ശംഭുവിന്റെ ഒളിയമ്പുകൾ 46

“അമ്മ സമാധാനിക്ക്.അച്ഛനിങ്ങ് വന്നോളും.ഇതാദ്യമല്ലല്ലോ വൈകി വരുന്നത്.”പുറത്തെ ബഹളം കേട്ട് അങ്ങോട്ടെത്തിയ ഗായത്രി പറഞ്ഞു.

“അങ്ങനെയല്ല മോളെ……എന്നെ ഇന്ന് വിളിച്ചതെയില്ല.അങ്ങോട്ട്‌ വിളിച്ചിട്ട് ഫോൺ ഓഫും.ഇന്ന് തന്നെ വരുമെന്ന് പറഞ്ഞു പോയ ആളാ.ഇവിടെ വന്നെ കഴിക്കൂ എന്നും പറഞ്ഞു.പക്ഷെ നേരം ഇത്രയായിട്ടും……..എനിക്കെന്തോ പേടി തോന്നുന്നു മക്കളെ” സാവിത്രി പറഞ്ഞു.

“പോയ ആൾക്ക് വരാനുമറിയാം. മറ്റുള്ളവരുടെ ഉറക്കം കളയാൻ…” തന്റെ ഇഷ്ട്ടക്കേടു മുഴുവൻ പുറത്ത് കാണിച്ചുകൊണ്ടാണ് വീണ പറഞ്ഞത്.

“ഓഫീസിൽ നിന്ന് പൊന്നു എന്നാ അറിഞ്ഞത്.ഇങ്ങോട്ട് എത്തിയിട്ടുമില്ല.അതാ എനിക്ക് പേടി.”സാവിത്രി പറഞ്ഞു.

“അമ്മ…….ഒന്ന് സമാധാനിക്ക്. അച്ഛൻ ഇങ്ങ് വന്നോളും.ഒട്ടും വിചാരിക്കാതെ വല്ല തിരക്കിലും പെട്ട് കാണും.”ഗായത്രി പറഞ്ഞു.

“എന്നാ അതൊന്ന് വിളിച്ചു പറയരുതോ?ഒന്ന് വിളിക്കാന്ന് വച്ചപ്പോൾ ഫോൺ ഓഫും.”

“ചിലപ്പോൾ ചാർജ് തീർന്നുകാണും.അമ്മയൊന്നടങ്. ഞാൻ ഇരുമ്പിനെ വിളിച്ചുപറഞ്ഞിട്ടുണ്ട്.തിരക്കി വിവരം അറിയിക്കാന്നും പറഞ്ഞു. ചുമ്മാ ഇവരുടെ ഉറക്കം കൂടി കളയാൻ. രണ്ടിനും റസ്റ്റ്‌ വേണ്ട സമയവാ.” ഗായത്രി ഒരുവിധം സാവിത്രിയെ സമാധാനിപ്പിച്ച് മുറിയിലേക്ക് വിട്ടു

തന്റെയും ശംഭുവിന്റെയും ഉറക്കം പോയതിന്റെ ഒരിഷ്ട്ടക്കേട് അപ്പോഴും വീണക്കുണ്ട്.ഒപ്പം മാഷ് എത്തിയില്ല എന്നറിഞ്ഞത് ആശങ്കയും നൽകി.പക്ഷെ അവയൊന്നുമവൾ പുറത്ത് കാണിച്ചില്ല.

എന്നാൽ ഗായത്രിക്ക് ചിലത് തോന്നിയിരുന്നു.അങ്ങനെ ചില ഗുണങ്ങളുണ്ടവൾക്ക്.ഏറ്റവും മികച്ച നിരീക്ഷണപാടവം ഗായത്രിയുടെ മാത്രം പ്രത്യേകതയാണ്.ഒട്ടും പ്രതീക്ഷിക്കാതെ ചില ചോദ്യങ്ങളിലൂടെ തന്റെ മനസ്സിലുള്ളത് അവൾ ഉറപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഗായത്രിയുടെയടുക്കൽ വീണ സൂക്ഷിച്ചാണ് പെരുമാറുന്നതും.

“കുറച്ചു നാൾ കൂടി നന്നായി ഉറങ്ങിയെന്ന് തോന്നുന്നു.അത് മുറിഞ്ഞതിന്റെ ദേഷ്യം കാണും. പക്ഷെ സാഹചര്യമറിഞ്ഞു പെരുമാറാനുള്ള മാന്യത ചേച്ചി

കാണിക്കണമായിരുന്നു.ദാ അകത്ത് ചേച്ചിയെ കാത്തിരിക്കുന്നവൻ ഒന്ന് വൈകിയാൽ കിടന്ന് വെരുകു ന്നത് ഞാൻ കണ്ടിട്ടുള്ളതാ.” വീണ വാതിലടക്കാൻ തുനിഞ്ഞതും ഗായത്രി പറഞ്ഞു.

ഒരു പകപ്പോടെ നോക്കാൻ മാത്രമെ വീണക്ക് കഴിഞ്ഞുള്ളു.

“ഇങ്ങനെ നോക്കണ്ടടീ ഉണ്ടക്കണ്ണി.എനിക്ക് മനസ്സിലായി. പുറമെ എന്താ ഒരു ജാഡ,എന്താ ഡയലോഗ്.എന്നിട്ടൊടുക്കം ശംഭു ഒന്ന് കണ്ണ് നനച്ചുകാണിച്ചപ്പോൾ ആയുധം വച്ചു കീഴടങ്ങി.



“നീ പോടീ ചൂലേ.അതെന്റെ സൗകര്യം.ഒന്ന് ഉറങ്ങിവന്നപ്പഴാ…. പോയി നിന്റെ അച്ഛൻ എവിടെ എന്ന് തിരക്ക് പോത്തെ.”വീണയും വിട്ടുകൊടുത്തില്ല.

“അതെ…………ഏത്ര മറച്ചു പിടിച്ചു നടന്നാലും ആ ഉള്ളെനിക്കറിയാം. എന്തുകൊണ്ടെന്ന് ഇപ്പൊ ചോദിക്കുന്നില്ല.ഈ അവസ്ഥയില് ശംഭുനെക്കൊണ്ട് എന്ത് പറ്റും. ആ ടെൻഷനിൽ അമ്മയുമത് ഓർത്തില്ല.

പോയ് കിടന്നോ,പിണങ്ങിനടന്നിട്ട് കൂട്ട് കൂടിയത് ഇന്നല്ലേ.ശംഭുന്റെ മണം കിട്ടിയില്ലേൽ ഉറക്കം വരാത്ത ആള് നന്നായിട്ടൊന്ന് ഉറങ്ങ്.രാവിലെ എണീറ്റിട്ട് ഇതിന് ബാക്കി ഞാൻ പറയാം.ഇപ്പൊ ഇത്തിരി പണിയുണ്ട്.എന്റെ അച്ഛനെ എനിക്ക് തിരക്കിയല്ലെ പറ്റൂ.”വീണയെ നന്നായി ഒന്ന് ആക്കിയാണ് ഗായത്രിയത് പറഞ്ഞത്.

വീണ നന്നായിത്തന്നെ ചമ്മി.ഒന്ന് തല ചരിച്ചു ശംഭുവിനെ നോക്കി. അവൻ ചിരിയോടെ ബെഡിൽ ഇരിപ്പുണ്ട്.അത് കണ്ടതും ദേഷ്യം പിടിച്ച വീണ കതകും പൂട്ടി ചാടി തുള്ളി ശംഭുവിന് നേരെ ചെന്നു.

അത്രനേരം മുഖത്തൊരു ചിരിയുമായി നിന്ന ഗായത്രിയുടെ മുഖം ഗൗരവമുള്ളതായി.ഒരു നിമിഷം എന്തോ ഓർത്തുനിന്ന ശേഷം അവൾ മുറിയിലേക്ക് നടന്നു.ശത്രുക്കൾക്ക് കരുത്തു കൂടി നിക്കുന്ന സമയമാണ് എന്ന വസ്തുതയാണ് ഗായത്രിയെ ഭയപ്പെടുത്തുന്നത്.മുറിയിൽ എത്തിയിട്ടും അവൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവൾ ഒരു സന്ദേശത്തിനായി കാക്കുകയാണ്. ****** എ എസ് ഐ പത്രോസ് അൺ ഒഫിഷ്യൽ ആയി വിക്രമന്റെ ഭാഗത്തു ചേർന്നിരുന്നു.തികച്ചും രഹസ്യമായ ഒന്ന്.പത്രോസാണ് വിക്രമന്റെ കേസിൽ പല കണ്ണികളും ഇണക്കിക്കൊടുത്തത്

പകരം തന്റെ പ്രതിബന്ധങ്ങൾ തീരുകയും ചെയ്യും എന്നയാൾക്ക് തോന്നി.

തന്റെ ലൈഫ് സേഫ് ആക്കാൻ പത്രോസ് പരിശ്രമിക്കുകയായിരുന്നു.ഒരേ സമയം വിക്രമനും വിനോദിനും അയാൾ വിശ്വസ്ഥനായി.

നേരിട്ടിറങ്ങിയിട്ട് നടക്കാത്തത് പലതും പത്രോസിലൂടെ വിക്രമൻ നേടിയെടുത്തു.പത്രോസാണ് ഭൈരവൻ കേസിന്റെയും അതിൽ തങ്ങൾക്കിടയിൽ മാത്രം നിന്ന ചില രഹസ്യങ്ങളും മറ്റും വിക്രമനെ അറിയിച്ചത്.അതിൽ നിന്നും വില്ല്യം കൊലക്കേസിന്റെ ചിത്രം വിക്രമന് വ്യക്തവുമായി.

വില്യമിന്റെ കൊലപാതകത്തിന് കാരണം വീണയുടെ ജീവിതവും ആയി ബന്ധപ്പെട്ടതാണെന്ന വിവരം വിക്രമന് നൽകിയ മൈലേജ് ചെറുതല്ല.അതിൽ പിടിച്ചാണ് പിന്നീടുള്ള കണ്ണികൾ വിളക്കിയെടുത്തതും.ഒരെത്തും പിടിയും കിട്ടാതെ നിൽക്കുന്ന സമയം,തന്റെ അന്വേഷണം വഴിമുട്ടുമെന്നുള്ള നിലയിൽ നിക്കുന്ന നേരത്ത് വിക്രമന് കിട്ടിയ കൂട്ടാണ് പത്രോസ്.

എംപയർ ഗ്രൂപ്പിന്റെ വേരുകളിൽ കൂടെ വില്ല്യം മർഡർ കേസിന്റെ കാരണം തിരഞ്ഞിറങ്ങിയ വിക്രമൻ വീണയിലെത്തിയ നേരം വഴി വക്കിൽ വച്ച് പത്രോസും കൂടെ കൂടുകയായിരുന്നു.


തന്റെ നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്ന പത്രോസിന് അതൊരു അനുഗ്രഹഃവുമായി.പിടിച്ചു നിക്കാൻ അധികാര വർഗത്തോട് ചേർന്നുനിക്കണമെന്ന യുക്തി അയാളെ മുന്നോട്ട് നയിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിക്രമന്റെ വിശ്വാസം നേടിയെടുക്കാനും പത്രോസിന് കഴിഞ്ഞു.

പിന്നീട് പത്രോസ് നൽകിയ വിവരങ്ങളും തെളിവുകളും മുൻ നിർത്തിയാണ് വിക്രമൻ മുന്നോട്ട് നീങ്ങിയത്.വീണക്ക് സംഭവിച്ച ദുരിതത്തിന് കാരണക്കാരായ ഗോവിന്ദിനോടും കൂട്ടാളികളോടും അവൾക്കും കുടുംബത്തിനും തോന്നിയ പക,അതിന് ശേഷം എപ്പോഴോ ഗോവിന്ദിനൊപ്പം ചേർന്നതാണെങ്കിലും വില്ല്യമും വീണയെ ലക്ഷ്യം വച്ചപ്പോൾ ഒഴിവാക്കേണ്ടവരുടെ പട്ടികയിൽ അയാളും ഉൾപ്പെട്ടു.

ഭൈരവനെ അയച്ച ചന്ദ്രചൂഡനും ഗോവിന്ദിനൊപ്പം ചേർന്നപ്പോൾ ശത്രുപക്ഷത്തെ അശക്തരാക്കുക എന്നതും ഒരു കാരണമായിരുന്നു.ഗോവിന്ദിന് ഒപ്പം ചേർന്ന് വീണയെയും ശംഭുവിനെയും ഇല്ലാതാക്കുവാൻ എല്ലാ ഒത്താശയും ചെയ്ത വില്ല്യമിനെ തീർക്കേണ്ടത് എംപയർ ഗ്രൂപ്പിന്റെ പ്രാഥമിക ആവശ്യമായിത്തീർന്നു.

കൂടാതെ ഭൈരവന്റെ മരണം എതിരാളികളുടെ വീഴ്ച്ചക്ക് തുടക്കവും കുറിച്ചു.അടുത്ത നറുക്ക് വില്യമിന് വീണു എന്ന് മാത്രം.

കാരണം വ്യക്തമായ വിക്രമന് തെളിവുകൾ കോർത്തിണക്കേണ്ട ജോലിയായിരുന്നു തലവേദന നൽകിയത്. എംപയർ ഗ്രൂപ്പിൽ കയറിപ്പറ്റിയതിൽ പിന്നെ സാക്ഷി പറഞ്ഞ സെക്യൂരിറ്റിയെ ഒന്ന് നേരെ കയ്യിൽ കിട്ടാത്ത അവസ്ഥ. ആദ്യം തന്ന മൊഴിയിൽ പല മാറ്റങ്ങളും വന്നു.അത് വില്ല്യമിന്റെ സ്ഥിരം ഏർപ്പാടായിരുന്നു എന്നും കൂട്ടിച്ചേർക്കപ്പെട്ടു.പലപ്പോഴും സെക്രട്ടറിയുമായിപ്പോലും ഇതെ പേരിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തതിനാൽ വില്ല്യം മരണപ്പെട്ട തിന് പിന്നാലെ പോവാൻ മറ്റുള്ളവരും വിമുഖത കാട്ടി.ഒരു ശല്യം ഒഴിവായതിന്റെ സന്തോഷം ആയിരുന്നു അവർക്ക്.

എന്തുകൊണ്ട്,എങ്ങനെ,എവിടെ വച്ച് എന്ന മൂന് ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ച വിക്രമൻ ഒരു ക്രിമിനൽ ചിന്തിക്കുന്നത് പോലെ ഒന്ന് ചിന്തിച്ചു നോക്കി.താൻ സോർട്ട് ചെയ്തെടുത്ത നമ്പർ രണ്ടും സഞ്ചരിച്ച ടവർ ലൊക്കേഷനുകളിലൂടെ ആയാളും സഞ്ചരിച്ചു.കൂടാതെ വിനോദ്,ദിവ്യ,ശംഭു എന്നിവർ തന്ന ഔദ്യോഗിക നമ്പറുകളുടെ ഹിസ്റ്ററിയും സൂക്ഷ്മമായി പരിശോധന നടത്തി അവയുടെ ടവർ ലൊക്കേഷനുകളിലൂടെയും വിക്രമൻ സഞ്ചരിച്ചു.കിട്ടാവുന്ന തെളിവുകൾ നേടിയെടുത്ത വിക്രമൻ അതെ ലൊക്കേഷനിൽ അവരുടെ പ്രെസൻസ് ഊട്ടിയുറപ്പിക്കാൻ സി സി ടി വി ദൃശ്യങ്ങളുടെ സഹായവും തേടി. ആ ശ്രമങ്ങൾ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.


ഒരു പെണ്ണിനൊപ്പം വില്ല്യം ആ ഫ്ലാറ്റിലേക്ക് വന്നു.അവൾ പണി കൊടുത്തിട്ട് പോവുകയും ചെയ്തു.

പർദ്ദയണിഞ്ഞ ആ സ്ത്രീ സി സി ടി വിയിൽ പതിഞ്ഞിട്ടുമുണ്ട്. പക്ഷെ………ആ മുഖം.

വിക്രമൻ ഒന്ന് ആ സന്ധ്യാ സമയം മുതൽ പിന്നിലേക്ക് വില്ല്യം പോയ വഴിയേ സഞ്ചരിച്ചു.എവിടെയൊക്കെ സി സി ടി വിയുണ്ടോ അവിടുന്നെല്ലാം ദൃശ്യങ്ങൾ ശേഖരിച്ചു.വിശദമായ പരിശോദനയിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വില്ല്യമിന്റെ കാർ ശ്രദ്ധയിൽ പെട്ടു. അതിലേക്ക് പർദ്ദയണിഞ്ഞ പെണ്ണ് വന്നു കയറുന്നതും.

വിക്രമന്റെ പ്രതീക്ഷ തെറ്റിയില്ല. ടെക്സ്റ്റൈലിലെ വിഷ്വൽസിൽ കൃത്യമായി മുഖത്തെ ആവരണം എപ്പോഴോ മാറ്റിയ ദിവ്യയുടെയും ഒപ്പം അവളോട് എന്തോ സംസാരിക്കുന്ന ശംഭുവിന്റെയും ദൃശ്യം കൃത്യമായി പതിഞ്ഞു. ആ ഷോട്ടിന്റെ ബാക്കിയായാണ് അവൾ വില്ല്യമിന്റെ കാറിലേക്ക് കയറുന്നതും.വില്ല്യം ദിവ്യയെ പിക് ചെയ്തപ്പോൾ പതിഞ്ഞ സി സി ടി വി ദൃദ്യവും അതിലെ സമയവും മികച്ച ലീഡ് തന്നെയായിരുന്നു.

കിട്ടിയ ഓരോ തുമ്പും പൊട്ടും പൊടിയും കളയാതെ ചേർത്ത് വച്ച വിക്രമന് പത്രോസിന്റെ സഹായം കൂടിയായപ്പോൾ ലക്ഷ്യം എന്നതിന് തൊട്ടരികിലെത്തി. ഇനി പിടിച്ചകത്തിടാം എന്ന സ്ഥിതി.

അന്ന് ഉപയോഗിച്ച കാർ കിട്ടിയില്ല എന്നതും ഫേക്ക് നമ്പർ ഉപയോഗിച്ചതിനെക്കുറിച്ച് ആധികാരികതയില്ലാത്തതും ഒരു പ്രശ്നമാണ് എങ്കിലും ഡി എൻ എ മാച്ച് ചെയ്തത് മതിയായിരുന്നു വിക്രമന്.ഒന്ന് കസ്റ്റഡിയിൽ കിട്ടിയാൽ മുറപോലെ പുറത്ത് കൊണ്ടുവരാം എന്ന് പത്രോസും കരുതി.പക്ഷെ അവസാന ചുവട് വക്കുന്നതിന് മുൻപ് വിക്രമന്റെ നിസ്സംഗ ഭാവം പത്രോസിനെ ആകെ ചിന്താക്കുഴപ്പത്തിലാക്കി. സാഹചര്യങ്ങളെ കൃത്യമായി കൂട്ടിയിണക്കിക്കൊണ്ട് തികച്ചും

വിശ്വസനീയമായ കഥ മെനഞ്ഞ വിക്രമൻ അപ്പോഴും ചിന്തയിലാണ്ടു നിക്കുന്നത് കണ്ടാണ് പത്രോസ് കാര്യം തിരക്കിയത്.

“ഒന്നുല്ലടോ ഒരു ചെറിയ കൺഫ്യൂഷൻ”അയാൾ മറുപടി നൽകി.

“എന്ത് കൺഫ്യൂഷൻ സാറെ. പിടിച്ചകത്തിടണം.ബാക്കി മണി മണിയായി പറയിക്കാം.”പത്രോസ് പറഞ്ഞു.

“വരട്ടെ പത്രോസേ……നമുക്ക് മുന്നിലൊരു തടസ്സമുണ്ടെടോ”

“എന്ത് തടസ്സം സാറെ?കൈവിട്ടു പോയ കേസ് കൈപ്പിടിയിൽ ഒതുങ്ങിയപ്പഴാ സാറിന്റെ ഒരു……”

“തടസ്സമായി നിക്കുന്നത് എസ് പി കത്രീനയാണ് പത്രോസെ.വില്ല്യം കേസ് മറ്റ് പലതുമായും കണക്ട് ആണെടോ.ഭൈരവനും രാജീവും ഇതുമായി വളരെ ജെല്ലായി കിടക്കുന്നത് തന്നെയാണ് പ്രശ്നം അവയാണെങ്കിൽ കത്രീനയുടെ നേരിട്ടുള്ള അന്വേഷണത്തിലും.
വീണയുടെ ഉറ്റ സുഹൃത്തുമാണ് കത്രീന.നമ്മുടെ ഭാഗം എത്രകണ്ട് സ്ട്രോങ്ങ്‌ ആയാലും കത്രീന ഒരുങ്ങിയിറങ്ങിയാൽ ഈ കേസ് പൊളിയും.”

ഓരോ പ്രശ്നം തീർക്കുമ്പോഴും വാല് പോലെ അടുത്തത് മുന്നിലെത്തും എന്നത് വിക്രമനെ കുഴക്കിയിരുന്നു.

“ആകെ കല്ലുകടിയാണല്ലോ സാറെ.ആ പെണ്ണുംപിള്ള ക്രോസ്സ് വക്കുമെന്നത് കട്ടായം.”

“കേസ് തീർന്നു,നമ്മൾ ജയിച്ചു എന്ന് കരുതിയതാ.പക്ഷെ ഇപ്പൊ അങ്ങനെ കരുതുക വയ്യ.

തനിക്കറിയില്ല കത്രീനയെ.ഒന്ന് മുട്ടി നോക്കിയിട്ടുള്ളവർക്കറിയാം അവളെ.അവളെ തടയാതെ ഒരു മുന്നോട്ട് പോക്ക് ബുദ്ധിമുട്ടാണ്‌. അവളുടെ അന്വേഷണ റിപ്പോർട്ട്‌ നമ്മുടെ കേസിനെ ബാധിക്കും”

“എങ്ങനെ സർ?”പത്രോസ് ചോദിച്ചു.

“നമ്മുടെ എവിഡൻസ് ഒക്കെ ജെനുവിനാ.പക്ഷെ മരണപ്പെട്ടവരുടെ നെഗറ്റീവ് ഇമേജ്,ഭൈരവൻ കേസിൽ രാജീവന്റെ വ്യക്തി താത്പര്യങ്ങൾ മുതലായവ പ്രശ്നമാവും. കൂടാതെ ഭൈരവനെ അയച്ചയാളെ കസ്റ്റടിയിലെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

ഭൈരവൻ കേസിൽ ഊരാൻ പറ്റിയാലും അതുമായി കണക്ട് ചെയ്തു വില്ല്യം കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കാം.പക്ഷെ അതിന്……..”വിക്രമൻ പറഞ്ഞു നിർത്തി.

“അതിന് കത്രീനയുടെ അന്വേഷണറിപ്പോർട്ട്‌ നമ്മുടെതുമായി ഒത്തുപോകണം അല്ലെങ്കിൽ കേസ് തിരിയും.

നമ്മൾ വീണ്ടും നാറുകയും ചെയ്യും.അതല്ലേ സാറിന്റെ പ്രശ്നം.എന്റെ കാര്യവും കുഴയും ഒരു വഴി കണ്ടെത്തിയെ പറ്റൂ.” വിക്രമൻ പറഞ്ഞതിന്റെ ബാക്കി പത്രോസ് കൂട്ടിച്ചേർത്തു.

“അപ്പൊ തനിക്ക് കാര്യം മനസ്സിലായി.അതാടോ ഞാനും ആലോചിക്കുന്നത്.ഇത്ര നാൾ കേസ് തെളിയിക്കണം എന്ന ടെൻഷനെ ഉണ്ടായിരുന്നുള്ളൂ.ദാ ഇപ്പൊ ഒന്നൂടെ കൂടി,അത്രതന്നെ.”

വിക്രമൻ കയ്യിലെ മദ്യം ഒറ്റയിറക്കിന് കാലിയാക്കി. തോൽക്കാൻ മനസ്സില്ലാത്ത അയാൾക്ക് എങ്ങനെയും ജയിക്കാനുള്ള ഒരു വഴി കണ്ടെത്തണം എന്ന ചിന്ത മാത്രമായിരുന്നു.അതിന് കൂടെ എന്തിനും ഏതിനും എ എസ് ഐ പത്രോസും. ****** സാഹിലക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവൾ അത്രപെട്ടെന്ന് വഴങ്ങില്ല എന്ന് രുദ്രക്കറിയാമായിരുന്നു.ഒറ്റക്കായി രുന്ന അവൾ പേടിച്ചു എന്നത് സത്യം,പക്ഷെ മാധവന്റെ പിൻ ബലത്തിൽ അവൾ തന്നെ ചെറുക്കും എന്ന് രുദ്രക്ക് തോന്നി.

മാധവന്റെ സഹായത്തോടെ കള്ളപ്പണം വെളുപ്പിക്കാനും സ്വത്തുക്കൾ നിയമപരമായി കുഞ്ഞിന്റെ പേരിലേക്ക് മാറ്റാനും സാഹില ശ്രമിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ രുദ്രക്ക് ലഭിച്ചിരുന്നു.ഒട്ടും സമയം കളയാനില്ലാത്ത അവസ്ഥയായിരുന്നു അവൾക്ക്.

രാജീവന്റെ സാമ്പാദ്യമൊന്നും മറ്റൊരാൾക്ക് വിട്ടുകൊടുക്കുക എന്നത് രുദ്രയുടെ ചിന്തക്കും അപ്പുറമായിരുന്നു.മാധവനും സാഹിലയും ഒന്നിച്ചുനിന്നാൽ അവ കൈവിട്ടു പോകും എന്നും അവൾക്ക് തോന്നി.

രാജീവന്റെ പേരിലുള്ളത് മുഴുവൻ തന്റേതാണെന്നുള്ള ചിന്ത, സാഹിലയെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്,ആകെ ഭ്രാന്തെടുത്തു നിക്കുകയായിരുന്നു രുദ്ര.

സാഹിലയെ നാശത്തിന്റെ വക്കിലെത്തിക്കുക എന്നത് വ്യക്തിപരമായ വാശികൂടിയായിരുന്നു അവൾക്ക്. സാഹില രാജീവന്റെ വെപ്പാട്ടി മാത്രമായിരുന്നു എന്നാണ് അവളുടെ വാദം.രാജീവന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ പോലും അംഗീകരിക്കാൻ അവൾ തയ്യാറല്ലായിരുന്നു.

തന്റെയവകാശം തട്ടിയെടുക്കാൻ വന്ന ഒരുവൾ മാത്രമായിരുന്നു രുദ്രക്ക് സാഹില.അവളുടെ ന്യായം രുദ്രക്ക് അന്യായമായിരുന്നു.

തന്നെ വെറും കീപ്പായി വച്ചനുഭവിച്ച രാജീവനെ കുടുക്കി അയാളുടെ ജീവിതത്തിലേക്ക് കടന്നത് തന്റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു എന്ന വാദം സാഹിലയെ എതിർക്കുന്നത് തന്റെ നിലനിൽപ്പിനുവേണ്ടിയാണ് എന്ന മറുവാദം കൊണ്ട് രുദ്ര പൊളിക്കുകയും ചെയ്തു.

കൂടാതെ രുദ്ര തന്റെ ആദ്യത്തെ ഇരയെ വേട്ടയാടുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു.അത് വഴി സാഹിലക്ക് അവസാനത്തെ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം അവളെ ഒറ്റപ്പെടുത്തുക എന്നത് കൂടി അതിന് പിറകിലുണ്ട്. മാധവന്റെ പിൻബലമില്ലെങ്കിൽ അവൾ തന്റെ കാൽച്ചുവട്ടിലെത്തുമെന്നും രുദ്ര കണക്ക് കൂട്ടി.

അവൾ കാത്തിരുന്ന സമയമെത്തി.പ്രതീക്ഷിച്ചിരുന്ന കാൾ വന്നതും അവൾ തന്റെ കാറും എടുത്തിറങ്ങി.സാഹിലക്ക് ഒരു വാണിങ് കൊടുത്തിറങ്ങിയ രുദ്ര നേരെ എത്തിയത് തന്റെ വീട്ടിലേക്കായിരുന്നു.താൻ കാത്തിരുന്ന വിവരം കിട്ടിയതും ലക്ഷ്യത്തിലെത്താനുള്ള തിടുക്കമായിരുന്നു അവൾക്ക്.

മുന്നോട്ടുള്ള വഴിയിൽ പറഞ്ഞു വച്ചത് പോലെ അയാളുമുണ്ടായിരുന്നു.അവൾ അയാൾക്കരികിൽ വണ്ടിനിർത്തി കുറച്ചുമുന്നിലായി പാർക്ക്‌ ലൈറ്റ് തെളിഞ്ഞ് കിടക്കുന്ന ജാഗ്വറിനെ മറികടന്ന് അവർ മുന്നോട്ട് നീങ്ങി. പിന്നാലെ ഒരു ജീപ്പ് അവരെ അനുഗമിച്ചു.

“ഇൻഫർമേഷൻ കറക്റ്റ് അല്ലെ ചെട്ടിയാരെ?”അവൾ ചോദിച്ചു.

“ശംഭുവിനെ വിശ്വസിക്കാം.അത് നേരിട്ടനുഭവമുള്ളവനാണ് ഞാൻ. എന്റെ നിലനിൽപ്പിന് കാരണവും അവൻ തന്നെ.”ചെട്ടിയാർ പറഞ്ഞു.

അവർ ചെന്നെത്തിയത് പഴയ, പൊളിഞ്ഞുവീഴാറായ ഒരു ഫാക്ടറിക്കെട്ടിടത്തിലായിരുന്നു. അവിടെ മാധവനെ എങ്ങനെ തടയും എന്ന ചിന്തയിലായിരുന്നു ചന്ദ്രചൂഡനപ്പോഴും.അപരിചിതർ ആരോ വന്നതറിഞ്ഞ അയാൾ അലർട്ട് ആയി.കൂട്ടാളികളിൽ ഒരാൾ ആരെന്ന് നോക്കാൻ പുറത്തേക്ക് പോയത് മാത്രമവർ കണ്ടു,പിന്നാലെ ഒരു വെടിയൊച്ചയും.

കാര്യം പണിയാണെന്ന് ബോധ്യം വന്നതും അവശേഷിച്ചവൻ പിന്നിലേക്ക് വലിഞ്ഞു.അവന് പിന്നാലെ ചന്ദ്രചൂഡനും.പക്ഷെ ആ കെട്ടിടം ചെട്ടിയാരുടെ ആളുകൾ വളഞ്ഞുകഴിഞ്ഞത് അവർ അറിഞ്ഞിരുന്നില്ല.ആ ഒരു പോക്കിൽ കൂടെയുള്ള അവസാന ആളും തന്റെ മുന്നിൽ വെടിയേറ്റ് വീഴുന്നത് കണ്ട ചന്ദ്രചൂഡന് തന്റെ സമയമടുത്തു എന്ന് തോന്നി.പക്ഷെ കാലനോട്‌ പോലും വിലപേശാമെന്ന ആത്മ വിശ്വാസം അയാളിലുണ്ടായിരുന്നു

രുദ്രയുടെ മുന്നിൽ ചന്ദ്രചൂഡൻ അകപ്പെടാൻ അധികം സമയം വേണ്ടിയിരുന്നില്ല.അയാളുടെ മുഖത്തെ പകപ്പ് കണ്ട് രുദ്ര ഒന്ന് പുച്ഛിച്ചു ചിരിച്ചു.

“മരണം ദാ എന്റെ മുന്നിലെത്തി. വീണുകിടക്കുകയാണ് ഞാൻ. എന്നാലും ജീവൻ പോകില്ല എന്ന് ഉറപ്പിച്ചിരുന്നു.”ചന്ദ്രചൂഡൻ പറഞ്ഞു.

“ചന്ദ്രചൂഡാ തന്റെ സമയം കഴിഞ്ഞു.മാധവനെ തടഞ്ഞുനിർത്താൻ സാവിത്രിക്ക് കഴിഞ്ഞേക്കും. പക്ഷെ താൻ ഒരു പേര് മറന്നു.ഈ രുദ്രയുടെ പേര്.”

“അതെ……ഞാൻ വിട്ടുകളഞ്ഞത് എനിക്ക് വിനയായി.അന്ന് ആ വീട് കത്തിയെരിഞ്ഞപ്പോൾ എല്ലാം അവിടെ തീർന്നു എന്ന് കരുതിയതാ എനിക്ക് പറ്റിയ തെറ്റ് പക്ഷെ അത് ശംഭുവായും,ദാ ഇപ്പോൾ രുദ്രയായും എന്റെ മുന്നിലെത്തിനിക്കുന്നു.”

“അതെ ചന്ദ്രചൂഡാ.താനന്ന് വിട്ടു കളഞ്ഞത് തന്റെ മരണത്തെയാ. തന്റെതായിട്ട് ഒന്നും ബാക്കിയില്ല ഇപ്പോൾ.ഒന്നുമില്ലാത്തവനായി നിന്നെ മുന്നിൽ കിട്ടിയിരിക്കുന്നു.

എങ്ങനെയും ജീവിക്കുമായിരുന്നു ഞങ്ങൾ.ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയ നിന്നെ കണ്മുന്നിലിങ്ങനെ കിട്ടുമെന്ന സ്വപ്‌നമായിരുന്നു നരകത്തിൽ ആയിരുന്നു ജീവിതമെങ്കിലും മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ചത് ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു ഒരു കൈ അകലത്തിൽ മരണം കാത്ത് നീയുണ്ട്.”

“ഹ ഹ……എന്റെ മരണം കൊണ്ട് മാത്രം നീ രക്ഷപെട്ടു എന്ന് കരുതരുത് രുദ്ര.നീയോ നിന്റെ ഭർത്താക്കന്മാരോ അറിയാത്ത അപകടം പുറത്തുണ്ട്.”

“ഹും……ഭർത്താക്കന്മാർ.പേരിന് മാത്രം ഭർത്താക്കന്മാരായിരുന്ന രാജീവന്റെയും രഘുവിന്റെയും മരണം ഞാൻ ആഗ്രഹിച്ചത് തന്നെയാ.എന്റെ കൈകൊണ്ട് ആയില്ല എന്ന് മാത്രം.അവരുടെ സമ്പാദ്യം എന്റെ പ്രയത്നത്തിന്റെ ഫലവും കൂടിയാ.മൂലധനം എന്റെ പക്കൽ നിന്നായിരുന്നുതാനും.

അധികാരകേന്ദ്രങ്ങളിൽ ഒരു പിടി,അത് മാത്രമായിരുന്നു അവരെനിക്ക്.അവരെ മുൻനിർത്തി നേടിയത് കൈവിട്ടു കളയാൻ രുദ്രക്ക് മനസ്സുമില്ല.

ഇനി എല്ലാം കലങ്ങിത്തെളിയും. താൻ പറഞ്ഞ അപകടത്തെ ഞാൻ പുകച്ചു പുറത്ത് ചാടിക്കും. സ്വസ്ഥമായ ജീവിതം ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല.പക്ഷെ ഇപ്പൊ എന്റെ മനസ്സ് നിറയെ അതാ.എന്റെ കൂടപ്പിറപ്പിനൊപ്പം ജീവിച്ചുതീർക്കണം എന്നുള്ള കൊതിയാ.അതിന് മുന്നിലുള്ള തടസ്സം ആര് തന്നെയായാലും തീർക്കും ഞാൻ…… ഈ രുദ്ര. അതിന് തുടക്കം തന്നിൽ നിന്ന് തന്നെയാവട്ടെ.”

രുദ്രയുടെ ഭാവം മാറുകയായിരുന്നു.എതിർക്കാൻ പോലും ചന്ദ്രചൂഡന് കഴിയുമായിരുന്നില്ല.ചെട്ടിയാരുടെ സംഘം അയാളെ വളഞ്ഞിരുന്നു. അയാൾ മരണം ഉറപ്പിച്ച നിമിഷം. അവളുടെ കയ്യിലെ തോക്ക് ശബ്‌ദിച്ചു.

ഒരു പിടച്ചിലോടെ ചന്ദ്രചൂഡൻ നിലത്തേക്ക് വീഴുമ്പോഴേക്കും കൊത്തിപ്പറിക്കാൻ കാത്തുനിന്ന കൂട്ടാളികൾ ചാടിവീണു.രുദ്രയുടെ കണ്മുന്നിൽ ചന്ദ്രചൂഡൻ പല കഷണങ്ങളായി നുറുക്കപ്പെടുമ്പോൾ രുദ്രയെ തേടി മറ്റൊരു കാൾ എത്തി.

എല്ലാം കണ്ടുകൊണ്ട് തന്നെ അവൾ ഫോൺ ചെവിയോട് ചേർത്തു.മറുവശത്തുനിന്ന് കേട്ട വിവരം രുദ്രയെ ഞെട്ടിച്ചുകളഞ്ഞു.ഏത്രയും വേഗം കത്രീനയുടെ അടുക്കൽ എത്തുക എന്നതായി അവളുടെ ചിന്ത.

ബാക്കിയെല്ലാം കൂട്ടാളികളെ ഏൽപ്പിച്ച് ചെട്ടിയാർക്കൊപ്പം അവിടം വിടുമ്പോൾ രാത്രി പാതി പിന്നിട്ടുകഴിഞ്ഞിരുന്നു. ******* മാധവൻ തിരികെയെത്തിയപ്പോൾ നേരം നന്നേ പുലർന്നിരുന്നു.വളരെ അസ്വസ്ഥനായിരുന്നു അയാൾ.

അത്രനേരം കാത്തിരിക്കുകയായിരുന്ന സാവിത്രിയുടെ മുഖത്ത് ആശ്വാസവും കണ്ടു.

“ഒന്ന് വിളിച്ചു പറയാരുന്നില്ലേ അച്ഛാ.അമ്മയിവിടെ സ്വസ്ഥത തന്നിട്ടില്ല.”കൂടെയുണ്ടായിരുന്ന ഗായത്രി പരിഭവം പറഞ്ഞു.

“വൈകിയാ ഇറങ്ങിയത്.അതിന് ഇടയിൽ ഒട്ടും കരുതാതെ വന്ന തിരക്ക്.അത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല.”മാധവൻ പറഞ്ഞു.

“ഈ രാത്രിയെന്ത് തിരക്ക്.രാത്രി വൈകിയുള്ള ഓട്ടം നിർത്തണം എന്ന് പറഞ്ഞാൽ മാഷൊട്ട് കേൾക്കത്തുമില്ല.”സാവിത്രി പറഞ്ഞു.

“ചിലപ്പോൾ അങ്ങനെയാണ് സാവിത്രി.ശംഭുവിനിപ്പോൾ റസ്റ്റ് വേണ്ടുന്ന സമയവും.അപ്പോൾ അവൻ ഓടുന്നത് കൂടി ഞാൻ ഓടണ്ടേ.”

“അതും ശരിയാ.”സാവിത്രി പറഞ്ഞു.

“രണ്ടാളും ഇവിടെ തറഞ്ഞു നിക്കാതെ കിടക്കാൻ നോക്ക്.” കിച്ചൻ ക്ലോസ്സ് ചെയ്തു വരുമ്പോൾ ആ വൈകിയ സമയവും ഹാളിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന അവരോട് ഗായത്രിക്ക് പറയേണ്ടി വന്നു.

ആകെ ടെൻഷനിലായിരുന്നു മാധവൻ.കമാലിന്റെ ഫോൺ വന്നപ്പോൾ അതിന് പിറകെ പോകേണ്ടിവന്നു.സലിമും കൂടെ ഉണ്ടായിരുന്നു.അത്രയും ഗൗരവം അതിനുണ്ടായിരുന്നു എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് തന്നെ.

തന്റെ അടിവേരിളക്കാൻ പോന്ന ഒന്നായിരുന്നു കാര്യം എന്ന് മാധവന് വ്യക്തമായി.എങ്ങനെ പരിഹാരം കാണും എന്നതായിരുന്നു പിന്നീടുള്ള ചർച്ച.കാര്യങ്ങൾ കൈവിട്ടു തുടങ്ങിയോ എന്ന് പോലും മാധവന് തോന്നിയ നിമിഷങ്ങൾ.

“പക്ഷെ എങ്ങനെ?”എന്ന ചോദ്യം മാധവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു.തന്റെ വിശ്വാസ്യതയാവും തകരുക എന്ന് അയാൾക്ക് അറിയാമായിരുന്നു.

കമാലിനും സലിമിനും ഒപ്പം ആ വ്യക്തിക്ക് മുന്നിലിരിക്കുമ്പോൾ തത്കാലത്തെക്കെങ്കിലും ഒരു ധാരണയിലെത്തുക എന്നത് മാത്രമായിരുന്നു മനസ്സിൽ.അത് പ്രകാരം കാര്യങ്ങൾ ഉറപ്പിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്

“എന്താടി ശംഭുവിനൊരു മാറ്റം പോലെ?”കിടക്കാൻ നേരത്ത് എന്തോ ആലോചിച്ചുകൊണ്ട് മാധവൻ ചോദിച്ചു.

“എന്ത് മാറ്റം.നിങ്ങളുടെ ഓരോ തോന്നല്.അവന്റെ കണ്ണ് ചിമ്മിയാ എനിക്ക് മനസ്സിലാവും.മഴ കൊണ്ട് വല്ല കിറുക്കും പിടിച്ചോ മനുഷ്യാ.കിടന്നുറങ്ങാൻ നോക്കാതെ…..”സാവിത്രി അല്പം ഇഷ്ട്ടക്കേടോടെ പറഞ്ഞു.

തന്റെ തോന്നലാവും എന്നയാൾ കരുതി.അവനിലൊരു മാറ്റം ഉണ്ടെങ്കിൽ ആരെക്കാളും മുന്നേ സാവിത്രിയതറിയും എന്നും അയാൾക്കറിയാം.എന്നാലും എവിടെയോ എന്തോ തകരാറു പോലെ.വരട്ടെ നോക്കാം എന്ന ചിന്തയോടെ അയാളും ഉറക്കം പിടിച്ചു.

******** സലിം വീട്ടിലെത്തിയപ്പോൾ ആകെ വിരണ്ടിരിക്കുന്ന സാഹിലയെയാണ് കണ്ടത്.ഒട്ടും പ്രതീക്ഷിക്കാതെ കാര്യങ്ങൾ തിരിഞ്ഞതും നിയന്ത്രണം തന്റെ കൈകളിലേക്ക് വരുന്നതും ഒട്ടും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു സലിം. അയാളുടെ മനസ്സ് ഒരു ഉന്മാദാവസ്ഥയിലായിരുന്നു.അത് ഒന്നാഘോഷിക്കണം എന്ന് കരുതിത്തന്നെയാണ് വന്നതും. പക്ഷെ സാഹിലയുടെ മട്ടും ഭാവവും അവിടുത്തെ ചുറ്റുപാടും കണ്ട സലിമിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.

######## തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!