അനിയത്തിപ്രാവ്

ഇവിടെ അവൾക്കായി രണ്ട് വരികൾ എഴുതാൻ എന്നെ അനുവദിച്ച പ്രൊഫസർ ബ്രോയോട് സ്നേഹം മാത്രം.,….. *****.****

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി

” ഏട്ടാ… ”

ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞുനോക്കി, അവന്റെ അടുത്തായി ഒരു പതിനെട്ടോ പത്തൊൻപതോ വയസുള്ള പെൺകുട്ടി ഇരിക്കുന്നു കയ്യിൽ ഒരു ബാഗ് ഉണ്ട്, അവളെ കണ്ടപ്പോൾ എന്തോ ഒരു അനിയത്തിയോട് എന്നത് പോലെയുള്ള വാത്സല്യം തോന്നി

“എന്താ മോളെ ”

“ഏട്ടൻ കരയുകയാണോ, എന്തിനാ കരയുന്നത് ”

” ഏയ്യ് ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോയതാ ”

“ഓഹ്‌ സ്ഥിരം ക്‌ളീഷേ ഡയലോഗ് ആണല്ലോ ഏട്ടാ, എന്തേലും മാറ്റിപ്പിടിച്ചൂടേ ”

അവളുടെ സംസാരം കേട്ടാൽ അവനെ വർഷങ്ങൾ ആയി പരിചയം ഉണ്ടെന്നു തോന്നും,

” ഹ്മ്മ് എന്നാൽ എന്റെ കണ്ണ് വിയർത്തതാ ”

“ആ ഫ്രഷ്… ഫ്രഷ്.. ”

വീണ്ടും അവൾ അവനെ കളിയാക്കി, അവനും അതൊരു സമാധാനം ആയിരുന്നു, അവളുടെ സാമിപ്യം അവനെ ഭൂതകാലത്തിന്റെ നൊമ്പരത്തിൽ നിന്നും കരകയറ്റാൻ സഹായിക്കുകയായിരുന്നു..

“എന്താ മോളുടെ പേര് ”

“അർച്ചന , അടുത്തറിയുന്നവർ അച്ചു എന്ന് വിളിക്കും, ഏട്ടനും അങ്ങനെ വിളിക്കാം ”

“അതിനു മോളെ എനിക്ക് അടുത്തറിയില്ലല്ലോ ”

“ഏട്ടൻ എവിടെയാ ഇറങ്ങുന്നത്”

“കൊല്ലം ”

“ആ ഞാനും അങ്ങോട്ടാ, അപ്പൊ അവിടെ എത്തുന്നത് വരെ സമയം ഉണ്ട്, അപ്പോഴേക്കും നമുക്ക് അടുത്തറിയാം… ”

അവളുടെ ആൾക്കാരുമായി പെട്ടന്ന് ഇടപഴകാനുള്ള കഴിവ് അവനെ അദ്‌ഭുദപ്പെടുത്തി, സാധാരണ അപരിചതരുമായി സംസാരിക്കാത്ത തന്നെ പോലും അവൾ ഇത്ര വേഗം മാറ്റി ഇരിക്കുന്നു എന്നതിൽ അവനു ആശ്ചര്യം തോന്നി

“മോള്… അല്ല അച്ചു പഠിക്കുവാണോ ”

“ഏട്ടന് മോളെ എന്ന് വിളിക്കാൻ ആണ് ഇഷ്ടം എങ്കിൽ അങ്ങനെ വിളിച്ചോ, ഏട്ടന്റെ വിളിയിൽ ഒരു വാത്സല്യം ഉണ്ട് ”

വാത്സല്യം, ആ വാക്ക് അവനെ വീണ്ടും ഭൂതകാലത്തിലേക്ക് തള്ളി വിട്ടു,ആകാൻ വാത്സല്യം കാണിക്കേണ്ട അവന്റെ സ്വന്തം മോള് അവന്റെ കയ്യെത്താ ദൂരത്താണ് എന്നുള്ളത് അവനെ വിഷമിപ്പിച്ചു.

.

വീണ്ടും അവളുടെ വിളി തന്നെയാണ് അവനെ ഉണർത്തിയത്

“ഏട്ടാ, വീണ്ടും ചിന്തിക്കുകയാണോ, ഏട്ടൻ എന്താ ചോദിച്ചത് പഠിക്കുകയാണോ എന്നല്ലേ, അതെ ഏട്ടാ ഞാൻ പഠിക്കുകയാണ്, BA ENGLISH ”

“മോളുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ”

ആ ചോദ്യം ഇത്രയും നേരം ചിരിച്ചു കളിച്ചു സംസാരിച്ച അവളിലും ഒരു നോവ് പടർത്തി

“എനിക്ക് വീടില്ല ഏട്ടാ പിന്നെങ്ങിനെ വീട്ടുകാർ ഉണ്ടാകും ”

“അയ്യോ മോളെ സോറി ഏട്ടൻ അറിയാതെ…. ”

“അത് സാരമില്ല ഏട്ടാ, അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എനിക്കോ ചിലപ്പോ ഒന്നോ രണ്ടോ സഹോദരങ്ങളെ കിട്ടിയേനെ. പക്ഷെ എനിക്കിപ്പോ 54 സഹോദരങ്ങൾ ഉണ്ട് ”

അവൾ പറഞ്ഞതിൽ നിന്നും അവൾ ഒരു അനാഥ ആണെന്നും അവൾ പറഞ്ഞ സഹോദരങ്ങൾ അവൾ വളര്ന്ന അനാഥാലയത്തിലെ അന്തേവാസികൾ ആണെന്നും അവനു മനസ്സിലായി

“ശരിയാ മോളെ ചില സമയങ്ങളിൽ രക്തബന്ധങ്ങളേക്കാൾ കൂടുതൽ നല്ലത് സ്നേഹബന്ധങ്ങൾ ആണ് ”

“ഏട്ടാ ഇത്രയും നേരത്തെ പരിചയം വച്ചു ചോദിക്കാമോ എന്നറിയില്ല, എന്നാലും ചോദിക്കുവാ ഏട്ടൻ എന്താ ഇത്ര ആലോചിച്ചു വിഷമിക്കുന്നത് ”

അവൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് അവളിപ്പോൾ ചോദിക്കുന്നത്, എന്നാൽ അവളുടെ മുഖത്തു നോക്കി പറ്റില്ല എന്ന് പറയാനും സാധിക്കില്ല

“ഞാൻ പറയാം മോളെ, ”

“എന്റെ പേര് സുധീർ മേനോൻ, അച്ഛൻ മാധവമേനോൻ രാമപുരം ഗവണ്മെന്റ് LP സ്കൂളിൽ HM ആയി റിട്ടയർ ചെയ്‌ത ആളാണ്‌, അമ്മ സേതുലക്ഷ്മി ഗൃഹഭരണം നടത്തുന്ന ഒരു നാട്ടിന്പുറത്തുകാരി,

അച്ഛൻ സ്കൂളിൽ മാത്രമല്ല വീട്ടിലും HM തന്നെയായിരുന്നു, പട്ടാളച്ചിട്ടയിൽ ആണ് എന്നെ വളര്ത്തിയത്, ഓരോന്നിനും ഓരോ ടൈം ടേബിൾ വച്ചിരുന്നു കാലത്ത് ഇത്ര മണിക് എഴുന്നേൽക്കണം ഇത്ര വരെ പഠിക്കണം അങ്ങനെ എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു,

അമ്മ ആയിരുന്നു എന്റെ എല്ലാം. എന്റെ ഏറ്റവും അടുത്ത സുഹൃത്തും അമ്മ തന്നെ ആയിരുന്നു, അച്ഛനിൽ ഉള്ളത് പോലെ ഉള്ള ഒരു നിർബന്ധങ്ങളും ഇല്ലാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ

ആ സമയത്തു ഞാൻ b.tech പഠിക്കുകയാണ്, അതും അച്ഛന്റെ നിർബന്ധം ഒരു ചിത്രകാരൻ ആകാൻ ആഗ്രഹിച്ച എന്നെ ഒരു എഞ്ചിനീയർ ആക്കണം എന്ന് അച്ഛന് വാശി ആയിരുന്നു,ഒന്ന് എതിർത്തു പറയാൻ പോലും അവകാശം ഇല്ലാതെ എല്ലാം അനുസരിക്കുക മാത്രമായിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന ഏക വഴി

അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്, ആരോടും അധികം സംസാരിക്കാത്ത ഒരു പാവം കുട്ടി, മുഴുവൻ സമയം ശ്രദ്ധ പഠിത്തത്തിൽ മാത്രം ആയിരിക്കും, അവൾ ഒന്ന് ശബ്ദം ഉയർത്തി ആരോടും സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല, അവൾ എന്നെ തെറ്റിദ്ധരിച്ചു എന്റെ മോളുമായി പോയപ്പോൾ പോലും അവൾ എന്നോടൊന്നു ദേഷ്യപ്പെട്ടില്ല ”

അത് പറയുമ്പോൾ അവന്റെ സ്വരം ഇടറി, കണ്ണിൽ നിന്നും രണ്ടു തുള്ളി പൊടിഞ്ഞു അവനെ ആശ്വസിപ്പിക്കാൻ അച്ചു ശ്രമിച്ചപ്പോൾ അവൻ തടഞ്ഞു

“വേണ്ട മോളെ, എനിക്കു പ്രശ്നം ഒന്നുമില്ല, എല്ലാം ആരോടെങ്കിലും പറയണം എന്ന് ഞാനും കുറച്ചായി ആഗ്രഹിക്കുന്നു, ഇത് മോളോട് പറയുമ്പോ എനിക്കൊരു ആശ്വാസം കിട്ടിയേക്കും ”

അവൾ പിന്നെ ഒന്നും പറഞ്ഞില്ല അവന്റെ വാക്കുകൾക്കായി കാതോർത്തു…

അവൻ പിന്നെയും ഭൂതകാലത്തിലേക്കു ചേക്കേറി

******

ഇന്നാണ് എന്റെ ഈ കോളേജിലെ ആദ്യ ദിവസം, കോട്ടയത്തെ തന്നെ ഏറ്റവും മുന്തിയ എഞ്ചിനീയറിംഗ് കോളേജ്, സമ്പന്നരുടെ മക്കൾ മാത്രമേ ഇവിടെ പഠിക്കുന്നുള്ളു, പാർട്ടി പ്രവർത്തനങ്ങളോ സമരങ്ങളോ ഒന്നും ഇല്ലാതെ കൂട്ടിലടച്ച ബ്രോയ്ലർ കോഴികളെ പോലെ എഞ്ചിനീയർ മാരെ ഉണ്ടാക്കുന്ന ഫാക്ടറി, ഫസ്റ്റ് ദിവസം ആയിട്ടും ഞങ്ങളെ പരിചയപ്പെടാനോ റാഗിംഗ് നടത്താനോ ആരും വരാത്തപ്പോൾ തന്നെ കോളേജിന്റെ ഭൂമിശാസ്ത്രം ഏകദേശം മനസ്സിയിലായി

എല്ലായിടത്തും സൈൻ ബോർഡ് ഉണ്ടായിരുന്നത് കൊണ്ട് ക്ലാസ്സ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല, ക്ലാസ്സിൽ എത്തിയപ്പോൾ കുറെ കുട്ടികൾ ഒക്കെ എത്തിയിട്ടുണ്ട്, എല്ലാവരും ഒരു തരം പാൽകുപ്പികൾ, എന്നെയും പുറത്തെല്ലാവരും അങ്ങനെ തന്നെയാണ് കരുതുന്നത്, ഈ ചങ്ങല പൊട്ടിച്ചോടണം എന്ന് എപ്പോളും കരുതും പക്ഷെ അതിനു സാധിക്കില്ല

അങ്ങനെ ഓരോന്നും ചിന്തിച്ചു വെളിയിൽ നിന്ന എന്നെ ടീച്ചറിന്റെ വിളി ആണ് ഉണർത്തുന്നത്,

“എന്താടോ വന്ന ദിവസം തന്നെ ദിവാസ്വപ്നം കാണുകയാണോ, ഉള്ളിൽ കയറുന്നില്ലേ ”

“സോറി മിസ്സ്‌ ”

“ആ താൻ ഉള്ളിൽ വാ ”

ക്ലാസ്സിനു ഉള്ളിൽ കയറി ഏതെങ്കിലും സീറ്റിൽ ഇരിക്കാം എന്ന് കരുതി പോയ എന്നെ, മിസ്സ്‌ തിരിച്ചു വിളിച്ചു

“താൻ പോകല്ലേ, ഇങ്ങു വാ.
. ഇവരൊക്കെ സ്വന്തമായി പരിചയപ്പെടുത്തി കഴിഞ്ഞു ഇനി തന്റെ ഊഴമാണ് ”

മിസ്സ്‌ അത് പറഞ്ഞതും എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി, നേരത്തെ മുതലേ ഏതെങ്കിലും ഒരു സദസ്സിനെ അഭിമുകീകരിക്കാൻ എനിക്ക് ഭയമാണ്, അച്ഛന്റെ ശിക്ഷണത്തിൽ വളർന്നതിന്റെ ഫലം..

“എന്റെ പേര് സുധീർ… ”

“താൻ എന്താ ഒന്നാം ക്ലാസ്സിൽ ചേരാൻ വന്നതാണോ, say it in english ”

ഒന്നാമത് ഭയന്നിരുന്നു എന്നെ മിസ്സിന്റെ സ്വരം കടുത്തത് തലകറക്കം എന്ന അവസ്ഥയിൽ എത്തിച്ചു

ഞാൻ ഉണർന്നു നോക്കുമ്പോൾ കാണുന്നത് എന്റെ ചുറ്റും കൂടി നിൽക്കുന്ന കുട്ടികളെയും, കയ്യിൽ ഗ്ലാസ്സുമായി മിൽക്കുന്ന മിസ്സിനെയും ആണ്, കുട്ടികളുടെ എല്ലാവരുടെയും മുഖത്തു ഒരു ചിരി ഉണ്ട്

“sudheer are you ok? ”

മിസ്സ്‌ എന്റെ മുഖത്തു നോക്കി ചോദിച്ചു

“yes miss i’m ok ”

“ആ അപ്പൊ എല്ലാരും സ്വന്തം സീറ്റുകളിലേക്ക് തിരിച്ചു പോകുക ”

മിസ്സത് പറഞ്ഞു കഴിഞ്ഞതും എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിലേക്കു തിരികെ പോയി, അപ്പോളും അവരുടെ മുഖത്തു പുച്ഛം നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു, എന്നാൽ ഒരാൾ മാത്രം എന്നെ ഒരു സഹതാപത്തോടെ ആയിരുന്നു നോക്കിയിരുന്നത്, ഒരു പെൺകുട്ടി അവളുടെ മിഴികൾ ചെറുതായി നിറഞ്ഞിരുന്നു

“അപ്പൊ സുധീർ തനിക്കു ഇംഗ്ലീഷ് ബുദ്ധിമുട്ടാണെന്ന് മനസ്സിലായി, മലയാളത്തിൽ തന്നെ ഇൻട്രൊഡക്ഷൻ കൊടുത്തോ ”

അത് പറഞ്ഞപ്പോൾ മിസ്സിന്റെ സ്വരത്തിലും ഒരു ചെറിയ പുച്ഛം നിഴലിച്ചിരുന്നതായി എനിക്ക് തോന്നി

“hi every one, I’m Sudheer, Sudheer menon s/o madhavamenon and sethulakshmi , I finished my schooling with 98%..

ഞാൻ അത് പറഞ്ഞതും എല്ലാവരുടെയും മുഖത്തു ഒരു അത്ഭുതം ഉണ്ടായിരുന്നു. അത്രയും നേരം എന്നെ പുച്ഛിച്ചവർ എല്ലാം എന്നെ വിശ്വാസം വരാതെ നോക്കാൻ തുടങ്ങി. എന്നാൽ എന്റെ കണ്ണുകൾ അന്വേഷിച്ചത് എനിക്ക് വേണ്ടി നിറഞ്ഞ ആ കണ്ണുകളെ ആണ്

അവസാനം എന്റെ കണ്ണുകൾ അവളെ കണ്ടെത്തി, ആ മുഖത്തുനിന്നും ആദ്യം കണ്ട സങ്കടം മാറി സന്തോഷം വന്നിരിക്കുന്നു

“ആ അപ്പൊ തനിക്കു ഇംഗ്ലീഷ് അറിയാത്തതു കൊണ്ടല്ല, ആദ്യ ദിവസത്തെ ഭയം ആയിരുന്നു അല്ലെ, എന്തായാലും തന്റെ ഇൻട്രൊഡക്ഷൻ എനിക്ക് ഇഷ്ടായി. ഇനി താൻ പോയി ഇരുന്നോ ”

മിസ്സ്‌ പറഞ്ഞതും ഞാൻ ബാഗുമെടുത്തു ഇരിപ്പിടം നോക്കി തുടങ്ങി ഏകദേശം എല്ലാ സീറ്റും ഫിൽ ആയിരിക്കുന്നു, ഒന്നോ രണ്ടോ സീറ്റ്‌ മാത്രം ബാക്കി, ഒരു സീറ്റ്‌ ബാക്കി ആക്കിയിരിക്കുന്നയത്‌ അവളുടെ അടുത്താണ്, എന്തോ അവളുടെ അടുത്തിരിക്കണം എന്നും അവളെ ഒന്ന് പരിചയപ്പെടണം എന്നും തോന്നി.
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നിട്ടും അവൾ ഒരുവട്ടം പോലും എന്നോട് സംസാരിച്ചില്ല. എനിക്കും സംസാരിക്കാൻ ഭയമായിരുന്നു എന്തായാലും ഇന്റർവെൽ സമയത്തു സംസാരിക്കാം എന്നുറപ്പിച്ചു…

ഇന്റർവെൽ ആയി മിസ്സ്‌ പുറത്തിറങ്ങിയതും കുറച്ചുപേർ പുറത്തേക്കു പോയി, കുറച്ചു പേര് തമ്മിൽ പരിചയപ്പെടുകയാണ്, ഞാനും അവളെ പരിചയപ്പെടാൻ തീരുമാനിച്ചു

“hi I’m sudheer, തന്റെ പേരെന്താ ”

“മാളവിക ”

അവളുടെ സ്വരം വളരെ നേർത്തതായിരുന്നു

“എവിടാ വീട് ”

“പാലാ ”

“എന്റെ വീട് രാമപുരം ”

“ഹ്മ്മ് ”

ഞാൻ അവളോട്‌ എന്തൊക്കെ ചോദിച്ചോ അതിനു മാത്രം അവൾ മറുപടി തന്നു ഒരിക്കൽ പോലും എന്റെ മുഖത്തേക്ക് നോക്കുകയോ എന്നോട് എന്തെങ്കിലും ചോദിക്കുകയോ ചെയ്തില്ല.

“താങ്ക്സ് ”

ഞാൻ നന്ദി പറഞ്ഞപ്പോൾ അവൾ ആദ്യമായി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ആ നോട്ടത്തിൽ ഒരു ചോദ്യ ഭാവം ഉണ്ടായിരുന്നു, ഞാൻ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി

“ഇവിടെ എല്ലാവരും എന്നെ കളിയാക്കിയപ്പോൾ ഞാൻ ഒരു വിഷമം കണ്ടത് തന്റെ കണ്ണിൽ മാത്രമാണ് അതിനാണ് ആ നന്ദി ”

അവൾ അതിനു മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു, അപ്പോളേക്കും ഇന്റർവെൽ അവസാനിച്ചു എല്ലാവരും ക്ലാസ്സിൽ കയറി, ആദ്യ ദിവസത്തെ ക്ലാസ്സ്‌ നന്നായി തന്നെ അവസാനിച്ചു. കോളേജിന്റെ തലയെടുപ്പ് പോലെ തന്നെയാണ് കോളേജിന്റെ അവസ്ഥയും ഒരു റാഗിംഗോ ഒന്നും തന്നെയില്ല ആദ്യ കാഴ്ചയിൽ ഇഷ്ടപ്പെട്ട കോളേജ് എത്ര നല്ല ഓർമകളെ ആണ് നഷ്ടപ്പെടുത്തുന്നത് എന്ന് പിന്നീടാണ് മനസ്സിലായത്

കോളേജിൽ പഠിക്കുന്ന എല്ലാവർക്കും ഉള്ള ഹോസ്റ്റൽ സൗകര്യം അവിടെത്തന്നെ ഉണ്ടായിരുന്നു. അവിടെയും കോളേജിന്റെ അവസ്ഥ തന്നെയായിരുന്നു ഒരുതരം എഞ്ചിനീയർ മാരെ ഉണ്ടാക്കി എടുക്കുന്ന ഫാക്ടറി. ആ കോളജിൽ എനിക്ക് ആകെയുണ്ടായിരുന്ന സന്തോഷമായിരുന്നു മാളവിക എന്റെ മാളു പിന്നെ എന്റെ സുഹൃത്ത്‌ അല്ല സഹോദരൻ അഭിലാഷ് എന്ന അഭി ..

******

വളരെ പെട്ടന്നാണ് അത് സംഭവിച്ചത് തന്റെ കഥ പറഞ്ഞുകൊണ്ടിരുന്ന സുധിക്ക് അത് പൂര്ണമാക്കാൻ സാധിച്ചില്ല എതിരെ വന്ന ഒരു ബസ്സിന്റെ വെളിച്ചം കണ്ണിൽ അടിച്ചതും വണ്ടി തമ്മിൽ കൂട്ടി ഇടിക്കുന്ന ശബ്ദവും മാത്രമേ ഓര്മയുള്ളു. കണ്ണ് തുറക്കുമ്പോൾ അവൻ ആശുപത്രി കിടക്കയിൽ ആണ് കയ്യിലും തലയിലും കെട്ടുണ്ട്. കണ്ണ് തുറന്ന് അവൻ ആദ്യം തേടിയത് അച്ചുവിനെ ആണ്

അവൻ അടുത്ത് നിന്ന നഴ്സിനെ വിളിച്ചു അവളുടെ കാര്യം അന്വേഷിച്ചു

“സിസ്റ്റർ ”

“ആ താൻ എഴുന്നേറ്റോ… ”

“സിസ്റ്ററെ എന്റെ ഒപ്പം ഒരു കുട്ടി ഉണ്ടായിയുന്നു അർച്ചന.
. ”

“പേടിക്കണ്ട ചെറിയ അപകടം ആണ് നടന്നത്, ബസ്സിലുള്ള എല്ലാവർക്കും ചെറിയ മുറിവുകൾ മാത്രമേ ഉള്ളു ”

അത് കേട്ടതും അവനിൽ ഒരു ആശ്വാസം വന്നു

“ആ താൻ ആ പെൺകുട്ടിയുടെ പേരെന്താണ് പറഞ്ഞത് ”

“അർച്ചന ”

“അർച്ചന… ആ പേരിൽ ഒരാൾ ആ ബസിൽ ഉണ്ടായിരുന്നില്ലല്ലോ ”

“ഇല്ല സിസ്റ്റർ എനിക്കുറപ്പാണ് എന്റൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുടെ പേര് അർച്ചന എന്ന് തന്നെയാണ്.. ”

“ആ ബസ്സിൽ ഉണ്ടായിരുന്ന എല്ലാവർക്കും ചെറിയ മുറിവുകൾ എങ്കിലും ഉണ്ടായിരുന്നു, അവരെ എല്ലാം ഈ ആശുപത്രിയിൽ തന്നെയാണ് കൊണ്ടുവന്നത്. അവരിൽ അർച്ചന എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നില്ല ”

“ഏട്ടാ… ”

അവളുടെ ശബ്ദം കേട്ട സന്തോഷത്തിൽ അവൻ തിരിഞ്ഞു നോക്കി, അവൾ അവന്റെ അടുത്ത് തന്നെ നില്കുന്നു, അവളുടെ ശരീരത്തിൽ ഒരു ആക്‌സിഡന്റ് നടന്നതിന്റെ യാതൊരു മുറിവുകളും ഉണ്ടായിരുന്നില്ല. അത് കണ്ടതും അവനു സന്തോഷം ആയി

“സിസ്റ്ററല്ലേ പറഞ്ഞത് ആ ബസ്സിൽ അർച്ചന എന്ന പേരുള്ള ഒരാൾ ഉണ്ടായിരുന്നില്ല എന്ന്, ഇതാണ് ഞാൻ പറഞ്ഞ അർച്ചന ”

അവൻ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കിയ നഴ്സ് അവിടെ ആരെയും കണ്ടില്ല.

“താൻ ഇതാരുടെ കാര്യമാ ഈ പറയുന്നത്, അവിടെ ആരും ഇല്ല. ഇതൊക്കെ ആക്‌സിഡന്റ് കഴിഞ്ഞതിന്റെ ഷോക്കിൽ തനിക്കു തോന്നന്നതാ ”

അവൻ നഴ്സ് പറഞ്ഞത് ഒരു ഞെട്ടലോടെ ആണ് കേട്ടത്

“ഏട്ടാ,… അവരോടു തർക്കിക്കാൻ നിൽക്കണ്ട അവർക്കു എന്നെ കാണാൻ പറ്റില്ല. ഏട്ടന് മാത്രേ എന്നെ കാണാൻ പറ്റൂ ”

അവന്റെ ശരീരം വിയർക്കാൻ തുടങ്ങി, അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി, അവൻ പതിയെ മയക്കത്തിലേക്ക് വഴുതി വീണു…

ആരൊക്കെയോ തട്ടി വിളിക്കുന്നത്‌ കേട്ടാണ് അവൻ മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്, ഉണർന്നപ്പോൾ അവന്റെ അടുത്ത് വെള്ള ഉടുപ്പിട്ട നിൽക്കുന്ന ആളെ കണ്ടപ്പോൾ അവനു മാലാഖയെ പോലെ തോന്നി, അവരുടെ അടുത്ത് അച്ചുവും നിൽക്കുന്നു,

“ഓ ഞാനും മരിച്ചോ, അച്ചുവും ഉണ്ട് മാലാഖയും ഉണ്ട്.. ”

അവന്റെ ശബ്ദം കേട്ടതും അച്ചുവും മാലാഖയും ചിരിക്കുവാൻ തുടങ്ങി, അവൻ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി മാലാഖയുടെ സ്ഥാനത്തു ഒരു നഴ്സ് നിൽക്കുന്നു പക്ഷെ അവൻ മുൻപ് കണ്ട നേഴ്സ് അല്ല വേറൊരാൾ, ഈ പ്രാവശ്യം അച്ചുവിന്റെ തലയിലും ചെറിയ കെട്ടൊക്കെ ഉണ്ട്

“ഓ അപ്പൊ ഞാൻ മരിച്ചില്ല അല്ലെ.. ”

അത് കേട്ടതും വീണ്ടും അവർ ചിരിക്കാൻ തുടങ്ങി,

“ഏട്ടൻ ഇതെന്തൊക്കെയാ പറയുന്നേ, ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു ഏട്ടന്റെ തലയിൽ ആണ് അടി കിട്ടിയത് അതിന്റെ മയക്കം ആയിരുന്നു ഇപ്പോളാണ് എഴുന്നേൽക്കുന്നത് ”

എന്നാൽ അവൻ കണ്ടത് വെറും സ്വപ്നം മാത്രമാണെന്ന് അവനു വിശ്വസിക്കാൻ സാധിച്ചില്ല

“സിസ്റ്ററെ, സിസ്റ്ററിനു ഈ നിൽക്കുന്ന പെൺകുട്ടിയെ കാണാൻ പറ്റുന്നുണ്ടോ ”

അവൻ അച്ചുവിനെ ചൂണ്ടി നഴ്സിനോട് ചോദിച്ചു

“ഇല്ല, ഏതു പെൺകുട്ടി ”

അപ്പൊ താൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നില്ല, അച്ചു ശരിക്കും ഒരു പ്രേതം തന്നെയാണ്.

“എടി മോളെ പോകുന്ന വഴിക്ക് ഇയാളെ വല്ല ഊളംപാറയിലും കാണിച്ചേക്കു… തലക്കു അടി കിട്ടിയപ്പോൾ ഉള്ള ബോധം പോയി എന്ന് തോന്നുന്നു ”

അവൻ നോക്കുമ്പോൾ അച്ചുവിനെ നോക്കി സംസാരിക്കുന്ന നഴ്‌സ്‌നെയാണ് കാണുന്നത്,

“ഏട്ടാ ഏട്ടനെന്താ പറ്റിയെ, ഇത് ഞാനാ അച്ചു.എന്നെ കാണാതിരിക്കാൻ ഞാൻ എന്താ പ്രേതമാണോ… , ആണോ സിസ്റ്ററെ എന്നെ കണ്ടിട്ട് പ്രേതമായി തോന്നുന്നുണ്ടോ ”

അവൾ പകുതി അവനോടും പകുതി നഴ്‌സ്‌നോഡുമായി പറഞ്ഞു,

“ഏട്ടാ ഇന്ന് പോകാൻ പറ്റില്ല, ഏട്ടനെ ഇന്ന് കൂടെ നിരീക്ഷണത്തിൽ വച്ചിട്ട് നാളെ ഡിസ്ചാർജ് ചെയ്യും എന്നാണ് ഡോക്ടർ പറഞ്ഞത് ”

അവൾ ഇതൊക്കെ പറയുമ്പോളും അവനു കണ്ടത് ഒരു സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാൻ പറ്റാതെ ഇരിക്കുകയായിരുന്നു, പയ്യെ അവന്റെ മുഖത്തുള്ള സംശയം മാറി ഒരാശ്വാസം വന്നു

“മോളെ അച്ചൂ…. ”

അത്രയും വിളിച്ചതും അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി പൊഴിഞ്ഞു

“ഏട്ടാ എന്താ ഏട്ടാ പറ്റിയെ വല്ല സ്വപനവും കണ്ടോ, ഞാൻ എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട്, നാളെ രാവിലെ നമ്മൾ രണ്ടും ഒരുമിച്ചു ഇവിടെ നിന്നും പോകും ”

അവർ അന്ന് ഒരുപാട് നേരം സംസാരിച്ചു, അവൻ പറഞ്ഞു നിർത്തിയ കഥയെക്കുറിച്ചു മാത്രം അവൾ ഒന്നും ചോദിച്ചില്ല. അവളാണ് അവർക്കുള്ള ഭക്ഷണം വാങ്ങി കൊണ്ട് വന്നത് അവൻ തന്നെ കഴിച്ചോളാം എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ അവളാണ് അവനു വാരിക്കൊടുത്തു കഴിപ്പിച്ചത്

അവളുടെ സ്നേഹം കണ്ടതും അവന്റെ കണ്ണിൽ നിന്നും വീണ്ടും വെള്ളം വന്നു

“അയ്യേ എട്ടൻ വീണ്ടും കരയാ ”

“ഇല്ല മോളെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ ”

അവൾ അതിനു മറുപടിയായി ഒന്ന് ചിരിച്ചു

“മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയോ ”

“എന്താ ഞാൻ പ്രേതമാണോ എന്നാണോ ”

അത് പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി, അവൾ പറഞ്ഞത് കേട്ടു അവനും ഒന്ന് ചിരിച്ചു

“അതൊന്നും അല്ലടാ, മോൾക്ക്‌ എന്നെ ഈ ഒരു ദിവസത്തെ പരിചയം മാത്രമല്ലേ ഉള്ളു, ഈ ഒരു ദിവസം കൊണ്ട് എന്നെ ഇങ്ങനെ പരിചരിക്കാൻ മാത്രം എന്ത് ബന്ധമാ മോൾക്ക്‌ എന്നോടുള്ളത് ”

“ഏട്ടാ ഞാൻ ഏട്ടനെ എന്റെ ഏട്ടനായി തന്നെയാണ് കാണുന്നത് ”

“എന്നെ വിശ്വസിക്കാൻ പറ്റും എന്ന് ഒറ്റ ദിവസം കൊണ്ട് എങ്ങനെ മനസ്സിലായി ”

അവൾ അതിനു നൽകിയ മറുപടി ലളിതമായിരുന്നു

“ഞാൻ ഒരു പെൺകുട്ടി ആയതു കൊണ്ട് “.

അവന്റെ മുഖത്തു വീണ്ടും സംശയം കണ്ടതുകൊണ്ടാവും അവൾ തുടർന്നു

“ഏട്ടാ ഞങ്ങൾ പെൺകുട്ടികൾക്ക് ഒരാൾ നമ്മളോട് പെരുമാറുന്നത് ഏതു അർഥത്തിലാണ് എന്നത് പെട്ടന്ന് മനസ്സിലാവും, ഏട്ടൻ ഈ സമയം വരെ എന്നെ മോളെ എന്ന് മാത്രേ വിളിച്ചിട്ടുള്ളു. ആ വിളിയിലെ വാത്സല്യം എനിക്ക് മനസ്സിലാകുന്നുണ്ട് ”

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞു,

പിന്നെ അവൻ അവളോട്‌ അതിനെക്കുറിച് ഒന്നും ചോദിച്ചില്ല,

“അയ്യോ ഒന്ന് ചോദിക്കാൻ മറന്നു ”

അവന്റെ ശബ്ദം കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി

“എന്താ ഏട്ടാ ”

“അപ്പൊ മോളിന്നു ചെന്നില്ലെങ്കിൽ അവർ അന്വേഷിക്കില്ലേ ”

“ഓഹ്‌ ഇതിപ്പോളാണോ ആലോചിക്കുന്നേ… , ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞു ഇന്നെത്തില്ലാന്നു ”

അവൾ അമ്മ എന്ന് പറഞ്ഞതും അവൻ വീണ്ടും അവളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി

“ഞങ്ങളുടെ ഹോമിന്റെ അമ്മ ഞങ്ങളുടെ എല്ലാവരുടെയും അമ്മ. ”

“ഓഹ്, അപ്പൊ അമ്മയോട് പറഞ്ഞോ എല്ലാ കാര്യവും ”

“പറഞ്ഞു, എല്ലാം പറഞ്ഞു. അപ്പൊ അമ്മയാ പറഞ്ഞത് ഏട്ടന്റെ കൂടെ നിന്നിട്ടു നാളെ വന്നാൽ മതി എന്ന്, പിന്നെ ഏട്ടനേയും നാളെ അങ്ങോട്ട്‌ കൂട്ടണം എന്ന് പറഞ്ഞിട്ടുണ്ട് . എട്ടൻ വരുമോ ഞങ്ങളുടെ വീട്ടിലേക്കു ”

“അതിനെന്താ മോളെ, ഉറപ്പായും ഞാൻ നാളെ വരും… ”

അവളുടെ ആവശ്യം നിരസിക്കാൻ അവനു സാധിക്കുമായിരുന്നില്ല, എന്നാൽ താൻ നാളെ മാളുവിന്റെ അടുത്ത് എത്തിയില്ല എങ്കിൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ അവനെ ഭയപ്പെടുത്തി…

അച്ചു നോക്കിയപ്പോൾ വീണ്ടും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്ന സുധിയെ ആണ് കാണുന്നത്.

“ഏട്ടാ, ഏട്ടൻ വീണ്ടും എന്തൊക്കെയോ ആലോചിക്കുകയാണ്. നമ്മൾ പറഞ്ഞുകൊണ്ടിരുന്നത് മുഴുവനായി കഴിഞ്ഞില്ല, ഏട്ടന്റെ കഥ. ഏട്ടൻ ഏട്ടത്തിയെ കണ്ടത് വരെ മാത്രമേ പറഞ്ഞുള്ളു ബാക്കിയുള്ള കഥ പറ നമ്മുടെ മുൻപിൽ സമയം വേണ്ടുവോളം ഉണ്ട് ”

“ഞാൻ പറയാം മോളെ ”

*********

ആദ്യത്തെ ദിവസത്തിന് ശേഷം പ്രോപ്പറായി ക്ലാസുകൾ തുടങ്ങി, യാതൊരു വിധ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസും ഇല്ലാത്ത കോളേജ് ആയിരുന്നു അത്, അവരുടെ ഏറ്റവും വലിയ ലക്ഷ്യം അവിടെ പഠിക്കുന്ന ആളുകൾ എല്ലാം ഉയർന്ന മാർക്കോടെ പാസ്സ് ആവണം എന്നത് മാത്രമായിരുന്നു. അത് ഒരിക്കലും അവരോടുള്ള ആത്മാർഥത കൊണ്ടായിരുന്നില്ല, അവർ ഓരോ അഡ്മിഷനും വാങ്ങുന്ന ഡോണെഷൻ അത്രയും വലുതായിരുന്നു

കോളേജ് തുടങ്ങി രണ്ടു ആഴ്ച ആയപ്പൊളേക്കും എനിക്ക് ഒരു കൂട്ടുകാരനെ കിട്ടി, അഭി ഏറെക്കുറെ എന്റെ അതെ സ്വഭാവം ഉള്ള ആൾ, പിന്നെ മാളുവും ഞങ്ങളുടെ ഒപ്പം കൂടി. ആദ്യം വെറും സൗഹൃദമായി തുടങ്ങിയ മാളുവുമായുള്ള ബന്ധം പെട്ടന്നാണ് ഒരു പ്രണയമായി മാറിയത്. അത് ഞാൻ ആദ്യമായി പറഞ്ഞതും അഭിയോടായിരുന്നു

അപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങി ആറുമാസം ആയിരുന്നു.മാളുവിന്റെ ആരോടും ഒന്നിനും ദേഷ്യപ്പെടാത്ത എല്ലാവരോടും മാന്യമായി മാത്രം സംസാരിക്കുന്ന, ആരെങ്കിലും വഴക്കുപറഞ്ഞാൽ കണ്ണുനിറക്കുന്ന സ്വഭാവം എന്നെ അവളിലേക്ക്‌ ഒരുപാട് അടുപ്പിച്ചു.

അന്നൊരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ engineering mechanics ക്ലാസും കഴ്ഞ്ഞു ഇരിക്കുകയായിരുന്നു ഞാൻ, എന്റെ അടുത്ത് തന്നെ അഭിയും മാളുവും ഇരിക്കുന്നുണ്ട്,

“ഡാ അഭീ… ”

“ആ പറയടാ ”

“ഡാ എനിക്കൊരു അത്യാവശ്യ കാര്യം പറയാനുണ്ട് ”

“ആ നീ പറഞ്ഞോ ”

“ഡാ… എനിക്ക്… എനിക്ക് ”

ഞാൻ ഒന്നും പറയാനാവാതെ ബുദ്ധിമുട്ടി. അവൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി

“നീ കാര്യം പറയടാ ”

“ഡാ എനിക്ക് മാളൂനെ ഇഷ്ടാ ”

ഞാൻ അവനിൽ നിന്നും പ്രതീക്ഷിച്ചതു ഒരു ഞെട്ടൽ ആയിരുന്നു, എന്നാൽ എനിക്ക് കിട്ടിയത് ഒരു പൊട്ടിച്ചിരിയാണ്

“ഇതാണോ നീ ഇത്ര അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞത്, ഇതെനിക്കെന്നേ മനസ്സിലായതാ ”

ഞാൻ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി,

“ഡാ ഒരു ആൺകുട്ടിയുടെ മനസ്സ് ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് അവന്റെ സുഹൃത്ത്‌ ആയിരിക്കും, നിന്റെ മനസ്സിൽ ഉള്ളത് എനിക്കെന്നെ മനസ്സിലായി”

“ഡാ അപ്പൊ ഞാൻ എന്താ ചെയ്യാ ”

“എന്ത് ചെയ്യാൻ നീ അവളോട്‌ പറ ”

“എനിക്ക് പേടിയാ, നീ ഒന്ന് പറ ”

“പ്രേമിക്കുന്നത് നീ, അതവളോട് പറയേണ്ടത് ഞാനോ… നടക്കില്ല മോനേ നീ തന്നെ പറഞ്ഞാൽ മതി. പിന്നെ എന്റെ ഊഹം ശരിയാണെങ്കിൽ അവൾക്കു ഇതിനോടകം എല്ലാം മനസ്സിലായിട്ടുണ്ട്”

“അതെങ്ങനെ നീ വല്ലതും പറഞ്ഞോ”

“പോടാ അതിന്റെ ആവശ്യം ഒന്നും ഇല്ല, ഒരു ആണ് കുട്ടി തന്നെ നോക്കുന്നത് എന്ത് അർഥത്തിലാണ് എന്ന് ഒരു പെണ്ണിന് പെട്ടന്ന് മനസ്സിലാകും ”

” ഓഹോ, എന്നാൽ അവൾക്കു എന്നെ ഇഷ്ടമാണോ എന്ന് ആ മുഖം നോക്കി ഒന്ന് പറഞ്ഞെ… ”

“ഒരു പെണ്ണിന്റെ മുഖം നോക്കി ആർക്കും ഒന്നും പറയാൻ പറ്റില്ല, ഒരു ജന്മം മുഴുവൻ എടുത്താലും അത് മാത്രം നടക്കില്ല ”

ഞാൻ എത്രയൊക്കെ പറഞ്ഞിട്ടും എന്റെ ഇഷ്ടം അവളെ അറിയിക്കാൻ അവൻ തയാറായില്ല. അവസാനം അത് ഞാൻ തന്നെ അറിയിച്ചു. അഭിയുമായുള്ള സംസാരത്തിനു ശേഷം വീണ്ടും ഒരു മാസം വേണ്ടി വന്നു എനിക്ക് അതവളോട് പറയാൻ. ഓരു ദിവസം രണ്ടും കല്പ്പിച്ചു ഞാൻ അവളോട്‌ പറഞ്ഞു

“മാളു…. ”

എന്റെ ശബ്ദത്തിലെ വിറയൽ കേട്ടിട്ടാവും അവൾ എന്നെ ഒരു പ്രിത്യേക ഭാവത്തിൽ നോക്കി

“പറ സുധി”

“എടൊ എനിക്ക് തന്നെ… തന്നെ ഇഷ്ടമാണ് ”

അതെങ്ങനെയോ പറഞ്ഞൊപ്പിച്ചു അവളുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലാതെ ഞാൻ താഴേക്കു നോക്കിയിരുന്നു

“സുധി, എനിക്കിതു നേരത്തെ തോന്നിയതാ …. എനിക്കും തന്നെ ഇഷ്ടമാണ്… ”

ഞാൻ വിശ്വാസം വരാതെ തലയുയർത്തി അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് തുടർന്ന്

“പക്ഷെ നമ്മൾ ഇപ്പൊ പഠിക്കുകയാണ്, നമ്മുടെ ഇഷ്ടം ഒരിക്കലും പഠനത്തെ ബാധിക്കാൻ പാടില്ല. പഠിച്ചു ഒരു ജോലിയായി ഒറ്റയ്ക്ക് ജീവിക്കാൻ പറ്റും എന്ന് നമുക്ക് ഉറപ്പുള്ള കാലത്തോളം ഇതാരും അറിയാൻ പാടില്ല”

“അഭി… ”

“അഭിക്കറിയാം എന്നെനിക്കറിയാം”

ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി

“അഭി എന്നോട് പറഞ്ഞിരുന്നു, നീ അവനോടു പറഞ്ഞ അന്ന് തന്നെ ”

ഞാൻ വിശ്വാസം വരാത്തെ അവനെ തിരിഞ്ഞു നോക്കി. അവൻ ഞാനൊന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞു സ്വന്തമായി പൂജ്യം വെട്ടി കളിക്കുന്നു.ഞാൻ അവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു

“എന്താടാ നാശമേ… ”

“ഒന്നൂല്ല നിനക്കൊരുമ്മ തരാൻ തോന്നി ”

അപ്പോളാണ് അവൻ എന്റെ അടുത്ത് ചിരിച്ചുകൊണ്ട് ഇരിക്കുന്ന മാളുവിനെ കാണുന്നത്. അവൻ സംശയത്തോടെ എന്നെ നോക്കി

“നീ പറഞ്ഞോ…??? ”

“ആ… പറഞ്ഞു. അതിനും മുൻപ് നീ പറഞ്ഞില്ലേ അതിനാ ഈ ഉമ്മ ”

അല്ലെങ്കിലും അവൻ എന്നും അങ്ങനെ ആയിരുന്നു, എന്റെ എല്ലാ സങ്കടങ്ങളും തീർത്തു തരുന്നത് അവനായിരുന്നു വെറും ആറോ ഏഴോ മാസത്തെ പരിചയം മാത്രമേ ഉള്ളു എങ്കിലും എന്റെ ഏറ്റവും അടുത്ത സുഹൃത്തായി അവൻ വളർന്നിരുന്നു…

4വർഷത്തെ കോളേജ് പഠനം,ആ കാലമത്രയും ഞങ്ങൾ പ്രണയം ആരെയും അറിയിക്കാതെ കൊണ്ടുനടന്നു. ഒരിക്കൽപോലും ഞങ്ങൾ മാത്രമായി ഒരേടുത്തും ഒറ്റക് പോയിട്ടില്ല എന്നും അവൻ ഉണ്ടായിരുന്നുഞ ഞങ്ങളുടെ ഒപ്പം അതിൽ അവൾക്കൊരു എനിക്കോ ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ അവനു താല്പര്യം ഇല്ലെങ്കിലും ഞങ്ങൾ വിളിച്ചുകൊണ്ടു പോകുമായിരുന്നു…

കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ ക്യാമ്പസ്‌ ഇന്റർവ്യൂ വഴി എനിക്കും അഭിക്കും മാളുവിനും ഒരേ കമ്പനിയിൽ തന്നെ ജോലി കിട്ടി. ഞങ്ങള്ക്ക് അതിൽ പരം സന്തോഷം വേറെ ഉണ്ടായിരുന്നില്ല…

കോളേജ് പഠനം കഴിഞ്ഞു വീട്ടിൽ എത്തി. അന്ന് ആദ്യമായി അച്ഛൻ എന്നോട് ഒരുപാട് സംസാരിച്ചു. ആദ്യമായി ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു

“മോനെ സുധി. മോനു അച്ഛനോട് ദേഷ്യം ഉണ്ടോ, മോന്റെ ആഗ്രഹങ്ങൾ ഒന്നും അച്ഛൻ സാധിച്ചു തന്നില്ല എന്ന് തോന്നുന്നുണ്ടോ ”

ഉണ്ടെന്നു പറയണം എന്ന് മനസ്സിൽ തോന്നി എങ്കിലും പിന്നെ വേണ്ട എന്ന് തീരുമാനിച്ചു

“ഇല്ലച്ഛാ അങ്ങനെ ഒന്നും ഇല്ല ”

“മോൻ പറഞ്ഞില്ലെങ്കിലും അച്ഛന് അറിയാം, മോന്റെ ആഗ്രഹം ഒരു ചിത്രകാരൻ ആകാൻ ആയിരുന്നു അല്ലെ… അച്ഛന് മനസ്സിലാവാഞ്ഞിട്ടല്ല. മോനെ വഴക്ക് പറഞ്ഞപ്പോളൊക്കെ മോനേക്കാൾ കൂടുതലായി വിഷമിച്ചതു അച്ഛനായിരുന്നു. ”

അത് പറയുമ്പോളേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു

“അന്ന് ഞാൻ മോന്റെ ആഗ്രഹത്തിന് വിട്ടിരുന്നു എങ്കിൽ, മോനു മോൻ ചിലപ്പോൾ ഒരു നല്ല ചിത്രകാരൻ ആയേനെ. പക്ഷെ എങ്ങാനും അതിൽ വിജയിക്കാൻ ആയില്ലെങ്കിൽ മോനെന്തു ചെയ്യും. ഇപ്പോൾ മോനു നല്ല വിദ്യാഭാസം ഉണ്ട് ഇനി സ്വന്തമായി തീരുമാനം എടുത്തോളൂ.. ഇപ്പൊ കിട്ടിയ ജോലി വേണോ അതോ മോന്റെ ആഗ്രഹം പോലെ ചിത്രകാരൻ ആവണോ എന്ന് ”

“അച്ഛാ…. ”

എന്റെ സ്വരവും ഇടറിയിരുന്നു

“ഇനി മോന്റെ എല്ലാ കാര്യത്തിലും മോനു സ്വന്തമായി തീരുമാനം എടുക്കാം, മോനു ഒരു കുട്ടിയെ ഇഷ്ടമാണെന്ന് സേതു പറഞ്ഞു അച്ഛന് കുഴപ്പം ഒന്നും ഇല്ലാട്ടോ, സന്തോഷം മാത്രമേ ഉള്ളു. സ്വന്തം പാതിയെ തിരഞ്ഞെടുക്കേണ്ടത് സ്വന്തമായി തന്നെയാണ് ”

അതിനു മുകളിൽ പിടിച്ചു നിൽക്കാൻ എനിക്കും കഴിയുമായിരുന്നില്ല. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു, അച്ഛനെ കണ്ണുനീർ എന്റെ മേലും വീണു… സന്തോഷമായിരുന്നു. എന്റെ ഓർമയിൽ ആദ്യമായി അച്ഛൻ എന്നോട് സ്നേഹത്തോടെ സംസാരിച്ചിരുന്നു ആദ്യമായി മോനെ എന്ന് വിളിച്ചിരിക്കുന്നു.

എന്റെ പിന്നിൽ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്. ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മ… ആ കരച്ചിൽ പിന്നെ ഉച്ചത്തിൽ ആയി…

എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു മുന്നിൽ മാളു പോലും പിന്നിലായിപ്പോയി

അടുത്ത ദിവസം തന്നെ ഞാൻ മാളുവിനെ കാണാൻ അവളുടെ വീട്ടിൽ എത്തി,ഞങ്ങളുടെ വീടുകൾ തമ്മിൽ 15km ദൂരമേ ഉണ്ടായിരുന്നുള്ളു..

ഡോർ തുറന്നത് അവളുടെ അമ്മ ആയിരുന്നു,

“അമ്മേ എന്റെ പേര്.. ”

“സുധീർ അല്ലെ”

എന്നെ മുഴുവനായി പറയാൻ സമ്മതിക്കാതെ അവർ പറഞ്ഞു തുടങ്ങി

“സുധി മോനെ ഞങ്ങൾക്കെല്ലാം അറിയാം, സുധിയെ മാത്രം അല്ല അഭിയേയും. അല്ല അഭി വന്നില്ലേ? ”

“ഇല്ലമ്മേ. അവനു വേറെന്തോ തിരക്കുണ്ടെന്നു പറഞ്ഞു ”

“ആണോ ആ എന്തായാലും മോൻ കേറിവാ. എല്ലാവരെയും പരിചയപ്പെടാം ”

ഞാൻ അവരുടെ കൂടെ ഉള്ളിലേക്ക് കയറി

“മോൻ ഇവിടെ ഇരിക്ക് കേട്ടോ, ഞാൻ എല്ലാവരെയും വിളിച്ചിട്ട് വരാം ”

എനിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി, ഇവിടെ എത്തുന്നത് വരെ അവളെ ഒന്ന് കാണണം സംസാരിക്കണം പോണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെ വന്നപ്പോൾ ഇങ്ങനെ ആയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മാളുവിന്റെ അച്ഛനും ഏട്ടനും ഇറങ്ങി വന്നു. എല്ലാവരുടെയും ഫോട്ടോ മാളു കാണിച്ചിട്ടുള്ളത് കൊണ്ട് ആളുകളെ തിരിച്ചറിയാൻ ദുദ്ധിമുട്ടുണ്ടായില്ല.

“സുധി… അല്ലെ ”

അവളുടെ അച്ഛൻ സംസാരിച്ചു തുടങ്ങി

“മോള് പറഞ്ഞിട്ടുണ്ട്. എല്ലാം ”

ആ എല്ലാം എന്ന് പുള്ളി കുറച്ചു ബലം കൊടുത്താണ് പറഞ്ഞത്, അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി

“ആ എന്നാൽ നിങ്ങൾ സംസാരിക്കു ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം ”

അമ്മ അടുക്കളയിലേക്കു പോകാൻ ഒരുങ്ങി

“വേണ്ടമ്മേ ഞാൻ ഇപ്പൊ ഇറങ്ങും ”

“താൻ ഇരിക്കടോ നമുക്ക് കുറച്ചു സംസാരിക്കാം ”

ഞാൻ അമ്മയോട് പറഞ്ഞതിന് മറുപടി തന്നത് അച്ഛനാണ്

“അതല്ലച്ഛാ, എനിക്ക് ചെന്നിട്ടു കുറച്ചു പണി ഉണ്ടായിരുന്നു ”

“താൻ വന്നത് മോളെ കാണാനല്ലേ എന്നിട്ട് കണ്ടില്ലല്ലോ, ഡാ മനു പോയി മോളെ വിളിച്ചിട്ട് വാ ”

പുള്ളി അവളുടെ ഏട്ടനോടായി പറഞ്ഞു. ഏട്ടൻ അവളെ വിളിക്കാൻ പോയതും അച്ഛൻ വീണ്ടും സംസാരിച്ചു തുടങ്ങി.

“അപ്പൊ സുധി ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. മോൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്, നിങ്ങൾ തമ്മിലുള്ള അടുപ്പവും എല്ലാം. ഞങ്ങൾക്ക് വിരോധം ഒന്നും ഇല്ല. സമയം ആകട്ടെ നമുക്ക് എല്ലാം നടത്താം ”

രണ്ടു ദിവസമായി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എല്ലാം അത്ഭുതങ്ങൾ ആണ്, അതാലോചിച്ചു നിന്നതും അമ്മ ചായയും കൊണ്ട് വന്നു. ഞങ്ങൾ ചായ കുടിക്കുന്ന സമയത്താണ് മാളു അങ്ങോട്ടേക്ക് വരുന്നത്, ഞങ്ങൾ എല്ലാം കുറച്ചു നേരം കൂടെ സംസാരിച്ചു. എനിക്ക് മാളുവിനെ നോക്കി സംസാരിക്കാൻ എന്തോ മടിപോലെ തോന്നി, ഇത്രയും നാൾ ഉണ്ടാകാത്ത ഒരുതരം നാണം.

അന്ന് അവിടെ നിന്നും പോന്നതിനു ശേഷം എല്ലാം നല്ല രീതിയിൽ തന്നെ നടന്നു. ഞാനും മാളുവും അഭിയും ജോലിക്ക് പോയി തുടങ്ങി. ഞാൻ ജോലിക്കിടക്കു ചിത്രരചനയും തുടങ്ങി, 3 വർഷത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്കൊരു കുഞ്ഞു മാലാഖ ജനിച്ചു മാളുവിന്റെ അമ്മയുടെ പേരായ സീതയും എന്റെ അമ്മയുടെ പേരായ സേതുലക്ഷ്മിയും ചേർന്ന് അവൾ സീതാലക്ഷ്മി ആയി. ഞങ്ങളുടെ കുഞ്ഞാറ്റ..

സന്തോഷങ്ങൾ മാത്രം നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് പെട്ടന്നാണ് അവൾ കയറി വന്നത്. ജാനറ്റ്, ഒരു പാതിമലയാളി ഞങ്ങളുടെ കമ്പനിയിൽ ഒരു ട്രെയിനി ആയി വന്നതാണ്, അവൾ വന്നതും എല്ലാവരുമായി കൂട്ടായി. അവൾക്കും ചിത്രരചനാ വല്യ ഇഷ്ടമായിരുന്നു അവൾ ആ കാര്യവും പറഞ്ഞു എപ്പോളും എന്നോടൊപ്പം നിൽക്കാൻ തുടങ്ങി അതിൽ മാളുവിന്‌ ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു, എന്നാലും അവൾ അത് ജാനറ്റിനോട് കാണിച്ചില്ല ഒരിക്കൽ എന്നോട് മാത്രം പറഞ്ഞു

“സുധി…. ”

“പറയെടോ ”

“ഞാൻ പറഞ്ഞാൽ എന്നെ താൻ ഒരു സംശയ രോഗി ആയൊന്നും കാണരുത്”

അവൾ പറയാൻ പോകുന്ന കാര്യം എന്താണെന്നു കേൾക്കാൻ ഞാൻ കാതോർത്തു

“സുധി… തന്നോട് ജാനറ്റ് കാണിക്കുന്ന അടുപ്പം കുറച്ചു കൂടുതൽ അല്ലെ എനിക്കൊരു സംശയം ”

അവൾ പറഞ്ഞത് കേട്ടു എനിക്ക് ചിരി ആണ് വന്നത്

“മാളു, മോളെ അവൾ ഒരു കഥയില്ലാത്ത പെണ്ണാണ്. അവൾക്കു ചിത്രരചനയിൽ ഒരു കമ്പം ഉണ്ട് അതുകൊണ്ട് എന്നോടൊപ്പം കൂടുതൽ ആയി സമയം ചിലവഴിക്കുന്നു എന്ന് മാത്രം ”

“എന്നാലും … ”

“എടൊ തനിക്കു എന്നെ വിശ്വാസമാണോ ”

“എന്നെക്കാൾ കൂടുതൽ ”

“പിന്നെന്താ. ഇനി ആരൊക്കെ വന്നു എന്ന് പറഞ്ഞാലും ഞാൻ തന്നെ കളഞ്ഞിട്ടു പോകില്ല മോളെ ”

അവൾ പിന്നെ അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല. മാസങ്ങൾ കൊഴിഞ്ഞു പോയി.ജാനറ്റ് ഇതിനിടയിൽ എന്നോട് ഒരുപാട് അടുത്തു, അന്ന് മാളു പറഞ്ഞതിൽ കാര്യം ഉണ്ടെന്നു എനിക്കും തോന്നി തുടങ്ങി

ജാനറ്റിന്റെ ഒരു ഫ്രണ്ട് അവൾ ലീവ് ആയിരുന്ന ദിവസം എന്നെ കാണാൻ വന്നു. എന്നോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞു.ഞാൻ അവളെയും കൂട്ടി അടുത്തുള്ള ഒരു റസ്റ്ററന്റിൽ പോയി, അവൾ സംസാരിച്ചു തുടങ്ങി

“ചേട്ടാ എന്റെ പേര് പാർവതി, ജാനറ്റിന്റെ ഫ്രണ്ട് ആണ് “

“ആ പറയൂ പാർവതി, എന്താ കാര്യം “

“ചേട്ടാ ഞാൻ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം, എനിക്ക് ജാനറ്റിനെ വർഷങ്ങൾ ആയി അറിയാം, അവൾ ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടാൻ ഏതറ്റം വരെയും പോകും “

ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി,

“ഇതിപ്പോ എന്നോട് പറയണ്ട കാര്യം? “

“എന്റെ അറിവ് വച്ചു അവൾക്കു ഇപ്പൊ ചേട്ടനോട് ഒരു പ്രണയം ഉണ്ട്,അവൾക്കു റൂമിൽ എത്തിയാൽ ചേട്ടനെക്കുറിച്ചു സംസാരിക്കാൻ മാത്രമേ സമയമുള്ളൂ, ഒരിക്കൽ അവളുടെ മനസ്സറിയാൻ ഞാൻ ചേട്ടനെ ഒന്ന് കളിയാക്കി അവൾ അന്ന് എന്നെ കൊന്നില്ല എന്നെ ഉള്ളു. അന്ന് എനിക്ക് മനസ്സിലായി അവൾക്കു ചേട്ടനോടുള്ള ഇഷ്ടം “

“പക്ഷെ എന്റെ കല്യാണം കഴിഞ്ഞ കാര്യം അവൾക്കു അറിയാമല്ലോ,.. “

“അതൊക്കെ അറിയാം ചേട്ടാ, പക്ഷെ അവൾക്കു അതൊന്നും ഒരു പ്രശ്നം ആയിരിക്കില്ല, അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് പറയുകയാ ചേട്ടൻ അവളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും, അവൾ ആള് പാവമാണ് ചേട്ടാ പക്ഷെ എന്തും ചെയ്തു കഴിഞ്ഞേ അതിന്റെ വരും വരായ്കകൾ ചിന്തിക്കൂ “

അവൾ പറഞ്ഞത് കെട്ടു ഞാൻ ചിന്തയിൽ ആണ്ടു, അവൾ പോകുവാനായി എഴുന്നേറ്റു

“ചേട്ടാ അപ്പൊ ഞാൻ പോകുന്നു, ഞാൻ വന്നതും ഇത് പറഞ്ഞതും അവൾ അറിയണ്ട, ചേട്ടനോട് ഇത് പറയണം എന്നെനിക്കു തോന്നി ഞാൻ പറഞ്ഞു “

അത്രയും പറഞ്ഞതിന് ശേഷം അവൾ നടന്ന് നീങ്ങി

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ജാനറ്റിനെ പരമാവധി അവോയ്ഡ് ചെയ്താണ് നടന്നത്. അവൾ എന്തൊക്കെ സംസാരിക്കാൻ വന്നാലും അവൾ ചോദിച്ചതിന് മാത്രം മറുപടി നൽകി എന്റെ ജോലിയിൽ മുഴുകുമായിരുന്നു,

എന്തോ ഈ കാര്യങ്ങൾ ഒന്നും മാളുവിനെ അറിയിക്കാൻ എനിക്ക് തോന്നിയില്ല, എല്ലാം സ്വന്തമായി പരിഹരിക്കാൻ പറ്റും എന്ന വിശ്വാസമായിരുന്നു

അഭി ഒരാഴ്ചത്തെ കോൺഫറൻസിനായി ബാംഗ്ലൂർ പോയ സമയത്താണ് അത് സംഭവിക്കുന്നത്, അഭിയെ ജീവിതത്തിൽ ഏറ്റവും അധികം മിസ്സ്‌ ചെയ്ത ദിവസങ്ങൾ

ഒരു ദിവസം ജാനറ്റ് എന്നോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞു എന്റെ ക്യാബിനിലേക്കു വന്നു, വന്ന ഉടനെ അവൾ തന്നെ ക്യാമ്പിന്റെ വാതിൽ ലോക്ക് ചെയ്തു

“എന്താ ജാനറ്റ്, എന്തിനാ നീ ഡോർ ലോക്ക് ചെയ്തത് ”

“സുധി എനിക്കൊരു കാര്യം പറയാനുണ്ട് അത് മുഴുവൻ താൻ കേൾക്കണം. അതിനിടയിൽ ആരും നമ്മളെ ശല്യപ്പെടുത്താൻ പാടില്ല അതിനാണ് ഡോർ ലോക്ക് ചെയ്തത് ”

“ശരി താൻ കാര്യം പറ ”

” സുധി എനിക്ക് ഇയാളെ ഇഷ്ടമാണ്, തന്റെ കല്യാണം കഴിഞ്ഞതും കുട്ടി ഉള്ളതും ഒക്കെ എനിക്കറിയാം അതൊന്നും എനിക്കൊരു പ്രശ്നമല്ല എനിക്ക് തന്നെ വേണം ”

അവൾ പറഞ്ഞത് എനിക്കൊരു ഷോക്ക് ആണ് സമ്മാനിച്ചത്

“ജാനറ്റ് നീ എന്തൊക്കെയാ ഈ പറയുന്നത്. ഇതൊന്നും നടക്കില്ല, നീ പോകാൻ നോക്ക് ”

“പ്ലീസ് സുധി എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമാണ് ”

“നടക്കില്ല ജാനറ്റ്. നീ പോ ”

അത്രയും നേരം കെഞ്ചിക്കൊണ്ടിരുന്ന അവളുടെ ഭാവം മാറി,

” നടക്കും സുധി, ഇല്ലെങ്കിൽ ഞാൻ നടത്തും ”

അത്രയും പറഞ്ഞു അവൾ സ്വന്തം ഡ്രസ്സ്‌ വലിച്ചു കീറാൻ തുടങ്ങി, ഞാൻ അവളെ തടയാൻ നോക്കി എങ്കിലും നടന്നില്ല. എനിക്കെന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുൻപ് അവൾ ഡോർ തുറന്നിരുന്നു ഞാൻ അവളുടെ കയ്യിൽ പിടിക്കാൻ നോക്കിയപ്പോൾ പിടിത്തം കിട്ടിയത് ഡ്രെസ്സിൽ ആണ്. അവൾ ഡോർ തുറന്നു പുറത്തേക്കു ഓടുന്ന സമയം ആയതുകൊണ്ട് അവളുടെ ഡ്രസ്സ്‌ കുറച്ചുകൂടെ കീറി

ഞാൻ പുറത്തേക്കു നോക്കിയപ്പോൾ കാണുന്നത് ഞങ്ങളെ നോക്കിക്കൊണ്ടു നിൽക്കുന്ന ആളുകളെയാണ്, ആ കൂട്ടത്തിൽ എന്റെ മാളുവും ഉണ്ടായിരുന്നു. അവളുടെ രണ്ടുകവിളുകളിൽ കൂടെയും കണ്ണുനീർ ഒഴുകിയിരുന്നു

“മാളു….. ”

ഞാൻ വിളിച്ചിട്ടും അവൾ നിന്നില്ല, വീട്ടിൽ എത്തി എന്റെ മോളെയും എടുത്തു അന്ന് അവൾ വീട്ടിൽ നിന്നും പോയി,അന്നും എന്നെ ആകെ വിശ്വസിച്ചത് അഭി മാത്രമാണ്

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ വിശ്വാസമാ, മറ്റാരേക്കാളും നന്നായി എനിക്ക് നിന്നെ അറിയാം, മാളുവിനും നിന്നെ മനസ്സിലാകും, ഡാ ഞാൻ ഈ കോൺഫറൻസ് ഒക്കെ ഒഴിവാക്കി ഇപ്പൊ തന്നെ നാട്ടിലേക്ക് വരാം ഞാൻ സംസാരിക്കാം മാളുവിനോട്”

ആ ഒരു കോൺഫറൻസ് നന്നായി നടന്നാൽ അവനു ഒരു പ്രൊമോഷൻ വരെ സാധ്യത ഉണ്ട് അതെല്ലാം ഒഴിവാക്കി അവനെ തിരിച്ചുവിളിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല,

“വേണ്ടടാ, നീ എല്ലാം കഴിഞ്ഞു വന്നാൽ മതി, ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം ഞാൻ അതിനുള്ളിൽ തീർത്തുകൊള്ളാം “

“ഇല്ല കുഴപ്പമില്ല ഞാൻ വരാടാ “

“വേണ്ട അഭി… മാളുവിന്‌ എന്നെ മനസ്സിലാകും.. ഞാൻ നോക്കിക്കോളാം “

അവൻ പിന്നെ ഒന്നും സംസാരിച്ചില്ല

ആ സങ്കടങ്ങൾക്കിടയിലും മനസ്സിന് ഒരു കുളിരായിരുന്നു അവന്റെ വാക്കുകൾ

ഞാൻ വീട്ടിൽ എത്തിയപ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന അമ്മയെയും, ചാരുകസേരയിൽ ചാരി എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന അച്ഛനെയും കണ്ടു. അന്നാദ്യമായി അമ്മ എന്നെ തല്ലി. അച്ഛൻ ഒന്നും മിണ്ടിയില്ല അച്ഛനും എന്നെ ഒന്ന് തല്ലിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പിന്നെ രണ്ടു ദിവസം ഞാൻ എങ്ങും പോകാതെ വീട്ടിൽ തന്നേ ഇരുന്നു. ഞാൻ ഒരുപാട് വട്ടം മാളുവിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.

“അമ്മ എന്നോട് ക്ഷമിക്കണം, എന്റെ അപ്പോഴത്തെ പൊട്ടബുദ്ധിയിൽ തോന്നിയത് ഞാൻ ചെയ്തതാണ്, അത് കഴിഞ്ഞാണ് ഞാൻ ചെയ്ത തെറ്റിന്റെ വലിപ്പം എനിക്ക് മനസ്സിലായത്, അന്നാദ്യമായി എന്റെ അച്ഛൻ എന്നെ തല്ലി, ആ ദിവസത്തിന് ശേഷം എന്റെ കൂട്ടുകാരി എന്നോട് സംസാരിച്ചിട്ടില്ല, എനിക്കറിയാം ഞാൻ ചെയ്ത തെറ്റിന് മാപ്പില്ല എന്ന് പക്ഷെ എനിക്കിപ്പോൾ മാപ്പ് ചോദിക്കാൻ മാത്രമേ പറ്റൂ, അമ്മ എന്നോട് ക്ഷമിക്കണം സുധിയോടും പറയണം എന്നോട് ക്ഷമിക്കാൻ, “

ഒരുദിവസം അമ്മയോട് ആരോ സംസാരിക്കുന്നതു കേട്ടാണ് ഞാൻ ഹാളിലേക്ക് ചെല്ലുന്നതു, അമ്മയുടെ ഒപ്പം ഉള്ള ആളിനെ കണ്ടതും എന്റെ കണ്ണിലേക്കു ദേഷ്യം ഇരച്ചുകയറി എനിക്കുതന്നെ എന്നെ നിയന്ത്രിക്കാൻ ആയില്ല. വന്ന ദേഷ്യം അവളുടെ കവിളിൽ തന്നെ തീർത്തു

“എന്റെ ജീവിതം തകർത്തപ്പോൾ സന്തോഷമായില്ലേ നിനക്ക്, വീണ്ടും നീ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്‌… നീ എന്താ കരുതിയത് എന്നേം അവളെയും കൂടി പിരിച്ചുകഴിഞ്ഞാൽ എന്നെ നിനക്ക് സ്വന്തമാക്കാം എന്നോട്. നടക്കില്ല…. അവൾ എന്റെ മാളുവാണ് എന്റെ ഭാര്യ അവൾക്കു ഇന്നല്ലെങ്കിൽ നാളെ എന്നെ മനസ്സിലാകും അവൾ തിരിച്ചു വരും… ഇറങ്ങിപ്പോടി ഇവിടുന്നു ”

ഞാൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തിറക്കി

“സുധി എന്നോട് ക്ഷമിക്കണം, എന്റെ അപ്പോഴത്തെ മണ്ടത്തരത്തിനു ചെയ്തതാണ്, ഞാൻ ഈ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തു പോവുകയാണ്. പിന്നെ അന്ന് നടന്നതെല്ലാം എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഇപ്പോ ഞാൻ ഇവിടെ വന്നത് മാളുവിനെ കണ്ടു സംസാരിക്കാനാണ്, അപ്പോളാണ് അമ്മ മാളുവിന്റെ കാര്യം പറയുന്നത്… ”

അവൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. അപ്പോളും എനിക്ക് ദേഷ്യം ശമിച്ചിട്ടുണ്ടായിരുന്നില്ല പിന്നെയും ഞാൻ എന്തോ പറയാൻ തുടങ്ങി..

“മോനെ സുധി ”

ഞാൻ രണ്ടു ദിവസമായി കേൾക്കാൻ കൊതിച്ചിരുന്ന ആ വിളി എന്റെ അമ്മയുടെ വിളി ഞാൻ കേട്ടു, വിശ്വാസം വരാത്തെ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ നോക്കി കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മയെയാണ് കണ്ടത്

“മോനെ അമ്മയോട് ക്ഷമിക്കടാ, അമ്മ മോനെ തെറ്റിദ്ധരിച്ചു ഇപ്പൊ ഈ കുട്ടി തന്നെ വന്നു നടന്നത് മുഴുവൻ പറഞ്ഞു…. ”

ഞാൻ ജാനറ്റിനെ നോക്കി, അവൾ താഴേക്കു നോക്കി കരഞ്ഞുകൊണ്ട് നിൽക്കുകയാണ്

“മോനെ വേറൊരു കാര്യം ഉണ്ട്. മാളുവിന്റെ അച്ഛൻ വിളിച്ചിരുന്നു… അവൾ… അവൾ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു ”

എന്റെ കയ്യും കാലും തളരുന്നതുപോലെ തോന്നി, ഞാൻ ആ വെറും മണ്ണിൽ ഇരുന്നു. അമ്മയും അവളും വന്നു എന്നെ പിടിച്ചു. അവളുടെ കൈ എന്റെ ദേഹത്ത് തൊട്ടതും എനിക്ക് വീണ്ടും ദേഷ്യം ഇരട്ടിയായി

“നിന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞില്ലേ… നിന്റെ ഉദ്ദേശം എല്ലാം നടന്നില്ലേ ഇനി എങ്കിലും എന്നെ ഒന്ന് വിട്ടൂടെ ”

പിന്നെയും വായിൽ തോന്നിയത് എന്തൊക്കെയോ പറഞ്ഞു, അമ്മ വന്നു തടുത്തപ്പോളാണ് നിർത്തിയത്

“മോനെ സുധി, നീ ഒന്ന് സമാധാനിക്കു…മാളുവിന്‌ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, കൊല്ലത്തുള്ള അമ്മാവന്റെ അടുത്തേക്കാണ് അവൾ ഇവിടെ നിന്നും പോയത്. അവൾ ഇപ്പൊ അവിടെയാണ് ”

കാറെടുത്തു പോകാൻ തുടങ്ങിയ എന്നെ അമ്മ തടഞ്ഞു

“ഈ അവസ്ഥയിൽ നീ വണ്ടി ഓടിക്കണ്ട. ബസ്സിന്‌ പോയാൽ മതി. ആ ഒരു യാത്ര ചിലപ്പോൾ നിനക്ക് കുറച്ചു ആശ്വാസവും തരും ”

“സുധീ ഞാനും വരാം നടന്നതെല്ലാം ഞാൻ പറയാം മാളുവിനോട് ”

“സഹായിച്ചത് തന്നെ ധാരാളമാണ്. എന്റെ മാളുവിനെ ഇനി ഒരിക്കലും നീ കാണില്ല. ഇനി എന്നെ കാണാനും വരരുത്… ”

വീണ്ടും എന്തോ പറയാൻ വന്ന അവളെ ഞാൻ തടഞ്ഞു

“ജാനറ്റ് നിനക്ക് പോകാം… ”

പിന്നെ അവൾ ഒന്നും പറയാൻ നിൽക്കാതെ തിരികെ നടന്നു…

അപ്പൊ തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി എങ്ങനെയും എന്റെ മാളുവിനെ കാണണം എന്ന ആഗ്രഹമായിരുന്നു എന്റെ മനസ്സിൽ.

******

അവൻ അത്രയും പറഞ്ഞു നിർത്തി അച്ചുവിന്റെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

“ഇതാണ് മോളെ നടന്നത്, അങ്ങനെയാണ് ഞാൻ ഈ ബസ്സിൽ എത്തിയത്, അപകടം ഉണ്ടാകാതെ ഇരിക്കാൻ ബസ്സിൽ പറഞ്ഞു വിട്ടതാ അമ്മ…ഇതിനാണ് വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത് ”

അവൾ കുറച്ചു സമയം ഒന്നും പറഞ്ഞില്ല,പിന്നെ സംസാരിച്ചു തുടങ്ങി

“ഏട്ടാ. നാളെ ഏട്ടന്റെ ഒപ്പം ഞാനും വരുന്നുണ്ട് ഏട്ടത്തിയെ കാണാൻ ”

” അപ്പൊ നാളെ മോൾക്ക്‌ വീട്ടിൽ പോകണ്ടേ.. ”

“പോണം. പക്ഷെ ഞാൻ ഒറ്റയ്ക്ക് പോകില്ല ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാ നാളെ ഏട്ടനേയും കൊണ്ടേ വരൂ എന്ന്… ”

“മോളെ അത്, എനിക്ക് നാളെ… ”

“നാളെ നമ്മൾ പോകും, നമ്മുടെ ഒപ്പം ഏടത്തിയും കുഞ്ഞാറ്റയും ഉണ്ടാവും.. ”

“മോളെ.. ”

“എല്ലാം ശരിയാകും ഏട്ടാ. ഏട്ടൻ ഇപ്പൊ ഉറങ്ങിക്കോ. നാളെ രാവിലെ നമുക്ക് പോകണ്ടേ.. ”

അവൾ പിന്നെ ഒന്നും പറയാതെ ഉറങ്ങാൻ കിടന്നു. അവനു ഉറക്കം വരുന്നുണ്ടായില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു

“ഏട്ടൻ ഇന്നലെ ഉറങ്ങിയില്ല അല്ലെ ”

അച്ചുവിന്റെ ശബ്ദം കേട്ടതും അവൻ കണ്ണ് തുറന്നു.

“ഇല്ല മോളെ ഉറങ്ങാൻ പറ്റിയില്ല, ഓരോന്ന് ആലോചിച്ചു കിടന്നു ”

“ഞാനും ഉറങ്ങിയില്ല ഏട്ടാ ”

അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തു തലേദിവസം കണ്ട നഴ്സ് അങ്ങോട്ട്‌ കയറി വരുന്നത്

” ആ എഴുന്നേറ്റോ… ഇപ്പൊ ഇവൾ പ്രേതമാണോ എന്നുള്ള സംശയം ഉണ്ടോ ”

അവൻ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

“സിസ്റ്ററെ ഡോക്ടർ എപ്പോ വരും, ഞങ്ങൾക്ക് പോയിട്ട് കുറച്ചു ആവശ്യം ഉണ്ടായിരുന്നു ”

അച്ചുവാണ് നഴ്സിനോട് ചോദിച്ചത്

“ഉടനെ തന്നെ വന്നേക്കും ”

അച്ചു സുധിക്ക് ഭക്ഷണം കൊടുക്കുന്ന സമയത്താണ് ഡോക്ടർ അങ്ങോട്ടേക്ക് വരുന്നത്. ഡോക്ടറെ കണ്ടതും എഴുന്നേൽക്കാൻ തുടങ്ങിയ സുധിയെ ഡോക്ടർ തടഞ്ഞു

“സുധി.. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്തു ആര് വന്നാലും അവിടെ നിന്ന് എഴുന്നേൽക്കരുത്.. അത് ഭക്ഷണത്തോടു കാണിക്കുന്ന നിന്ദയാണ്… സുധി കഴിക്കൂ ഞാൻ വെയിറ്റ് ചെയ്യാം ”

സുധി കഴിച്ചു കഴിഞ്ഞതും ഡോക്ടർ പറഞ്ഞുതുടങ്ങി

“സുധി ഇന്നലത്തെ തന്റെ മയക്കം കാരണമാണ് ഒരു ദിവസം അഡ്മിറ്റ്‌ ചെയ്യാം എന്ന് തീരുമാനിച്ചത്. ഇപ്പൊ തനിക്കു പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല. ഇപ്പൊ തന്നെ ഡിസ്ചാർജ് ചെയ്യാം ”

അത് കേട്ടതും സുധിയുടെ മുഖത്ത് ഒരു പ്രകാശം വന്നു.

“താങ്ക് യു ഡോക്ടർ ”

“നന്ദി എനിക്കല്ലെടോ. തന്നെ നാന്നായി നോക്കിയ ആ കുട്ടിയോട് പറയൂ ”

ഡോക്ടർ അച്ചുവിനെ നോക്കി സുധിയോടു പറഞ്ഞു

“അവൾ എന്റെ അനിയത്തി ആണ് ഡോക്ടർ അവളോട്‌ ഞാൻ നന്ദി പറയില്ല. അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ഉള്ളത് സ്നേഹമാണ് ”

“അപ്പൊ ശരി ഏട്ടനും അനിയത്തിയും പോകാൻ തയ്യാറായിക്കോ. ഞാൻ ഡിസ്ചാർജ് ഷീറ്റ് തയാറാക്കാം ”

ഡോക്ടർ പോയിക്കഴിഞ്ഞാണ് സുധി അച്ചുവിന്റെ മുഖത്തേക്ക് നോക്കുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു

“എന്ത് പറ്റി മോളെ, മോൾടെ കണ്ണെന്താ നിറഞ്ഞിരിക്കുന്നത് ”

“ഒന്നൂല്ലേട്ടാ എന്തോ കരട് പോയതാ… ”

“ആ ഫ്രഷ് ഫ്രഷേയ്.. ”

അവൾ ആദ്യം അവന്റെ അടുത്ത് പറഞ്ഞ ഡയലോഗ് അതേപോലെ അവൻ തിരിച്ചു പറഞ്ഞു. അത് കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി

” ആ ഇതാണ് എന്റെ മോള്… എന്റെ മോൾടെ കണ്ണ് ഒരിക്കലും നിറയാൻ പാടില്ല.അതിനു ഈ ഏട്ടൻ സമ്മതിക്കില്ല ”

“ഈ കണ്ണുനീർ സന്തോഷത്തിന്റെ ആണ് ഏട്ടാ.. ”

പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല, ചിലപ്പോൾ അവനും കരഞ്ഞേക്കും എന്നവൻ ഭയപ്പെട്ടു

ആശുപത്രിയിൽ നിന്നും ഡിസ്ചാർജും വാങ്ങി അവർ മാളുവിന്റെ അടുത്തേക്ക് യാത്രയായി. ബസ്‌സ്റ്റോപ്പിലേക്കു പോകാൻ നിന്ന സുധിയെ അവൾ തടഞ്ഞു

“വേണ്ട ഏട്ടാ നമുക്ക് ഒരു ടാക്സി വിളിച്ചു പോകാം. ഇനി അധികം ഇല്ലല്ലോ ”

“ശരി മോളെ മോൾടെ ഇഷ്ടം ”

“പിന്നെ ഏട്ടാ ഞാൻ അവിടെ എത്തി എന്തൊക്കെ പറഞ്ഞാലും എന്റൊപ്പം നിന്നോണം ”

അവൻ അവളെ സംശയ ഭാവത്തിൽ നോക്കി

“പേടിക്കണ്ട ഏട്ടാ, നമ്മൾ ഇവിടെ നിന്നും പോകുകയാണെങ്കിൽ അത് ഏട്ടത്തിയെയും കുഞ്ഞാറ്റയെയും കൊണ്ട് മാത്രം ആയിരിക്കും. അത് പോരെ ഏട്ടന് ”

“മതി മോൾടെ ഇഷ്ടം ”

സുധിയും അച്ചുവും ടാക്സി വിളിച്ചു മാളുവിന്റെ അമ്മാവന്റെ വീട്ടിലേക്കു എത്തി അവൻ അവളെയും കൂട്ടി ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. തുറന്നത് മാളുവിന്റെ അച്ഛൻ ആയിരുന്നു. സുധിയെ പ്രതീക്ഷിച്ചിരുന്നതിനാലാവാം അവനെ കണ്ടിട്ടും അയാളുടെ മുഖത്തു പ്രിത്യേകിച്ചു മാറ്റം ഒന്നും ഉണ്ടായില്ല

.”വാ സുധി… ”

അവന്റെ കൂടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും, അയാൾ അവനോടു അവളെക്കുറിച്ചു തിരക്കി. പക്ഷെ ഉത്തരം പറഞ്ഞത് അച്ചു ആയിരുന്നു

“ഹായ് അങ്കിൾ, എന്റെ പേര് അർച്ചന. അച്ചു എന്ന് വിളിക്കും, ഞങ്ങൾ ഇങ്ങോട്ട് വരുന്ന വഴിക്കു പരിചയപ്പെട്ടതാ ”

“ഹ്മ്മ് ശരി നിങ്ങൾ കയറിവാ ”

അകത്തു കയറിയപ്പോൾ അവിടെ മാളു അല്ലാതെ എല്ലാവരും ഉണ്ട്, എല്ലാവരും അച്ചുവിനെ ഒരു സംശയത്തോടെ നോക്കാൻ തുടങ്ങി. അവൾ ഇതൊന്നും പ്രശ്നമല്ലെന്ന രീതിയിൽ കൂടുതൽ എന്നോട് ഒട്ടിനിന്നു

അച്ഛനാണ് പറഞ്ഞു തുടങ്ങിയത്.

“മോനെ സുധി, നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം അതെന്താണെന്ന് ഞങ്ങൾ ആര് ചോദിച്ചിട്ടും അവൾ പറഞ്ഞിട്ടില്ല ”

അവൾ ആരോടും കാരണം പറഞ്ഞിട്ടില്ല എന്നുള്ളത് അവനെ അത്ഭുതപ്പെടുത്തി..

“കഴിഞ്ഞ ദിവസം അവൾ ഒരു മണ്ടത്തരം കാണിച്ചു. എന്തോ ഭാഗ്യത്തിനാ അവളുടെ അമ്മ അത് കണ്ടു കൊണ്ട് ചെന്നത്, ഇല്ലെങ്കിൽ നിന്റെ കുഞ്ഞിന് ഇന്ന് അമ്മ ഉണ്ടാകുമായിരുന്നില്ല ”

” അച്ഛാ ഞാൻ ഇനി പറയാൻ പോകുന്നത് നിങ്ങൾ സമാധാനത്തോടെ കേൾക്കണം, എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ ആണ് അവൾ പോന്നത്.. നിങ്ങൾ എങ്കിലും കേൾക്കണം ”

“താൻ പറ.. ”

സുധി അവരോടു സംഭവിച്ചതെല്ലാം പറഞ്ഞു. അവസാനം അവൾ വീട്ടിൽ വന്നു മാപ്പ് പറഞ്ഞതും എല്ലാം

“അച്ഛാ, അച്ഛനിനിയും എന്നെ വിശ്വാസമില്ലെങ്കിൽ ഞങ്ങളുടെ കമ്പനിയിലേക്ക് വിളിച്ചു നോക്ക്. ജാനറ്റ് അവിടെ ചെന്ന് എല്ലാവരോടും തെറ്റ് ഏറ്റു പറഞ്ഞിട്ടാണ് റിസൈൻ ചെയ്തു പോയത് ”

“വേണ്ടടോ, എനിക്ക് തന്നെ വിശ്വാസമാ. എന്റെ മോളെയും ഞാൻ കുറ്റം പറയില്ല അവളുടെ ലോകം താനാണ്, അവനാണ് എല്ലാവരുടെയും മുന്നിൽ കുറ്റവാളി ആയി നിന്നത്. അവളും തെറ്റിദ്ധരിരിച്ചിട്ടുണ്ടാവാം. അവൾ തന്നെ കേൾക്കാൻ തയ്യാറായില്ല അത് അവളുടെ തെറ്റാണ്, ”

മാളുവിന്റെ അച്ഛൻ അവനെ വിശ്വസിച്ചതിൽ അവനു ആശ്വാസം തോന്നി

അപ്പോഴാണ് എല്ലാവരും സുധിയുടെയും അച്ചുവിന്റെയും തലയിലെ കെട്ടു ശ്രദിക്കുന്നതു

“നിങ്ങള്ക്ക് ഇതെന്തു പറ്റി തലയിൽ ”

സുധി വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ അവിടെ എത്തുന്നത് വരെ ഉള്ള എല്ലാ വിവരങ്ങളും അവരോടു പറഞ്ഞു

“മോളെ ഒരുപാട് നന്നിയുണ്ട്, നിയില്ലായിരുന്നെങ്കിൽ.. ”

എല്ലാം കേട്ടതും മാളുവിന്റെ അച്ഛൻ അച്ചുവിനോട് നന്ദി പറയാൻ തുടങ്ങി

“അങ്കിൾ ഞാൻ എന്റെ ഏട്ടനെ ആണ് പരിചരിച്ചതു അതിനെന്തിനാ നന്ദി ”

അതിനു മറുപടി പറയാൻ അവർക്കു വാക്കുകൾ ഉണ്ടായിരുന്നില്ല

“അങ്കിൾ ഏട്ടത്തി എവിടെ ”

“അവൾ മുകളിൽ ഉണ്ടാവും മോളെ, അവൾ ആ റൂമിൽ നിന്നും പുറത്തിറങ്ങാറില്ല ”

“ഞാൻ ഒന്ന് പോയി കണ്ടോട്ടെ അങ്കിൾ ”

“അതിനെന്താ മോള് പോയി കണ്ടോ ”

അവളുടെ ഒപ്പം പോകാൻ ഒരുങ്ങിയ സുധിയെ അവൾ തടഞ്ഞു

“ഏട്ടൻ അവിടെ ഇരിക്ക് ഒരു അരമണിക്കൂർ അതിനുള്ളിൽ ഏട്ടത്തിയെ ഞാൻ ഇവിടെ എത്തിക്കാം പോരെ ”

“മോളെ അത്.. ”

“ഏട്ടന് മോളെ വിശ്വാസമാണോ ”

അവൻ അതിനു മറുപടിയായി ഒന്ന് ചിരിച്ചു

“എന്നാൽ ഏട്ടൻ ഇവിടെ ഇരിക്കുന്നു. ഞാൻ പോയി ഏട്ടത്തിയെയും കൂട്ടിക്കൊണ്ടു വരുന്നു ok ”

അവൾ മറുപടിക്ക് കാക്കാതെ മാളുവിന്റെ മുറിയിലേക്ക് നടന്നു

അച്ചു റൂമിൽ എത്തുമ്പോൾ കുഞ്ഞിനെ ഉറക്കി എന്തോ ആലോചിച്ചിരിക്കുന്ന മാളുവിനെ ആണ് കാണുന്നത്

“എന്താ ഏട്ടത്തി ആലോചന ”

പരിചയം ഇല്ലാത്ത ശബ്ദം കേട്ടാണ് മാളു തിരഞ്ഞ് നോക്കുന്നത്.

“ആരാ, എന്താ… ”

“ഏട്ടത്തി , എന്റെ പേര് അർച്ചന ഞാൻ സുധിയേട്ടന്റെ കൂടെ വന്നതാ. ”

സുധിയുടെ പേര് കേട്ടതും അവൾക്കു അവനെ കാണാൻ ഉള്ള ആഗ്രഹം ഉണ്ടായി, എഴുന്നേറ്റു പോകാൻ നോക്കിയ അവളെ അച്ചു തടഞ്ഞു നിർത്തി

“ഏട്ടത്തി ഇതെങ്ങോട്ടാ ഓടുന്നെ, നിൽക്ക് ഞാൻ മുഴുവൻ പറയട്ടെ… ”

മാളു ചോദ്യ ഭാവത്തിൽ അച്ചുവിനെ നോക്കി

“ഞാനും ഏട്ടനും ഇന്നലെ ബസ്സിൽ വച്ചു പരിചയപ്പെട്ടതാ, അപ്പൊ മുതൽ എട്ടത്തിയുടെ കാര്യം മാത്രം പറയാനേ പുള്ളിക്ക് സമയം ഉണ്ടായിരുന്നുള്ളു.. ”

അത് കേട്ടതും മാളുവിന്റെ മുഖം വിടർന്നു, എന്നാൽ അപ്പൊ തന്നെ അവളുടെ മുഖം മാറി ഒരു സങ്കടവും ദേഷ്യവും നിറഞ്ഞു

” ഇനി ഞാൻ പറയുന്നത് ഏട്ടത്തി സമാധാനത്തോടെ കേൾക്കണം ”

“ഞാൻ കേൾക്കാം, അതിനു മുൻപ് എനിക്കൊരു കാര്യം അറിയണം ”

“ഞാൻ ആരാണ് എന്നല്ലേ, ഞാൻ ഏട്ടത്തി എന്നല്ലേ വിളിച്ചേ അപ്പൊ ഞാൻ ആരാണെന്ന് മനസ്സിലായില്ലേ ”

“എന്റെ അറിവിൽ സുധിക്ക് അനിയത്തിമാർ ആരും ഇല്ല,… ”

“ഏട്ടത്തി ആ കഥ എല്ലാം ഞാൻ അവസാനം പറയാം, ഇപ്പൊ ഞാൻ പറയുന്നത് മുഴുവൻ സമാധാനത്തോടെ കേൾക്കണം ”

അച്ചു പറഞ്ഞത് കേട്ടതല്ലാതെ മാളു ഒന്നും പറഞ്ഞില്ല

“ഏട്ടത്തിയോട് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം ”

“ഹ്മ്മ് ”

“ഏട്ടൻ അങ്ങനെ ചെയ്തു എന്ന് ഏട്ടത്തി വിശ്വസിക്കുന്നുണ്ടോ ”

” ഞാൻ കണ്ടതാണ് ആ കുട്ടി അവിടെ നിന്നും കരഞ്ഞുകൊണ്ട് വരുന്നത്, അവളുടെ ഡ്രസ്സ്‌ എല്ലാം കീറിയിട്ടുണ്ടായിരുന്നു”

“ഞാൻ ചോദിച്ചതിനുള്ള ഉത്തരം അല്ല ഏട്ടത്തി തന്നത്. വിശ്വസിക്കുന്നോ ഇല്ലയോ ”

മാളു ഒന്നും മിണ്ടിയില്ല

” ഏട്ടനും ഏടത്തിയും സ്നേഹിക്കാൻ തുടങ്ങിയിട്ട് 8-9വർഷം ആയില്ലേ ഇതിനിടയിൽ എപ്പോഴെങ്കിലും ഏട്ടൻ ഏതെങ്കിലും പെൺകുട്ടിയോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ ”

അതിനും മാളുവിന്റെ ഉത്തരം മൗനം ആയിരുന്നു

“വേണ്ട, നിങ്ങൾ തമ്മിൽ സ്നേഹിക്കുന്ന സമയത്തു എപ്പോളെങ്കിലും എട്ടൻ ഏട്ടത്തിയുടെ സമ്മതമില്ലാതെ ഏടത്തിയുടെ ദേഹത്ത് തൊട്ടിട്ടുണ്ടോ “.

“ഇല്ല ”

അച്ചു ചോദിച്ചതിന് ആദ്യമായി മാളു മറുപടി പറഞ്ഞു, പക്ഷെ അവൾ വിതുമ്പി തുടങ്ങിയിരുന്നു, അതിൽ നിന്ന് തന്നെ മാളുവിന്റെ മനസ്സിലെ മഞ്ഞുമല ഉരുകി തുടങ്ങി എന്ന് അച്ചുവിന് മനസ്സിലായി

“ഏട്ടത്തി, ഈ സംഭവത്തിന്‌ ശേഷം ഏട്ടന് പറയാനുള്ളത് കേൾക്കാൻ ഏട്ടത്തി തയ്യാറായോ.. ”

മാളു ഒന്നും മിണ്ടാത്തതിനാൽ അച്ചു തുടർന്നു

“ഏട്ടത്തി പലപ്പോഴും നമ്മൾ കാണുന്നത് മുഴുവൻ സത്യമായിരിക്കണം എന്നില്ല, ഒരു ബന്ധത്തിൽ തെറ്റിധാരണ സ്വാഭാവികമാണ് അത് തീർക്കാനുള്ള ഏക മാർഗം മനസ്സുതുറന്നുള്ള സംസാരമാണ്,… ഏട്ടത്തി ആരോടും ദേഷ്യപ്പെടാറില്ല എന്ന് ഏട്ടൻ പറഞ്ഞു. ദേഷ്യപ്പെടേണ്ട സ്ഥലത്തു ദേഷ്യപ്പെടണം ഏട്ടത്തി… ”

“മോളെ… ”

മാളുവിന്റെ വായിൽ നിന്നും മോളെ എന്ന വിളി കേട്ട അച്ചുവിന്റെ കണ്ണും നിറഞ്ഞു, നിറഞ്ഞ കണ്ണുകളോടെ അവൾ തുടർന്നു

“അപ്പൊ അന്ന് ദേഷ്യപ്പെട്ടാണെങ്കിൽ പോലും ഏട്ടത്തി ഏട്ടനോട് സംസാരിച്ചിരുന്നു എങ്കിൽ ഈ പ്രശനം ഇവിടെ എത്തി നിൽക്കില്ലായിരുന്നു.. ഇപ്പൊ ഏടത്തിയുടെ തെറ്റിധാരണ മാറ്റാൻ എനിക്ക് പറ്റും പക്ഷെ ഞാൻ അത് ചെയ്യില്ല, അത് നിലനിൽക്കുന്നത് നിങ്ങൾ തമ്മിലാണ് അത് നിങ്ങൾ തന്നെ തീർക്കണം ”

“മോളെ ഞാൻ… ”

“ഏട്ടത്തി ഇപ്പൊ ഒന്നും പറയണ്ട എന്റെ കൂടെ വന്നാൽ മതി, അതിനു മുൻപ് ഏടത്തിയുടെ ഞാൻ ആരാണെന്നുള്ള സംശയം തീർക്കാം ”

അച്ചു ബസ്സിൽ വച്ചു കരഞ്ഞുകൊണ്ടിരുന്ന സുധിയെ കണ്ടതും ആക്‌സിഡന്റ് ഉണ്ടായതും ഇവിടെ എത്തിയതും എല്ലാം പറഞ്ഞു, ആക്‌സിഡന്റ് ന്റെ കാര്യം പറഞ്ഞതും മാളു കരയാൻ തുടങ്ങി

“ഏട്ടത്തി കരയണ്ട കാര്യം ഒന്നും ഇല്ല, ഏട്ടന് കുഴപ്പം ഒന്നും ഇല്ല ഒരു ചെറിയ മുറിവ്, അത്രേയുള്ളൂ… അപ്പൊ നമുക്ക് താഴേക്കു ചെല്ലാം ഏട്ടത്തിയെയും കൊണ്ട് വരാം എന്നും പറഞ്ഞാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത് എന്നെ നാണം കെടുത്തരുത് ”

“ഏടത്തിയുടെ മോളെ ഏട്ടത്തി നാണംകെടുത്തുമോ.. വാ നമുക്ക് പോകാം, എനിക്ക് സുധിയെ കണ്ടു രണ്ടു പറയാനും ഉണ്ട് ”

“ഇതാണ് എന്റെ ഏട്ടത്തി, വാ പോകാം ”

അച്ചുവിന്റെ ഒപ്പം ഇറങ്ങി വന്ന മാളുവിനെ സന്തോഷത്തോടെ ആണ് എല്ലാവരും നോക്കിയത്, സുധിയുടെ അടുത്തേക്ക് ചിരിയോടെ മാളു നടന്നു വരുന്നത് കണ്ടതും അവനു സന്തോഷം ആയി. പക്ഷെ ആ സന്തോഷത്തിനു നീർക്കുമിളയുടെ ആയുസേ ഉണ്ടായിരുന്നുള്ള. സുധിയുടെ അടുത്തെത്തിയതും മാളു കൈ നീട്ടി ഒന്ന് കൊടുത്തു. അത് കണ്ട എല്ലാവരും അന്തം വിട്ടു

മാളു സുധിയുടെ കയ്യും പിടിച്ചു റൂമിൽ കയറി കതകടച്ചു. അത് കണ്ട എല്ലാവരുടെയും മുഖത്തു ഭയമായിരുന്നു അച്ചുവിന്റെ ഒഴിച്ച് അവളുടെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞുനിന്നു

ഒരു അര മണിക്കൂർ കഴിഞ്ഞതും അവർ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഡോർ തുറന്നു പുറത്തു വന്നു,

“അപ്പൊ അച്ഛാ അമ്മേ ഞാൻ പോകുവാ ”

മാളു അത് പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി

“ഇപ്പൊ എന്താ ഇവിടെ സംഭവിച്ചേ… ”

മാളുവിന്റെ അമ്മാവൻ ആണ് ചോദിച്ചത്

മറുപടി നൽകിയത് അച്ചുവും

“ഒന്നുമില്ല അമ്മാവാ രണ്ടും കൂടി ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശനമാണ് ഊതിപ്പെരുപ്പിച്ചു ഇത്ര വഷളാക്കിയത് ”

“അപ്പൊ മോള് പോകാൻ നോക്ക്, ഇനി ഇവനോടും പിണങ്ങി ഇങ്ങോട്ട് വന്നാൽ ഞാൻ വീട്ടിൽ കേറ്റില്ല പറഞ്ഞേക്കാം”

“ഓ ഞാൻ എന്റെ വീട്ടിൽ പൊയ്ക്കൊള്ളാം ”

അതിനു മാളുവിന്‌ മറുപടി കൊടുത്തത് അച്ഛനാണ്

“നിന്റെ ഏതു വീട്, ഇപ്പൊ നിന്റെ വീട് അതാണ്‌. ഇനി നീ എന്റെ വീട്ടിൽ ഒരു വിരുന്നുകാരിയാണ്, വരാം രണ്ടുദിവസം നിൽക്കാം പോകാം അത്രമാത്രം ”

“ഓ ശരി ഞാൻ പോയേക്കാം ”

മാളു പിണങ്ങി പോവുകയാണെന്ന് തോന്നിയതും അച്ഛൻ സംസാരിച്ചുതുടങ്ങി

“മോളെ നീ വിഷമിക്കാൻ പറഞ്ഞതല്ല, പക്ഷെ അച്ഛൻ പറഞ്ഞത് കാര്യമായാണ് ”

“മനസ്സിലായി അച്ഛാ, എനിക്ക് വിഷമം ഒന്നും ഇല്ല, ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. എനിക്കൊരു അനിയത്തിയെ കിട്ടി ”

അതും പറഞ്ഞു മാളു അച്ചുവിനെ ചേർത്തുപിടിച്ചു, രണ്ടുപേരുടെയും കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു, അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു

“എന്നാൽ നിങ്ങൾ പോകാൻ നോക്ക്, ഇനി നേരെ വീട്ടിലേക്കാണോ ”

“അല്ല അച്ഛാ, ഇനി നേരെ ഞങ്ങളുടെ അനിയത്തിക്കുട്ടിയുടെ വീട്ടിലേക്കു, അവിടെ ഒരു അമ്മയും കുറെ സഹോദരങ്ങളും ഞങ്ങളെ കാത്തിരിപ്പുണ്ട് ”

കുറച്ചു സമയത്തിനു ശേഷം അവർ എല്ലാവരോടും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി. അവർ വീണ്ടും ബസ്സിൽ തന്നെയാണ് യാത്ര ചെയ്തത്. ആ യാത്രയിൽ അവന്റെ മനസ്സിൽ കോളേജു പഠനകാലത്തു അഭി മാഗസിനിൽ എഴുതിയ ആ വരികൾ ഓർമവന്നു

“”ഇതിനും മുൻപുള്ള ഏതോ ഒരു മനുഷ്യജന്മത്തിൽ എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു.,.,.., ഞാൻ ഒന്ന് ചിരിച്ചാൽ അവളുടെ മനസ്സ് നിറയും..,,.. എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞാൽ അവളുടെ ഉള്ളു നനയും.,.,. എന്തിനും ഏതിനും എന്റെ കയ്യും പിടിച്ചവൾ നടക്കുമായിരുന്നു.,.,., ഞാൻ അവൾക്ക് വെറും ഒരു ഏട്ടൻ മാത്രമായിരുന്നില്ല.,..,., അച്ഛനും അമ്മയും അനിയനും എല്ലാം ഞാൻ ആയിരുന്നു.,..,.,

അവളുടെ കുറുമ്പുകൾ എന്നെ അവളുടെ അച്ഛനാക്കി.,..,,

എന്റെ മടിയിൽ തല വച്ചുറങ്ങുമ്പോൾ അവൾ എന്നെ അവളുടെ അമ്മയാക്കി.,.,

അവളുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ ഞാൻ അവൾക്ക് ഏട്ടനായി.,.,.

അവളുടെ വാക്കുകൾ കേട്ട് അനുസരിക്കുമ്പോൾ ഞാൻ അവൾക്ക് അനിയനായി.,.,,.

അവളുടെ ഏട്ടാ.,.,., എന്ന വിളി കേൾക്കാൻ തന്നെ ഒരു സുഖമാണ്.,.,.,

ആരു ചെയ്ത പാപമാണോ..,.., പിന്നെ ഒരു ജന്മത്തിലും എനിക്ക് അവളെ സ്വന്തം അനിയത്തിയായി കിട്ടിയില്ല.,..,.,

പക്ഷെ.,.,.,

ഏതോ ജന്മത്തിലെ ഒരു പുണ്യത്തിന്റെ കണിക കൊണ്ട്.,.,. അവളെ എനിക്ക് തിരിച്ചു കിട്ടി.,.,., ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ.,.., അനിയത്തിയാകാൻ.,.,. അവൾ ഇപ്പോൾ

” ഏട്ടാ ”

യെന്നും വിളിച്ചുകൊണ്ട് എന്റെ കൂടെയുണ്ട്.,..,., ഇനി എന്നും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു””

അവർ സന്തോഷത്തിലേക്കു ഉള്ള യാത്ര അവിടെ നിന്നും പുനരാരംഭിച്ചു. ഇനിയുള്ള യാത്രയിൽ ഉടനീളം അച്ചു ഉണ്ടാകും അവരുടെ ഒപ്പം, സ്‌നേഹിക്കുമ്പോൾ അനിയത്തിയായി, ശാസിക്കുമ്പോൾ അമ്മയായി, ഉപദേശിക്കുമ്പോൾ അച്ഛനായി, അവരുടെ “അനിയത്തിപ്രാവായി ”

Comments:

No comments!

Please sign up or log in to post a comment!