പട്ടാളക്കാരി 1

” അമ്മേ സമയംപോയി വേഗം വാ…”

“ദാ വരുന്നു…ഈ അച്ചാറും കൂടെ ഒന്നെടുത്തോട്ടെ….”

“അച്ചാറൊന്നും വേണ്ടമ്മാ….അവിടെല്ലാം കിട്ടുവല്ലോ…പിന്നെന്നാത്തിനാ ഇതെല്ലാം കൂടെ…”

“നീ ഇനി നാട്ടിൽ വരാൻ ആറേഴ് മാസം കഴിയില്ലേ…”

നേരാണ് …ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ കുറഞ്ഞത് ആറ് മാസമെങ്കിലും കഴിയണം .

ഞാൻ പോകുന്നതിന് അമ്മയ്ക്ക് നല്ല സങ്കടം ഉണ്ട്… ഇനി ഞാൻ പോയിട്ട് വേണം പുള്ളിക്കാരിക്ക് ഒറ്റക്കിരുന്നു കരയാൻ…എനിക്കും നല്ല വിഷമം ഉണ്ട്. എന്നവച്ചുപോകാതിരിക്കാൻ പറ്റുവോ .

സീൻ എന്താണ് മനസ്സിലായോ സൂർത്തുക്കളെ…

ഇല്ല, ല്ലേ… പറഞ്ഞുതരാം. …

എന്റെ പേര് ജനനി ദേവൻ .

മുന്നേ കണ്ടത് എന്റെ അമ്മ സുമിത്ര. അച്ഛൻ ദേവൻ, അനിയത്തി നവമി .അവരിപ്പം വരും… ഒന്ന് പുറത്തേക്ക് പോയിരിക്കുവാ….

ഞാൻ ഇപ്പൊ ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ്… എങ്ങോട്ടെന്നറിയോ …ഇന്ത്യയുടെ സ്വർഗത്തിലേക്ക്.

എന്ന വച്ചാ കാശ്മീർ…

ചുമ്മാ ഒരു രസത്തിന് പോകുവോന്നുമല്ല…എനിക്ക് അവിടെ ജോലി കിട്ടി… ആർമി നേഴ്സ് ആണ് ഞാൻ ഇപ്പൊ….

ഇതെന്റെ ഫസ്റ്റ് പോസ്‌റ്റിംഗാ…അതും എന്റെ ഡ്രീം പ്ലേസിലേക്ക് ..

ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇന്നാട്ടിൽ ഇത്രേം ആശുപത്രികളുണ്ടായിട്ടും ഈ പെങ്കൊച്ചിതെന്തിനാ അങ്ങ് കാശ്മീർ വരെ പോണെന്ന്…

അതെന്താന്ന് വച്ചാ…അതങ്ങനാ ,അത്രന്നെ…

എന്റെ കുഞ്ഞിലേ തൊട്ടുള്ള ആഗ്രഹമായിരുന്നു പട്ടാളത്തിൽ ചേരണം എന്നുള്ളത്…

വലുതാകുമ്പോൾ ആരാകണം എന്ന് ചോദിക്കുമ്പോളും ഞാൻ പറയുമായിരുന്നു പട്ടാളക്കാരി ആകണം ന്ന് .

കേൾക്കുന്നവരൊക്കെ കളിയാക്കും… വല്ല ടീച്ചറോ ഡോക്ടറോ

ആയാപ്പോരെ…പട്ടാളം ,പോലീസ് എന്നൊക്കെ പറയണത് ആണ്കുട്ടികൾക്കുള്ളതാണ് …ഇതൊക്കെത്തന്നെ എല്ലാരും പറയും….

സത്യം പറഞ്ഞാ കേട്ട്കേട്ട് മടുത്തു ..ഹോ ..

അപ്പൊ ഞാൻ ഒരു കാര്യം തീരുമാനിച്ചു …. ന്റെ സാറേ ….പട്ടാളം വിട്ടൊരു കളിയില്ല…

അങ്ങനെ പ്ലസ്‌ടു കഴിഞ്ഞപ്പോ ഞാൻ ആദ്യായിട്ട് മിലിറ്ററിലേക്കുള്ള ടെസ്റ്റ് എഴുതി…

സത്യം പറയാല്ലോ…. ചോദ്യപ്പേപ്പർ കണ്ട് എന്റെ കിളികളെല്ലാം കണ്ടം വഴി ഓടി …

അജ്ജാതി ടഫ് …

കിട്ടിയില്ല എന്നു ഞാൻ പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ. ..

പിന്നെ അടുത്ത കൊല്ലം നല്ലോണം പഠിച്ചു ..എന്നിട്ടും കിട്ടിയില്ല …അങ്ങനെ തേരാപ്പാരാ നടന്ന് ഉഴപ്പിയൊഴപ്പി ഒരു ഡിഗ്രി നേടിയെടുത്തു…

ഡിഗ്രി കിട്ടിന്ന് കരുതി നമുക്ക് നമ്മടെ ഡ്രീം ജോബ് വേണ്ടന്ന് വെക്കാൻ പറ്റുവോടാ ഉവ്വേ.

..

അത്കൊണ്ട് കളരിപരമ്പര ദൈവങ്ങളെ ഒക്കെ വിചാരിച്ചു ഞാൻ കോച്ചിങ്ങിനു പോയി…

പിന്നെ രാവും പകലും പഠിത്തം തന്നെ പഠിത്തം ….

അങ്ങനെ എൻട്രൻസും മെഡിക്കലും ഇന്റർവ്യൂവും ഒക്കെ ഒരുവിധം ക്ലിയർ ചെയ്ത് ഞാൻ സെലക്ട് ആയി….

എന്നെ കളിയാക്കിയവരുടെ മോന്ത ഒക്കെ ഒന്ന് കാണാൻ മാത്രം ഉണ്ടാരുന്നു….

ബ്ലഡി ഗ്രാമവാസിസ് …..

അത്കഴിഞ്ഞു പിന്നെ നാലുകൊല്ലം ലഖ്‌നൗവിൽ പഠിത്തം ആരുന്നു…

പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്…ആ നാലുകൊല്ലം കംപ്ലീറ് ചെയ്തതിന് എനിക്ക് സഹനത്തിനുള്ള നൊബേൽ തരണം….

അത്രയ്ക്ക് പാടാരുന്നു…ന്നാലും ഞാൻ ഹാപ്പി ആയിരുന്നൂട്ടോ…

വല്ലപ്പോളും അല്ലെ നാട്ടിൽ വരാനൊക്കൂ.. അതാരുന്നു സങ്കടം…

വീട്ടീന്ന് മാറിനിക്കുമ്പളാ നമ്മൾ ശെരിക്കും അമ്മയുണ്ടാക്കുന്ന ഫുഡിന്റെ വില മനസ്സിലാക്കുന്നത്. ….

ഞാൻ അത് നല്ലോണം മനസ്സിലാക്കി. ..സ്വതവേ മെലിഞ്ഞിരിക്കുന്ന ഞാൻ വീണ്ടും മെലിഞ്ഞു…

കോഴ്സ് കഴിഞ്ഞു ഇരുപത് ദിവസം അവധി ആർന്നു …മറ്റന്നാൾ എനിക്ക് അവിടെ ജോയിൻ ചെയ്യണം ..ഇത്രേം ദിവസം ഞാൻ എല്ലാരുടേം കൂടെ അടിച്ചുപൊളിച്ചു. …

ഇനി പുതിയ ലോകം ..പുതിയ ആൾക്കാർ. ..പുതിയ ലൈഫ്. …

” ജനി…ഇതെല്ലാം കൂടെ എടുത്ത് ആ ബാഗിലേക്ക് വച്ചേര്.”

ഹമ്പടാ…അച്ചാർ മാത്രം എന്നുപറഞ്ഞിട്ടിപ്പോ അച്ചാറും അവലൂസും ചക്കവറുത്തതും ആലുവയും ഒക്കേണ്ടല്ലോ…

വേണ്ടന്ന് ഞാനൊരു ഫോർമാലിറ്റിക്ക് പറഞ്ഞത് കാര്യം ആക്കുവോ ന്ന് ഞാനൊന്ന് പേടിച്ചാർന്നേ …

ഇതൊക്കെ കെട്ടിപൊതിഞ്ഞോണ്ട് പോണത്തിന്റർത്ഥം എനിക്ക് പാചകം അറിയില്ലെന്നല്ല ….

ഞാൻ നല്ലോണം കുക്ക് ചെയ്യും…അതെ …

എന്നെ പുകഴ്‌ത്താൻ എനിക്ക് ഒരുതെണ്ടീടേം സഹായം വേണ്ട ..ഞാൻ തന്നെ മതി. ..ഹും ..

എല്ലാം പെട്ടെന്ന് എടുത്ത് ബാഗിലേക്ക് വച്ചു….എങ്ങാനും മറന്നാ തീർന്നില്ലേ….

” റെഡി ആയില്ലേ ഇതുവരെ…ഫ്ളൈറ്റ് അങ്ങ് പോകും ഇതേപോലെ താളം തുള്ളി നിന്നാ..”

മനസ്സിലായില്ലേ. ..നോമിന്റെ പിതാശ്രീ. ..

കയ്യിലെന്തോ കാര്യായിട്ട് ഉണ്ട് കേട്ടോ…മിക്കവാറും എനിക്കായിരിക്കും. ..

പറഞ്ഞു തീർന്നില്ല ..ആശാൻ ആ കവർ എന്റെ കയ്യിലേക്ക് വച്ചുതന്നു. …

” നോക്ക്… നിന്റെ ഫേവറേറ്സ് എല്ലാം ഉണ്ടതിൽ.”

എന്താണാവോ. …ഐവാ …കൊറേ പെയിന്റും ബ്രഷും ക്ലേയുമൊക്കെ. …ഒത്തിരിയുണ്ട് …

എനിക്കിത്തിരി കലാബോധം ഉള്ളതുകൊണ്ട് ഇതൊക്കെ എന്റെ അത്യാവശ്യ സാധനങ്ങളാണ്.


ഇത്രേം ഒക്കെ വാങ്ങിതന്നിട്ട് ഒരു താങ്ക്സ് പറഞ്ഞില്ലേൽ മോശല്ലേ. …അതോണ്ട് കെട്ടിപ്പിടിച്ചൊരുമ്മ അങ്ങട്ട് കൊടുത്തു. ..

” താങ്ക്സ് അച്ഛാ….ഇതും കൂടി ഇല്ലേൽ ഞാൻ അവിടെ ചത്തുപോകും….”

അല്ലേലും നമ്മൾ മക്കളുടെ ആവശ്യങ്ങൾ നമ്മളെക്കാൾ അറിയാവുന്നത് നമ്മുടെ മാതാപിതാക്കൾക്കാണ് …അതോണ്ടല്ലേ എല്ലാരും കളിയാക്കിട്ടും എന്റെ ലക്ഷ്യത്തിലെത്താൻ അച്ഛനും അമ്മയും കട്ടയ്ക്ക് കൂടെനിന്നത്. …

****************************************

അച്ഛൻ സ്നേഹത്തോടെ എന്നെ തലോടി…

ഞാൻ വീണ്ടും ഒരു കുട്ടിയായപോലെ തോന്നി …

” ഇങ്ങനെ നിന്നാലെങ്ങനാ…പാക്കിങ് ഒക്കെ തീർന്നോ..”

” ഇല്ലച്ഛാ…ബാഗ് അടയ്ക്കാൻ പോകുമ്പോഴാ ഓരോന്ന് കൊണ്ടേ തരുന്നത്.”

” എന്നാ വേഗം ആകട്ടെ.ബ്ലോക്ക് എങ്ങാനും കിട്ടിയാ പിന്നെ ആകെ കൊഴപ്പാകും…”

” ഉം..ശരി അച്ഛാ.”

അമ്മ മാത്രല്ല അച്ഛനും സങ്കടത്തിലാ.മക്കൾ എപ്പഴും കണ്മുന്നിൽ ഉണ്ടാകണമെന്നല്ലേ എല്ലാരും ആഗ്രഹിക്കൂ .

അച്ഛൻ തന്ന കവർ ബാഗിലേക്ക് വെക്കാൻ തിരിഞ്ഞപ്പോ ദേ നിക്കുന്നു മുഖവും വീർപ്പിച്ചൊണ്ട് നവി…

ഞാൻ നേരത്തെ പറഞ്ഞില്ലേ എന്റെ അനിയത്തി നവമി…ഞാനും അവളും എപ്പോ നോക്കിയാലും അടിയാണ്…

പക്ഷെ അവൾക്ക് ഞാൻ എന്നുവച്ച ജീവനാണ്.

” ഓ…ഞാൻ അച്ഛന്റടുക്കൽ പുന്നാരിച്ചതുകൊണ്ടാരിക്കും അല്ലെ ഇങ്ങനെ മോന്ത വീർപ്പിച്ചൊണ്ട് നിക്കണത്…ഇന്നും കൂടെ കഴിഞ്ഞാൽ പിന്നെ ആറേഴ് മാസത്തേക്ക് എന്റെ ശല്യം ഉണ്ടാവില്ല നിനക്ക്…”

പോകുന്നതിന് മുന്നേ അവളുമായിട്ട് ഒരടി വെക്കാല്ലോ ന്ന് കരുതിയാ അങ്ങനെ പറഞ്ഞത്…

പക്ഷെ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ അവളെന്നെ കെട്ടിപ്പിടിച്ചുകരയാൻ തുടങ്ങി .

” നീ പോകണ്ട ചേച്ചീ…നിന്നെ ഞാൻ വിടില്ല എങ്ങോട്ടും….”

സത്യം പറഞ്ഞ എന്റെ കണ്ണും നിറഞ്ഞൊഴുകുവാരുന്നു…

ഈ കുട്ടിപ്പിശാശിന് എന്നോട് ഇത്രേം സ്നേഹം ഒണ്ടാരുന്നോ എന്റെ കൃഷ്‌ണാ…

” അയ്യേ…നിനക്ക് നാണമില്ലേടീ ഇങ്ങനെ കെടന്ന് കരയാൻ…ഞാൻ ആദ്യായിട്ടല്ലല്ലോ ഇങ്ങനെ പോണത്…കഴിഞ്ഞ നാലുകൊല്ലം ഞാൻ ഇത്പോലെ വന്നും പോയും ഇരിക്കുവല്ലാർന്നോ…ഇപ്പൊ മാത്രമെന്താ ഇങ്ങനെ കരയാൻ….”

” അത് ലഖ്‌നൗ അല്ലാരുന്നോ…ഇപ്പൊ അതിലും ദൂരെക്കല്ലേ പോണത്…അവിടെ എപ്പളും വെടിവെയ്പ്പൊക്കെയല്ലേ….”

” എടീ മണ്ടീ അവിടെ എപ്പോഴും പ്രശ്നം ഒന്നും അല്ല…ഇടയ്‌ക്കൊക്കെയേയുള്ളൂ….പിന്നെ നടക്കാൻ ഉള്ളത് എന്തായാലും എവിടെയായാലും നടക്കും…”

“എന്നാലും…”

” ഒരെന്നാലും ഇല്ല …ഞാൻ പോയതുപോലെ തന്നെ തിരിച്ചുവരും…കേട്ടോ.


“ഉം”

സത്യം പറഞ്ഞാ അവളെ ഇട്ടേച്ചും പോകാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല …

ഇനീം പെണ്ണിനോട് സംസാരിച്ചു നിന്നാ അവള് വീണ്ടും സെന്റി ആക്കും…

അതോണ്ട് ഞാൻ നേരെ റൂമിലേക്ക് പോയി …

എന്റെ വലിയ ട്രോളി ബാഗ് നിറയെ സാധനങ്ങളായി ഇപ്പൊ …

ഇനി ഒന്നും കിട്ടാനില്ല… അതോണ്ട് അടച്ചേക്കാം…

” പൂട്ടല്ലേ പൂട്ടല്ലേ…ഇതും കൂടെ വെക്ക്…”

” എന്തോന്നാടി …’

അവൾ ഒരു ബ്രൗൺ കവർ എന്റെ നേരെ നീട്ടി …

ഓ മൈ ഗോഡ് …എന്റെ അനിയത്തി എനിക്ക് ഗിഫ്റ് തരുന്നോ …

ഇനി വല്ല പണിയും ആയിരിക്കുവോ…

” തൊറന്ന് നോക്ക്…”

” ആ..നോക്കാം നോക്കാം..”

എന്താണോ ആവോ…

ഞാൻ ആ കവർ തുറന്ന് നോക്കി …

രണ്ട് പുസ്തകങ്ങൾ….അഗതാ ക്രിസ്റ്റിയുടെ ‘ദ മാൻ ഇൻ ദ ബ്രൗൺ സ്യൂട്ട് ‘ , ‘ ഈവിൾ അണ്ടർ ദ സൺ ‘

കുറെ നാളായിട്ട് വാങ്ങണം വാങ്ങണം എന്നുവച്ചിരിക്കുന്ന ബുക്സ് ആണ് രണ്ടും …

” താങ്ക്സ് ഡീ…അല്ലാ ഇതെനിക്ക് ഇഷ്ടപ്പെട്ട ബുക്സ് ആണെന്ന് നിനക്കെങ്ങനെ അറിയാം…?’

” അതൊക്കെ അറിയാം..ഈ…”

” ബുക്ക് വാങ്ങി തന്നതൊക്കെ ഇരിക്കട്ടെ …ഞാൻ പോയിക്കഴിഞ്ഞാ എന്റെ അച്ഛനേം അമ്മേനേം നല്ലോണം നോക്കിക്കോണം നീ..കേട്ടല്ലോ…”

ഒരിടിക്കുള്ള വകുപ്പുണ്ടോന്ന് ഞാൻ ഒന്ന് നോക്കട്ടെ…

” പിന്നേ…അവര് നിന്റെ മാത്രം അച്ഛനും അമ്മേം ആണല്ലോ….എനിക്കറിയാം അവരെ നോക്കാൻ…”

” പിന്നല്ലേ..അവര് എന്റെ മാത്രാ…നിന്നെ തവിട് കൊടുത്തു വാങ്ങിയതാടീ…”

നമ്മളെക്കൊണ്ട് ഇത്രേക്കെല്ലേ പറ്റൂ …ഹി ഹി ..

“പോടീ…നിന്നെയാ തവിട് കൊടുത്ത വാങ്ങിച്ചത്….മരപ്പട്ടീ…”

അടുത്തിരുന്ന ടെഡിയെ എന്റെ മേലേക്ക് എടുത്തെറിഞ്ഞിട്ട് അവൾ റൂമീന്ന് ഇറങ്ങിപ്പോയി ..

ഹാവൂ ..അവളുടെ സെന്റി മൂഡ് മാറിയല്ലോ ..അത് മതി. .

എല്ലാം എടുത്തുവച്ചു ഞാൻ ബാഗ് പൂട്ടി…

ഇട്ടിരുന്ന ഡ്രസ്സ് മാറി ഒരു കുർത്തിയും ജീൻസും എടുത്തിട്ടു..

.

റൂമീന്ന് ബാഗും എടുത്ത് ഞാൻ വെളിയിലേക്കിറങ്ങി …

നല്ലത് മാത്രം സംഭവിക്കണേ എന്ന് കണ്ണന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചു…

അച്ഛൻ ബാഗ് എടുത്ത് കാറിന്റെ ഡിക്കിയിലേക്ക് വച്ചു …

അച്ഛനും അമ്മയും മുന്നിലും ഞാനും നവിയും പിന്നിലും കയറി…

വണ്ടി നേരെ എയർപോർട്ടിലേക്ക് വിട്ടു….

ഞങ്ങൾ എയർപോർട്ടിലെത്തി ട്ടോ…

അച്ഛന്റേം അമ്മയുടേം കാലിൽതൊട്ട് അനുഗ്രഹവും വാങ്ങി നവിയെ കെട്ടിപ്പിടിച്ചൊരുമ്മയും കൊടുത്തു ബാഗും എടുത്ത് മുന്നോട്ട് നടന്നു…

ഒരുതവണ പോലും ഞാൻ തിരിഞ്ഞുനോക്കിയില്ല…

നോക്കിയാൽ ചിലപ്പോ ഞാൻ കരഞ്ഞുപോകും…

ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ഞാൻ ഫ്‌ളൈറ്റിൽ കയറി…

വിൻഡോ സീറ്റ് ആയിരുന്നു …

ഫ്ളൈറ്റ് പതിയെ ഉയർന്നുപൊങ്ങി….
മേഘങ്ങൾക്കിടയിലൂടെയുള്ള യാത്ര എനിക്കിഷ്ടമാണ് …പക്ഷെ ഇപ്പോഴത് ആസ്വദിക്കാൻ പറ്റിയ മൂഡിൽ അല്ല ഞാൻ…

നാല് മണിക്കൂർ ഉണ്ട് ഡൽഹിയിൽ എത്താൻ …അവിടെ നിന്ന് ഒന്നര മണിക്കൂർ…ശ്രീനഗറിലേക്കുള്ള ഫ്‌ളൈറ്റിൽ….

ആകാശയാത്രയ്ക്കിടയിൽ ഇവിടെവരെയുള്ള എന്റെ ജീവിതം പലവുരു ഞാൻ ഓർത്തു …..

എന്റെ ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് ….

കോമഡി ആണോ ട്രാജഡി ആണോ അതോ ആക്ഷൻ ആണോ എന്ന് കണ്ടുതന്നെയറിയണം…

(തുടരും)..………

***************************************************************************************************************************************

കൂട്ടുകാരേ, ഞാൻ ഇപ്പോൾ എഴുതിയിരിക്കുന്നതും ഇനി അങ്ങോട്ട് എഴുതാൻ പോകുന്നതും എന്റെ ഭാവനയെ അടിസ്ഥാനമാക്കിയാണ്….പട്ടാളക്കാരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ആളാണ് ഞാൻ …അതുകൊണ്ട് എഴുതുന്നത് പലതും സത്യമാകണമെന്നില്ല….പട്ടാളക്കാരായിട്ടുള്ള വായനക്കാർ ഉണ്ടെങ്കിൽ ഞാൻ പറയുന്നത് ഈ ചെവികൊണ്ട് കേട്ട് മറ്റേ ചെവികൊണ്ട് അങ്ങട് കളഞ്ഞേക്കണം …നിങ്ങളുടെ ഫീൽഡിൽ ഇല്ലാത്ത പലതും ഇവിടെ കണ്ടെന്നിരിക്കും കേട്ടെന്നിരിക്കും…ജസ്റ് ഫോർ എ രസം….സപ്പോർട് ചെയ്യാൻ മറക്കല്ലേ…..

ഒന്ന് ഒറപ്പിച്ചോ…ഈ കഥ ഞാൻ ഇടയ്ക്കു വെച്ച് നിർത്തി നിങ്ങളെ ചതിക്കില്ല…❤️

Maximum nyan ezuti idumm.

നിങ്ങളുടെ അഭിപ്രായം comment ബോക്സിൽ അറിയിക്കുക..

എന്ന് Mr Dude

Comments:

No comments!

Please sign up or log in to post a comment!