ഓർമ്മക്കുറിപ്പുകൾ

നമ്മുടെ ഈ കഥ നടക്കുന്നത് 90കളുടെ തുടക്കത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, നല്ല അസ്സല് കളർ തന്നെയാണ്, അല്ല അത്രയും കളർ ഇല്ലെങ്കിലും കുറച്ചു കളർ ഇണ്ട്ട്ടാ.

നമ്മുടെ കഥാനായകൻ ആണ് ഈ കഥയിലെ ഹീറോ….വയസ്സോ? അതിപ്പോ പറയുകയാണേൽ ഒരു മൂന്നു മൂന്നര മൂന്നേമുക്കാൽ ആയിക്കാണും എന്നാണെന്റെ ഒരു ഓർമ. അല്ല ഇനിയിപ്പോ ആരാണീ ഞാൻ എന്നാണോ?

വെറുതെ വിട്ടാൽ വീടെടുത്തു തിരിച്ചു വെക്കും എന്നാണു കുട്ടിക്കാലത്തു കഥാനായകനെ വിശേഷിപ്പിച്ചിരുന്നത്.

കഥാനായകൻ ആരാ മൊതല് (ഇടയ്ക്കിടയ്ക്ക് കഥാ നായകൻ എന്ന് പറയണ്ടാല്ലേ, ‘ഞാൻ’ അതുമതി, കൂടെ അതിന്റെ കുറച്ചു സർവ്വനാമങ്ങളും). ഗജപോക്കിരി, അസ്സത്തു, കുരിപ്പ്, ജന്തു, മുടിയൻ, ഇത്യാദി വിശേഷാൽ പേരുകൾ ഒക്കെ കുട്ടിക്കാലത്തു എനിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. നമ്മടെ സ്വന്തം അമ്മയാണ് പ്രസ്തുത നാമകരണങ്ങളുടെ ചുക്കാൻ പിടിച്ചത്. ഓടിയും ചാടിയും നടന്നും കിടന്നും അടിവാങ്ങുന്നതു ഒരു ഹോബി ആയി നടന്ന കാലം. ഹോ ഓർക്കുമ്പോ തന്നെ കുളിരു കോരി രോമാഞ്ചം വരുന്നു, ദാ കണ്ടോ കണ്ടോ….

അങ്ങനെ അടിവാങ്ങിച്ചു നാണവും മാനവും ഇല്ലാണ്ട് വീട്ടിൽ കുരുത്തക്കേടും കാണിച്ചു നടക്കുന്ന കാലത്തു പെട്ടന്നാണ് ഒരു ട്വിസ്റ്റ്, സീൻ കോണ്ട്രാ, വല്യ കോണ്ട്രാ. അടിയും തെറിയും കൊള്ളുന്ന എനിക്കോ നാണമില്ല….. പക്ഷെ അനർഗള നിർഗളം നിർലോഭമായ ഇതൊക്കെ തരുന്ന നമ്മുടെ പിതാ-മാതാശ്രീക്കും പിന്നെ വീട്ടുകാർക്കും വേണ്ടേ മേൽ പറഞ്ഞ സാധനം.

വൈകിയാണേലും അവരതു തിരിച്ചറിഞ്ഞു. വലുതാണൽ പെണ്ണുകെട്ടിക്കാരുന്നു എന്ന് പറയും, ചെറുതാണെലോ? പിടിച്ചു നഴ്സസറീൽ ചേർക്കും അത്രയെന്നെ. അതെ നഴ്സസറീൽ തന്നെ പിടിച്ചു ചേർത്ത് കളഞ്ഞു.

പോയില്ലേ, എല്ലാം പോയി. എന്റെ ചെറിയ മനസ്സ് വലുതായിട്ടു തന്നെ തകർന്നു. നല്ലൊരു അസ്സൽ നഴ്സറി ദുരന്തം കേറിപ്പോയതിന്റെ ക്ഷീണം മാറിയില്ല, അപ്പോഴേക്കും ദാ വരുന്നു അടുത്തത്(ആ ദുരന്ത കഥ പിന്നെ പറയാട്ടാ).

ഇത്തവണ വീട്ടിലാകെ കരഞ്ഞു നിലവിളിച്ചു ഓടിനടന്നു, ഇനി ഞാൻ ഒരു കുരുത്തക്കേടും ഉണ്ടാക്കില്ലാന്നും നല്ല കുട്ടിയായി ഇരുന്നോളാന്നും പറഞ്ഞു അമ്മേന്റെ കാലു വരെ പിടിച്ചു കരഞ്ഞു. അനുഭവം “കുരു” എന്നത് അമ്മാജിക്ക് നല്ലപോലെ പഴയ എന്റെ നഴ്സറി അനുഭവത്തിൽ നിന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ ഇത്തവണ മനസ്സലിവിന് ഒരു ചാൻസും ഇല്ല. ചുരുക്കി പറഞ്ഞാൽ എന്റെ കുഴി ഞാൻ തന്നെ നല്ല അസ്സലായിട്ടു തോണ്ടി. മുറിവിൽ ഉപ്പ് തേക്കുന്ന പോലെ അമ്മേന്റെ വക ഇനി നിന്റെ കളിയെല്ലാം കാണാല്ലോ എന്ന ഒരു പഞ്ച് ഡയലോഗ് ഡെലിവറി കൂടി ആയപ്പോ എന്നെയിതാ കൊണ്ടുപോണ എന്ന അവസ്ഥയിലായി ഞാൻ.



ഹും അമ്മയാണത്രെ അമ്മ. അപ്പൊ ഇനി കരഞ്ഞു വെർതെ കണ്ണീരു വേസ്റ്റ് ആക്കണ്ടാന്നു വിചാരിച്ചു കുറച്ചു പിന്നത്തേക്കു റിസർവ് ചെയ്തു. എന്തേലും യൂസ് ആയാലോ, അല്ല ഇനി ശെരിക്കും ബിരിയാണി കൊടുത്താലോ….

എന്തായാലും നാളെ എന്തേലുമൊക്കെ നടക്കും. അങ്ങനെ സംഭവ ബഹുലമായ നാളെ വന്നുചേർന്നു. റിസേർവ് ചെയ്ത ബാക്കി കണ്ണീരു രാവിലെ തന്നെ അങ്ങ് പുറത്തേക്കു വിട്ടു. ആര് കാണാൻ. ഇനി രക്ഷയില്ല എന്ന് അപ്പോഴത്തേക്കും മനസ്സിലായി. ഇനിയിപ്പോ പോവുന്ന വഴിക്കു തെളിക്കുക തന്നെ. അച്ഛൻ എന്നെ കെട്ടിയെടുക്കാൻ ബിജുവേട്ടന്റെ ഓട്ടോറിക്ഷ വിളിച്ചോണ്ട് വന്നു. നടക്കാനുള്ള ദൂരമേയുള്ളൂ. അങ്ങനെ ഓട്ടോയിൽ കേറി നഴ്സറി സ്കൂളിലേക്ക്.

നഴ്സറി കാണ്ഡം രണ്ടാം അദ്ധ്യായം ഒന്നാം ഭാഗം. **********************************************

നഴ്സറീടെ മുന്നിൽ ഓട്ടോറിക്ഷ ബ്രേക്ക് ഇട്ടു. ഏതോ ഒരു അന്യഗ്രഹ ലോകത്തിൽ എത്തിച്ചേർന്ന ഒരനുഭവം ആയിരുന്നു അവിടെ എത്തിയപ്പോ. ഇതെന്താപ്പാ ഇവിടെ നടക്കുന്നെ?

ഓട്ടോ ഇറങ്ങി അച്ഛന്റെ കൈയ്യും പിടിച്ചു നേരെ നഴ്സറി ആപ്പീസിലേക്കു കേറിചെന്നു. പറയാൻ മറന്നുപോയി, ആ നഴ്സറി അച്ഛന്റെ ഫ്രണ്ടിന്റെയായിരുന്നു. ചിരികൊണ്ടാരു വരവേൽപ്പ്, എന്തരാണല്ലേ. ആ ഇതാര്, അച്ചൂസേ എന്നെ മനസ്സിലായോ ആരാന്ന്. സങ്കടഭാവം തൽക്കാലം മാറ്റിവെച്ചു ഒരു വളിച്ച ചിരി അങ്ങ് വെച്ച് കൊടുത്തു. അല്ലാ പിന്നെ.

“ടീച്ചറെ അച്ചൂനെ എൽകെജിയിൽ ഇരുത്തിക്കോ” എന്ന് നീട്ടിയൊരു പറച്ചിലിൽ എന്റെ ചിരി അങ്ങ് കാറ്റ് കൊണ്ടായി. പിന്നേം പണിയായി. എന്ത് തേങ്ങയാണാവോ ഇനി നടക്കാൻ പോണത്. ഞാൻ അച്ഛനെ ദയനീയമായി ഒന്ന് നോക്കി. എവിടെ, കണ്ട ഭാവമില്ല. പിന്നെ ഒരു സീൻ ഉണ്ടാക്കാനൊന്നും പോയില്ല, മര്യാദരാമനെപ്പോലെ വേറെ ഒരു ടീച്ചറിന്റെ പിന്നാലെ പോയി, ഇടയ്ക്ക് അച്ഛനെ തിരിഞ്ഞു നോക്കിക്കൊണ്ട്. അല്ല അതും ഒരു ആശ്വാസം…

അങ്ങനെ എൽ കെ ജിയിൽ കാലെടുത്തു വെച്ചു.

എന്തോന്നെടെ ഇത്, ഒരു പൂരത്തിനുള്ള പിള്ളരുണ്ടല്ലോ ദൈവമേ അതിനകത്തു… ജന്മസഹജമായി ആളെക്കാണുമ്പോഴുള്ള ചമ്മൽ പുറത്തു ചാടാൻ തുടങ്ങി. എന്റെ തടീം ഉയരവും ഒക്കെ കാൽക്കുലേറ്റ് ചെയ്ത ടീച്ചർ എന്നെ പുറകിൽ തന്നെയിരുത്തി. അവിടുന്ന് നോക്കിയാൽ ആപ്പീസ് കാണാം. ഞാനെത്തിനോക്കി, അയ്യോ അച്ഛനെ കാണാനില്ല, ഒന്നൂടെ നോക്കി. ഇല്ല, അച്ഛൻ എവിടേം ഇല്ല. റിസേർവ്ഡ് കണ്ണീർ വീണ്ടും ചാടാൻ തുടങ്ങി.

അയ്യേ, കണ്ട്രോൾ, കണ്ട്രോൾ ആൾക്കാരുടെ മുന്നിൽ നിന്ന് കരഞ്ഞു നാണക്കേട് ആക്കണ്ട എന്ന് തലച്ചോർ പറഞ്ഞു… പക്ഷേ ഹൃദയം മനസ്സിലാക്കേണ്ട പ്രായം ഒന്നുമല്ലല്ലോ.
ഒരൊറ്റ കരച്ചിൽ അങ്ങ് വെച്ച് കൊടുത്തു. ആരൊക്കെയോ വന്നു സമാധാനിപ്പിക്കുന്നുണ്ട്. അതൊന്നും നമ്മളെ ഏശുന്നപോലുമില്ല. എനിക്കിപ്പ വീട്ടിൽ പോണം എന്നെ വീട്ടിക്കൊണ്ടാക്കോ. സീൻ കോണ്ട്ര. ഞാൻ കോണ്ട്ര ആക്കി.

കരഞ്ഞു കരഞ്ഞു നേരം ഉച്ചയാക്കി. അപ്പോഴേക്കും ഞാൻ ഒരു വിധം ലെവൽ ആയിരുന്നു. ദാ പെട്ടന്ന് ടീച്ചർ വരുന്നു, എന്റെ കൈപിടിച്ച് നേരെ ആപ്പീസിലേക്ക് നടന്നു.

ദാ നിക്കുന്നു. നമ്മുടെ പിതാശ്രീ. ചത്തോന്നറിയാൻ വന്നതാണോ എന്ന ഭാവത്തിൽ ഞാൻ ഒരു നോട്ടം പാസ്സാക്കി. “അച്ചു ഇന്ന് പൊക്കോട്ടാ, നാളെ വൈകുന്നേരമേ വിടൂ, വരുമ്പോ ചോറൊക്കെ എടുത്തിട്ട് വരണം കേട്ടോ” എന്ന് ടീച്ചറിന്റെ വക ഒരു ഉപദേശം. ഒരു വലിയ തലവേദനക്ക് താൽക്കാലിക ആശ്വാസത്തിന്റെ മേമ്പൊടി ചാലിച്ച് കിട്ടി.

വീട്ടിലേക്കു പോവാൻ ബിജു ഏട്ടന്റെ ഓട്ടോയിൽ കേറുന്നേന്റെ മുന്നേ തന്നെ ഞാൻ എന്റെ ഘോരമായ പ്രസ്താവന ഇറക്കി, “ഞാൻ നാളെ വരൂല്ല, ഞാൻ വരൂല്ലാന്നു പറഞ്ഞാ വരൂല്ല.” “ആഹാ, നിന്റെ കല്പന ആയിരിക്കണ്ടേ, കാണാല്ലോ നമുക്ക്. നിന്നെ കെട്ടിവലിച്ചു കൊണ്ടാവും. വെറുതെ വാശി പിടിക്കാൻ നിക്കണ്ട.” അച്ഛന്റെ കൗണ്ടർ ഇടിത്തീ പോലെ എന്റെ തലയിൽ വീണു. ഞാൻ ചിണുങ്ങി “ഞാൻ പോവൂല്ല.”

വീട്ടിൽ എത്തി, കരഞ്ഞു നിലവിളിച്ചു നടന്നത് കൊണ്ടും ഭയങ്കര വിശപ്പായതു കൊണ്ടും നേരെ അമ്മന്റടുത്തേക്കു ഓടി. ഇനി എന്തായാലും നാളെ നോക്കിയാ മതിയല്ലോ. ഫുഡ് അടിയും കുരുത്തക്കേടുകളും അതിനുള്ള പതിവ് അടിയും വാങ്ങിച്ചു കൂട്ടി അന്നത്തെ ദിവസം ദേ പോയി പിറ്റേന്ന് രാവിലെ ദാ വന്നു.

അമ്മ രാവിലെ തന്നെ വിളിച്ചെണീപ്പിച്ചു പല്ലൊക്കെ തേപ്പിച്ചു, കുളിപ്പിച്ചു ചായേം കുടിപ്പിച്ചു കുട്ടപ്പനാക്കി നിർത്തിച്ചു. ബിജു ഏട്ടന്റെ ഓട്ടോ മുറ്റത്തെത്തി. “അച്ചു വേഗം ഇറങ്ങിക്കോ, ഇതാ വണ്ടി വന്നു. ഇന്നും കൂടിയേ വണ്ടി വരുള്ളൂ, നാളെ മുതൽ നടന്നിട്ടാണ് പോവണ്ടത്” എന്നും പറഞ്ഞു അച്ഛൻ റൂറൂമിലേക്ക് നടന്നു വന്നു.

“എവിടെ, അച്ചു എവിടെ, ഉഷേ അച്ചു എവിടെപ്പോയി?” “റൂമിൽ ഇരുന്നു കരഞ്ഞാണ്ടിരിക്കുന്നുണ്ടായിരുന്നല്ലോ.” അമ്മേന്റെ മറുപടി.

ആകെ പ്രശ്നമായില്ലേ, സംഗതി എന്താ, എന്നെ കാണ്മാണ്ടായി…..

അങ്ങനെ അച്ഛനും അമ്മയും ഇളയച്ഛനും മൂത്തമ്മയും വല്യച്ചനും വല്യമ്മയും ഏട്ടനും (കൂട്ട് കുടുംബം ആണേ) എല്ലാവരും തിരയാലോ തിരയൽ, റൂമെല്ലാം നോക്കുന്നു, വാതിലിന്റെ പുറകിൽ നോക്കുന്നു, തട്ടിൻ പുറത്തു നോക്കുന്നു… ഹോ ഒന്നും പറയണ്ടാ, ആകെയൊരു ബഹളം.
എന്നാലോട്ടു എന്നെ കിട്ടിയോ, അതുമില്ല. കാണാതായ എന്നെ കണ്ടു കിട്ടിയില്ലാന്നു….

“ഇവിടുണ്ട് ഇവിടുണ്ട്” ഏട്ടന്റെ ശബ്ദം ആണ്. ജീവിക്കാൻ സമ്മതിക്കൂല്ല അല്ലെ? ; ; ജാങ്കോ ഞാൻ രാവിലെ തന്നെ പെട്ടു. മര്യാദക്ക് ഒന്ന് ഒളിക്കാനും സമ്മതിക്കൂല്ല. അപ്പൊ എന്താ സംഭവം, കല്ല് ഉയർത്തിക്കെട്ടിയ കിണറ്റിന്റെ കരയിൽ ഒളിച്ചിരിക്കുവാരുന്നു ഞാൻ.

എല്ലാരും ആശ്വാസത്തോടെ ഓടി വന്നപ്പോ പിതാവ് ഓടി വന്നത് കൈയ്യിൽ നല്ല ഒരു വടിയുമായിട്ടായിരുന്നു. ഒരു അടി ദൂരെ നിന്ന് തന്നെ ഞാൻ മണത്തു. ശരീരത്തിന് റിഫ്ലക്സ് പവർ കുറവായതു കൊണ്ട് തന്നെ, അമ്മേന്റെ പുറകിൽ ഒളിക്കുന്നതിനു മുൻപേ തന്നെ അടി ചന്തിക്കു വീണിരുന്നു (ചന്തി അശ്ലീലം ആയവർക്ക് കുണ്ടി എന്ന് വായിക്കാം). അതും പോരാഞ്ഞു എന്നെ തൂക്കിയെടുത്തു നേരെ റിക്ഷ ലക്ഷ്യമാക്കി അച്ഛൻ നടന്നു…

ഞാൻ നന്നായിട്ടു തന്നെ കുതറി മാറിക്കൊണ്ടിരുന്നു. എവിടെ, പിതാശ്രീ വിടാൻ യാതൊരു ഉദ്ദേശവും ഇല്ല. പക്ഷേ എന്റെ തടിയും പിന്നെ കിടന്നുള്ള ഈ കുതറലും ഒക്കെ കൂടി അച്ഛൻ ഒന്ന് ക്ഷീണിച്ചു പോയി. അപ്പൊ ദാ സപ്പോർട്ടിനായി ബിജു ഏട്ടൻ വരുന്നു, അച്ഛൻ പിടുത്തം ഒന്ന് അയച്ചു എന്ന് തോന്നിയ ആ നിമിഷം തന്നെ കാല് ശക്തിയിൽ ഞാനൊന്ന് കുടഞ്ഞു. കാല് എവിടെയോ പോയി തട്ടി എന്തോ വീഴുന്ന ശബ്ദം ഞാൻകേട്ടു…..

പക്ഷെ രക്ഷയില്ല, എന്നെ എങ്ങനെയൊക്കെയോ റിക്ഷക്കകത്തു കേറ്റിക്കളഞ്ഞു. ഇനി രക്ഷയില്ല, അനുസരിക്കുക തന്നെ. പോട്ട് പുല്ല് എന്ന ഭാവത്തിൽ ഞാൻ ഓട്ടോയിലിരുന്നു. നഴ്സറി എങ്കിൽ നഴ്സറി. ഇനി സീൻ ആക്കീട്ടു നോ യൂസ്. അങ്ങട് പോവുക തന്നെ.

അല്ല ഇതെന്താ കഥ, കുറേനേരമായിട്ടും ഓട്ടോ എടുക്കുന്നില്ല. ഞാൻ തല പുറത്തേക്കിട്ടു ഒന്ന് നോക്കി. ദാ ഇരിക്കുന്നു ബിജു ഏട്ടൻ വീട്ടിന്റെ മുറ്റത്ത്. നോക്കുമ്പോ ബിജു ഏട്ടന്റെ ഇടത്തെ കെ അച്ഛൻ സപ്പോർട്ട് ചെയ്തു പിടിച്ചിരിക്കുന്നതാണ്….

Recap: കൈയ്യും കാലുമിട്ടടിക്കുമ്പോ ‘എവിടെയോ’ കൊണ്ടെത് അങ്ങനെ എവിടെയോ ആയിരുന്നില്ല. ബിജു ഏട്ടന്റെ കൈയ്യിലായിരുന്നു ആ കനപ്പെട്ട ചവിട്ടു വീണത്…

എന്നിട്ടെന്തായി, ആ ചവിട്ടിൽ ബിജു ഏട്ടൻ താഴെ വീണു. ചവിട്ടിലും വീഴ്ചയിലും കൈക്ക് നല്ല പണി കിട്ടി. അവസാനം ബിജു ഏട്ടനെ ആശുപത്രീൽ കൊണ്ടാവാൻ വേറെ ഒരു റിക്ഷ വരേണ്ടി വന്നൂന്ന്. ശ്ശോ, എന്താല്ലേ…..

ഞാൻ പെരുത്ത് ഹാപ്പി, അന്ന് നഴ്സസറീൽ പോവേണ്ടി വന്നില്ലാന്ന്…

written by Angel………

(a spiritual being in some religions who is believed to be a messenger of God, usually represented as having a human form with wings)

Comments:

No comments!

Please sign up or log in to post a comment!