നീയെൻ ചാരെ 2

ഒവാബി….

നീയെൻ ചാരെ…2 —————————-

പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ച് 9 മണി ആയപ്പോഴേക്കും നാലുപേരും കാണാൻ ബാക്കി വെച്ച കാഴ്ചകളിലേക്ക് ഇറങ്ങി….

ഒരുപാട് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും കണ്ട് പരിചയമുള്ള സ്ഥലങ്ങളും കാഴ്ചകളുമാണെങ്കിലും നേരിട്ട് കണ്ടപ്പോൾ എല്ലാത്തിനും ഒരു പുതുമ ഫീൽ ചെയ്തു….. കണ്ട കാഴ്ചകളെല്ലാം തങ്ങളുടെ ക്യാമറയിലും മറ്റും പകർത്തി അവർ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു….

സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു…….ചുറ്റുവട്ടകാഴ്ചകൾ കാണാൻ വേണ്ടി ബൈക്ക് രണ്ടും ഒരൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്ത് നടന്നായിരുന്ന നാലുപേരും പോയത്… …..ഒരുപാട് നേരത്തെ നടത്തം കൊണ്ട് നാലുപേർക്കും നന്നായി വിശപ്പും ദാഹവും അനുഭവപ്പെടാൻ തുടങ്ങി…കയ്യിൽ കരുതിയിരുന്ന വെള്ളമെല്ലാം തീർന്നും പോയിരുന്നു…

അത്യാവശ്യം വൃത്തിയും വെടിപ്പും തോന്നിക്കുന്ന ഒരു ഹോട്ടൽ കണ്ടപ്പോൾ ഭക്ഷണം കഴിക്കാൻ അവരങ്ങോട്ട് കയറി…..

ആദി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ പോയപ്പോളാണ് അലന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്…… കയ്യിൽ ഭക്ഷണം ആയതിനാൽ അവന്റെ ജീൻസിൽ നിന്നും ഇടത്തേ കൈ കൊണ്ട് കഷ്ടപ്പെട്ട് മൊബൈൽ എടുത്തപ്പോഴേക്കും കാൾ കാട്ടായി….ഇതേതാ ഈ നമ്പർ എന്ന് വിചാരിച്ചു തിരിച്ചു വിളിക്കാൻ നിന്നപ്പോഴേക്കും ഫോണ് വീണ്ടും റിങ് ചെയ്യാൻ തുടങ്ങി…. അവൻ വേഗം അറ്റൻഡ് ചെയ്തു..

: ഹലോ… ആരാണ്…!!

: ആ..ഹലോ… അലൻ ചേട്ടായി.. ഞാൻ ആര്യയാണ്. ആദിയുടെ…….

: ആ മനസ്സിലായി ….പറ മോളെ…

: അത്….. ചേട്ടായി ഉണ്ടോ അടുത്ത്….?? ഞാൻ കുറെ നേരമായി ചേട്ടാടയിയുടെ നമ്പറിൽ വിളിക്കാൻ നോക്കുന്നു…പക്ഷെ കിട്ടുന്നില്ല…..

അവളുടെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളവും പേടിയും അവനനുഭവപ്പെട്ടു

: അത് അവന്റെ മൊബൈൽ നെറ്റ്വർക്കിന് ഇവിടെ സിഗ്നൽ കുറവാണ് അതുകൊണ്ടായിരിക്കും…എന്താ കാര്യം മോളെ……!!!

അപ്പോഴേക്കും ആദി കൈ കഴുകി വന്നു….

ടാ ഇതാ ആര്യയുടെ കാൾ…നിന്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന്… അതും പറഞ്ഞു അലൻ ആദിക്ക് ഫോൺ കൊടുത്തു…..

ഇവളെന്താ ഈ സമയത്ത്….എന്ന് വിചാരിച്ച് ആദി ഫോൺ ചെവിയോട് ചേർത്തു….

മരുതലക്കൽ നിന്ന് ആര്യ പറഞ്ഞ കാര്യം കേട്ട് അവന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി…. കണ്ണുകൾ രണ്ടും നിറഞ്ഞ് തുളുമ്പി….

ഇതു കണ്ട അലൻ വെപ്രാളപ്പെട്ട് ആദിയോട് എന്താ കാര്യം എന്ന് ചോദിച്ചു……

: ടാ …. സൽമാന്റെ ഉമ്മാക്ക്……

: സൽമാന്റെ ഉമ്മാക്ക്….

.!!!!!!!

: സൽമാന്റെ ഉമ്മാക്ക് ഹാർട്ട് അറ്റാക്ക് ഇപ്പൊ ഐ സി യു വിലാണെന്ന്…

: എപ്പോ….!!!.

: രാവിലെയാണ് അറിഞ്ഞത് ഒറ്റക്കായത് കൊണ്ട് കുറച്ച് ദിവസം ആയിട്ട് അമ്മു (ആര്യ) ഉമ്മച്ചിയുടെ കൂടെയാണ് രാത്രി കിടക്കാറ്…. രാവിലെ സാധാരണ അവളെ വിളിച്ചെഴുന്നേല്പിക്കുന്ന സമയം കഴിഞ്ഞിട്ടും വിളി കാണാത്തതോണ്ട് അമ്മു നോക്കിയപ്പോളാ അറിയുന്നത്..സൈലന്റ് അറ്റാക്കാണെന്നാ ഡോക്ടർ പറഞ്ഞത്….എനിക്ക് എത്രയും പെട്ടെന്ന് നാട്ടിലെത്തണം….

: ടാ പെട്ടെന്ന് എത്തണമെന്നൊക്കെ പറഞ്ഞാലിപ്പോ എങ്ങനെയാ….നമ്മൾ ബൈക്കിൽ അല്ലെ വന്നത്….

: ടാ അതൊന്നും പറഞ്ഞാ ശെരിയാവൂല അവിടെ അമ്മയും അമ്മുവും മാത്രമേയുള്ളു…അച്ഛൻ സ്കൂളിന്റെ എന്തോ ആവശ്യത്തിന് തിരുവന്തപുരം പോയിരിക്കുകയാ വരാൻ ഇനിയും ഒരാഴ്ച എടുക്കും…ബഷീർക്കയും നാട്ടിലില്ല ….

അപ്പോഴേക്കും അക്ബറും അവിനാശും അങ്ങോട്ട് വന്നു… അവരോടും കാര്യങ്ങളെല്ലാം പറഞ്ഞു…

കാര്യത്തിന്റെ ഗൗരവം മനസ്സിലായതോണ്ടും വേറെ വഴി ഇല്ലാത്തതുകൊണ്ടും കുറച്ചു നേരം ആലോചിച്ചിട്ട് അക്ബർ പറഞ്ഞു..

: ഈ സമയത്ത് ഇവിടെ എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ് ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല…പിന്നെ ഉള്ളത് ഡൽഹിയിൽ നിന്നാണ്…ഇവിടെ നിന്നും ഏകദേശം 900 കിലോമീറ്ററിന്റെ അടുത്ത് ഉണ്ട് ഡൽഹിയിലേക്ക് ഇപ്പൊ ഇറങ്ങിയിട്ട് ഒന്ന്

ആഞ്ഞുപിടിച്ചാൽ നാളെ രാത്രി ആവുമ്പോഴേക്കും അവിടെ എത്താം പിന്നെ ഇവനെ നാട്ടിലേക്ക് കയറ്റി വിട്ടിട്ട് നമുക്ക് ബൈക്കും പാർസൽ ചെയ്തിട്ട് ട്രൈനിൽ പോവാം….

മറ്റുള്ളവർക്കും അത് ഓക്കെ ആയതോണ്ട് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനിച്ചു….

സാധാനങ്ങളെല്ലാം നേരത്തെ പാക്ക് ചെയ്ത് വച്ചതുകൊണ്ട് അതിനൊന്നും സമയം പോയില്ല… എല്ലാം സെറ്റ് ചെയ്ത് റൂമും വെക്കേറ്റ് ചെയ്ത് അവരവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും 2:15 ൽ കഴിഞ്ഞിരുന്നു…

ബൈക്ക് താൻ ഓടിക്കാമെന്ന് അലൻ പറഞ്ഞെങ്കിലും ആദി സമ്മതിച്ചില്ല…..മഞ്ഞു താഴ്വരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവരുടെ ബുള്ളറ്റുകൾ അവിടെ നിന്നും പുറപ്പെട്ടു………..

ആദിയുടെ കൂടെ ബുള്ളറ്റിന്റെ പിറകിലിരിക്കുമ്പോൾ അലന്റെ മനസ്സിലേക്ക് ആദ്യമായി അവിനാശ് അവന്റെ അപ്പാപ്പന്റെ പഴയ ബുള്ളറ്റും കൊണ്ട് കോളേജിൽ വന്ന ദിവസം ഓർമ്മ വന്നു…..

______________________

കോളേജിൽ ജോയിൻ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു….. ആ ഒരു വർഷം കൊണ്ട് തന്നെ തങ്ങളുടെ ഗ്യാങ് കോളേജിൽ മുഴുവൻ അറിയപ്പെട്ടിരുന്നു…അതിനുള്ള പ്രധാന കാരണം ആദിയും സൽമാനും തന്നെയായിരുന്നു….


കോളേജിൽ ഇലക്ഷനോടാനുബന്ധിച്ച് സീനിയേഴ്സിന്റെ ചേരി തിരിഞ്ഞുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സമയം… അന്ന് ഒരു ഗ്രൂപ്പിന്റെ പാർട്ടി കൊടിയും ഇലക്ഷൻ പ്രചാരണ പോസ്റ്ററുകൾ ആരോ നശിപ്പിച്ചു… അത് ഓപ്പോസിറ്റ് ഗ്രൂപ്പ് ആണെന്നും പറഞ്ഞായിരുന്നു അടി…..ചെറിയ രീതിയിൽ തുടങ്ങി ആളുകൂടി അതങ്ങ് വലുതായി….

പിന്നെ തലങ്ങും വിലങ്ങും തല്ല് .കണ്ണും പൂട്ടിയുള്ള പൊരിഞ്ഞ കൂട്ടത്തല്ലായി….

ഇതിനിടയിൽ കുറച്ചു പെണ്കുട്ടികൾ അവരുടെ ഇടയിൽ പെട്ടു ..ചെക്കന്മാർ അതൊട്ട് അറിഞ്ഞതുമില്ല…കുറ്റം പറയരുതല്ലോ നല്ല കണക്കിന് കിട്ടി എല്ലാത്തിനും ..മൂന്നാലെണ്ണത്തിന്റെ കയ്യും തലയും ഒക്കെ പൊട്ടി ചോരയൊക്കെ വന്നു… ടീച്ചേഴ്സ് അവരുടെ പരമാവതി ശ്രമിക്കുന്നുണ്ട് അടി നിർത്തിക്കാൻ അവരുടെ ഇടയിലേക്ക് കയറിചെല്ലാൻ അവർക്കും പേടി…

അപ്പോളാണ് നമ്മുടെ കഥാനായകന്മാർ കോളേജിലേക്ക് കയറി വരുന്നത്…

ക്യാമ്പസിലേക്ക് കടന്നതും കാണുന്നത് ഈ കൂട്ടതല്ലാണ്…രണ്ടു പേരുടെയും മുഖഭാവം കണ്ടാൽ അറിയാം ആദ്യമായിട്ടാണ് ഇങ്ങനത്തെയൊന്ന് നേരിട്ട് കാണുന്നതെന്ന്…. ഞാൻ (അലൻ)വേഗം അവരുടെ അടുത്തേക്ക് ചെന്നു ….

ആദി എന്താ സംഭവം എന്നെന്നോട് ചോദിച്ചു …..ഞാൻ അടിയുടെ കാര്യ കാരണം അങ്ങ് പറഞ്ഞുകൊടുത്തു… അത് പറയുമ്പോഴും സൽമാന്റെ ശ്രദ്ധ

അവിടെയൊന്നും അല്ലായിരുന്നു…. അവന്റെ കണ്ണ് ചുറ്റും എന്തിനോ വേണ്ടി പരതി നടന്നു…..

അപ്പോഴാണ് നമ്മുടെ അവിനാശ് അവന്റെ പട്ടാളക്കാരനായിരുന്ന അപ്പാപ്പന്റെ പഴയ 80 മോഡൽ മിലിറ്ററി ബുള്ളറ്റും കൊണ്ട് വരുന്നത്… പഴയ മോഡൽ ആയതുകൊണ്ട് തന്നെ ഒരു കൊമ്പന്റെ തലയെടുപ്പായിരുന്നു അതിന്…പോരാത്തതിന് കാതടിപ്പിക്കുന്ന ഒച്ചയും…

ഒരു ദിവസമെങ്കിലും അതിലൊന്ന് കോളേജിൽ പോകാനുള്ള അവന്റെ അതിയായ മോഹം കൊണ്ട് അപ്പാപ്പന്റെ കാലുപിടിച്ച് വാങ്ങിക്കൊണ്ടു കോളേജിലേക്ക് വരുന്ന വഴിയാണ് അവൻ…

അവന്റെ വരവ് കണ്ട് ഞങ്ങൾ ശ്രദ്ധ അവനിലേക്ക് തിരിച്ചു… അവന്റെ ശ്രദ്ധയാണെങ്കിൽ അടിയിലും… ആകെ അന്തം വിട്ടുള്ള വരവാണ്….

പെട്ടെന്ന് സൽമാൻ എന്തോ ഓർത്തിട്ട് അവന്റെ അടുത്തേക്ക് ഓടി….

അവനെ തടഞ്ഞു നിർത്തി ബൈക്കിൽ നിന്ന് അവനെ ഇറക്കി …. എന്നിട്ട് അവനതിൽ കയറി ഇരുന്ന് രണ്ട് ഇരപ്പിക്കലിരപ്പിച്ചു…..

ഞങ്ങൾക്ക് എന്തേലും ചോദിക്കാനുള്ള അവസരം പോലും തരാതെ അവനാ തല്ല് നടക്കുന്ന കൂട്ടത്തിനടുത്തേക്ക് ശരവേഗത്തിൽ പാഞ്ഞു പോയി….

ആ കൂട്ടത്തിൽ നിന്ന് ഒരു ഒന്നര മീറ്ററോളം അകലത്തിൽ ബൈക്ക് ബ്രേക്കിട്ടു ഡ്രിഫ്റ്റ് ചെയ്ത് നിർത്തി ഇറങ്ങിയിട്ട് നേരെ പോയി ബൈക്കിന്റെ സയലെൻസറിൽ ആഞ്ഞൊരു ചവിട്ട്….


ദേ കിടക്കുന്നു സയലെൻസർ വെട്ടിയിട്ട വാഴ പോലെ താഴെ…..

അവൻ വേഗം സീറ്റ് കവറിന്റെ ഉള്ളിലൂടെ കയ്യിട്ട് സീറ്റിന്റെ സ്പോഞ്ച് രണ്ട് കഷണമെടുത്ത് അവന്റെ രണ്ടു ചെവിയിലും തിരുകിയിട്ട് വേഗം ബൈക്കിൽ കയറി ഇരുന്നു …എന്നിട്ട് ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കലും ബൈക്കിന്റെ കിക്കറടിക്കലും ഒരുമിച്ച് കഴിഞ്ഞു….

ബൈക്കു സ്റ്റാർട്ട് ആയതും അവൻ ആക്സിലേറ്റർ ആഞ്ഞു കൊടുക്കാൻ തുടങ്ങി…..

അഞ്ചാറു മീറ്റർ ഇപ്പുറം നിൽക്കുന്ന ഞങ്ങളുടെ ചെവിയിലേക്ക് കർണപടം പൊട്ടുമാറുച്ചത്തിൽ ബൈക്കിന്റെ ശബ്ദം ഇരച്ചെത്തി ……അത് സഹിക്കാനാവാതെ ഞങ്ങൾ രണ്ട് കയ്യും കൊണ്ട് ചെവി ഇറുക്കി പിടിച്ച് അവിടെ ഇരുന്നു പോയി…..

ഞങ്ങളുടെ അവസ്‌ഥ ഇതാണെങ്കിൽ അവന്റെ തൊട്ടടുത്ത് നിൽക്കുന്ന ആ കൂട്ടത്തിന്റെ അവസ്ഥ എന്തായിരിക്കും….!!!!

അവരും ആ ഒച്ച സഹിക്കാനാവാതെ ചെവിയും ഇറുക്കി പൊത്തിപ്പിടിച്ച് കണ്ണുമടച്ച് അവടെ ഇരുന്നു…..

ഒന്ന് രണ്ടു മിനിറ്റ് അവൻ ആ ഇരപ്പിക്കൽ തുടർന്നു …..തല്ലൊക്കെ ഒന്ന് ഒതുങ്ങി എന്ന് കണ്ടതോടെ അവൻ ബൈക്ക് ഓഫ് ചെയ്തു…..

ഒച്ചയൊന്നാടങ്ങിയപ്പോൾ എല്ലാവരും മെല്ലെ എഴുന്നേറ്റ് എന്താണിപ്പോ ഇവിടെ സംഭവിച്ചെതെന്നറിയാൻ ചുറ്റും നോക്കി …….

ഒരുത്തൻ ബൈക്കുമായി കോംപോണ്ടിന്റെ നടുക്ക് നിക്കുന്നു.. ഒരു സെക്കന്റ് അവനെ ഒന്ന് നോക്കിയിട്ട് വീണ്ടും അവർ എന്താ സംഭവം എന്നറിയാൻ ചുറ്റും നോക്കി…..

അപ്പോഴാണ് തല്ലും കൊണ്ട് കയ്യും കാലും തലയും ഒക്കെ പൊട്ടി ചോരയുമൊലിപ്പിച്ച് കുറെയെണ്ണം നിലത്തു കിടക്കുന്നത് കാണുന്നത്… കൂട്ടത്തിൽ പെണ്കുട്ടികളെയും കണ്ടപ്പോൾ ഇവരെപ്പോ ഇതിനിടയിൽ വന്ന് കേറി എന്ന ഭാവത്തോടെ പരസ്പരം നോക്കാൻ തുടങ്ങി….

എന്തായാലും തല്ലിന്റെ ആ ഫ്ലോ അങ്ങ് പോയത് കൊണ്ടും ഇനി തല്ലാൻ ആവതില്ലാത്തതുകൊണ്ടും അന്നത്തെ തല്ല് അവിടെ തീർന്നു…..

പിന്നെ ആംബുലൻസ് വിളിക്കലായി , ഹോസ്‌പിറ്റലിൽ കൊണ്ട് പോവലായി , പോലീസ് വരലായി , കേസെടുക്കലായി….ആകെ ജഗ പൊഗ….

ഒക്കെയൊന്ന് കെട്ടടങ്ങിയപ്പോളാണ് ഞങ്ങൾ അവിനാശിനെ ശ്രദ്ധിക്കുന്നത് … അവനുണ്ട് ആ സായലെൻസറും പിടിച്ചു ബൈക്കിന്റെ അടുത്ത് ഞങ്ങളെയും നോക്കി നിൽക്കുന്നു…..

അവന്റെ മുഖത്ത് തൊട്ടാൽ ചോര പൊടിയുന്ന അവസ്ഥയായിരുന്നു… ഞങ്ങൾ മെല്ലെ അവന്റെ അടുത്തേക്ക് നടന്നു…

അവൻ ദയനീയമായി ഞങ്ങളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു…

: ടാ അപ്പാപ്പൻ മിക്കവാറും ഇന്നെന്റെ പടം ഭിത്തിയിൽ കേറ്റും… അങ്ങേരു സ്വന്തം ഭാര്യയെ പോലെ കൊണ്ടു നടക്കുന്ന വണ്ടിയാ ഇത്.


ഇതിൽ ഒരു പോറൽ വീണാൽ പോലും മൂപ്പർക്ക് സഹിക്കാനാവില്ല….ഞാനിപ്പോ ഇതിനെ എങ്ങനെ വീട്ടിൽ കൊണ്ട് പോകും…??😢

അവന്റെ സംസാരം കേട്ട് അവനെ സമാധാനിപ്പിക്കണോ , അവന്റെ മുഖഭാവം കണ്ട് ചിരിക്കണോ എന്നറിയാതെ സൽമാനെ നോക്കി…..

: സാരമില്ലെടാ ബൈക്ക് നീ എങ്ങനെ കൊണ്ട് വന്നോ അത് പോലെത്തന്നെ നിനക്ക് കിട്ടും…നീ പേടിക്കണ്ട….

എന്നിട്ട് ആദിയോട്…: ആദി….നീ ഇവനെയും കൂട്ടി നമ്മുടെ ഡേവിഡിന്റെ വർക്ഷോപ്പിലേക്ക് പോയിട്ട് വണ്ടിയൊന്ന് കാണിക്ക് ഞാൻ വിളിച്ചു പറഞ്ഞേക്കാം… ഇന്നിനിയിപ്പോ ക്ലാസ്സിലൊന്നും കേറണ്ട…

വണ്ടി ശെരിയാക്കി കിട്ടുമെന്നറിഞ്ഞപ്പോളാണ് അവിനാശിന്റെ ശ്വാസം നേരെ വീണത്…

നിങ്ങള് വേഗം പോയിട്ട് വാ എനിക്കിവിടെ കുറച്ചൂടെ പണിയുണ്ട്…. അതും പറഞ്ഞു സൽമാൻ എന്നെയും വിളിച്ച് കോളേജിനുള്ളിലേക്ക് നടന്നു….

അന്നുച്ചയായപ്പോഴേക്കും പരിക്ക് പറ്റിയവരൊക്കെ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നു….

കയ്യിലും കാലിലും പൊട്ടലുള്ളവരെയൊക്കെ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു…

അന്ന് തന്നെ സൽമാൻ പ്രിൻസിയോട് പറഞ്ഞ് അന്നത്തെ കലാപരിപാടിയിൽ പങ്കെടുത്തവർക്കൊക്കെ ഒരു മീറ്റിങ് അറേഞ്ചു ചെയ്തു…

കൃത്യം രണ്ടു മണിക്ക് ടീച്ചേഴ്സും അടി കൊണ്ടവരും കൊടുത്തവരും എല്ലാരും കോളേജ് ഓഡിറ്റോറിയത്തിൽ എത്തിചേർന്നു….

പ്രിൻസിയുടെയും ടീച്ചേഴ്സിന്റെയും ചീത്തവിളികളും മറ്റും കഴിഞ്ഞ് അവൻ അവരോട് സംസാരിക്കാൻ അനുവാദം വാങ്ങിയിട്ട് സംസാരിക്കാൻ തുടങ്ങി….

ഇവനേതടാ എന്ന ഭാവമായിരുന്നു കൂട്ടത്തിൽ മിക്കവരുടെയും മുഖത്ത്..

ആദ്യം രണ്ട് ചേരിയിലെ നേതാക്കന്മാരോടും മറ്റും സംസാരിച്ചു തുടങ്ങി . രണ്ടു കൂട്ടരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചാർത്തിക്കൊണ്ടിരുന്നു…അവസാനം അവന്റെ അപേക്ഷ പ്രകാരം എല്ലാരും മിണ്ടാതെയിരുന്നു…

അവൻ മെല്ലെ കോളേജിൽ സ്ഥായിയായ ഒരു സമാധാനന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങി ..

പിന്നെ അവിടെ നടന്നത് എല്ലാവരുടെയും കിളി പോവുന്ന തരത്തിലുള്ള പ്രകടനമായിരുന്നു… കേട്ട് നിന്നവരുടെയൊക്കെ കണ്ണ് തള്ളി ,ടീച്ചേർസൊക്കെ വായും പൊളിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു …കാരണം എന്താന്നു വെച്ചാൽ അവൻ പറഞ്ഞ പല കാര്യങ്ങളും നോളന്റെ സിനിമ പോലെ പലർക്കും മനസ്സിലായില്ല… പിന്നെ തല്ലും കൊണ്ട് ഇഞ്ചപരുവമായ പെണ്കുട്ടികളുടെ കാര്യം എടുത്തിട്ട് കുറച്ചു സെന്റി ഡയലോഗ് കനത്തിൽ അങ്ങോട്ട് അടിച്ചു വിട്ടു…. അത് അവരുടെ ഉള്ളിൽ ശെരിക്കും കൊള്ളുകയും ചെയ്തു… എല്ലാവരും പരസ്പരം ക്ഷമാപണം നടത്തിയിട്ടാണ് അന്ന് കോളേജ് വിട്ടത്…

അന്ന് മുതൽ സൽമാൻ കോളേജിന്റെ സമാധാന വെള്ളരിപ്രാവായി മാറി… അന്ന് മുതൽ അടിയിലും ഇടിയിലും കലാശിക്കേണ്ട പല പ്രശ്നങ്ങളും അവന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കപ്പെട്ടു…

അതുകൊണ്ട് സീനിയേഴ്സിന്റെ ഇടയിൽ അവന് വലിയൊരു സൗഹൃദ വലയം സൃഷ്ടിക്കാൻ കഴിഞ്ഞു…അത് ഞങ്ങളുടെ ഗ്യാങിനും ഗുണം ചെയ്തു…..

അങ്ങനെ ആ കൊല്ലവും വലിയ കുഴപ്പമൊന്നുമില്ലാതെ കടന്നു പോയി…. ഞങ്ങൾ രണ്ടാം വർഷത്തിൽ നിന്നും മൂന്നാം വർഷത്തിലേക്ക് കടന്നു……

ആ വർഷത്തെ ഫ്രഷേഴ്‌സ്ടെ.., അന്നൊരു വെള്ളിയാഴ്ചയായിരുന്നു..

പുതിയ കുട്ടികൾ വരുന്ന ദിവസമായതിനാൽ ഞാനും, അക്ബറും അവിനാഷും നേരത്തെ കോളേജിൽ എത്തിയിരുന്നു….

ആദിയെ വിളിച്ചപ്പോൾ അവൻ പത്തു മിനിറ്റ് കൊണ്ട് എത്തുമെന്നും സൽമാൻ ഇന്ന് ലീവാണെന്നും പറഞ്ഞു….

കോളേജിലെ സകല പൂവലന്മാരും നേരത്തെ തന്നെ കോളേജ് കവാടത്തിന്റെ മുൻപിൽ സ്ഥാനം പിടിച്ചിരുന്നു….

ഞങ്ങൾ മൂന്നാളും കോളേജ് കോംപോണ്ടിലെ ഒരു മരത്തിന്റെ അടിയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു… കുറച്ചു കഴിഞ്ഞ് ആദിയും കോളേജിൽ എത്തി ..

: ടാ നിന്റെ വണ്ടി ഒന്ന് വേണം….ഞാൻ അമ്മയെ ഒന്ന് ഹോസ്പിറ്റലിൽ കാണിച്ചിട്ട് വരാം….

ഞാൻ വണ്ടിയുടെ ചാവി എടുത്തു കൊടുത്തിട്ട് പറഞ്ഞു…. :വണ്ടി പാർക്കിങ്ങിൽ ഉണ്ടാവും…. അമ്മയെവിടെ….??

: അമ്മയെ കോളേജ് ഗേറ്റിന്റെ അവിടെ നിറുത്തിയിരിക്കുവാണ്….

: ഹാ …ഓക്കെ….അല്ല സൽമാൻ എന്താ ഇന്ന് ലീവ്….!! അതും ഫ്രെഷേഴ്‌സ്ഡേക്ക് തന്നെ…

: അവരൊക്കെ ഉമ്മയുടെ തറവാട്ടിൽ പോയിരിക്കുവാണ്. അവിടെ എന്തോ പരിപാടി ഉണ്ട്… രണ്ട് ദിവസം കഴിയും വരാൻ…

: ഹാ… എന്നാ നീ പോയി വാ…

അവൻ പോയിക്കഴിഞ്ഞ് ഞങ്ങൾ വീണ്ടും വായ്നോട്ടത്തിലേക്ക് തിരിഞ്ഞു….. കുട്ടികൾ ഒക്കെ വന്ന് തുടങ്ങിയിട്ടെ ഒള്ളൂ …

പലയിടത്തും റാഗിങ് ഒക്കെ നടക്കുന്നുണ്ട്…

മിക്കയെണ്ണത്തിന്റെയും മുഖത്ത് ഒരു ചെറിയ പേടിയൊക്കെ കാണാം…

ഞങ്ങൾ അങ്ങനെ പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുമ്പോളാണ് കുട്ടികളെല്ലാവരും പെട്ടന്ന് ഗേറ്റിനടുത്തേക്ക് ഓടുന്നത് കണ്ടത്…

കാര്യം എന്താണെന്നറിയാൻ ഞങ്ങളും ഓടി… കുട്ടികളുടെ ഇടയിൽ കൂടി നൂഴ്ന്ന് കയറി നോക്കിയപ്പോൾ സീനിയേഴ്സിലെ കുറച്ച് തല തെറിച്ച ചേട്ടന്മാർ ഉണ്ട്. അവമ്മാർ അഞ്ചാറു പേര് ചേർന്ന് ആദിയെ വളഞ്ഞിട്ട് തല്ലുന്നതാണ് കണ്ടത്….

അവരുടെ അടുത്ത് നിന്ന് എന്റെ മോനെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു അവന്മാരെ പിടിച്ചു മാറ്റാൻ നോക്കുന്ന അവന്റെ അമ്മയും… അവരുടെ നെറ്റിയൊക്കെ പൊട്ടി ചോര വരുന്നുണ്ടായിരുന്നു…

അപ്പോഴേക്കും ഞങ്ങളും ഞങ്ങളോട് നല്ല അടുപ്പമുള്ള കുറച്ചു സീനിയർ ചേട്ടൻമാരുണ്ട്…. മാത്യു, ആസാദ്, വിഷ്ണു, അക്ഷയ്, വിനോദ്, ജോർജ്ജ്, അലി,…… അവരും കൂടി പോയി ആദിയെ അടിക്കുന്നവരെയെല്ലാം പിടിച്ചു മാറ്റി…. പിടിച്ചു മാറ്റുമ്പോഴും അവർ ആദിയെയും അമ്മയെയും കേട്ടാലറപ്പുളവാക്കുന്ന തരത്തിലുള്ള തെറിയും അശ്ലീല വാക്കുകളും മറ്റും വിളിച്ചു പറയുന്നുണ്ടായിരുന്നു…

അങ്ങനെ ഒരു വിധത്തിൽ അവരെയെല്ലാം അവിടുന്ന് മാറ്റിയിട്ട് ഞങ്ങൾ ആദിയുടെ അടുത്തേക്ക് ചെന്നു….

പാവത്തിന് നല്ലോണം കിട്ടിയിട്ടുണ്ട്…. ചുണ്ടൊക്കെ പൊട്ടി,.. മൂക്കിൽ നിന്നും മറ്റുമൊക്കെ ചോരയൊലിക്കുന്നുണ്ട്… അവന്റെ അമ്മ കരഞ്ഞു കൊണ്ട് അവരുടെ സാരിത്തലപ്പുകൊണ്ട് അതൊക്കെ തുടച്ചു കൊടുക്കുന്നുണ്ട്…

അവനെ ഞങ്ങൾ താങ്ങി ഒരു സൈഡിൽ കൊണ്ടിരുത്തി…

വിനോദേട്ടൻ വേഗം പോയി ഒരു കുപ്പി വെള്ളം വാങ്ങി വന്നു…. ഞങ്ങൾ അത് നിർബന്ധിച്ച് ആദിയെ കൊണ്ട് കുടിപ്പിച്ചു….

എന്താ ഉണ്ടായതെന്ന് അവിടെ വെച്ച് തത്കാലം അവനോട് ചോദിക്കേണ്ട എന്ന് തീരുമാനിച്ചു…

അപ്പോഴേക്കും മാത്യു പോയിട്ട് അവന്റെ കാർ എടുത്തിട്ട് വന്നു….

ഫ്രഷേഴ്‌സ് ഡേ ആയതുകൊണ്ട് മാത്യു കാറെടുത്തിട്ടായിരുന്നു വന്നത്… ഞങ്ങൾ രണ്ടുപേരെയും കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു…

രണ്ടു പേരുടെയും മുറിവുകളിലെല്ലാം മരുന്ന് വെച്ച് ഡ്രസ് ചെയ്തു… ആദിയോട് ഒരു രണ്ടു മൂന്ന് ദിവസം റെസ്റ്റ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു…

അങ്ങനെ ഞങ്ങൾ അവരെയും കൊണ്ട് വീട്ടിലേക്ക് വിട്ടു… മെയിൻ റോഡിൽ നിന്ന് ഒരു നൂറു മീറ്റർ ഉള്ളിലേക്ക് ഒരു പോക്കറ്റ് റോഡിലൂടെ കടന്ന് ഞങ്ങൾ ആദിയുടെ വീട്ടിലെത്തി….റോഡിന്റെ ഇരു സൈഡിലും വലിയ കാപ്പി തോട്ടങ്ങളായിരുന്നു… ആ ഭാഗത്ത് ആകെ രണ്ടു വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഒന്ന് ആദിയുടെയും മറ്റൊന്ന് സൽമാന്റെയും…

ആദിയുടേത് വീട് പഴയ ഇല്ലം/തറവാട്ടു മാതൃകയുടെ ഒരു മോഡേണ് പതിപ്പായിരുന്നു…അവരുടെ വീട്ടിൽ നിന്നും ഒരാറു മീറ്റർ മാറി വിശാലമായ മൂന്ന് ബാൽകണികളോട് കൂടിയ ഒരു ഒരു ഇരുനില വീട്.. രണ്ടു വീടിനെയും ചുറ്റി ഒരൊറ്റ ചുറ്റുമതിലും ഇരു വീട്ടിലേക്കും കയറാനായി രണ്ട് വലിയ ഗേറ്റും ഉണ്ടായിരുന്നു…

ഞങ്ങൾ ആദിയുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്കെത്തി…. നേരത്തെ ഉണ്ടായിരുന്ന അവശതയെല്ലാം മാറിയതിനാൽ അവൻ തനിയെ നടന്ന് വീട്ടിനുള്ളിലേക്ക് കയറി….ഞങ്ങളോട് കയറിയിരിക്കാൻ പറഞ്ഞ് അവന്റെ അമ്മയും ഉള്ളിലേക്ക് കയറി പോയി….

ഞങ്ങൾ വീടിന്റെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു…അപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ടു വീടിനെയും പാർടീഷൻ ചെയ്യുന്ന മതിലോ വേലിയോ ഒന്നും തന്നെയില്ല രണ്ടു വീടിനും കൂടി ഉള്ളത് വിശാലമായ ഒരു മുറ്റം. അത് മുഴുവൻ ഇന്റര്ലോക്ക് പാകി മതിലിന്റെ സൈഡിൽ പല വിധത്തിലുള്ള ചെടികൾ കൂടകളിലാക്കി വെച്ചിരിക്കുന്നു.. അത് ആ വീടുകളുടെ ഭംഗി വർധിപ്പിച്ചു..

രണ്ടു വീടിനും ഓരോ ഗേറ്റ് വച്ചിരിക്കുന്നത് പോയ്‌വരാനുള്ള സൗകര്യത്തിനാണെന്ന് മനസ്സിലായി…

സൽമാന്റെ വീടിന് പുറത്ത് നിന്ന് നോക്കുമ്പോൾ നല്ല വലിപ്പം തോന്നിക്കുമെങ്കിലും ആർഭാടങ്ങൾ അധികമൊന്നുമില്ലാത്ത ഒതുങ്ങിയ ഒന്നായിരുന്നു…

അങ്ങനെ ആദിയുടെ അമ്മ ഉണ്ടാക്കി തന്ന ജ്യുസും കുടിച്ച് കുറച്ചു നേരം അവന്റെ ഒപ്പം ചിലവഴിച്ച് ഞങ്ങൾ അവിടെ നിന്നുമിറങ്ങി…

അവന്റെ മുഖത്ത് അപ്പോഴും ഒരു പരിഭ്രമം കണ്ടതുകൊണ്ട് അവനോട് അന്നത്തെ സംഭവത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല….

ഞങ്ങൾ തിരിച്ച് കോളേജിലെത്തി….അന്ന് അടി നടന്ന കാര്യം കോളേജ് മൊത്തം പാട്ടായിരുന്നു…

അധികം ആൾക്കാരും അടി നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിലും കാരണം മാത്രം ആരും ഞങ്ങൾക്ക് പറഞ്ഞ് തന്നില്ല…..

അതൊന്ന് അറിയാൻ വേണ്ടി ഞങ്ങളവസാനം ആ തല്ലിയവന്മാരുടെ തന്നെ ക്ലാസിലുള്ള കുറച്ച് നിഷ്‌കു ചേട്ടന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് പോയി….

ഞങ്ങൾ കോളേജിലേക്ക് വരുമ്പോൾ അവരും കോളേജ് ഗേറ്റിനടുത്ത് നിൽക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. അവരോട് തന്നെ പോയി കാര്യം തിരക്കി…

കോളേജിലേക്ക് പുതിയ കുട്ടികൾ വരുന്ന ദിവസം റാഗിംങ് ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും അത് അതിരു വിടുന്ന ചില സമയങ്ങൾ പലപ്പോഴും ഉണ്ടാവാറണ്ട്…

അന്നും അതുപോലെ ഒന്നുണ്ടായി…

അന്ന് ആദി അവന്റെ അമ്മയെ ഗേറ്റിനടുത്ത് നിർത്തിയിട്ട് ബൈക്കിന്റെ കീ വാങ്ങാൻ വേണ്ടി കോളേജിലേക്ക് പോയ സമയം….

പൂവലൻമാർ പതിവ് പുഷ്പ്പിക്കലുമായി അവിടെ നിൽക്കുന്നുണ്ട്. പുതിയ കുട്ടികൾ കോളേജിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്…പെട്ടെന്ന് രണ്ടു പെണ്കുട്ടികൾ ആദിയുടെ അമ്മയെ കണ്ട് അവരുടെ അടുത്തേക്ക് ഓടി..

: ടീച്ചർ….!!!

അവരുടെ വിളി കേട്ട് തിരിഞ്ഞു നോക്കിയ ജാനകിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു….

ജാനകി പഠിപ്പിച്ച് കൊണ്ടിരുന്നപ്പോൾ അവരുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു… ആവണിയും അമൃതയും…

നിഷ്കളങ്കരായ രണ്ട് നാട്ടിൻപുറത്ത്കാരികൾ

രണ്ടു പേരും സഹോദരിമാരായിരുന്നു..

മൂത്തവൾ ആവണി, അനിയത്തി അമൃത

രണ്ട് പേരും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചായിരുന്നു പഠിക്കാൻ വന്ന് കൊണ്ടിരുന്നത്..

അവരുടെ അമ്മ കൂലിപ്പണിക്ക് പോയിട്ടായിരുന്നു ഒരു ആക്സിഡന്റിൽ നടു തളർന്ന് പോയ അവരുടെ അച്ഛനെയും അവരെയും പോറ്റിയിരുന്നത്..

തങ്ങളുടെ അവസ്ഥ നല്ല പോലെ അറിയാവുന്ന അവരുടെ ഉള്ളിൽ പഠിത്തം അല്ലാത്ത മറ്റൊരു കാര്യവും ഉണ്ടായിരുന്നില്ല…

എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി നേടി അച്ഛനെയും അമ്മയെയും അവരുടെ കഷ്ടപ്പാടിൽ നിന്ന് മോചിപ്പിക്കുക അതായിരുന്നു സദാ സമയവും അവാരുടെ ഉള്ളിലെ ചിന്ത…..

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കഷ്ടപ്പെട്ട് ജീവിതം പടുത്തുയർത്താൻ നോക്കുന്ന അവരോട് രണ്ടു പേരോടും ജാനകിക്ക് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു.

ആസ്മയുടെ ചെറിയ പ്രശ്നമുള്ള ആവണിക്ക് പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ ജയിച്ച ആ സമയത്തു അവളുടെ രോഗം മൂർച്ഛിച്ചതോടെ ഒരു കൊല്ലത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നു..

അങ്ങനെ അടുത്ത വർഷം മുതൽ ആവണിയും അമൃതയും ഒരേ ക്ലാസിൽ ചേർന്ന് പഠിക്കാൻ തുടങ്ങി…

അവരുടെ കാര്യങ്ങളെല്ലാം അറിയുന്ന ജാനകി അവർ നിരസിച്ചിട്ടും പലപ്പോഴായി അവർക്ക് വേണ്ട പല സഹായങ്ങളും ചെയ്ത് കൊടുക്കാറുണ്ടായിരുന്നു..അതു കൊണ്ട് തന്നെ അവർക്കും ജാനകിയെ വലിയ ഇഷ്ട്ടം ആയിരുന്നു.

ജാനകി സ്കൂളിൽ പോവുന്നത് നിറുത്തിയത്തിന് ശേഷം കുറെ നാളുകൾ കഴിഞ്ഞു ഇന്നാണ് അവര് തമ്മിൽ കാണുന്നത്….

: ടീച്ചർ…… ടീച്ചറെന്താ ഇവിടെ …!!! രണ്ടു പേരും ആശ്ചര്യം മറച്ചു വെക്കാതെ ചോദിച്ചു

: ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോകാൻ വേണ്ടി വന്നതാ മക്കളെ ….മോൻ ഇവിടെയാണ് പഠിക്കുന്നത് . അവനെ കാത്തു നിൽക്കുവാണ്..

: ആണോ..ഞങ്ങൾക്ക് ഇവിടെയാണ് അഡ്മിഷൻ കിട്ടിയിരിക്കുന്നത്…. സിവിൽ ആണ് എടുത്തിരിക്കുന്നത് രണ്ടു പേരും..

: ആണോ…..!!! ഈശ്വരൻ നിങ്ങളെ കൈ വിടില്ല മക്കളെ …നിങ്ങൾ കഷ്ടപ്പെടുന്നതിനുള്ള പ്രതിഫലം നിങ്ങൾക്ക് കിട്ടും… എന്തായാലും എനിക്ക് വളരെയധികം സന്തോഷമായി… ജാനകി രണ്ടു പേരുടെയും കവിളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് പറഞ്ഞു…

: അല്ല ടീച്ചറുടെ മകൻ ഇവിടെയാണെന്നല്ലേ പറഞ്ഞത്.. ഏതാ ബ്രാഞ്ച്..??

: അവൻ മെക്കാനിക്കൽ ആണ് തേർഡ് ഇയർ…

: ശ്ശെ ഞങ്ങളുടെ ബ്രാഞ്ച് അല്ലല്ലേ………. ഹാ സാരമില്ല ….

രണ്ടുപേരും പരസ്പരം നോക്കിയിട്ട് പറഞ്ഞു…

: അതിനെന്തിനാ വിഷമിക്കുന്നത്… നിങ്ങൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും അവനോട് പറഞ്ഞാൽ മതി… പിന്നെ എന്റെ വേറൊരു മകനും ഇവിടെയുണ്ട് അവൻ നിങ്ങളുടെ ബ്രാഞ്ച് ആണ്. സൽമാൻ എന്നാണ് പേര്… ആളിന്ന് ലീവാണ് അല്ലെങ്കിൽ പരിചയപ്പെടുത്തി തരാമായിരുന്നു

: സൽമാനോ…..!!! അവർ സംശയഭാവത്തോടെ പരസ്പരം നോക്കി….

: അതേ അവനെ ഞാൻ പ്രസവിച്ചിട്ടില്ലെന്നെ ഒള്ളൂ രണ്ടും എന്റെ മക്കൾ തന്നെയാ…. ജാനകി ചിരിച്ചു കൊണ്ട് പറഞ്ഞു…

പരിഭവങ്ങളും വിശേഷങ്ങളും പങ്ക് വെച്ച് അവർ കുറച്ച് നേരം അങ്ങനെ നിന്നു…

സമയം നോക്കിയിട്ട് ജാനകി പറഞ്ഞു…:

: രണ്ടു പേരും ഇനി പൊയ്ക്കോളൂ ആദ്യത്തെ ദിവസമല്ലേ ഇന്ന് നേരത്തെ തന്നെ ക്ലാസ്സിൽ കയറണം അതാ അതിന്റെ ഒരു വർകത്ത്…

പിന്നെ നാളെ ലീവ് അല്ലെ നിങ്ങൾക്ക്.. അതുകൊണ്ട് നാളെ രാവിലെ തന്നെ രണ്ടാളും വീട്ടിലെത്തണം ഞാൻ ഭക്ഷണം ഒക്കെ ഉണ്ടാക്കി കാത്തിരിക്കും ….

അവരത് നിരസിക്കാൻ നോക്കിയെങ്കിലും ജാനകിയുടെ നിർബന്ധം മൂലം അവസാനം സമ്മതിക്കേണ്ടി വന്നു..

അവർ രണ്ടു പേരും ജാനകിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ട് കോളേജിലേക്ക് നടന്നു…

നടന്ന് കുറച്ചങ്ങെത്തിയപ്പോൾ അവരെ കുറച്ച് സീനിയർ പയ്യന്മാർ കൈ കാട്ടി വിളിച്ചു…. രണ്ടാളും മടിച്ച് മടിച്ചങ്ങോട്ട് നടന്നു…

അവരുടെ അടുത്തെത്തി അവർ തലയും കുനിച്ച് നിന്നു…

അവരിൽ വെളുത്ത് തടിച്ച ഒരുത്തൻ അവരുടെ പേര് ചോദിച്ചു…

ഉള്ളിലെ പേടി മറച്ചു പിടിച്ചുകൊണ്ട് രണ്ടാളും പേര് പറഞ്ഞു കൊടുത്തു…

അവരോട് പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു…

അവസാനം ഏത് കോഴ്‌സ് പഠിക്കാൻ ആണ് വന്നതെന്ന് ചോദിച്ചു…

: ഞങ്ങൾ സിവിൽ ആണ്…

അത് കേട്ട് കൂട്ടത്തിൽ വെളുത്ത് ഉയരം കൂടിയ ഒരുത്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു….: ആണോ ….ഞങ്ങളും അതേ …. അപ്പോൾ നല്ലോണം വരക്കാനൊക്കെ അറിയുമായിരിക്കുമല്ലേ….

: പിന്നെ അതൊന്നും അറിയാതെയായിരിക്കുമോടാ റോബിനെ ഇവരിങ്ങോട്ട് കെട്ടിയെടുക്കുന്നത്…

കൂട്ടത്തിലുള്ള വേറൊരുത്തൻ അവനോട് പറഞ്ഞു…

അത് കേട്ട് റോബിൻ അവരെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു..

അപ്പോൾ സിഗരറ്റിന്റെയും പാനിന്റെയും മദ്യത്തിന്റെയുമെല്ലാം കൂടിക്കലർന്ന രൂക്ഷഗന്ധം മൂക്കിലേകടിച്ച് കയറിയപ്പോൾ അവര് രണ്ടാളും പെട്ടെന്ന് മുഖം തിരിച്ചു…

അതവന് മനസ്സിലാവുകയും ചെയ്തു…

അവന്റെ മുഖത്തൊരു ക്രൂരമായ ചിരി വരുത്തി അവരോട് ചോദിച്ചു….: പടം വരക്കാനൊക്കെ അറിയുമല്ലോ അല്ലെ…..

റോബിന്റെ ശബ്ദതത്തിലെ മാറ്റം അറിഞ്ഞ അവർ ചെറുതായി വിറക്കാൻ തുടങ്ങി…

: അറിയാം ചേട്ടാ….. അവർ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു…

: അങ്ങനെയാണെങ്കിൽ ഞങ്ങൾ ഇവിടേയുള്ള എല്ലാവർക്കും വേണ്ടി മക്കൾ ഓരോ പടം വരച്ചു തരണം….മനസ്സിലായോ….

: ത…..തരാം …..ചേ…ട്ടാ

അവർ ചെറുതായി വിക്കിയിട്ട് പേനയും പേപ്പറും എടുക്കാൻ ബാഗ് തുറന്നു….

അപ്പോൾ റോബിൻ അവരോട്…..

: അതേ ഈ പേനയും പേപ്പറും കൊണ്ടൊന്നുമല്ല വരക്കേണ്ടത്….

അവര് രണ്ടാളും ചോദ്യ ഭാവത്തിൽ അവനെ നോക്കി…..!!!

: നിങ്ങൾ ഞങ്ങളുടെ മുഖം പേപ്പർ ആയി കരുതുക…. നിങ്ങളുടെ ചുണ്ട് പേനയും….എന്നിട്ട് ഞങ്ങളുടെ ഓരോരുത്തരുടെയും മുഖത്ത് വന്ന് നന്നായിട്ടൊന്ന് ചിത്രം വരച്ചു തന്നേ….

അത് കേട്ടപ്പോൾ അവരൊന്ന് ഞെട്ടി…. എന്നിട്ട് ദയനീയ ഭാവത്തിൽ അവരെ ഒന്ന് നോക്കി……

പലരുടെ അടുത്ത് നിന്നും പല വിധത്തിലുള്ള റാഗിങ് കഥകൾ കെട്ടിട്ടുണ്ടെങ്കിലും….തങ്ങളോട് ഇതുപോലെ ഒന്നാണ് ഉണ്ടാവുക എന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…

രണ്ടു പേരുടെയും കണ്ണെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി…. തങ്ങളെ വെറുതെ വിടണമെന്ന് കരഞ്ഞു പറഞ്ഞിട്ടും അവന്മാർ യാതൊരു കൂസലും ഇല്ലാതെ നിന്നു…

ചുറ്റുമുള്ളവരൊക്കെ അവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരും അവരെ സഹായിക്കാൻ മുന്നോട്ടു വന്നില്ല… എല്ലാവരും സഹതാപത്തോടെ അവരെ നോക്കുക മാത്രമാണ് ചെയ്തത്..

അതോടെ അവർക്ക് മബസ്സിലായി ഈ തെമ്മാടിക്കൂട്ടങ്ങളെ ഇവിടെയെല്ലാവർക്കും പേടിയാണെന്നും ആരും തങ്ങളെ സഹായിക്കില്ലെന്നും..

: അപ്പോ തുടങ്ങിക്കോ… റോബിന്റെ ശബ്ദം കുറച്ചു ഉച്ചത്തിലായി….

അത് കേട്ട് ആവണി പേടിച്ചു വിറക്കാൻ തുടങ്ങി….

അവളുടെ കണ്ണുകൾ നിറഞ്ഞു മുഖം വലിഞ്ഞു മുറുകി, അവൾക്ക് ശ്വാസ തടസ്സം അനുഭവപ്പെടാൻ തുടങ്ങി…

അവൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട അമൃത വേഗം ആവണിയുടെ ബാഗ് തുറന്ന് അസ്മക്കുള്ള ഇൻഹേലർ എടുത്തു…

അത് ഷേക്ക് ചെയ്ത് അവൾക്ക് കൊടുക്കാൻ തുനിഞ്ഞതും ആ തെമ്മാടി അത് തട്ടിപ്പറിച്ചതും ഒരുമിച്ചായിരുന്നു….

അതോടെ അമൃതക്കും കരച്ചിൽ വന്നു അവൾ അവനോട് തൊഴുകയ്യോടെ ഇൻഹേലർ തരാൻ അപേക്ഷിച്ചു…

അവൻ ആവണിയെയും അമൃതയെയും മാറി മാറി നോക്കിയിട്ട് അമൃതയോട് പറഞ്ഞു..

: ഇത്രയും ആയ സ്ഥിതിക്ക് നിങ്ങൾക്ക് ഒരു ഓഫർ തരാം.. നിന്റെ ചേച്ചിയെ ഒഴിവാക്കാം… ഇവന്മാരെയും വിട്ടേക്ക്…

എല്ലാം കൂടി ചേർത്ത് നീയെന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നാ മതി… അത് തന്നാൽ നിന്റെ ചേച്ചിയുടെ മരുന്നും തരാം നിങ്ങളെയും വിടാം….

പറഞ്ഞു തീർന്നില്ല പടക്കം പൊട്ടുന്നത് പോലെ ഒരൊച്ച കേട്ടു അമൃത ഞെട്ടിത്തരിച്ച് നോക്കുമ്പോൾ നിന്ന നിൽപ്പിൽ കറങ്ങുന്ന റോബിനെയാണ് കണ്ടത്….

തുടരും………..

Comments:

No comments!

Please sign up or log in to post a comment!