ശിശിര പുഷ്പ്പം 18

എബി സ്റ്റീഫന്‍റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ, കാറിന്‍റെ ശബ്ദം ഷെല്ലിയും മിനിയും സിറ്റൌട്ടിലേക്ക് ഇറങ്ങി വന്നു. “ജീസസ്!” മിനിയുടെ കണ്ണുകള്‍ വിടരുന്നതും ചുണ്ടുകള്‍ ആശ്ചര്യത്താല്‍ പിളരുന്നതും ഷാരോണ്‍ കണ്ടു. “ഇതാരാ? ഏതോ സ്റ്റോറീന്ന്‍ ഒരു ക്യൂട്ട് ഫെയറി എറങ്ങി വരുന്നപോലെ!” അവള്‍ പിമ്പില്‍ നിന്ന ഷെല്ലിയെ കൈമുട്ട് കൊണ്ട് പതിയെ കുത്തി. “ഷെല്ലി എനിക്കും സാരി ഉടുക്കണം,” “ഇപ്പഴോ?” ഷാരോണിന്‍റെ ദേഹത്ത് നിന്ന്‍ കണ്ണുകള്‍ മാറ്റാതെ ഷെല്ലി ചോദിച്ചു. “ഉം..ഇപ്പം…” മിനി പറഞ്ഞു. അപ്പോഴേക്കും ഷാരോണും നന്ദകുമാറും അവരുടെയടുത്ത് എത്തിക്കഴിഞ്ഞിരുന്നു. “എന്നാ രണ്ടാളുംകൊടെ കുന്തം വിഴുങ്ങിയപോലെ നോക്കുന്നെ?” ഷാരോണ്‍ ചോദിച്ചു. “എന്നാടാ ചെക്കാ?” അവന്‍ ഷെല്ലിയുടെ മൂക്കിന്‍ തുമ്പില്‍ പിടിച്ച് തിരുമ്മി. “ഗുഡ് ഈവനിംഗ് സാര്‍,” ഷെല്ലി ആദ്യം നന്ദകുമാറിനെ അഭിവാദ്യം ചെയ്തു. പിന്നെ ഷാരോണിന്‍റെ പിന്നാലെ അകത്തേക്ക് കയറി. “എടീ നീയിതെന്നാ ഭാവിച്ചോണ്ടാ?” അവളുടെ കൈത്തണ്ടയില്‍ പിച്ചിക്കൊണ്ട് അവന്‍ ചോദിച്ചു. “ദേ ചെറുക്കാ എനിക്ക് നൊന്ത് കേട്ടോ,” കൈ മാറ്റിക്കൊണ്ട് ഷാരോണ്‍ പറഞ്ഞു. “ഇവനിത് എന്തിന്‍റെ കേടാ മോളെ?” ഷാരോണ്‍ തിരിഞ്ഞ് നിന്ന്‍ മിനിയോട്‌ ചോദിച്ചു. “എന്‍റെ പൊന്ന് ചേച്ചി ഷെല്ലി മാത്രമല്ല ഞാനും സ്റ്റണ്‍ഡ് ആയിട്ട് നിക്കുവാ…ഹോ എന്തൊരു രസാ ചേച്ചിയെ സാരീല്‍ കാണാന്‍!” അവര്‍ ഹാളില്‍ എത്തി. ഹാളില്‍ എന്‍ ഡി ടി വിയുടെ മുമ്പിലിരിക്കുകയായിരുന്ന റഫീക്കും നിഷയും എബിയും സെലിനും സംഗീതയുമൊക്കെ ഷാരോണിനെ കണ്ടപ്പോള്‍ കണ്ണുകളില്‍ വിസ്മയം നിറച്ച് നോക്കി.

“ഒരു സാരിക്കൊക്കെ മനുഷ്യരെ ഇത്രേം പോപ്പുലര്‍ ആക്കാന്‍ കെല്‍പ്പുണ്ടോ?” അവരുടെ നോട്ടത്തിലേക്ക് കുസൃതിയോടെ നോക്കിക്കൊണ്ട് ഷാരോണ്‍ എല്ലാവരും കേള്‍ക്കെ പറഞ്ഞു. “എന്നാ പറ്റി? എന്നാ എല്ലാരും ഇങ്ങനെ നോക്കണെ?” “ഏത് ഫിലിം സ്റ്റാറാണ് ഇങ്ങോട്ട് കയറി വരുന്നത് എന്ന്‍ ഓര്‍ത്ത് പോയി,” റഫീക്ക് ചിരിച്ചു. “അറിയില്ലേ?” ആദ്യം സെലിന്റെ കയ്യില്‍ പിടിച്ചുകൊണ്ട് ഷാരോണ്‍ പറഞ്ഞു. “ഇവിടെ കുറെ ഉണ്ട് ഫിലിം സ്റ്റാഴ്സ് …ഫസ്റ്റ്‌ ഈ സെലിന്‍ മാഡം..പിന്നിതാ മിസ്സിസ് റഫീക്ക് മാഡം…ഹഹഹ…പിന്നെ നമ്മുടെ സംഗീതാ മാഡം…അവസാനം നമ്മുടെ ഈ ചുന്തരി ശിങ്കാരി വാവ മിനിക്കുട്ടി…” ഷാരോണ്‍ മിനിയെ വട്ടം പിടിച്ചു. “ഓ! ഞാന്‍ പാവം!” മിനി ചിരിച്ചു. “ജസ്റ്റ് എ ജ്യൂനിയര്‍ ആര്‍ട്ടിസ്റ്റ്!” എല്ലാവരും ചിരിച്ചു. പാര്‍ട്ടിയുടെ മദ്ധ്യേ റഫീക്ക് ആണ് പറഞ്ഞത്.

“എബിയ്ക്ക് പോസ്റ്റ്‌ ഇവിടെത്തന്നെയാണ്. പോസ്റ്റ്‌ എന്താണ് എന്നറിയാല്ലോ, അല്ലേ?” “ഡി സി പി; അല്ലേ സാര്‍?” ഷെല്ലി ചോദിച്ചു. “യെസ്,” റഫീഖ് പുഞ്ചിരിയോടെ എബിയുടെ തോളില്‍ തട്ടി. എബി ചിരിച്ചു. “എന്താ എബി?” നന്ദകുമാര്‍ ചോദിച്ചു. “പുതുതായി പോലീസ് ആകുന്ന്‍ ആരുടെയും ആഗ്രഹം ആക്ഷന്‍ ഹീറോ ബിജു ആകാനാരിക്കും,” എബി പറഞ്ഞു. “ഡെയര്‍ ഡെവിള്‍. അണ്‍കോംപ്രമൈസിംഗ്. അണ്‍കറപ്റ്റഡ്. ഇതിപ്പോള്‍ ആദ്യത്തെ പോസ്റ്റിങ്ങില്‍ പോലും ചെറിയ ഒരു കറപ്ഷന്‍ സംഭവിച്ചിട്ടുണ്ട്…” റഫീക്ക് ഒഴികെ മറ്റുള്ളവര്‍ എബിയെ മനസ്സിലാകാതെ നോക്കി. “ഇന്ത്യാ ടൈംസിന്‍റെ മാനേജിംഗ് ഡയറകറ്റര്‍ അശോക്‌ മേത്തയുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍” റഫീഖ് തുടര്‍ന്നു. “ഫോണ്‍ ചെയ്തത് അവരുടെ മോസ്റ്റ്‌ വാല്യുബിള്‍ അസ്സെറ്റ് റഫീഖ്. ആവശ്യം എന്നെ ഈ നഗരത്തില്‍ത്തന്നെ പോസ്റ്റ്‌ ചെയ്യണം. അശോക്‌ മേത്ത സുഹൃത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അലോക് ചൌഹാനെ വിളിക്കുന്നു. അലോക് ചൌഹാന്‍ മുഖ്യമന്ത്രി ഫ്രാന്‍സിസ് സിറിയക്കിനെ വിളിക്കുന്നു. പോസ്റ്റ്‌ പക്കാ…”

“അതിന് ഇത്രേം വളഞ്ഞ് മൂക്കേ പിടിക്കണ്ട ആവശ്യം ഒണ്ടാരുന്നോ?” ഷെല്ലി റഫീഖിനോട് ചോദിച്ചു. “ഷാരോണ്‍ നമ്മുടെ കൂടെ ഉള്ളപ്പോള്‍?” “വളഞ്ഞ് മൂക്കേ പിടിക്കണ്ട എന്ന്‍ വെച്ചാ എന്താ?” മിനി ആരും കേള്‍ക്കാതെ ഷെല്ലിയോട് ചോദിച്ചു. “എന്ന്‍ വെച്ചാ കഷ്ടപ്പെടുക,” ഷെല്ലി പറഞ്ഞു. ഷെല്ലി,” അത് കേട്ട് ഷാരോണ്‍ പറഞ്ഞു. “നീയാദ്യം മിനിക്ക് ഒരു മലയാളം ട്യൂട്ടറെ ഏര്‍പ്പാടാക്ക്. അല്ലെങ്കി മിനി ഷെല്ലിയ്ക്ക് ഒരു ഹിന്ദി -തെലുങ്ക് ട്യൂട്ടറെയായാലും മതി… ” എല്ലാവരും ചിരിച്ചു. “പിന്നേ,” മിനി പ്രതിഷേധിച്ചു. “എനിക്ക് മലയാളമൊക്കെയറിയാം,” അവള്‍ പറഞ്ഞു. “ഇങ്ങനത്തെ മലയാളം ആണ് പ്രശ്നം . വളഞ്ഞ് മൂക്കേല്‍ പിടിക്കുക. തേടിയ വള്ളി കാലില്‍ ചുറ്റുക. അത് പോലത്തെ. അല്ല, എന്താ ഈ തേടിയ വള്ളി കാലില്‍ ചുറ്റുക എന്ന്‍ പറഞ്ഞാല്‍?” “അത് മോളൂ,” നിഷ വിശദീകരിച്ചു. “നമ്മള്‍ ഏതെങ്കിലും ഒരു വള്ളി അന്വേഷിക്കുവാണ് എന്നിരിക്കട്ടെ….” “എന്തിനാ നമ്മള്‍ വള്ളി അന്വേഷിക്കുന്നെ?” മിനി ചോദിച്ചു. “അതിപ്പം നമ്മള്‍ ഇടുന്ന സാന്‍ഡല്‍സില്ലേ, ചെരിപ്പ്? അതിന്‍റെ വള്ളി പോട്ടിപ്പോയി. അല്ലെങ്കില്‍ പശുവിനെ കെട്ടുന്ന വള്ളിയില്ലേ…?” “പശുവിനെ വള്ളിയിലാണോ കെട്ടുന്നേ?” റഫീക്ക് ചോദിച്ചു. “ഫസ്റ്റ്‌ പാര്‍ട്ടിയാ മിനിയെ മലയാളം പഠിപ്പിക്കുന്നെ!” “പിന്നെ പശുവിനെ എങ്ങനെയാ കെട്ടുന്നേ?” നിഷ ദേഷ്യം വരുത്തി റഫീഖിനോട് ചോദിച്ചു.
“എടീ പോത്തേ, പശൂനെ കെട്ടുന്ന കയറുകൊണ്ടാ,” “കയറും വള്ളീം ഒന്നല്ലേ?” നിഷ ചോദിച്ചു. “പണ്ട് എന്നോട് പശു കടിക്കുമോ എന്ന്‍ ചോദിച്ച ആളാ,” റഫീഖ് പറഞ്ഞു. “പണ്ട് ഒരു വില്ലേജില്‍ പോയപ്പം. നീണ്ട കൊമ്പുള്ള ഒരു കാള നിക്കുന്നത് കണ്ട്‌ ഇവള്‍ പേടിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു. റഫീഖെ റഫീഖേ ആ പശു നമ്മളെ കടിക്കുവോ?” “പിന്നെ…” മറ്റുള്ളവരുടെ ചിരിക്കിടയില്‍ സ്വയം ചിരിച്ചുകൊണ്ട് നിഷ റഫീഖിന്‍റെ നേരെ കൈയുയര്‍ത്തി. “അന്ന്‍ എനിക്ക് അത്രയും മലയാളമേ അറിയുമായിരുന്നുള്ളൂ…” “അതേയതേ…” റഫീഖ് ചിരിച്ചു.

“നല്ല രസവാരുന്നു അന്നത്തെ നിന്‍റെ മലയാളം. നിഷേ നീയെവിടെയാ എന്ന്‍ ചോദിച്ചാല്‍ നല്ല ശുദ്ധ മലയാളത്തില്‍ ഞാന്‍ ഹാളില്‍ നില്‍ക്കുന്നു എന്ന്‍ പറയും. എന്ത് ചെയ്യുവാ എന്ന്‍ ചോദിച്ചാല്‍ ഞാന്‍ ടീ വി നോക്കുന്നു എന്ന്‍ പറയും…” “നിന്‍റെ ഹിന്ദിയെക്കാള്‍ നല്ലതാരുന്നു എന്‍റെ മലയാളം,” നിഷ തിരിച്ചടിച്ചു. “വീട്ടില്‍ അന്ന്‍ ഡിഷ്‌ വാഷ് ചെയ്യാന്‍ വരുന്ന കൊച്ച് പെണ്ണിനോട് ആപ് കഹാ രഹഥീ ഹും എന്ന്‍ ചോദിക്കും. നൈബര്‍ ആയ കമ്മീഷണര്‍ സാറിനോട് തൂ കൈസാ ഹും എന്ന്‍ ചോദിച്ക്കും. എല്ലാത്തിനും ഹും എന്നെ പറയൂ…” മുറിയില്‍ ഉച്ചത്തില്‍ ചിരിയലകളുതിര്‍ന്നു. പാര്‍ട്ടിക്കിടയില്‍ എന്തോ ഓര്‍ത്ത് റഫീഖ് പെട്ടെന്ന് പറഞ്ഞു. “എന്‍റെ ഇവുടുത്തെ സ്റ്റോറി ഏകദേശം കമ്പ്ലീറ്റ് ആയി. അടുത്ത അസൈന്മെന്റ് ലണ്ടനില്‍ ആണ്…” എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു. “സാര്‍,” മിനി ചോദിച്ചു. “കമ്പ്ലീറ്റ് ആയി എന്ന്‍ പറഞ്ഞാല്‍? ഇനി എത്ര ദിവസംകൂടി?” “മാക്സിമം രണ്ട് ദിവസം,” “അപ്പോള്‍….” ഷെല്ലി സംശയിച്ചു. “അന്വേഷിച്ചതൊക്കെ കിട്ടിയോ?” “ഏകദേശം….” റഫീഖ് പുഞ്ചിരിച്ചു. “അപ്പോള്‍ അടുത്ത ദിവസങ്ങളില്‍ ആരൊക്കെയോ അകത്താവാന്‍ പോകുന്നു…” ഷാരോണ്‍ പറഞ്ഞു. “അറിയില്ല..ചിലപ്പോള്‍,” അയാള്‍ മിനിയുടെ മുഖത്തേക്ക് നോക്കി. “ഐ ജസ്റ്റ് ഇന്‍വെസ്റ്റിഗേറ്റ് ആന്‍ഡ് റിപ്പോര്‍ട്ട്…ബാക്കിയൊക്കെ…” “ലണ്ടനില്‍ എന്താടാ അസൈന്മെന്റ്?” നന്ദകുമാറാണ് ചോദിച്ചത്. റഫീഖ് ചുറ്റും നോക്കി. വേറെ ആരുമില്ല. സംഗീതയും മറ്റുള്ളവരും മറ്റത്യാവശ്യങ്ങള്‍ കാരണം അല്‍പ്പം മുമ്പ് പോയതേയുള്ളൂ. ഇപ്പോള്‍ മുറിയില്‍ എബിയും സെലിനും നന്ദകുമാറും ഷാരോണും മിനിയും ഷെല്ലിയും നിഷയും റഫീഖുമേയുള്ളൂ. “അടുത്തത് ഒരു വമ്പന്‍ സ്രാവിന്‍റെ പിന്നാലെയാണ്,” റഫീഖ് പറഞ്ഞു.

“വിജയ്‌ മല്ല്യ,” എല്ലാവരും പരിഭ്രമത്തോടെ റഫീഖിനെ നോക്കി. നിഷയുടെ മുഖം വിഷാദപൂര്‍ണ്ണമാകുന്നത് എല്ലാവരും കണ്ടു.
“ഞാന്‍ വേണ്ട എന്ന്‍ പറഞ്ഞതാ, ഇത് അറിഞ്ഞപ്പം,” നിഷ പറഞ്ഞു. ‘അവിടുത്തെ ചില സോഴ്സില്‍ നിന്നും മല്ല്യക്ക് ചില ഡ്രഗ്, ഹ്യൂമന്‍ ട്രാഫിക് അങ്ങനെ ചില അഭ്യൂഹങ്ങള്‍ കിട്ടി. ഒന്നും കണ്‍ഫേംഡ് അല്ല. കാര്യം വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളാണെങ്കിലും അയാള്‍ ഇതുപോലെ അണ്‍ലോഫുള്‍ ആയ കാര്യങ്ങളില്‍ ഇന്‍വോള്‍വ്ഡ് ആകും എന്നൊന്നും ഞാന്‍ കരുതുന്നില്ല….എങ്കിലും എം ഡി അന്വേഷിക്കാന്‍ പറയുമ്പോള്‍….ഡ്യൂട്ടി ഈസ് എബവ് എവെരിതിംഗ്…” *********************************************** രണ്ടു ദിവസങ്ങള്‍ക്ക് ശേഷം. ഷെല്ലി ഹോസ്റ്റല്‍ മുറിയിലായിരുന്നു. പ്രാക്റ്റിക്കല്‍ ബുക്കിന്‍റെ മുമ്പില്‍ സ്കെയിലും കൊമ്പസ്സുമായി ഇരിക്കുമ്പോള്‍ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു. മുമ്പില്‍ സുരേന്ദ്രെട്ടന്‍ “എന്താ സുരേന്ദ്രേട്ടാ?’ “ഞ്ഞി ആരാന്ന്? മയിസ്രേട്ടാ?” “ഹ! കാര്യം പറ സുരേന്ദ്രേട്ടാ…” “ഇന്നേ കാണാന്‍ വന്നിയ്ക്കണ്” “ആര്?” “നമ്മ എങ്ങെയാന്ന് അറിയല്? ഞ്ഞി ഒരിക്ക പോയി നോക്ക്ടാ…” ഷെല്ലി തിടുക്കത്തില്‍ താഴേക്കിറങ്ങി ചെന്നു. അവന്‍ അദ്ഭുതപ്പെട്ടു. മാത്യു മുമ്പില്‍ നില്‍ക്കുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ബി എം ഡബ്ലിയൂവില്‍ ചാരി. “സാ…അങ്കിള്‍…വാ അകത്തേക്കിരിക്കാം…” അവന്‍ പറഞ്ഞു. “ഇല്ല ഷെല്ലി,” അയാള്‍ ചിരിച്ചു. “നമുക്ക് ഒരഞ്ചു മിനിറ്റ്….” അയാള്‍ ചുറ്റും നോക്കി. “വാ..ആ മൈതാനത്തിനടുത്ത്…ആ മരത്തണലില്‍ നിന്ന്‍ സംസാരിക്കാം. വരൂ,” ഷെല്ലി അയാളോടൊപ്പം അല്‍പ്പം ദൂരെ ബാസ്ക്കറ്റ്ബോള്‍ ഗ്രൗണ്ടിനടുത്ത ആല്‍മരത്തിന്റെയടുത്തേക്ക് പോയി. അവര്‍ ആല്‍മരത്തണലില്‍ നിന്നു. “ഷെല്ലി…” അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു. ഷെല്ലി ശ്രദ്ധിച്ചു.

“ഞാന്‍ നാളെ ഒരു യൂറോപ്യന്‍ ട്രിപ്പിലാണ്. ഒരു ടു വീക്സ് എങ്കിലുമെടുക്കും തിരിച്ചുവരാന്‍…” അയാള്‍ പറഞ്ഞു തുടങ്ങി. ഷെല്ലി പുഞ്ചിരിച്ചു. “എന്‍റെ മോള്‍ക്ക് ഒരിക്കലും തെറ്റ് പറ്റിയിട്ടില്ല…കാരണം….അവള്‍ടെ മമ്മീടെ സ്പിരിറ്റ്‌ എപ്പോഴും അവള്‍ടെ കൂടെയുണ്ട്…” തന്‍റെ ഉള്ളം വിങ്ങുന്നത് ഷെല്ലിയറിഞ്ഞു. “മോള്‍ എന്നോട് സ്ട്രിക്റ്റ് ആയി പറഞ്ഞിട്ടുണ്ട് മോന്‍റെ ഫാമിലി ബാക്ക്ഗ്രൌണ്ട് ഒന്നും ചോദിക്കരുത് എന്ന്‍. ഫാമിലി ബാക്ഗ്രൌണ്ടില്‍ കാര്യമുണ്ട് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഷെല്ലിയോട് തിരക്കണ്ട എന്നും കരുതിയതാണ്. എന്നാല്‍….” അയാള്‍ ഒരു നിമിഷം നിര്‍ത്തി ഷെല്ലിയെ നോക്കി. “…എന്നാല്‍ ഇന്ന്‍ മോണിങ്ങില്‍ ഒരു തോന്നല്‍….അതേപ്പറ്റി ഷെല്ലിയോട് ചോദിക്കണമെന്ന്…മോന് വിരോധമില്ലല്ലോ?” “അയ്യോ.
.എന്ത് വിരോധം?” ഷെല്ലി പെട്ടെന്ന് പറഞ്ഞു. “അതൊക്കെ സാറി…അങ്കിളിന്‍റെ റെസ്പോണ്‍സിബിലിറ്റിയാണ്….ഇത് നിസ്സാരക്കാര്യമല്ലല്ലോ…മിനിയുടെ ലൈഫിന്‍റെ കാര്യമാണ്. അപ്പോള്‍ ഏത് പാരന്‍സിനും കാണും ആങ്ങ്‌സൈറ്റി….എന്നെ സാര്‍ അംഗീകരിച്ചത് തന്നെ എന്‍റെ ഭാഗ്യമായി കരുതുന്നയാളാണ് ഞാന്‍…” “ഏയ്‌…” മാത്യു ഷെല്ലിയുടെ തോളില്‍ പിടിച്ചു. “ഒരു കണ്ടീഷനുമില്ലാതെ എന്നെ സ്വീകരിച്ച ആളാണ്‌ മിനിയുടെ മമ്മി…എനിക്കറിയാം മോനേ സ്നേഹത്തിന്‍റെ വില…ഭാഗ്യം എന്‍റെ മോള്‍ക്ക് തന്നെയാണ്….” അയാള്‍ ഒന്ന്‍ നിര്‍ത്തി. ദൂരെ ബ്യൂട്ടിസ്പോട്ടിന്‍റെ ഭാഗത്തെ മലനിരകളുടെ നേര്‍ത്ത നീലിമയിലേക്ക് അയാള്‍ നോക്കി. “അവിടെയാണ് ബ്യൂട്ടിസ്പോട്ട് അല്ലേ?” അയാള്‍ ചോദിച്ചു. “അതെ,” “മോള്‍ പറഞ്ഞിട്ടുണ്ട്…” പിന്നെയും ചില നിമിഷങ്ങള്‍ മൌനമായി കടന്നുപോയി. “മോനേ..മോന്‍റെ മമ്മി…അവരെങ്ങനെയാണ്…?” ഷെല്ലി പെട്ടെന്ന് ദൃശ്യങ്ങളില്‍ നിന്ന്‍ തിരിച്ചുവന്നു. “മോള്‍ പറഞ്ഞത് ഒരു വെഹിക്കിള്‍ ആക്സിഡന്‍റ്റില്‍…അങ്ങനെയാണ്…എന്നായിരുന്നു അത്?” അവന്‍റെ മിഴികള്‍ ഈറനായത് അയാള്‍ ശ്രദ്ധിച്ചു. “എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്….” ഷെല്ലി പറഞ്ഞു. “പക്ഷെ അത് ഒരു വെഹിക്കിള്‍ ആക്സിഡന്‍റ്റ് അല്ല അങ്കിള്‍…” “പിന്നെ?” “മര്‍ഡര്‍!”

അവന്‍റെ ശബ്ദം മുറുകി. മാത്യു വിസ്മയത്തോടെ അവന്‍റെ വാക്കുകള്‍ കേട്ടു. “മര്‍ഡര്‍ ഇന്‍ കോള്‍ഡ് ബ്ലഡ്!! ഇന്‍ ദ ബ്രോഡ് ഡേ ലൈറ്റ്….” ഷെല്ലിയുടെ ശബ്ദം അയാള്‍ തുടര്‍ന്ന് കേട്ടു. “മൈ ഗോഡ്!” അയാള്‍ മന്ത്രിച്ചു. “മോനേ…എന്താ അതിന്‍റെ ബാക്ക്ഗ്രൌണ്ട്..ഈഫ് യൂ ഡോണ്ട് മൈന്‍ഡ്….ആരാ അത്?” “റോക്കി…!” ഷെല്ലി പറഞ്ഞു. മാത്യു ഹൃദയാഘാതമേറ്റത്‌ പോലെ ഷെല്ലിയെ നോക്കി. “അയാളെ കണ്ടെത്തുക എന്നൊരു ഒറ്റഉദ്ധേശമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് മിനി എന്‍റെ ലൈഫില്‍ വരുന്നത് വരെ. ഇപ്പഴും ഉണ്ട് അ ഉദ്ദേശം. പക്ഷെ നിയമത്തിന്‍റെ വഴിയിലൂടെ പോവുക എന്ന ആശയം ഞാന്‍ സ്വീകരിച്ചു. മിനി കാരണം…” മാത്യു പെട്ടെന്ന് മൊബൈല്‍ എടുത്തു. “ഷെല്ലി….മോന്‍ പൊയ്ക്കോളൂ….ഞാന്‍ ഇപ്പഴാണ് ഒരു കാര്യം ഓര്‍ത്തത്….ഓക്കേ…ബൈ…” അയാള്‍ തിടുക്കത്തില്‍ കാറിനടുത്തേക്ക് നടന്നു. ********************************************* മാത്യുവിന്‍റെ കൂടെ നെടുമങ്ങാടുള്ള അയാളുടെ ഒഫീസിലേക്കും അവിടെയുള്ള അപ്പാര്‍ട്ട്മെന്‍റ്റിലേക്കും പോകുമ്പോള്‍ മിനിയ്ക്ക് ഒന്നും മനസ്സിലായില്ല. മാത്യു അവളുടെ ഹോസ്റ്റലിലേക്ക് വരികയായിരുന്നു. പെട്ടെന്ന് വരാനും തനിക്ക് സംസാരിക്കാനുണ്ടെന്നും അയാള്‍ അറിയിച്ചു. അയാളോടൊപ്പം അപ്പാര്‍ട്ട്മെന്‍റ്റിലേക്ക് വരാനും. ഡ്രൈവ് ചെയ്യുമ്പോള്‍ അയാളുടെ മുഖം സ്തോഭപൂര്‍ണ്ണമായിരുന്നു. “പപ്പാ…” അവള്‍ അയാളുടെ തോളില്‍ സ്പര്‍ശിച്ചു. “ഈസ് എവെരിതിംഗ് ഓള്‍റൈറ്റ്?” അവള്‍ അനുകമ്പയോടെ ചോദിച്ചു. “യാ..യാ….” അയാള്‍ വേഗത്തില്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പറഞ്ഞു. “പെര്‍ഫക്റ്റ്ലി….” അപ്പാര്‍റ്റ്മെന്റില്‍ എത്തിക്കഴിഞ്ഞ് അയാള്‍ തിടുക്കത്തില്‍ അകത്തേക്ക് കയറി. അവളുടെ കൈയില്‍ പിടിച്ചുകൊണ്ട്. അകത്ത് ഓഫീസ് റൂമിലെത്തി അയാള്‍ കതക് ചാരിയിട്ടു. “എന്താ പപ്പാ?” അവള്‍ അടക്കാനാവാത്ത ആകാംക്ഷയോടെ ചോദിച്ചു. “മോളോട് പപ്പാ ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല…” അയാള്‍ പറഞ്ഞു തുടങ്ങി.

“അതിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല…എന്‍റെ ഓരോ സ്വപ്നത്തെയും നീ കണ്ടറിഞ്ഞ് ജീവിച്ചു…എന്‍റെ ഓരോ ആഗ്രഹത്തേയും നീ മുന്‍കൂട്ടി മനസ്സിലാക്കി അത് പോലെ ചെയ്തു….” “എന്താ പപ്പാ ഇത്…എന്താ ഇങ്ങനെയൊക്കെ?” മിനി നെറ്റി ചുളിച്ചു. “എന്നാല്‍ ഇന്ന്‍ ഒരുകാര്യം പപ്പാ ആവശ്യപ്പെടുകയാണ്…ഒന്നല്ല രണ്ട് കാര്യം… ..” മിനി അവിശ്വസനീയതയോടെ അയാളെ നോക്കി. “ഒന്ന്‍ നീ ഇനി മുതല്‍ ഇന്ത്യയില്‍ പഠിക്കണ്ട….രണ്ട്…” മിനിയുടെ ശ്വാസഗതിയുയര്‍ന്നു. “രണ്ട്…ഷെല്ലി…ഷെല്ലിയെ മറക്കണം!” “നോ…!!!” അയാള്‍ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് മിനി ശബ്ദമിട്ടു. അയാള്‍ ഒന്ന്‍ പകച്ചു. “ഹൌ കുഡ് യൂ സേ ദാറ്റ്‌ പപ്പാ…ആര്‍ യൂ ഔട്ട്‌ ഓഫ് യുവര്‍ സെന്‍സ്?” “യെസ്…” അയാളും ശബ്ദമുയര്‍ത്തി. “യെസ്…ഐം…” “എന്താ….. ഷെല്ലി ഇത്ര പെട്ടെന്ന് പപ്പായ്ക്ക് ഡിസ്ക്വാളിഫൈഡ് ആകാന്‍ കരണമെന്താ?” മാത്യു ഒരു നിമിഷം മൌനിയായി. “എന്നെ ഒരു മനുഷ്യസ്ത്രീയാക്കിയത് ഷെല്ലിയാണ്…” മിനി തുടര്‍ന്നു. “ഒരു റിഹാബിലിറ്റെഷന്‍ സെന്‍റ്ററിലോ ലുനാറ്റിക് അസൈലത്തിലോ തീര്‍ന്നുപോകുമായിരുന്ന എന്നെ…കുറെ സഹിച്ച്…കഷ്ട്ടപെട്ട്….അപമാനം സഹിച്ച്….എന്നിട്ട് ആ ഷെല്ലിയെ ഞാന്‍ മറക്കാനോ?” മാത്യു മകളെ ദേഷ്യത്തോടെ നോക്കി. “ഇതു വരെ ഞാന്‍ ഒരു അപ്പന്‍റെ അധികാരം ഉപയോഗിച്ചിട്ടില്ല. അതിനര്‍ത്ഥം ആ അധികാരം ഉപയോഗിക്കാനറിയാത്തയാള്‍ ആണ് ഞാനെന്നു നീ കരുതരുത്!” “പപ്പായ്ക്കെന്താ? ഇപ്പം എന്താ ഉണ്ടായേ?” “യൂ നോ ഹൂ ഹീ ഈസ്…അറിയില്ല നിനക്ക് അവനെ…അവന്‍ എന്താണ് എന്ന്?” “പപ്പായ്ക്ക് അറിയോ ഷെല്ലിയെ? ഷെല്ലി ആരാണ് എന്ന്‍?” “അറിയാം..ഐ നോ എബൌട്ട്‌ ഹിം….” “എങ്കില്‍ പറ ആരാ ഷെല്ലി?” “അവന്‍ ഒരു കില്ലര്‍ ആകാന്‍ പോകുന്നയാളാ? അറിയോ നിനക്ക്?” ആ ചോദ്യം മിനിയെ ഞെട്ടിച്ചു. “പപ്പാ…? പപ്പാ ഷെല്ലിയേ കണ്ടിരുന്നോ?” മാത്യു ഒരു നിമിഷത്തേക്ക് സംസാരിച്ചില്ല. “പപ്പായോട് ഞാന്‍ പറഞ്ഞില്ലാരുന്നോ ഷെല്ലിയോട് അത് ചോദിക്കരുതെന്ന്?” മാത്യുവിന്‍റെ കണ്ണുകളില്‍ കോപമിരമ്പി.

“ചോദിക്കരുതെന്നോ? ഇത്രേം ക്രിമിനല്‍ നേച്ചര്‍ ഉള്ള ഒരു സീക്രട്ടായിരുന്നു അവന്‍റെ ഉള്ളിലെന്നു ഞാന്‍ അറിഞ്ഞിരുന്നേല്‍ കാണാന്‍ പോലും നില്‍ക്കാതെ നിന്നേം കൊണ്ട് ഇവുടുന്നു പോയേനെ,” മിനി തളര്‍ന്ന മുഖത്തോടെ അയാളെ നോക്കി. “പപ്പാ ഷെല്ലിക്ക് ഒരു പ്രോബ്ലോം ഉണ്ടാവില്ല…പപ്പാ പ്ലീസ്..ഞാന്‍ പറയുന്നത് ഒന്ന്‍…” അയാള്‍ ഒരു നിമിഷം പുറത്തേക്ക് നോക്കി. “മോളേ…” അയാള്‍ സാവധാനം പറഞ്ഞു. “മോള്‍ടെ മമ്മി പോയതില്‍പ്പിന്നെ പപ്പാ സ്വന്തമായി ഒരാളെയേ കണ്ടിട്ടുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രേ ജീവിച്ചിട്ടുള്ളൂ. ഓരോ നിമിഷോം മോള്‍ അല്ലാതെ മറ്റൊരാളെക്കുറിച്ച് പപ്പാ ഒരു വട്ടം പോലും ആലോചിച്ചിട്ടില്ല….” മിനി അയാളെ ദയനീയമായി നോക്കി. “ഒരു ചെറിയ കാര്യമാണ് ഞാന്‍ തിരിച്ചു ചോദിക്കുന്നത്. സതിംഗ് യൂ ക്യാന്‍ ഈസിലി ഡൂ…ജസ്റ്റ് ഫോര്‍ഗെറ്റ്‌ ഹിം. ജസ്റ്റ് ഡോണ്ട് എന്‍റെര്‍ ഇന്‍റ്റു ഹിസ്‌ ഡ്രഡ്ഫുള്‍ പാസ്റ്റ് ആന്‍ഡ് ഹൊറിബിള്‍ ഫ്യൂച്ചര്‍!” “ഇല്ല പപ്പാ” ദൃഡ സ്വരത്തില്‍ അവള്‍ പറഞ്ഞു. “എനിക്ക് ഷെല്ലിയേ മറക്കാന്‍ പറ്റില്ല. ഉപേക്ഷിക്കാനും…” “എങ്കില്‍….” അയാളുടെ സ്വരവും ദൃഡമായി. “എങ്കില്‍ പപ്പാ എന്ന പദം നിനക്ക് എന്നെന്നേക്കുമായി മറന്നു കളയേണ്ടിവരും…” “ഓഹോ!!” അവളുടെ കണ്ണുകളില്‍ അഗ്നി ചിതറി. “അതിനാണ് ഞാന്‍ ഇത്രയും കഷ്ട്ടപ്പെട്ടെ അല്ലെ? അതിനാണ് ഞാന്‍ ഇക്കണ്ട ഡ്രാമ മൊത്തം കളിച്ചത് അല്ലേ?” “ഡ്രാമ ?!” അയാള്‍ മന്ത്രിക്കുന്നത് പോലെ ചോദിച്ചു. “മിണ്ടരുത് പപ്പ!” മിനിയുടെ വാക്കുകളില്‍ താപമുയര്‍ന്നു. “എത്ര പെട്ടെന്ന് എത്ര ഈസിയായാ പറഞ്ഞെ, പപ്പാന്നൊള്ള വേഡ് മറന്ന് കളഞ്ഞേക്കാന്‍! കേള്‍ക്കണം ഞാന്‍ …!” “മിനീ…” അയാള്‍ വീണ്ടും ശബ്ദമുയര്‍ത്തി. “നീ പറഞ്ഞ ഡ്രാമയെന്താ?” അവള്‍ മുഖം വെട്ടിത്തിരിച്ചു. അയാള്‍ ദേഷ്യത്തോടെ മുമ്പോട്ട്‌ വന്ന് അവളുടെ മുഖം പിടിച്ച് തന്‍റെ നേരെ നിര്‍ത്തി. “പറ!” അയാള്‍ പറഞ്ഞു. “എന്താ ആ ഡ്രാമ?” “പറയാം….എല്ലാം ഞാന്‍ പറയാം..പപ്പാ എന്നേ വേണ്ട എന്ന് വെച്ച ദിവസമല്ലേ… !” അവള്‍ പറഞ്ഞു. “ഷെല്ലി ആരെയാ അന്വേഷിക്കുന്നേന്നു അറിയാം എനിക്ക്…പപ്പായ്ക്കറിയോ ഷെല്ലി ആരെയാ അന്വേഷിക്കുന്നേന്ന്‍…?”

മകളുടെ ചോദ്യത്തിന് മുമ്പില്‍ മാത്യു പകച്ചു. “പപ്പാ…പപ്പായ്ക്ക് അറിയാം…” സ്വരം ശാന്തമാക്കി അവള്‍ പറഞ്ഞു. മരണം മുമ്പില്‍ കണ്ടത് പോലെ മാത്യു പകച്ചു. “ഹൌ…ഹൌ ഡൂ യൂ നോ ഇറ്റ്‌…” മിനി അയാളെ ദയനീയമായി നോക്കി. “പറ നിനക്കെന്ത് അറിയാം?” “എല്ലാം,” മാത്യുവിന്‍റെ മുഖത്ത് പകപ്പേറി. “പപ്പയെ കാണാന്‍ വരുന്ന ആളുകള്‍….പപ്പായുടെ ഡയറി….അതിലെ വരികള്‍..എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്….ശക്തിസിംഗ് ചന്ദ്രാവത് ഇവിടെ വന്നത്….അയാളെ പപ്പാ ഷൂട്ട്‌ ചെയ്തത്….അയാള്‍ ഷെല്ലീടെ മമ്മിയെ ഷീല്‍ഡ് ആക്കി രക്ഷപ്പെട്ടത്…ഷെല്ലീടെ മമ്മിയ്ക്ക് വെടിയേറ്റത്‌….” മാത്യു കസേരയില്‍ ഇരുന്നു. അയാളെ വിയര്‍ക്കാന്‍ തുടങ്ങി. “അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി…ആ അമ്മയ്ക്ക് ഒരു മകന്‍ ഉണ്ടെങ്കില്‍ അവന്‍ അമ്മയുടെ കില്ലറെ അന്വേഷിച്ചിറങ്ങും…അവന്‍ പപ്പായെ കണ്ടുപിടിക്കും…എന്‍റെ പപ്പാ….ജീസസ്! എനിക്കെല്ലാം എന്‍റെ പപ്പയല്ലേ? പപ്പാ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റല്ല അത്…മറ്റൊരാള്‍ ആണ് അല്ലെങ്കില്‍ ശക്തി സിംഗ് ആണ് റിയല്‍ കില്ലര്‍….അത്കൊണ്ട് എനിക്ക് പപ്പയെ രക്ഷിക്കണം…എങ്ങനെ രക്ഷിക്കും….അതുകൊണ്ട് ഹൈദരാബാദില്‍ വെച്ച് തന്നെ എന്‍റെ കുഞ്ഞ് പ്രായത്തില്‍ ഞാന്‍ ആ സ്ത്രീയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി…മാളവികാ മാഡമാണ് എന്നെ ഹെല്പ് ചെയ്തത് അക്കാര്യത്തില്‍….അങ്ങനെ കണ്ടെത്തി…ആ സ്ത്രീയ്ക്ക് ഒരു മകന്‍ ഉണ്ട്….അയാളെപ്പറ്റി പഠിച്ചു….അപ്പോള്‍ മനസ്സിലായി ഞാന്‍ അന്വേഷിക്കുന്ന എല്ലാ ഗുണവുമുള്ള ഒരു പെര്‍ഫക്റ്റ് ജന്റ്റില്‍മാന്‍ ആണ് അയാളെന്ന്….പക്ഷെ പപ്പാ എങ്ങനെ അയാളെ ഇഷ്ടപ്പെടും? പപ്പയ്ക്ക് അയാളെ എങ്ങനെ സ്വീകാര്യമാക്കാം? ഒത്തിരി ആലോചിച്ചു….അങ്ങനെ അങ്ങനെ…ഞാന്‍ കണ്ടെത്തിയ ഒരു ഡ്രാമാ….” അവള്‍ നിര്‍ത്തി അയാളെ നോക്കി. “അതാണ്‌ എന്‍റെ ഡ്രഗ് അഡിക്ഷന്‍….എനിക്ക് ഷെല്ലിയേ പപ്പാടെ മുമ്പില്‍ ഡിയര്‍ ആന്‍ഡ് ലവിംഗ് ആയി അവതരിപ്പിക്കാന്‍. ഷെല്ലി എന്‍റെ ലൈഫിലെക്ക് വന്നാല്‍ അന്വേഷിക്കുന്നയാള്‍ പപ്പാ ആണ് എന്ന് ഷെല്ലി കണ്ടെത്തിയാല്‍ തന്നെ എന്നോടുള്ള സ്നേഹം ഓര്‍ത്ത് അതെല്ലാം ഷെല്ലി മറക്കും എന്ന് ഞാന്‍ കരുതി….ഷെല്ലി ഫിനാന്‍ഷ്യലി ബാക്ക്വേഡ് ആണേലും എന്നെ രക്ഷപ്പെടുത്തിയ ആളാണല്ലോ എന്ന് വെച്ച് പപ്പാ ഷെല്ലിയേ അക്സെപ്റ്റ് ചെയ്യും എന്നും ഞാന്‍ കരുതി…. പക്ഷെ അവിടെയും പപ്പാ എന്നെ തോല്‍പ്പിച്ചു….അങ്ങനെ ഒരു ഡ്രാമാ കളിച്ചിട്ട്പോലും എന്നെ….” പെട്ടെന്ന് വാതില്‍ അനങ്ങുന്നത് മിനി കണ്ടു. അവള്‍ അത് പതിയെ തുറന്നു. അവള്‍ ഞെട്ടിപ്പോയി. മാത്യുവും. കണ്ണിലെരിയുന്ന തീയുമായി ഷെല്ലി!

Comments:

No comments!

Please sign up or log in to post a comment!