❤️അനന്തഭദ്രം 10❤️

“”സർ,, എന്റെ ഭദ്രയ്ക്കും കുഞ്ഞിനും….!!!”” ഉള്ളിൽ ഇനിയും ബാക്കിയായ പിടച്ചിൽ കാരണം എന്റെ വാക്കുകൾ അപൂർണമായിരുന്നു….. എന്നെയും സെലിനെയും കയറ്റി കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു……….സെലിന്റെ കൈത്തണ്ടയിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു….ശേഖർ സാറും ഞങ്ങളുടെ ഒപ്പം ആംബുലൻസിൽ കേറിയിരുന്നു അവിടെ നിന്ന്…..

“”ഭദ്രയ്ക്ക് ഒന്നും സംഭവിക്കില്ല അനന്തു… ഞാനല്ലേ പറയുന്നേ… ട്രസ്റ്റ്‌ മീ….ഉടനെ തന്നെ ഭദ്രയെ നമ്മൾ കണ്ടെത്തും….””

എന്റെ പരിഭ്രാന്തി കണ്ട് സാർ എന്നെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു……..

“‘അവർ ഇൻജെക്ട് ചെയ്ത മരുന്നിന്റെ സെടെഷൻ ആയിരിക്കും….സെലിന് വേറെയൊരു കുഴപ്പവുമുണ്ടാകില്ല…..””

അബോധാവസ്ഥയിൽ കിടന്നിരുന്ന സെലിനെ നോക്കി കൊണ്ട് വിതുമ്പിയെ എന്റെ തോളിൽ തട്ടി കൊണ്ട് സാർ പറഞ്ഞു……….ഹോസ്പിറ്റലിൽ എത്തിയിരുന്നു അപ്പോഴേക്കും….

“”സിസ്റ്റർ,, സെലിന് ഇപ്പോൾ എങ്ങനെയുണ്ട്””

റൂമിലേക്ക് എത്തിയ പാടെ ഞാൻ തിരക്കി… മുറിവിൽ സ്റ്റിച്ചിട്ട് റൂമിലേക്ക് മാറ്റുന്ന സമയമത്രയും എന്റെ മനസ്സ് കലുഷിതമായിരുന്നു….ഹോസ്പിറ്റലിൽ എത്തിയതിന് ശേഷം ശേഷം സെലിനെ ഞാൻ കണ്ടിട്ടില്ല… ശേഖർ സർ പോവുകയും ചെയ്തിരുന്നു…..

‘”നിങ്ങളുടെ ഒപ്പം കൊണ്ട് വന്ന പെൺകുട്ടിയല്ലേ..?? ഇപ്പൊഴും കോൺഷ്യസ് ആയിട്ടില്ല….ഐ സി യുവിൽ ഒബ്സെർവഷനിൽ ആണ്….കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ഡോക്ടറോട് തന്നെ ചോദിക്കണം….. “”

എന്റെ മുറിവിൽ ഒട്ടിച്ചിരിക്കുന്ന ബാന്റെജ് ശരിയാക്കുന്നതിനിടയിൽ സിസ്റ്റർ മറുപടി പറഞ്ഞു….

“”ഇതെല്ലാം നിങ്ങളുടെ belongings അല്ലേ… എല്ലാമുണ്ടോന്ന് നോക്കിയേ….””

സിസ്റ്റർ കയ്യിലെ കവറിൽ നിന്നും എന്റെ മാലയും വാച്ചും പഴ്സും മേശയിൽ എടുത്തു വച്ചു…..

“”ഇതാ നിങ്ങളുടെ ഫോൺ…പോലീസ് തന്നേൽപ്പിച്ചതാ….””

ഫോൺ കയ്യിൽ തന്നിട്ട് സിസ്റ്റർ പുറത്തേക്ക് പോയി….ഞാൻ ശേഖർ സാറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….

“”ഹലോ അനന്തു,, റൂമിലേക്ക് മാറ്റിയോ…..???”’

“”ഉവ്വ് സർ… സർ ഭദ്രയെപ്പറ്റി എന്തെങ്കിലും വിവരം….??””

“”ഞങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് അനന്തു….. നടേശനും കൂട്ടർക്കും ഭദ്രയേയും കൊണ്ട് ഈ സിറ്റി വിട്ട് പുറത്ത് പോയിട്ടില്ല….അതിനുള്ള സാവകാശം കിട്ടുന്നതിന് പോലീസ് അവരെ ലോക്ക് ചെയ്തിട്ടുണ്ട്….തൃശ്ശൂരിൽ തന്നെ അവർ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഞങ്ങൾ തേടുന്നുണ്ട്….. മാക്സിമം ഒന്നോ രണ്ടോ മണിക്കൂർ അതിനുള്ളിൽ ഭദ്രയെ ഞങ്ങൾ കണ്ടെത്തും….

””

“”സർ അവരെങ്ങാനും എന്റെ ഭദ്രയെ ഉപദ്രവിക്കോ… ന്റെ കുഞ്ഞ്….””

ഉള്ളിലെ ഭയം കാരണം എന്റെ ശബ്ദം ഇടറിപ്പോയിരുന്നു അത് ചോദിക്കുമ്പോൾ……

“”ഹേയ് അങ്ങനെയൊന്നും സംഭവിക്കില്ല അനന്തു… ധൈര്യമായിരിക്ക്….പിന്നെ സെലിന്റെ കാര്യം ഓർത്ത്‌ ടെൻഷനടിക്കേണ്ട….ഞാൻ അവിടെ നിന്നും പോരുന്നതിനു മുൻപ് ഡോക്ടറോട് സംസാരിച്ചിരുന്നു….കോൺഷ്യസ് ആകാൻ കുറച്ച് സമയമെടുത്തേക്കും അത് അവർ ഇൻജെക്ട് ചെയ്ത മെഡിസിന്റെ എഫക്റ്റാ….അല്ലാതെ വേറെ പേടിക്കാനൊന്നുമില്ല… ഷീ ഈസ്‌ അണ്ടർ ഒബ്സെർവഷൻ….ബോധം വരുമ്പോൾ സംഭവിച്ചതെല്ലാം ഡോക്ടർസ് തന്നെ സെലിനെ അറിയിക്കും….. എന്നിരുന്നാലും അനന്തുവാണ് സെലിനെ അശ്വസിപ്പിക്കേണ്ടതും ധൈര്യം കൊടുക്കേണ്ടതും..……തന്നെ മാത്രമേ ആ കുട്ടി വിശ്വസിക്കൂ….ഒക്കെ….??”’

“”ഓക്കേ സർ….””

”’ഓക്കേ അനന്തു,,, ഭദ്രയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ വിവരം അറിയിക്കാം…..

സാറിനോട് സംസാരിച്ചതിന് ശേഷം ഞാൻ വീട്ടിലേക്കു വിളിച്ചു….ഭദ്രയെയും കൂട്ടി കൊണ്ട് മടങ്ങുന്ന വഴി പെട്ടെന്നവൾക്ക് ഒരു തല ചുറ്റൽ ഉണ്ടായെന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും ഒരു കള്ളം പറഞ്ഞു….വീട്ടിൽ ഏട്ടനും ഏട്ടത്തിയും കൂടി ഇല്ലാത്ത സ്ഥിതിക്ക് സത്യം പറഞ്ഞ് അച്ഛനെയും അമ്മയെയും കൂടുതൽ ടെൻഷനടിപ്പിക്കേണ്ടെന്ന് ഞാൻ കരുതി….പ്രെഷർ ലെവൽ കുറഞ്ഞിട്ടു ഭദ്രയെ ഡ്രിപ്പ് ഇട്ട് കിടത്തിരിക്കുകയാണെന്നും അവൾ ഇൻജെക്ഷന്റെ മയക്കത്തിലാണെന്നുമൊക്കെ ഞാൻ അറിയിച്ചു…….ഡ്രിപ്പ് തീർന്ന് കുറച്ചു നേരം ഒബ്സെർവഷനിൽ ഇരുന്ന് മടങ്ങിയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞതിനാൽ വീട്ടിലെത്താൻ നേരം പുലരുമെന്നുമൊക്കെയുള്ള കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ഞാൻ ഫോൺ വച്ചത്……

സാർ പറഞ്ഞത് പോലെ നടേശനും ആൾക്കാരും ഭദ്രയെയും കൊണ്ട് സിറ്റി വിട്ട് പുറത്ത് പോയിട്ടില്ലെങ്കിൽ ഇവിടെ തന്നെയുള്ള അവന്റെ ഏതെങ്കിലും സങ്കേതത്തിൽ താങ്ങിയിരിക്കാനാണ് സാധ്യത….. എന്തായാലും കഴിയും വിധം എന്റേതായ രീതിയിലൊന്ന് അന്വേഷിക്കാൻ ഞാനും തീരുമാനിച്ചു…….. അങ്ങനെ ആലോചനയിൽ മുഴുകിയിരിക്കവേ ആണ് ശരത് മുൻപൊരിക്കൽ നടേശനെ പരിചയമുണ്ടെന്ന കാര്യം എന്നോട് അവൻ സൂചിപ്പിച്ചത് ഓർമ്മ വന്നത്….. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞാണ് നടേശൻ ഭദ്രയുടെ ബന്ധുവാണെന്ന് ശരത് മനസ്സിലാക്കിയത്…… ശരത്തിന്റെ ഒരു പരിചയക്കാരനും നടേശനും തമ്മിൽ മുൻപൊരിക്കൽ ഒരു വണ്ടിയുടെ ഇടപെടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു….വണ്ടി വാങ്ങിയിട്ട് നടേശൻ നൽകിയ ചെക്ക് അക്കൗണ്ടിൽ പൈസയില്ലാതെ മടങ്ങിയതും പിന്നെ പൈസ തരാമെന്ന് പറഞ്ഞ് പറ്റിച്ചതുമൊക്കെയായിരുന്നു വിഷയം…… ഇരു കൂട്ടരും രാഷ്ട്രീയപരമായും മറ്റും സ്വാധീനമുള്ളവരായതിനാൽ ആ പ്രശ്നം കൂടുതൽ വഷളാകാതെ പരിഹരിക്കാൻ സാധിച്ചു….
ശരത്തും അന്നാ ഒത്തു തീർപ്പ് ചർച്ചയിൽ പങ്കെടുത്തിരുന്നു….അങ്ങനെയാണ് അവന് നടേശനെ പരിചയം….പിന്നെ എന്റെ വിവാഹശേഷം നടേശൻ ഭദ്രയുടെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ശരത് എന്നോട് എല്ലാം പറയുന്നത്….പിന്നെയും

വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് തവണ കൂടി ശരത്തും നടേശനും തമ്മിൽ നേരിട്ടും അല്ലാതെയും പരിചയപ്പെട്ടിട്ടുണ്ട്…..നടേശനെപ്പറ്റി എന്തെങ്കിലും വിവരം തരാൻ ശരത്തിന് കഴിഞ്ഞാൽ ഭദ്രയെ കണ്ടെത്താൻ അത് മിക്കവാറും സഹായമാകുമെന്ന് ഞാൻ കണക്കുകൂട്ടി……..

ഞാൻ വേഗം ശരത്തിനെ വിളിച്ചു….സംഭവിച്ചതെല്ലാം അവനോട് പറഞ്ഞു……എന്റെ ആവശ്യപ്രകാരം നടേശനെപ്പറ്റി കൂടുതൽ അന്വേഷിച്ചിട്ട് എന്നെ വിളിക്കാമെന്നും പറഞ്ഞ് ശരത് ഫോൺ വച്ചു….ഒപ്പം വേറെയൊരു ആവശ്യം കൂടി ഞാൻ അവനെ അറിയിച്ചു… ശരത് അത് അറേഞ്ച് ചെയ്യാമെന്നും ഏറ്റു….

സമയം മുന്നോട്ട് പോയി കൊണ്ടിരുന്നു….ഏകദേശമൊരു അരമണിക്കൂർ കൂടി കഴിഞ്ഞതും സിസ്റ്റർ മുറിയിലേക്ക് വന്നു…..

“”ആ പെൺകുട്ടിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്….നിങ്ങളെ അന്വേഷിക്കുന്നു….ഡോക്ടർ നിങ്ങളെ കൂട്ടി കൊണ്ട് വരാൻ പറഞ്ഞു……””

നേരിയ ആശ്വാസം പകർന്ന ആ വാർത്ത കേട്ട് ഞാൻ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു….

“”നടക്കാൻ ബുദ്ധിമുട്ട് കാണും… ഞാൻ അറ്റന്ററോട് വീൽ ചെയർ എടുക്കാൻ പറയാം….””

കട്ടിലിൽ നിന്നും എഴുന്നേറ്റ് നടക്കാൻ ശ്രമിക്കവേ സ്റ്റിച്ചിട്ട മുറിവിൽ നിന്നും ഒരു അസ്വസ്ഥത അനുഭവപ്പെട്ട ഞാൻ ബുദ്ധിമുട്ടുന്നത് കണ്ട് സിസ്റ്റർ പറഞ്ഞു…….

“”വേണ്ട സിസ്റ്റർ കുഴപ്പമില്ല….ഞാൻ നടന്നോളാം….ലിഫ്റ്റ് ഉള്ളതല്ലേ…..””

ഞാൻ പതിയെ സിസ്റ്ററിനോടൊപ്പം പുറത്തേക്ക് നടന്നു….ലിഫ്റ്റിൽ കയറി ഐ സി യുവിന്റെ ഫ്ലോറിൽ ഇറങ്ങി……

എന്നോട് ഐ സി യുവിന്റെ പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് സിസ്റ്റർ അകത്തേക്ക് പോയി…….അല്പസമയം കഴിഞ്ഞതും മറ്റൊരു സിസ്റ്ററേയും കൂട്ടി അവർ പുറത്തേക്ക് വന്നു……

“”നിരുപമ ഡോക്ടർ അല്ലേ വിളിപ്പിച്ചത്….പേഷ്യന്റിനെ ആ റൂമിലേക്ക് ഇപ്പോൾ മാറ്റിയതേ ഉള്ളു….വരൂ അങ്ങോട്ട് പോകാം… ഡോക്ടറും അവിടെയുണ്ട്….””

അകത്തു നിന്ന് വന്ന സിസ്റ്റർ പറഞ്ഞു…സിസ്റ്റർമാരിലൊരാൾ എന്നെയും കൂട്ടിക്കൊണ്ട് ഐ സി യുവിനോട് ചേർന്നുള്ള ക്യാബിനിലേക്ക് നടന്നു…….

ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ എന്നെയും കാത്തെന്ന പോലെ ഡോക്ടർ ചെയറിൽ ഇരിപ്പുണ്ടായിരുന്നു…..

തൊട്ടടുത്തുള്ള കട്ടിലിൽ കിടന്നിരുന്ന സെലിൻ എന്നെ കണ്ടതും എഴുന്നേറ്റ് ഇരു കാലുകളും താഴോട്ട് ഇട്ട് ഇരുന്നു….
. എന്നെ നോക്കി പൊട്ടി കരയാൻ തുടങ്ങി പാവം……

സെലിന്റെ അരികിലായ് ബെഡിൽ ഞാൻ വന്നിരുന്നതും അവൾ എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു…….. എന്റെ തോളിൽ മുഖമമർത്തി വിതുമ്പിയ അവളുടെ തലയിൽ ഞാൻ തലോടി….. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു അപ്പോൾ….. പതിയെ സെലിന്റെ മുഖം ഇടത് കൈ വെള്ളയിൽ ചേർത്ത് മറു കൈവിരൽ കൊണ്ട് അവളുടെ കണ്ണ് ഞാൻ തുടച്ചു….. അടി കൊണ്ട പാട് തിണിർത്ത്‌ കിടന്നിരുന്ന കവിളിണകളിൽ മെല്ലെ തഴുകി….. എന്റെ കൈ വെള്ളയിൽ അല്പനേരം കൂടി തല ചേർത്ത് ഇരുന്ന സെലിൻ പതിയെ എന്റെ ഇടുപ്പിലെ മുറിവിലൂടെ വിരലോടിച്ചു……

“”She is alright now….. ഞാൻ തന്നെ എല്ലാ കാര്യങ്ങളും സെലിനോട് പറഞ്ഞിട്ടുണ്ട്….. മിസ്റ്റർ അനന്തൻ ടെൻഷനടിക്കണ്ട… ഓക്കേ….””

ഞങ്ങളുടെ അരികിലായി വന്നു നിന്ന ഡോക്ടറുടെതായിരുന്നു വാക്കുകൾ……

“”സീ സെലിൻ ഞാൻ ഇത്രയും നേരം പറഞ്ഞത് ഓർമ്മയുണ്ടല്ലോ….താൻ ഉറങ്ങികിടക്കുമ്പോൾ തന്റെ ദേഹത്ത് സ്വൽപ്പം അഴുക്ക് പുരണ്ടു….അത് നമ്മൾ വൃത്തിയാക്കി…….അല്ലാതെ മറ്റൊന്നും തനിക്ക് സംഭവിച്ചിട്ടില്ല……നമ്മുടെ സമൂഹത്തിന് ഒരു ധാരണയുണ്ട്….പൊക്കിളിനും മുട്ടിനുമിടയിൽ എന്തോ ഒന്ന് നഷ്ട്ടപ്പെടാൻ വേണ്ടി മാത്രം ചുമന്നു നടക്കുന്ന ഒരു ജീവിയാണ് സ്ത്രീ എന്ന്…….അത് പോലെയൊരു സമൂഹത്തിന്റെ വാക്കുകൾക്ക് നമ്മൾ വില കല്പിക്കേണ്ടതില്ല… ജീവിതം നമ്മുടേതാണ്,, അത് ജീവിച്ചു തന്നെ കാണിച്ചു കൊടുക്കണം……കേട്ടല്ലോ….?? ടേക്ക് കെയർ…..”””

ഡോക്ടർ പുറത്തേക്ക് നടന്നു…..

“”ഒരു ഇൻജെക്ഷൻ കൂടി ഉണ്ട്….പിന്നെ ഡ്രിപ്പും ഇടണം….മിക്കവാറും നാളെ തന്നെ പോകാം… ഡോക്ടർ പറയും….””

അത്രയും പറഞ്ഞ് സിസ്റ്ററും പുറത്തേക്ക് പോയി….

“”അനന്തു ഭദ്രയെപ്പറ്റി എന്തെങ്കിലും വിവരം….””

എന്റെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് സെലിൻ ഇരുന്നു…..

“”പോലീസ് അന്വേഷിക്കുന്നുണ്ട്…..ഇത് വരെയും വേറെയൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല…..””

“”നാല് സ്റ്റിച്ച് ഉണ്ട്…”” എന്റെ മുറിവിലൂടെ പതിയെ വിരലോടിച്ചു കൊണ്ടിരുന്ന സെലിന്റെ തലയിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു……

അപ്പോഴേക്കും സിസ്റ്റർ മുറിയിലേക്ക് വന്നു……സെലിനെ ബെഡിൽ കിടത്തി ഇൻജെക്ഷൻ എടുത്തു….ഞാൻ തൊട്ടടുത്തുള്ള കസേരയിലേക്ക് മാറി ഇരുന്നു…

“”അയാളവിടെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടല്ലോ… നിങ്ങളെ കാണാനാണെന്നു തോന്നുന്നു…….””

സെലിന് ഡ്രിപ്പ് ഇട്ട് ഗ്ളൂക്കോസ് ബോട്ടിൽ സ്റ്റാൻഡിൽ നേരെയിടുമ്പോൾ സിസ്റ്റർ പറഞ്ഞു….


“”അയാളോട് അകത്തേക്ക് വരാൻ പറഞ്ഞോളൂ സിസ്റ്റർ…””

പുറത്തേക്ക് പോകുന്ന സിസ്റ്ററിനോട് അത് പറഞ്ഞ സെലിനെ ആരുടെ കാര്യമാണ് പറയുന്നതെന്ന് മനസ്സിലാകാതെ ഞാൻ സംശയഭാവത്തോടെ നോക്കി…..

ഏകദേശം ഒരു അമ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ മുറിയിലേക്ക് കടന്നു വന്നു… മുണ്ടും ഷർട്ടുമാണ് വേഷം….അയാളെ കണ്ടതും ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച സെലിനെ ഞാൻ താങ്ങിപിടിച്ച് കട്ടിലിന്റെ ക്രാസിയിൽ തലയിണ ചാരി വച്ച് ഇരുത്തി…..

എന്നെയും അയാളെയും സെലിൻ മാറി മാറിയൊന്നു നോക്കി….

“”ആരാ നിങ്ങൾ.,….””

“‘ഇദ്ദേഹം അനന്തുവിനെ കാണാനാ വെയിറ്റ് ചെയ്തത്….”’

ആളോടുള്ള എന്റെ ചോദ്യത്തിന് സെലിനായിരുന്നു മറുപടി പറഞ്ഞത്……

“”ഏ… എന്റെ പേര് ദിവാകരൻ….. അനന്തൻ സാറിന് എന്നെ മനസ്സിലാകാൻ വഴിയില്ല….നമ്മൾ തമ്മിൽ ആദ്യമായിട്ടാണ് കാണുന്നത്…..പക്ഷെ സാറിനെയും ഭദ്ര കുഞ്ഞിനേയും എനിക്ക് നന്നായി അറിയാം…””

അല്പം മുന്നിലേക്ക് കയറി നിന്നു കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി….

“‘ഇന്ന് വൈകുന്നേരം ഭദ്ര കുഞ്ഞിനേയും ഈ കുട്ടിയേയും ഞാൻ അവിടെ വന്ന് കണ്ടിരുന്നു….. സുരേന്ദ്രൻ സാറിന്റെ വീട്ടിൽ….”‘

“”എന്തിന്… നിങ്ങൾക്കെങ്ങനെയാ എന്നെയും ഇവരെയും പരിചയം…””

“”പതിനഞ്ച് വർഷം മുന്നേയുള്ള പരിചയമാണ്….നിങ്ങളുമായിട്ടല്ല….ഭദ്ര മോളുടെ അച്ഛൻ രാമചന്ദ്രനുമായിട്ട്….ഞങ്ങൾ സുഹൃത്തുക്കളായിരുന്നു…….. രാമന്റെ മരണശേഷം ഞാൻ ഈ നാട് വിട്ടു….ഇന്ന് ഞാൻ ഈ നാട്ടിൽ എത്തിയത് ഭദ്ര കുഞ്ഞിനെ കാണാൻ വേണ്ടി മാത്രമാണ്….എല്ലാ കുറ്റങ്ങളും ഏറ്റു പറഞ്ഞ് ആ കുട്ടിയുടെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ….വർഷങ്ങളായി എന്നെ പിന്തുടരുന്ന കുറ്റബോധത്തിൽ നിന്നും കുറച്ചെങ്കിലും ആശ്വാസം കിട്ടാൻ വേണ്ടിയായിരുന്നു അത്….

അത് പറയുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു ആ മനുഷ്യൻ…

“എനിക്കൊന്നും മനസ്സിലാകുന്നില്ല….നിങ്ങൾ എന്തിനാണ് ഭദ്രയോട് മാപ്പ് ചോദിക്കുന്നത്… അതിന് നിങ്ങൾ എന്താ തെറ്റാ അവളോട് ചെയ്തത്…..””

“”അന്ന്,, പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്….ആ നശിച്ച രാത്രി….ഭദ്ര കുഞ്ഞിനോട് ഞാൻ ചെയ്ത ദ്രോഹം അത്രയ്ക്കും വലുതായിരുന്നു സർ…..പാപിയാണ് ഞാൻ,,മഹാപാപി…..കാശിന് വേണ്ടി സ്വന്തം സുഹൃത്തിനെയും കുടുംബത്തെയും ഒറ്റു കൊടുത്ത വഞ്ചകൻ….. ഭദ്ര കുഞ്ഞിന്റെ അച്ഛന്റെയും അമ്മയുടെയും പിഞ്ചനിയന്റെയും മരണത്തിനു ഉത്തരവാദി ഞാനാണ്…….എനിക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത അത്രയും പണം തന്ന് എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് നടേശനാണ്…

ആ രാത്രി അത്യാവശ്യമായി കാണാണമെന്നും പറഞ്ഞ് എന്നെക്കൊണ്ട് അയാൾ രാമചന്ദ്രനെ വിളിപ്പിച്ചു…നടേശന്റെ നിർദ്ദേശപ്രകാരം ഞാനാണ് രാമചന്ദ്രനേയും കുടുംബത്തെയും അന്നവിടെ ആ തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചത്….. എല്ലാവരെയും ഒരു റോഡപകടകം എന്ന് തോന്നിപ്പിക്കും വിധം നടേശൻ കരുതി കൂട്ടി നടപ്പിലാക്കിയ കൊലപാതകം….കാശിനു വേണ്ടി ഞാനും അതിനു കൂട്ട് നിന്നു….. ആ സംഭവത്തിന് ശേഷം നടേശൻ എന്നെ നാട് കടത്തി….ഒരിക്കലും ഇങ്ങോട്ട് ഇനി തിരിച്ചു വരരുതെന്നും,, വന്നാൽ കൊന്ന് കളയുമെന്നായിരുന്നു ഭീക്ഷണി……””

“”ഇന്ന് വൈകുന്നേരം ഇയാള് വന്ന് ഭദ്രയെ കണ്ട് എല്ലാ സത്യങ്ങളും പറഞ്ഞിരുന്നു….എല്ലാം അറിഞ്ഞ ഭദ്ര ആകെ തളർന്നു പോയി….പാവം അവളെ അശ്വസിപ്പിക്കാൻ എനിക്ക് സാധിച്ചില്ല….. എത്രയും പെട്ടന്ന് നിന്നെ വിവരങ്ങളറിയിക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്….പക്ഷെ അതിനുള്ള സാവകാശം പോലും ഞങ്ങൾക്ക് കിട്ടിയില്ല… അപ്പോഴേക്കും നടേശനും ആൾക്കാരും അവിടെ എത്തിയിരുന്നു…..””

എന്റെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് സെലിൻ കാര്യങ്ങൾ വിശദീകരിച്ചു…

“”ഞാൻ നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ നടേശന്റെ ആൾക്കാർ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു….. ഞാൻ ഭദ്ര മോളെ കാണാൻ എത്തിയതും എല്ലാ സത്യങ്ങളും മോളോട് പറഞ്ഞുവെന്നും അവർക്ക് മനസ്സിലായി….. അവരുടെ കയ്യിൽ നിന്നും ഭദ്രയെയും ഈ കുട്ടിയേയും രക്ഷിക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു…… അവരുടെ കയ്യിൽ നിന്നും ഭാഗ്യം കൊണ്ടാണ് അന്നേരം ഞാൻ രക്ഷപ്പെട്ടത്….. ഭദ്ര മോള് പറഞ്ഞതനുസരിച്ച് എത്രയും വേഗം രാജശേഖർ സാറിനെ വിവരങ്ങളറിയിക്കാനായിരുന്നു എന്റെ ശ്രമം….എന്റെ തൊട്ട് പിന്നാലെ ഉണ്ടായിരുന്നു നടേശന്റെ ആൾക്കാർ….അവരുടെ കയ്യിൽ അകപ്പെടാതെ സാറിന്റെ അടുത്തെത്താൻ ഞാൻ വൈകിപ്പോയി….ഇല്ലെങ്കിൽ ഇന്നിപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കിലല്ലായിരുന്നു……”‘

അതും പറഞ്ഞ് അയാൾ വിതുമ്പി കരയാൻ തുടങ്ങി…

“”ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് പതിനഞ്ച് വർഷം വേണ്ടി വന്നു അല്ലേ….വർഷങ്ങൾക്ക് ശേഷം തിരിച്ചറിവ് ഉണ്ടായി ഇപ്പോൾ വന്ന് എല്ലാം ഏറ്റു പറഞ്ഞാൽ നിങ്ങൾ കുറ്റക്കാരനല്ലതാകുമോ….??.. നിങ്ങളെ ഞങ്ങളെങ്ങനെ വിശ്വസിക്കും…..””

എനിക്ക് വല്ലാത്ത അമർഷമാണ് അയാളോട് തോന്നിയത്….

“‘വിശ്വസിക്കണം സർ,,,, മനസ്സ് നീറിയാ ഞാൻ ഇത് പറയുന്നത്….ഒരുപാട് ആശയോടെയും സ്വപ്നങ്ങളുടെയും വളർത്തിയെടുത്ത മകളെ നഷ്ട്ടപ്പെട്ട ഒരച്ഛന്റെ പിടച്ചിലാണിത്….ചെയ്ത തെറ്റിന് ദൈവം എനിക്ക് തന്ന ശിക്ഷ… ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി ദൈവം എന്നിൽ നിന്നും തട്ടിപ്പറിച്ചെടുത്തത് എന്റെ ഒരേയൊരു പൊന്നു മോളുടെ ജീവനാണ്…….ആറു മാസം മുൻപ് ഉണ്ടായ ഒരു ആക്സിഡന്റ്….എന്റെ കണ്മുന്നിൽ വച്ച്,,, ന്റെ പൊന്നു മോൾ…..'””

നിറഞ്ഞ കണ്ണുകൾ രണ്ടും തുടച്ചു കൊണ്ട് അയാൾ തുടർന്നു….

“”അന്ന് തളർന്നു വീണതാ അവളുടെ അമ്മ….,,മരിച്ചു പോയ മോളുടെ ഓർമ്മകളിൽ നീറി നീറി ഒരു നിത്യരോഗിയെ പോലെയാ അവളുടെ അമ്മ ജീവിച്ചത്….അധികം താമസിയാതെ അവളും പോയി എന്നെ തനിച്ചാക്കി മോളുടെ അടുത്തേക്ക്….. ആർക്ക് വേണ്ടിയാണോ ഞാൻ ജീവിച്ചത് ആർക്ക് വേണ്ടിയാണോ ഞാൻ എല്ലാം നേടിയെന്ന് അഹങ്കരിച്ചത്,, അവരെല്ലാം എന്നെ തനിച്ചാക്കി പോയി…..ഉറക്കം പോലും നഷ്ട്ടപ്പെട്ട് കുറ്റബോധവും പേറിയുള്ള ഈ ജീവിതം എനിക്ക് മടത്തു….ഇനി വയ്യ….എല്ലാ പാപഭാരങ്ങളും എനിക്ക് ഇറക്കി വക്കണം… എന്നിട്ട് വേണം എനിക്കെന്റെ മകളുടെയും അവളുടെ അമ്മയുടെയും അടുത്തേക്ക് പോകാൻ….അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ ആത്മാവിന് പോലും മോക്ഷം കിട്ടില്ല….ഇല്ലാ… മോക്ഷം കിട്ടില്ല…..”””

ദിവാകരനോട് ഒന്നും പറയാനില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ… സെലിനും മൂകയായി ഇരുന്നു…. പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു….ശരത് ആയിരുന്നു അത്….ഞാൻ കാൾ അറ്റൻഡ് ചെയ്തു….

“‘ടാ എന്തെങ്കിലും അറിഞ്ഞോ….??””

””ടാ നടേശന്റെ ഒരു ഹൈഡ് ഔട്ട്‌ സ്പേസിനെപ്പറ്റി വിവരം കിട്ടിയിട്ടുണ്ട്….കുറച്ച് ഉൾ ഏരിയ ആണ്….സമ്മർ പാലസ് റോഡിൽ നിന്നും മാറി ഒരു പത്ത് പതിനഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് പോണം….ഓഫ് റോഡ് ആണ്… ആരും പെട്ടന്ന് നോട്ടീസ് ചെയ്യില്ല….അവിടെ ഒരു പഴയ ഷെൽട്ടർ ഉണ്ട്….എക്സ് എം പി ധനപാലന്റെ പ്രോപ്പർട്ടിയാ അത്… സ്ഥലം കയ്യേറ്റഭൂമിയായത് കൊണ്ട് വസ്തു പുള്ളിയുടെ ബിനാമിയുടെ പേരിലാണെന്ന് മാത്രം… ഈ ധനപാലനും നടേശനും തമ്മിൽ വർഷങ്ങളായി പല ഡീലിങ്സും ഉണ്ട്…… ധനപാലൻ ഇപ്പോൾ സ്ഥലത്തില്ല…..എന്തായാലും നടേശൻ ഈ തൃശ്ശൂർ വിട്ട് പോയിട്ടില്ലാത്ത സ്ഥിതിക്ക് അവിടെ തങ്ങാനുള്ള സാധ്യത കൂടുതലാണ്ന്നാണ് എനിക്ക് കിട്ടിയ വിവരം….. ഭദ്രയെയും വേറെ എങ്ങോട്ടും മാറ്റാൻ കഴിഞ്ഞിട്ടുണ്ടാവില്ല….”‘”

“നീ ഇപ്പോൾ എവിടെ ഉണ്ട്….””

“”ഞാൻ ഇപ്പോൾ ഹോസ്പിറ്റലിന്റെ പുറത്തുണ്ട്….ഗേറ്റ് നമ്പർ രണ്ടിന്റെ എൻട്രൻസിൽ….അവിടെ അടുത്ത് തന്നെ ഞാൻ ജീപ്പ് പാർക്ക് ചെയ്തിട്ടുണ്ട്..…””

“”നീ അവിടെ തന്നെ നിൽക്ക് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം…..”””

“”ഡാ നീ,, ഇപ്പോഴത്തെ കണ്ടിഷനിൽ….അതെന്തായാലും ശരിയാവില്ല… നീ വരണ്ട….””

“”ഞാൻ വരാം…..'”

“”അനന്തു….””

എന്നെ വിളിച്ച് ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച സെലിന്റെ അരികിലേക്ക് ഞാൻ നടന്നു….. സെലിന്റെ കയ്യിൽ മുറുകെപ്പിടിച്ച് സ്വാന്തനിപ്പിച്ചു കൊണ്ട് ഞാൻ അവൾക്ക് ധൈര്യം നൽകി.….

“”ഞാൻ തിരിച്ചു വരും… ഒപ്പം എന്റെ ഭദ്രയും ഉണ്ടാകും….””

“”ഒരു കാര്യം കൂടി ഉണ്ട്….””

എന്നെ തടഞ്ഞ സെലിന്റെ കണ്ണുകൾ തീക്ഷ്ണമായിരുന്നു….

“”ഇത്രയും നാൾ നാട്ടുകാരുടെ മുന്നിൽ ചൂണ്ടി കാണിക്കാനാണെങ്കിളും ജന്മം നൽകിയ അച്ഛൻ എന്നൊരാൾ എനിക്ക് ഈ ഭൂമിയിൽ ഉണ്ടായിരുന്നു….. എന്നാൽ ഇനി അങ്ങനെയൊരാളെ എനിക്ക് ആവശ്യമില്ല… അയാളെപ്പോലെ ഒരു ഭർത്താവിനെ എന്റെ മമ്മിക്കും വേണ്ടാ….എനിക്കുറപ്പുണ്ട് എല്ലാം അറിയുമ്പോൾ മമ്മി പറയും എന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന്……”’

“”ഞാനും കൂടി വരാം സാറിന്റെ കൂടെ….സംശയിക്കേണ്ട….ശേഖർ സാറിനെ ഞാനൊന്നും അറിയിക്കില്ല…..””

എന്റെയൊപ്പം വരാമെന്ന് പറഞ്ഞ ദിവാകരനോട് ഞാൻ എതിർപ്പൊന്നും കാണിച്ചില്ല….സെലിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി…എന്റെ അരയ്ക്ക് മുകളിൽ ഹോസ്പിറ്റലിലെ പച്ച കളർ വസ്ത്രമാണ്……അത് ധരിച്ച് ഹോസ്പിറ്റലിന്റെ വെളിയിലേക്ക് പോയാൽ ഹോസ്പിറ്റൽ സ്റ്റാഫ്‌ ശ്രദ്ധിക്കും… ഷർട്ട് മുറിയിലുണ്ട്… പക്ഷേ മുകളിലെത്തെ എന്റെ മുറിയുടെ മുന്നിൽ ശേഖർ സർ ഒരു കോൺസ്റ്റബിളിനെ ഡ്യൂട്ടിക്ക് ഇട്ടിട്ടുള്ളത് കൊണ്ട് അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ല….

ഞങ്ങൾ നിന്നിരുന്ന ഫ്ലോറിൽ തന്നെ എൻഡിൽ നഴ്സിംഗ് സ്റ്റാഫിന്റെ ഒരു ഡ്രെസ്സിങ് റൂം ഉള്ളത് എന്റെ ശ്രദ്ധയിൽപ്പെട്ടു….ആ ഭാഗത്ത് cctv ക്യാമറയുടെ വിഷൻ ഇല്ല…ദിവാകരന്റെ സഹായത്തോടെ ആ മുറിയിൽ കയറി ഞാൻ ഒരു ഷർട്ട് സംഘടിപ്പിച്ചു…..വസ്ത്രം മാറി ഇറങ്ങിയ ഞാൻ ദിവാകരനെയും കൂട്ടി ഹോസ്പിറ്റലിന്റെ വെളിയിൽ കടക്കാൻ നോക്കി… സിസ്റ്റേഴ്സ് ആരെങ്കിലും അന്വേഷിച്ച് റൂമിൽ വന്നാൽ ഞാൻ അവിടെ ഇല്ലന്ന് മനസ്സിലാക്കും,,, അതിന് മുൻപ് ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിൽ നിന്നും കടക്കണമായിരുന്നു….. അല്പം പണിപ്പെട്ടാണെങ്കിലും ഞങ്ങൾ അത് സാധിച്ചു… പുറത്ത് പാർക്ക് ചെയ്തിരുന്ന ശരത്തിന്റെ ജീപ്പിൽ ഞങ്ങൾ ചെന്ന് കയറി……

ദിവാകരനെ ഞാൻ ശരത്തിനെ പരിചയപ്പെടുത്തി… അയാൾ പറഞ്ഞ സത്യങ്ങളും ഞാൻ അവനെ അറിയിച്ചു…… എന്നാൽ ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യത്തിലുള്ള ആശങ്കയായിരുന്നു ശരത്തിനെ അലട്ടിയിരുന്നത്…..

‘”അനന്തു നീ ഞാൻ പറയുന്നതെന്ന് കേൾക്ക്…..നിന്റെ കൂടെ വരാൻ പേടിയുണ്ടായിട്ടല്ല….പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ…കിട്ടിയ വിവരം ഞാൻ ശേഖർ സാറിനെ അറിയിച്ചിട്ടും ഉണ്ട്… അത്‌ പോരെ ഇപ്പോൾ… വെറുതെ ഒരു റിസ്ക് എടുക്കണോ…..ശേഖർ സർ ഇതറിഞ്ഞാൽ നമ്മളോട് ദേഷ്യപ്പെടും….””

“”എന്റെ പെണ്ണിന്റെയും അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിന്റെയും ജീവൻ വച്ച്‌ എനിക്കൊരു റിസ്ക് എടുക്കാൻ പറ്റില്ല….പോലീസ് എത്താൻ വൈകുന്ന ഓരോ നിമിഷത്തിനും എന്റെ ഭദ്രയുടെയും കുഞ്ഞിന്റെയും ജീവന്റെ വിലയുണ്ട്…എനിക്ക് അങ്ങോട്ട്‌ പോയെ പറ്റൂ…..””

എന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ശരത്തിന് മറുതൊന്നും പറയാൻ ഉണ്ടായിരുന്നില്ല….അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു….ആക്സിലെറ്ററിൽ കാൽ അമർന്നു… നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ഞങ്ങളുടെ ജീപ്പ് കുതിച്ചു പാഞ്ഞു…..

“”ഞാൻ നിന്നോട് ഒരു കാര്യം കൂടി ആവശ്യപ്പെട്ടിരുന്നു…..””

“”പെട്ടന്ന് പറഞ്ഞത് കൊണ്ട് സംഘടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി….””

കറുത്ത തുണി കൊണ്ടുള്ള ഒരു ചെറിയ ബാഗ് ശരത് എന്റെ കയ്യിൽ തന്നു…. ഞാനത് തുറന്ന് അതിലുണ്ടായിരുന്ന തോക്ക് കയ്യിലെടുത്തു….. ഇസ്രായേൽ മെയ്ഡ് ആയ ഒരു 9mm പിസ്റ്റളായിരുന്നു അത്……

“”ടാ നിനക്കിത് ഉപയോഗിക്കാൻ അറിയാലോ…??””

“”ഹ്മ്മ് ആവശ്യത്തിന്….””

“”ശ്രദ്ധിച്ചു വേണം,, ഫുള്ളി ലോഡഡ് ആണ്….””

ലോഡ് ചെയ്തിരിക്കുന്ന ബുള്ളറ്റുകൾ പരിശോധിച്ച് ഒന്ന് മോക്ക് ട്രിഗർ ചെയ്തതിന് ശേഷം ഞാൻ പിസ്റ്റൾ അരയിൽ തിരുകി….. യാത്രയ്ക്കിടയിൽ ശേഖർ സർ വിളിച്ചു… സി ഐ മോഹനൻ പിടിയിലായ കാര്യം അറിയിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്….. ശരത് പറഞ്ഞ സ്ഥലത്തേക്കുറിച്ചുള്ള ഇൻഫർമേഷൻ തന്നെയാണ് അയാളിൽ നിന്നും കിട്ടിയത്…ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ഇല്ലാ എന്നും നടേശാനെ തേടി പോവുകയാണെന്നും ഉള്ള സത്യം ഞാൻ അദ്ദേഹത്തിൽ നിന്നും മറച്ചു വച്ചു….. ഒരു പക്ഷെ ഹോസ്പിറ്റലുകാർ അറിയിച്ച് ഏത് നിമിഷവും ഞാനും ദിവാകരനും അവിടെയില്ലെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയേക്കാം….എന്നിരുന്നാലും സാർ ശരത് പറഞ്ഞ സ്ഥലത്ത് നടേശനെ തേടി എത്തുമ്പോൾ മാത്രമേ ഇനി ഞാനുമായി കാണുകയും സംസാരിക്കുകയും ചെയ്യാകൂ എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു…… അത്‌ കൊണ്ട് സാർ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യേണ്ടന്ന് കരുതി..….ശരത്തിനോടും ആ കാര്യം സൂചിപ്പിച്ചു…..

ദിവാകരൻ വണ്ടിയിലിരുന്ന് പിന്നെയും പഴയ കാര്യങ്ങളെല്ലാം പറയുന്നുണ്ടായിരുന്നു……

നടേശൻ അറിയാതെ ഇടയ്ക്ക് രണ്ട് മൂന്ന് തവണ പുള്ളി നാട്ടിൽ വന്നിരുന്നു….ഭദ്രയുടെ മുന്നിൽ വരാതെ ദൂരെ എവിടെയെങ്കിലും വച്ച് അവളെ കണ്ടിട്ട് പോകാറാണ് പതിവ്… അവസാനം ദിവാകരൻ നാട്ടിൽ വന്നത് എന്റെയും ഭദ്രയുടെയും വിവാഹം കഴിഞ്ഞു എന്ന് എങ്ങനെയൊ അറിഞ്ഞിട്ടാണ്… അന്ന് നാട്ടിലെത്തിയ ആൾ പുറത്തെവിടെയോ വച്ച് എന്നെയും ഭദ്രയേയും മാറി നിന്ന് കണ്ടതിനു ശേഷം മടങ്ങി പോയി… ചെയ്ത പാപത്തിന്റെ ഭാരം സ്വയം താങ്ങാനാവാതെ മകളോടും ഭാര്യയോടും പങ്കുവെച്ച ദിവാകരനോട് എല്ലാ സത്യങ്ങളും പുറംലോകത്തെ അറിയിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു….അന്നെല്ലാം നടേശനെ ഭയന്ന് അയാൾ അതിന് തയ്യാറായില്ല…..മാസങ്ങൾക്ക് മുൻപ് ഞാനും ഭദ്രയും ഹണി മൂണിനായി പോയ റിസോർട്ടിൽ വച്ച് ദിവാകരൻ ഞങ്ങളെ കണ്ടിരുന്നു….ആ റിസോർട്ടിൽ ജോലി ചെയ്യുന്ന ഒരു പരിചയക്കാരനെ കാണാൻ എത്തിയ ദിവാകരൻ അവിചാരിതമായാണ് ഞങ്ങളെ കണ്ട് മുട്ടിയത്… അന്ന് ഞങ്ങൾ റിസോർട്ടിൽ നിന്നും റൂം വെക്കെറ്റ് ചെയ്ത് പോരുന്ന ദിവസമായിരുന്നു….റിസോർട്ടിൽ നിന്നും പോന്ന് കുറച്ച് ദൂരം ദിവാകരൻ തന്റെ കാറിൽ എന്നെയും ഭദ്രയേയും പിന്തുടർന്നിരുന്നു….ഒരു പക്ഷെ അന്ന് ഭദ്ര ആരോ ഞങ്ങളെ പിന്തുടരുന്നുണ്ടെന്ന് സംശയം പറഞ്ഞതും അത് തന്നെയാകും…..

സമ്മർ പാലസ് റോഡിൽ നിന്നും ജീപ്പ് ശരത് പറഞ്ഞ വഴിയിലേക്ക് പ്രവേശിച്ചു….. പുറത്ത് ചെറുതായി കാറ്റ് വീശുന്നുണ്ട്… മഴ വീണ്ടും പെയ്യാനുള്ള സാധ്യതയുമുണ്ട്…….ജീപ്പ് പരമാവധി വേഗത്തിൽ തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു….

പറഞ്ഞ സ്ഥലത്തിനടുത്ത്‌ എത്താറായെന്ന് ശരത് സൂചന നൽകിയതും ഞാൻ അവനോട് വണ്ടി നിർത്താൻ പറഞ്ഞു….. അവൻ വഴിയരികിലായി രണ്ട് ആളുടെ വലിപ്പത്തിൽ മറയുള്ള ഒരു പൊന്തക്കാടിനരുകിൽ ജീപ്പ് നിർത്തി….

“”ഞങ്ങളിവിടെ ഇറങ്ങാം… നീ തിരിച്ചു പൊയ്ക്കോ… പാലസ് റോഡിൽ നിന്നും ഇങ്ങോട്ടുള്ള വഴിയുടെ എൻട്രൻസിൽ നീ വെയിറ്റ് ചെയ്യണം….ശേഖർ സാറും ഫോഴ്‌സും ഏത് സമയവും അവിടെ എത്താം… അവർക്ക് ഇങ്ങോട്ടുള്ള വഴിയിൽ സംശയമൊന്നും ഉണ്ടാവരുത്…. നീ വേണം അവരെ കൂട്ടി കൊണ്ട് വരാൻ….'”

“”അതെന്തായാലും ശരിയാവില്ല… നിന്നെ ഞാൻ അങ്ങോട്ട് തനിച്ച് വിടില്ല….””

“”അനന്തൻ സാർ തനിച്ചല്ലല്ലോ… ഞാനുമില്ലേ കൂടെ,,, സാറ് ധൈര്യമായി പൊയ്ക്കോളൂ….ഇനി മേലും കീഴും നോക്കാനില്ലാത്തവനാ ഈ ദിവാകരൻ….എന്റെ ജീവൻ കൊടുത്തും അനന്തൻ സാറിനെയും ഭദ്ര കുഞ്ഞിനേയും ഒരു പോറല് പോലും ഏൽക്കാതെ ഞാൻ നോക്കിക്കൊള്ളാം….””

ദിവാകരന്റെ ആ വാക്കുകളും ശരത്തിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല..….

“”നീ ഞാൻ പറയുന്നത് പോലെ കേൾക്ക്… എനിക്കൊന്നും സംഭവിക്കില്ല….ഗൺ ഉണ്ടല്ലോ എന്റെ കയ്യിൽ….വേറെ നിവൃത്തിയില്ലെങ്കിലേ ഞാനിത് ഉപയോഗിക്കൂ….അതും എന്റെ ഭദ്രയ്ക്കും കുഞ്ഞിനും വേണ്ടി മാത്രം…..””

ഒടുവിൽ എന്റെ നിർബന്ധത്തിന്റെ മുൻപിൽ പൂർണ സമ്മതത്തോടെ അല്ലെങ്കിലും ശരത് വഴങ്ങി….എന്നെയും ദിവാകരനെയും അവിടെ ഇറക്കിയിട്ട് അവൻ വണ്ടി തിരിച്ചു… ശരത് മടങ്ങിയതിന് ശേഷം ചുറ്റുമോന്ന് വീക്ഷിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി…..

ഇരുൾ പരന്ന ആ വിജന പാതയിലൂടെയുള്ള ഞങ്ങളുടെ നടത്തം അതീവ ശ്രദ്ധയോടെയായിരുന്നു… കനത്ത നിശബ്ദത ഞങ്ങൾക്ക് അകമ്പടിയേകി….തണുത്ത കാറ്റിന്റെ നേരിയ ശബ്ദം മാത്രം ഇടമുറിയാതെ കേട്ടു കൊണ്ടിരുന്നു…..

എന്റെ മനസ്സ് മുഴുവൻ ഭദ്രയായിരുന്നു….അവൾക്കും കുഞ്ഞിനും ആപത്തൊന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ നടന്നത്….

അല്പദൂരം നടന്നതും ദിവാകരൻ എന്റെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു കൊണ്ട് തടഞ്ഞു നിർത്തി…… കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നു….. ഞങ്ങൾ നിന്നിരുന്നതിന്റെ അവിടെ നിന്നും അല്പം താഴ്ചയിലേക്ക് ഒരു വഴി….. പടവുകൾ ചെത്തി ഇറക്കിയത് പോലെയുള്ള വഴി….ആ വഴി നേരെ ചെന്നവസാനിക്കുന്നത് ഒരു പഴയ ഇരു നില കെട്ടിടത്തിന്റെ മുന്നിലാണ്….. ഞങ്ങൾ പതിയെ അവിടേക്ക് നടന്നു….ഞാൻ എന്റെ ഫോണ്‌ സൈലന്റിൽ ഇട്ടു… ദിവാകരനോടും ഞാൻ അത് ചെയ്യാൻ പറഞ്ഞു……

ഞങ്ങൾ പതിയെ പടവുകൾ ഇറങ്ങി ആ കെട്ടിടത്തിലേക്ക് നടന്നു….അവിടെ പാർക്ക് ചെയ്തിരുന്ന ഡസ്റ്ററും ബൊലേറോയും ഞങ്ങളുടെ സംശയം ഉറപ്പിച്ചു….വണ്ടി വരാൻ പാകത്തിന് അവിടേക്ക് മറ്റൊരു വഴിയും ഉള്ളതായി എന്റെ ശ്രദ്ധയിൽപ്പെട്ടു….ഭദ്ര ഇവിടെ തന്നെയുണ്ടാകുമെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു…….നടേശന്റെ ഒപ്പം ജോർജ്ജിനെയും അവരുടെ ഗുണ്ടകളെ കൂടിയും ഞാനവിടെ പ്രതീക്ഷിച്ചു….. ഞാൻ അരയിൽ നിന്നും പിസ്റ്റൾ എടുത്ത് കയ്യിൽ പിടിച്ചു…….

പതിയെ മഴ ചാറാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും….ലക്ഷണം കണ്ടിട്ട് മഴ കനത്തു പെയ്യുമെന്ന് തോന്നിയത് കൊണ്ട് ഞങ്ങൾ മെല്ലെ ആ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറി….മുൻവശത്തെ വാതിൽ അടഞ്ഞു കിടന്നിരുന്നു….അല്പം സമയം അവിടെയാകമാനം ഒന്ന് നീരിക്ഷിച്ചതിനു ശേഷം ഞങ്ങൾ വരാന്തയിലൂടെ കെട്ടിടത്തിന്റെ പിൻവശത്തേക്ക് നടന്നു…..അവിടെയാകെ കാടു പിടിച്ചു കിടക്കുകയായിരുന്നു….പുറകു വശത്തെത്തിയപ്പോൾ അങ്ങോട്ടേക്ക് മറ്റാരോ അകത്തു നിന്നും വരുന്നതായി ഞങ്ങൾക്ക് തോന്നി….ഞാനും ദിവാകരനും അവിടെ കണ്ട ഇരുമ്പ് ഷീറ്റിന്റെ മറവിൽ പതുങ്ങി….. ഞങ്ങൾ നിന്നിരുന്നതിനോട് ചേർന്നുള്ള ജനലിന്റെ വാതിൽ ചാരിയതേ ഉണ്ടായിരുന്നുള്ളൂ… പതിയെ ശബ്ദമുണ്ടാക്കാതെ ഞാൻ ആ ജനൽപാളി തുറന്നതും പിൻ വശത്തെ വാതിൽ തുറക്കുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടു….ഒരാൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി വന്നു……അയാൾ കുറച്ചപ്പുറത്തേക്ക് മാറി ഫോണിൽ ഡയൽ ചെയ്യാൻ തുടങ്ങി….ഞാൻ ജനലിലൂടെ അകത്തേക്ക് നോക്കി….അകത്ത് എവിടെ നിന്നോ ഫിലമെന്റ് ബൾബിന്റെ അരണ്ട വെളിച്ചം തെളിഞ്ഞു കാണുന്നുണ്ട്….. അകത്ത് നിന്നും പുറത്തു വന്ന ആൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്….ഞങ്ങൾ നിന്നിരുന്നിടത്ത് നിന്ന് കുറച്ച് മുന്നിലേക്ക് കയറിയാണ് അയാൾ നിൽക്കുന്നത്….പുറകിലെ വാതിൽ തുറന്ന് കിടപ്പുണ്ട്….. ഈ തക്കത്തിന് അകത്തേക്ക് കയറിയാലോ എന്ന് ദിവാകരൻ എന്നോട് ആംഗ്യം കാണിച്ചു……

അവസരം മുതലെടുത്ത് ഞങ്ങൾ രണ്ട് പേരും അയാൾ കാണാതെ അകത്തേക്ക് കയറി…….. ശ്രദ്ധാപൂർവ്വം ഞങ്ങൾ നടന്ന് ഹാളിലെത്തി….മുകളിലെത്തെ

നിലയിലേക്കുള്ള സ്റ്റെയർ കേസ് കയറി എത്തിയതും മുകളിൽ കുറച്ച് മാറി മൂലയ്ക്കിലായി രണ്ട് പേർ ചേർന്ന് മദ്യപിക്കുന്നത് കണ്ടു….അവർ കാണാതിരിക്കാൻ ഞങ്ങൾ തൊട്ടടുത്ത് കണ്ട അലമാരയുടെ മറവിലേക്ക് മാറി….പുറത്ത് മഴ തിമിർത്ത് പെയ്യുന്നത് തുറന്നിട്ട ജനലഴികളിലൂടെ അറിയുന്നുണ്ടായിരുന്നു…….കുറച്ച് സമയം കഴിഞ്ഞപ്പോൾ താഴെ വച്ചു കണ്ട ആൾ മുകളിലേക്ക് കയറി വന്നു…….അയാളും അവരോടൊപ്പം പോയിരുന്ന് മദ്യപിക്കാൻ തുടങ്ങി…..

ഞങ്ങളുടെ കണ്ണുകൾ ചുറ്റും പരതി….നടേശനെയും ജോർജ്ജിനെയും കൂടാതെ അവരോടൊപ്പം ഗുണ്ടകൾ ഇവർ മൂന്ന് പേര് മാത്രം ആണോ അതോ ഇനിയും കൂടുതൽ പേർ ഉണ്ടോ എന്ന് ഞങ്ങൾക്ക് ഉറപ്പ് വരുത്തണമായിരുന്നു…..

ഏകദേശം ഒരു അഞ്ച് മിനിറ്റോളം സമയമെടുത്താണ് ഞങ്ങൾ ഗുണ്ടകളുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്നും കടന്നത്….. മുകളിലത്തെ നിലയിൽ വിപരീതദിശയിലേക്ക് പോകുന്ന രണ്ട് വഴികളുണ്ട്….. ഇരു ദിശയിലും റൂമുകളും ഉണ്ട്…..

എന്നെ വാതിൽപ്പടിയുടെ മറവിൽ നിർത്തി ദിവാകരൻ ഒരു ദിശയിലേക്ക് നടന്നു…ആ ഭാഗത്തെ റൂമുകൾ എല്ലാം അയാൾ അതീവ ശ്രദ്ധയോടെ നീരീക്ഷിച്ചു……

കുറച്ച് സമയം കഴിഞ്ഞ് ദിവാകരൻ തിരിച്ചു വന്നു….

“”ആ രണ്ടാമത്തെ മുറിയിൽ നടേശനും ജോർജ്ജ്ഉം ഉണ്ട്….അവിടത്തെ മറ്റ്‌ മുറികളിലൊന്നും ഭദ്ര മോളില്ല….മുറികളെല്ലാം തുറന്നു കിടപ്പാണ്….””

ദിവാകരൻ ശബ്ദം താഴ്ത്തി പറഞ്ഞു…. എന്റെ കണ്ണുകൾ മറു ദിശയിലെ മുറികളിലേക്ക് പാഞ്ഞു…..

“”ഭദ്ര ആ മുറികളിലെതെങ്കിലിലും ഉണ്ടാകും….””

ഞാൻ അങ്ങോട്ടേക്ക് നടന്നു… പിന്നാലെ ദിവാകരനും….. ആ ഭാഗത്ത് മൂന്ന് മുറികളുണ്ടായിരുന്നു….ആദ്യത്തെ രണ്ട് മുറികളും തുറന്നു കിടപ്പുണ്ടായിരുന്നു…… അവിടെയൊന്നും ഭദ്രയുണ്ടായിരുന്നില്ല….. ഞങ്ങൾ വരാന്തയുടെ അറ്റത്തുള്ള മൂന്നാമത്തെ മുറി ലക്ഷ്യമാക്കി നടന്നു….. മുറിയുടെ അടുത്തെത്താറായപ്പോഴാണ് അപ്പുറത്തു നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടത്….അപ്പോൾ അങ്ങോട്ടേക്ക് ആരെങ്കിലും വന്നാൽ ഞങ്ങളെ കാണാനുള്ള സാധ്യത ഉണ്ട്….അത് മനസ്സിലാക്കിയ ദിവാകരൻ ആരെങ്കിലും അങ്ങോട്ട് വരുന്നുണ്ടോയെന്ന് നോക്കാൻ വേണ്ടി അവിടെയുള്ള മറ്റൊരു മുറിയുടെ വാതിലിന്റെ മറവിൽ മറഞ്ഞു നിന്നു….എന്നിട്ട് എന്നോട് എത്രയും വേഗം മൂന്നാമത്തെ മുറിയിലേക്ക് കടക്കാൻ പറഞ്ഞു….ആ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു….എന്നാൽ വാതിൽ പൂട്ടിയിട്ടില്ലെന്ന് തോന്നി….ഞാൻ പതിയെ വാതിൽ തള്ളി തുറന്ന് അകത്ത്‌ കയറി……

അകത്തെ അരണ്ട വെളിച്ചത്തിലും എന്റെ കണ്ണുകൾ ചുറ്റും പരതി…..

“”ഭ്….ഭദ്രാ………മോളെ…..””

അത്‌ വരെയും തീവ്രഗതിയിൽ മിടിച്ചിരുന്ന എന്റെ ഹൃദയത്തിന്റെ താളം പിന്നെയും തെറ്റിയ നിമിഷമായിരുന്നു അത്‌….സങ്കടവും സന്തോഷവും ഒരുമിച്ച് ഇരച്ചെത്തിയ നിമിഷം…… മുറിയുടെ ഒരു മൂലയ്ക്കായി ഒരു കസേരയിൽ ഇരു കൈകളും ബന്ധിച്ച നിലയിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന എന്റെ ഭദ്ര……..

കയ്യിലെ പിസ്റ്റൾ അരയിൽ തിരുകി ഞാൻ ഭദ്രയുടെ അരികിലേക്ക് ഓടി ചെന്നു….അവളുടെ അരികിൽ മുട്ട് കുത്തിയിരുന്ന് ഞാനവളുടെ കവിളിൽ തട്ടി വിളിച്ചു…..

“”ഭദ്രേ….ഭദ്രേ….. കണ്ണ് തുറക്ക്…..””

ഞാനവളുടെ കയ്യിലെ കെട്ടുകൾ അഴിച്ചു മാറ്റി….. വായ മൂടിക്കെട്ടിയിരുന്ന തുണിയും അഴിച്ചെടുത്തു….

ഞാൻ പിന്നെയും കവിളിണയിൽ തട്ടി വിളിച്ചതും ഒരു നേർത്ത ഞെരക്കത്തോടെ ഭദ്ര കണ്ണ് തുറന്നു….ഒരു പാതി മയക്കത്തിന്റെ ആലസ്യത്തോടെ ഇരുന്നിരുന്ന അവളെ ഞാൻ എന്റെ കൈകളിൽ താങ്ങിയുയർത്തി എഴുന്നേൽപ്പിച്ചു നിർത്തി….. പതിയെ പൂർണ്ണമായും തുറന്ന ആ മിഴിമുനകളിൽ എന്റെ ചിത്രം പതിഞ്ഞതും പാവം അമ്പരന്ന് പോയിരുന്നു….ആ പകച്ചിൽ ഒരു പൊട്ടി കരച്ചിലായി മാറാൻ അധികം സമയം വേണ്ടി വന്നില്ല….

“”അനന്തേട്ടാ….ഏട്ടൻ ഇവിടെ….. അയാള്….അയാളിവിടെ ഉണ്ടോ….ന്റെ ഏട്ടനെ ആ ദുഷ്ടൻ ഉപദ്രവിച്ചോ……””

എന്റെ മുഖത്തും ശരീരത്തിലും പരതിയ അവളുടെ കൈകൾ ഞാൻ ബലപ്പെട്ട് നെഞ്ചോട് ചേർത്ത് കൂട്ടിപ്പിടിച്ചെങ്കിലും പെണ്ണിന്റെ കണ്ണുകളിലെ പിടച്ചിൽ അപ്പോഴും അടങ്ങിയിരുന്നില്ല…..എന്റെ മുഖത്ത് കണ്ട പരിക്കിന്റെ പാടുകളിൽ അവൾ മെല്ലെ തലോടി…..

“”എനിക്കൊന്നും പറ്റിയിട്ടില്ല വാവേ….സെലിനും സേഫ് ആണ്….””

ഭദ്രയെ ചേർത്ത് പിടിച്ച് അശ്വസിപ്പിച്ചെങ്കിലും അവളുടെ കരച്ചിൽ അടങ്ങിയിരുന്നില്ല…..

“”അയാള്….ആ ദുഷ്ടനാ ഏട്ടാ എന്റെ അച്ഛനെയും അമ്മയെയും കൊന്നത്….എന്റെ അനിയനെപ്പോലും…..””

വിങ്ങിപ്പൊട്ടിയ അവൾ എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു…..

“”എന്നെ ആരുമില്ലാത്തവളാക്കിയത് അയാളാ… അനന്തേട്ടനെയും നമ്മുടെ കുഞ്ഞിനേയുമെല്ലാം കൊല്ലുമെന്ന് പറഞ്ഞു എന്നോട്……””

മനസ്സിന്റെ സമനില തെറ്റിയ പോലെ പതം പറഞ്ഞു കൊണ്ട് ഏങ്ങലടിച്ചു കരയുന്ന ഭദ്രയുടെ ഭാവം കണ്ട് ഞാൻ ഭയന്നു….ഞാനെത്രെ ശ്രമിച്ചിട്ടും അവളെ അശ്വസിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……എന്റെ കൈ അവൾ വയറിൽ ചേർത്ത് പിടിച്ചു….

“”എനിക്ക് പേടിയാ ഏട്ടാ….. എന്റെ അനന്തേട്ടനേയും കുഞ്ഞിനേയും അയാള് ഉപദ്രവിക്കും….എന്നോട് പറഞ്ഞതാ അങ്ങനെ…..””

“”ഇല്ലാ മോളെ അങ്ങനെയൊന്നും ഉണ്ടാകില്ല… നീ വാ നമുക്ക് ഇവിടെ നിന്ന് പോകാം….പോലീസ് ഇപ്പോൾ ഇവിടെയെത്തും….നടേശന്റെ കാര്യം അവര് നോക്കി കൊള്ളും….. നമ്മളെ ഉപദ്രവിക്കാൻ അയാളിനി വരില്ല…..”’

തന്റെ മനസ്സിന്റെ നിയന്ത്രണം ഭദ്രയ്ക്ക് നഷ്ട്ടപ്പെടുകയാണോ എന്ന് ഞാൻ ആശങ്കപ്പെട്ടു….അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ വിയർപ്പ് കണങ്ങളിൽ പറ്റിച്ചേർന്നിരുന്നു…അടിമുടി ഭയന്ന് വിറയ്ക്കുന്ന ഭദ്രയെ ചേർത്ത് പിടിച്ച് ഞാൻ പുറത്തേക്ക് നടന്നു……

പുറത്ത് നിന്നിരുന്ന ദിവാകരനെ ഒന്ന് രണ്ട് വട്ടം പാളി നോക്കിയതല്ലാതെ ഭദ്രയൊന്നും മിണ്ടിയില്ല….. കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ രക്തത്തിന്റെ ഒരു തരി ശേഷിപ്പ് പോലുമില്ലെന്ന് എനിക്ക് തോന്നി…… അവളാകെ ക്ഷീണിച്ചിരിക്കുന്നു….ഭയവും ടെൻഷനും അവളെ കാർന്ന് തിന്നുകയാണ്…

“”ഇല്ലാ… ന്റെ അനന്തേട്ടനും കുഞ്ഞിനും ഒന്നും സംഭവിക്കില്ല….ഞാനതിനു അനുവദിക്കില്ല ആരെയും…..””

തളർച്ചയുടെ പ്രതിഫലനമായ വിറയാർന്ന സ്വരത്തിലും അത്‌ പറയുമ്പോൾ എന്റെ നേരെ നോക്കിയ ഭദ്രയുടെ കണ്ണുകളിൽ ഞാൻ കണ്ടത് ആത്മധൈര്യമായിരുന്നു…..

എന്നെ മുറുക്കെ ചുറ്റിപ്പിടിച്ചു കൊണ്ട് തോളിൽ തല ചേർത്ത ഭദ്രയേയും കൂട്ടി കൊണ്ട് ഞാൻ നടന്നു… ഞങ്ങളുടെ പിന്നാലെ ദിവാകരനും…….പുറത്ത്‌ മഴ അപ്പോഴും തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു…..

നേരത്തെ കണ്ടയിടത്ത് ഗുണ്ടകളാരും ഉണ്ടായിരുന്നില്ല….ചുറ്റും ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ട് ഞങ്ങൾ പതിയെ സ്റ്റെയർ ഇറങ്ങി താഴെക്കി എത്തി….നടക്കാൻ ബുദ്ധിമുട്ടിയ ഭദ്രയെ ഞാൻ താങ്ങിപ്പിടിച്ചു….. വയറിൽ ചേർത്ത എന്റെ കൈകൾ മാറ്റാൻ ഭദ്ര അനുവദിച്ചില്ല…..

“”നമ്മുടെ വാവ നന്നായി പേടിച്ചൂന്ന് തോന്ന്ണു ഏട്ടാ….നോക്കിക്കോണേ….””

ആ നേർത്ത ശബ്ദത്തോടൊപ്പം പാതിയടഞ്ഞു തുറന്ന ഭദ്രയുടെ കണ്ണുകൾ വാത്സല്യവും കരുതലും പകരുന്നുണ്ടായിരുന്നു……..

താഴത്തെ നിലയിൽ തീരെ വെളിച്ചം ഉണ്ടായിരുന്നില്ല….പിൻ വശത്തെ വാതിലിലൂടെ തന്നെ പുറത്തേക്കിറങ്ങാമെന്ന് ദിവാകരൻ സൂചിപ്പിച്ചു….എന്നാൽ ഇരുട്ടിൽ ഞങ്ങൾ തപ്പിപ്പിടിച്ച് വീണ്ടും നടന്നെത്തിയത് ഹാളിലേക്കാണോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു…..ദിവാകരൻ പറഞ്ഞതനുസരിച്ച് ഭദ്രയേയും കൊണ്ട് തിരിഞ്ഞ് നടക്കുവാൻ തുനിയവേ ആണ് കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ദിവാകരന്റെ അലർച്ച ഞങ്ങൾ കേട്ടത്….

പെട്ടെന്ന് ഞെട്ടി വിറച്ച ഭദ്ര എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു….ഞാനും ഭയന്ന് പോയിരുന്നു അപ്പോൾ…..അരയിൽ കരുതിയിരുന്ന പിസ്റ്റൾ ഞാൻ എടുത്തു…ട്രിഗറിൽ വിരലമർത്താൻ തയ്യാറായി നിന്നു….. പെട്ടെന്ന് അവിടം വെളിച്ചം വന്നു….. ആ നിമിഷം കണ്ട കാഴ്ച എന്നെയും ഭദ്രയേയും ശരിക്കും ഭയപ്പെടുത്തി….

കൺമുന്നിൽ നടേശനും ജോർജ്ജ്ഉം….നടേശന്റെ ഇടതു കൈമുട്ടിനുള്ളിൽ ശ്വാസം കിട്ടാതെ ഞെരിഞ്ഞമരുന്ന ദിവാകരൻ…. നടേശന്റെ കയ്യിലെ traditional norman model വാൾ വായുവിൽ ഉയർന്നു പൊങ്ങി…. വേഗം മനസ്സാന്നിധ്യം വീണ്ടെടുത്ത ഞാൻ നടേശന്റെ നേരെ തോക്ക് ചൂണ്ടിയതും അടുത്ത നിമിഷം ലൈറ്റ് അണഞ്ഞു….പെട്ടന്ന് ആരോ എന്റെ കയ്യിലെ തോക്ക് ചവിട്ടി തെറിപ്പിച്ചു….പെട്ടന്ന് വീഴാൻ പോയ എന്നെ ഭദ്ര മുറുകെ പിടിച്ചു…….

“”അനന്തേട്ടാ…………””

തൊണ്ട പൊട്ടിയുള്ള എന്റെ പെണ്ണിന്റെ നിലവിളി അവിടെ മുഴങ്ങി….ഭദ്രയെ വിടാതെ ചേർത്ത് പിടിച്ച എന്നെ പുറകിൽ നിന്നും ആരോ ചവിട്ടി വീഴ്ത്താൻ നോക്കിയെങ്കിലും വാതിൽപ്പടിയിലോ മറ്റോ പിടുത്തം തടഞ്ഞതിനാൽ ഞങ്ങൾ രണ്ട് പേരും വീണില്ല…..

ചുറ്റുമുള്ള ഇരുട്ടിൽ അലക്ഷ്യമായി കണ്ണുകളോടിച്ചു കൊണ്ട് ഞങ്ങൾ പരിഭ്രാന്തരായി നിന്നു…..

അടുത്ത നിമിഷം തന്നെ അവിടെ വെളിച്ചം പരന്നു….. കണ്മുന്നിൽ കലിയോടെ നിൽക്കുന്ന നടേശനിൽ നിന്നും ഭദ്രയേയും കൊണ്ട് പിന്നിലേക്ക് നീങ്ങിയെങ്കിലും പെട്ടെന്നാരോക്കെയൊ എന്നെ പുറകിൽ നിന്നും പിടി കൂടി…… നേരത്തെ അവിടെ കണ്ട ഗുണ്ടകളായിരുന്നു അത്‌….. എന്നെ വിടാതെ മുറുകെ പിടിക്കാൻ നോക്കിയ ഭദ്രയെ ജോർജ്ജ് വന്ന് പിടിച്ചു മാറ്റി…..

ഗുണ്ടകളുടെ കയ്യിൽ നിന്നും ഞാൻ കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു….. എന്നെ നോക്കി പൊട്ടി കരയുന്ന ഭദ്രയുടെ മുന്നിൽ ഞാൻ നിസ്സഹായനായി……

“”വിശ്വസിച്ചു കൂടെ നിർത്തിയവനെ വഞ്ചിക്കുന്നത് തെറ്റല്ലേ ദിവാകരാ….. ചതി പാപമാണ്….. പാപത്തിന്റെ ശമ്പളം മരണം….””

തന്റെ കൈപ്പിടിയിൽ കിടന്ന് ഞെരിഞ്ഞമരുന്ന ദിവാകരന്റെ കഴുത്തിൽ വാൾത്തലപ്പ് കൊണ്ട് നടേശൻ വരഞ്ഞു….രക്തം ചിതറി പിടയുന്ന ദിവാകരനെ അല്പനേരം നോക്കി നിന്ന നടേശൻ പതിയെ അയാളുടെ ദേഹത്ത് നിന്നും പിടി

വിട്ട്….. ജീവന് വേണ്ടി പിടയുന്ന ദിവാകരനെ നോക്കി ഭദ്ര അലറി വിളിച്ചു….. ഭീകരമായ ആ കാഴ്ച കണ്ട് ഭയന്ന് പോയ ഭദ്രയുടെ നിലവിളി ഇടമുറിഞ്ഞു കൊണ്ടിരുന്നു…….

ജീവനറ്റ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ദിവാകരന്റെ തല കാലു കൊണ്ട് തട്ടി മാറ്റി നടേശൻ എന്റെ നേരെ വന്നു….

“”അങ്ങനെ എളുപ്പത്തിൽ ഇവളെയും കൊണ്ട് ഇവിടെ നിന്ന് പോകാമെന്നു നീ കരുതിയോ….. നിന്റെ മരണം കുറിച്ചിട്ടാണ് നമ്മൾ അവസാനം കണ്ട് പിരിഞ്ഞത്….പക്ഷെ അത്‌ എന്റെ കൈ കൊണ്ട് തന്നെ വേണമെന്നായിരിക്കും ദൈവവിധി….. ആ വിധി തന്നെയാണ് നിന്നെയെന്റെ കണ്മുന്നിൽ ഇപ്പോൾ എത്തിച്ചിരിക്കുന്നത്…..””

വാൾത്തലപ്പിൽ പറ്റിയിരുന്ന രക്തം എന്റെ ഷർട്ടിൽ തുടച്ചു കൊണ്ട് നടേശൻ എന്നെയും ഭദ്രയേയും മാറി മാറി നോക്കി……

പൊടുന്നനെ ആണ് എന്റെ ഫോൺ റിങ് ചെയ്തത്…….ഫോൺ സൈലന്റിൽ ആണെങ്കിലും അപ്പോഴത്തെ മാനസികവസ്ഥയിൽ എന്റെ ശ്രദ്ധ പാളുന്നത് കണ്ട് സംശയം തോന്നി പോക്കറ്റ് പരിശോധിച്ച നടേശൻ ഫോൺ പിടിച്ചു വാങ്ങി……

“”ശേഖർ സർ കാളിങ്…..””

ഡിസ്പ്ലേ എന്റെ നേരെ നടേശൻ കാണിച്ചു…… ആ കാൾ കട്ടായി അടുത്ത നിമിഷം തന്നെ ശരത്തിന്റെ ഫോണിൽ നിന്നും എനിക്ക് കാൾ വന്നു….നടേശൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കർ ഓൺ ചെയ്തു……… “”

“”ടാ അനന്തു നീ എന്താ ഫോൺ എടുക്കാത്തെ….ഞങ്ങൾ ഉടനെ തന്നെ അവിടെ എത്തും…….കാറ്റില് മരം വീണ് ഇവിടെ റോഡ് ബ്ലോക്കായി കിടക്കുവാ….വണ്ടി പോകില്ല….ഞങ്ങൾ നടന്നാണ് അങ്ങോട്ട് വരുന്നത്….അതാ ലേറ്റ് ആകുന്നെ….. അവിടെ വേറെ കുഴപ്പമൊന്നുമില്ലല്ലോ….. നീ ഭദ്രയെ കണ്ടോ…..??””

ഒറ്റ ശ്വാസത്തിൽ ശരത് പറയുന്നതും കേട്ട് നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…..

“”ഹലോ അനന്തു….ആർ യു ദെയർ….ഞങ്ങൾ അവിടേക്ക് വന്ന് കൊണ്ടിരിക്കുകയാണ്….ഡോണ്ട് വെറി….ഹലോ അനന്തു ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ….അനന്തു,,,, റിപ്ലൈ മീ….??””

പെട്ടെന്നായിരുന്നു ഫോണിൽ നിന്നും രാജശേഖർ സാറിന്റെ ശബ്ദം കേട്ടത്…..ഞാൻ എന്തെങ്കിലും പറയാൻ ശ്രമിക്കുന്നതിന് മുന്നെ തന്നെ നടേശൻ ഫോൺ കട്ട് ചെയ്ത് വലിച്ചെറിഞ്ഞു……

“”അപ്പോൾ പോലീസ് ഇവിടെ എത്താറായി അല്ലേ……ഇനി ഇവിടെ നിന്നും രക്ഷപ്പെട്ടു പോകാമെന്നൊരു പ്രതീക്ഷ എനിക്കില്ല….ഇവിടെ നിന്ന് ജീവനോടെ തിരിച്ചു പോകാമെന്നൊരു വിശ്വാസം നിങ്ങൾക്കും വേണ്ട…..””

നടേശൻ ഭദ്രയുടെ അരികിലേക്ക് പതിയെ നടന്നടുത്തു……

“”അനന്താ,, നീ ഇവളെ കണ്ടതും സ്നേഹിച്ചതും വിവാഹം കഴിച്ചതും എല്ലാം തെറ്റാണ്… എന്തിന് നീ ഇവളെ തേടി ഇവിടെ വന്നത് പോലും… ആ തെറ്റിന് നിന്റെ ജീവന്റെ വിലയുണ്ട്….””

നടേശന്റെ കയ്യിലെ വാൾ വാങ്ങി കൊണ്ട് ജോർജ്ജ് പറഞ്ഞു..….

“”ഇന്ന് വരെ കഷ്ട്ടപ്പെട്ട് നേടിയതും സ്വന്തമാക്കിയതുമെല്ലാം ഒരു പക്ഷെ ഇന്നത്തോടെ നടേശന് നഷ്ട്ടപ്പെട്ടേക്കാം….നീയുൾപ്പെടെ…..അല്ല നീ കാരണം….നിനക്ക് വേണ്ടി,, നിന്നെ സ്വന്തമാക്കാൻ വേണ്ടി… പക്ഷെ

സാധിച്ചില്ല….എനിക്ക് കിട്ടാതെ പോയത് ജീവിതകാലം മുഴുവൻ അനുഭവിക്കാമെന്ന് നീ വ്യാമോഹിക്കേണ്ട….. ഞാനതിന് അനുവദിക്കില്ലടാ നായെ നിന്നെ…….””

അലറി വിളിച്ചു കൊണ്ട് എന്റെ നേരെ നടേശൻ പാഞ്ഞു വന്നു……

“”വേണ്ടാ,,,, എന്റെ അനന്തേട്ടനെ ഒന്നും ചെയ്യരുത്…….””

ഭദ്ര അലറി കരഞ്ഞു… ഭദ്രയുടെ ശബ്ദം കേട്ട് ക്ഷുഭിതനായ നടേശൻ അവളെയൊന്ന് തിരിഞ്ഞ് നോക്കി….

“”ഇവൻ,, ഇവനു വേണ്ടിയല്ലെടി നീ ജീവിക്കുന്നെ… ഇവന്റെ ജീവനല്ലേ നിന്റെ വയറ്റിൽ വളരുന്നത്….അപ്പോൾ അവനെ തന്നെ ആദ്യം തീർത്തേക്കാം….””

അട്ടഹസിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് നടേശൻ ആഞ്ഞു ചവിട്ടിയതും ഗുണ്ടകൾ എന്റെ മേലുള്ള പിടി വിട്ടു….പുറകിലേക്ക് മലർന്നടിച്ചു വീഴുന്ന ആ നിമിഷം ഭദ്ര ജോർജിന്റെ പിടിയിൽ നിന്നും കുതറി മാറി അയാളുടെ കയ്യിൽ നിന്നും വാൾ പിടിച്ചു വാങ്ങുന്ന കാഴ്ച ഞാൻ അവ്യക്തമായെങ്കിലും കണ്ടിരുന്നു……

നിലത്ത് വീണ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചതും നടേശൻ എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി….. വേദന കൊണ്ട് പുളഞ്ഞ എന്റെ നേരെ അയാൾ അരയിൽ നിന്നും എടുത്ത തോക്ക് ചൂണ്ടി… ട്രിഗറിൽ അയാളുടെ വിരൽ അമരാൻ പോകുന്ന നിമിഷം എന്റെ കണ്ണുകൾ പാതി അടഞ്ഞു തുറന്നു……

“”ആാാാഹ്…… ഹ്….ഹ്……..””

തൊട്ടടുത്ത നിമിഷം അവിടെ ഉയർന്നു കേട്ടത് നടേശന്റെ നിലവിളിയായിരുന്നു…. തന്റെ നടുവയർ തുളച്ചു കൊണ്ട് പുറത്തേക്ക് വന്ന വാളിന്റെ അഗ്രഭാഗത്ത് പിടി മുറുക്കുന്ന നടേശനെയാണ് ഞാൻ അപ്പോൾ അവിടെ കണ്ടത്….അയാളുടെ

കയ്യിൽ നിന്നും തോക്ക് ഊർന്ന് വീണു…… മാസപേശികളെ കീറിമുറിച്ചു കൊണ്ട് ആ മാരകായുധം അയാളുടെ വയറിൽ നിന്നും ഊരിയെടുക്കപ്പെട്ടു…… ഇരു കയ്യും വയറിൽ അമർത്തിപ്പിടിച്ചു കൊണ്ട് മുട്ട് കുത്തി നിലത്തേക്ക് ഇരുന്ന് പോയ നടേശൻ പുറകിൽ നിന്നും ചവിട്ടേറ്റ് വീണു…….

“”ഭദ്രാ….നോ……””

കതക് തകർത്തു കൊണ്ട് അങ്ങോട്ടേക്ക് ഓടിയെത്തിയ ശേഖർ സാറിന്റെ ആ വാക്കുകളായിരുന്നു കൺമുന്നിൽ കണ്ട കാഴ്ചയുടെ പിടച്ചിലിൽ ഒരു നിമിഷം തെറ്റിപ്പോയ എന്റെ സമനില വീണ്ടെടുത്ത് തന്നത്…..

വാളിൻമേലുള്ള പിടുത്തം മുറുക്കി കൊണ്ട് രൗദ്രയായി ഭദ്ര അലറി വിളിച്ചു….ദേഷ്യം അടങ്ങാതെ ഭദ്ര വീണു കിടന്നിരുന്ന നടേശന്റെ വയറ്റിൽ പിന്നെയും വാൾ കുത്തിയിറക്കി…. സംഹാരരുദ്രയായി മാറി ഉറഞ്ഞു തുള്ളിയ എന്റെ ദേവിയെ കണ്ട് ഞാൻ പോലും ഭയന്ന് പോയി ആ നിമിഷം…… നടേശന്റെ ദേഹത്ത് നിന്നും വലിച്ചൂരിയെടുത്ത വാൾ അവളുടെ നേരെ ക്രോധത്തോടെ പാഞ്ഞു വന്ന ജോർജ്ജിന്റെ നേരെ അയാളുടെ കഴുത്ത്‌ ലക്ഷ്യമാക്കി വീശാൻ ഭദ്രയ്ക്ക് വെറും ഒരു നിമിഷം മാത്രം മതിയായിരുന്നു…….

കഴുത്തിൽ നിന്നും ചിന്തിയ സ്വന്തം രക്തത്തുള്ളികളെ തിരിച്ചറിയാൻ പോലുമുള്ള സമയം കൂടി ജോർജിന് ലഭിച്ചില്ലാ…… താഴേക്ക് മുഖമടച്ചു വീണ അയാൾ പിടഞ്ഞു തീർന്നതിന് ശേഷം ആ കാഴ്ച കൂടി കണ്ടിട്ടായിരുന്നു നടേശൻ അവസാനശ്വാസവും വെടിഞ്ഞത്…..

മുഖം മറച്ച കേശഭാരം ഇടത് കൈ കൊണ്ട് തട്ടിമാറ്റിയ ഭദ്രയുടെ ദേഹം മുഴുവൻ രൗദ്രത്തിന്റെ മൂർത്തി ഭാവത്താൽ അടിമുടി വിറയ്ക്കുകയായിരുന്നു……..

“”ഭ….ഭദ്രാ….നീ…….””

എന്റെ ആ ഇടമുറിഞ്ഞ ശബ്ദമായിരുന്നു അവളെ ഉണർത്തിയത്……

പെട്ടന്ന് എന്തോ കേട്ട പോലെ ഞെട്ടി തിരിഞ്ഞ് നോക്കിയ ഭദ്രയുടെ കയ്യിൽ നിന്നും രക്തത്തുള്ളികൾ ഒലിച്ചിറങ്ങിയ ആ വാൾ നിലത്ത് വീണു…….തന്റെ ചുറ്റും ജീവനറ്റു കിടന്നിരുന്ന നടേശനേയും ജോർജ്ജിനെയും അവൾ പകപ്പോടെ നോക്കി…….

അത് വരെ നിമിഷങ്ങളുടെ വ്യതിയാനങ്ങളിൽ കണ്ട ആ കണ്ണുകളിലെ കനൽ എരിഞ്ഞടങ്ങി…… ഒരു നിമിഷം എന്നെ തന്നെ തുറിച്ചു നോക്കിയ അവളുടെ മുഖത്തെ പരിഭ്രമം പതിയെ വിട്ടൊഴിഞ്ഞു….എന്റെ നേരെ നീണ്ട ആ മിഴിയിണകളിൽ ഈറൻ നനവ് പടർന്നു….

നിറകണ്ണുകളോടെ പാഞ്ഞു വന്ന് എന്റെ നെഞ്ചിൽ മുഖമമർത്തിയ ഭദ്ര എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു….. ഭ്രാന്തമായ ആവേശത്തോടെ എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും അവൾ ചുംബിച്ചു….രക്തം പടർന്ന കൈ വിരലുകൾ എന്റെ ദേഹമാസകലം പാഞ്ഞു…പതിയെ എന്നിൽ നിന്നും അടർത്തിയ ആ അനുപമ വദനം കൈകുമ്പിളിൽ കോരിയെടുത്ത് ഞാൻ നെറുകയിൽ മുത്തി……എന്റെ കണ്ണുകളിൽ നിന്നും പകർന്ന നീർത്തുള്ളികൾ അവളുടെ ചോരത്തുള്ളികൾ ജ്വലിപ്പിച്ച വദനശോഭയെ തഴുകിയിറങ്ങി….

“”ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ അനന്തേട്ടന് ഒന്നും സംഭവിക്കില്ല…ഞാനതിന് അനുവദിക്കില്ല…..””

നെഞ്ച് പൊട്ടിയുള്ള കരച്ചിലോടെ പറഞ്ഞ ആ വാക്കുകൾക്ക് അവളെ ഉടലിനോട് മുറുകെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ആലിംഗനമായിരുന്നു ഞാൻ നൽകിയ മറുപടി…..

“”ശക്തിയുടെ പര്യായമല്ലേടോ സ്ത്രീ…ആപത്തുകളിൽ കാക്കാൻ അവൾ കൂടെയുണ്ടെങ്കിൽ പിന്നെന്തിനാ എന്തേങ്കിലും സംഭവിക്കുമെന്നുള്ള പേടി…..””

രാജശേഖർ സാറിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ചേർത്ത് പിടിക്കുകയായിരുന്നു എന്റെ ജീവന്റെ പാതിയെ…എന്റെ ഉടലിനോട് ചേർത്ത് വച്ച പ്രണയത്തെ….

“”സർ ഭദ്ര ചെയ്തത്….ഇവൾക്കിനി ഇതിന്റെ പേരിൽ…””

‘”ഒന്നും സംഭവിക്കില്ലടോ… ചത്തവന്മാർ പുണ്യാളന്മാർ ഒന്നുമല്ലല്ലോ… ചാവട്ടേ… ഭദ്രയുടെ കൈ കൊണ്ട് തന്നെ തീരണമെന്നായിരിക്കും ഇവരുടെ വിധി… അവർ അത് അർഹിച്ചിരുന്നു….ഈശ്വരന്റെ വിധി അത് ഭദ്രയുടെ കൈകളിലൂടെ നടപ്പിലാക്കി എന്ന് മാത്രം……'”

എന്റെ ആശങ്ക മനസ്സിലാക്കിയ സാർ എന്നെ അശ്വസിപ്പിച്ചു….

“”സെക്സ് റാക്കറ്റ് സംഘം തടവിലാക്കി അപായപ്പെടുത്താൻ ശ്രമിച്ച ദമ്പതികളെ രക്ഷപ്പെടുത്താൻ എത്തിയ പോലീസ് സംഘത്തിന് ലഭിച്ചത് പ്രധാന പ്രതികളുടെ മൃതശരീരങ്ങൾ….. ഇവരെപ്പറ്റി പോലീസിന് വിവരം നൽകിയ ഇൻഫോർമാറും കൊല്ലപ്പെട്ടു….സെക്സ് റാക്കറ്റുകൾക്കിടയിലെ ഗ്യാങ് വാറിന്റെ ഇരകളാണ് ഇവരെന്ന് പോലീസിന് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നു…… തടവിൽ നിന്നും രക്ഷപ്പെട്ട ദമ്പതികളുടെ മൊഴിയും അത് ശരി വയ്ക്കുന്നു….. പോലീസിന്റെ ഭാഗത്ത് നിന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്….. FIR Closed…..എന്താ ഇത്രയും പോരെ…..അത് പോരെ ഓഫീസേഴ്സ്….””

“”യെസ് സർ….””

തന്റെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് ശേഖർ സർ അത് ചോദിച്ചതും അവർ അതിനെ ശരി വച്ച് കൊണ്ട് അദ്ദേഹത്തെ സല്യൂട്ട് ചെയ്തു….അവിടെയുണ്ടായിരുന്ന മറ്റ്‌ മൂന്ന് ഗുണ്ടകളെ കൂടി പിടികൂടി പോലീസുകാർ പുറത്തേക്ക് നടന്നു….ശേഖർ സാർ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് നടേശന്റെയും ജോർജ്ജിന്റെയും ദിവാകാരന്റെയും ഡെഡ് ബോഡിസ് ക്ലിയർ ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകി…….

“”അനന്തു ഭദ്രയെയും കൂട്ടി കൊണ്ട് പുറത്തേക്ക് നടന്നോളു… ശരത് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്….””

അവശയായ ഭദ്രയേയും താങ്ങിപ്പിടിച്ചു കൊണ്ട് ഞാൻ നടന്നു…… ദിവാകരന്റെ മൃതദേഹത്തിനരികിൽ എത്തിയപ്പോൾ ഭദ്രയൊന്ന് നിന്നു….ഒരു വേള അയാളെ തന്നെ നോക്കി നിന്ന അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു തുളുമ്പി….

“”സങ്കടപ്പെടേണ്ട ഭദ്ര… അയാൾ ചെയ്ത തെറ്റിന്റെ ഫലം,, അത് അയാളെയും കൊണ്ട് പോയി എന്ന് കരുതിയാൽ മതി….””

ശേഖർ സാറിന്റെയാ വാക്കുകൾ ശരിയാണെന്ന് അവൾക്കും തോന്നി കാണണം… കൂടുതലൊന്നും പറയാതെ അവൾ എന്നെ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു….

“”അനന്തേട്ടാ എനിക്ക്…… എനിക്ക് എന്തോ പോലെ തോന്നുന്നു….ത… തല ചുറ്റുന്നുണ്ട്…..””

പൊടുന്നനെ അത് പറഞ്ഞ ഭദ്ര പതിയെ എന്റെ പിടുത്തത്തിൽ നിന്നും ഊർന്ന് താഴേക്ക് വീഴാൻ പോയി….അവളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നു….ഞാൻ ഭദ്രയെ താങ്ങിപ്പിടിച്ചു…….കണ്ണുകൾ പാതി അടഞ്ഞും തുറന്നും കൊണ്ടിരുന്നു… അവളുടെ ശരീരമാകെ തളർന്ന പോലെ….ഒരു വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു ഭദ്രയെ താങ്ങിപ്പിടിച്ച എന്റെ കൈകളിൽ…

“”ഭദ്ര….ഭദ്ര… നിനക്കെന്താ പറ്റിയേ….കണ്ണ് തുറക്ക്….കണ്ണ് തുറക്ക് മോളെ…..””

എന്റെ ദേഹത്ത് അമർന്നിരുന്ന ഭദ്രയുടെ കൈകളുടെ പിടുത്തം പതിയെ അയയുന്നത് ഞാൻ അറിഞ്ഞു….എന്റെ ശബ്ദം കേട്ട് ശേഖർ സാറും ശരത്തും ഓടി വന്നു…..ഭദ്ര ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ട് ഞാൻ ഭയന്നു….

“”ഭദ്രാ….. കണ്ണ് തുറക്ക്….ഭദ്രാ… ഞാനാ വിളിക്കുന്നത്‌… കണ്ണ് തുറക്ക്…..””

ഞാൻ അലറി വിളിച്ചതും എന്റെ കൈത്തണ്ടയിലെ ഭദ്രയുടെ പിടുത്തം പെട്ടന്ന് മുറുകി… എന്റെ കൈ മെല്ലെ വയറ്റിൽ ചേർത്ത് പിടിച്ചു കൊണ്ട് പാതി തുറന്ന കണ്ണുകളോടൊപ്പം നേർത്ത ശബ്ദത്തിൽ അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു…..

“”അനന്തേട്ടാ….മ്മ്.. മ്മ്‌ടെ കുഞ്ഞ്……കുഞ്ഞിനെന്തെങ്കിലും………..””

അടുത്ത നിമിഷം വയറിൽ ചേർത്ത് പിടിച്ച എന്റെ കയ്യിലെ ഭദ്രയുടെ പിടുത്തം വിട്ടുപോയി….ആ കണ്ണുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞിരുന്നു…….അവളുടെ പുറം വടിവിൽ പരതിയ എന്റെ കൈ വെള്ളയിൽ അറിഞ്ഞ നനവ് രക്തത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….ദേഹമാകെ ഒരു തരിപ്പ് പോലെ അനുഭവപ്പെട്ടു എനിക്ക്….ഭദ്രയുടെ ശരീരത്തിൽ നിന്നും ഒരു തണുപ്പ് എന്നിലേക്ക് പടരുന്ന പോലെ…… രക്തയോട്ടം നിലച്ച ഒരു ജീവച്ഛവം പോലെ ഇരുന്ന എന്റെയുള്ളിൽ നിന്നും ഉയർന്നു വന്ന ആർത്തനാദം തൊണ്ടക്കുഴിയിൽ ഉടക്കി….ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാതെ എല്ലാം കണ്മുന്നിൽ വച്ച് കൈ വിട്ട് പോകുന്നതായി എനിക്ക് തോന്നി……

(തുടരും…..*) **************======***********

Comments:

No comments!

Please sign up or log in to post a comment!