❤️ചിത്ര യക്ഷി❤️

[നോൺകമ്പി പ്രേതകഥാ സീരീസ് 4]

“ഇരുന്നു ഫോണേ കുത്താതെ പണിയെടുക്കു മനുഷ്യാ നാണമില്ലേയിങ്ങന ചൊറിഞ്ഞു നിന്നേച്ചു വൈകുന്നേരം രൂപ 850 കൈനീട്ടി വാങ്ങാൻ?”

മുന്നിൽ എളിയിൽ കൈയ്യും കുത്തി ഒരു ക്രീം ത്രീഫോർത്തും കറുത്ത കുടുക്ക കൈയ്യുള്ള ടോപ്പും ഇട്ട് തോളൊപ്പം ഉള്ള ലെയർ അടിച്ച സ്ട്രെയിറ്റ് ചെയ്ത മുടി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടിക്കൊണ്ട് വൈഡൂര്യ മൂക്കുത്തി അണിഞ്ഞ സുന്ദരിയായ ശ്രുതി!

“ഭ…! പോടീ @&@ മോളേ… നിന്റപ്പനല്ലാലോ എനിക്കു തച്ചു തരുന്നത്!”

എഴുതിക്കൊണ്ട് ഇരുന്ന ഫോൺ താഴെ വച്ച് ദേഷ്യത്തോടെ ശ്രുതിയെ തെറിയും പറഞ്ഞ് ഞാൻ കലക്കി വച്ചിരുന്ന പെയിന്റ് പാത്രം എടുത്തു….

“ഹഹഹഹഹഹ”

അവൾ പൊട്ടിച്ചിരിച്ച് കൊണ്ട് ഭിത്തിയിൽ പിൻവശം ചാരി മുന്നോട്ടാഞ്ഞ് ഇരു കൈകളും നീട്ടി എന്നെ മാടി വിളിച്ചു…

“വാ… വന്നൊഴിക്കടാ കൊരങ്ങച്ചാ…”

അവൾ കിലുകിലെ ചിരിച്ച് നുണക്കുഴി കാട്ടി എന്നെ വെല്ലുവിളിച്ചു!

“നാശം!”

ഞാൻ പെയിന്റ് പാത്രം താഴെ വച്ച് സ്വയം തലയ്ക്കടിച്ച് പറഞ്ഞ് കൊണ്ട് ബ്രഷ് എടുത്ത് അടിച്ച് കൊണ്ടിരുന്ന പെയിന്റിന്റെ ബാക്കി അടിച്ച് തുടങ്ങി….

“ആ… അങ്ങനെ മര്യാദക്ക് മിടുക്കനായി പണിയെടുക്ക്…. ഞാ രാത്രി വരാട്ടോ! പിന്നേ… ഇന്നലത്തെയാ കൂതറസാധനം അടിച്ചേക്കല്ല് കെട്ടോ ന്റമ്മോ ന്താ ഒരു നാറ്റം! ഹോഹോഹോ! അൺസൈക്കബിൾ!!!”

ശ്രുതിയുടെ ആ ചിരിയോടെയുള്ള സംസാരം കേട്ട ഞാൻ തിരിഞ്ഞ് നോക്കാതെ പറഞ്ഞു …

“പോടീ… പട്ടീ….”

ശ്രുതിയുടെ ചിരിയും ഹീലുള്ള ചെരുപ്പിന്റെ ടക് ടക് നാദം അകന്ന് പോകുന്ന ശബ്ദവും കേട്ടു…..

ഇന്ന് ഏതായാലും ഭാഗ്യത്തിന് ഈ വഴക്ക് കേൾക്കാൻ കൂടെ ആരും ഇല്ലാതെ വന്നു! അല്ലെങ്കിൽ കളി മാറിയേനേ….

മുകൾ നിലയിലെ മുറിയിൽ പണിക്ക് ഞാൻ മാത്രമേ ഉള്ളു ബാക്കി ഉള്ളവർ താഴെയും പുറത്തും ആണ് പണിയുന്നത്

ഇപ്പവീ വഴക്കും പിടിച്ച് എന്നെ അരിശം കേറ്റിയിട്ട് കിളിച്ചോണ്ട് പോയ മൂശേട്ടയ്ക്കിട്ട് കഴിഞ്ഞ ആഴ്ചയും രണ്ട് പ്രാവശ്യം കലി കയറിയ ഞാൻ പെയിന്റ് ഒഴിച്ചതാ!

അവളുടെ ദേഹത്ത് പെയിന്റ് ഒഴിച്ചിട്ട് എന്ത് കാര്യം! ലിറ്ററിന് മുന്നൂറ്റി അൻപത് രൂപ വിലയുള്ള രണ്ടു രണ്ടര ലിറ്റർ എമർഷൻ വെറുതേ പോയി അത്ര തന്നെ!

“ദേ…. പണീങ്കഴിഞ്ഞ് അവിടേമിവിടേം വായിനോക്കി നിക്കാതെ നേരേയങ്ങു വന്നേക്കണേ…. ഞാങ്കാത്തിരിക്കും”

പോയവൾ ഓടി വന്ന് പറഞ്ഞിട്ട് അതേപോലെ തിരികെ പാഞ്ഞു….



എന്റെ ചുണ്ടിൻ കോണിൽ ഞാനറിയാതെ ഒരു പുഞ്ചിരി ഓടിയെത്തി…

വന്ന് വന്ന് എനിക്ക് ഈ ജന്തുവിനെ ഒരു രണ്ട് മൂന്ന് മണിക്കൂറിൽ കൂടുതൽ കാണാതിരിയ്ക്കാൻ വയ്യ എന്നായി! അവൾക്കും!

ഇന്നത്തെ പണി തീരും മുന്നേ വീണ്ടും അവൾ ഒന്ന് കൂടി എങ്കിലും വരും…

“പഠിക്കാൻ വിട്ട സമേത്ത് പഠിക്കണാരുന്നു…. അന്നാലിങ്ങനെ ഭിത്തിയേലൊരച്ചു നടക്കാതെ കൂടെ ജനിച്ചവനെ പോലെ അന്തസ്സായി ഏസി ക്യാബിനിൽ ഇരിയ്ക്കാരുന്നു….”

ഒരു വെള്ളയിൽ ചെറിയ ചുവന്ന പൂക്കളുള്ള നൈറ്റ് ഡ്രസ്സും ഇട്ട് കട്ടിലിൽ കുത്തിച്ചാരി വച്ച തലയിണയിൽ ചാരി കാലും നീട്ടി ഇരുന്ന് മടിയിൽ തുറന്ന് വച്ച ലാപ്പിൽ എന്തോ ചെയ്ത് കൊണ്ട് അതിൽ നിന്ന് ശ്രദ്ധ തിരിക്കാതെ തന്നെ ശ്രുതി ആത്മഗതം പോലെ പറഞ്ഞു!

കട്ടിലിന്റെ ഒരു വശത്ത് ശ്രുതിയുടെ നേരേ തിരിഞ്ഞ് Z പോലെ ചുരുണ്ട് ആസകലം പുതപ്പിനുള്ളിൽ നൂണ്ട് തല മാത്രം വെളിയിലാക്കി കണ്ണുകൾ അടച്ച് കിടന്ന ഞാൻ ഒന്ന് കണ്ണ് തുറന്ന് നോക്കിയിട്ട് വീണ്ടും അതേപടി കണ്ണുകൾ അടച്ചു!

“ഹും! പഠിക്കാൻ വിട്ട കാലത്ത് പഠിക്കുകയോ ചെയ്തില്ല! പണിയാമ്പോയാ പണിയത്തുവില്ല വല്യൊരു കതയെഴുത്ത്! പൊട്ടപ്രേതകത! എന്നുവച്ചാ ഇങ്ങളാരാ കാളിദാസനോ…”

ശ്രുതി വീണ്ടും തുടർന്നു….

“ഫ്ഭാ… കാളിദാസൻ നിന്റെ തന്ത! പൊട്ടക്കഥയോ? എന്റെ കഥകളുടെ ലൈക്കും കമന്റും പോയി നോക്കടീ കോപ്പേ…”

ചാടിയെണീറ്റ് കട്ടിലിൽ ചമ്രംപടഞ്ഞ് ഇരുന്ന ഞാൻ പൊട്ടിത്തെറിച്ചു!

ലാപ്പ് അടച്ച അവൾ പൊട്ടിച്ചിരിച്ചു! എന്നെ പ്രകോപിപ്പിച്ച് എണീൽപ്പിക്കുക അത്രേ ഉള്ളായിരുന്നു അവളുടെ ലക്ഷ്യവും!

കട്ടിലിൽ നിന്ന് എണീറ്റ് ലാപ്പ് വെച്ച് മുടി ഇരു കൈകളും കൊണ്ട് കോതിക്കൊണ്ട് ശ്രുതി തിരിഞ്ഞപ്പോൾ ആണ് ലാപ്പിലെ എംബ്ലം ഞാൻ ശ്രദ്ധിക്കുന്നത്!

ഒരു വൃത്തത്തിൽ ഒരു മുറി ഓറഞ്ചിന്റെ പടം!

“ഹഹഹ ഇതേതാ ലാപ്പ്? ഓറഞ്ചോ?”

“അതേ… ഓറഞ്ച്! നിങ്ങക്കാപ്പിളല്ലേ? അതേപോലെ ഞങ്ങക്കോറഞ്ചാ!”

എന്റെ കളിയാക്കിയുള്ള ചോദ്യത്തിന് മുടി കോതി നിന്ന അവൾ ഏറുകണ്ണ് ഇട്ട് നോക്കി മറുപടി നൽകി…

“അടുത്താഴ്ച ഞാമ്പോവും ട്ടോ! പോവാതെ പറ്റില്ലാലോ… ഞാമ്പോയാ ഇങ്ങളെന്നെ ഓർക്കുവോ…?”

അൽപ്പം വിഷാദം കലർന്ന സ്വരത്തിൽ ശ്രുതി എന്നോട് ചോദിച്ചു…

“പിന്നേ…. നിന്നെയോർക്കാനോ? ഞാന്നല്ലൊരു സുന്ദരീനേങ്കെട്ടി അർമ്മാദിച്ച് നടക്കും!”

ഞാൻ ഇല്ലാത്ത ചിരി പാടുപെട്ട് വരുത്തി ഉറക്കെ ചിരിച്ച് പറഞ്ഞതും വിഷാദം മാറി ശ്രുതിയും ഉഷാറായി…

“അതെനിക്കറിയാലോ… ശരീരമില്ലാത്തോണ്ടല്ലേ അല്ലേ നിങ്ങളിപ്പവെന്നെ പീഡിപ്പിച്ചു കൊല്ലില്ലാർന്നോ…?”

ശ്രുതിയുടെ ഈ ചോദ്യം കേട്ടിട്ട് ഒന്നും കലങ്ങിയില്ല അല്ലേ? അത് അത്ര പെട്ടന്ന് അങ്ങനെ കലങ്ങൂല!

ശ്രുതിയെ എനിക്ക് കാണാനും കേൾക്കാനും കഴിയുന്നത് പോലെ തൊടാനും പിടിക്കാനും കഴിയില്ല!

എനിക്ക് മാത്രമേ ശ്രുതിയെ കാണാനും കഴിയൂ കാരണം ശ്രുതി ഒരു മനുഷ്യസ്ത്രീ അല്ല അവൾ ഒരു യക്ഷിയാണ് യക്ഷി!!!

ഈ കഴിഞ്ഞയിടെ ചിക്കൻപോക്സ് വന്ന് കുറശ്ശ് ദിവസങ്ങൾ പണിക്ക് പോകാൻ കഴിയാതെ വീട്ടിൽ തന്നെ ഇരിയ്ക്കേണ്ടി വന്നു…

അസുഖം കുറേ ഒക്കെ ഭേതമായി ഇരുന്നപ്പോൾ സമയം പോയി കിട്ടാൻ പഴയ ചിത്രരചന ഒന്ന് പൊടിതട്ടി എടുത്തു…

ഒരു സുഹൃത്തിനെ വിളിച്ച് ഒരു സെറ്റ് ഓയിൽ പെയിന്റും ക്യാൻവാസുകളും വാങ്ങി തരാൻ പറഞ്ഞു….


അവൻ അത് കൊണ്ടെ തന്നു. ഞാൻ വെറുതേ ഒരു പെൺകുട്ടിയുടെ ചിത്രം ഒന്ന് വരച്ച് നോക്കി ശരിയാവും എന്ന ഉറപ്പ് ഒന്നുമില്ല ഒരുപാടു വർഷങ്ങൾ ആയി വരച്ചിട്ട്!

പക്ഷേ പടം ഭംഗിയായി തന്നെ പൂർത്തിയാവാറായി… ഒരു സുരസുന്ദരിയുടെ പൂർണ്ണകായ ചിത്രം! കണ്ണുകൾ വരച്ച് തുറന്നാൽ മാത്രം മതി ബാക്കി തീർന്നു….

ചിക്കൻപോക്സ് കുളിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു അത്…

രാത്രി ഒൻപത് കഴിഞ്ഞ് അത്താഴവും ഒക്കെ കഴിഞ്ഞ് ഞാൻ മിഴികൾ വരച്ച് ആ ചിത്രം പൂർത്തികരിച്ച് തുടങ്ങി…

“ഒരു വൈഡൂര്യ മൂക്കുത്തി കൂടാവാം..”

ഒരു സ്ത്രീശബ്ദം എന്റെ കാതിൽ മന്ത്രിച്ചത് പോലെ എനിക്ക് തോന്നി….

തോന്നൽ ആണെങ്കിൽ തോന്നൽ എന്തായാലും ആവട്ടെ….

ഞാൻ മൂക്കിൽ സ്വർണ്ണനിറം മൂക്കുത്തി വരച്ച് അതിന് നടുവിൽ വൈഡൂര്യ കല്ലായി തേനിന്റെ നിറം ചാലിച്ച് തൊട്ടതും ഒരു മൂളലോടെ മുറിയാകെ ഒരുതരം വെള്ളപുക നിറഞ്ഞു…..

പുക അടങ്ങിയപ്പോൾ അതാ ഞാൻ വരച്ച ക്യാൻവാസ് ശൂന്യം അതിൽ ഒന്നുമില്ല!

ഞാൻ വരച്ച ആ രൂപം അതാ എന്റെ മുന്നിൽ ജീവനോടെയും! ഞടുങ്ങി തരിച്ച് നിന്ന എന്നോട് അവൾ കാര്യം പറഞ്ഞു…

അവൾ ഒരു യക്ഷിയാണ്! അവളുടെ ചിത്രമാണ് ഞാൻ ആ വരച്ചത്!

യക്ഷലോകത്ത് അങ്ങനെ ഒരു നിയമമുണ്ട് അവിടത്തെ ഒരു യക്ഷിയുടെ രൂപം അതേപടി ഭൂമിയിൽ ആരെങ്കിലും വരയ്ക്കുകയോ ശില്പം ഉണ്ടാക്കുകയോ ചെയ്താൽ ആ ആൾ ഭൂമിയിൽ വന്ന് ആ ചിത്രത്തിൽ കയറി ഇരുപത്തി ഒന്ന് ദിനരാത്രങ്ങൾ കഴിയണം!

ഇരുപത്തിരണ്ടാം ദിവസമേ പിന്നെ അവർക്ക് യക്ഷലോകത്തേക്ക് പ്രവേശിക്കാൻ കഴിയൂ!

പാവം! പഠിപ്പിസ്റ്റായ അവൾ യക്ഷലോകത്ത് മെഡിസിനുള്ള എൻട്രൻസ് കോച്ചിങ്ങിൽ ആയിരുന്നു അതിനിടയിലാ ഞാൻ ഈ പണി കൊടുത്തത്!

അതാണ് ലാപ്പും ഒക്കെ ആയി പഠിക്കാനായി തയ്യാറായി വന്നത്!

ഇവർക്ക് നമ്മെ പോലെ ആഹാരനീഹാരാദികൾ ഒന്നുമില്ല പേരുകൾ ചൈനക്കാരുടേത് പോലെ നാവിൽ വഴങ്ങാത്തതും!

ആദ്യ ദിവസം തന്നെ ഈ ഡാഷ് മോൾ ഇവളുടെ കുറുമ്പ് എടുത്ത് തുടങ്ങി!

ഭൂമിയിലെ തൃകാല ജ്ഞാനമുള്ള യക്ഷിയായ ഇവൾ എന്റെ പൂർവ്വകാലം ദിവ്യദൃഷ്ടിയിൽ കണ്ടിട്ട് ആണ് അവളുടെ പേര് “ശ്രുതി” എന്ന് പറയുന്നത്!

പാവം ഞാനും ഈ യക്ഷിപ്പെണ്ണിന്റെ യഥാർത്ഥ പേര് ശ്രുതിയെന്നാണ് എന്ന് കരുതി വിളിച്ച് ശീലിച്ചത്!

പിന്നീടല്ലേ ഈ ജന്തു ഒരാക്കിയ ചിരിയുമായി പറയുന്നത് പത്താംക്ലാസിൽ എന്റെ ഒപ്പം പഠിച്ച എന്നെ തേച്ചിട്ട് പോയ ഇപ്പ കെട്ടും കഴിഞ്ഞ് രണ്ടു പിള്ളാരുമായി നടക്കുന്ന ശ്രുതിയുടെ പേരിൽ എന്നെ ഒന്ന് ആക്കിയതാണ് ഈ പേര് എന്ന്!

അന്നുമുതൽ ഈ കുട്ടിക്കുറുമ്പി യക്ഷിക്കുഞ്ഞ് എന്റെ ഒപ്പമുണ്ട്! ഇവൾ പോയാൽ എന്റെ അവസ്ഥ എന്താവും എന്തോ…

പക്ഷേ ഇതിൽ വലിയൊരു കുഴപ്പമുണ്ട്! അമ്മയും കൂട്ടു പണിക്കാരും നാട്ടുകാരും ഒക്കെ എന്നെ വല്ലാതങ്ങു ശ്രദ്ധിക്കാൻ തുടങ്ങി…

ശ്രുതിയെ അവർക്കാർക്കും കാണാൻ കഴിയില്ലാലോ!

ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!

ശ്രുതിയുമായുള്ള വഴക്കിന് നാട്ടുകാരു പിടിച്ച് വല്ല മെന്റൽ ഹോസ്പിറ്റലിലും ഇടുമോ എന്നാണ് ഇപ്പോൾ എന്റെ പേടി! നാട്ടാരു പിടിച്ചു സെല്ലിൽ അടച്ചില്ല എങ്കിൽ അടുത്ത അനുഭവവുമായി വീണ്ടും കാണാം വണക്കം!.
🙏

Comments:

No comments!

Please sign up or log in to post a comment!