മറന്ന് അവളുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി അവളുടെ കൂടെ നിന്നു.. എനിക്ക് ഉറപ്പുണ്ട് ഷോൺ അത് തന്നെ ആയിരിക്കും അവൾ നിന്നിൽ കണ്ട ഏറ്റവും വലിയ ക്വാളിറ്റി… എല്ലാം മനസ്സിലാക്കി തിരിച്ച് വന്നപ്പോൾ നീ മറ്റൊരു കുടുംബം ആയി ജീവിക്കുന്നു എന്ന് കണ്ടത് കൊണ്ട് നിന്നെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ സ്വന്തം ഇഷ്ടങ്ങൾ അവൾ ത്യജിക്കാൻ തയ്യാറായി എങ്കിൽ, അതാണ് നീ അവളിൽ കാണേണ്ട ക്വാളിറ്റി… നീ ചാർത്തിയ താലി മാല അവൾ ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നു എങ്കിൽ.. ഷോൺ അവളുടെ ഉള്ളിലെ തെറ്റിദ്ധാരണ മാറ്റുക എന്ന പ്രവർത്തിയിൽ നീ വിജയിച്ചു… നിന്റെ പ്രണയം വിജയിച്ചു…”

ചേട്ടത്തി പറഞ്ഞു നിർത്തിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അപ്പോളേക്കും ചേട്ടായി പറഞ്ഞ് തുടങ്ങി..

“ഷോൺ.. നിന്റെ ജീവിതത്തിലെ ഒരു തീരുമാനത്തിനും ഞാനും ഇവളും നിന്നെ എതിർത്തിട്ടില്ല… കാരണം നീ തെറ്റായി ഒന്നും ചെയ്യില്ല എന്ന് ഞങ്ങൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു.. നീ ഒരിക്കലും അത് തെട്ടിച്ചിട്ടും ഇല്ല.. എങ്കിലും നിന്റെ ഒരു തീരുമാനത്തിന്റെ പേരിൽ ഞങ്ങൾ എല്ലാവരും നിന്നെ ശാശിച്ചു.. പക്ഷേ നിന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് നീ തെളിയിച്ചു.. നിന്റെ സന്തോഷത്തിനും അപ്പുറം വലുതായിട്ട്‌ ഞങ്ങൾക്ക് എന്താടാ ഉള്ളെ..?? നീ അവളെ വിളിക്ക് നാളെ നമ്മൾ എല്ലാവരും ഒരുമിച്ച്, ഞങൾക്കും കാണണ്ടേ നിന്റെ പെണ്ണിനെ…”

ഞാൻ ചേട്ടായിയെ കെട്ടിപിടിച്ചു.. ചേട്ടായി എന്നെയും.. നെഞ്ചില് കയറ്റി വച്ചിരുന്ന ഒരു കല്ല് എടുത്ത് കളഞ്ഞ സുഖം… ഇപ്പോളാണ് ആശ്വാസം ആയത്…

“അതേ സഹോദരന്മാർ തമ്മിലുള്ള സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ നമുക്ക് താഴെ പോയി വല്ലതും കഴിച്ചാലോ…?? മൂന്ന് പിള്ളേർ അവിടെ കാത്തു നിൽക്കുന്നുണ്ടാകും…”

ചേട്ടത്തി അത് പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ച് കൊണ്ട് താഴേക്ക് നടന്നു… ജീവനും ജൂലിയും മിന്നുവും ഞങ്ങളെ കാത്ത് ഇരിക്കുകയായിരുന്നു… എല്ലാവരും പാത്രം ഒക്കെ എടുത്ത് ഭക്ഷണം വിളമ്പി ടേബിളിൽ പോയി ഇരുന്നു ഞാനും ജൂലിയും മാത്രം ഒറ്റക്കയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…

“ജൂലി…”

“എന്താ മാഷേ സന്തോഷം ആയില്ലേ…??”

“ജൂലി… നീ ശരിക്കും ആരാ..??”

“എന്താടാ…. വട്ടായോ..??”

“അതല്ലെടി.. എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു മാലാഖയെ പോലെ വന്ന് നീ എന്നെ രക്ഷിക്കുന്നുണ്ടല്ലോ.. സത്യത്തിൽ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ..??”

“അതൊന്നും എനിക്ക് അറിയേണ്ട കാര്യം ഇല്ലാലോ….”

“എന്നാലും ഞാൻ നിന്നോട് ചെയ്തതോക്കെ വച്ച് നോക്കുമ്പോ..??”

“ഷോൺ നിർത്ത്… നീ എന്നോട് എന്ത് ചെയ്തൂന്നാ ഈ പറയുന്നത്..?? എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞതോ..? അതോ ആഷികയെ സ്നേഹിച്ചത് ആണോ..?? ഷോൺ നോക്ക് ഞാൻ നിന്നെ സ്നേഹിച്ചു സത്യമാണ്.. ഞാൻ അത് നിന്നോട് തുറന്ന് പറഞ്ഞു അതും സത്യമാണ്.. പക്ഷേ അതിൽ നിന്റെ തെറ്റ് എന്താണുള്ളത്..?? നീ അന്ന് എന്നോട് എത്ര കാം ആയിട്ടാണ് അത് പറഞ്ഞത്, നീ എന്റെ ഫീലിങ്സിന് വില തന്നത് കൊണ്ടല്ലേ അന്ന് നീ അങ്ങനെ ചെയ്തത്.. അല്ലെങ്കിൽ നിനക്ക് എന്റെ ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യാമായിരുന്നു.. എന്നെ ഇൻസൽറ്റ് ചെയ്യാമായിരുന്നു അതൊന്നും നീ ചെയ്തിലല്ലോ.. രാജസ്ഥാനിൽ പോയി നീ തിരികെ വന്ന ദിവസം നീ ആശുപത്രിയിൽ വച്ച് എല്ലാം ഏറ്റ് പറഞ്ഞില്ലേ അന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു നിനക്ക് ആഷികയെ അല്ലാതെ വേറെ ആരെയും ഇഷ്ടപ്പെടാൻ ആകില്ല എന്ന്.. പിന്നെ ഞാൻ എന്തിന് എന്റെ ജീവിതം ഹോമിക്കണം.. ഞാൻ നിന്നെ സ്നേഹിച്ചത് സത്യം ആണെങ്കിൽ നിന്റെ ഇഷ്ടത്തിന് ഞാൻ നിന്നെ അഹായിക്കുക അല്ലേ വേണ്ടത്, നീ ആഷികയെ സഹായിച്ച പോലെ… അത് കൊണ്ട് പൊന്നുമോൻ കുറ്റഭാരം പേറി നടക്കാതെ വാ ഭക്ഷണം കഴിക്കാം…”

അവള് ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. സത്യത്തിൽ എനിക്ക് പറയാൻ ഉള്ളതെല്ലാം ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു… അത് മറ്റാരേക്കാളും നന്നായിട്ട് അവൾക്ക് മനസ്സിലാവും..

ഞങൾ ഭക്ഷണവും എടുത്ത് എല്ലാവരുടെയും കൂടെ പോയി ഇരുന്നു.. നാളെ ആഷികയെ എല്ലാവർക്കും പരിചയപ്പെടുത്തനം.. അങ്ങനെ സന്തോഷത്തോടെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങ്ങൾ തിരികെ മുകളിലേക്ക് തന്നെ നടന്നു.. കുറച്ച് നേരം ഒക്കെ എല്ലാവരുടെയും കൂടെ സൊറ പറഞ്ഞു ഇരുന്നു.. പക്ഷേ എനിക്ക് ഈ സന്തോഷ വാർത്ത ഒക്കെ ആഷികയോട് പറയാഞ്ഞിട്ട്‌ ഒരു സമാധാനവും ഇല്ലായിരുന്നു.. അങ്ങനെ ഞങൾ കിടക്കാനായി റൂമിൽ എത്തിയതും ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…

“ഹലോ ഷോൺ…”

“ഹലോ സ്വീറ്റീ…”

“അയ്യേ… നല്ല ബോർ ആയിട്ടുണ്ട്…”

“ഇഷ്ടായില്ല… എന്നാ വേണ്ടാ.. പിന്നെ ഞാൻ ഭയങ്കര ഭയങ്കര ഹാപ്പി ആണ്…”

“ഞാൻ ഗസ്സ്‌ ചെയ്യട്ടെ….”

“ഹാ.. ചെയ്യ്.. നോക്കാലോ…”

“തന്റെ വീട്ടുകാർ നമ്മുടെ റിലേഷൻ അംഗീകരിച്ചു…. അല്ലേ…”

“ആ അതെ.. എങ്ങനെ മനസ്സിലായി…”

“അതല്ലാതെ താൻ ഇത്രേം ഹാപ്പി ആകാൻ വേറെ കാരണം ഒന്നും ഞാൻ നോക്കീട്ട് കാണുന്നില്ല..”

“നാളെ എല്ലാവരും തന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്.. അവരൊക്കെ തന്നെ ഫേസ്ബുക്ക് ലൈവിൽ മാത്രം അല്ലേ കണ്ടിട്ടുള്ളൂ..”

“ഓകെ.. എനിക്കും ആഗ്രഹം ഉണ്ട് അവരെ ഒക്കെ കാണാൻ… സ്പെഷ്യൽ ആയിട്ട് ജൂലിയെ…”

“എല്ലാവരെയും നാളെ കാണാം.. ഞാൻ ടൈമും സ്പോട്ടും ഒക്കെ തനിക്ക് മെസ്സേജ് ചെയ്യാം പിന്നെ.. ഓകെ..”

“ഓകെ.. അപ്പോ ശരി ഗുഡ് നൈറ്റ്..”

“ഓകെ.. മേടം…ഗുഡ് നൈറ്റ്…”

ഞാൻ ഫോൺ ബെഡിലേക്കിട്ട്‌ തലയിണയും കെട്ടിപിടിച്ചു കിടന്നുറങ്ങി…

************** *****************

രാവിലെ തന്നെ കുളിച്ചൊരുങ്ങി റെഡി ആയി ഞാൻ ചെട്ടയിയുടെ അടുത്തേക്ക് ചെന്നു…

“ചേട്ടായി സ്പോട്ട് പറ എനിക്ക് അവളോട് പറയാനാ..”

“ഹോട്ടൽ റെഡ് ഫ്ളവറിൽ വരാൻ പറ.. നമ്മൾ എല്ലാവരും ഒന്നിച്ച് ഇന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു…”

“ഓകെ…”

ഞാൻ വേഗം ഫോൺ എടുത്ത് ആഷികയെ വിളിച്ചു…

“ഷോൺ ഗുഡ് മോണിഗ്…”

“ഗുഡ് മോണിംഗ്.. പിന്നെ ലോക്കേഷൻ ഞാൻ മെസ്സേജ് ചെയ്യാം അങ്ങോട്ട് വാ കേട്ടോ…”

“ഓകെ.. ഷോൺ…”

അപ്പോളേക്കും എല്ലാവരും തയ്യാർ ആയി വന്നിരുന്നു.. എല്ലാവരും ആഷികയെ നേരിൽ കാണാൻ പോകുന്ന സന്തോഷത്തിൽ ആണ്.. വിചിത്ര പ്രണയ കഥയിലെ നായിക അല്ലേ.. ഞാൻ ആണെകിൽ അതിലേറെ ടൻഷണിൽ ആണ് എന്തിനാണ് എന്ന് അറിയില്ല.. പക്ഷേ ടെൻഷൻ ഉണ്ട്…

അങ്ങനെ കാർലോ വന്നപ്പോൾ ഞങൾ എല്ലാവരും വണ്ടിയിൽ കയറി റസ്റ്റോറന്റിലേക്ക് പുറപ്പെട്ടു.. അധികം വൈകാതെ തന്നെ ഞങൾ അവിടെ എത്തിച്ചേർന്നു..

എന്റെ ഉള്ളിലെ ടെൻഷൻ വീണ്ടും കൂടാൻ തുടങ്ങി.. ഞാൻ എന്തിനാണ് കർത്താവേ ഇങ്ങനെ ടെൻഷൻ ആവുന്നത്..

ഞങൾ നേരെ പോയി വെയിറ്റിംഗ് ലോഞ്ചിൽ ഇരുന്നു..

“നീ എന്താടാ ഓന്തിന് മുക്കിൽ പൊടി കൊടുത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത്..”

“ഒന്നുല്ല ചേട്ടത്തി… ഞാൻ അവളെ കാണാത്തത് കൊണ്ട്…”

“അവളിങ് വരും ടാ.. നീ ഇവിടെ വന്ന് ഇരിക്ക്‌…”

ചേട്ടത്തി അത് പറഞ്ഞ് തീർന്നതും ഹോട്ടലിന്റെ മുന്നിൽ ഒരു ടാക്സി വന്നു നിന്നു… എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടാണ്.. അവൾ ആയിരിക്കുമോ..?? പതുക്കെ കാറിന്റെ ഡോർ തുറന്നു.. അതെ അവൾ തന്നെ… ചേട്ടത്തി പതുക്കെ എന്റെ കയ്യിൽ നുള്ളി..

“ടാ… നിന്റെ സെലക്ഷൻ സൂപ്പർ ആയിട് ഉണ്ട്…”

അത് കേട്ടപ്പോൾ ഉള്ളിൽ ഞാനൊന്നു പൊങ്ങി.. അത് പിന്നെ അങ്ങനെ അല്ലേ വരൂ…. അവള് ഞങളുടെ അടുത്തേക്ക് നടന്നു വന്നു… അവർ അടുത്ത് എത്തിയതും കൈ കൂപ്പി എല്ലാവർക്കും നമസ്കാരം പറഞ്ഞു.. എന്നിട്ട് ആരും കാണാതെ എന്നെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.. ഞാനും തിരിച്ച് കാണിച്ചു…

ചേട്ടത്തി മുന്നോട്ട് ചെന്ന് അവളുടെ കൈക്ക്‌ പിടിച്ചു എന്നിട്ട് എന്നെ നോക്കി പറഞ്ഞു..

“അപ്പോ ഇതാണല്ലെ ഷോൺ നിന്റെ മനസ്സ് കീഴടക്കിയ ആ രാജസ്ഥാൻ കാരി…”

ഞാൻ ഒന്ന് നാണിച്ച് ചിരിക്കുക മാത്രം ചെയ്തു…

പെട്ടന്ന് ജൂലി മുന്നോട്ട് വന്നു…

“ഹലോ… ആഷികാ…”

“ഹായ് ജൂലി…”

ആഷിക ജൂലിക്ക്‌ ഷൈക് ഹാൻഡ് നൽകി..

“എന്നാ നമുക്ക് കഴിക്കാൻ ഇരിക്കാം എന്നിട്ട് സംസാരിക്കാം…”

അങ്ങനെ ഞങ്ങൾ എല്ലാവരും കഴിക്കാൻ ആയി ഇരുന്നു…

സത്യത്തിൽ എന്താണ് ചേട്ടായി പറഞ്ഞത് എന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല… ഞങൾ എല്ലാവരും പരസ്പരം നോക്കി…

“മനസ്സിലായില്ല ചേട്ടായി..”

“ഞാൻ പറഞ്ഞത് ആഷികയുടെ കുടുംബത്തിന്റെ കാര്യം ആണ്.. ആ പാവം മനുഷ്യനോട് നിങ്ങൾ ചെയ്തത് തെറ്റ് തന്നെ ആണ്. അത് തിരുത്തണം.. ഞങളും വരാം കൂടെ നമുക്ക് എല്ലാവർക്കും പോകാം രാജസ്ഥാനിൽ..”

ചേട്ടായി അത് പറഞ്ഞപ്പോൾ ആണ് ആ കാര്യം ശരിയാണ് എന്ന് ഞങൾക്കും ബോധ്യമായത്.. അതെ പപ്പയോട് ചെയ്തത് വലിയ ചതി ആണ് അത് തിരുത്തണം…

പിന്നെയും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു.. എന്തായാലും ട്രിപ്പ് പകുതിയിൽ ക്യാൻസൽ ചെയ്യണ്ട എന്ന് തീരുമാനിച്ചു. കാരണം ആഷികയുടെ പ്രോജക്ട് ഇനിയും രണ്ടാഴ്ച കൂടി ഉണ്ട്….

അങ്ങനെ ഫിലിപ്പീൻസിലെ ഓരോ ദിവസവും ഞങ്ങൾക്ക് മണിക്കൂറുകൾ മാത്രമായി തോന്നി.. കാരണം അത്രയേറെ ഞങൾ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു.. ആഷിക നിമിഷങ്ങൾ കൊണ്ട് തന്നെ എല്ലാവരും ആയി കൂട്ടായി…

അങ്ങനെ എല്ലാം തീർത്ത് ഫിലിപ്പീൻസിലെ ഒട്ട് മിക്ക എല്ലാ സ്ഥലങ്ങളും കണ്ട് ഞങൾ നാട്ടിലേക്ക് തിരിച്ചു.. ആഷികയും താൽക്കാലികമായി അവളുടെ ജോലിയിൽ നിന്നും അവധി എടുത്തിരിക്കുകയാണ്…

ഞങ്ങളുടെ അടുത്ത ലക്ഷ്യം രാജസ്ഥാൻ ആണ്.. പപ്പയെ കണ്ട് എല്ലാം ഏറ്റ് പറയണം.. അതിന് മുൻപ് ഞാൻ ഒരാൾക്ക് കൊടുത്ത ഒരു വാക്ക് പാലിക്കണം.. ജീവന്റെ കാര്യം ആണ്.. ഞാൻ ചേട്ടായിയെയും ജീവനെയും കൂട്ടി ആ പെൺകുട്ടിയുടെ വീട്ടിൽ പോയി സംസാരിച്ചു.. എല്ലാം കേട്ട് മനസ്സിലാക്കിയപ്പോൾ അവർക്കും അതിൽ പ്രശ്നമൊന്നും ഇല്ലാ എന്നും.. ഈ ബന്ധത്തിന് സമ്മതം ആണ് എന്ന് അറിയിക്കുകയും ചെയ്തു..

അങ്ങനെ അവന്റെ കാര്യവും ഓകെ ആയി.. നമ്മുടെ വീട്ടുകാർക്ക് പിന്നെ ഇതൊന്നും ഒരു പ്രശ്നം അല്ലല്ലോ…

ഇനി അടുത്തത് രാജസ്ഥാൻ ആണ്.. ഏതാണ്ട് ഒരാഴ്ചക്ക് ശേഷം ഞങ്ങൾ എല്ലാവരും രാജസ്ഥാനിലെ ക്ക്‌ പുറപ്പെട്ടു.. ഇവിടെ നിന്ന് ഞാനും ചേട്ടായിയും ചേട്ടത്തിയും ജൂലിയും ജൂലിയുടെ ഭർത്താവ് സാമും ജീവനും മിന്നുവും ജൂലിയുടെ അപ്പച്ചനും ഉണ്ടായിരുന്നു.. സാം എല്ലാ ജോലിയും തീർത്ത് ഇനി ഡെലിവറി കഴിയുന്ന വരെ എങ്ങും പോകില്ല എന്ന് ജൂലിക്ക്‌ വാക്ക് കൊടുത്തിരുന്നു.. ആഷിക പിന്നെ എന്റെ കൂടെ തന്നെ ആണല്ലോ…

ഇത്രയും നാൾ എല്ലാം സുഖം ആണൂ എന്നും കുഴപ്പം ഒന്നും ഇല്ല എന്നും ഒക്കെ പറഞ്ഞു ആഷിക അവളുടെ പപ്പയെ പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു.. സത്യത്തിൽ ഞാനും അതിൽ ഒരു പങ്കാളി ആയിരുന്നു…

എല്ലാം അറിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു പ്രതികരണം തന്നെ ആയിരുന്നു എനിക്ക് കിട്ടിയത്… പപ്പ ഒരു പരാതി പോലും പറയാതെ ഞങ്ങളോട് എല്ലാം ക്ഷമിച്ചത് ആയും ഇപ്പോഴും എന്നെ മരുമകൻ ആയി കിട്ടിയതിൽ പുള്ളി ഹാപ്പി ആണ് എന്നും പറഞ്ഞു..

ആഷികയുടെ പപ്പക്ക്‌ ഒഴിച്ച് ബാക്കി ആർക്കും അവിടെ മലയാളം വലിയ വശം ഇല്ല.. പക്ഷേ സ്നേഹത്തിന് ഭാഷ ഒന്നും ഒരു പ്രശ്നം അല്ല എന്നാണല്ലോ… ഒട്ടും വൈകാതെ തന്നെ ഞങളുടെ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നല്ല ഒരു സൗഹൃദത്തിൽ എത്തി…

ഇനിയാണ് ആ സുപ്രധാന തീരുമാനം എടുക്കേണ്ടത്.. അങ്ങനെ എല്ലാവരും കൂടി ഇരുന്ന ഒരു ചർച്ചയിൽ ആഷികയുടെ പപ്പ തന്നെ ആണ് ആ കാര്യം എടുത്തിട്ടത്…

“അല്ലാ.. ഇവരെ രണ്ടു പേരെയും ഇങ്ങനെ വിട്ടാൽ മതിയോ?? നമുക്ക് ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ..??”

ഞങ്ങളുടെ വിവാഹത്തെ കുറിച്ചാണ് ചർച്ച ഉയരുന്നത്.. പക്ഷേ ഞാനും ആഷികയും ഇതിനെ കുറിച്ച് നേരത്തെ തന്നെ ഒരു തീരുമാനം എടുത്തിരുന്നു.. അങ്ങനെ ഞങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള അവസരം ലഭിച്ചപ്പോൾ ഞാൻ ഞങളുടെ തീരുമാനം അവരെ അറിയിച്ചു..

“എല്ലാർക്കും അറിയാലോ ഞങ്ങൾ തമ്മിൽ കല്യാണം ഒരു തവണ കഴിഞ്ഞതാണ്.. പക്ഷേ അത് തികച്ചും ഒരു നാടകം മാത്രം ആയിരുന്നല്ലോ.. പിന്നെ ഞങൾ ഒന്ന് അടുത്തറിഞ്ഞ വരുന്നതിന്റെ മുന്നേ കല്ല്യാണം കഴിക്കേണ്ടിയും വന്നു.. ചുരുക്കി പറഞ്ഞാൽ ഒന്ന് പ്രേമിച്ച് നടക്കാൻ സമയം കിട്ടിയില്ല.. അത്കൊണ്ട് കുറച്ച് കഴിഞ്ഞിട്ട് മതി കല്ല്യാണം എന്നാണ് ഞങളുടെ തീരുമാനം..”

ആദ്യമൊക്കെ ഒന്ന് ആലോചിച്ചു നിന്നു എങ്കിലും പിന്നെ എല്ലാവരും ഞങ്ങളുടെ തീരുമാനത്തെ അംഗീകരിച്ചു.. പക്ഷേ മാക്സിമം ഒരു വർഷം അതിൽ കൂടുതൽ നിൽക്കരുത് എന്നാണ് കണ്ടീഷൻ.. അത് ഞങൾ അംഗീകരിക്കുകയും ചെയ്തു…

അങ്ങനെ എല്ലാവരും വളരെ സന്തോഷത്തോടെ തന്നെ മുന്നോട്ട് പോയി കൊണ്ടിരുന്നു.. ഓരോ ദിവസം കഴിയും തോറും ഞാനും ആഷികയും തമ്മിൽ കൂടുതൽ അടുത്ത് കൊണ്ടിരുന്നു.. ഞങളുടെ സ്നേഹം പതിന്മടങ്ങ് ശക്തിയിൽ വളർന്ന് കൊണ്ടും ഇരുന്നു..

അങ്ങനെ ഒരു ദിവസം പുലർച്ചെ ആഷിക വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്‌.. ഇവിടെ അടുത്ത് മരുഭൂമിയിൽ ഒരു ദേവി ക്ഷേത്രം ഉണ്ട് എന്നും അവിടെ പോയി തൊഴണം എന്നും..

ഞാൻ ആണെങ്കിൽ രാത്രി പബ് ജി ഒക്കെ കളിച്ച് ഒരുപാട് നേരം വൈകിയാണ് ഉറങ്ങിയത്.. എന്നാലും കൂടെ പോകാൻ പറ്റില്ല എന്നെങ്ങാനും പറഞ്ഞാൽ എന്നെ കൊന്നു കളയും.. അത്കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു…

“ഏത് കാറാ എടുക്കുന്നത്..??”

“കാറോ..?? അതിന് ആരാ കാറിൽ പോകുന്നത്..??”

“പിന്നെ എങ്ങനെ പോകും?? ബൈക്കിലോ..??”

“ബൈക്ക് തന്നെ പക്ഷെ വെറും ബൈക് അല്ല…”

“പിന്നെ..??”

“ദാ.. ഇത് നോക്ക് എങ്ങനെ ഉണ്ട്..??”

ഇതെന്തോന്ന് സാധനം.. ബൈക് തന്നെ പക്ഷെ ബാകിൽ കാളവണ്ടി പോലെ ഒരു ഭാഗം പക്ഷേ മേൽക്കൂര ഇല്ല.. ഒരു റിക്ഷ എന്ന് പറയാം… പെട്ടന്ന് കണ്ടപ്പോൾ ഓർമ വന്നത് അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിലിന്റെ ചിത്രത്തിലെ നായിക ഓടിക്കുന്ന വണ്ടി ആണ്..

“ഇതാണോ വണ്ടി..?? ആഹാ ഡ്രൈവറും ഉണ്ടല്ലോ..”

“അതേ .. എന്നാൽ പോയാലോ..??”

“ഓകെ…”

മൈൻ റോഡിൽ നിന്നും കയറി ഞങൾ ഏതൊക്കെയോ ഓടുവഴികൾ താണ്ടി യാത്രചെയ്തു.. കുറച്ചങ്ങോട്ട്‌ ചെന്നപ്പോൾ മരുഭൂമിയുടെ തുടക്കം കാണാമായിരുന്നു.. പിന്നെ അങ്ങോട്ട് മരുഭൂമി തന്നെ.. നടുവിലൂടെ ഒരു റോഡ്..

ഏറെ നേരം പോയി കഴിഞ്ഞപ്പോൾ ഒരു ഒഴിഞ്ഞ സ്ഥലത്ത് ഒരു ചുവന്ന ഓറഞ്ച് പോലുള്ള കസവ് തുണി കെട്ടിയ കുടിൽ പോലെ എന്തോ കണ്ടു.. അവിടെ നിറയെ ആളുകളും ഉണ്ട്…

വണ്ടി അതിന്റെ കുറച്ച് മുന്നിൽ നിർത്തി..

“ഇതാണോ അമ്പലം..??”

“അതേ…”

“ഹോ.. ഞാൻ കരുതി വല്ല്യ അമ്പലം ആകും എന്ന്…”

“അമ്പലം ചെറുത് ആണെങ്കിലും ഫെയ്മസ് ആണ്.. താൻ വാ..”

ഞാൻ അവളുടെ കൂടെ നടന്നു… ചെറിയ ഒരു അമ്പലം കല്ല് കൊണ്ട് ഒരു ചെറിയ പ്രതിഷ്ഠയും…

തൊഴുത് കഴിഞ്ഞ് ഞാനും ആഷികയും മരുഭൂമിയിലൂടെ കുറച്ച് ദൂരം നടന്നു… എന്നിട്ട് തിട്ട പോലുള്ള ഒരിടം കണ്ടപ്പോൾ ഞങൾ അവിടെ ഇരുന്നു…

എന്റെ തോളിൽ തല ചായ്ച്ച് ആണ് അവൾ ഇരിക്കുന്നത്… ഞങ്ങൾ പരസ്പരം കൈ കോർത്ത് പിടിച്ചിട്ടുണ്ട്…

“ഷോൺ…”

“ഹും..??”

“കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് തിരികെ യു കെയിൽ പോകാൻ ആവും..”

“ഹും…”

“താൻ എന്താ ഒന്നും പറയാത്തത്..??”

“പോയല്ലെ പറ്റൂ…”

“വീണ്ടും തന്നെ പിരിയുന്നത് ഓർക്കാൻ കൂടി വയ്യ… തനിക്ക് എന്നെ പിരിയുന്നതിൽ വിഷമം ഇല്ലെ…??”

“ആഷികാ… നമ്മുടെ മുന്നിൽ ഒരു വർഷം മുഴുവൻ ഉണ്ട്… അതിനുള്ളിൽ സമ്പാദിക്കാൻ കഴിയുന്ന അത്ര സമ്പാദിക്ക്‌… എന്നിട്ട് നമുക്ക് രണ്ടു പേർക്കും ജോലി രാജി വയ്ക്കാം..”

“ജോലി രാജി വച്ചിട്ട്…?? സമ്പാദ്യം തീർന്നാൽ പിന്നെ എങ്ങനെ ജീവിക്കും…??”

“നമുക്ക് ഒരു കപ്പിൾ ബ്ലോഗ് ആൻഡ് വ്ലോഗ് സ്റ്റാർട്ട് ചെയ്യാം.. താൻ ഇപ്പൊ ചെയ്യുന്ന പോലെ തന്നെ .. പക്ഷേ നമ്മൾ രണ്ടുപേർ മാത്രം.. ആരും പോകാത്ത സ്ഥലങ്ങൾ എല്ലാം പോയി ആരും കാണാത്ത കാഴ്ചകൾ എല്ലാം കാണിക്കുന്ന ഒരു വെബ്സൈറ്റ്… എങ്ങനെ ഉണ്ടാകും..??”

“സംഭവം ഒക്കെ കളർ ആകും പക്ഷേ ഷോൺ ട്രാവലിങ് എന്റെ പാഷൻ അല്ലേ.. അതിനു വേണ്ടി താൻ എന്തിനാ തന്റെ പാഷൻ സാക്രിഫൈസ് ചെയ്യുന്നത്..”

ഞാൻ ഒന്ന് പുഞ്ചിരിച്ചു… പിന്നെ പറഞ്ഞു…

“തന്നെ സന്തോഷിപ്പിക്കുക എന്നതല്ലേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഷൻ…”

അവളുടെ മുഖത്ത് പെട്ടന്ന് ഒരു പുഞ്ചിരി വിടർന്നു.. അവള് നോട്ടം എന്റെ മുഖത്ത് നിന്നും താഴേക്ക് ആക്കി.. പിന്നെ ഒന്ന് ശ്വാസം വലിച്ച് വിട്ടു… പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു…

അവള് എന്നോടൊന്നും പറഞ്ഞില്ല.. പക്ഷേ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് പറയുന്നുണ്ടായിരുന്നു..

അവളുടെ കൈകൾ എന്റെ ഷർട്ടിന്റെ കോലർ താഴേക്ക് താഴ്ത്തിയപ്പോൾ എന്റെ കൈകൾ അവളുടെ തോളിൽ അമരുകയായിരുന്നു….

പ്രണയം എന്നതിനപ്പുറം ഒരു വികാരവും ഞങ്ങൾക്ക് ഉള്ളിൽ ഉണ്ടായിരുന്നില്ല…

ഉദയ സൂര്യന്റെ കിരണങ്ങൾ സർവ്വ ചരാചരങ്ങളിലും എന്ന പോലെ ഞങ്ങളെയും അനുഗ്രഹിച്ച് കടന്നു പോയി…………………….

കാലം പതിവ് പോലെ ആർക്ക് വേണ്ടിയും കാത്ത് നിന്നില്ല….

എല്ലാവരും വളരെ അധികം സന്തോഷത്തിൽ ആണ്… ജീവന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞ് രണ്ട് പേരും കൂടി മാൾഡ്വീപിൽ ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കുകയാണ്..

ജൂലി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.. സാമും ഒത്തു ദുബായിൽ സുകമായി ജീവിക്കുന്നു…

ചേട്ടനും ചേട്ടായിയും മിന്നു മോളും അവരുടെ ലോകത്ത് നാട്ടിൽ സുകമായി ജീവിക്കുന്നു..

ആഷികയുടെ കുടുംബം അങ്ങ് രാജസ്ഥാനിൽ അവരും സുകമായി തന്നെ ഇരിക്കുന്നു…

ഞാനും ആഷികയും ഒരിടത്തും ഉറച്ച് നിൽക്കാതെ ലോകം മുഴുവൻ കറങ്ങി നടക്കുന്നു…

പക്ഷേ എന്റെ ജീവിതത്തിലെ ട്വിസ്റ്റ്കൾ ഇവിടം കൊണ്ട് ഒന്നും തീർന്നില്ല..

കുട്ടിക്കളി ഒക്കെ മാറിയിട്ട് മതി കല്ല്യാണം എന്നും പറഞ്ഞ് ഞങൾ അടിച്ച് പൊളിച്ച് നടക്കുമ്പോൾ ആണ്… ഞങ്ങൾക്ക് ഒരു കുട്ടി പിറക്കാൻ പോകുന്നു എന്ന വാർത്ത ഞങൾ അറിയുന്നത്…

അതേ ആഷിക ഗർഭിണി ആണ്…

നാണക്കേട് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.. സ്വന്തം ഭാര്യ ആണ്.. എന്നാലും അങ്ങനെ അല്ലല്ലോ…

എല്ലാരും പറഞ്ഞത് ഇത് എന്റെ ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ് ആണ് എന്നാണ്…

പക്ഷേ ഒന്നെനിക്ക്‌ ഉറപ്പായിരുന്നു.. ഇത് ഇവിടം കൊണ്ടൊന്നും തീരില്ല……………. ______________________________________

എഴുത്തുകാരൻ : പ്രിയ വായനക്കാരെ, ഈ കൊച്ചു കഥക്ക് നിങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഈ കഥ വായിച്ച നിങ്ങള് ഓരോരുത്തരും എനിക്ക് അത്രയും പ്രിയപ്പെട്ടവർ ആണ്…

നിങ്ങളുടെ പ്രതീക്ഷക്ക് ഒത്തു എഴുതാൻ എനിക്ക് സാധിച്ചോ എന്നറിയില്ല.. എങ്കിലും ഞാൻ പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.. അഞ്ച് പാർട്ടിൽ അവസാനിക്കുന്ന ഒരു കൊച്ചു കഥ ആയിരുന്നു ഇത്.. (അവസാന പാർട്ട് രണ്ടായി സ്പ്ലിറ്റ് ചെയ്തതാണ്). എല്ലാവർക്കും കഥ ഇഷ്ടമായി എന്ന് കരുതുന്നു.. തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

അറിയിപ്പ്: സാധാരണ ക്ലീഷെ ആയ എന്നാൽ ക്ലീഷേകളിൽ നിന്നും വിത്യസ്തമായ ഒരു ക്യാമ്പസ് ലവ് സ്റ്റോറി എഴുതുന്നുണ്ട്.. ഉടൻ തന്നെ അത് പ്രസിദ്ധീകരിക്കുന്നത് ആണ്.. ഈ കഥയിൽ സംഭവിച്ച എല്ലാ പോരായ്മകളും പരിഹരിച്ച് ആണ് അത് പുറത്തിറക്കുന്നത്.. ( ഇതിനേക്കാൾ മികച്ചത് എന്ന് എനിക്ക് പേർസണൽ ആയി തോന്നുന്നത്) ആ കഥ വായിച്ച് ഇഷ്ടപ്പെട്ടാൽ നിങ്ങൾ തീർച്ചയായും സപ്പോർട്ട് ചെയ്യുക.. Love or Hate എന്നാണ് കഥയുടെ പേര്… എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്.. വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ വിട പറയുന്നു… Rahul RK

Comments:

No comments!

Please sign up or log in to post a comment!