അനുപല്ലവി 9

എന്തെ എന്നർത്ഥത്തിൽ ഞാൻ പുരികം ഉയർത്തി… ഒന്നുമില്ല എന്നവൾ ചുമൽ കൂച്ചി കാണിച്ചു… ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം അറിയാമായിരുന്ന ആ പുഞ്ചിരിയുടെ അർത്ഥം ഓർത്തു.. ചുണ്ടിലെ ചിരിയോടെ തന്നെ വണ്ടി മുന്നോട്ട് എടുത്തു….

(തുടർന്നു വായിക്കുക )

ഹോസ്പിറ്റലിന്റെ ഗേറ്റിനു അടുത്തെത്തിയപ്പോ.. ശ്രുതി ഉള്ളിലേക്കു നടന്നു പോകുന്നത് കണ്ടു…

“ഉണ്ണിയേട്ടാ വണ്ടി ശ്രുതിയുടെ അടുത്ത് നിർത്തിയേക്.. ”

“എന്റെ കാറിൽ നമ്മൾ ഒരുമിച്ചു വരുന്നത് കണ്ടിട്ട്.. ശ്രുതിക് അറ്റാക്ക് ഉണ്ടാകാൻ ആണൊ..” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

അതൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം…

“എന്ത് പറഞ്ഞു മനസ്സിലാക്കും… ”

“എന്ത് പറഞ്ഞു മനസ്സിലാക്കിപ്പിക്കണം.. ” അതെ ടോണിൽ പല്ലവി തിരിച്ചു ചോദിച്ചു

“നമ്മുടെ ബന്ധം ഉത്തരമില്ലാത്ത ചോദ്യം ആണൊ ചിന്നു…?? ”

ചോദ്യത്തിൽ നിഴലിച്ച പരിഭവം മനസ്സിലാക്കിഎന്നോണം അവളുടെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു …

വണ്ടി നിർത്തിയപ്പോൾ എന്റെ ഇടം കൈ അവൾ കയ്യിലെടുത്തു നാലുവിരലുകളുടെ അറ്റം ചേർത്തു പിടിച്ചു ആ വിരലുകളിൽ അവൾ ചുണ്ടുകൾ കൊണ്ട് ചാർത്തിയ മൃദു സ്പർശം എന്ന്റെ ചോദ്യത്തിന് കൂടിയുള്ള മറുപടിയാണെന്നു ഞാൻ തിരിച്ചറിഞ്ഞു…

പല്ലവി വണ്ടിയിൽ നിന്നും ഇറങ്ങി ശ്രുതിയുടെ അടുത്തേക് പോകുന്നതും കണ്ടുകൊണ്ടാണ്.. ഞാൻ വണ്ടി പാർക്ക്‌ ചെയ്യാൻ പോയത്…

പാർക്ക്‌ ചെയ്തു തിരിച്ചു വരുമ്പോൾ.. ഡോണ ദേവൂട്ടിയെയും കൂട്ടി കാന്റീനിൽ നിന്നും വരുന്നത് കണ്ടു…

എന്നെ കണ്ടു കൊണ്ട് അങ്കിളേ എന്നു വിളിച്ചു ഡോണയുടെ കയ്യിൽ നിന്നും ഊർന്നു എന്റെ അടുത്തേക് ദേവൂട്ടി ഓടി വന്നു..

“ആഹാ ഇന്ന് ചുന്ദരി ആയിട്ടുണ്ടല്ലോ..” അവളെ പൊക്കിയെടുത്തു.. ഒന്ന് വട്ടം കറങ്ങി… ദേവൂട്ടി കിലു കിലെ ചിരിക്കുന്നുണ്ടായിരുന്നു… ആ ചിരി ഏതു വിഷമവും മറക്കാനുള്ള സിദ്ധഔഷധം ആണെന്ന് ഓർത്തു…

മറുവശത്തു അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ അനാഥ മായി പോയ അവളുടെ വിധിയെ കുറിച്ച് സങ്കടവും…

“അനുവേട്ടാ എങ്ങനുണ്ട്.. അജുവിന്‌.. സുഖം ആയോ.. ”

“ഹാ ഡോണ.. തലക് സ്റ്റിച്ച് ഉണ്ട്‌.. വേറെ കുഴപ്പം ഒന്നും ഇല്ല…”

“ഹ്മ്മ് എന്നാലും ആകെ പേടിച്ചു പോയി… അന്ന് രാത്രി.. ”

ഓരോന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു നടന്നു…

അപ്പോളാണ് പ്രിത്വിയെ കണ്ടില്ലലോ എന്നോർത്തത്

“അവൻ എവിടെ പോയി… ”

“ഹാ പൃഥ്‌വി നാളെയെ വരൂ.

. ബാംഗ്ലൂർ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയതാ.. ”

“അവനെന്തിനാ ഫെർട്ടിലിറ്റി ക്ലിനികിൽ.. ഞാൻ സംശയത്തോടെ തിരക്കി…”

“അവനെന്തെങ്കിലും…” എന്നാൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ അവനു..

“ഹേയ് അതൊന്നും അല്ല അനുവേട്ടാ…”എന്റെ സംശയത്തിന്റെ മറുപടി എന്നോണം അവൾ പറഞ്ഞു..

“ഞങ്ങൾക്ക് ആ ഭാഗ്യം ഇല്ലാത്തതു എന്റെ കുഴപ്പം ആണ്‌..”

അവളുടെ ശബ്ദത്തിൽ സങ്കടം നിറയുന്നത് ഞാൻ അറിഞ്ഞു..

“ഹേയ് ഡോണ ഡോണ്ട് വറി.. ”

“പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടോ.. ഒന്നല്ലെങ്കിൽ വേറെ വഴി…”

ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു…

“ഞങ്ങൾ അനുവേട്ടനോട് പറയാൻ ഇരിക്കുക ആയിരുന്നു… പൃഥ്‌വി കൂടെ വരട്ടെ… ഇപ്പോൾ ആ ആഗ്രഹം ഉപേക്ഷിച്ചിരിക്കുകയാണ് അനുവേട്ടാ.. എനിക്ക് പ്രതീക്ഷ ഇല്ല എന്നാലും പ്രിത്വിയെ കാണുമ്പോൾ.. ഓർക്കുമ്പോൾ സങ്കടം വരും.. ”

“അമ്മ ആകാൻ കഴിയാത്ത സ്ത്രീ… സ്ത്രീ എന്നു പറഞ്ഞൂടാ അല്ലേ അനുവേട്ടാ… “

“ഡോണ… പ്രസവിക്കുക.. മുലയൂട്ടുക എന്നത് മാത്രമല്ല ഒരു സ്ത്രീയെ സ്ത്രീ ആക്കുന്നതും അമ്മയാക്കുന്നതും… ആരൊക്കെയോ പറഞ്ഞു പറഞ്ഞു തഴമ്പിച്ച വാക്കുകളിലൂടെ ഒരു സ്ത്രീയെ നിർവചിക്കാൻ എനിക്കാവില്ല… പ്രസവിച്ച സ്ത്രീകൾ ഒക്കെ പൂര്ണണരും അല്ലാത്തവർ അപൂർണരും.. അങ്ങനെയൊന്നുമില്ല… ഒരു കുഞ്ഞിന് വാത്സല്യം കൊടുക്കാൻ കഴിയുക എന്നതാണ് മാതൃത്വം…അല്ലാതെ പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാവില്ല…അമ്മ എന്ന വാക്കിന് ഒരുപാടു അർത്ഥം ഉണ്ട്‌ ഡോണ… പിന്നെ ഡോണയുടെ പ്രശ്നം എന്താണെന്നു ഞാൻ നോക്കട്ടെ.. എന്നിട്ട് പറഞ്ഞാൽ പോരെ..”

“എന്തിനാ ആന്റി കരയുന്നെ…”

എന്റെ കയ്യിൽ നിന്നും ദേവൂട്ടി ഡോണയുടെ കൈകളിലേക് ചാടി പോയിരുന്നു..

“അവൾ ഡോണയുടെ കണ്ണിൽ തുളുമ്പിയ നീർതുള്ളി ആ കുഞ്ഞ് വിരലുകൾ കൊണ്ട് തുടച്ചു കൊണ്ട്.. വീണ്ടും പറഞ്ഞു.. ആന്റി കരയല്ലേ… ദേവൂട്ടി ചക്കര ഉമ്മ തരാല്ലോ…”

ഉമ്മ ഉമ്മ… ഡോണയുടെ രണ്ടു കവിളിലും ദേവൂട്ടി മാറി മാറി ഉമ്മ വെച്ചു..

“അപ്പോ അങ്കിളിനു ഇല്ലേ.. ഉമ്മ..” അതു കണ്ടു കൊണ്ട് ഞാനും ചോദിച്ചു..

“അങ്കിളിനും ഉണ്ടല്ലോ…” അവൾ എന്റെ കവിളിലും ഉമ്മ വെച്ചു.. ദേവൂട്ടിയെയും കൊണ്ട് ഡോണ അവളുടെ ക്യാബിനിലേക് നടന്നു..

ഞാൻ പഞ്ചിങ് ചെയ്യുമ്പോളേക്കും.. ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റി യൂണിഫോം ഇട്ടു പല്ലവിയും വന്നു…

“ഹ്മ്മ് എന്ത് ചോദിച്ചു തന്റെ ശ്രുതി… ” കൂടെ ശ്രുതിയെ കാണാതിരുന്നത് കൊണ്ട്.
. ഞാൻ അവളോട്‌ ചോദിച്ചു…

“എന്ത് ധൈര്യത്തിലാ നീ ആ കാലമാടന്റെ കൂടെ വന്നതെന്ന്.. ”

“കാലമാടൻ എന്നോ അവളെ കാണട്ടെ ഞാൻ ശെരിയാക്കുന്നുണ്ട്… ”

എന്റെ ക്യാബിനിലേക് കേറി കൊണ്ടാണ് ഞാൻ പറഞ്ഞത്..

പുറകിലായി കേറിയ പല്ലവിയുടെ പിന്നിൽ ഡോർ അടഞ്ഞിരുന്നു..

“അങ്ങനെ വേറെ പെൺപിള്ളേരെ ശെരിയാക്കാൻ പോകണ്ട കേട്ടോ… ”

എന്നെ പിന്നിൽ നിന്നും വലിച്ചു കൊണ്ട് പല്ലവി പറഞ്ഞു…

പിന്നെ.. ഞാൻ തിരിഞ്ഞു നിന്നു ചോദിച്ചു…

“പിന്നെ… പിന്നെ….കുന്തം… വേണേൽ എന്നെ ശെരിയാക്കിക്കോ….” പരിഭവവും കുറുമ്പും നിറഞ്ഞ ശബ്ദതിൽ അവൾ പറഞ്ഞു

“അപ്പോ പെണ്ണിന് കുശുമ്പ് ഒക്കെ ഉണ്ട്‌.. “

ഞാൻ മനസ്സിൽ പറഞ്ഞു..

“ആഹാ… ഇപ്പൊ ശെരി ആകണോ… വേണോ…” ഞാൻ അവളുടെ അടുത്തെക് നീങ്ങി… അവൾ പിന്നോട്ട് നടന്നു ഡോറിനു ചാരി നിന്നു…

“നേരത്തെ വീട്ടിൽ നിന്നു മോൾ എന്തോ പറഞ്ഞാരുന്നല്ലോ… ” എന്റെ കുറ്റി താടിയിൽ തടവി കൊണ്ട് ഞാൻ ചോദിച്ചു..

“ഇല്ല ഞാൻ ഒന്നും പറഞ്ഞില്ലാലോ… ” മിഴികൾ താഴേക്കു പായിച്ചു കൊണ്ട് അവൾ പറഞ്ഞു…

“എന്തോ കെട്ടിയോൾക്കു കൊണ്ട് കൊടുക്കാനോ മറ്റോ… ” അടുത്തെത്തി അവളുടെ മുഖത്തേക് മുഖം അടുപ്പിച്ചു ചോദിച്ചു..

പല്ലവി കണ്ണുകൾ ഉയർത്തി മെല്ലെ എന്നെ നോക്കി… ആ കണ്ണുകളിൽ തെളിഞ്ഞു നിന്ന നാണം ഞാൻ കണ്ടു… എന്റെ മുഖം അവളുടെ കവിളിലേക് അടുപ്പിച്ചു നാണം കൊണ്ട് ചുവന്ന ആ കവിളിലേക്ക് ചുണ്ടുകൾ ചേർത്തു… മുഖം ആ കവിളിൽ നിന്നും എടുത്ത മാത്രയിൽ തന്നെ പല്ലവിയുടെ ചുണ്ടുകൾ എന്റെ കവിളിലും മുദ്ര ചാർത്തിയിരുന്നു…

“അതെ റൊമാൻസ് കളിചോണ്ടിരുന്നാൽ പുറത്തു പേഷ്യന്റ്സ് വെയിറ്റ് ചെയ്യുന്നുണ്ട്..”

അതും പറഞ്ഞു എന്നെ ഉന്തി മാറ്റി കൊണ്ട് അവൾ ഫയൽ എടുക്കാനായി ടേബിളിനടുത്തേക് നീങ്ങി..

അവൾ ഫയൽ നോക്കി ഓരോ ടോക്കൺ റെഡി ചെയ്യുന്നതും നോക്കി ഞാൻ ചെയറിലേക് ഇരുന്നു…

അവിടെ ഇരുന്നിട്ടും.. പല്ലവി ചെയ്യുന്നത് ഓരോന്നായി ഞാൻ നോക്കി കൊണ്ടിരുന്നു… അവളുടെ ഓരോ പ്രവർത്തിയിലും ഞാൻ അവളുടെ സൗന്ദര്യം അറിയുക ആയിരുന്നു..

ഇടക് അവൾ ചോദിച്ചു…

“എന്താ ഇങ്ങനെ നോക്കുന്നെ… ”

“ചുമ്മാ… ഇങ്ങനെ കണ്ടോണ്ടിരിക്കാൻ.. ” ഞാൻ ചിരിയോടെ മറുപടി പറഞ്ഞു..

എന്റെ മറുപടി കേട്ടു.. അവളുടെ തുടുത്ത കവിളിൽ വിരിഞ്ഞ കുഞ്ഞ് നുണക്കുഴിയിലേക്കും നോക്കി ഞാനിരുന്നു..

മുൻപ് ബുക്ക്‌ ചെയ്ത ടോക്കൺ ഓരോന്നായി പല്ലവി വിളിക്കാൻ ആരംഭിച്ചിരുന്നു അപ്പോളേക്കും…

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“ഉണ്ണിയേട്ടൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വരുവോ അപ്പച്ചി… ” അനുവിനെയും പല്ലവിയെയും ഹോസ്പിറ്റലിലേക് യാത്രയാക്കി.
. മുറ്റത്തു നിന്നും സിറ്ഔട്ടിലേക് കയറുമ്പോൾ നിധി സാവിത്രിയമ്മ യോടായി ചോദിച്ചു.

“അറീല്ല മോളെ അവൻ ഇനി മിക്കവാറും വൈകുന്നേരം ആവും വരാൻ… ”

“ഹോസ്റ്റലിൽ നിക്കുന്നത് കൊണ്ടാവും അല്ലേ.. മുടിയൊക്കെ നോക്കിയേ ആകെ പിഞ്ചി പറിഞ്ഞു… വാ അപ്പച്ചി നല്ല കാച്ചിയ എണ്ണ ഇട്ടു തരാം മോൾക്… ”

നിധിയുടെ മുടിയിൽ തലോടി കൊണ്ട് അവർ പറഞ്ഞു…

അജു പുറത്തു നിന്നും ചുറ്റുപാടും നോക്കുക ആയിരുന്നു… വീടിനടുത്തുള്ള ചെറിയ ഗ്രൗണ്ടും.. കുറച്ചു മാറി ഒരു ക്ലബും അവൻറെ കണ്ണിൽ പെട്ടു..

“അജു… വെറുതെ വെയില് കൊള്ളേണ്ട..കേറി പോരെ… സ്റ്റിച് ഒക്കെ ഉണങ്ങീട്…. പുറത്തൊക്കെ പൊ…സ്റ്റിച്ചിലൊന്നും മണ്ണാക്കണ്ട പുറത്തൂടെ നടന്നിട്ട്…” അമ്മ ഉള്ളിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട അജു.. ഉള്ളിലേക്കു നടന്നു…

“മോളെ ഞാനീ പാത്രം ഒക്കെ കഴുകീട്ടു എണ്ണയെടുത്തിട്ടു വരാട്ടോ…”

“അപ്പച്ചി ഞാനും കൂടാം.. ”

“വേണ്ട മോളെ… കുറച്ചല്ലേ ഉള്ളൂ.. മോളു അജൂനോട് വർത്തമാനം പറഞ്ഞിരിക്കു..അപ്പച്ചി ഇപ്പൊ വരാം… ”

നിധി അജുവിന്റെ കൂടെ അവൻറെ റൂമിലേക്കു നടന്നു..

“വേദനയുണ്ടോ അജുവേട്ടാ… ”

“അതു സാരമില്ല… മനസ്സിന് ഒരു മുറിവ് ഏറ്റിട്ടുണ്ട്… അതു മാത്രം വേദനിക്കുന്നുണ്ട്.. ”

റൂമിലേക്കു കയറിയ നിധിയെ ചേർത്തു പിടിച്ചു അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ പറഞ്ഞു..

“എന്റെ ഈ പെണ്ണിന്റെ കവിളിൽ അടിച്ചവനെ തിരിച്ചു ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന സങ്കടം… ” അവനു നേരേ നിധിയെ പിടിച്ചു നിർത്തി ആ കവിളുകളിൽ അവൻ തഴുകി… അവൻറെ നെഞ്ചിലേക് മുഖം ചേർത്തു… അവൻറെ മുഖത്തേക് നോക്കി… അജുവേട്ടൻ ഒരു വഴക്കിനും പോകണ്ട… എനിക്ക് വയ്യ ഇനി തീ തിന്നാൻ…

കട്ടിലിന്റെ ക്രാസിയിലേക്…..തലയിണ എടുത്തു വെച്ചു അതിലേക് അജു ചാരി കിടന്നു….. നിധിയും അവൻറെ അരികിൽ തന്നെ ഇരുന്നു… അവളുടെ ഒരു കരം അവൻറെ കയ്യിൽ അമർത്തി പിടിച്ചിരുന്നു…

“നല്ല വേദന ഉണ്ടാവും അല്ലേ അജുവേട്ടാ…” ബാൻഡേജിനു പുറത്തൂടെ നെറ്റിയിൽ തടവി കൊണ്ട് നിധി വീണ്ടും ചോദിച്ചു…

ഹ്മ്മ്… നിധിയുടെ കയ്യുടെ മേലേക്ക്.. അജു തന്റെ കൈ ചേർത്തു വെച്ചു… നല്ല തണുപ്പുണ്ട് തന്റെ വിരലുകൾക്… നിധിയുടെ കൈ വെള്ള നിരക്കി തന്റെ ചുണ്ടിനടുത്തേക് കൊണ്ട് വന്നു ആ ഉള്ളം കയ്യിൽ ഒരുമ്മ കൊടുത്തു അജു… നിധി അവൻറെ കുസൃതികളിൽ ലയിച്ചു അവനെ തന്നെ നോക്കി കൊണ്ട് ഇരുന്നു…

“ഞാൻ നെറ്റി തടവി തരാം ഉറങ്ങിക്കോ…”

അവളുടെ കൊലുന്നനെ ഉള്ള വിരലുകൾ അവൻറെ നെറ്റിയിലൂടെ മെല്ലെ ഉഴിഞ്ഞു കൊണ്ടിരുന്നു… അജു നിധിയുടെ മുഖത്തേക്ക് തന്നെ.
. നോക്കി… അവളുടെ വിരലുകൾ നൽകിയ ആസ്വാദ്യതയിൽ.. അവൻറെ കണ്ണുകൾ മെല്ലെ കൂമ്പി അടഞ്ഞു….

“ആഹാ.. അവൻ പിന്നെം ഉറങ്ങിയോ..? ”

എന്നും ചോദിച്ചു കൊണ്ടാണ് അമ്മ സാവിത്രിയമ്മ കയറി വന്നതു..

“മയങ്ങി അപ്പച്ചി…” ഞാൻ നെറ്റിയിൽ മസ്സാജ് ചെയ്തു കൊടുത്തു…

ഹ ഹാ.. അതു കേട്ടു സാവിത്രിയമ്മ ചിരിച്ചു..

‘എന്താ അപ്പച്ചി… “നിധി ജാള്യതയോടെ തിരക്കി..

“ഉണ്ണി കേൾക്കണ്ട… മസ്സാജ് ചെയ്തു കൊടുത്തുന്നു.. ”

“അതെന്താ അപ്പച്ചി.. “നിധി നഖം കടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു…

“ഇവിടെ രണ്ടും കൂടെ അടി കൂടുന്ന ഒരു കാര്യം ആണ്‌.. അജു വന്നു കഴിഞ്ഞാൽ അവൻറെ മെയിൻ പണി ഉണ്ണിക് മുടി മസ്സാജ് ചെയ്തു കൊടുക്കൽ ആണ്‌… അജുവിന് ആണേൽ മസ്സാജ് ചെയ്തു കൊടുക്കാൻ പറയുന്നതേ ദേഷ്യം ആണ്.. ഉണ്ണി പറയുമ്പോൾ പേരിനു എന്തേലും കാട്ടി കൂട്ടും തലയിൽ.. ഒടുവിൽ രണ്ടും കൂടെ അടി കൂടി എണീറ്റു പോകും… സ്ഥിരം നടക്കുന്നതാണ്… മോളു അവനു മസ്സാജ് ചെയ്തു കൊടുത്തെന്നു പറഞ്ഞാൽ… ഇന്ന് മുഴുവൻ അജു ഉണ്ണിക് ചെയ്തു കൊടുക്കേണ്ടി വരും അതോർത്തു ചിരിച്ചതാ…. ”

“മോളിങ്ങോട്ടിരിക്.. അപ്പച്ചി മുടി എണ്ണ തേച്ചു കോതി തരാം…”

ഒരു ചെറിയ സ്റ്റൂളിട് കട്ടിലിലേക് ചാരി അപ്പച്ചി ഇരിക്കുന്നത് കണ്ട നിധിയും അപ്പച്ചിയുടെ മുന്നിലായി ചമ്രം പടഞ്ഞു ഇരുന്നു…

അഴിച്ചിട്ടിരുന്ന മുടിയിഴകളിലേക് എണ്ണ പുരട്ടിയ അപ്പചിയുടെ വിരലുകൾ ഓടുന്നത് അനുഭവിച്ചു ഒരു നിർവൃതിയോടെ നിധി ഇരുന്നു…

“അയ്യോ അപ്പച്ചി എന്റെ ചുരിദാറിൽ എണ്ണ ആവുമല്ലോ… ”

ഓഹ്.. അപ്പോളാണ് സാവിത്രിയമ്മയും അതു ഓർത്തത്‌..

“ശോ ഇനിയിപ്പോ എന്ത് ചെയ്യും.. ”

“ങ്ങാ കുഴപ്പം ഇല്ല ഉണ്ണി വരുമ്പോ ഒരു ഡ്രസ്സ്‌ വാങ്ങാൻ പറയാം… ചിന്നുവും കൂടെ ഉണ്ടാവുമല്ലോ.. ”

“അയ്യോ ഉണ്ണിയേട്ടന് ബുദ്ധിമുട്ട് ആവില്ലേ.. ”

“അതു കുഴപ്പമില്ല.. പെണ്പിള്ളേര്ക് ഡ്രസ്സ്‌ ഒക്കെ എടുത്തു പഠിക്കാനുള്ള പ്രായം ആയി…” അപ്പച്ചി ചിരിയോടെ പറയുന്നത് കേട്ടു നിധിയും ചിരിച്ചു..

ഒരു മണിക്കൂറോളം എടുത്തു നിധിയുടെ മുടി ചീകി എണ്ണ തേചെടുക്കുമ്പോളേക്കും..അപ്പോളേക്കും അജുവും എണീറ്റിരുന്നു.. നിധിയുടെ തലയിൽ എണ്ണ പുരട്ടുന്ന അമ്മയുടെ പുറകിലായി അജുവും ഇരുന്നു…അമ്മയുടെ തല യിലൂടെ അജു മെല്ലെ വിരലോടിച്ചോണ്ടിരുന്നു…

“അമ്മയ്ക്ക് പെണ്മക്കൾ ഇല്ലാത്തതിന് സങ്കടം ഉണ്ടോ അമ്മേ… “അജു ചോദിച്ചു..

നിധി അതു കേട്ടു മുഖം ഉയർത്തി…

“എന്താടാ അങ്ങനെ ചോദിക്കുന്നത്.. “അമ്മ യുടെ ശ്രദ്ധ നിധിയുടെ തലയിൽ ആയിരുന്നെങ്കിലും ചോദിച്ചു..

“ഒന്നുമില്ല…ഇതൊക്കെ കണ്ടത് കൊണ്ട് ചോദിച്ചതാ…”

“പെണ്മക്കൾ ഉണ്ടേൽ കെട്ടിച്ചു വിടുന്നത് വരെയല്ലേ അവർ അമ്മേടെ കൂടെ ഉണ്ടാവൂ… പിന്നെ എല്ലാർക്കും അവരവരുടെ ഭർത്താവിന്റെ വീടല്ലേ വീട്.. ”

“എനിക്കിവിടെ രണ്ടു പെണ്മക്കൾ വരുവല്ലോ എനിക്കതു മതി…. അല്ലേ മോളെ നിധി… “”

നിധിയുടെ മുഖത്തു നാണത്താൽ വന്ന പുഞ്ചിരിയിൽ അവൾ മുഖം താഴ്ത്തി ഇരുന്നു..

“അതെ അമ്മേ… അല്ല അപ്പച്ചി… ”

“ഹ്മ്മ് ആദ്യം വിളിച്ചതായാലും മതി…”

“ചില പൂച്ചകൾ കണ്ണടച്ച് പാല് കുടിക്കുന്നത് ആർക്കും മനസ്സിൽ ആവുന്നില്ല എന്നാ വിചാരം… ”

“”അതേതു പൂച്ചയാ അമ്മേ…അജു തമാശ രൂപേണ ചോദിച്ചു “”

“” ഇവിടുള്ള രണ്ടു കണ്ടൻ പൂച്ചയും കണക്കാ.. “”

ഇതെല്ലാം കേട്ടു നിധി അടക്കി പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു…

ഇതിനിടയിൽ നിധിക് ഒരു ഡ്രസ്സ്‌ മേടിക്കാൻ ഉണ്ണിയെ വിളിച്ചു പറഞ്ഞിരുന്നു.. സാവിത്രി അമ്മ.

മോളു കുറച്ചു കഴിഞ്ഞു കുളിച്ചാൽ മതി.. ആ എണ്ണ ഒന്ന് തലയിൽ പിടിക്കട്ടെ….

വാത്സല്യത്തിന്റെയും കരുതലിന്റെയും മറ്റൊരു ഭാവം അനുഭവിച്ചറിയുക ആയിരുന്നു നിധി…

എന്റെ അമ്മയെ ഇഷ്ടായോ…? നിധിക്.. അമ്മ പുറത്തേക് പോയി കഴിഞ്ഞാണ് അജു ചോദിച്ചത്

എനിക്ക് ആ വാത്സല്യത്തിൽ മുങ്ങി കയറിയാൽ പോരാ അജുവേട്ടാ… എനിക്കാ വാത്സല്യത്തിന്റെ മഴയിൽ നനയണം….

നിധിയുടെ മറുപടി കേട്ടു.. അജു വിന്റെ മുഖത്തു സന്തോഷത്തിന്റെ പ്രകാശം നിറഞ്ഞു.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“ചിന്നു നമ്മൾക്കു ഉച്ചക്ക് ഇറങ്ങാം കേട്ടോ.. ഞാൻ ഡോണയോടു പറഞ്ഞോളാം.. പൃഥ്‌വി ബാംഗ്ലൂർ പോയേക്കുവാ… ”

“ഹാ ഉണ്ണിയേട്ടന് ഇന്നുച്ചക് OP ഇല്ലല്ലോ.. ”

“ഇല്ല.. ”

ഞാൻ പോയി ഡോണയോട് ഉച്ചക്ക് ശേഷം പല്ലവിക്കും ഓഫ്‌ വേണമെന്ന് പറഞ്ഞു..

“ഹ്മ്മ് രണ്ടും കൂടെ പ്രണയിച്ചു പ്രണയിച്ചു ഒരു വഴിക് ആകുവോ അനുവേട്ടാ… ”

ഹ ഹ.. ഇല്ല ഡോണ പല്ലവിയുടെ സിസ്റ്റർ വീട്ടിൽ ഉണ്ട് പിന്നെ അജുവും ഉണ്ടല്ലോ.. ഞങ്ങൾ വൈകുന്നേരം ഒരു ചെറിയ ഔട്ടിങ്.. അത്രേ ഉള്ളൂ..

“ഓക്കേ.. പൃഥ്‌വി ഉണ്ടാരുന്നേൽ ഞങ്ങളും വരാമായിരുന്നു.. ശോ.. ”

സമയം ഉണ്ടല്ലോ.. നമുക്ക് ഒരു ദിവസം പോകാം നൈറ്റ്‌ ഫുഡ്‌ ഒക്കെ പുറത്ത് പ്രിപ്പയർ ചെയ്തു കഴിച്ചിട്ടു വരാം..

ഹ്മ്മ്.. എന്തായാലും അജുവിനോട് അന്വേഷണം പറഞ്ഞേക്.. ഞങ്ങൾ ഇറങ്ങുന്നുണ്ട് പറ്റിയാൽ നാളെ വരാം…ഡിന്നർ ഒരുക്കിക്കൊ..

ഓഹ് അതിനെന്താ… പൊറിഞ്ചു വന്നാൽ അവൻ കയറിക്കോളും അമ്മയുടെ കൂടെ..

ആര് പ്രിത്വിയോ? ഡോണ അത്ഭുതത്തോടെ തിരക്കി..

പിന്നലാതെ… അപ്പോ പഴശ്ശിയുടെ യുദ്ധങ്ങൾ ഒന്നും കണ്ടിട്ടില്ല അല്ലേ… ഒന്നും പേടിക്കേണ്ട….. എല്ലാം ഞാൻ കാണിപ്പിച്ചു തരാം… ചിരിച്ചോണ്ട് ഞാൻ പറഞ്ഞു..

ഡോണയുടെ ക്യാബിനിൽ നിന്നു ഇറങ്ങുമ്പോളെക്കും പൃഥ്‌വി വിളിച്ചിരുന്നു..

നീ എന്തിനു പോയതാടാ? ഞാൻ ചോദിച്ചു..

അതൊരു വള്ളി കേട്ടാടാ.. ഞാൻ വന്നിട്ട് പറയാം.. എങ്ങനുണ്ട് അജുവിന്‌.. കുഴപ്പം ഒന്നുമില്ലലോ..

ഇല്ലെടാ…

ഞാൻ വിവരം അറിയാൻ വിളിച്ചതാടാ.. ഞാൻ ഈവെനിംഗ് ഫ്ലൈറ്റിനു വരും.

ഓക്കേ ഡാ.. ശെരി.

ഫോൺ കട്ട്‌ ചെയ്തു.. കോറിഡോറിലൂടെ കാഷ്വാലിറ്റിയിലേക് നടന്നു..

പല്ലവി അവിടേക്കാണ് പോയത് എന്നു അറിയാമായിരുന്നു..

കാഷ്വാലിറ്റിയിൽ മീര ഡോക്ടർ ഉണ്ടായിരുന്നു..

എന്താ.. അനുവേട്ടാ ഇങ്ങോട്ടൊന്നും കാണാറേ ഇല്ലല്ലോ…

പലപ്പോളും മീര ഡോക്ടറുടെ മുന്നിൽ പെടാതെ നടക്കുക ആയിരുന്നു.. ആദ്യ ദിവസങ്ങളിൽ അവരുടെ കണ്ണുകളിൽ കണ്ട ഭാവം അതു ഒരു പ്രണയത്തിന്റെ ആണെന്ന് തോന്നിയത് കൊണ്ട് മനഃപൂർവം അവോയ്ഡ് ചെയ്തു നടക്കുക ആയിരുന്നു..

തിരക്കിലായിരുന്നു പെങ്ങളെ..

പെങ്ങൾ എന്നുള്ളത് കുറച്ചു കനത്തിൽ തന്നെ ആയിരുന്നു പറഞ്ഞത്…

അതു കേട്ടു നിന്ന ശ്രുതി സിസ്റ്റർ മുഖം താഴോട്ടാക്കി ചിരിക്കുന്നത് കണ്ടു..

പല്ലവി ഇങ്ങോട്ട് വന്നില്ലേ…. ഞാൻ ശ്രുതിയോടാണ് ചോദിച്ചത്..

ഹാ വന്നു സാർ.. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി..

ഓഹ്.. പല്ലവി ആഫ്റ്റർനൂൺ ഓഫ്‌ ആണൊ.. മീര ഡോക്ടർ ആണ്‌ ചോദിച്ചത്..

ഞാൻ പുറത്തുണ്ടെന്നു പറഞ്ഞേക്ക്.. കേട്ടോ സിസ്റ്ററെ.. അതും പറഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി..

ഇതെന്താ അവർ രണ്ടുപേരും കൂടെ പരുപാടി… മീര ശ്രുതിയോടു ചോദിക്കുന്നത്.. ഞാൻ പുറത്തേക്കിറങ്ങുമ്പോൾ കേട്ടിരുന്നു.. ഞാൻ അതു മൈൻഡ് ചെയ്യാൻ പോയില്ല.. അല്ലെങ്കിലും എനിക്ക് ആരെയും ബോധ്യപെടുത്താനോ മറച്ചു വെക്കാനോ ഒന്നും ഇല്ലായിരുന്നു.. കാരണം.. അവൾ എന്റെ പെണ്ണാണ്….എനിക്കായി ജനിച്ച പെണ്ണ്.. വര്ഷങ്ങളോളം ഞാൻ കാത്തിരുന്ന പെണ്ണ്…

ഉണ്ണിയേട്ടൻ കാഷ്വാലിറ്റിയിൽ വന്നിരുന്നു അല്ലേ… എന്റെ അടുത്തേക് നടന്നു കൊണ്ട് പല്ലവി ചോദിച്ചു…

ഹാ വന്നിരുന്നു… എന്തെ..

മീര ഡോക്ടറുടെ മുഖം ഒരു കൊട്ട ഉണ്ടായിരുന്നു.. എന്തൊക്കെയോ കുത്തി കുത്തി ചോദിച്ചു..

എന്നിട്ട് ചിന്നു എന്ത് പറഞ്ഞു….

എന്റെ മുറച്ചെറുക്കൻ ആണെന്ന് പറഞ്ഞു..

എന്നിട്ടോ…

ഓഹ് അതു വിശ്വസിച്ചൊന്നുമില്ല..നമ്മള് തമ്മിൽ വേറെന്തോ ഉണ്ടെന്നാ അതിന്റെ വിചാരം…

ങേ.. അപ്പോ ഒന്നുമില്ലേ… ഞാൻ ചിരിയോടെ തിരക്കി…

ഇല്ലല്ലോ.. ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു..

ആയിക്കോട്ട്… തമ്പുരാട്ടി… ഇപ്പൊ അങ്ങട് കേറിയാലും… ഞാൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊണ്ട് അവളോടായി പറഞ്ഞു…

ശെരി രാജാവേ… അവൾ ഉള്ളിലേക്കു കയറി.. ആ ഭാവം കണ്ടു എനിക്കും ചിരി വന്നു..

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ വണ്ടി വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്നതിനു പകരം നേരേ പോയപ്പോൾ.. അവൾ സംശയത്തോടെ ചോദിച്ചു.. ഇതെങ്ങോട്ടാ ഈ പോണേ..

അതൊക്കെ പറയാം.. അവിടെ ഇരിക്ക്..

ഞാൻ വണ്ടി നിർത്തിയത് ടൗണിൽ തന്നെയുള്ള വലിയൊരു ടെക്സ്റ്റെയ്‌ൽസിന്റെ മുന്പിലായിരുന്നു..

വാ ഇറങ്ങു… പല്ലവി അത്ഭുതത്തോടെ ഇറങ്ങി വന്നു…

ഇതെന്താ ഇവിടെ… അവളുടെ കണ്ണുകളിലെ അത്ഭുതം മാറിയിട്ടുണ്ടായിരുന്നില്ല..

അതൊക്കെ ഉണ്ട്‌ വാ..

നാലു നിലകളിൽ വിശാലമായി കിടക്കുന്ന ഷോപ്പിന്റെ ഫ്രണ്ടിലെ പ്രോക്സിമിറ്റി സെൻസർ പിടിപ്പിച്ച ഗ്ലാസ്‌ ഡോർ ഞങ്ങളുടെ മുന്നിൽ രണ്ടു സൈടിലേക്കായി മാറി.. അതിലൂടെ ഞങ്ങൾ ഉള്ളിൽ കയറുമ്പോളേക്കും.. പിങ്ക് കളർ സാരിയുടുത്ത വെൽകം ഗേൾ ഞങ്ങളുടെ അടുത്തേക് വന്നിരുന്നു…

“നമസ്‍കാരം സാർ.. എന്താണ് വേണ്ടത് ”

ലേഡീസ് ഐറ്റംസ് എവിടെയാണ്..

സാർ സാരീ ഐറ്റംസ് ആണെങ്കിൽ ഫസ്റ്റ് ഫ്ലോറിൽ ആണ്‌ ബാക്കി ചുരിദാർ.. ടോപ്.. ജീൻസ് ഐറ്റംസ് ഒക്കെ സെക്കൻഡ് ഫ്ലോറിൽ ആണ്‌…

അപ്പോളും എന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന പല്ലവിയെ ഞാൻ കണ്ടു..

ഇങ്ങു വാടീ അവളുടെ കൈ വിരലുകളിൽ ഞാൻ കൊരുത്തു പിടിച്ചു..

എന്നാൽ സെക്കൻഡ് ഫ്ലോറിൽ പോകാം. ഞാൻ പറഞ്ഞു..

ഓക്കേ സാർ.. വരൂ ലിഫ്റ്റിൽ പോകാം.. അവൾ മുന്നിലായി നടന്നു.. പിന്നിലായി ഞാനും പല്ലവിയും.

സെക്കൻഡ് ഫ്ലോറിലെത്തിയ പല്ലവി ചുറ്റും ഒന്ന് നോക്കി അത്യാവശ്യം നല്ല തിരക്കുള്ള വലിയ ഒരു ഷോപ്പ് ആയിരുന്നു അതു..

മാഡം എങ്ങനുള്ള ഡ്രസ്സ്‌ ആണ്‌ വേണ്ടത്..

സെയിൽസ് ഗേൾ സിന്റെ ചോദ്യം കേട്ട പല്ലവി എന്റെ മുഖത്തേക് നോക്കി…

എടുക്കേടോ.. നിധിക് ഒരു ഡ്രസ്സ്‌ എടുത്തോണ്ട് ചെല്ലണം എന്നു അമ്മ വിളിച്ചു പറഞ്ഞു…

അതെന്തിനാ..?

അവളുടെ ഡ്രെസ്സിൽ എണ്ണ പറ്റിയെന്നു..

നീ എന്തായാലും എടുക്കു അവളുടെ സൈസിന് ചേരുന്നത്..

പല്ലവി നിധിക് വേണ്ടി ടോപ്‌ തിരയാൻ ആരംഭിച്ചു.. അപ്പോളേക്കും.. ഞാൻ സെയിൽസ് ഗേൾസിനോട് പറഞ്ഞു പല്ലവിക് ചേരുന്ന സൈസിൽ..ടോപ്പുകൾ തിരഞ്ഞു കൊണ്ടിരുന്നു..

സാർ.. സാറിന്റെ വൈഫിനു ഏതു കളറും ചേരും….ഓരോ ടോപ്പും എടുത്തു കാണിച്ചു കൊണ്ട്…സെയിൽസ് ഗേൾ പറഞ്ഞു… അവൾ പറഞ്ഞത് കേട്ടു ഞാൻ ചിരിച്ചു കൊണ്ട് പല്ലവിയെ നോക്കി… അവൾ നിധിക്കുള്ള ടോപ്‌ നോക്കുകയാണ്… ഹോസ്പിറ്റലിൽ നിന്നും പിന്നിൽ ചുരുട്ടി കെട്ടി വെച്ചിരുന്ന മുടി അഴിച്ചു ഇട്ടിരുന്നു… അഴിച്ചിട്ട മുടി കഴുത്തിനു സൈഡിലൂടെ മുന്നോട്ട് ഇട്ടിരുന്നത് കൊണ്ട്. പിൻ കഴുത്തും സ്വർണ രാജികൾ എഴുന്നു നിന്ന കഴുത്തിനു താഴെ ഉള്ള കുറച്ചു ഭാഗവും.. ടോപ്‌ ലൈറ്റിന്റെ പ്രകാശത്തിൽ തിളങ്ങി നിന്നു… ഓടി ചെന്നു പിന്നിലൂടെ കെട്ടി പിടിച്ചു ആ കഴുത്തിലേക് മുഖം പൂഴ്ത്താനാണ് തോന്നിയത്…

നിന്റെ ഓരോ അണുവും ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടും പെണ്ണെ.. മനസ്സിൽ പറഞ്ഞു..

എനികിഷ്ടപെട്ട രണ്ടു ടോപ്പുകൾ എടുത്തിട്ടു ഞാൻ പല്ലവിയെ വിളിച്ചു.. ചിന്നു ഇത് നോക്കു..

അപ്പോളെക്കും നിധിക്ക് ഉള്ള ടോപ്‌ അവൾ സെലക്ട്‌ ചെയ്തിരുന്നു…

എന്തിനാ ഉണ്ണിയേട്ടാ ഇതൊക്കെ.. എനിക്ക് ഉണ്ടല്ലോ ആവശ്യത്തിന്… അവൾക്കു കൂടെ എടുത്തു എന്നു മനസ്സിലായ അവൾ പറഞ്ഞു..

മിണ്ടാതെ അവിടെ നിന്നോ… എനിക്കിഷ്ടമുള്ളതു ഞാൻ സെലക്ട്‌ ചെയ്ത് തരും ചിന്നു അതിട്ടാൽ മതി.. അവൾ പറയുന്നത് കേട്ടു എനിക്ക് ദേഷ്യം വന്നിരുന്നു

“കിട്ടുന്ന ചാൻസ് കളയണ്ട മേഡം.. ഇവിടെ വരുന്ന കെട്ടിയോൻ മാരൊക്കെ ഭാര്യമാർ ഡ്രസ്സ്‌ എടുക്കോമ്പോൾ കണ്ണുരുട്ടുകയാ പതിവ്.. മാഡതൊടു അത്രക്കും ഇഷ്ടം ഉള്ളതോണ്ടല്ലേ… ഇത്രേം സ്നേഹമുള്ള ആളെ കിട്ടിയത് മാഡത്തിന്റെ ഭാഗ്യം ആണ്‌ ” സെയിൽസ് ഗേൾ പല്ലവിയോട് പറയുന്നത് കേട്ടു പല്ലവിയുടെ മുഖത്തു നാണം വിരിയുന്നതും കവിളുകൾ ചുവക്കുന്നതും ഞാൻ കണ്ടു.. അതു കണ്ട് ഞാൻ ഊറി ചിരിച്ചു

വല്ല കാര്യോം ഉണ്ടാരുന്നോ.. ഡയലോഗ് അടിക്കാൻ പോയിട്ടല്ലേ…ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു..

അവൾ അതിനു പകരമായി എന്റെ കയ്യിൽ ഒരു പിച്ചു തന്നു.

ഞാനും തരും.. കേട്ടോ എല്ലാം പലിശ സഹിതം….

ഇപ്പൊ ഇത് ഇഷ്ട്ടായോ എന്നു പറ..

ഉണ്ണിയേട്ടൻ ഇഷ്ടപ്പെട്ടു തരുന്നത് എന്തും എനിക്കിഷ്ടം ആണ്‌..

അവൾ ലെഗ്ഗിൻസ് ധരിക്കുന്നതു കാണാറുള്ളത് കൊണ്ട്.. അതിനു ചേരുന്ന ലെഗ്ഗിൻസും എടുത്തു.. കൂടാതെ നിധിക് ഒരു ജോഡി കൂടെ ഞാൻ എടുത്തു.. ചേരുന്ന ലെഗ്ഗിൻസും എടുത്ത ശേഷം ആണ്‌ ആ ഫ്ലോറിൽ നിന്നും താഴേക്കു നടന്നത്..

നല്ല ജോഡി അല്ലേടി… പിന്നിൽ നിന്നും ആരോ പറയുന്ന കേട്ട ഞങ്ങൾ പരസ്പരം നോക്കി…കണ്ടോ നാട്ടുകാർക്കു വരെ മനസ്സിലായി… ചിരിയോടെ അവളെ നോക്കി… എന്നിട് അവളുടെ കയ്യും പിടിച്ചു ഞാൻ ജന്റ്സ് സെഷനിലേക് നടന്നു..

താൻ പേടിക്കണ്ട..തനിക്കും ഞാൻ ചാൻസ് തരാം എനിക്കും അജുവിനും അമ്മക്കും ഉള്ളതും കൂടെ താൻ സെലക്ട്‌ ചെയ്തോ.. പല്ലവിയുടെ അടുത്തേക് നീങ്ങി നിന്നു ഞാൻ പറഞ്ഞു..

ഓരോ ഷർട്ടും എന്റെ ദേഹത്തേക് വെച്ചു നോക്കി.. ഇഷ്ടപ്പെടാതെ.. അടുത്തത് എടുത്തു കൊണ്ടിരുന്നു.. ഒടുവിൽ.. ലൈറ്റ് ബ്ലൂ കളറിൽ ഒരു ഫോർമൽ ഷർട്ട്‌ അവള്കിഷ്ടപെട്ടു.. എന്റെയും ഫേവറിട് കളർ അതായിരുന്നു… ഇത് നല്ലതല്ലേ ഉണ്ണിയേട്ടാ..

ഹ്മ്മ് എനിക്കിഷ്ടായി.. ഞാൻ പറഞ്ഞു..

അപ്പോളേക്കും അവിടുള്ള മുക്കാലും ഷർട്ടുകൾ എടുത്തു പുറത്തിട്ടിരുന്നു… അജുവിനുള്ള ഷർട്ടും അവൾ തന്നെ സെലക്ട്‌ ചെയ്തു അതൊരു മെറൂൺ കളർ ഷർട് ആയിരുന്നു.. അമ്മക്കുള്ള സാരിയും കൂടെ എടുത്തിട്ടാണ് അവിടെ ഷോപ്പിൽ നിന്നും പുറത്തിറങ്ങിയതു..

എന്തായാലും സെയിൽസ്മാൻ മാർക്കു നല്ല പണിയാ കൊടുത്തേ… എന്തിനാ ആ ഷർട് എല്ലാം എടുപ്പിച്ചത്… തിരിച്ചു കാറിലിരിക്കുമ്പോൾ ആണ്‌ പല്ലവിയോട് ചോദിച്ചത്..

ഞാൻ എടുത്തു തരുമ്പോ.. അതു അവിടെയുള്ളതിൽ വെച്ചു ഏറ്റവും നല്ലതായിരിക്കണം എന്നു തോന്നി.. അവൾ പറഞ്ഞു.. ഒന്ന് എടുത്തു നോക്കുമ്പോ അതിലും നല്ലത് അവിടുണ്ടോ എന്നു വിചാരിക്കും.. അങ്ങനെ പറ്റിയതാ…

നല്ല വിശപ്പുണ്ട്.. നമുക്ക് ഏതേലും ഹോട്ടലീന്ന് കഴിച്ചാലോ..

വീട്ടിലേക്കല്ലേ പോണേ ഉണ്ണിയേട്ടാ.. അവിടെ അവരുടെ ഒക്കെ കൂടെ ഇരുന്നു കഴികാം.. അതല്ലേ നല്ലത്.. ഏട്ടൻ വിളിച്ചു പറ നമ്മള് വന്നിട്ട് കഴിച്ചാൽ മതീന്ന്…

ഓക്കേ ചിന്നൂന്റെ ഇഷ്ടം പോലെ.. വിളിച്ചൊന്നും പറയണ്ട.. നമ്മൾ ഇപ്പൊ എത്തുമല്ലോ…

പത്തു മിനിറ്റു കൊണ്ട് വീട്ടിലേക്കെത്തി..

പുറകിലെ സീറ്റിൽ നിന്നും ഡ്രെസ്സിന്റെ കവർ ഒക്കെ ഞാനും പല്ലവിയും കൂടെ എടുത്തു വീടിനുള്ളിലേക് നടന്നു..

നിധിയും അജുവുന്റെയും മുന്പിലേക് ഭക്ഷണം കഴിക്കാനുള്ള പാത്രം എടുത്തു വെക്കുന്ന കണ്ടു കൊണ്ടാണ് ഞങ്ങൾ ഉള്ളിലേക്കു ചെന്നത്..

ങ്ഹാ നിങ്ങൾ വന്നോ.. ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങുവാരുന്നു..

അമ്മേ ഞങ്ങൾകൂടെ വിളമ്പിക്കോ… എനിക്കും നല്ല വിശപ്..

എന്നാൽ വല്ല ഹോട്ടലിന്നും കഴിച്ചൂടാരുന്നോ..

ഞാൻ പറഞ്ഞതാ.. അപ്പോൾ.. ഇവിടെ അജുവിന്റേയും അമ്മയുടെയും കൂടെ കഴിക്കാമെന്നു ഇവളാ പറഞ്ഞത്.. ഞാൻ പല്ലവിയെ ചൂണ്ടി അമ്മയോട് പറഞ്ഞു..

ഹ്മ്മ് അങ്ങനാ സ്നേഹമുള്ള ഏട്ടത്തി അമ്മ..

അജു പറയുന്നത് കേട്ടു.. അമ്മ എന്നെ നോക്കി ചിരിച്ചു..

ഞാൻ അമ്മയെ സംശയത്തോടെ നോക്കി… അമ്മ ഇത്ര പെട്ടെന്ന് കാര്യങ്ങൾ അവനോടു പറഞ്ഞു കൊടുത്തോ…

എന്നെ നോക്കണ്ട… ഞാനിവിടെ കണ്ണടച്ചു പാല് കുടിക്കുന്ന രണ്ടു കണ്ടൻ പൂച്ചകളുടെ കാര്യം പറഞ്ഞതെ ഉള്ളൂ.. ഒരു കണ്ടനു കാര്യം മനസ്സിലായത് കൊണ്ട്… അടുത്ത കണ്ടൻ പൂച്ചയെ അവൻ ഊഹിച്ചതാ… അല്ലേ ചിന്നു മോളെ…

പല്ലവി തനിവിടൊന്നും അല്ലെന്ന മട്ടിൽ എവിടെയോ നോക്കിയിരുന്നു.. നിധി പാത്രത്തിൽ ചിത്രം വരച്ചു കൊണ്ടും ഇരിക്കുന്നു…

ഒന്ന് മനസ്സിലായി.. അജുവിന്റെ കള്ളത്തരവും അമ്മ മനസ്സിലാക്കി എന്നു..

എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചതിനു ശേഷം ആണ്‌…. വാങ്ങിച്ചു കൊണ്ട് വന്ന ഡ്രസ്സ്‌ എടുത്തത്.. അമ്മക് ഉള്ള സാരി ഞാൻ എടുത്തു അമ്മയുടെ കയ്യിൽ കൊടുത്തു.. നിധിക് ഉള്ള ഡ്രസ്സ്‌ അമ്മ അവളുടെ കയ്യിൽ എടുത്തു കൊടുത്തിട് അവൾ ഇട്ടിരിക്കുന്നത് മാറി വരാൻ പറഞ്ഞു.. അജുവിന് എടുത്ത ഷർട്ട്‌ അവനും ഇഷ്ടപ്പെട്ടു… ഇതെന്തായാലും എന്റെ ഏട്ടൻ മൂപ്പർ എടുത്തത് ആണെന്ന് തോന്നുന്നില്ല…

അയ്യോ എന്തെ ഇഷ്ടായില്ലെ.. അജുവിനു

പല്ലവി സങ്കടത്തോടെ ചോദിച്ചു..

അയ്യോ ഏടത്തി എനിക്കിഷ്ടായി നല്ല സെലെക്ഷൻ…

ഏട്ടൻ വാങ്ങി തന്ന ഷർട്ടുകൾ കാണണോ ഏട്ടത്തിക്…

വാ.. അവൻ എന്നെ കൂട്ടി കൊണ്ട് അവൻറെ കബോർഡിന്റെ അടുത്തേക് പോയി… അതു തുറന്നു കാണിച്ചു.. ഉണ്ണിയേട്ടൻ എടുത്തു കൊടുത്ത ഷേർട് എല്ലാം ബ്ലു കളർ..

“ഉണ്ണി ബ്ലു വിന്റെ ആളാ മോളെ.. ”

അമ്മ പറഞ്ഞത് കേട്ടു എനിക്ക് പോലും ചിരി വന്നു.. അജു ആണേൽ തലക് സ്റ്റിച് ഉണ്ടെന്നു പോലും ഓർക്കാതെ അലച്ചു ചിരിക്കുന്നു.. കൂടെ നിധിയും ചിന്നുവും വാ പൊത്തി ചിരിക്കുന്നു…

പറഞ്ഞ അമ്മ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അടുക്കളയിലേക്കും പോയി..

ഞാൻ അജുവിന്റെ റൂമിലേക്കു നടന്നു.. ഇനി നിനക്ക് ഞാൻ എടുത്തു തരാട്ടോ…

വേണ്ട.. എനിക്ക് ഏടത്തി എടുത്തു തന്നോളും കേട്ടാ…

ഓഹ് അപ്പോ നമ്മള് പുറത്ത്…

കണ്ടോ ഏടത്തി കണ്ടോ ഇതിനാണോ കുശുമ്പ് എന്നു പറയുന്നത്..

ആ എനിക്കറീല്ല.. ഏട്ടനും അനിയനും കൂടെ ഉള്ളത് രണ്ടും കൂടെ തീർത്തോണം എനിക്ക് വയ്യ ഇടി കൊള്ളാൻ… അവൾ ചിരിച്ചു കൊണ്ട് കൈ മലർത്തി..

അതെന്താടി ഇടി കൊണ്ടാൽ… ഞാൻ പല്ലവിയെ പിടിച്ചു എന്നോട് ചേർത്തു നിർത്തി..

ദേ തമാശ കളിക്കല്ലേ.. പിള്ളേര് നിക്കുന്നു..

പറഞ്ഞു കഴിഞാന് പല്ലവിക്കും അബദ്ധം മനസ്സിൽ ആയതു…

അതെ.. പ്രായ പൂർത്തിയായ രണ്ടു പിള്ളേര് ഇവിടെ ഉണ്ടെന്നു ഓർമ വേണം.. കേട്ടോ… അജു ചിരിച്ചു കൊണ്ട് പറഞ്ഞു..

ആഹാ കുറച്ചു നേരായി.. നീ എന്നെ കളിയാക്കുന്നു.. ഞാൻ അവൻറെ ചെവിക്ക് പിടിച്ചു..

ഉണ്ണിയേട്ടാ. കാല.. എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ..

കൊടുക് ഉണ്ണിയേട്ടാ.. രണ്ടെണ്ണതിന്റെ കുറവുണ്ട്….നിധി ചിരിച്ചു കൊണ്ട് പറഞ്ഞു..

എടീ ദുഷ്ടെ…. അജു നിധിയെ നോക്കി കണ്ണുരുട്ടി..

പെണ്ണ് കെട്ടിയാൽ എങ്കിലും ഇതുങ്ങടെ തല്ലു കൂടലിനു ഒരു അറുതി ഉണ്ടാവും എന്നാ വിചാരിച്ചേ.. ഇതിപ്പോ.. തല്ലു കൂടാൻ ടീം അംഗങ്ങൾ കൂടി എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ലല്ലോ ഭഗവാനെ.. അവിടേക്കു വന്ന അമ്മയുടെ പരിദേവനം കേട്ടു… ഞങ്ങൾ എല്ലാരും ചിരിച്ചു…

ഇടക് അമ്മ യോട് ഒരു പാട്ടു പാടാൻ അജു പറഞ്ഞു… അമ്മ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി എങ്കിലും.. ഒടുവിൽ നിധിയുടെയും പല്ലവിയുടെയും നിർബന്ധത്തിനു വഴങ്ങി അമ്മ ഒരു പാട്ടു പാടി…

ആ സ്വര മാധുരി യിൽ ലയിച്ചു ഇരിക്കുമ്പോൾ… അറിയാതെ അമ്മയുടെ കൂടെ.. പല്ലവിയും പാടി തുടങ്ങി… അപ്പോളാണ് ഞാനും അറിഞ്ഞത് അവളും നന്നായി പാട്ടു പാടും എന്നു…

കണ്ണുകൾ അടച്ചു പാട്ടിന്റെ ഈരടികൾ പാടുന്ന പല്ലവിയിൽ തന്നെ ആയിരുന്നു എന്റെ ശ്രദ്ധ…

ഉണ്ണിയേട്ടാ എന്തൊരു വായി നോട്ടം ആണ്‌.. അജു ചെവിയിൽ പറഞ്ഞപ്പോൾ ആണ്‌ ഞാൻ ശ്രദ്ധ മാറ്റിയത്.. നോക്കുമ്പോൾ അമ്മയും നിധിയും എന്നെ നോക്കി ഊറി ചിരിക്കുന്നു… ഞാൻ മുഖത്തു വന്ന ചമ്മൽ മറക്കാൻ എന്നോണം അജുവിന്റെ കാലിനു ഒരടി കൊടുത്തു.. അതു കണ്ട അമ്മ തല്ലു കൊള്ളും എന്നു വിരൽ കൊണ്ട് കാണിച്ചു…ഒടുവിൽ പാടി കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്നു കയ്യടിച്ചു..

എന്റെ കുട്ടി നന്നായി പാടുന്നുണ്ടല്ലോ…

നിധിയും പാടും അപ്പച്ചി…പല്ലവി പറഞ്ഞു..

എന്നാൽ നിധിയും ഒരു പാട്ടു പാടീട്ടു പോയാൽ മതി..

അയ്യോ ഉണ്ണിയേട്ടാ.. എനിക്ക് ഓർമയില്ല…വരികൾ ഒന്നും…

അതു കുഴപ്പമില്ല.. പാട്ടു പറഞ്ഞ മതി.. ഞാൻ ലൈൻസ് എടുത്തു തരാം..

ഒടുവിൽ നിധി പറഞ്ഞ പാട്ടിന്റെ ലൈൻസ് മൊബൈലിൽ എടുത്തു കൊടുത്തു

അവളെയും കൊണ്ടും പാടിച്ചു..

നിധിയുടെ പാട്ടു കേട്ടിരിക്കുന്ന അജുവിനെ.. കാണിച്ചു കൊടുക്കാൻ വേണ്ടി ഞാൻ അമ്മയെ തോണ്ടി….

എടാ വായി നോട്ടം ഇല്ലാത്ത പുണ്യാള വായ് അടച്ചു വെക്ക ഈച്ച പോകും… അമ്മ തന്നെ മെല്ലെ അവനോടു പറഞ്ഞു.. അതു കേട്ടു അവൻ എന്നെ നോക്കി ചമ്മിയ ചിരി ചിരിച്ചു…

നാലു മണി വരെ ഞങ്ങൾ എല്ലാം കൂടെ ഓരോന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.. ചിരിച്ചും കളിച്ചും ഇരുന്നു…

നാലു മണി കഴിഞ്ഞപ്പോൾ ബീച്ചിൽ പോകാൻ തീരുമാനിച്ചു..

അമ്മേ അമ്മയും കൂടെ വാ..

ഇല്ല.. മോനെ നിങ്ങൾ പോയിട്ട് വാ… ഞാൻ വേറൊരു ദിവസം വരാം….

അങ്ങനെ ഞങ്ങൾ മാത്രം പോകാൻ തീരുമാനിച്ചു…. ഞാൻ ഡ്രസ്സ്‌ മാറി ഒരു ട്രാക്ക് സുയിട്ടും ടീഷർട്ടും ധരിച്ചു.. അജുവും അതു തന്നെ ആയിരുന്നു വേഷം…

നീ ഇപ്പോൾ ജിമ്മിൽ പോകാറില്ലേ അജു..

പിന്നില്ലാതെ.. ദാ ഇതു നോക്കു അവൻ ടീഷർട്ടിന്റെ കൈ മുകളിലേക്കു കേറ്റി മസ്സിൽ പിടിച്ചു കാണിച്ചു…

ദേ ഇതു പോലെ ഫാമിലി പാക്ക് അല്ല.. നല്ല സിക്സ് പാക്ക് ആണ്‌ കേട്ടോ.. എന്റെ വയറിനു കുത്തിയിട്ട് അവൻ പറഞ്ഞു..

കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാടാ മസ്സിൽ..

ഹ്മ്മ് പിന്നെ മസ്സിൽ ഉണ്ടായിട് എന്താ കാര്യം…. നല്ല ആണ്പിള്ളേരുടെ കയ്യീന്ന് കിട്ടിയപ്പോ മതി ആയില്ലേ…

അതിപ്പോ ഉണ്ണിയേട്ടനെ പോലെ ഞാൻ കോളേജിൽ പോകുന്നത് തല്ലു ഉണ്ടാകാൻ അല്ല.. ഞാൻ ഡീസന്റ് ആണ്‌… അതോണ്ട് തല്ല് ഒന്നും വശമില്ല..

ആഹാ അങ്ങനെ ഒരു പാസ്ററ് ഉണ്ടോ… കേൾക്കട്ടെ..

ഏട്ടതീ… ഈ ഉണ്ണിയേട്ടന് കോളേജിൽ പഠിക്കുമ്പോ എത്ര സസ്പെൻഷൻ കിട്ടീട്ടുണ്ട് എന്നു ചോദിച്ചേ… എന്നിട്ടിപ്പോ ഇരിക്കുന്ന നോക്കിയേ പഞ്ച പാവം… ആ പൊറിഞ്ചു വേട്ടനോട്‌ ചോദിച്ചാൽ അറിയാം.. ഇവര് എന്തൊക്കെ കാണിച്ചിട്ട് ഉണ്ടെന്നു.. ഭൂലോക തറകൾ ആയിരുന്നു ഏട്ടത്തി…

പൊറിഞ്ചു… പല്ലവി സംശയത്തോടെ എന്നെ നോക്കി ചോദിച്ചു…

യെസ്.. ഔർ MD പൃഥ്‌വി തന്നെ ആ പൊറിഞ്ചു… ഞാൻ പറഞ്ഞു..

അപ്പോളാണ് അജുവും അറിയുന്നത്.. ഞങ്ങൾ വർക്ക്‌ ചെയ്യുന്നത്.. പ്രിത്വിയുടെ ഹോസ്പിറ്റലിൽ ആണെന്ന്…

ആഹാ ഹോസ്പിറ്റലിന്റെ പേര് തല്ലിപൊളി ഹോസ്പിറ്റൽ എന്നാണോ..

ഏട്ടത്തി കുറെ കഥകൾ ഉണ്ട്‌.. ഞാൻ ഓരോന്നായി പറഞ്ഞു തരാം…

ആഹാ എന്നാ മോന്റെ വീര സാഹസിക കഥകൾ ഞാനും പറയട്ടെ…

ങ്ങാ.. പറയു ഏട്ടാ.. നിധി ചാടി പറഞ്ഞു..

ആഹാ എന്റെ കുറ്റം കേൾക്കാൻ എന്തൊരു ഉത്സാഹം…

അങ്ങനെ എന്റെ ഏട്ടൻ എന്നെ കുറ്റം ഒന്നും പറയില്ല കേട്ടോ.. ഏട്ടൻ എന്റെ ചങ്ക് ആണ്‌… അല്ലേ ഉണ്ണിയേട്ടാ…

മോനെ സോപിംഗ് ഒന്നും വേണ്ടാട്ടോ… ഞാൻ സ്റ്റിയറിംഗ് വീലിൽ താളം ഇട്ടു കൊണ്ട് ഫ്രണ്ട് മിററി ലൂടെ അവനെ നോക്കി…

അജു മെർവിന്റെ കൂടെ കാണിച്ച കുരുത്ത കേടുകൾ ഞാനും പറഞ്ഞു…

അതു കേട്ട നിധിയുടെ കയ്യിൽ നിന്നും നുള്ള് കിട്ടിയത് കൊണ്ട് ആവണം അജു അയ്യോ എന്നും വിളിച്ചു സീറ്റിനു മുകളിൽ നിന്നും പൊങ്ങി ചാടി… അതു കണ്ടു ഞാനും പല്ലവിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു…

ഞങ്ങൾ അപ്പോളേക്കും ഡ്രൈവ് ഇൻ ബീച്ചിൽ എത്തിയിരുന്നു.. അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല… അവിടവിടെ ആയി പട്ടം പറതി കൊണ്ടിരുന്ന കുട്ടികളെ കണ്ടു.. ദൂരെ കാറ്റാടി മരങ്ങൾക് കീഴെ അവിടവിടെ ആയി.. ചില പ്രണയ ജോഡികളെയും കണ്ടു… കടലിന്റെ തീരതൂടെ തന്നെ വണ്ടി ഓടിച്ചു.. ബീച്ചിന്റെ ഒരറ്റത്തുള്ള പാർക്കിനു സൈഡിലായി വണ്ടി പാർക് ചെയ്തു.. ദൂരെ പാരാ സെയ്‌ലിംഗ് നടത്തുന്നതും നോക്കിയാണ് വണ്ടിയിൽ നിന്നു ഇറങ്ങിയത്… ഉണ്ണിയേട്ടാ നമുക്കും ചെയ്താലോ…

നിന്റെ തലയിലെ സ്റ്റിച് എടുക്കട്ടെ ആദ്യം.. എന്നിട്ട് സാഹസികത ഒക്കെ ചെയ്യാം

ഹ്മ്മ്.. ഇവിടെ ജെറ്റ് സ്കീയിങ്.. പിന്നെ സ്‌നോർ കെല്ലിങ് ഒക്കെ ചെയ്യാൻ പറ്റും എന്നു കേട്ടിട്ടുണ്ട്…

വെളുത്ത മണൽ തരികൾ പുതച്ച തീരത്തൂടെ ഞങ്ങൾ നടന്നു.. പല്ലവി എന്നോട് ചേർന്നു നടന്നിരുന്നു… നിധിയും അജുവും.. വെള്ളത്തിൽ കൂടെ.. മുന്നോട്ട് ഓടി പോയി…

രണ്ടിനും കുട്ടി കളി മാറീട്ടില്ല അല്ലേ…

ഹ്മ്മ്.. അവരുടെ കളി നോക്കി ചിരിച്ചു കൊണ്ട് പല്ലവിയും മൂളി..

കൈ പിന്നിൽ കെട്ടി നടന്ന പല്ലവിയുടെ ഒരു കൈ എടുത്തു ഞാൻ കൊരുത്തു പിടിച്ചു…

പച്ചയോ നീലയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അറബിക്കടലിലെ വെള്ളപുതച്ച തിരമാലകള്‍ ആര്‍ത്തലച്ച് വന്ന് തിരിച്ച് പോകുന്ന വെള്ളമണല്‍ നിറഞ്ഞ കടല്‍ പരപ്പിലൂടെ വെറുതെ നടന്നപ്പോൾ . മനസിലെ ആകുലതകളോക്കെ അല്ലെങ്കില്‍ സമ്മര്‍ദ്ദങ്ങളൊക്കെ കടലെടുത്തുകൊണ്ടു പോയ അനുഭൂതി ആണ്‌ ഉണ്ടായതു…

കാറ്റിൽ അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക് വന്നു തട്ടുന്നത് കണ്ട അവൾ മുടി ഒതുക്കി വെക്കാൻ നോക്കി..

ഹേയ് സാരമില്ല.. എനിക്കിഷ്ടമാണ്… ആ മുടിയിഴകൾ ഇങ്ങനെ എന്റെ മുഖത്തെ തഴുകി കടന്നു പോകുന്നത്…

ആണൊ എങ്കിൽ ഞാൻ മുടി മുഴുവനായി മുഖത്തേക്കിടട്ടെ.. ചിരിച്ചു കൊണ്ടവൾ ആംഗ്യം കാണിച്ചു… മുടി മാത്രമല്ല പെണ്ണെ നിന്നെ മുഴുവനായും ഞാൻ എടുക്കും… അവളുടെ ഇടുപ്പിൽ പിടിച്ചു….എന്നിലേക്കു അടുപ്പിച്ചു…

ദേ അടങ്ങി ഇരുന്നോണം.. ഡോക്ടർ ആണെന്ന് ഒന്നും ഞാൻ നോക്കുല.. നല്ല അടി തരും ട്ടോ..

ആഹാ.. എന്നാൽ അതു അറിയണമല്ലോ…

ഞാൻ ചുറ്റും നോക്കി അജുവും നിധിയും കുറച്ചു ദൂരം മുന്നിലേക്ക് നടന്നിരുന്നു.. വേറെ അടുത്തൊന്നും ആരെയും കണ്ടില്ല..

പല്ലവിയെ പിടിച്ചു ഒന്നൂടെ അടുപ്പിച്ചു…

ഉണ്ണിയേട്ടാ വേണ്ടാട്ടോ… യൂറോപ് അല്ല കേരളം ആണ്‌.. ഓർമ വേണം… നാൽപതു പേരുടെ ചുംബന സമരം കാണാൻ നാലായിരം പേര് കൂടുന്ന സ്ഥലമാ ഇതു…

നിനക്ക് എങ്ങനെ മനസിലായി.. ഞാൻ ഉമ്മ വെക്കാൻ പോകുവാണെന്നു…

അതറിയാൻ.. എംബിബിസ് ഒന്നും വേണ്ടാട്ടോ…

ആണൊ എന്തായാലും അറിഞ്ഞതല്ലേ…. അവളെ അടുപ്പിച്ചു നിർത്തി.. അവളുടെ അധരങ്ങൾ സ്വന്തം ആക്കിയിരുന്നു അപ്പോളേക്കും…ആ ലഹരിയിൽ അവളുടെ എന്റെ പിൻ കഴുത്തിൽ.. ശക്തിയായി അമർന്നു… അലറി അടിച്ചു വന്ന തിരമാല നാണത്തോടെ.. കരയിലേക്ക് പതുങ്ങി ശബ്ദമില്ലാതെ തിരിച്ചു പോയി… അധരം വേർപെട്ടതും ഒരു നാണത്തോടെ അവൾ.. ഓടി അടുത്ത് കണ്ട മൺ തിട്ട യിലേക്ക് ഇരുന്നു…

ഞാനും അടുത്ത് പോയിരുന്നു അവളുടെ അരയിലൂടെ കെട്ടി പിടിച്ചു.. അവൾ മെല്ലെ എന്റെ നെഞ്ചിലേക് ചാഞ്ഞു കിടന്നു… എന്റെ കൈ അവളുടെ ഇടുപ്പിൽ മുറുകിയപ്പോൾ അവളൊന്നു പിടഞ്ഞു.. ഞാൻ ഒരു കുസൃതി ചിരിയോടെ അവളെ നോക്കി…

കള്ള ഡോക്ടറെ ഇതേ വിചാരം ഉള്ളോ..

അവളുടെ ചുണ്ടിലുംആ കുസൃതി ചിരി കണ്ട ഞാൻ ഒന്നൂടെ ആ ഇടുപ്പിൽ വിരൽ അമർത്തി..

ദേ.. ഉണ്ണിയേട്ടാ വേണ്ടാട്ടോ… അവൾ കുറച്ചു നിരങ്ങി നീങ്ങി ഇരിക്കാൻ നോക്കിയപ്പോ എനിക്കും വാശി ആയി..

ഞാൻ ഒന്നൂടെ ചേർത്തു പിടിച്ചു..

ഉണ്ണിയേട്ടാ വിടൂന്നെ.. പ്ലീസ്… അവൾ ചിണുങ്ങി

ഞാൻ അവളെ നോക്കി കണ്ണിറുക്കി..

ഹ്മ്മ്.. കള്ള ഡോക്ടർ….

അവൾ തിരിഞ്ഞിരുന്നു… എന്റെ വിരലുകൾ അവളുടെ… ടോപ്പിന്റെ സ്ലിറ്റിനുള്ളിലൂടെ… വയറിൽ അമർന്നു…

അവൾ ഒന്ന് പുളഞ്ഞു… എന്നെ തിരിഞ്ഞു നോക്കി… മുഖം ആകെ ചുവന്നു തുടുത്തിരുന്നു…

ഞാനും അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു… മെല്ലെ അവളുടെ കണ്ണുകൾ കൂമ്പി അടയുന്നതായും.. എന്റെ നെഞ്ചിലേക് നാണത്തോടെ ചെയ്യുന്നതായും ഞാൻ അറിഞ്ഞു

ഞാൻ അവളുടെ കവിളിലേക്..ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയിലേക് ചുണ്ടുകൾ ചേർത്തു…തുടുത്തു ചുവന്ന ആ കവിളിൽ ഞാൻ ചെറുതായി കടിച്ചു… ഒരു നിമിഷം പുളഞ്ഞു പോയ അവൾ.. എന്റെ കയ്യിൽ അമർത്തി പിടിച്ചു…

ബീച്ച് ആയി പോയി അല്ലേൽ കടിച്ചു തിന്നേനെ ഞാൻ…

ഹ്മ്മ് നരഭോജി… ചിരിച്ചു കൊണ്ട് എന്റെ മൂക്കിന് പിടിച്ചു വലിച്ചു..കൊണ്ടാണ് അവൾ പറഞ്ഞത്…

മണൽ തിട്ടയിൽ കാലും നീട്ടി വെച്ചിരുന്ന അവളുടെ മടിയിലേക്കു ഞാൻ തല വെച്ചു കിടന്നു… വലം കൈ അപ്പോളും അവളുടെ അരയിൽ ചുറ്റി പിടിച്ചിരുന്നു…

ഞാൻ ഇവിടെ കടിച്ചോട്ടെ… അവളുടെ വയറിനു തൊട്ടുകൊണ്ടു അവളുടെ മുഖത്തേക് നോക്കി കുസൃതിയോടെ ചോദിച്ചു…

അതെ മര്യാദക് കിടന്നില്ലേൽ ഞാൻ എണീറ്റു പോകുവെ… കള്ള ചിരിയോടെ അവളും പറഞ്ഞു…

അവളുടെ വിരലുകൾ എന്റെ മുടിയിഴകളിൽ മെല്ലെ ഒഴുകി കൊണ്ടിരുന്നു….ഞാൻ ഇങ്ങനെ കിടന്നു ഉറങ്ങട്ടെ അവളുടെ വയറിലേക് മുഖം ചേർത്തു ഞാൻ ചോദിച്ചു… അവൾ മറുപടി ഒന്നും പറയാതെ.. എന്റെ മുഖത്തും മുടിയിഴകളിലും വിരലോടിച്ചു കൊണ്ടിരുന്നു..

അകലെ ചക്രവാളം ചെഞ്ചായം പൂശിയിരുന്നു.. ജരാനരകൾ ബാധിച്ച ആകാശം.. നെറ്റിയിൽ ഭസ്മകുറി ചാർത്തി….പുതിയ ജന്മം എടുക്കാൻ ഇരുളിനെ കടം കൊള്ളാൻ ഒരുങ്ങുന്നു…

ചിന്നു…

ഹ്മ്മ്.. എന്താ ഉണ്ണിയേട്ടാ..

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ എപ്പോഴെങ്കിലും എന്നെ ഓർത്തിട്ടുണ്ടോ…?

‘ഒരിക്കൽ പോലും ഇല്ല ഉണ്ണിയേട്ടാ…” ദൂരേക്ക്‌ മിഴികൾ പായിച്ചു അവൾ പറഞ്ഞു…

എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല… ഒരഞ്ചു വയസ്സുകാരിയുടെ ഓർമകൾക്ക് പ്രണയമുണ്ടാകുമോ? അതിന്റെ വിരഹ വേദന അറിയുമോ?… ചിന്തകൾ കാട് കയറി തുടങ്ങുമ്പോളെക്കും അവൾ മുൻപ് പറഞ്ഞതിന്റെ ബാക്കിയെന്നോണം പറഞ്ഞു തുടങ്ങിയിരുന്നു…

നമ്മൾ ഓർത്തെടുക്കേണ്ടത് വിസ്മൃതിയിൽ ആണ്ടവയെ അല്ലേ… ഉണ്ണിയേട്ടാ… അല്ലെങ്കിൽ മറവി എന്ന മൂന്നക്ഷരത്തിൽ ഒളിപ്പിച്ചു വെക്കുന്ന അനുഭവങ്ങളെ….. ഉണ്ണിയേട്ടൻ എനിക്ക് ഓർമ ആയിരുന്നില്ല.. ഓരോ ദിവസത്തിലേക്കും ഉള്ള എന്റെ പ്രതീക്ഷ ആയിരുന്നു…അതു കൊണ്ട് തന്നെ ഓർമിച്ചിരുന്നോ എന്ന ചോദ്യം തന്നെ വ്യർത്ഥം ആണ്‌…. ചിന്നുവിന്റെ വാക്കുകളിൽ പക്വതയാർന്ന എന്റെ പെണ്ണിനെ ഞാൻ കണ്ടു.. പറഞ്ഞു വന്നതു നിർത്താതെ അവൾ പിന്നെയും തുടർന്നു…

ഒരഞ്ചു വയസ്സുകാരിക് എന്ത് പ്രതീക്ഷ എന്നാവും ഉണ്ണിയേട്ടൻ ചിന്തിക്കുന്നത്…. അതിനു ഒരുത്തരമേ ഉള്ളൂ ആ അഞ്ചു വയസ്സുവരെയും ഈ ചിന്നുവിന് സന്തോഷം തന്ന സാമിപ്യം.. അതൊന്നു മാത്രം ആയിരുന്നു…

മുത്തശ്ശിയുടെയും അമ്മയുടെയും വാത്സല്യങ്ങൾ ഒക്കെ അച്ഛൻ കാണാതെ ഉള്ളതായിരുന്നു പലപ്പോളും….അതെന്താ അങ്ങനെ എന്നു അന്നത്തെ കുഞ്ഞ് മനസ്സിന് അതിനൊരുത്തരം ഉണ്ടായിരുന്നില്ല കഴിഞ്ഞ ദിവസം മുത്തശ്ശി പറയുന്നത് വരേയ്ക്കും…

ഇത് വരെ അച്ഛൻ എന്നു വിളിച്ചയാൾ വളർത്തച്ഛൻ മാത്രം ആണെന്നറിയുമ്പോൾ സങ്കടപ്പെട്ടു പോകുന്നവരെ കഥകളിലൂടെ വായിച്ചിട്ടുണ്ട്…പക്ഷെ എനിക്ക് ആശ്വാസം ആയിരുന്നു.. അയാൾ എന്റെ അച്ഛൻ അല്ല എന്നോർത്തിട്ടു…

“അമ്മ പറഞ്ഞിട്ടുണ്ട് ദേവ മ്മാവനെ കുറിച്ച്…”ഞാൻ പറഞ്ഞു..

അതു കേട്ട അവൾക്ക് മനസ്സിലായിരുന്നു അവൾ പറയാൻ പോകുന്ന കാര്യം എനിക്ക് അറിയാം എന്നുള്ള കാര്യം.. ഒരു നിമിഷത്തേക് ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു…

“അവസാനം നമ്മൾ കണ്ട ദിവസം ഓർക്കുന്നുണ്ടോ ഉണ്ണിയേട്ടൻ…”

ഓരോ കാറ്റിലും വീഴുന്ന ചെറു മാമ്പഴം ഞെട്ട് കടിച്ചു കളഞ്ഞു.. ചിന്നുവിന് കൊണ്ട് തരാറുണ്ടായിരുന്നു ഉണ്ണിയേട്ടൻ.. ആ മംചുവട്ടിൽ മണ്ണപ്പം ചുട്ടു കളിച്ചതും…കടിചീമ്പിയ മാമ്പഴ ചാറു ചുണ്ടിനിരുവശത്തൂടെ ഒലിച്ചിറങ്ങുമ്പോൾ തുടച്ചു തന്നിരുന്നതും.. പിന്നെ ആ മാങ്ങാണ്ടിക് കൂട്ട് പോകാൻ വിളിച്ചു പറഞ്ഞതും…ഒടുവിൽ ഒരു തുളസിമാല കഴുത്തിലിട്ടു ചേർത്തു പിടിച്ചതും…. അതിന്റെ ഫലമെന്നോണം കിട്ടിയ കല്തുടയിലെ ചുമന്നു തിണിർത്ത പാടുകളും അതിലൊക്കെ വേദനയായി… ഒരു കുറ്റവാളിയെ പോലെ.. മിഴികൾ നിറഞ്ഞു തല കുനിച്ചു നിന്ന.. ഉണ്ണിയേട്ടനും..

എത്ര അടി കൊണ്ടിട്ടും കളഞ്ഞിരുന്നില്ല ആ തുളസിമാല…ഇന്നും എന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന ട്രങ്ക് പെട്ടിയിൽ ഭദ്രമായിട്ടുമുണ്ട്….കൊരുത്തിട്ട മാല ആയിട്ടല്ല അടർന്നു വീണ കണ്ണ് നീർ പോലെ ഓരോ ഇലകൾ ആയി… എന്റെ ഡയറിയുടെ താളുകൾക്കിടയിൽ…

എന്റെ ബാല്യം കഴിഞ്ഞു കൗമാരത്തിലേക് കടക്കുമ്പോളേക്കും ഞാൻ അറിഞ്ഞിരുന്നു എന്റെ മനസ്സിലേ ഉണ്ണിയേട്ടനോടുള്ള സ്നേഹത്തിന്റെയും ആ പ്രതീക്ഷയുടെയും അർത്ഥം.. അതിനു വിളിക്കുന്ന പേരാണ് പ്രണയം എന്നു…

യൗവനത്തിലേക് കാലൂന്നിയപ്പോൾ പല പ്രണയ അഭ്യര്ഥനകളെയും നിരസിക്കാനുള്ള കാരണവും ഉണ്ണിയേട്ടൻ ആയിരുന്നു…

എന്താ അതിലിപ്പോ നഷ്ടബോധം തോന്നുന്നുണ്ടോ.. കുസൃതിയോടെ ഞാൻ തിരക്കി…

ഇഷ്ടമുള്ളത് കളഞ്ഞു പോകുമ്പോളല്ലേ ഉണ്ണിയേട്ടാ നഷ്ട ബോധം…ഇപ്പോൾ ഉണ്ണിയേട്ടനെ ആഗ്രഹിക്കുമ്പോൾ അര്ഹിക്കാത്തത് എന്തോ ആഗ്രഹിക്കുന്ന ഒരു പെണ്ണിന്റെ കുറ്റ ബോധം ആണ്‌ മനസ്സ് നിറയെ…അവളുടെ വാക്കുകളിൽ എവിടെയോ വേദന നിറയുന്നത് ഞാൻ അറിഞ്ഞു…

നീർ കണങ്ങൾ തിളങ്ങിയ മിഴികൾ എന്നിൽ നിന്നും മറക്കാനെന്നോണം അവൾ മുഖം ഒരു വശത്തേക്കു ചെരിച്ചു…

അര്ഹിക്കാത്തതോ… ഈ ജന്മത്തിലും വരും ജന്മങ്ങളിലും നമുക്ക് അർഹിക്കുന്നത് ഒന്ന് മാത്രമേ ഉള്ളൂ.. നിനക്ക് ഞാനും എനിക്ക് നീയും ഇനിയൊരു കണ്ണീർ കാലം വേണ്ട ചിന്നു…

ബാല്യത്തിന്റെ കുസൃതിയിൽ ഇട്ട ആ മാല.. മനസ്സിന് കുറുകെ തന്നെയാണ്… അതു പറയുമ്പോളേക്കും ഞാൻ അവളുടെ മടിയിൽ നിന്നും എണീറ്റു വലം കൈ കൊണ്ട് എന്നിലേക്കു ചേർത്തു പിടിച്ചിരുന്നു അവളെ… പിന്നിലെ കാറ്റാടി മരങ്ങളെ തഴുകിയെത്തിയ കാറ്റു.. അവളുടെ മുടിയിഴകളെ തഴുകി കടന്നു പോയി….

ഇനിയും എന്തോ പറയാനുണ്ടെന്ന് അവളുടെ കണ്ണുകൾ എന്നെ ഓർമിപ്പിച്ചു.. എന്റെ തോളിൽ ചാഞ്ഞു മുഖത്തേക് തന്നെ നോക്കിയിരുന്ന കണ്ണുകളിലേക്കു നോക്കി ഞാൻ എന്തെ എന്നു ചോദിച്ചു…

ഈ ദിനം അസ്ത്വമിക്കാതിരുന്നിരുന്നെങ്കിൽ… അവൾ എന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.. ഞാൻ പറയാൻ വന്നതെന്തോ എന്റെ തൊണ്ടയിൽ കുരുങ്ങി… അവളുടെ ഓമൽ കപോലങ്ങളിൽ തഴുകി.. ആ മുഖത്തേക് തന്നെ നോക്കിയിരിക്കുമ്പോൾ ലോകം ഞങ്ങളിലേക് ചുരുങ്ങിയതായി തോന്നി… കണ്ണുകൾ മാത്രം കഥ പറഞ്ഞു..

വീണ്ടും നിശബ്ദതയെ ഭേദിച്ചതു അവളുടെ വാക്കുകൾ ആയിരുന്നു…

ഒരു കാര്യം പറയാനുണ്ട് ഉണ്ണിയേട്ടാ…?? നെഞ്ചിൽ നിന്നും മെല്ലെ എഴുനേറ്റ് അവൾ പറഞ്ഞു.. അവളുടെ ശബ്ദത്തിലെ ഗൗരവം ഞാൻ തിരിച്ചറിഞ്ഞു..

എന്നോട് പറയാൻ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ ചിന്നു…

ഇതെങ്ങനെ പറയും എന്നെനിക്കറിയില്ല… എങ്കിലും പറഞ്ഞെ പറ്റു…

ഇഷ്ടമല്ലാത്തൊരു വിവാഹത്തിന് തീയതി കുറിക്കപ്പെട്ടവൾ ആണ്‌ ഞാൻ…

ആ വാക്കുകൾ ഒരു ഇടി തീ പോലെ ആയിരുന്നു എന്റെ കാതുകളിലേക് എത്തിയത്..

“എന്തു ” വിവശതയും ഉദ്വേഗവും എല്ലാം ഉണ്ടായിരുന്നു എന്റെ ചോദ്യത്തിൽ…

“ദത്തൻ ” അച്ഛൻ തിരഞ്ഞെടുത്ത.. അല്ല വിശ്വനാഥൻ എന്ന വളർത്തച്ഛൻ തിരഞ്ഞെടുത്ത ഭാവി വരന്റെ പേര് അതാണ്… അമ്മാവന്റെ മകൻ..

ആ ദത്തൻ ആണൊ അജുവിനെ? ചോദ്യം പാതിയിൽ നിർത്തുമ്പോളേക്കും പല്ലവിയിൽ നിന്നും ഉത്തരം എത്തിയിരുന്നു..

അതെ.. ആ ദത്തൻ തന്നെ…

അവനെന്തിനു അജുവിനെ ഉപദ്രവിക്കണം…

അജുവിനെ ഉപദ്രവിക്കാൻ ആവില്ല ഒരു പക്ഷെ..

അവൻ ഹരം കണ്ടെത്തുന്നതു എന്നെയും നിധിയെയും ഉപദ്രവിച്ചു കൊണ്ടാണ്… ഒരുപാട് സഹിച്ചിട്ടുണ്ട് പലപ്പോളായി… എന്തിനോ ഉള്ള പക തീർക്കുന്ന പോലെ കഴിഞ്ഞ രണ്ടു വർഷങ്ങൾ…

രണ്ടു വര്ഷങ്ങളോ?

ഹ്മ്മ് ഉണ്ണിയേട്ടന് അറിയാല്ലോ ഞാൻ അവിടെ നിന്നാണ് പഠിച്ചതൊക്കെ പ്ലസ്ടു വരെ.. അഞ്ചു വയസ്സ് തൊട്ടു പന്ത്രണ്ടു വർഷത്തോളം അവിടെ തന്നെയാണ് നിന്നത്.. അച്ഛന്റെ തല്ലു കൊണ്ട പേടി ആവണം ഞാൻ ദത്തനോട് ആ ചെറിയ പ്രായത്തിൽ പോലും അടുത്തിരുന്നില്ല..എന്നോട് പലപ്പോളും മിണ്ടാൻ വരുമ്പോളും എനിക്ക് പേടി ആയിരുന്നു… അതു കൊണ്ട് തന്നെ മെല്ലെ മെല്ലെ എന്നോട് അങ്ങനെ മിണ്ടാതെ ആയി.. അമ്മാവന്റെ അടുത്ത് പോയി നിക്കാൻ തുടങ്ങിയതിന്റെ അടുത്ത വർഷം ആണ്‌ നിധി ഉണ്ടായതു… അന്ന് എനിക്ക് ആറു വയസ്സേ ഉണ്ടായിരുന്നു എങ്കിലും അവിടുള്ള പണികൾ ഒക്കെ എന്നെ കൊണ്ട് എടുപ്പിക്കുമായിരുന്നു അമ്മായി.. അമ്മ നിധിയെ ഗർഭം ധരിച്ചു ഏഴു മാസം ആയപ്പോൾ അമ്മയുടെ വീട്ടിലേക്കു വന്നു അത് എനിക്ക് ആശ്വാസം ആയിരുന്നു.. അമ്മ ഉള്ളതു കൊണ്ട് അമ്മായി അധികം ഉപദ്രവിച്ചില്ല..പിന്നെ നിധി ഉണ്ടായപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയിരുന്നു.. പക്ഷെ ആ സന്തോഷവും ഒരു ആറു മാസമേ ഉണ്ടായിരുന്നുള്ളു.. അച്ഛൻ അമ്മയെയും നിധിയെയും കൂട്ടി…ശ്രീലക തേക് പോയി… ഞാനും വരുന്നു എന്നു പറഞ്ഞു കരഞെങ്ങിലും കൊണ്ട് പോയില്ല… അമ്മായിയും പോകാൻ സമ്മതിച്ചില്ല…കാരണം അമ്മായിക്ക് ഒരു വേലക്കാരിയെ വേണമായിരുന്നു….പിന്നീട് മുത്തശ്ശന്റെ നിർബന്ധത്തിനാണു എന്നെ നഴ്സിംഗ് വരെ പഠിപ്പിച്ചതെന്നു.. മുത്തശ്ശി പറഞ്ഞു അറിഞ്ഞു… നഴ്സിംഗ് പഠനം എന്റെ അമ്മ വീട്ടിലെ നരകത്തിൽ നിന്നുള്ള മോചനം തന്നെ ആയിരുന്നു..എനിക്ക്.. ആ സമയങ്ങളിൽ ഒന്നും ഞാൻ ദത്തേട്ടനെ കണ്ടിട്ടില്ല… ബാംഗ്ലൂർ എഞ്ചിനീയറിംഗ് പഠിക്കുക ആണെന്നും..പിന്നീട് ഏതോ കമ്പനിയിൽ ജോലി കിട്ടിയെന്നും അറിഞ്ഞു… പിന്നീട് എപ്പോളോ ദതെട്ടന്റെ പേരിലുള്ള സ്ഥലം വിറ്റു എന്നു പറഞ്ഞു പ്രഭാകരൻ അമ്മാവനും ആയി വഴക്കായി എന്നും ദതെട്ടനെ മുറിയിൽ പൂട്ടി ഇട്ടു എന്നും ഒക്കെ അമ്മ പറഞ്ഞു അറിഞ്ഞു… ആ ദത്തൻ ഒരു കല്യാണം കഴിച്ചാൽ നന്നാവുമോ എന്നറിയാൻ ആണ്‌ ബലിയാഡായി എന്നെ നിശ്ചയിച്ചതു.. അച്ഛന് കണ്ണ് ദത്തേട്ടന്റെ സ്വത്തിൽ ആണ്‌.. വിവാഹം പറഞ്ഞു ഉറപ്പിച്ചതിൽ പിന്നെ ദത്തേട്ടൻ വല്ലാത്ത അധികാരം ആണ്‌ വീട്ടിൽ.. എപ്പോളും വെള്ളമടിച്ചു വീട്ടിൽ വരും.. എന്നെയോ നിധിയെയോ ഉപദ്രവിക്കാൻ എന്തേലും കാരണം ഉണ്ടാക്കും..

അപ്പോ അച്ഛനോ മുത്തശ്ശനോ ഒന്നും പറയില്ലേ.. ഞാൻ ചോദിച്ചു..

എന്ത് പറയാൻ അവർ കണ്ടില്ലെന്നു നടിക്കും.. കഴിവതും ഞങ്ങൾ അയാളുടെ മുൻപിൽ പെടാതെ ആണ്‌ നടപ്പ്..

“ഇനി രണ്ടാഴ്ച കൂടെ.. എന്റെ വിവാഹത്തിന്… എന്റെ നെഞ്ചിലേക് വീണു അവൾ വിങ്ങി പൊട്ടി…”

ഇല്ല മോളെ അങ്ങനെ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല ഞാൻ…..അതെനി ഏതു തമ്പുരാൻ വന്നാലും… ചേർത്തു പിടിച്ചത് സ്വന്തം ആക്കാനാണ് വിട്ടു കളയാൻ അല്ല… പിന്നെ ദത്തന്റെ കാര്യം അതെനിക് വിട്ടേക്… എനിക്ക് ചെറിയൊരു കടം തീർക്കാൻ ഉണ്ട്‌.. ആ കൂട്ടത്തിൽ ഇതും കൂടെ തീർതേക്കാം..

വേണ്ട ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടൻ വിചാരിക്കുന്ന പോലെ അല്ല അവൻ ദുഷ്ടൻ ആണ്‌ എന്ത് ചെയ്യാനും മടിക്കില്ല …. അജുവിനെ കൊല്ലാൻ വരെ നോക്കിയ ആളാണ്… എനിക്ക് ഉണ്ണിയേട്ടനെ കൂടെ നഷ്ടപ്പെടാൻ വയ്യ… നമുക് എവിടെ എങ്കിലും പോയി ജീവിക്കാം..

“എന്തിനു.. ദത്തനെ പേടിച്ചോ.. അതോ എന്റെ അമ്മാവനെ പേടിച്ചോ.. അങ്ങനെ പേടിച് ഓടാൻ തുടങ്ങിയാൽ നമ്മൾ ജീവിത കാലം മുഴുവൻ ഓടേണ്ടി വരും പെണ്ണെ…”

ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു… നനവ് വീണ കവിൾ തടങ്ങൾ കൈ വെള്ളയിൽ ഒതുക്കി.. ആ ചുവന്നു തുടുത്ത കവിളുകളിലേക്ക് എന്റെ ചുണ്ടുകൾ ചേർത്തു… ചുണ്ടുകൾ സ്വാതന്ത്രമായപ്പോൾ അവൾ എന്നെ കെട്ടി പിടിച്ചു അവളുടെ മുഖം എന്റെ കഴുതിനിടയിലേക് പൂഴ്ത്തി..

അല്ല ഇങ്ങനെ ഇരുന്ന മതിയോ.. പോകണ്ടേ…ഞാൻ അവളെ തട്ടി വിളിച്ചു..

അപ്പോളേക്കും ദൂരെ നിന്നും അജു വും നിധിയും വരുന്നു ണ്ടായിരുന്നു..

ദേ കണ്ണൊക്കെ തുടച്ചു മിടുക്കി ആയിരുന്നെ.. നിധിയും അജുവും വരുന്നുണ്ട്.. ഞാൻ അവളെ എന്റെ നെഞ്ചിൽ നിന്നും എടുത്തു കൊണ്ട് പറഞ്ഞു… ഷാൾ എടുത്തു മുഖം തുടച്ചപോലേക്കും എന്റെ കൈ വീണ്ടും സ്ലിറ്റി നുള്ളിലൂടെ ആ വയറിന്റെ മാർദവം അറിഞ്ഞിരുന്നു…പൂവിതൾ പോലെ മൃദുല മായ ആ ഉദരത്തിൽ എന്റെ വിരലുകൾ പതിഞ്ഞതും അവൾ ഒരു പിടച്ചിലോടെ എന്നോട് ചേർന്നു.. ആ വയറിൽ അമർത്തിയതി നൊപ്പം അവളുടെ ചുവന്ന ചുണ്ടുകൾ എന്റെ ചുണ്ടുകൾക് ഉള്ളിൽ ആയിരുന്നു… ഉണ്ണിയേട്ടാ.. അവര് കാണും.. ഒരു പരിസര ബോധവും ഇല്ലാത്ത മനുഷ്യൻ ..

എന്നിൽ നിന്നും ചുണ്ടുകൾ സ്വാതന്ത്രം ആയപ്പോൾ.. എന്നെ തള്ളി മാറ്റി കൊണ്ടവൾ പറഞ്ഞു…

“അതെ നിന്നെ കണ്ടാൽ ഞാൻ പരിസരം മറക്കും… ഇവിടെ ആയതു കൊണ്ട കണ്ട്രോൾ ചെയ്തു നിക്കുന്നത്… അറിയോ…”

“അയ്യെടാ അങ്ങനെ ആണേൽ ഞാൻ നാളെ മുതൽ ഗൈനകിൽ കേറുന്നില്ല.. ശ്രുതിയെ ഇടാൻ പറയാം.. ”

“അപ്പോ ചിന്നു ആണെന്നു വിചാരിച്ചു ഇന്ന് രാവിലത്തെ പോലെ ശ്രുതിയെ എങ്ങാനും ചെയ്തു പോയാലോ…” ഞാനും വിട്ടില്ല..

“എന്നാലേ ഞാൻ കൊല്ലും…” അതും പറഞ്ഞു.. അവൾ എന്റെ കവിളിൽ അമർത്തി ചുംബിച്ചു… കവിൾ വേദനിച്ചപ്പോൾ ആണ്‌ മനസ്സിൽ ആയതു ചുംബനതിന്റെ കൂടെ ആ പല്ലുകളും അവിടെ അമർന്നിരുന്നത്..

ഞാൻ അവളെ പിടിക്കാൻ കൈ നീട്ടിയപ്പോലേക്കും.. അവൾ ചിരിച്ചോണ്ട് ചാടി എണീറ്റിരുന്നു….

“ഉണ്ണിയേട്ടാ.. നോക്കിയേ രണ്ടിന്റേം കോലം.. “

അടുത്തേക് വന്ന അജുവിനെയും നിധിയെയും ചൂണ്ടി പല്ലവി പറഞ്ഞു..

ഞാൻ നോക്കുമ്പോൾ.. രണ്ടും നനഞ്ഞു കുളിച്ചു.. ദേഹത്തു മുഴുവൻ മണലും ആയി നിക്കുന്നു..

ഉണ്ണിയേട്ടാ.. ഈ അജു എന്നെ വെള്ളത്തിൽ ഉന്തിയിട്ടു..

അപ്പോ എന്നെ ഉന്തി ഇട്ടതോ അജുവും ചോദിച്ചു..

രണ്ടും കൂടെ വല്ല ടിപ്പറും പിടിച്ചു വാ കെട്ടോ.. ഇത്രേം മണലു കൊണ്ട് പോകണേൽ പാസ്സ് എടുക്കേണ്ടി വരും.. രണ്ടിന്റേം കോലം കണ്ടു എനിക് ചിരിയും വരുന്നുണ്ടായിരുന്നു…

“ഉണ്ണിയേട്ടാ എനിക്ക് ഐസ്ക്രീം വേണം.. ” നിധിയാണ് പറഞ്ഞത്..

“എന്നാൽ എനിക്കും വേണം” അജുവും പറഞ്ഞു..

“ഇള്ള കുഞ്ഞുങ്ങൾ അല്ലേ.. വാങ്ങിച്ചു കൊടുക്ക് ഉണ്ണിയേട്ടാ..” കളിയാക്കി കൊണ്ട് പല്ലവി പറഞ്ഞു..

അപ്പോ ഏട്ടത്തി ക് വേണ്ടേ….

“എനിക്ക് വാനില മതി… “ചിരിച്ചോണ്ട് അവൾ പറഞ്ഞു…

“ആഹാ നല്ല മുതിർന്ന ആൾ….” ഞാൻ അവളുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ അവൾ അതെ ചിരിയോടെ കണ്ണിറുക്കി കാണിച്ചു…

“എന്നാൽ ഇവിടെ ഇരിക്ക്.. “കുറച്ചു മാറ്റി ഇട്ടിരുന്ന ഒരു ചാരു ബെൻചിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞു..

പല്ലവിയും നിധിയും അവിടേക്കു നടന്നപ്പോൾ.. അജുവും എൻറെ കൂടെ വന്നു..

കുറച്ചു ദൂരം ഞങ്ങൾ നടന്നു വന്നതു കൊണ്ട്.. ഐസ് ക്രീം വാങ്ങാൻ കുറച്ചു ദൂരെക് നടക്കേണ്ടി വന്നു.. നടക്കുന്നതിന് ഇടയിൽ തിരിഞ്ഞു നോക്കിയപ്പോൾ പല്ലവിയും നിധിയും ചാരു ബെഞ്ചിൽ ഇരിക്കുന്നത് കണ്ടു..

ഐസ് ക്രീം വാങ്ങി തിരിച്ചു വരാൻ ഏകദേശം പത്തു മിനിട്ടോളം എടുത്തു.. തിരിച്ചു എത്തിയപ്പോലേക്കും അവർ ഇരുന്നിരുന്ന ബെഞ്ചു ശൂന്യം ആയിരുന്നു… ബെഞ്ചിനു അടുത്ത് ഏതോ വാഹനതിന്റെ ടയറിന്റെ പാടുകൾ പതിഞ്ഞു കിടന്നിരുന്നു….

“ഏട്ടാ അതു നോക്കു.. ”

ഞാൻ അജു ചൂണ്ടിയ ദിശയിലേക്ക് നോക്കിയപ്പോൾ.. വളരെ വേഗതയിൽ.. പാഞ്ഞു പോകുന്ന ഒരു വാഹനത്തിന്റെ പിന്നിലെ ചുവന്ന വെളിച്ചം മാത്രം കണ്ടു…..

( തുടരും )

Comments:

No comments!

Please sign up or log in to post a comment!