ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 15

ദാവൂദിന് ഡ്രഗ് ഇൻജെക്ഷൻ നൽകിക്കഴിഞ്ഞ് അയാളെ സീറ്റിലേക്കിരുത്തിക്കഴിഞ്ഞാണ് ഫൈസൽ അത് ശ്രദ്ധിക്കുന്നത്.

അർജ്ജുന്റെ നെഞ്ചിൽ നിന്ന് ചോരയൊലിക്കുന്നു!!

“അർജ്ജുൻ!!”

ഷഹാന പെട്ടെന്ന് അവന്റെ അടുത്തേക്ക്‌ചെന്ന് മുറിവ് നോക്കി.

“ഒരു പത്ത് മണിക്കൂറൊക്കെ ഞാൻ ചാകാതെയിരിക്കും മാഡം,”

ഷർട്ട് മാറ്റി മുറിവ് നോക്കുന്ന ഷഹാനയോട് അവൻ പറഞ്ഞു.

“അതിനുള്ളിൽ നമ്മൾ നോ മാൻസ് ലാൻഡ് കടന്നിരിക്കും…ഡോണ്ട് വറി!”

“ഉറപ്പാണോ?”

സിദ്ധാർത്ഥ് ചോദിച്ചു.

“പിന്നല്ലാതെ!”

അവൻ വേദനയ്ക്കിടയിൽ പറഞ്ഞു.

“മിഷൻ വിജയിച്ച് അത് സെലിബ്രേറ്റ് ചെയ്യുമ്പോൾ ഞാനില്ലാതെ പിന്നെ എങ്ങനയാണ്?”

ഫൈസലും മുറിവ് വിശദമായി നോക്കി.

“പൾമനറി വെയിൻസിനടുത്താണല്ലോ!”

ആശങ്ക നിഴലിക്കുന്ന സ്വരത്തിൽ ഫൈസൽ പറഞ്ഞു.

“നമ്മുടെ കയ്യിലെ മെഡിക്കൽ കിറ്റ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല …ആളപായം വരെ സംഭവിക്കും!”

അവർ മൂവരും വിഷാദത്തോടെ പരസ്പ്പരം നോക്കി.

“സമയമില്ല!”

അർജ്ജുൻ അവരുടെ കൈകൾ തട്ടിമാറ്റി.

“ഏത് നേരവും ഖറാമത്ത് ആളെ പറഞ്ഞു വിടും…വേഗം…വേഗം!!” കറാച്ചിയുടെ പുറത്ത് ശിഖാബുൽ ഹൈവേയിലൂടെ,ഏകാന്തമായ വെളിമ്പുറത്ത് കൂടി ദാവൂദിനെയും വഹിച്ചുകൊണ്ടുള്ള കൊറോളാ ബ്ളാക്ക് കുതിച്ചു നീങ്ങി.

സിദ്ധാർഥും ഷഹാനയും ഫൈസലും അർജ്ജുനും അവിശ്വസനീയതയോടെ പരസ്പ്പരം കുറെ നേരം നോക്കിക്കൊണ്ടിരുന്നു.

മനസ്സ് പറവയെപ്പോലെ കാറ്റിൽ ഒഴുകി നടക്കുകയാണ് എന്നവർക്ക് തോന്നി.

അൽപ്പം മുമ്പ് വരെ ആത്മഹത്യചെയ്യാൻ പുറപ്പെട്ടവർ! വാഹങ്ങളിൽ സ്‌ഫോടക വസ്തുക്കൾ അൽപ്പം മുമ്പ് വരെ മനം മടുത്ത് ചാവേറുകളായി തീരാൻ തീരുമാനിച്ചവർ…

ഫൈസൽ ഫോണെടുത്തു.

ഗൗതം ഭാസ്ക്കറിന് ഡയൽ ചെയ്തു.

പക്ഷെ ബെല്ലടിക്കുന്നതല്ലാതെ അദ്ദേഹം ഫോണെടുത്തില്ല.

ഫൈസൽ വീണ്ടും ഡയൽ ചെയ്തു.

അൽപ്പ നേരം റിങ്ങ് ചെയ്തതിന് ശേഷം ഫോൺ സ്വീകരിക്കപ്പെട്ടു.

“സാർ…”

ഫൈസൽ ആഹ്ലാദിരേകത്തോടെ വിളിച്ചു കൂവി.

“വി ഗോട്ട് ഹിം!! വി ഗോഡ് ഹിം എലൈവ് സാർ!!”

ഫോണിലൂടെ അദ്ദേഹത്തിന്റെ നിശ്വാസ ശബ്ദം ഫൈസൽ കേട്ടു.

“ഞങ്ങളുടെ നടുക്ക് ഇരുപ്പുണ്ട്! അസ്സൽ ദാവൂദ് ഇബ്രാഹിം…!”

പക്ഷെ അദ്ദേഹത്തിൽ നിന്ന് തിരിച്ച് പ്രതീകരണമൊന്നുമുണ്ടായില്ല.

ഫൈസലും മറ്റുള്ളവരും മുഖാമുഖം നോക്കി.



രണ്ടു മിനിട്ടിന് ശേഷം ഫൈസലിന്റെ ഫോൺ ശബ്ദിച്ചു.

“ഗൗതം സാർ!”

അയാൾ പറഞ്ഞു.

ഫോൺ അയാൾ ലൗഡ്‌ സ്പീക്കറിലിട്ടു.

“ഫൈസൽ…”

വികാരഭരിതമായ ശബ്ദത്തിൽ ഗൗതം ഭാസ്‌ക്കർ വിളിച്ചു.

“സാർ…”

ബഹുമാനത്തോടെ ഫൈസൽവിളികേട്ടു.

“എവിടെയാണ് നിങ്ങളിപ്പോൾ?”

“സാർ…”

ഫൈസൽ പുറത്തേക്ക് നോക്കി.

“കറാച്ചിയിൽ നിന്ന് ഒരു മണിക്കൂർ ദൂരത്ത് … കറാച്ചിക്ക് വെളിയിൽ ..സിന്ധ് പ്രവിശ്യയുടെ നേരെ വന്നുകൊണ്ടിരിക്കുന്നു…”

“അയാളെങ്ങനെ?”

“അയാളെ ഡ്രഗ്ഗ് ചെയ്തിരിക്കുന്നു…ആദ്യത്തെ ഇൻജെക്ഷൻറെ എഫക്റ്റ് തീരാറാകുന്നു…”

“നെറ്റി വിയർക്കുകയോ കൈവിരലുകൾ അനങ്ങുകയോചെയ്യുന്നുണ്ടോ?”

“നോ സാർ,”

ഫൈസൽ പറഞ്ഞു.

“ഞങ്ങൾ ഇയാളെ ശരിക്കും മോണിറ്റർ ചെയ്യുന്നുണ്ട്…”

“ഗുഡ്…”

ഗൗതം ഭാസ്ക്കറിൽ നിന്നും സംതൃപ്തി നിറഞ്ഞ ശബ്ദം അവർ കേട്ടു.

“നിങ്ങൾ കാണ്ട്ല വഴി വരണ്ട! റാൻ ഓഫ് കച്ച് വഴി വരണം!”

ഫോൺ തന്റെ അടുത്തേക്ക് കൊണ്ടുവരാൻ സിദ്ധാർത്ഥ് ആംഗ്യം കാണിച്ചു.

“സാർ റാൻ ഓഫ് കച്ച് വഴി വരിക അസാധ്യമാണ്! സാറിനറിയാമല്ലോ…! കാണ്ട്ലയാകുമ്പോൾ…”

“നോ സിദ്ധാർത്ഥ്!”

ഗൗതം ഭാസ്ക്കറിന്റെ ഉറച്ച ശബ്ദം അവർ കേട്ടു.

“കാണ്ട്ല റൂട്ട് നമ്മുടെ യൂഷ്വൽ റൂട്ടാണ്. പാക്കിസ്ഥാൻ ആർമിയും ഐ എസ് ഐയും സംശയിക്കും..റാൻ ഓഫ് കച്ച് ആകുമ്പോൾ ഒരു സംശയവുമുണ്ടാകില്ല…”

“പക്ഷെ സാർ…”

സിദ്ധാർത്ഥ് വീണ്ടും വിയോജിച്ചു.

“റാൻ ഓഫ് കച്ചിൽ കോർഡിനേറ്റ്‌സ് ആവശ്യമായി വരും…”

“രണ്ടുമണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ആവശ്യമായ കോർഡിനേറ്റ്സ് ഞാൻ ലഭ്യമാക്കിയിരിക്കും…!”

“ഓക്കേ..സാർ…”

കാർ അതിവേഗം മുമ്പോട്ട് പാഞ്ഞു.

പിമ്പിൽ അർജ്ജുൻ തീർത്തും അവശനായികൊണ്ടിരിക്കുകയായിരുന്നു.

“അർജ്ജുൻ ഹോസ്‌പിറ്റലൈസ്‌ ചെയ്യണം!എത്രയും പെട്ടെന്ന്!”

അർജ്ജുൻ ഞരങ്ങുന്ന ശബ്ദം കേട്ട് ഷഹാന പറഞ്ഞു.

“ഒരു ഹോസ്‌പിറ്റലൈസേഷനുമില്ല ബോർഡർ കഴിയാതെ!”

വേദനയ്ക്കിടയിലും അർജ്ജുൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഹോസ്പിറ്റൽ ആണെന്ന് പറഞ്ഞു ചെന്ന് കയറുന്നത് ഐ എസ് ഐ ക്യാമ്പിൽ വല്ലതുമായിരിക്കും!”

പെട്ടെന്ന് ഫൈസൽ ഗൗരവപൂർണമായ ആലോചനയ്ക്കധീനനായി.

“എന്താ ഫൈസൽ?”

അത് മനസ്സിലാക്കി സിദ്ധാർത്ഥ് ചോദിച്ചു.

“സിദ്ധു!”

അൽപ്പം പരിഭ്രമത്തോടെ ഫൈസൽ വിളിച്ചു.


ഷഹാന ഒന്ന് തിരിഞ്ഞു നോക്കിയതിന് ശേഷം ഡ്രൈവ് ചെയ്തു.

“ഈ ഭാഗം ..ഇത് അല്ലാഹ് !! ഈഭാഗം ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്…ഇവിടെ പല ഭാഗത്തും ഐ എസ് ഐയ്ക്ക് നാലിലേറെ പോയിന്റ്റ് സ്റ്റേഷനുകളുണ്ട്…നമ്മൾ ട്രേസ് ചെയ്യപ്പെടാനുള്ള ചാൻസ് കൂടുതലാണ്…!”

“അപ്പോൾ…!”

ഷഹാന ചോദിച്ചു.

“നമ്മൾ ബോർഡറിന് നേരെ കുതിക്കുകയാണ് എന്നാവും അവർ കരുതുക…അതുകൊണ്ട് …അതുകൊണ്ട് …ബോർഡർ ചിലപ്പോൾ സീൽ ചെയ്യപ്പെട്ടിരിക്കാം..”

ഫൈസലിന്റെ വാക്കുകൾ അവരിൽ ഭീതി പടർത്തി.

“മാത്രമല്ല,”

സിദ്ധാർത്ഥ് പറഞ്ഞു.

“എന്തെങ്കിലും കഴിച്ചിട്ട് എത്ര മണിക്കൂറുകളായി…ഓപ്പറേഷൻ ഫെയിൽഡായ സമയം മുതൽ ആരും ഒന്നും കഴിച്ചിട്ടില്ല…ഫുഡ് എന്തെങ്കിലും ഉടനെ കിട്ടിയില്ലെങ്കിൽ…!!”

“ഷാഹി…”

ഫൈസൽ വിളിച്ചു.

“മുമ്പിലൊരു സൈൻ ബോഡ് കാണുന്നുണ്ട്…ഈ ഗ്രാമത്തിന്റെ പേരാവാം..ഒന്ന് നോക്കൂ…”

ഷഹാന കാറിന്റെ സ്‌പീഡ്‌ കുറച്ച് മുമ്പിലെ പോസ്റ്റിൽ എഴുതിയ സൈൻ ബോഡ് വായിച്ചു.

“ബാൽദിയ…”

“ങ്ഹേ?”

പിൻസീറ്റിൽ നിന്ന് അർജ്ജുന്റെ സ്വരം അവർ കേട്ടു.

“ബാൽദിയ ആണോ ഇത്..? ഞാൻ ഇതിലെ വന്നിട്ടുണ്ട്..എനിക്ക് ഇവിടെ ഒരാളെ അറിയാം,”

അവർ പരസ്പ്പരം നോക്കി.

“”നമുക്ക് ഭക്ഷണം കിട്ടും അവിടെ നിന്ന് എന്നുറപ്പുണ്ടോ? കുഴപ്പം ഒന്നും ഉണ്ടാക്കാതെ?”

“പിന്നില്ലേ…”

മുറിവിൽ പൊത്തിപ്പിടിച്ചിരുന്ന കൈ മാറ്റി ഫോൺ എടുത്തുകൊണ്ട് അർജ്ജുൻ പറഞ്ഞു.

നമ്പർ എടുത്ത് അവൻ ഡയൽ ചെയ്തു.

“അർമീന..ഹലോ …ഹലോ അർമീനാ…!”

അവൻ ഫോണിലൂടെ സംസാരിക്കുന്നത് അവർ കേട്ടു.

“അർമീനയോ?”

ഷഹാന ചിരിച്ചു.

“അപ്പോൾ അവനല്ല ഫ്രണ്ട്. അവളാണ്!”

“അതേ ..ഞാൻ അസ്‌ലം …എനിക്ക് നിന്നെഅത്യാവശ്യമായി കാണണം..അതല്ല …വേറെ ..വേറെ ഒരാവശ്യത്തിന്…”

“ഹ്മ്മ് …ഹ്മ്മ്…”

ഷഹാന അമർത്തി ചിരിച്ചു.

“എന്താവശ്യമാ അവൾ ആദ്യംപറഞ്ഞേ?”

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൾ ചോദിച്ചു.

“അതല്ല എന്റെ ഒരു ഫ്രണ്ടുണ്ട്…അവന് മുറിവ് പറ്റി രാത്രി താമസിക്കാൻ ..ഔട്ട് ഹൌസ് പോലെ…”

“ഓക്കേ ..ഓക്കേ ഉണ്ടെന്നോ ഞങ്ങൾ വരുന്നു..പതിനഞ്ച് മിനിറ്റിനുള്ളിൽ…”

അർജുൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഷഹാന അതിവേഗം ഡ്രൈവ് ചെയ്തു.

“ആ ..അതാ ..ആ കാണുന്നതാ! ആ ഗേറ്റിനടുത്ത് നിർത്ത്!”

അൽപ്പം ദൂരെ കുറെ മാവുകൾക്ക് പിമ്പിൽ നിന്നിരുന്ന കോൺക്രീറ്റ് ഗേറ്റ് ചൂണ്ടിക്കാണിച്ച് അർജ്ജുൻ പറഞ്ഞു.


നിബിഢമായി വളർന്നു നിന്നിരുന്ന മാവുകൾക്ക് പിമ്പിൽ ഒരു വലിയ വീട് തലയുയർത്തി നിന്നു.

“അത്രയും വലിയ വീട്ടിലേക്കാണോ? അവിടെ ഒരുപാടാളുകൾ ഉണ്ടായിരിക്കില്ല അർജ്ജുൻ?”

ഷഹാന സംശയത്തോടെ ചോദിച്ചു.

“നിങ്ങൾ ഇവിടെ നിൽക്ക്. മാഡം വണ്ടി നിർത്ത്!”

ഷഹാന മരങ്ങളുടെ നിഴലുകളിൽ കാർ നിർത്തി.

പിൻഡോർ തുറന്ന് അർജ്ജുൻ വേച്ച് വേച്ച് പുറത്തിറങ്ങി. കാറിൽ ചാരി നിന്നുകൊണ്ട് അവൻ ഫോൺ ഡയൽ ചെയ്തു.

ആ നിമിഷം തന്നെ മാവുകൾക്കിടയിൽ കാണാവുന്ന വിടവിലൂടെ സുന്ദരിയായ ഒരു യുവതി ഗേറ്റിലേക്ക് വരുന്നത് എല്ലാവരും കണ്ടു.

“ഇവൻ! ഈ അർജ്ജുൻ ആള് ചില്ലറക്കാരനല്ലല്ലോ!”

ഫൈസൽ ചിരിച്ചു.

“അതെയതെ!”

ഷഹാനയും ചിരിച്ചു.

“ഒരു മെയിൽ മാതാ ഹരിയാകാനാണ് കൂടുതൽ ചാൻസ്!”

അർജ്ജുൻ ഗേറ്റിലേക്ക് നടന്നു.

അർജ്ജുൻ കണ്ട് അവൾ പെട്ടെന്ന് ഗേറ്റിന് വെളിയിലേക്ക് വരുന്നത് അവർ കണ്ടു. അർജ്ജുൻ അവളോട് എന്തൊക്കെയോ സംസാരിച്ചു. തുടർന്ന് അവൾ അർജ്ജുൻ താങ്ങിപ്പിടിച്ചുകൊണ്ട് അവരുടെ കാറിനടുത്തേക്ക് വന്നു.

“അസ്സലാമു അലൈക്കും!”

കാറിനുള്ളിലേക്ക് നോക്കി അവൾ പറഞ്ഞു.

“വാ അലൈക്കും ഉസ്സലാം!”

അവർ അവളെ പ്രത്യഭിവാദ്യം ചെയ്‌തു.

“വരൂ..എല്ലാവരും അകത്തേക്ക് വരൂ…”

അവൾ കാറിനുള്ളിലേക്ക് നോക്കി എല്ലാവരോടും പറഞ്ഞു.

“അല്ല അസ്‌ലം…കാര്യങ്ങളൊക്കെ പറഞ്ഞോ അർമീനയോട്?”

തന്റെ പേര് അവർ ഉച്ചരിക്കുന്നത് കേട്ടപ്പോൾ ആ യുവതി സന്തോഷത്തോടെ അവരെ നോക്കി.

“വീട്ടിൽ ഇപ്പോൾ അർമീനയും ഒരു പരിചാരകയും മാത്രമേയുള്ളൂ…കാർ അകത്തേക്കെടുക്ക്…”

അർജ്ജുൻ പറഞ്ഞു.

ഷഹാന കാർ ഗേറ്റിന് നേരെ ഡ്രൈവ് ചെയ്തു.

ഗേറ്റ് കടന്ന് അവരുടെ ബ്ളാക്ക് കൊറോള വിശാലമായ മുറ്റത്തേക്ക് പ്രവേശിച്ചു.

അപ്പോഴാണ് അർമീന ഗേറ്റടച്ച് അർജ്ജുനോടൊപ്പം കാറിനടുത്തേക്ക് വന്നു.

അപ്പോഴേക്കും ഷഹാനയും ഫൈസലും കാറിനുള്ളിൽ നിന്നുമിറങ്ങിയിരുന്നു.

“അസ്‌ലം!”

അർജ്ജുന്റെ ദേഹത്തെ മുറിവുകളുടെ ഗൗരവം കണ്ടിട്ട് പരിഭ്രമത്തോടെ അർമീന വിളിച്ചു.

“ഇതെന്താ ഇത്രേം മുറിവുകൾ! അല്ലാഹ്! ഇത് സീരിയസ്സാണല്ലോ! ഞാൻ ഡോക്റ്ററെങ്കിളിനെ വിളിക്കാം!”

“നോ!”

“ഡോക്റ്ററെ വിളിക്കണ്ട!”

അർജ്ജുൻ പെട്ടെന്ന് പറഞ്ഞു.

“അതിനേക്കാൾ അത്യാവശ്യം ഭക്ഷണമാണ്…ഇതത്ര കാര്യമായ മുറിവല്ല!”

“കാര്യമായ മുറിവല്ലന്നോ!”

അർമീനയുടെ വാക്കുകളിലെ ഇഷ്ടവും ശാസനയും അവരെ സ്പർശിച്ചു.


“റബ്ബേ! എന്ത് മാത്രം ബ്ലീഡിങ്ങാണ്!ഇതെങ്ങനെ സംഭവിച്ചു?”

“അതൊക്കെ പറയാം അർമീന!”

“നീ ആദ്യം ഞങ്ങടെ വിശപ്പ് മാറ്റ്!”

“അയ്യോ!”

അവൾ ഇരുകൈപ്പത്തികളും കൊണ്ട് മുഖം പാതി മറച്ച് അവരെ നോക്കി.

“ക്ഷമിക്കണേ! ഞാനത് മറന്നു..വരൂ എല്ലാവരും അകത്തേക്ക് വരൂ…”

ചുറ്റുപാടുകൾ അർമീനയറിയാതെ സൂക്ഷ്മ നിരീക്ഷണം ചെയ്ത് അവർ അകത്തേക്ക് കയറി.

അർമീനയും പരിചാരികയും ചേർന്ന് പെട്ടെന്ന് തന്നെ അവർക്കുള്ള ഭക്ഷണമുണ്ടാക്കി.

ഭക്ഷണത്തിന് ശേഷം കുറെ കുട്ടകളിൽ അവൾ ആപ്പിളുകളും വാഴപ്പഴങ്ങളും മേസ് കൊണ്ടുണ്ടാക്കിയ ചപ്പാത്തിയും മട്ടർ പനീറും ആലു ഗോബിയുമൊക്കെ പാക്ക് ചെയ്തു. അവർ കാർ കിടക്കുന്നിടത്തേക്ക് നടന്നു. അതിനടുത്ത് വിശാലമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു.

ഷഹാനയുടെ മൊബൈലെയിലേക്ക് അപ്പോൾ ഒരു കോൾ വന്നു.

“ഗൗതം സാർ…”

അവൾ ആഹ്ലാദത്തോടെ വിളിച്ചു. അർജ്ജുനും സിദ്ധാർഥും ഫൈസലും അവളെ നോക്കി.

“രണ്ടു കാര്യങ്ങൾ പറയാനാണ് ഞാൻ വിളിച്ചത്,”

“പറയൂ സാർ,”

“പ്രൈം മിനിസ്റ്റർക്കും ഹോം മന്ത്രാലയത്തിനും ഞാൻ മെസേജ് പാസ്സ്‌ചെയ്തു…പ്രസ്സ് സെക്രട്ടറിയ്ക്കും വിവരങ്ങൾകൈമാറിയിട്ടുണ്ട്…അവരൊക്കെ… അവരൊക്കെ വളരെ എക്സൈറ്റഡ് ആണ്…”

“താങ്ക്യൂ സാർ,”

“പിന്നെ നിന്നെ ഈ കേസിൽ നിന്ന് ഒഴിവാക്കാൻ ദാവൂദിന്റെ ഇവിടുത്തെ ആളുകൾ ശ്രമിച്ചിരുന്നു…അതിൽ കേരളത്തിലെ രണ്ടുപേരെയും യൂപിയിലെ അഞ്ചു പേരെയും മുംബൈയിലെ രണ്ടുപേരെയും സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്…”

“കേരളത്തിലെയോ?”

“അതെ..”

“അവരാരൊക്കെ?”

“ഒരു ശ്രീകുമാർ…അയാൾ കൊല്ലപ്പെട്ടല്ലോ…അയാളെ കൊന്നത് ഒരു ഹനീഫാണ്…ലാസ്റ്റ് മൊമെൻറ്റിൽ അയാൾക്ക് മാനസാന്തരം വന്ന് പോലിസിസിൽ ഇൻഫോം ചെയ്യാൻ ശ്രമിച്ചു…അയാളുടെ സുഹൃത്ത് ഒരു ജോസ് ഹനീഫയ്ക്ക് ആ വിവരം പാസ്സ് ചെയ്തു..ഹനീഫ അയാളെ കൊന്നു….”

“മൈ ഗോഡ്!!”

“നീ ഏത് സമയവും റോയോടൊപ്പം ചേർന്നേക്കാം എന്നും ഓപ്പറേഷൻ ഡെവിളിന്റെ ഭാഗമായേക്കാം എന്നും ഇവിടെയുള്ള അയാളുടെ ആളുകൾ അറിഞ്ഞിരുന്നു…അത് ഒഴിവാക്കാൻ അവർ തന്നെയാണ് ചില നിഗൂഢ മെസേജുകളൊക്കെ കേരളത്തിലെ ഡി ജി പിയ്ക്ക് അയച്ചത് ക്രിപ്റ്റോളജിയിലെ നിന്റെ മിടുക്ക് കാരണം നിന്നെ ആ കേസിൽ ഇൻവോൾവ് ചെയ്യിച്ച് ഇവിടെ തന്നെ നിർത്തുക എന്നതായിരുന്നു അവരുടെ പ്ലാൻ…”

അപ്പോൾ അർമീന പുഞ്ചിരിയോടെ അങ്ങോട്ട് വന്നു.

“അസ്‌ലം..”

അവൾ അർജ്ജുനെ നോക്കി വിളിച്ചു.

“ഒരു മിനിറ്റ്!ഒന്നിങ് വന്നേ!”

“ചെല്ല് ചെല്ല്!!”

ഷഹാന അവനെ അർമീനയുടെ നേരെ ഉന്തി വിട്ടു.

“കുറെ കാലം കൂടി കാണുന്നതല്ലേ! വേഗം വേണേ! നമുക്ക് ഉടനെ പോകേണ്ടതാ!”

അർമീന അർജ്ജുനെയും വിളിച്ചുകൊണ്ട് വീടിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഫൈസൽ അക്ഷമനായി.

“ഷാഹി,”

അയാൾ ഷഹാനയെ നോക്കി.

“പോയി അർജ്ജുനെ വിളിച്ചുകൊണ്ട് വാ! സമയം പോകുന്നു! താമസിക്കുന്തോറും കുഴപ്പമാണ്!”

“അല്ല..അത് ഞാൻ!!”

ഷഹാന ലജ്ജയോടെ അവരെ നോക്കി.

“അവർ പേഴ്‌സണൽ ആയി സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ…! അവരിനി ഫിസിക്കലായി വല്ലതും…!”

“പിന്നെ ഫിസിക്കലായി!”

സിദ്ധാർത്ഥ് പരിഹാസത്തോടെ പറഞ്ഞു.

“ചെറുക്കന് മര്യാദയ്ക്ക് ഒന്ന് കിസ്സ് ചെയ്യാൻ പോലും പറ്റാത്ത കണ്ടീഷനിലാണ് ഇപ്പോൾ…വാ നമുക്ക് എല്ലാവര്ക്കും കൂടി ചെന്ന് വിളിക്കാം,”

അവർ വീട്ടിലേക്ക് കയറി.

ഹാളിലെത്തിയപ്പോൾ അവരുടെ സംസാരം കേട്ടു.

“അസ്‌ലം നീ പറയുന്നത്?”

അർമീനയുടെ വാക്കുകളിൽ കോപം കത്തിയിരുന്നു.

“അർമീന!”

അർജ്ജുൻ ശക്തിഹീനനായി വിളിച്ചു.

“ഞാനോ എന്റെ കൂടെയുള്ളവരോ ഈ രാജ്യത്ത് കുഴപ്പമുണ്ടാക്കാൻ വന്നവരല്ല..നിന്നോടുള്ള എന്റെ ഇഷ്ടമാണേ സത്യം! നാലായിരത്തോളം ആളുകളെ കൊന്ന കുറ്റത്തിന് എന്റെ രാജ്യത്ത് വിചാരണ നേരിടുന്നയാളാണ് നീയൊക്കെ ബഹുമാനത്തോടെ കാണുന്നു എന്നു പറഞ്ഞ ഷെഹ്‌സാദ്…”

“എന്ത് തെളിവുണ്ടതിന്?”

അർമീന കോപം ജ്വലിക്കുന്ന കണ്ണുകളോടെ ചോദിച്ചു.

“മരിക്കാൻ പോകുന്നയാളോട് തെളിവ് ചോദിക്കരുത് അർമീന! മരിക്കാൻ പോകുന്നയാൾ കളവ് പറയില്ല!”

“അർജ്ജുൻ!”

ഹൃദയവേദനയോടെ സ്വയം മറന്ന് ഷഹാന അവനെ വിളിച്ചു.

എന്നിട്ട് അവന്റെ സമീപത്തേക്ക് വന്നു.

അർജ്ജുൻ എന്ന് അറിയാതെ വിളിച്ചതിന്റെ അനൗചിത്യമോർത്ത് ഷഹാന ഒരു നിമിഷം സ്തംഭിച്ചു.

“പേടിക്കേണ്ട,”

അത് കണ്ട് അർമീന ഷഹാനയെ നോക്കി പറഞ്ഞു.

“അർജ്ജുൻ എല്ലാം എന്നോട് പറഞ്ഞു,”

സംഘാംഗങ്ങൾ പരസ്പ്പരം നോക്കി.

“ഞാൻ ഏത് കുറ്റവും ചെയ്യാം,”

അർമീന പറഞ്ഞു.

“എന്തും! പക്ഷെ രാജ്യദ്രോഹം അതെനിക്ക് പറ്റില്ല. സ്വന്തം രാജ്യത്തെ വഞ്ചിക്കാൻ എനിക്കാവില്ല. നിങ്ങൾ എന്ത് ന്യായം പറഞ്ഞ് വാദിക്കാൻ നോക്കിയാലും എന്റെ രാജ്യത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നിങ്ങൾ രാജ്യദ്രോഹികളാണ്! ഞാനോ രാജ്യദ്രോഹികൾക്ക് അഭയം കൊടുത്തവളും!”

“അർമീ….!

സങ്കോചത്തോടെ അർജ്ജുൻ അവളെ നോക്കി. അവളുടെ തോളിൽ നിന്ന് അർജ്ജുൻറെ താഴേക്ക് ഊർന്നു വീഴാൻ തുടങ്ങി. അതുകണ്ട് ഷഹാന അവനെ താങ്ങി.

“അർജ്ജുൻ! എന്റെ അർജ്ജുൻ!!”

അവന്റെ മുറിവിൽ നിന്ന് വീണ്ടും രക്തപ്രവാഹമുണ്ടാകുന്നത് കണ്ട് ഷഹാന കരഞ്ഞു. അർമീനയുടെ മുഖത്തും വിഷാദം താളം കെട്ടി.

“എനിക്ക് കിട…ഒന്ന് കിടക്കണം അർമീന…”

അർമീന അവനെയും കൊണ്ട് നിലത്ത് വിരിച്ച സപ്രമഞ്ചത്തിൽ ഇരുന്നു.

അവന്റെ ശിരസ്സ് അവളുടെ മടിയിൽ വിശ്രമിച്ചു. അവന്റെ കണ്ണുകളിലേക്ക് അർമീന ഉറ്റുനോക്കി.

ഷഹാനയും സിദ്ധാർഥും ഫൈസലും അവർക്ക് ചുറ്റുമിരുന്നു.

“അർമീ…”

അർജ്ജുൻ കയ്യുയർത്തി അവളുടെ തലമുടിയിൽ തൊടാൻ ശ്രമിച്ചു.

അവൾ അവന്റെ കയ്യിൽ കൂട്ടി പിടിച്ചു.

“വെള്ളം…”

അവൻ പറഞ്ഞു.

ആ നിമിഷം ഷഹാന അകത്തേക്ക് കുതിച്ചു. വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് ബോട്ടിലും ഒരു ഗ്ളാസ്സുമായി അവൾ അതേ വേഗത്തിൽ തിരികെയെത്തി. അവന്റെ സമീപമിരുന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് അർമീനിയയുടെ കയ്യിലേക്ക് കൊടുത്തു.

“കൊടുക്ക്…”

അവൾ അർമീനയോട് പറഞ്ഞു.

വിറയ്ക്കുന്ന വിരലുകളോടെ അർമീന ഗ്ളാസ് വാങ്ങി. ഒഴുകിയിറങ്ങുന്ന കണ്ണീർ കണങ്ങളോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ ഗ്ളാസ് പതിയെ അവന്റെ ചുണ്ടുകളുടെ നേരെ ചരിച്ചു. വെള്ളം സാവധാനം അവന്റെ ചുണ്ടുകൾക്കിടയിലൂടെ താഴേക്ക് വീഴുന്നത് എല്ലാവരും നോക്കിയിരുന്നു.

“അർമീന…”

കണ്ണുകളിൽ പുതിയ തിളക്കത്തോടെ അവൻ വിളിച്ചു. “എന്റെ ഫ്രെണ്ട്സിന് ….ഇവിടം വിട്ടു പോകണം…അവരെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാൻ നീ സഹായിക്കണം…എനിക്ക്….”

അർമീന അർജ്ജുന്റെ കൈയിൽ അമർത്തിപ്പിടിച്ചു.

അവളുടെ ചുണ്ടുകൾ അവന്റെ മുഖത്തേക്ക് താഴ്ന്നു.

അവന്റെ അധരത്തിൽ ചുണ്ടുകൾ കൊണ്ടും കണ്ണുനീർകൊണ്ടും അവൾ ചുംബിച്ചു…

സരായിക്കി സംഗീതം നിറഞ്ഞ റെസ്റ്റോറന്റ് മുറിയിലെ നിമിഷങ്ങൾ അവൾ ഓർത്തു.

പാഷ്തൂൺ നിറങ്ങളും ബലൂചി സൗന്ദര്യവും നിറഞ്ഞ ചിത്രങ്ങൾ അവിടെ ഭിത്തിമേൽ…

അവിടെയാണ് ദൊഹ്മേലി താഴ്വരയിൽ നിന്റെ സൂര്യപ്രകാശമേൽക്കുവാൻ വിടർന്ന് തരിക്കുന്ന അറേബിയൻ പാരിജാതമായി ഞാൻ മാറിയത്…

ഖൈബർ പഖ്‌തൂൺവായുടെ മലമുടികളിൽ ആകാശം മുട്ടുന്ന പനമരങ്ങളിൽ മലക്കുകൾ കാത്തിരുന്ന സുന്ദരനായ പ്രിയനാണ് നീയെന്ന് ഞാൻ കണ്ടെത്തിയത്….

അവിടെയാണ് ഇതിഹാസങ്ങളിൽ ജീവിക്കുന്ന രാജകുമാരി സുന്ദരി അമീറാ റാനിയാ ഞാനാണ് എന്ന് തിരിച്ചറിഞ്ഞത്…..

അർജ്ജുൻ മൂക്ക് വിടർത്തി ശ്വസിച്ചു.

“നീയിന്ന് ഹെരേരാ പെർഫ്യൂം ഇട്ടിട്ടില്ല; അല്ലേ?”

അവൻ ചോദിച്ചു.

അവൾ ഇല്ലായെന്ന അർത്ഥത്തിൽ തലകുലുക്കി.

“എനിക്കറിയാം അത് പ്രണയത്തിന്റെ ,വസന്തത്തിന്റെ ,ജീവന്റെ സുഗന്ധമാണ്..ഇവിടെ ഇപ്പോൾ അവയൊന്നുമില്ലല്ലോ ..ഇവിടെയിപ്പോൾ മരണമല്ലേ? …അപ്പോൾ ഹെരേര ഇടരുത്…”

“അർജ്ജുൻ!!!!”

അർമീന ഹൃദയം പിളർന്ന് കരഞ്ഞു.

പിന്നെ അവൾ അവന്റെ അധരത്തിൽ നിർത്താതെ ചുംബിച്ചുകൊണ്ടിരുന്നു.

“വാക്ക്…എനിക്ക് നിന്റെ വാക്ക് വേണം..എന്റെ ഫ്രെണ്ട്സിനെ …നീ….”

ബാക്കി പറയാൻ അർജ്ജുനായില്ല.

കുന്ദൻ മോതിരണങ്ങളണിഞ്ഞ, റോസാദളങ്ങളുടെ മൃദുലതയുള്ള, അർമീനയുടെ നീണ്ട വിരലുകളിൽ തെരുപ്പിടിച്ച അർജ്ജുന്റെ കൈ നിശ്ചലമായി.

അർജ്ജുൻ!!”

കണ്ണുനീർ നിറഞ്ഞ മുഖത്തോടെ ഷഹാന വിളിച്ചു. അവൾ അർജ്ജുന്റെ നിശ്ചലമായ നെറ്റിയിലും അർമീനയുടെ തോളിലും പിടിച്ചു.

ഫൈസലും സിദ്ധാർഥും നിലത്ത് കുനിഞ്ഞിരുന്നു.

“ജയ് ഹിന്ദ്, അർജ്ജുൻ…”

ഫൈസൽ മന്ത്രിക്കുന്നത് എല്ലാവരും കേട്ടു.

സിദ്ധാർത്ഥിന്റെ കൈ ഫൈസലിന്റെ തോളിൽ അമർന്നു.

“നമുക്ക് അർജ്ജുനെ ഇന്ത്യയിലെത്തിക്കണം…”

ഫൈസൽ പറഞ്ഞു. അവൻ സിദ്ധാർഥിന്റെ നോക്കി.

“എത്തിക്കണം..അത് വേണം!”

സിദ്ധാർഥും ഉറച്ച സ്വരത്തിൽ പറഞ്ഞു.

അവർ അവന്റെ ശരീരം പായിലും തുണിയിലും പൊതിഞ്ഞു.

അർമീന അവസാനമായി അർജ്ജുൻ ചുംബിച്ചു.

കരച്ചിലടക്കാൻ പാടുപെട്ട് അവൾ അകത്തേക്ക് ഓടിപ്പോയി.

പിന്നെ സിദ്ധാർഥും ഫൈസലും അതിനെ കാറിനടുത്തേക്ക് കൊണ്ടുപോയി.

പിൻസീറ്റിൽ കിടത്തി.

ഫൈസൽ ഗൗതം ഭാസ്ക്കറിന് ഫോൺ ചെയ്തു.

“സാർ…അതെ ..കറാച്ചിയിൽ നിന്ന് ഒരു മണിക്കൂർ വെളിയിൽ ബാൽദിയ എന്ന ഗ്രാമത്തിൽ ..ഇല്ല കുഴപ്പമില്ല…പക്ഷെ …സാർ അർജ്ജുൻ …അർജ്ജുൻ റെഡ്ഢി രക്തസാക്ഷിയായി…അതെ ..കൊണ്ടുവരികയാണ്…എത്തിക്കും സാർ …തീർച്ച ..ജയ് ഹിന്ദ്!!”

“ഒരു വലിയ പ്രശ്നമുണ്ട്…”

ഫൈസൽ പറഞ്ഞു.

ഷഹാനയും സിദ്ധാർഥും അയാളെ നോക്കി.

“ഐ എസ് ഐ പോയിന്റ്റ് സ്റ്റേഷനുകൾ നമ്മളെ ഏത് സമയത്തും ചേസ് ചെയ്യും…അറിയാവുന്ന റൂട്ടുകളിലൊക്കെ അവർ പട്ടാളത്തെ അയയ്ക്കും…കാർ എത്ര വേഗതയിൽ ഡ്രൈവ് ചെയ്താലും കുറഞ്ഞത് ആറുമണിക്കൂറെങ്കിലുമെടുക്കും നോ മാൻസ് ലാൻഡിലെത്താൻ…അതുവരെ ..അവരുടെ അറ്റൻഷൻ മാറ്റിവിടാൻ എന്താണ് വഴി?”

സിദ്ധാർഥിനോ ഷഹാനയ്ക്കോ ഉത്തരമുണ്ടായിരുന്നില്ല.

“അയാളിപ്പോൾ എഴുന്നേറ്റ് കാണും!”

ഷഹാന പറഞ്ഞു.

“അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കേണ്ടേ?”

അവൾ ചിരിച്ചു.

മറ്റുള്ളവരും.

“പാലിച്ചേക്കാം,”

ഫൈസൽ പറഞ്ഞു.

പിന്നെ കാറിന്റെ പിമ്പിലേക്ക് പോയി.

ഫൈസലും സിദ്ധാർഥും അവളോടൊപ്പം പോയി.

ഡിക്കി തുറന്നു.

അതിൽ കണ്ണുകൾ തുറന്നു കിടക്കുന്ന ദാവൂദിനെ അവർ കണ്ടു.

സിദ്ധാർഥും ഫൈസലും അയാളെ താങ്ങിപ്പിടിച്ച് പുറത്തേക്കെടുത്തു.

അയാൾ തലകുടഞ്ഞ് ചുറ്റും നോക്കി.

“ഏതാ..ഏതാ ഈ സ്ഥലം?”

അയാൾ ചോദിച്ചു.

“സിന്ധ് പ്രൊവിൻസ്…”

ഫൈസൽ പറഞ്ഞു.

“അത്രയും അറിഞ്ഞാൽ മതി…”

ദാവൂദ് പുച്ഛത്തോടെ ചിരിച്ചു.

“നിങ്ങടെ ജന ഗണ മനയിൽ മാത്രമല്ലേ സിന്ധിനെക്കുറിച്ച് കേട്ടിട്ടുള്ളൂ?”

ഷഹാന തോക്കിന്റെ ബട്ട് അയാളുടെ മുഖത്തിന് നേരെ ഓങ്ങി.

“മിണ്ടാതിരുന്നോണം!”

അവൾ ഗർജ്ജിച്ചു.

“ഇക്രമിന്റെ വായ്ക്കകത്തോടെ ബുള്ളറ്റേ കേറിപ്പോയുള്ളൂ…! അണ്ണാക്ക് തുളച്ച് തോക്ക് മൊത്തം കേറ്റും ഞാൻ!”

ഒരു നിമിഷം അയാൾ ഒന്ന് വിറച്ചു.

“ഹഹ ഹ…ശരി ..ശരി…”

അപ്പോഴേക്കും സിദ്ധാർത്ഥ് പേപ്പർ പ്ലേറ്റിൽ കുറച്ച് ചപ്പാത്തിയും ആലുഗോബിയുമായി അയാളുടെ അടുത്ത് എത്തി.

“മട്ടനില്ലേ?”

പ്ലേറ്റ് വാങ്ങിക്കൊണ്ട് അയാൾ ചോദിച്ചു.

“പോർക്കുണ്ട്! എടുക്കട്ടേ?”

സിദ്ധാർത്ഥ് ചോദിച്ചു.

ഫൈസലും ഷഹാനയും ചിരിച്ചു.

സിദ്ധാർത്ഥിന്റെ ഫലിതത്തെ അഭിനന്ദിക്കുന്നത് പോലെ അയാൾ തലകുലുക്കി. പിന്നെ കാറിൽ ചാരി നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.

“മോന്റെ നിക്കാഹിന് കറാച്ചി തെരുവുകളിലെ സകല അദ്നകൾക്കും ഗരീബുകൾക്കും യത്തീമുകൾക്കും മൊഹ്‌താജുകൾക്കും മട്ടൻ ബിരിയാണി പാക്കറ്റുകൾ വിതരണമുണ്ടായിരുന്നു…”

മുഖത്ത് ദൈന്യത വരുത്തി അയാൾ പറഞ്ഞു.

“ഏറ്റവും മുന്തിയ ക്യൂസൈൻസ് ,ഏറ്റവും മുന്തിയ ഷെഫ്,ഏറ്റവും മുന്തിയ ബേക്കേഴ്‌സ് അവരെയൊക്കെയാണ് ഇവൻ്റ്റ് മാനേജർമാർ മോൻറെ നിക്കാഹിന് അപ്പോയിൻറ്റ് ചെയ്തത്… “

അയാൾ അവരെ നോക്കി.

“ഒരു മണിക്കൂർ കൂടി വെയിറ്റ് ചെയ്തിരുന്നുവെങ്കിൽ മോനും അവന്റെ ദുൽഹനും ഭക്ഷണം കഴിക്കുന്നതെങ്കിലും കാണാമായിരുന്നു…”

അൽപ്പ നിമിഷം അവർ ഒന്നും മിണ്ടിയില്ല.

“ഇന്ത്യയിലെത്തിയിട്ട് ഏർപ്പാടാക്കാം,”

അവസാനം സിദ്ധാർത്ഥ് പറഞ്ഞു.

“തീഹാറിലോ നൈനിയിലോ രാജ്മൺഡ്രിയിലോ അതിനുള്ള സൗകര്യം ചെയ്തു തരാം…ഒന്നുമല്ലെങ്കിലും അയ്യായിരം ഭാര്യമാരെ വിധവയാക്കിയ ആളല്ലേ…!”

അയാൾ പിന്നെ മിണ്ടാതെ ഭക്ഷണം കഴിച്ചു.

“ആരാ നിങ്ങളുടെ ക്യാപ്റ്റൻ?”

കൈ കഴുകിക്കൊണ്ട് മൂവരെയും നോക്കി ദാവൂദ് ചോദിച്ചു.

“ഇയാളല്ല,”

സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു.

“മുഖം കണ്ടാലറിയാം പട്ടാളക്കാരനാണ് എന്ന്…ബുദ്ധിയെക്കാളേറെ തോക്ക് കൊണ്ട് പ്രശ്നം തീർക്കുന്നവരെ മിഷന്റെ തലവനാക്കില്ല റോ….ഈ സുന്ദരിക്കുട്ടിയാകാനും ചാൻസില്ല…”

ഷഹാനയുടെ മുഖത്ത് നോക്കിക്കൊണ്ട് അയാൾ പുഞ്ചരിച്ചു.

“പ്രായത്തിൽ ഇത്രയും ചെറുപ്പമുള്ളവർ അങ്ങനെ ക്യാപ്റ്റനാവില്ല…”

അയാൾ ഫൈസലിനെ നോക്കി.

“ക്യാപ്റ്റൻ അപ്പോൾ നിങ്ങളാണ് ഫൈസൽ…!ഫൈസൽ ഗുർഫാന് ഖുറേഷി…”

മൂവരും പ്രതികരിച്ചില്ല.

“നമുക്ക് സംസാരിക്കാം?”

അയാൾ അനുവാദം കിട്ടാനെന്നമട്ടിൽ ചോദിച്ചു.

“എന്തിന്?”

ഫൈസൽ പറഞ്ഞു.

“രണ്ടാമത്തെ തവണയാണ് നിന്നെ പോകുന്നത്! ഞങ്ങളിലാരെയെങ്കിലും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നവരായി നിനക്ക് തോന്നുന്നുണ്ടോ?”

അയാൾ പുച്ഛത്തോടെശബ്ദമുണ്ടാക്കാതെ ചിരിച്ചു.

“സകലവും വിലയ്ക്ക് വാങ്ങാം!”

അയാൾ ഭീഷണമായ സ്വരത്തിൽ പറഞ്ഞു.

“സകലതിനെയും വിൽക്കുകയും ചെയ്യാം…ചിലതിനെ പണം കൊണ്ട് ..ചിലതിനെ …എന്താ പറയുക ….ങ്ഹാ .ബന്ധങ്ങൾ കൊണ്ട് …ഇമോഷൻസ് കൊണ്ട്….”

“വായടയ്ക്ക്!”

സിദ്ധാർത്ഥ് തോക്ക് ചൂണ്ടി.

“നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനേയും ഭാര്യയേയും വേണ്ടേ ഫൈസൽ ഭായി?”

അയാൾ പെട്ടെന്ന് ചോദിച്ചു.

“നിന്നോടാ പറഞ്ഞെ സുവർ കി ബച്ചാ, വായടയ്ക്കാൻ!”

പക്ഷെ ഫൈസൽ ഒരു പ്രത്യേക ഭാവത്തോടെ ദാവൂദിനെ നോക്കി.

“എന്റ ഭാര്യയും കുഞ്ഞും മരിച്ചു…!”

അയാൾ പറഞ്ഞു.

“ഇല്ല ഫൈസൽ ഭായി …ഒരിക്കലുമില്ല…അവർ ജീവനോടെയുണ്ട്!”

ഇതുവരെയറിയാത്ത വിസ്മയത്തോടെ, ഇതുവരെ അനുഭവിക്കാത്ത ആനന്ദാതിരേകത്തോടെ ഫൈസൽ ദാവൂദിനെയും കൂട്ടുകാരെയും മാറി മാറി നോക്കി.

“ഫൈസൽ, ഈ പന്നീടെ മോൻ പറയുന്നത് വിശ്വസിക്കരുത്… !! ഇവനെയിന്ന് ഞാൻ!”

സിദ്ധാർത്ഥ് അയാളുടെ കഴുത്തിന് ഞെക്കിപ്പിടിച്ചു.

ദാവൂദ് കുതറി സിദ്ധാർത്ഥിന്റെ പിടി വിടുവിച്ചു.

“ഛീ!”

ദാവൂദ് ഗർജ്ജിച്ചു.

“നീ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല! നീ എന്നെ കൊല്ലാൻ പോകുന്നില്ല…കാരണവും എനിക്കറിയാം..നിങ്ങടെ റോയ്ക്ക് നിങ്ങടെ രാജ്യത്തിന് എന്നെ ജീവനോടെയല്ലേ വേണ്ടത്! അതല്ലേ നിങ്ങക്ക് കിട്ടിയിരിക്കുന്ന ഓർഡർ! അതുകൊണ്ട് ഒത്തിരിയങ്ങ്‌ ഒണ്ടാക്കണ്ട!!”

അയാൾ പിന്നെ ഫൈസലിനെ നോക്കി.

“ഫൈസൽ ഭായി ഒന്നാലോചിക്കൂ…കുടുംബോം കുട്ടികളും ഒന്നും ഇല്ലാത്ത ഇവരുടെ വാക്ക് നിങ്ങൾ കേൾക്കരുത്! ഒരു മകന്റെ വില എനിക്കറിയാം…വേണ്ടേ? നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ വേണ്ടേ? മകനെ വേണ്ടേ?”

“യൂ ..ബ്ലഡി …!!”

ഷഹാന കാലുയർത്തി ദാവൂദിനെആഞ്ഞു തൊഴിച്ചു. മുരണ്ടുകൊണ്ട് അയാൾ നിലത്തേക്ക് വീണു.

“ഫൈസൽ ഭായി,”

അടിവയർ പൊത്തിപ്പിടിച്ചുകൊണ്ട് അയാൾ എഴുന്നേറ്റു.

“നിങ്ങളുടെ ഭാര്യ ലണ്ടനിലേക്ക് പോവുകയായിരുന്നില്ലേ? നിങ്ങളുടെ മകനും അവരോടൊപ്പമുണ്ടായിരുന്നില്ലേ? ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം! ചോദിക്ക്! ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം? അതുകൊണ്ടാ ഞാൻ പറയുന്നേ! എന്നെ വിശ്വസിക്ക്! നിങ്ങളുടെ മകനും ഭാര്യയും ജീവിച്ചിരിപ്പുണ്ട്…”

“ഫൈസൽ!”

സിദ്ധാർത്ഥ് അലറി.

“ഇയാളെ വിശ്വസിക്കരുത്! ഇവൻ കള്ളനാണ്! കള്ളക്കടത്തുകാരനാണ്! കൊലപാതകിയാണ്! ബലാത്സംഗക്കാരനാണ്!”

“ഫ!!”

ദാവൂദ് സിദ്ധാർത്ഥിന് നേരെ ആക്രോശിച്ചു.

“നിന്റെ ആരെയാടാ പന്നീ ഞാൻ ബലാത്സംഗം ചെയ്തേ! ഖുദാ കസം ഹറാമീ, ഇനിയത് പറഞ്ഞാൽ!”

ദേഷ്യം നിയന്ത്രിക്കാൻ സിദ്ധാർത്ഥിനായില്ല. അയാളുടെ ഉരുക്ക് മുഷ്ടി ദാവൂദിന്റെ ചുണ്ടുകൾക്ക് മേലെ ഇടിഞ്ഞമർന്നു.

“ഓഓഓഹ്‌!!”

മൂക്കും വായും പൊത്തി അയാൾ നിലവിളിച്ചു.

വിരലുകൾക്കിടയിലൂടെ കൊഴുത്ത ചോരയൊഴുകി നിലത്തേക്ക് വീണു.

“ഫൈസൽ ..ഫൈസൽ ഭായി…”

വിക്കി വിറച്ചുകൊണ്ട് ദാവൂദ് തുടർന്നു.

“ഞാൻ പറയുന്നത് സത്യമാണോ എന്ന് ഒന്ന് പരീക്ഷിച്ച് നോക്കുകയെങ്കിലും ചെയ്തു കൂടെ..ഞാൻ പറയുന്ന ഒരു നമ്പറിലേക്ക് വിളിക്കൂ ..എയ്റ്റ് ത്രീ ട്രിപ്പിൾ ഫോർ…”

“ഫൈസൽ …”

സിദ്ധാർത്ഥ് ഫൈസലിന്റെ മുമ്പിലേക്ക് വന്നു.

“വിശ്വസിക്കരുത് ..വിശ്വസിക്കരുത് ..ട്രാപ്പാണ് …ട്രാപ്പ് ..നമ്മളെ പെടുത്തും…”

“ഷഹാന!”

ഫൈസൽ ഷഹാനയെ നോക്കി.

ആകാംക്ഷയോടെ അവൾ അവനെയും.

“തോക്ക് ഇവന്റെ മുഖത്ത് നിന്ന് മാറ്റരുത്!”

പിന്നെ അയാൾ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി.

“നീയിങ്ങ് വന്നേ!”

ഫൈസൽ സിദ്ധാർത്ഥിന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.

ഫൈസൽ സിദ്ധാർത്ഥിന്റെ സമീപത്തുള്ള ഒരു മാവിന്റെ നിഴലിലേക്ക്, തനിക്ക് കേൾക്കാൻ പറ്റാത്ത ഒരിടത്തേക്ക് മാറ്റി നിർത്തി സംസാരിക്കുന്നത് ഷഹാന കണ്ടു. ഫൈസൽ എന്തോ ഗൗരവമായി വിശദീകരിക്കുന്നു. സിദ്ധാർത്ഥ് ദേഷ്യത്തോടെ അതിനെ എതിർത്ത് സംസാരിക്കുന്നു. ഫൈസലിന്റെ ശബ്ദമുയരുന്നുണ്ട് എങ്കിലും അയാളുടെ വാക്കുകൾ അവൾക്ക് വ്യക്തമായി കേൾക്കാനായില്ല. സിദ്ധാർഥും അതിശക്തമായി ഫൈസലിന്റെ വാദങ്ങളെ പ്രതിരോധിക്കുന്നുണ്ട്.

അവസാനം ക്ഷുഭിതനായി സിദ്ധാർത്ഥ് ഫൈസലിന്റെ അടുത്ത് നിന്നും ഷഹാനയും ദാവൂദും നിൽക്കുന്നയിടത്തേക്ക് വന്നു.

അയാളെ ദേഷ്യം കൊണ്ട് വിറയ്ക്കുന്നത് അവൾ കണ്ടു.

അയാൾക്ക് പിന്നാലെ ഫൈസലും അങ്ങോട്ട് വന്നു.

ഫൈസൽ ദാവൂദിന്റെ നെഞ്ചിൽ തോക്ക് മുട്ടിച്ചു.

“നിന്നെ അങ്ങനെ ജീവനോടെ അങ്ങ് ഇന്ത്യയിലേക്ക് എത്തിക്കും ഞാൻ എന്ന് ആർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല…”

ദാവൂദിന്റെ കണ്ണുകൾ വെളിയിലേക്ക് വരാൻ തുടങ്ങി.

“പക്ഷേ…”

ഫൈസൽ പറഞ്ഞു.

“മെഹ്‌നൂറും സുൾഫിയും ജീനാനോടെയുണ്ട് എന്ന് പറഞ്ഞത് കള്ളമാണെൽ ഖുദാ കസം, നിന്റെ ചങ്ക് ഞാൻ തൊളയ്ക്കും കാട്ടുപന്നീടെ മോനെ!”

“ഫൈസൽ എന്ത് ചെയ്യാൻ പോകുന്നു?”

ഷഹാന വിശ്വസിക്കാനാവാതെ ചോദിച്ചു.

“പോയിന്റ് നാൽപ്പത് ഐ ഐസ് ഐ ക്യാമ്പ് ഇവിടുന്ന് നാലുമണിക്കൂർ അകലെയാണ്…അവിടെ മെഹ്‌നൂറും സുൾഫിയും ഉണ്ട് എന്ന് ഇവൻ പറയുന്നു.ഇപ്പോൾ അങ്ങോട്ട് ഫോൺ ചെയ്യുന്നു ..ഉണ്ടെങ്കിൽ …”

“ഉണ്ടെങ്കിൽ?”

വിശ്വസിക്കാനാവാതെ ഷഹാന ചോദിച്ചു.

“എങ്കിൽ ഇവനെയും കൊണ്ട് ഞാൻ അങ്ങോട്ട് പോകും!”

“ഓ! നോ! മൈ ഗോഡ്!”

ഷഹാന തലയിൽ കൈ വെച്ച് ആശയറ്റവളെ പോലെ സിദ്ധാർത്ഥിന്റെ നേരെ നോക്കി.

“ഡയൽ ചെയ്യ്!”

ഫോൺ അയാൾക്ക് നൽകിക്കൊണ്ട് ഫൈസൽ പറഞ്ഞു.

ദാവൂദ് ഒരു നമ്പർ ഡയൽ ചെയ്തു.

“ആഹ്…ഇർഫാൻ …അതെ ഷെഹ്‌സാദ് …ഭായി മെഹ്‌നൂർ മേം സാബിനോ അവരുടെ മോനോ ഈ ഫോൺ കൊടുത്തേ …ഫൈസൽ ഭായി ആണ് എന്ന് പറ!!”

എന്നിട്ട് ദാവൂദ് മൊബൈൽ ഫൈസലിന് തിരികെ കൊടുത്തു.

വിറയ്ക്കുന്ന കൈകളോടെ അയാൾ ആ ഫോൺ വാങ്ങി.

വിടർന്ന കണ്ണുകളോടെ അയാൾ സിദ്ധാർഥിനെയും ഷഹാനയെയും നോക്കി.

അവരാകട്ടെ ആശയറ്റവരായി അയാളെയും.

ഫൈസൽ ഫോൺ കാതോട് ചേർത്തു.

“അബ്ബൂ….”

ഫോണിലൂടെ സുൾഫിക്കറിന്റെ ശബ്ദം അയാൾ കേട്ടു.

“സുൾഫീ മേരേ ലാൽ …മേരെ മുന്നാ ഉമ്മ ഉമ്മ ഉമ്മ…”

സന്തോഷം കൊണ്ട് ഭ്രാന്തമായി അയാൾ ഫോണിൽ തെരുതെരെ ഉമ്മ വെച്ചു.

“അബ്ബൂ എവിടെയാ..വേഗം ….”

സുൾഫിക്കറിന്റെ ശബ്ദം തടസ്സപ്പെട്ടു.

പകരം മറ്റൊരു ശബ്ദം അയാൾ കേട്ടു .

“ഷെഹ്‌സാദ് ഭായിയെയും കൊണ്ട് ഉടനെ പുറപ്പെടുക..നിങ്ങളുടെ ഭാര്യയും മകനും ഇവിടെ സുരക്ഷിതരാണ്!”

ഫൈസൽ ഷഹാനയെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.

“ഷാഹീ …സിദ്ധു ..മെഹ്‌നൂറും സുൾഫിയും ജീവനോടെയുണ്ട്..എന്നെ കാത്തിരിക്കുന്നു ….ഞാൻ പോകുവാ…”

“ഇല്ല …”

സിദ്ധാർത്ഥ് പറഞ്ഞു.

“മിഷനിൽ ഓരോരുത്തർക്കും സംഭവിച്ചിട്ടുണ്ട് കുർബ്ബാനിയ്യത്ത്…നിങ്ങൾക്ക് മാത്രമല്ല…”

ഫൈസൽ അവരെ വീണ്ടും നോക്കി.

പിന്നെ തോക്കുയർത്തി.

തോക്ക് സിദ്ധാർത്ഥിന്റെ നേരെ ചൂണ്ടി.

“ഒരക്ഷരം…!”

അയാൾ പറഞ്ഞു.

“ഒരേയൊരക്ഷരം നീയിനി മിണ്ടിയാൽ സിദ്ധു…നീയീ സിന്ധിനപ്പുറം പോകില്ല…”

പിന്നെ അയാൾ ദാവൂദിനെ നോക്കി.

അയാളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷം എല്ലാവരും കണ്ടു.

പിന്നെ കാറുകൾ കിടക്കിന്നിടത്തേക്ക് അയാൾ നോക്കി.

“നടക്ക് അങ്ങോട്ട്!”

കാറുകളിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.

ദാവൂദ് അങ്ങോട്ട് നടന്നു.

ഫൈസൽ പിന്നാലെയും.

“ഡിക്കി തുറക്ക്!”

ചുവന്ന അറ്റ്‌ലസ് ഹോണ്ടയിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.

ഒന്നും മനസ്സിലാകാത്തവനെ പോലെ ദാവൂദ് അയാളെ നോക്കി.

“ഈ മിഷന്റെ ക്യാപ്റ്റൻ ഞാൻ തന്നെയാണ് എന്ന് നിങ്ങളല്ലേ പറഞ്ഞത്? അതുകൊണ്ട് മിഴിച്ചുനോക്കാതെ ഡിക്കി തുറക്ക്,”

ദാവൂദ് ഡിക്കി തുറന്നു.

“കയറ്!”

ഫൈസൽ പറഞ്ഞു.

ദേഷ്യം കത്തുന്ന കണ്ണുകളോടെ ദാവൂദ് ഡിക്കിയ്ക്കുള്ളിൽ കയറി.

ഫൈസൽ ഡിക്കി അടച്ചു.

ആ കാഴ്ച്ചകളത്രയും നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഷഹാനയ്ക്കും സിദ്ധാർത്ഥിനുമായുള്ളൂ.

********************************

പോയിന്റ്റ് നാൽപ്പത് ഐ എസ് ഐ ക്യാമ്പ് ഓഫീസ്.

ശീതീകരിച്ച മുറിയിൽ കസേരയിൽ കണ്ണുകളടച്ച് ചാരി കിടക്കുകയായിരുന്നു, മെഹ്‌നൂർ

യൂസുഫ് ഇപ്പോൾ വരും.

ഇന്നലെ മുതൽ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ.

പോലീസ് പറയുന്നത് പോലെയൊന്നും ആയിരിക്കരുതേ എന്ന്.

അത് സത്യമായി തീർന്നിരിക്കുന്നു.

അതുകൊണ്ടാണല്ലോ യൂസുഫിനോടൊപ്പം പോകാൻ പോലീസ് തങ്ങളെ അനുവദിച്ചിരിക്കുന്നത്.

“അബ്ബൂ എപ്പോൾ വരും അമ്മി?”

സുൾഫിക്കർ ചോദിച്ചു.

“ഇപ്പോൾ വരും മോനെ…”

“നമ്മൾ ഒരുമിച്ച് ലണ്ടനിൽ പോകും അല്ലെ?”

അവൻ വീണ്ടും ചോദിച്ചു.

അവന്റെ മനോഹരമായ നുണക്കുഴികളിൽ അവൾ വാത്സല്യത്തോടെ നോക്കി.

“ഇപ്രാവശ്യം മഞ്ഞുവീണു എന്നൊക്കെ പറഞ്ഞ് നമ്മുടെ യാത്ര മുടങ്ങുമോ അമ്മി?”

“ഇല്ല മോനെ..പ്രാവശ്യം യാത്ര മുടങ്ങില്ല…”

“നമ്മൾ മൂന്ന് പേരും ഒരുമിച്ച് പോകും അല്ലെ?”

“അതെ ..നമ്മൾമൂന്നുപേരും ഒരുമിച്ച് …ആബ്ബൂ അമ്മി പിന്നെ അബ്ബൂൻറെയും അമ്മീടെയും കൊച്ചു സുൾഫി ..അങ്ങനെ മൂന്ന് പേരും ഒരുമിച്ച് പോകും…”

അത് പറഞ്ഞ് അവൾ അവന്റെ കവിളിൽ തലോടി.

അപ്പോഴേക്കും ഒരുദ്യോഗസ്ഥൻ രണ്ടു ഗ്ളാസ്സുകളിൽ മുന്തിരി ജ്യൂസുമായി അവരെ സമീപിച്ചു.

അതേ സമയം ക്യാമ്പ് ഓഫീസിന്റെ മുൻഭാഗത്ത് ജനറൽ ജഹാംഗീർ ഖറാമത്ത് അവസാന നിർദ്ദേശവും നല്കിക്കഴിഞ്ഞ് തന്റെ അനുചരന്മാർ നോക്കി.

“ഓർമ്മയുണ്ടല്ലോ,”

അദ്ദേഹം തന്റെ മുമ്പിൽ നിൽക്കുന്ന ആയുധധാരികളായ പട്ടാളക്കാരോട് ചോദിച്ചു.

“നമുക്ക് ഷെഹ്സാദിനെ ജീവനോടെ വേണ്ട,”

“അറിയാം സാർ!”

ചെറുപ്പക്കാരൻ പട്ടാളക്കാരൻ പറഞ്ഞു.

“ക്യാമ്പ് ഓഫീസിലേക്ക് ഫൈസൽ കാറോടിച്ചു കയറ്റും…”

ജനറൽ ഖറാമത്ത് തുടർന്നു.

“കാർ നിറയെ ആർ ഡി എക്സ് ആയിരിക്കും…അതുകൊണ്ട്…”

അയാൾ അൽപ്പ ദൂരെ കെട്ടിയ വേലിയ്ക്കരികിലേക്ക് ചൂണ്ടി.

“അവിടെ കാറെത്തുംമ്പോൾ ഷൂട്ടിങ് തുടങ്ങിയിരിക്കണം…”

“ഓക്കേ സാർ…”

മുന്തിരിജ്യൂസ് അവരുടെ മുമ്പിൽ കൊണ്ടുവെച്ചിട്ട് യൂണിഫോമിലെ ഉദ്യോഗസ്ഥൻ സുൾഫിയോട് പറഞ്ഞു.

“കുടിക്കൂ…”

അവൻ മെഹ്‌നൂറിനെ നോക്കി.

കുടിച്ചോളൂ എന്ന അർത്ഥത്തിൽ അവൽപുഞ്ചിരിയോടെ അവനെ നോക്കി.

സുൾഫിക്കർ ഗ്ളാസ്സെടുത്തു.

പിന്നെ അയാൾ ട്രേ മെഹ്‌നൂറിന്റെ നേരെ നീട്ടി.

“മാം സാഹിബാ ..കഴിക്കൂ..”

കൃതജ്ഞതയോടെ അവൾ അയാളെ നോക്കി ഗ്ലാസ്സെടുത്ത് ചുണ്ടിൽ മുട്ടിച്ചു. പകുതിയോളം കുടിച്ച് സുൾഫിക്കറെ നോക്കി.

അവൻ ജ്യൂസിലെ പത അർദ്ധവൃത്തം തീർത്ത ചുവന്ന ചുണ്ടുകളോടെ അവളെ നോക്കി പുഞ്ചിരിച്ചു.

പുഞ്ചിരി അവസാനം മാഞ്ഞു…

“അം …അമ്മീ …. അബ്ബൂ …എവിടെ …അബ്…”

അവന്റെ ഭാവമാറ്റം കണ്ട് അവൾ നടുങ്ങി.

“മോനേ സുൾഫി ….”

അവൾ മുമ്പോട്ടാഞ്ഞ് അവനെ പിടിക്കാൻ തുടങ്ങി.

പക്ഷെ തന്റെ നെഞ്ചിൽ ഉരുണ്ടുകൂടുന്ന ഘനം അവൾ തിരിച്ചറിഞ്ഞു.

ശ്വസിക്കാനാവുന്നില്ല.

മൂക്കിലേക്ക് കൊഴുത്തതെന്തോ തിങ്ങി നിറയുന്നു…

അവൾ അവനെ തൊടാൻ ശ്രമിച്ചു.

അതിന് കഴിയുന്നതിനു മുമ്പ് അവൾ അവന്റെ ദേഹത്തേക്ക് വീണു.

അപ്പോൾ ഫൈസലിന്റെ ബ്ളാക്ക് കൊറോള വേലിക്കരികിലേക്ക് അടുക്കുകയായിരുന്നു.

അയാൾ ക്യാമ്പ് ബിൽഡിങ് കണ്ടു.

മുകളിൽ പാറിപ്പറക്കുന്ന ദേശീയ പതാകയുടെ പച്ച നിറവും.

ആ കെട്ടിടത്തിൽ,അതിനുള്ളിലെ ഒരു മുറിയിൽ തന്റെ മെഹ്‌നൂറുണ്ട്‌.തന്റെ സുൽഫിക്കറുണ്ട്.

ബ്ളാക്ക് കൊറോള വേലിയ്ക്ക് തൊട്ടടുത്തെത്തി.

പെട്ടെന്ന് ഗ്ളാസ് തുളച്ച് ഒരു വെടിയുണ്ട ഫൈസലിന്റെ ഇടത് തോളിൽ തറഞ്ഞു.

“ഖുദാ….!”

അയാൾ അലറിക്കൊണ്ട് കണ്ണുകളടച്ചു.

വേലി കടന്ന് ബ്ളാക്ക് കൊറോള മുമ്പോട്ട് നീങ്ങിയപ്പോൾ ഒരു വെടിയുണ്ട നെഞ്ചിലേക്ക് തുളഞ്ഞു കയറി.

കണ്ണുകളിൽ ഇരുട്ട് കയറുന്നത് അയാൾ കണ്ടു.

ഇരുട്ട് നീങ്ങിയപ്പോൾ യമുനയുടെ കരയിൽ, ശിവാലിക്കിന് താഴെ, വെള്ളാരം കണ്ണുകളും നിലം തൊടുന്ന മുടിയും ശിൽപ്പികൾ മാതൃകയാക്കുന്ന ഉടൽഭംഗിയുമുള്ള ഋതുജ ദേവ്ഗൺ നിൽക്കുന്നത് അയാൾ കണ്ടു.

“ഫൈസൽ! നിനക്കെന്നോട് ശരിക്കും സ്നേഹമുണ്ടോ?”

അങ്ങനെ ചോദിച്ചുകൊണ്ട് അവൾ അവനു നേരെ ഓടിവന്നു. ആലിംഗനം ചെയ്തു. അപ്പോഴാണ് അത് ഋതുജയല്ല ഷഹാനയാണ് എന്ന് അയാൾ മനസ്സിലാക്കിയത്.

“ഷഹീ..”

അയാൾ പ്രണയപൂർവ്വം മന്ത്രിച്ചു.

“യൂസുഫ്? ഈ ലോകത്ത് ഒന്നുമല്ലേ? എന്താ ഓർക്കുന്നത്?”

ഫൈസൽ കണ്ണ് തുറന്നപ്പോൾ മുമ്പിൽ നിൽക്കുന്നത് മെഹ്‌നൂറാണ്.

അവളുടെ ചുനരിയുടെ തുമ്പത്ത് പിടിച്ചുകൊണ്ട് നുണക്കുഴികൾ കാണിച്ച് സുൾഫിക്കർ പുഞ്ചരിച്ചു..

“അബ്ബൂ…”

അങ്ങനെ വിളിച്ചുകൊണ്ട് അവൻ അയാളുടെ നേരെ ഓടിയടുത്തു.

ക്യാമ്പ് ഓഫീസിന്റെ ഭിത്തിയിൽ തട്ടി കാർ നിന്നപ്പോൾ ജനറൽ ഖറാമത്തും മറ്റ് പട്ടാള ഉദ്യോഗസ്ഥന്മാരും കാറിനടുത്തേക്കടുത്തു.

ബോംമ്പ് -എക്സ്പ്ലോസീവ് ഡിറ്റക്റ്ററുകളുമായി സ്‌ക്വാഡ് ഉദ്യോഗസ്ഥർ മുമ്പിൽ നടന്നു.

“ഇല്ല…”

ഒരു ഉദ്യോഗസ്ഥൻ മാസ്ക്ക് ഊരിക്കൊണ്ട് പറഞ്ഞു.

“കാറിൽ ബോംബൊന്നും ഇല്ല സാർ,”

“ഷെഹ്സാദിനെയും യൂസുഫിനെയും പുറത്തെടുക്ക്!”

ജനറൽ ഉത്തരവിട്ടു.

പട്ടാളക്കാർ ഫൈസലിന്റെ ജീവനറ്റ ശരീരം കാറിന്റെ പുറത്തേക്കെടുത്തു.

“സാർ..വേറെ ആരുമില്ല!”

ഒരു പട്ടാളക്കാരൻ വിളിച്ചു പറഞ്ഞു.

“എന്ത്?”

ജനറൽ ഖറാമത്ത് അന്തം വിട്ടു. പെട്ടെന്നയാൾക്ക് ഓർമ്മ വന്നു.

“ഡിക്കി തുറന്ന് നോക്ക്,”

ഒരു പട്ടാളക്കാരൻ ഡിക്കി തുറക്കാൻ തുടങ്ങിയപ്പോൾ ജനറലും അങ്ങോട്ടു വന്നു.

ജനറലും കൂടിയാണ് ഡിക്കി തുറന്നത്.

“മൈ ഗോഡ്!!”

ഡിക്കി ശൂന്യമായി കിടക്കുന്നത് കണ്ട് ജനറൽ ജഹാംഗീർ ഖറാമത്തും പട്ടാള ഉദ്യോഗസ്ഥന്മാരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

“മൂവ്”

കലിപ്പടങ്ങാതെ ജനറൽ ഗർജ്ജിച്ചു.

“മൂവ് റ്റു ദ ഗ്രേറ്റ് റാൻ ഓഫ് കച്ച്!”

*******************************************

അതേ സമയം അഞ്ചു മണിക്കൂർ നേരത്തെ മരണ വേഗതയിലുള്ള യാത്രയ്ക്ക് ശേഷം ഷഹാനയും സിദ്ധാർഥും ലൈൻ ഓഫ് കൺട്രോളിനടുത്തെത്താറായി.

പത്ത് മിനിറ്റ് കൂടി കഴിഞ്ഞാൽ ലൈൻ ഓഫ് കൺട്രോൾ തുടങ്ങുകയായി.

“ഷാഹീ…”

ഡ്രൈവ് ചെയ്യുന്നതിനിടയിൽ സിദ്ധാർത്ഥ് ഷഹാനയുടെ തോളിൽ അമർത്തി.

“കരയല്ലേ…”

അർമീനയുടെ വീട്ടിൽ നിന്ന് അവളുടെ റെഡ് അറ്റലസ് ഹോണ്ടയിൽ യാത്ര തുടങ്ങിക്കഴിഞ്ഞ് ദേഷ്യത്താൽ പല്ലിറുമ്മിയ ഷഹാനയോട് താൻ പറഞ്ഞ കാര്യങ്ങളൊന്നൊഴിയാതെ സിദ്ധാർത്ഥ് വീണ്ടും ഓർത്തു.

“ഫൈസൽ …എങ്ങനെ തോന്നി അയാൾക്ക്? സിദ്ധു അതനുവദിക്കാൻ പാടില്ലായിരുന്നു…”

അപ്പോഴാണ് കാറിന്റെ ഡിക്കിയിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത്.

“എന്താ സിദ്ധു …? എന്താ ആ ശബ്ദം?”

മറുപടി പറയുന്നതിന് പകരം അയാൾ അവളെ നോക്കി.

“സിദ്ധു കേൾക്കുന്നില്ലേ? ഡിക്കിയിൽ നിന്ന് മുട്ടുകയും തട്ടുകയും ചെയ്യുന്ന ശബ്ദം?”

അവൾ ചോദിച്ചു.

“കേൾക്കുന്നുണ്ട്,”

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.

“അത് ആരുണ്ടാക്കുന്ന ശബ്ദമാണ് എന്നും എനിക്കറിയാം,”

ഷഹാന ഒന്നും മനസ്സിലാകാതെ സിദ്ധാർത്ഥിനെ നോക്കി.

“സിദ്ധു!!”

അവൾ അവിശ്വസനീയതയോടെ അവന്റെ തോളിൽ പിടിച്ചു.

“ആരാ അതിനുള്ളിൽ? ദാവൂദ് ആണോ?”

സിദ്ധാർത്ഥ് മിണ്ടിയില്ല.

“മറ്റാരാണ് ഷഹീ?”

“അപ്പോൾ…!! അപ്പോൾ ഫൈസൽ …ഫൈസൽ അവനെ കൊണ്ടുപോയില്ലേ?”

“ഫൈസൽ അവനെ കൊണ്ടുപോയെങ്കിൽ പിന്നെ ദാവൂദ് ഇതിനകത്ത് എങ്ങനെ വരും?”

സിദ്ധാർത്ഥ് ചോദിച്ചു.

“അപ്പോൾ നിങ്ങൾ മാറി നിന്ന് സംസാരിച്ചതൊക്കെ?”

സിദ്ധാർത്ഥ് പുഞ്ചിരിക്കാൻ ശ്രമിച്ചു. വേദന വന്ന് പക്ഷെ പുഞ്ചിരിയെ മറയ്ക്കുന്നത് ഷഹാന കണ്ടു.

സിദ്ധാർത്ഥ് ആ രംഗം വീണ്ടും ഓർമ്മിച്ചു.നിറകണ്ണുകളോടെ.

“ഫൈസൽ ..നിങ്ങളന്ത് അബദ്ധമാ കാണിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?”

ഷഹാനയുടെ തോക്കിൻ മുനയിൽ ദാവൂദ് നിൽക്കുന്നത് ഒന്ന് പാളിനോക്കിയിട്ട് സിദ്ധാർത്ഥ് ഫൈസലിനോട് ചോദിച്ചു.

“അബദ്ധമല്ല സിദ്ധു…”

ഫൈസൽ പറഞ്ഞു.

“യുദ്ധം വിജയിക്കുന്നത് തോക്കിൻകുഴലിലൂടെ മാത്രമല്ല…തന്ത്രങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും കൂടിയാണ്…ഒരു തന്ത്രമാണ് നമ്മൾ പ്ലാൻ ചെയ്യുന്നത്!”

ഫൈസലിന്റെ സ്വരം മാറിയത് സിദ്ധാർത്ഥ് ശ്രദ്ധിച്ചു.

“ഇരുപതോളം പോയിന്റുകൾ ഇവിടെയുണ്ട് ഐ എസ് ഐയുടെ…”

ഫൈസൽ തുടർന്നു.

“നമ്മൾ എത്രയൊക്കെ സാഹസികമായി യാത്ര ചെയ്താലും എളുപ്പത്തിൽ അവർ നമ്മുടെ പിന്നാലെയെത്തുമെന്ന് ഞാൻ പറയാതെ സിദ്ധുവിനറിയാമല്ലോ…അതുകൊണ്ട്…”

സിദ്ധാർഥ് ഫൈസലിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു.

“ഐ എസ് ഐയ്ക്കും ഖറാമത്തിനും വേണ്ടത് അയാളെയാണ്.ദാവൂദിനെ…നമ്മൾ ഒരു കാറിൽ കയറിപ്പോകുന്നതാണ് അയാൾ കണ്ടത് .ഞാൻ ദാവൂദുമായി അവരുടെ ക്യാമ്പിലേക്ക് ചെല്ലുന്നു എന്നറിഞ്ഞാൽ നമ്മളെ ചേസ് ചെയ്യാൻ അവർ ശ്രമിക്കില്ല…സിദ്ധുവും ഷാഹിയും അർജുനും ഇവിടെ എവിടെയോ ഗതിയില്ലാതെ അലഞ്ഞു തിരിയുന്നുണ്ട് അല്ലെങ്കിൽ മുന്നൂറ് കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കുന്നുണ്ട് എന്നവർ കരുതും…”

സിദ്ധാർത്ഥ് അയാളെ സന്ദേഹത്തോടെ നോക്കി.

“നമുക്ക് ആറുമണിക്കൂർ എങ്കിലും സഞ്ചരിക്കണം സിദ്ധു ഗ്രേറ്റ് റാൻ ഓഫ് കച്ചിലെത്താൻ…അവർ നമ്മളെ പിന്തുടരാൻ പാടില്ല…”

ഫൈസൽ തുടർന്നു.

“അവർ പിന്തുടരാതിരിക്കണമെങ്കിൽ ഞാൻ ക്യാമ്പിലേക്ക് പോകണം…”

സിദ്ധാർത്ഥ് എന്തോ പറയാൻ തുടങ്ങി.

“അയാളെ കൂടാതെ!”

“ഫൈസൽ!!!”

അയാളുടെ വാക്കുകൾക്ക് മുമ്പിൽ സിദ്ധാർത്ഥ് സംഭ്രമിച്ചു.

“വാട്ട് ഡൂ യൂ മീൻ?”

ഫൈസൽ പുഞ്ചിരിച്ചു.

“ഞാൻ പറഞ്ഞില്ലേ,യുദ്ധം ജയിക്കുന്നത് എപ്പോഴും ആയുധങ്ങൾ കൊണ്ട് മാത്രമല്ല…തന്ത്രം,ത്യാഗം ഇതുകൊണ്ടൊക്കെയുമാണ്…ഞാൻ ദാവൂദിനെ അവിടെക്കിടക്കുന്ന ചുവന്ന ഹോണ്ടയിലിടും.ഡിക്കിയിൽ..ദാവൂദ് കരുതും ഞാൻ ആ വണ്ടിയുമായി ക്യാമ്പിലേക്ക് പോകുന്നു എന്ന്.സിദ്ധുവും ഷാഹിയും ഉടനെ ആ വണ്ടിയുമെടുത്ത് റാൻ ഓഫ് കച്ചിന് നേരെ വിടണം..അപ്പോഴേക്കും ഗൗതം സാർ കോഡിനേറ്റ് ഒക്കെ ശരിയാക്കിവെച്ചിരിക്കും…”

“പക്ഷെ ഫൈസൽ…”

സിദ്ധാർത്ഥ് അമ്പരപ്പ് മാറാതെ അയാളെ നോക്കി.

“നിങ്ങൾ അങ്ങനെ പോയാൽ …നിങ്ങളെ അവർ …”

“അവിടെ മെഹ്‌നൂറും സുൾഫിയും ഉണ്ട് സിദ്ധു…”

ഫൈസൽ പുഞ്ചിരിച്ചു. അയാളുടെ കണ്ണുകൾ ഈറനായി.

“മോനെ കാണണം. അവന്റെ കവിളിൽ ഒന്ന് തൊടണം…”

അയാൾ മുറിഞ്ഞ വാക്കുകളോട് തുടർന്നു.

“മഹിയെ കാണണം ..അവളോട് മാപ്പ് ചോദിക്കണം..പിന്നെ എന്ത് വന്നാലും എനിക്ക് കുഴപ്പമില്ല…നീ കരയല്ലേ…നീയാണ് ഇനി മുതൽ ക്യാപ്റ്റൻ….നമുക്ക് മിഷൻ ജയിച്ചാൽ പോരെ…? ഞാനും നീയും അല്ല ഇമ്പോർട്ടന്റ്….അത് രാജ്യമാണ്…! ഒരു ത്യാഗമൊക്കെ ചെയ്യാൻ ഇനി സ്വാതന്ത്ര്യ സമരമോ ഉപ്പു സത്യാഗ്രഹമോ വീണ്ടും വരില്ല..ജയ് ഹിന്ദ് !!”

“ഫൈസൽ!!”

കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് സിദ്ധാർത്ഥ് പറഞ്ഞു.

“എനിക്ക് നിങ്ങളെ ..നിങ്ങളെ ..ഒന്ന് കെട്ടിപിടിക്കണം..!!”

“എനിക്കും…!”

അയാൾ കണ്ണുനീരിലൂടെ പുഞ്ചിരിച്ചു.

“പക്ഷെ അയാളും ഷാഹിയും നമ്മളെ നോക്കുന്നു..ഇത് ഒരു ഡ്രാമയാണ് എന്ന് ഒരിക്കലും അവർ കരുതരുത്…വാ ..പോകാം ..മുഖത്ത് ദേഷ്യം വരുത്ത്…!”

റെഡ് അറ്റ്‌ലസ് ഹോണ്ട റാൻ ഓഫ് കച്ചിലെ നോ മാൻസ് ലാൻഡിലേക്ക് കുതിക്കുമ്പോൾ ഷഹാന അതൊക്കെ ഓർത്തു.

അവളുടെ മനസ്സിൽ ഫൈസലിന്റെ രൂപം മായാതെ നിന്നു.

താൻ കാമിച്ച രണ്ടാമത്തെ പുരുഷൻ.

ഓർക്കുന്തോറും അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി.

പെട്ടെന്നാണ് ദൂരെ നിന്ന് വാഹനവ്യൂഹങ്ങളുടെ ശബ്ദം അവൾ കേൾക്കുന്നത്.

“സിദ്ധു!!”

അവളുടെ സ്വരം വിറങ്ങലിച്ചു.

“അതാ ജനറൽ ഖറാമത്തും ജവാന്മാരും വരുന്നു….ഫാസ്റ്റ് !! ഫാസ്റ്റ്!!”

സിദ്ധാർത്ഥ് ഒരു നിമിഷം തിരിഞ്ഞു നോക്കി.

“ഷിറ്റ്!!”

അയാൾ പല്ലിറുമ്മി.

പിന്നെ ആക്സിലറേറ്ററിൽ കാൽ അമർത്തി.

പിന്നെ വെടിയൊച്ച കേട്ടു.

ഷഹാന ഇരു കൈകളിലും തോക്കെടുത്ത് തയ്യാറായി നിന്നു.

“സിദ്ധു ഫാസ്റ്റർ!!”

അവൾ പറഞ്ഞു.

“തിരിഞ്ഞു നോക്കണ്ട! പറപ്പിക്ക്!!”

അടുത്ത നിമിഷം ഒരു മുരൾച്ചയോടെ കാർ നോ മാൻസ് ലാൻഡിനടുത്തുള്ള കമ്പിവേലിയെ തൊട്ട് കാർ നിന്നു.

ഇരുവരും കാറിൽ നിന്ന് ചാടിയിറങ്ങി.

സിദ്ധാർത്ഥ് ഡിക്കിയുടെ ഭാഗത്തേക്ക് പോയപ്പോൾ ഷഹാന ജാഗ്രതയോടെ ദൂരെ നിന്നും പാഞ്ഞടുക്കുന്ന വാഹനങ്ങളെ നിരീക്ഷിച്ചു.

സിദ്ധാർത്ഥ് ചുറ്റികയും കട്ടിങ് പ്ലെയറുമെടുത്ത് ധൃതഗതിയിൽ കമ്പിവേലി അറുത്തു.

കഷ്ടിച്ച് ഒരാൾക്ക് കടക്കാനുള്ള വിടവുണ്ടാക്കി കഴിഞ്ഞ് അയാൾ ഡിക്കി തുറന്ന് ദാവൂദിനെ പുറത്തെടുത്തു.

“ഏഹ്?”

ചുറ്റും നോക്കി അവശനായ ദാവൂദ് കിതച്ചു.

“എവിടെ ക്യാമ്പ് ഓഫീസ്? ഫൈസൽ ഭായി എവിടെ? നീയെങ്ങനെ ഇവിടെ?”

അയാൾ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് സിദ്ധാർത്ഥ് അയാളെ കമ്പിവേലിക്കകത്തുകൂടെ നോ മാൻസ് ലാൻഡിലേക്ക് ഇഴച്ചു.

“ഷാഹി..വേഗം!”

അയാൾ വിളിച്ചു പറഞ്ഞു.

ഷഹാന ചുറ്റുപാടും ധൃതഗതിയിൽ വീക്ഷിച്ചുകൊണ്ട് കമ്പിവേലിക്കിടയിലെ വിടവിലൂടെ അകത്ത് കടന്നു.

വെടിയുണ്ടകൾ അവർക്ക് ചുറ്റും വർഷം പോലെ വീണു.

ഷഹാന തിരിഞ്ഞു നിന്ന് വെടിയുതിർത്തു.

നോ മാൻസ് ലാൻഡിന്റെ അപ്പുറത്തെ തലയ്ക്കൽ കമ്പിവേലിക്കപ്പുറത്ത് ഒരു വാഹനം പാർക്ക് ചെയ്തു കിടക്കുന്നത് അവർ കണ്ടു.

അതിന്റെ വശത്തു സുവർണ്ണ നാടകൾക്കുള്ളിലെ അശോകചക്രം അവർ കണ്ടു.

റോയുടെ വാഹനമാണ്!

സിദ്ധാർത്ഥ് മന്ത്രിച്ചു.

വാഹനത്തിനടുത്ത് അക്ഷമനായി ഗൗതം ഭാസ്‌ക്കർ!

കൂടെ പത്തോളം ജവാന്മാർ!

“ഫൈസൽ ഫാസ്റ്റ് ഫാസ്റ്റ്!!”

തങ്ങളെ നോക്കി ഗൗതം ഭാസ്‌ക്കർ ദൂരെ നിന്ന് വിളിച്ചു പറയുന്നത് അവർ കേട്ടു.

“ആഹ്!”

പെട്ടെന്ന് പിമ്പിൽ നിന്ന് ഷഹാനയുടെ അലർച്ച കേട്ട് ദാവൂദിനെയും കൊണ്ട് വലിച്ചിഴച്ചു നടന്ന സിദ്ധാർത്ഥ് തിരിഞ്ഞു നോക്കി.

“ഡോണ്ട് ലുക്ക് ബാക്ക്!!”

അവൾ അവനെ നോക്കി ഗർജ്ജിച്ചു.

“മൂവ് ഓൺ…!!”

പിന്നെ അവൾ വേച്ച് വേച്ച് എഴുന്നേൽക്കുന്നത് സിദ്ധാർത്ഥ് കണ്ടു.

ഇടത് തുടയുടെ പിൻഭാഗം അവൾ പൊത്തിപ്പിടിച്ചിരിക്കുന്നത് സിദ്ധാർത്ഥ് കണ്ടു.

ഷഹാനയ്ക്ക് കാലിൽ വെടിയേറ്റിരിക്കുന്നു!

“സിദ്ധാർത്ഥ് ഫാസ്റ്റ് ഫാസ്റ്റ്!!!”

ഗൗതം ഭാസ്‌ക്കർ വീണ്ടും വിളിച്ചു പറഞ്ഞു.

പെട്ടെന്ന് കമ്പിവേലിക്കപ്പുറത്ത് നിന്ന പട്ടാളക്കാർ നോ മാൻസ് ലാൻഡിലേക്ക് കുതിയ്ക്കാൻ തുടങ്ങി.

“വേണ്ട!”

ഗൗതം അവരെ വിലക്കി.

“ഇന്ത്യൻ മണ്ണ് തൊടുന്നത് വരെയുള്ള മുഴുവൻ ക്രെഡിറ്റും അവരിൽ നിന്നും ആരും എടുക്കരുത്..അവർക്ക് ഒന്നും പറ്റില്ല ….”

അടുത്ത നിമിഷം സിദ്ധാർഥും ഷഹാനയും ദാവൂദ് ഇബ്രാഹിമിനോടൊപ്പം കമ്പിവേലിയുടെ മുറിച്ചു മാറ്റിയ വിടവിലൂടെ ഇന്ത്യൻ മണ്ണിൽ കാലുകുത്തി.

പിമ്പിൽ, നോ മാൻസ് ലാൻഡിനപ്പുറം ജനറൽ ഖറാമത്ത് കയ്യുയർത്തി തന്നോടൊപ്പമുള്ള ജവാന്മാരെ വിലക്കി.

“ജയ് ഹിന്ദ്‌ സാർ!”

മുറിവ് പൊത്തിപ്പിടിച്ച് ഷഹാന ഗൗതം ഭാസ്‌ക്കർ സല്യൂട്ട് ചെയ്തു.

അദ്ദേഹം പുഞ്ചിരിച്ചു.

അവളെ ആശ്ലേഷിച്ചു.

പിന്നെ സിദ്ധാർഥിനെയും.

അതിന് ശേഷം സിദ്ധാർത്ഥിന്റെ ബലിഷ്ഠമായ കൈകളിൽ നിൽക്കുന്ന ദാവൂദ് ഇബ്രാഹിമിനെ നോക്കി.

“വെൽകം…”

ഗൗതം ഭാസ്‌ക്കർ പറഞ്ഞു.

പിന്നെ ഗൗതം വാട്ടർ ഫ്ലാസ്ക്ക് അയാളുടെ നേരെ എറിഞ്ഞു.

“വെൽക്കം?”

ഫ്‌ളാസ്‌ക്ക് പിടിച്ചെടുത്തിട്ട് പുച്ഛത്തോടെ ചിരിച്ച് ദാവൂദ് ഇബ്രാഹിം ചോദിച്ചു.

“ഇത് പറയാൻ വേണ്ടിയാണോ കഷ്ടപ്പെട്ട് പിടിച്ച് എന്നെ ഇവിടെ വരെ എത്തിച്ചത്?”

വെള്ളം കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

ഷഹാനയും സിദ്ധാർഥും പരസ്പ്പരം നോക്കി.

“ഫോട്ടോ ഗ്രാഫർ ഒന്നുമില്ലേ?”

ദാവൂദ്‌ചുറ്റും നോക്കി.

“ഇല്ലേ? അങ്ങനെയല്ലേ വേണ്ടത്? വെടിവെച്ചു കൊന്ന സിംഹത്തിന്റെ ബോഡി മുമ്പിലിട്ട് കയ്യൊക്കെ ഇങ്ങനെ പൊക്കിപ്പിടിച്ച്!!!”

അയാൾ ഉറക്കെ ചിരിച്ചു.

“വേഗം വേണം എല്ലാം!”

അയാൾ തുടർന്നു.

“അത് കഴിഞ്ഞ് തീഹാറിലോ പിന്നെ എവിടെയാ?രാജ്മന്ദ്രിയിലോ ഒക്കെ എന്നെ കൊണ്ടുപോകേണ്ടതല്ലേ?”

സിദ്ധാർത്ഥിന്റെ കൈ തോക്കിലമർന്നു.

ഗൗതം ഭാസ്‌ക്കർ “നിൽക്ക് ” എന്ന അർത്ഥത്തിൽ അയാളുടെ നേരെ ആംഗ്യം കാണിച്ചു.

ആ നിമിഷം ഷഹാനയും പോക്കറ്റിൽ നിന്ന് തോക്കെടുത്തു.

“എനിക്കെല്ലാടവും ഒരുപോലെയാണ് ഗൗതം ഭായി…”

ദാവൂദ് തുടർന്നു.

“കറാച്ചിയായാലും ദുബായി ആയാലും മുംബൈ ആയാലും..ഞാൻ ചെയ്യേണ്ട പണി ഞാൻ ചെയ്യുക തന്നെ ചെയ്യും!”

തോക്കിൻ മേലുള്ള ഷഹാനയുടെ പിടി മുറുകി.

ഷഹാന സിദ്ധാർത്ഥിന്റെ നേരെ നോക്കി.

“നിങ്ങളെ എനിക്ക് നന്നായി അറിയാം …”

ദാവൂദ് തുടർന്നു.

“നിങ്ങളെ എന്ന് വെച്ചാൽ ഹിന്ദുസ്ഥാനികളെ…അരേ…ഞാൻ ഹിന്ദുസ്ഥാനിയല്ലേ? മുംബൈ എന്റെ ജീവനല്ലേ? എന്നെ ജയിലിടും ..കോടതി എന്നെ ശിക്ഷിക്കാൻ തെളിവ് ചോദിക്കും ..റിപ്പബ്ലിക് ടി വിയിൽ അർണാബ് ഗോസ്വാമി ദ നേഷൻ വാണ്ട്സ് റ്റു നോ എന്ന് വിളിച്ചുകൂവും ..അങ്ങനെ കാലം കുറെ കഴിയും …”

ദാവൂദ് ഫ്‌ളാസ്‌ക്കിൽ നിന്ന് വീണ്ടും വെള്ളം കുടിച്ചു.

“അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഞാൻ ചക്രം കൊടുത്ത് വിട്ട ആ പയ്യൻ എന്താ അവന്റെ പേര്? ആഹ് അജ്മൽ കസബ്!! അതെ..കസബ്!!അഞ്ചുകൊല്ലം ജയിലിൽ ഇട്ടു കഴിഞ്ഞല്ലേ നിങ്ങൾ അവനെ തൂക്കിയത്…ഇതാ ഞാൻ ആ പന്ന റാസ്‌ക്കൽ ഫൈസലിനോട് പറഞ്ഞത് ,ഇന്ത്യയിൽ എല്ലാം വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് എന്ന്….”

സിദ്ധാർത്ഥിന്റെ കയ്യിൽ തോക്ക് അക്ഷമ പൂണ്ടു.

“അത്കൊണ്ട് എനിക്ക് എന്റെ കാര്യത്തിൽ ഒരു ഭയവുമില്ല മിസ്റ്റർ ഗൗതം കാരണം…”

അയാൾ ഫ്‌ളാസ്‌ക്ക് എറിഞ്ഞു കളഞ്ഞിട്ട് എല്ലാവരെയും നോക്കി.

“സാരേ ജഹാംസേ അച്ഛാ,ഹിന്ദുസിത്താ…”

പെട്ടെന്ന് അയാളുടെ കാൽമുട്ട് തകർത്തുകൊണ്ട് വെടിപൊട്ടി.

“…ഹമാരാ…”

ഷഹാന പറയുന്നത് അയാൾ കേട്ടു.

മുമ്പിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ഷഹാനയെ അയാൾ കണ്ടു.

“ഹിന്ദുസിത്താ ഹമാരാ…”

ഷഹാന വീണ്ടും പറഞ്ഞു.

വീണ്ടും വെടിയൊച്ച കേട്ടു.

ദാവൂദിന്റെ വലത്തേ കാൽ മുട്ട് തകർന്നു.

“നീ അഞ്ചു വർഷമല്ല ഓർ ദിവസം പോലും ജയിലിൽ കിടക്കില്ല”

ഗൗതം ഭാസ്‌ക്കർ പറഞ്ഞു.

“നിന്റെ ഡോസിയറിനുള്ളിൽ ഹിന്ദുസ്ഥാനിലെ രാഷ്ട്രീയക്കാരുടെ പേരുകൾ കൂടി കാണുമല്ലോ…അവർ നിനക്ക് വേണ്ടി മനുഷ്യാവകാശ സംഘടനകളിലൂടെ വില പേശും …ജനനേന്ദ്രിയത്തിൽ ഇരുമ്പുകമ്പി കയറ്റി ഓടുന്നബസ്സിൽ നിന്ന് എറിഞ്ഞു കൊന്നവന്മാരെ സംരക്ഷിക്കാൻ വക്കീലന്മാരുള്ള കാലത്ത് നിന്നെ ജയിലിൽ കിടത്തണ്ട എന്നാണു റോയുടെ ചീഫായ ഞാൻ തീരുമാനിക്കുന്നത്…അതുകൊണ്ട്…ഹിന്ദുസിത്താ ഹമാരാ!”

അടുത്ത നിമിഷം ഷഹാനയുടെ തോക്കിൽ നിന്നും വീണ്ടും തീയിറങ്ങി.

നെറ്റിയിൽവെടിയേറ്റ് ദാവൂദ് ഇബ്രാഹിം ഇന്ത്യൻ മണ്ണിൽ വീണു.

[അവസാനിച്ചു]

Comments:

No comments!

Please sign up or log in to post a comment!