അനുരാഗപുഷ്പങ്ങൾ

(കുറച്ചു നാളുകൾക്കു ശേഷം വീണ്ടും അമലേട്ടന്റെയും ഇന്ദൂട്ടിയുടെയും കഥയുമായി ഞാൻ വരികയാണ്…. എത്രത്തോളം നന്നാകും എന്നറിയില്ല….’ ഇളംതെന്നൽ പോലെ ‘ യ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….. ആശയപരമായും യുക്തിപരമായുമുള്ള തെറ്റുകുറ്റങ്ങൾ പ്രിയവായനക്കാർ ക്ഷെമിക്കുക…..)

“”””ഈ വാകച്ചുവട്ടിൽ വാടി വീണ പൂക്കളും എന്റെ കാത്തിരിപ്പിനെയോർത്ത് ചിരിക്കുകയാണ് സഖി….. എന്നിലൊഴുകുന്ന പ്രണയം അലയോടുങ്ങാത്ത കടലാണെന്ന് നിന്നെ പോലെ അവയ്ക്കും അറിയില്ലല്ലോ….”””””

കാർ പാർക്കിങ്ങിൽ വച്ച് അമൽ ലിഫ്റ്റിനടുത്തേക്ക് നടന്നു…. പതിവ് മുഖങ്ങളും പതിവ് കാഴ്ചകളും ഒന്നിനും മാറ്റമില്ലാത്ത മറ്റൊരു ദിവസം കൂടി കടന്നുപോയിരിക്കുന്നു…. പക്ഷെ എല്ലാത്തിലും ഒരു അപരിചിതത്വം…. ഇതൊന്നും തന്റേതല്ല…. തനിക്കവകാശപെട്ടതല്ല എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ നിന്നും മുഖത്ത് പ്രീതിധ്വനിച്ചിരുന്നു….. അതെ വിരസതയില്ലേക്ക് പറിച്ചു നട്ടിട്ട് വർഷങ്ങൾ കുറെ ആയിരിക്കുന്നു…. ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ ഓപ്പോസിറ്റ് ഫ്ലാറ്റിൽ താമസിക്കുന്ന സേട്ട് ഒരു ബൊമ്മയെ പോലെ അതിൽ നിൽക്കുന്നു…. അങ്ങോട്ടോ ഇങ്ങോട്ടോ ഒരു പുഞ്ചിരി ഉണ്ടായില്ല…. അത് പതിവുള്ളതല്ല…. നഗരങ്ങളിലെ തിരക്കിട്ട ജീവിതം…. അത് ഇങ്ങനൊക്കെയാണ്…. ആരും ആരോടും ചിരിക്കാൻ പോലും കൂട്ടാക്കാറില്ല… എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലായിരിക്കും എപ്പോളും…. ഇവിടെ എത്തിയപ്പോൾ ആദ്യമായി ശീലിച്ചതും അത് തന്നെയാണ്…. പുഞ്ചിരി അനാവശ്യമായ വികാരപ്രകടനം എന്നനിലയിലേക്ക് താണു പോയിരിക്കുന്നു….

ഫ്ലാറ്റിന്റെ ഡോർ തുറന്നു…. ബാഗ് ഒരു സൈഡിലേക്ക് ഇട്ടു…. മൊബൈൽ എടുത്ത് അമ്മയെ ഒന്നു വിളിച്ചു…. അച്ഛൻ സംസാരിക്കില്ലെന്ന് വാശിയിൽ തന്നെയാണ്…. അല്ലെങ്കിലും പഴയ പ്രതാപവും വാശിയ്ക്കും മുകളിൽ ആൾക്ക് ഇപ്പോളും ഒന്നുമില്ല…. സ്വന്തം മകൻ പോലും… അമ്മ പഴയതുപോലെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ട് തുറന്നു…. വിവാഹം എന്ന ബാലികേറാ മല അന്നും മുൻപിൽ ചോദ്യചിഹ്നമായി നിന്നു….

വിവാഹം … കേൾക്കുമ്പോൾ തല പെരുക്കുന്നു…. കാതുകളിൽ ഒരു നനുത്ത പുഞ്ചിരിയും ഉള്ളിൽ അവളുടെ കരിനീല മിഴികളുമാണ് വിവാഹം എന്ന് കേൾക്കുമ്പോൾ ഓടിയെത്തുന്നത്… പിടിച്ചു വാങ്ങുന്ന സ്നേഹത്തിന് യാതൊരു അർത്ഥവും ഉണ്ടാകില്ലന്നുള്ള ഉറപ്പുകൊണ്ടാണ് അവളെ ഉപേക്ഷിക്കേണ്ടി വന്നത്…. ഇന്നും അതിനെയോർത്ത് വിഷമിക്കുന്നു…. ആ ദിവസത്തെ ശപിക്കുന്നു….

സമയമേറെ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാത്തത് കൊണ്ട് സ്ലീപ്പിങ് പിൽസ് എടുക്കാൻ അവൻ ബെഡിൽ നിന്നും എഴുന്നേറ്റു….

ആ സമയത്താണ് മൊബൈൽ റിങ് ചെയ്തത്…. സ്‌ക്രീനിൽ അരവിന്ദ് എന്ന് തെളിഞ്ഞു വന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ അറിയാതെ ഒരു പിടച്ചിൽ…. അത്രയും നാൾ കൈമോശം വന്ന പ്രസരിപ്പ് ഒരു നിമിഷം കൊണ്ട് തിരികെ വന്നത് പോലെ….

” ഹലോ…. ഡാ…. അരവിന്ദേ…. എത്രനാളയാടാ…. ഇപ്പളാണോ നിനക്ക് ഒന്ന് വിളിക്കാൻ തോന്നിയത് ” ഉള്ളിലെ സന്തോഷം അവന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു…. പക്ഷെ അവന്റെ സംസാരത്തിൽ യാതൊരു ഉത്സാഹവും ഉണ്ടായിരുന്നില്ല എന്നുള്ളത് അമലിനെ അത്ഭുതപെടുത്തി …..

” ആരെയും വിളിക്കാൻ സമയം കിട്ടാറില്ലടാ…. അല്ലെങ്കിലും നിന്നെ വിളിക്കാൻ എനിക്കൊരു മടിയായിരുന്നു…. പിന്നെ അന്നത്തെ സംഭവത്തിന് ശേഷം…..”

” ഓ… നീ അത് ഇതുവരെ വിട്ടില്ലേ…. അത് സാരമില്ലടാ… ഓരോരോ പൊട്ടത്തരങ്ങൾ അല്ലാതെന്താ…. ” അത് പറയുമ്പോഴുള്ള വിങ്ങൽ പുറത്തു വരാതിരിക്കാൻ അവൻ ആവുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു….

” മ്മ്… നീ നാട്ടിലൊന്നും പോകാറില്ലന്ന് അമ്മയെ വിളിച്ചപ്പോളറിഞ്ഞു…. എന്ത് പറ്റിയെടാ… എന്താ നീ ഇപ്പൊ ഇങ്ങനെ..??.. ”

” എന്തിനാടാ…. അവിടെ ചെന്നാൽ മഹാദേവൻ മുതലാളിയുടെ വഴക്കും ജാനകിയമ്മയുടെ കരച്ചിലുമല്ലേ ഉള്ളു…. അതിലും ഭേദം ഇവിടെ തന്നാ… ഒന്നുമില്ലെങ്കിലും ആരും ചോദ്യം ചെയ്യാൻ വരാറില്ല…. ”

” അങ്ങനൊക്കെ പറഞ്ഞാൽ…. നിന്റെ അച്ഛനല്ലേടാ…. കൂട്ടുകാരന്റെ മകളുമായി ഒരു വിവാഹം കൊണ്ടുവന്നത് അത്ര വലിയ തെറ്റാണോ…???.. നിനക്ക് ഒരു ജീവിതത്തിന് വേണ്ടിയല്ലേ…??.. ”

” എന്റെ ജീവിതം…. എല്ലാം അറിയാവുന്ന നീ ഇങ്ങനെ പറയരുതായിരുന്നു….. എന്റെ ജീവിതമല്ല അവിടെ പ്രശ്നം കൂട്ടുകാരന്റെ അളവില്ലാത്ത സ്വത്താണ് … അത് കിട്ടാനുള്ള ഏക മാർഗമാണ് ആ കല്യാണം…. വെറും ബിസ്സിനെസ്സ് മാത്രം…. ഇഷ്ടം പോലെ ഉണ്ടാക്കിയിട്ടിട്ടുണ്ട്….. എന്നിട്ടും…. ആർക്ക് വേണ്ടി….” അമലിന്റെ സ്വരത്തിൽ പുച്ഛവും ദേഷ്യവും കലർന്നിരുന്നു…

” അത് മാത്രമല്ലടാ…. നിനക്കും ഒരു കുടുംബ ജീവിതമൊക്കെ വേണ്ടേ…. എത്രനാളാ നീ ഇങ്ങനെ…. ”

” അരവിന്ദേ… നീ സത്യം പറ…. എന്തോ നിനക്ക് എന്നോട് പറയാനില്ലേ…. അതല്ലേ നീ ഇങ്ങനെ തപ്പി തടയുന്നെ… എന്താണെങ്കിലും നീ ധൈര്യമായിട്ട് പറഞ്ഞോടാ… പണ്ടത്തെ പോലെ തൊട്ടാവാടിയല്ല ഞാനിപ്പോൾ… ” അമലിന്റെ സ്വരത്തിൽ അല്പം ഗൗരവം വന്നിരുന്നു…..

” ഡാ… അത്…. എങ്ങനെ പറയണമെന്നറിയില്ല…. പക്ഷെ നിന്നോട് പറയാതിരിക്കാൻ പറ്റില്ലല്ലോ… അത് ഇന്ദു…. ”

” ഇന്ദുട്ടിക്ക്…. അവൾക്ക് എന്ത് പറ്റി… ” ആശങ്ക നിറഞ്ഞ ഒരു ചോദ്യമായിരുന്നു അത്…

” ഡാ….
അവളുടെ കല്യാണം ഉറപ്പിച്ചു… ഈ മാസം പതിനാലിന്…. ”

അമലിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…. ഇന്ദുട്ടിക്ക് കല്യാണം…. പക്ഷെ വിദഗ്ധമായി അവൻ അത് ഒളിപ്പിച്ചു….

” ഓ… ഇതായിരുന്നോ…. അതിന് നീ ഇത്രയും ടെൻഷൻ അടിക്കുന്നത് എന്തിനാ…. അതൊക്കെ പോട്ടെ ആരാ ആൾ??…”

” ആളെ നീ അറിയും…. രാജുവില്ലെ…. ഒന്ന് രണ്ട് ബസ് ഒക്കെയുള്ള…. ”

ഇപ്പ്രാവശ്യ അമൽ ശരിക്കും ഞെട്ടി…

ഒരു പേമാരി പോലെയാണ് അവൻ പറഞ്ഞ വാക്കുകൾ ഉള്ളിലേക്ക് പതിച്ചത്…. അവന്റെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു ചിന്നി ചിതറി….. കണ്ണിൽ വെള്ളം ഉരുണ്ടുകൂടി…. താഴെ വീണു പൊട്ടിയ ഫോണിന്റെ ഡിസ്‌പ്ലേയിൽ അപ്പോളും അവളുടെ ചിരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ കാണാമായിരുന്നു…. ഇന്ദു….. ഇന്ദുട്ടി…

തളർന്നതു പോലെ അവൻ കസേരയിൽ ഇരുന്നു…കണ്ണിൽ ഇരുട്ട് കയറുന്നത് അവനറിയുന്നുണ്ടായിരുന്നു… വെളിച്ചത്തെ മറച്ചുകൊണ്ട് അന്ധകാരം അവനിൽ പടർന്നു കഴിഞ്ഞിരുന്നു…. അത് അവനെ ഓർമകളിലേക്ക് തിരിച്ചെത്തിച്ചു…..

നാലു വർഷങ്ങൾക്ക് മുൻപ് ഒരു പ്രഭാതം… “ടിക്കറ്റ്…. ടിക്കറ്റ്‌….ടിക്കറ്റ് കിട്ടാത്തവരുണ്ടോ…. ” സുഖകരമായ നിദ്രയിൽ നിന്നും അമലിനെ ഉണർത്തിയത് കണ്ടക്ടറുടെ കോലാഹലമായിരുന്നു…. അവൻ പുറത്തേക്ക് നോക്കി…. നല്ല മഞ്ഞ്…. മരങ്ങൾക്കിടയിലൂടെ മലയിലൽ അതിങ്ങനെ പെയ്തിറങ്ങുന്നു…. ഷട്ടർ തുറന്നപ്പോൾ തണുപ്പ് അകത്തേക്ക് അരിച്ചിറങ്ങി…. കൈകൾ അവൻ ഒന്നുകൂടി ശരീരത്തിലേക്ക് ചേർത്തു പിടിച്ചു…. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അമ്മയെ വിളിച്ചു….

” ഹലോ….. ഞാൻ എത്താറായമ്മേ…. ആ… ഒരാഴ്ച കഴിഞ്ഞേ വരൂന്ന് പറഞ്ഞതല്ലേ… പിന്നെ എന്താ ഒരു ചോദ്യം… മ്മ് ശരി…. ”

അപ്പോളേക്കും ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു…. ബസ്സിൽ നിന്നും ഇറങ്ങിയപ്പോളേ അവനെ കാത്ത് നിൽക്കുന്ന അരവിന്ദിനെ അവൻ കണ്ടു…. അവർ രണ്ടുപേരും കോളേജിൽ ഒരുമിച്ചാണ്….. അവനെ കണ്ടപാടെ അരവിന്ദ് ഓടി അടുത്തേക്ക് വന്നു….

” എന്റെ പൊന്നളിയാ…. പെണ്ണുങ്ങളെ വീട്ടിൽ നിന്ന് എവിടെങ്കിലും വിടാൻ ഇത്രയും പ്രശ്നമില്ലല്ലോടാ…. നിന്റെ കാര്യം അതിലും കഷ്ടമാണല്ലോ…. എന്റെ ചേച്ചിയുടെ കല്യാണത്തിന് നീ ഒന്ന് വരാൻ എത്ര പ്രാവശ്യം ഞാൻ നിന്റമ്മയെ വിളിക്കച്ചൂന്ന് വല്ല കണക്കുമുണ്ടോ..??.. ”

” ഞാൻ നിന്നോട് ആദ്യമേ ഇതൊക്കെ പറഞ്ഞതല്ലേ…. അച്ഛൻ വല്യ താല്പര്യം ഉണ്ടായിട്ടല്ല…. എന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാ ഇത്രെയെങ്കിലും പറ്റിയത്…. ”

” ആ മതി മതി….
വാ പോവാം… അവിടെ കല്യാണ ഒരുക്കങ്ങൾ നടക്കുവാ… അതിനിടയ്ക്കാ ഈ കൊച്ചു വെളുപ്പാൻ കാലത്ത്… നീ വന്നേ…. ”

അവർ രണ്ടുപേരുംകൂടി ബൈക്കിൽ അരവിന്ദിന്റെ വീട്ടിലേക്ക് തിരിച്ചു…. പട്ടണത്തിൽ നിന്നും ഏഴു കിലോമീറ്റർ ഉള്ളിലാണ് അവന്റെ നാട്…. ഒരു കൊച്ചു ഗ്രാമം… ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ അമലിന്റെ കണ്ണുകൾക്ക് വിരുന്നായി… ഇടവഴികളിലൂടെ കയറി അവർ വീട്ടിലെത്തി…

അമൽ മുറ്റത്ത് ഇറങ്ങി മൊത്തത്തിൽ എല്ലാം ഒന്ന് നോക്കി…. പണ്ടത്തെ സിനിമകളിലൊക്കെ കാണുന്ന നാലുകെട്ട് വീടിന്റെ ഒരു മാതൃക….. ചുറ്റും തെങ്ങിൻ തോപ്പുകൾ…. കണ്ണെത്താത്തിടത്തോളം നീണ്ടു കിടക്കുന്ന വയലുകൾ… മൊത്തത്തിൽ ഒരു പഴയ മലയാളം സിനിമ കണ്ട ഫീൽ….

” ഡാ… നീ ശരിക്കും ഇവിടുത്തെ ജന്മിയാണല്ലേ…” അമൽ അത്ഭുതത്തോടെ ചോദിച്ചു…

” ഒന്ന് പോയെടാ…. വാ… തിരക്കായിരിക്കും… എന്നാലും നമ്മുക്ക് എല്ലാവരെയും പരിചയപെടാം… എന്റെ കോളേജിലെ ഒരേയൊരു കൂട്ടുകാരനെ കാണാനിരിക്കുവ എല്ലാവരും…. ”

അവൻ അമലിനെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി…. അത്യാവശ്യം നല്ല ആളുകൾ അവിടുണ്ട്…. പോരാത്തതിന് കൂട്ട് കുടുംബവും…. അവൻ അരവിന്ദിന്റെ മുറിയിൽ ബാഗ് കൊണ്ടുപോയി വച്ചു… എന്നിട്ട് ഓരോരുത്തരെയായി പരിചയപ്പെട്ടു…. അച്ഛൻ, അമ്മ, ചേച്ചി, കൊച്ചച്ചൻ, കുഞ്ഞമ്മ, അവരുടെ മക്കൾ, പിന്നെ മുത്തച്ഛനും മുത്തശ്ശിയും… അത്രെയും ആളുകളാണ് അവിടെ താമസം… പിന്നെ അമ്മാവൻ അമ്മായി അങ്ങനെ കുറെ പേർ ഇപ്പോൾ വന്നിട്ടുണ്ട്… ചേച്ചിയുടെ കല്യാണ ആവശ്യത്തിനായി…. എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞപ്പോളേക്കും അമലും പരിചയപ്പെടുത്തി അരവിന്ദും ക്ഷീണിച്ചു… സമയം പതിനൊന്നു മണിയാവുകയും ചെയ്തു….

” ശോ… സമയം കുറെയായി… നീ പോയി കുളിച്ചിട്ട് വാ… നമ്മുക്ക് പന്തലുകാരെ ഒന്ന് കാണാൻ പോകാം… അകത്ത് ബാത്റൂമുണ്ട് അല്ലെങ്കിൽ കുളമുണ്ട്…. ”

” ആ… കുളത്തിലാകാം കുളി…. ഇവിടെ വരെ വന്നതല്ലേ…. ”

” എന്നാൽ നീ അങ്ങോട്ട് പൊയ്ക്കോ…. നേരെ പോയിട്ട് കിഴക്ക് ഭാഗത്തോട്ട് പോയാൽ മതി … ഞാൻ കുളിച്ചതാ…. പിന്നെ പാന്റ് ഒന്നും പിടിച്ചു കേറ്റണ്ട…. ഞാൻ മുണ്ട് തരാം… തോർത്തും കൊണ്ട് പൊയ്ക്കോ…. ”

അമൽ ചിരിച്ചുകൊണ്ട് അവൻ കാണിച്ച വഴിയിൽ കുളക്കടവിലേക്ക് പോയി… അത്രയും വെള്ളം കണ്ട സന്തോഷത്തിൽ അവൻ ഒന്നും നോക്കാതെ അതിലേക്ക് എടുത്ത് ചാടി…. അവൻ എടുത്ത് ചാടിയതും എന്തോ ഒരു സാധനം അവന്റെ ദേഹത്ത് തട്ടി…. അവൻ ഞെട്ടി മുകളിലേക്ക് വന്നതും ഒരു പെൺകുട്ടി കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നതാണ് കണ്ടത്….
കരയാൻ വെമ്പുന്ന കണ്ണുകളുമായി അവൾ കൈകൾ മാറിലേക്ക് പിണച്ചു വച്ചിരുന്നു…. അവളുടെ കരിനീല മിഴികൾ അവന്റെ കണ്ണുകളുമായി ഒരു നിമിഷം ഉടക്കി…. പെട്ടന്ന് അമൽ അവന്റെ കണ്ണുകൾ രണ്ടും കൈ വച്ചു പൊത്തി തിരിഞ്ഞു നിന്നു…. ചുറ്റും നിശബ്ദത തളംകെട്ടി കിടന്നു…. അതിനെ കീറി മുറിച്ചുകൊണ്ട് ഒരു ഏങ്ങലടി ഉയർന്നു കേട്ടു…. അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് തുണിയെല്ലാം വാരിചുറ്റി പടവുകൾ ഓടിക്കയറുന്ന അവളെയാണ്….. എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ കുളത്തിൽ തന്നെ നിന്നു….ഈ വീട്ടിലെ ആരുടെയെങ്കിലും മകളായിരിക്കും…. അവിടെ നിന്നും എല്ലാവരും കൂടി അവനെ അടിച്ചിറക്കുന്ന ദൃശ്യം ഒരു നിമിഷം അവന്റെ മുന്നിലൂടെ പാഞ്ഞു…. അവൻ പെട്ടന്ന് കുളത്തിൽ നിന്നും കയറി തല തുവർത്തി കൊണ്ടു പടവുകൾ ഓടി കയറി…. മുകളിൽ ചെന്നപ്പോൾ അരവിന്ദ് മുണ്ടുമായി വരുന്നു….

” ആഹാ…. നീ ആളുകൊള്ളാല്ലൊ…. പെണ്ണുങ്ങളുടെ കുളിക്കടവിലാണോടാ കുളിച്ചെ??? …. കിഴക്കോട്ടു പോകാൻ പറഞ്ഞപ്പോ പടിഞ്ഞാറോട്ടാണോ പോയത്… ”

“നിന്റെ കിഴക്കും പടിഞ്ഞാറും…. ഇവിടെ വരുമ്പോൾ വടക്കുനോക്കിയന്ത്രം കൊണ്ടുവരാൻ ഞാൻ മറന്നുപോയി… അവന്റെ ഒടുക്കലത്തെ കിഴക്ക്…. ” അമൽ അരവിന്ദിനെ വാ തോരാതെ എന്തൊക്കെയോ പറഞ്ഞു…..

” ഇതെന്താടാ തല തണുത്തപ്പോൾ നിനക്ക് പ്രാന്തായോ…. ഇന്നാ നനഞ്ഞത് മാറ്റി ഇതുടുത്തിട്ട് വാ…. കഴിച്ചിട്ട് ഇറങ്ങാം… ” അരവിന്ദ് മുണ്ട് അവന്റെ കയ്യിൽ കൊടുത്തിട്ട് തിരിഞ്ഞു നടന്നു…. കുറച്ചു നേരം കൂടി ആ നിൽപ്പ് നിന്നിട്ട് അമലും റൂമിലേക്ക് നടന്നു…. അപ്പൊളും ആ പെണ്ണ് ഏതാണെന്നുള്ള സംശയം അവന്റെ ഉള്ളിൽ കിടന്നിരുന്നു…. റൂമിൽ ചെന്ന് ഡ്രെസ്സും മാറി ഒരു മുണ്ടും ഷർട്ടും ഇട്ട് അവൻ പുറത്തേക്ക് ഇറങ്ങി… ‘ ഭാഗ്യം… പ്രശ്നങ്ങൾ ഒന്നുമില്ല…. അപ്പൊ ആരും ഒന്നും അറിഞ്ഞില്ലേ…. ‘ മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ അരവിന്ദിന്റെ റൂമിലെത്തി….

” ആഹ്…. നീ വന്നോ…. വാ കഴിക്കാം… ” രണ്ട് പേരും ഡൈനിങ്ങ് റൂമിലേക്ക് ചെന്നു…. അവിടെ അത്യാവശ്യം പെണ്ണുങ്ങൾ ഒക്കെ ഉണ്ടായിരുന്നു… അമൽ എല്ലാവരെയും ഒന്ന് ചിരിച്ചു കാണിച്ചിട്ട് കസേരയിൽ ഇരുന്നു….

” അമ്മേ…. വേഗം വന്നേ…. വിശക്കുന്നു… ഇത് കഴിഞ്ഞ് കുറെ പണിയുള്ളതാ… ” അരവിന്ദ് കസേരയിൽ ഇരുന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു…. അപ്പോളേക്കും അമ്മ ഒരു കാസറോളുമായി ചിരിച്ചുകൊണ്ട് എത്തി… അമലും ഒന്ന് ചിരിച്ചു….

” ഇന്ദു…. കറിയിങ്ങട് കൊണ്ട് വരു…” അമ്മ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…. അമലും ആ ഭാഗത്തേക്ക് നോക്കി… വരുന്ന ആളെ കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് കിടുങ്ങി….

പതിനേഴു പതിനെട്ടു തോന്നിക്കുന്ന ഒരു പെൺകുട്ടി…. പച്ച നിറത്തിലെ ഒരു ദാവണി അണിഞ്ഞു തലയിൽ ഈറനുള്ള ഒരു തോർത്ത് കെട്ടിയിട്ടുണ്ട്…. ഒന്ന് രണ്ട് മുടിയിഴ മുഖത്ത് വീണു കിടക്കുന്നു…. ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടിത്തമുള്ള മുഖം…. ഒരു കൊച്ചു സുന്ദരി…. അമൽ കണ്ണിമ വെട്ടാതെ അവളെ നോക്കി കൊണ്ടിരുന്നു…. പെട്ടന്ന് കുളത്തിൽ നിന്നും പേടിച്ചു ഓടി പോയ അവളുടെ നിറഞ്ഞ കരിനീല കണ്ണുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു…..

“ദൈവമേ ആ കുട്ടി…. ” ആത്മഗതമാണെങ്കിലും അറിയാതെ അത് പുറത്ത് വന്നു പോയി… അതു കേട്ടപ്പോൾ അവളും ഒന്ന് പരുങ്ങി….

” ഏഹ്…. ഏത് കുട്ടി…. നീ ഇവളെ നേരത്തെ കണ്ടിട്ടുണ്ടോ…. ” അരവിന്ദ് പെട്ടന്ന് ചോദിച്ചു…. അതു കേട്ടപ്പോൾ അമലിനൊപ്പം അവളും ഒന്ന് ഞെട്ടി….

” യെ…. ഏതാ ഈ കുട്ടിന്ന് ചോദിച്ചതാ…. നീ പരിചയപെടുത്തിയില്ലല്ലോ…. ” ആദ്യത്തെ പതർച്ച മറച്ചുകൊണ്ട് അവൻ പറഞ്ഞു….

” ഇവളും എന്റെ ഒരു അനിയത്തികുട്ടിയായിട്ട് വരും…. ഇന്ദു…. ഇന്ദുട്ടി…. അല്ലേടി…. ” അരവിന്ദ് ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു…. അവളുടെ മുഖം തെളിയുന്നത് അമൽ വ്യെക്തമായി കണ്ടു… ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അതെ സമയം അമ്മയുടെ മുഖം ഇരുളുന്നതും അവൻ ശ്രദ്ധിച്ചു….

” മതി… മതി… കറിയിങ്ങ് തന്നിട്ട് നീ അടുക്കളയിലോട്ട് പൊയ്ക്കോ… അവിടെ ഇനിം പണിയിണ്ട്… ” അമ്മ പെട്ടന്ന് പറഞ്ഞു…. അവൾ കറി അവിടെ വച്ചിട്ട് ധാവണിയും ചുരുട്ടി പിടിച്ച് തിരിച്ചു പോയി… ഈ സമയമത്രയും അമൽ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….. അടുക്കളയിലേക്ക് മറയും മുൻപ് അവളും ഒന്ന് തിരിഞ്ഞു നോക്കി…. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു… അതു കണ്ടപ്പോൾ അവൾ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു…. ‘ നോക്കിയത് പിടിച്ചില്ലന്ന് തോന്നുന്നു…. ‘

” യെ…. എല്ലാം നന്നായിട്ടുണ്ടെന്നു പറയുവായിരുന്നു…. ” അമൽ ചിരിച്ചുകൊണ്ട് പറഞ്ഞു …..

” മ്മ്…. കഴിച്ചിട്ട് വേഗം വാ…. നമ്മുക്ക് പോകാം…. ”

അവർ രണ്ടുപേരും കഴിപ്പ് വേഗത്തിലാക്കി അവിടെ നിന്നും എഴുന്നേറ്റു…. ബൈക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി…. പാടവരമ്പത്തിലൂടെയുള്ള യാത്രയും നാട്ടിൻ പുറത്തെ കാലാവസ്ഥയും ആളുകളും എല്ലാം അമലിന് പുതിയ ഒരു അനുഭവമായിരുന്നു… ചെയ്യുന്ന ഓരോ കാര്യവും അവൻ ആസ്വദിക്കുകയായിരുന്നു…. ഉച്ചയ്ക്കാണ് അവർ തിരികെ വീട്ടിൽ എത്തുന്നത്… അപ്പോളും അവിടെ നല്ല തിരക്കുണ്ടായിരുന്നു…. ഇത്രയും ബന്ധുക്കളും അവരുടെ സഹകരണവും അവന് അത്ഭുതമായി തോന്നി… എല്ലാവരും കഴിച്ചശേഷമാണ് അവർ രണ്ടു പേരും കഴിക്കാനിരുന്നത്…. അവർ വീട്ടിലേക്ക് കയറി വന്നപ്പോളെ തൊടിയിൽ നിന്ന ഇന്ദു വീടിനുള്ളിലേക്ക് ഓടി പോകുന്നത് അമൽ ശ്രദ്ധിച്ചിരുന്നു…. അവർ അകത്തു കയറ്റിയപ്പോളേക്കും ടേബിളിൽ ഭക്ഷണം എടുത്ത് വച്ചിരുന്നു…. രണ്ടു പേർക്കും അവൾ തന്നാണ് വിളമ്പി കൊടുത്തത്….

” അമ്മ എവിടെപ്പോയി???… ” അമൽ ഇന്ദുവിനോടാണ് ചോദിച്ചത്….

” അമ്മയ്ക്ക് ഉച്ചയ്ക്ക് ഒരു ചെറിയ മയക്കം പതിവാ…. വയ്യാത്തതല്ലേ… ” ഉത്തരം പറഞ്ഞത് അരവിന്ദാണ്…. അമൽ പിന്നൊന്നും മിണ്ടിയില്ല… അവർ കഴിച്ചു കഴിഞ്ഞ് പ്ലേറ്റും എടുത്തുകൊണ്ടാണ് അവൾ അവിടെ നിന്നും പോയത്…. അത്രയും നേരം അവൾ സംസാരിച്ചിട്ടേയില്ല…. ‘ ഇനി ഇവൾ ഊമ വല്ലതുമാണോ??… കുട്ടി ഒന്നും മിണ്ടുന്നില്ലല്ലോ…. യേ…കുളത്തിൽ വച്ച് ബഹളം വച്ചിരുന്നല്ലോ…. ആ… ‘ അവൻ മനസ്സിൽ ഓർത്തു…

വീണ്ടും കല്യാണത്തിന്റെ തിരക്കിലേക്ക് പോയി… ഇതിനിടയ്ക്ക് അരവിന്ദിന്റെ ചേച്ചി അരുന്ധതിയേ പരിചയപ്പെടുകയും ചെയ്തു…. പലയിടത്തും കറങ്ങി തിരിഞ്ഞ് രാത്രി വൈകിയാണ് തിരിച്ച് വീട്ടിലെത്തിയത്… അപ്പോളും ഉറക്കമളച്ച് അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു…. ഉറങ്ങിക്കൂടായിരുന്നോ മോളെന്നു ചോദിച്ച് അരവിന്ദ് അവളോട് എന്തൊക്കെയോ തിരക്കി…. അപ്പോളാണ് അവളെ ശരിക്കും ഒന്ന് കാണാനുള്ള അവസരം അമലിന് കിട്ടിയത്…. രാവിലെ കണ്ട ദാവണി മാറ്റി വേറെ ഒരെണ്ണമാണ് അവൾ ഉടുത്തിരുന്നത്…. രണ്ടു കയ്യിലും മൂന്നുനാല് കറുത്ത കുപ്പിവളകൾ…. നെറ്റിയിൽ കറുത്ത ഒരു വട്ടപൊട്ട്…. നീണ്ട നാസിക….. കരിമഷി എഴുതിയ കരിനീലമിഴികൾ…. അതാണ് അവളുടെ ഏറ്റവും വലിയ ഭംഗി…. അധികം വെളുത്തിട്ടല്ല… എന്നാൽ കറുത്തിട്ടുമില്ല…..കഴുത്തിൽ ഒരു കരിമണി മാല മാത്രം…. ആകെമൊത്തം ശാലീന സൗന്ദര്യമുള്ള ഒരു തനി നാടൻ പെൺകൊടി…. അവൻ അവളെ തന്നെ ദീർഘനേരം നോക്കി നിന്നു…. നഗരങ്ങളിലെ ചായം പൂശിയ മുഖങ്ങളോട് ഒരു നിമിഷം അവന് പുച്ഛം തോന്നി…. മറ്റൊന്നും ശ്രദ്ധിക്കാതെയുള്ള അവന്റെ നിൽപ്പ് അവൾ ആദ്യം ശ്രദ്ധിച്ചു…. പതിയെ അരവിന്ദിന്റെ ശ്രദ്ധയും അവനിലെത്തി…..

” നീ എന്താടാ ഇങ്ങനെ നോക്കുന്നെ…. ഇവളെ നേരത്തെ കണ്ടിട്ടില്ലേ…??. ” അരവിന്ദ് ഒരു ചിരിയോടെ ചോദിച്ചു….

“യേ…. ഞാൻ…. വെറുതെ… ” അവന് ഒരു ചമ്മൽ അനുഭവപ്പെട്ടു…. അവളും പുഞ്ചിരിക്കുന്നത് അതിനിടയ്ക്കും അവൻ ശ്രദ്ധിച്ചു….

” താമസിച്ചത് കൊണ്ട് ഞങ്ങൾ പുറത്തു നിന്ന് കഴിച്ചുമോളെ…. മോളു പോയി കിടന്നോ… ” അരവിന്ദ് അവളോട് പറഞ്ഞു…. കൂടുതൽ ഒന്നും പറയാതെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി…. അമലും അരവിന്ദും റൂമിലേക്കും…. പോകുന്ന വഴിയിലും അമൽ തിരിഞ്ഞു അടുക്കളയിലേക്ക് നോക്കുന്നുണ്ടായിരുന്നു….

റൂമിൽ ചെന്നിട്ടും അരവിന്ദ് അവനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു… പക്ഷെ അവന്റെ ഉള്ളിൽ എന്തൊക്കയോ സംശയങ്ങളായിരുന്നു……

” നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ???… ” എല്ലാത്തിനും മൂളികൊണ്ടിരിക്കുന്ന അമലിനോട് അവൻ ചോദിച്ചു….

” ഡാ… അതേ… ആ കുട്ടിയില്ലേ… ഇന്ദു… അവൾ നമ്മളെ നോക്കിയല്ലേ ഈ പാതിരാത്രി വരെ ഇരുന്നത്… എന്നിട്ട് നമ്മൾ കഴിച്ചെന്നും പറഞ്ഞു അവളെ തിരിച്ചയച്ചില്ലേ…. സാധാരണ ഒരു വഴക്ക് നടക്കേണ്ടതല്ലേ… പക്ഷെ അവൾ എന്താ ചിരിച്ചുകൊണ്ട് അങ്ങ് പോയത്…. ” അമൽ ഉള്ളിലുള്ള സംശയം അവനോട് ചോദിച്ചു…

” അതോ… അവൾ അങ്ങനെ ആരോടും വഴക്ക് ഒന്നും ഉണ്ടാക്കാറില്ല… പാവമാ… ” അരവിന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു…

” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ???.. ശരിക്കും അവൾ ആരാ???… ”

” അത്… അത് ഞാൻ പറഞ്ഞില്ലേ…. അനിയത്തിയാണെന്ന്…. ”

” ഓ പിന്നെ…. നിനക്ക് ആകെ ഒരു ചേച്ചിയെ ഉള്ളുന്ന് നീ എന്നോട് പറഞ്ഞതായിട്ട് എനിക്ക് നല്ല ഓർമയുണ്ട് …. ഇത്രയും നാൾ ഇല്ലാത്ത ഒരു അനിയത്തി ഞാൻ ഇവിടെ വന്നപ്പോൾ എങ്ങനെ പൊട്ടി മുളച്ചു… എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ…. നീ അനിയത്തിയാണെന്ന് പറഞ്ഞപ്പോ നിന്റെ അമ്മയുടെ മുഖം മാറുന്നതും ഞാൻ കണ്ടു…. അതുകൊണ്ട് നീ ഉള്ള സത്യം അങ്ങ് പറയുന്നതാണ് നല്ലത് … ”

” നീ അമ്മയെ ശ്രദ്ധിച്ചിരുന്നവല്ലേ…. ” അരവിന്ദ് ഒരു ജ്യാളിതയോടെ പറഞ്ഞു…

” ഉവ്വ… അപ്പൊ പറ… ഏതാണ് ആ പെൺകുട്ടി….”

” ഡാ… അത്… ശരിക്കും അവൾ ഞങ്ങളുടെ ആരെങ്കിലും ആണോന്ന് ചോദിച്ചാൽ ആരുമല്ല ….. പക്ഷെ ആരുമല്ലേന്ന് ചോദിച്ചാൽ അല്ലെന്ന് പറയാനും പറ്റില്ല….”

“നീ ചുമ്മ പാതിരാത്രി കടങ്കഥ പറയാതെ ഉള്ള കാര്യം അങ്ങ് പറ…. ” അമൽ ദേഷ്യപ്പെട്ടു…

” അത്… പണ്ട്… എന്റെയൊക്കെ കുട്ടിക്കാലത്ത്….. വീട്ടിൽ ജോലിക്ക് ഒരു ചേച്ചി വന്നു…. ആ ചേച്ചിയുടെ കൈയും പിടിച്ചു നിൽക്കുന്ന ഒരു കുഞ്ഞു പാവാടക്കാരി…. അതായിരുന്നു ഇന്ദു…. ആ ചേച്ചി ഒറ്റയ്ക്ക് ഈ നാട്ടിൽ ഒരു കുഞ്ഞുമായി വന്ന് താമസമാക്കിയതാണ് …. ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും അറിഞ്ഞുട…. ചോദിച്ചാൽ ഒന്നും പറയുകയുമില്ല…. നാട്ടുകാർ അവരെ പറ്റി എന്തൊക്കെയോ പറഞ്ഞു പരത്തി….. പക്ഷെ അച്ഛൻ അതൊന്നും കാര്യമക്കാതെ അവരെ വീട്ടിൽ ജോലിക്ക് വച്ചു…. ഇന്ദുവും പണ്ട് തൊട്ടേ അവളുടെ അമ്മയുടെ കൂടെ വീട്ടിൽ വരുമായിരുന്നു…. കൂടുതൽ

” അല്ലടാ… അപ്പൊ നിന്റെ അമ്മയ്ക്ക് ഇന്ദുവിനെ ഇഷ്ടമല്ലേ…. നീ അനിയത്തിയാണെന്ന് പറഞ്ഞപ്പോൾ ആ മുഖം മാറിയത് ഞാൻ കണ്ടതാണല്ലോ… ” അമൽ വീണ്ടും അവന്റ സംശയം ചോദിച്ചു….

” മ്മ്…. അമ്മയ്ക്ക് ആദ്യം അവളോട്‌ വിരോധമൊന്നും ഉണ്ടായിരുന്നില്ല…. പക്ഷെ ഇന്ദുവിന്റെ അമ്മയുടെ മരണ ശേഷം അവളെ അച്ഛൻ വീട്ടിൽ വിളിച്ചുകൊണ്ട് വന്നപ്പോൾ നാട്ടുകാർ ഓരോന്ന് പറയാൻ തുടങ്ങി…. അവൾ അച്ഛന്റെ ജാര സന്തതി ആണെന്ന് വരെ പറഞ്ഞു…. അച്ഛൻ അതോന്നും കാര്യമാക്കിയില്ല… പക്ഷെ അതിന് ശേഷം അമ്മയ്ക്കും ചേച്ചിയ്ക്കും അവളോടുള്ള മനോഭാവം മാറി….. മറ്റു ചില ബന്ധുക്കൾക്കാണെങ്കിൽ അവളെ തീരെ പിടിത്തമല്ല … പാവം ആരോടും പരാതി പറയില്ല…. ”

” അപ്പൊ ഇന്ദു പഠിക്കാൻ പോണില്ലേ??… ”

” മ്മ്… അവൾ പ്ലസ് ടു വരെ പോയതാണ്… പഠിക്കാൻ മണ്ടിയൊന്നുമായിരുന്നില്ല… പക്ഷെ പിന്നീട് പഠിക്കണ്ടാന്ന് എല്ലാവരും കൂടി തീരുമാനിച്ചു…. അവളെ ഒറ്റയ്ക്ക് ദൂരെ കോളേജിലൊക്കെ വിടാൻ ആർക്കും തലപര്യമില്ലായിരുന്നു ….. ഇവിടെയെങ്ങും കോളേജ് ഇല്ലതാനും…. ഞാൻ കുറെ പറഞ്ഞു നോക്കി… ആര് കേൾക്കാൻ…. അവളും അവസാനം കോളേജിൽ പോണില്ലാന്ന് പറഞ്ഞു… ”

” മ്മ്… ” അമൽ ഒന്ന് മൂളുക മാത്രം ചെയ്തു….

” എന്നും പറഞ്ഞ് നമ്മൾ സിനിമയിലും സീരിയലിലും കാണുന്നത് പോലെ അവളെ ഇവിടെ ഇട്ട് കഷ്ടപ്പെടുത്തുന്ന അമ്മയും ചേച്ചിയും ന്നുമല്ല കേട്ടോ…. പണ്ടത്തെ പോലെയുള്ള സ്നേഹ പ്രകടനങ്ങൾ ഇല്ലന്നേയുള്ളു…. ഇപ്പോളും അവളെ ഇഷ്ടമൊക്കെയാ…. പക്ഷെ അമ്മയ്ക്ക് എപ്പോളും ആദിയാ…. അവൾ അച്ഛന്റെ ജാരസന്തതിയാണെന്ന് ഓരോരുത്തർ പറയുമ്പോൾ ഉണ്ടാകുന്ന ഒരു ചൊരുക്ക്… അത്രേയുള്ളൂ…. അത് കേൾക്കുമ്പോൾ അവളോട് എന്തെങ്കിലും പറഞ്ഞ് ദേഷ്യപെടും…. കുറച്ചു കഴിയുമ്പോൾ കാണാം മോളേന്ന് വിളിച്ച് അവളെ പോയി ആശ്വാസിപ്പിക്കുന്നത്…. ചേച്ചിയും അത് പോലെ തന്നെ…. അവളോട് ദേഷ്യപെടുമെങ്കിലും അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ തൊട്ട് തൊട്ടിരിക്കുന്ന പൊട്ട് വരെ ചേച്ചിയാ വാങ്ങിച്ചു കൊടുക്കുന്നെ…. ” അരവീന്ദ് ഒന്ന് പുഞ്ചിരിച്ചു…. അമൽ അപ്പോൾ അവളെ ഒന്നുകൂടി മനസ്സിൽ കണ്ടു…. അതേ… അവളെ കണ്ടാൽ ഈ വീട്ടലെ വേലക്കാരി എന്നൊന്നും പറയില്ല …. ഒരു വേലക്കാരിയുടെ വേഷവിധാനങ്ങൾ അല്ല അവളുടേത്… അപ്പോൾ ഇവൻ പറയുന്നത് ശരിയായിരിക്കണം…

” അതിന് ആ കുട്ടിക്ക് കല്യാണപ്രായമൊക്കെ ആയോ??… ” അമൽ ഒരു ഞെട്ടലോടെ ചോദിച്ചു….

” മ്മ്… ഈ വർഷം പതിനെട്ട് ആകുന്നതേയുള്ളു… ”

” ഏഹ്… ഈ ചെറിയ പ്രായത്തിൽ പിടിച്ചു കെട്ടിക്കാനോ…. നിനക്ക് വട്ടാണോ??… ”

” ഓ… ഡാ നാളെ അവളെ കെട്ടിക്കുന്ന കാര്യമല്ല പറഞ്ഞത്…. ആദ്യം പതിനെട്ടു കഴിയണം…. പിന്നെ നല്ലആലോചനകൾ നോക്കണം…. ജാതകം നോക്കണം…. അങ്ങനെ കുറേ കാര്യങ്ങളുണ്ട്…. അപ്പോളേക്കും അവൾക്ക് അത്യാവശ്യം കല്യാണം കഴിക്കാനുള്ള പ്രായമൊക്കെ ആകും…. തല്ക്കാലം നീ ഉറങ്ങാൻ നോക്ക്…. നാളെ എന്തൊക്കെയോ വാങ്ങാൻ പോകണം… നീ ചുമ്മ ആളെ മിനക്കെടുത്താതെ… ” അരവിന്ദ് പതിയെ കണ്ണുകളടച്ചു…. അമലും ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു…. പക്ഷെ നിദ്രാദേവി അവനെ പുൽകാൻ മടിച്ചു നിന്നു…. അവന്റെയുള്ളിൽ അമ്മയുടെ ശവശരീരത്തിനു മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു പാവാടക്കാരിയുടെ രൂപം പ്രഭയോടെ നിൽക്കുന്നുണ്ടായിരുന്നു…..

അമലിന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടയിരുന്നില്ല…. എന്തൊക്കെയോ മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്നു…. അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല….. അവൻ തിരിഞ്ഞ് അരവിന്ദിനെ നോക്കി…. അവൻ ഉറക്കം തുടങ്ങിയിരുന്നു…. എന്തോ ആലോചിച്ചെന്ന പോലെ അവൻ അരവിന്ദിനെ തട്ടിയുണർത്തി…..

” എന്താടാ പുല്ലേ… നിനക്കൊന്നും ഉറക്കവുമില്ലേ…??.. ” അവൻ അലോസരത്തോടെ ചോദിച്ചു….

” അതല്ലടാ…. നിന്റെ ചേച്ചിയെ നിങ്ങൾ പഠിക്കാൻ കോളേജിൽ വിട്ടില്ലേ… അത് പോലൊരു പെണ്ണല്ലേ ഇന്ദുവും… അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ അവളെയും വിടമായിരുന്നല്ലോ…. അപ്പൊ…”

” അപ്പൊ… കുന്തം…. ഇതൊക്ക നാളെ സംസാരിക്കാം… എനിക്ക് നല്ല ഉറക്കം വരണുണ്ട്…. പോയി കിടന്നുറങ്ങടാ… ” അരവിന്ദ് ദേഷ്യത്തോടെ പറഞ്ഞ് തലവഴി പുത്തപ്പ് ഇട്ടു…

” ഡാ… ഇതറിയാതെ എനിക്ക് ഉറക്കം വരില്ലല്ലോ…. ”

” ഓ… എഡാ നീ അവർ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ???… ചേച്ചി ബോൾഡ് ആണ്… സ്വന്തമായി എല്ലാത്തിനും അഭിപ്രായം ഉണ്ട്… സ്വന്തമായി ഒരു തീരുമാനമുണ്ട്… പക്ഷെ അത്പോലെയല്ല ഇന്ദു… അവൾക്ക് ഈ ഗ്രാമത്തിനപ്പുറം വേറെ ഒരു ലോകമില്ല… അധികം ആരോടും സംസാരിക്കാറില്ല… അവൾക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഉണ്ടോന്ന് പോലും സംശയമാണ്…. ആര് എന്ത് പൊട്ടത്തരം പറഞ്ഞാലും അവൾ അത് വിശ്വസിക്കും…. മൊത്തത്തിൽ ഒരു കുഞ്ഞിനെ

പോലെ… അങ്ങനെയുള്ള അവളെ പുറത്തേക്ക് പഠിക്കാൻ വിട്ടാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്ക്…. നിനക്കറിയാല്ലോ അവിടുത്തെ അവസ്ഥ…..കുട്ടികൾക്ക് പോലും പുറത്തിറങ്ങി നടക്കാൻ ഈ കാലത്ത് പറ്റില്ല…. ആരെ എങ്ങൊനൊക്കെ മിസ്സ്‌ യൂസ് ചെയ്യണം എന്ന് നോക്കി നടക്കുന്നവർക്കിടയിലേക്ക് അവളെ വലിച്ചെറിഞ്ഞു കൊടുക്കാൻ പറ്റില്ലാന്ന് തറപ്പിച്ച് പറഞ്ഞത് ചേച്ചി തന്നാണ്…. ഒരു പക്ഷെ ചേച്ചി പഠിക്കുന്ന ടൈം ആയിരുന്നെങ്കിൽ അവളെയും കൂടെ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു…. ”

” മ്മ്… ” അമൽ എല്ലാം സമ്മതിച്ചത് പോലെ ഒന്ന് മൂളി…

” ഇനി ഒരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്… ”

” എന്താടാ… ” അമൽ ആകാംഷയോടെ ചോദിച്ചു..

” ഞാൻ നിനക്ക് രാവിലെ കാണിച്ചു തന്ന മുറിയില്ലേ….. നാളെ തൊട്ട് മര്യാദയ്ക്ക് അവിടെ പോയി കിടന്നോണം…. മനുഷ്യന്റെ ഉറക്കം കളയാൻ ഓരോന്ന് കെട്ടിയെടുത്തോളും….” അരവിന്ദ് വീണ്ടും പുതച്ചു മൂടി തിരിഞ്ഞു കിടന്നു…. അമലും ഒരു പുഞ്ചിരിയോടെ മിഴികളടച്ചു…..

പിറ്റേന്ന് രാവിലെ രണ്ടുപേരും താമസിച്ചാണ് എഴുന്നേറ്റത്… ഉറക്കക്ഷീണം അത്രയ്ക്കുണ്ടായിരുന്നു…. ഇന്ദുവിന്റേയും ചേച്ചിയുടെയും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകണമെന്ന് രാവിലേ അരവിന്ദ് പറഞ്ഞിരുന്നു…. രാവിലേ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ദു അവിടെ ഉണ്ടായിരുന്നില്ല….. പോകാൻ ഇറങ്ങിയപ്പോളാണ് അവളെ പിന്നീട് കണ്ടു കിട്ടുന്നത്…. ഒരു നീല ചുരിദാറായിരുന്നു വേഷം… പതിവ് പോലെ കറുത്ത കുഞ്ഞുപൊട്ടും വളകളും… ഒരു ചന്ദനകുറിയും…. അവൾ പുറത്തേക്ക് ഇറങ്ങി അമൽ മാത്രമേ അപ്പോൾ കാറിനടുത്ത് ഉണ്ടായിരുന്നുള്ളൂ…. അതറിയാതെ അവൾ കാറിനടുത്തേക്ക് വന്നു…. അതായിരുന്നു ആ നിമിഷം…. അവളോട് അവൻ ആദ്യമായി സംസാരിക്കുന്ന നിമിഷം… അവന്റെ ഉള്ളിലെ കാമുകന് ഒരിക്കലും മറക്കാൻ കഴിയാത്ത അസുലഭ നിമിഷം….

അവൾ കാറിനടുത്ത് എത്തിയപ്പോൾ അമൽ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി… അവനെ കണ്ടപ്പോൾ അവൾ പരിഭ്രമത്തോടെ നിന്നു… തിരികെ നടക്കാനാണ് അവളുടെ ഭാവം എന്ന് മനസ്സിലാക്കിയപ്പോൾ അവൻ അവളെ വിളിച്ചു….

” ഇന്ദു…. ഒരു നിമിഷം … ” ബ്രേക്ക്‌ ഇട്ടത് പോലെ അവൾ പെട്ടന്ന് നിന്നു… എന്താണെന്നുള്ള ഭാവത്തിൽ അവനെ നോക്കി…

” അത്… ഞാൻ അന്ന്…. ആദ്യം വന്നപ്പോൾ…. കുളത്തിൽ… അത്… അറിഞ്ഞുടാരുന്നു സ്ത്രീകളുടെതാണെന്ന്…. സോറി… ” വിക്കി വിക്കി ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു…. അവൾ മറുപടിയൊന്നും പറഞ്ഞില്ല… ആ മുഖത്ത് നാണത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു… അത് മതിയായിരുന്നു അവന്…. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…

” പിന്നെ…. ചുരിദാറിനേക്കാൾ തനിക്ക് ചേരുന്നത് ദാവണിയാണ് ട്ടോ…” അവൻ ഒരു ചിരിയോടെ പറഞ്ഞു…. അവൾ ഒന്ന് തിരിഞ്ഞു നോക്കി…. ഒന്നും മിണ്ടാതെ ഉമ്മറത്തേക്ക് ഓടി കയറി…. അവളുടെ പാദസരത്തിന്റെ ശബ്ദം അവിടെ മുഴുവൻ നിറഞ്ഞു നിന്നു…

അധികം വൈകാതെ അരവിന്ദും ചേച്ചിയും ഇന്ദുവും ഒരുമിച്ചെത്തി…. ടൗണിലേക്ക് യാത്ര തുടങ്ങി…. യാത്രയിലുടനീളം അവർ ഓരോന്ന്

സംസരിച്ചെങ്കിലും ഇന്ദു മാത്രം മൗനിയായിരുന്നു… കടയിലെത്തിയപ്പോൾ അരവിന്ദ് പറഞ്ഞത് പോലെ ഇന്ദുവിനുള്ള ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്യുന്നത് ചേച്ചി തന്നെയാണ്… ഓരോ സാരിയും എടുത്ത് അവളുടെ തോളിൽ വച്ചു നോക്കുന്നു…. ഇഷ്ടപ്പെടാതെ അടുത്തത് എടുക്കുന്നു… അങ്ങനെ നീണ്ടു പോയി…. അരവിന്ദ് സെയിൽസ് ഗേളിനോട് സൊള്ളുന്നു…. അപ്പോളാണ് ചുവന്ന നിറത്തിൽ ഗോൾഡൻ വർക്കിൽ മയിലിന്റെ രൂപം ചെയ്തിട്ടുള്ള ഒരു സാരി അതിനിടയ്ക്ക് കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെടുന്നത്…. അവൻ അതെടുത്ത് നോക്കി… ഇന്ദുവിന് അത് നന്നായി ഇണങ്ങും എന്നവന്റെ മനസ്സു പറയുന്നുണ്ടായിരുന്നു… പക്ഷെ അത് അവളോട് നേരിട്ട് പറയാൻ പറ്റില്ലല്ലോ…. അതിനുമാത്രമുള്ള പരിചയം അവർ തമ്മിലും ഉണ്ടായിരുന്നില്ല….. അവൻ ആ സാരി തിരികെ വച്ചിട്ട് അരവിന്ദിനടുത്തേക്ക് നടന്നു…. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവൻ കാണുന്നത് ആ സാരിയും കൈയിൽ പിടിച്ച് അവനെ നോക്കുന്ന ഇന്ദുവിനെയാണ്…. ആ കണ്ണുകളിൽ അന്ന് കണ്ട ഭാവം ഇന്നും അവന് അജ്ഞാതമാണ്…. അത് പ്രണയമായിരുന്നുവോ…. ആയിരിക്കില്ല…..

ബില്ല് പേ ചെയ്യാൻ അരവിന്ദ് കൗണ്ടറിലേക്ക് മാറി… കൂടെ ഇന്ദുവും…. അമലും ചേച്ചിയും അവിടെ തനിച്ചായി…. പരിചയക്കാർ ആരും അടുത്തില്ലന്ന് ഉറപ്പു വരുത്തിക്കൊണ്ട് അവൻ ചോദിച്ചു….

” ചേച്ചിക്ക് കോളേജിൽ വച്ച് ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നല്ലേ…. എന്തിനാണ് അയാൾ ചേച്ചിയെ വേണ്ടാന്ന് വച്ചുപോയത്… ”

അവന്റെ ചോദ്യം ചേച്ചിയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടാക്കി…. പെട്ടെന്ന് തന്നെ അത് ഒരു പുഞ്ചിരിയായി മാറി…. വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി…. അതിന്റെ പ്രതിഫലനം ആ കണ്ണുകളിലും കാണാൻ കഴിഞ്ഞിരുന്നു…. അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു… അമലും കൂടുതൽ ഒന്നും ചോദിച്ചില്ല… എല്ലാവരും ബോൾഡ് എന്ന് പറയുന്ന ചേച്ചിയുടെ മാറ്റത്തിൽ നിന്നും അവന് മനസ്സിലാക്കാമായിരുന്നു എല്ലാം….

ചേച്ചി ഇന്ദുവിനെ കോളജിൽ വിടാതെ തടയാൻ കാരണം എന്താകും എന്ന ആലോചന ചെന്നെത്തിച്ച ഒരു നിഗമനം മാത്രമായിരുന്നു അത്…. ശരിയാണെന്ന് പറയാതെ പറഞ്ഞും കഴിഞ്ഞു…. ഒരാൾക്ക് ഏറ്റവും കൂടുതൽ വേദന സഹിക്കേണ്ടിവരുന്നത് മരണത്തിൽ നിന്നല്ല…. ചതിക്കപ്പെടുമ്പോളാണ്… സ്നേഹിച്ചവർ പിന്നിൽ നിന്നും കുത്തുമ്പോൾ ഉണങ്ങാത്ത മുറിവ് ഉണ്ടാകുന്നത് മനസ്സിനാണ്…. ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളത്തോട് പോലും തോന്നുന്ന ഭയമായിരിക്കാം തള്ളകോഴി കുഞ്ഞിനെ ചിറകിനിടയ്ക്ക് ഒളിപ്പിച്ചു വയ്ക്കുന്നത് പോലെ ഇന്ദുവിനെ ചേച്ചി പിടിച്ചു നിർത്താൻ കാരണം …. പുറത്ത് കാത്തിരിക്കുന്നത് ചതിയുടെ ലോകമാണ്…. പിടിച്ചു നിൽക്കാൻ കഴിയാത്തവർ പിടഞ്ഞു വീഴേണ്ടി വരുന്ന ചതിയുടെ ലോകം…..

തിരിച്ചുള്ള യാത്ര തീർത്തും നിശബ്ദമായിരുന്നു…. അമലിന്റെ കണ്ണുകൾ ഇടയ്ക്കിടെ മിററിലൂടെ ഇന്ദുവിനെ തേടി ചെന്നു… പലപ്പോഴും കണ്ണുകൾ തമ്മിൽ കോർത്തു…. പെട്ടന്ന് എന്തോ ഓർത്തപോലെ ചേച്ചി പറഞ്ഞു….

“കേട്ടോ അരവിന്ദേ….. ഇന്ന് ജീവിതത്തിൽ ആദ്യമായി ഇവൾ ഒരു സാരി സെലക്ട്‌ ചെയ്യുതു…. ” അത് കേട്ടപ്പോൾ അറിയാതെ അരവിന്ദിന്റെ കാല് ബ്രേക്കിൽ അമർന്നു …

” എന്താ… എന്താ പറഞ്ഞത്…. ” അവൻ ആകാംഷയോടെ ചോദിച്ചു….

” ആഹ്… ഞാൻ നോക്കിയപ്പോൾ ഇവൾ ഒരു സാരി കൈയിൽ പിടിച്ച് തലോടി കൊണ്ടിരിക്കുന്നു…. ഇഷ്ടമയോന്ന് ചോദിച്ചപ്പോൾ മൂളി… അത് തന്നെ അങ്ങ് വാങ്ങി…. ആദ്യമായി അവൾ സെലക്ട്‌ ചെയ്തതല്ലേ…. ”

പിന്നീടങ്ങോട്ട് തിരക്കുകൾ ഏറെ ആയിരുന്നു… രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം…. ഉറക്കമില്ലാതെ ഓടി നടന്ന രാത്രികൾ… അമൽ എല്ലാം ആസ്വദിക്കുയായിരുന്നു…. അതിനിടയിൽ വല്ലപ്പോഴും മാത്രം കാണുന്ന ഇന്ദുവിന്റെ മിഴികൾ…. പലപ്പോളും അവനെ കാണുമ്പോൾ അവൾ മാറി കളയുന്നതായി തോന്നിയിട്ടുണ്ട്…. ഇത്രയും ദിവസം ഇവിടെ നിന്നിട്ടും ഒരിക്കൽ പോലും തന്നോട് സംസാരിക്കാത്ത ഒരേ ഒരാൾ അവളായിരുന്നു…. പക്ഷെ അതിലും എത്രയോ മടങ്ങ് പുഞ്ചിരി തന്നിരിക്കുന്നു…. അത് തന്നെ ധാരാളം….

കല്യാണദിവസം…. എല്ലാവരുടെയും കണ്ണുകൾ ചെക്കനേയും പെണ്ണിനേയും വലം വയ്ക്കുന്ന ദിനം….. പക്ഷെ അന്നും അവൻ തേടിയത് അവളെയാണ്…. ആ സാരിയിൽ അവളെയൊന്ന് കാണാൻ…. കാത്തിരുന്ന നിമിഷം വന്നെത്തി….. കല്യാണപെണ്ണിനൊപ്പം അകമ്പടിയായി അവൾ…. അന്ന് എടുത്ത സാരിയിൽ…. അവൻ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു…. പതിവ് പോലെ കരിമഷി എഴുതിയ മിഴികളും അതേ പൊട്ടും… കറുത്ത കുപ്പിവകൾക്ക് പകരം ചുവപ്പ് സ്ഥാനം പിടിച്ചിരിക്കുന്നു…. കാതിൽ സ്വർണത്തിന്റെ കമ്മലും കഴുത്തിൽ ഒരു മാലയും മാത്രമാണ് ആഡംബരമായിട്ടുള്ളത്…. അത്രയും ബഹളത്തിനിടയ്ക്കും അവളുടെ പദസരത്തിന്റെ കിലുക്കം അവന്റെ ചെവികളിലെത്തി….കല്യാണവും ഫോട്ടോയെടുപ്പും കഴിഞ്ഞത് പോലും അറിഞ്ഞിരുന്നില്ല…. അവളെ മാത്രം ശ്രദ്ധിച്ചാണ് ഇത്രയും നേരം നിന്നത്… ഇടയ്ക്കിടെ പാളിയ ചില നോട്ടങ്ങൾ അവനിലും എത്തിപെട്ടിരുന്നു…. ചടങ്ങുകൾ എല്ലാം കഴിഞ്ഞു…. അവർ രണ്ടു പേരും മാത്രമുള്ള ലോകത്തിലേക്ക് അവരുടെ ലോകം ചുരുങ്ങുന്നതിന്റെ തുടക്കമായിരുന്നത്….

പതിവ് ചടങ്ങുകൾക്ക് ശേഷം ചേച്ചി ചെറുക്കന്റെയൊപ്പം അവരുടെ വീട്ടിലേക്ക് പോകുന്ന സമയമായി … അത്രയും നേരം സന്തോഷം കളിയാടിയ വീട്ടിൽ സങ്കടത്തിന്റെ തിരകൾ നിറഞ്ഞു…. അരവിന്ദടക്കം എല്ലാവരും ദുഃഖത്തിന്റെ നിഴലിൽ നിൽക്കുന്ന സമയം…. അധിക നേരം അവിടെ നിന്നാൽ ചിലപ്പോൾ താനും അതിൽ പെട്ടുപോകും എന്ന ചിന്ത കൊണ്ട് അമൽ അവിടെ നിന്നും വീടിന്റെ സൈഡിലേക്ക് മാറി…. അപ്പോളാണ് കുളപ്പടവിൽ നിന്നും ഒരു ഏങ്ങലടി അവന്റെ ശ്രദ്ധയിൽ പെട്ടത്….. ആരാണെന്നറിയാൻ അവൻ അങ്ങോട്ടേക്ക് നടന്നു…. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അവൻ പ്രതീക്ഷിച്ച ആൾ തന്നെയായിരുന്നു…. ആരും ശ്രദ്ധിക്കാത്തിടത്ത് മാറി നിന്ന് കരയുകയാണ് ഇന്ദു ….. അവന്റെ കാൽപ്പെരുമാറ്റം കേട്ട് അവൾ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു നിന്നു…. കരിമഷി പടർന്ന കണ്ണുകൾ അവന്റെ നേർക്ക് പതിഞ്ഞപ്പോൾ വിഫലമായ ഒരു പുഞ്ചിരിയുടെ അകമ്പടി അതിനുണ്ടായിരുന്നു…. അവളോട് എന്തോ പറയാൻ തുടങ്ങിയപ്പോളാണ് അവന്റെ ഫോൺ ചിലച്ചത്…. അവൻ ഫോണെടുത്ത് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി….

” ഹലോ… അമ്മേ… മ്മ് കഴിഞ്ഞു… ആ ഇറങ്ങാം….. ഇന്ന് തന്നെ വരാം… അച്ഛൻ തന്ന പരോൾ ഇന്നുടെ അല്ലെ ഉള്ളു… ശരി…മ്മ്മ് ”

ഫോൺ ക്ട്ട് ചെയ്ത് അവൻ ഇന്ദുവിന്‌ നേരെ തിരിഞ്ഞു…..

” സാരി കൊള്ളാം…. നന്നായിട്ടുണ്ട്…. തനിക്ക് ചേരും…. നല്ല

” പിന്നെ….വീട്ടിൽ നിന്നു അമ്മയാ വിളിച്ചേ…. എനിക്ക് ഇന്ന് തന്നെ പോണം… ഇത്ര ദിവസം ഇവിടെ നിൽക്കാൻ അച്ഛൻ സമ്മതിച്ചത് തന്നെ അതിശയമാ… ഇനിയും നിൽക്കാൻ പറ്റില്ല…. ” അപ്പോളാണ് അവൾ തലയുയർത്തി അവനെ ഒന്ന് നോക്കുന്നത്…. ആ കണ്ണുകളിൽ അപ്പോളേക്കും കണ്ട ഭാവം എന്തായിരുന്നുവെന്ന് അനിർവചനീയമാണ്…. പോകരുതെന്നായിരുന്നുവോ അതിനർത്ഥം…. അവൻ പടവുകൾ കയറാൻ തുടങ്ങി….

” ഇനി എന്നാണ് ഇങ്ങോട്ട്??.. ” അവൻ പടിക്കെട്ടിൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കി… നിറ കണ്ണുകളോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്….

” അറിയില്ല…. ” അവൻ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു… അവളും ഒന്നും മിണ്ടിയില്ല…

” പക്ഷെ… ഞാൻ വരും… ” അത്രയും പറഞ്ഞുകൊണ്ട് അവൻ പടിക്കെട്ടുകൾ കയറി….

സന്ധ്യ കഴിഞ്ഞാണ് അവിടെ നിന്നും അവൻ ഇറങ്ങിയത്…. പിന്നീട് ഇറങ്ങും വരെ അവൻ ഇന്ദുവിനെ കണ്ടിരുന്നില്ല… അരവിന്ദിനോപ്പം പടിപ്പുര കടക്കുന്നതിന് മുൻപ് തിരിഞ്ഞു നോക്കിയപ്പോൾ അവൻ കണ്ടു കുളപ്പടവിന് മറവിൽ നിന്നും അവനെ നോക്കുന്ന ആ കരിനീല മിഴികളെ….. അതൊരു തുടക്കം മാത്രമായിരുന്നു….

“ട്രിൻ ട്രിൻ ട്രിൻ….. ” മൊബൈലിൽ അലാറം അടിച്ചപ്പോളാണ് അമൽ ചിന്തയിൽ നിന്നും ഉണർന്നത്….. ഡിസ്പ്ലേ പൊട്ടിയ മൊബൈലിൽ അപ്പോളും അവളുടെ ചിത്രമുണ്ടായിരുന്നു….

‘ഇന്ദു… അവൾ അമ്മയാകാൻ പോകുന്നു…. പതിനാലാം തീയതി അവളുടെ കല്യാണമാണ് … പോകണം…. ഒരിക്കൽ കൂടി അവളെ കാണണം…. കല്യാണസാരിയിൽ…. ‘

പതിനാലാം തീയതിക്ക് ഇനി നാല് ദിവസം മാത്രം… കമ്പനിയിലേക്ക് ഒരു ലീവ് ഫോം മെയിൽ ചെയ്ത് അവൻ ബാഗും പാക്ക് ചെയ്ത് ഇറങ്ങി….വീണ്ടും അവളുടെ നാട്ടിലേക്ക്…. ആദ്യത്തെ പോക്കിന് ശേഷം രണ്ടര വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ആ നാട്ടിലേക്ക് …. അവസാനത്തേതും…. ഇനി അങ്ങോട്ടേക്ക് ഒരു പോക്കുണ്ടാകില്ല…. ഇനി അവിടെ എനിക്ക് കാണാൻ അവളുണ്ടാകില്ല….

ബസിൽ കയറി അരവിന്ദിന്റെ നാട്ടിലേക്ക് വീണ്ടും ഒരു ടിക്കറ്റ്‌ എടുത്തപ്പോൾ അവന്റെ മനസ്സ് രണ്ടര വർഷം മുൻപ് രണ്ടാമത് അവിടേക്ക് യാത്ര തുടങ്ങിയ ദിനത്തിലേക്കെത്തി….

രണ്ടാമത് അങ്ങോട്ടേക്ക് ഒരു യാത്രയ്ക്കായി ഒന്നര വർഷം കാത്തിരിക്കേണ്ടി വന്നു…. അമലിന് അരവിന്ദിന്റെയൊപ്പം പോകാൻ ഒരു അവസരം കിട്ടിയില്ല….

അഥവാ കിട്ടിയാലും വീട്ടിൽ നിന്നും വിടില്ല എന്നത് മറ്റൊരു സത്യം…. ശരീരം കൊണ്ട് അവിടെ നിന്നും മാറി നിന്നെങ്കിലും അവന്റെ മനസ്സ് അവിടെയൊരു കരിനീല മിഴികളിൽ കുടുങ്ങി അവിടെ തന്നെ നിൽക്കുകയായിരുന്നു….

ഒന്നര വർഷം മുൻപുള്ള ഒരു സായാഹ്നം…. അവധിക്ക് വീട്ടിൽ വന്ന് വെറുതെ ചടച്ചിരിക്കുകയായിരുന്നു അമൽ…. പുറത്ത് നല്ല മഴയുണ്ട്…. ഭൂമിയെ തണുപ്പിച്ച് കുത്തിയൊഴുകുന്ന മഴവെള്ളം ഒരു കൊച്ചു കുട്ടിയെ പോലെ അവൻ ജനാലയ്ക്കരുകിൽ ഇരുന്ന് നോക്കിക്കൊണ്ടിരുന്നു…. അപ്പോളും അവന്റെ മനസ്സിൽ വന്നത് കരഞ്ഞു കലങ്ങിയ മിഴികളുമായി തൂണിന് മറവിൽ നിന്നും എത്തി നോക്കുന്ന ഇന്ദുവിന്റെ മുഖമാണ്…. മെയ്യകലുമ്പോൾ മനമകലും എന്ന് കരുതിയിരുന്ന അവന്റെ ചിന്തകൾ ഇന്നും പൂർവാധികം ശക്തിയോടെ അവളിൽ തന്നെ എത്തി നിൽക്കുന്നു…. മെയ്യേ അകന്നിട്ടുള്ളു മനസ്സ് ഇന്നും അവിടെ തന്നെയാണ്…. കൗമാരത്തിൽ നിന്നും യവ്വനത്തിലേക്ക് കടക്കുന്ന പുരുഷന്റെ മനസിലെ ചാപല്യമല്ല ഇന്ദുവെന്ന് ഇതിനുള്ളിൽ ബോധ്യപെട്ടതാണ്…. പക്ഷെ അവൾക്കോ???….

ചിന്തകൾ അതിർ വരമ്പുകൾ ഭേദിച്ച സമയം…. ഫോണിലേക്ക് വന്ന കാൾ അവനെ ഉണർത്തി…. അരവിന്ദ് കാളിങ്…. സ്‌ക്രീനിൽ തെളിഞ്ഞു വന്നു….

” ഹലോ പറയടാ… പോയിട്ട് രണ്ടു ദിവസമായി ഇപ്പോളാണോ വിളിക്കുന്നത്???… ” പുഞ്ചിരിയോടെ ഫോൺ എടുത്ത് അവൻ ചോദിച്ചു….

” ഹലോ…. അത്…. അത് പിന്നെ…. ഞാൻ… അമലേട്ടൻ….. ഇവിടെ അരവിന്ദേട്ടന്….. ”

പ്രതീക്ഷിക്കാതെ ഒരു സ്ത്രീ ശബ്ദം കേട്ട് അമൽ ഫോൺ ചെവിയിൽ നിന്നും മാറ്റി ഒന്നുകൂടി നോക്കി അരവിന്ദിന്റെ നമ്പർ തന്നെയാണെന്ന് ഉറപ്പ് വരുത്തി…

” ഹലോ…. ഇതാരാ സംസാരിക്കുന്നത്…. അരവിന്ദ് എവിടെ??… ” ശബ്ദത്തിൽ അല്പം മാറ്റം വരുത്തി അവൻ ചോദിച്ചു….

” അത്… ഞാൻ…. ഞാൻ അരവിന്ദേട്ടന് കൊടുക്കാം…. ” ഫോൺ കൈമാറുന്ന ശബ്ദവും ഒരു ചിരിയും അമൽ കേട്ടു….

” ഡാ… ഞാനാ…. ” ഫോണിലൂടെ അരവിന്ദിന്റെ ശബ്ദം കേട്ടു…

” ആഹാ… നേരത്തെ ആരാ ഫോണിൽ സംസാരിച്ചത്… നീ എന്താ ഇത് വരെ വിളിക്കാഞ്ഞത്??…. ” അമൽ സംശയത്തോടെ ചോദിച്ചു….

” ഒന്നും പറയണ്ടടാ…. ചെറുതായിട്ട് ഒന്ന് പണി പാളി…. ബൈക്കിന്ന് ഒന്ന് വീണു…. വലത്തെ കാൽ അങ്ങ് ഒടിഞ്ഞു…. ” സ്വതസിദ്ധമായ പുഞ്ചിരിയോടെ അരവിന്ദ് പറഞ്ഞു….

” എന്താ?? … എപ്പോ?? …. എങ്ങനെ??… എന്നിട്ട് നീ ഇതെവിടാ?… ഹോസ്പിറ്റലിലാണോ???.. ” ഒന്നിന് പിന്നാലെ ഒന്നായി ചോദ്യ ശരങ്ങൾ തന്നെയുണ്ടായിരുന്നു….

” നീ ഇങ്ങനെ എല്ലാം കൂടെ ചോദിക്കാതെ…. ഓരോന്നായിട്ട് ഞാൻ പറയാം…. നാട്ടിൽ വന്നിട്ട് ബൈക്ക് എടുത്ത് പുറത്തേക്ക് പോയതാ… നല്ല മഴ പെയ്തു ചെളിയായി കിടക്കുന്ന വഴിയായിരുന്നു…. ഒരു പട്ടി കുറുക്ക് ചാടി… ദേ കിടക്കുന്നു എല്ലാം കൂടി…. ” തമാശ രൂപേണ അവൻ പറഞ്ഞു….

” എന്നിട്ട്…. ഇപ്പോ എങ്ങനുണ്ട്???…”

” നന്നായി…. ഓരോന്ന് വരുത്തി വച്ചിട്ട്…. എന്തൊരു സന്തോഷമാണെന്ന് നോക്കിക്കേ…. ” അമൽ കളിയാക്കുന്നത് പോലെ പറഞ്ഞു…

” അല്ല… ഞാൻ നെഞ്ചത്തടിച്ചു കരയാം… ഒന്ന് പോടാ…. ”

” ഉവ്വ…. അല്ല ആരാ എന്നെ ഇപ്പോ ഫോണിൽ വിളിച്ച സ്ത്രീ ശബ്ദം…ഇതിനിടയ്ക്ക് വല്ല നേഴ്സിനേം വളച്ചു കയ്യിലെടുത്തോ….” ആദ്യത്തെ ടെൻഷൻ ഒക്കെ മാറിയപോലെ അമൽ പറഞ്ഞു….

” ഓ…. അത് നിനക്ക് അറിയാവുന്ന സ്ത്രീ ശബ്ദം തന്നാ…. എനിക്ക് കൈയിലൊരു മരവിപ്പ് പോലെ… പഴയപോലെ ഫോണിൽ അങ്ങോട്ട് കുത്താൻ പറ്റണില്ല…. നിന്നെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞപ്പോൾ കൂട്ടിരിപ്പുകാരി ആവേശത്തോടെ ചാടി ഫോൺ എടുത്ത് വിളിച്ചതാ…. നീ ഫോണെടുക്കുന്ന വരെയെ ആവേശത്തിന് ആയുസ്സുള്ളായിരുന്നു…. ഫ്യൂസ് പോയപോലെ നിൽപ്പുണ്ട്…. ” അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞു

” അതേത് കൂട്ടിരിപ്പുകാരി….??.. ” ചോദിക്കുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു….

” വേറെ ആരാ…. ഇന്ദു….. ” ആ പേര് കേട്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാൻ പാകത്തിനായി…. അവന്റെ മനസ്സ് വേറെ ഏതോ ലോകത്തിലേക്ക് പോയിരുന്നു….

” ഡാ…. നീ കേൾക്കുന്നുണ്ടോ???… ഛെ… ലൈൻ കട്ടായെന്ന് തോന്നുന്നു… ” അരവിന്ദ് പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല…. അപ്പുറത്ത് ഫോൺ കട്ടായതും അവൻ അറിഞ്ഞിരുന്നില്ല…. ഏതോ സ്വപ്നലോകത്തിലെന്ന പോലെ അവൻ ഒരേ ഇരിപ്പ് ഇരുന്നു…. ഇന്ദു… അവൾ എന്നെ വിളിച്ചിരിക്കുന്നു….

“ഹലോ… ഹലോ….പോയോ??… ഛെ… ” എന്തോ ഭൂധോതയം വന്നത് പോലെ അവൻ ഫോൺ ചെവിയിൽ വച്ച് വിളിച്ചു പറഞ്ഞു…. മറുപടി ഇല്ലാതായപ്പോൾ ദേഷ്യത്തോടെ ഫോൺ കട്ടിലിലേക്ക് എറിഞ്ഞു….

‘ ഛെ…. ഇഷ്ടപെടുന്ന പെൺകുട്ടി ഫോൺ വിളിച്ചിട്ട് ശബ്ദം പോലും മനസ്സിലാവാത്ത എന്നെയൊക്കെ…’ അവൻ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു…. ‘ ഒന്നൂടെ അവനെ വിളിച്ചിട്ട് ഇന്ദുവിന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞാലോ…. വേണ്ട…. അത് ശരിയാകില്ല…. അവൻ എന്ത് വിചാരിക്കും….’ ഓരോന്ന് ആലോചിച്ചു കൊണ്ട് അവൻ കട്ടിലിലേക്ക് കിടന്നു…. പക്ഷെ മനസ്സിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല…. തിരിഞ്ഞും മറിഞ്ഞും കിടന്നു…. അവളുടെ ശബ്ദം കേൾക്കുന്നത് വരെ ഇല്ലാതിരുന്ന ഒരു വെപ്രാളം…. പ്രണയവും ഭയവും തമ്മിലുള്ള മത്സരത്തിൽ അവസാനം പ്രണയം തന്നെ വിജയിച്ചു…. അരവിന്ദിന് ആക്‌സിഡന്റ് പറ്റി കാണാൻ പോകുവാണെന്ന് അമ്മയോട് പറഞ്ഞിട്ട് പെട്ടന്ന് തന്നെ ബാഗ് പാക്ക് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി…. അച്ഛനോട്‌ ചോദിക്കാൻ നിന്നില്ല…. പ്രതാപിയോട് പണ്ടെങ്ങോ തോന്നിയ ഭയം ഇന്നും അത് പോലെയുണ്ട്….

ആദ്യമായിട്ടാകും ആക്‌സിഡന്റ് പറ്റി കിടക്കുന്ന ഉറ്റ സുഹൃത്തിനെ കാണാൻ ഇത്രയും സന്തോഷത്തോടെ ഒരാൾ പോകുന്നത്…. പുറത്തു കാണിക്കരുതെന്ന് കരുതിയിട്ടും ഇന്ദുവിനെ കാണാൻ പോകുന്ന സന്തോഷം മുഖത്ത് തെളിഞ്ഞു നിന്നിരുന്നു….. എങ്ങനെയാണ് അവിടെ വരെ എത്തിയതെന്ന് യാതൊരു ഊഹവുമില്ല…. മനസ്സ് പറക്കുകയായിരുന്നു…. ഒപ്പം ശരീരവും….

അരവിന്ദിന്റെ വീടിന്റെ പടിപ്പുരയുടെ ഓരോ പടവും ചവിട്ടുമ്പോൾ നെഞ്ചിനുള്ളിൽ ഒരു ചെണ്ട മേളം നടക്കുന്നത് ചെവിയിൽ വരെ കേട്ടു… മുറ്റത്തും വരാന്തയിലും ആരുമില്ല…. “ഇന്ന് ഡിസ്ചാർജ് എന്നല്ലേ അവൻ പറഞ്ഞത്…. അതോ ഇനി നാളെ ഡിസ്ചാർജ് എന്നാണോ…. ഛെ…. തിടുക്കത്തിൽ മറന്നും പോയല്ലോ…. ” പറഞ്ഞത് സ്വയമാണെങ്കിലും ശബ്ദം കുറച്ച് ഉച്ചത്തിലായി പോയി…. പെട്ടന്ന് ഒരു പാദസരത്തിന്റെ ശബ്ദം കേട്ടു…. അടുത്തേക്ക് ആരോ ഓടി വരുന്നത് പോലെ…. ആരാണെന്ന് നോക്കാതെ തന്നെ ഉറപ്പായിരുന്നു…. കണ്ണുകൾ അങ്ങോട്ടേക്ക് സഞ്ചരിച്ചു…. പെട്ടന്ന് എവിടെ നിന്നോ ഓടി വന്ന് ഇന്ദു എന്റെ മുൻപിൽ സഡൻ ബ്രേക്ക്‌ ഇട്ട പോലെ നിന്നു…. തലയിൽ ഈറനായ തോർത്തൊക്കെ കെട്ടി വച്ചിട്ടുണ്ട്….. വന്ന വേഗതയിൽ അണച്ചുകൊണ്ട് അവൾ തൂണിലേക്ക് ചാരി…. അവൾ എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് ആ കണ്ണുകൾ എന്നോട് പറഞ്ഞു…. കണ്ണെടുക്കാതെ അവളും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

” ആരാ ഇത്…. അവിടെ തന്നെ നിൽക്കാതെ കേറി വാടോ…. താൻ എന്താ അന്യനാണോ…. ” അകത്ത് നിന്നും അരവിന്ദിന്റെ അച്ഛന്റെ ശബ്ദം കേട്ടപ്പോളാണ് അമൽ ഇന്ദുവിൽ നിന്നും കണ്ണ് എടുത്തത്…. സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ ഇന്ദു ഒന്ന് ഞെട്ടി….. പിന്നെ വന്ന വേഗത്തിൽ തിരിഞ്ഞ് ഓടി…. അത് കണ്ട് ചിരി വന്നെങ്കിലും അത് അടക്കി പിടിച്ച് അമൽ മറുപടി കൊടുത്തു….

” അത് അച്ഛാ …. ആരെയും കാണാഞ്ഞപ്പോ…. ഇനി ഡിസ്ചാർജ് ആയില്ലെന്ന് വിചാരിച്ചു….”

“അപ്പൊ അവൻ എല്ലാം വിളിച്ചു പറഞ്ഞു അല്ലേ…. ഞാൻ കരുതി മോൻ അറിഞ്ഞിട്ടുണ്ടാവില്ലന്ന്… കൂട്ടുകാരൻ അകത്തുണ്ട് മോൻ കയറി കാണ്…. ” ഒരു കൂട്ടുകാരനെ പോലെ തോളത്ത് തട്ടിക്കൊണ്ട് ആ മനുഷ്യൻ പറഞ്ഞു… ഒരു പുഞ്ചിരി സമ്മാനിച്ച് അമൽ അകത്തേക്ക് കയറി…. കോണിപ്പടി കയറി അരവിന്ദിന്റെ റൂമിലെത്തിയപ്പോൾ അവൻ മേലോട്ടും നോക്കി കിടക്കുന്നു….

” ഡാ… കാലും ഒടിച്ച് ദേഹവും പഞ്ചറാക്കിട്ട് മോൻ ഉത്തരത്തിലെ കഴുക്കോലിന്റെ എണ്ണം എടുക്കുവാണോ?? ” കയ്യിലെ ബാഗ് കട്ടിലിലേക്ക് എറിഞ്ഞിട്ട് അമൽ അവന്റെ അടുത്തേക്ക് വന്നു….

” ഡാ പുല്ലേ… നീയോ…. നീയെന്താ ഇവിടെ…. ” പെട്ടന്ന് അവനെ കണ്ട ആകാംഷയോടെ അരവിന്ദ് ചോദിച്ചു….

” അത് നല്ല ചോദ്യം…. നീ ഈ പരുവത്തിൽ ഇവിടെ കിടക്കുമ്പോൾ വന്ന് കണ്ട് ഒന്ന് സന്തോഷിക്കണ്ടേ…. അറിഞ്ഞപാടെ പെട്ടിയും കിടക്കയും കൂട്ടിക്കെട്ടി ഇങ്ങ് പോന്നു…. ഇനി എന്നാ ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റുകാന്ന് അറിഞ്ഞുടാല്ലോ…. ” ഒരു ചിരിയോടെ അമലും പറഞ്ഞു…. വിശേഷങ്ങളും കളിയാക്കലുമായി ആ സംസാരം നീണ്ടു…. ആ സമയം വീണ്ടും അവിടെ പാദസരത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ടു…. അറിയാതെ തന്നെ അമലിന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി… കാത്തിരുന്നെന്നപോലെ….. അവരുടെ മുൻപിലേക്ക് ഒരു കപ്പുമായി ഇന്ദു എത്തി….

” ഇതെന്താ മോളെ…. എനിക്കിപ്പോ ചായ ഒന്നും വേണ്ടാരുന്നല്ലോ….” അവളെ കണ്ടപാടെ അരവിന്ദ് ചോദിച്ചു….

” ഇത് ഏട്ടനല്ല…. ” അല്പം ശബ്ദം ഉയർത്തി അവൾ പറഞ്ഞപ്പോൾ അമൽ ഒന്ന് ഞെട്ടി…. അവൾ തനിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ഓർത്തിട്ട് മാത്രമല്ലായിരുന്നു അത്… ഇത്രയും ഒച്ച ഇവൾക്ക് ഉണ്ടായിരുന്നോ എന്നും അവൻ ഓർത്തിരുന്നു….

” ഓഹോ…. പിന്നെ ഈ ഇരിക്കുന്നവനാണോ…. എങ്കിൽ ഇത് നീയോ ഞാനോ തന്നെ കുടിക്കേണ്ടി വരും…. ഇവൻ കോഫിയുടെ ആളാ…. ഒൺലി ബ്ലാക്ക് കോഫി…. അല്ലേടാ…”

അത് കേട്ടപ്പോൾ ഞാൻ കുടിച്ചോളാം എന്ന് അമൽ പറയാൻ വന്നതാണ്…. അവളെ കണ്ട സന്തോഷത്തിൽ വിഷം കൊടുത്താലും കുടിക്കുമെന്ന

അവസ്ഥയിലായിരുന്നു അവൻ….. പക്ഷെ അതിന് മുൻപ് തന്നെ അവൾ എടുത്ത് ചാടി പറഞ്ഞു….

“അതിന് ഇത് ചായ അല്ലല്ലോ…. ബ്ലാക്ക് കോഫി തന്നാ…. ”

” ഏഹ്…. ” ആ ശബ്ദം രണ്ടു പേരുടെയും വായിൽ നിന്നും ഒരുമിച്ചു പുറത്തേക്ക് വന്നതോടൊപ്പം രണ്ടു പേരും സംശയത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി…..

” ഇന്ദുവിന്….. എങ്ങനെ…. ” എരിവ് കടിച്ച മുഖഭാവത്തോടെ നിൽക്കുന്ന അവളോട് ഒരു സംശയത്തോടെ അമൽ ചോദിച്ചു….

” അത്…. അത്…. പണ്ട് ഏട്ടൻ പറഞ്ഞിട്ടുണ്ട്….. ” അത്രയും എങ്ങനെയൊ പറഞ്ഞൊപ്പിച്ച് അടുക്കളയിൽ പോകണമെന്ന് പറഞ്ഞ് അവനെ കപ്പും ഏൽപ്പിച്ചിട്ട്‌ അവൾ അവിടെ നിന്നും വേഗം പോയി…. അപ്പോൾ ഞാൻ ഇതൊക്ക പറഞ്ഞിരുന്നോ എന്ന് അരവിന്ദ് അവനോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു….

അന്ന് പിന്നീട് ഇന്ദു അമലിന്റെ മുൻപിൽ വന്നില്ല…. ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവൻ എല്ലായിടത്തും തിരഞ്ഞെങ്കിലും അവളെ കണ്ടുകിട്ടിയില്ല…. കഴിച്ചിട്ട് കുറച്ചു നേരം കൂടി അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നിട്ടും രക്ഷ ഇല്ലെന്ന് കണ്ടപ്പോൾ അവൻ അരവിന്ദിന്റെ റൂമിലേക്ക് പോയി….

” ആ…. നീ വന്നോ…. നിനക്ക് പഴയ മുറി തന്നെ റെഡി ആക്കിയിട്ടിട്ടുണ്ടെന്ന് ഇന്ദു വന്ന് പറഞ്ഞു…. നീ ഒന്ന് ഫ്രഷായിട്ട് കിടന്നോ…. ”

” ഇന്ദുവോ…. ഇവിടെ വന്നോ…. എപ്പോ???..” എടുത്തടിച്ചത് പോലെ അവൻ ചോദിച്ചു….

” അതെന്താടാ…. അവൾക്ക് ഇങ്ങോട്ട് വന്നൂടെ….? ”

” യെ…. അതല്ല…. ഞാൻ കണ്ടില്ല… അതുകൊണ്ട്… വെറുതെ…. ” അമൽ ഒന്ന് പരുങ്ങി…

” ഉവ്വ്…. പിന്നെ നീ നാളെ രാവിലേ തന്നെ പോകുവോ…?… അതോ ഉച്ചകഴിഞ്ഞേ ഉള്ളോ…? ”

” അതെന്താടാ…. നിനക്ക് ഞാനിവിടെ നിൽക്കുന്നത് ഇഷ്ടമല്ലേ…. ”

” അതല്ലടാ…. ഞാൻ ഈ അവസ്ഥയിൽ ഇവിടെ കിടക്കുമ്പോൾ….. നിന്നെ ഒന്ന് പുറത്ത് കൊണ്ടുപോകാൻ പോലും പറ്റില്ല…. നീ ഇവിടെ ഇരുന്ന് ബോറടിച്ചു ചാകും…. ” അരവിന്ദിന്റെ വാക്കുകളിൽ ഒരു വിഷമം ഉണ്ടായിരുന്നു….

” എന്തായാലും എന്റെ വീടിനേക്കാൾ ഭേദമാണെ….. ഇനി നിനക്ക് ഇത്തിരി ബുദ്ധിമുട്ട് തോന്നിയാലും ഞാൻ രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ…. നാടൊക്കെ ഞാൻ തന്നെ ചുറ്റി കണ്ടോളാം….നീ അതോർത്ത് ടെൻഷൻ അടിക്കണ്ട….. ” അമൽ ചിരിയോടെ പറഞ്ഞിട്ട് ബാഗും എടുത്ത് മുറിയിലേക്ക് നടന്നു….

പിറ്റേന്ന് അൽപ്പം നേരത്തെ തന്നെ എഴുന്നേറ്റ് അമൽ അരവിന്ദിന്റെ മുറിയിൽ ഹാജർ വച്ചു…. കത്തിയടി കലശലായി തുടർന്ന് കൊണ്ടിരിക്കെ ചായ കപ്പുകളുമായി ഇന്ദുവും എത്തി…. രാവിലേ തന്നെ കുളിച്ച് റെഡിയായിട്ടുണ്ട്….

” ഇതെന്താ…. രാവിലേ എവിടെങ്കിലും പോകുന്നുണ്ടോ…. ” എന്തെങ്കിലും ഒന്ന് സംസാരിക്കാൻ വേണ്ടി അമൽ ചോദിച്ചു….

” ഉവ്വല്ലോ…. അവൾ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ പോകുമല്ലോ…. ” അമലിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അരവിന്ദാണ്…. അമൽ അതു കേട്ട് ദേഷ്യത്തിൽ പല്ലു കടിച്ചുകൊണ്ട് മനസ്സിൽ അവനെ ചീത്ത പറഞ്ഞു…

” അപ്പൊ ഒരു കാര്യം ചെയ്യാം….. നീ ചുമ്മാ ഇരിക്കുവല്ലേ….. വേണമെങ്കിൽ അവളുടെ കൂടെ അമ്പലത്തിൽ ഒന്ന് പോയിട്ട് വാ…. എന്നിട്ടെങ്കിലും നീ നന്നാവുവോന്ന് അറിയാല്ലോ….” അതിന്റ കൂടെ തന്നെ അരവിന്ദ് പറഞ്ഞു…. അത് കേട്ടപ്പോൾ സ്വർഗം കിട്ടിയ അവസ്ഥയാണ് അമലിന് തോന്നിയത്…. ചീത്ത വിളിച്ച നാവുകൊണ്ട് അവനെ സ്തുതിക്കാൻ ഒരു നിമിഷം തോന്നിപ്പോയി…. അവളുടെ മുഖത്തും ഒരു തെളിച്ചം അപ്പോൾ വന്നിരുന്നുവോ….

” യെ… അത് വേണ്ടടാ.. ഞാൻ കുളിച്ചിട്ടില്ല…. ഇനി കുളിയും തേവരോം കഴിഞ്ഞിട്ട് എപ്പളാ…. ” വെറുതെ ഒന്ന് ജാടയിടാൻ വേണ്ടി പറഞ്ഞതാണ്…. അപ്പോളു നോട്ടം അവളുടെ മുഖത്തേക്കാണെന്ന് മാത്രം…

” വേണ്ടെങ്കിൽ വേണ്ട…. മോൾ എന്നാൽ പോക്കോടി…. അവൻ വരുന്നില്ല…. ” കേട്ടപാടെ അരവിന്ദ് ഇന്ദുവിനോട് പറഞ്ഞു…. അവൻ നിർബന്ധിക്കും എന്ന് കരുതിയ അമലിന്റെ ഒന്ന് രണ്ടു കിളികൾ അടി കിട്ടിയത് പോലെയായി….

” അല്ലെങ്കിൽ വേണ്ട…. ഞാനും വരുന്നു…. നാടൊക്കെ ഒന്ന് ചുറ്റിക്കാണല്ലോ…. കൂടെ അമ്പലത്തിലും ഒന്ന് കയറാം… ” മുഖത്ത് വന്ന് ചളിപ്പ് മറച്ചുകൊണ്ട് അവൻ പറഞ്ഞു…. ഇന്ദുവും ഒന്ന് ചിരിച്ചത് പോലെ അവന് തോന്നി….

” അല്ല…. അപ്പൊ കുളിയും തേവരോം ഒക്കെ…. ” അരവിന്ദ് കളിയാക്കുന്നത് പോലെ ചോദിച്ചു….

” ഇന്ദു… ഒന്ന് വെയിറ്റ് ചെയ്യ്…. പത്തു മിനിറ്റ്…. ഞാനിപ്പോ റെഡിയായിട്ട് വരാം… ” അരവിന്ദിനെ മൈൻഡ് ചെയ്യാതെ അവൻ വേഗം റൂമിലേക്ക് പോയി….. അവന്റെ പിന്നാലേ ഇന്ദുവും…. അപ്പോളും ഒരു ചിരിയോടെ അരവിന്ദ് അവനെ നോക്കുന്നുണ്ടായിരുന്നു…..

കുളിയൊക്കെ പെട്ടന്ന് കഴിഞ്ഞ് ഒരു മുണ്ടും ഷർട്ടും ഇട്ട് അവൻ ഉമ്മറത്തെത്തിയപ്പോൾ അവനെ കാത്ത് ഇന്ദുവും അവിടെ ഉണ്ടായിരുന്നു….. തൂണിൽ ചാരി എന്തോ ആലോചിച്ചു കൊണ്ട് അവൾ ദാവണിയുടെ അറ്റം വിരലിൽ വച്ച് ചുറ്റികൊണ്ടിരിക്കുന്നു…. അവനും അവളെ തന്നെ നോക്കിക്കൊണ്ട് കുറച്ചു നേരം അവിടെ നിന്നു…..

” ഡോ….താൻ പകൽക്കിനാവ് കാണുവാ….പോകണ്ടേഡോ…. ” അവളുടെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് ചിരിയോടെ അവൻ ചോദിച്ചു…. പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും ഒന്നും മിണ്ടാതെ അവൾ മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി….

” എടൊ…. നിക്കഡോ… ഞാനും അങ്ങോട്ടല്ലേ…. ശെടാ…” അവളുടെ പിന്നാലെ ഇറങ്ങിക്കൊണ്ട് അവൻ പറഞ്ഞു….. ബ്രേക്ക്‌ ഇട്ടത് പോലെ അവൾ നിന്നു…. അവൻ അടുത്തെത്തിയപ്പോൾ രണ്ടുപേരും ഒരുമിച്ച് നടക്കാൻ തുടങ്ങി……

പടിപ്പുര വാതിലും കടന്ന് അവർ മൺപാതയിലേക്ക് ഇറങ്ങി…. ഇന്ദു വഴിയുടെ അപ്പുറവും അമൽ ഇപ്പുറവുമായാണ് നടക്കുന്നത്…. അവൾ മുഖം ഒന്ന് ഉയർത്തി നോക്കുന്നത് പോലുമില്ല…. ധാവണിയുടെ അറ്റം വിരലിൽ ചുറ്റുകയും

അഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു…. അവളുടെ മുഖം കണ്ടപ്പോൾ നല്ല ടെൻഷൻ ഉള്ളത് പോലെ അവന് തോന്നി…..

” തനിക്ക് എന്താടോ ഇത്രയും ടെൻഷൻ…. ഞാൻ കൂടെ വരുന്നത് കൊണ്ടാണോ.???.. ഞാൻ തന്നെ പിടിച്ചു തിന്നാൻ പോണില്ലടോ…. ” ഒരു ചിരിയോടെ അവൻ പറഞ്ഞു…. പക്ഷെ അപ്പോളും അവൾക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല…..

” ശരി…. എന്നാൽ താൻ പൊയ്ക്കോ…. ഞാൻ വരുന്നില്ല…. ” അവൻ നടത്തം നിർത്തി തിരിച്ചു പോകാൻ ഒരുങ്ങി….

” അതേ…. എങ്ങോട്ട് പോവാ??… അമ്പലത്തിൽ വരണില്ലേ??… ” ഇന്ദുവിന്റെ ആശങ്ക നിറഞ്ഞ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നിന്നു….

” ഞാൻ പിന്നീട് ഒരിക്കിൽ പൊയ്ക്കോളാം…. ഇന്ദു പോയിട്ട് വാ… ”

” അപ്പൊ എന്റെ കൂടെ അമ്പലത്തിൽ വരാന്ന് പറഞ്ഞിട്ട്???…. ” അവളുടെ ചോദ്യത്തിൽ കൂടെ വരുന്നില്ല എന്നു പറഞ്ഞതിന്റെ പിണക്കം ഉള്ളതായി അവന് തോന്നി….

” അല്ല… ഞാൻ കൂടെ വരുമ്പോൾ തനിക്ക് എന്തോ ബുദ്ധിമുട്ടുള്ളത് പോലെ എനിക്ക് തോന്നുന്നു…. അതുകൊണ്ട് താൻ പോയിട്ട് വാ… ഞാൻ ആ വയലും വാഴത്തോപ്പും ഒക്കെ ഒന്ന് കാണാൻ പോവാം…. അമ്പലത്തിൽ പിന്നെ എപ്പോളെങ്കിലും പൊയ്ക്കോളാം…. ”

” എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല…. അമ്പലത്തിൽ പോകാൻ ഇറങ്ങിയിട്ട് തിരികെ പോണത് ശരിയല്ല…. അവിടൊക്കെ പിന്നെ പോകാം… സമയമുണ്ടല്ലോ…. ” അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു…. അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു…. പിന്നീടുള്ള നടത്തം ഒരുമിച്ചായിരുന്നു…. പക്ഷെ ഇടയ്ക്ക് ഇടയ്ക്കുള്ള പാളിയ നോട്ടങ്ങളിൽ കണ്ണുകൾ തമ്മിൽ കോർത്തതല്ലാതെ രണ്ടു പേരും തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല….. നേർത്ത ഒരു മതിൽ അവർക്കിടയിൽ രൂപപ്പെട്ടത് പോലെ….

“താൻ കുറേ നേരമായി അതേ ഇതേ എന്നൊക്കെയാണല്ലോ എന്നെ വിളിക്കുന്നത്…. ഇപ്പോളും എന്നെ എന്താ വിളിക്കേണ്ടതെന്ന് ഒരു ഉറപ്പില്ലല്ലേ….” ചുറ്റുമുണ്ടായിരുന്ന മൗനത്തെ ഭേദിച്ചുകൊണ്ട് അവൻ ചോദിച്ചു… അവൾ മറുപടി ഒന്നും പറയാതെ താഴേക്ക് നോക്കി നടന്നു…. പക്ഷെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത് അവൻ ശ്രദ്ധിച്ചിരുന്നു…. പതിയെ അത് അവനില്ക്കും പടർന്നു….

ക്ഷേത്രത്തിന്റെ മതിൽക്കെട്ട് കടന്നപ്പോൾ അമൽ ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്തു…. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം വായുവിൽ നിറഞ്ഞിരുന്നു…. സമാധാനപരമായ അന്തരീക്ഷത്തിൽ ഒരു ചെറിയ ശ്രീകോവിലും ചുറ്റമ്പലവും നാലുകോണിലും പടർന്നു നിൽക്കുന്ന ആൽമരങ്ങളും…. പ്രണയത്തിന്റെയും വൈവാഹിക ജീവിതത്തിന്റെയും ആദിയും അവസാനവുമായ ശിവപാർവതി പ്രീതിഷ്ഠ…. ഒറ്റ നോട്ടത്തിൽ ക്ഷേത്രവും പരിസരവും അമലിന്റെ മനസ്സിൽ ഇടം പിടിച്ചു…. അവൻ തൊട്ടടുത്ത് നിന്ന ഇന്ദുവിനെ നോക്കി…. അവനെ ശ്രദ്ധിക്കാതെ അവൾ അപ്പോളേ കണ്ണടച്ച് പ്രാർത്ഥന തുടങ്ങിയിരുന്നു…. ഒരു പുഞ്ചിരിയോടെ അവളുടെ ഒപ്പം അവനും നാലമ്പലത്തിനുള്ളിൽ കയറി…. അകത്തു കയറിയപാടെ വഴിപാട് രസീത് എഴുതിക്കണം എന്ന് പറഞ്ഞ് ഇന്ദു അങ്ങോട്ടേക്ക് പോയി…. അമൽ തൊഴുത് പ്രദിക്ഷിണം വയ്ക്കാൻ തുടങ്ങി…. പ്രദിക്ഷിണം വയ്ക്കുന്നതിനിടയിൽ അവൻ തിരിഞ്ഞ് വഴിപാട് കൌണ്ടറിൽ നിൽക്കുന്ന ഇന്ദുവിനെ ഒന്ന് നോക്കി….പെട്ടന്ന് അവൻ എന്തിലോ ഇടിച്ചു….. എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം….

” നിനക്കൊന്നും കണ്ണ് കാണില്ലെടാ….. രാവിലെ പെണ്ണുങ്ങളെ വായിനോക്കാൻ ഒരുങ്ങിക്കെട്ടി അമ്പലത്തിലേക്ക് വന്നോണം….” അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഏതോ ഒരു പെൺകുട്ടി അവന്റെ മുൻപിൽ ദേഷ്യത്തോടെ നിൽക്കുകയാണ്…. നിലത്തൊക്കെ പൂക്കളും പ്രസാദവും വീണു കിടക്കുന്നു…. കൂടെ സ്റ്റീലിന്റെ പൂക്കൂടയും….

” സോറി പെങ്ങളെ…. ഞാൻ ശ്രദ്ധിച്ചില്ല…. അറിയാതെ പറ്റിയതാണ്…. സോറി… ” അവൻ നിലത്തിരുന്ന് പൂക്കൂട എടുത്ത് പൂക്കളും പ്രസാദവും അതിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി…. ഒരു ബഹളം അവൻ പ്രതീക്ഷിച്ചെങ്കിലും ഒന്നും കേൾക്കാത്തതിനാൽ അവൻ നിലത്ത് മുട്ട് കുത്തിക്കൊണ്ട് തല ഉയർത്തി നോക്കി…. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ആ പെൺകുട്ടി അവനെ നോക്കി നിൽക്കുകയായിരുന്നു…. അവൻ എഴുന്നേറ്റ് പൂക്കൂട അവളെ ഏൽപ്പിച്ചു… ഒന്നുകൂടി സോറി പറഞ്ഞ് മുൻപോട്ട് നടന്നു….. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ അപ്പോളും അവനെ തന്നെ നോക്കി നിൽക്കുകയാണ്….

ഒന്ന് വലം വച്ച് ശ്രീകോവിലിനു മുൻപിൽ എത്തിയപ്പോളാണ് ഇന്ദു രസീത് പൂജാരിയെ ഏൽപ്പിച്ച് അവന്റടുത്തേക്ക് വന്നത്….

” എടി ഇന്ദു…. ” പിന്നിൽ നിന്നും ഒരു അലർച്ച കേട്ട് അവർ മാത്രമല്ല അമ്പലത്തിലെ പൂജാരിയടക്കം എല്ലാവരും അങ്ങോട്ടേക്ക് നോക്കി… അമൽ നേരത്തെ തട്ടിയ പെൺകുട്ടിയായിരുന്നു അത്…. അവളെ കണ്ടപ്പോൾ ഇന്ദുവിന്റെ മുഖവും ഒന്ന് തെളിഞ്ഞു….

” എത്ര നാളായടി നിന്നെ കണ്ടിട്ട്… കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ തടിച്ചുട്ടോ….. സുന്ദരിയായല്ലോ…. ” അവൾ ഓടി വന്ന് ഇന്ദുവിനെ കെട്ടിപിടിച്ചുകൊണ്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി….. അമ്പലത്തിലായത് കൊണ്ടും എല്ലാവരും ശ്രദ്ധിക്കുന്നത് കൊണ്ടും ഇന്ദു തിരിച്ചൊന്നും പറഞ്ഞില്ല…. എന്തായാലും വന്നയാൾ ഇന്ദുവിന്റെ കൂട്ടുകാരിയാണെന്ന് അവന് മനസ്സിലായി…

” നിങ്ങൾ കൂട്ടുകാരികളുടെ സ്നേഹപ്രകടനം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്…. ക്ഷേത്രമാണ് അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് പുറത്ത് ഇറങ്ങി സംസാരിക്കുന്നതല്ലേ നല്ലത്…. ” ഇന്ദുവിന്റെ അവസ്ഥ കണ്ട് അമൽ അവരോടായി പറഞ്ഞു…..

” ഏഹ്…. ഇതാരാടി???…. ഇനി നിന്റെ കാമുകനോ ഭാവി വരനോ വല്ലതുമാണോ??… ” അവളുടെ ചോദ്യത്തിൽ ആകാംഷയും ആശങ്കയും ഒരുപോലെ ഉള്ളതായി അവന് തോന്നി …. അവളുടെ ചോദ്യത്തിന്റെ പ്രീതിഫലനമെന്നോണം ഇന്ദുവിന്റെ മുഖത്ത് നാണത്തിന്റെ ചുവപ്പുരാശി വീണത് ഞെട്ടലിനിടയിലും അവന്റെയുള്ളിൽ ഒരു മഞ്ഞു മഴ പെയ്യിച്ചു…..

” ഏയ്‌…. ഇത്…. ഇത് അരവിന്ദേട്ടന്റെ കൂട്ടുകാരനാ…. ടൗണിൽ നിന്ന്…. ” വിക്കിയും മൂളിയും ഇന്ദു ഒരു വിധം പറഞ്ഞൊപ്പിച്ചു….

” ഹോ… ആശ്വാസം… ഞാൻ അങ്ങ് പേടിച്ചു പോയി… ” അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞപ്പോൾ വീണ്ടും ഇന്ദുവും അമലും ഒരുമിച്ച് ഞെട്ടി….

” എന്താ… എന്താ നീ പറഞ്ഞെ???… ” പെട്ടന്ന് ഇന്ദുവിന്റെ ശബ്ദം പുറത്ത് വന്നു…. അതിൽ എന്തൊക്കെയോ പ്രശ്നങ്ങൾ അവന് മണത്തു….

” നിങ്ങൾ രണ്ടും തൽക്കാലം പുറത്തേക്ക് ചെല്ല്…. ഇവിടെ നിന്ന് സംസാരിക്കാൻ പറ്റില്ലാന്ന് തോന്നുന്നു…. ”

” സോറി ട്ടോ…. ശരിക്കും അറിയാതെ പറ്റിയതാണ്…. പെട്ടന്ന് എന്റെ ശ്രദ്ധ മാറിപ്പോയി…. കുട്ടി അതുവഴി വരുന്നത് കണ്ടില്ല…. ” എന്തെങ്കിലും പറയണമല്ലോ എന്ന് കരുതിയാണ് അവൻ അത് പറഞ്ഞത്….

” അത് സാരമില്ല ചേട്ടാ…. എന്നെ കുട്ടിന്ന് ഒന്നും വിളിക്കണ്ട…. എന്റെ പേര് ആരതിന്നാ…. ചേട്ടന്റെ പേരെന്താ??…. ” അവളുടെ മുഖത്ത് ഒരു നിറപുഞ്ചിരി ഉണ്ടായിരുന്നു….

” അമൽ… ഇന്ദുവിനെ എങ്ങനുള്ള പരിചയമാ.??… നിങ്ങൾ ഇപ്പോൾ കണ്ടിട്ട് ഒരുപാട് നാളായിന്ന് തോന്നുന്നു…. ”

” ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സാ…. പ്ലസ് ടു വരെ…. ഞാനിപ്പോ ഡിഗ്രിക്ക് പഠിക്കുവാ… ഹോസ്റ്റലിൽ ആയത് കൊണ്ട് എപ്പോളും കാണാൻ പറ്റില്ലല്ലോ…. അതാ…. ” അവർ പിന്നെയും ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു…. ആരതി വളരെ കൂളായ ഒരുപാട് സംസാരിക്കുന്ന പെൺകുട്ടിയാണെന്ന് അവന് അപ്പോളേക്കും മനസ്സിലായി…. ഇന്ദുവിനെപ്പോലെയെ അല്ല…. തികച്ചും വേറിട്ട ഒരു ക്യാരക്ട്ടർ….. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ഇന്ദു അങ്ങോട്ടേക്ക് വന്നത്…. കൈയിൽ ഇല ചീന്തിൽ വഴിപാട് പ്രസാദവുമുണ്ട്…. അവരുടെ ചിരിച്ചും കളിച്ചുമുള്ള സംസാരം കണ്ടപ്പോൾ അവളുടെ മുഖം ഇരുണ്ടത് അവൻ ശ്രദ്ധിച്ചു…. അവന്റെയുള്ളിൽ അപ്പോൾ ഒരു കുഞ്ഞു സന്തോഷവും മൊട്ടിട്ടിരുന്നു…..

” ദേ ഇന്ദു വന്നല്ലോ… നിങ്ങൾ ഇനി സംസാരിക്ക് ഞാൻ അമ്പലം മൊത്തത്തിലൊന്ന് ചുറ്റിക്കാണട്ടെ… ” ഇന്ദുവിന്റെ കൈയിലെ ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ തൊട്ടിട്ട് അവൻ നടന്നു…..

” ശോ….ചന്ദനത്തിനാണെങ്കിൽ എന്റെ കയ്യിലും ഉണ്ടായിരുന്നല്ലോ…. ഞാൻ തൊട്ട് താരമായിരുന്നു…..” ആരതി പാതി ചിരിയും പാതി പിണക്കവുമായി പറഞ്ഞത് കേട്ട് അവൻ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു…. വേറൊരാളുടെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തത് തിരിഞ്ഞു നടക്കുന്നതിനിടയ്ക്ക് അവൻ ശ്രദ്ധിച്ചില്ല….

അവൻ കുറേ നേരം അമ്പലത്തിനു ചുറ്റിലും ആൽ ചുവട്ടിലും ഒക്കെ കഴിച്ചുകൂട്ടി… ഇടയ്ക്ക് ഇന്ദുവിനെയും ആരതിയെയും നോക്കുമ്പോൾ അവർ കാര്യമായി എന്തോ പറയുന്നതും അവൻ നോക്കുന്നത് കാണുമ്പോൾ ഇന്ദു ദേഷ്യത്തോടെ മുഖം തിരിക്കുന്നതും അവൻ കണ്ടു…. ഒന്ന് വലം വച്ച് വന്നപ്പോൾ ആരതിയെ കാണുന്നില്ല…. ഇന്ദു ഒറ്റയ്ക്ക് ആൽചുവട്ടിൽ നിൽക്കുന്നു… സംഗതി അത്ര പന്തിയല്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസ്സിലായി….

” ആരതി എവിടെ??… ആ കുട്ടി ഇത്ര പെട്ടന്ന് അങ്ങ് പോയോ???… ”

” മ്മ്… ”

” എന്തേ…. നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടായോ???… തന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ?? ”

” ഒന്നുല്ല…. നമ്മുക്ക് പോകാം… ” ഇന്ദു മുൻപിൽ കയറി നടക്കാൻ തുടങ്ങി… അമൽ തിരിഞ്ഞു നിന്ന് ഒന്നുകൂടി തൊഴുതിട്ട് അവളുടെ പിന്നാലെ നടന്നു…

തിരിച്ചു പോകുന്ന വഴിയിൽ അമൽ ഓരോ കാര്യങ്ങൾ അവളോട്‌ പറഞ്ഞു… ഇന്ദു ഒന്നും മിണ്ടാതെ എല്ലാം മൂളിക്കേൾക്കുകയാണ്…. ഇത് കുറേ നേരം

തുടർന്നപ്പോൾ അമൽ അവിടെ നിന്നു…. ഇന്ദുവിന്റെ കൈയിൽ പിടിച്ച് അവളെ അവന് അഭിമുഖമായി നിർത്തി…

” എടൊ…. അമ്പലത്തിൽ നിന്നും ഇറങ്ങിയ സമയം തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു തനിക്ക് എന്ത് പറ്റി???… താനെന്താ ഇത്രയും അങ്ങ് ആലോചിച്ചു കൂട്ടുന്നത്??… ” ഇന്ദു പതിയെ അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകളിലേക്ക് നോക്കി… അവളുടെ നോട്ടം കണ്ടപ്പോളാണ് അവനും അത് ശ്രദ്ധിക്കുന്നത്…

” സോറി…. ഞാൻ പെട്ടന്ന്…. ” അവൻ അവളുടെ കൈകൾ വിട്ടിട്ട് വേഗത്തിൽ മുൻപോട്ട് നടന്നു…. അവൾ പിന്നാലെയും….

അമലാണ് തിരിച്ച് വീട്ടിലേക്ക് ആദ്യം വന്നത്…. തൊട്ട് പിന്നാലെ ഇന്ദുവുമെത്തി…. അമൽ നേരെ അരവിന്ദിന്റെ റൂമിലേക്കും ഇന്ദു പൂജാമുറിയിലേക്കും…. അവളുടെ മുന്നിലേക്ക് പോകാൻ അവന് ഒരു മടി തോന്നിയിരുന്നു…. ‘ ഛെ…. എന്ത് മണ്ടത്തരമാണ് കാട്ടിയത്…. പൊതുവഴിയിൽ വച്ച് ഒരു പെണ്ണിന്റെ കൈയിൽ കയറി പിടിച്ചിരിക്കുന്നു….. ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ…. അവൾ എന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും…. കുറച്ചു നാളത്തെ പരിചയം മാത്രമുള്ള ഒരു പെണ്ണിന്റെ കൈയിൽ കയറി പിടിക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു…. അതും ഇന്ദുവിനെപ്പോലെ ഒരു പെണ്ണിന്റെ…. ടൗണിൽ എല്ലാവരും തോളിൽ കൈയിട്ടു നടന്നാൽ പോലും കുഴപ്പമില്ലന്ന് അവൾക്കറിയില്ലല്ലോ …. അബദ്ധം പറ്റി…. അതിന്റെ കൂടെ അവളുടെ നോട്ടവും…. എന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും…. ഛെ…. ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും…. ‘

” ഡാ… നീ എന്തുവാടേ ഈ പിറുപിറുക്കുന്നത്….. കുറേ നേരമായല്ലോ…. ഇന്ന് എന്തെങ്കിലും പണി ഒപ്പിച്ചോ…?? ” അരവിന്ദിന്റെ ചോദ്യം കേട്ടപ്പോളാണ് അവന്റെ മുൻപിലാണ് ഇരിക്കുന്നതെന്ന ബോധം അവന് വന്നത്….

” യേ… ഒന്നുമില്ലടാ… ഞാൻ ഒന്ന് കിടക്കട്ടെ ഭയങ്കര ക്ഷീണം പോലെ… ” മറുപടിക്ക് നിൽക്കാതെ അവൻ റൂമിലേക്ക് പോയി….

അന്ന് മൊത്തം ഇന്ദുവിന്റെ മുൻപിൽ പെടാതെ അവൻ മാറി നിന്നു…. ഭക്ഷണം കഴിക്കാൻ നേരവും ചായ കുടിക്കാൻ നേരവും അവളെ കണ്ടെങ്കിലും മുഖത്ത് നോക്കാൻ അവന് ധൈര്യം വന്നില്ല…. ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ മുൻപിൽ ഇങ്ങനൊക്കെ തോന്നതെന്ന ചിന്ത അവന് തന്നെ അതിശയമായിരുന്നു…. ഇന്ദുവിന്റെ മുൻപിൽ ഇങ്ങനെ ഒരു ചെറിയ കാര്യത്തിന് പോലും എല്ലാ വീര്യവും ചോർന്ന് താൻ അശക്തനാകുന്നത് അവൻ അറിയുകയായിരുന്നു…. ശരിക്കും കൈയിൽ പിടിക്കുന്നത് അത്ര വലിയ കുറ്റമല്ലല്ലോ…. അതറിയാമെങ്കിലും എന്തിനാണ് ഈ ടെൻഷൻ…..

അന്നൊരു ദിവസം അവൻ ഇന്ദുവിൽ നിന്നും മാറി നിന്നു…. പക്ഷെ അടുത്ത ദിവസം തൊട്ട് ഇന്ദു അവന്റെ മുൻപിൽ എത്താതെയായി…. ചായ കൊടുക്കാനോ ഭക്ഷണം കൊടുക്കാനോ അവൾ വന്നില്ല….. എപ്പോളും അടുക്കളയിലാണെന്ന് അവൻ ഊഹിച്ചു…. എന്ത് കാരണം പറഞ്ഞ് അവിടെ ചെന്ന് കയറും…. അടുക്കളയിൽ കയറാൻ അമ്മ സമ്മതിക്കില്ല…. പണ്ടേ അങ്ങനാണത്രെ….. പുരുഷൻമാർ അടുക്കളയിൽ കയറാൻ പാടില്ലെന്ന്…. അപ്പോളാണ് ശരിക്കും അവന് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായി…. അവളുടെ മുൻപിൽ നിന്നും

മാറുന്നതിനേക്കാൾ കഠിനമായിരുന്നു അവളെ കാണാതിരിക്കാൻ…. ഉച്ച വരെ എങ്ങനെയോ കഴിച്ചുകൂട്ടി….. പിന്നീട് ഇരിക്കപ്പൊറുതി ഇല്ലാതെ നടക്കാൻ തുടങ്ങി…. തിരിച്ചു പോയാലോന്നു കൂടി ചിന്തിച്ചു…. പക്ഷെ പോയാൽ ഇനിയൊരു തിരിച്ചു വരവ്…. അത് ബുദ്ധിമുട്ടാണ്…. മനസ്സിന് അൽപ്പം ആശ്വാസം കിട്ടാനായി അവൻ കുളക്കടവിലേക്ക് നടന്നു…. കുളത്തിന്റെ പടവിലെത്തിയപ്പോളെക്കും തണുത്തകാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നു പോയി…. ഒരു ദീർഘനിശ്വാസത്തോടെ ചുറ്റും നോക്കിയപ്പോളാണ് അവിടെ മൂലയ്ക്ക് മാറി കുനിനഞ്ഞിരിക്കുന്ന ഇന്ദുവിനെ കാണുന്നത്….. ചൂടുപിടിച്ച മനസ്സ് ഒരു നിമിഷം കൊണ്ട് തണുത്ത് മഞ്ഞുപോലെയാകുന്നത് അവൻ അറിഞ്ഞു….. കാൽപ്പെരുമാറ്റം കേട്ട് അവൾ തലയുയർത്തി നോക്കി…. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….. അവനെ കണ്ടപ്പോൾ പെട്ടന്ന് അവൾ മുഖം തിരിച്ച് കണ്ണുകൾ തുടച്ചു ഒരു പുഞ്ചിരി മുഖത്തണിഞ്ഞു…..

” ഇന്ദു…. എന്ത് പറ്റി…. താൻ എന്തിനാ ഇവിടെ ഇരുന്ന് ഇങ്ങനെ കരയുന്നത്??…. ” അവളുടെ അടുത്ത് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു….

” യേ…. ഒന്നുമില്ല….. വെറുതെ…. ” ഒരു പുഞ്ചിരി എടുത്തണിഞ്ഞ് അവൾ പറഞ്ഞു….

” വെറുതെയോ…. വെറുതെ ആരെങ്കിലും കരയുമോ???… ഇന്നലെ അമ്പലത്തിൽ നിന്നും ഇറങ്ങിയത് തൊട്ട് ഇങ്ങനാണല്ലോ…. ആരതി എന്താ പറഞ്ഞത്??… നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കിട്ടോ???…. ”

” മ്മ് മ്മ്… ” വഴക്ക് ഒന്നും ഇട്ടില്ലന്നുള്ള രീതിയിൽ അവൾ തലയാട്ടിക്കൊണ്ട് മൂളി….

” പിന്നെ…. ഇനി…. ഞാൻ അവിടെ വച്ച് തന്റെ കൈയിൽ പിടിച്ചതുകൊണ്ടാണോ???… അതുകൊണ്ടാണോ എന്റെ മുൻപിൽ വരാതെ മാറി നിൽക്കുന്നത്…. അത് ശരിക്കും അറിയാതെ….. ഞാൻ അങ്ങനെ ഓർത്തില്ല…. ” അമൽ വിഷമത്തോടെ പറഞ്ഞു….

” അതിന് ഞാനല്ലല്ലോ ആരുടേയും മുന്നിൽ പെടാതെ നടക്കുന്നത്….. എന്നെയല്ലേ ഒഴിവാക്കുന്നത്…. ” അവളത് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി…. ഇനി ഞാൻ ഒഴിവാക്കുന്നതാണോ അവളുടെ സങ്കടം എന്നൊരു ചിന്ത അവന്റെയുള്ളിൽ മൊട്ടിട്ടു….

” അതേ…. ” ചിന്തയിലായിരുന്ന അവന് അവളുടെ അടുത്ത വിളി വന്നു….. എന്തോ സംശയം ഉള്ളിലുള്ളത് പോലെ അവന് തോന്നി… ഒപ്പം നീരസവും….

” എടൊ….. താൻ ആദ്യം ഈ അതേ ഇതേ എന്നുള്ള വിളി നിർത്ത്….? അൽപ്പം നീരസത്തോടെ അവൻ പറഞ്ഞു….

” പിന്നെ….. ഞാൻ….. എന്താ… ”

” ഓഹോ…. എന്താ വിളിക്കണ്ടതെന്ന് അറിയില്ലല്ലേ…. അന്ന് എന്നെ ഫോൺ ചെയ്തപ്പോൾ വിളിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്…. അത് തന്നെ വിളിച്ചാൽ മതി…. ” ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു…. അത് എന്താണെന്നുള്ള രീതിയിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി…. പെട്ടന്ന് മനസ്സിലായത് പോലെ തല താഴ്ത്തി…

” അത്… ഞാൻ…. അപ്പൊ…. പെട്ടന്ന്… ” അവൾ വിക്കി വിക്കി പറഞ്ഞു….

” പെട്ടന്നാണെങ്കിലും പതുക്കെയാണെങ്കിലും ഇനി എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി…. ”

” ആരതിയെ പറ്റിയോ??…. നല്ല സ്മാർട്ടായ കുട്ടിയല്ലേ….. നല്ല വിദ്യാഭ്യാസവുമുണ്ട്….. അത്യാവശ്യം ലോകവിവരവുമുള്ള കൂട്ടത്തിലാണന്ന് തോന്നുന്നു…… കാണാനും കൊള്ളാം….. അല്ല തന്റെ കൂട്ടുകാരിയല്ലേ….. തനിക്ക് നന്നായിട്ട് അറിയാല്ലോ….എന്തിനാ ഇതിപ്പോ എന്നോട് ചോദിക്കുന്നത്???… ” പറഞ്ഞു കഴിഞ്ഞപ്പോൾ അവനെ തുറിച്ചു നോക്കുന്ന ഇന്ദുവിനെയാണ് കണ്ടത്…. എന്തിനാണെന്ന് മനസ്സിലാകാതെ അവൻ നോക്കി ഇരുന്നു……

” അവൾക്ക് അമലേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞു…. ടൗണിൽ വച്ച് നേരത്തെ കണ്ടു പരിചയമൊക്കെയുണ്ടെന്ന്…. അപ്പോ ഏട്ടന്റെ അഭിപ്രായം അറിയാൻ ചോദിച്ചതാ…. ” അവൻ അത്ഭുതപ്പെട്ടിരിന്നു…. സ്നേഹിക്കുന്ന പെണ്ണ് വന്ന് പറയുന്നു അവളുടെ കൂട്ടുകാരിക്ക് തന്നെ ഇഷ്ടമാണെന്ന്…. എന്തൊരു വിരോധാഭാസം…..

” മ്മ്… എന്നിട്ട് ഇന്ദു എന്ത് പറഞ്ഞു…. ” അവൻ വലിയ ഭാവഭേദമൊന്നും ഇല്ലാതെ ചോദിച്ചു…

” ഞാൻ…. ഞാൻ ഒന്നും പറഞ്ഞില്ല…. ഞാനല്ലല്ലോ പറയേണ്ടത്…. ” അവൾ ഒരു പ്രതീക്ഷയോടെ അവനെ നോക്കുന്നുണ്ടായിരുന്നു….

” മ്മ്…. അത് ശരിയാ….. നല്ല കുട്ടിയാണല്ലോ….. ഇന്ദുവിന് നല്ല പരിചയവുമുണ്ട്…. അപ്പൊ പിന്നെ അതങ്ങ് ഉറപ്പിക്കാമല്ലേ…. എന്താ ഇയാളുടെ അഭിപ്രായം….. ” അത് കേട്ടതോടെ അവളുടെ മുഖം ഇരുണ്ടു…. പ്രതീക്ഷയുടെ അവസാന കണികയും നഷ്ടപ്പെട്ട് അവളുടെ കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി…..

” ഞാനാരാ അഭിപ്രായം പറയാൻ…. ഇഷ്ടം പോലെ ചെയ്യാല്ലോ??.. ” നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ അവൾ പാടുപെട്ടു…. പക്ഷെ അതവൻ കണ്ടിരുന്നു…. അവന്റെയുള്ളിൽ ഒരു കുഞ്ഞു സന്തോഷം തോന്നി…..ഇന്ദു തന്നെ ഇഷ്ടപെടുന്നുണ്ട്…. അതവളുടെ മുഖത്ത് കാണാം…. ഇതായിരുന്നുവോ അവളുടെ സങ്കടത്തിന് കാരണം….. അവൻ മനസ്സിൽ ഓർത്തു….

” എന്നാൽ ഇനി അവളെ കാണുകയോ വിളിക്കുകയോ ചെയ്യുകയാണെങ്കിൽ ഇന്ദു പറഞ്ഞോളൂ …. ” അവൾ ഒന്നു മൂളി…… ഒരു ചിരിയോടെ അവൻ എഴുന്നേറ്റു…

” അവളോട്‌ പറഞ്ഞോളൂ…. എനിക്ക് അവളെ അങ്ങനെ കാണാനൊക്കില്ല എന്റെ മനസ്സ് പണ്ടേ ഒരു കരിനീലമിഴിയുള്ള ധാവണിക്കാരി കൊണ്ടുപോയതാണെന്ന്….” മങ്ങിയ അവളുടെ മുഖത്ത് ഒരു പ്രസന്നത പെട്ടന്ന് മിന്നി മറയുന്നതവൻ കണ്ടു….

” പിന്നെ….. കുളക്കടവിൽ ഇങ്ങനെ ഇരുന്ന് സമയം കളയാതെ ഇയാൾ എന്റെ കൂടെ വന്നേ…. എന്നെ വയൽ മൊത്തം ചുറ്റികാണിക്കാമെന്ന് ഇന്നലെ പറഞ്ഞതല്ലേ…. വേഗം വാ…. ” അവൻ പതിയെ പടവുകൾ കയറി ഉമ്മറത്തു പോയി നിന്നു….. അധികം

വൈകാതെ ഇന്ദുവും അവിടെ എത്തി…. രണ്ടുപേരും കൂടി തൊടിയിലും പറമ്പിലുമായി പതിയെ നടന്നു…. അപ്പോഴും അനാവശ്യമായ ഒരു മൗനം അവർക്കിടയിൽ ഉണ്ടായിരുന്നു …..

” ആരാ നേരത്തെ പറഞ്ഞ പെൺകുട്ടി….?” അധികം വൈകാതെ അമൽ പ്രതീക്ഷിച്ച ചോദ്യമെത്തി….

” ഏത് പെൺകുട്ടി…. ” ഒന്നും അറിയാത്തത് പോലെ അവൻ ചോദിച്ചു….

” നേരത്തെ പറഞ്ഞില്ലേ…. ഒരു കരിനീലകണ്ണുള്ള ധാവണിക്കാരി….. അതാരാണെന്ന്???…. ” അവളുടെ വാക്കുകളിൽ അൽപ്പം ദുഃഖമുള്ളത് പോലെ അവന് തോന്നി….

” അതൊക്കെയുണ്ട്…. അധികം വൈകാതെ എല്ലാവരും അറിയും…. ” സ്വതവേയുള്ള ചിരിയോടെ അവൻ പറഞ്ഞു….. അപ്പോളേക്കും അവിടെ മഴ ചാറി തുടങ്ങി….. അവർ രണ്ടുപേരും കൂടി പാടവരമ്പിൽ പണിഞ്ഞിട്ടുള്ള ഓലപ്പുരയിലേക്ക് കയറി…. രണ്ടുപേരും അത്യാവശ്യം നാനഞ്ഞിരുന്നു….. മഴയുടെ ഭംഗിയും ആസ്വദിച്ച് അവൻ പുറത്തേക്ക് നോക്കി നിന്നു…. അവന്റെ കണ്ണുകൾ അറിയാതെ ഇന്ദുവിലേക്ക് എത്തി…. നനഞ്ഞ മുടി കോതിക്കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ അവന്റ ചിന്തകൾ ആദ്യമായി അവളെ കണ്ട കുളക്കടവിലെത്തി….

” സുന്ദരിയായിട്ടുണ്ട്…..” അറിയാതെ അവന്റെ നാവിൽ നിന്നും പുറത്തേക്ക് വന്നു പോയി…

” എന്താ..??.. എന്താ പറഞ്ഞെ??… ” അപ്പോൾ തന്നെ അവൾ തിരിച്ചു ചോദിച്ചു…

” അല്ല…. സുന്ദരിയായിട്ടുണ്ടെന്ന്…. മഴ…. പാടത്ത് ഇങ്ങനെ പെയ്യുന്ന മഴ സുന്ദരിയായിട്ടുണ്ടെന്ന്…. ” അവൻ ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു….

“മ്മ്…. ” അവൾ ഒന്ന് അർത്ഥംവച്ചു മൂളി…. അപ്പോളാണ് ഒരു മൂലയ്ക്ക് ഓലയുടെ ഇടയിൽ ഒരു കവർ അവന്റ ശ്രദ്ധയിൽപ്പെട്ടത്…..

” ഇതെന്താ ആ കവറിൽ???… ” അങ്ങോട്ട് ചൂണ്ടിക്കൊണ്ട് അവൻ ഇന്ദുവിനോട് ചോദിച്ചു….

” അതോ…. അതിവിടെ വയലും മറ്റും നോക്കി നടത്തുന്ന ആശാന്റെയാ…. വാറ്റ് ചാരായം….. ദേ ആ മലയ്ക്ക് അപ്പുറത്തുനിന്നും വാങ്ങിക്കൊണ്ട് വരുന്നതാ…..” അവൾ ധാവണിയുടെ തുമ്പ് പിഴിഞ്ഞുകൊണ്ട് പറഞ്ഞു…..

” വാറ്റ് ചാരായമോ??…. ” അവന്റെ ശബ്ദം അൽപ്പം ഉച്ചത്തിൽ വന്നു ….

” അതേ….. ടൗണിൽ അല്ലെ ഇതൊന്നും കിട്ടാത്തെ…. ഇവിടെ അധികം പേരും ഇപ്പോളും ഇതൊക്കെയാ കുടിക്കുന്നതെന്നാ കേട്ടിട്ടുള്ളെ…. എന്തെ വേണോ??…. ” അവൾ സംശയത്തോടെ അവനെ നോക്കി…..

” ഓ…. എനിക്കൊന്നും വേണ്ടേ…. ” ഒന്ന് ടേസ്റ്റ് നോക്കണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ നോട്ടം കണ്ടപ്പോൾ അവൻ വേണ്ടന്ന് പറഞ്ഞു….. കുടിയൻ ഒന്നുമല്ലെങ്കിലും എല്ലാത്തിന്റെയും രുചി അറിയണമല്ലോ….

” മ്മ്… അല്ലെങ്കിലും ഞാൻ സമ്മതിക്കില്ല…. അത് കഞ്ചാവ് ഒക്കെ ഇട്ട് ഉണ്ടാക്കിതാണെന്ന കേട്ടെ….. എന്തിനാ വെറുതെ ആരോഗ്യം കളയുന്നെ….. ”

‘അപ്പോൾ മദ്യപാനം തുടങ്ങിട്ട് കാര്യമില്ല…. ഇവൾ നിർത്തിക്കും ‘

” അല്ല…. ആരാ ഇത്…. ഇന്ദുവോ…. എന്താണ് ഇവിടൊക്കെ….. സാധാരണ ഒന്ന് കാണാൻ വല്യ പാടാണല്ലോ…. ” ഡ്രൈവിങ് സീറ്റിൽ നിന്നും മീശയും താടിയും വളർത്തിയ ഒരാൾ തല പുറത്തേക്ക് നീട്ടിക്കൊണ്ട് ചോദിച്ചു…. വായ നിറയെ മുറുക്കാൻ ആയത് കൊണ്ട് സംസാരം അവ്യക്തമായിരുന്നു….. അയാളെ കണ്ടപാടെ ഇന്ദുവിന്റെ മുഖം ചുളിഞ്ഞത് അമൽ ശ്രദ്ധിച്ചു…. അയാളോടുള്ള അവളുടെ നീരസം ആ മുഖത്ത് വ്യക്തമായിരുന്നു…..

” ഇന്ദു…. വന്നേ…. നമ്മുക്ക് പോകാം…. ” അവൻ പെട്ടന്ന് മുന്നോട്ട് വന്ന് അവളുടെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു…. ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അവനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മുറുക്കാൻ തുപ്പിക്കളയുന്നത് അവൻ കണ്ടു….

” ആരാ അയാൾ???.. ” കൈയിലെ പിടി വിട്ടുകൊണ്ട് അവൻ ചോദിച്ചു….. അപ്പോളാണ് അവൻ ശ്രദ്ധിച്ചത്…. കൈയിൽ പിടിച്ച സമയം തൊട്ട് ഇപ്പോൾ വരെയും വല്ലാത്ത ഒരു ഭാവത്തിൽ അവൾ അവനെ നോക്കിക്കൊണ്ടിരിക്കുകയാണ്…. ഒരു സ്വപ്ന ലോകത്തിലെന്ന പോലെ …. പിടി വിട്ടിട്ടുപോലും അവൾ കണ്ണുകൾ അവനിൽ നിന്നും പിൻവലിച്ചിട്ടില്ല….

” അതേ…. താൻ ചോദിച്ചത് കേട്ടില്ലേ???… ആണയാൾ എന്ന്???… ” അവൻ അവളെ ഒന്ന് തട്ടിക്കൊണ്ട് ഒന്നുകൂടി ചോദിച്ചു….

” ആഹ്… അയാൾ…. അയാൾ രാജു…. ഇവിടുത്തെ ഒരു മുതലാളിയാ…. കുറേ ബസ് ഒക്കെയുണ്ടെന്ന് പറയുന്നത് കേട്ടു…. വൃത്തികെട്ടവൻ….. എപ്പോഴും ഒരു വല്ലാത്ത നോട്ടവും സംസാരവുമാ…. എനിക്ക് പേടിയാ…. കാണുമ്പോളെ വഴി മാറി പോകും…. ” പറഞ്ഞു തീർന്നപ്പോളേക്കും അവർ വീട്ടുപടിക്കൽ എത്തിയിരുന്നു….. ഉമ്മറത്ത് തന്നെ അരവിന്ദിന്റെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു…..

“:മോൻ ഇതെവിടെയായിരുന്നു…??… ഞാൻ എവിടൊക്കെ തിരഞ്ഞു???..

” അത് അച്ഛാ…. ഞാൻ വയലൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ…. എന്തിനാ അച്ഛൻ എന്നെ തിരക്കിയത്???…. ”

” അത്…. മോന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു….. എത്രയും പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….. മോന്റെ അച്ഛൻ എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞുത്രെ…. ” തിരിച്ച് ചെല്ലാൻ പറഞ്ഞ് ഒരു ഫോൺ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇത്ര നേരത്തെ വരുമെന്ന് അവൻ വിചാരിച്ചിരുന്നില്ല….. ഇന്ദുവിന്റെ മുഖത്ത് വീണ്ടും ഒരു വിഷാദം വന്നു നിറഞ്ഞിരുന്നു…. ഇത്രയും നേരത്തെ പോവുകയാണോ എന്ന ഭാവം…. പറയാൻ ഒരുപാട് ബാക്കി വച്ചിട്ടുള്ളതുകൊണ്ട് പോകാൻ അവനും മടിയായിരുന്നു….. പക്ഷെ വിളിച്ചിട്ട് ചെന്നില്ലെങ്കിൽ അച്ഛൻ ഇങ്ങോട്ട് വരും…. അത് അത്ര നല്ലതാകില്ലന്ന് അവന് ബോധ്യമുണ്ടായിരുന്നു….. അതുകൊണ്ട്

കൂടുതലൊന്നും ചിന്തിക്കാതെ അവൻ പോകാൻ റെഡിയാകാൻ തുടങ്ങി…. മുറിക്കു പുറത്തിറങ്ങുമ്പോൾ നനഞ്ഞ കണ്ണുകളുമായി അവനെ കാത്ത് ഇന്ദുവുണ്ടായിരുന്നു….. അവൾക്ക് വേണ്ടി കൈയിൽ കരുതിയിരുന്ന സമ്മാനപ്പൊതി അവൻ അവളുടെ കൈകൾ പിടിച്ച് വച്ചുകൊടുത്തു….

” ഒരുപാട് ആലോചിച്ചിട്ട്‌ ഇന്ദുവിന് വേണ്ടി വാങ്ങിയതാണ്…. വേണ്ടന്ന് പറയരുത്…. ” അവൻ ബാഗുമായി പതിയെ പുറത്തേക്ക് നടന്നു….

” അധികം വൈകാതെ ഞാൻ തിരിച്ചു വരും….. പറയാൻ ബാക്കി വച്ചത് പലതും പൂർത്തിയാക്കാൻ…. ” തിരിഞ്ഞു നിന്ന് അവളോട്‌ അത് കൂടി പറഞ്ഞിട്ട് അവൻ പുറത്തേക്ക് ഇറങ്ങി…. അരവിന്ദിനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് പടിപ്പുര കടക്കുമ്പോൾ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി…. രണ്ടു കരിനീല മിഴികളെ തേടി….. തൂണിനു പിന്നിൽ നനവാർന്ന ആ മിഴികൾ ഒന്നുകൂടി കണ്ടശേഷം അവൻ അവിടെ നിന്നും തിരിച്ച് യാത്ര തുടങ്ങി….. ‘എന്റെ ഇന്ദുവിന് ‘ എന്നെഴുതിയ ഒരു പേപ്പറിനൊപ്പം ഒരു പുതിയ കരിമണിമാല ഇന്ദു നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു…..

*************************************

“അതേ…. ബസ് ഇവിടെ വരേയുള്ളു….. ഇറങ്ങുന്നില്ലേ???…. ” കണ്ടക്ടറുടെ ശബ്ദം കേട്ട് അമൽ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി…. സമയം വൈകുന്നേരമായിരുന്നു….. അവൻ പതിവ് പോലെ ഒരു ഓട്ടോ വിളിച്ച് ഇന്ദുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു…. ഇപ്രാവശ്യം അവളുടെ കല്യാണം കൂടാൻ….. നാല് മാസങ്ങൾക്ക് മുൻപ് മൂന്നാമത് ഇവിടെ വന്നത് പറയാൻ ബാക്കി വച്ചതെല്ലാം പറഞ്ഞു തീർക്കാനും അവളെ ജീവന്റെ പാതിയായി കൂടെകൂട്ടാനുമായിരുന്നു…. പക്ഷെ…… അന്ന് നിറഞ്ഞ മിഴികൾ ആരും കാണാതെ ഒളിപ്പിച്ചുകൊണ്ട് ആ പടികൾ ഇറങ്ങുമ്പോൾ വീണ്ടും അങ്ങോട്ടേക്ക് ഒരു തിരിച്ചു പോക്ക് വേണ്ടായെന്ന് മനസ്സിൽ കരുതിയിരുന്നതാണ്…. പക്ഷെ ഇന്ദുവിന്റെ വിവാഹം…. അത് കാണണം….. അവൾ എന്റേതല്ലെന്ന് മനസ്സിൽ ഊട്ടിഉറപ്പിക്കാൻ….

************************************

നാലു മാസങ്ങൾക്ക് മുൻപ്…..

” ഡാ…. നീ എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ…. അതും ബൈക്കിൽ ഇത്രയും ദൂരം….. ” ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്നപ്പോളാണ് വീട്ടിലേക്ക് കയറി വന്ന ബൈക്ക് അരവിന്ദ് ശ്രദ്ധിക്കുന്നത്…. ഹെൽമെറ്റ്‌ മാറ്റിയപ്പോളാണ് ആളെ അവന് മനസ്സിലായത്…. അമൽ….

” അതൊക്കെയുണ്ട് മോനെ…. എവിടെ എല്ലാവരും???…. ആരെയും കാണുന്നില്ലല്ലോ??… ” ചുറ്റും കണ്ണുകൾ ഓടിച്ചുകൊണ്ട് അവൻ ചോദിച്ചു…..

” അമ്മ തൊടിയിൽ എന്തോ ആവശ്യത്തിന് പോയി…. അച്ഛൻ ക്ഷേത്രത്തിലും…. അവിടെ ഉത്സവം കൊടിയേറാൻ പോകുവാ…. ” പക്ഷെ അപ്പോളും അമൽ പ്രതീക്ഷിച്ച ആളെ പറ്റി അവൻ ഒന്നും പറഞ്ഞില്ല….

” അപ്പോ ഇന്ദുവോ???… ” സഹികെട്ട് അവൻ തന്നെ ചോദിച്ചു…

“അവൾക്ക് രണ്ടു ദിവസമായിട്ട് ചെറിയ പനി…. ഇപ്പൊ കുറഞ്ഞിട്ടുണ്ട്…. പക്ഷെ ആൾ കിടക്കുവാ…. അടുക്കളയിൽ കയറി പോകരുതെന്നാ അമ്മയുടെ ഓഡർ… ” അരവിന്ദ് പറഞ്ഞു കഴിഞ്ഞപ്പോളെക്കും ബാഗുകൾ എല്ലാം അവനെ ഏൽപ്പിച്ച്

അമൽ അകത്തെക്ക് കയറി അവളുടെ മുറിയിലേക്ക് നടന്നു….. അവിടെ മൂടി പുതച്ച് അവൾ കിടക്കുന്നുണ്ടായിരുന്നു…. അവൻ അടുത്തുള്ള കസേരയിൽ ഇരുന്ന് പതിയെ അവളുടെ തലയിൽ തലോടി…. അവൾ കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി…. ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കണ്ണുകളടച്ചു…. പെട്ടന്ന് അവൾ കണ്ണുകൾ വലിച്ചു തുറന്ന് ചാടി എഴുന്നേറ്റു…..

” അമലേട്ടൻ…. അമലേട്ടൻ ഇവിടെ… എപ്പോ…. പെട്ടന്ന് വരാന്ന് പറഞ്ഞു പോയിട്ട്…. എത്ര നാളായിന്ന് അറിയാമോ.. ” അവനെ കണ്ട സന്തോഷത്തിൽ അവൾ കൈകൾ അവന്റെ മുഖത്ത് വച്ചുകൊണ്ട് എന്തൊക്കെയോ ചോദിച്ചു….. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

” ഞാൻ ഇങ്ങ് വന്നില്ലേ…. ചെയ്തു തീർക്കാൻ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു….. ഇനി ഇങ്ങനെ ഉണ്ടാവില്ല…. ഇനിയങ്ങോട്ട് എന്നും ഇന്ദുവിനൊപ്പം കാണും….. ” അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു…. ഒരു ചുമയുടെ ശബ്ദം കേട്ടാണ് അവർ അകന്നത്…. നോക്കിയപ്പോൾ വാതിലിൽ ചാരി അരവിന്ദ് നിൽക്കുന്നു….

” ഞങ്ങൾ കുറച്ചു പേർ ഇവിടെയൊക്കെയുണ്ട്…. ആ ബോധം ഒക്കെ വേണം…. ” അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു…. ഇന്ദു പെട്ടന്ന് ചായ എടുക്കാമെന്ന് പറഞ്ഞ് അവിടെ നിന്നും രക്ഷപെട്ടു…. അമലിന്റെ മുഖത്ത് കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ഭാവമായിരുന്നു….

” ഇനി നിനക്കെന്താ പറയാനുള്ളത്…. വീട്ടിൽ കയറ്റി താമസിപ്പിച്ചതിന്റെ പ്രതിഫലമാണിതെന്നോ???… ” അരവിന്ദ് ദേഷ്യത്തോടെ അമലിനോട് ചോദിച്ചു….

” ഡാ… അത്… ഞാൻ… നിന്നോട്…. ” അമൽ വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു.. .

” എന്താടാ…. ഇനി എന്താണ് നിനക്ക് പറയാനുള്ളത്???… ” അരവിന്ദ് ദേഷ്യത്തിൽ തന്നെയായിരുന്നു…

” എനിക്ക് കണ്ട അന്ന് തൊട്ടേ ഇന്ദുവിനെ ഇഷ്ടമാടാ….. മനസ്സിന്നു പോകുന്നില്ല…. അവളെ കാണാൻ വേണ്ടിയാ ഞാൻ ഓരോ കാരണം പറഞ്ഞ് ഇങ്ങോട്ട് വന്നുകൊണ്ടിരിന്നത്….. ” അമൽ പറഞ്ഞൊപ്പിച്ചു….

” നീ നല്ലപോലെ ആലോചിച്ചിട്ടാണോ പറയുന്നത്…. നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താ നടക്കാൻ പോകുന്നതെന്ന് അറിയാല്ലോ അല്ലേ…. ”

” നല്ലപോലെ ആലോചിച്ചു…. അവളെ മറക്കാൻ പറ്റുമോന്ന് ഞാൻ നോക്കിതാടാ…. പറ്റുന്നില്ല…. ഇതിനൊരു തീരുമാനം ഉണ്ടാക്കാനാ ഈ വരവ് തന്നെ…. ”

“എന്ത്‌ തീരുമാനം???…. ”

“എനിക്കൊരു ജോലി ശരിയായി എറണാകുളത്ത്…. അത്യാവശ്യം സാലറി ഒക്കെയുണ്ട്…. അവിടെ ഒരു ഫ്ലാറ്റും കൂടി എടുത്തിട്ട് ഇന്ദുവിനെ അങ്ങോട്ട് കൊണ്ടുപോകാൻ…. അതിന് എല്ലാവരുടെയും സമ്മതം വാങ്ങാൻ വന്നതാണ് ഞാൻ…. ” ടെൻഷനോടെ അവൻ അരവിന്ദിന്റെ മുഖത്തേക്ക് നോക്കി…. അവൻ ആകെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു…. അരവിന്ദ് പതിയെ അവന്റെ അടുത്തേക്ക് വന്നു….. അവനെ ഇറുകെ പുണർന്നു ….

” സന്തോഷമായടാ….. ഒരുപാട് സന്തോഷമായി…. അവളുടെ ജീവിതം ഓർത്ത് എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു….. ഇതോടെ അത് മാറി…. നീ ധൈര്യമായി മുന്നോട്ടു പോക്കോടാ…. ഞാനുണ്ട് കൂടെ…..”

” എന്താടാ??… ” അവൻ ആകുലതയോടെ അമലിനെ നോക്കി….

” എനിക്ക് ഇന്ദുവിനെ ഇഷ്ടമാണെന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല….. ” അവൻ വളിച്ച മുഖത്തോടെ പറഞ്ഞു… അത് കേട്ടപ്പോൾ അരവിന്ദിന് ചിരിയാണ് വന്നത്….. അവൻ ആർത്തു ചിരിച്ചു….

” നീ എന്താടാ മണ്ടനാണോ…. അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് നൂറു ശതമാനം ഉറപ്പല്ലേ…. രണ്ടു പേരെയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിട്ട് നാൾ കുറച്ചായി….. ആരെയും ഫോൺ ചെയ്യാത്ത ഇന്ദു അന്ന് ഞാൻ കാലൊടിഞ്ഞ് കിടന്നപ്പോൾ നിന്നെ വിളിച്ചില്ലേ….. അന്ന് തുടങ്ങിയ സംശയമാ…. പിന്നെ നിന്റെ ഫോൺ കാളുകൾ വരുമ്പോൾ അവളുടെ ഒരു നോട്ടവും വെപ്രാളവും…. അത് പോലെ ഒന്നുമല്ലാത്ത രീതിയിൽ നീ അവളുടെ വിശേഷങ്ങൾ ചോദിക്കുന്നതും…. ഞാൻ നിന്നോട് അവളെ പറ്റി പറയുന്നത് കേൾക്കുമ്പോൾ അവളുടെ മുഖത്ത് വരുന്ന നാണവും…. പിന്നെ ഇന്ന് പെട്ടന്ന് നിന്നെ കണ്ടപ്പോൾ അവളുടെ വായിൽ നിന്നും വീണത് കേട്ടില്ലേ…. ഇത്രയും ഒക്കെ പോരെ മോനെ….. ” അരവിന്ദ് പറഞ്ഞപ്പോൾ അമലിന്റെ മുഖത്തും ഒരു ചിരി വന്നു….

” എന്നാലും അവളോട് ഒന്ന് ചോദിക്കണം…. അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല…. അല്ലടാ ഇത്രയൊക്കെ മനസ്സിലായിട്ടും നീ എന്താ എന്നോട് ഒന്നും ചോദിക്കാതിരുന്നേ…??.. ” അമൽ അവന്റെ സംശയം ചോദിച്ചു ..

” പേടിയാരുന്നടാ…. എന്റെ കുഞ്ഞി പെങ്ങൾ അല്ലെ അവൾ…. അവളുടെ മനസ്സ് വിഷമിക്കുമോന്ന്…. പിന്നെ നിന്റെ വീട്ടിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളും….. പക്ഷെ ഇതിനുവേണ്ടിയാണ് ക്ലാസ്സ്‌ കഴിയുന്നതിനു മുൻപേ തന്നെ നീ എല്ലാ കമ്പനിയിലും റെസ്യുമെ അയച്ചതെന്ന് ഞാൻ വിചാരിച്ചില്ല…. ഇട്ടു മൂടാൻ സ്വത്ത് ഉള്ളവന്റെ ഭ്രാന്ത് എന്നെ വിചാരിച്ചുള്ളു… ”

” സ്വന്തം കാലിൽ നിൽക്കാതെ എങ്ങനാടാ വന്നു പെണ്ണ് ചോദിക്കുന്നെ… അതാ ഞാൻ…. നിന്റെ സപ്പോർട്ട് ഇല്ലാതെ ഒന്നും നടക്കില്ല…. അറിയാല്ലോ…. പെണ്ണ് ചോദിക്കാൻ വീട്ടിൽ നിന്നും ആരും വരില്ല…. അമ്മ സമ്മതിക്കും…. പക്ഷെ അച്ഛനറിഞ്ഞാൽ….. ” അമൽ നെടുവീർപ്പിട്ടു…..

” നമ്മുക്ക് നോക്കാടാ…. ആദ്യം നീ പറഞ്ഞതുപോലെ എന്റെ അനിയത്തികുട്ടീടെ സമ്മതം വാങ്ങ്…. പിന്നെ വീട്ടുകാരോട് പറയാം…. നീ ധൈര്യമായിരിക്ക്….. ഇനി ഒളിക്കച്ചോടാൻ ആണെങ്കിലും ഞാനുണ്ട് കൂടെ…. ” അരവിന്ദ് അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു….. എന്നിട്ട് സ്വന്തം റൂമിലേക്ക് പോയി….. അമലും അവന്റെ റൂമിലേക്ക് നടന്നു…..

അധികം താമസിക്കാതെ ഇന്ദു ചായയുമായി അമലിന്റെ റൂമിലെത്തി….

” പനി കുറവുണ്ടോടോ??…. ” ചായ വാങ്ങി കുടിക്കുന്നതിനിടെ അവളോട് അവൻ ചോദിച്ചു…. അവളുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി….

” തനിക്ക് എന്നോട് ഒന്നും ചോദിക്കാനില്ല??… ” അതിന് അവൾ നാണത്തോടെ തല താഴ്ത്തി…..

” നേരത്തെ ഞാൻ പറഞ്ഞത് വെറുതെയല്ല കെട്ടോ…. ”

അമൽ ഡ്രസ്സ്‌ മാറി ചായ കപ്പുമായി ഉമ്മറത്ത് അരഭിത്തിയിൽ വന്നിരുന്നു…. പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു…. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇന്ദുവും അപ്പുറത്തേക്ക് മാറി ഇരുന്ന് മഴ കാണാൻ തുടങ്ങി…. ഇടയ്ക്കിടെ രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കി ചിരിക്കുന്നുണ്ടായിരുന്നു….

” എനിക്ക് എറണാകുളത്ത് ഒരു ജോലി ശരിയായിട്ടുണ്ട്…. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം…. പോകുന്നതിന് മുൻപ് തന്നെയും വീട്ടുകാരെയും ഒന്ന് കാണണമെന്നും ചില കാര്യങ്ങൾ സംസാരിക്കണമെന്നും തോന്നി….” നിശബ്ദതയ്ക്ക് വിരാമമിട്ട് അമൽ പറഞ്ഞു…. ഇന്ദു ഒരു നാണത്തോടെ അവൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു….

” ഞാൻ ഇത് പലപ്പോഴും തന്നോട് ചോദിക്കാൻ ഇരുന്നതാണ്…. പറ്റിയില്ല…. ഇന്ദു…. തനിക്ക്…. എന്നെ…. ”

” ആഹാ…. മോൻ ഇപ്പോ വന്നു…. ” അമൽ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അമ്മ അങ്ങോട്ടേക്ക് കയറി വന്നു….

” ഞാൻ…. ഞാൻ ഇപ്പൊ വന്നതേ ഉള്ളമ്മേ….. അമ്മ തൊടിയിൽ ആണെന്ന് അരവിന്ദ് പറഞ്ഞു…. ” അവൻ ബഹുമാന സൂചകമായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു….. അപ്പോളേക്കും അച്ഛനും അവിടെയെത്തി…. അതോടെ ഇന്ദു പതിയെ അകത്തേക്ക് വലിഞ്ഞു…. അരവിന്ദിന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചുകൊണ്ട് അമൽ ഉമ്മറത്തിരുന്നു…. അരവിന്ദും അതിൽ ചേർന്നു…. പക്ഷെ അപ്പോളൊന്നും അമലിന്റെ വരവിന്റെ ശരിക്കുമുള്ള ഉദ്ദേശത്തെ പറ്റി ഒന്നും തന്നെ അവർ പറഞ്ഞിരുന്നില്ല……

അച്ഛനും അമ്മയും അവിടെ നിന്നും മാറിയ ശേഷം അതിന് അവർ കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കി….. അടുത്ത ദിവസം രാവിലെ അമൽ ഇന്ദുവുമായി ക്ഷേത്രത്തിൽ പോകുന്നു…. അവിടെ വച്ച് മനസ്സിലുള്ള കാര്യം അവൻ ഇന്ദുവിനോട് തുറന്നു പറയുന്നു…. ശിവപാർവതിമാരെ സാക്ഷിയാക്കി ഇന്ദുവിന്റെ സമ്മതം വാങ്ങുന്നു…. അതേ സമയം അരവിന്ദ് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങുന്നു…. പിന്നീട് അമൽ ജോലിക്ക് ജോയിൻ ചെയ്യുന്നു…. അധികം വൈകാതെ തിരിച്ചു വന്ന് ഒരു കുഞ്ഞു താലി ചാർത്ത്….. അത്രയും ആയിരുന്നു അവരുടെ പ്ലാൻ…. പക്ഷെ അധികം വൈകാതെ തന്നെ പ്ലാനിന് മാറ്റം വരുത്തേണ്ടി വന്നു….. അരവിന്ദിന് എറണാകുളത്ത് തന്നെയുള്ള ഏതോ ഒരു കമ്പനിയിൽ നിന്നും ഇന്റർവ്യൂ കാൾ വന്നു…. അതുകൊണ്ട് പ്ലാനിന് അൽപ്പം മാറ്റം വരുത്തി…. ക്ഷേത്രത്തിൽ പോക്ക് വൈകുന്നേരത്തേക്ക് മാറ്റി… രാവിലേ ഇന്റർവ്യൂവിന് പോയാൽ ഉച്ച കഴിഞ്ഞേ അരവിന്ദിന് തിരിച്ചു വരാൻ പറ്റുമായിരുന്നുള്ളു….. ആദ്യം അരവിന്ദിന്റെ കൂടെ പോകാം എന്ന് അമൽ കരുതിയെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി….. ആകെ ഉള്ള ദിവസങ്ങൾ എങ്കിലും ഇന്ദുവിനടുത്ത് ചിലവഴിക്കാമെന്ന് അവൻ കരുതി … അരവീന്ദ് രാവിലെ പോയിട്ട് വരുന്നത് വരെ അവൻ അവിടെ പോസ്റ്റായി നിൽക്കേണ്ടി വന്നു… എല്ലാം ഭംഗിയായി നടക്കണമെന്ന പ്രാർത്ഥനയോടെ അമൽ അന്ന് രാത്രി കഴിച്ചുകൂട്ടി….

പിറ്റേന്ന് വെളുപ്പിനെ തന്നെ അവൻ അരവിന്ദിനെ ടൗണിൽ കൊണ്ട് വിട്ടു…. ബസ് വരുന്നത് വരെ അമലും അവിടെ നിന്നു…. അന്നത്തെ കാര്യങ്ങളെ പറ്റി ആലോചിച്ച് ശരിക്കും ടെൻഷൻ അമലിനായിരുന്നു….

” ഡാ… നീ വേഗം ഇന്റർവ്യൂ തീർത്തിട്ട് വരണേ…. ഇനിക്ക് ഇവിടെ ഒരു സമാധാനവുമില്ല…. ” ബസിൽ കയറുന്നതിന് മുൻപ് അമൽ അരവിന്ദിനോട് പറഞ്ഞു….

” നീ എന്തിനാടാ ടെൻഷൻ ആകുന്നെ…. അച്ഛനും അമ്മയും എന്ത് പറയുമെന്ന് വച്ചിട്ടാണോ…. അവർക്ക് നിന്നെ വല്യ കാര്യമാടാ….. അവര് പറയുന്നത് ഞാൻ തന്നെ എത്ര തവണ കേട്ടിരിക്കുന്നു…. നീ ധൈര്യമായിട്ട് പൊയ്ക്കോ…. ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കാം…..” അരവിന്ദിന്റെ വാക്കുകളിലെ ഉറപ്പാണ് അവന് അൽപ്പം ആശ്വാസം കൊടുത്തത്…. തിരിച്ചു വരുന്ന വഴിയിൽ മുഴുവനും അവന്റെ ചിന്ത വീണ്ടും കാടുകയറാൻ തുടങ്ങി…. അച്ഛനും അമ്മയും എതിർത്താൽ എത്ര ഇഷ്ടമുണ്ടെന്നു പറഞ്ഞാലും ഇന്ദു അവന്റെ കൂടെ വരില്ലെന്ന് അവന് ഉറപ്പായിരുന്നു…. അങ്ങനെ ഓരോന്ന് ആലോചിച്ച് ബൈക്ക് ഓടിച്ചപ്പോൾ പെട്ടന്ന് വളവ് തിരിഞ്ഞ് ഒരു ജീപ്പ് അങ്ങോട്ടെത്തി…. പെട്ടന്നുള്ള വരവായതിനാൽ അവൻ ഒന്ന് പകച്ച് ബൈക്ക് വെട്ടിച്ചു അതിന്റെ ഫലമായി ബാലൻസ് പോയി നിലത്തു വീണു….

അമൽ വീണിടത്ത് നിന്നും ഒരു വിധം എഴുന്നേറ്റു…. ശരീരം എവിടെയൊക്കെയോ നീറുന്നുണ്ട് മുട്ട് അൽപ്പം പൊട്ടി…. കാലിന് എന്തോ വേദനയും….. അപ്പോളേക്കും ജീപ്പിൽ നിന്നും രണ്ട് ആളുകൾ പുറത്തേക്ക് വന്നു….

” ആഹാ…. ആ അരവിന്ദിന്റെ കൂട്ടുകാരൻ ചെക്കനല്ലേ നീ…. എന്താടാ ചവാൻ തീരുമാനിച്ചോ….” അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… ഒരു വെള്ള മുണ്ടും ഷർട്ടും ഇട്ട ഒരാൾ… ചുണ്ടിൽ എരിയുന്ന സിഗെരെറ്റ് …. പെട്ടന്ന് അവന്റെ മനസ്സിൽ കഴിഞ്ഞ തവണ വന്നപ്പോളുള്ള സംഭവം ഓർമ വന്നു… രാജു…

” എന്താടാ ചെക്കാ… നിന്റെ നാവിറങ്ങിപ്പോയോ….. അതോ നീ ആ വീട്ടിലെ പെൺപിള്ളേരോടെ വാ തുറക്കത്തുള്ളോ… ” അയാൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്… കൂടെയുള്ളവൻ അത് കേട്ട് ചിരിക്കുന്നു…. അല്ലെങ്കിലും അത് പതിവാണല്ലോ…. ചിരിക്കാൻ വേണ്ടി കുറേ കൂട്ടാളികൾ…. അമലിന്റെ മുഖത്ത് അതോർത്ത് ചിരിയാണ് വന്നത്…. അവൻ ഒന്നും മിണ്ടാതെ ബൈക്ക് താഴെ നിന്നും എടുത്ത് അതിൽ കയറി ഇരുന്നു….

” അല്ലടാ മോനെ അങ്ങനങ്ങ് പോയാലോ…. കഴിഞ്ഞ തവണ ആ പെണ്ണിന്റെ കൂടെ കണ്ടപ്പോൾ നീ ഭയങ്കര ഹീറോയിസം കാണിച്ച് അവളെയും വിളിച്ചുകൊണ്ട് പോയതല്ലേ…. ഇപ്പോൾ എന്തോ പറ്റി…. ഹീറോയിസം തീർന്നുപോയോ… ” ബൈക്കിന്റെ മുൻപിൽ കയറി നിന്നുകൊണ്ട് അവൻ അത് പറഞ്ഞപ്പോൾ ബാക്ക്ഗ്രൗണ്ടിൽ വീണ്ടും ചിരി മുഴങ്ങി…. അവൻ അത് മൈൻഡ് ചെയ്യാതെ ബൈക്ക് സ്റ്റാർട്ടാക്കി….

” നീ പോക്കോടാ…. അല്ലെങ്കിലും നട്ടെല്ല് ഇല്ലാത്തവൻ മാരോട് ഞാൻ മുട്ടാറില്ല…. പിന്നെ ഇന്ദു…. കുറേ മോഹിച്ചതാ ആ പൂമ്പാറ്റയെ…. നീ കുറേനാളായി അവളെ കൊണ്ട് നടക്കുകയല്ലേ… ആവശ്യം കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് കൂടി താടാ… ” ഒരു പരിഹാസം ചിരിയോടെ രാജു അത് പറഞ്ഞതും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി…. ബൈക്കിന്റെ ഹെഡ് ലൈറ്റ് പൊട്ടി വീണു… രാജു തലയിലും മുഖത്തും പിടിച്ചു കൊണ്ട് നിലത്തിരുന്നു….. എന്താണ് നടന്നതെന്ന് കണ്ട് നിന്നവർക്കും പോലും മനസ്സിലായില്ല… അവന്റെ കൂട്ടാളി അമലിന്റെ അടുത്തേക്ക് ഓടി വന്നു…

” നിക്ക്… നിക്ക്… ഇപ്പോൾ ഇവനെ ഇവിടുന്ന് കൊണ്ട് പോകാൻ നീയുണ്ട്…. ഇനി നിനക്കും എന്റെ കയ്യിന്നു കിട്ടിയേ അടങ്ങു എന്നാണെങ്കിൽ നിങ്ങളെ രണ്ടുപേരെയും കൊണ്ടുപോകാൻ വേറെ ആളുകൾ വരേണ്ടി വരും…. അത് വേണോ…. ” ക്രൂരമായ ഒരു ചിരിയോടെ അമൽ അത് പറഞ്ഞപ്പോൾ അവന്റെ അടുത്തേക്ക് വന്നയാൾ പതിയെ നിന്നു….. അമൽ രാജുവിന്റെ അടുത്തേക്ക് ഇരുന്നു…

” പേടിക്കണ്ട… മൂക്കിന്റെ പാലം ഒന്ന് ഒടിഞ്ഞിട്ടുണ്ട്…. തലയിലെ മുറിവിന് നാലോ അഞ്ചോ സ്റ്റിച്ച്…. ചിലപ്പോൾ ഹെഡ് ലൈറ്റിന്റെ ഗ്ലാസ്‌ പീസ് കാണാൻ സാധ്യതയുണ്ട്….. തല്കാലം അത്രേയുള്ളൂ….”

” ചെക്കൻ കരാട്ടെയാണെന്ന് തോന്നുന്നു…. അല്ലെ മുതലാളി…. ” രാജു അയാളെ രൂക്ഷമായി നോക്കിയപ്പോൾ അയാൾ തല താഴ്ത്തി….

അമൽ വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് ഇന്ദു നിൽക്കുന്നുണ്ടായിരുന്നു…… അവനെ കണ്ടപ്പോൾ അവൾ മുറ്റത്തേക്ക് ഓടി വന്നു…..

” അയ്യോ….. എന്ത് പറ്റി അമലേട്ടാ… ദേഹത്ത് അപ്പിടി ചെളിയാണല്ലോ…. കൈ മുറിഞ്ഞിരിക്കുന്നു…. എന്താ പറ്റിയെ… ” അവന്റെ ഷർട്ടിലെ ചെളി കൈകൊണ്ടു തട്ടി കളഞ്ഞു കൊണ്ട് അവൾ ചോദിച്ചു…. ആ വാക്കുകളിലുണ്ടായിരുന്നു അവളുടെ വേദന….

” അത്…. ഒന്നുല്ല…. വരുന്ന വഴിക്ക് ബൈക്കിന്ന് ഒന്ന് വീണു… വല്യ കുഴപ്പം ഒന്നൂല്ല…. ” അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു….

” കുഴപ്പം ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ചോര വരുന്നത്…. വാ… നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം…. ”

” ഹോസ്പിറ്റലിലോ…. എന്തിന്…. നമ്മുക്ക് ഒന്ന് കഴുകി എന്തെങ്കിലും മരുന്ന് വയ്ക്കാം… അതിനുള്ള മുറിവേ ഉള്ളു…. ഞാനെ പോയി കുളിച്ച് ഡ്രസ്സ്‌ മാറിയിട്ട് വരാം…..” ഇന്ദുവിന് എന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ അവൻ വേഗം അകത്തേക്ക് കയറി പോയി…

കുളിച്ചു വന്നപ്പോളേക്കും മുറിവിൽ വയ്ക്കാൻ എന്തോ പച്ചമരുന്ന് അവൾ അരച്ചു കൊണ്ടുവന്നിരുന്നു…. മുറിവിൽ മരുന്ന് വച്ചു കെട്ടി കൊടുത്തു കഴിഞ്ഞാണ് കാലിലെ മുടന്ത് അവൾ ശ്രദ്ധിക്കുന്നത്…. അവൾ തന്നെ കാലിൽ തൈലവും ഇട്ടു കൊടുത്തു…. ഇതിനിടയ്ക്ക് ഒന്നും അവൾ അവന്റെ മുഖത്തേക്ക് നോക്കുകയോ അധികം സംസാരിക്കുകയോ ചെയ്തിരുന്നില്ല…. അവളുടെ മുഖത്തു നിന്നും ദേഷ്യം വായിക്കിച്ചെടുക്കാമായിരുന്നു….

” അതേ…. ഇയാൾ എന്താണ് ഒന്നും മിണ്ടാത്തത്…. ദേഷ്യമാണോ….? ” അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ കാൽ ഒന്ന് അമർത്തി തിരുമ്മി… വേദനകൊണ്ട് അവൻ കാല് വലിച്ചു…. അപ്പോൾ അവളുടെ മുഖത്ത് വന്ന പുഞ്ചിരി അവൻ കാണാതിരിക്കാൻ അവൾ വിഫലമായ ഒരു ശ്രമം നടത്തി….

” കൊല്ലാതെ പെണ്ണേ…. ” ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോൾ അവളും ഒരു ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു പോയി…. പിന്നെ കുറേ നേരം അമൽ അവിടെ ഒറ്റയ്ക്കായിരുന്നു…. ഇടയ്ക്ക് അച്ഛനും അമ്മയും വന്ന് കാര്യങ്ങൾ അന്വേഷിച്ചിട്ട് അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു….. കുറേ നേരം അവിടെ ഇരുന്ന് മടുത്തപ്പോൾ അവൻ പതിയെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി….. വഴിയിലെങ്ങും ആരും ഉണ്ടായിരുന്നില്ല….. വഴിക്കപ്പുറം നോക്കെത്താ ദൂരത്തോളം പച്ച വിരിച്ച നെല്പാടങ്ങളാണ്…. ആ കാഴ്ച അവന്റെ മനസ്സിനെ കുളിരണിയിച്ചു…. അന്നത്തെ ദിവസത്തെ ഓർത്തുള്ള അവന്റെ ടെൻഷൻ കുറച്ചു കുറഞ്ഞു…. അവൻ മുണ്ടും മടക്കി കുത്തി പാടവരമ്പിലൂടെ നടന്നു…. ചെറുതായിട്ട് മഴ ചാറ്റലുണ്ടായിരുന്നു…. പെട്ടന്ന് എന്തോ ഒന്ന് അവന്റെ കാലിലൂടെ ഇഴഞ്ഞു പോകുന്നത് പോലെ തോന്നി…. പെട്ടന്ന് കാൽ വലിച്ചു മാറ്റാൻ ശ്രമിച്ചതും കാൽ ചെറിയ കുഴിയിലേക്ക് വീണ് ഒന്നുകൂടി മടുത്തു….

അസഹ്യമായ വേദന…. അവൻ നാലുപാടും നോക്കി സഹായത്തിനായി ആരെയും കണ്ടില്ല….. കാൽ അനക്കാൻ ആകാതെ കുറച്ചു സമയം കൂടി അവൻ അതേ ഇരിപ്പ് ഇരുന്നു…. അതിനു ശേഷം പതിയെ കാൽ വലിച്ച് വലിച്ച് അവൻ അടുത്തുള്ള ഓലപ്പുരയിലേക്ക് കയറി…. അവിടെയുള്ള കയറുവരിഞ്ഞ കട്ടിലിൽ അവൻ കാൽ നീട്ടി വച്ചിരുന്നു….. പതിയെ തടവുമ്പോളും സഹിക്കാൻ പറ്റാത്ത വേദന… അവിടെ നിന്നും എഴുന്നേറ്റു പോകാൻ പറ്റില്ലന്ന് അവന് ഉറപ്പായി…. എന്തെങ്കിലും ഒരു സഹായത്തിനായി അവൻ ചുറ്റും പരതി…. അവസാനം അവന്റെ കൈയിൽ കിട്ടിയത് ചാരായക്കുപ്പിയാണ്….

“ദേവന്മാർ പോലും ഉപയോഗച്ചിരുന്ന ആത്യന്തികമായ വേദന സംഹാരിയല്ലേ…. ഒന്ന് കുടിച്ച് നോക്കുന്നതിൽ തെറ്റുണ്ടോ??…” വേദനയ്ക്കിടയിലും അവൻ ആ കുപ്പിയിൽ നോക്കി പറഞ്ഞു…

” യേ… തെറ്റുണ്ടാകില്ല…. ഇനി എന്തെങ്കിലും പ്രശ്നമാകുമോ… ” അവൻ സ്വയം ചോദിച്ചു….

അവസാനം മദ്യം തന്നെ വിജയിച്ചു….. അടപ്പ് തുറന്ന് ഒരു കവിൾ വായിലേക്ക് കമത്തി…. ഒരു തീ ഗോളം ഉള്ളിലൂടെ പോകുന്നത് പോലെ അവൻ തോന്നി…. ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തു…. എങ്കിലും അവസാനം വേദനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയത് പോലെ അവന് തോന്നി…. അങ്ങനെ പതിയെ പതിയെ ഒരു കുപ്പി മുഴുവൻ കുടിച്ച് അവൻ കട്ടിലിലേക്ക് വീണു….

സുന്ദരമായ ഒരു ദ്വീപ്…. തിരമാലകൾ തീരത്തെ ചുംബിച്ചുകൊണ്ടിരിക്കുന്നു…. തിരയോളങ്ങളുടെ ശബ്ദം കേട്ട് അവൻ പതിയെ കണ്ണു തുറന്നു…. നോക്കെത്താ ദൂരമുള്ള മണൽ പരപ്പിൽ കിടക്കുകയായിരുന്നു അവൻ…. ചാടി എഴുന്നേറ്റ് ദേഹത്തു പറ്റിയ പൂഴിമണ്ണെല്ലാം തട്ടി കുടഞ്ഞു കളഞ്ഞു…. ചുറ്റും ആരെയും കാണുന്നില്ല…. കുറ്റിക്കാടുകൾ മാത്രം പരിഭ്രാന്തനായി അവൻ എങ്ങോട്ടെന്നില്ലാതെ ഓടി…. അവസാനം ഒരു പാറക്കല്ലിൽ തട്ടി പൂഴി മണ്ണിലേക്ക് വീണു…. വീണ്ടും ഒരു വിധം അവൻ എഴുന്നേറ്റു…. എവിടെനിന്നോ ഒരു സ്ത്രീ ശബ്ദം…. അവൻ ചുറ്റും നോക്കി…. ഒരു സ്ത്രീ ഏതോ മരച്ചുവട്ടിലെ പാറപുറത്ത് ഇരിക്കുന്നു…. അവൻ അങ്ങോട്ടേക്ക് ഓടി ….. നിലാവിന്റെ വെളിച്ചത്തിൽ അവൻ ആ സ്ത്രീ രൂപത്തെ കണ്ടു…. അതേ അതൊരു മത്സ്യകന്യകയാണ്…. ആ കരിനീലകണ്ണുകൾ അവനെ വശീകരിക്കുന്നു…. ‘ എന്നെ പ്രാപിക്കു….ഞാൻ നിന്റേതാണ്…. നിന്റേത് മാത്രം… ‘ മത്സ്യകന്യക അവനോടു മൊഴിഞ്ഞു….

സമയം കടന്നു പോയി…. ദിഗന്തങ്ങൾ പൊട്ടുമാറ് ആകാശം നിലവിളിച്ചു…. പേമാരി പെയ്തു വീണു….. അവൻ ചാടി എഴുന്നേറ്റു….. ഇപ്പോൾ മത്സ്യകന്യക കൂടെയില്ല….. തിരമാലകൾ ഉയർന്നു പൊങ്ങുന്നു…. ഒരു ദാവണിക്കാരി പെൺകുട്ടി മഴ നനഞ്ഞ് സമുദ്രത്തിൽ നോക്കി നിൽക്കുന്നു….. ഇന്ദു…. അവൻ അലറിക്കൊണ്ട് അങ്ങോട്ടേക്ക് ഓടി ചെന്നു…. അടുക്കും തോറും അവൾ അകന്നുകൊണ്ടിരിക്കുന്നു…. വീണ്ടും വീണ്ടും അവൻ ഓടി…. അവസാനം ഒരു മിന്നൽ പിണർ അവളെയും ചാമ്പലാക്കി കടന്നുപോയി….

“ഇന്ദൂ…..” അലറിക്കൊണ്ട് അവൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു…. താൻ എവിടെയാണ് എന്താണ് എന്ന് മനസ്സിലാക്കാൻ അവന് കുറച്ചു സമയം വേണ്ടി വന്നു …. കൈയിലെ ചാരായക്കുപ്പി നിലത്തേക്ക് ഇട്ട് അവൻ ദേഹത്തു തൊട്ടു നോക്കി…. മൊത്തം നനഞ്ഞിരിക്കുന്നു…. രണ്ടും കൈയും കൊണ്ട് കണ്ണ് തിരുമി നോക്കിയപ്പോൾ മുൻപിൽ ഇന്ദു…..

അവളും ആകെ നനഞ്ഞിട്ടുണ്ട്…. മുടി വാരിക്കെട്ടി വച്ചിരിക്കുന്നു…. ധാവണിയുടെ തുമ്പ് ഇടുപ്പിൽ ചുറ്റി വച്ച് രണ്ടു കൈയും പിണച്ചു കെട്ടി അവനെ നോക്കി നിൽക്കുകയാണ്…. ആ മുഖത്തു മിന്നി മറഞ്ഞത് രൗദ്രമാണെന്ന് മനസ്സിലാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല….

” ഇന്ദു എന്താ രാവിലെ എന്റെ മുറിയിൽ… ” നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്തുണ്ടായ മാറ്റം അനിർവചനീയമായിരുന്നു…. അവൻ വീണ്ടും ചുറ്റുമൊന്ന് നോക്കി…. എന്തോ മനസ്സിലായത് പോലെ ചാടി എഴുന്നേറ്റു…. പക്ഷെ ബാലൻസ് കിട്ടാതെ കട്ടിലിലേക്ക് തന്നെ വീണു…. അതുകണ്ട് ഇന്ദു പെട്ടന്ന് തന്നെ അവനെ പിടിച്ചെഴുന്നേല്പിച്ചു….

” ഞാൻ പറഞ്ഞതല്ലേ ഈ സാധനം കുടിക്കരുതെന്ന്…. എന്നിട്ട് കെട്ടോ…. ഒറ്റ കുപ്പി മൊത്തം കുടിച്ചിരിക്കുന്നു…. എന്നിട്ട് ഇപ്പോ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായി….. ഞാൻ എത്ര നേരം എവിടൊക്കെ തിരിഞ്ഞുന്ന് അറിയാവോ…. ശരിക്കും പേടിച്ചു പോയി…..” അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് അവനെയും പിടിച്ചു പുറത്തേക്ക് നടന്നു…. പുറത്തെത്തിയപ്പോളേക്കും മഴ ഉറച്ചിരുന്നു…. വരമ്പിലെ ചെളിയിൽ തെന്നി രണ്ടുപേരും പിന്നെയും വീണു…. അതോടെ ഒരാളുടെ മുടന്ത് രണ്ടുപേർക്കും പകർന്നു കിട്ടി… ഒരു വിധം ഏന്തിവലിഞ്ഞ് രണ്ടുപേരും വീട്ടിലെത്തി…. അമൽ റൂമിലേക്കു കയറി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു……

വീണ്ടും അതേ സ്വപ്നം…. ഇന്ദു അവനിൽ നിന്നും അകന്നു പോകുന്നു…. ഒരു മിന്നൽപിണർ അവളെ ചാമ്പലാക്കുന്നു…. അതേ സ്വപ്നം തന്നെ കണ്ട് അവൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു…

” ആഹാ…. നീ എഴുന്നേറ്റോ….. എന്തൊരു ഉറക്കമാഡാ ഇത്…. ഞാൻ വന്നത് പോലും നീ അറിഞ്ഞില്ലല്ലോ…. ” തൊട്ടടുത്ത് ഇരുന്ന അരവിന്ദ് അവനോടു ചോദിച്ചു …..

” നീ വന്നായിരുന്നോ…. എന്നിട്ട് ഇന്റർവ്യൂ എന്തായി???” കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ട് അമൽ ചോദിച്ചു….

” ഓ… പതിവ് പോലെ…. അതൊന്നും വല്യ പ്രതീക്ഷ ഇല്ലടാ…. അല്ല നീ എവിടോ മറിഞ്ഞു വീണുന്ന് ഇന്ദു പറഞ്ഞല്ലോ… എന്താ പറ്റിയെ.??… ” അമൽ രാവിലെ തൊട്ട് നടന്ന സംഭവങ്ങൾ എല്ലാം അവനോടു പറഞ്ഞു…. രാജുവിനെ കണ്ടതും…. അടിയുണ്ടായതും…. ചാരായം കുടിച്ചതും… ഇന്ദുവും അവനും കൂടി മറിഞ്ഞു വീണതുമെല്ലാം….

” ആഹാ… അപ്പൊ അങ്ങനെ വരട്ടെ…. നിന്നോടുള്ള ദേഷ്യത്തിലാണല്ലേ ഒരാൾ ചവിട്ടി തുള്ളി അമ്പലത്തിൽ പോയത്… ഞാൻ വിചാരിക്കുകയും ചെയ്തു ഇവൾ എന്തിനാ മുടന്തുന്നെന്ന്…. നീ വെള്ളവും അടിച്ച് എന്റെ കൊച്ചിനേം കൊണ്ടു പോയി മറിച്ചിട്ടല്ലേ…. എന്നാലും ഇത്രയും നാളായിട്ട് എന്നെ പോലും അതിന്ന് ഒരു തുള്ളി കുടിക്കാൻ അവൾ സമ്മതിച്ചിട്ടില്ല… നീ അവളറിയാതെ ഒപ്പിച്ചല്ലോ…. സമ്മതിച്ചിരിക്കുന്നു…. നിനക്ക് അവളുടെ ഭർത്താവ് ഉദ്യോഗത്തിനുള്ള യോഗ്യതയുണ്ട്…. ” അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞു….

” ഏഹ്.. ഇന്ദു അമ്പലത്തിൽ പോയോ…. എന്നിട്ട് എന്നെ വിളിച്ചില്ലല്ലോ…. അമ്പലത്തിൽ വച്ച് അവളോട്‌ എല്ലാം പറയാമെന്ന് അല്ലായിരുന്നോ പ്ലാൻ…. ശോ… സമയം എന്തായി… ഞാൻ വേഗം അമ്പലത്തിൽ പോകാൻ റെഡിയാവട്ടെ…. ” അമൽ ചാടി എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി…..

” നിന്റെ പ്ലാൻ കൊണ്ടുപോയി ഉപ്പിലിട്ട് വയ്ക്ക്…. ഇനിയിപ്പോൾ നീ അമ്പലത്തിൽ ഒന്നും പോകണ്ട…. ഇന്ദു തിരിച്ചു വരാനുള്ള സമയമാകുന്നു…. തല്കാലം നമ്മുക്ക് അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയാം…. പിന്നെ ഇന്ദു വന്നിട്ട് അവരുടെ മുന്നിൽ വച്ചു തന്നെ അവളോട്‌ ചോദിക്കാം അതാ നല്ലത്… തല്കാലം കുളിച്ചു റെഡിയായി വാ…. നമ്മുക്ക് കല്യാണം ഉറപ്പിക്കണ്ടേ…. ” കള്ളുകുടിക്കാൻ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് അവൻ കുളിക്കാൻ കയറി….

അമലും അരവിന്ദും കൂടി കാര്യങ്ങൾ എല്ലാം തന്മയത്വത്തോടെ അച്ഛനെയും അമ്മയെയും അറിയിച്ചു….. അവർക്ക് അത് സന്തോഷമുള്ള കാര്യമായിരുന്നു….

ഇന്ദുവും അമലും നല്ല ചേർച്ചയാണെന്ന് അവർക്ക് നേരത്തെ തോന്നിയിരുന്നു…. പക്ഷെ അത് അമൽ എങ്ങനെ എടുക്കും എന്നുള്ള വിഷമം കൊണ്ടാണ് അവർ ഒന്നും പറയാതിരുന്നത്…. എല്ലാം അറിഞ്ഞുകൊണ്ടു ഇന്ദുവിനെ സ്നേഹിച്ച അമലിനോട് അവരുടെ സ്നേഹം ഇരട്ടിച്ചു…. അവർക്ക് ആകെ തോന്നിയ വിഷമം അമലിന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കും എന്നുള്ളതായിരുന്നു…. ഇന്ദുവിന്റെ കല്യാണം വലിയ രീതിയിൽ നടത്തുന്നത് അവർ സ്വപ്നം കണ്ടിരുന്നു…. പക്ഷെ അതൊന്നും അവർക്ക് അപ്പോൾ ഉണ്ടായ സന്തോഷത്തെ അകറ്റാൻ പ്രാപ്തമുള്ളതായിരുന്നില്ല….

എല്ലാവരും ഇന്ദുവിന്റെ വരവിനായി ഉമ്മറത്തു തന്നെ കാത്തിരുന്നു…. മാനം കറുത്തു…. അടുത്ത മഴ വീണ്ടും തുടങ്ങി…. ഇന്ദു വരാനുള്ള സമയം കഴിഞ്ഞുപോയിട്ടും അവളെ കണ്ടില്ല…. സമയം വീണ്ടും കടന്നു പോയി…. മഴ വീണ്ടും കരുത്തു പ്രാപിച്ചുകൊണ്ടിരുന്നു….. വരാനുള്ള സമയം കഴിഞ്ഞു മണിക്കൂറുകൾ വീണ്ടും കടന്നു പോയിട്ടും അവളെ കാണാത്തത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചു….. അമ്മ പേടിച്ചു കരയുമെന്ന അവസ്ഥയിലെത്തി…. ഇനിയും കാത്ത് നിൽക്കുന്നത് ബുദ്ധിമോശമാണെന്ന് തോന്നിയ അമലും അരവിന്ദും മഴയെ വക വയ്ക്കാതെ ബൈക്കുമെടുത്ത് പുറത്തേക്ക് ഇറങ്ങി…. അവർ പടിപ്പുര കടക്കുന്നതിന് മുൻപ് ഇന്ദു വീട്ടു മുറ്റത്തേക്ക് നടന്നു വന്നു….

“അയ്യോ മോളെ…. നിനക്ക് എന്തുപറ്റി…. കരഞ്ഞുകൊണ്ട് അമ്മ അവളെ കെട്ടിപിടിച്ചു…. അവളാകെ നനഞ്ഞിരുന്നു…. വസ്ത്രത്തിൽ മൊത്തം ചെളി പറ്റി പിടിച്ചു കിടന്നിരുന്നു… നെറ്റിയിലും കൈ മുട്ടിലുമായി മുറിവുകൾ…. അമ്മയുടെ മുറവിളി കൂടുതൽ ഉച്ചത്തിലായി…. അരവിന്ദും അമലും തിരിച്ച് ഓടി വന്നു…

” എന്താ ഇന്ദു…. എന്താ പറ്റിയെ…. എന്താ ലേറ്റായത്…..” അമൽ അവളോട് ചോദിച്ചു….

“അത്…. ഞാൻ…. മഴ… മഴയായിരുന്നു…. പിന്നെ തെന്നി വീണു…. ” അവൾ എങ്ങനെയോ അത്രയും പറഞ്ഞു… അമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി…. അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി…. ഇന്ദുവിനോട് ഒന്നും ചോദിക്കാനോ പറയാനോ ആർക്കും കഴിഞ്ഞില്ല…. അവൾ അന്ന് പിന്നീട് മുറിക്കു പുറത്ത് വന്നില്ലന്നുള്ളതാണ് സത്യം…. എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു …. ഇന്ദു ഒരിക്കൽ പോലും മുറിയടച്ച് ഇരുന്നിട്ടില്ല….. ആരും അവളെ ശല്യപെടുത്താൻ പോയില്ല…. ശരീര വേദനയാണ് ഉറങ്ങട്ടെയെന്ന് അമ്മ പറഞ്ഞു…. ഏറ്റവും ടെൻഷൻ അമലിനു തന്നെയായിരുന്നു…. പിറ്റേന്ന് തന്നെ എല്ലാം അവളോട്‌ സംസാരിക്കണം എന്ന് അമൽ തീരുമാനിച്ചു …. അതുകഴിഞ്ഞ് അടുത്ത ദിവസം ജോയിൻ ചെയ്യണ്ടതാണ്….. ഇനി അധികം സമയമില്ല….

പിറ്റേന്ന് അമൽ ഉണർന്നപ്പോൾ പതിവ് പോലെയുള്ള ചായ അവിടെ ഉണ്ടായിരുന്നില്ല…. ഇന്ദു ഇന്നും എഴുന്നേറ്റിട്ടുണ്ടാകില്ലന്ന് അവൻ ഊഹിച്ചു….. അവളുടെ റൂമിൽ പോയി അവൻ തട്ടി വിളിച്ചു…. കുറേ നേരം തട്ടി വിളിച്ചതിന് ശേഷമാണ് അവൾ വാതിൽ തുറന്നത്…. ആകെ അവശയായി വല്ലാതെ ഇരിക്കുന്ന അവളെയാണ് അവൻ അവിടെ കണ്ടത്…. പനി പിടിച്ചു കിടന്നപ്പോൾ പോലും ഇങ്ങനെ ഒരു അവസ്ഥയിലായിരുന്നില്ല അവൾ… അവന് അത്ഭുതം തോന്നിപ്പോയി…. ഒപ്പം ഭയവും…. അവൾക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവന്റെ മനസ്സ് പറഞ്ഞു…. അവൻ എന്തോ പറയാൻ വന്നപ്പോളേക്കും അവനെ മറികടന്ന് അവൾ പോയിരുന്നു….

സമയം വീണ്ടും കടന്നു പോയി…. ഇന്ദുവിനോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ അവന് സാധിച്ചില്ല…. അവൾ അവന് മുഖം കൊടുക്കുന്നത് പോലുമുണ്ടായിരുന്നില്ല….. എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ അവൻ മനസ്സ് ശാന്തമാകാൻ കുളപ്പടവിലേക്ക് നടന്നു…. കുറേ നേരം അവിടെ ഇരുന്ന ശേഷം അവൻ തിരികെ വീട്ടിലേക്ക് നടന്നു…. ഒരു ബഹളമാണ് അവനെ അവിടെ വരവേറ്റത്….

” വേണ്ട…. എനിക്ക് അയാളെ….. അയാളെ വിവാഹം ചെയ്യാൻ എനിക്ക് സാധിക്കില്ല ….” ഇന്ദുവായിരുന്നു അത്…. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാൻ അമൽ അവിടെ തന്നെ നിന്ന് അവരുടെ സംഭാഷണം കേട്ടു….

” ഏഹ്… നിനക്ക് അവനെ ഇഷ്ടമല്ലന്നോ…. പിന്നെ…. നീ…. അങ്ങനൊക്കെ…. ” അരവിന്ദായിരുന്നു അത്

” എങ്ങനൊക്കെ…. അരവിന്ദേട്ടന്റെ കൂട്ടുകാരൻ എന്ന അടുപ്പമേ ഞാൻ കാണിച്ചിട്ടുള്ളു…. അല്ലാതെ എനിക്ക് അയാളോട് പ്രണയമൊന്നും ഇല്ല…. ” കലി തുള്ളിയാണ് ഇന്ദു അത് പറഞ്ഞത്…. ഇന്ദുവിന്റെ ശബ്ദം അത്രയും ഉയർന്ന് ആദ്യമായിട്ടാണ് എല്ലാവരും കേൾക്കുന്നത്…. എല്ലാവരും സ്തബ്ധരായി നിന്നു….

” ശരി…. മോൾക്ക് അവനോട് പ്രണയം ഒന്നുമില്ലന്ന് സമ്മതിക്കുന്നു….. പക്ഷെ ഞങ്ങൾക്ക് അവനെ ഒരുപാട് ഇഷ്ടമാണ്…. എന്റെ കുട്ടിക്ക് വേണ്ടി അവനെ ആലോചിക്കട്ടെ…. ” അച്ഛനായിരുന്നു അത്….

” വേണ്ടാ…. എനിക്ക് അയാളെ അങ്ങനെ ഒരിക്കലും കാണാൻ പറ്റില്ല…. വേറെ ആരുടെ കൂടെ കഴിഞ്ഞാലും അയാളുടെ കൂടെ എനിക്ക് പറ്റില്ല…. ” ഇന്ദു വീണ്ടും അലറി വിളിച്ചു….

” നിനക്ക് അവനോട് പ്രേമം ഇല്ലല്ലേ…. പിന്നെ ഞാൻ കണ്ടതൊക്കെ എന്താടി…. ഇത്ര മാത്രം പറയാൻ എന്ത്‌ കുറവാടി നീ അവനിൽ കണ്ടത്…. നൂറു ജന്മം ചെയ്താൽ അവനെ പോലെ ഒരുത്തനെ നിനക്ക് കിട്ടില്ല…. ” അരവിന്ദിന്റെ ശബ്ദവും ഉയർന്നു…. ആദ്യമായാണ് അവൻ ഇത്രയും ദേഷ്യത്തോടെ ഇന്ദുവിനോട് സംസാരിക്കുന്നത്..

“അയാൾ…. അയാൾ… ഒരു കള്ളുകുടിയനാണ്…. വെറും ആഭാസനാണ്…. എത്ര പെണ്ണുങ്ങളെ പറ്റിച്ചിട്ടാണ് ഇവിടെ കല്യാണ ആലോചനയുമായി വന്നതെന്ന് ആർക്കറിയാം…. അങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ…. ” പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അരവിന്ദിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു….. ഇന്ദു ഒരു നിമിഷം പകച്ചു പോയി

Comments:

No comments!

Please sign up or log in to post a comment!