ശ്രീഭദ്രം ഭാഗം 10

പിറ്റേന്ന്….!!!

അതൊരു ഒന്നൊന്നൊര ദിവസമായിരുന്നു. രാവിലേതന്നെ എണീറ്റു. പതിവുതെറ്റി നേരത്തേ എണീറ്റതുകൊണ്ടാവും ഏഴരെടെ വാർത്ത പകുതിയായതേ ഉണ്ടായിരുന്നുള്ളു. എന്തായാലും നല്ലൊരു കാര്യത്തിന് പോകുവല്ലേന്ന് കരുതി ഇടാതെവെച്ചിരുന്ന പുതിയ ജീൻസും ഷർട്ടുംതന്നെ എടുത്തിട്ടു. വേറൊന്നും കൊണ്ടല്ല, ജീവിതത്തിലാദ്യമായിട്ടവളോടൊന്നു മനസ്സുതുറന്നൊന്നു മിണ്ടാൻ പോകുവല്ലേ… അതിന്റെയൊരു ബ്യുട്ടിക്ക്… !!!.

പക്ഷേ കോളേജിലേക്ക് ചെല്ലുന്നേനുംമുന്നേ തുടങ്ങി ശകുനപ്പിഴ. എന്തേലും ആവശ്യത്തിനു പോകുമ്പോ പതിവുള്ളതുപോലെ അന്നും ആ നാറി വന്നില്ല. റേഷൻ കാർഡിന്റെയോ മറ്റോ ആവശ്യത്തിന് പോകുവാണത്രേ. ഉച്ചയാകുമ്പഴേക്കും വരാമെന്ന്. ആകെയുള്ള സപ്പോർട്ടും നഷ്ടപ്പെട്ട കലിപ്പിന് പത്തു തെറിയും പറഞ്ഞിട്ടാണ് ഫോൺ വെച്ചത്. ഇത്രേം വലിയ കേസിവിടെ കെടക്കുമ്പഴാണ് അവന്റെയൊരു റേഷൻ കാർഡ്….!!!. മൈരാണ്…; അവൾടെ കയ്യീന്ന് കീറുകിട്ടുമോന്നു പേടിച്ച് നേരത്തേ വലിഞ്ഞതാ കുണ്ണ. അതിന്റെ കൂട്ടത്തിലൊരുപദേശവും കൂടി: അവള് ക്ലാസിലെത്തുന്നതേ പോയി പറഞ്ഞോണം കേട്ടോടാന്ന്… !!!

എന്തായാലും ഐഡിയ മനസ്സിലുള്ളതുകൊണ്ടുതന്നെ ഒന്നു ശ്രമിക്കാൻ തന്നെയായിരുന്നു തീരുമാനം. പോരാത്തതിന് അമ്മേടെ വക രാവിലേം കിട്ടീ ഒരുലോഡ് അപമാനം. തലപോയാലും ഞാനിന്നവളോട് മിണ്ടൂല്ലാന്ന് അമ്മ. മിണ്ടുമെന്നു ഞാൻ. എന്നാലതൊന്നു കാണണമെന്നും പറഞ്ഞ് നന്നായിത്തന്നെ പിരികേറ്റി വിട്ടതാണ്. അതുകൊണ്ട് മിണ്ടാതേം പറ്റില്ല. രണ്ടുംകല്പിച്ചു ക്ലാസ്സിലേക്ക് ചെന്നുകേറി. ആശാത്തി നേരത്തേ എത്തിയിട്ടുണ്ട്. ഇന്നെന്താണാവോ നേരത്തേ… ??? കാര്യം പറഞ്ഞാൽ അവളെക്കാളും മുമ്പേ ക്ലാസ്സിൽ ചെന്നിട്ട് അവള് വരുമ്പോ വരാന്തയിലോ മറ്റോ വെച്ച് സംസാരിക്കാമെന്നായിരുന്നു പോയവഴിക്കു ഞാൻ ചിന്തിച്ചത്. അവള് നേരത്തേ വന്നെന്നറിഞ്ഞതേ ആ പ്ലാനും മൂഞ്ചി. എന്റെ ദൈവമേ എന്റെ കാര്യത്തിമാത്രമെന്താ ഇത്രക്കങ്ങോട്ടു പരീക്ഷണം… ???!!!പുതിയ പ്ലാൻ ആലോചിക്കുന്നതിനും മുന്നേ ഏതോഒരുത്തിയുടെ കുശലാന്വേഷണം

എന്താ ശ്രീഹരീ…, ഇന്നലെ എവിടാവരുന്നൂ… ???!!!.

ചോദിച്ചു കഴിഞ്ഞപ്പോഴുള്ള ക്ലാസ്സിലെ ചിരികൂടിയായപ്പോൾ ഞാനങ്ങില്ലാണ്ടായി. ക്ലാസ്സിലേക്ക് വരാൻ ചെറിയൊരു നാണക്കേടൊക്കെയുണ്ടായിരുന്നെങ്കിലും അവളെയോർത്തു മാത്രം വന്നതാണ്. പക്ഷേ ഒറ്റയ്ക്കിങ്ങനെനിന്നു ചമ്മുമ്പോൾ എന്തോഒരു വൈക്ലബ്യം. ഞാനൊന്നു ചിരിക്കാനൊക്കെ ശ്രമിച്ചു. പക്ഷെ വോൾട്ടേജ് പോരായിരുന്നിരിക്കണം..

!!!

പക്ഷേ അവളുമാരുടെയാ ചോദ്യംകൊണ്ടൊരു ഗുണമുണ്ടായി. അത്രേം നേരം ഏതോ ബുക്കിലേക്ക് കണ്ണുംനട്ടിരുന്നവള് തിരിഞ്ഞ് എന്നെയൊരു നോട്ടം. ചോദ്യത്തിനുത്തരം കൊടുക്കുമ്പോഴും കുറുക്കന്റെ കണ്ണു കോഴിക്കൂട്ടിൽ തന്നെയായിരുന്നതിനാൽ രണ്ടു നോട്ടങ്ങളും കൃത്യമായി കൂട്ടിമുട്ടി. അവളുടെ മുഖത്തു ദേഷ്യവും കൂടി എന്റെ ചങ്കിടിപ്പും കൂടി….!!!

ഒറ്റ സ്പാർക്കേയടിച്ചുള്ളൂ. അതിനുമുന്നേ ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. വെറുതേയെന്തിനാ രാവിലേയവളെ കലിപ്പുകേറ്റണേ…???!!!. പോരാത്തതിന് എന്തായാലും ഞാൻ മിണ്ടാൻ ചെല്ലുമ്പോ ഒരു തെറിവിളി ഉറപ്പാണ്. അതിന്റെ കൂട്ടത്തിൽ ഇതുംകൂടിയായാൽ ചെലപ്പോ തല്ലുംകൂടി കിട്ടും. വെറുതേ ആകാശത്തോടെ പോണ പണി ചോദിച്ചു മേടിക്കണ്ട…. !!!

ബാഗും ഡെസ്കിൽ വെച്ചിട്ട് കുറച്ചുനേരം ബെഞ്ചിൽ തന്നെയിരുന്നു. അവള് തന്തക്കുവിളിക്കാൻ ഇങ്ങോട്ട് വരുമോന്നു പേടിച്ച് അനങ്ങാതെയിരുന്നതാ. കുറേക്കഴിഞ്ഞിട്ടും അനക്കമൊന്നുംകേൾക്കാതായപ്പോൾ ഒളികണ്ണിട്ടൊന്നു നോക്കി. ഭാഗ്യം. വീണ്ടും വായനയിലാണ്. അങ്ങനെ വരാൻ വഴിയില്ലാത്തതാണല്ലോ…???!!! ഇനിയിപ്പോഴെന്റെ നോട്ടം മനസ്സിലായില്ലേയാവോ…. ??? അതോ തെറിവിളിച്ചിട്ടും കാര്യമില്ലാത്തതുകൊണ്ടു മിണ്ടാതെ പോയതാണോ ??? ആ ആർക്കറിയാം. ആ അഥവാ എന്നോട് തട്ടിക്കയറാൻ വന്നാലും എനിക്കും ചോദിക്കാമല്ലോ എന്നെയെന്തിനാ നോക്കിയത് ??? അതുകൊണ്ടല്ലേ ഞാൻ നോക്കിയത് കണ്ടതെന്ന്… !!!

അവളെങ്ങാനും തെറിവിളിക്കാൻ ചാടിക്കേറിവന്നാൽ ഇതല്ല ഇതിലെ ഒരു വരിപോലും ഞാൻ പറയൂല്ലാന്നറിയാമെങ്കിലും വെറുതേ ഞാനൊന്നു സമാധാനിച്ചു. ഇന്നലെക്കിട്ടിയ ട്യൂഷന്റെ ഗുണമാണ് ആ ചിന്തപോലും. എന്തായാലും രാവിലേതന്നെ അവളല്പം ചെറിയൊരു കലിപ്പു മോഡാണെന്നു തോന്നിയതുകൊണ്ട് കൈനീട്ടം വൈകിട്ടാക്കാമെന്നു വെച്ചു ഞാൻ. അതാകുമ്പോ അവനുമുണ്ടാവുമല്ലോ. കാര്യം പ്രത്യേകിച്ചു ഗുണമൊന്നുമില്ലേലും അവൻ കൂടെയുള്ളപ്പോളൊരു ധൈര്യവാ… !!!.

അങ്ങനെ പ്ലാൻ ചെയ്തിരിക്കുമ്പഴാണ് ഒരു വൈബ്രെഷനോടെ ജീൻസിന്റെ പോക്കറ്റിക്കിടന്ന് ഫോൺ ബെല്ലടിച്ചത്. രാവിലെ അമ്മയുടെ ഫോണുമെടുത്തോണ്ടാണ് പോന്നത്. പെട്ടന്ന് വൈബ്രെഷൻ വന്നതിന്റെ ഞെട്ടലിൽ ചാടിയെഴുന്നേറ്റു നോക്കുമ്പോ വീട്ടിലെ ലാന്റ്ലൈൻ നമ്പറാണ്. അവളുടെ കയ്യീന്ന് തല്ലുകിട്ടിയോന്നറിയാൻ വിളിക്കുന്നതായിരിക്കും. ബെല്ലടിച്ചതാരെങ്കിലും കേട്ടൊന്നു നോക്കുമ്പോ എല്ലാവരും എന്നെത്തന്നെ നോക്കിയിരിക്കുന്നു….!!!. ഇവരാരും ഫോണടിക്കുന്നത് കണ്ടിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഫോണുമായി പുറത്തേക്ക് പോകാനാണ് ആദ്യം ശ്രമിച്ചത്.
അമ്മയെന്താ ചോദിക്കുന്നേന്നറിയാൻ പാടില്ലല്ലോ.

പിന്നെയത് വേണ്ടാന്നു വെച്ചു. ആദ്യത്തെ ചോദ്യം ഞാനവളോട് മിണ്ടിയോന്നായിരിക്കും. അവൻ വന്നിട്ട് പറയാമെന്ന് തലപോയാലും പറയാൻ പറ്റൂല്ല. മിണ്ടാത്തതിന് വേറെന്തെങ്കിലും ന്യായം പറയാൻ തുടങ്ങിയാൽ പേടിച്ചിട്ടവളോട് മിണ്ടാത്തതാണെന്നു പറയും. അതിലും ഭേദം അവളോട് മിണ്ടിക്കഴിഞ്ഞിട്ട് തിരിച്ചു വിളിക്കുന്നതല്ലേ… ???!!!. അതുകൊണ്ട് കട്ടു ചെയ്തു വിട്ടു. പക്ഷേ കട്ടാക്കിയതെ ദേ വീണ്ടും വിളിക്കുന്നു. ഒരു നിമിഷം ആലോചിച്ചിരുന്നു. ഇനിയും കട്ടാക്കിയാൽ ചെലപ്പോ നേരിട്ടു വന്നുകളയും. അത്രയ്ക്കുണ്ട് ഇന്ന് വാശി. അതുകൊണ്ട് രണ്ടും കല്പിച്ചങ്ങോട്ടെടുത്തു. ഫോണെടുത്തതും പ്രത്യേകിച്ചു മുഖവുരയൊന്നും വേണ്ടിവന്നില്ല. എടുത്തടിച്ചപോലെയാണ് ചോദ്യം വന്നത്.

എന്തായി… ??? നീയവളോട് മിണ്ടിയോ… ???

ഇല്ല… !!! നുണ പറയണമെന്നാണ് കരുതിയതെങ്കിലും സത്യമേ വായിൽ വന്നൊള്ളൂ.

എനിക്കതറിയാമായിരുന്നു….!!! എന്നാലുമൊരൊറപ്പിനുവേണ്ടി വിളിച്ചതാ. വെറുതേ ഡ്രൈവർക്ക് കാശും കൊടുത്ത് വണ്ടി പണിയാൻ വിട്ടു… !!!

അപ്പുറത്തുനിന്നും അമ്മയുടെ പുച്ഛമാണോ പരിഹാസമാണോ മോട്ടിവേഷനാണോന്നറിഞ്ഞൂടാത്ത പിറുപിറുക്കലും കൂടിയായപ്പോൾ എന്റെ ആത്മാഭിമാനം തിളച്ചുമറിഞ്ഞു. ഇന്ന് ബെൻസു പണിയാൻ കൊണ്ടോവാൻ ഡ്രൈവറെ വിളിച്ചുവിട്ട കേസാണ് പറഞ്ഞത്. എന്നോട് കൊണ്ടൊവാൻ പറഞ്ഞപ്പോൾ ഞാനിന്നവളോട് സംസാരിക്കാൻ പോകുവാന്നുംപറഞ്ഞ് വെല്ലുവിളിച്ചിറങ്ങിയതാണ്. അപ്പഴേ പറഞ്ഞു നടക്കൂല്ലാന്ന്. നടത്തുമെന്ന് ഞാനും. ആ ഡ്രൈവറെ വിളിച്ചുവിട്ടനേരത്തിന് എന്നെത്തന്നെ വിട്ടാൽ മതിയായിരുന്നൂന്നാണ് കവിയിപ്പോൾ പറഞ്ഞു നിർത്തീത്. അതായത് അവളോട് മിണ്ടാൻ എന്നെക്കൊണ്ട് പറ്റൂല്ലാന്ന്… !!! പരസ്യമായ അപമാനം… !!! ഓഹോ എന്നാ കാണിച്ചു തരാം. ഒറ്റസെക്കന്റ്… പെട്ടന്നുണ്ടായൊരു മിരുമിരുപ്പ്.

ഭദ്രേ… നീയൊന്നു വന്നേ….. എനിക്കൊന്നു സംസാരിക്കണമായിരുന്നു…!!!.

പെട്ടെന്ന് കോള് കട്ടായി. പെട്ടന്നു ബോധംവന്നു നോക്കുമ്പോ അവള് എന്നെത്തന്നെ തുറിച്ചു നോക്കുന്നു. പോരാത്തതിന് ക്ലാസ്സിലെ സർവയെണ്ണവും കണ്ണുംതള്ളിയിരിക്കുന്നു. ജീവിതത്തിലാദ്യമായി അവളെയങ്ങനെ വിളിച്ചു കേട്ടതിന്റെ ഞെട്ടിലിലോ അതോ പഴേതിന്റെ ബാക്കി വീണ്ടും കാണാമല്ലൊന്നുള്ള സന്തോഷത്തിലോ… ???!!!. എന്തായാലും ഒന്നുറപ്പാണ്; നിനക്ക് കിട്ടിയതൊന്നും പോരല്ലേ എന്ന ഭാവമാണ് എല്ലാറ്റിനും…. !!!.

ന്താന്ന്… ???

എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ ഉണ്ടക്കണ്ണും മിഴിച്ചുള്ള ചോദ്യം വന്നു.
പണി പാലുംവെള്ളത്തിൽ ചോദിച്ചു മേടിച്ച ഞെട്ടലിൽ ഞാനും. അമ്മേനെ കേൾപ്പിക്കാനായി ഒരാവേശത്തിന് വിളിച്ചതാണ്. പക്ഷേ അതിത്രക്ക് ഒച്ചയിലാവുമെന്നു കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ യാതൊരു പ്ലാനിങ്ങുമില്ലാത്ത പ്രോഗ്രാമായതിനാൽ ഞാൻ നിന്നു ബബ്ബബ്ബേ വെച്ചു.

അ… അല്ല… അത്…

ങേ… ???

അ… അല്ല എനിക്കൊന്നു സംസാരിക്കണമായിരുന്നു….!!!.

എങ്ങനെയോ ഒന്നു പറഞ്ഞൊപ്പിച്ചെയുള്ളൂ. പറഞ്ഞുതീരുമുന്നേ ദേ എണീറ്റുവരുന്നു. എന്തൊരു അനുസരണ…!!!. എന്റെ സർവ കിളിയും പറന്നു. ക്ലാസ്സിലെ സർവയെണ്ണവും എന്തൊക്കെയോ പറഞ്ഞു കുശുകുശുക്കുന്നുണ്ട്. അതുംകൂടി കണ്ടതേ കട്ടക്കലിപ്പിലാണ് ആശാത്തിയുടെ വരവ്. പോരാത്തതിന് ക്ലാസ്സിലേക്കു വന്നതേ ഞാൻ കാഴ്ചവെച്ച പെർഫോമൻസും. അടി ഉറപ്പായി… ധൈര്യം കൊണ്ട് ഞാൻ ബെഞ്ചിനിടയിൽ നിന്ന് ചാടി പുറത്തിറങ്ങിനിന്നു. പണി പാളിയാൽ ഏതു നിമിഷവും പുറത്തേക്കോടാവുന്ന മട്ടിൽ…. !!!

എന്താ….???. വന്നുനിന്നതേ ഒരു ഭാവമാറ്റോമില്ലാതെ അതേ കലിപ്പിൽ ചോദ്യമെത്തി. കയ്യുംകെട്ടി എന്തോ വലിയ സംഭവം കേൾക്കാൻ നിൽക്കുമ്പോലത്തെയൊരു നിൽപ്പും…. !!!

പൊ… പൊറത്തോട്ടു വരാവോ… ???

ഇനിയെങ്ങാനുമവൾക്ക് തല്ലാൻവല്ലോം തോന്നിയാലോന്ന പേടിയിൽ ഞാനൊരു ഉപാധി വെച്ചു. വീണ്ടും ക്ലാസ്സിലുള്ളവരുടെ മുമ്പിൽക്കിടന്നു നാറണ്ടല്ലോ…!!!. എന്തു തോന്നിയിട്ടാണാവോ; മറുപടിയൊന്നും പറയാതെ കൂടെവന്നു. പുറകേ വരുന്നുണ്ടോന്നു നോക്കാൻ ഇടയ്ക്കു ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടുപുറകേ വരുന്നുണ്ട്. അതും പോലീസുകാരുടെ പുറകേ വിലങ്ങിട്ട പ്രതി വരുന്നപോലെ. വന്നുനിന്നപ്പോ കെട്ടിയ കൈ ഇതുവരെ അഴിച്ചിട്ടില്ല. ഇവളെന്താ ഇങ്ങനെ നടക്കുന്നതെന്ന് ഞാനൊന്നാലോചിച്ചു. സാധാരണ കാണാത്തൊരു അനുസരണയുണ്ട് മുഖത്ത്. ഉദ്ദേശം എന്താണാവോ…???!!!. പക്ഷേ അവളെന്റെകൂടെനടക്കുന്നത് ചെറിയൊരു സന്തോഷമൊക്കെ പകരുന്ന കാര്യമായതിനാൽ ഞാനല്പം സൈഡിലേക്കൊതുങ്ങി നടക്കാൻ തുടങ്ങി. ഇപ്പൊ ആരുകണ്ടാലും ഞങ്ങള് ഭയങ്കര ടൈയ്യപ്പിലാണെന്നു തോന്നും…!!!.

ഇന്നെങ്ങാനും നടക്കുവോ ???

എന്റെ പുറകേ നടന്ന് ക്ഷമകെട്ടിട്ടാണന്ന് തോന്നുന്നു സ്റ്റെപ്പിറങ്ങാൻ തുടങ്ങുമ്പോഴേക്കും ചോദ്യം വന്നു. അതിനുമുമ്പേ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതായതിനാൽ എന്നെയതത്രക്കങ്ങോട്ടു ഞെട്ടിച്ചൊന്നുമില്ല. ആളില്ലാത്തൊരു സ്ഥലം നോക്കി നടക്കുകയായിരുന്നു ഞാൻ. പോകുന്ന സ്ഥലത്തുമൊത്തം ആരേലുമൊക്കെ കാണും. എന്റെകൂടെ അവളെക്കൂടി കാണുമ്പോ എന്തോ കണ്ടുപിടിച്ചപോലൊരു ആക്കിയ ചിരിയും ചിലരുടെ മുഖത്തുകണ്ടു.
ക്ലാസ്സിലെ സംഭവങ്ങൾ അറിയാവുന്നവരുടെ മുഖത്താവട്ടെ ഒരമ്പരപ്പും. ഇതെല്ലാംകൂടിയായപ്പോ ഇപ്പൊപ്പൊട്ടിത്തെറിക്കുമെന്ന മട്ടിലാണ് ഭദ്രകാളി. എന്നിട്ടും അവളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ഞാൻ മുമ്പോട്ടുതന്നെ നടന്നു.

ലാബിന്റെ ഭാഗത്തേക്ക് ചെന്നപ്പോഴേക്കും അവള് ചിന്നംവിളി തുടങ്ങി. ആരേലും കണ്ടാലൊന്നു കരുതിയാന്നൊക്കെപ്പറഞ്ഞ് ഒരു വിധത്തിലാണ് ഞാനൊന്നടക്കി നിർത്തിയത്. എന്തായാലും വന്നുപോയി, ഇനി പറഞ്ഞു തൊലയ്ക്ക് എന്നമട്ടിൽ അവളൊന്നടങ്ങി വന്നതായിരുന്നു. അപ്പോളതാ വരുന്നു മെറിന്റെ ഗ്യാങ്. പൂർത്തിയായി…. !!!. ഞാൻ ഇവളേംകൊണ്ടു പോന്നത് എങ്ങോട്ടാന്നുനോക്കാൻ പാത്തുപതുങ്ങി വന്നതാണ്. പക്ഷേ കൃത്യവായിട്ട് അവളുമാര് ഭദ്രേടെ വായിൽതന്നെ വന്നുചാടി.

എന്താടി…. ???

ഭദ്രകാളീടെ ചീറലു കേട്ടാണ് ഞാൻ വെട്ടിത്തിരിഞ്ഞു നോക്കിയത്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് എന്തു പറയണമെന്നറിയാതെ നിൽക്കണോ ഓടണോന്നുള്ള സംശയത്തിൽനിന്നു താളംചവിട്ടുന്ന അവരെ. അതുംകൂടി കണ്ടതേ അവൾടെ സർവ മൂഡും പോയി. കോളേജുമൊത്തം കേൾക്കുന്ന മട്ടിൽ അവിടെക്കിടന്നലറി. അപ്പുറത്തുനിന്നും വാ തുറക്കാൻ സമ്മതിച്ചില്ല. നിന്നങ്ങോട്ടു ചിതറി. എനിക്കാണെങ്കി ഈ അവസരത്തിൽ ഇനി ഞാൻ വല്ലോം പറയണോന്നുള്ള ചിന്തയും അതേസമയത്ത് കൃത്യമായി ഇടയ്ക്കുകയറി അവളുടെ ഇന്നത്തെ മൂഡുംകളഞ്ഞ അവളുമാരോടുള്ള കലിപ്പും ഒരേസമയത്തു മാറിമാറി വന്നോണ്ടിരുന്നു. അവസാനം മൂത്തുമൂത്ത് തല്ലുകിട്ടുമെന്നായപ്പോ എല്ലാംകൂടി ഒറ്റയോട്ടം വെച്ചുകൊടുക്കുന്നതുവരെ ഭദ്രകാളി നിന്നുചിതറിക്കൊണ്ടിരുന്നു. അവളുമാരു പോയതും ആ കലിപ്പുംകൂടി എന്റെ നെഞ്ചത്തൊട്ടിട്ടു.

എന്താടോ… ??? ഇനി തനിക്കെന്നതാ പറയാനുളളത്… ???

ഞാ… അതിപ്പോ….

പറയണോ വേണ്ടയൊന്ന ചിന്തയിൽ ഞാൻ നിന്നു വിക്കി. പറഞ്ഞാൽ ഒരിക്കലും ഒരു പോസിറ്റീവ് സിഗ്നൽ ഈ സമയത്തു കിട്ടാൻ ചാൻസില്ല. അത്രയ്ക്കുണ്ട് കലിപ്പ്. അവള് കലിപ്പായതേ മൂന്നുപേരും കൂടി പ്ലാൻ ചെയ്തിരുന്ന ഇൻട്രൊഡക്ഷൻ പ്ലാനൊക്കെ കയ്യീന്ന്‌ പോയാരുന്നു. ചെലപ്പോ തല്ലും കിട്ടും. അതുറപ്പാ. പറയാതെ പോയാൽ ഇനിയിത് പറയാനും പറ്റൂല്ല. ഇതിപ്പോ വിളിച്ചോണ്ടു വന്നുംപോയില്ലേ. വിളിച്ചോണ്ടു വന്നതിന് ഒരു കാരണമെങ്കിലും പറയണ്ടേ…???!!! എലിക്കെണിയിൽ സുന പെട്ടതുപോലായല്ലോ ദൈവമേ… എടുക്കാനും വയ്യ, എടുക്കാണ്ടിരിക്കാനും വയ്യ…!!!.

നിന്നു വിക്കാതെ കാര്യം പറയെടാ…

ഭദ്രേ… ഞാൻ വീട്ടിൽ വന്ന് നിന്നെ കല്യാണമാലോചിച്ചോട്ടെ…. ???

അവളുടെ അലർച്ച കേട്ട ഷോക്കിൽ ഒരാവേശത്തിന് ഞാൻ എടുത്തടിച്ചങ്ങു ചോദിച്ചു. ചോദ്യം അവിടെ കേൾക്കും മുമ്പേ രണ്ടുകയ്യും ക്രോസ്സാക്കി അവളുടെ തല്ലു കിട്ടാതെയൊരു ബ്ലോക്കുമിട്ടു. അവളുടെ മുഖത്തേക്കു രോഷമിരച്ചുകയറുന്നത് ഞാൻ കണ്ടു.

എടോ തന്നോട് ഞാൻ…

അവള് കയ്യുംചൂണ്ടിക്കൊണ്ട് ചീറിവരുന്നത് കണ്ടതേ ഞാൻ കണ്ണുംപൂട്ടി മുഖവും ബ്ലോക്കാക്കി നിന്നു. കരണം പുകയുന്നതും പ്രതീക്ഷിച്ചുനിന്ന ഞാൻ അത് കിട്ടതായപ്പോൾ കണ്ണുതുറന്നപ്പോൾ കണ്ടത് ദേഷ്യമാണോ സങ്കടമാണോ നിസ്സഹായതയാണോന്ന് തിരിച്ചറിയാനാവാത്തൊരു ഭാവത്തിൽ നിൽക്കുന്ന അവളെയാണ്….!!!.

എന്റെ ദൈവമേ… ഇതെന്തൊരു മെനക്കേടാ… ???!!!. എന്റെ ശ്രീഹരീ നിനക്കിതെന്തോന്നിന്റെ സൂക്കേടാ ??? നിനക്കെന്താ മലയാളം പറഞ്ഞാ മനസ്സിലാകൂല്ലേ… ??? എന്നെക്കൊണ്ട് പറ്റൂല്ലാന്ന് എത്ര തവണ നിന്നോട് പറയണം ഞാൻ… ???

അത് പ്രേമിക്കാൻ പറ്റൂല്ലാന്നല്ലേ പറഞ്ഞത്… ??? അവള് തല്ലൂല്ലാന്നുറപ്പായതും ഞാൻ ചാടി മറുപടി കൊടുത്തു. അവളെ കൺഫ്യുഷനാക്കി കാര്യം നേടുകായെന്ന അമ്മയുടെ പ്ലാൻ ബി നടപ്പാക്കാനായിരുന്നു പിന്നെയെന്റെ ശ്രമം.

അല്ല. കല്യാണത്തിനു സമ്മതമല്ലാന്നും ഞാൻ പറഞ്ഞായിരുന്നു…!!!.

ഒരു സംശയോമില്ലാതെ എടുത്തടിച്ചപോലെയാണ് മറുപടി വന്നത്. ഞാനൊന്നു ഞെട്ടി. പ്ലാനിൽനിന്നും വ്യത്യസ്തമായ മറുപടികളാണ് കിട്ടുന്നത്. അമ്മ പറഞ്ഞത് എന്നാലെനിക്കു കല്യാണത്തിനും സമ്മതമല്ലാന്നുള്ള മറുപടി

കിട്ടുമെന്നായിരുന്നു. അതായത് നേരത്തേ അവളത് പറഞ്ഞിട്ടില്ലെന്ന് അവളെ വിശ്വസിപ്പിക്കണം എന്നതായിരുന്നു പ്ലാൻ. എന്നാലേ ബാക്കിയുള്ളത് വർക്കൗട്ടാവൂ. ഇതിപ്പോ അവൾക്കത് നല്ല ഓർമ്മയുണ്ട്. ഇത് പണി പാളും.

അത് നിന്നെക്കുറിച്ച് എനിക്കൊന്നും അറിഞ്ഞൂടാന്നും പറഞ്ഞോണ്ടല്ലേ… ??? ഇപ്പൊ എനിക്കു നിന്റെ ഫുൾ ഡീറ്റൈൽസും അറിയാമെങ്കിലോ !!!???. നിങ്ങളെ ഉപേക്ഷിച്ചുപോയ നിന്റെ അച്ഛന്റെ പേരുവരെയറിയാമെനിക്കിപ്പോ…!!! എന്താ പറയട്ടേ… ???

നീയൊന്നും പറയുവേം വേണ്ട, എനിക്കൊന്നും കേൾക്കുവേം വേണ്ട. മേലാൽ ഈക്കാര്യോം പറഞ്ഞോണ്ട് എന്റെ പുറകേ നടക്കാനും വരണ്ട. എന്റെ ദൈവമേ ഏതു നേരത്താണാവോ ഇറങ്ങിപ്പോരാനും തോന്നിയത്. ഒന്നാമതേ നാണക്കെടുകൊണ്ട് ക്ലാസ്സിൽ കയറാൻ പറ്റാത്ത അവസ്ഥയാ… ഇപ്പൊ ഇതുംകൂടിയായപ്പോ തീരുമായിക്കാണും… !!!

അപ്പൊ ഇതുഞാൻ ക്ലാസ്സിൽ വെച്ചു ചോദിച്ചിരുന്നേലോ… ??? അങ്ങനേംകൂടി നിന്നെ നാണംകെടുത്തണ്ടാന്നുവെച്ചാ ഞാൻ നിന്നേം വിളിച്ചോണ്ടു പുറത്തേക്കു പോന്നത്. അതെന്നാ നീ മനസ്സിലാക്കാത്തേ… ??? സമ്മതമല്ലാന്നും പറഞ്ഞ് പൊടീംതട്ടി നിനക്കങ്ങോട്ടു പോയാ മതി. പക്ഷേ എനിക്കങ്ങനെ പറ്റണ്ടേ… ??? നിന്നെ മറക്കാനെനിക്കു പറ്റണ്ടേ… ???!!! അതെന്നാ നീ ചിന്തിക്കാത്തെ… ???

ഞാനെന്തിന് ചിന്തിക്കണം… ??? എന്റെ പുറകേ നടക്കാൻ ഞാൻ പറഞ്ഞോ നിന്നോട്… ???

ഇല്ലാ. സമ്മതിച്ചു. ഞാൻ എന്റയിഷ്ടത്തിന് നടന്നതാ. പക്ഷേ അങ്ങനെ നടത്തിച്ചതും നീയല്ലേ… ??? നീയൊരു എസ്സു പറഞ്ഞാരുന്നെങ്കി ഞാനിങ്ങനെ നിന്റെ പൊറകെ നടക്കുവാരുന്നോ ???

തലയ്ക്കു വെളിവില്ലാത്തവർക്ക് അങ്ങനെ പലതും തോന്നും… !!! ആ പ്രാന്തിനൊക്കെ ചുട്ടുപിടിക്കലല്ല എനിക്ക് ജോലി. നീ പോയി വേറേവല്ലോ പണീം നോക്ക് ശ്രീഹരീ…!!!

ങേ… ??? എന്നുവെച്ചാ… ??? എന്നുവെച്ചാ എനിക്ക് പ്രാന്താന്നോ… ???

അത് ഞാനല്ല പറയേണ്ടത്. നീയിക്കാര്യം നിന്റെ വീട്ടിൽച്ചെന്നു ചോദിക്ക്. അപ്പൊ അവര് പറഞ്ഞു തന്നോളും…!!!

വീട്ടിച്ചെന്നു ഞാൻ ചോദിച്ചാരുന്നു…. !!!

എന്ത്… ???

ഞാൻ നിന്നെ കെട്ടിക്കോട്ടേന്ന്… !!!

എന്റെ ദൈവമേ…. !!! നിനക്കെന്നാ ശ്രീഹരീ പ്രാന്തോ… ??? നീയെന്നാത്തിനായീ ആവശ്യമില്ലാത്ത കാര്യവൊക്കെ വീട്ടിച്ചെന്നു പറയാൻ പോയത്.. ???

ആവശ്യവില്ലാത്ത കാര്യോ… ??? എനിക്കിതിലുമാവശ്യവൊള്ള വേറൊന്നുവില്ല. അതുകൊണ്ടാ ഞാൻ വീട്ടിച്ചെന്നു ചോദിച്ചത്…. !!!

എന്നിട്ട്… ??? എന്നിട്ടവരെന്നാ പറഞ്ഞു… ???

അതു ചോദിക്കുമ്പോൾ അവളുടെ മുഖത്തൊരു ആകാംഷയുണ്ടായിരുന്നൂട്ടോ. അതുകണ്ടതും ഞാനും ചെറിയ ഉത്സാഹത്തിലായി. പ്ലാനൊക്കെ പാളിയെങ്കിലും അമ്മയുടെ ഒരു പ്ലാൻ വർക്ക് ചെയ്യുന്നുണ്ട്. അവളെ സംസാരിച്ചു തോല്പിക്കുക എന്നത്. നടക്കൂല്ലാന്നുംപറഞ്ഞ് അപ്പഴേ ഉപേക്ഷിച്ചതാണെങ്കിലും അതിപ്പോ വർക്കൗട്ടാവുന്ന ലക്ഷണമുണ്ട്. തല്ലാനുള്ള പ്ലാനൊന്നുമില്ലാതെ അവള് കിടന്നു ഡയലോഗടിക്കുവല്ലേ…!!!.

അവരാ പറഞ്ഞത് നിന്നോടുവന്നു കെട്ടിക്കോട്ടേന്നു ചോദിക്കാൻ. പ്രേമിച്ചു നടക്കാനൊന്നും നിന്നെക്കിട്ടൂല്ലാന്നും അമ്മയാ പറഞ്ഞേ. അതോണ്ട് നിന്റെ വീട്ടിവന്ന് നേരിട്ടു കല്യാണമാലോചിക്കാന്ന്… !!!

കാര്യം പറഞ്ഞാൽ ആ ഫ്ലോയ്ക്കങ്ങോട്ടു പറഞ്ഞുപോയതാണെങ്കിലും സംഗതിയേറ്റു. വീട്ടിലറിഞ്ഞൂന്നറിഞ്ഞതേ അവളുടെ ഉണ്ടക്കണ്ണുകൾരണ്ടും മിഴിഞ്ഞുതന്നെയിരിപ്പാണ്. അതോടൊപ്പം ഇതുംകൂടി കേട്ടപ്പോൾ അവളുടെ മുഖത്ത് ഇന്നോളമില്ലാത്തൊരു അങ്കലാപ്പും ഞാൻ കണ്ടു. മുഖമൊക്കെ ചുവന്ന്…. മേൽചുണ്ടിലും കൃതാവിലും കഴുത്തിലുമൊക്കെ വിയർപ്പുകണങ്ങൾ പൊടിഞ്ഞ്… ആകെയൊരു പരവേശം പോലെ… !!!.

അല്ല… ഇപ്പോവേണ്ട. നമ്മുടെ പഠിത്തമൊക്കെ കഴിഞ്ഞിട്ടു മതി…!!

ഞാനൊരു ഓഫർ കൂടി വെച്ചു. ഇനി അതുംപറഞ്ഞു ബ്ലോക്കിടണ്ട. എന്തായാലും അതുംകൂടി കേട്ടപ്പോൾ ചെറിയൊരു മനംമാറ്റം വന്നതുപോലെയൊക്കെ തോന്നിയതായിരുന്നു. മിണ്ടാണ്ടുനിന്നപ്പോൾ ഞാനും കുറെയൊക്കെ പ്രതീക്ഷിക്കുവേം ചെയ്തു. പക്ഷേ ആ സമയത്താണ് മുടിയാനായിട്ടൊരു ടീച്ചറു വന്ന് ഇടയ്ക്കുകേറിയത്.

നിങ്ങളെന്താ പിള്ളേരേ ഈ സമയത്തിവിടെ … ???

പെട്ടെന്ന് പിന്നിൽനിന്നൊരു ശബ്ദം കേട്ടാണ് ഞങ്ങള് രണ്ടാളും വെട്ടിത്തിരിഞ്ഞു നോക്കിയത്. ആ പെണ്ണുമ്പിള്ളേ വരുന്നത് ഞങ്ങള് കണ്ടതുമില്ലായിരുന്നു. ചോദ്യം പെട്ടന്നായതിനാലും ഞാനെന്തേലും നുണ പറയുമ്പോ അവളെങ്ങാനും വേറെവല്ലോം പറഞ്ഞാലൊന്നു കരുതി ഞാനൊന്നു പരുങ്ങി. അതുംകൂടിയായപ്പോൾ ടീച്ചറിന്റെ മട്ടും മാറി. എന്തോ മനസ്സിലായ മട്ടിലൊരു ചിരിയും തലകുലുക്കും. കൂട്ടത്തിലൊരു ഡയലോഗും.

ഈ വെപ്രാളോം പരവേശോമൊക്കെ കൊറേ കണ്ടതാ മക്കളേ… ഉം… വേഗം അവനോന്റെ ക്ലാസ്സിപ്പോവാൻ നോക്ക്…!!!

അങ്ങനെ ഞങ്ങളെക്കണ്ടുപരിചയം പോലുമില്ലാത്ത ആ ടീച്ചറുടെ മുന്നിലും ഞങ്ങള് കാമുകീകാമുകന്മാരായി. ഞങ്ങൾക്ക് ലാബില്ലാത്തതിനാൽ ആ ടീച്ചറെ ഞങ്ങളാരും ശ്രദ്ധിച്ചിട്ടുപോലുമില്ലായിരുന്നു താനും. പക്ഷേ പുള്ളിക്കാരികൂടി അങ്ങനെപറഞ്ഞിട്ടു പോയപ്പോൾ ഭദ്രകാളീടെ ടെമ്പറുതെറ്റിന്നുള്ളത് പ്രത്യേകം പറയേണ്ടല്ലോ…. !!!. അത്രേംനേരം മുഖത്തുണ്ടായിരുന്നയാ ഭാവമാറ്റവും മറച്ചിട്ട് എന്നെനോക്കിയൊരലർച്ച.

ഇപ്പൊ സമാധാനമായോ… ??? ഇത്രെംന്നാളും ടീച്ചർമാരുടെ മുമ്പിലെങ്കിലും കൊറച്ചു വെലയുണ്ടാരുന്നതാ… ഇപ്പൊ അതുംകൂടി കളഞ്ഞപ്പോ നിനക്ക് സമാധാനമായില്ലേ… ???

അതിനു ഞാനെന്നാ ചെയ്‌തൂന്നാ നീയീപ്പറയുന്നേ… ???

നിനക്കൊന്നുമടിഞ്ഞൂടല്ലേ… നീയെന്നാത്തിനാ അവരുടെ മുന്നിക്കിടന്നു വിക്കിയത്… ??

പിന്നെ ഞാനെന്നാ പറയണ്ടേ… ??? ഞാൻനിന്നെ

കല്യാണമാലോചിക്കുവാരുന്നൂന്നു പറയണാരുന്നോ… ???

ഭദ്രകാളീടെ വായടഞ്ഞു. അപ്പോഴായിരിക്കും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുക. അല്ലേലും ആദ്യം തല്ലും അലർച്ചയും കഴിഞ്ഞിട്ടാണല്ലോ അവളുടെ ചിന്തയെല്ലാം. ഒരുനിമിഷമെന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടു. എന്നിട്ട് ഒന്നും പറയാതെയൊരു പോക്ക്. ഞാൻ വിടുമോ… തല്ലുകിട്ടിയാലും വേണ്ടില്ല ഇന്നെന്തേലും പറയിക്കണമെന്നായിരുന്നു വാശി. അതിപ്പോ നോയെന്നായാലും അതിനുള്ളൊരു കാരണംകൂടിയറിയണമല്ലോ…!!.

ഭദ്രേ നീയൊരുത്തരം പറഞ്ഞിട്ടു പോ… അമ്മയോട് ഞാനെന്നാ പറയണ്ടേ… ???

പറയാനുള്ളത് ഞാൻ നേരത്തേ പറഞ്ഞതല്ലേ… നടക്കില്ലാന്ന്… !!!

ക്ലാസ്സിലേക്ക് പാഞ്ഞുപോയ്ക്കോണ്ടിരുന്നയവളെ മറികടക്കാനാവാതെ വന്നപ്പോൾ പിന്നിൽനിന്ന് വിളിച്ചുയാ ചോദ്യത്തിന് അവൾ തിരിഞ്ഞുനോക്കാതെ നടന്നുകൊണ്ടായിരുന്നു ഉത്തരം പറഞ്ഞത്. എന്റെ മനസ്സു പിടഞ്ഞു. നോയെന്നാണുത്തരമെങ്കിലും അതൊന്നു കേട്ടാൽമതീന്നു ചിന്തിച്ചു നടന്നിട്ടും വെട്ടിത്തുറന്നുകേട്ടുകഴിഞ്ഞപ്പോളൊരു നീറ്റൽ…!!

ഞാന്നിന്റെ ഡീറ്റൈൽസുമൊത്തം കണ്ടുപിടിച്ചില്ലേ… പിന്നെന്താ പ്രശ്നം… ??? നിന്നെക്കുറിച്ചുള്ള എല്ലാ ഡീറ്റൈൽസുമെന്റെ വീട്ടിലുമറിയാം. അവർക്കാർക്കും കുഴപ്പൊമില്ല. പിന്നെന്നാ ???

ചോദിക്കുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു. അത് കേട്ടിട്ടാവും അവൾ പെട്ടന്നു തിരിഞ്ഞുനിന്നു. എന്റെ മുഖത്തേക്കുതന്നെ നോക്കി. അവളൊരു പൊസിറ്റിവായ ഉത്തരം തരുമെന്ന പ്രതീക്ഷയിൽ ഞാനും…!!!. കുറച്ചുനേരമെന്നെ നോക്കിനിന്നിട്ടാണ് അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങിയത്. പക്ഷേ അവളുടെ മുഖത്തു പ്രത്യേകിച്ചു ഭാവവ്യത്യാസമൊന്നും കാണായ്കയാൽ എന്റെ കണ്ണുകളും ചെറുതായി നിറയാൻ തുടങ്ങിയിരുന്നു. അതുകണ്ടതും അവളുടെ കണ്ണുകളിൽ നേരിയ അത്ഭുതം…!!!.

അതിന് താനെന്തിനാടോ നിന്നു കാറുന്നേ… ???

എന്റെയുള്ളൊന്നു നീറി. കുറച്ചു മുമ്പ് സംസാരിച്ചപ്പോൾ അവൾക്കുഞാൻ നീയായിരുന്നു. ഇപ്പോൾ താനായി. ഒരു ഫ്രണ്ടിനോട് സംസാരിക്കുന്നതുപോലെപ്പോലുമല്ല, ഒരപരിചിതനോട് സംസാരിക്കുന്നപോലെയല്ലേ അവളിപ്പോഴെന്നോട്‌ സംസാരിക്കാൻ നോക്കുന്നേ… ??? അവളുടെ സ്ഥിരം ശൈലിയിൽ… ???!!!.

ഇതിൽക്കൂടുതലെങ്ങനെയാടീ ഞാനെന്റയിഷ്ടം നിന്നോട് തുറന്നു പറയുക… ???. സാധാരണ പ്രേമിക്കാനല്ലേ എല്ലാവരും ഉടക്കു പറയുന്നേ??!!. ഇതിപ്പോ കെട്ടിക്കോട്ടേന്നല്ലേ ഞാൻ ചോദിച്ചേ…??!!. അതും പഠിത്തമൊക്കെ കഴിഞ്ഞിട്ട്…!! ഞാനൊരു മോശപ്പെട്ടവനാണെങ്കിൽ പോട്ടെന്നു വെക്കാം. ഇതിപ്പോ…. !! ഇതിൽക്കൂടുതലങ്ങനെയാ ഞാൻ നിന്റെമുന്നിൽ താഴുന്നേ… ???

ഞാൻ പറഞ്ഞോ നിന്നോട്… ???

എന്ത്… ???

എന്റെ മുന്നിൽ താഴാൻ ഞാൻപറഞ്ഞോ നിന്നോടെന്ന്… ???

എനിക്കങ്ങോട്ടു വിറഞ്ഞുകയറി. ഇത്രേം സീരിയസായിട്ടു ഞാൻ പറയുമ്പോഴും അവള് പറയുന്നത് സ്ഥിരംപല്ലവി. അഹങ്കാരത്തിന്റ പരകോടിയിൽ നിക്കുന്ന വർത്താനം. ഉള്ളിലെ സങ്കടവും ദേഷ്യവുമെല്ലാംകൂടി കൂടിക്കുഴഞ്ഞു വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ. അന്ന്… അന്നാദ്യമായി അവളിങ്ങോട്ടു ദേഷ്യപ്പെടുന്നതിനും മുമ്പേ ഞാനവളേനോക്കി പൊട്ടിത്തെറിച്ചു.

ഇല്ലേടീ…. നീയല്ല, നിന്നെയൊക്കെയിട്ടിട്ടു പോയ നിന്റെ തന്ത വന്നു പറഞ്ഞു. നിന്റെ മുന്നിലിങ്ങനെ തരംതാഴാൻ…!!!. അല്ലപിന്നെ… മനുഷ്യേന്റെ ക്ഷമക്കുമില്ലേയൊരു പരിധി… !!. ടീ പുല്ലേ… ഞാൻനിന്റെ പുറകേയിങ്ങനെ പട്ടിയെപ്പോലെ നടക്കുന്നതേ… എനിക്കുവേറെ പെണ്ണു കിട്ടൂല്ലാത്തകൊണ്ടല്ല. എനിക്കുനിന്നെയത്രക്കിഷ്ടമായകൊണ്ടാ… !!!. ഒറ്റ വാക്കുപറഞ്ഞാ നിന്നെ തൂക്കിയെടുത്തോണ്ടുവന്നെന്റെ മുന്നിലിട്ടുതരാനെനിക്കാളില്ലാഞ്ഞിട്ടല്ല… !!!. എന്നെക്കൊണ്ടത് ചെയ്യിക്കരുത്… !!!

പക്ഷെയെന്റെ കട്ടഹീറോയിസം നിറഞ്ഞ മാസ്സ് ഡയലോഗുകേട്ടതും അതിലുംവല്യ തെറിയോ അടിയോ പ്രതീക്ഷിച്ചുനിന്ന എന്നെനോക്കിയവളൊരൊറ്റ ചിരി… !!!. ആക്കിയ ചിരിയല്ല, വല്യയെന്തോ ഫലിതം കേട്ടതുപോലുള്ളൊരു പൊട്ടിച്ചിരി.. !!!. എന്റെ ഫുൾ ഗ്യാസും പോയി. ജീവിതത്തിലാദ്യമായിട്ടവളുടെ പൊട്ടിച്ചിരികണ്ട അമ്പരിപ്പിലാണോ, അതോ ഇതിലെന്തായിത്ര ചിരിക്കാനെന്ന ചിന്തയിലാണോന്നറിയില്ല, ഞാനവളുടെ മുഖത്തേക്കുതന്നെ മിഴുങ്ങസ്യാന്നു നോക്കിനിന്നു. എന്റെ നിൽപ്പു കണ്ടിട്ടാവണം ഒരുവിധത്തിലൊന്നടക്കിവന്നയവളുടെയാ ചിരി വീണ്ടുമൊരിക്കൽക്കൂടി മുഴങ്ങി. അവസാനം വാ പൊത്തിപ്പിടിച്ചാണ് അവളാ ചിരിയടക്കിയത്. എന്നിട്ടൊരു ഡയലോഗും.

അങ്ങനെയെന്നെ തൂക്കിയെടുത്തൊണ്ടു വന്നാലെങ്കിലുമീ കല്യാണം നടക്കൂന്നു നിനക്കു തോന്നുന്നുണ്ടോ ശ്രീഹരീ…???

ഞാനൊന്നും മിണ്ടിയില്ല. പിന്നെന്തോന്നു പറയാൻ… ??!!!. അപേക്ഷ, അഭ്യർത്ഥന, പ്രലോഭനം, ഭീക്ഷണി… അങ്ങനെ സർവ വഴിയും നോക്കി. എന്നിട്ടും അടുക്കുന്നില്ലാന്നുവെച്ചാപ്പിന്നെ ഞാനെന്നാ ചെയ്യുക…???!!!. എന്റെ വായടഞ്ഞത് മനസ്സിലാക്കിയിട്ടാവും, അവൾ തന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി.

എന്നെക്കുറിച്ചുള്ള സർവ ഡീറ്റൈൽസുമറിഞ്ഞൂന്നു പറഞ്ഞില്ലേ… എങ്ങനെയറിഞ്ഞു… ??? ആരു പറഞ്ഞുതന്നു… ???

ഞാനൊന്നും മിണ്ടിയില്ല. ഡിബിന്റെ പേരു പറഞ്ഞാൽ അതവൻ തപ്പിപ്പിടിച്ചു തന്നതാണെന്നല്ലേ വരൂ. ഞാനായിട്ടു കണ്ടുപിടിച്ചതാണെന്നു പറഞ്ഞാലല്ലേ എനിക്കൊരു വില കിട്ടൂ. പക്ഷേയെന്റെ നിശബ്ദത തന്നെയായിരുന്നു അവൾക്കുള്ള മറുപടി. പക്ഷേ അതിന്റെ റിയാക്ഷൻ എന്റെ സർവ കിളിയും പറത്തുന്നതായിരുന്നു. കൈകെട്ടിനിന്ന് എന്റെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം വന്നത്.

കൂട്ടുകാരൻ എന്തൊക്കെ പറഞ്ഞു തന്നൂ… ???

ങ്ങേ… ???

ഡിബിൻ എന്നെക്കുറിച്ചുള്ള ഡീറ്റൈൽസ് മൊത്തം പറഞ്ഞുതന്നില്ലേ…??? എന്തൊക്കെ പറഞ്ഞു തന്നൂന്ന്…!!!

എല്ലാം പറഞ്ഞുതന്നു. അച്ഛന്റെ പേര്… അമ്മേടെ പേര്… വീട്ടുപേര്… എങ്ങനെയിവിടെത്തി… അച്ഛനെവിടെപ്പോയി… ഇപ്പോഴെങ്ങനെ ജീവിക്കുന്നൂ… അങ്ങനെയല്ലാം…. !!!. അതൊക്കെ കേട്ടുകഴിഞ്ഞപ്പഴും എനിക്കുമമ്മയ്ക്കും നിന്നോടുള്ളയിഷ്ടം കൂടിയേയുള്ളൂ. അതുകൊണ്ടാ അമ്മയെന്നോട് കെട്ടിക്കോട്ടേന്നു ചോദിക്കാൻ പറഞ്ഞേ… !!!

അവനാണ് പറഞ്ഞുതന്നതെന്ന സത്യമവൾക്ക് മനസ്സിലായെന്നു കണ്ടതും ഞാൻ പിന്നൊന്നുമൊളിക്കാൻ നിന്നില്ല. അവനാണ് പറഞ്ഞുതന്നേന്നുതന്നെ സമ്മതിച്ചുകൊണ്ട് ഞാനറിഞ്ഞ കാര്യങ്ങളൊക്കെയങ്ങു പറഞ്ഞു. അതു കെട്ടാലെങ്കിലുമവളത് സമ്മതിക്കുമെന്നൊരു ചെറിയ പ്രതീക്ഷയെനിക്കുണ്ടായിരുന്നൂന്നുള്ളതാണ് സത്യം. പക്ഷേ കിട്ടിയത് മറ്റൊന്നായിരുന്നൂന്നു മാത്രം…!!!

എന്നെക്കുറിച്ചുള്ള എല്ലാ ഡീറ്റൈൽസുമറിഞ്ഞിട്ടും എന്നെക്കെട്ടിക്കോളാൻ പറഞ്ഞോ വീട്ടുകാര്… ???

ആം പറഞ്ഞു… !!! അവൻ പറയുന്നെന് മുന്നേ ഞാനുള്ള സത്യമൊക്കെയമ്മയോട് പറഞ്ഞാരുന്നു. നീയെന്നെ തല്ലീതടക്കം. അപ്പഴേ അമ്മയ്ക്കു താത്പര്യമായതാ. എന്നെതല്ലീതിഷ്ടപ്പെട്ടില്ലേലും അതിനുള്ള കാരണോം നിന്റെയീ ബോൾഡ്നെസ്സുമൊക്കെക്കണ്ടിട്ട്…!!! പിന്നിന്നലെയവനെന്നോടു വന്നങ്ങനെയൊക്കെ പറഞ്ഞപ്പോ സത്യത്തിൽ ഞാൻ പോലുമൊന്നു ഷോക്കായി. പക്ഷേ അമ്മയ്ക്കതു കേട്ടിട്ടും പ്രത്യേകിച്ചു മാറ്റമൊന്നൂല്ലായിരുന്നു. അത്രയ്ക്കിഷ്ടാവാ അമ്മയ്ക്ക് നിന്നെ… !!!

ഞാനല്പം അഭിമാനത്തോടെയാണത് പറഞ്ഞത്. പാവപ്പെട്ട വീട്ടിലെ പെണ്ണിനെക്കെട്ടാൻ സമ്മതിക്കാത്ത…, അവനുവേണ്ടി വേറേ കല്യാണമുറപ്പിക്കുന്ന സ്ഥിരം ക്ലിഷേ വീട്ടുകാരല്ലയെന്റേതെന്നുകൂടി വെളിവാക്കുകയായിരുന്നെന്റെ ലക്ഷ്യം. പക്ഷേ അവിടേം ട്വിസ്റ്റായിരുന്നു ഫലം.

അപ്പോ അച്ഛനോ… ???

എന്താ… ???

അല്ലാ…, ഇത്രേംനേരം പറഞ്ഞിട്ടും അമ്മ പറഞ്ഞ കാര്യങ്ങളല്ലേ പറഞ്ഞൊള്ളു. അച്ഛനെന്താ പറഞ്ഞെന്നു പറഞ്ഞില്ലല്ലോ…???

അച്ഛൻ… അച്ഛനോടിതുവരെ ഞാൻ പറഞ്ഞിട്ടില്ല. അമ്മ പറഞ്ഞോന്നറിയില്ല. നീയൊന്നെസ്സു പറഞ്ഞാപ്പിന്നെ അച്ഛനെക്കൊണ്ടു സമ്മതിപ്പിക്കുന്നകാര്യം ഞാനേറ്റു.

എന്നാച്ചെന്നു ചോദിക്ക്… ലക്ഷംവീടു കോളനീലൊരു വേശ്യേടെ മോള് താമസിക്കുന്നൊണ്ട്… എനിക്കവളെ ഭയങ്കരയിഷ്ടവാ… അവളെക്കെട്ടുന്നേലച്ഛനെതിർപ്പുണ്ടോന്ന്… !!!

എന്നാന്ന്… ???

അവളു പറഞ്ഞതു വ്യാക്തമായിക്കേട്ടിട്ടും കേട്ടതു വിശ്വസിക്കാനാവാതെ ഞാനൊന്നുകൂടിയെടുത്തു ചോദിച്ചു. പക്ഷേ ചോദിക്കണ്ടായിരുന്നുവെന്നു തോന്നിച്ച മറുപടിയാണ് കിട്ടിയത്.

കേട്ടില്ലേ… ??? ലക്ഷംവീടു കോളനീലൊരു വേശ്യേടെ മോളുണ്ട്…. തന്തയുപേക്ഷിച്ചു പോയൊരു തലതെറിച്ച പെണ്ണ്… അവളെ മോനെക്കൊണ്ടു കെട്ടിക്കാൻ സമ്മതമാണോന്നു ചോദിക്കാനവള് പറഞ്ഞൂന്നു പറ… !!!

കേട്ടതു വിശ്വസിക്കാനാതെ ഞാൻ ശ്വാസംവിലങ്ങി നിൽക്കെ പിന്തിരിഞ്ഞു നടന്നുകൊണ്ട് അവൾ ബാക്കികൂടി പറയുന്നത് കേട്ടു.

മുഖത്തുനോക്കിയിത് പറയാൻ കഴിയൂല്ലാന്നു കരുതിയാ ഡിബിനോട് പറഞ്ഞു വിട്ടത്. അവൻ പറഞ്ഞതുകേട്ട് ഇനിമേലാൽ പുറകേ നടക്കൂല്ലാന്ന് പറയാനാകും വിളിക്കുന്നേന്നു കരുതിയാ വിളിച്ചപ്പോ കൂടെയിറങ്ങിയിങ്ങു പോന്നതും. പക്ഷേ കല്യാണാലോചന വന്നപ്പഴേ മനസ്സിലായി മുഴുവനുമറിഞ്ഞിട്ടില്ലാന്ന്…. !!!. വേശ്യാപ്പെണ്ണിന് മോഹിക്കാനർഹതയില്ലടാ… അതും നിന്നെപ്പോലൊരുത്തനെ…. !!! എന്നെവിട്ടേക്ക്… !!!

(തുടരും)

Comments:

No comments!

Please sign up or log in to post a comment!