ഒരു പ്രണയ കഥ

കേട്ട് നിന്നവർ മൂക്കത്ത് വിരൽ വെച്ച് പരസ്പ്പരം നോക്കി. ആശ്ചര്യ ശബ്ദം പുറപ്പെടുവിച്ചു. നിമിത്ത ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ ആകാശം മുട്ടിനിൽക്കുന്ന ചാമുണ്ഡിമല നിലത്തേക്ക് വീഴുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കി.

എങ്ങനെ നോക്കാതിരിക്കും!

തിരുവാംകര ദേശം മുടിഞ്ഞുപോകുന്ന തീരുമാനമല്ലേ കര വിചാരണക്കാരൻ വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ ആലിൻചുവട്ടിൽ കൂടി നിന്ന സകല പുരുഷാരത്തോടും സ്ത്രീജനങ്ങളോടും സർവ്വോപരി ദേശ പ്രമുഖന്മാരായ ചെന്തേരി തിരുമുൽപ്പാടും കക്കോത്ത് കൃഷ്ണൻ നമ്പ്യാരുമടക്കമുള്ളവരോട് അറിയിച്ചത്!

“കാലം പോയി!”

പൊതുവാൾ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

“വെളളികെട്ടിയ വടി പൊക്കി കുരുത്തോല ചിലമ്പിച്ച് കൽപ്പന കൊടുക്കുന്ന കാലം പണ്ടേ പോയി! ഇന്ന് നമ്പൂരി ചെറുമിക്ക് ഗർഭമുണ്ടാക്കിയാൽ അവളെ പുടവ കൊടുത്ത് വിളക്ക് വെച്ച് അകായിയിലേക്ക് കേറ്റണം. അതിനു സമ്മതല്ലാച്ചാ രെജിസ്റ്റ്സർ കച്ചേരിൽ പോയി പ്രമുഖന്മാർ ഒപ്പിട്ട കടലാസ് സാക്ഷിയാക്കി ഓളെ വിളിച്ച് ഇല്ലത്ത് കേറ്റണം ..അതിനും സമ്മതല്ലാച്ചാ പിന്നെ വേറെ ഒരു വഴ്യ ഒള്ളു. കേക്കണോ അത്?”

ആളുകൾ കാത് കൂർപ്പിച്ചു.

മേപ്പാട്ട് നാരായണന്റെ ഇല്ലക്കാരും വേളിവഴി ബന്ധം കൂടിയവരും ആകാംക്ഷയോടെ പൊതുവാളിനെ നോക്കി.

“ജയിലിൽ കെടക്ക്വ…ഗോതമ്പുണ്ട തിന്നും പാറ പൊട്ടിച്ചും നടയടി മേടിച്ചും കഴിയ്‌വ ..ഒരു നാലഞ്ചു കൊല്ലം. ന്താ സമ്മതാണൊ, തിരുമേനിക്ക്?”

“അയ്യോ.”

കോയിക്കൽ നാരായണൻ നമ്പൂതിരി വിലപിച്ചു.

“നിയ്ക്ക് അസ്കിതകൾ പലതാണെ…ജയിലൊന്നും പറ്റില്യ…”

“അപ്പൊ?”

ജ്യേഷ്ഠൻ ജാതവേദൻ നാരായണനെ നോക്കി.

“അപ്പൊ എന്താ?”

നാരായണൻ ജേഷ്ഠനെ ക്രുദ്ധനായി നോക്കി.

“ഞാൻ പൊറുത്തോളം സീതമ്മടെ കൂടെ ..ന്നുവല്ലേലും ഓള് പഠിപ്പൊള്ള കുട്ടിയല്ലേ…?”

തീരുമാനം വന്നയുടനെ സീതമ്മയുടെ കുടിയിലേക്ക് ചാത്തൻ ഓടിപ്പോയി. അപ്പോൾ നേന്ത്രവാഴകൾ പച്ചക്കൊട്ടാരം തീർക്കുന്ന തൊടിയിലെ കോണിലെ ചാക്ക് ഷെഡ്‌ഡിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു.

“യൂ എന്ന് വെച്ചാ നീ അല്ലേൽ നിങ്ങൾ..യൂ എന്ന് വെച്ചാ?”

“നീ അല്ലേൽ നിങ്ങൾ…”

ചുറ്റുമുണ്ടായിരുന്ന പാച്ചനും മമ്മുഞ്ഞിയും ചാൾസും കുഞ്ഞി ആയിഷയും നീലിമയും ചോതിയും ഒരുമിച്ച് പറഞ്ഞു.

“സബാഷ്!”

സീതമ്മ അവരെ അഭിനന്ദിച്ചു.

“ആർ എന്നാൽ ആകുന്നു.ആറെന്നാൽ?”

“ആകുന്നു,”

കുട്ടികൾ കോറസ്സായി ആലപിച്ചു.



“അപ്പോൾ യൂ ആർ എ ഡോക്റ്റർ എന്ന് പറഞ്ഞാൽ?”

സീതമ്മ ചോദിച്ചു.

“നീ അല്ലെങ്കിൽ നിങ്ങൾ ഒരു ഡോക്ടർ ആകുന്നു,”

കുട്ടികൾ സംശയലേശമന്യേ പറഞ്ഞു.

സീതമ്മ ചിരിച്ചു.

കുട്ടികൾ വിഷണ്ണനായി അങ്ങോട്ടുമിങ്ങോട്ടും പരസ്പ്പരം നോക്കി. തങ്ങളുടെ ഉത്തരത്തിൽ എന്താണ് തെറ്റ്? തെറ്റ് ഇല്ലെങ്കിൽ പിന്നെ സീതക്ക എന്തിനാണ് ചിരിക്കുന്നത്?

“നീ അല്ലെങ്കിൽ നിങ്ങൾ ഒരു ഡോക്ടർ ആകുന്നു എന്ന് പറയേണ്ട…നിങ്ങളൊരു ഡോക്റ്റർ ആകുന്നു എന്ന് പറഞ്ഞാൽ മതി…”

അവൾ വിശദീകരിച്ചു.

“അപ്പ ടീച്ചറല്ലേ പറഞ്ഞിനി യൂ എന്ന് പറഞ്ഞാ നീ അല്ലെങ്കിൽ നിങ്ങൾ എന്നാണെന്നു?”

മമ്മൂഞ്ഞ് അൽപ്പം നീരസത്തോടെ ചോദിച്ചു.

“അത് എന്റെ മമ്മൂ…”

സീതമ്മ വിശദമാക്കാൻ തുടങ്ങിയപ്പോഴേക്കും ചാത്തൻ ഓടി അടുത്ത് എത്തിയിരുന്നു.

“ന്താ ചാത്തമ്മാമാ? കിതയ്ക്കുന്നുണ്ടല്ലോ!”

“സീതമ്മേ,”

കിതച്ചുകൊണ്ട് ചാത്തൻ പറഞ്ഞു.

“പൊതുവാൾ നാരായൺ തിരുമേനിയോട് അന്നേ മംഗലം കൈക്കാൻ പറഞ്ഞിനി…”

ആവേശത്തോടെയായിരിക്കും ആ അറിയിപ്പിനെ സീതമ്മ വരവേൽക്കുകയെന്ന് ചാത്തൻ കരുതിയിരുന്നു.

പക്ഷെ, പകരം, അവളുടെ മുഖം വാടുകയാണുണ്ടായത്.

“ന്താ അനക്കൊരു തെളിച്ചല്ലാത്തെ?”

ചാത്തന് മനസ്സിലായില്ല.

“ദേശക്കാര് ഒരുപാട് കളിയാക്കിയോ, തിരുമേനിയേ?”

“പിന്നല്ലാണ്ട്!”

ചാത്തൻ ആവേശത്തിലായി.

“അത് പിന്നെ വേണ്ടേ? അനക്ക് വയറ്റിലാക്കീറ്റ് ഓനങ്ങനെ ആളാകണ്ട!”

സീതമ്മ ചാമുണ്ഡി മലയിലേക്ക് നോക്കി.

കുരുത്തോലകൾ വടക്കൻ പാട്ടിന്റെ ഈണത്തിൽ കാറ്റിലലിയുന്ന ഒരു സായന്തനം ചാമുണ്ഡി മലയിറങ്ങി തന്റെ കുടിയിലേക്ക് നാരായണൻ തിരുമേനി വന്നത് അവളപ്പോളോർത്തു.

രുദ്രാക്ഷത്തിൻറെ ശിവഗന്ധമായിരുന്നു തിരുമേനിക്ക് ചുറ്റും.

വീടിനടുത്തുകൂടിയൊഴുകുന്ന കൈത്തോടിന്റെ കരയിലെ ഇളംപുല്ലിൽ, കയ്യിൽ “രമണനു” മായി ആകാശം നോക്കിയിരിക്കയായിരുന്നു താനപ്പോൾ. സാന്നിധ്യമറിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ഒരു നിലാവിനുള്ളത്രയും മൃദുലത പുഞ്ചിരിയിലാവാഹിച്ച് തന്നെ നോക്കുകയാണ് അദ്ദേഹം.

“ഓഹ്!”

അബദ്ധം പറ്റിയത് പോലെ സീതമ്മ ചാടിയെഴുന്നേറ്റു.

“യ്യോ!കണ്ടില്ല ഞാൻ! എപ്പഴാ എത്തിയെ തിരുമേനി?”

“കാലോം സ്ഥലം മറന്ന് ഇങ്ങനെ സ്വപ്നം കണ്ടിരുന്നാ എങ്ങന്യാ അറിയ സീതമ്മേ മുമ്പിൽ ആള് വന്നാൽ?’

പ്ലാവുകളുടെ ഇളം കുളിരിന്റെ പാശ്‌ചാത്തലത്തിൽ നിന്ന് കൊണ്ട് നാരായണൻ നമ്പൂതിരി ചോദിച്ചു.


നാണിച്ചു പോയി അപ്പോൾ.

“പിന്നെ പലതവണ ഞാൻ പറഞ്ഞിരിക്ക്യണു, ഈ തിരുമേനി വിളി വേണ്ട! സീതമ്മേക്കാളും ഒത്തിരി വയസ്സിന് മൂപ്പ് ഒന്നൂല്ല്യാല്ലോ!”

“എന്നാലും അതങ്ങു നാവിൽ കയറിപ്പോയി തിരുമേനി, മാറ്റാൻ ഒട്ട് പറ്റുന്നില്ല!”

പെട്ടെന്ന് താൻ ചുറ്റും നോക്കി.

“തിരുമേനി അകത്തിരിക്കുന്നോ അതോ പുറത്തേക്ക് കസേരയെടുക്കണോ?”

“ഇവിടെ മതി!”

ആകാശത്തേക്ക് നോക്കി തിരുമേനിയപ്പോൾ പറഞ്ഞു.

“ഇവിടെ നല്ല കാറ്റുണ്ട്,”

താനപ്പോൾ അകത്തെക്ക് പോയി ചില പരുക്കുകൾ പുറത്തേക്ക് വ്യക്തമായി കാണിച്ചുകൊണ്ടിടുന്ന ഒരു പ്ലാസ്റ്റിക് കസേരയെടുത്തുകൊണ്ട് വന്നു.

“തിരുമേനി അധികം ബലം കൊടുത്ത് ഇരിക്കേണ്ട,”

അദ്ദേഹം ഇരിക്കാൻ തുടങ്ങിയപ്പോൾ താൻ പറഞ്ഞു.

അദ്ദേഹം ചിരിച്ചുകൊണ്ട് അതിലുരിപ്പുറപ്പിച്ചു.

പിന്നെ തന്റെ മുഖത്തേക്ക് നോക്കി.

“പാർട്ടീൽ ഞാൻ പറയണ കാര്യങ്ങൾക്ക് അത്ര പിന്തുണ അങ്ങട്ട് വരുന്നില്ല സീതമ്മേ!”

തിരുമേനി പറഞ്ഞു.

“ബ്രാഞ്ചിലും ലോക്കലിലും ഒന്നും കൊഴപ്പല്ല്യാ…ഏരിയാ മൊതലാണ് പ്രശ്നം!”

സീതമ്മ അതറഞ്ഞിരുന്നു.

സംഘടനാ മിടുക്കും പഠിപ്പും ലോകവിവരവുമുള്ള സത്യൻ ചെറുമനെ ബ്രാഞ്ച് സെക്രട്ടറിയാക്കണമെന്ന് കമ്മിറ്റിയിൽ തിരുമേനി വാദിച്ച കാര്യമാണ് അദ്ദേഹമുദ്ദേശിക്കുന്നത് എന്ന് താൻ അറിഞ്ഞിരുന്നു.

അതിന് കമ്മിറ്റിയിൽ വേണ്ടത്ര പിന്തുണ കിട്ടിയില്ലയെന്നും.

“അവര് പറയണേ ജാതീലും മതത്തിലും ഒക്കെ മുന്തീത് എന്ന് പറയണ ആളുകള് ലീഡർഷിപ്പിൽ വന്നാലേ മൊത്തത്തിൽ പാർട്ടിക്ക് ഗുണണ്ടാവൂന്നാ! നോക്ക് അച്ചന്മാരും ബിഷപ്പും ഒക്കെയുള്ള വർഗ്ഗീസ് മുതലാളി വരെ ഞങ്ങടെ പാർട്ടിയിലാ എന്ന് പറയുമ്പഴാണ് പാർട്ടിക്ക് ഗ്ളാമർ എന്ന്!”

തിരുമേനിയുടെ സ്വരത്തിൽ അൽപ്പം ദേഷ്യം കലർന്നിരുന്നു.

“അറിയോ സീതമ്മയ്ക്ക്…!”

തിരുമേനി തന്നെ നോക്കി.

“ഇന്നലെ കത്തുണ്ടായിരുന്നു എനിക്ക് ഇ എമ്മിന്റെ…”

ഇ എം എസ് നമ്പൂതിരിപ്പാടിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.

“അങ്ങ് തിരുവിതാംകൂറ്‍ ഒരു സഖാവ് പത്രോസിന്റെ വീട്ടിലാ ഇ എം …! അവിടെ മലബാർ പോലെയല്ലല്ലോ.സർ സി പിയുടെ പൊലീസല്ലേ! ഇ എമ്മിന് പുറത്തിറങ്ങാൻ കഴിയണില്ല്യ! ഇവിടെ ജാതീം മതോം പറയണ പാർട്ടിക്ക് അറിയോ ചെറുമനായ പത്രോസിന്റെ വീട്ടിലാണ് ഇ എം ഊണും ഉറക്കോം കുളീം ഒക്കെയെന്ന്!” നാരായണൻ നമ്പൂതിരി അൽപ്പ സമയം ആലോചനാമഗ്നനായി.


“അതൊക്കെ പോട്ടെ!”

ഗൗരവത്തിലേക്ക് തിരിച്ച് വന്ന് അദ്ദേഹം തന്നോട് ചോദിച്ചു.

“അമ്പലത്തി വെച്ച് കണ്ടപ്പോ സീതമ്മ പറഞ്ഞല്ലോ ന്തോ ഒര് കാര്യം ഇന്നോട് അനക്ക് പറയാനിണ്ട് ന്ന്. ന്താദ്?”

തന്റെ മുഖത്ത് പടർന്ന നാണമപ്പോൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നോ?

“അത്…”

തനിക്കപ്പോൾ വാക്കുകൾ കിട്ടിയില്.

“തിരുമേനിയും പറഞ്ഞിരുന്നു എന്നോട്, എന്നോട് എന്തോ പറയാനുണ്ടെന്ന്,”

“അത് ഞാൻ പറയുന്നുണ്ട്…”

അദ്ദേഹത്തിന്റെയും മുഖത്ത് അൽപ്പം നാണം കലരുന്നത് താനും ശ്രദ്ധിച്ചു.

“ആദ്യം സീതമ്മ തന്നെ പറയട്ടെ! ന്നിട്ടാവാല്ലോ ഞാൻ!”

“തിരുമേനി അത്….”

“പറയൂ സീതമ്മേ! ന്തായാലും അനക്ക് ഇന്നോട് ന്തും പറയാല്ലോ!”

“മ്മടെ വിനോദൻ മാഷില്ലേ? മാതമംഗലത്തെ?”

“ഓ! പിന്നെ അറിയില്ലേ? എഴുത്തുകാരൻ,പ്രഭാഷകൻ, പാർട്ടീടെ മെമ്പർ! വിനോദൻ നമ്പീശൻ! അയാൾക്ക് ന്താ കൊഴപ്പം?”

പുഴയ്ക്കപ്പുറത്ത് മൈനകളുടെ കുറുകൽ കേൾക്കാൻ തുടങ്ങുന്ന സമയമായിരുന്നു അത്. ആറ്റുവഞ്ചികൾക്ക് മുകളിൽ മഞ്ഞചിത്രശലഭങ്ങൾ ഉയർന്നുപൊങ്ങാനും. ചക്രവാള കവാടത്തിൽ നിന്നും സൂര്യരഥമുരുണ്ട് പകുതിയാകാശത്തട്ടിലേക്ക് മെല്ലെ നീങ്ങാനും തുടങ്ങിയിരുന്നു.

“തിരുമേനി, വിനോദൻ ന്നെ മംഗലം കഴിക്കാം ന്ന് പറഞ്ഞിരിക്കുന്നു…”

നാണവും ബഹുമാനവും നിറഞ്ഞ മുഖത്തോടെ താൻ നോക്കിയപ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് വിഷാദം കടന്നു വന്നിരുന്നോ, ഒരു നിമിഷത്തേക്കെങ്കിലും?

“അദ് കൊള്ളാല്ലോ!”

പെട്ടെന്ന് അത്യാഹ്ലാദത്തിലേക്ക് തിരികെ വന്ന് അദ്ദേഹം പറഞ്ഞു.

“അറിഞ്ഞില്ലല്ലോ അദ്! കൊള്ളാം! മിടുക്കനാ ഓൻ! ഇങ്ങനെ വേണം! ഓനാ ശരിക്കും കമ്മ്യൂണിസ്റ്റ്!”

തന്റെ മുഖമപ്പോൾ അഭിമാനം കൊണ്ട് കുതിർന്നു.

“ആട്ടെ! ന്താ ഇപ്പൊ ഞാൻ ചെയ്യേണ്ടേ?”

പുഴയ്ക്കപ്പുറം ചാമുണ്ഡിമലയുടെ മേൽ പരുന്തുകൾ പറന്നുയരാൻ തുടങ്ങിയത് അവരിരുവരും നോക്കി നിന്നു. വെയിലിൽ ഭീഷണമായ ചിറകുകൾ വിരിച്ച് അവ നിലത്ത് വലിയ നിഴലുകൾ വീഴ്ത്തി.

“കരക്കാര് സമ്മതിക്കില്യ തിരുമേനി…”

താൻ പറഞ്ഞു.

“വിനോദൻ, നമ്പീശനല്ലേ? അച്ഛൻ വലിയ മുതലാളി…കരേലെ പ്രതാപി..ഞാൻ ചെറുമിപ്പെണ്ണ്! വലിയ പ്രോബ്ലംണ്ടാവില്ലേ?”

അദ്ധേഹതിന്റെ കണ്ണുകൾ തന്റെ മുഖത്ത് അലിവോടെ പതിഞ്ഞത് ഓർക്കുന്നു. എന്തായിരുന്നു അദ്ദേഹമപ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത്? വലിയ ഒരു നഷ്ടബോധം ആ മുഖത്ത് നിറഞ്ഞത് താൻ വ്യക്തമായും ഓർക്കുന്നു.


“അപ്പൊ എനിക്ക് തിരുമേനീടെ ഹെൽപ്പ് വേണം,”

താൻ തുടർന്നു.

“മേപ്പാട്ട് ഇല്ലത്തെ തിരുമേനി ഞങ്ങടെ കൂടെ ഉണ്ടേൽ കരക്കാര് കുറച്ചൊക്കെ അങ്ങ് അടങ്ങും തിരുമേനി. അന്നും ഇന്നും തിരുമേനീടെ ഇല്ലക്കാര് പറയുന്നതിനപ്പുറം കരക്കാര് പോയിട്ടില്ലല്ലോ!”

തന്റെ കണ്ണുകൾ നിറഞ്ഞത് അപ്പോഴാണ്.

“അല്ലേൽ …”

മിഴിനീര് കവിളിലൂടെ ഒഴുകിയിറങ്ങുമ്പോൾ താൻ പറഞ്ഞു.

“അല്ലേൽ വിനോദിന്റെ അച്ഛൻ നമ്പീശൻ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്യ തിരുമേനി! കൊന്നുംകളയും ഞങ്ങളെ!”

“ച്ചെ ച്ചെ!!”

താൻ കരയുന്നത് കണ്ടിട്ട് അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് തന്റെ കവിളിൽ തൊട്ടു.

“ന്താ ദ് സീതമ്മേ!”

തന്റെ കവിളിൽ നിന്ന് കണ്ണുനീർ തുടച്ചുകളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

“ഇത്രേം പഠിപ്പുള്ള കുട്ടിയല്ലേ സീതമ്മ! മീറ്റിങ്ങിൽ ഒക്കെ ത്ര കേമായി പ്രസംഗിക്കണ ആള് തന്ന്യാണോ ഇങ്ങനെ ധൈര്യല്ലാതെ കൊച്ചുകുട്ടികളെപ്പോലെ!”

അദ്ധേഹതിന്റെ വിരൽസ്പർശം നൽകിയ സാന്ത്വനത്തിൽ തന്റെ തൊണ്ടയിടറി.

“ഞാനുണ്ട്,കൂടെ!”

അദ്ദേഹത്തിന്റെ ഉറച്ച ശബ്ദം താനപ്പോൾ കേട്ടു.

“ധൈര്യായിരിക്ക്യാ”

അദ്ദേഹം വീണ്ടും പറഞ്ഞു.

“സഹായിക്ക്യാൻ ഞങ്ങളൊക്കെയില്ല്യേ? ന്തായാലും പാർട്ടി ക്കെ ഇണ്ടാവും. മുമ്പി ഞാനുണ്ടാകും സീതമ്മേ!”

താൻ അയാളെ നോക്കി കൃതജ്ഞതയോടെ പുഞ്ചിരിച്ചു.

“ഓ! ഇപ്പഴാ ഓർത്തെ!”

പെട്ടെന്നോർമ്മിച്ച് താൻ ആദ്ദേഹത്തോട് ചോദിച്ചു.

“ന്താ സീതമ്മേ?”

“തിരുമേനിക്കും ന്നോട് ന്തോ പറയാനുണ്ടായിരുന്നല്ലോ,”

“ഓ! അതോ!”

ഒരു നിമിഷം അദ്ധേഹത്തിന്റെ മുഖത്തെ പ്രകാശം മുഴുവനും പോയി.

“ന്താ തിരുമേനി?”

പൊടുന്നനെയുണ്ടായ ഭാവമാറ്റതിന്റെ കരണമറിയാതെ താൻ തിരക്കി.

“അദ്…അദ് ..ന്താന്ന് അങ്ങട് മറന്നുപോയി സീതമ്മേ! അതല്ലല്ലോ ഇപ്പൊ അത്ര വലിയ കാര്യം! ഇപ്പൊ നമുക്ക് ന്റെ കാര്യം …അതിനൊരു തീർപ്പ് അങ്ങട് ഒണ്ടാക്കാം …ല്ലേ?”

അത് പറഞ്ഞ് അന്ന് പോയിക്കഴിഞ്ഞപ്പോൾ തന്റെ മനസ്സ് ശാന്തമായി. വിനോദേട്ടനെ കാണുമ്പോൾ ആദ്യമറിയിക്കേണ്ട വാർത്തയായി അതിനെ മനസ്സിൽ കണ്ട് താലോലിച്ചു. അതൊക്കെയോർത്ത് തിരുവാങ്കരപ്പുഴക്കരയിൽ തുണിയലക്കുമ്പോളാണ് ഇളവെയിലടിച്ച് ഒരു അസ്വാസ്ഥ്യം തോന്നിയത്. ദേഹമാകെ വിറയൽ അനുഭവപ്പെട്ടു ആദ്യം. പിന്നെ തൊണ്ട പൊട്ടുന്ന ദാഹം. അതും കഴിഞ്ഞാണ് കണ്ണുകളിലിരുട്ട് കയറുന്ന തോന്നലുണ്ടായത്. അവസാനം തോന്നിയത് അങ്ങനെയാണ്. പിന്നെ എപ്പോഴോ കണ്ണുകൾ തുറക്കുമ്പോൾ രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയിൽ നിന്ന് വന്നുപോകുന്ന ഡോക്റ്റർ ദാമോദരപ്പിഷാരടിയുടെ നേഴ്‌സിങ് ഹോമിലെ കിടക്കയിലാണ് താൻ.

അച്ഛൻ പൊടിയനും അമ്മ നേര്യമ്മയും മുഖത്തോട് മുഖം നോക്കി കരയുന്നത് ആദ്യം അവ്യക്തമായാണ് കണ്ടത്.

പിടഞ്ഞെഴുന്നേറ്റ് ചോദിച്ചു.

“എന്താ ച്ചാ? എന്താമ്മേ? എന്തിനാ നിങ്ങള് കരയണേ? എനിക്കെന്താ പറ്റീത്?”

അച്ഛൻ അപ്പോൾ എഴുന്നേറ്റ് പുറത്തേക്ക് പോയി.

താൻ ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി.

“പറ അമ്മെ! ന്താ നിക്ക്?”

അമ്മയപ്പോൾ തന്റെ കണ്ണുകളിലേക്ക് നോക്കി.

“ആരാ…ആരാ നിനിയ്ക്ക് വയറ്റിലാക്കിയേ?”

കണ്ണുനീരിനിടയിൽ അമ്മ ചോദിച്ചപ്പോൾ താൻ ഞെട്ടിപ്പോയി.

വലത് കൈപ്പത്തി അറിയാതെ അടിവയറിലേക്ക് നീങ്ങി.

അവിടെയപ്പോൾ ഇതുവരെയറിയാത്ത ഊഷ്മാവ്!

തരിപ്പ്!

അല്ലിപുൽത്താമരകൾ വളർന്നു നിന്നിരുന്ന കുളത്തിന്റെ കരയിൽ, പൂവരശിന്റെ കീഴിലെ, മഴ കൂട്ടിരുന്ന, മാടത്തിലെ സായന്തനമോർമ്മവന്നു അപ്പോൾ.

വെയിൽ പിറാവുകൾ പറന്നകന്ന സായന്തനം.

വിനോദേട്ടന്റെ മടിയിൽക്കിടന്ന് അവന്റെ നക്ഷത്രത്തിളക്കമുള്ള കണ്ണുകളിലേക്ക് നോക്കി, ആകാശത്തേരിറങ്ങിവരുന്ന സിന്ദൂരവർണ്ണം ചാലിച്ച അവൻറെ ചുണ്ടുകളിലേക്ക് നോക്കി, മഴത്താളങ്ങളെക്കാൾ ഭംഗിയുള്ള അവൻറെ ഹൃദയമിടിപ്പറിഞ്ഞ ആ സായന്തനം…

പ്രണയ ഗാന്ധർവ്വം ചൂട് നിറഞ്ഞ മഴത്തുള്ളികൾ പോലെ ചുംബനമായി തന്റെ അധരങ്ങളിലേക്ക് പെയ്തിറങ്ങിയ സായന്തനം!

തൂമഞ്ഞിലെ സൂര്യവെളിച്ചമായി അവന്റെ വിരലുകളും ചുണ്ടുകളും തൻറെ മാറിടത്തെ സുഖകരമായി പൊള്ളിച്ചപ്പോൾ അമൃതധാരപോലെ ദേഹത്ത് നിന്നും രസവർഷം ചോർന്നൊലിക്കുകയായിരുന്നു…

മഴയും ചാമുണ്ഡി മലയുടെ നിഴലും മാടത്തിനകത്തെ നേർത്ത ഇരുളിനെ മംഗല്യയാമം പോലെ സുന്ദരമാക്കിയനേരം ഗന്ധർവ്വവീണയെ തഴുകുന്ന വിരലുകൾ പോലെ അവന്റെ പൗരുഷം തന്നിലേക്ക് ആഴ്ന്നിറങ്ങി. അപ്പോൾ പ്രാണനിലേക്ക് പുതുപൂക്കളുമായി അനുഭൂതിയുടെ കൊടുങ്കാറ്റ് കടന്നു വന്നു. താൻ മേഘം പോലെ,തൂവൽ പോലെ, പനിനീർ ദലം പോലെ ഉയർന്നുയർന്ന് … പറന്ന് പറന്ന് …

ദൂരെ തിരുവാങ്കര ക്ഷേത്രത്തിൽ സോപാനം തുടങ്ങിയപ്പോൾ, സായന്തനം ദീർഘിച്ചപ്പോൾ ജീവിതത്തിന്റെ രണ്ടാമത്തെ അർഥം കണ്ടെത്തിക്കഴിഞ്ഞ പെണ്ണായി താൻ മാറിയിരുന്നു…

“പറ..”

അമ്മ വീണ്ടും ചോദിക്കുന്നു.

“ആരാ..ആരാ നിനിയ്ക്ക് വയറ്റിലാക്കിയേ?”

താനപ്പോൾ മൗനിയായതേയുള്ളൂ.

ആദ്യം അറിയിക്കേണ്ടത് വിനോദേട്ടനെയാണ്.

എന്നിട്ട് മതി മറ്റുള്ളവരെ.

വീട്ടിലന്ന് ആരും ഒന്നും കഴിച്ചില്ല.

രാത്രി വൈകിയപ്പോൾ പാലൊഴിച്ച ചവ്വരിക്കഞ്ഞിയുമായി അമ്മ വന്നു.

“വയറ് കാഞ്ഞൂടാ,”

തന്റെ വായിലേക്ക് പ്ലാവിലയിൽ കഞ്ഞിയുടെ മധുരം പകർന്ന് നൽകവെ അമ്മ പറഞ്ഞു.

“കുഞ്ഞ് പ്രാകും …ആരുടെ കുഞ്ഞായാലും!”

അമ്മയെ കെട്ടിപ്പിടിച്ച് താൻ കരഞ്ഞു.

“നാളെ പറയാം അമ്മെ,എല്ലാം!”

നെഞ്ചിലേക്ക് തന്നെ ചേർത്ത് പിടിക്കുമ്പോൾ താൻ പുഞ്ചിരിയോടെ പറഞ്ഞു.

അന്ന് അല്ലിപ്പുൽത്താമരകൾ വളർന്നു നിൽക്കുന്ന കുളത്തിന്റെ കരയിലെ മാടത്തിൽ വിനോദേട്ടനെ കാണാൻ ഓടിച്ചെല്ലുമ്പോൾ എന്നും തന്നെ കാത്തിരിക്കുന്ന പുൽപ്പായ ഒഴിഞ്ഞു കിടന്നു.

താൻ നേരത്തെ വരുന്ന ദിവസങ്ങളിൽ, തനിക്ക് തരാൻ വേണ്ടി വാങ്ങിക്കൊണ്ടുവരുന്ന പലഹാരങ്ങൾ ഒളിപ്പിക്കുന്ന ഒരിടമുണ്ടായിരുന്നു ആ കാവൽ മാടത്തിനകത്ത്.

ഇത്തവണ എന്തായിറിക്കാമെന്നറിയാൻ താനതിലെ ചൂരൽക്കുട്ട തുറന്നു.

വെളുത്ത,മടക്കിയ ഒരു കടലാസ് മാത്രമേയുണ്ടായിരുന്നുള്ളൂ!

വെറുതെ എടുത്ത് അത് വായിച്ചു.

ഓരോ വാക്ക് പിന്നിടുന്തോറും ചോരമരവിച്ചു. കാഴ്ച്ച പോയി.

എങ്കിലും ഉദരത്തിൽ വളരുന്ന കുഞ്ഞിനെയോർത്ത് താഴെ വീഴാതെ പിടിച്ചു നിന്നു.

അപ്പോഴാണ് കുളത്തിന്റെ മറുകരയിൽ നിന്ന് നാരായണൻ നമ്പൂതിരി ഓടിവരുന്നത് കാണുന്നത്.

“സീതമ്മേ!”

ഉച്ചത്തിൽ വിളിച്ചുകൊണ്ടാണ് തിരുമേനി അങ്ങോട്ട് വന്നത്.

“സീതമ്മേ ഞാൻ വിനോദനെ കാണാൻ ഓന്റെ പൊരയ്ക്ക് പോയിനി…ഒന്നാടെയില്യ…ഓൻ ….!” പെട്ടെന്ന് തന്റെ കയ്യിലെ കടലാസ് കണ്ട് തിരുമേനി നിർത്തി.

“ന്താ ദ്?”

അദ്ദേഹം ചോദിച്ചു.

യാന്ത്രികമായെന്നോണം താനാ കടലാസ് അദ്ധേഹത്തിന്റെ നേർക്ക് നീട്ടി.

“സീതമ്മേ…”

അദ്ദേഹം അതിലെ വാക്കുകൾ വായിച്ചു.

“ഡോക്റ്റർ പിഷാരടിയുടെ ആശുപത്രിയിലേക്ക് പോകുന്നത് ഞാൻ കണ്ടിരുന്നു. നിങ്ങൾ പോയിക്കഴിഞ്ഞ് ഞാൻ പിഷാരടിയെ കണ്ടിരുന്നു. പിഷാരടിയിൽ നിന്നും ഞാൻ കാര്യങ്ങൾ അറിഞ്ഞു. നീ ഗർഭം അലസിപ്പിക്കണം. ഞാൻ നേവി ഉദ്യോഗം കിട്ടി ബോംബെയ്ക്ക് പോകുന്നു. ഇനി കുറെ കൊല്ലത്തേക്ക് ഞാൻ ഇങ്ങോട്ട് വരുന്നില്ല. നമ്മുടെ ബന്ധം തുടരാൻ ബുദ്ധിമ്മുട്ടുണ്ട്. വിനോദൻ നമ്പീശൻ….”

അപ്പോഴാണ് അവിടേയ്ക്കച്ചനും അമ്മയും പിന്നാലെ നാട്ടിലെ പ്രമാണിമാരുമെല്ലാം ഓടിയടുക്കുന്നത് കാണുന്നത്.

വിനോദൻ ഇനിയില്ല എന്ന ചിന്തയും ഗർഭത്തിന്റെ ക്ഷീണവും കാരണം കണ്ണുകൾവീണ്ടും അടഞ്ഞത് മാത്രം ഓർമയുണ്ട്.

വീണ്ടും കണ്ണുകൾ തുറക്കുമ്പോൾ വീട്ടിലാണ്.

അച്ഛനും അമ്മയും ചാത്തൻ മാമനും ഒക്കെ അടുത്തുണ്ട്.

“മേപ്പാട്ട് നമ്പൂരിയെ രക്ഷിക്കാനാരുന്നോ നീ ഞങ്ങളോട് ആരാ കുഞ്ഞിന്റെ അച്ഛനെന്ന് പറയാണ്ടിരുന്നേ?”

അച്ഛൻ ചോദിച്ചു.

നടുങ്ങിക്കൊണ്ടാണ് താൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.

“തിരുമേനി…!!”

താൻ അമ്മയെ നോക്കി.

“അധികം ഒന്നും ചോദിക്കാതെതന്നെ നമ്പൂരി സമ്മതിച്ചു,നിന്റെ ഗർഭം അയാടെ ആണെന്ന്…”

അമ്മയാണ് പറഞ്ഞത്.

“വൈകാതെ കരവിചാരണയുണ്ട്..”

ചാത്തൻ മാമൻ ആണ് പറഞ്ഞത്.

“ഈശ്വരാ…കരവിചാരണയോ? എനിക്ക് തിരുമേനിയെ കാണണം! ഇപ്പം കാണണം!”

“അതെങ്ങനെയാ നടക്കുക സീതമ്മേ?”

ചാത്തൻ ദേഷ്യത്തോടെ ചോദിച്ചു.

“അവരുടെ രീതി നിനക്കറിയില്ലേ? കുറ്റം സമ്മതിച്ച് കഴിഞ്ഞാ കര വിചാരണ നടക്കുമ്പം മാത്രല്ലേ കുറ്റം ചെയ്തയാളെ പുറത്തെറക്കൂ?”

“പക്ഷെ ..തിരുമേനി..തിരുമേനിയതിന്…”

താൻ പറയാൻ തുടങ്ങി.

“നമ്പീശനോ പൊതുവാളോ നമ്പൂതിരിയെ കുറ്റം ചെയ്താ അവരത് വേഗം മായ്ച്ച് കളയാൻ നോക്കും!”

ചാത്തൻ മാമൻ തന്നെ തുടരാൻ അനുവദിക്കാതെ പറഞ്ഞു.

“സമ്മതിച്ച കുറ്റം മാറ്റിപ്പറയാൻ പറയും അവര്..നമ്പൂരിയോട്….അനക്ക് ഉറപ്പാ…”

ചാത്തൻ മാമൻ നിരാശയോടെ പറഞ്ഞു.

തനിക്കന്ന് മനസ്സിലാകാത്ത ഒരു കാര്യമായിരുന്നു അത്:

തിരുമേനിയെന്തിനത് പറഞ്ഞു.

ഈശ്വരാ, അവരദ്ദേഹത്തെ!!

രണ്ടാഴ്ച്ചകളെ കടന്നുപോയുള്ളൂ ഈ സംഭവങ്ങൾക്ക് ശേഷം!

പക്ഷേ രണ്ടുകൊല്ലങ്ങൾ പിന്നിട്ടത് പോലെ തോന്നുന്നു!

“സീതമ്മേ…”

പനിനീർസുഗന്ധമുള്ള വിളിയൊച്ച സീതമ്മയെ ഓർമ്മകളിൽ നിന്നുമുണർത്തി.

അവൾ മുഖം തിരിച്ചു നോക്കി.

ആളെ കാണാനോ ആരാണെന്നു അറിയാനോ അല്ല തിരിഞ്ഞു നോക്കിയത്.

ശബ്ദത്തിൽ ശിവഗന്ധമുള്ള ഒരാളെ ആ കരയിലുള്ളൂ.

നാരായണൻ തിരുമേനി.

അത് മനസ്സിലാക്കാൻ തിരിഞ്ഞു നോക്കേണ്ടതില്ല.

“സീതമ്മേ! എന്താ ദ്? ന്തിനാ ങ്ങനെ എപ്പഴും കണ്ണിൽ …”

അയാൾ കൈയുയർത്തി അവളുടെ കവിളുകളെ തൊടാൻ ഒരുങ്ങി.

മേഘങ്ങളുടെ സ്വപ്നമായ മഴയുടെ ഒരു തുള്ളി പവിഴമുത്തായി തന്റെ നെറുകയിൽ പതിച്ചത് സീതമ്മയറിഞ്ഞു.

“തിരുമേനി എന്തിനാ അത് …?”

സീതമ്മ മിഴിനീരിനിടയിൽ ചോദിച്ചു.

“തിരുമേനിയ്ക്ക് ഒരു മനസ്സറിവും ഇല്ലാത്ത ആ കൊടും കുറ്റം സ്വയം ഏറ്റത്?”

“അതിപ്പോ …ഞാൻ സീതമ്മേനെ ..സീതമ്മയ്ക്ക് ഒരു ആപത്ത് വന്നപ്പോ ഹെൽപ്പ് ചെയ്യാൻ വെറുതെ സഹതാപം കൊണ്ട് പറഞ്ഞതല്ല ….നിക്ക് …”

അയാളുടെ സ്വരം വിറയ്ക്കുന്നത് അവൾ കേട്ടു.

മരണത്തിന്റെ അവസാന വാതിൽ പിന്നീടാൻ തുടങ്ങുന്നയാൾ അമൃതസ്പർശമറിഞ്ഞത് പോലെ അവൾ അയാളെ നോക്കി.

“നിക്ക് …”

അയാൾ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി.

“അന്ന് മാടപ്പൊരേൽ വെച്ച് സീതമ്മയോട് ഒരു കാര്യം പറയാനിണ്ട് നിക്ക് എന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ?”

“ഉണ്ട്…തിരുമേനി മറന്നുപോയി എന്ന് പറഞ്ഞിരുന്നു, ഞാൻ ചോദിച്ചപ്പോ,”

അയാൾ പുഞ്ചിരിയോടെ അയാളെ നോക്കി.

“വിനോദൻ നമ്പീശനെ ഇഷ്ടാന്ന് എന്നോട് പറഞ്ഞ് കേട്ട് കഴിഞ്ഞ് ഞാൻ എങ്ങന്യാ സീതമ്മയോട് നിക്ക് സീതമ്മയെ ഇഷ്ടാണ് മംഗലം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിക്ക്യ?”

ആ ചോദ്യം കേട്ട് അവൾ സായാഹ്‌ന വെയിലിൽ നിന്ന് കുളിർത്തു.

“പക്ഷെ,തിരുമേനി എനിക്ക്…”

അവൾ അടിവയറിൽ കൈത്തലം ചേർക്കുന്നത് അയാൾ കണ്ടു.

“എന്റെ പാതിവ്രത്യം …എന്റെ ശരീരം ദൊക്കെ …ഞാൻ..”

അവളുടെ മിഴികൾ വീണ്ടും കുതിർന്നു.

“സീതമ്മേ!”

അയാൾ അവളുടെ തോളുകളിൽ കൈകൾ വെച്ചു.

“മനുഷ്യർക്ക് ശരീരം മാത്രല്ലല്ലോ …ദേഹി ഉണ്ട് ..ആത്മാവ് ഉണ്ട് ….ദേഹം എന്നെങ്കിലും ഒരിക്ക പോകുന്നതല്ലേ? പിന്നെ എനിക്കും സീതമ്മയ്ക്കും ഒക്കെ ഒരിക്കലേലും ഒരസ്സൽ കമ്യൂണിസ്റ്റ് ഒക്കെ ആകാൻ കിട്ടണ ചാൻസ് അല്ലെ? വിട്ടുകളയണോ നമുക്ക് അദ്?”

പിന്നെ അയാൾ അവളുടെ കണ്ണീർരത്നങ്ങളിൽ ചുണ്ടുകൾ ചേർത്തു.

ചാമുണ്ഡി മലകൾക്കപ്പുറത്ത് നിന്ന് തുമ്പികൾ പറന്നുയരാൻ തുടങ്ങുകയായിരുന്നു അപ്പോൾ.

Comments:

No comments!

Please sign up or log in to post a comment!