മൃഗം 20

“ഷിറ്റ് ഷിറ്റ് ഷിറ്റ്..എല്ലാം തുലഞ്ഞു..പൌലോസ്..ബ്ലഡി ബാസ്റ്റാഡ്..അവളെ അവന്റെ കൈയില്‍ കിട്ടിക്കഴിഞ്ഞു..അവന്‍ അവളെക്കൊണ്ട് എല്ലാം തത്ത പറയുന്നതുപോലെ പറയിക്കും..അത് നടക്കരുത്..അര്‍ജ്ജുന്‍..നമുക്ക് ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണം.. അവളെ ഉടന്‍ തന്നെ പോലീസ് കൊണ്ടുപോകും. അവരുടെ കൈയില്‍ അവളെ കിട്ടിയാല്‍ പിന്നെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല..കമോണ്‍..എനിക്കൊരു ഐഡിയയും കിട്ടുന്നില്ല” സ്റ്റാന്‍ലി കടുത്ത കോപവും പരിഭ്രാന്തിയും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. മാലിക്കും അര്‍ജ്ജുനും അതെ മാനസികാവസ്ഥയില്‍ ആയിരുന്നു. “ഹോസ്പിറ്റലില്‍ നിന്നും അവള്‍ സ്റ്റേഷനില്‍ എത്തരുത്..” അര്‍ജ്ജുന്‍ അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു. “അതെ..ബട്ട്‌ ഹൌ?” മാലിക്ക് ചോദിച്ചു. “വഴിയുണ്ട്..” അര്‍ജ്ജുന്‍ ഫോണെടുത്ത് ഒരു നമ്പരിലേക്ക് വിളിച്ചു. ————– “വാടീ..” മുറിക്ക് പുറത്തെത്തിയ രണ്ട് വനിതാ പോലീസുകാരും രണ്ട് ആണ്‍ പോലീസുകാരും ഉള്ളിലേക്ക് കയറി നാദിയയോട് ആജ്ഞാപിച്ചു. അവള്‍ക്ക് കാവലുണ്ടായിരുന്ന പോലീസുകാര്‍ അവളുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് പിന്നിലേക്ക് കെട്ടിവച്ച നിലയില്‍ കസേരയില്‍ ഇരുത്തിയിരിക്കുകയായിരുന്നു. “നിങ്ങള്‍?” ഒരു പോലീസുകാരന്‍ തനിക്ക് പരിചയമില്ലാത്ത പോലീസ് മുഖങ്ങള്‍ നോക്കി ചോദിച്ചു. “എ സി പി ഓഫീസില്‍ നിന്നാണ്. ഇവളെ അങ്ങോട്ട്‌ എത്തിക്കാനാണ് പൌലോസ് സാറും എ സി പി സാറും പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഇവിടെ വളരെ കരുതലോടെ ഇരിക്കണമെന്ന് പ്രത്യേകം പറയാനും പറഞ്ഞു” കൂട്ടത്തില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ എന്ന് തോന്നിച്ച ആള് പറഞ്ഞു. “ഛീ എഴുന്നെല്‍ക്കടി കഴുവര്‍ടമോളെ” ഒരു വനിതാ പോലീസ് നാദിയയുടെ കരണം നോക്കി ഒന്ന് കൊടുത്തു. നാദിയ വിറച്ചുകൊണ്ട് എഴുന്നേറ്റു. “ഓക്കേ.. ഇവളെ ഞങ്ങള്‍ കൊണ്ടുപോകുന്നു..” നാദിയയുടെ കൈയിലെ കെട്ടഴിച്ചു വിലങ്ങു വച്ച ശേഷം സീനിയര്‍ ഓഫീസര്‍ പറഞ്ഞു. “ഓ ശരി” അസീസിന് കാവലിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞു. “സാറെ” അവര്‍ പോയ ശേഷം അസീസ്‌ പോലീസുകാരില്‍ ഒരാളെ വിളിച്ചു. “എന്താടാ” “സാറേ ആ വന്നതില്‍ ഒരുത്തന്റെ മുഖം ഞാന്‍ എവിടെയോ കണ്ടതുപോലെ” അസീസ്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ഭ ഒരുത്തനോ..പോലീസുകാരെ നീ ഒരുത്തനും വരത്തനും എന്നാണോടാ വിളിക്കുന്നത്?” ഒരു പോലീസുകാരന്‍ അവനോടു കയര്‍ത്തു. “നീ വല്ല കേസിലും അകപ്പെട്ടു പിടിയിലായപ്പോള്‍ ഏതെങ്കിലും സ്റ്റേഷനില്‍ വച്ചു കണ്ടതായിരിക്കും” മറ്റേ പോലീസുകാരന്‍ പുച്ഛം കലര്‍ന്ന ചിരിയോടെ പറഞ്ഞു.

“അല്ല സാറെ..അല്ല..അവന്‍ പോലീസല്ല എന്നാണ് എനിക്ക് തോന്നുന്നത്” അതെ കേട്ടതോടെ പോലീസുകാര്‍ ഞെട്ടി. അവര്‍ അന്ധാളിച്ചു പരസ്പരം നോക്കി. “എടാ പുല്ലേ നീ മനുഷ്യനെ ഒരുമാതിരി തീ തീറ്റിക്കല്ലേ..എടൊ ഇയാള് വേഗം ചെന്ന് അവര്‍ പോയോന്ന് നോക്ക്. പോയിട്ടില്ലെങ്കില്‍ പൌലോസ് സാറിനെ വിളിച്ചു സംസാരിച്ച ശേഷം വിട്ടാല്‍ മതി..” ഒരു പോലീസുകാരന്‍ മറ്റേ ആളോട് പറഞ്ഞു. അയാള്‍ കേട്ട പാടെ പുറത്തേക്കോടി. “നിനക്കിങ്ങനെ ഒരു സംശയം ഉണ്ടായിരുന്നെങ്കില്‍ എന്താടാ നേരത്തെ പറയാഞ്ഞത്?” അയാള്‍ അസീസിനോട് ചോദിച്ചു. “അയാള്‍ എനിക്ക് മുഖം തരാതെയാണ് സാറേ ഇവിടെ നിന്നത്..പോകാന്‍ നേരം മാത്രമാണ് അവന്റെ മുഖത്തിന്റെ ഒരു വശം ഞാന്‍ കണ്ടത്..അവന്‍ പോലീസല്ല..പക്ഷെ ഞാനവനെ എവിടെയാണ് കണ്ടത് എന്ന് ഓര്‍മ്മയും കിട്ടുന്നില്ല. വണ്ടി ഇടിച്ചതോടെ എന്റെ ഓര്‍മ്മയ്ക്ക് നല്ല കുഴപ്പമുണ്ട്” “ഛെ..നീ പറഞ്ഞത് നേരാണെങ്കില്‍ സാറ് ഞങ്ങളെ കൊല്ലും..ഇനി എന്തൊക്കെ പുകില്‍ ഉണ്ടാകുമോ എന്തോ..” അയാള്‍ പരിഭ്രാന്തനായി മുറിയില്‍ തലങ്ങും വിലങ്ങും ഉലാത്തിക്കൊണ്ട് താഴേക്ക് പോയ ആള്‍ വരുന്നുണ്ടോ എന്ന് കൂടെക്കൂടെ നോക്കി. പെട്ടെന്ന് അയാള്‍ ഓടിക്കിതച്ച് ഉള്ളിലെത്തി. “അളിയാ ഞാന്‍ ചെന്നപ്പോഴേക്കും അവര് പൊയ്ക്കളഞ്ഞു..വണ്ടി പോലും കാണാന്‍ പറ്റിയില്ല..” “ആകെ പുലിവാലായല്ലോ..ഇനിയിപ്പോ എന്ത് ചെയ്യുമടോ?” “ഇവന് ചിലപ്പോള്‍ തോന്നിയതായിരിക്കും..വണ്ടി ഇടിച്ച് തല മൊത്തം ലൂസായി കിടക്കുവല്ലേ” അയാള്‍ സ്വയം ആശ്വസിക്കാനെന്നോണം പറഞ്ഞു. “അല്ല സാറെ..അവന്‍ പോലീസല്ല” അസീസ്‌ ആവര്‍ത്തിച്ചു. “ദേ അവനത് തന്നെ വീണ്ടും പറയുന്നു..എന്തെങ്കിലും ഒരു വഴി പറയടോ” “ഒരു പിടിയുമില്ല..ഒരു വെളുത്ത മാരുതി വാനിലാണ് അവര്‍ വന്നത് എന്നാണ് അവിടെ ഉണ്ടായിരുന്ന ചിലര്‍ പറഞ്ഞത്” താഴേക്ക് പോയ പോലീസുകാരന്‍ പറഞ്ഞു. “എന്തായാലും സാറിനെ വിളിച്ച് കാര്യം പറ…വേഗം…വരുന്നത് വരട്ടെ..അബദ്ധമാണ് പറ്റിയതെങ്കില്‍ നമ്മള്‍ അറിയിച്ചില്ല എന്ന് വരരുതല്ലോ?” “താന്‍ വിളിക്ക്..എനിക്ക് ധൈര്യം പോരാ” അതോടെ മറ്റെയാള്‍ ഫോണെടുത്തു പൌലോസിന്റെ നമ്പര്‍ അമര്‍ത്തി. ആശുപത്രിയില്‍ നിന്നും എസിപി ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് പൌലോസിനു ഫോണ്‍ വന്നത്. അയാള്‍ വേഗം ഫോണെടുത്തു. “പൌലോസ്” “സാറേ സാറിങ്ങോട്ട്‌ പോലീസിനെ അയച്ചിരുന്നോ?” മറുഭാഗത്ത് നിന്നും പരിഭ്രമം കലര്‍ന്ന സ്വരം അയാള്‍ കേട്ടു. “ഞാന്‍ മാഡത്തെ വിളിച്ചു പറഞ്ഞിട്ടുണ്ട്..നമ്മുടെ സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ ആരും ഇപ്പോള്‍ ഇല്ലല്ലോ.
.” “മാഡം പോലീസിനെ അയച്ചതാണോ സര്‍..നാലു പോലീസുകാരെത്തി അവളെ കൊണ്ടുപോയി” “ങേ ഇത്ര പെട്ടെന്നൊ?” പൌലോസിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. “അതെ സാറെ..അതുകൊണ്ടാണ് ഞങ്ങള്‍ സാറിനെ വിളിച്ചത്. മാത്രമല്ല ഇവിടെ കിടക്കുന്നവന്‍ പറയുന്നു അവരില്‍ ഒരാളെ അവനെവിടെ വച്ചോ കണ്ടിട്ടുണ്ടെന്നും അവന്‍ പോലീസല്ല എന്നും…”

പൌലോസിന്റെ മനസ് ജാഗരൂകമായി. എന്തോ സംഭവിച്ചിരിക്കുന്നു. “അവര്‍ എങ്ങോട്ടാണ് പോയത്..” അയാള്‍ വണ്ടിയുടെ വേഗത കുറച്ചുകൊണ്ട് ചോദിച്ചു. “അറിയില്ല സര്‍..പക്ഷെ അവര്‍ ഒരു വെളുത്ത മാരുതി വാനിലാണ് വന്നത് എന്ന് അറിഞ്ഞിട്ടുണ്ട്” “ഓക്കെ..ഞാന്‍ നോക്കട്ടെ” പൌലോസ് ഫോണ്‍ വച്ച ശേഷം കണ്ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരം നല്‍കി. പിന്നെ വണ്ടിയുടെ സൈറന്‍ ഓണാക്കി നടുറോഡില്‍ അതിശക്തമായി വെട്ടിത്തിരിച്ചു. പല വണ്ടികളുടെയും ടയറുകള്‍ നിലത്തുരയുന്ന ശബ്ദം അവിടെ മുഴങ്ങി. പൌലോസിന്റെ ബൊലെറോ ഒരു പടക്കുതിരയെപ്പോലെ തിരികെ കുതിച്ചു. അയാളുടെ വേഗതയിലുള്ള വരവ് കണ്ടു വണ്ടികള്‍ പലതും വശങ്ങളിലേക്ക് മാറി. “വാസൂ..ആ പോയത് നമ്മുടെ പൌലോച്ചന്‍ അല്ലെ? ഇയാള്‍ ഇതെങ്ങോട്ടാ ഇത്ര പാഞ്ഞു പോകുന്നത്” വാസുവിന്റെ പിന്നാലെ ബുള്ളറ്റില്‍ വരികയായിരുന്ന ഡോണ പോലീസ് വാഹനത്തിന്റെ കുതിപ്പ് കണ്ടു സംശയത്തോടെ ചോദിച്ചു. “ഞാന്‍ ശ്രദ്ധിച്ചില്ല” “എടാ ആ പോക്കില്‍ എന്തോ ഉണ്ട്..സംതിംഗ് ഫിഷി..നീ വേഗം വണ്ടി തിരിക്ക്..ഇന്നത്തേക്ക് ഒരു ഹോട്ട് ന്യൂസ് ഇതുവരെ കിട്ടിയിട്ടില്ല. ആ എഡിറ്റര്‍ക്ക് എന്നും വേണം ഓരോരോ ഐറ്റംസ്..” “വേണോ..നിന്നെ കണ്ടാല്‍ മതി അങ്ങേര്‍ക്ക് കലി കേറാന്‍..” “അതൊന്നും സാരമില്ല..ഇങ്ങനെ പലരുടെയും തെറി ഒക്കെ കേട്ടിട്ടാണ് ഞങ്ങള്‍ ഓരോരോ ന്യൂസ് ഒപ്പിക്കുന്നത്..ഇത് പക്ഷെ സംതിംഗ് സീരിയസ് ആണ്..നീ വണ്ടി തിരിക്ക്” വാസു ബൈക്ക് നിര്‍ത്തിയിട്ടു തിരിച്ചു. “എടാ ഒന്ന് വേഗം..നമുക്ക് അയാളുടെ ഒപ്പം എത്തണം” ഡോണ തിരക്ക് കൂട്ടി. വാസുവിന്റെ കൈ ആക്സിലേറ്ററില്‍ തിരിഞ്ഞു. ബുള്ളറ്റ് ഹുങ്കാരത്തോടെ കുതിച്ചു. പൌലോസിന്റെ വാഹനം തങ്ങളുടെ കണ്ണില്‍ നിന്നും മറഞ്ഞത് അവര്‍ മനസിലാക്കി. “ഓ..എടാ ഒന്ന് വേഗം..കമോണ്‍” ഡോണ അസ്വസ്ഥതയോടെ വാസുവിനെ ഇടിച്ചു. “എടി ഇങ്ങനെ റോക്കറ്റ് പോലെ പോയി റോഡില്‍ പടമായാല്‍ എന്ത് ചെയ്യും” വാസു വീണ്ടും വേഗത കൂട്ടിക്കൊണ്ട് ചോദിച്ചു. “ഒന്നും പറ്റില്ല..നീയല്ലേ ഓടിക്കുന്നത്..ഹും ക്വിക്ക്” “നിന്റെ ജീവനെനിക്ക് പ്രധാനമാണ്..എങ്കിലും ഇത്ര വിശ്വാസം എന്നിലുള്ള സ്ഥിതിക്ക്.
.ഒന്ന് മുറുകെ പിടിച്ചോ..തെറിച്ചു പോകാതിരിക്കാന്‍ വേണ്ടിയാണ്” വാസു പറഞ്ഞു. ഡോണ അവന്റെ ഇടുപ്പില്‍ പിടിച്ചു. പിന്നെ ബൈക്ക് ഒരു കുതിപ്പായിരുന്നു. ഡോണ ഞെട്ടിപ്പോയി. ഡോണ മാത്രമല്ല ആ പോക്ക് കണ്ട പലരും. പോലീസ് റോഡില്‍ പലയിടത്തും പട്രോളിംഗ് നടത്തുന്നത് കണ്ടതോടെ ഡോണയുടെ ആകാംക്ഷ വര്‍ദ്ധിച്ചു. “ദോ പൌലോസിന്റെ വണ്ടി..അയാള്‍ ഇടയ്ക്ക് നിര്‍ത്തി എന്ന് തോന്നുന്നു..ഗോ..ക്യുക്ക്” ദൂരെ പൌലോസിന്റെ വണ്ടി കണ്ട ഡോണ പറഞ്ഞു. വാസു അതിവേഗത്തില്‍ മുന്‍പോട്ടു കുതിച്ചു. വാഹന പരിശോധന നടത്താനായി നിന്ന പോലീസുകാരില്‍ ചിലര്‍ ബൈക്കിന്റെ കുതിപ്പ് കണ്ട് എന്തോ പറഞ്ഞെങ്കിലും ഒരു കാറ്റ് പോകുന്നത് പോലെ മാത്രമേ അവര്‍ക്ക് തോന്നിയുള്ളൂ. പൌലോസ് പല വഴിക്കുമുള്ള പോലീസ് പട്രോളിംഗ് ടീമുകള്‍ക്ക് മെസേജ് നല്‍കിക്കൊണ്ട് പായുകയായിരുന്നു. അവസാനം അയാള്‍ അത് കണ്ടു. കുതിച്ചു പായുന്ന ഒരു വെള്ള മാരുതി. പൌലോസ് വയര്‍ലെസ്സ് എടുത്ത് കണ്ട്രോള്‍ റൂമില്‍ സന്ദേശം നല്‍കി. സന്ദേശം എല്ലാ പോലീസ് വാഹനങ്ങളിലും അതെ സമയം തന്നെ എത്തി.

ലൈറ്റുകള്‍ പ്രകാശിപ്പിച്ച് സൈറന്‍ മുഴക്കി തങ്ങള്‍ക്ക് പിന്നാലെ വരുന്ന പോലീസ് വാഹനം നോക്കി വാനില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടി. നാദിയയുടെ കൈയിലെ വിലങ്ങ് അവര്‍ അഴിച്ചിരുന്നു. “അളിയാ പോലീസ്..നമുക്ക് പിന്നാലെ തന്നെയാണ് അവര്‍..” ഒരാള്‍ പിന്നില്‍ പാഞ്ഞടുക്കുന്ന പോലീസ് വണ്ടി കണ്ടു പറഞ്ഞു. “എന്ത് ചെയ്യും ഇനി..പിടിയിലായാല്‍ ജീവിതം കോഞ്ഞാട്ട ആണ്..” മറ്റൊരുവന്‍ പരിഭ്രാന്തിയോടെ പറഞ്ഞു. “അയ്യോ ഞങ്ങളെ പോലീസ് പിടിക്കുമോ..അപ്പഴേ ഞാന്‍ വേണ്ടാന്നു പറഞ്ഞതാ” പോലീസ് വേഷം ഒരു സ്ത്രീ അലമുറ ഇടാന്‍ തുടങ്ങി. “വാ അടയ്ക്കടി പുല്ലേ” വണ്ടി ഓടിച്ചിരുന്ന ആള്‍ അവളെ നോക്കി മുരണ്ടു. “അയ്യോ ദാണ്ട്‌ അതിങ്ങെത്തി..” മറ്റേ പോലീസുകാരി ഉച്ചത്തില്‍ അലറി. നാദിയ കിടുകിടെ വിറച്ച് സീറ്റില്‍ മൂത്രമൊഴിച്ചു പോയിരുന്നു. ഇങ്ങനെയൊരു പൊല്ലാപ്പ് ഉണ്ടാകും എന്നവള്‍ സ്വപ്നത്തില്‍ കരുതിയിരുന്നില്ല. പൌലോസിന്റെ വാഹനം തങ്ങളെ മറികടക്കുന്നത് ഡ്രൈവര്‍ നിസ്സഹായതയോടെ കണ്ടു. അതിന്റെ ഉള്ളില്‍ നിന്നും പക കത്തുന്ന കണ്ണുകളോടെ പൌലോസ് അവരെ നോക്കി. ഡ്രൈവര്‍ വേഗം ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. പിന്നെ ലോകത്തൊരു അഭ്യാസിക്കും സാധിക്കാത്തത് പോലെ അയാള്‍ വണ്ടി സെക്കന്റുകള്‍ കൊണ്ട് വെട്ടിത്തിരിച്ചു വന്ന വഴിയെ തിരിഞ്ഞു. പൌലോസ് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ വാന്‍ വട്ടം തിരിഞ്ഞു പോകുന്നതാണ് കണ്ടത്. എതിരെ ഒരു ട്രക്ക് വന്നതിനാല്‍ അയാള്‍ക്ക് അതെ പോലെ തിരിക്കാന്‍ സാധിച്ചില്ല.
ട്രക്ക് പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ വേഗം റിവേഴ്സ് ഗിയര്‍ ഇട്ടു. “എടാ വാസൂ..ആ വാനിന്റെ പിന്നാലെ ആയിരുന്നു അയാള്‍..നിനക്ക് അവന്മാരെ തടയാന്‍ പറ്റുമോ” എല്ലാം കണ്ടുകൊണ്ട് വന്നുകൊണ്ടിരുന്ന ഡോണ ചോദിച്ചു. “നീ ആ കമ്പിവടി വേഗം ഇങ്ങ് ഊര്” വാസു വലതു കൈ പിന്നിലേക്ക് നീട്ടി പറഞ്ഞു. ഡോണ വേഗം അവന്‍ സ്ഥിരം വണ്ടിയില്‍ സൂക്ഷിക്കുന്ന ആയുധങ്ങളില്‍ ഒന്നായ ചെറിയ കമ്പിവടി എടുത്ത് അവന്റെ കൈയില്‍ നല്‍കി. തങ്ങള്‍ക്കെതിരെ വരുന്ന വാന്‍ വാസു നോക്കി. അവന്‍ കമ്പി കൈയിലെടുത്ത് ഉന്നം പിടിച്ചു. വണ്ടി അടുത്ത് എത്താറായതും അവനത് കറക്കി അതിന്റെ മുന്‍പിലെ ഗ്ലാസിനു നേരെ എറിഞ്ഞു. വാനിന്റെ ഗ്ലാസ് ചിലന്തിവല പോലെ തകര്‍ന്നു വാഹനം ഓടിച്ചിരുന്ന ആളിന് റോഡ്‌ കാണാന്‍ പറ്റാതായി. വാന്‍ പാമ്പിനെപ്പോലെ റോഡില്‍ പുളയുന്നത് കണ്ടു വാസു വേഗം ബൈക്ക് സൈഡിലേക്ക് ഇറക്കി ബ്രേക്കിട്ട ശേഷം വെട്ടിത്തിരിച്ചു. പൌലോസിന്റെ വാഹനം പാഞ്ഞടുക്കുന്നത് കണ്ട വാനിന്റെ ഡ്രൈവറും മറ്റേ ആളും വണ്ടി നിര്‍ത്തിയ ശേഷം ഇറങ്ങിയോടി. സ്ത്രീകളും ഓടാനായി ഇറങ്ങവേ പൌലോസിന്റെ വണ്ടി അവിടെത്തി ബ്രേക്കിട്ടു. അതിന്റെ ടയറുകള്‍ നിലത്തുരയുന്ന ശബ്ദം അവിടെയാകെ മുഴങ്ങി. “സ്റ്റോപ്പ്‌” ഓടാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് നേരെ തോക്ക് ചൂണ്ടി പൌലോസ് ഗര്‍ജ്ജിച്ചു. അവര്‍ പൂക്കുലപോലെ വിറച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. പൌലോസിന്റെ കണ്ണുകള്‍ പുരുഷന്മാര്‍ ഓടിപ്പോയ ഭാഗത്തേക്ക് നോക്കി. അവര്‍ രക്ഷപെട്ടുകഴിഞ്ഞിരുന്നു അയാള്‍ നിരാശയോടെ ഷൂസിട്ട കാല്‍ നിലത്ത് ആഞ്ഞു ചവിട്ടി. അപ്പോള്‍ വാസുവിന്റെ ബൈക്ക് എത്തി അയാളുടെ സമീപം നിന്നു. പിന്നില്‍ നിന്നും ഡോണ ഒരു കമ്പിവടിയുമായി വരുന്നതും പൌലോസ് കണ്ടു. “എന്താടാ?” പൌലോസ് വാസുവിനോട് ചോദിച്ചു. “ഞങ്ങളാണ് സര്‍ ഈ വണ്ടി നിര്‍ത്തിച്ചത്” അവന്‍ പറഞ്ഞു. “എങ്ങനെ”

“സാറിന്റെ വണ്ടി നിന്നപ്പോള്‍ ഇവന്മാര്‍ വെട്ടി തിരിഞ്ഞു വരുന്നത് കണ്ടു ഞാന്‍ ദാ ഈ കമ്പിവടി വച്ച് ഒരേറു കൊടുത്തു…ഇവളുടെ ഐഡിയ ആണ്….” ഡോണയുടെ കൈയില്‍ നിന്നും കമ്പിവടി വാങ്ങി പഴയ സ്ഥലത്ത് വച്ചുകൊണ്ട് വാസു പറഞ്ഞു. “ഓഹോ..അപ്പോള്‍ ഞാനാവശ്യപ്പെടാതെ നീ എന്നെ സഹായിച്ചിരിക്കുന്നു..അല്ലെ? എന്താടി നിന്റെ ഉന്നം?” പെട്ടെന്ന് ഒരു പോലീസ് പട്രോളിഗ് വണ്ടി അവിടെത്തി നിന്നു. അതില്‍ നിന്നും പോലീസുകാര്‍ ഇറങ്ങി പൌലോസിനെ സല്യൂട്ട് ചെയ്തു. “ഇവര്‍ മൂവരെയും എ സി പി ഓഫീസിലേക്ക് കൊണ്ടുപോകൂ..ഞാനുടന്‍ എത്തും..ഈ വണ്ടിയും കസ്റ്റഡിയില്‍ എടുക്ക്.” പൌലോസ് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. “സര്‍..” അവരിലൊരാള്‍ പറഞ്ഞു. പിന്നെ സ്ത്രീകള്‍ക്ക് നേരെ തിരിഞ്ഞു. “കേറിനെടീ” അയാള്‍ സ്ത്രീകളെ നോക്കി ഗര്‍ജ്ജിച്ചു. അവര്‍ ഗത്യന്തരമില്ലാതെ പോലീസ് വണ്ടിയില്‍ കയറി. അത് അവരെയും കൊണ്ട് പോയപ്പോള്‍ പൌലോസ് ചെന്നു വണ്ടിയിലേക്ക് കയറി. ഡോണ വേഗം അയാളുടെ അരികിലേക്ക് ഓടിച്ചെന്നു. “സര്‍..ഞങ്ങള്‍ ഇത്രയും റിസ്ക്‌ എടുത്ത് സാറിനെ സഹായിച്ചിട്ട് ഒരു താങ്ക്സ് എങ്കിലും പറയരുതോ” അവള്‍ വണ്ടിയില്‍ കൈവച്ചുകൊണ്ട് ചോദിച്ചു. “കൈ എടുക്കടി” പൌലോസ് മുരണ്ടു. ഡോണ ചമ്മലോടെ കൈ മാറ്റി. “നിന്നോട് ഞാന്‍ പറഞ്ഞതാണ് എന്റെ വഴിയില്‍ വരരുത് എന്ന്..പക്ഷെ നീ അനുസരിക്കില്ല അല്ലെ?” “അയ്യോ സര്‍ ഇത് ഇവഞ്ച്വലി ഞങ്ങള്‍ കണ്ടപ്പോള്‍ ഏതൊരു പൌരന്റെയും കടമ എന്നതുപോലെ ഒരു അത്യാവശ്യ ഘട്ടത്തില്‍ പോലീസിനെ സഹായിച്ചു എന്നെ ഉള്ളു..” അവള്‍ പറഞ്ഞു. “ഹും നല്ല ഡയലോഗ്..പക്ഷെ നിന്റെയൊക്കെ സഹായത്തിന് വേറെ ലക്ഷ്യങ്ങള്‍ കാണും… എന്തായാലും താങ്ക്സ്..ആന്‍ഡ്‌ ഗെറ്റ് ലോസ്റ്റ്‌” അയാള്‍ അതിവേഗം വണ്ടി മുന്‍പോട്ട് എടുത്തുകൊണ്ട് പറഞ്ഞു. ഡോണ വാ പിളര്‍ന്നു നിന്നുപോയി. “ഹഹഹഹ..ഹാഹ്ഹ്ഹ്ഹ്ഹ…ഊഹ്ഹാഹ്ഹ” വാസു ഡോണയുടെ നില്‍പ്പ് കണ്ടു തലയറഞ്ഞു ചിരിച്ചു. ഡോണ തലയ്ക്ക് കൈയും കൊടുത്ത് റോഡ്ന്റെ സൈഡില്‍ കുത്തിയിരുന്നു. അതുകൂടെ കണ്ടതോടെ വാസുവിന്റെ ചിരി കൂടി. അത് അവളെ കൂടുതല്‍ പ്രകോപിപ്പിച്ചു. “വായടയ്ക്കാടാ പോത്തെ” അവള്‍ അവനെ നോക്കി പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. “യ്യോ എനിക്ക് വയ്യായേ..ഞാനിന്നു ചിരിച്ചു ചിരിച്ചു ചാകും..എന്റമ്മോ ഇങ്ങനേം പറ്റുമോ അബദ്ധങ്ങള്‍..അപ്പഴേ ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്…” അവന്‍ ചിരി തുടര്‍ന്നുകൊണ്ട് പറഞ്ഞു. ഡോണ ആലോചനയോടെ റോഡില്‍ അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു. “ഒരു തുണി കൂടി മുന്‍പില്‍ വിരിക്കടി..വല്ല ചില്ലറയും തടയും” അവളെ ഇളക്കാനായി അവന്‍ പറഞ്ഞു. “പോടാ പോത്തെ..വൃത്തികെട്ടവന്‍..” ഡോണ അങ്ങനെതന്നെ ഇരുന്നുകൊണ്ട് പറഞ്ഞു. കുറേനേരം അതെ ഇരുപ്പ് ഇരുന്ന ശേഷം എന്തോ ആലോചിച്ച് ഉറപ്പിച്ചതുപോലെ അവള്‍ എഴുന്നേറ്റ് ബൈക്കിനരുകിലേക്ക് നടന്നു. വാസു അപ്പോഴും ചിരി നിര്‍ത്താന്‍ പെടാപ്പാടു പെടുകയായിരുന്നു.

“വണ്ടി എടുക്ക്” അവള്‍ ബാഗിന്റെ സ്ട്രിപ് ശരിയാക്കിക്കൊണ്ട് പറഞ്ഞു. “അങ്ങനെ ഇന്നത്തെ ഹോട്ട് ന്യൂസ് ആയി..ഹഹഹ്ഹ്ഹ…ഗുഹ്ഹ്ഹഹഹ” വാസു ചിരി നിര്‍ത്താന്‍ സാധിക്കാതെ ബൈക്കില്‍ കയറി. അവന്റെ കാല്‍ കിക്കറില്‍ അമര്‍ന്നപ്പോള്‍ ഡോണ പിന്നാലെ കയറിയിരുന്നു.. “കൂടുതല്‍ ഇളിക്കല്ലേ..നീ ഞാന്‍ പറയുന്നിടത്തോട്ടു വണ്ടി വിട്” ഡോണ അവന്റെ പുറത്ത് തന്നെ ഒരിടി പാസാക്കിക്കൊണ്ട് പറഞ്ഞു. വാസു ചിരി നിര്‍ത്താതെ വണ്ടി മുന്‍പോട്ടെടുത്തു. “അവന്മാരെ കിട്ടിയില്ല അല്ലെ പൌലോസ്” എ സി പി ഓഫീസിലേക്ക് എത്തിയ പൌലോസിനോട്‌ ഇന്ദുലേഖ ചോദിച്ചു. “ഇല്ല മാം..പക്ഷെ കിട്ടും..ഇവളുമാരെ നമുക്ക് കിട്ടിയല്ലോ..” “വെല്‍ ഡണ്‍ മിസ്റ്റര്‍ പൌലോസ്. ഞാനവരെ പിന്നിലെ മുറിയില്‍ ഇരുത്തിയിട്ടുണ്ട്. കമോണ്‍..നമുക്കവരെ ചോദ്യം ചെയ്യാം” “അതിനുമുന്‍പ്‌ മാഡം ദാ ഈ സിറിഞ്ച് ഒന്ന് പരിശോധനയ്ക്ക് അയയ്ക്കണം. ഇത് ആ നേഴ്സിന്റെ വേഷം ധരിച്ചവളുടെ കൈയില്‍ നിന്നും പിടിച്ചെടുത്തതാണ്. മര്‍ഡര്‍ അറ്റംപ്റ്റ് ആണ് നടന്നിരിക്കുന്നത്. ഞാനൊരു സെക്കന്റ് വൈകിയിരുന്നെങ്കില്‍ അസീസ്‌ ഇപ്പോള്‍ ജീവനോടെ കാണില്ലായിരുന്നു” നാദിയയുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത സിറിഞ്ച് എ സി പിക്ക് കൈമാറിക്കൊണ്ട് പൌലോസ് പറഞ്ഞു. അവരത് വാങ്ങി പരിശോധിച്ച ശേഷം മേശ വലിപ്പില്‍ വച്ചു. “ഹേയ് സര്‍..എന്താണ് സംഭവം..റോഡിലൂടെ താങ്കളുടെ മരണപ്പാച്ചില്‍ കണ്ടു പിന്തുടര്‍ന്നാണ് ഞാനിവിടെ എത്തിയത്” പത്രപ്രവര്‍ത്തകന്‍ എന്ന് തോന്നിക്കുന്ന ഒരു യുവാവ് വേഗം ഉള്ളിലേക്ക് എത്തി പൌലോസിനോട്‌ ചോദിച്ചു. “നീ ആരാ?” “ഞാന്‍ ഭാരത്‌ ടൈംസിന്റെ റിപ്പോര്‍ട്ടര്‍ ആണ്..എബി കുര്യാക്കോസ്” അവന്‍ പറഞ്ഞു. “ഫൈന്‍..നൌ യു ജസ്റ്റ് ഗെറ്റ് ഔട്ട്‌” പൌലോസ് മുരണ്ടു. “സര്‍..ഞാനൊരു മീഡിയ പ്രവര്‍ത്തകന്‍ ആണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് അവരിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ കര്‍ത്തവ്യം..സൊ യു ഹാവ് റ്റു ആന്‍സര്‍ മി..” പൌലോസ് തിരിഞ്ഞ് ഇന്ദുലേഖയെ ഒന്ന് നോക്കി. എന്ത് വേണേലും ആയിക്കൊളാന്‍ അവര്‍ കണ്ണുകൊണ്ട് സിഗ്നല്‍ നല്‍കി. “നിനക്ക് ഞാന്‍ മൂന്ന്‍ സെക്കന്റ് തരുന്നു..അതിനകം നീ ഈ ഓഫീസിന്റെ കാമ്പസിനും പുറത്ത് എത്തിയിരിക്കണം..കമോണ്‍..വണ്‍…” പൌലോസ് സെക്കന്റ് വച്ച് എണ്ണാന്‍ തുടങ്ങി. “ഹേയ്..നിങ്ങള്‍ക്ക് എന്നെ അറിയില്ല…വിവരമറിയാതെ ഞാനിവിടെ നിന്നു പോകുന്ന പ്രശ്നമില്ല” എബി നെഞ്ചു വിരിച്ചു നിന്നുകൊണ്ട് പൌലോസിനെ വെല്ലുവിളിച്ചു. പക്ഷെ നാവില്‍ നിന്നും ത്രീ എന്ന വാക്ക് വീണതും പൌലോസിന്റെ വലതുകാല്‍ എബിയുടെ നെഞ്ചില്‍ പതിഞ്ഞതും ഒരേ സമയത്തായിരുന്നു. എബി ഒരു മൂന്നു മീറ്റര്‍ ദൂരത്തേക്ക് തെറിച്ചു വീണു. പൌലോസ് പകയോടെ അവനുനേരെ പാഞ്ഞടുത്തു. അവന്‍ ഭീതിയോടെ ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടി. അപ്പോഴാണ്‌ വാസുവും ഡോണയും കയറിയ ബൈക്ക് അവിടെത്തി നിന്നത്. ഏതോ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചതാണ് എന്ന് കരുതി വാസു അവന്റെ ഷര്‍ട്ടിനു പിടിച്ചു തിരിച്ചു നിര്‍ത്തി. അവന്റെ ഷര്‍ട്ടില്‍ ഷൂസിട്ട കാല്‍ കൊണ്ടുള്ള ചവിട്ടിന്റെ പാട് അവര്‍ ഇരുവരും കണ്ടു.

“എബി..നീ?” ഡോണ വേഗം താഴെയിറങ്ങി ചോദിച്ചു. “ഓടടാ…” പുറത്തേക്ക് വന്ന പൌലോസ് അലറി. പൌലോസിനെ കണ്ടപ്പോള്‍ വാസു അവന്റെ ഷര്‍ട്ടിലെ പിടിവിട്ടു. അവന്‍ ജീവനും കൊണ്ടോടി. ഡോണ അന്തംവിട്ടു നില്‍ക്കുകയായിരുന്നു. “ഏതാടി അവന്‍?” വാസു പൌലോസ് ഉള്ളിലേക്ക് പോയിക്കഴിഞ്ഞപ്പോള്‍ ചോദിച്ചു. “എടാ അവന്‍ ഭാരത് ടൈംസിന്റെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍ ആണ്..” വാസു വീണ്ടും ചിരി തുടങ്ങി. “ചെല്ല് ചെല്ല്..നീയും ചെന്നു ബാക്കി കൂടി വാങ്ങിക്കൂട്ട്‌..ഞാന്‍ ഇവിടെ ഇരുന്നോളാം..എനിക്ക് ഇതൊന്നും കാണാനുള്ള ശേഷി ഇല്ല” അവന്‍ ചിരിക്കിടെ പറഞ്ഞു. “പോടാ പോത്തെ..മര്യാദയ്ക്ക് വണ്ടി വച്ചിട്ട് എന്റെ കൂടെ വാ” അവള്‍ ഉള്ളിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു. വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചശേഷം അവളുടെ പിന്നാലെ ചെന്നു. “മൈ ഗോഡ്..ഡോണ..എടീ നീ ഇവിടെ? എത്ര നാളായെടി നിന്നെ ഒന്ന് കണ്ടിട്ട്….” ഉള്ളിലേക്ക് വന്ന ഡോണയെ കണ്ടപ്പോള്‍ എ സി പി ഇന്ദുലേഖ അത്യാഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് അവളുടെ അരികിലേക്ക് ഓടിയെത്തി. “ഇന്നാണ് ചാന്‍സ് കിട്ടിയത്..കിട്ടിയ പാടെ ഇങ്ങു വന്നു..നിനക്ക് തടി കൂടി കേട്ടോടി..” പരസ്പരം കെട്ടിപ്പിടിക്കുന്നതിനിടെ ഡോണ പറഞ്ഞു. അവളുടെ നോട്ടം പക്ഷെ തന്നെ രൂക്ഷമായി നോക്കുന്ന പൌലോസിന്റെ കണ്ണുകളില്‍ ആയിരുന്നു. സീന്‍ മൊത്തത്തില്‍ നിരീക്ഷിച്ചുകൊണ്ട് വാസു അല്‍പം മാറി നിന്നു. “മിസ്റ്റര്‍ പൌലോസ്..അല്‍പ്പം വെയിറ്റ് ചെയ്യൂ. ഷി ഈസ് മൈ ക്ലോസ് ഫ്രണ്ട്..ഒരു അഞ്ച് മിനിറ്റ് ഞാന്‍ ഇവള്‍ക്ക് കൊടുത്തോട്ടെ” ഇന്ദുലേഖ പൌലോസിനെ നോക്കി പറഞ്ഞു. “ഒകെ മാം” തീരെ താല്‍പര്യമില്ലാതെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് അടുത്ത മുറിയിലേക്ക് കയറിപ്പോയി. “പറയടി..എന്ത് പറ്റി ഡോണ പുന്നൂസെന്ന സുന്ദരിക്കുട്ടിക്ക് ഇങ്ങോട്ടൊന്നു വരാന്‍ തോന്നാന്‍?” സോഫയില്‍ ഡോണയുടെ ഒപ്പം ഇരുന്നുകൊണ്ട് ഇന്ദുലേഖ ചോദിച്ചു. “എടി ടു ബി ഫ്രാങ്ക്.. ഞാന്‍ നിന്നെ കാണാന്‍ വന്നതല്ല..ദേ ഇപ്പോള്‍ നീ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു വിട്ട ആ കാട്ടാളന്‍ ഉണ്ടല്ലോ..അങ്ങേരുടെ പിന്നാലെ വന്നതാണ്‌..പുള്ളി വെടിച്ചില്ല് പോലെ പോകുന്നത് കണ്ടു ഞാനും ഇവനും കൂടി പിന്തുടര്‍ന്നു..പുള്ളിയുടെ കൈയില്‍ നിന്നു രക്ഷപെടാനായി ശ്രമിച്ച അവരെ ഇവനാണ് ഒരു കമ്പി എറിഞ്ഞു നിര്‍ത്തിച്ചത്…” വാസുവിനെ ചൂണ്ടി ഡോണ പറഞ്ഞു. “ഓ അയാം സോറി..ചോദിക്കാന്‍ മറന്നു..ഇതാരാണ്” ഇന്ദുലേഖ വാസുവിനെ നോക്കി ചോദിച്ചു. “എന്റെ ബോഡിഗാര്‍ഡ്..ആന്‍ഡ്‌ മൈ ബ്രദര്‍..വാസു..” ഡോണ പറഞ്ഞു. “ബോഡി ഗാര്‍ഡ്? വാട്ട് ടു യു മീന്‍?” “നീ കമ്മീഷണര്‍ അങ്കിളിനോട് ചോദിച്ചാല്‍ മതി..അങ്കിളിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പപ്പ ഇത് ചെയ്തത്….എനിക്ക് അറേബ്യന്‍ ഡെവിള്‍സില്‍ നിന്നും ഭീഷണിയുണ്ട്” “ഓ ഐ സീ” “അതൊക്കെ ഞാന്‍ നിന്നെ പിന്നീട് കണ്ടു സംസാരിക്കാം. ആദ്യം നീ ഇന്നത്തെ സംഭവം എന്താണ് എന്ന് എന്നെ അറിയിക്കണം. ഒരു വാര്‍ത്തയും കിട്ടാതെ രാവിലെ മുതല്‍ ഓട്ടമാണ്..” “അതിനെന്താ പറയാമല്ലോ..ഞങ്ങള്‍ പിടികൂടിയ മൂന്നു സ്ത്രീകളെയും ചോദ്യം ചെയ്യാന്‍ പോകുകയാണ്. നീയും ഒപ്പം കൂടിക്കോ” ഇന്ദുലേഖ പറഞ്ഞു. “എടി..പക്ഷെ അത് പൌലോസ് സാറിന്റെ അനുമതിയോടെ മാത്രം മതി. പുള്ളിയുടെ മനസ് വിഷമിപ്പിച്ചിട്ട്‌ എനിക്ക് ആ ന്യൂസ് വേണ്ട” ഡോണ പതിയെ പറഞ്ഞു.

“ഷുവര്‍. ഞാന്‍ പൌലോസിനോട്‌ പറഞ്ഞോളാം. പിന്നെ നീ ഇപ്പോള്‍ ഭാരത്‌ ടൈംസിന്റെ റിപ്പോര്‍ട്ടര്‍ പോയ പോക്ക് കണ്ടിരുന്നോ..പൌലോസ് ഒരു ചവിട്ട് ചവിട്ടി..ഫുട്ബോള്‍ തെറിച്ചു വീഴുന്നതുപോലെയാണ് അവന്‍ ചെന്നു വീണത്” “കണ്ടു..അങ്ങേര്‍ക്ക് മീഡിയക്കാരെ കണ്ണെടുത്താല്‍ കണ്ടുകൂടാ” “ശരി നീ പുറത്തോട്ടു നില്‍ക്ക്..ഞാന്‍ പൌലോസിനെ വിളിക്കട്ടെ” “ശരിയടി” ഡോണ വാസുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി നിന്നു. “പൌലോസ്..ഇന്നത്തെ സംഭവങ്ങള്‍ ഡോണ ചോദിക്കുന്നു. എനിക്ക് വേണമെങ്കില്‍ അവള്‍ക്ക് വിവരങ്ങള്‍ നല്‍കാമായിരുന്നു. പക്ഷെ നിങ്ങളുടെ അനുമതി ഉണ്ടെങ്കില്‍ മാത്രം ന്യൂസ് നല്‍കിയാല്‍ മതി എന്നാണ് അവള്‍ പറഞ്ഞത്. എന്ത് പറയുന്നു?” പൌലോസ് അത്ഭുതത്തോടെ അവരെ നോക്കി. അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമറയുന്നത് ഇന്ദുലേഖ ശ്രദ്ധിച്ചു. താന്‍ പറഞ്ഞത് അയാളുടെ മനസിന്റെ ഏതോ കോണില്‍ സ്പര്‍ശിച്ചിട്ടുണ്ട് എന്ന് അവര്‍ക്ക് മനസ്സിലായി. “മാഡത്തിന്റെ കൂട്ടുകാരിക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കുന്നതിന് വെറും ഒരു സബ് ഇന്‍സ്പെക്ടര്‍ ആയ എന്റെ പെര്‍മിഷന്‍ എന്തിനാണ് മാഡം?” അവസാനം അയാള്‍ ചോദിച്ചു. “എനിക്കല്ല..അവള്‍ക്കാണ് അത് വേണ്ടത്” പൌലോസിന്റെ കണ്ണുകളില്‍ ചെറിയ നനവ് പടര്‍ന്നത് പോലെ ഇന്ദുലേഖയ്ക്ക് തോന്നി. അയാള്‍ വേറേതോ ലോകത്തെന്നപോലെ അല്‍പനേരം നിന്നുപോയി. “ഒകെ മാം..ഐ ഹാവ് നോ ഇഷ്യു” ഒരു ദീര്‍ഘനിശ്വാസത്തോടെ പൌലോസ് പറഞ്ഞു. “ഡോണ..കമോണ്‍ ഇന്‍” പുറത്തേക്ക് നോക്കി ഇന്ദുലേഖ വിളിച്ചു പറഞ്ഞു. ഡോണ വാസുവിനെയും കൂട്ടി കയറി വന്നു. മുഖം കുനിച്ചാണ് അവള്‍ ഉള്ളിലേക്ക് വന്നത്. അവള്‍ അടുത്തെത്തിയപ്പോള്‍ പൌലോസ് അവളെ നോക്കി. ഡോണയും മുഖമുയര്‍ത്തി അയാളെ നോക്കി. ആദ്യമായി പൌലോസിന്റെ പകയില്ലാത്ത, ആര്‍ദ്രമായ കണ്ണുകള്‍ അവള്‍ കണ്ടു; വാസുവും.

“എന്താടീ വാടിയ ചേമ്പില പോലെ? ങേ? പേടിക്കണ്ട..നിന്റെ പൌലോസ് സാറ് സമ്മതിച്ചു” ഇന്ദുലേഖ ഒരു കുസൃതിച്ചിരിയോടെ ഡോണയുടെ വാടിയ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖം ഒരു ചെന്താമര പോലെ വിടരുന്നത് ഇന്ദുലേഖ കണ്ടു. അയാള്‍ സമ്മതിക്കണേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു ഡോണ പുറത്ത് നിന്നിരുന്നതും ഉള്ളിലേക്ക് വന്നതും എന്ന് ഇന്ദുലേഖ അറിഞ്ഞിരുന്നില്ല. പൌലോസിന്റെ കാര്യത്തില്‍ ഒരു ഊഹവും അവള്‍ക്ക് സാധ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അയാള്‍ സമ്മതിച്ചു എന്ന് കേട്ടപ്പോള്‍ ഡോണ കുട്ടികളെപ്പോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി. “സത്യം? ആണോ സര്‍” അവള്‍ ഇന്ദുലേഖയെയും പിന്നെ പൌലൊസിനെയും നോക്കി അത്യാഹ്ലാദത്തോടെ ചോദിച്ചു. പൌലോസ് ശാന്തമായി തലയാട്ടി. “ഹാവൂ..ആശ്വാസമായി..” ഡോണ ആയാസരഹിതമായി ശ്വസിച്ചുകൊണ്ട് പറഞ്ഞു.

“ദെന്‍ കമോണ്‍..നമുക്കവരെ ചോദ്യം ചെയ്യാം” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും കൂട്ടി ഉള്ളിലേക്ക് പോയി. “നീ ഇവിടിരിക്ക്..ഞാനുടന്‍ എത്താം കേട്ടോ” പോകുന്നതിനു മുന്‍പ് ഡോണ വാസുവിനോട് പറഞ്ഞു. അവന്‍ തലയാട്ടിയ ശേഷം വെളിയിലേക്ക് ഇറങ്ങി. മൂന്നു സ്ത്രീകളെയും ആ മുറിയില്‍ നിലത്ത് ഇരുത്തിയിരിക്കുകയായിരുന്നു. പോലീസ് വേഷമിട്ട രണ്ട് പെണ്ണുങ്ങളും വിതുമ്പി കരയുന്നുണ്ടായിരുന്നു. പക്ഷെ നാദിയയുടെ കണ്ണുകളില്‍ ഭയമോ കൂസലോ ഉണ്ടായിരുന്നില്ല. പോലീസുകാര്‍ എത്തി മൂന്നു കസേരകള്‍ കൊണ്ടിട്ടു. മറ്റൊരെണ്ണം അവയുടെ മുന്‍പില്‍ അഭിമുഖമായും ഇട്ടു. “ആദ്യം നീ വാ.” നാദിയയെ നോക്കി എ സി പി പറഞ്ഞു. അവള്‍ എഴുന്നേറ്റ് വന്നപ്പോള്‍ മറ്റു രണ്ട് സ്ത്രീകളെ പോലീസുകാര്‍ അവിടെനിന്നും മാറ്റി. “ഇരിക്ക്” കസേര ചൂണ്ടി എസിപി നിര്‍ദ്ദേശിച്ചു. അവള്‍ ഇരുന്നു. “നിന്റെ പേര്?” എസിപി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. “നാദിയ” “ഫുള്‍ നെയിം” “നാദിയ ഹസന്‍..” “ഈ ഹസന്‍ ആരാണ്? അച്ഛനോ അതോ ഭര്‍ത്താവോ?” “ഭര്‍ത്താവ്” “അയാള്‍ക്ക് എന്താണ് ജോലി?” “ഗള്‍ഫിലാണ്” “ഓഹോ..നിന്റെ വീട് എവിടെയാണ്?’ “കോഴിക്കോട്” “ഇവളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖ വല്ലതും ഉണ്ടായിരുന്നോ?” പുറത്ത് നിന്നിരുന്ന ഒരു പോലീസുകാരനോട്‌ എസിപി ചോദിച്ചു. “ഇല്ല മാഡം” “ഒകെ..എന്തിനാണ് നീ അസീസിനെ കൊല്ലാന്‍ ശ്രമിച്ചത്?” എസിപി വീണ്ടും അവള്‍ക്ക് നേരെ തിരിഞ്ഞു. “ഞാന്‍ കൊല്ലാന്‍ ശ്രമിച്ചില്ല..ഒരു ഇന്‍ജക്ഷന്‍ നല്‍കാന്‍ മാത്രമാണ് ഞാന്‍ ചെന്നത്?” “നിന്റെ കൈയിലുള്ള സിറിഞ്ചില്‍ ഉണ്ടായിരുന്നത് വിഷം അല്ലെ? .അതുള്ളില്‍ ചെന്നാല്‍ ആള് മരിക്കില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?” “അയ്യോ സാറെ എനിക്കറിയില്ല അതില്‍ എന്താണെന്ന്. എന്നോട് അവിടെത്തി ആ ഇന്‍ജക്ഷന്‍ നല്കാന്‍ പറഞ്ഞു..ഞാനതിനു ശ്രമിച്ചു..അതല്ലാതെ എനിക്ക് ഒന്നുമറിയില്ല” “ആരാണ് നിന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചത്?” ഡോണ ശ്രദ്ധാപൂര്‍വ്വം അവളെന്ത് പറയുമെന്നറിയാന്‍ നോക്കി. “കരണ്ടി വര്‍ഗീസ് ചേട്ടന്‍” നാദിയ പറഞ്ഞു. “ആരാണ് അയാള്‍?” “അന്ന് ഈ സാറ് ഞങ്ങളെ പിടികൂടാന്‍ എത്തിയപ്പോള്‍ ഓടിപ്പോയവരില്‍ ഒരാള്‍” പൌലോസിനെ നോക്കി അവള്‍ പറഞ്ഞു. “എന്തിനാണ് നിന്നെക്കൊണ്ട് അയാള്‍ അത് ചെയ്യിച്ചത്?” “അറിയില്ല..ഞങ്ങള്‍ പണത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നവരാണ് സാറെ” “ഇതാണ് നിന്റെ ജോലി..അല്ലേടി നായിന്റെ മോളെ?” ഇന്ദുലേഖ കടുത്ത കോപത്തോടെ എഴുന്നേറ്റ് അവളുടെ കരണത്ത് ഒന്ന് കൊടുത്തു. നാദിയയ്ക്ക് തല ചുറ്റിപ്പോയി. കൂട്ടുകാരിയുടെ പോലീസ് മുഖം കണ്ടു ഡോണ ചെറുതായൊന്നു ഞെട്ടി.

“എവിടെയാണ് ഈ കരണ്ടിത്തെണ്ടി താമസിക്കുന്നത്?” “അറിയില്ല” “ഓക്കേ..ഇത് ശരിക്കുള്ള ചോദ്യം ചെയ്യലല്ല. നിന്റെ കരണ്ടിയെ പിടിക്കാന്‍ ആള് പോയിട്ടുണ്ട്. അതേപോലെ ആ സിറിഞ്ച് പരിശോധിച്ചു പരിശോധനാഫലം വന്നാല്‍ പിന്നെ ഞങ്ങളുടെ വക ഒരു ചോദ്യം ചെയ്യല്‍ കാണും. അത് നീ താങ്ങുമോ എന്ന് സംശയമാണ്. അതുകൊണ്ട് എന്തെങ്കിലും സത്യങ്ങള്‍ പറയാനുണ്ടെങ്കില്‍ ഇപ്പോള്‍ നിനക്ക് പറയാം. അതല്ല ഞങ്ങള്‍ക്ക് പറയിപ്പിക്കേണ്ടി വരികയാണെങ്കില്‍, നീ ജനിച്ച ദിവസത്തെ നീതന്നെ ശപിക്കും…സൊ ചെയ്ത കുറ്റകൃത്യത്തെപ്പറ്റി നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ?” ഇന്ദുലേഖ അവളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട്‌ ചോദിച്ചു. “ഇല്ല സാറെ..എനിക്ക് വേറെ ഒന്നും അറിയില്ല. കരണ്ടി ചേട്ടന് വേണ്ടിയാണ് ഞാനത് ചെയ്തത്” നാദിയ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു. “നീ പോ..മറ്റെവരെ വിളിക്ക്” ഇന്ദുലേഖ പുറത്തേക്ക് നോക്കി പറഞ്ഞു. നാദിയയെ പോലീസുകാര്‍ കൊണ്ടുപോയപ്പോള്‍ മറ്റു രണ്ട് സ്ത്രീകളെയും ഓരോരുത്തരായി ഉള്ളിലേക്ക് കൊണ്ടുവന്നു. ഇതിനിടെ ഡോണ ഇന്ദുലേഖയുടെ കാതിലും ഇന്ദുലേഖ പൌലോസിന്റെ കാതിലും എന്തോ മന്ത്രിച്ചു. പൌലോസ് ഫോണെടുത്ത് പുറത്തിറങ്ങി ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ ഒരാളെ വിളിച്ച് അസീസുമായി സംസാരിച്ചു. “അസീസേ? ഈ കരണ്ടി വര്‍ഗീസ്‌ എന്നയാളെ നീ അറിയുമോ?” പൌലോസ് ചോദിച്ചു. “ങാ..അതാണ്‌ സാര്‍..ആ പേരാണ് ഞാന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ തല പുകച്ചു കൊണ്ടിരുന്നത്. അവനാണ് ഇവിടെ പോലീസ് വേഷം കെട്ടിവന്നവരില്‍ ഒരുത്തന്‍. എനിക്കവനെ അറിയാം സാറേ” “വെരി ഗുഡ്..അവന്റെ വീട് എവിടെയാണ്?” “മട്ടാഞ്ചേരിയില്‍ തന്നെയാണ്..” “ഓക്കേ ഞാന്‍ നിന്നെ പിന്നെ കണ്ടു വിവരങ്ങള്‍ വാങ്ങാം..ഈ വര്‍ഗീസ്‌ ആര്‍ക്കെങ്കിലും വേണ്ടി ജോലി ചെയ്യുന്നവനാണോ അതോ?” “അവന് പല പരിപാടികള്‍ ഉണ്ട് സാറെ.. നാടകക്കമ്പനി..വണ്ടിക്കച്ചോടം..പിന്നെ ഗുണ്ടാപ്പണി..ബ്രോക്കര്‍ പണി അങ്ങനെ പലതും. ആര്‍ക്ക് വേണ്ടിയും അവന്‍ ജോലി ചെയ്യും…” “ഓഹോ..ശരി ഞാന്‍ നിന്നെ വിളിക്കാം” പൌലോസ് ഫോണ്‍ വച്ചിട്ട് മുറിയിലേക്ക് ചെന്നു. സ്ത്രീകളില്‍ രണ്ടാമത്തെ ആളെ ചോദ്യം ചെയ്ത ശേഷം മൂന്നാമത്തെ ആളെയും എസിപി വരുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അവര്‍ വീണ്ടും ഓഫീസില്‍ തിരികെയെത്തി. “പൌലോസ്..ഇവര്‍ മൂവരും ഒരേ കഥ തന്നെയാണ് പറയുന്നത്. കരണ്ടി വര്‍ഗീസ്‌ എന്ന ആളാണത്രേ അവരെ ഇതിനയച്ചത്. പക്ഷെ എനിക്കതില്‍ ഒന്നാമത്തെ അവളെ മാത്രം സംശയമുണ്ട്. കാരണം അവള്‍ ഈ പെണ്ണുങ്ങളുടെ ഗണത്തില്‍ പെടുന്ന ഐറ്റം അല്ല. അല്‍പം പണമുള്ള വീട്ടിലെ പെണ്ണാണ് അവളെന്ന് ഞാന്‍ സംശയിക്കുന്നു. ഈ കരണ്ടി വര്‍ഗീസ്‌ എന്നവനെ കിട്ടുന്നത് വരെ ഇവരെ മൂന്നുപേരെയും തല്‍ക്കാലം ലോക്കപ്പ് ചെയ്യാനാണ് എന്റെ പ്ലാന്‍. അയാളെപ്പറ്റി അസീസിന് വല്ലതും അറിയാമോ?’ ഇന്ദുലേഖ പൌലോസിനോട്‌ ചോദിച്ചു. “ഉവ്വ് മാഡം. അവനയാളെ അറിയാം. ഞാന്‍ ഉടന്‍ തന്നെ അഡ്രസ്‌ വാങ്ങിയ ശേഷം അങ്ങോട്ട്‌ പോകുകയാണ്” “പൌലോസ്; അയാള്‍ വീട്ടില്‍ കാണാന്‍ വഴിയില്ല. എന്നാലും വീട്ടുകാരെ ഒന്ന് കുലുക്കിയാല്‍ ചിലപ്പോള്‍ വല്ല ഇന്‍ഫര്‍മേഷനും കിട്ടും. അവന്‍ ഒളിവിലാകാനാണ് സാധ്യത”

“അതെ..എങ്കിലും അവന്റെ ഫോട്ടോയോ തിരിച്ചറിയാന്‍ പറ്റിയ വല്ലതുമോ കിട്ടിയാല്‍ നമുക്ക് എളുപ്പമായിരിക്കുമല്ലോ. അതേപോലെ തന്നെ മീനയെ കൊന്ന, അസീസിനെ കൊല്ലാന്‍ ശ്രമിച്ച ആ വണ്ടിക്കാരനെയും എനിക്ക് കണ്ടെത്തണം. ഞാന്‍ അസീസിനെ ഒന്ന് ചോദ്യം ചെയ്യാന്‍ പോകുകയാണ് മാഡം” “ഒകെ ദെന്‍..യു പ്രൊസീഡ്” പൌലോസ് എഴുന്നേറ്റ് സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്കിറങ്ങി. അവിടെയുണ്ടായിരുന്ന വാസുവിന്റെ അരികില്‍ അയാളെത്തി അവന്റെ തോളില്‍ കൈവച്ചു. “വാസൂ..അന്ന് നീ എന്നോട് പറഞ്ഞത് ഇന്നാണ് എനിക്ക് മനസിലായത്. അയാം സോറി..” അയാള്‍ പറഞ്ഞു. “അയ്യോ സാറ് സോറി ഒന്നും പറയല്ലേ..അതൊന്നും അവള്‍ മൈന്‍ഡ് ചെയ്തിട്ടുപോലുമില്ല സര്‍…” “അതെ..പക്ഷെ അവളെന്നെ ഇന്ന് തോല്‍പ്പിച്ചു കളഞ്ഞു…തോല്‍പ്പിച്ചു നിലം പരിശാക്കി….” ഒരു ദീര്‍ഘനിശ്വാസത്തോടെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് ചെന്നു വണ്ടിയില്‍ കയറി. അത് റോഡിലേക്ക് ഇറങ്ങുന്നത് വാസു നോക്കിനിന്നു. “എന്താടി നിനക്ക് പൌലോയോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍? ആദ്യമായി പ്രേമമോ മറ്റോ ഉടലെടുത്തോ മനസ്സില്‍?” ഇന്ദുലേഖ ഡോണയോട് ചോദിച്ചു. “പോടീ..അങ്ങേര്‍ ഈഗോയുടെ രാജാവാണ്‌..പക്ഷെ ആത്മാര്‍ഥതയും കഴിവും തന്റേടവും ഉള്ള ഒരു ഉത്തമപുരുഷനും ആണ്. ആദ്യം കണ്ട സമയം മുതല്‍ എപ്പോള്‍ കണ്ടാലും പുള്ളി എന്നെ അധിക്ഷേപിച്ചു മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഒരു പുഴുവിന് നല്‍കുന്ന പരിഗണന പോലും ആ മനുഷ്യനെനിക്ക് നല്‍കിയിരുന്നില്ല. പക്ഷെ എന്നിട്ടും എനിക്കയാളെ വെറുക്കാന്‍ കഴിഞ്ഞില്ല.. എന്താണെന്നറിയില്ല.. അയാളുടെ ആ തല തിരിഞ്ഞ പെരുമാറ്റം കൊണ്ടാണോ അതോ മറ്റുവല്ലതും കാരണമാണോ എന്നും അറിയില്ല.. അയാളോട് ഒരിഷ്ടം മനസ്സില്‍ എവിടെയോ തോന്നിപ്പോയി.. അത്രേയുള്ളൂ…” ഡോണ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. നീ ആരെയാകും കല്യാണം കഴിക്കുക എന്ന്. കാരണം നിന്റെ സ്വഭാവവും ജീവിതരീതികളും എനിക്ക് നന്നായി അറിയാമല്ലോ. കോടീശ്വരനായ അപ്പന്റെ ആഡംബര കാറുകള്‍ വേണ്ടെന്ന് വച്ച് തുരുമ്പെടുത്ത ഒരു പഴയ കാറില്‍ സഞ്ചരിക്കുന്ന നിന്റെ ലാളിത്യം..നിന്റെ സാമൂഹിക പ്രതിബദ്ധത..നീതിക്ക് വേണ്ടിയുള്ള പോരാട്ടം..നിഷ്കളങ്ക സ്നേഹം തുടങ്ങിയവ ഒക്കെ മനസിലാക്കാനും, അത് ഉള്‍ക്കൊണ്ട് നില്‍ക്കാനും കഴിവും ഭാഗ്യവുമുള്ള ആ വ്യക്തി ആരായിരിക്കും എന്ന് ഞാന്‍ പലവുരു ആലോചിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നു..ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പൌലോസില്‍ ഉണ്ടെന്ന്..അയാളും നിന്നെപ്പോലെ പണമുള്ള ഒരു വീട്ടിലെ അംഗമാണ്. സോഷ്യല്‍ സര്‍വീസ് എന്ന ഏക ലക്ഷ്യത്തിനു വേണ്ടി പോലീസ് ആയതാണ് അയാള്‍..” ഡോണ അത്ഭുതത്തോടെ അവളെ നോക്കി. “തല്‍ക്കാലം നീ എന്നോട് പറഞ്ഞതിരിക്കട്ടെ..വേറെ ആരോടും ഇത് പറയണ്ട… അവള്‍ എസിപി കസേരയില്‍ ഇരുന്നുകൊണ്ട് മാമാപ്പണി ചെയ്യുന്നു” “ദേ ഞാന്‍ ഒരൊറ്റ ഇടി തരും കേട്ടോ..” ഇന്ദുലേഖ കൈ ചുരുട്ടി. “യ്യോ വേണ്ട..മോള്‍ടെ കൈ വേദനിക്കും. ഞാന്‍ പോട്ടെ..തല്‍ക്കാലം പൌലോസ് സാറിന്റെ ഇന്നത്തെ പരാക്രമങ്ങള്‍ ഒന്ന് എയര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കട്ടെ”

“ഇടയ്ക്ക് എന്റെ പേരും കൂടി ഒന്ന് കേറ്റി വിട്ടേക്കണേ” “അതിനു നീ വേറെ ചിലവ് ചെയ്യേണ്ടി വരും..ചുളുവില്‍ പേരെടുക്കാന്‍ നടക്കുന്ന ഒരു എസിപി..” “അത് ശരി..നീ ഇനിയിങ്ങു വാ വാര്‍ത്ത വേണമെന്നും പറഞ്ഞ്..അപ്പൊ കാണിച്ചുതരാം ഞാന്‍” ഡോണ ചിരിച്ചു; ഇന്ദുലേഖയും. അല്‍പനേരം കൂടി സംസാരിച്ചിരുന്ന ശേഷം അവള്‍ യാത്ര പറഞ്ഞിറങ്ങി. “സര്‍” ഒരു പോലീസുകാരന്‍ ഉള്ളിലെത്തി പൌലോസിനെ സല്യൂട്ട് ചെയ്തു. “അവനെ കിട്ടിയോ?” “ഇല്ല സാറേ. അവന്‍ മുങ്ങിയിരിക്കുകയാണ്. എപ്പോള്‍ വന്നാലും ഇവിടെത്തിക്കോണം എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. പിന്നെ അവന്റെ ചില സ്ഥിരം താവളങ്ങളുടെ ലിസ്റ്റ് ഞങ്ങള്‍ തിരക്കി അറിഞ്ഞിട്ടുണ്ട് സര്‍. ദാ..” അയാള്‍ ഒരു വെള്ളക്കടലാസില്‍ എഴുതിയ ചില വിവരങ്ങള്‍ പൌലോസിനു നല്‍കി. അയാള്‍ അതിലേക്ക് അല്‍പ്പനേരം നോക്കിയിരുന്നു. “പകല്‍ ഇവന്‍ ഇവിടെയെങ്ങും കാണാന്‍ ചാന്‍സില്ല. നമുക്ക് രാത്രി ഒന്ന് കറങ്ങണം. യൂണിഫോമില്‍ വേണ്ട; മഫ്തിയില്‍ മതി” “ശരി സര്‍” പൌലോസ് ലിസ്റ്റുമായി കസേരയിലേക്ക് ചാരി. പുറത്ത് ഒരു ബഹളം കേട്ട് എസിപി ഇന്ദുലേഖ ഇന്റര്‍കോം എടുത്തു. ആരോ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. “എന്താണവിടെ?” ഇന്ദുലേഖ ഫോണിലൂടെ ചോദിച്ചു. “മാഡം കുറെ പത്രക്കാരാണ്‌. അവര് എബിയെ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധം നടത്തുകയാണ്. മീഡിയ യൂണിയന്‍ നേതാക്കള്‍ ഒക്കെയുണ്ട്” “പ്രശ്നം ഉണ്ടാക്കാതെ പിരിഞ്ഞു പോകാന്‍ പറഞ്ഞില്ലേ?” “പറഞ്ഞു മാഡം. പക്ഷെ അവര്‍ ആളെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം എന്നാണവരുടെ ഡിമാന്റ്” “ഒക്കെ..നേതാക്കളില്‍ ഒന്നോ രണ്ടോ പേരെ ഇങ്ങോട്ട് പറഞ്ഞുവിട്” അവര്‍ ഫോണ്‍ വച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ രണ്ട് നേതാക്കള്‍ ഉള്ളിലെത്തി കൈകള്‍ കൂപ്പി. “ഇരിക്ക്” ഇന്ദുലേഖ പറഞ്ഞു. “ഇരിക്കാന്‍ വന്നതല്ല മാഡം. ഞങ്ങള്‍ക്ക് നീതി കിട്ടണം. അകാരണമായി ഞങ്ങളില്‍ ഒരാളെ മര്‍ദ്ദിച്ച എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം” അവര്‍ ആവശ്യപ്പെട്ടു. ഇന്ദുലേഖ ഉള്ളില്‍ ചിരിച്ചു. നടന്നത് പോലെ തന്നെ എന്നവര്‍ മനസ്സില്‍ പറഞ്ഞു. “അയാളെ പൌലോസ് മര്‍ദ്ദിക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടോ?” ഇന്ദുലേഖ ചോദിച്ചു. “ഞങ്ങള് കണ്ടില്ല. പക്ഷെ അയാളെ ഞങ്ങള്‍ എന്തിന് അവിശ്വസിക്കണം?” “നോക്ക്..സംഭവത്തിന് ഞാന്‍ ദൃക്സാക്ഷി ആണ്. എബി അകാരണമായി പൌലോസിനോട്‌ വളരെ മോശമായ ഭാഷയില്‍ സംസാരിച്ചപ്പോള്‍ പൌലോസ് അയാളെ ഇറക്കിവിട്ടു. അത്രയേ നടന്നിട്ടുള്ളൂ” “നോ. നിങ്ങള്‍ മീഡിയയ്ക്ക് ന്യൂസ് നല്‍കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടതാണ്. കാരണം എബി ഒരു വാര്‍ത്തയ്ക്ക് പിന്നാലെ കൂടിയാല്‍ അയാള്‍ അത് എങ്ങനെയും സാധിക്കുന്ന സ്വഭാവക്കാരനാണ് എന്ന് നിങ്ങള്‍ക്കറിയാം” “മണ്ടത്തരം പറയല്ലേ ബ്രദര്‍. ഞങ്ങള്‍ക്കിവിടെ ഒളിക്കാന്‍ ഒന്നുമില്ല. എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണയും ഇവിടെ വന്നിരുന്നു. അവരുടെ ചാനലില്‍ ഈ വാര്‍ത്ത ഇന്ന് വരികയും ചെയ്യും. സൊ വാട്ട് ഈസ് യുവര്‍ പോയിന്റ്? നിങ്ങള്‍ വെറുതെ ടൈം വേസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകണം” അവര്‍ പരസ്പരം നോക്കി.

“എവര്‍ഗ്രീന്‍ ചാനലിനു ന്യൂസ് നല്‍കി എന്നത് ശരിയാണോ?” “നിങ്ങള്‍ക്ക് ഡോണയെ വിളിച്ചു ചോദിക്കാം. അതല്ലെങ്കില്‍ ഇന്നത്തെ ന്യൂസ് നോക്കിയാലും മതി” “ശരി..മാഡം പറഞ്ഞത് ശരിയാണെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു” “നോ പ്രോബ്ലം. പക്ഷെ എന്തെങ്കിലും കേട്ടാല്‍ അതിന്റെ നിജസ്ഥിതി അറിയാതെ ചാടി പുറപ്പെടരുത്” “ശരി മാഡം.” അവര്‍ തിരികെപ്പോയി. പുറത്ത് മുദ്രാവാക്യം വിളികള്‍ നിലച്ചു. പക്ഷെ വീണ്ടും ചില ബഹളങ്ങളും സംസാരങ്ങളും ഇന്ദുലേഖ കേട്ടു. ഫോണ്‍ ശബ്ദിച്ചപ്പോള്‍ അവര്‍ എടുത്തു. “മാഡം, ആ എബിക്ക് മാഡത്തെ ഒന്ന് കാണണം എന്ന്” “പറ്റില്ല എന്ന് പറ. അവന്റെ നേതാക്കന്മാരോട് ഞാന്‍ സംസാരിച്ചു കഴിഞ്ഞു” പുറത്ത് ബഹളങ്ങള്‍ അടങ്ങി. അവര്‍ പിരിഞ്ഞുപോയി എന്ന് ഇന്ദുലേഖയ്ക്ക് മനസിലായി. പക്ഷെ പെട്ടെന്ന് എബി ഉള്ളിലേക്ക് അനുമതി എടുക്കാതെ ഓടിക്കയറി വന്നു. അവന്റെ മുഖം കോപം കൊണ്ട് ചുവന്നിരുന്നു. “മാഡം..നിങ്ങള്‍ അവരെ ക്ലീനായി വിഡ്ഢികള്‍ ആക്കി അല്ലെ? എനിക്ക് തരാത്ത ന്യൂസ് അവന്‍ ഡോണയ്ക്ക് നല്‍കി. അതെന്താ അവളൊരു സുന്ദരിയായത് കൊണ്ടാണോ? എനിക്കെല്ലാം അറിയാം. ദാ ഇത് കണ്ടോ? ഇത് നാളെ ജനം കാണും..എബിയോടു കളിയ്ക്കാന്‍ ഒരു പൌലോസും വളര്‍ന്നിട്ടില്ല” തന്റെ ക്യാമറയില്‍ പൌലോസിന്റെ വണ്ടിയില്‍ കൈകള്‍ വച്ചു നില്‍ക്കുന്ന ഡോണയുടെ ചിത്രമാണ് അവന്‍ ഇന്ദുവിനെ കാണിച്ചത്. “നീ പോയി എന്ത് വേണേലും ചെയ്യ്‌. പക്ഷെ ചെയ്യുന്നതിനൊക്കെ ഉത്തരവാദി നീ മാത്രമായിരിക്കും. അതിന്റെ പേരില്‍ പിന്നെ ഒരു പരാതിയുമായി ഇവിടേക്ക് വന്നേക്കരുത്. നൌ ക്ലിയര്‍ ഓഫ്” ഇന്ദുലേഖ ശക്തമായ സ്വരത്തില്‍ പറഞ്ഞു. “മറക്കരുത് മാഡം. ഇന്ത്യ മുഴുവന്‍ വേരുകളുള്ള ഭാരത്‌ ടൈംസിന്റെ സ്റ്റാര്‍ റിപ്പോര്‍ട്ടറോടാ നിങ്ങള്‍ സംസാരിക്കുന്നത്. ഓര്‍ത്തോ” അവന്‍ വെട്ടിത്തിരിഞ്ഞു വെളിയിലേക്ക് പോയി.

Comments:

No comments!

Please sign up or log in to post a comment!