പെരുമഴക്ക് ശേഷം 3

പ്രിയമുളളവരേ

നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി…. അഭിപ്രായങ്ങൾക്ക് മറുപടി എഴുതാത്തത് ജാഡ കൊണ്ടല്ല….. മുൻ അധ്യായത്തിൽ പറഞ്ഞതാണ് കാര്യം…. എല്ലാ പ്രോത്സാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി…. തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്…… അടുത്ത ഭാഗത്തിലേക്ക്….

ഇതിനിടെ വീട്ടിലേക്കുള്ള എന്റെ ബന്ധം ഹോസ്റ്റലിലെ ഫോണിലൂടെ വളരെ ഊഷ്മളമായിരുന്നു…. അച്ഛനോട് അടുത്ത് ഇടപഴകാൻ ഫോണിലൂടെ ആണെങ്കിലും കഴിഞ്ഞില്ല… ഒരു നേരിയ കുറ്റബോധം…. പക്ഷെ ആന്റിയും സുധയും ദിവ്യക്കുട്ടിയുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു …. അതവർക്കെല്ലാം വലിയ സന്തോഷവുമായിരുന്നു….. **** ***** *****

അങ്ങിനെ ആ സ്‌കൂൾ വർഷവും പരീക്ഷയും കഴിഞ്ഞു… ക്ലാസ് പിരിയുമ്പോൾ വലിയ വിഷമം ഉണ്ടായിരുന്നു…. കാത്തി മിസ്സിന്റെ ഏദൻ തോട്ടത്തിൽ രൂപയും ഞാനും മിസ്സും കൂടി ഒരു ദിവസം അടിച്ച് പൊളിച്ചിട്ടാണ് പിരിഞ്ഞത്…. അപ്പോഴേക്കും അച്ഛന്റെ നിർദ്ദേശാനുസരണം വീട്ടിലെത്തേണ്ട സമയം ആയിരുന്നു…. പിറ്റേന്ന് കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ തന്നെ നേരിട്ട് വന്നു…. ഒൻപത് കൊല്ലം താമസിച്ച ഹോസ്റ്റലിനും പഠിച്ച സ്‌കൂളിനും വിട …. എന്റെ ബാഗും കിടക്കയുമെല്ലാം കാറിൽ കയറ്റി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…..

യാത്ര….. ഓർമ്മകളുടെ ഭൂതകാലത്തേക്ക്….. കുറച്ച് നാൾ വരെ ഓർമിക്കുമ്പോൾ ഭയമോ…. വിരക്തിയോ തോന്നിയിരുന്ന സ്വന്തം നാട്ടിലേക്കുള്ള യാത്ര….. ഇപ്പോൾ അത്തരം ചിന്തകൾ ഒന്നുമില്ല…. എന്തിനെയും നേരിടുവാനുള്ള കരുത്ത് ഈ ചെറിയ നാളുകൾ എനിക്ക് നൽകിയിരുന്നു…. ഒരിക്കലും കാരണമില്ലാതെ മുഖത്ത് പ്രത്യക്ഷപ്പെടാതിരുന്ന ചിരി എന്റെ മുഖത്ത് സദാ വിരിയുന്നുണ്ട് …. അത് മുൻപ് എന്നെ പരിചയമുണ്ടായിരുന്ന പലരെയും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു….. മാത്രമല്ല എന്നോട് വിഷ് ചെയ്യുവാൻ പോലും മടിച്ചിരുന്ന പലരും ഇപ്പോൾ എന്റെ അടുത്ത് ഫ്രീ ആയി ഇടപെടുന്നു…. ഓർമ്മകൾ അതിന്റെ സ്വാഭാവിക കല്ലറയിൽ അടക്കം ചെയ്യപെട്ടിരുന്നു…. ഓരോ നിമിഷവും ഓരോരുത്തർ…. അവരുടെ കഥകൾ …. അവരുടെ സ്വഭാവങ്ങൾ… എല്ലാം എന്റെ ഭൂതകാലത്തിന് മീതെ സന്തോഷത്തിന്റെ ഒരു പരവതാനി വിരിച്ചു …… എന്റെ പതിവ് ദിനചര്യകളും പഠനവും വായനയും ഉറക്കവും ഒഴികെയുള്ള മിക്ക സമയങ്ങളിലും ആരെങ്കിലും എന്നോട് കൂടെ ഉണ്ടായിരുന്നു…. സ്‌കൂളിലെ ഫ്രീ സമയം മുഴുവൻ രൂപ എന്നെ പിന്തുടർന്ന്…. .അവളുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്…. എന്റെ സ്വപ്നത്തിലെ മുഖം തിരഞ്ഞ് നടക്കലാണിപ്പോൾ ജോലി….

സ്‌കൂളിലെ കാണാൻ കൊള്ളാവുന്ന എല്ലാ പെൺകുട്ടികളെയും അവൾ എനിക്ക് കാണിച്ച് തന്നു…. അതൊന്നുമല്ല എന്ന് പറയുമ്പോൾ അവൾ നിരാശയാകും…. പിന്നെ അതിന്റെ തമാശ ഓർത്ത് ഞങ്ങൾ പൊട്ടിച്ചിരിക്കും….

വീണ്ടും ഓർമ്മകളുടെ നാട്ടിലേക്ക്…. നാട്ടിൽ വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ എനിക്ക് ഒറ്റ സുഹൃത്തുക്കൾ പോലുമില്ല എന്നതാണ്…. എട്ട് വയസ്സ് വരെ സ്വന്തം സഹോദരങ്ങൾ കൂടെ ഉണ്ടായിരുന്നതിനാൽ മറ്റ് ബന്ധങ്ങൾ ഒന്നും

വേണ്ടായിരുന്നു….. ആ ദിവസത്തിന് ശേഷം വർഷങ്ങളോളം എനിക്ക് സുഹൃത്തുക്കളേ ആവശ്യമില്ലായിരുന്നു…. പക്ഷെ ഇപ്പോൾ…..

ഉണ്ണീ….. അച്ഛന്റെ വിളിയാണ് എന്നെ ഉണർത്തിയത്….

അച്ച…..

കുറച്ച് കാലം കൊണ്ട് കുറേ സുഹൃത്തുക്കൾ ഉണ്ടായല്ലേ …. അവരെ പിരിയുന്നതിൽ വിഷമം കാണും….

ഓഹ് അങ്ങിനെ ഒന്നുമില്ലച്ചാ…..

എന്നാലും…. മിസ്സിസ് കാതറീനും…. രൂപയുമെല്ലാം മിസ് ചെയ്യുന്നുണ്ടാകുമല്ലേ…..

അച്ഛനിതെങ്ങിനെ…

അറിയാമെന്നാണോ…? ഉണ്ണീ…?

അതെ….

നിന്നെ അന്നാ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ അന്ന് തന്നെ മിസ്റ്റർ എഡ്‌വിൻ എന്നെ വിളിച്ചിരുന്നു…. പിന്നീട് പലപ്പോഴും… സ്‌കൂളിൽ നിന്നായിരിക്കും നമ്പർ എടുത്തത്…. നിന്റെ മാറ്റങ്ങൾ എല്ലാം ഞാനറിയുന്നുണ്ടായിരുന്നു…..

അച്ഛാ…. എനിക്കറിയാം ഉണ്ണീ….

മിസ്റ്റർ എഡ്‌വിനും ഭാര്യയും ചെയ്തത് വർഷങ്ങൾക്ക് മുൻപേ എനിക്കും ചെയ്യാമായിരുന്നു…. ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച എനിക്കതിന് കഴിയുമായിരുന്നു…. പക്ഷേ എന്നോട് സംസാരിക്കാൻ നീയിപ്പോൾ അനുഭവിക്കുന്ന ഒരു കുറ്റബോധമുണ്ടല്ലോ ….. അതെന്നെ അന്നേ കീഴ്പെടുത്തി ഇരുന്നു…..

അച്ഛാ… ഞാൻ ഞടുങ്ങിപ്പോയി…. മറ്റെല്ലാവരോടും ഫ്രീ ആയി ഇടപഴകി തുടങ്ങി എങ്കിലും അച്ഛനോട് എനിക്കതിന് കഴിഞ്ഞിരുന്നില്ല…. എന്തോ തിരിച്ചറിയാനാവാത്ത ഒരു കുറ്റബോധം…. പക്ഷെ അച്ഛനത് മനസ്സിലായിരിക്കുന്നു….. അതാണെന്നേ ഞടുക്കിയത്….

ഉണ്ണീ … നീ ഞെട്ടണ്ട…. നിനക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിപ്പിച്ച നിന്റെ ആന്റിയോടും കുഞ്ഞങ്ങളോടും വരെ നീ ഫ്രീ ആയപ്പോളും എന്നോട് ഇടപഴകാൻ നിനക്ക് മടിയായിരുന്നു…. എന്റെ ഭാഗത്തും തെറ്റുണ്ട്… ഒരു ആൺ കുട്ടിയുടെ സ്വഭാവം പരുവപ്പെടുമ്പോൾ കൂടെയുണ്ടാകേണ്ടതാണ് അച്ഛൻ….. അതിന് എനിക്ക് കഴിഞ്ഞില്ല….

ഏയ് അതൊന്നും സാരമില്ല അച്ചാ…. പിന്നെ അവരെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല എന്നച്ഛനെന്താ തോന്നിയത്….
അങ്ങിനെ ഉണ്ടായെങ്കിൽ അവർക്കത് ഫീൽ ചെയ്തിട്ടുണ്ടാവുമല്ലോ….

ശരിയാണ്…. നിനക്കോർമ്മയുണ്ടോ…? അന്ന് അവധിക്കാലം പോലും വേണ്ടെന്ന് വച്ച് നീ പാട്ട് ക്ലാസ്സെന്നും പറഞ്ഞ് പോന്നത് ….. അതും അവർ ആ വീട്ടിൽ വന്നിട്ട് നീ ആദ്യം വരിക ആയിരുന്നു…. എന്നിട്ടും…. അതവർക്ക് നല്ല പോലെ വേദനിച്ചു…. പിന്നെ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് വരെ നിന്റെ സ്വഭാവവും…. നിന്റെ വേദനകളുടെ ആഴം എനിക്കറിയാമായിരുന്നതിനാൽ ഞാനവരെ

ആശ്വസിപ്പിച്ചു….. ഇപ്പോൾ അവർ വളരെ സന്തോഷത്തോടെ നിന്നെ കാത്തിരിക്കുകയാണ്…. നിനക്കറിയാമായിരിക്കും….

അറിയാമച്ഛ …. എനിക്കെല്ലാം ഇപ്പോൾ അറിയാം…. എന്റെ വേദനകളെക്കാൾ ഞാൻ വേദനിപ്പിച്ചതാണ് അധികമെന്നും അറിയാം…. അതെല്ലാം മാറും അച്ഛാ… ഇനി

നന്ന്…. പിന്നെ വരുന്ന തിങ്കളാഴ്ച നിന്റെ പിറന്നാളാണ്…. പിന്നത്തെ വ്യാഴാഴ്ച സുധയുടെയും… വീട്ടിലെന്തോ ആഘോഷങ്ങൾ ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട്… ഒപ്പം ഒരു യാത്രയും…. നീ വേണം എല്ലാം പ്ലാൻ ചെയ്യാനും മുൻപിൽ നിൽക്കാനും….

ശരി അച്ഛാ…

യാത്ര അവർക്കും നിനക്കും ഒരു പുതിയ അനുഭവമായിരിക്കും…. പക്ഷെ….. എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട് അതിനാണ് ഒരു യാത്ര പ്ലാൻ ചെയ്തത്….

അതിനെന്തിനാ അച്ഛാ ഒരു യാത്ര ഒക്കെ…. അച്ഛന് പറയാനുള്ളത് ഇപ്പോൾ പറയാമല്ലോ….

ഇപ്പൊ വേണ്ട …. അതിന് അതിന്റേതായ സമയമുണ്ട്….

അങ്ങിനെ പലതും സംസാരിച്ച് ഞങ്ങൾ വീട്ടിലെത്താറായി…. ജംങ്ക്ഷനിൽ തിരിയുമ്പോൾ ഞാൻ പറഞ്ഞു

അച്ഛാ ഒന്ന് നിർത്ത്

എന്താ…?

അവർക്ക് എന്തെങ്കിലും വാങ്ങാം …. മധുരം

ശരി …. പൈസ ഇന്നാ.. .വണ്ടി ഒരു ബേക്കറിയുടെ മുൻപിൽ നിർത്തുമ്പോൾ അച്ഛൻ പറഞ്ഞു…..

വേണ്ടച്ഛാ … എന്റെ കയ്യിലുണ്ട്…..

ഞാനിറങ്ങി ബേക്കറിയിലേക്ക് നടന്നു …. കടക്കാരൻ തിരക്കിലാണ്….. വേറെ ആരൊക്കെയോ സാധനങ്ങൾ വാങ്ങുന്നുണ്ട്… ഞാൻ പുറത്തേക്ക് കണ്ണോടിച്ചു…. ഇടക്കിടെ വന്ന് പോകാറുണ്ട് എങ്കിലും നാട്ടിലെ മാറ്റങ്ങളൊക്കെ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്…. വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു…. എല്ലാ ഗ്രാമങ്ങളെയും പോലെ ആധുനികവത്കരിക്കപ്പെട്ടിരിക്കുന്നു…. തികച്ചും ഒരു ക്ഷേത്ര ഗ്രാമം ആയിരുന്നതിനാൽ വികസനം വളരെ ഇല്ലായിരുന്ന എന്റെ ഗ്രാമവും വളർന്നിരിക്കുന്നു…. വലിയ കല്യാണ മണ്ഡപവും ഷോപ്പിംഗ് കോംപ്ലക്സുമൊക്കെ ആയി നല്ല മാറ്റം… വിശ്വാസത്തിന് പരസ്യം നൽകുന്ന പുതിയ രീതി ഒട്ടനവധി

ആളുകളെ മറ്റെല്ലായിടത്തെയും പോലെ ഞങ്ങളുടെ ക്ഷേത്രത്തിലേക്കും ആനയിക്കുന്നുണ്ടാവും….
അതായിരിക്കും ഈ വികസനങ്ങളുടെ പിറകിൽ ഞാൻ വിചാരിച്ചു …..

ഇവിടെന്താ വേണ്ടേ …. എന്താ സ്വപ്നം കാണുകയാണോ…? കടക്കാരന്റെ വിളി എന്നെ ഞെട്ടിച്ച്…

ഏഹ് ….

അല്ല ഞാൻ രണ്ട് തവണ വിളിച്ചിരുന്നു…. അതാ…

ഓഹ് … ഞാൻ ദീർഘനിശ്വാസം വിട്ടു… ചേട്ടാ എനിക്ക് ഐസ്ക്രീം…. ഫാമിലി പാക്ക്…

ഏതാ വേണ്ടേ…. വാ നോക്കിക്കോ… അയാൾ അകത്തേക്ക് വിളിച്ച്….

അകത്തേക്ക് തിരിയവേ… ഞാൻ ഞെട്ടിപ്പോയി …… അവൾ അതേ …. അതവൾ തന്നെ…. അതേ നീണ്ട മുടി …. മെലിഞ്ഞ് നീണ്ട ശരീരം…. ഒരല്പം നീണ്ട മുഖം…. അല്പം തെളിഞ്ഞ കവിളെല്ലുകൾ…. തിളങ്ങുന്ന വലിയ കണ്ണുകൾ… ഞാൻ നോക്കി നിന്നുപോയി…. ഒരു നിമിഷം അവളെന്റെ നേരെ നോക്കി…. എന്തോ ഒരു അവിശ്വസനീയതയോടെ എന്നെ തുറിച്ച് നോക്കി…. പിന്നെ സ്വാഭാവികമായി ഉണ്ടായ നാണത്തോടെ മുഖം കുനിച്ച്‌ എന്നെ കടന്ന് പോയി…. ഞാൻ അവളെ തന്നെ നോക്കി നിന്നു …. അവൾ റോഡിലെത്തി ഒന്ന് തിരിഞ്ഞ് നോക്കി…. ഒരൊറ്റ നിമിഷം….. എന്റെ ശരീരമാകെ കുളിർ കോരി… . ചുറ്റുമുള്ളതെല്ലാം ഞാൻ മറന്ന് പോയി…. അവൾ നോട്ടം തിരിച്ച് പോയി… ഞാൻ അങ്ങിനെ തന്നെ നിന്ന് പോയി…

ഹെയ്…. ഹാലോ… കടക്കാരന്റെ ശബ്ദം…. നിങ്ങളെന്താ.. പെൺകുട്ടികളെ കണ്ടിട്ടില്ലേ….

ഇല്ല…

ങ്ഹേ …

അല്ല അതല്ല…

ഉം…… അയാളൊന്ന് ഇരുത്തി മൂളി… ഐസ്ക്രീം ഏതാ വേണ്ടത്…

ഒരു സ്ട്രോബറിയും…ഒരു ചോക്ക്ലേറ്റും ഞാൻ പറഞ്ഞു…

രണ്ടും ഫാമിലി പാക്കാണോ …?

അതെ….

ഐസ്ക്രീമും മറ്റ് ചില സാധനങ്ങളും വാങ്ങി ഞാൻ മടങ്ങി…. പിന്നീടുള്ള യാത്രയിൽ ഞാൻ നിശ്ശബ്ദനായിരുന്നു… എന്തോ അച്ഛനും ഒന്നും മിണ്ടിയില്ല…. എന്റെ മനസ്സിൽ ആ പെൺകുട്ടിയുടെ രൂപം ആയിരുന്നു….. ആരാണവൾ…. ഇവളെ അല്ലേ രൂപ സ്‌കൂൾ മുഴുവൻ തേടിയത് …. .അവളിവിടെ …. ആരായിരിക്കും …. ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു…. ഒപ്പം ഒരു ഞടുക്കവും … അവളിവിടുത്ത്കാരിയാണോ… എന്റെ പൂർവ്വകാലം അറിയുവാൻ കഴിയുന്നവൾ …. എന്റെ മനസ്സ് ആകുലതയാൽ നിറഞ്ഞു…..

ഉണ്ണീ….

ഞാൻ ഞെട്ടി അച്ഛനെ നോക്കി…

എന്തുപറ്റി….?

എന്താ?

എന്തുപറ്റി നിനക്കെന്ന്….

ഒന്നുമില്ല…..

എന്നാ ഇറങ്ങ് ….വീടെത്തി…

ഞാൻ പുറത്തേക്ക് നോക്കി…. വീട്ടുമുറ്റത്തെത്തിയിരിക്കുന്നു…. സുധയും ദിവ്യയും ചിരിയോടെ ഗ്ളാസ്സിൽ മുട്ടുന്നുണ്ട് …. .പെട്ടെന്നെന്റെ മുഖഭാവം കണ്ട് രണ്ടും ഒരടി പുറകോട്ട് വച്ച്… മുഖത്തെ ചിരി മാഞ്ഞു…. പെട്ടെന്നാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ച് വന്നത്….
അവരുടെ മുഖം ഇരുണ്ടിരിക്കുന്നു….. എന്റെ മുഖഭാവം അവരുടെ ഉള്ളിൽ എന്റെ പഴയ സ്വഭാവം ഓർമ്മിപ്പിച്ചു എന്ന് തോന്നുന്നു…. ങ്ഹാ…. ഒരു പണി കൊടുക്കാം…. ഞാൻ വാതിൽ തുറന്നു….

എന്താ… ഞാനവരോട് ചോദിച്ചു….

ഒന്നുമില്ല… അവർ ചുമൽ ചലിപ്പിച്ചു ….

പിന്നെ….

അവർ ഒന്നും മിണ്ടിയില്ല…. ഞാൻ എന്റെ ബാഗുമെടുത്ത് ബേക്കറിയിൽ നിന്ന് വാങ്ങിയ കവറുമായി അകത്തേക്ക് നടന്നു…. അവരുടെ രണ്ടുപേരുടെയും മുഖം മ്ലാനമായി…. സുധ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി… കൂടെ ദിവ്യയും…. പോയ പോക്കിന് ഉമ്മറത്തേക്ക് വന്ന ആന്റിയുടെ കൂട്ടിയിടിച്ചു ….

എന്താ പിള്ളേരെ ഇത്… നോക്കി നടന്ന് കൂടെ….

അമ്മക്കെന്താ കാണില്ലേ… സുധ തിരിച്ചടിച്ചു….

ആന്റി തരിച്ച് നിന്നുപോയി…. ഈ പെണ്ണിനിതെന്ത് പറ്റി ….

ഒന്നും പറ്റിയില്ല…. ഇനി പറ്റാതിരുന്നാ മതി … ദിവ്യ അതും പറഞ്ഞ് ചേച്ചിയുടെ പുറകെ പോയി…. ആന്റി അന്തം വിട്ട് ആ പോക്ക് നോക്കി നിന്നു ….. അവരുടെ മുറിയുടെ വാതിൽ ശക്തിയായി അടഞ്ഞു…. എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല…. എന്റെ ചിരി കേട്ട് ആന്റി തിരിഞ്ഞുനോക്കി …. ആന്റി എന്നെ അത്ഭുതത്തോടെ നോക്കി….. എന്റെ മുഖത്തെ ചിരി….

ഉണ്ണീ… എന്റെ ഉണ്ണീ നീയൊന്ന് ചിരിച്ച് കണ്ടല്ലോ…. അവർ അടുത്ത് വന്ന് കയ്യിൽ പിടിച്ചു …..ഉം…. വലിയ ചെറുക്കനായി …..

അത് ശരിയാണ് ആന്റിക്കിപ്പോൾ എന്റെ തോളൊപ്പമേ പൊക്കമുള്ളൂ….. ഈയിടെ ഞാൻ പെട്ടെന്ന് വളരുന്നുണ്ട്…. ഞാനോർത്തു….

ആന്റീ…

ഞാൻ വിളിച്ചു …. അവരെന്നെ മുഖമുയർത്തി നോക്കി …

സുഖമല്ലേ…..

പിന്നെ സുഖം…. നീ വാ……ആന്റിയെന്റെ കയ്യിൽ പിടിച്ച് വലിച്ചു …. ഈ പിള്ളേരെന്താ പിണങ്ങി പോയത്….

അത് ഞാനൊരു പണി കൊടുത്തതാ….

ങ്ഹേ ….

ഞാനൊന്ന് ചേട്ടനായതാ…. അവർ പേടിച്ച് പോയി…. ഹ ഹ ഹ

നീ വരുമെന്നും പറഞ്ഞ് ഇവിടെ ബഹളമായിരുന്നു അവർ…. നിന്റെ മുറി ക്ളീൻ ചെയ്യലും… അടുക്കി വക്കലും …. അടുക്കളയിൽ എന്നെ സഹായിക്കലുമെല്ലാമായി….. നിന്നെ കാത്തിരിക്കുകയായിരുന്നു….

അപ്പൊ എന്റെ പണി കൃത്യമായി ഏറ്റിട്ടുണ്ട് …. അവർക്ക് വിഷമം ആയി കാണും….

പിന്നല്ലേ…. എന്നും കാണാറില്ലേലും രണ്ടിനും നിന്നെ ജീവനാ …. ഇനിയെന്ത് ചെയ്യും….

അതൊക്കെ ഞാൻ നോക്കി കൊള്ളാം… ആന്റി വിഷമിക്കണ്ട…

ദേവി…. അച്ഛന്റെ വിളി…

വരുന്നു… ആന്റി അച്ഛന്റെ അടുത്തേക്ക് പോയി….

ഞാൻ മെല്ലെ അവരുടെ മുറിയുടെ വാതിലിൽ മുട്ടി….

സുധ… ഒരു അനക്കവുമില്ല…

സുധേ …. ഞാൻ ഉറക്കെ വിളിച്ചു … അകത്തേക്ക് വന്ന അച്ഛനും ആന്റിയുമെന്നെ നോക്കി… ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ചു …എന്നിട്ട് മുറിയിലേക്ക് പൊക്കൊള്ളാൻ ആംഗ്യം കാണിച്ചു …. അവർ പുഞ്ചിരിച്ചുകൊണ്ട് മുറിയിലേക്ക് പോയി….

എടീ സുധേ …… ഞാൻ ദേഷ്യം കയറിയ പോലെ വിളിച്ചു ….പെട്ടെന്ന് വാതിൽ തുറന്നു….

എനിക്ക് കുടിക്കാൻ കുറച്ച് വെള്ളം….. വേണം… മുകളിലേക്ക് കൊണ്ടുവാ …….. ഞാൻ ഗൗരവം വിടാതെ പറഞ്ഞ് ബാഗും കവറുകളും എടുത്ത് മുകളിലേക്ക് നടന്നു….

മുറിയിലെത്തി ബാഗ്‌ ഒളിപ്പിച്ച് ഞാൻ പുറത്തിറങ്ങി മറഞ്ഞിരുന്നു…. ഞാൻ വിചാരിച്ച പോലെ അവൾ ദിവ്യയെയും കൂട്ടി ഒരു ജഗ്ഗിൽ വെള്ളവും ഗ്ലാസ്സുമായി കയറി വന്നു…. മുറിയുടെ വാതിൽക്കൽ നിന്ന് പറഞ്ഞു…. ഇന്നാ വെള്ളം….

മറുപടി കേൾക്കാതെ വന്നപ്പോൾ മുറിയിലേക്ക് നോക്കി …. എന്നെയും ബാഗും കാണാത്തതിനാൽ മുറിയിലേക്ക് കയറി…. ദിവ്യ പുറത്ത് തന്നെ നിന്നു …… ഞാൻ മെല്ലെ പുറത്തിറങ്ങി ദിവ്യയുടെ പുറകിൽ നിന്നു …. സുധ മുറിയാകെ

നോക്കുന്നുണ്ട്… അവൾ എന്റെ ബാഗ് കണ്ടെത്തി… .ആദ്യം ബാത്ത്റൂമിലേക്കും പിന്നെ ഉണ്ണീ എന്ന് വിളിച്ചുകൊണ്ട് ദിവ്യയുടെ നേർക്കും നോക്കി … അപ്പോഴാണ് ഞാൻ ദിവ്യയുടെ പിറകിൽ ചിരിച്ച് കൊണ്ട് നില്കുന്നത് അവൾ കണ്ടത്…. ദിവ്യ ഇതുവരെ അറിഞ്ഞിട്ടില്ല….

ഞാൻ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു …. അവൾ ഒന്നും മനസ്സിലായില്ല എങ്കിലും അന്തം വിട്ടു നിന്നു …..

ഘ്രാ……… പെട്ടെന്ന് ഞാൻ ശബ്ദമുണ്ടാക്കി ദിവ്യയുടെ തോളിൽ പിടിച്ച് കുലുക്കി…. ഒന്ന് പേടിപ്പിക്കണമെന്നേ വിചാരിച്ചുള്ളൂ….. അവൾ ഞെട്ടി തിരഞ്ഞ് എന്നെ നോക്കി….. മുഖത്ത് പേടിച്ച് വിറച്ച ഭാവം….. പിന്നെ കണ്ണുകൾ രണ്ടും പിറകിലേക്ക് മറിഞ്ഞു….. അവൾ തളർന്ന് എന്റെ ദേഹത്തേക്ക് വീണു….. മുഖം ഒരു വശത്തേക്ക് കോടി…. ഞാനും ഞടുങ്ങി പോയി…. ദിവ്യാ… ഞാനുറക്കെ വിളിച്ചു …. സുധയും ഓടി എന്റെ അടുത്ത് വന്നു…. അവൾ ദിവ്യയെ വീഴാതെ താങ്ങി നിലത്ത് കിടത്തി….. എന്നിട്ട് ആന്റിയെ ഉറക്കെ വിളിച്ച് താഴേക്ക് പോയി…. ഞാൻ ഞടുക്കത്തിൽ തന്നെ ആയിരുന്നു.. അവളുടെ കൈകാലുകൾ വലിഞ്ഞ് നീണ്ടു…. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി…. വായിൽ നിന്ന് നുരയും പതയുമെല്ലാം വന്നു….

ദിവ്യാ….. മോളെ ദിവ്യാ……. ഞാൻ മുട്ടുകുത്തി അവളെ കുലുക്കി വിളിച്ച്…. ഇല്ല ഒരനക്കവുമില്ല…. അപ്പോഴേക്കും അച്ഛനും ആന്റിയും സുധയും ഓടി തിരിച്ചെത്തി…. ആന്റി ദിവ്യയുടെ കയ്യിൽ ബലമായി ഒരു ഇരുമ്പ് താക്കോൽ പിടിപ്പിച്ചു …… അവൾ മെല്ലെ ശാന്തയായി….. കൈകാലുകൾ അഴഞ്ഞു…. പിന്നെ മെല്ലെ ശ്വാസം സാധാരണ ഗതിയിലായി….. ഞാനെപ്പോഴും നിലത്ത് മട്ട് കുത്തി നിൽക്കുകയായിരുന്നു…. എന്റെ ശരീരം ആകെ വിയർത്ത് കുളിച്ചിരുന്നു….. കണ്ണുകൾ നിറഞ്ഞൊഴുകി….

ഇനി സാരമില്ല …. അച്ഛൻ പറഞ്ഞു…. അവളെ ആ കട്ടിലിൽ കിടത്തിക്കോ…. എല്ലാവരും അവളെ താങ്ങി അകത്തേക്ക് കൊണ്ട് പോയി എന്റെ കട്ടിലിൽ കിടത്തി…. ഫാനുമിട്ടു…

കുറച്ച് കിടക്കട്ടെ….. എണീക്കുമ്പോൾ താഴേക്ക് കൊണ്ട് പോകാം ….. എന്ത് പറ്റിയതാ സുധേ …. അവൾക്ക് കുറച്ച് കാലമായി കുഴപ്പമില്ലായിരുന്നല്ലോ….

അത്…. അത്.. ഉണ്ണി പിറകിൽ നിന്ന് പേടിപ്പിച്ചതാ….

ഇവനിതെന്തിന്റെ കേടാ…. അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു….

അതിനവനെ പറയണ്ട…. കൃഷ്ണേട്ടാ… ഉണ്ണിക്കറിയില്ലല്ലോ അവൾക്കിങ്ങനെ ഒരു അസുഖമുള്ളത്… അവൻ കളിയായി ചെയ്തതാവും…. വാ

എന്നാലും ….

ഒന്നുമില്ല കൃഷ്ണേട്ടാ…. അവൾ ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ തീരും… വാ….

ഞാനപ്പൊഴും അതെ ഇരുപ്പ് തുടരുക ആയിരുന്നു….. എന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് പിടികിട്ടിയില്ല….. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു…..

മോനെ…. ആന്റി എന്റെ അടുത്തിരുന്നു എന്നെ വിളിച്ച്…. ഞാൻ മെല്ലെ മുഖം ഉയർത്തി … എന്ത് പറയണമെന്ന് സംശയിച്ച് നിന്നു ….

മോൻ പേടിച്ച് പോയോ….. അവൾക്കിത് ഇടക്കിടക്ക് വരുന്നതാ…. അമിതമായി സന്തോഷിച്ചാലും സങ്കടം വന്നാലും പിടിച്ചാലും എല്ലാം ഇങ്ങിനുണ്ടാവും… കുറച്ച് നാളായി കുഴപ്പമില്ലായിരുന്നു…. ഇപ്പോൾ നീ വരുന്നു എന്നറിഞ്ഞ് അവൾ വളരെ സന്തോഷത്തിലായിരുന്നു….. അതിന്റെ പ്രശ്നമാ …. മോൻ പേടിക്കണ്ട…. അവൾ ഒന്നുറങ്ങിയാൽ ശരിയാകും… മോനെണീറ്റ് ഫ്രെഷാക് നമുക്ക് ഊണ് കഴിക്കാം….

എനിക്ക് അറിയില്ലായിരുന്നു…. ആന്റി … ഞാൻ വിങ്ങിപ്പൊട്ടി….

സാരമില്ലെടാ….. അവൾ നിന്റെ കുഞ്ഞിപ്പെങ്ങളല്ലേ…. നീ സങ്കടപ്പെടേണ്ടാ… അവൾക്കിപ്പോ സുഖാവും ….

ആന്റിയുടെ വാക്കുകൾ എന്നെ വീണ്ടും സങ്കടപ്പെടുത്തി…. എന്റെ കുഞ്ഞിപ്പെങ്ങൾ…. !!!!!!!!!!!!!!! ഞാൻ വീണ്ടും വിങ്ങിപ്പൊട്ടി…

സാരമില്ല ഉണ്ണീ. അവരെന്നെ പിടിച്ചുയർത്തി… എന്റെ കണ്ണ് തുടച്ചു…. എന്നിട്ടെന്നെ തള്ളി മുറിക്കകത്താക്കി….

കണ്ടില്ലേ.. .അവൾക്കൊരു കുഴപ്പവുമില്ല…ഒന്നുറങ്ങി എണീക്കുമ്പോൾ ശരിയാകും നീ വിഷമിക്കണ്ട….

സാരമില്ല ഉണ്ണീ നീ അറിഞ്ഞുകൊണ്ടല്ലല്ലോ… ? അച്ഛനെന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു…. നീ ഫ്രഷായി താഴേക്ക് വാ…. അവളെ ശല്യപ്പെടുത്തണ്ട… ഉറങ്ങട്ടെ…

അച്ഛനും ആന്റിയും പുറത്തേക്ക് പോയി…. ഞാൻ കസേര വലിച്ചിട്ട് കട്ടിലിന്നരുകിൽ ഇരുന്നു…. അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…. ക്ഷീണത്താൽ വരണ്ടിരിക്കുന്നു…. ചുവന്ന ചെറിയ ചുണ്ടുകളിൽ നേരിയ കറുപ്പ് നിറം പടർന്നിരിക്കുന്നു…. വായുടെ ഒരു വശത്ത് നിന്ന് താഴേക്ക് നുരയും പതയും ഒഴുകിയ പാട്…. ഉണങ്ങി പിടിച്ചിരിക്കുന്നു… ഞാൻ പെട്ടെന്ന് ബാത്ത്റൂമിൽ പോയി ഒരു ടവൽ നനച്ച് അവളുടെ മുഖവും കഴുത്തും തുടച്ച് വൃത്തിയാക്കി…. നേരിയ തണുപ്പടിച്ചപ്പോൾ അവളൊന്ന് അനങ്ങി.. പിന്നെയും ഉറങ്ങി….. പാവം …. നല്ല ക്ഷീണം കാണും…. ശ്രീദിവ്യ….. എന്റെ കുഞ്ഞിപ്പെങ്ങൾ….. എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു…. ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതെ കരഞ്ഞു….. എന്റെ തോളിൽ ഒരു കൈ പതിഞ്ഞു…

ഉണ്ണീ…. ഞാൻ തിരിഞ്ഞു…. സുധ…

സുധേ ഞാനറിയാതെ….

സാരമില്ലെടാ…. അവൾക്കിത് ഇടക്കിടക്ക് വരുന്നതാ…. ഇന്നിപ്പോൾ നീ കാരണമായെന്നേ ഉള്ളൂ….

എന്നാലും….

സാരമില്ലെടാ…. വാ നീ പോയി ഫ്രെഷാവ്….. അവർ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്നു…..

നീ പോയി കഴിച്ചോ…. ഞാൻ ദിവ്യക്കുട്ടി കൂടി എഴുന്നേറ്റിട്ട് കഴിക്കാം…. ഞാനവിടെ ബലം പിടിച്ചിരുന്നു…

അതൊന്നും വേണ്ടെടാ… അവൾ അര മണിക്കൂറിനകം എഴുന്നേൽക്കും…. പിന്നെ ഒരു കുഴപ്പവുമില്ല…. ഇങ്ങിനുണ്ടാവുമ്പോൾ വീഴ്ചയിലുള്ള പരിക്കാണ് പ്രശ്‍നം …. ഇത്തവണ നിന്റെ ദേഹത്തെക്കായതിനാൽ ഒരു കുഴപ്പവുമില്ല…. വാ നീ എഴുന്നേൽക്ക്… അവളെന്നെ ബലമായി വിളിച്ചെഴുന്നേല്പിച്ചു….

ഞാനെഴുന്നേറ്റ് ബാത്ത്റൂമിൽ കയറി ഫ്രഷായി….

ഉണ്ണീ… ഇന്നാ നിന്റെ ഡ്രസ്സ്………… …മാറാനുള്ള ഡ്രസ്സെടുത്ത് സുധ വാതിലിൽ തട്ടി… ഞാൻ വാതിൽ തുറന്ന് അത് വാങ്ങി….. ഡ്രസ്സ് മാറി… പുറത്തിറങ്ങി…. വീണ്ടും ദിവ്യയുടെ അരികിൽ വന്നിരുന്നു…. സുധ എന്റെ അരികിൽ വന്നു…

ഉണ്ണീ നിനക്ക് ഞങ്ങളെ ഇത്രക്ക് ഇഷ്ടമാണോടാ….

എനിക്കറിയില്ല… സുധ… ആയിരുന്നിരിക്കും…… ഞാനത് തിരിച്ചറിയാൻ ശ്രമിച്ചില്ല…. പക്ഷെ നിങ്ങളോടുള്ള ഫോൺ വിളിയും ദിവ്യയുടെ കുറുമ്പും എല്ലാം എനിക്കിഷ്ടമായിരുന്നു…. എത്ര വര്ഷങ്ങളാണ് ഞാനത് നഷ്ടപ്പെടുത്തിയതെന്ന് ഓർക്കുമ്പോളാണ് ഇപ്പോൾ സങ്കടം…. എന്റെ സ്വരം വിതുമ്പി….

പക്ഷെ എന്നോടോ ….? സുധ ചോദിച്ചു….

ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി…..

നിനക്ക് ദിവ്യയെ സ്നേഹിക്കാൻ കഴിഞ്ഞാലും എന്നെ സ്നേഹിക്കാൻ കഴിയുമോ….? ദിവ്യക്ക് നിന്റെ അനുമോളുടെ പ്രായവും സാമ്യവുമുണ്ട്…. പക്ഷെ ഞാനോ…. നിന്നോട് മത്സരിച്ചവൾ…. മനഃപൂർവ്വമല്ലെങ്കിലും നിന്നെ അപമാനിച്ചവൾ അല്ലെ… ?

എന്താണ് സുധ ഇത്…. നീ എന്നോട് മത്സരിക്കുകയോ…. ആ ഡിബെറ്റാണ് നീ ഉദ്ദേശിച്ചതെങ്കിൽ അത് എന്റെ മാത്രം പ്രശ്നമായിരുന്നു….. അതിൽ നിനക്കൊരു പങ്കുമില്ല…. ഞാനൊന്ന് നിർത്തി ……… സത്യത്തിൽ സമപ്രായക്കാരി ആയ നിനക്ക് എന്റെ മനസ്സിൽ എന്താണ് സ്ഥാനം എന്നറിയില്ല…. നീ പറഞ്ഞതുപോലെ ദിവ്യയെ കാണുമ്പോൾ അനുക്കുട്ടിയുടെ ഓർമ്മകളും വരാറുണ്ട്…. പക്ഷെ ഒന്നറിയാം നിങ്ങൾ മൂന്ന് പേർക്കും എന്റെ മനസ്സിൽ വലിയ സ്ഥാനമുണ്ട്…. നിന്റെ സ്ഥാനമെന്തെന്ന് നമുക്ക് പിന്നീട് കണ്ട് പിടിക്കാം … ഞാനെന്റെ ഫോമിലേക്ക് വന്നുകൊണ്ട് പറഞ്ഞു….

നീയെന്നെ വെറുക്കാതിരുന്നാ മതി … ഉണ്ണീ… ഈ വീട്ടിൽ താമസമാക്കിയതുമുതൽ നിന്നെ കുറിച്ചുള്ള വേവലാതി ആയിരുന്നു… ഇവിടെ അച്ഛനും അമ്മയ്ക്കും എല്ലാം… അത് ഞങ്ങളിലും ഒരു സഹതാപമാണ് ആദ്യം വളർത്തിയത്…. പക്ഷെ അന്ന് അവർ വന്ന ശേഷം … എല്ലാം മാറി മറിഞ്ഞു…. പിന്നെ നിന്റെ ഫോൺ വിളികളും…. നീ ഇപ്പോൾ ഞങ്ങളുടെ സഹോദരൻ തന്നെയാ….

ആര് വന്നു…. ഞാൻ അമ്പരപ്പോടെ തിരക്കി….

നിന്റെ മിസ്സും … ഒരു ഡോക്ടറും മകളും കൂടി ഇവിടെ വന്നിരുന്നു….

എന്ന് ….

രണ്ട് മാസം ആയി കാണും….

എന്നിട്ട് ആരും എന്നോട് പറഞ്ഞില്ലല്ലോ…. നിങ്ങളും അവരും…

പറയണ്ട എന്ന് അവരാ പറഞ്ഞത്…. അവരെവിടെയോ പോയ വഴി വന്നതാണെന്ന്….

അച്ഛനും അവർ ഫോൺ

എന്നിട്ട് ആരും എന്നോട് പറഞ്ഞില്ലല്ലോ…. നിങ്ങളും അവരും…

പറയണ്ട എന്ന് അവരാ പറഞ്ഞത്…. അവരെവിടെയോ പോയ വഴി

വന്നതാണെന്ന്….

അച്ഛനും അവർ ഫോൺ വിളിച്ച കാര്യം മാത്രമേ പറഞ്ഞുളളൂ ….

അതിൽ വലിയ കാര്യമൊന്നുമില്ല…. അവർ ഇവിടെ വന്നപ്പോൾ അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ല… ആകെ അര മണിക്കൂറാണ് അവരിവിടെ ഉണ്ടായിരുന്നത്…. പിന്നെ നിന്റെ ഇപ്പോഴത്തെ അവസ്ഥ മാത്രമേ അവർ സംസാരിച്ചിട്ടുള്ളൂ…. നിന്റെ മാറ്റവും …… നിന്റെ ഉള്ളിലെ സ്നേഹവും കരുതലും കൊതിക്കുന്ന മറ്റൊരു ഉണ്ണിയുടെ കാര്യം മാത്രമാണ് സംസാരിച്ചത്…. പിന്നെ….

പിന്നെ …

പിന്നെ…. നിനക്കറിയാത്ത നിന്നെ കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ ഇനിയും മറച്ച് വക്കരുത് എന്ന ഒരു ഉപദേശവും…..

ഉം….. ഇപ്പോഴത്തെ എന്നെ കണ്ടെത്തിയ ആളുകളാണ്…. സ്നേഹിക്കാനും കൂടെ നിർത്താനും കഴിവുള്ളവരും അതെന്നെ പഠിച്ചവരും…. ഞാൻ ദീർഘ നിശ്വാസം വിട്ടു….

ഉണ്ണീ….

എന്താടി….

എടാ അത്… അവളൊരു പരുങ്ങലോടെ നിർത്തി….

എന്താടി ഒരു കുനുഷ്ട് നിർത്തൽ…. എന്തെങ്കിലും കുഴപ്പമുണ്ടോ…..

അത് നീയാ പറയേണ്ടത്….

നീ കാര്യം പറ…. എന്നാലല്ലേ അറിയൂ….. എടാ അത്… നമ്മൾ തമ്മിലിതുവരെ അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ലാത്തതിനാൽ…..

ങ്ങും…. .മനസ്സിലായി…. പ്രേമം … അല്ലെടി….. അതും ഞാനും രൂപയും തമ്മിൽ….. അല്ലേടി ….

അവൾ അതെയെന്ന് തലയാട്ടി….. അവളുടെ മുഖത്ത് ഒരു ആകാംഷ…. എനിക്ക് ഉള്ളിൽ ചിരി വന്നു എങ്കിലും…. ഫോണിലൂടെ അല്ലാതെ സമപ്രായക്കാരിയോട് മനസ്സ് തുറന്നിടപഴകാൻ പറ്റിയ ഒരു കുറുക്ക് വഴിയായി രൂപയുടെ പേര്…. ഒരു പണി പറ്റിക്കാം…. ഞാൻ മനസ്സിൽ കരുതി…

നീ കരുതിയത് ശരിയാണ് സുധേ ….. അങ്ങിനെ പറ്റിപ്പോയി….. ഞാൻ പരമാവധി ഒഴിഞ്ഞതാ…. പക്ഷെ അവൾ….. ഇനിയിപ്പോ പറഞ്ഞിട്ടൊരു കാര്യവുമില്ല…. നീയാരോടും ഇപ്പോൾ പറയാൻ നിക്കണ്ട കേട്ടോ….. പ്ലീസ്… ഞാനൊരു കുറ്റവാളിയെ പോലെ പറഞ്ഞു….

ഹേയ് … ഞാനാരോടും പറയില്ല.. എനിക്കിതന്നേ തോന്നിയതാ….

എന്ന് …?

അന്ന് നിന്റെ സ്‌കൂളിൽ വച്ച്…. അവളുടെ ഒരു ദേഷ്യവും….ചാട്ടവും….. എന്നാലോ അതിനൊപ്പം നിറഞ്ഞൊഴുകുന്ന കണ്ണുകളും ഒക്കെ കണ്ടപ്പോഴേ ഒരു ഡൗട്ടടിച്ചതാ….. പിന്നെ അവളിവിടെ വന്നപ്പോ ഉള്ള ചോദ്യങ്ങളും കൂടി കേട്ടപ്പോൾ ഞാൻ ഉറപ്പിച്ചു ….

അവളെന്ത് ചോദിച്ചൂ …?

നിനക്കിവിടെ ഏറ്റവും ഇഷ്ടമാരെയാ…. നീ വരുമ്പോൾ ആരൊക്കെ ഇവിടെ വരാറുണ്ട്…. എന്നോടും ദിവ്യയോടും നിന്റെ പെരുമാറ്റം എങ്ങിനെ….. ഫോണിലെങ്ങാനും അവളുടെ കാര്യം പറയാറുണ്ടോ…. അങ്ങിനെ പലതും…. നിന്നെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണിലെ തിളക്കം കണ്ടാൽ അറിയാം…. നമുക്കെല്ലാം ഒരു പ്രായമല്ലേ…

എന്നിട്ട് നീയ് അവളോട് എന്ത് പറഞ്ഞു….

ഞാനെന്ത് പറയാൻ…. നീയിവിടെ വന്നാൽ ഈ മുറിയിൽ തപസ്സിരിക്കുവാണെന്ന് ഞങ്ങൾക്കല്ലേ അറിയൂ…. എന്നാലും…. നിനക്കെങ്ങനെ മനസ്സിലായെടീ… ഇനി നീയും വല്ലതും ഒപ്പിച്ചോ…? ഉള്ളിൽ ചിരിച്ച് കൊണ്ട് ഞാൻ തിരക്കി…..

ഒന്ന് പോടാ….. എനിക്കങ്ങിനെയൊന്നുമില്ല…. അവൾ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു….

മുഖത്ത് നോക്കി പറയടീ ….

അവൾ മെല്ലെ മുഖം തിരിച്ച് എന്നെ നോക്കി ….. പിന്നെ ഒരു വികൃതമായ ചിരി ചിരിച്ചു….

ഇനി പറ…. നിന്റെ മനസ്സിലെന്തോ ഉണ്ട്…. അതെന്താണെന്ന് പറ….

അവൾ എന്നെ തുറിച്ച് നോക്കി….. പിന്നെ അവളുടെ മുഖത്ത് ഒരു ചിരി പടർന്നു….. ഒരു പരിഹാസത്തിന്റെ നിറമായിരുന്നു ആ ചിരിക്ക്….. പിന്നെ മെല്ലെ ചോദിച്ചു…

പറയട്ടെ…..

നീ പറയടീ …..

നിന്റെ രഹസ്യം ഞാൻ കണ്ട് പിടിച്ചതിന്റെ ജാള്യം മറക്കാനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് എനിക്കറിയാം….. എന്നാലും ഈ ജീവിതത്തിൽ ഒരിക്കൽ ഈ ചോദ്യത്തിന് ഞാൻ ഉത്തരം പറയേണ്ടി വരുമെന്ന് എനിക്കറിയാം…. അവൾ ഒന്ന് നിർത്തി….. നീ ചോദിച്ച പോലെ ഒരു കുസൃതി എനിക്കെപ്പോഴോ തോന്നിയിട്ടുണ്ട്…. ഒരു ഒൻപത് പത്ത് ക്ലാസ്സിൽ പഠിക്കുമ്പോൾ….. കുറച്ച് കൂടി മുതിർന്നപ്പോൾ ആ കുസൃതിയുടെ പരിഹാസ്യത ഞാൻ തിരിച്ചറിഞ്ഞു…. ഉണ്ണീ എനിക്ക് നിന്റെത്രയും പരന്ന അറിവൊന്നുമില്ല എങ്കിലും പറയട്ടെ…. നീ ചോദിച്ച പോലെ എന്റെ മനസ്സിൽ തോന്നിയ കുസൃതിക്ക് ഒരു ശുഭാന്ത്യം ഈ ജീവിതത്തിൽ ഉണ്ടാകില്ല…. അതിനെ ഒരിക്കലും തകർക്കാൻ പറ്റാത്ത ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് പോയിരിക്കുകയാണ്….. അതിനെ തകർക്കാൻ എനിക്കോ …. മറ്റാർക്കെങ്കിലുമോ കഴിയില്ല…. സഹായിക്കാൻ …. കൂടെ നിൽക്കാൻ ആർക്കും മനസ്സ് വരില്ല…. അപ്പോൾ ആ കുസൃതിയെ ഞാൻ വലിച്ചെറിഞ്ഞ് കളഞ്ഞു…. ഇപ്പോൾ മനസ്സ് സ്വസ്ഥമായിരിക്കുന്നു…. ഒരു കുസൃതിയുമില്ല….

അവൾ പറഞ്ഞ് നിർത്തി എന്റെ കയ്യിൽ അമർത്തി ഒരു പിച്ചലും സമ്മാനിച്ച് പുറത്തേക്ക് പോയി….. അവളുടെ വാക്കുകളും പിച്ചലും എന്നെ ചിന്തയിലാഴ്‌ത്തി ….. അതിന്റെ അർത്ഥം വലുതാണെന്ന് എനിക്ക് മനസ്സിലായി…..

അവൾ തന്നെ പറഞ്ഞതുപോലെ ഒരിക്കലും പരിഹാരമില്ലാത്ത ഒരു പ്രശ്നമാണത്…. പക്ഷെ എവിടുന്നാണ് ഇത്തരം കുസൃതികൾ അവളിൽ ജനിച്ചത്…. ഒരിക്കലും അതിനുള്ള ഒരവസരവും ഉണ്ടായിട്ടില്ലല്ലോ….. മനുഷ്യന്റെ മനസ്സ് എന്തെല്ലാം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്…. ഞാൻ അമ്പരന്നു….. ഇത് ആരെങ്കിലും അറിഞ്ഞാൽ അതുണ്ടാക്കുന്ന ഭൂകമ്പം വലുതായിരിക്കും….. ഇല്ല തനിക്കതിന് കൂട്ട് നിൽക്കാനാവില്ല….. എന്ത് വേദനയും താൻ സഹിക്കും…. പക്ഷെ മറ്റൊരാൾ വേദനിക്കുവാൻ താൻ കാരണമായി കൂടാ…. അവൾ മനസ്സിലാക്കി പിന്മാറി കഴിഞ്ഞ കാര്യം അവിടെ തന്നെ അവസാനിക്കട്ടെ… ഞാൻ മെല്ലെ തല കുടഞ്ഞു….

ഒരു ഞരക്കം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ ദിവ്യ മെല്ലെ എണീക്കാൻ നോക്കുന്നു….

മോളെ….. ഞാനോടിച്ചെന്നു….അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു ….. നേരെ ഇരുത്തി….

മോളെ ………….. ഞാൻ വീണ്ടും വിളിച്ചു ….. അവൾ ക്ഷീണിച്ച മുഖത്തോടെ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു…..

മോളെ ഏട്ടനറിയില്ലായിരുന്നെടാ….. എന്നോട്…… എന്നോട് ക്ഷമിക്കെടാ ….. എന്റെ സ്വരം ഇടറി…. അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു ….. പിന്നെ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു….

സാരമില്ല ഏട്ടാ …. എനിക്ക് ഇങ്ങിനെ ഇടക്ക് ഉണ്ടാകാറുണ്ട്….

എന്നാലും ഞാൻ പേടിച്ച് പോയി മോളെ…… ഞാൻ കാരണം….

സാരമില്ല ഏട്ടാ …. ഏട്ടനറിയാതെ അല്ലെ….

എന്നാലും ഞാൻ…..

ഒന്ന് പോ ഏട്ടാ …. വിട്ടേ ഞാൻ ഒന്ന് ബാത്ത് റൂമിൽ പോകട്ടെ…. അവളെന്റെ കൈ വിടീച്ചെഴുന്നേറ്റു…. പക്ഷെ പെട്ടെന്നെഴുന്നേറ്റപ്പോൾ അവൾ വേച്ച് പോയി ….ഞാൻ പെട്ടെന്നവളെ താങ്ങി…. ബാത്ത്റൂമിലേക്ക് താങ്ങി കൊണ്ട് പോയി….. അവൾ അകത്ത് കയറി ഫ്രഷായി പുറത്ത് വന്നു…. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു… അവളും…..

ഞാനാകെ പേടിച്ച് പോയി….

അങ്ങിനെ വേണം…. ഏട്ടൻ വരുന്നത് ഞങ്ങളെത്ര കാത്തിരുന്നൂ എന്നറിയാവോ….? എന്നിട്ട് വന്നപ്പോ വല്യ ജാഡ ….അപ്പൊ അങ്ങിനെ തന്നെ വേണം…

സോറീടാ…. ഞാൻ നിങ്ങളെ ഒന്ന് പിരി കേറ്റാൻ….

എന്നാലും അത്രക്കും വേണ്ടായിരുന്നു ഏട്ടാ….

സോറീടാ…. വാ നമുക്ക് ഊണ് കഴിക്കാം …. എനിക്ക് വിശക്കുന്നു…

അയ്യോ … ഏട്ടനൊന്നും കഴിച്ചില്ലേ ഇതുവരെ…

ഇല്ലെടാ…. നിന്നെ ആ അവസ്ഥയിൽ ഇട്ടിട്ട് എങ്ങനാ ഞാൻ കഴിക്കുന്നത്…..

ആ അപ്പൊ എന്നോട് സ്നേഹമുണ്ട്…. വാ നമുക്ക് കഴിക്കാം…. അവൾ എന്റെ കൈ പിടിച്ച് നടന്നു…. ഞാനവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു…..

താഴേക്ക് ചെല്ലുമ്പോൾ അച്ഛനും ആന്റിയും സുധയും ഒരു പ്രത്യേക ഭാവത്തിൽ ഞങ്ങളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….. സന്തോഷമാണോ സങ്കടമാണോ എന്ന ഭാവത്തിൽ ആന്റി ഒരല്പം വായ് തുറന്ന് ഇരിക്കുന്നു….. സുധയുടെയും അച്ഛന്റെയും മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു….. അവരെല്ലാം നോക്കിയിരിക്കെ ദിവ്യയെയും ചേർത്ത് പിടിച്ച് ഞാൻ താഴേക്ക് ചെന്നു ….. ആന്റിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഉരുണ്ട് വീണു…………പിന്നെ ഒരു ചിരിയോടെ എഴുന്നേറ്റ്

വാ മോനെ ചോറുണ്ണാം…

ഓഹ് … ഒരു മോൻ … ഇപ്പോൾ ഞാനും അച്ഛനും ഒക്കെ പുറത്തായല്ലേ….. സുധ ഒന്ന് കുത്തി

ഒന്ന് പോടി … അവനെത്ര നാള് കൂടി വരുന്നതാ…. പിന്നെ സമയമെത്രയായി…..

അതിനവനോടാരാ വരണ്ടാന്ന് പറഞ്ഞത്….. നമ്മളെക്കാൾ പ്രിയപ്പെട്ട ആരോ അവിടെയുള്ളത് കൊണ്ട് അവൻ വന്നില്ല അത്ര തന്നെ….. അല്ലെങ്കിൽ അവന്റെ വീട്ടിൽ വരുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ…..?

പ്രിയപ്പെട്ടവരോ….. അതിനവിടെ ആരാ….. ഓഹ് ആ ടീച്ചർ ആരിക്കും….. ആന്റി സംശയിച്ചു ….

ടീച്ചറും ഉണ്ട്…. പിന്നെ അതുക്കും മേലെ ആരൊക്കെയോ….

അതുക്കും മേലെയൊ … നീ എന്തൊക്കെയാടീ പറയുന്നത്…..

അമ്മക്ക് മനസ്സിലായില്ലേ….. സാധാരണ ആൺകുട്ടികൾ പെങ്ങന്മാരെയോ അമ്മയെയോ സോപ്പിടുന്നതെന്തിനാ….

ആ ….. എനിക്കെങ്ങും അറിയില്ല…. എനിക്ക് ആൺകുട്ടികളും ഇല്ല ആങ്ങളമാരും ഇല്ല…… പറഞ്ഞ് കഴിഞ്ഞാണ് ആന്റി അബദ്ധം പറ്റിയത് പോലെ എന്നെ നോക്കിയത്…. ഓഹ് മോനെ ഞാൻ….

സാരമില്ല ആന്റീ…. ഞാൻ ചിരിയോടെ പറഞ്ഞു…. ഇതിലൊക്കെ എന്തിരിക്കുന്നു….

എന്നാലും ഞാൻ നിന്നെ മറന്നല്ലോടാ…. വായിൽ നിന്ന് ഓരോന്ന് വീഴുന്നത്….. നീ ക്ഷമിക്ക് മോനെ….

ആന്റിയെന്തിനാ സോറി പറയുന്നത്….. ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമല്ലേ…… അറിയാതെ എന്നല്ല അറിഞ്ഞ് വീഴുന്ന വാക്കുകൾ പോലും എനിക്ക് ഇപ്പൊ ഒരു പ്രശ്നമല്ല…..

എന്നാലും….

ഒരെന്നാലുമില്ല….. വന്നേ ചോറ് വിളമ്പ് … എനിക്ക് വിശക്കുന്നു…..

ഞാനവരെ ഉന്തി അടുക്കളയിലേക്ക് വിട്ടു…..

സുധയും അവരോടൊപ്പം പോയി…. ഞാൻ ദിവ്യക്കുട്ടിയെ ചേർത്ത് പിടിച്ചിരുന്നത് വിട്ടില്ല….. അച്ഛനും എഴുന്നേറ്റ് ഊണ് മുറിയിലേക്ക് നടന്നു….

വാടാ…… നടക്കുമ്പോൾ എന്നെ വിളിച്ചു …. ഒപ്പം നടക്കുമ്പോൾ പറഞ്ഞു…. മോനെ അവളൊന്നും വിചാരിച്ച് പറഞ്ഞതല്ല കേട്ടോ….

എന്താ അച്ഛാ ഇത് ….. ആന്റിയൊന്നും മനസ്സിൽ വച്ചല്ലെന്ന് എനിക്കറിയാം…. പിന്നെന്താ… നിങ്ങളെല്ലാം ആ വിഷയം വീട് …. അല്ലേടാ ദിവ്യക്കുട്ടാ….

അത് ഉണ്ണിയേട്ടനേ പേടിച്ചിട്ടാ….

എന്തിന്…. പിന്നേ ഇന്നല്ലേ ഒന്ന് മിണ്ടാനൊക്കെ തുടങ്ങിയത്… കഴിഞ്ഞ കാലത്തെ അനുഭവം വച്ച് നോക്കിയാൽ അമ്മ പറഞ്ഞത് കേട്ടതും ഉണ്ണിയേട്ടൻ ഇറങ്ങി പോകേണ്ടതാ….. ദിവ്യക്കുട്ടിയുടെ സ്വരത്തിലെ ക്ഷീണം മാറിയിരുന്നില്ല എങ്കിലും അവളും ഒന്ന് കുത്തി…..

ഒന്ന് പോടീ കാന്താരി…. ഞാനവളുടെ കവിളിൽ വേദനിപ്പിക്കാതെ പിച്ചി….

എന്തായാലും അവർക്ക് വലിയ സന്തോഷമായി…. മോനെ…. നീയിങ്ങനെ ഇവളെ ചേർത്ത് പിടിച്ചിരിക്കുന്ന കാണാൻ ഞങ്ങൾ ഒത്തിരി കൊതിച്ചിരുന്നു….

സാരമില്ല അച്ഛാ…. എല്ലാം നമുക്ക് ശരിയാക്കാം…. പക്ഷെ ഇനി അധിക കാലം പറ്റില്ലല്ലോ എന്ന കുഴപ്പമുണ്ട്….

ങ്ഹേ അതെന്താ….

അതെന്താ ഉണ്ണിയേട്ടാ…. രണ്ടുപേരും ഒന്നിച്ച് ചോദിച്ചു….

ഇവളുമാരെ കെട്ടിക്കാറായി വരുവല്ലേ… സ്റ്റെപ് ബ്രദറാണെങ്കിലും ഇവളുമാരെ കെട്ടി പിടിച്ച് നടന്നാൽ ആൾക്കാർ അതുമിതും പറയും….

നീ ഒന്ന് പോടാ… അവർ കുഞ്ഞുങ്ങളല്ലേ…. അച്ഛൻ ചിരിച്ചുതള്ളി….

ഉണ്ണിയേട്ടാ….. ദിവ്യ എന്നെ കൈ ബലമായി വിടുവിച്ചു…..

എന്താടാ….

ഉണ്ണിയേട്ടൻ ഞങ്ങടെ സ്റ്റപ്പൊന്നുമല്ല ….. ഞങ്ങടെ സ്വന്തം ബ്രദറാ…. അങ്ങിനെയാ ‘അമ്മ ഞങ്ങളേ പഠിപ്പിച്ചത് ….. ഉണ്ണിയേട്ടൻ ഇനി എങ്ങനെ കരുതിയാലും എനിക്കെന്റെ സ്വന്തം ഏട്ടനാ… അവൾ പറഞ്ഞപ്പോൾ ഞാൻ അയ്യടാ എന്നായി….

എടാ പൊന്നെ ഏട്ടൻ പറഞ്ഞപ്പോൾ ഒരു ഫ്ളോക്കങ്ങ് പറഞ്ഞതാ…. അല്ലാതെ ഒന്നും കരുതിയിട്ടല്ല…. നീയതിന് പിണങ്ങാതെറ്റി മുത്തേ.. നീയെന്റെ സ്വന്തം അനിയത്തി വാവയല്ലേ…..

ങ്ങും ങ്ങും സോപ്പൊന്നും വേണ്ട…. എനിക്ക് ഐസ്ക്രീം വാങ്ങിത്തന്നാൽ ഞാൻ ക്ഷമിക്കാം….. അവൾ കുസൃതിയോടെ പറഞ്ഞപ്പോഴാണ് ഞാൻ ബേക്കറിയിൽ നിന്ന് വാങ്ങിയ കവറിന്റെ കാര്യം ഓർത്തത്….. ഞാൻ ഓടി റൂമിലെത്തി…. കവറുമെടുത്ത് തിരിച്ച് വന്നു…. അത് ദിവ്യയുടെ കയ്യിൽ കൊടുത്തു…

ഐസ്ക്രീം അതിലുണ്ട്… ഇപ്പോൾ ഉരുകി കാണും …….. കൊണ്ടോയി ഫ്രിഡ്ജിൽ വക്ക് …..

അവൾ അതുമായി പോയി…. അപ്പോഴേക്കും ഊണ് വിളമ്പി…. ഓർമ്മ വച്ചതിന് ശേഷം ആദ്യമായിട്ടാണ് അച്ഛന്റെ ഒപ്പം ഇരുന്ന് ഉണ്ണുന്നത് ….. എന്റെ വരവ് പ്രമാണിച്ചായിരിക്കും…. ആന്റി ഒരുപാട് ഐറ്റംസ് ഉണ്ടാക്കിയിരുന്നു….. എല്ലാവരും ഒന്നിച്ചാണിരുന്നത്….

അല്ല ആരുടെയോ കാര്യം സുധ പറഞ്ഞല്ലോ…. ആരാ മോനെ അത്… ആന്റി ചോദിച്ചു….

ആ എനിക്കറിയില്ല….

പിന്നെ സുധ പറഞ്ഞതോ….

അത് സുധ പറയും….

ഞാൻ പറയട്ടേ …. ഉണ്ണീ…

നീ പറയെടീ…. ഞാനും അറിയട്ടെ അതാരാണെന്ന്….

ഓ … അങ്ങിനെയിപ്പം അറിയണ്ട…. താനേ സമയം ആകുമ്പോൾ അറിഞ്ഞോളും ….

ഈ പെണ്ണിന് ഇതെന്ത് പറ്റി … ആന്റി ചോദിച്ചു…

അത് ഒൻപതിൽ പഠിച്ചപ്പോൾ ഒരു കുസൃതി കാണിച്ചതാ….. പക്ഷെ മറുപണി ഇപ്പോഴാ കിട്ടിയത്…. ഞാൻ പറഞ്ഞു…

ടാ … ഉണ്ണീ വേണ്ടാ….. അവൾ നീട്ടി വിളിച്ചു…

ഞാനും സുധയും ഒഴികെ ഉള്ള എല്ലാവരും അന്തം വിട്ട് ഇരിക്കുകയാണ്….. ആർക്കും ഒന്നും പിടികിട്ടിയിട്ടില്ല…..

ഉണ്ണീ…. സുധാ…. ഒരു കൂട്ടത്തിലെല്ലാവർക്കും മനസ്സിലാവാത്ത വിഷയം സംസാരിക്കരുത്…. അത് നിങ്ങളെ കുറിച്ച് മറ്റുള്ളവർക്കുള്ള മതിപ്പില്ലാതാക്കും…. അച്ഛൻ ഗൗരവത്തിൽ പറഞ്ഞു…..

ഒന്നുമില്ലച്ഛാ….. ഞാൻ ചെറു ചിരിയോടെ പറഞ്ഞു…. അച്ഛനന്ന് സ്ക്കൂളിൽ വന്നപ്പോൾ പരിചയപ്പെട്ടില്ലേ…. രൂപ….

ഉം…. രൂപ ….. അവളൊരു മിടുക്കി കുട്ടിയാണല്ലോ…. അച്ഛൻ പറഞ്ഞു…. എന്നിട്ട് ആന്റിയോടായി ചോദിച്ചു…. അന്നിവിടെ വന്നില്ലേ ഇവന്റെ മിസ്സിന്റെ കൂടെ….

ഉം… ശരിയാ മിടുക്കി കുട്ടി….ആന്റി പറഞ്ഞു…

ആഹ്… മിടുക്കിയായതാ പ്രശ്നവും … സുധ ഇടക്ക് കയറി…..

നീ മിണ്ടാതിരിക്ക് സുധേ …. അവൻ പറയട്ടേ …. എന്തോ പിടികിട്ടിയ കള്ളച്ചിരിയുമായി ആന്റി പറഞ്ഞു…

അത് പിന്നെ… എനിക്കവളെ ഇഷ്ടമാണെന്നാണ് ഇവളുടെ കണ്ടെത്തൽ…

എന്റെ കണ്ടെത്തൽ മാത്രമല്ല…. ഞാൻ അങ്ങിനെ തുറന്ന് പറയുമെന്ന് കരുതാത്ത സുധയുടെ രക്ഷപെടാനുള്ള ശ്രമം….

ആണോ…. മോനെ…. ആന്റി ചോദിച്ചു…

ഇഷ്ടക്കുറവൊന്നുമില്ല….. പക്ഷെ അതെന്തിഷ്ടമാണെന്ന് നിങ്ങൾക്ക് മനസ്സിലാവുമോ എന്നറിയില്ല…

എന്തിഷ്ടമായാലും നിനക്ക് ഓക്കെ ആയാൽ മതി…. ആന്റി കള്ളച്ചിരിയോടെ പറഞ്ഞു…. അല്ലെ കൃഷ്ണേട്ടാ…..

ഉം… അച്ഛനൊന്ന് മൂളി….

പക്ഷെ നിങ്ങളുദ്ദേശിക്കുന്ന ഇഷ്ടം അല്ല…. ഇനി ഇപ്പോൾ എനിക്ക് തോന്നിയാലും അവൾക്ക് തോന്നില്ല….

അതെന്താ…

അവൾ സുധയെക്കാൾ മുൻപ് തന്നെ നേർപെങ്ങളുടെ സ്ഥാനം അടിച്ച് മാറ്റി….. അതുതന്നെ…

ഹ ഹ ഹ. അച്ഛൻ ഉച്ചത്തിൽ ചിരിച്ചു…. എല്ലാവരും ആദ്യം ഒന്നമ്പരന്നെങ്കിലും ചിരിയിൽ പങ്ക് ചേർന്നു ….. സുധയൊഴികെ ….. അവളുടെ മുഖം വാടി ….. അൽപ സമയത്തെ ചിരിക്ക് ശേഷം… അച്ഛനെന്നോട് ചോദിച്ചു…

അനുമോൾ നിന്നെ കണ്ട് തിരിച്ചറിഞ്ഞോ….

അനുമോളോ…..? ഞാൻ അമ്പരന്നു….

ഉം…. അനുമോൾ നീയവളെ കണ്ടില്ലേ…..

ഇല്ല…. എത്ര വർഷമായി….

എടാ നീ കയറിയ ബേക്കറിയിൽ നിന്ന് അവളിറങ്ങി പോകുന്നത് കണ്ടപ്പോൾ ഞാൻ കരുതി നീയവളെ കണ്ട് കാണുമെന്ന്….

ഞാൻ ഞെട്ടിപ്പോയി…… അപ്പോൾ അത് അനുമോളായിരുന്നോ…… അവൾ….. അവളിത്രയും വലുതായോ….. ഉണ്ണിയേട്ടാ എന്ന് വിളിച്ച് വാലിൽ തൂങ്ങി നടന്ന കാന്താരി…. അവളാണോ….

അവളാണോ… എന്റെ സ്വപ്നങ്ങളിൽ എന്നെ ഉണ്ണിയേട്ടാ എന്ന് വിളിക്കുന്നത്…. എന്റെ അനുമോൾ….

എന്റെ വായിലിരുന്ന ചോറ് വിക്കി….. ഞാൻ പെട്ടെന്ന് വെള്ളമെടുത്ത് കുടിച്ചു…. എന്റെ സ്വപ്നങ്ങൾ എനിക്ക് നഷ്ടമാകുമെന്ന ഒരു തോന്നൽ എന്നിലേക്ക് കടന്ന് വന്നു…. അത് അനുമോളാണെങ്കിൽ ….. ഛേ ഞാനുദ്ദേശിച്ച ആളാവില്ല… അവളുടെ കൂടെ ഉണ്ടായിരുന്ന ആരെങ്കിലും ആകും…. അതെങ്ങനാ അവളെ കണ്ടപ്പോൾ പിന്നെ ഞാൻ ചുറ്റുമുള്ളവരെ ഒന്നും കണ്ടില്ലല്ലോ….. എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. പക്ഷെ അതിന് അത്ര സൗന്ദര്യം പോരായിരുന്നു എന്ന് മറ്റുള്ളവരുടെ മുഖം പറഞ്ഞു…..

നിനക്കവളെ മനസ്സിലായില്ല അല്ലെ… അച്ഛൻ മെല്ലെ ചോദിച്ചു….

ഇല്ല … എന്റെ സ്വരം ചിലമ്പിച്ചിരുന്നു…..

സാരമില്ല…. ചിലതൊക്കെ മറന്ന് പോകേണ്ടത് കാലത്തിന്റെ ആവശ്യമാണ്…. അത്തരം മറവികളിലാണ് ലോകത്തിന്റെ നിലനിൽപ്…. അവരുടെ രീതികൾ ഇപ്പോൾ ആർക്കും അത്ര ഉൾക്കൊള്ളാൻ കഴിയുന്നതല്ല….. ശ്രീനിവാസനും (കുഞ്ഞമ്മാവൻ) ജലജയും (കുഞ്ഞമ്മായി) ഇപ്പോൾ വലിയ ലോകത്താണ്…. ഗൾഫിലെ ജോലി കൂടാതെ ഇവിടെ ചില ഇടപാടുകളും…. ജങ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സും എല്ലാമായി…. വലിയ നിലയിലായി…. അല്ലെങ്കിലും അവനെന്നും ഒരു മാടമ്പി സ്വഭാവമായിരുന്നു….. ചില കാര്യങ്ങളിൽ ഒരിക്കലും വിട്ട് വീഴ്ചയില്ലാത്ത സ്വഭാവം…. ഇക്കാലത്തും ജാതിയും മതവുമെല്ലാം നോക്കുന്ന ഒരു പ്രത്യേക ജന്മം…. നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ജലജയുടെ സ്വഭാവമാണ് എനിക്ക് പിടികിട്ടാത്തത്…. അതിനിടയിൽ അനുമോൾ എങ്ങിനെ കഴിയുന്നു ആവോ…. വല്യളിയനുമായി ഇപ്പോൾ വഴക്കാണെന്ന് തോന്നുന്നു…. അല്ലെങ്കിലും അതങ്ങിനെയെ വരൂ…. ഒരു ജീവിതം മുഴുവൻ പെങ്ങന്മാർക്കും അനിയനും അമ്മയ്ക്കും വേണ്ടി ജീവിച്ചു….. ഇപ്പോൾ ആർക്കും അയാളെ വേണ്ട….

പെറ്റ തള്ള പോലും അളിയനെ വേണ്ടവിധം സഹായിച്ചില്ല…. വസ്തു വീതം വച്ചപ്പോൾ ആ പഴയ വീട് അളിയന് നൽകിയതിന് പകരം കൂടിയ പങ്ക് ശ്രീനിക്ക് നൽകി… പാവം ഇപ്പോൾ കിടപ്പിലാണ്…. ശിവൻ ടൗണിൽ എന്തോ ചെറിയ കച്ചവടം തുടങ്ങിയിട്ടുണ്ട്…. അവൻ നല്ല അധ്വാനിയാണ്…. ങ്ഹാ നന്നായി വരട്ടെ…. അച്ഛൻ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി…. ഊണ് കഴിച്ചെഴുന്നേറ്റു…..

എല്ലാവരും കഴിച്ചെഴുന്നേറ്റു…. പെണ്ണുങ്ങൾ പാത്രമെല്ലാമെടുത്ത് അടുക്കളയിലേക്ക് പോയി.. ഞാനും ദിവ്യക്കുട്ടിയും പോയി ഹാളിലിരുന്നു…. അച്ഛൻ ഉച്ച ഊണിന് ശേഷമുള്ള മയക്കത്തിന് കയറി…. ആന്റിയും സുധയും ജോലി കഴിഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നു…..

എടാ നിന്റെ പരിപാടി എന്താ…? സുധ ചോദിച്ചു….

ഏതെങ്കിലും ഡിഗ്രിക്ക് ചേരണം….. ഒപ്പം സിവിൽ സർവ്വീസീനും തയ്യാറെടുക്കാം…. അതാണ് പ്ലാൻ …നീയോടി സുധേ ….

ഞാനും ഡിഗ്രിക്കാണ് ….

മോന് ഉറപ്പായും സിവിൽ സർവ്വീസ് കിട്ടും…. നന്നായി ശ്രമിക്കണം കേട്ടോ… ഇവൾക്ക് പിന്നെ ഞങ്ങളുടെ വഴിയാണ് താത്പര്യം… ആന്റി പറഞ്ഞു…

ആണോടീ… നീ ടീച്ചറാവാൻ പോവാണോ ….?

അതാവുമ്പോൾ സുഖമല്ലേ….. അതാണെനിക്കിഷ്ടം….. നല്ലതാ സുധേ … ഞാനും സമ്മതിച്ചൂ…. പക്ഷെ സ്‌കൂളൊന്നും വേണ്ട… കോളേജ് മതി….നീ ശ്രമിച്ചാൽ മതി നിനക്ക് കിട്ടും….

നമുക്ക് നോക്കാം….പിന്നെയും ഞങ്ങൾ ഒന്നും രണ്ടും പാഞ്ഞിരുന്നു…. ഇതിനിടെ ദിവ്യ എന്റെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു…. ആന്റി അവൾ കിടക്കുന്നത് നോക്കിയപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്…..

പാവം ക്ഷീണം കാണും…. ഉറങ്ങട്ടെ….

മോനെ അവളെ റൂമിൽ കിടത്താം ….

ശരി …. ഞാനവളെ എടുത്ത് കട്ടിലിൽ കിടത്തി….. എന്റെ കൈയിൽ പിടിച്ചിരുന്ന അവളുടെ കൈ മാറ്റാൻ ശ്രമിക്കവേ അവൾ ചിണുങ്ങി കൊണ്ട് രണ്ട് കൈയും ചേർത്ത്എന്റെ കയ്യിൽ കെട്ടി പിടിച്ചു …. എനിക്ക് മാറാൻ തോന്നിയില്ല … ഞാനവളുടെ അരികിൽ ഇരുന്നു….. ആന്റിയുടെ മുഖത്തേക്ക് നോക്കി….

അവൾ എപ്പോഴും പറയുന്നതാ ഏട്ടന്റെ കാര്യം… കുട്ടിയുടെ മനസ്സിൽ അത് പതിഞ്ഞ് കാണും…. ആന്റി പറഞ്ഞു…

ഇല്ലാന്റി അവളെന്റെ കുഞ്ഞിപ്പെങ്ങളല്ലേ….. ഞാനവളുടെ മുതുകിൽ മെല്ലെ തട്ടിക്കൊടുത്ത്…..

പെട്ടെന്നൊരു ഏങ്ങലടി…. സുധയാണ്….

എന്താടി..ആന്റി ചോദിച്ചു….

അവൾ ഒന്നും മിണ്ടാതെ കരയുകയാണ്…..

എന്താടി പെണ്ണേ …. ആന്റി വീണ്ടും ചോദിച്ചു…..

എനിക്ക് കാര്യം മനസ്സിലായി….. ഞാൻ മെല്ലെ ദിവ്യയെ നീക്കി കിടത്തി…. നടുക്ക് കയറി അവളുടെ ഒപ്പം കിടന്നു….. എന്നിട്ട് സുധയെ വിളിച്ചൂ ….

എടി പോത്തേ വാ…. അവൾ മുഖം പൊത്തിയിരുന്ന കൈമാറ്റി എന്നെ നോക്കി….

വാടി…. ഞാൻ വീണ്ടും വിളിച്ചു …. അവൾ ആന്റിയെ ഒന്ന് നോക്കി… നീയിങ്ങു വാടി … അവളുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു…. അവൾ മെല്ലെ അടുത്ത് വന്നു…ഞാനവളുടെ കയ്യിൽ പിടിച്ച് എന്റെ അരികിൽ കിടത്തി….

എന്റെ കുഞ്ഞിപെണ്ണെന്തിനാ കരഞ്ഞത്… ദിവ്യക്കുട്ടിയോട് കുശുമ്പ് തോന്നിയോ… ഞാനവളോട് കൊഞ്ചി ചോദിച്ചു….

അവൾ നാണിച്ച് കിടന്നു…..

നീ എന്തിനാടി നാണിക്കുന്നതും കരയുന്നതും ….. അതും എന്റടുത്ത്….. നിനക്ക് നിന്നിൽ വിശ്വാസമുള്ളിടത്തോളം എന്നെയും വിശ്വസിക്കാം കേട്ടോ…. ഇനി ഇങ്ങനത്തെ ആഗ്രഹം തോന്നിയാൽ എന്നോട് പറഞ്ഞോളണം…. കേട്ടോ ഞാനവളുടെ മൂക്കിൽ പിടിച്ച് തിരിച്ചു…..

പിന്നെ അവളുടെ തല ഉയർത്തി എന്റെ ഇടത് കയ്യിൽ വച്ചു …. അവൾ അതിലേക്ക് തലചെരിച്ച് മുഖമമർത്തി കിടന്നു…. മറ്റേ കയ്യിൽ മുറുകെ കെട്ടിപിടിച്ച് ദിവ്യയും…..

ഈ പെണ്ണിന്റെ ഒരു കാര്യം… .ആന്റി ചിരിയോടെ പറഞ്ഞു…. ഞാൻ നോക്കുമ്പോൾ അവർ ചിരിയോടെ കണ്ണ് തുടക്കുകയാണ് …. സന്തോഷമാണ്….

എനിക്ക് വലുതാവണ്ടായിരുന്നു …. സുധ പറഞ്ഞു….

അതെന്താടി….

എനിക്കും നിന്നെ ഇങ്ങനെ കെട്ടിപിടിച്ച് കിടക്കാമായിരുന്നല്ലോ….

അതിനെന്താടി … നീ ഇപ്പോഴും കിടന്നോ….

ഓ ഇപ്പൊ ഞാൻ വലുതായില്ലേ….

അതിനെന്താ … നീയെന്റെ കൂടെപ്പിറപ്പല്ലേടി … നീ എന്റെ കൂടെ കിടന്നോ….

അവളൊന്നുകൂടി എന്നോട് ചുരുണ്ട് കൂടി….. പെട്ടെന്ന് വെളിയിൽ ഒരു വണ്ടി വന്ന ശബ്ദം….

നിങ്ങൾ കിടക്ക് ….. ഞാൻ നോക്കാം…. ആന്റി പുറത്തേക്ക് നടന്നു…. പുറത്ത് നിന്നുള്ള സംഭാഷണം കേൾക്കാം…. ഒരു സ്ത്രീ ശബ്ദമാണ്….

കൃഷ്ണകുമാർ സാറിന്റെ വീടല്ലേ….?

അതെ…

സാറില്ലേ ….?

ഉണ്ട്… മയക്കത്തിലാണ്…. നിങ്ങൾ…?

ഞാൻ പത്മിനി…. കുറച്ചുദൂരെ നിന്നാണ്…. സാറിനെ ഒന്ന് വിളിക്കാമോ….

സാറിന് നിങ്ങളെ അറിയുമോ…?

വഴിയില്ല…. എന്നാലും പറഞ്ഞാലറിയാം…. വിളിക്കാമോ…? നല്ല മാന്യമായ ശബ്ദം….

ഇരിക്കൂ…. ഞാൻ വിളിക്കാം….

പിന്നെ കുറച്ച് സമയം നിശബ്ദത….

ഇരിക്കൂ കേട്ടോ… ഇപ്പൊ വരും… കുടിക്കാനെന്താ എടുക്കേണ്ടത്….?

എനിക്കിത്തിരി ചൂടുള്ള വെള്ളം കിട്ടിയാൽ കൊള്ളാം….

ഇപ്പോൾ തരാം….

ങ്ഹാ ഇരിക്കിരിക്ക്….. ആരാ എനിക്ക് മനസ്സിലായില്ല… കേട്ടോ… അച്ഛന്റെ ശബ്ദം

ഞാൻ പത്മിനി…. ടൗണിൽ നിന്നാണ്…. പറഞ്ഞാലറിയുമായിരിക്കും മംഗലത്തെ ജയദേവൻ…..

ജയദേവൻ….. അച്ഛന്റെ ശബ്ദം ഒരു ഞടുക്കത്തോടെ ഉയർന്നു….

ഞാനും വെളിയിലേക്ക് ചെന്നു …. സുധയും വരാൻ തുടങ്ങിയപ്പോൾ ഞാൻ ആംഗ്യം കൊണ്ട് തടഞ്ഞു…. ചെല്ലുമ്പോൾ അച്ഛൻ കസേരയിൽ നിന്ന് പകുതി ഉയർന്ന നിലയിലാണ്….

അവർ ആശ്ചര്യത്തോടെ അച്ഛനെ നോക്കി ഇരിക്കുന്നു…. നല്ല സൗന്ദര്യമുള്ള ഒരു സ്ത്രീ ….. അമ്മയുടെയും ആന്റിയുടെയുമൊക്കെ പ്രായമുണ്ട്….. സെറ്റും മുണ്ടുമാണ് വേഷം… നെറ്റിയിൽ ഒരു ചന്ദനക്കുറി…. വിവാഹിതരായ സ്‌ത്രീകളെ പോലെ നെറ്റിയിലും നിറുകയിലും കുങ്കുമം… നെറ്റിയിലെ പൊട്ടിന് നല്ല വലിപ്പമുണ്ട്… അതവരുടെ മുഖത്ത് നന്നായിണങ്ങിയിരിക്കുന്നു…. മൂക്കിൽ ഒരു വജ്ര മൂക്കുത്തി… നല്ല നിലയിലുള്ള ഒരു വീട്ടിൽ വസിക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്…. അധികമില്ലെങ്കിലും അവരുടെ പകിട്ട് വിളിച്ച് പറയുന്ന ആഭരണങ്ങൾ… മുറ്റത്ത് വിലകൂടിയ ഒരു കാർ….

ദാ വെള്ളം …ആന്റി അവർക്ക് വെള്ളം നൽകി… കൃഷ്ണേട്ടന് വേണോ വെള്ളം..

വേണ്ട… അച്ഛന്റെ ശബ്ദം അല്പം ഇടറിയിരുന്നു…. കസേരയിലേക്ക് ചാരിക്കൊണ്ട് അവരോടായി ചോദിച്ചു…

ജയദേവന്റെ …. ?

ഭാര്യ ആണ് ….

ജയദേവനിപ്പോൾ ….?

വീട്ടിലുണ്ട്….. കിടപ്പിലാണ്…

കിടപ്പിലോ….? എന്താ പറ്റിയത്…?

ഒരാക്സിഡന്റ്…. ഇപ്പൊ പത്തിരുപത് വർഷം ആകാറായി….. അവരുടെ സ്വരം ഒന്ന് ഇടറിയോ …?

ഓഹ് … ഞാനറിഞ്ഞിരുന്നില്ല…. അപ്പോൾ നിങ്ങളുടെ ബിസിനസ്സൊക്കെ ….?

അതൊക്കെ വിട്ടു…. പലതും ലീസിന് നൽകിയിരിക്കുകയാണ്… നോക്കാനാളില്ലാതെ… ടൗണിലെ ജൂവലറി മാത്രമുണ്ട്….. അത് ജയേട്ടന്റെ ചേച്ചി – ജയശ്രീ ചേച്ചിയുടെ – മോളാണിപ്പോൾ നോക്കുന്നത്….

ശ്രീധരമേനോൻ…..?

അച്ഛന് പ്രായമായില്ലേ …. അതിന്റെ ചില വിഷമതകൾ…. വീട്ടിലുണ്ട്…. ക്ഷേത്രവും വീടുമൊക്കെ ആയി കഴിയുന്നു…..

ഇടയിൽ മൗനം നിറഞ്ഞു…. അവർ ചുറ്റും നോക്കി…. ആ നോട്ടം ഭിത്തിയിൽ തൂക്കിയ അമ്മയുടെ മാലയിട്ട ഫോട്ടോയിൽ തറഞ്ഞു…. കുറേ നേരം ആശ്ചര്യത്തോടെ നോക്കി നിന്നു …. പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു….

ഇത്….?

എന്റെ അമ്മയാണ്…. ഞാൻ ഇടയിൽ കയറി….

അപ്പോഴാണ് അവരെന്നെ കണ്ടത്…. അവർ എന്റെ കണ്ണിലേക്ക് നോക്കി തറഞ്ഞ് നിന്നു …. അന്തം വിട്ടതുപോലെ…. പിന്നെ ഒരു ജാള്യതയോടെ ചോദിച്ചു…

എന്താ പേര്…?

ഗോവർദ്ധൻ….. ഗോവർദ്ധൻ കൃഷ്ണ …… ഉണ്ണീ എന്ന് വിളിക്കും….

മോനെന്ത് ചെയ്യുന്നു… ?

പ്ലസ്സ് ടൂ കഴിഞ്ഞു….

ഇപ്പൊ ഇങ്ങോട്ടിറങ്ങാൻ എന്താ…? അച്ഛൻ തെല്ലൊരു ഈർഷ്യയോടെ അവരോട് തിരക്കി….

ക്ഷമിക്കണം… ഞാൻ വന്ന കാര്യം മറന്നു…. അവർ ഗ്ളാസ്സിൽ ബാക്കിയായ വെള്ളം ഒറ്റയടിക്ക് കുടിച്ചു…. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് തുടങ്ങി….

ജയേട്ടൻ കിടപ്പിലാണെന്ന് പറഞ്ഞല്ലോ…. അതൊരു വലിയ ആക്സിഡന്റായിരുന്നു…. ബൈക്കിൽ പോയപ്പോൾ ഒരു വണ്ടിയിൽ ചെന്നിടിക്കുകയായിരുന്നു… . ജയേട്ടന്റെ ചേച്ചിയുടെ ഭർത്താവ് വിജയയേട്ടനും ഉണ്ടായിരുന്നു…. വിജയേട്ടൻ അന്ന് തന്നെ മരിച്ചു…. ജയേട്ടൻ കഴിഞ്ഞ കാലമത്രയും ……..അവർ നെടുവീർപ്പിട്ടു ….. ആദ്യമൊക്കെ കിടക്കയിൽ തന്നെ ആയിരുന്നു…. ഇപ്പോൾ കുറച്ചായി വീൽചെയറിൽ … ആരോടും അധികം സംസാരിക്കില്ല…. സമയമോ കാലമോ അറിയാനുള്ള ശ്രമമില്ല…. പത്രമോ മറ്റെന്തെങ്കിലുമോ വായിക്കില്ല…. എന്തിന് ടി വി പോലും കാണാറില്ല…. ആരോടോ പക തീർക്കുന്ന പോലെ…. അവർ വിതുമ്പിക്കൊണ്ട് ഒന്ന് പറഞ്ഞ് നിർത്തി…. എന്നെ മാത്രം വലിയ ഇഷ്ടമാണ്… ആദ്യമൊക്കെ എന്നെ കാണുമ്പോൾ കണ്ണ് നിറയും…. ഇപ്പോൾ എന്നോട് മാത്രം അല്പം കളിയും ചിരിയുമൊക്കെ ഉണ്ട്…. അവർ നിർത്തി…

അച്ഛനും ആന്റിയും അമ്പരന്ന് നിൽക്കുകയാണ്…. കഥ കേട്ട് ഞാനും ഞടുങ്ങിയെങ്കിലും ….പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്തു …. ഞാൻ സോഫയിൽ അവരുടെ അരികിൽ ഇരുന്നു…. അവരുടെ കയ്യിൽ പിടിച്ചു….

ആന്റി….

അവരെന്നെ നോക്കിയില്ല…. പക്ഷെ വിരലുകൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു …. അവർ മറുകൈ കൊണ്ട് കണ്ണ് തുടച്ച് ഒരു വരണ്ട ചിരി ചിരിച്ചു…. തുടർന്ന് പറയാനുള്ളവ മനസ്സിൽ അടുക്കുന്നതുപോലെ ഒരു നിമിഷം കൂടി നിർത്തി…. പിന്നെ തുടർന്നു …..

കഴിഞ്ഞ ദിവസം എന്തോ പൊതിഞ്ഞുകൊണ്ടുവന്ന ഒരു കടലാസിൽ നോക്കിയിരിക്കുന്ന ജയേട്ടനെ കണ്ടു …. പതിവില്ലാത്തതായതിനാൽ അടുത്ത് ചെന്ന് നോക്കി…. ഒരു ചരമ വാർഷിക ഫോട്ടോയിലേക്കായിരുന്നു ആ ശ്രദ്ധ….. എനിക്ക് ആരാണെന്ന് മനസ്സിലായില്ല… എന്നോടൊന്നും പറഞ്ഞുമില്ല…. ഇന്നലെ രാത്രി എന്നോട് പറഞ്ഞു…. ഈ ഗ്രാമത്തിൽ വലിയവീട്ടിൽ രാമകൃഷ്ണൻ എന്നൊരാളുണ്ട് അയാളെ പോയികാണണം എന്ന് … വീട്ടിലേക്ക് വരാൻ പറയണം എന്ന് … ഞാനതിനാണ് വന്നത്…. ആ വീട്ടിൽ പോയിരുന്നു…. പക്ഷെ അദ്ദേഹം കിടപ്പിലാണ്…. കാര്യം പറഞ്ഞപ്പോൾ എന്താണെന്നറിയില്ല അയാൾ ആദ്യം അല്പം ദേഷ്യത്തിൽ ആയിരുന്നെങ്കിലും…. പിന്നെ പറഞ്ഞു ഇവിടെ വന്ന് സാറിനെ കാണാൻ …. അദ്ദേഹത്തിന് യാത്ര വയ്യെന്ന്…. അദ്ദേഹവും ഇവിടവും തമ്മിലുള്ള ബന്ധം എനിക്കറിയില്ല…… അദ്ദേഹവും ജയേട്ടനുമായുള്ള ബന്ധവും….

അച്ഛൻ അപ്പോഴും ഞെട്ടലിൽ നിന്ന് മുക്തനായിരുന്നില്ല…. ആന്റി മൗനം തുടർന്നു …. ഞാനെന്തെങ്കിലും പറയണമെന്ന് തോന്നി….

അതെന്റെ വലിയമ്മാവനാണ്…

അത് ശരി ….. ഒരു അപേക്ഷയുണ്ട്…..

അച്ചാ…… അച്ഛനൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഞാൻ വിളിച്ചു …. അച്ഛൻ ഞെട്ടി എന്നെ നോക്കി…..

അച്ഛനൊന്നും പറഞ്ഞില്ല ….

ഉം….. അച്ഛനൊന്ന് മൂളി …. പിന്നെ എന്താണപേക്ഷ എന്നനിലയിൽ അവരെ നോക്കി….. എന്തെ…..?

ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നവിടെ വരെ വരാമോ……? നിങ്ങളൊക്കെ തമ്മിൽ എന്താണെന്ന് എനിക്കറിയില്ല ….. പക്ഷെ കഴിഞ്ഞ കുറെ അധികം വർഷങ്ങളായി ആരോടും ഒന്നും ആവശ്യപ്പെടാതെ കിടന്ന കിടപ്പിൽ കഴിഞ്ഞ ഒരു മനുഷ്യന്റെ ആഗ്രഹമായി കണ്ടാണ് ഞാൻ വന്നത് …. ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കരുതരുത്………. ഒരല്പം ദയവ് കാണിക്കണം….

അച്ഛൻ സമ്മത ഭാവത്തിൽ മൂളി …..

നന്ദി …. ആയിരം നന്ദി … എന്റെ ജയേട്ടനോട് കാണിച്ച ദയവിന് ….. കാരുണ്യത്തിന്…. അവർ ഉത്സാഹത്തോടെ ചാടി എഴുന്നേറ്റു….. പിന്നെ വരുമ്പോൾ ഒന്ന് വിളിച്ചിട്ട് വന്നാൽ നന്നായിരുന്നു…. ഞായറാഴ്ച ആയാൽ വീട്ടിലെല്ലാവരും കാണും…. ഈ ഞായറാഴ്ച ….നാളെ കഴിഞ്ഞ് വരുമെന്ന് പ്രതീക്ഷിച്ചോട്ടെ….

ആഹ് ശരി … ഈ ഞായറാഴ്ച തന്നെ വരാം… തിങ്കൾ മുതൽ ഞങ്ങൾ ഒരു യാത്ര പോകുകയാണ്…. അച്ഛൻ എന്തോ തീരുമാനിച്ച് ഉറച്ചതുപോലെ പറഞ്ഞു….

മോനെ എന്റെ നമ്പർ സേവ് ചെയ്തോ…. അവർ സന്തോഷത്തോടെ നമ്പർ പറഞ്ഞു….

ഞാൻ അത് മേശപ്പുറത്തിരുന്ന ഡയറിയിൽ എഴുതി വച്ചു …. അത് കണ്ട് അവരെന്നെ ഒന്ന് സൂക്ഷിച്ച് നോക്കി…. പിന്നെ അവർ പോകാനിറങ്ങി…. യാത്ര പറഞ്ഞിറങ്ങവേ ഞാനും ആന്റിയും അവരേ അനുഗമിച്ചു….. ഡ്രൈവിങ് സീറ്റിൽ കയറിയ അവർ എന്നെ അടുത്തേക്ക് വിളിച്ചു….

എന്താ ആന്റി….

മൊബൈൽ ഫോണില്ല അല്ലേ …. അവർ കള്ളച്ചിരിയോടെ ചോദിച്ചു…’

ഓഹ് അതാണോ…. ഇതുവരെ എനിക്കതിന്റെ ആവശ്യം തോന്നിയിട്ടില്ല…. അതുകൊണ്ട് തന്നെ വാങ്ങിയിട്ടുമില്ല… സ്‌കൂളിലല്ലായിരുന്നോ…. ഇനി ഒരെണ്ണം വാങ്ങണം….

ഞാൻ ചുമ്മാ പറഞ്ഞതാടാ മോനെ…. പഠിക്കുന്ന കുട്ടികൾക്ക് അതിന്റെ ആവശ്യമൊന്നുമില്ല…. ഞാനുമൊരു അദ്ധ്യാപിക ആണ് …. എനിക്കറിയാം കുട്ടികൾക്ക് അതുണ്ടാക്കുന്ന കുഴപ്പമൊക്കെ…. അതുകൊണ്ട് നിനക്കതില്ലെങ്കിൽ നീ പകുതി രക്ഷപെട്ടു….

അവർ മെല്ലെ ചിരിച്ചു…. നല്ല ഭംഗിയുള്ള ചിരി… അവരെന്റെ കവിളിൽ മെല്ലെ തലോടി ….

അച്ഛന്റെ കൂടെ നീയും വരണം വീട്ടിലേക്ക്…. പിന്നെ ആന്റിയെ നോക്കി പറഞ്ഞു…

തേടിവന്നത് വലിയവീട്ടിൽ രാമകൃഷ്ണൻ എന്നയാളെ ആണെങ്കിലും കണ്ടത് സാറിനെ ആണ് ….. പക്ഷെ ജയേട്ടൻ കാണാൻ ആഗ്രഹിക്കുക സാറിനെ തന്നെ ആയിരിക്കും എന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു……

അതെന്താ….

അതിന്റെ കാരണം അതാണ്…. വാതിലിലൂടെ കാണാവുന്ന അമ്മയുടെ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അവർ പറഞ്ഞു…..

ഇവന്റെ അമ്മയുടെ ചരമ വാർഷികത്തിന്റെ ഫോട്ടോ ആണ് ജയേട്ടനന്ന് ആ മുഷിഞ്ഞ പത്രത്തിൽ നോക്കിയിരുന്നത്…. അതാണെന്നേ ഇവിടെ എത്തിച്ചത്…… അപ്പൊ ഞാൻ പോയിട്ട് വരാം …..

അവർ കാർ സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോയി…..

ഞങ്ങൾ തിരികെ ചെല്ലുമ്പോൾ അച്ഛൻ ചിന്താമഗ്നനായി കണ്ണടച്ച് കിടക്കുക ആയിരുന്നു….. അതുകൊണ്ട് തന്നെ ശല്യപ്പെടുത്തണ്ട എന്ന് ആന്റി എന്നെ കണ്ണ് കാണിച്ചു …. ഞാനും ആന്റിയും റൂമിലെത്തിയപ്പോൾ സുധയും ദിവ്യയും കെട്ടിപിടിച്ച് കിടന്ന് നല്ല ഉറക്കമാണ്…. ദിവ്യയുടെ കാൽ സുധയുടെ മുകളിലാണ്…. കിടപ്പ് കണ്ടപ്പോൾ എനിക്ക് ചിരിവന്നു…..

ഈ പിള്ളേരുടെ ഒരു കാര്യം… ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു…. ഞാനും ഒന്ന് നടുനിവർത്തട്ടെ…. ആന്റി പറഞ്ഞു…

ശരി ആന്റി ഞാൻ മുകളിൽ കാണും …

ഞാൻ മുകളിലേക്ക് നടന്നു…. പിന്നെ കുളിയും പ്രാർത്ഥനയും ഒക്കെയായി സന്ധ്യ ആയി…. ഞങ്ങൾ മൂവരും കളിയും ചിരിയുമായി അവരുടെ മുറിയിലായിരുന്നു….. ആന്റി പണി ഒക്കെ തീർത്ത് കുളിക്കാൻ പോയിരിക്കുന്നു…. അച്ഛനപ്പോഴും ഉമ്മറത്തെ കസേരയിൽ ചിന്താ മഗ്നനായി കിടക്കുന്നുണ്ടായിരുന്നു…. അച്ഛനെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ഞങ്ങൾ ആരും അങ്ങോട്ട് ചെന്നില്ല….. ദിവ്യ ടിവിയുടെ കാര്യം പറഞ്ഞപ്പോൾ സുധയവളെ വിലക്കി…. അച്ഛന്റെ ശീലങ്ങൾ സ്വന്തം മോനായ എന്നെക്കാൾ അവർക്കറിയാമെന്നത് എനിക്ക് നിരാശയല്ല …. അവരോടുള്ള സ്നേഹമാണ് തോന്നിച്ചത്… ഞാനത് പറയുകയും ചെയ്തു…

അച്ഛനെ നിങ്ങൾക്ക് നന്നായി അറിയാമല്ലോ…. അത്ഭുതം തന്നെ…

ഞങ്ങൾ ഒന്നിച്ചായിട്ട് ഇത്ര വര്ഷമായില്ലേ ഉണ്ണീ… അമ്മയെപ്പോഴും പറയും ഒരാൾ ടെൻഷൻ അടിച്ചോ അല്ലാതെയോ ആലോചിച്ചിരിക്കുമ്പോൾ ശല്യപ്പെടുത്തരുത് എന്ന് …. അതവരെ ഇറിറ്റേറ്റ് ചെയ്യും…. അതിന്റെ തുടർച്ച ദേഷ്യമായിരിക്കും……. കുറേ സമയം അവരെ ഒറ്റക്ക് വിട്ടാൽ അവരുടെ മനസ്സ് തന്നെ തീരുമാനങ്ങളിൽ എത്തി ശാന്തമാകും…. അപ്പോൾ നമ്മളോട് തന്നെ പറയേണ്ട കാര്യങ്ങൾ പറയും ….അതല്ലേ നീ മുൻപ് വരുമ്പോൾ ഞങ്ങൾ നിന്നെ ശല്യപ്പെടുത്താതിരുന്നത്…..

അതെത്ര ശരിയാണ്….. ഞാനൊന്നും പറയാതെ അവളെ നോക്കിയിരുന്നു പോയി….. ഈ രീതി എല്ലാ കുടുംബങ്ങളിൽ ഉണ്ടായിരുന്നു എങ്കിൽ…. ഇപ്പോഴുള്ള പല കുടുംബ പ്രശ്നങ്ങളും അവസാനിച്ചേനെ…. ഞാൻ ചിന്തിച്ചു….

നീയും ആലോചന തുടങ്ങിയോ… സുധ എന്നെ തോണ്ടി…. എങ്കിൽ

മുകളിലെങ്ങാനും പോയിരുന്നോളണം…. ഞങ്ങൾക്ക് വയ്യ മിണ്ടാതെ തപസ്സിരിക്കാൻ ….

ശരിയാ മുകളിലേക്ക് പോകാം…. പക്ഷെ ഒറ്റക്കല്ല … നിങ്ങളും വാ … നമ്മുടെ ശബ്ദം അച്ഛനെ ശല്യപ്പെടുത്തണ്ട ….

ഞങ്ങൾ മുകളിലേക്ക് പോയി … കളിയും ചിരിയുമായി അത്താഴ സമയം വരെ അവിടിരുന്നു… ***** അത്താഴത്തിന് ഇരിക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തമായിരുന്നു…. എങ്കിലും ആരും ഒന്നും ചോദിച്ചില്ല…. ചപ്പാത്തിയും കറിയും വിളമ്പി ആന്റിയും കൂടി ഇരുന്നപ്പോൾ അച്ഛൻ ചോദിച്ചു….

ദേവി നിനക്കാ വന്നയാളെ മനസ്സിലായോ…?

ഇല്ല….

അതാണ് …. ടൗണിലെ ശ്രീമംഗലം ബിസിനസ്സ് ഗ്രൂപ്പുടമ ശ്രീധര മേനോന്റെ മരുമകൾ…. പത്മിനി….

പേരൊക്കെ പറഞ്ഞു… എങ്കിലും മനസ്സിലായില്ല… ആ മംഗല്യ ജൂവലറി ഒക്കെ അവരുടെ ആണോ….

ജൂവലറി മാത്രമല്ല…. അവർക്ക് ഒട്ടനവധി ബിസിനസ്സ് ഉണ്ടായിരുന്നു…. ഷോപ്പിംഗ് കോംപ്ലക്സ്…. ടെക്‌സ്‌റ്റൈൽസ് .. പെട്രോൾ പമ്പുകൾ … ട്രാൻസ്‌പോർട്ട് …സൂപ്പർ മാർക്കറ്റ്… ഹോൾസെയിൽ വ്യാപാരം അങ്ങിനെ പലതും…. വലിയ നിലയിലുള്ളവർ…. മംഗലത്ത് ശ്രീധര മേനോൻ …അയാളുടെ ബുദ്ധിയും കഠിനാധ്വാനവുമാണ് അതെല്ലാം…. ജോലി കിട്ടുന്നതിന് മുൻപ് ഞാനവിടെ അകൗണ്ട് സെക്ഷനിൽ ജോലി ചെയ്തിട്ടുണ്ട് ആറ് മാസം….

ഇപ്പൊ അതൊക്കെ വിട്ടു എനാണല്ലോ പത്മിനി പറഞ്ഞത്….

ഉം… ശ്രീധര മേനോന് രണ്ട് മക്കളായിരുന്നു…. ജയശ്രീയും ജയദേവനും…. ഭാര്യ മാധവി…. ഒരു പെങ്ങളുണ്ടായിരുന്നു….അവർക്കൊരു പെൺകുട്ടിയും…. ഭർത്താവ് മരിച്ച അവരെയും മേനോനായിരുന്നു സംരക്ഷിച്ചിരുന്നത്…. ജയദേവൻ ആക്സിഡന്റിൽ പെട്ടതൊന്നും ഞാനറിഞ്ഞില്ല…. എന്തായാലും വിവരം അറിഞ്ഞ നിലക്ക് ഒന്ന് പോകണം….

ഉണ്ണിയോടും വരാൻ പറഞ്ഞു പത്മിനി….

നീ വരുന്നോ ഉണ്ണീ….

എനിക്കറിയില്ല അച്ഛാ …. വേണമെങ്കിൽ …വരാം…

നീയും പോരെ… എല്ലാവരെയും കണ്ടിരിക്കാമല്ലോ…. ഒരു പരിചയമാകട്ടെ…. ആട്ടെ നീ നാളെ അമ്പലത്തിലേക്കുണ്ടോ ദേവി….

പോകണം… ഇവരുടെ പേരിലുള്ള പിറന്നാൾ വഴിപാടെല്ലാം രസീതാക്കേണ്ടതല്ലേ….

ഞാനും വരാം ആന്റി…. ഒത്തിരി നാളായി അമ്പലത്തിൽ പോയിട്ട്… നീയും പൊയ്ക്കോ…. ഇവരെയും കൊണ്ടുപോയ്ക്കോ…. എനിക്ക് രാവിലെ വല്യ അളിയനെ ഒന്ന് കാണണം…

എന്താ … ഇത്രയും കാലത്തിന് ശേഷം…. പത്മിനി വന്നതുകൊണ്ടാണോ…?

ഉം… ചില കാര്യങ്ങളുണ്ട്….. വർഷം കുറച്ചായി തറവാട്ടിൽ പോയിട്ട്…. അമ്മയുടെ മരണത്തിന് ശേഷം അങ്ങോട്ട് പോയിട്ടില്ല…. ബലിയിടാൻ ഉണ്ണിയെ അനുവദിക്കില്ല എന്ന ശ്രീനിവാസന്റെ കടുംപിടുത്തം എന്നെ വേദനിപ്പിച്ചു…….. അതുകൊണ്ടാണ് പിന്നങ്ങോട്ട് പോകാതിരുന്നത്…. പോകാൻ തോന്നിയില്ല…. എന്നാലും പത്മിനിയുടെ വരവ് …. രാമകൃഷ്ണൻ അളിയനോട് ചിലതെല്ലാം സംസാരിക്കണം…. നിങ്ങൾ അമ്പലത്തിൽ പോയിട്ട് അങ്ങോട്ട് വാ നമുക്ക് ഒന്നിച്ച് പോരാം….

അവരുമായി സാവിത്രിക്കെന്താണ് ബന്ധം…..?

സാവിത്രിക്കോ…? ആര് പറഞ്ഞു….? അച്ഛന്റെ ശബ്ദത്തിൽ ഞെട്ടലിന്റെ ആകാംഷ നിറഞ്ഞു…..

അത് പത്മിനി തന്നെ…. അവരിവിടെ വരാൻ കാരണം ആ ജയദേവൻ പത്രത്തിൽ കണ്ട സാവിത്രിയുടെ ചരമ വാർഷിക അറിയിപ്പാണത്രേ ….

ഓഹ് …. അങ്ങിനെ… അച്ഛനൊരല്പം ആശ്വാസം കൊണ്ടു …. ചിലതൊക്കെയുണ്ട്… അത് നമുക്ക് പിന്നെ സംസാരിക്കാം…. ആദ്യം ഞങ്ങൾ അവിടെ പോയി വരട്ടെ…. അച്ഛൻ കഴിച്ചെഴുന്നേറ്റു…..

അത്താഴത്തിന് ശേഷം സുധയോടും ദിവ്യയോടും സംസാരിച്ചിരുന്നു എങ്കിലും എന്റെ മനസ്സ് ചിന്താകുലമായിരുന്നു…. അധികം വൈകാതെ ഞാൻ കിടക്കാനായി പൊന്നു…. കിടക്കുമ്പോഴും പലവിധ ചിന്തകൾ എന്നെ അലട്ടി…. അമ്മയും അവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അഛനിലുണ്ടായ ഞെട്ടൽ എന്തിനായിരുന്നു…? പത്മിനി ആന്റിയുടെ സന്ദർശനവും സംസാരവും അച്ഛനെ വല്ലാതെ അലട്ടിയിരുന്നു…. ഒരു പരിചയക്കാരന്റെ അപകടം മാത്രമല്ല പ്രശ്‍നം … അമ്മയെയും തറവാടിനെയും ബന്ധിപ്പിക്കുന്ന എന്തോ ഒരു കഥ ഇതിന് പിന്നിലുണ്ട്… ചിലപ്പോൾ ആ കഥയാണോ അമ്മയുടെ മരണത്തിന് പിന്നിൽ…. ആവും…. അതാണ് കാരണം…. അച്ഛനെ അലട്ടുന്ന പ്രശ്‍നം അതാണ്…. എന്നെങ്കിലും ഈ കഥയൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുമോ…? എന്തിന് മനസ്സിലാക്കണം…. അതിലൊരു പ്രസക്തിയുമില്ല…. ‘അമ്മ മരിച്ചു… അതാണ് സത്യം …. ഇനിയതിന്റെ കാരണങ്ങൾക്ക് എന്താണ് പ്രസക്തി…. അത് വഴിയുണ്ടായ നഷ്ടങ്ങൾക്ക് എന്ത് കഥയും നൽകുന്ന ന്യായീകരണങ്ങൾ ഒരു പരിഹാരമല്ല…. അതിനാൽ തന്നെ ആ കഥകൾ അറിഞ്ഞാലും ഇല്ലെങ്കിലും ഒന്നുമില്ല…. എപ്പോഴെങ്കിലും വെളിപ്പെടുമെങ്കിൽ വെളിപ്പെടട്ടെ….. അതുവരെ തനിക്ക് ചുറ്റുമുള്ള ലോകത്തിലെ പ്രകാശത്തെ ആസ്വദിക്കുക തന്നെ…. പിന്നെ തന്റെ സ്വപ്നങ്ങൾക്കായി തയ്യാറെടുക്കുക….. മറ്റൊന്നും ഇപ്പോൾ അലട്ടേന്തതില്ല….. എന്റെ മനസ്സിലുറപ്പിച്ചു…. ചിന്തകൾ അകന്നു…. ഉറക്കം മെല്ലെ കണ്ണുകളെ തഴുകി…. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ ചിന്തകൾ ഇല്ലാത്ത സുഖമായ ഉറക്കം……

*****

രാവിലെ ഉണർന്ന് ക്ഷേത്രത്തിലേക്ക് പോകാൻ റെഡിയായി…. വാച്ച് കെട്ടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ദിവ്യക്കുട്ടി വിളിക്കാനെത്തി…. ഞാനവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു…. പട്ടുദാവണി ആണവളുടെ വേഷം അവളുടെ മെലിഞ്ഞ ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്…. താഴെ ചെല്ലുമ്പോൾ ആന്റിയും സുധയും റെഡിയായി നിൽക്കുന്നുണ്ട്….

വാ മോനെ പോകാം പോയിട്ട് വന്നിട്ട് വേണം കാപ്പി കുടിക്കാൻ…. താമസിച്ചാൽ വിശക്കും

ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു…. അധികം ദൂരമില്ല ….ക്ഷേത്രത്തിലെ പാട്ട് വീട്ടിൽ കേൾക്കാം…. ഞങ്ങൾ അമ്പലത്തിലെത്തുമ്പോൾ സാമാന്യം നല്ല പോലെ ആളുകൾ ഉണ്ടായിരുന്നു….. പരിചയമുള്ള ആരെയും പുറത്ത് കണ്ടില്ല… ആന്റി വഴിപാടുകൾ രസീത് ആക്കാൻ പോയി… ഞങ്ങളോട് പോയി തൊഴുതോളാൻ പറഞ്ഞു…. ഞങ്ങൾ പ്രദക്ഷിണ വഴിയിലൂടെ ഉപദേവതകളെ തൊഴാനായി നടന്നു… മനസ്സിൽ പാർവതീ പതിയുടെ ശ്ലോകങ്ങൾ തിരതല്ലി വന്നു… ഞാനതിൽ മുഴുകി ഏകാഗ്രമനസ്സോടെ നടന്നു…. പ്രാർത്ഥനകൾ എപ്പോഴും എനിക്കങ്ങിനെയാണ്… ചുറ്റുമുള്ളതെല്ലാം മറക്കും…. ഞാൻ ചുറ്റും തൊഴുത് കൊടിമരച്ചുവട്ടിൽ എത്തുമ്പോളാണ് കൂടെയുണ്ടായിരുന്നവരെ നോക്കിയത്… സുധയും ഒപ്പം സമപ്രായക്കാരിയായ ഒരാളും കൂടി സംസാരിച്ച് നടന്ന് വരുന്നുണ്ട്…. അത് പ്രിയയാണ്…. വല്യമ്മായിയുടെ ഷേപ്പ് ആയതിനാൽ തന്നെ തിരിച്ചറിയാൻ പാടില്ല…. പുറത്തിറങ്ങിയിട്ട് സംസാരിക്കാം എന്ന് കരുതി ഞാൻ അകത്ത് കയറിക്കോട്ടെ എന്ന് സുധയോട് ആംഗ്യത്തിലൂടെ ചോദിച്ചു…. അവൾ തലയാട്ടി… ഞാൻ ഷർട്ടഴിച്ച് നാലമ്പലത്തിലേക്ക് കയറി…. കൂവളത്തില ചൂടിയ ഭഗവാന്റെ രുപം വളരെ സുന്ദരമായിരുന്നു… പതിയെ മനസ്സിലേക്ക് ഭഗവത് ചിന്ത കടന്ന് വന്നു…. കണ്ണുകൾ അടഞ്ഞു… മനസ്സിലൂടെ ശ്രീനാരായണ ഗുരു രചിച്ച സദാശിവ ദർശനം ഒഴുകി വന്നു… അതിന്റെ ഈണത്തിൽ മുഴുകി ഞാൻ ലയിച്ച് നിന്നു …. കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ ഒരായിരം കണ്ണുകൾ എന്നിൽ തറഞ്ഞിരിക്കുന്നത് കണ്ടപ്പോളാണ് ഞാനുറക്കെയാണ് അത് ആലപിച്ചത് എന്ന് മനസ്സിലായത്… .സുധയും ദിവ്യയും പ്രിയയുമെല്ലാം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു…. ഞാൻ പെട്ടെന്നൊരു നേരിയ ചിരിയോടെ പ്രദക്ഷിണത്തിനായി നടന്നു….. തൊഴുത് വഴിപാടും വാങ്ങി പുറത്തിറങ്ങി …. മറ്റുള്ളവർക്കായി വെളിയിലെ ആല്മരച്ചോട്ടിലിരിക്കവേ ആണത് കണ്ടത്…

ചെറിയമ്മായിയുടെ ഒപ്പം അവൾ….. അതേ അതവൾ തന്നേ …. മയില്പീലിയുടെ നിറമുള്ള പട്ട് പാവാടായിട്ട് .. മുട്ടൊപ്പമുള്ള മുടിയുടെ തുമ്പ് കെട്ടിയിട്ട് …ഒരു കൈകൊണ്ട് പാവാടയുമൊതുക്കി നാലമ്പലത്തിൽ നിന്ന് പുറത്തേക്ക് വരുന്ന അവൾ…. കൈയിൽ ഇലച്ചീന്തിൽ പ്രസാദം…. പുറത്തിറങ്ങി അവൾ എന്റെ നേരെ നോക്കി…. അത്ഭുതത്തോടെ ആ കണ്ണുകൾ എന്നെ തുറിച്ച് നോക്കി….. എന്റെ സ്വപ്നത്തിലെ പെണ്ണ് … പക്ഷെ കുഞ്ഞമ്മായിയുടെ കൂടെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ….അത് അനുമോളാണ്…. എന്റെ കയ്യിൽ പിടിച്ച് നടന്ന കുറുമ്പുകാരി .. ഇപ്പോൾ പതിനാറിന്റെ നിറവിൽ…. എന്റെ ഉള്ളിൽ സന്തോഷമാണോ സങ്കടമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…. എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞ് നിന്ന ആ രൂപം ….

അവൾ എന്റെ നേരെ ചൂണ്ടി അമ്മായിയോട് എന്തോ പറഞ്ഞു…. ഏതോ പരിചയക്കാരിയോട് സംസാരിച്ച് നിന്ന അമ്മായി അവളോടെന്തോ പറഞ്ഞു…. അവൾ വീണ്ടും എന്റെ നേരെ നോക്കി…. ഞാൻ ചെറുതായ് ചിരിച്ചു… അവളിലും ചിരി വിരിഞ്ഞു…. ഉണ്ണിയേട്ടാ…. ദിവ്യ എന്നെ വിളിച്ചുകൊണ്ട് ഓടി വന്നു… അവൾ തിരിഞ്ഞ് ദിവ്യയെയും ഞെട്ടി എന്നെയും നോക്കി….. അപ്പോൾ അവളുടെ ചിരി മാഞ്ഞിരുന്നു… പിന്നെ തലകുനിച്ച് താഴേക്ക് നോക്കി…. പിന്നെ അമ്മായിയെ വിളിച്ച് കൊണ്ട് നടന്ന് പോയി…. ഇടക്ക് അവളൊന്ന് തിരിഞ്ഞ് നോക്കിയെങ്കിലും ആ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല…. ഒന്നെനിക്ക് മനസ്സിലായി….. എന്റെ സ്വപ്നം….. അനുമോളാണെന്നറിഞ്ഞ് എനിക്ക് ഇനിയും അങ്ങിനെ കാണാൻ പറ്റുമോ എന്നറിയില്ല…. അത് മറയുകയാണ്…. നേടുവാൻ വിഷമമുള്ള ഒരു പരീക്ഷയാണത് …… അത് വിജയിക്കാനായി എനിക്ക്

ശ്രമിക്കാനാകില്ല….. കാരണം അവളെന്റെ അനുമോളാണ്….. ഉണ്ണിയേട്ടാ എന്ന് വിളിച്ചുകൊണ്ട് ഓടി വന്നിരുന്ന…… എന്റെ മുഖമൊന്ന് വാടിയാൽ കരയുമായിരുന്ന …. എന്റെ അനുമോൾ…. അവളെ തനിക്ക് സ്വപനത്തിലെ പെണ്ണായി കാണാൻ കഴിയില്ല…..

ഉണ്ണിയേട്ടാ… എന്താ ആലോചിക്കുന്നത്…ദിവ്യയുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്…

ഏയ് ഒന്നുമില്ല മോളെ… എന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ തുടച്ചു….

എനിക്കറിയാം … അനുമോൾ മൈന്റ് ചെയ്തില്ല അല്ലെ….

ഉം…. ആദ്യം കുഴപ്പമില്ലായിരുന്നു…. നീ ഉണ്ണിയേട്ടാ എന്ന് വിളിച്ചപോഴാ ഭാവം മാറിയത്….

അമ്പലത്തിലും ഉണ്ണിയേട്ടന്റെ പാട്ട് കേട്ട് വാ പൊളിച്ച് നിൽക്കുന്നുണ്ടായിരുന്നു…. അവൾക്ക് മനസ്സിലായില്ലായിരിക്കും…. എന്നെ കണ്ടപ്പോളാ തിരിച്ചറിഞ്ഞത്….

അത് ശരിയായിരിക്കും….

അവളിപ്പോ പഴയ അനുമോളൊന്നുമല്ല… ഉണ്ണിയേട്ടാ… എന്നോടൊന്നും ഇപ്പോൾ പഴയ പോലെ മിണ്ടാറില്ല… ഞാൻ സ്‌കൂളിൽ ഉണ്ണിയേട്ടന്റെ കാര്യം പറയുന്നതൊന്നും അവൾക്കിഷ്ടമല്ല…

അത് പോട്ടേ മോളേ … എനിക്ക് നിങ്ങളില്ലേ….. ഞാൻ മനസ്സോളിപ്പിച്ച് പറഞ്ഞു….

അപ്പോഴേക്കും സുധയും പ്രിയയും അടുത്തേക്ക് വന്നു…. സുധ എന്റെ നെറ്റിയിൽ ചന്ദനം തൊടീച്ചു ….. ഞാൻ പ്രിയയെ നോക്കി…. അവളെന്നെ തന്നെ നോക്കി നിൽക്കുകയാണ്….

പ്രിയാ…. ഞാൻ മെല്ലെ വിളിച്ചൂ ….

അവളൊന്നും മിണ്ടിയില്ല… കണ്ണും മാറ്റിയില്ല…. മെല്ലെ ആ കണ്ണുകൾ നിറഞ്ഞു…. ചുണ്ടുകൾ മെല്ലെ വിറച്ചൂ….

പ്രിയ … ഞാൻ വീണ്ടും വിളിച്ചൂ ….

അവളൊന്ന് ഞെട്ടി… പിന്നെ മെല്ലെ ഒരു ചിരി വിടർന്നു…. ഞാനവളുടെ തോളിൽ ഒരു കൈ വച്ചു ….

എന്താടി…. ഞാനവളെ ചിരിയോടെ നോക്കി….

ഉണ്ണീ… എത്ര കാലമായെടാ….നിന്നെ ഒന്ന് കണ്ടിട്ട്… അവൾ തോളിലിരുന്ന എന്റെ കയ്യിൽ മുറുകെ പിടിച്ചു…. വലിയ ചെറുക്കനായി … ഇനി ഇവനെ ചേട്ടാന്ന് വിളിക്കേണ്ടി വരുമോടി സുധേ …..

ഒന്ന് പോടി …. നിനക്ക് സുഖമാണോടി…. ? പരീക്ഷ എങ്ങിനെയിരുന്നു…?

ആഹ് കുഴപ്പമില്ലെടാ… അവൾ രണ്ട് ചോദ്യത്തിനും കൂടി ഒറ്റ ഉത്തരം പറഞ്ഞു….

എത്ര നാളായെടാ….. നിനക്ക് ഞങ്ങളോടൊക്കെ വഴക്കായിരിക്കുമല്ലേ….. ?

എന്തിന്…?

നിന്നെ ഒറ്റപ്പെടുത്തിയതിന്…. ക്ഷമിക്കേടാ… അതെല്ലാം മനസ്സിലാക്കാനുള്ള പ്രായം അന്നില്ലാതെ പോയിട്ടാ… ഇന്നാണെങ്കിൽ നിന്നോട് മിണ്ടരുത് എന്ന് പറഞ്ഞവരോട് പോയി പണി നോക്കാൻ പറഞ്ഞേനെ….

അതൊക്കെ പോട്ടെ പ്രിയ…. അതെല്ലാം കഴിഞ്ഞ കാര്യമല്ലേ…. ഇപ്പോ ഞാനതൊന്നും ഓർക്കാറില്ല…. പിന്നെ വേറെന്താടി വിശേഷം…..

എന്ത് വിശേഷം…. തറവാട്ടിലെ കാര്യമൊക്കെ നീയറിഞ്ഞില്ലേ…?

ഉം…കുറെയൊക്കെ അച്ഛൻ പറഞ്ഞൂ …. ബാക്കി നീ പറഞ്ഞാൽ മതി…

പറയാനൊന്നുമില്ല… ആ അപ്സരസ്സുകൾക്കല്ലേ ഇപ്പൊ വിശേഷം…. പോയത് നീ കണ്ടില്ലേ…. നിന്നോട് മിണ്ടിയോ…. ഇല്ല മിണ്ടാൻ വഴിയില്ല….

ആര് ചെറിയമ്മായിയോ…?

ഉം… ഒരു അമ്മായി…. എന്നാലും അനുമോളെങ്ങിനെ മാറിയെന്നാ ….. ? എന്നോട് പോലും അത്യാവശ്യത്തിനേ മിണ്ടൂ… പിന്നാ നിന്നോട്… കയ്യിൽ പണമുണ്ടായപ്പോൾ ആരെയും വേണ്ട…. അത്ര തന്നേ ….

അപ്പോഴേക്കും ആന്റിയും എത്തി …

പോകാം മക്കളേ …. ആഹാ പ്രിയയുമുണ്ടോ…? വാ ഞങ്ങളും നിന്റെ വീട്ടിലേക്കാ….

വീട്ടിലേക്കോ…. എന്നാ വാ ടീച്ചറാന്റി… അവൾ ഉത്സാഹത്തോടെ നടന്നു… അപ്പോഴും എന്റെ കയ്യിലെ പിടി വിട്ടിരുന്നില്ല…. അവളെന്റെ കൂടെ ഉള്ളത് കൊണ്ടാകും സുധയും ദിവ്യയും ഒരല്പം അകലം വിട്ടാണ് നടന്നത്.. അവരുടെ ഒരു വകതിരിവ് എന്നെ പലപ്പോഴും അത്ഭുത പെടുത്തിയിരുന്നു…. മറ്റുള്ളവർക്ക് ഒരിക്കലും ശല്യമാകാതിരിക്കാൻ അവർ ശരിക്കും പരിശീലിച്ചിരിക്കുന്നു….

എന്താടി ശിവേട്ടന് ബിസിനസ്സ്….

ടൗണിൽ സ്പെയർ പാർട്ട്സിന്റെയാ… ഒന്ന് രണ്ട് കമ്പനികളുടെ ജെനുവിൻ പാർട്ട്സ് …. ഏജൻസിയാ … പാവം അച്ഛന് അസുഖം തുടങ്ങിയപ്പോൾ സ്വയം കഷ്ടപ്പെടാൻ തുടങ്ങി…. ഇപ്പോൾ നന്നായി പോകുന്നുണ്ട്….

അമ്മാവനെന്താ പറ്റിയത് ശരിക്കും….?

മുത്തശ്ശിയുടെ മരണ ശേഷം ഒരു ദിവസം കുറച്ച് അധികം മദ്യപിച്ചിരുന്നു….. അന്ന് വലിയ സങ്കടമായിരുന്നു… കൊച്ചച്ചൻ ചതിച്ചെന്നോ… ഒക്കെ പറഞ്ഞ് എണ്ണിപ്പെറുക്കി കരഞ്ഞു…. പിന്നെ ഉറങ്ങി എണീറ്റപ്പോൾ ഒരു കാലിന് ബലമില്ല… കുറെ ചികിത്സയൊക്കെ ചെയ്തു…. വലിയ ഫലമില്ല…. ശരീരത്തിനേക്കാൾ മനസ്സിന്റെ അസുഖമാണ് കൂടുതൽ ….. വയ്യാതായപ്പോൾ ഒന്നിനും കൊള്ളില്ല എന്ന് സ്വയം തീരുമാനിച്ചു… പാവം.. എന്തൊക്കെയോ മനസ്സിൽ ഉണ്ട്… ചോദിച്ചാൽ പറയും…. നിങ്ങളറിയണ്ട ….. അത് എന്നോട് കൂടെ മരിക്കട്ടെ എന്ന് ….. ഇപ്പൊ ഒന്നും ചോദിക്കാറില്ല…. ചേട്ടന്റെ കച്ചവടം നന്നായപ്പോ വീട്ടിൽ ഇപ്പൊ കുഴപ്പമില്ലാതെ പോകുന്നു…. അപ്പോഴേക്കും ഞങ്ങൾ അവളുടെ വീട്ടിലെത്തിയിരുന്നു…. ഉമ്മറത്ത് ആരുമില്ല…

അമ്മേ … അവൾ വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി…. ആന്റിയും മക്കളും പുറകേ പോയി…. സ്വന്തം തറവാടാണെങ്കിലും…. എനിക്കൊരു അസഹ്യത…. പെട്ടെന്ന് ഷർട്ടിന്റെ കൈയും മടക്കി കൊണ്ട് ശിവേട്ടൻ പുറത്തേക്ക് വന്നു…

ആഹ് ഉണ്ണിയോ… നീയെന്ന് വന്നെടാ….

ഇന്നലെ….

ഇനി കുറച്ച് നാളില്ലേ ….?

ഉണ്ട് … അവധി തീരും വരെ….

എന്നാലിടക്ക് കാണാം….. ഞാനല്പം വൈകി…. കടയിൽ കമ്പനിയുടെ സ്റ്റോക്കെടുപ്പാ….

ശിവേട്ടൻ പ്രിയ നീട്ടിയ ബാഗും വാങ്ങി ബൈക്കിൽ കയറി പോയി…

ശിവേട്ടൻ വലിയ പ്രായമായ പോലെ സംസാരിക്കുന്നു……. ഞാൻ പറഞ്ഞു പാവം എന്റെ ഏട്ടൻ…. എഞ്ചിനീറിങ് പഠിക്കാനായിരുന്നു ആഗ്രഹം…

ഇവിടുത്തെ സ്ഥിതി ഓർത്ത് പോളിടെക്നിക്കിൽ പോയി പാസ്സായി നിർത്തി… ഇപ്പൊ രാപകലില്ലാതെ ഓടുകയാ….

എല്ലാം ശരിയാകുമെടീ…. അമ്മാമ എവിടെ …. ?

ഇപ്പൊ മുത്തശ്ശിയുടെ മുറിയിലാ… നീ അങ്ങ് ചെല്ല് …. ഞാൻ കൂടെ വരണോ…?

വേണ്ട …. വല്യമ്മാവന്റെ മുൻപിലേക്ക് ചെല്ലാൻ അല്പം പരുങ്ങലുണ്ടെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല…

എന്നാ ചെല്ല് … ഞാൻ ചായയുമായി വരാം….

ഞാൻ ചെല്ലുമ്പോൾ അച്ഛനുണ്ട് അവിടെ… എന്തോ കാര്യമായ ചർച്ചക്ക് ശേഷമുള്ള മൗനത്തിലാണ് രണ്ട് പേരും… അമ്മാവൻ മച്ചിലേക്ക് നോക്കി കിടക്കുന്നു….

വല്യമ്മാവാ…. ഞാൻ വിളിച്ചു…. എന്നെ നോക്കി… കുറച്ചേറെ നേരം … പിന്നെ കയ്യാട്ടി വിളിച്ചു …. ഞാനരികിലേക്ക് ചെന്നു ….

ഉണ്ണീ … മോനേ …..

വല്യമ്മാവാ….

നീ ഇരിക്കെടാ….. എന്നെ കാണാൻ വന്നല്ലോ എന്റെ കുട്ടി…. നിനക്കെന്നോട് പിണക്കമുണ്ടോടാ…. ?

എന്തിനാ അമ്മാവാ പിണങ്ങുന്നത്…. ? നിങ്ങൾക്കെല്ലാം എന്നെക്കാൾ എത്ര പ്രായവും ലോക പരിചയവുമുണ്ട്… ആ നിങ്ങൾ ചെയ്യുന്നതിന് അതിന്റേതായ ന്യായമുണ്ടാകും… പിന്നെന്തിനാ പിണങ്ങുന്നത്….

എന്നാലും….

അതൊക്കെ പണ്ടല്ലേ അമ്മാവാ… .എന്റെ ചെറുപ്പത്തിൽ… തിരിച്ചറിവില്ലാത്തപ്പോൾ അതൊക്കെ മനസ്സിൽ കൊണ്ടിട്ടുണ്ടാവും…. പക്ഷെ ഇപ്പോൾ ഞാൻ വലുതായില്ലേ…. ശരിയാണ്… എന്റെ കുട്ടി വലുതായി…. ശരീരത്തിലും മനസ്സിലും വാക്കിലും….. മിടുക്കനാണ് കേട്ടോ…. പഠിക്കാനൊക്കെ മിടുക്കനാണെന്ന് അച്ഛൻ പറഞ്ഞു…. നന്നായി വരണം…..

ഉവ്വ്….

അമ്മാമക്ക് വയ്യാതായി മോനെ…. നീ ഉയരങ്ങളിലെത്തുമ്പോൾ ഞാനുണ്ടാവില്ല…. അമ്മായിയോടും ഒക്കെ പിണങ്ങരുത് കേട്ടോ…. ഈ വിഡ്ഢിയുടെ വാക്ക് കേട്ടാണ് അവരൊക്കെ നിന്നോട്….

സാരമില്ല അമ്മാവാ… അതൊക്കെ കഴിഞ്ഞില്ലേ…. സാരമില്ല….. ഞാൻ അമ്മാവന്റെ കാലിൽ തൊട്ട് തൊഴുതു…. ഞാനമ്മായിയെ ഒന്ന് കാണട്ടെ….

നന്നായി വരും എന്റെ കുട്ടി… ചെല്ലു മോനെ അവൾക്ക് സന്തോഷമാകും… എന്റെ ശിവനേ …എന്റെ കുട്ടിയെ കാക്കണേ…. അച്ഛനോട് തലയാട്ടി അനുവാദം വാങ്ങി ഞാൻ പുറത്തേക്ക് നടന്നു….

ഹാളിലെത്തുമ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു…. അമ്മായി എനിക്ക് പുറം തിരിഞ്ഞ് നിൽക്കുകയാണ്… ഞാൻ ചെന്ന് അമ്മായിയുടെ തോളിൽ പിടിച്ച് വിളിച്ചൂ ….

അമ്മായി…

ആഹ്.. .ഉണ്ണിയോ എന്താടാ…. സുഖമല്ലേ… നിർവികാരമായ സ്വരം… ഒപ്പം എന്റെ കയ്യും എടുത്ത് മാറ്റി….

സുഖമാ… അമ്മായിക്കോ….

പിന്നേ ഇത്രയും കാലത്തിനിടക്ക് ഇപ്പോഴാണല്ലോ അമ്മായിയുടെ സുഖം അന്വേഷിക്കുവാൻ തോന്നിയത്….

അമ്മായി…

ഒന്ന് പോടാ… നീയും നിന്റെയൊരു കുശലാന്വേഷണവും…. അവർ അകത്തേക്ക് നടന്നു… ഞാനെന്നല്ല എല്ലാവരും അമ്പരന്ന് നിൽക്കുകയാണ്….

എന്താടാ നീ ഭയന്നോ…? പ്രിയ ചെവിയിൽ ചോദിച്ചു…. എടാ അത് ‘അമ്മ നിന്റെ മുമ്പിൽ കരയാതിരിക്കാൻ കാണിച്ച ജാടയാ…. നീ അകത്തോട്ട് ചെല്ല് … അമ്മയാ വർക്കേരിയയിൽ പുറത്തേക്കിറങ്ങുന്ന വാതിൽപടിയിൽ കാണും… കരയുക ആയിരിക്കും… ഞാൻ പ്രിയയെ നോക്കി… അവളുടെ സ്വരത്തിലും കണ്ണിലും നനവുണ്ടായിരുന്നു… അവളെന്നെ അകത്തേക്ക് തള്ളി

ചെല്ലെടാ….

ഞാൻ ചെല്ലുമ്പോൾ പ്രിയ പറഞ്ഞ ഇടത്ത് ഇരിക്കുന്നുണ്ടായിരുന്നു അമ്മായി…. ഏങ്ങലടിക്കുന്നതിനാലാവാം തോളുകൾ ഇടക്കിടക്ക് കുലുങ്ങുന്നുണ്ട്…. ഒരു കൈ തലയിൽ താങ്ങി ഇരിക്കുന്നു…. ഞാൻ ഒന്നും പറയാതെ അവരുടെ വശത്ത് തറയിലിരുന്ന് മടിയിലേക്ക് തല വച്ച്… അവരെ ഒരു കൈ കൊണ്ട് കെട്ടിപിടിച്ചു…. അവരുടെ വയറിലേക്ക് മുഖമമർത്തി മുറുക്കെ കെട്ടി പിടിച്ചു … ഒന്നും മിണ്ടിയില്ല…. അവരും അനങ്ങിയില്ല…. അവരെപ്പോഴും ശബ്ദമില്ലാതെ കരയുകയാണെന്ന് എനിക്ക് മനസ്സിലായി…. ഏതായാലും എന്നോട് എഴുന്നേറ്റ് പോകാൻ പറഞ്ഞില്ലല്ലോ…. ഞാന്വിറ്റി തന്നെ കിടന്നു…. അൽപനേരം കഴിഞ്ഞ് ഒരു നെടുനിശ്വാസത്തോടെ അവർ വിളിച്ചൂ …

ഉണ്ണീ….

എന്താ അമ്മായി….

ഒന്നുമില്ലെടാ…. പൊന്നുമോനെ…. അവരുടെ കരച്ചിൽ ഉച്ചത്തിലായി….

കരയാതെ അമ്മായി….

എന്നാലും നീയെന്റെ കുഞ്ഞല്ലേടാ…. എന്നിട്ടും നിന്റെ ‘അമ്മ മരിച്ചപ്പോൾ ഞാൻ നിന്നെ തള്ളി പറഞ്ഞല്ലോടാ… അവർ പതം പറഞ്ഞു…

അതൊക്കെ കഴിഞ്ഞില്ലേ അമ്മായീ… എത്ര കാലമായി….

ഞാനൊരു ദുഷ്ടയാടാ…. നിന്റെ പ്രായം പോലും ഓർക്കാതെ നിന്നെ തള്ളിയ മഹാപാപി…

ഇല്ലമ്മായി ….. അങ്ങിനെയെല്ലാം നടക്കണമെന്നാണ് വിധി… അത് നടന്നല്ലേ പറ്റൂ…. മാത്രമല്ല ഞാനിപ്പോൾ അതൊന്നും ഓർക്കാറില്ല…. എന്നെ കഴിഞ്ഞ സംഭവങ്ങൾ…..

എന്നാലുമെന്റെ മോനെ…. ഒരെന്നാലുമില്ല…. എന്റെ അമ്മായി ഇനി കരഞ്ഞാൽ ഞാൻ ഇപ്പൊ തന്നെ പോകും…. എനിക്കിങ്ങനെ കരയുന്നവരെ ഇഷ്ടമല്ല… ഞാൻ എണീക്കാൻ തുടങ്ങി…

തെറിക്കുത്തരം മുറി പത്തൽ എന്നപോലെ ഞാൻ പറഞ്ഞു…

കിടക്കേടാ അവിടെ… എവിടെ പോകുവാ.നീ… അമ്മായിയെന്നെ പിടിച്ച് മടിയിലേക്ക് മലർത്തി കിടത്തി…. ഞാനൊന്ന് കാണട്ടെ എന്റെ കുട്ടിയേ ….അവർ എന്റെ മുടിയിൽ തലോടി…. മുഖത്തെല്ലാം ആ വിരലുകൾ ഓടി നടന്നു…. അവർ കണ്ണീരിനിടയിലൂടെ ചിരിച്ചു…..

ആഹാ ഇതുകൊള്ളാലൊ …. അവിടുന്ന് മോന്തയും വീർപ്പിച്ച് പോന്നവർ ഇവിടെ കെട്ടി പിടിച്ചിരുന്ന് കൂട്ടുകൂടുന്നോ …. ? അങ്ങോട്ടെത്തിയ പ്രിയ ചോദിച്ചു…

ആഹ് ഞങ്ങളങ്ങിനെയാ…. നിനക്കെന്താ… അമ്മായി ചിണുങ്ങി…

എനിക്ക് ഒരു കുഴപ്പവുമില്ല.. ഇതൊക്കെ എല്ലാവരുടെയും മുൻപിൽ വച്ചും ആകാം… ഇങ്ങിനെ ഒളിച്ചും പാത്തും ചെയ്യേണ്ടെന്നേ പറഞ്ഞുള്ളൂ…

ഒന്ന് പൊടീ …. അമ്മായി പറഞ്ഞു തീർത്തു…. അപ്പോഴേക്കും എല്ലാവരും അങ്ങോട്ടെത്തി…..

പോകാം ഉണ്ണീ… ആന്റി ചോദിച്ചു…

ഇപ്പോ പോകാനോ…. നീ ഉണ്ടിട്ട് പോയാ മതിയെടാ….

ഉണ്ണാൻ ശിവേട്ടനും കൂടി ഉള്ളപ്പോൾ ഒരു ദിവസം വരാം അമ്മായി…. ഇപ്പൊ പോകട്ടെ…

ഓഹ് നിനക്ക് വലിയ വാലാണെങ്കിൽ പൊക്കോ….

അങ്ങിനെ പിണങ്ങല്ലേ …. അമ്മായി ….. പിന്നെ വരാമെന്നേ … ഇനി ഞാൻ കുറച്ച് നാളിവിടെ ഉണ്ടല്ലോ….

ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി…. മടങ്ങുമ്പോൾ ഞാനോർത്തു…. എന്ത് ശുദ്ധരാണിവർ… ആരുടെയൊക്കെയോ മനസ്സിന്റെ നിയന്ത്രണത്തിൽ പെട്ട് പോകുന്നവർ…. പാവങ്ങൾ….

അന്നും ഞാനും സുധയും ദിവ്യയും കളിയും ചിരിയും ഒക്കെ ആയി കഴിച്ച് കൂട്ടി…. അച്ഛനെന്തോ അധികവും റൂമിൽ തന്നെ ആയിരുന്നു…. അത്താഴത്തിനാണ് ഒന്നിച്ചിരുന്നത്…. അത്താഴ സമയത്ത് അച്ഛനാണ് സംസാരം തുടങ്ങിയത്….

ഉണ്ണീ…. നിന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി…. നിന്റെ പ്രായത്തിലുള്ള കുട്ടികളെക്കാളും പക്വത നീ പുലർത്തി…. അത് കാരണം തറവാട്ടിൽ എല്ലാവർക്കും നിന്നെ ഫേസ് ചെയ്യാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല …. അവർക്കൊക്കെ വലിയ മനസ്താപം ഉണ്ടായിരുന്നു…. അതൊക്കെ മാറി…. അത് നന്നായി … വലിയ തിരിച്ചറിവുകളെ നേരിടാൻ നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചു…. അച്ഛനൊരു മുന്നറിയിപ്പ് പോലെ പറഞ്ഞു.

ആരും ഒന്നും മിണ്ടിയില്ല… നേരിയ മൗനം….

അച്ഛാ ഇന്ന് അമ്പലത്തിൽ ഉണ്ണിയേട്ടന്റെ പാട്ട് കേട്ട് എല്ലാവരും അന്തംവിട്ട പോലെ നിൽക്കുക ആയിരുന്നു…. ദിവ്യ മൗനം വെടിഞ്ഞു…

ആണോ… ഒത്തിരി ആളുണ്ടായിരുന്നു…?

പിന്നെ ഇല്ലേ… ഇഷ്ടപ്പെടാത്തത് അനുവിനും അവളുടെ അമ്മയ്ക്കും മാത്രമേ ഉള്ളു… സുധ പറഞ്ഞു…

ഏത് പാട്ടാണുണ്ണീ അത്… ? ആന്റി ചോദിച്ചു…

അത് ശ്രീനാരായണ ഗുരു എഴുതിയ സദാശിവ ദർശനം ആണ് ….ആന്റി ….. അവർക്കും പാട്ടൊക്കെ ഇഷ്ടപ്പെട്ടു… പക്ഷെ ഞാനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉള്ള കുഴപ്പമേ ഉള്ളൂ….

നീയെന്തിനാ ഉണ്ണീ അവരെ ന്യായീകരിക്കുന്നത്….. നിന്നോട് മോശമായി ആര് പെരുമാറിയാലും എനിക്കിഷ്ടമല്ല…. സുധ ദേഷ്യം പിടിച്ചു…

എനിക്കും…. ഉണ്ണിയേട്ടനാണെന്നറിഞ്ഞപ്പോൾ ആ അനുവിന്റെ ഭാവം പോലും എനിക്കിഷ്ടപ്പെട്ടില്ല… ദിവ്യയും കൂടെ കൂടി…

പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല….

ഓ അതൊന്നും നമ്മൾ ശ്രദ്ധിക്കേണ്ട കുട്ടികളേ …. മറ്റുള്ളവരുടെ പെരുമാറ്റം നമ്മളിൽ ദേഷ്യം ഉണ്ടാക്കുന്നു എങ്കിൽ അവരും നമ്മളും തമ്മിലെന്താണ് വിത്യാസം…. അവർ നമ്മോട് ഇഷ്ടക്കേട് പരസ്യമായി കാണിക്കുന്നു…. നമ്മൾ രഹസ്യമായും…. ഇതെല്ലാം എന്തിനാണ് ആരുടെയെങ്കിലും മുൻപിൽ വലുതാവാൻ ….. തോൽപിക്കാൻ…. എന്നിട്ടോ വല്ലതും നടക്കുമോ……. തോൽക്കുവാനും ചെറുതാകുവാനും എതിരുള്ള ആൾ കൂടെ തയ്യാറാകേണ്ട …… നമുക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയിൽ പോകുക …. അത് നിങ്ങളെ ജയിക്കുവാനുള്ള അവരുടെ ആഗ്രഹത്തിന്റെ വേരറുക്കും…. അച്ഛൻ പറഞ്ഞ് നിർത്തി….

ഭക്ഷണ ശേഷം കുറെ നേരം അച്ഛനൊഴികെ ഞങ്ങൾ നാലും കാരംസ് കളിച്ചിരുന്നു…. ഉറക്കം കണ്ണിൽ കേറിയപ്പോഴാണ് പിരിഞ്ഞത്….

*****

ഇനി നാളെ… രഹസ്യങ്ങൾ പതിയിരിക്കുന്ന മംഗലത്ത് വീട്ടിലേക്ക് ഒരു യാത്ര…. അത് ഗോവർദ്ധനെ എങ്ങിനെയാണ് ബാധിക്കാൻ പോകുന്നത്…. നല്ലതോ ചീത്തയോ….? അനുമോളെന്ന കാന്താരിയിൽ നിന്ന് സ്വപ്നത്തിലെ കാമുകിയായി അനസൂയ ശ്രീനിവാസൻ വളരുമോ….? ഒളിച്ച് വച്ച രഹസ്യങ്ങൾ തനിയെ പുറത്ത് വരുമോ….? പുതിയ കഥാപാത്രങ്ങൾ ഉണ്ണിയുടെ ക്ഷേമത്തിനോ…? നമുക്ക് നോക്കാം…. അടുത്തഭാഗത്തിൽ….

Comments:

No comments!

Please sign up or log in to post a comment!