ശംഭുവിന്റെ ഒളിയമ്പുകൾ 42

“എന്നോടിത് വേണമായിരുന്നൊ ശംഭുസെ?”ഏങ്ങിക്കൊണ്ടാണ് അവൾ ചോദിച്ചത്.

ശംഭു മറുപടി നൽകാനാവാതെ പതറി.അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.എങ്കിലും തപ്പിത്തടഞ്ഞുകൊണ്ട് അവൻ മറുപടി നൽകാൻ ശ്രമിച്ചു.

“ആരെ ബോധിപ്പിക്കാനാ എന്റെ ശംഭു ഇത്രയും ബുദ്ധിമുട്ടുന്നെ? ഞാനറിയില്ലെന്ന് കരുതിക്കാണും. എന്നാൽ അങ്ങനെയല്ല.ഈ ദേഹത്തെ ഒരു കോശം അടർന്നു പോയാൽ അറിയാം ഈ വീണക്ക്. അപ്പൊപ്പിന്നെ ഒരു പെണ്ണിന്റെ മണം ഈ ദേഹത്ത് നിന്നറിയാൻ ഒരു പാടുമില്ലെനിക്ക്.” എങ്ങനെയെങ്കിലും അവളെ ആശ്വസിപ്പിക്കാനായി തുടങ്ങിയ ശംഭുവിന്റെ വാക്കുകളെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

“മനപ്പൂർവം അല്ല പെണ്ണെ. അങ്ങനെയായിരുന്നു സാഹചര്യം. ഒഴിഞ്ഞുമാറാൻ ശ്രമിച്ചു,പക്ഷെ അവൾ…….അവളെന്നെ ഉപയോഗിക്കുകയായിരുന്നു. ആ സാഹചര്യത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയാതെ പോയി.”

“ഞാൻ അകത്തു പോകുമെന്ന് പേടിച്ചോ എന്റെ ശംഭു…….?ഇല്ല ശംഭുസെ.അങ്ങനെ പോവാൻ ഞാനൊരുക്കമല്ല.എന്നും എന്റെ ശംഭുനും കുഞ്ഞിനുമൊപ്പം ജീവിക്കാൻ വേണ്ടിയാ ഓരോന്ന് ചെയ്യുന്നതും.അവള് ശംഭുസിനെ മുതലെടുത്തതാ.അതിന് ശംഭു നിന്നുകൊടുത്തു.അതിലാ എനിക്ക് സങ്കടം.എന്ത്‌ കരുതി ഞാൻ എല്ലാം പറഞ്ഞതുകൊണ്ട് അവളുടെ ഇഷ്ട്ടം നോക്കിയില്ലേ അവള് തിരിയുമെന്നോ?അഥവാ അവള് തിരിഞ്ഞാലും അവളുടെ പിടി എന്നും ഈ വീണയുടെ കയ്യിലാ.അത്രയും ഉറപ്പുള്ളത് കൊണ്ടാ ഇങ്ങോട്ട് വരുന്നതിന് മുന്നേ അവളെ അങ്ങോട്ട്‌ ചെന്നു കണ്ടതും.

ശരിയാ………എന്റെ ഏറ്റവും ബെസ്റ്റിയാ അവൾ.പക്ഷെ ശംഭു എനിക്ക് പേഴ്സണലാ.അതാണ്‌ വ്യത്യാസം.”അവൾ അടങ്ങാൻ കൂട്ടാക്കിയില്ല.

“പെണ്ണെ……….എന്നും പറയും പോലെ കാലൊടിച്ചു കിടത്തിക്കൊ.എനിക്കീ സങ്കടം കാണാൻ കഴിയാത്തതുകൊണ്ടാ” തന്റെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് അവൻ വീണ്ടും പറഞ്ഞു.അവൾ നൽകുന്ന ഏത് ശിക്ഷയും ഏറ്റു വാങ്ങി ചെയ്ത തെറ്റിന് മുക്തി നേടാൻ ശ്രമിക്കുകയായിരുന്നു അവൻ.

“എന്നെയോർത്തു വിഷമം തോന്നുന്നുണ്ടല്ലെ.എന്നെ പറ്റിച്ചത് പോട്ടേ……. ഇതിപ്പൊ നമ്മുടെ കുഞ്ഞിനെക്കൂടിയല്ലെ.അതിന് എന്ത്‌ പരിഹാരവാ ചെയ്യണെ? എന്നിട്ട് എന്റെ സങ്കടത്തിൽ പങ്ക് പറ്റാൻ വന്നിരിക്കുന്നു.അല്പം നാണമുണ്ടേൽ എന്റെ മുന്നിൽ വന്നു നിക്കുവോ?”അവളൊട്ടും വഴങ്ങാൻ കൂട്ടാക്കിയില്ല.അവന്റെ വാക്കുകളെ ഒന്ന് പരിഗണിക്കാൻ പോലും അവൾ തയ്യാറായില്ല.

“പെണ്ണെ……..”അവൻ വിളിച്ചുപോയി.

“എനിക്ക് കാണണ്ട.എന്നോടൊട്ട് മിണ്ടാനും വരണ്ട.എന്നുവച്ച് ഞാൻ ഇട്ടേച്ചുപോകുകയൊന്നും ചെയ്യില്ല.

ഇവിടെയുണ്ടാവും.എന്റെ കുഞ്ഞിനെ എനിക്ക് വളർത്തണം ഒന്നുമറിയാത്ത പാവം അതെന്ത് പിഴച്ചു.

ഒന്നുകൂടി കേട്ടൊ.എന്നോടും കുഞ്ഞിനോടും ചെയ്തതോർത്ത് നീറും.എന്നെയിവിടെ കാണുന്ന ഓരോ നിമിഷവും അത് നൽകുന്ന വേദനയിൽ ശംഭു പിടയുന്നതെനിക്ക് കാണണം. എന്നു കരുതി തോന്ന്യവാസം നടക്കാന്ന് കരുതണ്ട,ഞാനതിന് സമ്മതിക്കില്ല.പുറത്തെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛൻ മാന്യനാണെന്ന് കരുതിക്കോട്ടെ.

ഒരു പ്രാർത്ഥന മാത്രം, അച്ഛന്റെ ശീലങ്ങളൊന്നും അതിന് കിട്ടരുതെന്ന ആഗ്രഹം മാത്രം.”

“തെറ്റ് പറ്റി……..തന്റെ ആഗ്രഹം പോലെ…..ഇനി മുന്നിൽ വരാതെ നോക്കാം.നമ്മുടെ കുഞ്ഞ് അതിന്റെ അമ്മയെ മാത്രം അറിഞ്ഞു വളരട്ടെ.”അത്ര മാത്രം എങ്ങനെയൊ പറഞ്ഞൊപ്പിച്ച ശംഭു മുറിവിട്ടിറങ്ങി.

അവൻ തിരിഞ്ഞുനോക്കിയില്ല. അവന്റെ കണ്ണ് നിറഞ്ഞത് ആരും കണ്ടുമില്ല. ***** കളപ്പുരയിൽ അന്ന് സാഹിലയും വന്നിട്ടുണ്ട്.അവൾ കൂടി വേണം എന്ന് മാധവന് തോന്നി.ചിലത് ചോദിച്ചറിയണം.എന്തെങ്കിലും പതിരുണ്ടെങ്കിൽ അതുകൂടി കണ്ടുപിടിക്കണം.അവസാനത്തെ അങ്കത്തിനിറങ്ങുമ്പോൾ ഒരു യു ടേൺ എടുക്കുക അസാധ്യമെന്ന് മാധവനറിയാം.ഒന്ന് പിഴച്ചാൽ……. അതാണ് മാധവന്റെ പ്രശ്നവും.

പക്ഷെ അന്ന് ഒരാൾ മാധവന്റെ കൂടെയില്ല.അത് ഏറ്റവും വലിയ ശൂന്യതയായിരുന്നു. ശംഭു,അവൻ അന്ന് അവർക്കൊപ്പമില്ല.

“അവനെന്തോ പ്രശ്നമുണ്ട് മാഷെ.ആകെ തകർന്നിരിക്കുകയാണവൻ.” കമാൽ പറഞ്ഞു.

“ഇന്നലെ വന്നിരുന്നു അവൻ. എന്തോ ഒരു പ്രശ്നം അവനെ അലട്ടുന്നുണ്ട്.ചോദിച്ചിട്ട് ഒന്നും വിട്ടുപറഞ്ഞുമില്ല.ഇതുവരെ കാണാത്ത ഒരു കുറ്റബോധവും നിരാശയും അവന്റെ മുഖത്ത് ഞാൻ കണ്ടു.”സുര കമാലിന്റെ വാക്കുകളോട് ചേർത്തുകൊണ്ട് തന്റെ ഭാഗവും പറഞ്ഞു.

“കാര്യമായ എന്തോ ഒന്നുണ്ട് ഇരുമ്പേ.ഇതുവരെ അവനെ ഞാൻ ഇതുപോലെ കണ്ടിട്ടില്ല. പ്രതീക്ഷയറ്റവനെപ്പോലെ എന്റെ മുന്നിലൂടെ പോകുന്നത് കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ. ദാ…….ഇന്നിവിടെയും അവനില്ല” ശംഭുവിന്റെ അസാന്നിധ്യം മാധവനെയും അസ്വസ്ഥനാക്കിയിരുന്നു.അത് അയാളുടെ വാക്കുകളിൽ നിറഞ്ഞുനിന്നു.

“തത്കാലം നമ്മൾ കൂടിയതിന്റെ കാര്യങ്ങൾ നടക്കട്ടെ.അവനെ ഞാൻ കാണുന്നുണ്ട്.എന്ത്‌ പ്രശ്നമുണ്ടേലും പരിഹരിക്കാം മാഷെ.”സുര ആ സാഹചര്യത്തിന് ഒരയവ് വരുത്താൻ ശ്രമിച്ചു.

“വേണ്ടെടോ……..അത് സാവിത്രി ഏറ്റിട്ടുണ്ട്.അവള് നോക്കിക്കോളും.എന്നിരുന്നാലും കാര്യമാറിയാഞ്ഞിട്ട് എന്തോ പോലെ.”മാധവൻ പറഞ്ഞു.

“പിന്നെന്ത് പ്രശ്നം മാഷെ.അത് ടീച്ചർ നോക്കിക്കോളും.
അപ്പൊ ആ ടെൻഷൻ വിട്,എന്നിട്ട് നമ്മുടെ കാര്യത്തിലേക്ക് വാ.”

അപ്പോൾ കേട്ടത് സുരക്കും ഒരു ആശ്വാസമായിരുന്നു.

“അതാണൊരു ആശ്വാസം.” മാധവൻ പറഞ്ഞു.

“മാഷെ…കത്രീന വന്നുപോയതിൽ പിന്നെയല്ലേ ശംഭുവിന് ഇങ്ങനെ ഒരു മാറ്റം.ഞാൻ വന്നപ്പോഴും ആള് ആക്റ്റീവ് ആയിരുന്നു.ഇനി കത്രീനയാണോ അവന്റെ പ്രശ്നം’ അത്രയും നേരം അവരെ കേട്ടുകൊണ്ടിരുന്ന സാഹില തന്റെ അഭിപ്രായമെന്നപോലെ ഒരു സംശയം മുന്നിലേക്കിട്ടു.

“സാധ്യത തള്ളിക്കളയാൻ വയ്യ സാഹില.അതുമാവാം കാരണം. പക്ഷെ കൃത്യമായി എന്തെന്ന് അവനെ അറിയൂ.അതറിയണം. വെറുതെ ഊഹാഭോഹങ്ങൾ കൊണ്ട് കാര്യമില്ല.”സാഹിലയുടെ വാദം തള്ളാതെ,അങ്ങനെയൊരു സാധ്യതയെ ശരിവച്ചുകൊണ്ട് മാധവൻ പറഞ്ഞു.

“തത്കാലം നമുക്ക് ശംഭുവിനെ വിടാം.അവനുമാത്രം ചെയ്യാൻ പറ്റുന്ന ചിലതുണ്ട്,അതിനവന്റെ ഇപ്പോഴത്തെ മൂഡ് മാറണം.സൊ നമുക്ക് ആ ഭാഗം മാറ്റിനിർത്തി സംസാരിക്കാം. ഇപ്പൊ നമുക്കിടയിലെ പ്രധാന വിഷയം ചന്ദ്രചൂഡനും അയാൾക്കൊപ്പമുള്ളവരുമാണ്.” സുര വിഷയത്തിലേക്ക് വന്നു.

അതാണ് അപ്പോൾ ഉചിതം എന്ന് മറ്റുള്ളവർക്കും തോന്നി.അവരെ സംബന്ധിച്ച് ശംഭു പരിഹരിക്കാൻ കഴിയുന്ന പ്രശ്നമായിരുന്നു.

“ഗോവിന്ദ് ചന്ദ്രചൂഡനൊപ്പമില്ല. എന്താ ശരിയല്ലെ സാഹില.” മാധവൻ ചോദിച്ചു.

“ഇല്ല മാഷെ…….ഗോവിന്ദിനെ കുറിച്ചുള്ള സത്യം അറിഞ്ഞതു മുതൽ അയാൾക്ക് ഗോവിന്ദനെ അത്ര പഥ്യമില്ല.പക്ഷെ ഇന്ന് ഗോവിന്ദിനെ സപ്പോർട്ട് ചെയ്യാൻ അവളുണ്ട്.’രുദ്ര’ രാജീവന്റെയും രഘുവിന്റെയും ഭാര്യ.”സാഹില പറഞ്ഞു.

“അത് കൊള്ളാം ഒരു പെണ്ണിന് രണ്ട് ഭർത്താക്കന്മാർ.സാധാരണ തിരിച്ചെ കേട്ടിട്ടുള്ളൂ.”കമാൽ പറഞ്ഞു.

“അതെ കമാൽ….രുദ്രയായിരുന്നു അവരുടെ അവസാന വാക്ക്. ഞാൻ പോലും അവളെക്കുറിച്ചു വളരെ വൈകിയാണറിയുന്നത്. ചേട്ടനെയും അനിയനെയും തമ്മിൽ തല്ലിക്കാതെ, രണ്ടുപേർക്കും തന്റെ പ്രണയം പകുത്തുനൽകി,ഒരേ സമയം രണ്ടുപേർക്കും തൃപ്തികൊടുത്ത്, അവർ രണ്ടാൾക്കും പരമ്പരയെ നൽകിയ അവൾ അവരെ തന്നിൽ ഒതുക്കിനിർത്തി.

പക്ഷെ അവരുടെ മരണം കൊണ്ട് അവൾ തളർന്നില്ല.അവരുടെ സമ്പാദ്യം അവളുടെ പേരിൽ ആയിരുന്നു.ലീഗലായി അവളുടെ പേരിലുള്ളതിന്റെ ഇരട്ടി ബിനാമി ഇടപാടിൽ കുടുങ്ങിക്കിടക്കുന്നു. ബഹുഭൂരിപക്ഷവും എന്റെയും മന്ത്രി പീതാമ്പരന്റെയും പേരിൽ. അവളുടെ ലക്ഷ്യം അതാണ്.”

“ഇനി അവൾ അവരുടെ മരണം തിരഞ്ഞിറങ്ങുമൊ?”കമാൽ ചോദിച്ചു.

“സാധ്യത തള്ളിക്കളയാൻ കഴിയില്ല കമാൽ.പക്ഷെ ലക്ഷ്യം പ്രധാനമായും പണമാണ്.
അവളെ തള്ളിക്കളയരുത്,രണ്ടുപേരെ ഒരേപോലെ വച്ചുകൊണ്ടിരുന്ന അവളുടെ കൂർമ്മബുദ്ധി കണ്ടില്ല എന്ന് നടിക്കരുത്.”സാഹില പറഞ്ഞു.

“ഗോവിന്ദൻ തത്കാലം ഒരു പ്രശ്നമല്ല എന്ന് കരുതി.പക്ഷെ രുദ്രക്കൊപ്പം നിക്കുമ്പോൾ അത് അപകടമാണ്.ഒപ്പം ചന്ദ്രചൂഡൻ എന്ന കരടും.നമ്മുടെ വഴി ക്ലിയർ ആവാൻ കഷ്ട്ടപ്പെടേണ്ടി വരും അല്ലെ ഇരുമ്പേ?”മാധവൻ ചോദിച്ചു.

“അറിയാം മാഷെ……..അറിഞ്ഞ വിവരങ്ങൾ വച്ച് ചന്ദ്രചൂഡനും രുദ്രയും രണ്ടു പക്ഷത്താ.ആദ്യം ശംഭുവിനെ വീഴ്ത്തുക എന്നതാവും അവർ ശ്രമിക്കുക. കാരണം അവനെന്തെങ്കിലും സംഭവിച്ചാൽ മാഷ് തളരും എന്ന് അവർക്കറിവുണ്ടാവും. അതുകൊണ്ട് അവനെയൊന്ന് സൂക്ഷിക്കണം,പ്രത്യേകിച്ചും ഈ സമയത്ത്.”സുര പറഞ്ഞു.

“അവനിൽ ഒരു കണ്ണ് വേണം കമാലെ.അത് കമാൽ നേരിട്ടു തന്നെ ശ്രദ്ധിക്കണം.ഇനിയധികം സമയവുമില്ല.അടിക്കുമ്പോൾ മർമ്മം നോക്കിയടിക്കണം” മാധവൻ പറഞ്ഞു.

“അതിനാദ്യം അവരുടെ ഹവാല ഇടപാടുകൾക്ക് തുരങ്കം വക്കണം അതാണവരുടെ വരുമാനത്തിന്റെ നട്ടെല്ല്.അതിനടികിട്ടിയാലവർ പരിഭ്രാന്തരാവും.എടുത്തുചാടി ബുദ്ധിമോശം കാണിക്കും.അതു മുതലെടുത്താൽ രുദ്രയും ചന്ദ്രചൂഡനും തമ്മിലടിക്കും.” സാഹില പറഞ്ഞു.

“പക്ഷെ സാഹില എങ്ങനെ?ഇത്ര ഒക്കെ അറിയാമെങ്കിൽ ഞാൻ എന്തിന്?”മാധവൻ ചോദിച്ചു.

“പോവേണ്ട റൂട്ട് എനിക്കറിയാം മാഷെ.ചന്ദ്രചൂഡന്റെ ഹവാല ഇടപാടുകൾ പലതും എനിക്ക് നേരിട്ടറിവുള്ളതാണ്.രാജീവ്‌ ചില ഇടപാടുകളിൽ സംരക്ഷണം നൽകിയിട്ടുമുണ്ട്,ഒപ്പം ഒറ്റിയതും എനിക്കറിയാം.

പക്ഷെ ഒരു പെണ്ണായ ഞാൻ ഏങ്ങനെ ഒറ്റക്ക്.കൂടെയുള്ളത് ഒരു കൈ മാത്രമുള്ള ആങ്ങളയും അവരുടെ മുന്നിൽ പിടിച്ചു നിക്കണ്ടേ മാഷെ.

എനിക്ക് ജീവിക്കണം മാഷെ. രാജീവന്റെ തന്നെ ചോരയാ എന്റെ ഒപ്പമുള്ളത്.അതിന് ഏത് രീതിയിൽ സമ്പാദിച്ചതായാലും രാജീവന്റെ സ്വത്തെനിക്ക് വേണം. അതങ്ങനെ വിട്ടുകളയാൻ വയ്യ.

രാജീവന്റെ ബിനാമി ഇടപാടുകൾ വിവാദമായപ്പോൾ കൂടെനിന്നവർ പോലും തിരിഞ്ഞു.ജീവൻ പോലും നഷ്ട്ടമാവും എന്ന അവസ്ഥയിലാ മാഷിനെ കാണാൻ വരുന്നത്.”

“സലീമിന്റെ ഒരു കൈ……..അത് ” മാധവൻ പൂർത്തിയാക്കാതെ നിർത്തി.

“ശംഭുവെന്ന ആണിനെ ഞാൻ അംഗീകരിച്ചത് അന്നാണ് മാഷെ. ദുഃഖമുണ്ടായിരുന്നു.പല്ലിന് പകരം പല്ല് എന്ന നയമായിരുന്നു ഉള്ളിൽ. പക്ഷെ ചില തിരിച്ചറിവുകൾ എന്റെ കാഴ്ച്ചപ്പാടുകൾ മാറ്റിക്കളഞ്ഞു.അറിയാം എന്റെ ഡ്രൈവ് ആർക്ക് കിട്ടിയെന്നും അതെങ്ങനെ പരാതിയായെന്നും. മാഷിനും കുടുംബത്തിനും ഒന്ന് പിടിച്ചുനിക്കാൻ അതാവശ്യവും ആയിരുന്നു.
അതിലൊന്നും എനിക്ക് പരാതിയില്ല.ഉള്ളത് ഒരേ ഒരു ആവശ്യം മാത്രം.എനിക്കും സർവൈവ് ചെയ്യണം.പ്രശ്നം ഒതുങ്ങി സമാധാനമായി ജീവിക്കണം.”സാഹില മറുപടി നൽകി.

മാധവന് അവളുടെ മറുപടി തൃപ്തികരമായിരുന്നു. സാഹിലയുടെ ആവശ്യപ്രകാരം ശംഭുവുമായി ഒരു കൂടിക്കാഴ്ച്ച ഒരുക്കിക്കൊടുക്കാമെന്ന് ഉറപ്പ്‌ നൽകിയശേഷം അന്നത്തേക്ക് അവർ പിരിഞ്ഞു.ശംഭുവുള്ള സമയം ഒരിക്കൽ കൂടി ഇരിക്കണമെന്നും അവിടെവച്ച് ധാരണയായി.

***** മാസം അഞ്ചായി.വയറ് മുന്നോട്ട് ഉന്തിയിട്ടുണ്ട്.സാവിത്രിയുടെ പരിചരണവും ഗായത്രിയുടെ കാവലും കൂടിയായപ്പോൾ വീണ ആരോഗ്യത്തോടെ തുടരുന്നുണ്ട്.

ശംഭുവിനും വീണക്കുമിടയിലെ അസ്വാരസ്യം അറിയിക്കാതെ നോക്കുന്നതിൽ അവർ പരമാവധി ശ്രമിക്കുന്നുമുണ്ട്.

പതിവ് പോലെ ഭക്ഷണവും വാരി നൽകി സാവിത്രി സ്കൂളിൽ പോയതുമുതൽ വീണ ആരെയോ പ്രതീക്ഷിച്ചുള്ളയിരിപ്പാണ്.

ഗായത്രി കൂട്ടിനുണ്ടെപ്പോഴും.വീണ കമ്പനിക്കാര്യങ്ങൾ നോക്കുന്ന വേളയിൽ നെറ്റ് ഫ്ലിക്സിൽ വെബ് സീരിസ് കാണുകയാണ് ഗായത്രി ചെയ്യുക.കൃത്യമായി ഭക്ഷണവും മരുന്നും കൊടുക്കുന്നതും ഉച്ചക്ക് പിടിച്ചുകിടത്തി ഉറക്കുക എന്നതുമാണ് ആകെയുള്ള പണി. ചുമ്മാതെയിരുന്ന് ഗായത്രിയുടെ തടി കൂടിയെന്ന പരാതിയും കേട്ട് തുടങ്ങിയിട്ടുണ്ട്.

ഇടക്ക് അവരുടെ മുന്നിലൂടെ ശംഭു അങ്ങോട്ടുമിങ്ങോട്ടും നടന്നെങ്കിലും വീണ ശ്രദ്ധിക്കാൻ പോയില്ല.ശംഭുവിന്റെ വിഷമം അവൻ ഉള്ളിലൊതുക്കുന്നു. അവൾക്കവനോട് അവജ്ഞയും.

“എടാ ഭക്ഷണം കഴിക്കെടാ”എന്ന് ഗായത്രി പറഞ്ഞെങ്കിലും അവൻ അത് ശ്രദ്ധിച്ചില്ല.ഒടുക്കമവൾ നിർബന്ധിച്ചു പിടിച്ചിരുത്തിയപ്പോൾ അവൻ കഴിപ്പ് പേരിലൊതുക്കി.

“നീയിങ്ങ് വാ പെണ്ണെ.അവൻ വേണേൽ കഴിച്ചോളും.കുഞ്ഞ് കുട്ടിയൊന്നുമല്ലല്ലോ?”വീണ ഇടക്ക് വിളിച്ചുപറഞ്ഞു.

“ഇതെന്താ ഇങ്ങനെയൊരു ഡയലോഗ്.ഇവൻ കഴിച്ചില്ലേൽ കിടന്നു തുള്ളുന്നയാളാ.എന്നിട്ട് ഇപ്പോൾ ഇതെന്ത്‌ പറ്റി?”ഗായത്രി തിരിച്ചു ചോദിച്ചു.

“അത് എന്റെ സൗകര്യം.നീയിങ്ങ് വാ പെണ്ണെ”വീണ ശുണ്ഠിയെടുത്തു.

“ഇതെന്ത് കൂത്തെന്ന് ഗായത്രിക്ക് തോന്നി,എന്തോ പ്രശ്നമുണ്ടെന്നും.ഒന്ന് ശ്രദ്ധിക്കുക തന്നെ”അവൾ മനസ്സിലോർത്തു.

കൊടുത്തത് കുഴച്ചുകൂട്ടി അതിൽ നിന്നും രണ്ടു വറ്റ് കഴിച്ചു കൈ കഴുകി ശംഭു പുറത്തേക്കിറങ്ങുമ്പോൾ അവൻ വീണയെ ഒന്ന് നോക്കി.അവൾ അവനെ ശ്രദ്ധിച്ചതെയില്ല.ബദാം പതിയെ കൊറിച്ചുകൊണ്ട് അവൾ പുറത്തേക്ക് നോക്കി ഇരിപ്പാണ്.ഗായത്രി അല്പം പിന്നിൽ നിന്ന് അത് കാണുന്നുണ്ട്

“രണ്ടാളും പിണങ്ങിയിട്ടുണ്ട്.അമ്മ വരട്ടെ” എന്ന് അവളും ചിന്തിച്ചു.

ഉടനെയൊന്നും മഞ്ഞുരുകില്ല എന്നറിയുന്ന ശംഭു ബൈക്കും എടുത്തിറങ്ങി. അവൻ പടിപ്പുര കടന്നതും അവൾ കാത്തിരുന്ന ആളെത്തി. “ചെട്ടിയാർ”

ചെട്ടിയാരുടെ കാർ മുറ്റത്തെത്തിയതും വീണ പതിയെ എണീറ്റു.ഒരു സഹായത്തിന് ഗായത്രി പിറകിലെത്തി.”ഞാൻ വീഴില്ല പെണ്ണെ”എന്ന് വീണ പറയുകയും ചെയ്തു.

“അങ്ങോട്ട് വന്നു കാണേണ്ടതാണ്‌ ചെട്ടിയാരെ.പക്ഷെ എന്നെ ഒന്ന് അനങ്ങാൻ സമ്മതിച്ചാലല്ലേ പറ്റൂ” അവൾ പറഞ്ഞു.

“എന്തിനാ ഒരു ഫോർമാലിറ്റി.ഒന്ന് കാണണം എന്ന ഒരു കോൾ മതി ചെട്ടിയാർ ഉടനെയെത്തും.” അയാൾ മറുപടി നൽകി.

വീണ തത്കാലം ചെട്ടിയാരെയും കൂട്ടി പുറത്ത് മരത്തണലിലേക്ക് ഇരുന്നു.അവർ സംസാരിക്കട്ടെ എന്ന് കരുതി ഗായത്രി അല്പം മാറി നിന്നിരുന്നു.

“എങ്ങനെ പോകുന്നു ചെട്ടിയാരെ കാര്യങ്ങൾ?”ഒന്ന് തുടങ്ങിക്കിട്ടാൻ വേണ്ടി വീണ ചോദിച്ചു.

“എല്ലാം മാഡത്തിന്റെ സഹായം. അതില്ലായിരുന്നു എങ്കിൽ ഇന്ന് ചെട്ടിയാരില്ല.കഴിഞ്ഞയാഴ്ച്ച കൂടി ഒരു ഡീലിന്റെ കാര്യത്തിന് വിനോദ് സാറിനെ കണ്ടിരുന്നു.”

“ഞാൻ പറഞ്ഞിട്ടുണ്ട്.’വീണ’ അങ്ങനെ മതി.കൂടാതെ നമ്മൾ പരസ്പരം കടപ്പെട്ടവരും.സൊ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മയിൽ വക്കുക.പറ്റിയ വീഴ്ച്ചകൾ വീണ്ടും ആവർത്തിക്കാതിരിക്കുക. മുന്നോട്ട് സഹകരിച്ചു പോകുക അതല്ലേ വേണ്ടത്.”

“അതെ……….അങ്ങനെയാണ് വേണ്ടതും.എങ്കിലും പേര് വിളിക്കാൻ ഒരു മടി.അതുകൊണ്ട് അത് മാത്രം നിർബന്ധിക്കരുത്.” ചെട്ടിയാർ പറഞ്ഞു.

“അത് നിങ്ങളുടെയിഷ്ട്ടം.ഞാൻ ഇപ്പൊ വിളിപ്പിച്ചതിന്റെ കാര്യം എന്തെങ്കിലും ഐഡിയയുണ്ടോ?” വീണ ചോദിച്ചു.

“ഒരു പിടിയുമില്ല,എങ്കിലും ഗൗരവമുള്ള എന്തെങ്കിലുമാവും എന്നുറപ്പുണ്ട്.അല്ലെങ്കിൽ എന്നെ നേരിൽ വിളിപ്പിക്കേണ്ട കാര്യമില്ലല്ലോ.അതുകൊണ്ടാണ് അധികമാരെയും കൂട്ടാതെ ഞാൻ പുറപ്പെട്ടതും.”

“ഗുഡ്……ചെട്ടിയാർക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് മനസ്സിലായിരിക്കുന്നു.ഞാൻ വിളിപ്പിച്ചതിന് കാരണം ചില കണ്ണികളെക്കുറിച്ചറിയാനാണ്.” അവൾ മുഖവുര കൂടാതെ കാര്യം അവതരിപ്പിച്ചു.

“അപ്പോൾ വിഷയം കാര്യമായ എന്തോ ആണ്.എന്ത്‌ പറ്റി എന്ന് ചോദിക്കുന്നില്ല.എന്ത്‌ ചെയ്യണം എന്ന് മാത്രം പറഞ്ഞാൽ മതി.” ചെട്ടിയാർ പറഞ്ഞു.

“ഒരു ചന്ദ്രചൂഡൻ കേട്ടിട്ടുണ്ടോ എവിടെയെങ്കിലും?”അവൾ ചോദിച്ചു.

ചെട്ടിയാർ ഒരുവേള ആലോചിച്ചു. പക്ഷെ പെട്ടെന്നയാൾക്ക് പിടി കിട്ടിയില്ല.

പക്ഷെ വീണ അയാളുടെ ഫോട്ടോ കാണിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി.ഡീൽ ചെയ്തിട്ടില്ല എങ്കിലും ആളെ ചെട്ടിയാർ അറിയും.കുഴൽപ്പണത്തെക്കാൾ കൂടുതൽ സ്വർണ്ണക്കടത്തിലാണ് കക്ഷിക്ക് പ്രിയം എന്നുകൂടി കേട്ടപ്പോൾ വീണക്ക് മിന്നിക്കത്തി

“ഇയാളെ ഒന്നൊതുക്കണം ചെട്ടിയാരെ.ഇനി ഇയാൾ വഴി ഡീൽ ഒന്നും തന്നെ നടക്കരുത്. അതാണെനിക്ക് വേണ്ടത്.” വീണ തന്റെ ആവശ്യം പറഞ്ഞു.

“മ്മ്..ഡീൽ നടത്തുന്നതിനേക്കാൾ കഷ്ട്ടമാണ് അത് പൊളിക്കാൻ. എന്നാലും ഞാൻ വേണ്ടത് ചെയ്യാം.പക്ഷെ കരുതലോടെ വേണം കളിക്കാൻ.പറഞ്ഞ കക്ഷി ചില്ലറക്കാരനല്ല.സൂക്ഷിച്ചില്ലേൽ നമ്മുടെ ക്രെഡിബിലിറ്റിയെ അത് ബാധിക്കും.ഞാൻ പറയാതെ അറിയാല്ലോ.”ചെട്ടിയാർ പറഞ്ഞു.

“അറിയാല്ലോ ചെട്ടിയാർക്ക്.കാര്യം നടന്നാൽ ചെട്ടിയാർക്കും ഗുണമുണ്ടാക്കും.ഇപ്പറഞ്ഞയാള് കൂടാതെ നമ്മുടെ വല പൊട്ടിച്ചു പോയ ഒരുവൻ കൂടിയുണ്ടല്ലോ.

‘ഗോവിന്ദ്’ പറ്റുമെങ്കിൽ അവരെ തമ്മിലടിപ്പിക്കാൻ നോക്ക്.ഒറ്റ ഇടപാടിൽ അവന്റെ കണക്കും തീരും”വീണ പറഞ്ഞു.

“ഗോവിന്ദ് ********”ഒരു മുട്ടൻ തെറിയാണ് ചെട്ടിയാർ അയാളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. “രുദ്രയാണിപ്പോൾ അവന്റെ കൂട്ട്. പറഞ്ഞുവരുമ്പോൾ അറിയും. പഴയ എസ് ഐ രാജീവന്റെ ഭാര്യ ആയിട്ട് വരും കക്ഷി.അവളാണ് ഗോവിന്ദിനൊപ്പം.അവനെ സംരക്ഷിക്കുന്നതും അവളാണ്. രാജീവന്റെ സാമ്രാജ്യം അവളുടെ കയ്യിൽ കിട്ടണം എന്നാണവൾക്ക്.

ഇവിടെ അവളുടെ സഹായത്തിന് ഗോവിന്ദ്.ഒരു വല വിരിച്ചതായിരുന്നു അവന് വേണ്ടി. പക്ഷെ പ്ലാൻ മാറ്റേണ്ടിവന്നു. കാരണം രുദ്ര തന്നെ.സൂക്ഷിച്ചു കളിച്ചില്ലേൽ മുറിയും.

കളിക്കാനറിയുന്നവരാണ് രണ്ടും. മ്മ്മ്…….അവരെയെങ്ങനെ…….?”

ചെട്ടിയാർ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.

“അറിയാം ചെട്ടിയാരെ.അത്ര ഈസിയല്ല കാര്യം.ചന്ദ്രചൂഡൻ മാത്രമല്ല ‘രുദ്ര’ അവളും വീഴണം. ഗോവിന്ദിനെ സംരക്ഷിക്കുന്നതാരായാലും അവർ വീണിരിക്കണം.അതിനി എന്ത്‌ ചെയ്തിട്ടായാലും ശരി.”

“ഒറ്റുക…….അതാണ് സിംപിൾ ആയി ചെയ്യാൻ പറ്റുന്ന കാര്യം. പക്ഷെ അതുകൊണ്ട് മാത്രം അവരെ പിടിച്ചുകെട്ടുക പ്രയാസമാണ്.

ഇങ്ങനെയുള്ള ഡീലിൽ ഏത്ര മുൻകരുതലെടുത്താവും നടത്തി എടുക്കുക എന്നറിയാല്ലോ.പിന്നെ നമുക്കിടയിലെ പൊതു ധാരണ ഒറ്റരുതെന്നല്ലെ.അതുകൊണ്ട് നമ്മളെ അറിയാതിരിക്കുകയാണ് ആദ്യം വേണ്ടത്.”ചെട്ടിയാർ പറഞ്ഞു.

“ചെട്ടിയാരെയും ഒറ്റിയതല്ലെ അവൻ.അതിന്റെ ലാഭം രാജീവ്‌ നേടി.”വീണ പറഞ്ഞു.

“അതല്ല മാഡം…..ഒരൊറ്റു കൊണ്ട് പിടിച്ചുകെട്ടാൻ പറ്റുന്നതല്ല അവരെ.അത്രയും മുൻകരുതലെടുത്തു ഡീൽ നടത്തുന്നവരാ എന്റെ അറിവിൽ രണ്ടു കൂട്ടരും.അവർക്കിടയിൽ കയറി കളിക്കുമ്പോൾ നമ്മുടെ സാന്നിധ്യമവർ തിരിച്ചറിയാതെ നോക്കുകയും വേണം.

അവരുടെ ഒരു കൺസെന്റ് നമ്മുടെ കയ്യിലെത്തിയാൽ അത് വച്ച് കളിക്കാം.എങ്കിലേ നമ്മൾ വിചാരിക്കുന്നിടത്ത് കളി നടക്കൂ.” ചെട്ടിയാർ പറഞ്ഞു.

“യു ആർറൈറ്റ്…..അവരിൽ ആരുടെയെങ്കിലും ഇടപാടിന് ചെട്ടിയാർ ചെക്ക് വക്കണം. കൺസെന്റ് ഞാൻ പറയുന്നിടത്ത് എത്തിച്ചുതരണം. പിന്നീട് എങ്ങനെ കളിക്കണമെന്ന് ഞാൻ പറഞ്ഞുതരാം.

ചെട്ടിയാരെ……….അവരുടെ വിശ്വാസം നഷ്ട്ടപ്പെടണം. അവരുടെ ഇനിയുള്ള ഡീലുകൾ മുടങ്ങണം.അതിലൊന്ന് നമ്മുടെ കയ്യിൽ കിട്ടിയാൽ ഞാൻ കാണിച്ചു തരാം ചെന്നായ എങ്ങനെ ചോര കുടിക്കുമെന്നത്

അറിയാല്ലോ……..എന്റെ ഏട്ടന്റെ ബന്ധങ്ങൾ.ഇത് നിയന്ത്രിക്കുന്ന ഒരുവനും ഏട്ടന്റെ വാക്ക് തട്ടില്ല. അത്രയുമുണ്ട് സ്വാധീനം.അത് ചെട്ടിയാർക്ക് അറിയുന്നതുമാണ്. കാര്യം ഞാൻ പറയുന്നത് പോലെ വന്നാൽ മലബാറിൽ ചെട്ടിയാർ ആവും കാര്യങ്ങൾ നിയന്ത്രിക്കുക

നിങ്ങളറിയാതെ ഒരു കൺസെന്റ് പോലും മലബാർ കടക്കില്ല. അവിടെ കടന്നുപോകുന്ന ഓരോ കൺസെന്റിനും കമ്മീഷൻ കൃത്യമായി നിങ്ങൾക്ക് ലഭിക്കും.” ഇത്രയും പോരെ ചെട്ടിയാർക്ക്.

ചെട്ടിയാർക്ക് അതിൽ പരമൊരു സന്തോഷം വേറെയില്ലായിരുന്നു. അത്രയും വലിയൊരു ഓഫർ തന്റെ മുന്നിൽ നിക്കുമ്പോൾ അത് ലഭിക്കാൻ എന്തും അയാൾ ചെയ്യുമായിരുന്നു.തന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടപ്പോൾ എല്ലാം നഷ്ട്ടമായെന്ന് കരുതിയ തനിക്ക് വിനോദിന്റെ ഒരൊറ്റ വാക്കിന്റെ പുറത്താണ് ജീവൻ പോലും തിരിച്ചുകിട്ടിയത്.അതിന് നന്ദി കാട്ടാനുള്ള ഒരസരമാണിത്. കൂടാതെ തനിക്ക് ലഭിക്കുന്ന പുരോഗതിയുമോർത്തപ്പോൾ ചെട്ടിയാർ എന്തിനും തയ്യാറായി.

ഹവാലാ ഇടപാടുകളുടെ തലപ്പത്തേക്ക് വരാനുള്ള അവസരമാണ് തനിക്കുമുന്നിൽ. അയാൾ ചിന്തിച്ചു.

മലബാർ റീജിയൻ. മലപ്പുറം മുതൽ മംഗലാപുരം വരെ താൻ നിയന്ത്രിക്കുക അതും ഏറ്റവും അധികം ഇടപാടുകൾ നടക്കുന്ന ഇടത്തിൽ.അതുവഴി തനിക്ക് ലഭിക്കുന്ന നേട്ടങ്ങൾ.അയാൾക്ക് കുളിരു കോരി.ഇനി തനിക്ക് ഒന്നും നോക്കാനില്ല.കിട്ടിയ അവസരം മുതലാക്കുക തന്നെ. ചെട്ടിയാർ മനസ്സിൽ കുറച്ചു.

മാധവനെയും പരിചയപ്പെട്ട് ഊണും കഴിച്ച ശേഷം വ്യക്തമായ പദ്ധതികളോടെയാണ് ചെട്ടിയാർ അവിടെനിന്ന് മടങ്ങിയത്. ***** വിനോദ്……വിക്രമനെ ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു. അവസാനമായി ഒരു താക്കീത് നൽകാം എന്നാണ് വിനോദിന്റെ മനസ്സിൽ.ഇനിയൊരവസരം കൊടുത്തില്ല എന്നു വേണ്ട എന്ന മനസാക്ഷിക്കുത്ത് വേണ്ട എന്ന് കരുതി.

ഇനിയും തങ്ങളുടെ വഴിയിൽ പ്രതിബന്ധമായാൽ വിനോദ് എങ്ങനെ റിയാക്ട് ചെയ്യും എന്നത് ഒരു പ്രശ്നമായിരുന്നു. ആ പേടി ദിവ്യക്കുമുണ്ട്.അതാണ് ശീലവും.എതിരെയുള്ള എന്തും പിഴുതെറിയുക എന്നതിൽ ഒരു അപവാദമായി ഗോവിന്ദുണ്ട്. അതിന് വീണയുടെ ചില പിടിവാശികൾ കാരണവുമാണ്.

അന്ന് രാത്രി വിക്രമൻ വീട്ടിലെത്തുമ്പോൾ അയാളെയും കാത്ത് വിനോദ് ഉമ്മറത്തുണ്ട്. സിറ്റ് ഔട്ടിലെ വെളിച്ചത്തിൽ ഗേറ്റ് കടന്നപ്പോഴേ വിക്രമന് ആളെ മനസ്സിലാവുകയും ചെയ്തു.

വിക്രമൻ ജീപ്പ് നിർത്തി ഇറങ്ങിയതും വിനോദ് എണീറ്റു. “എംപയർ ഗ്രൂപ്പുകാർ ഇങ്ങോട്ട് വന്നു കാണാൻ തുടങ്ങിയോ?” എന്ന് തമാശ കലർത്തി വിക്രമൻ ചോദിക്കുകയും ചെയ്തു.

“കാണേണ്ടവരെ വന്നു കണ്ടല്ലേ പറ്റൂ വിക്രമൻ സാറെ.”വിനോദ് മറുപടി നൽകി.

വിനോദിന്റെ വാക്കുകളുടെ മൂർച്ച തിരിച്ചറിഞ്ഞ വിക്രമന് അതൊരു നല്ല ലക്ഷണമായി തോന്നിയില്ല. വിനോദ് എന്തോ ഉറപ്പിച്ചിട്ടുണ്ട് എന്നയാൾക്ക് ബോധ്യമായി.ഇത് ചിലപ്പോൾ ഒരു സന്ധിസംഭാഷണമാവാം.അത് അയാളുടെ ഇഷ്ട്ടത്തിന് നടന്നില്ല എങ്കിൽ താൻ പലതും ഫേസ് ചെയ്യേണ്ടിവരും എന്ന് വിക്രമന് തോന്നി.

“എന്താണ് ഈ വഴി പതിവില്ലാതെ”

തികച്ചും സ്വാഭാവികമായിത്തന്നെ വിക്രമൻ ചോദിച്ചു.

“കാര്യം എനിക്കും സാറിനും നല്ല വണ്ണമറിയാം.ഞാൻ തന്നെ പറയണം എന്നാണെങ്കിൽ എന്റെ പിന്നാലെയുള്ള ഓട്ടം നിർത്തണം. സിംപിൾ.”വിനോദ് നയം വ്യക്തമാക്കി

“എനിക്ക് വിലപറയാൻ മാത്രം എംപയർ ഗ്രൂപ്പ്‌ വളർന്നിട്ടില്ല വിനോദെ.അതിന് ഞാനാരെയും അനുവദിച്ചിട്ടുമില്ല.”വിക്രമനും കലിപ്പിലായിരുന്നു.

“അതിന് മാറ്റം ഉണ്ടായിക്കൂടാ എന്നില്ലല്ലോ സാറെ വിക്രമാ…….?” ഒന്ന് ആക്കിയാണ് വിനോദ് ചോദിച്ചതും.

“തന്റെ പരിഹാസം തന്റെ കയ്യിൽ തന്നെയിരിക്കട്ടെ.എന്റെ ശരികൾ ആണ് എന്റെ തീരുമാനം.അത് നിശ്ചയിക്കുന്നത് ഞാനും.ഒന്ന് ഉറപ്പിച്ചാൽ മാറുന്ന പ്രകൃതവുമല്ല” വിക്രമനും വിട്ടുകൊടുത്തില്ല.

“കേട്ടിട്ടുണ്ട് വിക്രമനെക്കുറിച്ച്. കണ്ടറിഞ്ഞു അദ്ദേഹത്തെ.ഞാൻ കണ്ടു പരിചയപ്പെട്ട ഓഫിസർമാർ നട്ടെല്ല് പണയം വക്കുന്നവരായിരുന്നു.താങ്കൾ അതിനപവാദവും.ഇപ്പോഴെനിക്ക് കളിക്കാൻ ത്രില്ല് കൂടിയിരിക്കുന്നു. കൂടെയുള്ളവർക്ക് വേണ്ടിയാകുമ്പോൽ അതിരട്ടിക്കുകയും ചെയ്യും.സർ…. ഞാൻ ഏതറ്റം വരെയും പോകും. ഈ ചങ്കുറപ്പ് അന്നും കാണണം.” വിനോദ് പറഞ്ഞു.

“എന്റെ ശരികളെ മറികടക്കാൻ ഞാനാരെയും സമ്മതിച്ചിട്ടില്ല.ഇനി ഉണ്ടാകുകയുമില്ല.വില്ല്യം കേസ് അട്ടിമറിക്കാൻ നിങ്ങൾ ആവുന്നത് ശ്രമിക്കുമെന്നുമറിയാം.അതിൽ ഞാൻ പരാജയപ്പെടില്ല വിനോദ്. അറിയാമെനിക്ക് നിങ്ങളുടെ ഭാര്യക്കും അളിയനും ഇതിലുള്ള പങ്ക്.അതാണ് നിങ്ങളെ ഇവിടെ നിർത്തിയതും.പക്ഷെ കുറച്ചു തെളിവുകൾ കൂടി വേണം.എന്നിട്ട് ഞാൻ വരും,തൂക്കി അകത്തിടുകയും ചെയ്യും.”വിക്രം ആത്മവിശ്വാസത്തോടെ പറഞ്ഞു

“നടന്നില്ലെങ്കിൽ……….?”

“ഈ യുണിഫോം ഞാൻ അഴിച്ചുവെക്കും.”വിക്രമനും വിട്ടുകൊടുത്തില്ല.

“ഒരു ഡീലിനാണ് ഞാൻ വന്നത്. നിങ്ങൾ വഴങ്ങുകയുമില്ല.പക്ഷെ ഞാൻ ഹാപ്പിയാണ്.ഇവിടെ നിന്നു പോകുമ്പോൾ കാര്യങ്ങൾ എനിക്കനുകൂലമാവുമെന്ന ഉറപ്പ്‌ ലഭിച്ചുകഴിഞ്ഞു.ഇനി കളത്തിൽ കാണാം സാറെ……”വിനോദ് ആത്മവിശ്വാസത്തോടെ പറഞ്ഞു

“തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ.”വിക്രമൻ മറുപടി നൽകി.

“എന്നെ നിനക്കറിയില്ല വിക്രം. എതിരാളിയെക്കുറിച്ചറിഞ്ഞെ ഞാൻ കളിക്കാറുള്ളൂ.ഇപ്പോൾ എനിക്ക് നിന്നെ നന്നായിട്ടറിയാം. അപ്പോൾ രാത്രിക്ക് യാത്രയില്ല.” എന്തോ നേടിയ സന്തോഷത്തിൽ വിനോദ് അവിടെനിന്നുമിറങ്ങി.

വിക്രമനെ തടയാൻ ഒരവസരം മുന്നിൽ വന്നതിന്റെ സന്തോഷം വിനോദിന്റെ മുഖത്തുണ്ട്.വിനോദ് പറഞ്ഞതിലെ പൊരുൾ മനസിലാവാതെ വിക്രമനും. ***** ഫോണിൽ കേട്ട വാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ചിരുന്നുപോയി ചന്ദ്രചൂഡൻ.ആ ഫോൺ കോൾ

കേട്ടാണ് അയാളുണർന്നത്. അയാൾ വെട്ടിവിയർത്തു.

ഒരു നിമിഷം എന്ത്‌ ചെയ്യണമെന്നറിയാതെ അയാൾ പരിഭ്രാന്തനായി.തന്റെയും ചിത്രയുടെയും കിടപ്പറ രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി ഷെയർ ചെയ്യപ്പെടുന്നു എന്നതായിരുന്നു ആ വാർത്ത. അതെങ്ങനെ………?അയാൾ ചിന്തിച്ചു.

“ചിത്ര…….അവൾ…..അവൾ തന്നെയും വില്പനച്ചരക്കാക്കിയിരിക്കുന്നു.” ആ വാർത്ത അയാളെ കുറച്ചല്ല വലച്ചത്.അവളുടെ കച്ചവടം എന്തെന്നറിഞ്ഞിരുന്നു എങ്കിലും അവളിൽ മതിമറന്ന് അവളിലുള്ള വിശ്വാസത്തിൽ സ്വയം മറന്നപ്പോൾ ഇങ്ങനെയൊരു ചതി അയാൾ പ്രതീക്ഷിച്ചതല്ല.താനും അവളുടെ പ്രോഡക്റ്റ് ആയി എന്നത് അയാളെ ഭ്രാന്ത് പിടിപ്പിച്ചു “എങ്ങനെ മറ്റുള്ളവരെ നേരിടും ” എന്നതായിരുന്നു അയാളുടെ പ്രശ്നം.”ഇനിയിത് തന്നെ എങ്ങനെയൊക്കെ ബാധിക്കും” എന്നും.

വേഗം തന്നെ അയാൾ തയ്യാറായി കാറിന്റെ കീയും ജുബ്ബയുടെ കീശയിലേക്കിട്ട് സ്റ്റെപ്പ് ഇറങ്ങിച്ചെല്ലുമ്പോൾ വീർത്തുകെട്ടിയ മുഖവുമായി തന്റെ പ്രിയപ്പെട്ടവരെ അയാൾ കണ്ടു.

ചന്ദ്രചൂഡനെ കണ്ടതും തന്റെ കുഞ്ഞിനെയും എടുത്തുകൊണ്ട് മകൾ മുറിയിലേക്ക് പോകുന്നത് കണ്ട അയാളുടെ നെഞ്ച് പിടഞ്ഞു,പിന്നാലെ മരുമകനും. തന്റെ മകനും മരുമകളും അത് പിന്തുടർന്നപ്പോൾ അയാൾ തകർന്നുപോയി.താന്തോന്നിയായ ഇളയ മകൻ മാത്രം ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ അവിടെ നിന്നു.”തനിക്ക് തരാതെ ഒറ്റക്ക്…….”എന്ന ഭാവമായിരുന്നു അവനപ്പോൾ.

“ശാരദേ…….”ചന്ദ്രചൂഡൻ വിളിച്ചു. പക്ഷെ അയാളുടെ ഭാര്യ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കയറിപ്പോയി.

“അവളെ കാണുക തന്നെ” ചെറുമക്കളുടെ പതിവ് ചുംബനം വാങ്ങാതെ,കുടുംബത്തോടൊപ്പം പതിവുള്ള പ്രഭാതഭക്ഷണം ഒരു വറ്റ് പോലും കഴിക്കാതെ അയാൾ വീട്ടിൽ നിന്നിറങ്ങി.

ചിത്രയും ആകെ അടികിട്ടിയ അവസ്ഥയിലായിരുന്നു.ഇനി എന്ത്‌ എന്നതായിരുന്നു അവളുടെ അവസ്ഥ.എന്തൊക്കെ നടപടി നേരിടേണ്ടി വരും എന്നവൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല. പണി പോകും എന്നവളുറപ്പിച്ചു. അതിലുപരി ചന്ദ്രചൂഡന്റെ ശത്രുത ഏൽക്കേണ്ടി വരുമെന്നത് അവളുടെ സ്വസ്ഥത കെടുത്തി.

ഒന്ന് മാറി നിൽക്കാം എന്ന് കരുതി അവൾ ഉടൻ തന്നെയിറങ്ങി. വാതിൽ പൂട്ടി കയ്യിൽ ബാഗുമായി നിൽക്കുന്ന അവളുടെ മുന്നിൽ ചന്ദ്രചൂഡന്റെ കാർ വന്നു നിന്നപ്പോൾ അവൾ വിയർത്തു. അയാളെ എങ്ങനെ നേരിടണം എന്നറിയാതെ അവൾ പ്രതിമ കണക്കെ നിന്നു.

“ഇതെങ്ങോട്ടാ ടീച്ചറെ ഇപ്പോൾ ഒരു യാത്ര.”ഉമ്മറത്തേക്ക് കയറിക്കൊണ്ട് ചന്ദ്രചൂഡൻ ചോദിച്ചു.

“അത് ചന്ദ്രേട്ടാ…….. ഞാൻ……..” അവൾ വിക്കി.

“എന്നെയും ചതിച്ചിട്ട് മുങ്ങിയാൽ അങ്ങ് സ്വസ്ഥയാവാം എന്ന് കരുതിയെങ്കിൽ തെറ്റി.എന്താ ഞാൻ തിരക്കിവരില്ലെന്ന് അത്ര ഉറപ്പുണ്ടോ നിനക്ക്?”

“എനിക്കൊന്നുമറിയില്ല ചന്ദ്രേട്ടാ”

“നീ നമ്മുടെ സ്വകാര്യത പകർത്തി എങ്കിൽ അത് പ്രചരിപ്പിച്ചതും നീയാവും.ഞാൻ വിലക്കിയ കാര്യമായിരുന്നു നീ ചെയ്തത്. നിന്റെ കാര്യങ്ങളിൽ ഞാൻ ഇതു വരെ ഇടപെട്ടിട്ടില്ല.പക്ഷെ നീ എന്നെ നിന്റെ ഉപകരണമാക്കി. ഏത്ര പുരുഷവേശ്യകളെ നിനക്ക് കിട്ടുമായിരുന്നു,എന്നിട്ടും എന്നെ നീ ഇതിലേക്ക് വലിച്ചിഴച്ചു.എന്റെ അഭിമാനമാണ് നീ തകർത്തു കളഞ്ഞത്.ദാ ഇപ്പോൾ ഞാൻ തകർന്നുതുടങ്ങിയിരിക്കുന്നു. അതിന്റെ ലക്ഷണം ഞാൻ കണ്ടു തുടങ്ങി.

ചെറുമക്കളുടെ മുന്നിൽ പോലും തല കുനിക്കേണ്ടി വന്നു.പുറത്ത് ആരൊക്കെ കാത്തിരിക്കുന്നു എന്നെനിക്ക് ഒരു ഊഹവുമില്ല. പക്ഷെ നീ മാത്രം രക്ഷപെടാൻ ശ്രമിക്കുന്നു.”

“പേടിച്ചിട്ടാ ചന്ദ്രേട്ടാ…….വിലക്കി എങ്കിലും ഞാൻ നമ്മുടെ പ്രൈവസി പകർത്തി എന്നുള്ളത് ശരിയാ.നിവൃത്തികേട് കൊണ്ടാ. അത് ലാറ്റിൻ അമേരിക്കയിൽ മാത്രം സെക്യുർ ആയി പ്രീമിയർ ചെയ്തു എന്നുള്ളതാണ് സത്യം. ഫീൽഡിൽ പിടിച്ചുനീക്കാനുള്ള അവസാന ശ്രമമായിരുന്നു അത്. സേഫ്റ്റിയുടെ പ്രശ്നം കണക്കിലെടുത്ത് യൂറോപ്പിലും ഐക്യനാടുകളിലും ഞാൻ സെൽ ചെയ്തതുമില്ല.എന്നിട്ടുമെനിക്ക് അറിയില്ല ചന്ദ്രേട്ടാ……”

“ഞാൻ വിലക്കിയത് ചെയ്തതു തന്നെ വലിയ തെറ്റ്.കൂടെ നിന്ന് ചതിച്ചിട്ട് ന്യായം പറയുന്നോ നീ….” അയാളുടെ വാക്കുകൾക്ക് മൂർച്ച കൂടി.

പക്ഷെ തങ്ങളെ അയല്പക്കത്തെ ആളുകൾ ശ്രദ്ധിക്കുന്നതറിയാൻ ഒരു നിമിഷം അവർ വൈകി. ആളുകൾ കൂടുന്നത് കണ്ടതും ചന്ദ്രചൂഡന് അവിടെയധികം നിക്കുന്നത് പന്തിയല്ല എന്ന് തോന്നി.ചിലരുടെ കയ്യിൽ ചെരുപ്പ് മാലയുണ്ട്.അയാൾ വേഗത്തിൽ കാറിലേക്ക് ഓടിക്കയറി റിവേഴ്‌സ് എടുത്തു പുറത്തേക്കിറങ്ങി.

വേഗത്തിൽ പിന്നിലേക്കെടുക്കുന്ന വേളയിൽ ആരെയോ തട്ടി താഴെയിടുകയും ചെയ്തു ചന്ദ്രചൂഡൻ.

എങ്ങനെയൊ ഗേറ്റ് കടന്നു പുറത്തേക്ക് പോകുമ്പോൾ ചിത്രയുടെ മേൽ ചെരുപ്പ് മാല ചാർത്തിക്കഴിഞ്ഞിരുന്നു ഏതാനും ചില നാട്ടുകാർ.

എങ്ങോട്ട് പോകും എന്നാലോചിച്ചുകൊണ്ട് അയാൾ വണ്ടി മുന്നോട്ടെടുത്തു.വീട്ടിലോ ഓഫിസിലോ പോവുക വയ്യ. ഡ്രൈവ് തുടരവേ അയാളുടെ ഫോണിലേക്ക് വന്ന കോൾ കാറിലെ സ്പീക്കർ ഫോണിലേക്ക് കണക്ട് ചെയ്തു കൊണ്ട് അറ്റൻഡ് ചെയ്യവേ അതിൽ കേട്ട ശബ്ദം അയാൾ തിരിച്ചറിഞ്ഞു… “വീണ…”

“ചന്ദ്രചൂഡാ……താനെന്ത് കരുതി. തനിക്ക് മാത്രേ അഭിമാനവും മറ്റും ഉള്ളെന്നൊ?എന്നിട്ടെന്തായി………? ഇപ്പൊ നീ കണ്ടില്ലേ……നീ ഉയർത്തിപ്പിടിച്ച നിന്റെ അഭിമാനം ചീട്ടുകൊട്ടാരം പോലെ നിലം പതിച്ചത്.

നീയെന്ത്‌ കരുതി,നീ ബുദ്ധിയും ശക്തിയും കൊണ്ട് കളിക്കുമ്പോ എനിക്കുമതിന് കഴിയില്ലെന്നോ? ടെക്ക്നോളജിയുടെ പിൻബലം കൂട്ടിച്ചേർത്താ ഞാൻ കളിക്കുന്നത്.അതുകൊണ്ടാ ചിത്ര നീ പോലും അറിയാതെ പകർത്തി ലാറ്റിനമേരിക്കയിൽ മാത്രം സെല്ലിങ് നടത്തിയ ചൂടൻ രംഗങ്ങൾ ഒരു സെക്കന്റ്‌ കുറവ് വരാതെ എനിക്ക് കിട്ടിയതും അത് നിന്റെ കുടുംബമുൾപ്പെടെ നാട്ടുകാർ മുഴുവൻ കണ്ടതും.

എങ്ങനെയെന്നല്ലെ……അവളുടെ മെയിലും എഫ്ബിയും സഹിതം എന്തിന് ലാപ്ടോപ്പ് വരെ ഞാൻ ഹാക്ക് ചെയ്തെടോ.

ഇത് തനിക്കുള്ള ആദ്യത്തെ സമ്മാനവാ…….മാനം പോയി സമൂഹത്തിലും കുടുംബത്തിലും തലകുനിച്ചു നിക്കുന്ന നിനക്ക് അടുത്ത പ്രഹരവും ഞാൻ തന്നെ നൽകും.

ഒന്നുകൂടി കേട്ടൊ തന്നെ ഞാൻ കൊല്ലില്ല.താൻ സ്വയം മരണം പുൽകുന്നത് ഞാൻ നേരിട്ട് കാണും.”മൂർച്ചയെറിയ വാക്കുകളിൽ ചന്ദ്രചൂഡനെ സമ്മർദ്ദത്തിലാക്കിയ ശേഷം വീണ ഫോൺ കട്ട് ചെയ്തു.

“ഡീ………”അയാൾ അലറി.പക്ഷെ വീണയത് കേട്ട് പുച്ഛിച്ചുകൊണ്ടാണ് കാൾ കട്ട് ചെയ്തത്.കലിപൂണ്ട ചന്ദ്രചൂഡൻ സ്റ്റിയറിങ്ങിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു.അപ്പോഴേക്കും കാർ നിയന്ത്രണം വിട്ട് എതിരെയുള്ള മതിലിൽ ഇടിച്ചു നിന്നുകഴിഞ്ഞിരുന്നു. ***** കത്രീന……..രാജീവന്റെ പിന്നാലെ തന്നെയാണവൾ.രാജീവ്‌ ചാർജ് എടുത്തത് മുതൽ ഭൈരവൻ കേസിലൂടെ രാജീവന്റെ മരണം വരെ സഞ്ചരിക്കാൻ തന്നെയാണ് അവളുടെ തീരുമാനം.അതിലൂടെ വീണയുടെ പേര് എവിടെയൊക്കെയുണ്ടോ അവ മായ്ച്ചുകളയുക എന്നതാണ് കത്രീനയുടെ ലക്ഷ്യം.അതിനാദ്യം രാജീവന്റെ ചരിത്രമറിയണം. അതിനായി പീറ്ററിന് ചുമതല കൊടുത്തിരിക്കുകയാണ് കക്ഷി. കോശി അന്വേഷണത്തിൽ പങ്കാളിയായി സദാ സമയം കത്രീനയുടെ കൂടെത്തന്നെയുണ്ട്.

ഒരു കാര്യം കത്രീനക്ക് വ്യക്തമായിരുന്നു.വീണക്കും കുടുംബത്തിനും കഴിഞ്ഞുപോയ സംഭവങ്ങളിൽ പങ്കുണ്ട്.രാജീവന് ഭൈരവൻ കേസ് പേഴ്സണൽ ആയിരുന്നുവെങ്കിൽ വീണയുടെ പങ്ക് പ്രതികാരത്തിന്റെയും അതിജീവനത്തിന്റെതുമാണ് എന്നവൾ മനസ്സിലാക്കി.

പക്ഷെ പല തെളിവുകളും മിസ്സിങ് ആണ്.എലുമ്പൻ വാസു സ്റ്റേഷൻ കത്തിക്കുകയും ചെയ്തതോടെ വീണ കൂടുതൽ സേഫ് ആയി. അല്ലെങ്കിലും പുല്ലുപോലെ ഊരി പോരാവുന്നതെ ഉണ്ടായിരുന്നുള്ളു.

ഭൈരവൻ രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ആക്രമിച്ചുകയറി എന്ന സത്യത്തിലുറച്ചുനിന്നു വാദിച്ചാൽ കേസ് പൊളിയും.വീണയാണ് ചെയ്തതെങ്കിൽ കൂടി നിയമം അവളെ സംരക്ഷിക്കും.തെളിവ് നശിപ്പിച്ചു എന്ന് വേണമെങ്കിൽ വാദിക്കാം.പക്ഷെ അവിടെയും മാധവനും എംപയർ ഗ്രൂപ്പും ചേർന്ന് അവൾക്കായി പ്രതിരോധം തീർക്കും.

ഒന്നും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയാതെ കുഴഞ്ഞുമറിഞ്ഞ ഒരു കേസ്…..അതായിരുന്നു കത്രീനക്കത്.തന്റെ കരിയറിൽ ആദ്യമാണ് ഇങ്ങനെ പിടിതരാതെ വഴുതിപ്പോകുന്ന ഒരു കേസ് എന്നും അവൾ തിരിച്ചറിഞ്ഞു.

ഇവിടെ കാടിന്റെ നിയമമാണ് നടപ്പിലാവേണ്ടത്.എതിരാളികൾ വീണാൽ അതിജീവിക്കുന്നവന്റെ ന്യായം നടപ്പിലാകും.അവൾ മനസിലാക്കുകയായിരുന്നു.

അപ്പോഴാണ് കത്രീന ഒരിക്കലും പ്രതീക്ഷിക്കാത്ത അഥിതിയായി രുദ്ര എത്തിയത്,കൂടെ ഗോവിന്ദും.

“രുദ്ര……. നീ…….”

“എന്താ……..രാജാവിനെ കാണാൻ പ്രജക്ക് തടസ്സം വല്ലതുമുണ്ടോ?” അവൾ ചോദിച്ചു.

“ഹേയ് ഇല്ല രുദ്ര.ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോഴുള്ള ഒരു……..”

“മനസ്സിലായി………”രുദ്ര പറഞ്ഞു.

ഒപ്പം ഗോവിന്ദിനെയും പരിചയപ്പെടുത്തി.ആ നിമിഷം കത്രീനയുടെ മുഖം മാറിയത് രുദ്ര ശ്രദ്ധിച്ചു.വേട്ടയാടിപ്പിടിക്കാനുള്ള വ്യഗ്രത അവളുടെ കണ്ണുകളിൽ കാണുകയും ചെയ്തു.

“പിന്നെ എങ്ങനെ പോകുന്നു നിന്റെ ഔദ്യോഗിക ജീവിതം.”ആ സന്ദർഭത്തിന് അയവുവരുത്താനായി രുദ്ര ചോദിച്ചു.

“ഇറ്റ്സ് കൂൾ……എവിടെയുമുള്ള തിരക്ക് ഇവിടെയും.”അവരെ പേഴ്സണൽ ഗസ്റ്റ് ലോഞ്ചിലേക്ക് ക്ഷണിച്ചുകൊണ്ട് കത്രീന പറഞ്ഞു.പക്ഷെ ഗോവിന്ദിന്റെ സാന്നിധ്യം അവളെ അസ്വസ്ഥയാക്കുന്നത് രുദ്ര മനസ്സിലാക്കി.അവളത് കാര്യമാക്കിയതുമില്ല.

“പറയ്‌……..എന്താ പതിവില്ലാതെ?” കത്രീന ചോദിച്ചു.

“ഒരു കേസിന്റെ ഡീറ്റെയിൽസ് അറിയണം.അതിൽ നീ എനിക്കൊപ്പം നിക്കണം.”

അതേത് എന്ന ഭാവത്തിൽ അവൾ രുദ്രയെ ഒന്ന് നോക്കി. ഇനി ഗോവിന്ദിന്റെ കാര്യമെങ്കിൽ ബുദ്ധിമുട്ടിക്കരുത് എന്നുപോലും പറയേണ്ടിവന്നു.അവനധികം ആയുസ്സില്ല എന്നവൾ തീർത്തു പറഞ്ഞു.കത്രീനയുടെ ശൗര്യം കണ്ട് രുദ്ര പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.കത്രീന പൊട്ടിത്തെറിക്കുകയായിരുന്നു.

“ആര് പറഞ്ഞു ഇത് ഗോവിന്ദിന് വേണ്ടിയാണെന്ന്.അല്ല കത്രീന…. നീ പറയുംപോലെ ഇവനെയാരും ഒന്നും ചെയ്യില്ല.ആരും ഇവനെ തൊടാൻ സമ്മതിക്കുകയുമില്ല. കാരണം ഗോവിന്ദിനെ സംരക്ഷിക്കുന്നത് രുദ്രയാണ്.

പിന്നെ കേസ് ഉണ്ടെന്ന് പറഞ്ഞത്. നീയറിയും…..’രാജീവ് ‘എന്റെ ഹസ്ബൻഡ്.ഇന്നദ്ദേഹം എന്റെ കൂടെയില്ല.അതിന് കാരണമാര് എന്നും എങ്ങനെ എന്നും നിനക്ക് അറിയാം.പക്ഷെ നീ അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു”

കത്രീനക്ക് ആ അറിവ് പുതിയത് ആയിരുന്നു.അവളുടെയറിവിൽ സാഹിലയായിരുന്നു രാജീവന്റെ പത്നി.അവളുടെ ആ ഞെട്ടലും സംശയവും മനസ്സിലാക്കിയ രുദ്ര തുടർന്നു.

“വിശ്വസിക്കാൻ പ്രയാസമുണ്ടാവും.രാജീവന് മേൽ അവകാശമുള്ളവൾ അന്നും ഇന്നും ഞാനാണ് കത്രീന.അതു പോലെ രഘുവിന്റെ മേലും.

സാഹില………അവൾ വെറുമൊരു ഡമ്മി മാത്രം. പെട്ടുപോയതുകൊണ്ട് കൂടെ കൊണ്ടുനടക്കുന്ന ഒരു ചളുക്ക്. അറക്കാൻ വച്ചിരുന്ന മാടായിരുന്നു അവൾ.ഇന്നവളും ശത്രുവിന്റെയടുക്കൽ അഭയം തേടിയിരിക്കുന്നു.

പ്രത്യുപകാരം ചോദിക്കുകയാണ് എന്ന് കരുതരുത് കത്രീന.എനിക്ക് വേറെ നിവൃത്തിയില്ല.അറിയാം നിനക്ക് വീണയുമായുള്ള ബന്ധം. അവളില്ലായിരുന്നുവെങ്കിൽ ഇന്ന് നീയില്ല.പക്ഷെ ജീവനും മാനവും പിടിച്ചുവാങ്ങിത്തന്നപ്പോൾ നീ തന്നൊരു വാക്കുണ്ട്.അതിപ്പോൾ പാലിക്കണം എന്നെ പറയുന്നുള്ളൂ പറഞ്ഞ വാക്ക് പാലിക്കാൻ നീ ഏതറ്റം വരെയും പോകും.അത് നിന്റെ ജീനിന്റെ പ്രത്യേകതയാണ്. അതിവിടെ നീ കാണിക്കും എന്നും എനിക്കുറപ്പൂണ്ട്.

ഞാനിറങ്ങുന്നു.നിന്റെ ഒരു കോൾ ഞാൻ പ്രതീക്ഷിക്കും.നീ എന്റെ ഒപ്പം നിന്നെ പറ്റൂ.ഐ ഡിമാൻഡ് യു,ഈയൊരു തവണ എനിക്ക് തന്ന വാക്ക് പാലിക്കാൻ നിന്റെ സൗഹൃദം നീ മറന്നേ പറ്റൂ.നിന്റെ അപ്പനും വാക്ക് പാലിക്കുന്നതിൽ കണിശക്കാരനായിരുന്നു എന്ന് നീ അഭിമാനത്തോടെ പറയാറുണ്ട്. ആ പാരമ്പര്യം നീ കാക്കും എന്ന് വിശ്വസിക്കുന്നു.”

രുദ്ര തിരിഞ്ഞുനടക്കുമ്പോൾ ഒന്ന് പ്രതികരിക്കാനാവാതെ കത്രീന അങ്ങനെതന്നെ ഇരുന്നുപോയി.

അവളെനോക്കി വിജയിച്ചു എന്ന അഹങ്കാരത്തിൽ പുച്ഛിച്ചു ചിരിച്ചിട്ടാണ് ഗോവിന്ദും രുദ്രയുടെ പിന്നാലെ ചെന്നത്.

അസ്വസ്ഥയായിരുന്നു കത്രീന വീട്ടിലെത്തിയപ്പോഴും. ചെകുത്താനും കടലിനും ഇടയിൽ പെട്ടയവസ്ഥ.ഒരു വറ്റ് പോലും അവൾക്കിറങ്ങിയില്ല.ചങ്കിൽ കൊണ്ടുനടക്കുന്ന കൂട്ടുകാരിയുടെ സ്വകാര്യ സ്വത്ത്‌ കൊതിമൂലം കവർന്നതു മാത്രമല്ല ഇപ്പോൾ അവൾക്കെതിരെ നിക്കേണ്ട സ്ഥിതിയുമാണ് എന്ന് അവളോർത്തു.

രാത്രി വൈകിയും കത്രീനക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. വല്ലപ്പോഴുമുള്ള രണ്ടു പെഗ് മദ്യം ട്രൈ ചെയ്തുവെങ്കിലും അവളെ നിദ്ര തൊടാതെ മാറിനിന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അവൾ ബാൽക്കണിയിലേക്കിറങ്ങിനിന്നു

അന്നത്തെ രാത്രിയവൾ ഓർത്തു. ബാംഗ്ലൂരിൽ ഡെപ്യുട്ടെഷനിൽ ഉള്ള സമയം.തന്റെ നിലപാടുകൾ ചിലർക്ക് വിലങ്ങുതടിയായപ്പോൾ അവർ വിരിച്ച വലയിൽ താൻ അറിയാതെ ചെന്ന് പെട്ടുപോയി.

തന്റെ ഒരു നിമിഷത്തെ എടുത്തു ചാട്ടം.വിശ്വസിക്കാവുന്ന സോഴ്സിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മയക്കുമരുന്ന് വേട്ടക്കിറങ്ങിപ്പുറപ്പെട്ടതായിരുന്നു കത്രീന.

പക്ഷെ താൻ വിശ്വസിച്ചവർ തന്നെ ചതിക്കുമെന്ന് അവൾ കരുതിയില്ല.പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഒട്ടും ചിന്തിച്ചതുമില്ല.

തന്റെ അന്നത്തെ എതിരാളി ഗൗഡയും ഗാങ്ങും ചേർന്ന് തന്നെ സമർത്ഥമായി അവരുടെ വലയിൽ വീഴ്ത്തി.ജീവിതത്തിൽ ആകെ പെട്ടുപോയതും അവിടെ മാത്രം.ഒരു ഗാങ് ബാങ്ങിന്റെ വക്ക് വരെയെത്തിയ നിമിഷം.

ഹൈ വേയിൽ താൻ കാത്തുനിന്ന വണ്ടി പിടിച്ചെടുത്തു പരിശോധിക്കുന്ന വേളയിലാണ് ട്രാപ് മനസ്സിലായത്.ഒന്നും തന്നെ കിട്ടിയില്ല എന്നു മാത്രമല്ല തന്റെ വിശ്വസ്ഥനായ ഡ്രൈവർ തന്നെ പിന്നിൽ നിന്നടിച്ചു വീഴ്ത്തുകയും ചെയ്തു.

തലക്കടിയേറ്റു വീണതും ആരോ തന്റെ കയ്യിൽ സൂചിയിറക്കുന്നത് കത്രീനയറിഞ്ഞു.തന്നെയവർ വലിചിഴച്ചു കൊണ്ടുപോയത് മാത്രം അവൾക്ക് ഓർമ്മയുണ്ട്.

പിന്നീട് കത്രീന ഉണരുന്നത് സിറ്റി ഹോസ്പിറ്റലിലാണ്.അവൾ ഉണരുന്നതും കാത്ത് രുദ്രയും. അവിടെവച്ച് തുടങ്ങിയ പരിചയമാണ്,അന്ന് കൊടുത്ത വാക്കാണ്.ബാംഗ്ലൂർ വിടുന്നത് വരെ കോൺടാക്ട് ഉണ്ടായിരുന്നു പിന്നീട് നോർത്ത് കറങ്ങി നാട്ടിൽ വന്നപ്പോൾ എപ്പോഴോ കോൺടാക്ട് നഷ്ട്ടപ്പെട്ടു.ഇന്ന് ദാ ഓഫിസിൽ വന്ന് പരിചയവും പുതുക്കിയിരിക്കുന്നു.

അന്ന് കൊടുത്ത വാക്കാണ്. ഒരിക്കൽ രുദ്രക്ക് പകരം ചെയ്യും എന്ന്.അത് എന്താണെങ്കിലും, ആർക്കെതിരെയാണെങ്കിലും കൂടെ നിൽക്കുമെന്ന്.ഇന്നവൾ അതാവശ്യപ്പെട്ടിരിക്കുന്നു.സ്വന്തം ജീവൻ തിരിച്ചുതന്നവൾക്കായി ജീവനായി കണ്ടവളെ തള്ളേണ്ട സ്ഥിതി.വീണയോട് മനസ്സുകൊണ്ട് മാപ്പ് പറയാനേ കത്രീനക്ക് കഴിയുമായിരുന്നുള്ളൂ. ***** ആ രാത്രിക്ക് ശേഷം ശംഭുവിന് വീണ മുഖം കൊടുത്തിട്ടില്ല.ഒന്ന് നേരെ സംസാരിച്ചുപോലുമില്ല. എല്ലാവരെയും കാണിക്കാനുള്ള തട്ടിക്കൂട്ടൽ മാത്രമായി പലതും. ശംഭുവിന് അവയെല്ലാം വളരെ അസഹനീയമായിരുന്നു.തന്റെ ജീവൻ പറിച്ചെടുക്കുന്ന ഫീൽ. അവൻ ഉരുകുകയായിരുന്നു.

ചെട്ടിയാർ വന്നുപോയ ദിവസം ഇരുട്ടിയപ്പോൾ ശംഭു എത്തിയത് റപ്പായിയുടെ വീട്ടിലാണ്.അവന്റെ മനസിലെ വിങ്ങലുകൾ പെയ്തിറങ്ങിയത് റപ്പായിയുടെ മുന്നിലും.ഒരു ഫുൾ ബോട്ടിൽ നൽകിയ ബലത്തിൽ ശംഭുവിന്റെ മനസ്സ് റപ്പായിയുടെ മുന്നിൽ തുറക്കപ്പെട്ടു.

അവനിപ്പോൾ വീട്ടിൽ പോവാൻ തോന്നുന്നെയില്ല.പാപഭാരം പേറി പശ്ചാത്താപം നിറഞ്ഞ മനസ്സുമായി അവൻ റപ്പായിക്ക് മുന്നിലിരുന്നു.അവന്റെ ഉറക്കം നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു.

“ചില കാര്യങ്ങൾ നമ്മുടെ കയ്യിൽ നിക്കില്ല ശംഭു.അവളുടെ മനസ്സ് അത്രയും വേദനിച്ചിട്ടുണ്ട്.സ്വന്തം എന്നുകരുതിയവൻ ചതിച്ചു എന്ന് തോന്നിയാൽ പിന്നെ അത് മാറില്ല. ആ തെറ്റിന് മാപ്പുമില്ല.ഇവിടെ അതാണ് സംഭവിച്ചത്. ഇനിയുള്ളതെല്ലാം വിധിക്ക് വിടുക

കാലം നിനക്ക് മാപ്പ് നൽകുന്നുവെങ്കിൽ,അതിന് നീ യോഗ്യനെങ്കിൽ അവളെ നിനക്ക് തിരികെ ലഭിക്കും.അതെ ഈ കിഴവന് പറയാനുള്ളൂ.അത്രയും അറിവേ ഈ റപ്പായിക്കുള്ളൂ. അല്ലാതെ നിന്നെ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല.” റപ്പായി പറഞ്ഞു.

അതവന് ആശ്വാസം നൽകിയില്ല മറിച്ച് അവനിലെ കനൽ ജ്വലിപ്പിക്കുകയാണ് ചെയ്തത്. തന്റെയുള്ളിലെ തീ തത്കാലം എങ്കിലും അടക്കി ഒന്നുറങ്ങാൻ അവൻ കുടിച്ചുകൊണ്ടേയിരുന്നു. അവന്റെ സ്വബോധത്തെ മദ്യം കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു.

അങ്ങനെയിരിക്കുന്ന ശംഭുവിനെ തേടി അവരെത്തി.രുദ്ര….. കൂടെ കത്രീനയും.ഗോവിന്ദിനെ അവർ തത്കാലം മാറ്റിനിർത്തിയിരുന്നു. അവന്റെ സാന്നിധ്യത്തിൽ ശംഭു എങ്ങനെ പ്രതികരിക്കുമെന്ന് അവർക്കറിയില്ലായിരുന്നു.

ഒരുപക്ഷെ തങ്ങൾ വന്നതിന്റെ ഫലപ്രാപ്‌തിയെ ഗോവിന്ദിന്റെ സാന്നിധ്യം കെടുത്തിക്കളയും എന്ന് അവർക്ക് തോന്നി.

അവന്റെ അസ്വസ്ഥമായ മനസ്സ്, അവന്റെയാ മനസ്സ് അവരുടെ വാക്കുകൾ കേൾക്കുമെന്നുള്ള പ്രതീക്ഷയോടെ അവർ അബോധാവസ്ഥയിലുള്ള ശംഭുവിനരികിലിരുന്നു,അവൻ ഉണരുന്നതും കാത്ത്.

റപ്പായി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭയത്തോടെ അല്പം മാറിനിന്നു.ഇവരെങ്ങനെയിവിടെ?………….?അയാൾക്കൊരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷെ റപ്പായിയെക്കൊണ്ട് എന്ത്‌ സാധിക്കും.നിസ്സഹായനായി അയാൾ ചുറ്റിലും നോക്കി.ഒപ്പം രുദ്രയുടെ അയാളുടെമേലുള്ള തീക്ഷ്ണമായ നോട്ടം റപ്പായിയെ നിശ്ചലനാക്കിക്കളഞ്ഞു.

“ഒറ്റ വെട്ടിന് തീർക്കാം അല്ലെ കത്രീന…….അതാണ്‌ പരുവം.” രുദ്ര പറഞ്ഞു.

“നമ്മുടെ ലക്ഷ്യം അതല്ലല്ലോ രുദ്ര” അവൾ തിരിച്ചു ചോദിച്ചു.

“എന്റെ രാജീവ് ഇവന് മുന്നിൽ പിടഞ്ഞുവീഴുമ്പോൾ ഓർത്തുകാണില്ല രുദ്ര തേടിയെത്തുമെന്ന്……”അവൾ വെറിയോടെ പറഞ്ഞു.

“പക്ഷെ രുദ്ര………”

“ആ പക്ഷെ……..അതാണ് ഇവൻ ഈ നിമിഷവും ജീവനോടെ എന്റെ മുന്നിൽ.അല്ലെങ്കിൽ കണ്ട മാത്രയിൽ ഞാനിവന്റെ……………” രുദ്ര പല്ലുഞെരിച്ച ശബ്ദമവൾ കേട്ടു.

അബോധാവസ്ഥയിൽ പിച്ചും പേയും പറഞ്ഞുകൊണ്ട് ശംഭുവും ഒരുവശത്ത് കിടക്കുന്നുണ്ടായിരുന്നു.

********** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!