മൃഗം 30

“എടൊ വര്‍ഗീസേ” കമ്മീഷണര്‍ വിളിച്ചു. വര്‍ഗീസ്‌ എത്തി സല്യൂട്ട് നല്‍കിക്കൊണ്ട് ഉത്തരവിനായി കാത്തു നിന്നു. “ഇവനെ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കൊണ്ടുപോ..” “സര്‍” വര്‍ഗീസ്‌ സല്യൂട്ട് നല്‍കിയ ശേഷം നേരെ വാസുവിന്റെ അടുത്തേക്ക് ചെന്നു. “സാറ് പറഞ്ഞത് കേട്ടില്ലേ..വാടാ..” അയാള്‍ അവനെ വിളിച്ചു. ഡോണ വേഗം മുന്‍പിലേക്ക് വന്ന് അയാള്‍ക്കും വാസുവിനും ഇടയില്‍ നിലയുറപ്പിച്ച് അയാളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി. “എന്താണ് കാരണം?” അവള്‍ തിരക്കി. “കാരണം സാറിനോട് ചോദിക്കണം..മര്യാദയ്ക്ക് വാടാ” വര്‍ഗീസിന്റെ സ്വരം കടുത്തു. “നോ..വാസൂ..നീ പോകരുത്. എന്താണ് കാര്യം എന്നറിയാതെ നിന്നെ ആരും ചോദ്യം ചെയ്യാന്‍ പോകുന്നില്ല..” കമ്മീഷണറെ നോക്കിയാണ് അവളത് പറഞ്ഞത്. ഇന്ദുവിന്റെ ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി വിടര്‍ന്നു. “ഡോണ പുന്നൂസ്…അല്ലെ? ഇത് ടിവി സ്റ്റേഷന്‍ അല്ല..കൃത്യനിര്‍വ്വഹണത്തിനു വിഘാതം ഉണ്ടാക്കിയാല്‍, നിങ്ങളും അകത്താകും” ചാണ്ടി അവളെ നോക്കി അലസമായി പറഞ്ഞു. ഡോണ നേരെ അയാളുടെ മുന്‍പിലെത്തി തന്റെ ഐഡി പുറത്തെടുത്തു. “സാറിന് എന്നെ അറിയാമെന്ന് മനസിലായി; എങ്കിലും പറയുന്നു..യെസ്..അയാം ഡോണ പുന്നൂസ്. എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍..നിങ്ങള്‍ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആള്‍ എന്റെ എമ്പ്ലോയി ആണ്..എന്ത് കാരണത്തിന്റെ പേരിലാണ് അയാളെ നിങ്ങള്‍ ചോദ്യം ചെയ്യാന്‍ പോകുന്നത് എന്നറിയാനുള്ള അവകാശം എനിക്കും അയാള്‍ക്കും ഉണ്ട്. താങ്കള്‍ അത് പറയും..” അവള്‍ കൂസലില്ലാതെ ചാണ്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു. “കൊച്ച് ഭീഷണി മുഴക്കുകയാണോ?”

“നോ സര്‍. ഒരാളെ പോലീസ് പിടികൂടിയാല്‍ അത് എന്തിനാണ് എന്നറിയാന്‍ അയാള്‍ക്ക് അവകാശമില്ലേ? അതോ നിങ്ങള്‍ കണ്ണില്‍ കാണുന്ന ആരെയും പിടിച്ച് അകത്തിടുമോ തോന്നുന്നത് പോലെ? കുറച്ചൊക്കെ നിയമം എനിക്കും അറിയാം സര്‍” “എനിവേ..ഇനി പറഞ്ഞില്ല എന്ന് വേണ്ട. കബീര്‍ ഇബ്രാഹിം റാവുത്തര്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കിവനെ ചോദ്യം ചെയ്യണം” ചാണ്ടി പറഞ്ഞു. “അത് ആത്മഹത്യ അല്ലെ? അതിന് ഇവനെങ്ങനെ ഉത്തരവാദി ആകും?” “ആത്മഹത്യ ആണോ കൊലയാണോ എന്നൊക്കെ ഞങ്ങള് തീരുമാനിക്കും. കൊല്ലപ്പെട്ട ആളിന്റെ വാപ്പയ്ക്ക് ഇവനെ സംശയം ഉണ്ട്. അയാളാണ് ഇവന്റെ പേര് ഞങ്ങളോട് പറഞ്ഞതും. അല്ലാതെ രാത്രി ഞാന്‍ സ്വപ്നം കണ്ടു മനസിലാക്കിയതല്ല… ഇവന്‍ അവരുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയതും എയര്‍പോര്‍ട്ടിലേക്ക് പോയ അവനെ തടഞ്ഞു കേസില്‍ കുടുക്കിയതും ഒക്കെ ഞാന്‍ അയാളില്‍ നിന്നും അറിഞ്ഞു.

.അതൊക്കെ കേട്ടതോടെ അവന്റെ മരണം ആത്മഹത്യ അല്ല എന്നാണ് ഇപ്പോള്‍ ഞങ്ങളുടെ നിഗമനം..ഉം..മതിയായല്ലോ..വര്‍ഗീസ്‌ ടേക്ക് ഹിം..” ചാണ്ടി രൂക്ഷമായി ഡോണയെ നോക്കിയ ശേഷം ഉള്ളിലേക്ക് പോയി. അവള്‍ വേഗം വാസുവിന്റെ അരികിലെത്തി. “വാസൂ..നീ പേടിക്കണ്ട. നിന്നോട് അയാള്‍ എന്തെങ്കിലും ചോദിച്ചാല്‍ നീ സത്യം അതേപോലെ പറഞ്ഞോ. എനിക്ക് വേണ്ടിയാണ് നീ എല്ലാം ചെയ്തത് എന്ന് തുറന്നു പറഞ്ഞോണം..ഉത്തരം മുട്ടി ഒരിക്കലും ഇരിക്കരുത്” അവള്‍ അവന്റെ കാതില്‍ മന്ത്രിച്ചു. വാസു തലയട്ടിയ ശേഷം വര്‍ഗീസിന്റെ കൂടെ ഉള്ളിലേക്ക് കയറി. ഇന്ദു അവളെ നോക്കി കണ്ണ് കാണിച്ച ശേഷം ഉള്ളിലേക്ക് പോയി. ഡോണ വേഗം കമ്മീഷണര്‍ ഓഫീസിനു പുറത്തിറങ്ങി പൌലോസിന്റെ നമ്പര്‍ ഡയല്‍ ചെയ്ത് നടന്ന കാര്യങ്ങള്‍ അയാളെ അറിയിച്ചു. ഉടനെത്താം എന്ന് പൌലോസ് പറഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ കട്ട് ചെയ്തിട്ട് വീണ്ടും ഓഫീസ് കോമ്പൌണ്ടില്‍ കയറി പുറത്ത് വരാന്തയില്‍ ഇരുന്നു. പോലീസുകാര്‍ അവളെ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അവളെ ചാനലില്‍ കണ്ടു പരിചയം ഉള്ളവര്‍ ആയിരുന്നു എല്ലാവരും. “മാഡം..ഉള്ളില്‍ ഇരിക്കാം..കസേര ഉണ്ട്”

വെറും വരാന്തയില്‍ തറയില്‍ ഇരുന്ന അവളോട്‌ ഒരു പോലീസുകാരന്‍ പറഞ്ഞു. “താങ്ക്സ്..വേണ്ട..ഞാന്‍ ഇവിടെത്തന്നെ ഇരുന്നോളാം..” ഡോണ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. “മാഡം കുടിക്കാന്‍ ചായയോ മറ്റോ” അയാള്‍ വീണ്ടും തിരക്കി. “ഒന്നും വേണ്ട..വളരെ നന്ദി..” ഡോണ അയാളെ നോക്കി പുഞ്ചിരിച്ചു. ഇന്ദുലേഖ ഉള്‍പ്പടെ ഉള്ള ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂട്ടി കമ്മീഷണര്‍ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കയറി. വാസു അവര്‍ക്കെതിരെ കസേരയില്‍ ഇരുന്നു. “വാസു..അല്ലെ?” ചാണ്ടി ഇരിക്കാതെ അവന് ചുറ്റും നടന്നുകൊണ്ട് ചോദ്യങ്ങള്‍ ആരംഭിച്ചു. “അതെ സാര്‍” “കബീറും നീയുമായി എന്തായിരുന്നു ശത്രുതയ്ക്ക് കാരണം?” “എനിക്ക് അയാളോട് ശത്രുത ഒന്നുമില്ലായിരുന്നു സാര്‍” “പിന്നെ നീ റാവുത്തരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്തിനാണ്?” “കബീറിനെ കാണാന്‍ ചെന്നതാണ് ഞാന്‍…അതിക്രമിച്ചല്ല കയറിയത്..സന്ധ്യക്ക് എല്ലാവരും ഉള്ളപ്പോള്‍ സാധാരണ പോലെ തന്നെയാണ് ചെന്നത്” വാസു ഭയമില്ലാതെ പറഞ്ഞു. “നീ വീട്ടില്‍ കയറി അക്രമം കാണിച്ചില്ലേ?” “ഞാനല്ല..അവരാണ് കാണിച്ചത്..എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ചെറുത്തു നിന്നു..” “ഹും..എന്തിനാടാ വെറുതെ അവര് നിന്നെ ഉപദ്രവിക്കുന്നത്? നീ അവിടെ കയറി എന്തോ പോക്രിത്തരം കാണിച്ചതുകൊണ്ടല്ലേ അത് സംഭവിച്ചത്….” “സാറേ.
.ഉള്ള കാര്യം പറയാം..ഡോണ എന്റെ ബോസ് ആണ്. മുംതാസ് എന്ന അവളുടെ കൂട്ടുകാരിയെ കബീര്‍ പ്രേമിച്ചു ചതിച്ച് ഗര്‍ഭിണിയാക്കി. തുടര്‍ന്ന് അവളെ ഒഴിവാക്കാന്‍ വേണ്ടി അവനവളെ കൊട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്യിച്ചു..അതിന്റെ വിഷമത്തില്‍ അവള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കേസ് പോലീസ് അന്വേഷിച്ചെങ്കിലും കൃത്യം നടത്തിയവര്‍ ഇടപെട്ട് അവരുടെ ഒരു കൂലി തൊഴിലാളിയെ പ്രതിയാക്കി കേസ് തീര്‍പ്പാക്കി. ശിക്ഷിക്കപ്പെടെണ്ട കബീറും കൊച്ചിയിലെ അധോലോകം നിയന്ത്രിക്കുന്ന അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയിലെ മൂന്നുപേരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടത് കൊണ്ട്,

അവരെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കാന്‍ ഡോണ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ അവിടെ അന്ന് പോയത്…” വാസു കാര്യം വിശദീകരിച്ചു. ചാണ്ടിയുടെ മുഖം വലിഞ്ഞു മുറുകുന്നത് ഇന്ദു ശ്രദ്ധിച്ചു. അയാള്‍ അല്‍പ്പനേരം ഒന്നും മിണ്ടാതെ നടന്ന ശേഷം കസേര നീക്കി അവന്റെ മുന്‍പില്‍ ഇരുന്നു. “ഈ കഥ നീ തനിയെ ഇപ്പോള്‍ ആലോചിച്ച് ഉണ്ടാക്കിയതാണോ അതോ മുന്‍‌കൂര്‍ തയാറാക്കി വച്ചിരുന്നതോ?” അയാള്‍ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. “ഞാന്‍ പറഞ്ഞത് സത്യമാണ്. സാറിന് കൂടുതല്‍ വിവരം അറിയണമെങ്കില്‍ ഡോണയോട് തന്നെ ചോദിക്കാം.” “പോലീസ് തീര്‍പ്പാക്കിയ കേസ് അന്വേഷിക്കാന്‍ അവള്‍ ആരാടാ? നിനക്ക് ആരാണ് അതില്‍ സഹകരിക്കാന്‍ അനുമതി നല്‍കിയത്?” ചാണ്ടി കോപത്തോടെ ചോദിച്ചു. “ഞാന്‍ ഡോണയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണ്‌. എന്നോട് പറയുന്ന പണി ഞാന്‍ ചെയ്യും….” “എന്തിനാണ് നീ കബീറിനെ കൊന്നത്…” “സാറ് തമാശ പറയുകയാണോ?” “കഴുവര്‍ടമോനെ..മര്യാദയ്ക്ക് ചോദിച്ചതിനു മറുപടി താടാ…” “സാറെ..എനിക്ക് ഇന്നത്തെ ദിവസം വരെ പോലീസുകാരോട് ഒരു ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു..സാറായിട്ട് അതില്ലാതാക്കരുത്..മാന്യമായി സംസാരിക്കണം..ഞാന്‍ ആരെയെങ്കിലും കൊന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍, അതിന്റെ തെളിവ് ഹാജാരാക്കി എന്നെ അറസ്റ്റ് ചെയ്യാം..” വാസു കൂസലില്ലാതെ പറഞ്ഞപ്പോള്‍ ഇന്ദുലേഖ അറിയാതെ കൈയടിച്ചു പോയി. ചാണ്ടി കോപത്തോടെ അവളെ നോക്കിയപ്പോള്‍ ഇന്ദു ചെറുതായി ഒന്ന് ചമ്മി. “ഇന്ദു..ബീഹേവ് യുവെഴ്സെല്‍ഫ്..” ചാണ്ടി ഈര്‍ഷ്യയോടെ അവളെ നോക്കി പറഞ്ഞു. പിന്നെ അയാള്‍ വീണ്ടും വാസുവിന് നേരെ തിരിഞ്ഞു. “നീ എന്നെ നിയമം പഠിപ്പിക്കുകയാണോ? നീയാണ് അവന്റെ കൊലയ്ക്ക് പിന്നില്‍ എന്ന് അവന്റെ വാപ്പയ്ക്ക് സംശയം ഉണ്ട്…അതുമതി ഞങ്ങള്‍ക്ക് നിന്നെ തൂക്കി അകത്തിടാന്‍…” “സാറേ.
.ഞാന്‍ ആരെയും കൊന്നിട്ടില്ല..കബീറിനെ നിയമത്തിന്റെ കൈകളില്‍ എത്തിക്കുക എന്നത് മാത്രമാണ് ഡോണ ആഗ്രഹിച്ചത്.. അത് കൊലപാതകമാണ് എന്ന് സാറിന് തോന്നുന്നുണ്ട് എങ്കില്‍ അവന്‍ പിടിക്കപ്പെടും എന്ന് ഭയമുള്ള ആരോ ആണ് അവനെ കൊല്ലിച്ചത്..അവന്‍ പിടിയിലായാല്‍ ഒപ്പം ജയിലില്‍ പോകാന്‍ സാധ്യതയുള്ള ആരോ….” “കബീര്‍ കൊല്ലപ്പെട്ട രാത്രി നീ എവിടെയായിരുന്നു?” “എന്റെ വീട്ടില്‍..” “നീ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ്?” “ഞാന്‍ അവിടെ ഇല്ലായിരുന്നു എന്നതിന്റെ തെളിവ് സാറിന്റെ കൈയില്‍ ഉണ്ടോ? തെളിവ് ഉണ്ടാക്കി വച്ചിട്ടാണോ സര്‍ ഒരാള്‍ വീട്ടില്‍ താമസിക്കുന്നത്?” ചാണ്ടി അവന്റെ കണ്ണിലേക്ക് നോക്കി. സാധാരണ വിരട്ടല്‍ കൊണ്ട് അവന്‍ ഭയക്കില്ല എന്നയാള്‍ക്ക് മനസിലായി.

ഇവനെ കുടുക്കണം എങ്കില്‍ തന്റെ പക്കല്‍ വല്ലതും വേണം. ഇല്ലെങ്കില്‍ പണി കിട്ടുന്നത് തനിക്ക് തന്നെ ആയിരിക്കും. അവനല്ല കൊല ചെയ്തത് എന്ന് തനിക്ക് നന്നായി അറിയാം. എന്തായാലും ഇവനെതിരെ വല്ല തെളിവും ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഡെവിള്‍സിനെ കണ്ടു സംസാരിച്ചു നോക്കാം. തെളിവില്ലാതെ കേസ് എടുത്താല്‍ ആ ചാനലുകാരി പെണ്ണ് തന്നെ വലിച്ചു കീറി ഒട്ടിക്കും. വേണ്ട..മെല്ലെ മതി. അയാള്‍ മനസ്സില്‍ കണക്ക്കൂട്ടി. “നീ ആള് കൊള്ളാമല്ലോ? നീ എന്തിനാണ് കബീറിനെ എയര്‍പോര്‍ട്ട് റോഡില്‍ വച്ചു തടഞ്ഞത്?” “അത് പൌലോസ് സാറ് പറഞ്ഞിട്ടാണ്. അവന്റെ പോക്ക് മുടക്കാന്‍ വേണ്ടി…” “പൌലോസ്..ഇന്ദൂ..ഐ വാണ്ട് ഹിം ഹിയര്‍ നൌ…” ചാണ്ടി ഇന്ദുവിനെ നോക്കി പറഞ്ഞു. “സര്‍..” ഇന്ദു മൊബൈല്‍ എടുത്തുകൊണ്ട് പറഞ്ഞു. “തല്ക്കാലം നീ പൊക്കോ..നിനക്ക് അതില്‍ പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ നിന്നെ ഞാന്‍ ഇരുപത്തിനാല് മണിക്കൂറിനകം പൊക്കിയിരിക്കും..വിത്ത് എവിഡന്‍സ്…ഉം..” ചാണ്ടി പോകാന്‍ ആംഗ്യം കാണിച്ചു. വാസു ഓഫീസര്‍മാരെ നോക്കി കൈ കൂപ്പിയ ശേഷം പുറത്തേക്ക് ഇറങ്ങി. ഡോണ അവിടെ ആശങ്കയോടെ ഇരുപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോള്‍ അവള്‍ ആശ്വാസത്തോടെ ഓടിച്ചെന്നു. “എന്തായെടാ?” അവള്‍ ചോദിച്ചു. “എന്താകാന്‍..ഞാന്‍ ഉള്ള കാര്യം പറഞ്ഞു. തെളിവ് ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്തോളാനും പറഞ്ഞു..ഇരുപത്തിനാല് മണിക്കൂര്‍ സമയം എനിക്കയാള്‍ തന്നിരിക്കുകയാണ്. അതിനകം തെളിവ് കിട്ടിയാല്‍ എന്നെ പൊക്കുമത്രേ..” “ഹും..അയാള്‍ വല്ല കള്ളത്തെളിവും ഉണ്ടാക്കാന്‍ ഇടയുണ്ട്..നമ്മള്‍ സൂക്ഷിക്കണം..ഇച്ചായനെ ഞാന്‍ വിളിച്ചിട്ടുണ്ട്..ഇപ്പോള്‍ എത്തും..” “സാറിനെ കമ്മീഷണറും വിളിപ്പിച്ചിട്ടുണ്ട്..
” “എന്തിന്?” “അന്ന് എയര്‍പോര്‍ട്ട് റോഡില്‍ വച്ചു കബീറിനെ ഞാന്‍ തടഞ്ഞത് സാറ് പറഞ്ഞിട്ടാണ് എന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ വിളിക്കാന്‍ പറഞ്ഞു..” അവര്‍ സംസാരിച്ചു നില്‍ക്കെ പൌലോസിന്റെ ബുള്ളറ്റ് അവിടെത്തി ബ്രേക്കിട്ടു. അയാള്‍ ഇറങ്ങി അവരുടെ അടുത്തെത്തി. “എന്തായി വാസു? കമ്മീഷണര്‍ എന്ത് പറഞ്ഞു?” പൌലോസ് ചോദിച്ചു. വാസു നടന്ന കാര്യങ്ങള്‍ അതേപോലെ അയാളെ ധരിപ്പിച്ചു. “ഓകെ..എന്നെ വിളിപ്പിച്ചിട്ടുണ്ട്..ഞാനൊന്നു കണ്ടിട്ട് വരാം….” പൌലോസ് അങ്ങനെ പറഞ്ഞിട്ട് നേരെ ഓഫീസിലേക്ക് കയറി. അയാള്‍ ചെല്ലുമ്പോള്‍ ചാണ്ടി തന്റെ ഓഫീസില്‍ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു. “സര്‍” പൌലോസ് സല്യൂട്ട് നല്‍കി. “ഇരിക്ക്” ചാണ്ടി പറഞ്ഞു. എന്നിട്ട് ഒരു റോത്ത്മാന്‍സ് സിഗരറ്റിനു തീ കൊളുത്തി രണ്ടു കവിള്‍ പുക വലിച്ചൂതി വിട്ടു. “കബീറിന്റെ മരണം..അതുമായി ബന്ധപ്പെട്ട് വാസു എന്നൊരുത്തനെ അവന്റെ വാപ്പയ്ക്ക് സംശയമുണ്ട്..ഞാനവനെ ചെറുതായി ഒന്നു ചോദ്യം ചെയ്ത് വിട്ടു. താനും അവനും തമ്മില്‍ എന്തൊക്കെയോ ഇടപാടുകള്‍ ഉള്ളതായി ഞാനറിഞ്ഞല്ലോ..എന്താണത്?” കമ്മീഷണര്‍ ചോദിച്ചു.

“അവന്‍ എന്റെ സുഹൃത്താണ്” “നിങ്ങള്‍ എന്തിനാണ് കബീറിനെ തടയാന്‍ അവനെ എയര്‍പോര്‍ട്ട് റോഡിലേക്ക് അയച്ചത്?” “കബീറിനെ ഒരു കേസില്‍ ഞാന്‍ സംശയിക്കുന്നുണ്ട്..അവന്‍ നാടുവിട്ടാല്‍ പിന്നെ കിട്ടാന്‍ പ്രയാസം ആയതിനാല്‍ എടുത്ത ഒരു മുന്‍കരുതല്‍ മാത്രമായിരുന്നു അത്..” “ഏതു കേസില്‍?” “സര്‍..പോലീസ് അന്വേഷിച്ച് കോടതി വിധി കല്‍പ്പിച്ച ഒരു കേസാണ്..മുംതാസിന്റെ ആത്മഹത്യ. അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളിവിട്ട ക്രിമിനലുകളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ അണ്‍ ഒഫീഷ്യലായി ഞാന്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അന്ന് കബീറിനെ തടഞ്ഞത്” പൌലോസ് പറഞ്ഞു. ചാണ്ടിയുടെ ചുണ്ടുകളില്‍ വികൃതമായ ഒരു ചിരി വിടര്‍ന്നു. “പൌലോസിനു എന്ന് മുതലാണ്‌ പോലീസിലും കോടതിയിലും ഒക്കെ വിശ്വാസം ഇല്ലാതായത്” അയാള്‍ പരിഹാസരൂപേണ ചോദിച്ചു. “എനിക്ക് വിശ്വാസമില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ?” “എങ്കില്‍പ്പിന്നെ തീര്‍പ്പായ ഒരു കേസ് വീണ്ടും അന്വേഷിക്കേണ്ട കാര്യം? എനിക്ക് മുന്‍പിരുന്ന കമ്മീഷണര്‍ നിങ്ങളോട് അത് ആവശ്യപ്പെട്ടിരുന്നോ?” “ഇല്ല..ഇതെന്റെ വ്യക്തിപരമായ തീരുമാനം ആണ്” “നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യാനല്ല സര്‍ക്കാര്‍ ഈ വേഷവും നല്‍കി മാസാമാസം ശമ്പളം തരുന്നത്. ഇഷ്ടം പോലെ കേസുകള്‍ വേറെ ഉള്ളപ്പോള്‍ കോടതി വിധി കല്‍പ്പിച്ച ഒരു കേസിന് പിന്നാലെ ഔദ്യോഗിക സ്ഥാനം ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്?” “സര്‍..നീതിയും ന്യായവും നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ പോലീസ്, കോടതി തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് എന്റെ അറിവ്. അവിടെ തെറ്റുകള്‍ ഒരിക്കലും പറ്റില്ല എന്നൊന്നും ആരും കരുതുന്നില്ല. തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നതല്ലേ അതിന്റെ ശരി?” “എടൊ പൌലോസേ..തന്നെ ഞാന്‍ നിയമം പഠിപ്പിക്കണോ? കോടതി വിധി പുറപ്പെടുവിച്ച് കുറ്റവാളി ശിക്ഷിക്കപ്പെട്ട ഒരു കേസ്, യാതൊരു കാരണവുമില്ലാതെ കുറെ കഥകള്‍ മെനഞ്ഞ് വളച്ചൊടിക്കാന്‍ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തതിന് തനിക്കൊരു സസ്പെന്‍ഷന്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും? നോക്ക്..ഇവിടുത്തെ പുതിയ കമ്മീഷണര്‍ ഞാനാണ്‌..മുന്‍പിരുന്ന ആളിനെ കണ്ടതുപോലെ എന്നെ കണ്ടാല്‍, തലയില്‍ തൊപ്പി കാണില്ല..

ഇനിമേലാല്‍ താന്‍ എന്റെ അനുമതി ഇല്ലാതെ ഏതെങ്കിലും കേസില്‍ ഇടപെട്ടാല്‍, കിട്ടാന്‍ പോകുന്നത് ട്രാന്‍സ്ഫറോ സസ്പെന്‍ഷനോ ആയിരിക്കില്ല, ഡിസ്മിസല്‍ ആയിരിക്കും..ജസ്റ്റ് റിമംബര്‍ ദാറ്റ്..യു മെ ഗോ നൌ…” ചാണ്ടി ഗൌരവത്തോടെ പറഞ്ഞു. “സര്‍..സര്‍ പിന്നൊരു കാര്യം. കബീര്‍ മരിച്ചത് ആത്മഹത്യ മൂലമല്ല, മറിച്ച് കൊലപാതാകം ആണെങ്കില്‍, അതില്‍ വാസുവിന് യാതൊരു പങ്കുമില്ല എന്ന് അങ്ങ് മനസിലാക്കണം. അവന്‍ അത്തരക്കാരന്‍ അല്ല..അത് കൊലയാണ് എങ്കില്‍, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് അറേബ്യന്‍ ഡെവിള്‍സ് ആയിരിക്കും..” “ആരാണ് ഈ ഡെവിള്‍സ്..” ചാണ്ടി ഒന്നും അറിയാത്ത മട്ടില്‍ ചോദിച്ചു. “സര്‍..കബീര്‍ മരിക്കുന്നതിനും രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ്, കുപ്രസിദ്ധ വാടകക്കൊലയാളി ഹരീന്ദര്‍ ദ്വിവേദി കൊച്ചിയില്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ അയാളെ അവിടെ നിന്നും സ്വീകരിച്ച് സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോയത് മുഹമ്മദ്‌ മാലിക്ക് ആണ്; അയാള്‍ ഇവിടെ വന്നത് ചായക്കച്ചവടം ചെയ്യാന്‍ അല്ല എന്നാണ് എന്റെ തോന്നല്‍..” പൌലോസ് തെല്ലു പരിഹാസച്ചുവയോടെ പറഞ്ഞു. ചാണ്ടിയുടെ മുഖത്ത് ചെറിയ ഞെട്ടല്‍ ഉണ്ടായത് പൌലോസ് ശ്രദ്ധിച്ചു. “സീ മിസ്റ്റര്‍ പൌലോസ്..എനിക്ക് നിങ്ങള്‍ പറയുന്നത് മനസിലായിട്ടില്ല..ആരാണ് ഈ മാലിക്ക്? ദ്വിവേദി ഇവിടെ വന്നു എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അത് വേണ്ടപ്പെട്ടവരെ അറിയിച്ചില്ല? അയാളാണ് കബീറിനെ വധിച്ചത് എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്?” “സര്‍..ഒരു കൊലയാളി കൊച്ചിയില്‍ എത്തുക..അതും ഇന്ത്യ കണ്ട ഏറ്റവും അപകടകാരിയായ കൊലയാളി..അയാളെ ഇവിടെ വരുത്തിയത് ഡെവിള്‍സ് ആണ്..അയാള്‍ വന്നു രണ്ടാം ദിനം കബീര്‍ മരിച്ചു..മുംതാസ് കേസില്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് കബീര്‍ ആണ് എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ദ്വിവേദിയുടെ രംഗപ്രവേശം..കബീര്‍ പിടിയില്‍ ആയാല്‍, അവന്‍ നിയോഗിച്ച ആളുകളും അകത്താകും എന്നുറപ്പ്..അപ്പോള്‍ കബീര്‍ ഇല്ലാതായാല്‍ ആര്‍ക്കാണ് സര്‍ ഗുണം? എനിവേ..താങ്ക്സ് സര്‍..ഞാന്‍ പോകുന്നു..” പൌലോസ് എഴുന്നേറ്റ് സല്യൂട്ട് നല്‍കി. ചാണ്ടി മൌനമായി അയാള്‍ പോകുന്നത് നോക്കി ഇരുന്ന ശേഷം കസേരയിലേക്ക് പിന്നോക്കം ചാരി വീണ്ടും ഒരു സിഗരറ്റിനു തിരി കൊളുത്തി. ************* “അതെ ചാണ്ടി സാറെ..അവന്‍ പറഞ്ഞതൊക്കെ ശരിയാണ്. ദ്വിവേദി തന്നെയാണ് കബീറിനെ കൊന്നത്. കൊന്നിട്ട് അയാള്‍ എത്തേണ്ട ഇടത്ത് എപ്പോഴേ എത്തിയും കഴിഞ്ഞു. നിങ്ങളുടെ പോലീസ് തല കുത്തി നിന്നു പരിശോധിച്ചാല്‍പ്പോലും അയാളാണ് അവന്റെ കൊലയ്ക്ക് പിന്നില്‍ എന്ന് കണ്ടുപിടിക്കാന്‍ പോകുന്നില്ല. അതിനുള്ള യാതൊരു തെളിവുകളും അയാള്‍ അവിടെ ബാക്കി വച്ചിട്ടില്ല..കബീര്‍ ഞങ്ങള്‍ക്ക് ഒരു തലവേദന ആയി മാറിയതുകൊണ്ട് അവനെ ഇല്ലാതാക്കേണ്ടി വന്നു..”

സന്ധ്യയ്ക്ക് കായലിന്റെ അരികില്‍, ഒരു ഹൌസ് ബോട്ടില്‍ ഇരുന്നുകൊണ്ട് സ്റ്റാന്‍ലി കമ്മീഷണര്‍ ചാണ്ടിയോട് സംസാരിക്കുകയായിരുന്നു. അര്‍ജ്ജുനും മാലിക്കും അവര്‍ക്കൊപ്പം ബോട്ടില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് നടുവില്‍ ഒരു ബ്ലാക്ക് ലേബല്‍ വിസ്കിയുടെ പകുതി തീര്‍ന്ന കുപ്പിയും ഉണ്ടായിരുന്നു. “പക്ഷെ പൌലോസ് അയാള്‍ വന്ന വിവരം എങ്ങനെ അറിഞ്ഞു? നീയാണ് അയാളെ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു കൊണ്ട് വന്നത് എന്നുവരെ അയാള്‍ എന്നോട് പറഞ്ഞു” ചാണ്ടി മദ്യം നുണഞ്ഞുകൊണ്ട് മാലിക്കിനെ നോക്കി. മൂവരുടെയും മുഖത്തെ ഞെട്ടല്‍ ചാണ്ടി ശ്രദ്ധിച്ചു. “അയാള്‍ അങ്ങനെ പറഞ്ഞോ?” അര്‍ജുന്‍ ആശങ്കയോടെ ചോദിച്ചു. “യെസ്..കബീറിന്റെ കൊലയ്ക്ക് പിന്നില്‍ ദ്വിവേദി ആണ് എന്ന് പൌലോസിനു മനസ്സിലായിക്കഴിഞ്ഞു..അയാള്‍ സാധാരണക്കാരനല്ല..” ചാണ്ടി അലസമായി പറഞ്ഞു. “നമുക്കത് പാര ആകുമോ ചാണ്ടി സാറേ” മാലിക്ക് ചോദിച്ചു. “സിറ്റി പോലീസ് ഫോഴ്സില്‍ നമ്മള്‍ അറിയാത്ത ചില കൂട്ടുകെട്ടുകള്‍ ഉണ്ട്..ആരൊക്കെ ആരുടെയൊക്കെ ചാരന്‍ ആണ് എന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥിതിയില്‍ ആണ് കാര്യങ്ങള്‍. ഇന്ദുലേഖയും പൌലോസും തമ്മില്‍ എന്തോ ഇടപാടുകള്‍ ഉണ്ട്.” ചാണ്ടി പറഞ്ഞു. “ഉണ്ട്..ഡോണയ്ക്ക് സപ്പോര്‍ട്ട് ആണ് അവര്‍ രണ്ടുപേരും. ഒപ്പം വാസുവും അവളുടെ കൂടെ ഉള്ളത് കൊണ്ട് എന്തുമാകാം എന്നൊരു ധാര്‍ഷ്ട്യം അവള്‍ക്കുണ്ട്” സ്റ്റാന്‍ലി പറഞ്ഞു. “ഡോണ മുംതാസ് കേസില്‍ നിങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ഉണ്ടാക്കിക്കഴിഞ്ഞു എന്നാണ് പൌലോസിന്റെ സംസാരത്തില്‍ നിന്നും എനിക്ക് മനസിലായത്. നിങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് അയാളും വാസുവും സംസാരിച്ചത്. കബീറിനെ നിങ്ങള്‍ തക്ക സമയത്ത് ഇല്ലാതാക്കിയത് അവര്‍ക്ക് ചെറിയ ഒരു തിരിച്ചടി ആയിട്ടുണ്ട്‌..പക്ഷെ അത് നിങ്ങള്‍ നടത്തിച്ച കൊലയാണ് എന്ന് തെളിയിക്കാന്‍ അവര്‍ക്കായാല്‍, സംഗതി കൈവിട്ടുപോകും..ഞാന്‍ പറഞ്ഞല്ലോ..എന്നില്‍ നിന്നും പലതും ഇന്ദുലേഖ പൌലോസ് എന്നിവര്‍ ഒളിക്കുന്നുണ്ട്..വേറെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ അവര്‍ക്കൊപ്പം ഉണ്ടെന്നും എനിക്കറിയില്ല..” ചാണ്ടി ആശങ്കയോടെ മൂവരെയും നോക്കി. “ചാണ്ടി സാറേ..സാറ് ഒരുമാതിരി മട്ടില്‍ സംസാരിക്കരുത്. സാറിനെ പണം വലിച്ചെറിഞ്ഞ് ഇങ്ങോട്ട് വരുത്തിയത് മുംതാസ് കേസ് ഇനി മേല്‍ തല പൊക്കാതിരിക്കാന്‍ വേണ്ടി ആണ്. പോലീസിന്റെ സഹായം ഇല്ലാതെ ആ നായിന്റെ മോള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ചിലപ്പോള്‍ ചാനലിലോ മറ്റോ ഒരു ചര്‍ച്ച ആക്കിയേക്കും. കോടതി തീര്‍പ്പാക്കിയ കേസായതിനാല്‍ അതിനു വലിയ പബ്ലിസിറ്റി കിട്ടാന്‍ ചാന്‍സില്ല..എന്നാല്‍ പോലീസിന്റെ സഹായത്തോടെ കേസ് കോടതിയില്‍ റീ ഓപ്പണ്‍ ചെയ്യാന്‍ അവള്‍ക്ക് സാധിച്ചാലാണ് പ്രശ്നം. അതുകൊണ്ട് ഇതില്‍ അവളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സാറ് വേണ്ടപോലെ കൈകാര്യം ചെയ്യണം.

പൌലോസിനെ കൊച്ചിയില്‍ നിന്നും ഉടന്‍ തന്നെ മാറ്റണം..ഇന്ദുലേഖയുടെ കാര്യത്തില്‍ സാറിന് ഞങ്ങളുടെ സഹായം വല്ലതും വേണേല്‍ പറഞ്ഞാല്‍ മതി..” അര്‍ജ്ജുനാണ് അത് പറഞ്ഞത്. “പൌലോസിന്റെ കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്യാം. പക്ഷെ ആദ്യം ആ വാസുവിനെ ഒതുക്കണം. അവനാണ് ഡോണയുടെ ശക്തി. അവന്‍ അവളില്‍ നിന്നും മാറ്റപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്കവളെ കൈകാര്യം ചെയ്യാന്‍ പ്രയാസം കാണില്ല..അതോടെ അവള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന സകല തെളിവുകളും നിങ്ങള്‍ കണ്ടെത്തണം..എന്നിട്ടത് നശിപ്പിക്കണം. ഇല്ലെങ്കില്‍ നാളെ അതിനു വലിയ വില കൊടുക്കേണ്ടി വരും..ഇപ്പോള്‍ കബീര്‍ കേസില്‍ അവന്റെ വാപ്പയ്ക്ക് വാസുവിനെ സംശയം ഉള്ളത് നിങ്ങള്‍ ഭംഗിയായി മുതലെടുത്താല്‍, അവന്‍ മിനിമം പത്തുകൊല്ലം എങ്കിലും അകത്ത് കിടന്നോളും..” ചാണ്ടി മൂവരെയും നോക്കി. “മുതലെടുക്കുക എന്ന് പറഞ്ഞാല്‍..വേറൊരു പ്രശ്നമുണ്ട് സാറേ. കബീറിന്റെ മരണം കൊലപാതകമാണ് എന്ന് പോലീസ് കരുതാന്‍ പാടില്ല. അങ്ങനെ കരുതുന്നത് നാളെ ഞങ്ങള്‍ക്ക് പ്രശ്നം ആയേക്കും. തന്നെയുമല്ല, വാസുവാണ് കൊന്നത് എന്ന് തെളിയിക്കാന്‍ ഒന്നോ രണ്ടോ കള്ളസാക്ഷികളെ ഒപ്പിക്കാന്‍ പറ്റുമെങ്കിലും നല്ലൊരു വക്കീല്‍ വിചാരിച്ചാല്‍ അവന്മാര്‍ കുടുങ്ങും. അതുകൊണ്ട് ഞാന്‍ പറയുന്നത് മറ്റൊന്നാണ്. മുംതാസ് കേസില്‍ ഞങ്ങള്‍ക്കെതിരെ ഉള്ളതുപോലെ, ആത്മഹത്യാപ്രേരണ എന്ന കുറ്റം അവന്റെ മേല്‍ ചെലുത്തുക എന്നതാണ് നല്ലത്. അവനെ അകത്താക്കുകയും ചെയ്യാം ഒപ്പം ഡോണയെ ഞങ്ങള്‍ക്ക് തനിച്ചു കിട്ടുകയും ചെയ്യും. എന്ത് പറയുന്നു?” സ്റ്റാന്‍ലി ചോദിച്ചു. ചാണ്ടി ആലോചയില്‍ ആണ്ടു. മൂവരും മദ്യം നുണഞ്ഞുകൊണ്ട് അയാളെ നോക്കി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ചാണ്ടി മുരടനക്കി. “പക്ഷെ തന്തപ്പടി മോന്റെ മരണം കൊലപാതകമാണ് എന്ന് വാശി പിടിച്ചാല്‍, ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടി വരും. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്താനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്.. അയാളങ്ങനെ പറയുന്നത് കൊണ്ട് അത് നടത്തേണ്ടി വരും” ചാണ്ടി മൂവരെയും മാറിമാറി നോക്കിക്കൊണ്ട്‌ പറഞ്ഞു. “പോസ്റ്റ്മോര്‍ട്ടം ചെയ്താലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മരണകാരണം കഴുത്തില്‍ കയറു മുറുകി സംഭവിച്ചതാണ് എന്ന് തന്നെയേ അതിലും വരൂ. സാറ്..അതൊരു ആത്മഹത്യയായിത്തന്നെ റിക്കോഡ്‌ ആക്കിയാല്‍ മതി. പിന്നെ, കബീര്‍ മരിച്ച രാത്രി വാസു അവിടെ ചെന്ന് ഭീഷണി മുഴക്കിയിരുന്നു എന്ന് ആ കിഴവന്റെയും വീട്ടുകാരുടെയും പക്കല്‍ നിന്നും സാറ് മൊഴി വാങ്ങണം..അതുമതി അവനെ കുരുക്കാന്‍…” അര്‍ജുന്‍ തങ്ങളുടെ തീരുമാനം ചാണ്ടിയെ അറിയിച്ചു. ചാണ്ടി അനുസരണയോടെ അത് മൂളിക്കേട്ടു. ഈ സമയത്ത് ഇന്ദുവിന്റെ വീടിന്റെ മുകളിലെ മുറിയില്‍ പൌലോസും ഡോണയും വാസുവും ഇന്ദുവിന്റെ ഒപ്പം ചര്‍ച്ചയില്‍ ആയിരുന്നു.

“വാസുവിന്റെ തുറന്നുള്ള സംസാരമാണ് അവനെ രക്ഷിച്ചത്. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്തോളാന്‍ ഇവന്‍ പറഞ്ഞപ്പോള്‍ കമ്മീഷണര്‍ക്ക് ഉത്തരം മുട്ടിപ്പോയി. പക്ഷെ വാസു, നീ സൂക്ഷിക്കണം. അയാള്‍ കുറുക്കനെക്കാള്‍ സൂത്രശാലിയും കടുവയെക്കാള്‍ അപകടകാരിയുമാണ്. നിനക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കി നിന്നെ ഉള്ളിലാക്കുകയായിരിക്കും അയാളുടെ ലക്‌ഷ്യം..ഇന്‍ ഫാക്റ്റ് അയാളുടെയല്ല ഡെവിള്‍സിന്റെ ഉന്നം..” ഇന്ദു മൂവരെയും നോക്കി പറഞ്ഞു. “അതെ ഇന്ദൂ.എനിക്കും അതെ ഭയമാണ്. കബീറിന്റെ വീട്ടില്‍ ഇവന്‍ കയറി ആക്രമണം നടത്തി എന്നതിന്റെ പരാതി പോലീസ് റിക്കോഡില്‍ ഉണ്ട്. അതേപോലെ തന്നെ എയര്‍പോര്‍ട്ട് സംഭവവും. അതുരണ്ടും പക്ഷെ കബീറിന്റെ മരണവുമായി ബന്ധപ്പെടുത്താന്‍ അനുബന്ധ തെളിവുകള്‍ ആവശ്യമാണ്. അത് അവര്‍ ഉണ്ടാക്കുമോ?” ഡോണ ആശങ്കയോടെ ചോദിച്ചു. “ഉണ്ടാക്കും. ഉറപ്പാണ്..കമ്മീഷണര്‍ ഡെവിള്‍സിന്റെ ആളായത് കൊണ്ട് ഇവനെ കുടുക്കാന്‍ കിട്ടിയ അവസരം അയാള്‍ കളഞ്ഞു കുളിക്കില്ല. ആ മണ്ടന്‍ റാവുത്തര്‍ക്ക് ബുദ്ധി ഇല്ലാതെ പോയതിന്റെ കുഴപ്പമാണ്. ഡോണ..ഞാന്‍ കരുതുന്നത് നമ്മള്‍ അയാളെ ചെന്നൊന്നു കാണണം എന്നാണ്..കബീറിന്റെ പിന്നാലെ വാസു എന്തിനാണ് ചെന്നത് എന്ന് മനസിലാക്കിയാല്‍ ഒരുപക്ഷെ അയാള്‍ അവനല്ല അവന്റെ മരണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞാലോ” പൌലോസ് ഡോണയെ നോക്കി ചോദിച്ചു. “ഒരു ഗുണവും ഉണ്ടാകില്ല പൌലോസ്..” ഒരു പുഞ്ചിരിയോടെ ഇന്ദു തുടര്‍ന്നു: “അയാള്‍ മകന്റെ മരണത്തില്‍ ആകെ മനസ് കൈമോശം വന്ന സ്ഥിതിയിലാണ്. ഈ സീനൊക്കെ ഒന്ന്‍ ആറി തണുക്കാതെ അയാളെ കണ്ടിട്ട് ഗുണമില്ല. നാളെ കബീറിന്റെ ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യും. അത് കഴിഞ്ഞ് അവന്റെ കബറടക്കം കാണും. ഈ സമയത്തൊക്കെ അയാളുടെ ധാരണ വാസുവാണ് അവന്റെ മരണത്തിനു പിന്നില്‍ എന്നാണ്. അവന്റെ മരണത്തിന്റെ ഷോക്ക് ഒക്കെ ഒന്ന് മാറി വന്നാലേ നമ്മളോട് സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയില്‍ അയാള്‍ എത്തൂ..പക്ഷെ അപ്പോഴേക്കും വളരെ വൈകിയിരിക്കും..” അത് കേട്ടതോടെ ഡോണ കടുത്ത ആശങ്കയോടെ വാസുവിനെ നോക്കി. “പേടിക്കണ്ട ഡോണ..എന്നെ അവര്‍ അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്തോട്ടെ. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് നമുക്ക് അറിയാമല്ലോ..അതുകൊണ്ടുതന്നെ എന്നെ ഒന്നും ചെയ്യാനും അവര്‍ക്ക് കഴിയില്ല..ഞാന്‍ പുറത്ത് വരുക തന്നെ ചെയ്യും…” വാസു അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു.

“എങ്കിലും വാസു നീ പിടിയിലാകാതിരിക്കാന്‍ വേണ്ടത് നമ്മള്‍ ചെയ്യണ്ടേ? എന്തായാലും പോലീസ് നിന്നെ തേടി വന്നാല്‍ നീ അവരുടെ കൂടെ പോകുക. രാത്രിയാണ്‌ അവര്‍ വരുന്നതെങ്കില്‍ നീ അവരുടെ കൂടെ പോകരുത്..പകല്‍ മാത്രമേ പോകാവൂ..എപ്പോള്‍ പോയാലും നീ എന്നെ അപ്പോള്‍ത്തന്നെ വിവരം അറിയിക്കണം. ബാക്കി ഞാന്‍ നോക്കിക്കോളാം..” പൌലോസ് വാസുവിനെ നോക്കി പറഞ്ഞു. “എന്താണ് പൌലോസ്? അയാള്‍ ഇവനെ പിടികൂടിയാല്‍ എന്ത് ചെയ്യാനാണ് നിങ്ങളുടെ പരിപാടി..” ഇന്ദു ചോദിച്ചു. “അതൊക്കെ ഉണ്ട് മാഡം..പക്ഷെ അതോടെ എന്റെ ഇവിടുത്തെ സേവനം കമ്മീഷണര്‍ മതിയാക്കനാണ് ചാന്‍സ്..എന്തായാലും ഇവനൊരു പോറല്‍ പോലും ഞാനിവിടെ ഉള്ളിടത്തോളം ഏല്‍ക്കില്ല..അതിനുള്ള മരുന്നൊക്കെ എന്റെ പക്കലുണ്ട്…” പൌലോസ് ചിരിച്ചു. ഡോണ ആശ്വാസത്തോടെ അയാളെ നോക്കി. “ഡോണ..നീ ഉടന്‍ തന്നെ നിന്റെ ചാനല്‍ മുതലാളിയെ കണ്ട് മുംതാസ് വിഷയം സജീവമാക്കാന്‍ വേണ്ടത് ചെയ്യണം..ഇനി അത് വച്ചു താമസിപ്പിച്ചു കൂടാ” ഇന്ദു അവളെ ഓര്‍മ്മപ്പെടുത്തി. “എടി എനിക്ക് ഇപ്പോള്‍ ഇവന്റെ കാര്യം ഓര്‍ത്തിട്ടു യാതൊരു സമാധാനവും ഇല്ല..അയാള്‍ വല്ല കുതന്ത്രവും ഇവനെതിരെ ഒപ്പിക്കുമോ എന്ന ഭയത്തിലാണ് ഞാന്‍..” ഡോണ ആധിയോടെ വാസുവിനെ നോക്കിയാണ് അത് പറഞ്ഞത്. “എന്റെ ഡോണ..നീ എന്നുമുതല്‍ ആണ് ഇങ്ങനെ ഒരു ഭയമുള്ള പെണ്ണായി മാറിയത്..മുന്‍പൊക്കെ നീ എത്ര ധൈര്യശാലി ആയിരുന്നു..പേടിക്കാതെ ഇരിക്കെടി..ഞാനും പൌലോസും ഒക്കെ ഇല്ലേ ഇവിടെ..” “ഇന്ദൂ..എന്റെ ധൈര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല..കമ്മീഷണറോട് ഞാന്‍ സംസാരിച്ചത് നീ കണ്ടതല്ലേ..നീ പറഞ്ഞത് മറ്റൊരു തരത്തില്‍ ശരിയാണ്..മുന്‍പ് ഞാന്‍ ഇത്തരം മാനസികാവസ്ഥ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല..കാരണം അന്ന് എനിക്കിവനെ..എന്റെ അനുജനെ കിട്ടിയിരുന്നില്ല എന്നതാണ്..എന്റെ പപ്പയും മമ്മിയുമല്ലാതെ എന്റെ മനസ്സില്‍ ഇടം നേടിയ ആരും അന്നുണ്ടായിരുന്നില്ല..പക്ഷെ ഇപ്പോള്‍ അതല്ല ഇന്ദൂ എന്റെ സ്ഥിതി..ഇവന്റെ കാര്യത്തില്‍ എനിക്ക് വല്ലാത്ത ആശങ്കയും ആധിയും ഉണ്ട്..” “മാഡം..എനിക്കുമുണ്ട് അതെ ടെന്‍ഷന്‍..വാസുവിനൊരു പോറല്‍ പോലും ഏല്‍ക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല..എനിവേ മാഡം..കബീറിന്റെ മരണം കൊലയാണ് എന്ന് കമ്മീഷണര്‍ സ്ഥിരീകരിക്കും എന്ന് തോന്നുന്നുണ്ടോ?” പൌലോസ് ചോദിച്ചു. “ഇന്നത്തെ സംസാരത്തില്‍ നിന്നും അങ്ങനെയാണ് എനിക്ക് തോന്നിയത്..എന്താ പൌലോസ്?” “അങ്ങനെ അയാള്‍ ചെയ്യാന്‍ ഡെവിള്‍സ് സമ്മതിക്കില്ല എന്നാണ് എന്റെ മനസു പറയുന്നത്. കാരണം ഇതൊരു ആത്മഹത്യ ആയി എഴുതി തള്ളുന്നതാണ് അവര്‍ക്ക് സുരക്ഷിതം..ശരിയല്ലേ?” അയാള്‍ ഇന്ദുവിനെ നോക്കി. “അതെ..പക്ഷെ റാവുത്തര്‍ ശക്തമായ നിലപാട് എടുത്താല്‍ കമ്മീഷണര്‍ക്ക് അന്വേഷണം നടത്തേണ്ടി വരും…”

“അതെ..അങ്ങനെ വന്നാല്‍, ആരായിരിക്കും കേസ് അന്വേഷിക്കുക?” “അത് പറയാന്‍ പറ്റില്ല. എന്റെ ഊഹം ശരിയാണ് എങ്കില്‍, നാളെ പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രത്യേകിച്ച് അസ്വാഭിവകമായി ഒന്നും കിട്ടിയില്ല എങ്കില്‍, സംഭവം ആത്മഹത്യ എന്നെഴുതി തള്ളാന്‍ ആണ് ചാന്‍സ്. ദ്വിവേദി ആയുധങ്ങള്‍ ഉപയോഗിക്കാത്ത ആളായത് കൊണ്ട് അസ്വാഭാവികമായി എന്തെങ്കിലും കിട്ടാന്‍ സാധ്യത കുറവും ആണ്. അങ്ങനെ വരുമ്പോള്‍ കൊലക്കുറ്റം വാസുവിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കാതെ ആത്മഹത്യാപ്രേരണ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നേക്കാം..” ഇന്ദു ആലോചനയോടെ പറഞ്ഞു. “അതെ മാഡം..അങ്ങനെ വരാനാണ് ചാന്‍സ്. പക്ഷെ ഇതൊരു ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണ് എന്ന് നമ്മള്‍ ജനങ്ങളെ അറിയിക്കണം. ജനങ്ങളെ അറിയിക്കുന്നതിനു മുന്‍പ് റാവുത്തരെ തന്നെ ഇത് അറിയിക്കണം. എന്റെ പക്കല്‍ വളരെ ശക്തമായ ഒരു തെളിവുണ്ട്. ഡെവിള്‍സിനും ദ്വിവേദിക്കും മീതെ ഞാന്‍ ചിന്തിച്ചത് കൊണ്ടുമാത്രം എനിക്ക് കിട്ടിയ ഒരു തെളിവ്..അത് പക്ഷെ ഇപ്പോള്‍ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്..കാരണം ഈ കേസിന്റെ പോക്ക് എങ്ങോട്ടാണ് എന്നറിഞ്ഞ ശേഷം മതി അത് പുറത്തെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്..” ഒരു ചെറു ചിരിയോടെ പൌലോസ് പറഞ്ഞു. ഡോണയും വാസുവും ഇന്ദുവും വിടര്‍ന്ന കണ്ണുകളോടെ അയാളെ നോക്കി. “പറ പൌലോസ്..എന്ത് തെളിവാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്?” ഇന്ദു ആകാംക്ഷയോടെ ചോദിച്ചു. “മാഡം..ദ്വിവേദി മാലിക്കിന്റെ ഒപ്പം എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തുടങ്ങിയത് മുതല്‍ എന്റെ ഒരു ചാരന്‍ അയാളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു..ഇരുപത്തിനാല് മണിക്കൂറും..വേറെ ആരുമല്ല..നമ്മുടെ അക്ബര്‍ തന്നെ. വാസുവിന് സെക്യൂരിറ്റി ഇട്ടിരുന്ന അവനെ ഞാന്‍ അതില്‍ നിന്നും മാറ്റി ദ്വിവേദിക്ക് പിന്നാലെ നിയോഗിച്ചു. ശ്രദ്ധക്കുറവ് മൂലം ഒരു അപകടത്തില്‍ ചെന്ന് ചാടിയ വാസു ഇനി അത് ആവര്‍ത്തിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് അവനെ ഞാന്‍ അവിടെ നിന്നും മാറ്റിയത്. അന്നുരാത്രി ദ്വിവേദി സൈക്കിളില്‍ റാവുത്തരുടെ വീട്ടില്‍ എത്തിയതും, മതില്‍ ചാടിക്കടന്ന് അയാള്‍ക്ക് നേരെ കുതിച്ച നായയെ കുരുക്ക് എറിഞ്ഞു പിടിച്ചു കൊന്നതും, പിന്നെ വീട്ടുകാര്‍ പുറത്ത് ഇറങ്ങിയപ്പോള്‍ ഉള്ളിലേക്ക് കയറിയതും എല്ലാം അവന്‍ നേരില്‍ കണ്ടതും ഇരുട്ടില്‍ അത്ര സ്പഷ്ടമല്ലാത്ത വീഡിയോ എടുത്തതും ആണ്. ഉള്ളില്‍ നടന്നതൊന്നും അവന്‍ കണ്ടിട്ടില്ല. പക്ഷെ കൃത്യം നടത്തിയിട്ട് ദ്വിവേദി തിരികെ പോകുന്നത് വളരെ വ്യക്തമായി അവന്റെ വീഡിയോയില്‍ സമയവും തീയതിയും സഹിതം പതിഞ്ഞിട്ടുണ്ട്..നാളെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുമ്പോള്‍ അവന്റെ മരണസമയം കൃത്യമായി അറിയാന്‍ പറ്റും..എന്നിട്ട് എന്താണ് കമ്മീഷണര്‍ ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം..വാസുവിന്റെ ഒരു രോമത്തില്‍ അയാള്‍ തൊടില്ല മാഡം..”

പൌലോസ് പറഞ്ഞു നിര്‍ത്തിയതും ഡോണ ചാടി എഴുന്നേറ്റ് അയാളുടെ കഴുത്തിലേക്ക് വീണ് തെരുതെരെ അയാളെ ചുംബിച്ചതും ഒരുമിച്ചായിരുന്നു. അവള്‍ സ്വയം മറന്നുപോയി പൌലോസിന്റെ വാക്കുകള്‍ കേട്ടപ്പോള്‍. ഇന്ദുവിന്റെ കണ്ണുകള്‍ നിറഞ്ഞു എന്നതാണ് സത്യം. അവള്‍ ആദരവും അത്ഭുതവും കലര്‍ന്ന കണ്ണുകളോടെ പൌലോസിനെ നോക്കിയിരുന്നുപോയി. വാസു സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ അവസ്ഥയില്‍ ആയിരുന്നു. “ഏയ്‌ ഡോണ..നിനക്കെന്താ വട്ടായോ..” പൌലോസ് അവളെ പിടിച്ചുമാറ്റിയിട്ട് ചോദിച്ചു. ഡോണ നാണത്തോടെ ഇന്ദുവിനെ നോക്കിയ ശേഷം കസേരയില്‍ തിരികെ ഇരുന്നു. “അയാം സോറി..കേട്ടപ്പോള്‍ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല..സോറി ഇന്ദു..” അവള്‍ നാണത്തോടെ പറഞ്ഞു. “നിന്റെ ബോയ്‌ ഫ്രണ്ട് അല്ലായിരുന്നു എങ്കില്‍ ഞാനും പൌലോസിനൊരു ഉമ്മ കൊടുത്തേനെ..റിയലി പൌലോസ്..യു ഹാവ് ഡണ്‍ സംതിംഗ് റിയലി അമേസിംഗ്..നിങ്ങളെ അഭിനന്ദിക്കാന്‍ എന്റെ പക്കല്‍ വാക്കുകള്‍ ഇല്ല…” ഇന്ദു ഉത്സാഹത്തോടെ പറഞ്ഞു. “ഇച്ചായാ ഇത്ര ശക്തമായ തെളിവ് കൈയില്‍ ഉള്ളപ്പോള്‍, എന്തുകൊണ്ട് അത് വച്ച് ഡെവിള്‍സിനെ കുടുക്കിക്കൂടാ…?” ഡോണ ചോദിച്ചു. “ഡെവിള്‍സ് മാത്രമല്ല, അവര്‍ക്ക് ഒത്താശ ചെയ്യുന്ന കമ്മീഷണറും ബാക്കി എല്ലാവനും വിവരമറിയണം. അവര്‍ക്ക് കളിക്കാന്‍ നമ്മള്‍ സമയം കൊടുക്കുന്നു..കളിക്കട്ടെ..എന്നിട്ട് എങ്ങോട്ട് പോകും എന്ന് നമുക്ക് നോക്കാം. എന്റെ പക്കലുള്ള തെളിവ്, നീ നിന്റെ ചാനലിലൂടെ ആയിരിക്കും ലോകത്തെ അറിയിക്കുക..കബീറിന്റെ മരണം ഡെവിള്‍സ് ആസൂത്രിതമായി നടത്തിയ കൊലയാണ് എന്ന് നമ്മള്‍ തെളിയിക്കും..മുംതാസിനു നീതി ലഭിക്കാന്‍ പോകുന്നത് കബീറിലൂടെത്തന്നെ ആയിരിക്കും..അതൊരു പക്ഷെ കാലം കാത്ത് വച്ച സമ്മാനം ആകാം..” “ഹോ എന്റെ ദൈവമേ എനിക്ക് വയ്യ..ത്രില്ലടിച്ചു ഞാന്‍ ചാകും. എന്റെ ഇച്ചായോ ഇച്ചായന്‍ ഒരു പ്രസ്ഥാനം തന്നെ..സത്യം..കള്ളന്‍ ഞങ്ങളോടൊന്നും പറയാതെ പലതും ചെയ്യുന്നുണ്ടായിരുന്നു അല്ലെ..എന്റെ ദ്വിവേദി..നീ കുടുങ്ങിയല്ലോടാ..” ഡോണ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. “അതെ ഡോണ..ഇനി ദ്വിവേദി എന്ന കൊലപാതകിക്ക് എതിരെ തെളിവില്ല എന്ന് ഒരു പോലീസും പറയില്ല..അയാള്‍ക്കെതിരെ കേരളാ പോലീസിലെ ഏറ്റവും സമര്‍ത്ഥനായ സബ് ഇന്‍സ്പെക്ടര്‍ ശക്തമായ തെളിവ് സമ്പാദിച്ചിരിക്കുന്നു.. വാസു..ഇനി നിനക്ക് ഭയക്കാന്‍ ഒന്നുമില്ല..ധൈര്യമായി നീ പൊക്കോ…നിന്നെ അവര്‍ പിടികൂടിയാല്‍ കുടുങ്ങാന്‍ പോകുന്നത് അവര്‍ തന്നെ ആയിരിക്കും…” ഇന്ദു വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറഞ്ഞു.

നിറഞ്ഞ മനസ്സോടെ ആണ് അവര്‍ പിരിഞ്ഞത്. പൌലോസ് അയാളുടെ വീട്ടിലേക്ക് പോയപ്പോള്‍ വാസു ഡോണയെയും കൂട്ടി അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. *********************** കബീറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയത് അവന്റെ കബറടക്കം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ്. മരണകാരണം കഴുത്തില്‍ കയറു മുറുകി ശ്വാസം കിട്ടാതെ പോയതാണ് എന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ അവന്റെ മരണം ആത്മഹത്യയാണ്‌ എന്നുള്ള തീരുമാനത്തില്‍ പോലീസ് എത്തി. റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ത്തന്നെ കമ്മീഷണര്‍ റാവുത്തരെ വിവരം അറിയിച്ച് അയാളെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. റാവുത്തരുടെ കൂടെ അയാളുടെ മൂന്ന് അനന്തിരവന്മാരും ഉണ്ടായിരുന്നു. “ഇരിക്ക് റാവുത്തരെ..” അനന്തിരവന്മാരെ പുറത്ത് നിര്‍ത്തി അയാളെ മാത്രമേ ചാണ്ടി ഉള്ളില്‍ കയറ്റിയുള്ളൂ. “റിപ്പോര്‍ട്ട് കിട്ടി; മരണം കഴുത്തില്‍ കയറു കുരുങ്ങിത്തന്നെ ആണ്. മറ്റ് യാതൊരു ക്ഷതങ്ങളോ മുറിവുകളോ ദേഹത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എന്നോട് നേരിലും പറഞ്ഞു..അതൊരു ആത്മഹത്യ തന്നെയാണ് റാവുത്തരേ…” ചാണ്ടി സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു. “ഇല്ല സാറെ..ഞാനത് വിശ്വസിക്കില്ല..ഇതില്‍ ചതി ഉണ്ട്..എന്തോ ദുരൂഹത ഉണ്ട്. എന്റെ മോനെ എനിക്ക് നന്നായി അറിയാം..അവന്‍ ഒരിക്കലും സ്വയം മരിക്കില്ല. ഇത് കൊലയാണ്..വീടിന്റെ കോമ്പൌണ്ടില്‍ കയറി എന്റെ വളര്‍ത്തു നായയെ കൊന്ന ആള് തന്നെയാണ് എന്റെ മോന്റെ കൊലയാളി..അവനൊരിക്കലും ആത്മഹത്യ ചെയ്യില്ല..സാറ് ഇത് കൊലക്കേസായി കണ്ട് അന്വേഷിക്കണം.” റാവുത്തര്‍ കടുത്ത ദുഖത്തോടെ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. “പക്ഷെ റാവുത്തരെ..കൊല ആണ് എങ്കില്‍ അതിന്റെ എന്തെങ്കിലും തെളിവ് ഞങ്ങള്‍ക്ക് കിട്ടണ്ടേ? നിങ്ങളുടെ നായ മരിച്ചത് എങ്ങനെയാണ് എന്ന് നമുക്ക് അറിയില്ലല്ലോ..അതിന്റെ മരണകാരണം എങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത കിട്ടിയേനെ” ചാണ്ടി അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“അതിന്റെ ശവം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പറ്റില്ലേ സാറേ..രണ്ടു ദിവസമല്ലേ ആയുള്ളൂ അത് ചത്തിട്ട്..ശരീരം അത്രയ്ക്ക് അഴുകി കാണില്ല” റാവുത്തര്‍ പറഞ്ഞത് കേട്ടപ്പോള്‍ ചാണ്ടി അപകടം മണത്തു. കിഴവന്‍ രണ്ടും കല്‍പ്പിച്ചാണ്. പറ്റില്ല എന്ന് തനിക്ക് പറയാനും സാധിക്കില്ല. അയാള്‍ നായയെ എവിടെയാണ് കുഴിച്ചിട്ടത് എന്നറിയാന്‍ സാധിച്ചിരുന്നു എങ്കില്‍ വല്ലവനെയും കൊണ്ട് മാന്തി എടുപ്പിച്ചു കളയാമായിരുന്നു. ഇനിയിപ്പോള്‍ അതും പറ്റില്ല. അയാള്‍ ഗഹനമായി ചിന്തിച്ചുകൊണ്ട് റാവുത്തരെ നോക്കി. “പറയൂ സാര്‍..അത് നടക്കില്ലേ..ഇന്ന് തന്നെ അതിന്റെ ശരീരം പരിശോധിക്കണം സാറേ..അതിനു വേണ്ടത് എന്താണെങ്കിലും ഞാന്‍ ചെയ്യാം..അത് സാധാരണ മട്ടിലാണ് മരിച്ചത് എങ്കില്‍ ഞാന്‍ വിശ്വസിക്കാം എന്റെ മോന്‍ ആത്മഹത്യയാണ്‌ ചെയ്തതെന്ന്..” റാവുത്തര്‍ പ്രതീക്ഷയോടെ അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. ചാണ്ടിക്ക് വേറെ നിര്‍വാഹം ഉണ്ടായിരുന്നില്ല. അയാള്‍ അനുകൂലഭാവത്തില്‍ തലയാട്ടി. ************************* “യെസ് മിസ്റ്റര്‍ റാവുത്തര്‍..നായ കൊല്ലപ്പെട്ടതാണ്..അതിന്റെ കഴുത്തില്‍ എന്തോ മുറുകി ശ്വാസം കിട്ടാതെയാണ് മരിച്ചിരിക്കുന്നത്” റാവുത്തരുടെ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്റെ മേശപ്പുറത്ത് മടക്കി വച്ചുകൊണ്ട് എഡിസണ്‍ ചാണ്ടി നിസ്സഹായതയോടെ പറഞ്ഞു. കബീറിന്റെ മരണം ആത്മഹത്യ ആയിരിക്കണം എന്ന ഡെവിള്‍സിന്റെ ആവശ്യം തനിക്കിനി നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ വിഷമം അയാളെ അലട്ടുന്നുണ്ടായിരുന്നു. റാവുത്തര്‍ അയാളുടെ ഓഫീസില്‍ സന്നിഹിതനായതായിരുന്നു വിവരമറിയാന്‍. കമ്മീഷണര്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മുഖത്ത് സന്തോഷത്തിന്റെ കണികകള്‍ തീര്‍ത്തു. തന്റെ അനുമാനം ശരിയായിരുന്നു എന്നതിന്റെ ഒരു തിളക്കം അയാളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. “ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ സര്‍ നായയുടെ മരണത്തില്‍ അസ്വാഭാവിക ഉണ്ടെന്ന്? ഇപ്പോള്‍ സാറിനും ബോധ്യമായില്ലേ അതും എന്റെ മകന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന്?…എന്റെ മോന്‍ ഒരിക്കലും സ്വയം മരിക്കില്ല. അവനെ ആരോ കൊന്നതാണ്..ആ കൊലയില്‍ വാസു എന്നവനു പങ്കുണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു….” റാവുത്തര്‍ പകയും ദുഖവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. “നായയെ ആരോ കുരുക്കിട്ടു കൊന്നതാകാം..പക്ഷെ കബീര്‍ സ്വാഭാവികമായി മരിച്ചു എന്നാണല്ലോ റിപ്പോര്‍ട്ട്. അവനെപ്പോലെ ആരോഗ്യമുള്ള ഒരു യുവാവിനെ, ഒരു മല്‍പ്പിടുത്തം പോലുമില്ലാതെ ആര്‍ക്കെങ്കിലും കൊല ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?” സംഗതി ഡെവിള്‍സിനെതെരെ വരാന്‍ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ട് ചാണ്ടി ചോദിച്ചു. എങ്ങനെയും അവന്റെ കൊല ആത്മഹത്യ ആയി ചിത്രീകരിക്കണം എന്നതായിരുന്നു ചാണ്ടിയുടെ ലക്‌ഷ്യം. പക്ഷെ നായുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് അയാളെ ഉലച്ചു.

“നായ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ സാറിന് സംശയം ഇല്ലല്ലോ..എന്തിന് അതിനെ കൊല്ലണം? അതേപോലെ അത് കൊല്ലപ്പെട്ട അതേ രാത്രിയില്‍ എന്റെ മോന്‍ എന്തിനു തൂങ്ങി മരിക്കണം? അവന്റെ മരണം ഉറപ്പായും കൊലപതാകം ആണ് സര്‍. എനിക്കതില്‍ അണുവിട സംശയമില്ല. അതിന്റെ പിന്നില്‍ ആരുതന്നെ ആയാലും, അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം…വാസു എന്നവനെ സാറ് നന്നായി ഒന്ന് ചോദ്യം ചെയ്‌താല്‍ അതോടെ എല്ലാ സത്യവും പുറത്ത് വരും സര്‍..” ചാണ്ടി ഉള്ളിലെ പരുങ്ങല്‍ പുറമേ കാണിക്കാതെ ഗൌരവഭാവത്തില്‍ റാവുത്തരെ നോക്കി. “ഞാന്‍ അന്വേഷിക്കാം…പക്ഷെ വാസുവാണ് ഇതിന്റെ പിന്നില്‍ എന്ന് സമര്‍ഥിക്കാന്‍ നിങ്ങളുടെ പക്കല്‍ തെളിവുകള്‍ വല്ലതും ഉണ്ടോ?..മാത്രമല്ല ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ കബീറിനെ തനിച്ച് കൊന്നു കെട്ടിത്തൂക്കാന്‍ ഒരാളെക്കൊണ്ട് സാധിക്കും എന്ന് തെളിയിക്കാന്‍ പാടാണ്..അന്ന് രാത്രി വീട്ടില്‍ വേറെ ആരെങ്കിലും ഉള്ളതായി നിങ്ങള്‍ക്ക് അറിവുമില്ല..” ചാണ്ടി റാവുത്തരെ നോക്കി. “അവന്‍ വീട്ടില്‍ കയറി കബീറിനെ വരുത്തണം എന്ന് പറഞ്ഞതും എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിക്ക് തടഞ്ഞതും തന്നെ അവന് എന്റെ മോനോട് ശത്രുത ഉണ്ടെന്നുള്ളതിന്റെ തെളിവല്ലേ? സാറിന് അറിയുമോ? എനിക്ക് മൂന്ന് അനന്തിരവന്മാരുണ്ട്..അവരെ സാറോന്നു കാണ്…അവരെ ഉള്ളിലേക്ക് വിളിപ്പിക്കട്ടെ?” ചാണ്ടിയുടെ അനുമതിക്കായി റാവുത്തര്‍ അയാളെ നോക്കി. “യെസ്..കാള്‍ ദം” ചാണ്ടി ആജ്ഞാപിച്ചു. “മക്കളെ ഇങ്ങു കേറി വാ..” പുറത്തേക്ക് നോക്കി റാവുത്തര്‍ അവരെ വിളിച്ചു. സുഹൈലും അംജദും ഫൈസലും ഉള്ളിലേക്ക് കയറി കമ്മീഷണറെ വണങ്ങി റാവുത്തര്‍ക്ക് പിന്നിലായി നിന്നു. “സാറ് കണ്ടല്ലോ..മൂന്ന് പേരും ജിമ്മില്‍ പോകുന്നവരാണ്..എന്റെ പെഴ്സണല്‍ സെക്യൂരിറ്റിയും ഇവരാണ്. ഇവര്‍ മൂന്ന് പേരെ എന്റെ വീട്ടില്‍ കയറി ഒറ്റയ്ക്ക് അടിച്ചു നിലത്തിട്ടവനാണ് വാസു. അവന്റെ കരുത്ത് സാറ് ഒന്നറിയാന്‍ വേണ്ടിയാണ് ഞാനിവരെ വരുത്തി ഇത് പറഞ്ഞത്..അങ്ങനെയുള്ള അവന്, എന്റെ മകനെ ഒരു ഈച്ചയെ കൊല്ലുന്ന ലാഘവത്തോടെ കൊല്ലാന്‍ സാധിക്കും എന്ന് ഉറപ്പല്ലേ സര്‍..അവനേ അത് പറ്റൂ..അവന്റെ ചരിത്രം സാര്‍ ഒന്ന് പരിശോധിച്ചാല്‍ ഞാനീപറഞ്ഞതൊക്കെ സത്യമാണോ എന്ന് മനസിലാക്കാന്‍ പറ്റും” പറഞ്ഞിട്ട് റാവുത്തര്‍ പ്രതീക്ഷയോടെ കമ്മീഷണറുടെ കണ്ണിലേക്ക് നോക്കി. ചാണ്ടിയുടെ കണ്ണുകളില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. “ഓകെ..നിങ്ങള്‍ പുറത്ത് നില്‍ക്കൂ”

ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തിക്കൊണ്ട് അയാള്‍ റാവുത്തരുടെ അനന്തിരവന്മാരോട് പറഞ്ഞു. അവര്‍ വെളിയിലേക്ക് പോകുന്നത് നോക്കി, സിഗരറ്റ് വലിച്ചൂതിക്കൊണ്ട് അയാള്‍ പിന്നിലേക്ക് ചാരിക്കിടന്ന് ആലോചിച്ചു. വാസുവിനെ തളയ്ക്കുക എന്നത് ഡെവിള്‍സ് തന്റെ മുന്‍പില്‍ വച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആവശ്യമാണ്. പക്ഷെ അവന്റെ പിന്നില്‍ ഡോണ എന്ന ചാനലുകാരി പെണ്ണുണ്ട്. അവനെ വെറുതെ പിടികൂടിയാല്‍ അവള്‍ അടങ്ങിയിരിക്കില്ല. അതുകൊണ്ട് റാവുത്തരുടെ സംശയത്തിന്റെ പേരില്‍ അവനെ കസ്റ്റഡിയില്‍ എടുത്ത് തെളിവില്ലാതെ അപഹാസ്യനകാന്‍ താനില്ല. അവന്‍ അന്നുരാത്രി അവിടെ പോയിരുന്നു എന്നതിന്റെ എന്തെങ്കിലും ഒരു തെളിവ് ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ തനിക്ക് മുന്‍പോട്ടു പോകാന്‍ പറ്റൂ. തല്‍ക്കാലം അന്വേഷിക്കാം എന്ന് ഇയാളോട് പറഞ്ഞ് ഒഴിവാക്കാം. എന്നിട്ട് ഡെവിള്‍സിനെ കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. അങ്ങനെ മനസ്സില്‍ ഉറപ്പിച്ച ശേഷം ചാണ്ടി റാവുത്തരെ നോക്കി. “ശരി മിസ്റ്റര്‍ റാവുത്തര്‍..കബീറിന്റെ മരണത്തെപ്പറ്റി ഞങ്ങള്‍ അന്വേഷിക്കാം. നിങ്ങളുടെ ചില സഹായങ്ങള്‍ ഞങ്ങള്‍ക്ക് ഇതില്‍ വേണ്ടി വന്നേക്കും. അത് ഞാന്‍ പിന്നാലെ അറിയിക്കാം..” അയാള്‍ പറഞ്ഞു. “എന്ത് സഹായം ചെയ്യാനും ഞാന്‍ ഒരുക്കമാണ് സര്‍. അവന്റെ കൊലയാളിയെ നിങ്ങള്‍ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കണം..എനിക്കത് മതി” “ശരി..വി വില്‍ ട്രൈ അവര്‍ ബെസ്റ്റ്” “നന്ദി സര്‍” റാവുത്തര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ചാണ്ടി മെല്ലെ എഴുന്നേറ്റു. ——– “സംഗതി കൈവിട്ടു പോയി..നായയുടെ മരണം സ്വാഭാവികമല്ല. ആരോ അതിന്റെ കഴുത്തില്‍ ചരടോ കയറോ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കിഴവന്‍ അതില്‍ പിടിച്ച് തൂങ്ങിയിരിക്കുകയാണ്..നിങ്ങള്‍ പറഞ്ഞത് പോലെ കബീറിന്റെ മരണം ആത്മഹത്യയാണ്‌ എന്ന് വരുത്തി തീര്‍ക്കാനുള്ള എന്റെ ശ്രമം ഫലം കണ്ടില്ല. അത് കൊലക്കേസ് ആയിത്തന്നെ പരിഗണിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്” ഡെവിള്‍സിന്റെ താവളത്തില്‍ എത്തിയ ചാണ്ടി, അവരുമൊത്ത് മദ്യം നുണഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു. അയാളുടെ സ്വരത്തിലെ നിസ്സഹായത കേട്ട് മൂവരും മുഖാമുഖം നോക്കി. “നായയെ എന്തിനാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്? ഒഴിവാക്കാമായിരുന്നില്ലേ?” മാലിക്ക് ചെറിയ ഈര്‍ഷ്യയോടെ ചോദിച്ചു.

“അയാള്‍ നിര്‍ബന്ധം പിടിച്ചു. ഞാന്‍ എതിര്‍ത്താല്‍ എന്റെ മുകളിലുള്ളവരെ കാണാനും സ്വാധീനിക്കാനും കഴിവുള്ളവന്‍ ആണ് ഈ റാവുത്തര്‍. ഞാന്‍ മനപ്പൂര്‍വ്വം കേസ് ഒതുക്കാന്‍ ശ്രമിക്കുന്നു എന്നയാള്‍ക്ക് തോന്നിയാല്‍, എന്റെ നേരെയും അയാളുടെ സംശയം നീളും. അത് നിങ്ങള്‍ക്കും ദോഷമായി ഭവിക്കും. എന്റെ കൈയില്‍ നിന്നും കേസ് മുകളിലേക്ക് പോയാല്‍ പിന്നെ എനിക്കതില്‍ യാതൊരു നിയന്ത്രണവും സാധിക്കുകയുമില്ല. അതുകൊണ്ട് അയാള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഞാന്‍ കണ്ടില്ല. തല്‍ക്കാലം കബീര്‍ വധക്കേസ് അന്വേഷണം എന്റെ ചുമതലയിലാണ്….” സ്റ്റാന്‍ലി അനുകൂലഭാവത്തില്‍ തലയാട്ടി. “യെസ്..സാറ് പറഞ്ഞത് ശരിയാണ്..അയാള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചാല്‍ സാറിന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല..അങ്ങനെ മാറുന്നത് അപകടവുമാണ്” അവന്‍ പറഞ്ഞു. “ഛെ..ഇത് വീണ്ടും പ്രശ്നമാകുകയാണല്ലോ” അര്‍ജ്ജുന്‍ അസ്വസ്ഥനായി പറഞ്ഞു. “പക്ഷെ ഇതിലൊരു നല്ല വശമുള്ളത് റാവുത്തര്‍ക്ക് വാസുവിനെ ആണ് സംശയം എന്നതാണ്. അവനെ സംശയിക്കാന്‍ അയാള്‍ക്ക് മതിയായ കാരണങ്ങളും ഉണ്ട്..അവനെ ഈ കേസില്‍ കുടുക്കാന്‍ വേണ്ട തെളിവുകള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പറ്റിയാല്‍, ബാക്കി ഞാനേറ്റു…” ചാണ്ടി പറഞ്ഞു. “ഇനി ഇപ്പോള്‍ ആ വഴിക്ക് ചിന്തിക്കുന്നതാണ് നല്ലത്. കാരണം നായയുടെ മരണം കൊലയാണ് എങ്കില്‍ സമാനമായ രീതിയില്‍ മരിച്ച കബീറും കൊല ചെയ്യപ്പെട്ടതാണ് എന്ന് സംശയിച്ചേ പറ്റൂ..സാറ് എതിര് പറഞ്ഞ് ഒഴിഞ്ഞ് അയാള്‍ ഈ കേസുമായി ഏതു മേലുദ്യോഗസ്ഥനെ ചെന്ന് കണ്ടാലും, അവരിത് കണ്ണടച്ച് കൊലക്കേസ് എന്ന് വിധി കല്‍പ്പിക്കും..അന്വേഷണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും..ചിലപ്പോള്‍ ക്രൈം ബ്രാഞ്ച് അല്ലെങ്കില്‍ സി ബി ഐ പോലും ഇടപെട്ടേക്കാനും മതി ഇതില്‍..അതോടെ ഇതിലുള്ള നമ്മുടെ എല്ലാ നിയന്ത്രണവും ഇല്ലാതെയുമാകും. അതുകൊണ്ട് ഇനി കബീറിന്റെ മരണം ആത്മഹത്യ എന്ന രീതിയില്‍ നമുക്ക് പ്രോജക്റ്റ് ചെയ്യാന്‍ പറ്റില്ല. കേസന്വേഷണം സാറിന്റെ നിയന്ത്രണത്തില്‍ ഉള്ളിടത്തോളം ഇതുപയോഗിച്ച് നമുക്ക് എന്തൊക്കെ മറ്റു ഗുണങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും എന്നുള്ളതാണ് നമ്മള്‍ ചിന്തിക്കേണ്ടത്” അര്‍ജ്ജുന്‍ പറഞ്ഞിട്ട് മൂവരെയും നോക്കി. “യെസ്..അതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത്” സോഫയിലേക്ക് ചാരിക്കൊണ്ട് ചാണ്ടി പറഞ്ഞു. “ഈ കേസ് വച്ചു നമുക്ക് രണ്ടുപേരെ ഒതുക്കാന്‍ പറ്റണം; പറ്റും. ഒന്ന് വാസു, മറ്റേത് പൌലോസ്” പറഞ്ഞിട്ട് മാലിക്ക് മൂവരെയും നോക്കി. “വാസുവിനെ റാവുത്തര്‍ സംശയിക്കുന്നതിനാല്‍, അവനെതിരെ തെളിവ് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ?” ചാണ്ടി ചോദിച്ചു. “സാറിന് എന്ത് തെളിവാണ് വേണ്ടത്?” സ്റ്റാന്‍ലിയായിരുന്നു ചോദ്യകര്‍ത്താവ്. “അന്ന് രാത്രി അവന്‍ ആ വീടിന്റെ ഭാഗത്ത് ചെന്നിരുന്നതായി ഒന്നോ രണ്ടോ ദൃക്സാക്ഷികളെ കിട്ടിയാല്‍ തല്‍ക്കാലം അത് മതി അവനെ പൊക്കാന്‍. സപ്പോര്‍ട്ട് ആയി അവന്റെ പേരിലുള്ള പഴയ കേസുകളും ഉണ്ടല്ലോ. കബീറിനോട് അവന് പക ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ അവന്‍ വീട് കയറി ആക്രമിച്ചതും അവന്റെ യാത്ര മുടക്കിയ സംഭവവും ധാരാളം മതി.

പക്ഷെ കൊല ചെയ്തത് അവനാണ് എന്ന് അതുകൊണ്ട് മാത്രം സമര്‍ഥിക്കാന്‍ പറ്റില്ല.” ചാണ്ടി മദ്യം സിപ് ചെയ്ത്കൊണ്ട് മൂവരെയും നോക്കി പറഞ്ഞു. “ദൃക്സാക്ഷികളെ ഒക്കെ തരാം. പക്ഷെ അവനെ പൂട്ടിയാല്‍ അത് പിന്നെ തുറക്കാന്‍ അവനോ അവന്റെ ആളുകള്‍ക്കോ സാധിക്കരുത്.” അര്‍ജുന്‍ പറഞ്ഞു. “നിങ്ങള്‍ നല്‍കുന്ന സാക്ഷികള്‍ ശക്തമായി നിന്നാല്‍, ബാക്കി ഞാന്‍ ഏറ്റു..” “സാക്ഷികള്‍ തല പോയാലും വാക്ക് മാറ്റില്ല. പക്ഷെ സാറ് ആ റാവുത്തരെക്കൊണ്ടും അവനെ അന്ന് രാത്രി ആ വീടിന്റെ പരിസരത്ത് കണ്ടിരുന്നു എന്ന് വരുത്തി തീര്‍ത്താല്‍, അത് നമുക്ക് കുറേക്കൂടി ഗുണം ചെയ്യും. മറ്റൊന്ന്, കബീറിന്റെ മരണത്തിനു കാരണക്കാരന്‍ ആയി പൌലോസ് വാസുവിനെ ഉപയോഗിച്ചു എന്നുള്ള കാരണം പറഞ്ഞ് അവനെ ഉടന്‍ തന്നെ ഇവിടുന്ന് തട്ടണം.. അവന്‍ ഇവിടെ നില്‍ക്കുന്നത് നമുക്ക് ആപത്താണ്. ഡോണയുടെ രണ്ടു ശക്തമായ ചിറകുകളില്‍ ഒന്ന് വാസുവും മറ്റേതു പൌലോസുമാണ്. അവര്‍ രണ്ടും കളം വിട്ടാല്‍ പിന്നെ അവളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം..” സ്റ്റാന്‍ലി മദ്യം നുണഞ്ഞുകൊണ്ട് ക്രൂരഭാവത്തോടെ പറഞ്ഞു. “അതെ സാറെ..പൌലോസ് ഇനി കൊച്ചിയില്‍ വേണ്ട. പക്ഷെ അവന്‍ പോകുന്നത് വാസു അഴികള്‍ക്ക് പിന്നില്‍ ആയ ശേഷം മാത്രമേ ആകാവൂ..അവനത് നേരില്‍ കണ്ടിട്ട് പോകട്ടെ..അല്ലേടാ…” മാലിക്ക് അര്‍ജുനെയും സ്റ്റാന്‍ലിയെയും നോക്കി ചോദിച്ചു. “യെസ്..എന്റെയും ആഗ്രഹം അതാണ്‌. ഡോണയുടെ ഇരു ചിറകുകളും ഒരേ ദിവസം അരിഞ്ഞു വീഴ്ത്തണം…പിന്നെ അവള്‍ എന്ത് ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഒന്ന് കാണണം..” അര്‍ജ്ജുന്‍ പല്ല് ഞെരിച്ചു. “എന്റെ അറിവ് വച്ചു ഞാന്‍ പറയുകയാണ്. വാസുവിനെ അകത്താക്കിയാല്‍ അവള്‍ ചാനലിലൂടെ ആയിരിക്കും അതിന്റെ പരിഹാരം കാണുക. ശക്തയായ ഒരു മാധ്യമ പ്രവര്‍ത്തക ആണ് ഡോണ. എവര്‍ഗ്രീന്‍ ചാനല്‍, നല്ല പോപ്പുലര്‍ ആയ ഒരു ചാനലും. അവനെ നിങ്ങളാണ് പൂട്ടിയത് എന്ന് മനസിലായാല്‍, അവള്‍ക്കത് നിസ്സാരമായി ഊഹിക്കാന്‍ പറ്റും, ഇതുവരെ നിങ്ങള്‍ക്കെതിരെ അവള്‍ സമാഹരിച്ച എല്ലാ തെളിവുകളും ചാനല്‍ വഴി അവള്‍ ലോകത്തെ അറിയിക്കും..അങ്ങനെ വന്നാല്‍, നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഞാനായിരിക്കും നിര്‍ബന്ധിതനാകുക.. അതുകൊണ്ട് നന്നായി ആലോചിച്ചു വേണം എന്തും ചെയ്യാന്‍…” ചാണ്ടി മൂവരെയും നോക്കി പറഞ്ഞു. “അക്കാര്യത്തില്‍ സാറ് പേടിക്കണ്ട. എവര്‍ഗ്രീന്‍ അല്ല, ഒരു ചാനലും അവള്‍ നല്‍കുന്ന വിവരം സംപ്രേഷണം ചെയ്യില്ല. ഞങ്ങളെ ധിക്കരിച്ച് അത് ചെയ്യാന്‍ ചങ്കുറപ്പ് ഉള്ള ഒരുത്തനും ഇവിടില്ല..ചെയ്‌താല്‍, അവന്‍ അടുത്ത പ്രഭാതം കാണില്ല..അതുകൊണ്ട് അങ്ങനെയൊരു പേടി സാറിന് വേണ്ട”

സ്റ്റാന്‍ലി നിസ്സാരമായി പറഞ്ഞത് കേട്ടു ചാണ്ടി പുച്ഛത്തോടെ അവനെ നോക്കി. “സ്റ്റാന്‍ലി..വിഡ്ഢിത്തം പറയരുത്. നിങ്ങളുടെ ഭീഷണിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ വഴങ്ങിയേക്കും. പക്ഷെ ഇത്രയും ഹോട്ട് ആയ ഒരു സ്റ്റഫ് എല്ലാവരും നിങ്ങളെ ഭയന്ന് വിട്ടുകളയും എന്ന് കരുതല്ലേ..ഇനി ലോക്കല്‍ ചാനലുകാരെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചാലും, അവള്‍ക്ക് പുറത്ത് നിന്നും ഇത് ചെയ്യിക്കാന്‍ പറ്റും. അതൊക്കെ കണക്ക് കൂട്ടുമ്പോള്‍ സംഗതി മൊത്തം എത്തി നില്‍ക്കുന്നത് നിങ്ങള്‍ക്ക് എതിരായാണ് എന്നുള്ളത് മറക്കരുത്..” ചാണ്ടി അവനെ ഓര്‍മ്മിപ്പിച്ചു. “സാറ് എന്താണ് പറയുന്നത്? ഞങ്ങള്‍ക്ക് എതിരോ? എങ്ങനെ?” അര്‍ജുന്‍ ചോദിച്ചു. “അര്‍ജ്ജുന്‍..ഞാന്‍ മുംതാസ് കേസിന്റെ വിവരങ്ങളും മറ്റും നിങ്ങള്‍ക്ക് വേണ്ടി കുറെ മനസ്സിലാക്കിയിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞത് പോലെ ആ കേസ് റീ ഓപ്പണ്‍ ചെയ്യിക്കാനുള്ള ശ്രമമാണ് ഡോണ നാളിതുവരെ നടത്തിക്കൊണ്ടിരുന്നത്. അവളുടെ ആത്മഹത്യക്ക് പിന്നില്‍ കബീറും നിങ്ങളുമാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തി നിങ്ങള്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങി നല്‍കുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. പക്ഷെ വിധി പറഞ്ഞ കേസ് ആയതിനാല്‍, അത്ര നിസ്സാരമായി ഇത് വീണ്ടും റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല എന്നവള്‍ക്ക് തന്നെ അറിയാം. പൌലോസിന്റെയും വാസുവിന്റെയും സഹായത്തോടെ അവള്‍ നിങ്ങള്‍ക്കെതിരെ വേണ്ട എല്ലാ തെളിവുകളും സമാഹരിച്ചു കഴിഞ്ഞ ഘട്ടത്തില്‍ ആണ് കബീര്‍ അവരുടെ പിടിയിലാകും എന്ന പേടിയില്‍ നിങ്ങള്‍ അവനെ കൊല്ലിച്ചത്. അവന്റെ മരണം ആത്മഹത്യയല്ല കൊലയാണ് എന്ന് വാര്‍ത്ത വരുമ്പോള്‍, അവനെ കൊല ചെയ്യാന്‍ മതിയായ കാരണങ്ങള്‍ ഉള്ളത് നിങ്ങള്‍ക്കാണ് എന്നവള്‍ക്ക് പുല്ലുപോലെ തെളിയിക്കാന്‍ പറ്റും. അതായത് മുംതാസ് കേസില്‍ ഡോണയ്ക്ക് അനുകൂലമായി എന്ന് പറഞ്ഞാല്‍ വളരെ വളരെ അനുകൂലമായി കബീറിന്റെ മരണം മാറും എന്നര്‍ത്ഥം..” ചാണ്ടി പറഞ്ഞത് കേട്ടു മൂവരും ഞെട്ടി. അല്‍പനേരത്തേക്ക് അവര്‍ സംസാരിക്കാതെ ആലോചനയില്‍ മുഴുകി. “ശരിയാണ്..വളരെ ശരിയാണ്. റാവുത്തരുടെ നിര്‍ബന്ധം നമുക്കൊരു പാര ആയി മാറിയിരിക്കുകയാണ്. ആ നശിച്ച നായ ഇടയില്‍ വന്നതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അതില്ലായിരുന്നു എങ്കില്‍ ദ്വിവേദി വളരെ പെര്‍ഫക്റ്റ് ആയി നടത്തിയ ആ കൊല ഒരിക്കലും പുറംലോകം അറിയുകയേ ഇല്ലായിരുന്നു..” നിരാശ കലര്‍ന്ന സ്വരത്തില്‍ അര്‍ജ്ജുന്‍ പറഞ്ഞു.

“എന്നങ്ങനെ തീര്‍ത്ത് പറയണ്ട..ഞാന്‍ അന്ന് പറഞ്ഞത് ഓര്‍മ്മ ഇല്ലേ? പൌലോസ് ദ്വിവേദിയുടെ വരവും നിങ്ങളെ അയാള്‍ കണ്ടതും ഒക്കെ അറിഞ്ഞിട്ടുണ്ട്..പക്ഷെ അയാളാണ് കബീറിനെ കൊന്നത് എന്നവനു തെളിയിക്കാന്‍ പറ്റാത്തിടത്തോളം പേടിക്കാനില്ല. ദ്വിവേദിയെ കേരളാ പോലീസിന് പിടിക്കേണ്ട കാര്യവുമില്ല..കാരണം ഈ സമയം വരെ അയാള്‍ സീനില്‍ ഇല്ല. അതുകൊണ്ട് വാസുവിനെതിരെ വേണ്ട തെളിവുകള്‍ ഉണ്ടാക്കുക. ഞാന്‍ അന്വേഷണത്തിന്റെ ഭാഗമായി റാവുത്തരുടെ വീട്ടുകാരെ നാളെ ചോദ്യം ചെയ്യും. അവരുടെ സ്റ്റേറ്റ്മെന്റ് വാസുവിന് എതിരായിരിക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അതും സാക്ഷി മൊഴികളും വച്ച് ഞാനവനെ തൂക്കി അകത്തിടും..കേസിന്റെ മുന്‍പോട്ടുള്ള പോക്കില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ അവനെതിരെ നമ്മള്‍ ഉണ്ടാക്കണം…” ചാണ്ടി മൂവരെയും നോക്കി. “ഷുവര്‍..പക്ഷെ സാറ് പറഞ്ഞത് പോലെ ഡോണ ഞങ്ങള്‍ക്കെതിരെ തെളിവുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും?” മാലിക്ക് ചാണ്ടിയെയും ഒപ്പം കൂട്ടുകാരെയും നോക്കി. “നോക്ക്..നേരിടുക എന്നതാണ് ഇനി നിങ്ങളുടെ മുന്‍പിലുള്ള വഴി. പോലീസിന്റെ ഫുള്‍ സപ്പോര്‍ട്ട് നിങ്ങള്‍ക്കുണ്ടാകും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ നാളെത്തന്നെ ഉണ്ടാകും. കബീറിന്റെ മരണം തന്നെയാണ് അതിന്റെ കാരണം. നിങ്ങള്‍ സാക്ഷികളെ നല്‍കുന്നതനുസരിച്ച് വാസുവിനെ നാളെയോ മറ്റന്നാളോ ഞാന്‍ അറസ്റ്റ് ചെയ്യും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ നിങ്ങള്‍ പറഞ്ഞത് പോലെ വാസുവിന്റെ അറസ്റ്റിനു ശേഷം മതി എങ്കില്‍ അത് അങ്ങനെയും ആകാം. ഇവര്‍ രണ്ടുപേരും ഇല്ലാതായാല്‍, ഡോണയുടെ ശ്രമം വാസുവിനെ രക്ഷിക്കുക എന്നതും കബീറിന്റെ മരണം നിങ്ങളാണ് ചെയ്യിച്ചത് എന്ന് വരുത്തി തീര്‍ക്കുകയും ആകും. അവളത് ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ അവള്‍ സമാഹരിച്ചു വച്ചിരിക്കുന്ന തെളിവുകള്‍ എല്ലാം കണ്ടെത്തി നിങ്ങള്‍ നശിപ്പിക്കണം..അതല്ലെങ്കില്‍ അങ്ങനെ ഒന്ന് ചെയ്യാന്‍ അവള്‍ക്ക് സാധിക്കാത്ത തരത്തിലേക്ക് അവളെ എത്തിക്കണം..” മൂവരെയും മാറിമാറി നോക്കി ചാണ്ടി പറഞ്ഞു. “അതെ..” സ്റ്റാന്‍ലി ചാണ്ടിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “ങാ പിന്നെ സാറെ..സാക്ഷികളെ ഞങ്ങള്‍ തന്നാല്‍, അവര്‍ പറയുന്നത് റാവുത്തരെയും അറിയിക്കണം. വാസുവിനെ സംശയകരമായ സാഹചര്യത്തില്‍ ആ പരിസരത്ത് കണ്ടു എന്നവര്‍ നല്‍കുന്ന മൊഴി അറിയുമ്പോള്‍, അയാളും അവനെ കണ്ടു എന്ന് പറയാന്‍ മനസ് കാണിച്ചേക്കും. അയാള്‍ക്ക് അവനോട് വിരോധം ഉള്ളതുകൊണ്ട് അങ്ങനെ ഒരു മൊഴി കിട്ടാന്‍ ഇടയുണ്ട്. അതുകൂടി കിട്ടിയാല്‍ പിന്നെ വാസുവിന്റെ കാര്യം ക്ലീനായി സാറിന് കൈകാര്യം ചെയ്യാമല്ലോ” അര്‍ജുന്‍ ചോദിച്ചു. “അത് നല്ലൊരു ഐഡിയ ആണ്..യെസ്..നിങ്ങള്‍ നാളെത്തന്നെ സാക്ഷികളെ റെഡി ആക്കുക. അവരെ കണ്ടു കാര്യങ്ങള്‍ എങ്ങനെ പറയണം എന്ന് ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ പറഞ്ഞു കൊടുക്കണം. ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം അവര്‍ അറിയാനും പാടില്ല” “അത് ഞങ്ങള്‍ ഏറ്റു ചാണ്ടി സാറേ..സാക്ഷികള്‍ ഇന്ന് തന്നെ റെഡി ആണ്..” മാലിക്ക് പറഞ്ഞു. “എങ്കില്‍ ശരി..ഗുഡ് നൈറ്റ്” ചാണ്ടി യാത്ര പറഞ്ഞിറങ്ങി. ——————————–

“യെസ് മാഡം” പൌലോസ് ഇന്ദുലേഖയുടെ ഓഫീസിലേക്ക് കയറി അവള്‍ക്ക് സല്യൂട്ട് നല്‍കി. ഇന്ദുലേഖയുടെ മുഖത്തെ ആശങ്ക കണ്ടു പൌലോസ് ആകാംക്ഷയോടെ അവളെ നോക്കി. “ഇരിക്ക് പൌലോസ്…” ഇന്ദു പറഞ്ഞു. പൌലോസ് അവള്‍ക്കെതിരെ ഇരുന്നു. “പൌലോസ്..നിങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പോകുകയാണ്. ഇന്നോ നാളെയോ കമ്മീഷണര്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഒപ്പിടും.” ഇന്ദുലേഖ ദുഃഖം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ പൌലോസ് ഞെട്ടിയില്ല; പകരം അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു. “ഞാനിത് പ്രതീക്ഷിച്ചിരുന്നു മാഡം..സംഗതി വൈകിയില്ല” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “അതിനെക്കാള്‍ വലിയ പ്രശ്നം വാസുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വളരെ വളരെ കൂടി എന്നതാണ്. കബീറിന്റെ മരണം കൊലയാണ് എന്ന റാവുത്തരുടെ സംശയം മുന്‍നിര്‍ത്തി കമ്മീഷണര്‍ തന്നെയാണ് കേസ് അന്വേഷിക്കുന്നത്. അതിന്റെ ഭാഗമായി അയാള്‍ ഇന്ന് റാവുത്തരുടെ വീട്ടുകാരെ ചോദ്യം ചെയ്തിരുന്നു. അവര്‍ അവനെ രാത്രി വീടിന്റെ പരിസരത്ത് കണ്ടതായി മൊഴി നല്‍കി എന്നാണ് ഞാന്‍ അറിഞ്ഞത്. അതേപോലെ വേറെ ആരോ രണ്ടുപേരും അവനെ അവിടെ അന്ന് രാത്രി കണ്ടതായി മൊഴി കൊടുത്തിട്ടുണ്ട്…ഇനി നമ്മള്‍ എന്ത് ചെയ്യും പൌലോസ്? ഇത് ഡെവിള്‍സ് കളിക്കുന്ന കളിയാണ്‌ എന്നുള്ളത് ഉറപ്പാണ്..വാസുവിനെ കുടുക്കി നിങ്ങളെ ഇവിടെ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യിച്ച് ഡോണയെ തനിച്ചാക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം….” ഇന്ദുലേഖ ഒരേസമയം ആശങ്കയോടെയും ദുഖത്തോടെയും പറഞ്ഞു. പൌലോസിനു കാര്യത്തിന്റെ ഗൌരവം മനസിലായി. വാസു അറസ്റ്റിലായാല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ അവന് ജാമ്യം കിട്ടാന്‍ പ്രയാസമായേക്കും. താനിവിടെ നിന്നു പോയാല്‍, അവനെ സഹായിക്കാന്‍ തനിക്ക് സാധിക്കുകയുമില്ല. ഉടനടി എന്തെങ്കിലും ചെയ്തെ പറ്റൂ എന്നയാളുടെ മനസ് പറഞ്ഞു. “ഞാന്‍ കമ്മീഷണറെ കാണാം മാഡം..വാസുവല്ല അതിന്റെ പിന്നില്‍ എന്നുള്ള തെളിവ് ഞാന്‍ അയാളെ കാണിക്കും..അവന്‍ അറസ്റ്റിലായാല്‍ പ്രശ്നമാണ്..” പൌലോസ് ആലോചനയോടെ പറഞ്ഞു. “അതെ..റാവുത്തര്‍ക്കും കുടുംബത്തിനും അവനെ നല്ല സംശയമുണ്ട്‌. ഡെവിള്‍സ് ഇഷ്ടം പോലെ കള്ളസാക്ഷികളെ നിരത്തി അവനെ എങ്ങനെയും ശിക്ഷിപ്പിക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കും. ചാണ്ടി അവരുടെ ഒപ്പം ഉള്ളത് കൊണ്ട് അപകടം വളരെ വളരെ വലുതാണ്..എങ്ങനെയും വാസുവിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടത് ചെയ്തെ പറ്റൂ..” ഇന്ദുലേഖ പറഞ്ഞു. “ഞാന്‍ ഉടന്‍ തന്നെ കമ്മീഷണര്‍ ഓഫീസിലേക്ക് പോകുകയാണ്..ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയാല്‍ പിന്നെ എനിക്ക് ഇവിടെ നില്ക്കാന്‍ പറ്റില്ലല്ലോ..” “എനിക്ക് ആകെ ഭയം തോന്നുന്നു പൌലോസ്..മുന്‍പൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു ആത്മവിശ്വാസക്കുറവ്..നിങ്ങള്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല..” ഇന്ദുലേഖ തന്റെ ദുഃഖം മറച്ചു വയ്ക്കാതെ പറഞ്ഞു.

“മാഡം എന്തിനു ഭയക്കുന്നു? നമ്മള്‍ തെറ്റ് ചെയ്തവരോ തെറ്റിനെ ന്യായീകരിക്കാന്‍ നോക്കുന്നവരോ അല്ലല്ലോ? ന്യായം നമ്മുടെ ഭാഗത്തുള്ള കാലത്തോളം, നമുക്ക് ഒന്നും സംഭവിക്കില്ല. ഈ ട്രാന്‍സ്ഫര്‍ ഒന്നും എനിക്ക് പുത്തരിയുമല്ല..പക്ഷെ മാഡം പറഞ്ഞത്പോലെ ഉള്ള വിഷമം എനിക്കുമുണ്ട്. എന്റെ ജീവിതത്തില്‍ മാഡത്തെപ്പോലെ ഒരു സുപ്പീരിയര്‍ ഓഫീസറെ എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ തെറി വിളിക്കാത്ത ഏക ഓഫീസര്‍ മാഡം ആണ്..” ദുഖത്തിനിടയിലും ഇന്ദു അത് കേട്ടു പുഞ്ചിരിച്ചു. “ശരി പൌലോസ്..വൈകിക്കണ്ട..നിങ്ങള്‍ ചെന്ന് കമ്മീഷണറെ കണ്ടു സംസാരിക്ക്..വാസു പോലീസ് പിടിയിലാകാന്‍ ഒരു കാരണവശാലും അനുവദിക്കരുത്..ഓള്‍ ദ ബെസ്റ്റ്..” അവള്‍ പറഞ്ഞു. സല്യൂട്ട് നല്‍കിയ ശേഷം പൌലോസ് പുറത്തേക്ക് ഇറങ്ങി. —————————— “എന്ത് തെളിവാണ് വാസുവല്ല കൊലയ്ക്ക് പിന്നിലെന്ന് തെളിയിക്കാന്‍ നിങ്ങളുടെ പക്കലുള്ളത്‌?” ഒരു സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് ലാഘവത്തോടെ ചാണ്ടി ചോദിച്ചു. “അവനാണ് അതിന്റെ പിന്നിലെന്നു സാറ് എങ്ങനെ അനുമാനിച്ചു?” പൌലോസ് ഉത്തരം പറയാതെ മറുചോദ്യം ഉന്നയിച്ചു. “എവിഡന്‍സ്..അതിന്റെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ പറഞ്ഞത്..അല്ലാതെ എന്റെ ഊഹാപോഹമല്ല അത്. അവനെ അന്ന് രാത്രി ആ വീടിനു സമീപത്ത് വച്ചു കണ്ട സാക്ഷികളും റാവുത്തരുടെ വീട്ടുകാരും തന്ന മൊഴി എന്റെ പക്കലുണ്ട്..മറ്റു തെളിവുകള്‍ അവന്റെ അറസ്റ്റിനു ശേഷം കണ്ടെത്തും…നിങ്ങള്‍ക്ക് എന്ത് തെളിവാണ് അത് തെറ്റാണ് എന്ന് തെളിയിക്കാന്‍ കൈയില്‍ ഉള്ളത്?” ചാണ്ടി ഒരു വിജയിയുടെ ചിരിയോടെ ചോദിച്ചു. പൌലോസ് അപകടം മണത്തു. വാസുവിന്റെ അറസ്റ്റ് ആസന്നമായിരിക്കുകയാണ്. താന്‍ തന്റെ തുറുപ്പു പുറത്തെടുക്കാതെ പറ്റില്ല. ഇത്ര പെട്ടെന്ന് അത് ഉപയോഗിക്കേണ്ടി വരും എന്ന് താന്‍ കരുതിയതുമല്ല. “സര്‍..അന്ന് രാത്രി ഹരീന്ദര്‍ ദ്വിവേദി എന്ന കൊലയാളി റാവുത്തരുടെ വീട്ടില്‍ കയറിയതിന്റെയും നായയെ കൊന്നതിന്റെയും വിഷ്വല്‍സ് എന്റെ കൈയിലുണ്ട്. അത് കണ്ടാല്‍ സാറ് ഇപ്പോള്‍ പറഞ്ഞ എവിഡന്‍സുകള്‍ ശരിയാണ് എന്ന് പറയുമോ?” പൌലോസിന്റെ വാക്കുകള്‍ ചാണ്ടിയെ ശരിക്കും ഞെട്ടിച്ചു. ആ ഞെട്ടല്‍ പ്രകടമായി മുഖത്ത് പ്രകടമായപ്പോള്‍ അയാള്‍ വേഗം സിഗരറ്റ് തെരുതെരെ വലിച്ചിട്ട് കുറ്റി ആഷ്ട്രേയില്‍ തിരുകി. അയാളുടെ മനസ്സില്‍ കൂട്ടലുകളും ഹരിക്കലുകളും നടക്കുകയാണ് എന്ന് മനസിലാക്കിയ പൌലോസ് മൌനം പാലിച്ചു. ആദ്യമുണ്ടായ ഷോക്കില്‍ നിന്നും മോചിതനായ ചാണ്ടി സമനില നടിച്ച് പൌലോസിനെ നോക്കി. “നിങ്ങള്‍ സത്യമാണോ പറയുന്നത്? നിങ്ങള്‍ക്കെങ്ങനെ കിട്ടി ആ വിഷ്വല്‍സ്?” ചാണ്ടി സ്വരം പരമാവധി സാധാരണമട്ടിലാക്കി ചോദിച്ചു. “അതൊക്കെ കിട്ടി..സാറിന് കാണണോ?” “ഷുവര്‍..ഷോ മി ദാറ്റ്..”

പൌലോസ് പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് എടുത്ത് അയാളുടെ നേരെ നീട്ടി. അത് വാങ്ങുമ്പോള്‍ ചാണ്ടിയുടെ വിരലുകള്‍ വിറയ്ക്കുന്നത് പൌലോസ് ശ്രദ്ധിച്ചു. അയാള്‍ അത് വാങ്ങി പിസിയില്‍ ഘടിപ്പിച്ചിട്ട് ഫയല്‍ തുറന്നു. ചാണ്ടി വിയര്‍ക്കുന്നത് പൌലോസ് നേരില്‍ കാണുകയായിരുന്നു. അയാള്‍ വളരെ ഉദ്വേഗത്തോടെ വിഷ്വല്‍സ് പരിശോധിച്ചു. സൈക്കിളില്‍ ഇരുളില്‍ വന്നിറങ്ങുന്ന രൂപം അവ്യക്തമാണ്. അയാള്‍ മതില്‍ ചാടിക്കടക്കുന്നതും അതേത്തുടര്‍ന്ന് നായയുടെ കുര കേള്‍ക്കുന്നതും ചാണ്ടി വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ നോക്കി. ആ ഭാഗത്തെ കാഴ്ചകള്‍ അവ്യക്തമായിരുന്നു. പക്ഷെ നായയെ ചരടില്‍ തൂക്കി നിര്‍ത്തുന്ന രംഗം അയാള്‍ സ്പഷ്ടമായിത്തന്നെ കണ്ടു. തുടര്‍ന്നു വീടിനു പിന്നിലേക്ക് ദ്വിവേദി പോകുന്നത് അവ്യക്തമായിരുന്നു വീഡിയോയില്‍. വീട്ടുകാര്‍ പുറത്ത് ഇറങ്ങിയതോടെ ക്യാമറ ഓഫായി. അടുത്ത വീഡിയോ തുടങ്ങിയപ്പോള്‍ മതില്‍ ചാടിക്കടന്ന് റോഡിലേക്ക് ഇറങ്ങുന്ന ദ്വിവേദിയുടെ അവ്യക്ത രൂപം അല്പം ദൂരെ നിന്നും ഷൂട്ട്‌ ചെയ്തത് പോലെ ആയിരുന്നു. തുടര്‍ന്നു സൈക്കിളില്‍ കയറി പോകുന്ന അയാളുടെ മുഖം ക്യാമറ ഒരു തവണ കൃത്യമായിത്തന്നെ പകര്‍ത്തിയത് ചാണ്ടി ഞെട്ടലോടെ കണ്ടു. വീഡിയോ ഷൂട്ട്‌ ചെയ്ത സമയവും തീയതിയും അതില്‍ തന്നെ ഉണ്ടായിരുന്നു. വീഡിയോ രണ്ടുമൂന്നാവര്‍ത്തി കണ്ട ചാണ്ടി മനസ്സില്‍ തകൃതിയായി കണക്കുകൂട്ടലുകള്‍ നടത്തി. ഡെവിള്‍സിനെതിരെ ഉള്ള ശക്തമായ ഒരു തെളിവാണ് തന്റെ കണ്മുന്നില്‍ ഉള്ളത് എന്ന് മനസിലാക്കിയ അയാള്‍ അവരെ രക്ഷിക്കാനുള്ള കുതന്ത്രങ്ങള്‍ ദ്രുതഗതിയില്‍ മെനഞ്ഞു. ഇത് വച്ച് അവരോട് നന്നായി വിലപേശി ഒരു വന്‍തുക കൈപ്പറ്റാന്‍ തനിക്ക് സാധിക്കുമെന്നും ചാണ്ടി ഉള്‍പ്പുളകത്തോടെ ഓര്‍ത്തു. പക്ഷെ അവരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷിക്കേണ്ട കടമ തനിക്കാണ്. എന്തോ ചില തീരുമാനങ്ങളിലേക്ക് എത്തിയ ചാണ്ടി പിസിയില്‍ നിന്നും പെന്‍ ഡ്രൈവ് ഊരിയ ശേഷം പൌലോസിനെ നോക്കി. “എന്ത് തോന്നുന്നു സര്‍..അന്ന് രാത്രി റാവുത്തരുടെ വീട്ടുവളപ്പില്‍ ചാടിക്കടന്നു നായയെ കൊന്നത് അവനാണ്..ദ്വിവേദി..അവനതിനെ കൊന്ന രീതി അങ്ങ് കണ്ടല്ലോ? അതെ രീതിയില്‍ തന്നെയാണ് അവന്‍ കബീറിനെയും വധിച്ചത്..” പൌലോസ് ആത്മവിശ്വാസം സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു. “നിങ്ങള്‍ക്ക് ഇതെങ്ങനെ കിട്ടി? ആരാണ് ഇത് ഷൂട്ട്‌ ചെയ്തത്?” ചാണ്ടി ചോദിച്ചു. “ഒരു കാര്യം സാറിന് മനസിലായല്ലോ? ഇത് ഷൂട്ട്‌ ചെയ്ത ആള്‍ ഈ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാണ് എന്നുള്ള കാര്യം? സാറ് വാസുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നാണ് എനിക്കിനി അറിയേണ്ടത്” അയാള്‍ ചോദിച്ചതിനുള്ള മറുപടി നല്‍കാതെ പൌലോസ് പറഞ്ഞു. “പൌലോസ്..ഈ വീഡിയോയില്‍ കാണുന്ന ആള്‍ ദ്വിവേദി ആണ് എന്ന് എനിക്കും മനസ്സിലായി. പക്ഷെ അയാള്‍ ചാടിക്കടന്നു കയറിയ വീട് റാവുത്തരുടെ വീടാണ് എന്ന് എനിക്ക് തോന്നുന്നില്ല. ആ വിഷ്വല്‍സ് ഒന്നും വ്യക്തവുമല്ല. മാത്രമല്ല, ദ്വിവേദി എന്തിനു കബീറിനെ കൊല്ലണം? ആരാണ് അയാള്‍ക്ക് കൊട്ടേഷന്‍ നല്‍കിയത്? ഈവിധ കാര്യങ്ങളില്‍ വ്യക്തത ഇല്ലാതെ ആരോ ഷൂട്ട്‌ ചെയ്ത ഒരു വീഡിയോ വച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ സാധ്യമല്ല….”

“സര്‍, അതൊക്കെ അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യങ്ങള്‍ ആണ്. ഈ വീഡിയോ ഷൂട്ട്‌ ചെയ്തിരിക്കുന്ന സമയം, തീയതി, ഇരുട്ടില്‍ ആണെങ്കിലും ആ മതില്‍ റാവുത്തരുടെ വീടിന്റെ മതിലാണ് എന്ന് മനസിലാക്കാന്‍ സാധിക്കുന്നത്, നായയെ കഴുത്തില്‍ കയറു മുറുക്കി കൊന്നതാണ് എന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരി വയ്ക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും കാണിക്കുന്നത് ഈ കൊല ദിവേദി നടത്തിയതാണ് എന്നല്ലേ? അയാളെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഡെവിള്‍സ് ആണ് എന്നതിന്റെ തെളിവും എന്റെ പക്കലുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും മാലിക്ക് അവനെ സ്വീകരിച്ചത് മുതല്‍ വീട്ടില്‍ എത്തുന്നത് വരെ ഉള്ള വിവിധ ഫോട്ടോകള്‍ എന്റെ പക്കലുണ്ട്..ഇനിയും സാറിന് സംശയമുണ്ടോ?” പൌലോസ് ചോദിച്ചു. “പൌലോസ്..ഒരാള്‍..ദ്വിവേദി തന്നെ ആയിക്കോട്ടെ..കൊച്ചിയില്‍ എത്തുന്നു. നിങ്ങള്‍ ഈ പറയുന്ന ഡെവിള്‍സ് എന്ന ടീമും അയാളും തമ്മില്‍ എന്തെങ്കിലും ബിസിനസ് ബന്ധമോ അല്ലെങ്കില്‍ സുഹൃദ് ബന്ധമോ കണ്ടേക്കാം. അതിനാകും അയാള്‍ വന്നതും അവരയാളെ സ്വീകരിച്ചതും. അതൊന്നും അയാളാണ് കൊലയ്ക്ക് പിന്നില്‍ എന്നതിന്റെ കാരണമല്ല. ദ്വിവേദിക്ക് കബീറിനോട് വിരോധം ഒന്നുമില്ല…നിങ്ങള്‍ പറയുന്ന ഡെവിള്‍സിനും കബീറിനോട് വ്യക്തി വൈരാഗ്യം ഉള്ളതായി യാതൊരു സൂചനയും ഇല്ല. അങ്ങനെയിരിക്കെ വ്യക്തമല്ലാത്ത ഒരു വീഡിയോ വച്ചുകൊണ്ട് കഥകള്‍ മെനയുന്നതില്‍ അര്‍ത്ഥമില്ല..തെളിവുകള്‍ വാസുവിനെതിരാണ്” ചാണ്ടിയുടെ സംസാരം പൌലോസിന്റെ രക്തം തിളപ്പിച്ചു എങ്കിലും അയാള്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. അയാള്‍ക്ക് വാസുവിനെ കുടുക്കണം എന്ന തീരുമാനം ആണ് ഉള്ളതെന്നും യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ ഒരിക്കലും അയാള്‍ ശ്രമിക്കാന്‍ പോകുന്നില്ല എന്ന് പൌലോസിനു മനസിലായി എങ്കിലും ഒരു ശ്രമം കൂടി നടത്താന്‍ അയാള്‍ തീരുമാനിച്ചു. “സര്‍..മുന്‍പൊരിക്കല്‍ ഞാന്‍ താങ്കളോട് പറഞ്ഞിരുന്നു..മുംതാസ് കേസിലെ ഒന്നാം പ്രതി കബീറും, രണ്ടാം പ്രതികള്‍ ഡെവിള്‍സുമാണ്. കബീര്‍ ഏറെക്കുറെ ആ കേസില്‍ കുടുങ്ങും എന്ന് മനസിലായ സമയത്താണ് അവര്‍ അവനെ വധിക്കുന്നത്. കാരണം കബീര്‍ പിടിയിലായാല്‍, അവളെ ബലാല്‍സംഗം ചെയ്ത ഡെവിള്‍സും ഉള്ളിലാകും. ആ കാരണമാണ് ദ്വിവേദിയെ നിയോഗിച്ചതിനു പിന്നില്‍ ഉള്ളത്. ഒന്നാം പ്രതി ഇല്ലാതായാല്‍, കേസ് തന്നെ അപ്രസക്തമാക്കാന്‍ കഴിവുള്ള വക്കീല്‍ അവര്‍ക്കുണ്ടല്ലോ..അവരുടെ ഇതിലെ ഇടപെടലിന്റെ തെളിവുകള്‍ ഇഷ്ടം പോലെ എന്റെ പക്കലുണ്ട്. അങ്ങ് പറയുന്നത് പോലെ വാസുവിന് കബീറിനോട് യാതൊരു വിരോധവുമില്ല. മുംതാസ് കേസ് റീ ഓപ്പണ്‍ ചെയ്യിക്കുന്നതിന്റെ ഭാഗമായി ഡോണ നടത്തി വന്നിരുന്ന ശ്രമങ്ങള്‍ക്ക് സഹായിയായി അവന്‍ നിന്നു എന്നെ ഉള്ളൂ..അന്നുരാത്രി അവന്‍ അവന്റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.. അങ്ങ് യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ല എങ്കിലും കുഴപ്പമില്ല, വാസു എന്ന നിരപരാധിയെ കള്ളക്കേസില്‍ കുടുക്കരുത്..ഇതൊരു അപേക്ഷയാണ്” ചാണ്ടിയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് പൌലോസ് കണ്ടു. “നീ എന്താടാ കരുതിയത്? ഞാന്‍ ഇവിടെ ചെരയ്ക്കാന്‍ ഇരിക്കുകയാണെന്നോ? നിന്നെക്കാള്‍ മുന്‍പേ ഈ ഉടുപ്പിട്ടവനാണ് ഞാന്‍. സിറ്റി കമ്മീഷണറുടെ മുഖത്ത് നോക്കി കള്ളക്കേസ് ഉണ്ടാക്കുന്നവന്‍ എന്ന് പറഞ്ഞ നിന്നെ ഈ സിറ്റിയില്‍ ഞാനിനി വച്ചു പൊറുപ്പിക്കില്ല..കബീര്‍ കേസ് എങ്ങനെ മുന്‍പോട്ടു പോകണം എന്ന് ഞാന്‍ തീരുമാനിക്കും..നിന്നോട് അതില്‍ ഇടപെടാനോ അന്വേഷിക്കാനോ ആരെങ്കിലും ആവശ്യപ്പെട്ടോടാ? നൌ ഗെറ്റ് ഔട്ട്‌ ഓഫ് മൈ ഓഫീസ്..” ചാണ്ടി ആക്രോശിച്ചു.

അയാള്‍ കളി തുടങ്ങി എന്ന് മനസിലാക്കിയ പൌലോസ് ഒരു പുഞ്ചിരിയോടെ തൊപ്പി ഊരി മേശപ്പുറത്ത് വച്ചു. എന്നിട്ട് മുന്‍പോട്ട് ആഞ്ഞിരുന്ന് ചാണ്ടിയുടെ കണ്ണിലേക്ക് നോക്കി. “എടൊ ചാണ്ടി..ഇപ്പോള്‍ ഈ സംസാരിക്കുന്നത് വെറും പൌലോസ് ആണ്. തന്റെ കീഴാപ്പീസര്‍ പൌലോസല്ല, താഴത്തങ്ങാടി മനയ്ക്കല്‍ വീട്ടില്‍ ജോര്‍ജ്ജിന്റെ മകന്‍ പൌലോസ് ജോര്‍ജ്ജ്. താന്‍ ആര്‍ക്കു വേണ്ടിയാണ് വാസുവിനെ കുടുക്കാന്‍ നോക്കുന്നത് എനിക്ക് നന്നായി അറിയാം. നിരപരാധിയായ ആ ചെറുപ്പക്കാരനെ താന്‍ കള്ളക്കേസില്‍ കുടുക്കിയാല്‍, ചാണ്ടി നിന്റെ പണ്ടി ഞാന്‍ അടിച്ചു പൊട്ടിക്കും. എനിക്കീ പോലീസ് ജോലീം കോപ്പും ഒന്നും ഒരു പുല്ലുമല്ല.. ഇട്ടെറിഞ്ഞിട്ട്‌ ഞാന്‍ പോകും..പക്ഷെ അത് നിന്റെ കഷ്ടകാലത്തിന്റെ തുടക്കം ആയിരിക്കുമെന്ന് മാത്രം” പൌലോസ് ഒരു സിംഹത്തെപ്പോലെ മുരണ്ടു. ചാണ്ടി അയാളുടെ ഭാവമാറ്റം കണ്ട് ആദ്യമൊന്നു ഞെട്ടി. പക്ഷെ വേഗം തന്നെ അയാള്‍ സമനില വീണ്ടെടുത്ത് പകയോടെ പൌലോസിനെ നോക്കി. “എടാ..മര്യാദയ്ക്ക് സംസാരിക്കണം. നീ വെറും ഒരു എസ് ഐ ആണ്..നിന്റെ തൊപ്പി എന്നേക്കുമായി തെറിപ്പിക്കാന്‍ എനിക്ക് സെക്കന്റുകള്‍ മതി” ചാണ്ടി സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.. “തെറിപ്പിക്കടാ പുല്ലേ..വളരെ വ്യക്തമായ ഒരു തെളിവ് നിന്റെ കൈയില്‍ തന്നിട്ട് നിനക്ക് സംശയം.. അല്ലേടാ? നീ ഒന്നോര്‍ത്തോ..നിന്റെ കൌണ്ട് ഡൌണ്‍ ഇവിടെ തുടങ്ങുകയാണ്. ദ്വിവേദി ആണ് ഈ കൊലയ്ക്ക് പിന്നിലെന്ന് ഞാന്‍ തെളിയിക്കും. അതിന് എനിക്ക് നിന്റെ സഹായമൊന്നും ആവശ്യമില്ല. അവനെ ഇവിടേക്ക് കൊണ്ട് വന്നത്, നീ മൂലം താങ്ങി സഹായിക്കുന്ന ഡെവിള്‍സ് ആണ് എന്നും പുല്ലുപോലെ ഞാന്‍ തെളിയിക്കും. നീ ഞാന്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അവന്മാരെ അറസ്റ്റ് ചെയ്താല്‍, നീ ചെയ്തുകൊണ്ടിരിക്കുന്ന ചെറ്റത്തരങ്ങള്‍ ഞാനങ്ങു ക്ഷമിച്ചേക്കാം..അതല്ല, ആ പാവം പയ്യനെ കുടുക്കാനാണ് നിന്റെ പദ്ധതി എങ്കില്‍, ചാണ്ടീ നീ ഒരൊറ്റ ദിവസം സമാധാനത്തോടെ കിടന്നുറങ്ങില്ല..പൌലോസ് ആണ് പറയുന്നത്” “ഛീ..എഴുന്നേല്‍ക്കടാ..കടക്കടാ എന്റെ ഓഫീസില്‍ നിന്നും പുറത്ത്..” ചാണ്ടി ചാടി എഴുന്നേറ്റ് ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ത്തി. രണ്ടു പോലീസുകാര്‍ വേഗം ഉള്ളിലെക്കെത്തി അയാള്‍ക്ക് സല്യൂട്ട് നല്‍കി. “ഇവനെ പിടിച്ചു പുറത്ത് എറിയെടോ..ബ്ലഡി ഫൂള്‍..നിന്നെ ഞാന്‍ സസ്പെന്ഡ് ചെയ്തിരിക്കുന്നു..” ചാണ്ടി അലറി. പോലീസുകാര്‍ പൌലോസിനെ സമീപിച്ചപ്പോള്‍ അയാള്‍ എഴുന്നേറ്റു. “നിന്റെയൊക്കെ മേലാപ്പീസര്‍ പറഞ്ഞത് കേട്ട് എന്റെ ദേഹത്ത് തൊട്ടാല്‍, ഏതെങ്കിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐ സി യുവില്‍ മുന്‍‌കൂര്‍ ആയി ബെഡ് ബുക്ക് ചെയ്തിട്ടേ ആകാവൂ..മാറി നില്‍ക്കടാ”

അടുത്തേക്ക് വന്ന പോലീസുകാരെ നോക്കി പൌലോസ് മുരണ്ടു. അയാളെ നന്നായി അറിയാമായിരുന്ന അവര്‍ ഭയത്തോടെ ചാണ്ടിയെ നോക്കി. അവരെ വിരട്ടിയ ശേഷം പൌലോസ് ചാണ്ടിയെ നോക്കി. “എടാ ചാണ്ടി..ഈ ആപ്പീസ് നിന്റെ തന്ത നിന്റെ പേരില്‍ എഴുതിത്തന്ന കുടുംബ സ്വത്തോ നിനക്ക് സ്ത്രീധനം കിട്ടിയ വകയില്‍ ഉള്ളതോ അല്ല. ഇത് കേരള സര്‍ക്കാരിന്റെ പ്രോപ്പര്‍ട്ടി ആണ്..അതില്‍ നിന്നെപ്പോലെ പേ പിടിച്ച ഒരു നായയെ അവര്‍ പിടിച്ചിരുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നം..ഇവിടെ നിന്നും എപ്പോള്‍ പോകണം എന്ന് ഞാന്‍ തീരുമാനിക്കും..” പൌലോസ് അയാളുടെ മേശപ്പുറത്തേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു. “പിടിച്ചു പുറത്താക്കെടോ അവനെ..” ചാണ്ടി റിവോള്‍വര്‍ അരയില്‍ നിന്നും ഊരി പൌലോസിനു നേരെ ചൂണ്ടിക്കൊണ്ട് അലറി. പക്ഷെ രണ്ടു സെക്കന്റ് പോലും ആ റിവോള്‍വര്‍ ചാണ്ടിയുടെ കൈയില്‍ ഇരുന്നില്ല. പൌലോസിന്റെ കൈകള്‍ മിന്നല്‍ പോലെ ആണ് പ്രവര്‍ത്തിച്ചത്. തോക്ക് അയാളുടെ കൈയില്‍ നിന്നും പുല്ലുപോലെ പൌലോസ് തന്റെ കൈയിലാക്കി. “എടാ കോപ്പന്‍ കമ്മീഷണറെ..നിനക്ക് തോക്ക് തൂക്കി ഇട്ടോണ്ട് നടക്കാന്‍ അല്ലാതെ ഇത് കൈകാര്യം ചെയ്യാനുള്ള കഴിവില്ല..എന്നെ ഇവിടെ നിന്നും ഇറക്കാന്‍ തക്ക ബലമുള്ള ഉണ്ട നിന്റെ ഈ ആപ്പീസില്‍ ഇപ്പോഴുള്ള ഒരുത്തനുമില്ല…..ഞാന്‍ തനിയെ വരും തനിയെ പോകും..എന്റെ സൗകര്യം പോലെ…പക്ഷെ ഒന്ന് നീ ഓര്‍ത്തോ..നീ സംരക്ഷിക്കാന്‍ നോക്കുന്ന ആ ക്രിമിനലുകളെ ഞാന്‍ വ്യക്തമായ തെളിവുകളോടെ അകത്താക്കും..നീ എനിക്കെതിരെ എന്ത് പുല്ലു വേണമെങ്കിലും ചെയ്തോ..ഐ ജസ്റ്റ് ഡോണ്ട് കെയര്‍..ഇന്നാ പിടി..” തോക്ക് അയാളുടെ നേര്‍ക്ക് എറിഞ്ഞിട്ട് പൌലോസ് തൊപ്പി എടുത്ത് പോക്കറ്റില്‍ തിരുകി. “സര്‍വീസില്‍ നിന്നും പുറത്തായ നീ എന്ത് ചെയ്യും എന്നെനിക്ക് ഒന്ന് കാണണം…” പകയോടെ അങ്ങനെ പറഞ്ഞിട്ട് ചാണ്ടി പോലീസുകാരെ നോക്കി. “യൂസ്ലെസ്സ് ഫെലോസ്..എവിടെടോ ഫിറോസ്‌..വിളിക്കവനെ” ചാണ്ടി പൌലോസിനെ ഭയന്ന് നിന്നിരുന്ന പോലീസുകാരെ നോക്കി പറഞ്ഞു. “സര്‍…” അവര്‍ വേഗം പുറത്തേക്ക് പോയി. “അപ്പൊ എടാ പട്ടി ചാണ്ടി..ഞാന്‍ പോട്ടെ..നീ എന്റെ പിരിച്ചുവിടല്‍ നോട്ടീസ് എന്റെ ആപ്പീസിലോട്ട് അയച്ചേക്ക്..ഞാന്‍ അത് അവിടെ ചെന്ന് കൈപ്പറ്റിയേക്കാം..” പൌലോസ് പോകാനായി തിരിഞ്ഞുകൊണ്ട് പറഞ്ഞു. “ഹ നില്‍ക്കടാ..നിന്റെ വാസുവിനെതിരെ ഉള്ള അറസ്റ്റ് വാറണ്ട് ഞാന്‍ ദാ ഒപ്പ് വയ്ക്കാന്‍ പോകുകയാണ്. നിന്റെ കണ്മുന്നില്‍ വച്ച് ഫിറോസ്‌ ഇതുമായി പോകുന്നത് കണ്ടിട്ട് നീ പോ..എന്നിട്ട് നീ അവനെ ഒന്ന് രക്ഷിച്ചു കാണിക്ക്…അവന്‍ ഇനി ഈ ജന്മത്ത് പുറം ലോകം കാണാന്‍ പോകുന്നില്ല..

നീയെന്നല്ല ഒരുത്തന്‍ വിചാരിച്ചാലും അഴിക്കാന്‍ പറ്റാത്ത പൂട്ടിട്ടു ഞാനവനെ പൂട്ടും..ചാണ്ടിയാടാ പറയുന്നത്” അയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. “നീ ചെയ്തോടാ..പക്ഷെ അവന്‍ പുല്ലുപോലെ പുറത്ത് വരുമെന്ന് മാത്രമല്ല, നിന്റെ മറ്റവന്മാര്‍ ഉണ്ട തിന്നാന്‍ പോകുമ്പോള്‍, അവര്‍ക്കൊരു കമ്പനിയായി നിന്നെയും ഞാന്‍ അയയ്ക്കും..നിന്നെപ്പോലെ ഒരു ചെറ്റയെ സല്യൂട്ട് നല്‍കേണ്ടി വന്നതില്‍ മാത്രമേ എനിക്ക് വിഷമം ഉള്ളൂ..പൊട്ടെടാ പുല്ലേ..” വെട്ടിത്തിരിഞ്ഞ് പൌലോസ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ സി ഐ ഫിറോസ്‌ ഉള്ളിലേക്ക് വരുകയായിരുന്നു. പൌലോസ് അയാളെ പിടിച്ച് ചാണ്ടിയുടെ നേരെ തള്ളി. “വഴി മുടക്കുന്നോടാ കോപ്പേ..” അയാളെ നോക്കി പകയോടെ മുരണ്ട ശേഷം ചടുലമായ ചുവടുകളോടെ പൌലോസ് ചെന്ന് വണ്ടിയില്‍ കയറി.

Comments:

No comments!

Please sign up or log in to post a comment!