സൃഷ്ടാവ്

വാസർപാടി സ്റ്റേഷനിലേക്ക് വന്നപ്പോഴേക്കും ലോക്കൽ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. രാധാ സാർ വിളിച്ചതാണ് ബൈക്കിൽ കൂടെ വരാൻ… ആദ്യ ദിവസം തന്നെ പണിയാവോ.. ഓടി കയറാം. ട്രെയിൻ പതുക്കെയാണ് പോകൂന്നത്. ഒരു വിധേനെ കയറിപ്പറ്റി നോക്കുമ്പോൾ ചുറ്റും പെൺകുട്ടികൾ മാത്രം. അതു ഗൗനിക്കാതെ വാതിലിനടുത്തേക്ക് നീങ്ങി നിന്നു . അതാ ഒരു കൈ നീണ്ടു വരുന്നു കൂടെ ഒരു ശബ്ദവും. “കൊഞ്ജം കൈ കൊടുങ്കെ.” ഞാൻ ഒന്നാലോചിച്ചു കൈ നീട്ടി. പെട്ടന്നു തന്നെ അവൾ കൈ പിടിച്ചു ചാടി അകത്തു കയറി . ഞാൻ ശരിക്കും ഞെട്ടിപ്പോയി. അവൾ കയറിയതും പ്ലാറ്റ്ഫോം അവസാനിച്ചിരുന്നു. തെല്ലൊരു അമ്പരപ്പോടെ ഞാൻ നോക്കിയപ്പോൾ മുട്ടിൽ കൈ കൊടുത്തു കിതച്ചു കൊണ്ടവൾ എന്നോടു പരിഭവം പറഞ്ഞു. “കൊഞ്ജം മൂന്നാടി കൈ നീട്ട മുടിയാതാ. കൊഞ്ജം മിസ്സായിരുന്നാച്ച …” നല്ല വെളുത്തു മെലിഞ്ഞ ഓമനത്തമുള്ള മുഖം. നിന്ന നിൽപിൽ തന്നെ അവളെന്നോട് ചോദിച്ചു. “എങ്കെ ” ? ” ആവടി ” ” ഹൂം ഹൂം, ഊരെങ്കെ ” ? “കേരളാ ” “ചുമ്മാമാതല്ല ലേഡീസിൽ ചാടിക്കയറിയത് ” നിവർന്ന് പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു. “അയ്യോ ഇത് ലേഡീസായിരുന്നോ, Sorry” ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടു ആരോടെന്നില്ലാതെ പറഞ്ഞു.. “സാരല്ല്യ അടുത്തത് ആവടി അല്ലെ” ഞാൻ അതു ശ്രദ്ധി്ക്കാതെ കുറച്ചു കൂടി വാതിലിനടുത്തേക്ക് നീങ്ങി നിന്നു. “ആവടിയിൽ എവിടെ” “Govt. എൻജിനീയറിംഗ് കോളേജ്” “പുതിയ അഡ്മിഷനാണോ” “ഹും” ഞാൻ മുഖത്തു നോക്കാതെ ഒന്നു മൂളി. എന്തോ അപ്പോ അങ്ങനെ പറയാനാണു തോന്നിയത്. അവളും അവളുടെ കൂട്ടുകാരി കളുമാണെന്നു തോന്നുന്നു എന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട് . പിന്നെ പൊത്തി പിടിച്ചു ചിരിക്കുന്നു എനിക്കെന്തൊ വല്ലായ്ക തോന്നി. എന്നെ രക്ഷെ പെടുത്താനെന്നോണം വണ്ടി ആവടി സ്റ്റേഷനിൽ നിരങ്ങി നിന്നു. പെട്ടന്ന് ഇറങ്ങാൻ നോക്കിയ എന്നോട് പിന്നിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു “അല്ല മാഷെ ഇതെങ്ങോട്ടാ, കോളേജിപ്പുറത്താ ഈ വണ്ടി ഇപ്പൊഴൊന്നും പോവൂല. പിന്നെ ചുറ്റി വളഞ്ഞു വരേണ്ടി വരും. ഇപ്പുറത്തോട്ടിറങ്ങിക്കോ”

ഞാൻ ഒന്നും പറയാതെ വാതിലൊഴിയാൻ കാത്തു നിന്നു.

“പെരുസല്ലെ മോനെ” “ആമ” അക്ക തന്ന സിഗരറ്റ് കത്തിക്കുമ്പോഴേക്കും അവർ ചായയും തന്നു. ഒരു വികാരവുമില്ലാതെ ചായയും മോന്തി സിഗരറ്റ് വലിച് ദൂരെ കളഞ്ഞിട്ട് ഓഫീസിനടുത്തുള്ള സ്റ്റാഫിന് മാത്രമുള്ള ഗേറ്റിലൂടെ അകത്തേക്ക് കടക്കാൻ നിന്ന എന്നെ പിന്നിൽ നിന്നുള്ള അവളുടെ വിളി പിടിച്ചു നിർത്തി. “അല്ല മാഷെ ഇതെങ്ങോട്ടാ, ആദ്യ ദിവസം തന്നെ പണി മേടിച്ചു വക്കാനുള്ള പോക്കാണോ ”.

മനസ്സിലൊരു മന്ദസ്മിതത്തോടെ ഞാനവളുടെെ അടുത്തേയ്ക്ക് ചെന്നു. “അതു സ്റ്റാഫിനുള്ള വഴിയാ, ഇതിലെ പോരെ.” ഞാനവളുടെ കൂടെ നടന്നു കൊണ്ട് ചിന്തിച്ചു. ഇവളെന്നെ കാത്തു നിക്കായിരുന്നോ, അപ്പൊ സിഗരറ്റ് …. ആ സാരല്ല്യ.. “ഏതാ ഡിപാർട്ട്മെന്റ് ? “ഏ…. മെക്ക്”. ആലോചനക്കിടക്കു തന്നെ ഞാൻ പറഞ്ഞു. “ഞാനും മെക്കാ, തേർഡ് ഇയർ” മറുപടിയായി ഞാനൊന്നു ചിരിച്ചു. കാമ്പസ്സിലേക്ക് കടന്നതും രണ്ടു നില ബിൽഡിംഗിന്റെ ഒരറ്റത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. “അതാ ഇയാളുടെ ക്ലാസ്സ്, എന്റെ അപ്രത്താ. ന്നാ പോട്ടെ പിന്നെ കാണാം.” ഞാനൊന്നു ചിരിച്ചു എന്നിട്ട് ഓഫീസ്സിലേക്ക് നടന്നു. “ഇതെങ്ങോട്ടാ”? അടുത്ത ചോദ്യം “ഫസ്റ്റ് ഡേ അല്ലേ, HOD നെ കണ്ടിട്ടു ക്ലാസ്സിൽ കേറാന്ന്….” “ഓ…….” അവളൊന്നു ചിരിച്ചി്ട്ടു നടന്നു പോയി. ഞാൻ നേരെ പോയത് രാധാ സാറിന്റെ കാമ്പി നിലേക്കാണ്. ഡോറിന് വെളിയിൽ പേര് എഴുതിയ ബോഡ് ഉണ്ട്

“OK best of luck” പ്രിൻസി എഴുന്നേറ്റ് കൈ തന്നു. പ്രിൻസിയുടെ മുഖത്ത് എന്നോടുള്ള ബഹുമാനം നിഴലിക്കുന്നുണ്ടായിരുന്നു.

സാറിന്റെ് കൂടെ ക്ലാസ്സിലേക്ക് പോകുമ്പോൾ ഞാൻ എന്നെതന്നെയൊന്നു വിലയിരുത്തി. ആർക്കും അസൂയ തോന്നുന്ന അക്കാഡമിക് കരിയർ. പത്തു മുതൽ എല്ലായിടത്തും ഒന്നാം റാങ്ക്, ഡെൽഹി IIT ന്ന് ഡിഗ്രി, UK ന്ന് PG, PHD പിന്നെന്തു വേണം.

“ഹായ് ഗൈസ്” സാർ കുട്ടികളെ വിളിച്ച് അകത്തേ്ക്ക് കയറി. കുട്ടികളെല്ലാം അദ്ദേ്ഹത്തിന് ഗുഡ് മോർണിംഗ് പറഞ്ഞു എഴുന്നേ്റ്റ് നിന്നു. അവരോട് ഇരിക്കാൻ പറഞ്ഞിട്ട് എന്നെ അവർക്ക് പരിജയപ്പെടുത്തി.

“ഇത് Dr Hareesh Somasundar” അതിന്റെ കൂടെ എന്റെ നേട്ടങ്ങളെ പറ്റിയും, റിസർച്ചിനെ പറ്റിയും ഒരു മുഴുനീളൻ വിവരണവും നൽകി എനിക്ക് best of luck ഉം പറഞ്ഞ് കൈയ്യും തന്ന് സാർ ഇറങ്ങിപ്പോയി.

ഇപ്പോൾ ഞാനും കുട്ടികളും മാത്രം

ഇടകലർന്നിരിക്കുന്ന ആൺ കുട്ടികളും പെൺകുട്ടികളും. ഓരോരുത്തതരെയായി ഞാൻ വീക്ഷിച്ചു. അപ്പോഴും എന്റെ മനസ്സ് അവളെ തേടുകയായിരുന്നു. അതാ ഇടതു വശത്ത് രണ്ടാ്മത്തെ ബെഞ്ചിൽ നടുക്ക് കണ്ണുകൾ താഴ്ത്തി ഡെസ്കിലേക്ക് വച്ച കൈയ്യിലെ വിരലുകൾക്കിടയിൽ ബാൾ പെൻ കറക്കിക്കൊണ്ട് അവളിരിക്കുന്നു. അപ്പോൾ അവളുടെ മുഖത്തെ ഭാവം എന്നിക്കൂഹിക്കാൻ പറ്റുന്നതിനുമപ്പുറത്തായിരുന്നു.

ഞാൻ എന്റെ നാടിനെയും, വീടിനെയും, വീട്ടുകാരെ പ്പറ്റിയും ഒരു ചെറിയ വിവരണം നൽകി, പിന്നെ എല്ലാവരോടും അവരെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. ഓരോരുത്തരായി പറഞ്ഞു തുടങ്ങി.
അഞ്ചാമതായി അവളുടെ ഊഴമായിരുന്നു. അതുവരെ തല കുനിച്ചിരുന്നവൾ പെട്ടെന്ന് ചാടി എഴുന്നേറ്റ് പറഞ്ഞു തുടങ്ങി.

“ഞാൻ ശാലിനി, ശാലിനി വാസുദേവൻ, അച്ഛൻ വാസുദേവൻ റെയിൽവേയിലാണ്, അമ്മ ഗിരിജ ഹൗസ് വൈഫ് , ഒറ്റ മകൾ, നാട് കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ. മൂന്നു വർഷമായി കുടുംബത്തോടൊപ്പം വാസർ പാടിയിൽ താമസം.”

ഒറ്റ ശ്വാസത്തിൽ അവൾ ഇത്രയും പറഞ്ഞപ്പോഴേക്കം ക്ലാസിൽ ചിരി പൊട്ടിയിരുന്നു.

അവളുടെ പറച്ചിലിന്റെ ആവേശവും മലയാളത്തിന്റെ ഉപയോഗവുമാവാം അതിനു കാരണം.

അവളുടെ മട്ടും ഭാവവും കണ്ട് എനിക്കും ചിരി വന്നിരുന്നു. പക്ഷെ ഞാൻ അതു ഉള്ളിൽ അടക്കി ക്ലാസ് സൈലന്റ് ആക്കി അവളോട് ഇരിക്കാൻ പറഞ്ഞു. ഇരുന്നിട്ടും എന്നെ തന്നെ ഉറ്റു നോക്കുന്ന അവളുടെ കണ്ണുകൾ എന്നോട് കേഴുന്നുണ്ടായിരുന്നു അവൾക്കിനിയും എന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന്. എന്തായാലും അവളെ ശ്രദ്ധിക്കുന്നത് നിർത്തി ഞാൻ മറ്റുള്ളവരിലേക്ക് തിരിഞ്ഞു. മറ്റുള്ളവർ സ്വയം പരിചയപ്പെടുത്തുന്നത് കേൾക്കുമ്പോഴും എന്റെ മനസ്സ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയുടെ ഓർമയിലൂടെ ഊളിയിടുകയായിരുന്നു. അവസാനത്തെ കുട്ടിയുടെ പരിചയപ്പെടുത്തൽ കഴിയുമ്പോഴേക്കും ഹവർ കഴിഞ്ഞിരുന്നു.

ഞാൻ ആരോടും ഒന്നും പറയാതെ ഇറങ്ങി നടന്നു. ……………

ഞാനീ കോളേജിൽ വന്നിട്ട് അഞ്ചു മാസം കഴിഞ്ഞു. സെമസ്റ്റർ എക്സാം കഴിഞ്ഞു ദീപാവലി വെക്കേഷൻ. കണ്ണന്റെ പുറത്തുള്ള ഒരു ദീർഘ യാത്ര. അതു മാത്രമായിരുന്നു എന്റെ ചിന്ത.

പണ്ടേ മനസ്സുകൊണ്ടകന്നു തുടങ്ങിയ അമ്മയും അച്ഛനും മനസ്സിൽ പ്രത്യേകിചു വികാരമൊന്നും സൃഷ്ടിക്കാത്തോണ്ട് നാട്ടിലേക്കില്ലാന്ന് ആദ്യേ തീരുമാനിച്ചതാണ്.

അല്ലേങ്കിലും നാട്ടിലാകെയുള്ള കൂട്ട് ചെറിയമ്മേടെ മോള് അമ്മു മാത്രമാണ്. അവളാണെങ്കിൽ ഹോസ്റ്റലിലും. മെഡിസിനു പഠിക്കുന്ന അവക്ക് പിക്കാനേറെയുണ്ടെങ്കിലും ചാറ്റിംഗും കാളുമായി എന്നും മിണ്ടി പറയാറുള്ളതാണ് ആകെ ആശ്വാസം.

കണ്ണൻ( എന്റെ റോയൽ എൻഫിൽഡ്), അച്ഛൻ വാങ്ങിയതാണവനെ. 83 മോഡൽ. രണ്ടു പേർക്കും ഒരേ പ്രായം. IIT യിൽ പഠിക്കുമ്പോഴാണ് പോർചിന്റെ മൂലയിൽ തുരുമ്പെടുത്തുകിടന്ന അവനെ പൊടി തട്ടി എടുക്കുന്നത്. പ്രഭേട്ടന്റെ കരവിരുതു കൂടി ആയപ്പോ അവൻ പഴയിതിലും ഉഷാർ .

ഇവിടെ വന്ന് ഒരു മാസത്തിനുള്ളിൽ അച്ഛനവനെ ഇങ്ങോട്ട് കയറ്റി വിട്ടു. പഴയ കൂട്ടുകാരനോടുള്ള സ്നേഹമോ അതോ എനിക്കിനി വീട്ടിലേക്കൊരു തിരിച്ചു വരവുണ്ടാവില്ല എന്ന തോന്നലോ എന്തോ!

എന്തായാലും കർണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി പ്രശ്നം കാരണം എന്റെ മടങ്ങിവരവ് അഞ്ചാറു ദിവസം വഴുകി.


കോളേജ് തുറന്ന് നാലു ദിവസം കഴിഞ്ഞാ ഞാനെത്തിയത്‌. ലീവൊക്കെ രാധാ സാർ ശരിയാക്കിയിരുന്നു.

വീട്ടിൽ കേറി വന്നപ്പോളെ കണ്ടു, രാധാ സാറിന്റെയും ദേവിയേച്ചിയുടെയും മുഖം കടന്നല് കുത്തിയ മാതിരി. ഇതെന്താപ്പൊ….

ഒന്നുമെഴുതാത്ത ആ കടലാസ്സിൽ ചുവന്ന മഷിയിൽ വരച്ച വലിയ പൂജ്യം ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഭാവത്തോടെ എന്നെ നോക്കി ചിരിച്ചു. ഒരു ഉൾക്കിടിലത്തോടെ ഞാൻ ആ പേരു വായിച്ചു. ശാലിനി വാസുദേവൻ…

എന്റെ തോൽവി, ആദ്യത്തെ തോൽവി …

ഇനിയുമവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകുമെന്ന് എനിക്ക് തോന്നി. ഞാനൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

കോളേജ് ഡേയുടെ തയ്യാറെടുപ്പു നടക്കുന്നോണ്ട് അന്നു ക്ലാസ്സൊന്നും ഇല്ലായിരുന്നു. അതോണ്ടെന്നെ വൈകുന്നേനേരമാക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടു. ആർക്കും മുഖം കൊടുക്കാതെ എന്റെ ഡെസ്കിലും അക്കയുടെ കടയിലുമായി ഞാൻ കറങ്ങി നടന്നു. എന്റെ വിഷമം കണ്ടിട്ട് എന്താന്ന് ചോദിച്ചു വന്ന അക്കയോടും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.

എങ്ങനെയോ വൈകുന്നേരമാക്കി വീട്ടിൽ കേറി ചെന്നപ്പോ അവിടെ അതേ കടന്നൽ കുത്തിയ മുഖം. എനിക്ക് പൊട്ടികരയണമെന്നുണ്ടായിരുന്നു. ആകെ തകർന്നു പോയ ഞാൻ ബാഗ് ടീപ്പോയിലിട്ട് സോഫയിലേക്കിരുന്നു. തല കുനിച്ചിരിക്കുകയായിരുന്ന ഞാൻ ദേവിയേച്ചി അടുത്തു വന്നതും സോഫയിലിരുന്നതും ചായ കപ്പ് മുഖത്തിനു നേരെ നീട്ടിയപ്പോഴാണറിഞ്ഞത്.

“എടാ….”

ചായ കപ്പും വാങ്ങി തലയും കുനിച്ച് അതേ ഇരിപ്പി രുന്ന എന്നെ ഉണർത്തിയത് ചേച്ചിയുടെ ഉച്ചത്തിലുള്ള വിളിയാണ്. തലയുയർത്തി നോക്കിയപ്പൊ ചേച്ചിയുടെ മുഖത്ത് അതേ ഗൗരവ ഭാവം. എന്റെ സകല കട്രോളും പോയി. ഒരു വിധത്തിൽ ചായ കപ്പ് ടീപ്പോയിൽ വച്ച് ചേച്ചിയുടെ മടിയിലേക്ക് വീണ് പൊട്ടി കരഞ്ഞു.

“കെടന്നു മോങ്ങാണ്ട് കാര്യം പറയടാ….”

കരച്ചിലിനിടയിലും ഒരു വിധത്തിൽ കാര്യം പറഞ്ഞൊപ്പിച്ചു. എന്റെ മനസ്സിലൊരു ഇടവപ്പാതി പെയ്ത് തിമർക്കുകയായിരുന്നു..

അപ്പോഴേക്കും സാറ് വന്നിട്ടുണ്ടായിരുന്നു.

“അതു തന്നെ കാര്യം…” ചേച്ചിയുടെ മറുപടി വന്നു.

എന്റെ കരച്ചിലൊന്നടങ്ങിയപ്പോ തോളിൽ കൈവച് സാറുപറഞ്ഞു. “എട കെഴങ്ങാ…, അവക്കു നിന്നോട് ഒടുക്കത്തെ പ്രേമാ, നീ മിണ്ടാതേം നോക്കാതേം നടന്നിട്ടല്ലേ …. ആൻസർ ഷീറ്റിൽ പ്രേമലേഖനമൊന്നുമെഴുതി വക്കാഞ്ഞത് നന്നായി “. കേട്ടത് വിശ്വാസം വരാതെ ഞാനെഴുന്നേറ്റ് സാറിന്റെ മുഖത്തേക്കു നോക്കി. അപ്പോഴും ഒഴുകികൊണ്ടിരുന്ന കണ്ണുനീർ തുടച്ചു കളത്തോണ്ട് സാറ് ചേച്ചിയോട് ചോദിച്ചു.


“അവളെവിടെ…..?”

അപ്പോഴേക്കും ചേച്ചി നീട്ടി വിളിച്ചിട്ടുണ്ടായിരുന്നു

“ശാലൂ……..” ആ വിളിക്ക് കാത്തിരുുന്ന പോലെ അടുത്ത മുറിയിൽ നിന്നും അവളിറങ്ങി വന്നു. ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരുന്ന ഞാൻ അവളെ കണ്ടതും വീണ്ടും തല കുനിച്ചു. ആ സമയത്തെ എന്റെ മനസ്സിലെ വികാരങ്ങളെ എനിക്കു തന്നെ വായിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ഞങ്ങളെ ഒറ്റക്കാക്കാനെന്നോണം സാറും ചേച്ചിയും വാതിലും ചാരി പുറത്തിറങ്ങി പോയി.

അവളടുത്തേക്ക് വന്നതും എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നതും ഞാനറിഞ്ഞില്ല. എന്റെ മടിയിലേക്ക് വലതു കൈ എടുത്തു വച്ച് അവൾ വിളിച്ചു. “അതേയ്………..”

മുഖമുയർത്തിയ ഞാൻ കണ്ടത് അവളുടെ കണ്ണുകളിലെ ഒടുങ്ങാത്ത പ്രണയവും മുഖത്തെ ദൈന്യതയുമായിരുന്നു.

അപ്പോഴേക്കൂം എന്റെ മനസ്സ് പേമാരി പെയ്തൊഴിഞ്ഞ പ്രകൃതി പോലെ ശാന്തമായിരുന്നു.

ഇരു കൈകൾ കൊണ്ടും അവളുടെ മുഖമെന്നോടു ചേർത്ത് ആ നെറുകയിലെന്റെ ചുണ്ടുടുകളമർത്തി. …………………………..

“നല്ലോരു ദിവസായിട്ട് ഇങ്ങനെ കിടക്കാണോ മാഷെ ” കെട്ട്യോളുടെ പായാരം എന്റെ ചിന്തകൾക്കു മുമ്പിലൊരു റെഡ് ലൈറ്റ് തെളിയിച്ചു.

എപ്പോഴോ ഉണർന്ന കുഞ്ചു എന്റെ നെഞ്ചിൽ ഇരുന്നും കിടന്നും പിറുപിറുത്തോണ്ടിരിക്കുന്നു ഞാൻ തല ചെരിച്ച് ഒന്നെന്റെ പ്രിയതമയെ നോക്കി.

മുണ്ടും നേര്യതും ചുറ്റി മുന്താണിയുടെ തുമ്പ് എളിയിൽ തിരുകി ഇടതു കൈയ്യിൽ തോർത്തും വലതുകൈ മടക്കി എളിയിൽ കുത്തി കപട ദേഷ്യത്തോടെ എന്നെ നോക്കുന്ന അവൾ. ഇടതു തോളിലൂടെ മുന്നിലേക്ക് വിടർത്തിയിട്ട മുടിയിൽ തെച്ചിപ്പൂവും തുളസി കതിരും സ്നേഹത്തോടെ പറ്റി നിൽക്കുന്നു. നെറ്റിയിലൊരു ഉഷാറ് ചന്ദനക്കുറിയും. അവളുടെ മട്ടും ഭാവവും കണ്ടിട്ട് ഇച്ചിരി ശൃംഗാരത്തോടെ ഞാനൊരു ചുംബനം അവൾക്ക് നേരേ പറത്തി വിട്ടു.

തോർത്തുമെടുത്ത് കുളിമുറിയിലേക്ക് പോകുമ്പോൾ മേശപ്പുറത്തേക്ക് ഞാനൊന്നെത്തി നോക്കി. മയിൽപ്പീലി നിറമുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും. എന്റെ പ്രിയ നിറം. കെട്ട്യോളുടെ പിറന്നാൾ സമ്മാനം..

ഷവർ തുറന്നപ്പോൾ മേലേക്കു വീണ തണുത്ത വെള്ളം വീണ്ടുമെന്റെ ഓർമകളെ ഉണർത്തി.

ഒരേ കോളേജിലെ അധ്യാപകരായ Dr വിജയലക്ഷ്മിയും Dr സോമസുന്ദരനും എഴുത്തും വായനയും സാംകാരിക പ്രവർത്തനങ്ങളുമായി സമൂഹത്തിനു മുമ്പിലെ റോൾ മോഡൽസ്, ഒരേയൊരു മകനെ വിജയത്തിന്റെ ചവിട്ടുപടികളോരോന്നും കീഴടക്കാൻ കൂട്ടുനിന്ന നല്ല രക്ഷിതാക്കൾ.

പക്ഷെ എനിക്കവരുമായുള്ള ബന്ധം വെറും രണ്ടു ‘വാക്കുകളിൽ ‘ ഒതുങ്ങി. പഠിക്ക് പഠിക്ക് എന്ന ‘ഉപദേശത്തിലും ‘, അതു ചെയ്യരുത് ഇതു ചെയ്യരുത് എന്ന ‘താക്കീതിലും’.

സ്നേഹത്തോടെയുള്ള ഒരു ചേർത്ത് പിടുത്തം, ലാളനയോടുള്ള ഒരു തഴുകൽ ഞാനെന്നും കൊതിച്ചിരുന്നു.

വല്ലപ്പോഴും വീട്ടിൽ വന്നിരുന്ന അമ്മുവും ചെറിയമ്മയുമായിരുന്നു ആകെയുള്ള ആശ്വാസം.

എന്റെ കുട്ടിക്കാലം ജനലഴിയിലൂടെയുള്ള പുറം കാഴ്ചയിലും സ്റ്റഡി ടേബിളിലും ഒതുങ്ങി.

ഷവറിലെ തണുത്ത വെള്ളത്തിലും എന്റെ ശരീരം കൂട്ടിക്കാലത്തെ ഓർമകളിൽ ചൂട്ടുപൊള്ളി. …….

കുളി കഴിഞ്ഞു പുതിയ ഡ്രെസ്സുമിട്ടു പിറന്നാളുകാരനായി ഞാൻ കോണിപ്പടികളിറങ്ങി. പാതിവഴിലേ ഞാൻ കണ്ടു ഒരേ സോഫയിൽ ഒന്നിച്ചിരിക്കുന്ന അച്ഛനുമമ്മയും. അമ്മയുടെ മടിയിൽ കുഞ്ചു, അച്ഛന്റെ കൈയ്യിൽ ദോശപ്പാത്രം, അച്ഛനവനെ കൊഞ്ജിക്കുന്നു. അമ്മയവന് ദോശ കൊടുക്കുന്നു. അവർക്കു മുമ്പിൽ നിലത്തു പടിഞ്ഞിരിക്കുന്ന ശാലു….

അച്ഛൻ മുണ്ടും, അമ്മ മുണ്ടും നേര്യേതും ഉടുത്തിരിക്കുന്നു. മുമ്പെങ്ങോ ഒന്നിച്ചമ്പലത്തിൽ പോയപ്പോഴാണ് അവരെ ഞാനീ വേഷത്തിൽ കണ്ടിട്ടുള്ളത്.

കാണാത്തതെന്തോ കണ്ട പോലെ ഞാനവരെ തന്നെ നോക്കി നിന്നു. എന്നെ കണ്ട ശാലു , അവിടേക്ക് ചെല്ലാൻ കൈ കൊണ്ട് മാടി വിളിച്ചു.

അനുസരണയുള്ള കുട്ടിയേപ്പോലെ ഞനവർക്കരികിലേക്ക് ചെന്നു. അവളെന്നെ പിടിച്ച് അച്ഛനും അമ്മയക്കുമിടയിലേക്ക് ഇരുത്തി.

എന്തു ചെയണമെന്നറിയാതെ ഞാൻ രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി.

ചന്ദനത്തിൽ ഗണപതിഹോമ കരി ചേർത്ത ഒരു കുറി രണ്ടു പേരുടേയും നെറ്റിയിലുണ്ടായിരുന്നു. അവരീ കുറി പോലായിരുന്നെങ്കിലെന്ന് ഒരു വേള ഞാനാശിച്ചു പോയി…

അച്ഛന്റെ ഇടതു കൈ എന്റെ ഇടതു ചുമലിലമർന്നു. അമ്മയുടെ വലതുകൈ എൻറ മുടിയിഴയിൽ ഓടി നടക്കുന്നു. അച്ഛന്റെ കണ്ണുകളിലെ നനവ് ഞാൻ വലതു ചുമലിലറിഞ്ഞു…..

ശാലു മെല്ലെ എഴുന്നേറ്റ് മോനെയുമെടുത്ത് അടുക്കളയിലേക്ക് നടന്നു. പെയ്തൊഴിയേണ്ടത് പെയ്തൊഴിഞ്ഞോട്ടെ എന്നു നിനച്ചു കാണും.

അമ്മയെന്നെ ചേർത്തു പിടിച്ച് മുഖത്തും തലയിലും തുരു തുരെ ഉമ്മ വെച്ചു. അച്ഛൻ എന്തൊക്കെയോ പറഞ്ഞു വിതുമ്പുന്നു…..

മുപ്പതു വർഷത്തെ സ്നേഹവും വാത്സല്യവും ഒരു നിമിഷം കൊണ്ട് ഒരു പ്രളയം പോലെ എന്നിലേക്കെത്തി…

എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവളെ തേടി അടുക്കളയിലേക്ക് നീണ്ടു….

അടുക്കള വഴിയിലെ അരമതിൽ ചാരി ഒരു മന്ദസ്മിതത്തോടെ അവൾ….

അരികിൽ അതേ പുഞ്ചിരിയോടെ കുഞ്ചുവിനെയും ഒക്കത്തു വച്ച് മലരക്കയും…

നന്ദി…. ഒരായിരം നന്ദി…… എന്റെ കണ്ണുകളവരോട് പറയാതെ പറഞ്ഞു…………

“iraH”

Comments:

No comments!

Please sign up or log in to post a comment!