വസുന്ധര അന്തർജനം

എന്റെ സംഘത്തിൽ ഞാനും അനീഷും ജോൺസണും ആണ് മൂന്ന് കിലോമീറ്ററോളം നടന്ന് വീടുകൾ കയറി ഇറങ്ങിയപ്പോൾ ഒരു കൂപ്പൺ ബുക്ക് തീർന്നു! ബാക്കി രണ്ട് ബുക്കുകൾ കൂടി വിൽക്കണം!

“നടന്നു നടന്നു ഇടപാടു തീർന്നു വിശന്നിട്ടും വയ്യ! ദേ.. ഈ കാടങ്ങു കയറിയിറങ്ങിയാ ആറ് കടന്ന് ചെല്ലുന്നത് അടുത്ത പഞ്ചായത്താ അങ്കിളിന്റെ വീട് അവിടുണ്ട് നമുക്ക് വല്ലതും കഴിക്കുകയും ചെയ്യാം അങ്കിളിന്റെ മോനേം കൂട്ടി ആ ഭാഗത്ത് പിരിച്ചു ഒരു ബുക്ക് തീർക്കുകയും ചെയ്യാം!”

ജോൺസൺ പറഞ്ഞപ്പോൾ തളർന്ന ഞങ്ങളും അത് അംഗീകരിച്ചു… രണ്ടു കിലോമീറ്ററോളം ഫോറസ്റ്റ് ഏരിയായിലൂടെ നടന്ന് വേണം ആറ്റുതീരത്ത് എത്താൻ….

ഞങ്ങൾ കാട്ടിലേക്ക് കയറി….

ആന ഒക്കെ ചിലപ്പോൾ വന്നു പോകും എന്നല്ലാതെ മൃഗങ്ങളുടെ ശല്യം ഒന്നും ആ ഭാഗത്ത് അങ്ങനില്ല കാട്ടുപന്നി രാത്രിയിൽ ഇറങ്ങി കൃഷി നശിപ്പിക്കാറുണ്ട് എന്ന് മാത്രം!

മല കയറി അങ്ങേ ചെരുവിലേക്ക് ഇറങ്ങാൻ തുടങ്ങിയ ഞങ്ങൾ കണ്ടു നടപ്പാത എന്ന് പറയാനില്ലാത്ത വിധം കാട് കയറി കിടക്കുന്ന വഴിച്ചാലിൽ നിന്ന് അകത്തോട്ട് നന്നായി തെളിഞ്ഞ ആളു നടപ്പുള്ള ഒരു കൊച്ചുവഴി!

ആ വഴി ചെന്ന് കേറുന്നത് ഓലമേഞ്ഞ ചാണകം മെഴുകിയ വരാന്ത ഒക്കെയുള്ള ഒരു കൊച്ചു വീടിന്റെ മുറ്റത്തോട്ടും!!!

ആ മുറ്റത്ത് നിന്ന് വെള്ള മുണ്ടും റൗക്കയും ഒക്കെ ഉടുത്ത തല മുഴുവൻ നരച്ച ഒരു അമ്മൂമ്മ വിറക് ഒടിച്ചു ചെറുതാക്കുന്നു…..

“ഹയ്യോ… മടുത്തു! ആ അമ്മച്ചിയോടൽപ്പം വെള്ളം വാങ്ങി കുടിച്ചിട്ട് പോകാം!”

ജോൺസൻ പറഞ്ഞപ്പോൾ ഞങ്ങളും നന്നേ ക്ഷീണിച്ചിരുന്നത് കൊണ്ട് ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ ആ മുറ്റത്തേക്ക് നടന്നു ……

“ഇച്ചിരെ വെള്ളം തരാവോ അമ്മച്ചീ……?”

എന്റെ ചോദ്യം കേട്ട ആ അമ്മച്ചി നെറ്റിയിൽ കൈയ് വച്ച് ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി പോയി ഒരു മൺകൂജയും ഒരു സ്റ്റീൽ ഗ്ലാസ്സും കൂടി എടുത്ത് തന്നിട്ട്……

“നീ മൂന്നൂടെ ഇതെവിടെ പോകുവാ… വിശക്കുന്നുണ്ടല്ലേ? കാച്ചിലു പുഴുങ്ങിയതൊണ്ട് അതെടുക്കാം”

വെള്ളം തന്നിട്ട് അകത്തേക്ക് പോയ അമ്മച്ചി ഒരു കളത്തിൽ പുഴുങ്ങി വച്ചിരുന്ന കാച്ചിൽ അതേപടി എടുത്ത് കൊണ്ടു വന്ന് തിണ്ണയിൽ വച്ചിട്ട് ചെറിയ ഒരു പാത്രത്തിൽ കാന്താരി മുളക് ചാലിച്ചതും കൊണ്ടെ തന്നിട്ട് പറഞ്ഞു….

“കഴിച്ചോ… ഞാൻ കഴിച്ചതാ….”

ഞങ്ങൾ അത് കഴിച്ചു… മൂവരുടെയും വയർ നിറഞ്ഞു!

അമ്മച്ചി ഞങ്ങൾക്ക് അപ്പോൾ കട്ടൻകാപ്പി തിളപ്പിച്ച് തന്നു… അതും കുടിച്ചു ഞങ്ങൾ സന്തോഷത്തോടെ ആ അമ്മച്ചിയോട് യാത്രയും പറഞ്ഞു നടന്ന് നീങ്ങി…

ആറ് കടന്ന് അക്കര ചെന്നപ്പോൾ ജോൺസന്റെ അങ്കിളിന്റെ വീട്ടിൽ ആരുമില്ല!

ഓരോരുത്തർക്കും മൂന്നും നാലും ഏക്കർ കൃഷിസ്ഥലം ഉള്ള അവിടെ വീടുകളും ഒരുപാട് അകലത്തിൽ ആണ് അങ്കിളിന്റെ മോൻ ഇല്ലാതെ ജോൺസന് അവിടെ ആരെയും അറിയില്ല താനും!

“എന്നാ പിന്നെ നമുക്ക് നാളെ വരാം!”

ഞാൻ പറഞ്ഞപ്പോൾ അവരും സമ്മതിച്ചു തലയാട്ടി! ഞങ്ങൾ വന്ന വഴി തന്നെ മടങ്ങി!….



ആ അമ്മച്ചിയുടെ വീടിന്റെ ഭാഗം ആയപ്പോൾ ഞങ്ങൾ നടുക്കത്തോടെ പരസ്പരം നോക്കി….

അവിടെ അങ്ങനൊരു വീടുമില്ല അമ്മച്ചിയുമില്ല വഴിയുമില്ല വെറും കാട് മാത്രം!!!!

വഴി ഒട്ട് മാറി പോയിട്ടുമില്ല ആള് നടപ്പില്ലാത്ത ആ വഴിയിൽ ഞങ്ങൾ അങ്ങോട്ട് നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട് താനും!!!

വല്ലാതെ ഭയന്ന് പോയ ഞങ്ങൾ ആ കാട് കയറാതെ തിരിച്ചിറങ്ങി ആറ് കടന്ന് ജോൺസന്റെ അങ്കിളിന്റെ വീടിന്റെ അതിലേ തന്നെ മടങ്ങി….

പിന്നീടാണ് ആ കാടിന് നടുവിൽ എങ്ങിനെ അങ്ങനൊരു വീട് വരും അവിടെ അത്രയും പ്രായമായ ഒരു അമ്മച്ചി ഒറ്റക്ക് എങ്ങിനെ കഴിയും എന്നതൊക്കെ ഞങ്ങൾ ചിന്തിക്കുന്നത്!

പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നതിനാൽ തന്നെ ഞങ്ങൾ ഈ അനുഭവം മറ്റാരോടും പറഞ്ഞുമില്ല! എന്തായാലും ഞങ്ങൾ മൂവരും പിന്നീടാ വഴി പോയിട്ടേയില്ല!!!

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു… അന്നത്തെ ആ അനുഭവം ഞാൻ ഫേസ്ബുക്ക് പോസ്റ്റാക്കി ഇട്ടിട്ട് അന്ന് പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിന് മുൻപുള്ള ഭദ്രകാളീയാമത്തിൽ നടന്ന സംഭവത്തിന്റെ ഞടുക്കം എന്നിൽ നിന്ന് ഇതേവരെ മാറിയിട്ടില്ല…

അത് ഓർക്കുമ്പോൾ ഇപ്പോഴും നട്ടെല്ലിലൂടെ മേൽപ്പോട്ട് ഒരു തണുപ്പ് പാഞ്ഞങ്ങ് കയറുകയാണ്….

പതിവ് പോലെ ആ പുലർച്ചയും ഇടയ്ക്ക് ഒരു രണ്ട് മണിയോടെ ഉറക്കം ഉണർന്ന ഞാൻ ഒന്നിന് പോയി വന്ന ശേഷം ഫോൺ ഓണാക്കി അന്നലത്തെ പോസ്റ്റിന് വന്ന ലൈക്കുകളും കമന്റുകളും ഒക്കെ നോക്കുകയും മറുപടി നൽകുകയും ആയിരുന്നു….

പെട്ടന്ന് ഫോണിന്റെ മുകൾഭാഗത്ത് ഒരു മെസഞ്ചർ മെസേജ് റിക്വസ്റ്റ് നോട്ടിയുടെ ബാനർ!

“വസുന്ധരഅന്തർജനം വാണ്ട്സ് ടു കണക്ട് യൂ”

ഞാൻ പെട്ടന്ന് ആ ബാനർ ക്ലിക്ക് ചെയ്ത് മെസഞ്ചർ ഓപ്പൺ ആക്കി….

“വസുദ്ധര അന്തർജനം എന്ന് മലയാളത്തിൽ പേരെഴുതിയ സുദർശനചക്രം ഒക്കെ പോലുള്ള ഏതോ ഒരു മാന്ത്രികചക്രം dp ആയുള്ള ഐഡിയിൽ നിന്ന് ഒരു ചോദ്യം…

“ആ കാപ്പിതന്ന അമ്മച്ചിയുടെ പേര് അറിയാവോ..”

“ഇല്ല” ഞാൻ മറുപടി നൽകി…. “എന്നാൽ എനിക്കറിയാം ആ അമ്മച്ചി ഞാനാണ് വസുന്ധര അന്തർജനം എന്നാണ് എന്റെ പേര്!”

എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ ഒരു വെള്ളിടി വെട്ടി…. കട്ടിലിൽ ചാരി കിടന്ന് ഫോണിൽ നോക്കുന്ന എന്റെ കൈയ്യിൽ നിന്ന് ഫോൺ എന്റെ മടിയിലേക്ക് വീണു….

അനങ്ങാനാവാത്ത ആ അവസ്ഥയിൽ മടിയിൽ വീണ ഫോണിൽ ഓപ്പണായ അവരുടെ ചാറ്റിൽ തനിയെ പേരിൽ ക്ലിക്കായി…

ഓപ്പണായ പേജിൽ പ്രോഫൈൽ ക്ലിക്കായി ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ എന്റെ ഐഡി ക്ലിക്കായി “വസുന്ധര അന്തർജനം” എന്ന ഫേസ്ബുക്ക് പേജ് തുറന്ന് വന്നു…

സ്ഥലം കണ്ണൂർ ഇരിട്ടി Date of birth ന്റെ സ്ഥാനത്ത് 1903 -1984—!!!

പെട്ടന്ന് ഫോണിന്റെ സ്ക്രീൻ ഓഫായി!

വെറുതേ ഇരുന്ന് ഭാവനയിൽ മെനഞ്ഞ ഒരു പ്രേതകഥയിലെ നായിക മെസഞ്ചറിൽ വന്ന് താനാണാ പ്രേതം എന്ന് പ്രഖ്യാപിച്ചതിന്റെ അലകൾ അങ്ങ് മാറുന്നേയില്ല അങ്ങനെ ഇരിയ്ക്കെ ഒരു ദിവസം മീനച്ചൂടിൽ നല്ല വെയിലത്തുള്ള പണിയും കഴിഞ്ഞു പതിവ് രണ്ടെണ്ണവും വീശിയിട്ട് വന്ന് കുളിയും അത്താഴവും കഴിഞ്ഞു കിടന്നതേ ഓർമ്മയുള്ളു…….
ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി… അഗാധനിദ്ര!

കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കൺപോളകൾ വലിച്ചു തുറന്നത്…..

ഡിസ്പ്ളേയിൽ “അഭിരാമി” എന്ന് തെളിഞ്ഞിട്ടുണ്ട്…. ഞാൻ ഫോണെടുത്തു….

“ന്താടീ….?”

“ചേട്ടായീ ഞാൻ ദാ ഇവിടെത്തി …..”

“എവിടെ…?”

ഞാൻ അമ്പരപ്പിൽ ചോദിച്ചു…. ഫേസ്ബുക്കിലെ പ്രേതാനുഭവ കുറിപ്പുകളിൽ നിന്നുള്ള പരിചയം അടുപ്പവും ബന്ധവും ആയതാണ് അഭിരാമിയുമായി….!!

“ആതിര” എന്ന അനുഭവം ഞാൻ എഴുതി പോസ്റ്റ് ചെയ്തതിന് പിറ്റേന്ന് വന്ന മെസേജ് റിക്കുകളിൽ ഒന്ന് ഒരു അഭിരാമി…

ഒരു തുള്ളി കണ്ണീർ ഇറ്റ് നിൽക്കുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ഒറ്റക്കണ്ണ് DP…!

“ഈ ആതിരയെ ചേട്ടായി സത്യത്തീ കണ്ടതാണോ….? നിഷ്കളങ്കമായ ആ ചോദ്യവും ആ “ചേട്ടായി” വിളിയും കണ്ടതും ഞാൻ വീണുപോയി!

വരുന്ന മെസേജുകളിൽ മറുപടി ആവശ്യമായി തോന്നുന്നതിന് മാത്രം പ്രതികരിക്കുന്ന ഞാൻ ഉടൻ റീപ്ലേ ചെയ്തു…

“അതേ…!”

റിപ്ളേ ചെയ്തു മെസഞ്ചറിൽ കണക്ട് ആയതും ഉടൻ വിളി വന്നു…

തൃശൂർ ഭാഷയിൽ പദ്യപാരായണം പോലെ വാതോരാത്തുള്ള കിളിക്കൊഞ്ചൽ! ഓള് ഡിഗ്രി ആദ്യവർഷം ആണ് കമ്പ്യൂട്ടർ സയൻസ് !!

സത്യത്തിൽ അവളുടെ ആ ചേട്ടായി വിളിയിൽ ആണ് ഞാൻ വീണുപോയത്! രണ്ടു തലതെറിച്ച ജന്തുക്കൾ ഉണ്ട് ഞങ്ങളെയും “ചേട്ടായീ” എന്ന് വിളിക്കാൻ! മാമന്റെ മക്കൾ! അവളുമാർ പക്ഷേ “എടാ ചേട്ടായീ” എന്നല്ലാതെ വെറും “ചേട്ടായി” എന്ന് വിളിക്കില്ല!

അതാവും ഇവളോടിത്ര സ്നേഹം തോന്നാൻ കാരണവും!

ഇവിടെ ഉള്ള അവളുമാരെ പോലെ തന്നെ നല്ല വഴക്കും പിടിക്കും! കഴിഞ്ഞ ദിവസം എനിക്ക് പത്താം ക്ലാസ് മൂന്നാം വട്ടവും എഴുതി പരാജയപ്പെട്ട ഒരുത്തിയുടെ ഒരു പ്രെപ്പോസലുമായി വന്നിട്ട് ഒരു വലിയ വഴക്കും കഴിഞ്ഞു ഇപ്പോൾ വിളിച്ചിട്ട് രണ്ടു ദിവസമായി ആ അവളാണ് ഇപ്പോൾ ഇവിടെ വന്നു എന്ന് വിളിക്കുന്നത്!

തൃശൂരു നിന്ന് അവളീ രാത്രിയിൽ എന്തിന് മുണ്ടക്കയത്ത് എത്തി എന്നൊന്നും ചോദിക്കാൻ എനിക്ക് അപ്പോൾ തോന്നിയുമില്ല!

ഞാൻ ചാടി എണീറ്റ് ഒരു ഷർട്ടും എടുത്തിട്ട് പുറത്തേക്ക് പോയി ….

വഴിയിൽ ചെന്നപ്പോൾ അതാ അഭിരാമി എതിരേ നടന്ന് വരുന്നുണ്ട്!!

അതിശക്തമായ കാറ്റും കോളും വലിയ മഴയായി പരിണമിച്ചു….

അവൾ കയ്യിലിരുന്ന കൊച്ചുകുട നിവർത്തി.. ഞാനും അവളോടൊപ്പം ആ കുടയിൽ കയറി… കൊടുങ്കാറ്റ് പോലുള്ള കാറ്റിൽ ഒടിഞ്ഞുമടങ്ങി പറന്ന കുട അടുത്ത റബറിന്റെ ചില്ലയിൽ എത്തി… വഴിയാകെ പ്രളയം!

ഞങ്ങൾ നനഞ്ഞു കുളിച്ചു… വെള്ളം നറഞ്ഞ കുഴിയിൽ മുട്ടറ്റം ചേറിൽ വീണ ഞാൻ ഞെട്ടി കണ്ണ് തുറന്നു ………

മഴയുമില്ല അഭിരാമിയുമില്ല ഞാൻ വിയർത്ത് കുളിച്ച്.
എന്റെ കട്ടിലിൽ….!!!

ഞെട്ടി വിറച്ച ഞാൻ പെട്ടന്ന് ഫോൺ എടുത്ത് മെസഞ്ചർ ഓപ്പണാക്കി! അതിൽ അഭിരാമി എന്ന ഒരാളുടെ ചാറ്റില്ല ഫേസ്ബുക്കിൽ കയറി നോക്കിയിട്ട് അവളുടെ ഐഡി യും ഇല്ല പേടിച്ചു വിറച്ച എന്റെ കയ്യിൽ നിന്നും ഫോൺ താഴെ പോയി…

എന്റെ “വസുന്ധര അന്തർജനം” ഒക്കെ വായിച്ചിട്ട് വിളിച്ചു ഇന്റർനെറ്റ് പ്രേതമോ എന്നും ചോദിച്ചു ഒരുപാട് കളിയാക്കിയവൾ ആണ് …. ആ അവളും?????

ദൈവമേ… പ്രേതത്തെ ഭയന്നിട്ട് ഫേസ്ബുക് ഉപയോഗിക്കാൻ വയ്യ എന്നായല്ലോ… മെസഞ്ചർ കളഞ്ഞു…. ഇനി ഫേസ്ബുക് ഐഡി കൂടി കളയണമോ ആവോ…. വന്നുവന്ന് ഫ്രണ്ട് ലിസ്റ്റിൽ പ്രേതങ്ങൾ അല്ലാതെ മനുഷ്യർ വല്ലവരും ഉണ്ടോ ആവോ!!!!

Comments:

No comments!

Please sign up or log in to post a comment!