Rose

മാർട്ടിൻ ഒരുനിമിഷം, നിശ്ചലനായി ആ തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പുകസേരയിലിരുന്നു…

അയാൾ ക്ഷീണിതനായിരുന്നു……….

തന്റെ ഉലഞ്ഞ മുടി ഇരുകൈകൾ കൊണ്ടും അയാൾ ഒതുക്കിവച്ചു… നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഊർന്നുവീഴുന്നുണ്ടായിരുന്നു.. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം വെള്ളം വരുന്നു…

തന്റെ ചുവന്നുകലങ്ങിയ കണ്ണുകൾ അയാൾ ഒന്നടച്ചു തുറന്നു…. പിന്നെ വായ് തുറന്ന് ദീർഘമായി ഒന്നു ശ്വാസം പുറത്തേയ്ക്കു വിട്ടു….

കഠിനമായ സംഘട്ടനമായിരുന്നല്ലോ…!

അയാൾ തന്റെ പരിക്കേറ്റ വലത്തുകൈ ഏറെ ബദ്ധപ്പെട്ട് ഉയർത്തി, നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചു… വിരലുകളിൽ രക്തം പടരുന്നത് അയാൾ കണ്ടു…

അയാളുടെ ദേഹത്തിലങ്ങിങ്ങ് രക്തമൊലിക്കുന്നുണ്ടായിരുന്നു…..

ആന്റണിയുടെ ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയേറ്റ വലത്തുകൈ മാത്രം വേദനിക്കുന്നു…. അയാൾ ഒന്നെഴുന്നേറ്റ് മുമ്പോട്ടു രണ്ടടി നടന്നു…

അയാളുടെ മുമ്പിൽ, മറ്റൊരു ഇരുമ്പുകസേരയിൽ, ആന്റണി, അനങ്ങാൻ വയ്യാതെ കിടന്നിരുന്നു…

അയാളുടെ വാരിയെല്ലിൽ ഒരു കഠാര തുളഞ്ഞുകയറിയിരുന്നു… അവിടെനിന്ന് നിലയ്ക്കാതെ രക്തമൊഴുകി, അയാളുടെ കീറിയ ഷർട്ടിലും ശരീരത്തിലും ചുവപ്പു പടർത്തിക്കൊണ്ടിരുന്നു…..

മാർട്ടിൻ അയാളെ സമീപിച്ചു… പൊടുന്നനെ, അയാളുടെ മേൽ ചാടിവീണ് അയാളുടെ കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് അലറി….

“വാക്കു കൊടുത്തതാടാ നായിന്റെ മോനേ”…!!!

പിന്നെ പിടിവിട്ടുകൊണ്ട് ഒരടി പിറകോട്ടു മാറിനിന്ന് മാർട്ടിൻ ആ കസേരയിൽ ഒരു ചവിട്ടുകൊടുത്തു…

ആന്റണി ഒന്നു ഞരങ്ങിക്കൊണ്ട് നിലത്തേയ്ക്ക് കസേരയോടുകൂടി വീണു…..

“എന്റെ റോസ് മോളോടു പറഞ്ഞതാ ഞാൻ… ഇനി കൊല്ലില്ലെന്ന്…സമ്മതിച്ചില്ലല്ലോടാ നാറീ…”

നിലത്തേയ്ക്കു കുനിഞ്ഞിരുന്ന്, തന്റെ രണ്ടു കൈപ്പത്തികളിൽ മുഖം പൂഴ്ത്തി, മാർട്ടിൻ വിതുമ്പിക്കരഞ്ഞു……

പുറത്ത് പോലീസ് ജീപ്പിന്റെ ഹോൺ കേൾക്കുമ്പോഴും, അയാൾ അനങ്ങിയില്ല….. അയാളുടെ മനസ്സുനിറയെ, ആ ഏഴുവയസ്സുകാരിയുടെ മുഖമായിരുന്നു , റോസ്മോളുടെ….!

******************

കുറച്ച് ദിവസങ്ങൾക്കു മുൻപ്…

“അങ്കിൾ….”

ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ശബ്ദം അയാളുടെ കർണ്ണപടങ്ങളിൽ അലയടിച്ചു… ജയിലിന്റെ സെല്ലിനുള്ളിൽ കണ്ണടച്ചു കിടന്നിരുന്ന മാർട്ടിൻ മെല്ലെ കണ്ണുതുറന്ന്, അഴികൾക്കരികിലേയ്ക്കു വന്നു…..

അവിടെ അവൾ നിന്നിരുന്നു…..

അന്നവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു….

കാരണം അവൾ അന്നൊരു മനോഹരമായ വെള്ള ഉടുപ്പാണ് ഇട്ടിരുന്നത്…. ഒരു മാലാഖയെപ്പോലെ… അവൾ തന്റെ ഉടുപ്പു വിരിച്ചുപിടിച്ച്, കൈയിൽ ചെറിയൊരു മാന്ത്രികവടിയും പിടിച്ച്, തലയിൽ ചെറിയൊരു കിരീടമൊക്കെ വച്ച് അങ്ങനെ ചേലൊത്തൊരു മാലാഖക്കുഞ്ഞായി മുമ്പിൽ നിൽക്കുകയാണ്…

“ഹല്ലാ! ഇതാരായിത്! മാലാഖയോ!”

“അതേലോ…” റോസ്മോൾ മാലാഖ..ഹി..ഹി..

അവൾ ചിണുങ്ങി… അവളുടെ പുഞ്ചിരിയിൽ തന്റെ എല്ലാ വേദനകളും വിദ്വേഷങ്ങളും അപ്രത്യക്ഷമാകുന്നുവെന്ന് അയാൾക്കു തോന്നി…

“എങ്ങനേണ്ട് മാശേ.കൊള്ളാവോ…”

കുഞ്ഞിക്കാന്താരിയുടെ വല്യവർത്താനം കേട്ട് അയാളുടെ ചുണ്ടിലൊരു ചിരിപൊട്ടി…

അയാൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു…… ‘ഓ….കൊള്ളാമേ!’ അവൾ ചിരിച്ചു…..

“ഇതാരു വാങ്ങിത്തന്നതാ മോൾക്ക്?” അയാൾ ആരാഞ്ഞു…..

“ടീച്ചേഴ്സിന്റെ ഗിഫ്റ്റാ.” അവൾ ആ ഉടുപ്പു വിരിച്ച് വട്ടം കറങ്ങി നൃത്തം വെച്ചു.. അയാൾ അവളുടെ പിന്നിലേയ്ക്കു നോക്കിക്കൊണ്ടു ചോദിച്ചു…

“എവിടെ നമ്മുടെ താടിക്കാരൻ? ഇന്ന് കണ്ടില്ലല്ലോ?”

“അവിടെ ഒരു പോലീസങ്കിളിനെ ഉപദേശിക്കുവാ.” അതുകേട്ട് അയാൾ ചിരിച്ചു…

“അമ്പടി കാന്താരീ..” അവളുടെ ചെവിക്കുപിടിച്ചൊരു നുള്ളു കൊടുത്തുകൊണ്ട് ഫാദർ വിൻസന്റ് അയാളുടെ മുമ്പിലേയ്ക്ക് കടന്നുവന്നു….

“ഹാവൂ…” അവൾ മുഖം വീർപ്പിച്ചുകൊണ്ട് കിണുങ്ങി….

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ.’ മാർട്ടിൻ പറഞ്ഞു….

സ്തുതിയായിരിക്കട്ടെടോ.’ അച്ചൻ മുഖത്തിന്റെ ഗൗരവം അൽപം കൂട്ടി…..

പിന്നെ, റോസ് മോളെ തന്നോടു ചേർത്തുനിർത്തി, അവളുടെ ശിരസ്സിൽ തലോടിക്കൊണ്ട് മാർട്ടിനോട് പറഞ്ഞു…..

എടോ , ഒരനാഥക്കുഞ്ഞാ ഇവളെന്ന് ഇപ്പോ എനിക്കു തോന്നുന്നില്ല. അത്…’ അച്ചന്റെ കണ്ഠമിടറി…… അതു തന്നെ കണ്ടുമുട്ടിയതിനു ശേഷമാണ്…. “ഈ കുഞ്ഞിന് താനെന്നു പറഞ്ഞാ വല്യ കാര്യാ” അച്ചൻ നെടുവീർപ്പിട്ടു…. അയാളും….

മാർട്ടിൻ അവളുടെ മുഖത്തേയ്ക്കു നോക്കി…. എപ്പോഴും മദ്യപിച്ചു ചുവന്നുകലങ്ങിയിരിക്കാറുള്ള കണ്ണുകളിൽ, അഭൗമ്യമായ ഒരു പ്രകാശം സ്ഫുരിക്കുന്നതിന്, അവളുടെ നിഷ്കളങ്കമായ ചിരി കാരണമാവുകയായിരുന്നു..

രണ്ടുമൂന്നു കക്ഷികളെ വേറെ കാണാനുണ്ട്…. നിങ്ങള് സംസാരിക്ക്…. അച്ചൻ അവളുടെ കുഞ്ഞു കവിളിൽ തലോടിക്കൊണ്ടു പറഞ്ഞു….. “വിളിക്കുമ്പോ കൂടെ വരണംട്ടോ. പിന്നെ ഇവിടങ്ങു കൂടിക്കളയാന്നൊന്നും വിചാരിക്കണ്ടാ..”

“ഓ…” അവൾ മൂളിയപ്പോൾ അയാൾ ചിരിച്ചു…..

“അച്ചാ.
.”

നടന്നുനീങ്ങിയ അച്ചനെ അയാൾ വിളിച്ചു. ഫാദർ തിരിഞ്ഞുനിന്നു….

‘ഉം?’

“എനിക്കൊന്നു കുമ്പസാരിക്കണം..”

അച്ചന്റെ മിഴികളിൽ ഒരു പ്രകാശം നിറഞ്ഞുനിന്നു. അദ്ദേഹം അയാൾക്കരികിലേയ്ക്കു ചെന്ന് ജയിലിന്റെ കമ്പിയഴികൾക്കുള്ളിലൂടെ അയാളുടെ ചുമലിൽ കൈകൾ വച്ചു….

ശരിയെടോ, ഞാൻ എല്ലാരെയും ഒന്നു കണ്ടിട്ടു വരട്ടെ.. ആദ്യം താനീ കുഞ്ഞിനോടു സംസാരിക്ക്.. തന്നെ നേരെയാക്കാൻ കർത്താവയച്ച മാലാഖക്കുഞ്ഞാ ഇത്…

അച്ചൻ പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങി…..

അവളും അയാളും കുറച്ചുനേരം സംസാരിച്ചു…. അവളുടെ കളിചിരികൾ അയാൾക്കു വളരെയേറെ ഉൻമേഷം പകർന്നു….

സമയമായപ്പോൾ അച്ചൻ തിരികെവന്നു….

“അപ്പോ അങ്കിളേ..നാളെ വരാട്ടോ…”

അവൾ തന്റെ വിരലുകൾ ജയിലിന്റെ അഴികളിൽ പിടിച്ചു.. അയാൾ ആ വിരലുകളിൽ തന്റെ വിരലുകൾ ചേർത്തു…

മെല്ലെ തന്റെ വിരലുകൾ വിടുവിച്ച് റോസ്മോൾ അച്ചന്റെയരികിലേയ്ക്ക് ഓടിയകന്നു…..

ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്ന അവളുടെ മുഖം, ഒരു നെടുവീർപ്പോടെ, അയാൾ നോക്കിനിന്നു…!

****************

മാർട്ടിൻ ഫെർണാണ്ടസ്… ഇപ്പോൾ അയാൾക്ക് അങ്ങനെയൊരു പേരോ മേൽവിലാസമോ ഒന്നുമില്ല…

ചെറുപ്പത്തിൽ വഴക്കുപറഞ്ഞ അപ്പന്റെ പള്ളയ്ക്ക് ഒരു കൊച്ചുപിച്ചാത്തി കയറ്റിയിട്ട് ഓടിവന്നതാണ്… പിന്നീട്, ആർജ്ജിച്ചെടുത്ത കൈക്കരുത്തുകൊണ്ടു വളർന്നു… കൂലിത്തല്ലിനും കൈകാലുകൾ തല്ലിയൊടിക്കാനും ആദ്യം ചെറുസംഘങ്ങൾക്കൊപ്പം കൂടി….

ക്വട്ടേഷൻ ഗാങ്ങുകളുടെ അകവും പുറവും കണ്ടുമനസ്സിലാക്കിയ മാർട്ടിൻ, പതിയെ തന്റെ മാർക്കറ്റ് അരുംകൊലകളിലേയ്ക്കുകൂടി വ്യാപിപ്പിച്ചു… ഗുണ്ട, കൊലയാളി എന്നീ പദവികൾക്കൊപ്പം പതിയെ നേതാവ്, തലവൻ എന്നീ പദവികളിലേയ്ക്കും, മാർട്ടിൻ ചവിട്ടിക്കയറി….

കൂടെ നിന്ന കൊമ്പൻമാരുടെ കുതികാൽ വെട്ടിയും സമർത്ഥമായി ഒറ്റിയും അയാൾ അറിയപ്പെടുന്ന ഒരു ഗുണ്ടാരാജാവായി വളർന്നു…

ഒടുവിൽ ഒരുനാൾ വാളെടുത്തവൻ വാളാൽ തന്നെ ആക്രമിക്കപ്പെട്ടു… കൂടെ നിന്നിരുന്ന അയാളുടെ വലംകൈയായ ആന്റണി, അയാളുടെ മുഖ്യ എതിരാളിയായ “പാതിരാക്കിളി” എന്ന ഗുണ്ടയുമായി സഖ്യം ചേർന്ന് അയാളെ ഒറ്റി…

ഒരു പോലീസുകാരനെ അയാളുടെ വീട്ടിൽ കയറി കൊല്ലാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കണമെന്ന് ആന്റണി നിർബന്ധിച്ചതനുസരിച്ച്, വീട്ടിലെത്തി കൃത്യം നടത്തിയശേഷം പുറത്തിറങ്ങവേ, നാലുപാടും നിന്ന് പോലീസ് ജീപ്പുകൾ അയാളെ വളഞ്ഞു…

ആന്റണിയാകട്ടെ അയാളിൽ നിന്നും സമർത്ഥമായി രക്ഷപെടുകയും ചെയ്തു….


അങ്ങനെ മാർട്ടിൻ പോലീസ് പിടിയിലായി…. അയാളുടെ ജയിൽ ജീവിതം അവിടെ തുടങ്ങുകയായിരുന്നു…..

പുറത്തിറങ്ങിയാലുടൻ ആന്റണിയെ കൊല്ലുവാനുള്ള പക അയാളുടെയുള്ളിൽ പുകഞ്ഞുനീറിക്കൊണ്ടിരുന്നു….

ജയിൽശിക്ഷയുടെ കാലയളവിൽ മാർട്ടിൻ അധികം പുറത്തിറങ്ങാതെ, സെല്ലിനകത്തുതന്നെ കഴിച്ചുകൂട്ടാനാണു ശ്രമിച്ചത്… ജയിലധികാരികൾ പോലും അയാളെ ഭയപ്പെട്ടിരുന്നു…

പട്ടണത്തിലെ മറ്റു ഗുണ്ടകൾക്കിടയിൽ അയാളുടെ പേര് “ആറാംവാരി മാർട്ടിൻ” എന്നായിരുന്നു….

കാരണം, എതിർക്കുന്നവന്റെ ആറാംവാരിക്കു മൂർച്ചയുള്ള കത്തി തുളച്ചുകയറ്റി മൃഗീയമായി കൊല്ലുന്നവനായിരുന്നല്ലോ അയാൾ….

പച്ചമാംസത്തിൽ കയറുന്ന കഠാരമുനയാൽ പുറത്തേയ്ക്കു ചീറ്റുന്ന രക്തധാരയും, അടിവയറ്റിൽ കത്തിതുളച്ചു പുറത്തെടുക്കുന്ന കുടൽമാലകളും ഒരു രാക്ഷസനെയെന്നപോലെ അയാളെ ഭ്രമിപ്പിച്ചിരുന്നു…

മദ്യത്തിൽ കുളിച്ചും പെൺമാംസത്തിന്റെ രുചിയറിഞ്ഞും കൂത്താടി നടന്നിരുന്ന അയാൾ, പണത്തിനായി എന്തും ചെയ്യുന്നവനായിരുന്നു….

അങ്ങനെയുള്ള മാർട്ടിനോട് ജയിലിലെ ജോലികൾ നിർദ്ദേശിക്കുവാൻ ജയിലർക്കുപോലും ധൈര്യമില്ലായിരുന്നു… അതുകൊണ്ടുതന്നെ അധികസമയവും, മാർട്ടിൻ ജയിലിനകത്തിരുന്ന്, ആന്റണിയെ എത്ര നിഷ്ക്രൂരമായി കൊലപ്പെടുത്താം എന്നു ചിന്തിച്ചുകൊണ്ടിരുന്നു….

കൂട്ടിൽ വിശന്നിരിക്കുന്ന ഒറ്റയാനായ ഒരു ഹിംസ്രജന്തുവിനെപ്പോലെ, അയാൾ മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും വർഷങ്ങളും തള്ളിനീക്കി…

അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെയാണ്, അതു സംഭവിച്ചത്..!

“ഹലോ…”

ഒരു പതിവില്ലാത്ത വിളികേട്ടാണ് മാർട്ടിൻ കണ്ണുതുറന്നത്.. പ്രഭാതത്തിലെ ഇളംവെയിലിന്റെ അലകൾ കണ്ണിലടിച്ചപ്പോൾ നേരം വെളുത്തെന്ന് അയാൾക്കു മനസ്സിലായി. അയാൾ മൂരിനിവർന്ന് സെല്ലിന്റെ കമ്പിയഴികൾക്കരികിലേയ്ക്കു മുഖം തിരിച്ചു…

അവിടെ അതാ, ഒരു കുഞ്ഞു പെൺകുട്ടി നിൽക്കുന്നു…. ഒരു നീല കുഞ്ഞുടുപ്പുമിട്ട്, തന്റെ കുഞ്ഞിക്കൈകൾ സെല്ലിന്റെ അഴികളിൽ മുറുകെപ്പിടിച്ച്, ഒരു പാൽപ്പുഞ്ചിരിയുമായി നിൽക്കുന്ന ആ ഇളം പൈതലിനെ അയാൾ സംശയദൃഷ്ടിയോടെ നോക്കി…

ആ കുഞ്ഞു പെൺകുട്ടിയുടെ കണ്ണുകളിൽ ഒരു ഭയമോ സംശയമോ നിഴലിക്കുന്നുണ്ടായിരുന്നു…

ചുവന്നു കലങ്ങിയ കണ്ണുകളും, മുഖത്ത് അങ്ങിങ്ങു വെട്ടുകൊണ്ട് പാടുകളുമൊക്കെയായി ഒരു വികൃതരൂപമാണു മാർട്ടിന്റേത്…

അത്തരത്തിലുള്ള ഒരു മനുഷ്യനെ ആ പെൺകുട്ടി കണ്ടത് ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം….


എങ്കിലും അവൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു… “അങ്കിളിന്റെ പേരെന്താ?”

മാർട്ടിൻ അതു ഗൗനിച്ചില്ല…. വാത്സല്യം, സ്നേഹം തുടങ്ങിയ വികാരങ്ങളുമായി അയാൾ പരിചിതനല്ലാത്തതുകൊണ്ടാകാം, ആ പെൺകുട്ടിക്കു മുമ്പിൽ അയാൾ നിർവികാരനായിരുന്നു… ഒരു പുഞ്ചിരി പോലും വരുത്തുവാൻ അയാളുടെ ചുണ്ടുകൾക്കു കഴിഞ്ഞിരുന്നില്ല….

മാർട്ടിൻ സെല്ലിനുള്ളിൽത്തന്നെ കുത്തിയിരുന്നു… പിന്നാലെ ഒരു പള്ളീലച്ചൻ വന്ന് ആ കുഞ്ഞിന്റെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നത് മാർട്ടിൻ കണ്ടു….

“ഈ അങ്കിളെന്താ മിണ്ടാത്തെ ഫാദർ?”

നിഷ്കളങ്കമായ ആ കുഞ്ഞിന്റെ ചോദ്യം മാർട്ടിന്റെ ചെവികളിൽ അലയടിച്ചു…

ആ രാത്രിവരെ അയാൾപോലുമറിയാതെ അയാളെ അസ്വസ്ഥനാക്കുവാൻ ആ ചോദ്യം പര്യാപ്തമായിരുന്നു…

രാത്രിയിൽ ഉറങ്ങാൻ ശ്രമിച്ചിട്ടും അയാൾക്കു കഴിഞ്ഞില്ല.. ആ കുഞ്ഞിന്റെ മുഖവും ശബ്ദവും അയാളുടെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞുവന്നുകൊണ്ടിരുന്നു…

പിറ്റേന്നു പ്രഭാതമായി.. മുഖത്തടിക്കുന്ന സൂര്യന്റെ തീക്ഷ്ണമായ പ്രകാശം കൊണ്ടെന്നപോലെ, മാർട്ടിൻ ഞെട്ടിയുണർന്നു. സെല്ലിനുള്ളിലേയ്ക്ക് എങ്ങനെ വിപരീതദിശയിൽ നിന്നു പ്രകാശം വരുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട്, മാർട്ടിൻ സെല്ലിനു പുറത്തേയ്ക്കു നോക്കി…

അതവൾ തന്നെയാണ്… ഇന്നലെ തന്റെ നിദ്ര നഷ്ടപ്പെടുത്തിയ അതേ കാന്താരി! തൊട്ടടുത്ത സെല്ലിലെ അന്തേവാസിയുടെ കൈയിൽ നിന്നും വാങ്ങിയ സ്റ്റീൽപാത്രം കൊണ്ട് സൂര്യപ്രകാശം പ്രതിബിംബിപ്പിച്ച് മാർട്ടിന്റെ മുഖത്തടിക്കുകയായിരുന്നു അവൾ….

“നോക്കണ്ട! ഞാന്തന്നെയാ?”

കുഞ്ഞിക്കൈകൾ രണ്ടും പിറകിൽ കെട്ടി ഗൗരവത്തിൽത്തന്നെ അവളും നിന്നു.. മാർട്ടിൻ തെല്ലൊരു സംശയത്തോടെ അവളെ നോക്കി…

“ഈയങ്കിളുമാത്രം കുഞ്ഞിക്കൊച്ചുങ്ങളോട് മിണ്ടില്ലാന്നു കേട്ടു?”

ഒരു കാരണവരെപ്പോലെ അഭിനയിക്കുന്ന അവളെക്കണ്ട് മാർട്ടിന് ചിരി വന്നു…

എത്രനാളുകൾക്കു ശേഷമാണ് അത്തരമൊരു ചിരി താൻ ചിരിക്കുന്നതെന്ന് അയാളോർത്തു… ബാല്യത്തിലെപ്പോഴോ തനിക്കു കൈമോശം വന്ന ആ ചിരി…..

അയാൾ ഒന്നു നെടുവീർപ്പിട്ടുകൊണ്ട്, മുട്ടുകാൽ കുത്തി നിലത്തേയ്ക്കിരുന്നു.. സെല്ലിന്റെ അഴികളിൽ കൈകൾ രണ്ടും പിടിച്ച്, ആ കുഞ്ഞുമാലാഖയെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു….

“ശരി ശരി.. ഒരു കാര്യം പറയാനുണ്ട്…”

തന്റെ രണ്ടു കൈകളും തന്റെ മുഖത്തുവച്ചുകൊണ്ട് അവളുടെ നേരെ നോക്കി ഒരു നിറചിരിയോടെ മാർട്ടിൻ ചോദിച്ചു… “എന്താണാവോ?”

അവൾ തന്റെ കുഞ്ഞുടുപ്പിന്റെ പോക്കറ്റിൽ നിന്ന് രണ്ടു കോലുമിഠായി എടുത്തു… മാർട്ടിൻ അന്തം വിട്ടുനിന്നു…

“മിട്ടായി വേണോ?”

അവളുടെ ചോദ്യം കേട്ട് മാർട്ടിൻ പെട്ടെന്ന് ചിന്തയിൽ നിന്നുണർന്നു… അയാൾ വേണമെന്ന അർത്ഥത്തിൽ തലയാട്ടി.

“ഏതാ? യെല്ലോ ഓർ ഓറഞ്ച്?”

മാർട്ടിൻ യെല്ലോ എന്നു പറഞ്ഞു…

അവൾ അത് അയാൾക്കുനേരെ നീട്ടി….

അയാൾ അതു വാങ്ങി , മെല്ലെ അവൾക്കൊപ്പം അതിന്റെ കവർ തുറന്ന് അതു വായിലാക്കി നുണയാൻ തുടങ്ങി…

“ഇനി കൂട്ടാവോ എന്നോട്….?”

“അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിന് മാർട്ടിന്റെയെന്നല്ല ആരുടെ ഹൃദയമാണ് കവരാതിരിക്കാൻ കഴിയുക..?”

മാർട്ടിൻ തലകുലുക്കി… അവർ തമ്മിലുള്ള സൗഹൃദം ഉടലെടുത്തത് അവിടെനിന്നായിരുന്നു…

“മിട്ടായി കൊടുത്താ കൂട്ടാവാത്ത കൊച്ചുങ്ങളില്ലെന്നാ ഫാദർ പറഞ്ഞേ…”

“മിടുക്കി…….”

അൽപ്പമകലെ നിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഫാദർ വിൻസെന്റ് മനസ്സിൽ മന്ത്രിച്ചു…. “അതാണു കുഞ്ഞുങ്ങളുടെ സ്നേഹം…..! ഏതൊരു ശിലാഹൃദയത്തെയും അലിയിക്കുന്ന അത്ഭുതൗഷധം…”

ആ സൗഹൃദം വളർന്നത് ദ്രുതഗതിയിലായിരുന്നു… ചെറുതായി ചിണുങ്ങിപ്പെയ്തുതുടങ്ങിയിട്ട് ആദ്യം ശരീരത്തെയും , പിന്നെ മനസ്സിനെയും കുളിരണിയിപ്പിച്ചു തിമിർത്തുപെയ്യുന്ന ഒരു മഴപോലെ…

അവളുടെ കുഞ്ഞുവിരലുകളിൽ പിടിച്ച് അയാൾ അവളുടെ ലോകത്തേയ്ക്ക് നടക്കുകയായിരുന്നു…

ഇതുവരെ അനുഭവിക്കാത്ത ബാല്യത്തിന്റെ മാധുര്യം അയാളെ ഏറെ ഭ്രമിപ്പിച്ചു…. നിഷ്കളങ്കതയുടെ, കള്ളമില്ലാത്ത മനസ്സിന്റെ നൈർമല്യത്തിന്റെ ഉദാത്തഭാവങ്ങൾ തന്നിലുണർത്തുന്ന പരിവർത്തനത്തിന്റെ അലകൾ കണ്ട് പലപ്പോഴും അയാൾ ആശ്ചര്യചകിതനായി…

റോസ്മോൾ വന്നാലുടനെ ഓർഫനേജിലെ വിശേഷങ്ങളുടെ ചെപ്പുതുറക്കും…

കൂടെക്കളിക്കുന്ന കുഞ്ഞുകൂട്ടുകാരെപ്പറ്റി, കാണാൻ വരുന്ന അങ്കിൾമാരെയും ആന്റിമാരെയും പറ്റി, കളിപ്പാട്ടങ്ങളെപ്പറ്റി, സ്കൂളിലെ ടീച്ചർമാരെപ്പറ്റി, ഫാദറിനെപ്പറ്റി എന്നുമുതൽ ഉറങ്ങാൻ നേരം അവൾ വെള്ളമൊഴിച്ചു കിന്നാരം പറയുന്ന ഗാർഡനിലെ റോസാപ്പൂക്കളെപ്പറ്റിവരെ മാർട്ടിനോട് അവൾ വാചാലയായി….

മാർട്ടിന് തിരിച്ചുപറയാൻ വിശേഷങ്ങളൊന്നും ഉണ്ടാകാറില്ല… അങ്ങനെ ഈ കുഞ്ഞിനോടു പറയാൻ പറ്റിയ വിശേഷങ്ങളല്ലല്ലോ അയാൾക്കുണ്ടായിരുന്നത്….

ഒരുനാൾ റോസ്മാള് മാർട്ടിനോടു ചോദിച്ചു….

“എന്തേ അങ്കിള് റോസ്മോളോടൊന്നും മിണ്ടാത്തെ…?”

അയാൾ ഒന്നു മന്ദഹസിച്ചു… എന്നിട്ടു ചോദിച്ചു…

“അങ്കിൾ മിണ്ടുന്നത് മോൾക്കിഷ്ടാണോ?”

“പിന്നല്ലാതെ…” അവൾ മുഖം വീർപ്പിച്ചു…….

“സാധാരണ ആരും അങ്കിൾ മിണ്ടുന്നത് ഇഷ്ടപ്പെടാറില്ല…”

“അതെന്താ?” അവളുടെ ജിജ്ഞാസ കൂടി….

“അത്…അങ്കിൾ എന്തിനെപ്പറ്റിയാ സംസാരിക്കേണ്ടതെന്ന് അങ്കിളിനറിഞ്ഞൂടാ…”

അതിനു പരിഹാരം പറഞ്ഞതും ആ മിടുക്കിക്കുട്ടി തന്നെയായിരുന്നു….

“റോസ്മോള് അങ്കിളിനോട് വിശേഷങ്ങൾ പറയാറില്ലേ?”

“ഉവ്വ്…”

“അതുപോലെതന്നെ അങ്കിൾ തിരിച്ചും പറയണം.”

അയാൾ നിശബ്ദനായി… പതിവുപോലൊരു നിഷ്കളങ്കമായ മന്ദഹാസത്തോടെ അവൾ അയാൾക്കു മുമ്പിൽ നിന്നു യാത്രയായി….

ആ രാത്രി മുഴുവൻ അയാൾ സ്വയം ചോദിക്കുകയായിരുന്നു……

ആ കുഞ്ഞിനോട്, ഞാനെന്താണു പറയുക..? ഇവിടുത്തെ എന്തു വിശേഷങ്ങളാണ് ആ കുട്ടിയെ അറിയിക്കുക…?

അന്നുമുതൽ അയാളുടെ കാഴ്ച്ചയും , കേൾവിയും തെളിയുകയായിരുന്നു….

ചോരയും കൊലപാതകവും മാത്രം നിറഞ്ഞിരുന്ന മാർട്ടിന്റെ മനസ്സ് നൻമയുടെ സ്പന്ദനങ്ങൾ തേടി പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ അലയാൻ തുടങ്ങി….

ഇടവിട്ടുപെയ്യുന്ന മഴ, സെല്ലിനുള്ളിലേയ്ക്ക് വെയിലലകളടിക്കുന്ന സൂര്യൻ, വിടരുന്ന നറുമലരുകൾ, വെളിച്ചമുള്ളിടത്തു പാറിക്കളിക്കുന്ന ചെറുപ്രാണികൾ, കൂടെ ജയിലിൽ കഴിയുന്നവരുടെ ശാരീരികഭാഷ, രാത്രിയായാൽ “മ്യാവ് മ്യാവ്’ എന്നും പറഞ്ഞു വിരുന്നെത്തുന്ന ഒരു പതിവുകാരൻ കണ്ടൻപൂച്ച എന്നിങ്ങനെ ഇതുവരെ അയാളുടെ കണ്ണിൽ പതിയാത്ത കാഴ്ച്ചകൾ പലതും അയാൾ കണ്ടു….

എല്ലാം ആ കുഞ്ഞിനോടു പറഞ്ഞപ്പോൾ അവൾ ചിണുങ്ങിച്ചിരിച്ചു… തന്നിലൂടെ അവളുടെ വദനം ഒരു മൃദുസ്മേരത്താൽ പ്രകാശപൂരിതമാകുന്നതു കണ്ട മാർട്ടിന്റെ ഹൃദയം അത്യധികം ആനന്ദിച്ചു..

ഭൂമിയിലിന്നോളം ഇത്രയും സന്തോഷം അയാളുടെ മനസ്സിൽ നിറഞ്ഞിരുന്നില്ല.. “ഇവൾ ശരിക്കും മാലാഖയാണ്…” മാർട്ടിൻ മന്ത്രിച്ചു….

അങ്ങനെയിരിക്കെയാണ്, ഒരുനാൾ അവളുടെ മുഖം വാടിയിരിക്കുന്നതായി മാർട്ടിന്റെ ശ്രദ്ധയിൽപ്പെട്ടത്…

“എന്തു പറ്റി മോളേ?”

അവളുടെ കുഞ്ഞുമുഖത്ത് പതിവായി ദൃശ്യമാകുന്ന പ്രകാശം നഷ്ടപ്പെടുന്നതു പോലെ അയാൾക്കു തോന്നി…

അവൾ പറഞ്ഞു…. “അങ്കിളിനെ എന്തിനാ ജയിലിൽ ഇട്ടേക്കുന്നേ..?”

ആ ചോദ്യം മാർട്ടിനിൽ വല്ലാത്ത ഒരു ഞെട്ടലുളവാക്കി…

എന്താണ് ഇതിനു താൻ മറുപടി പറയുക….? നീതിനിർവ്വഹണം നടത്തിയ ഒരു പോലീസുകാരന്റെ ആറാംവാരിക്ക് പിച്ചാത്തി കയറ്റിയതിനെന്നോ…?

അയാളുടെ നിശബ്ദത അയാളെത്തന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു…

അവൾ തുടർന്നു… “ഒരാളെ കൊന്നിട്ടാ അങ്കിളിനെ ഇതിനകത്ത് ഇട്ടേക്കണേന്ന് വേറൊര് അങ്കിള് പറഞ്ഞൂലോ…. ശരിയാണോ അങ്കിളേ…?

അയാൾക്ക് തന്റെ ഹൃദയം തകർന്നുപോകുന്നതുപോലെ തോന്നി…. എന്തിന്..? എന്തിനായിരുന്നു ഇതെല്ലാം…..?

നേടാനുള്ള നെട്ടോട്ടത്തിനിടയിൽ കൊന്നുതള്ളിയതും പകതീർത്തതും എത്രപേരോടായിരുന്നു…! ഇന്ന് ഒരു കുഞ്ഞുപൈതലിന്റെ ചോദ്യത്തിനു മുമ്പിൽ, എല്ലാം അടക്കിവാഴുന്ന ഗുണ്ടാരാജാവിന്റെ ശിരസ്സ് എന്തേ കുനിഞ്ഞുപോകുന്നു…?

അയാളുടെ കണ്ണിൽ നിന്നും, വർഷങ്ങൾക്കു ശേഷം കണ്ണീർച്ചാലുകളൊഴുകി….

“അങ്കിളെന്തിനാ കരേണേ?”

ആ കുഞ്ഞിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ അയാൾ നന്നേ പണിപ്പെട്ടു…. അത്…അത്..മോളേ,

ആളുകളെയൊക്കെ കൊല്ലുന്നവരെയാ ഈ ജയിലിൽ ഇടുന്നേ.. “അങ്കിള് കൊല്ലോ? എനിക്ക് പേടിയാ….”

അവൾ അയാൾക്കു മുമ്പിൽ നിന്നും തെല്ലകന്നു നിന്നു….

അവളുടെ നേരെ കൈകൾ നീട്ടിക്കൊണ്ട് മാർട്ടിൻ റോസ്മോളെ അടുക്കലേക്കു വിളിച്ചു….

“ഇല്ല മോളേ…അങ്കിള് , അങ്കിള് ആരെയും കൊല്ലില്ല… മോളെ ഓർത്ത് ഇനി ആരെയും കൊല്ലില്ല…”

ആ ഏഴുവയസ്സുകാരി മെല്ലെ അയാളുടെ അടുക്കലേക്കു ചെന്നിട്ട് തന്റെ കുഞ്ഞിക്കെ അയാൾക്കുനേരെ നീട്ടി…. “പ്രോമിസ്..?”

അയാൾ തന്റെ കൈപ്പത്തി അവളുടെയരികിലേയ്ക്കു കൊണ്ടുചെന്നു…. അതു പതിവിലധികം വിറയ്ക്കുന്നുണ്ടായിരുന്നു…

പകയുടെയും പ്രതികാരത്തിന്റെയും കണക്കുകൾ വീട്ടാനുള്ള മുഖങ്ങൾ പലതും അയാളുടെ മനസ്സിലൂടെ കടന്നുപോയി… എങ്കിലും അയാൾ സ്വന്തം മനസ്സാക്ഷിയോടു മന്ത്രിച്ചു…

“ഇല്ല… ഈ കുഞ്ഞിന് കൊടുക്കുന്ന വാക്കാണ്… ഇനി ഞാൻ കൊല്ലില്ല..എന്റെ കൈയിൽ രക്തക്കറ പുരളാൻ അനുവദിച്ചുകൂടാ..”

അതു പരിവർത്തനത്തിന്റെ സമാരംഭമായിരുന്നു.. മാർട്ടിൻ എന്ന കൊലയാളിയിൽ നിന്ന് മാർട്ടിൻ എന്ന മനുഷ്യനിലേയ്ക്കുള്ള മാറ്റം..!

നേരം ഇരുട്ടിവെളുത്തു… രാത്രിയുടെ മുഖപടം മാറ്റി സൂര്യൻ പുറത്തുവന്ന്, തന്റെ സുവർണ്ണരശ്മികളാൽ മാർട്ടിനെ ഉണർത്തി….

അയാളെ സംബന്ധിച്ചിടത്തോളം, ഓരോ പ്രഭാതങ്ങളും ഇപ്പോൾ വിലപ്പെട്ടവയാണ്…. ഒരു ബാലികയുടെ സാന്നിദ്ധ്യം ഓരോ ഉഷസ്സിനും പ്രദാനം ചെയ്യുന്ന നവചൈതന്യം അയാളെ അത്ഭുതപ്പെടുത്തിയിരുന്നു….

എന്നാൽ അന്നു പ്രഭാതത്തിൽ റോസ്മോൾ വന്നില്ല…. തന്റെ ഓമനത്തം തുളുമ്പുന്ന ശബ്ദത്തിൽ അവൾ അയാളെ വിളിച്ചില്ല… അവളുടെ കുഞ്ഞുചിലമ്പിന്റെ താളം കേട്ടില്ല…..

അയാൾ അസ്വസ്ഥനും പര്യാകുലനുമായി…. കോൺസ്റ്റബിൾ വേലപ്പൻ സെല്ലുകൾക്കു മുമ്പിലുള്ള വരാന്തയിലൂടെ അങ്ങിങ്ങ് ഉലാത്തുന്നുണ്ടായിരുന്നു….

“സാറേ..” മാർട്ടിൻ വിളിച്ചു….

വേലപ്പൻ കേട്ടിട്ടും ആ വിളി കേട്ടില്ലെന്നു നടിച്ചു…

സാറേ..ഒന്നിങ്ങോട്ടു വാ സാറേ……

വേലപ്പൻ അയാൾക്കരികിൽ ചെന്നു പറഞ്ഞു… “ആ കൊച്ചിന് എന്താണ്ടു സൂക്കേടാ….. ആശൂത്രീലാന്നു പറേണ കേട്ടു…..

അയാളുടെ കണ്ണുകൾ താഴ്ന്നിരുന്നത് മാർട്ടിൻ ശ്രദ്ധിച്ചിരുന്നു… ഇത്രയും പറഞ്ഞിട്ട്, മാർട്ടിന്റെ മുഖത്തുപോലും നോക്കാതെ, അവന്റെ പിൻവിളികൾക്കു ചെവികൊടുക്കാതെ, വേലപ്പൻ നടന്നകന്നു….

നിശബ്ദതയ്ക്ക് കരുതുന്നതിലേറെ വൈരൂപ്യമുണ്ടെന്ന് മാർട്ടിൻ തിരിച്ചറിഞ്ഞു…. നെഞ്ചിലൊരു നീറ്റലോടെ, അയാൾ നിലത്തിരുന്നു….

റോസ്മോൾ വന്നില്ല, അയാൾ ജയിൽ മോചിതനായ ദിവസം വരെയും…!

മാർട്ടിൻ ജയിൽ മോചിതനായ ഉടനെ തേടിയത് റോസ്മോൾ താമസിക്കുന്ന ഓർഫനേജിന്റെ മേൽവിലാസമായിരുന്നു…..

അയാൾക്കറിയണമായിരുന്നു, റോസ്മോളുടെ അസുഖത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും, തന്നെ കാണാൻ അവൾ വരാതിരുന്നതിന്റെ കാരണവും..

പക്ഷേ അപ്രതീക്ഷിതമായി, ജയിൽ വിട്ടിറങ്ങിയ മാർട്ടിനെ കാത്തുനിന്നത്, ആന്റണിയുടെ ഗുണ്ടാസംഘമായിരുന്നു… അവർ അയാളെ കൈകാലുകൾ ബന്ധിച്ച് ഒരു വാനിൽ, ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലെത്തിച്ചു….

തന്നോടു കണക്കുതീർക്കാനാണ് തീരുമാനമെങ്കിൽ അത് ഇപ്പോഴാകാം എന്ന് മാർട്ടിനെ ആന്റണി വെല്ലുവിളിച്ചു…

ഒഴിഞ്ഞുമാറാൻ ശ്രമിച്ച മാർട്ടിനെ, ആന്റണി പ്രഹരിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു..

മാർട്ടിന് പഴയ ഗുണ്ടയായി വീണ്ടും രൂപാന്തരപ്പെടേണ്ടിവന്നു…. അയാൾ കഠിനമായ ഒരു സംഘട്ടനത്തിലൂടെ, ആന്റണിയെ നിലംപരിശാക്കി. മൃതപ്രായനായ അയാളെ ദാരുണമായി കൊലചെയ്യുകയും ചെയ്തു..

തന്റെ കൈയിൽ വീണ്ടും രക്തക്കറ പുരണ്ടപ്പോൾ ജീവിതത്തിലാദ്യമായി അയാൾ പരിതപിച്ചു…. തന്നെയോർത്തല്ല, ആ കുഞ്ഞുമാലാഖയ്ക്ക് താൻ കൊടുത്ത വാക്കിനെപ്രതി….!

പോലീസുകാർ ആ പഴയ കെട്ടിടത്തിലേയ്ക്ക് ഇരച്ചുകയറുന്നത് മാർട്ടിൻ അറിഞ്ഞു… പക്ഷേ അയാൾ നിർവികാരനായിരുന്നു , നിശ്ചലനും..

കാരണം, കുറ്റം ചെയ്തവൻ ശിക്ഷ ഏറ്റുവാങ്ങുക തന്നെവേണം എന്ന് അയാളുടെ മനസ്സാക്ഷി മന്ത്രിച്ചിരുന്നു…

കോൺസ്റ്റബിൾ വേലപ്പൻ തന്നെയാണ്, മാർട്ടിന്റെ കരങ്ങളിൽ വിലങ്ങണിയിച്ചത്… താൻ തന്നെയാണു കുറ്റവാളിയെന്ന മാർട്ടിന്റെ സമ്മതഭാവം, വേലപ്പനിൽ ഒരു ചെറിയ ആശ്ചര്യമുളവാക്കി….

കൈയിലണിഞ്ഞ വിലങ്ങുമായി ജീപ്പിനരികിലേയ്ക്ക് നടക്കുമ്പോൾ, മാർട്ടിൻ വേലപ്പനെ വിളിച്ചു…

സാറേ…

എന്താടാ…?

“എനിക്കൊരിടം വരെ പോകണമെന്നുണ്ട്…”

വേലപ്പൻ ആദ്യം വിസമ്മതിച്ചുവെങ്കിലും, സ്ഥലം പറഞ്ഞപ്പോൾ അയാൾ ഒരർധസമ്മതം മൂളി… അയാൾ ഡ്രൈവ് ചെയ്തിരുന്ന പോലീസുകാരന്, അവിടേയ്ക്കു പോകാൻ നിർദ്ദേശം നൽകി…

ജീപ്പ് ചെന്നുനിന്നത് റോസ്മോളുടെ അനാഥമന്ദിരത്തിലായിരുന്നു…

ജീപ്പിൽ നിന്നിറങ്ങിയ മാർട്ടിൻ, അകത്ത് ഫാദർ വിൻസെന്റിന്റെ മുറിയിലേയ്ക്കു ചെന്നു… പൊലീസുകാർ അയാളെ അനുഗമിച്ചു….

അച്ചൻ അയാളെക്കണ്ട്, ഇരിപ്പിടത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു… അയാളുടെ രൂപവും കൈകളിലെ വിലങ്ങുകളും അയാളുടെ കുറ്റകൃത്യം വിളിച്ചുപറയുന്നവയായിരുന്നു…

“റോസ്മോള്….” മാർട്ടിന്റെ ചോദ്യം അവളെപ്പറ്റിയായിരുന്നു….

അച്ചൻ മാർട്ടിന്റെയടുത്തുവന്നു… അയാളുടെ

ചുമലിൽ കൈവച്ചുകൊണ്ട്, തൊണ്ടയിടറി അയാളോടു പറഞ്ഞു…

“ഒരാഴ്ച്ചയായിരിക്കുന്നു… തൊട്ടപ്പുറത്തെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലുണ്ട്… എന്താ കാണണോ…?”

മാർട്ടിന്റെ ചങ്കിൽ ഒരു വെള്ളിടിവെട്ടി.. കാലുകൾ ഇടറുന്നതുപോലെ അയാൾക്കുതോന്നി. അയാൾ വീണുപോകാതിരിക്കാൻ ഒരു മേശയിൽ പിടിച്ചുനിന്നു….

വർഷങ്ങൾക്കു ശേഷമുള്ള ഒരു പുലരി….

ഇന്നലെകളുടെ ഓർമ്മകൾ ഋതുഭേദങ്ങൾക്കൊപ്പം വിസ്മൃതിക്കു ഭിക്ഷനൽകിക്കൊണ്ട് ഭൂമി പല ഭ്രമണങ്ങളും പരിക്രമണങ്ങളും പൂർത്തിയാക്കി….

സെൻട്രൽ ജയിലിൽ അന്നും ഇരുളടഞ്ഞ തടവറകളുടെ കമ്പിയഴികൾക്കുള്ളിലേയ്ക്ക് പ്രകാശരശ്മികൾ അരിച്ചിറങ്ങി..

സെല്ലുതുറന്ന് പ്രഭാതഭക്ഷണത്തിന് വരിവരിയായി തടവുകാരെ പുറത്തിറക്കിയനേരം.. നരച്ച താടിയും ഉറച്ച ശരീരവുമുള്ള ഒരതികായൻ അക്കൂട്ടത്തിലുണ്ടായിരുന്നു…..മാർട്ടിൻ..!

ഭക്ഷണം വാങ്ങി, എല്ലാവരും അവരവരുടെ തരക്കാർക്കൊപ്പം അതു കഴിച്ചുകൊണ്ടിരിക്കവേ, അയാൾ മാത്രം ആളൊഴിഞ്ഞ ഒരു കോണിൽ മാറിനിന്നു…

അയാൾ സ്വയം എന്തോ പിറുപിറുക്കുകയാണെന്ന് സഹതടവുകാർ ധരിച്ചു….. അയാളെ പലരും ഭ്രാന്തനെന്നു വിളിച്ചു, പതിവുപോലെ…..

എന്നാൽ അയാൾ, താൻ ഓമനിച്ചു നട്ടുവളർത്തിയ ഒരു റോസാച്ചെടിക്കരികിൽ നിന്നുകൊണ്ട്, അതിൽ വിരിഞ്ഞുനിന്ന ഒരു കുഞ്ഞു പനിനീർപ്പൂവിനോട് സംസാരിക്കുകയായിരുന്നു….

നെഞ്ചിനുള്ളിലൊളിപ്പിച്ച സ്നേഹവും , ചങ്കിനുള്ളിലൊതുക്കി വച്ച വാത്സല്യവും നിറച്ച്, തന്റെ ചോറിന്റെ ഒരുരുളയെടുത്ത് ആ റോസാപ്പൂവിന്റെ നേരെ നീട്ടിക്കൊണ്ട്, നിറകണ്ണുകളോടെ മാർട്ടിൻ വിളിച്ചു….

“റോസ്മോളേ…!”

— സമാപ്തം —

Comments:

No comments!

Please sign up or log in to post a comment!