എൻ്റെ കിളിക്കൂട് 10

കിളി :- ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. കത്തി വീശിയപ്പോൾ മാറികളയും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഈ അകൽച്ച ഒക്കെ കാണിച്ചത് എന്നെ വെറുത്തു പോണെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്. എന്നെ മറക്കണം. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഞാൻ:- മറക്കലും പൊറുക്കലും ഒക്കെ പിന്നീട്, പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയു. കിളി :- പറയുവാൻ ഒരുപാടുണ്ട്. സമയമെടുത്ത് വേണം പറയാൻ. ഇതു പറഞ്ഞു വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി, കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി. ഞാൻ:- സാവധാനം പറഞ്ഞാൽ മതി, കരയുമ്പോൾ മനസ്സിലെ ഭാരം ഒരുപാട് കുറയും എന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. ഈ ഒരു സീനിൽ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘പറയൂ പരാതി’ എന്ന കവിതയിലെ ശകലങ്ങൾ ആണ് ‘പറയു പരാതി നീ കൃഷ്ണേ…… നിൻ്റെ വിറയാർന്ന ചുണ്ടുമായ് നിറയുന്ന കണ്ണുമായ് പറയു…. പരാതി നീ കൃഷ്ണേ….. ഇവിടെ നീ ഇങ്ങിനെയിരിക്കു….. മുടിക്കതിരുകൾ അല്പമൊതുക്കു…. നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ നിഴലുപോൽ എന്നെ ഞാൻ കാൺമു ….. അടരാൻ മടിക്കുന്ന തൂമണി കത്തുന്ന തുടർവെളിച്ചത്തിൽ ഞാൻ കാൺമു… ഇടനെഞ്ചുയർന്നുതാണുലയുന്ന സ്പന്ദമെൻ തുടരുന്ന ജീവൻ്റെ ബോധം അതു നിലപ്പിക്കരുത് അതിവേഗമോരോന്ന്……. പറയു….. പരാതി നീ കൃഷ്ണേ’ ഇരിപ്പ് അത്ര സുഖപ്രദമല്ലാതിരുന്നതിനാൽ, ചുവരിൽ വച്ചിരുന്ന തലയണകൾ എടുത്ത് താഴെവച്ച് അതിൽ ഞാൻ മലർന്നു കിടന്നു. എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളി കിടന്നു കരഞ്ഞു. ഞാൻ പതിയെ കിളിയുടെ മുടികൾ കോതി ഒതുക്കി, മുടി മുഴുവൻ കണ്ണുനീരിൽ കുതിർന്നു. പൊട്ടിപ്പൊട്ടി കരയുകയാണ്, ഞാനും കരുതി കരയട്ടെ, കരഞ്ഞാലല്ലേ മനസ്സിലുള്ള ഭാരം മുഴുവൻ കുറയുകയുള്ളൂ. ഞാൻ കിളിയുടെ തോളിൽ പതിയെ തട്ടി കൊടുത്തു. ഏന്തി കരഞ്ഞുകൊണ്ട് കിളി :- എന്നെ മറക്കണം. ഞാൻ കാണിച്ചതിനൊക്കെ ക്ഷമ ചോദിക്കുന്നു. എന്നെ വെറുക്കട്ടെ എന്ന് കരുതിയാണ് ഞാൻ ആ കത്തിയെടുത്തു വീശിയത്. എന്നിട്ടും എന്നോട് എന്തൊരു അനുകമ്പയാണ് കാണിച്ചത്. ഞാൻ ഒരിക്കലും അത് അർഹിക്കുന്നില്ല. ഞാൻ ഈ പറയുന്ന കാര്യങ്ങൾ, ഒരിക്കലും എന്നെ

സ്നേഹിക്കാൻ വേണ്ടി പറയുന്നതല്ല. എന്നെ വിട്ടു പിരിയണം. ഞാൻ:- അതൊക്കെ പിന്നെ തീരുമാനിക്കാം പറയാനുള്ളത് പറയുക. സാവധാനം പറഞ്ഞാൽ മതി. ഇന്ന് രാത്രി മുഴുവൻ നമുക്കുള്ളതാണ്. കരഞ്ഞ് മനസ്സിലെ ഭാരം മുഴുവൻ ഇറക്കി വെച്ചതിനുശേഷം പറയുക. എന്ത് സംഭവിച്ചാലും ഞാൻ കിളിയെ ഒരിക്കലും ഒറ്റപ്പെടുത്തുക ഇല്ല, കുറ്റപ്പെടുത്തുകയും ഇല്ല. എന്നോട് ധൈര്യമായി എന്തും പറയാം.

സാവധാനം മതി കരഞ്ഞ് ആ മനസ്സിലെ ഭാരം മുഴുവൻ ഇറക്കിവെക്കുക. കിളി കൂടുതൽ ശക്തിയായി പൊട്ടിപ്പൊട്ടി കരയുകയാണ്, എൻറെ നെഞ്ച് മുഴുവൻ കിളിയുടെ കണ്ണീരിനാൽ കുതിർന്നു. എന്താണ് കിളിക്ക് എന്നോട് പറയുവാനുള്ളത്? എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. എന്തുതന്നെയായാലും ഒരിക്കലും ഞാൻ കിളിയെ കുറ്റപ്പെടുത്തുകയില്ല. കിളിക്ക് എന്നോട് പറയാനുള്ളത് എന്തായാലും ഞാൻ കേൾക്കും. ഞാൻ കിളിയുടെ മുഖം കൈകളാൽ ഉയർത്തി, എൻറെ മുറിവ് സംഭവിച്ച കൈക്ക് വേദനയുണ്ടെങ്കിലും ഞാനത് സഹിച്ചു. കിളിയുടെ മനസ്സിൻറെ ഉള്ളിൽ ഉള്ള വിങ്ങലിനേക്കാൾ വേദന എൻറെ കൈകൾക്ക് ഇല്ല. അപ്പോഴും ആ കണ്ണിൽ നിന്നും ചുടുകണ്ണീർ ഇങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. വീണ്ടും ആ തല എൻറെ നെഞ്ചിലേക്ക് ചേർത്ത് തഴുകി കൊടുത്തു. കിളി ഇരുന്നു കൊണ്ടാണ് തല എൻറെ നെഞ്ചിലേക്ക് ഇത്രയും നേരം വച്ചിരുന്നത്. ഇപ്പോൾ എൻ്റെ സൈഡിൽ കിടന്നു. കിളിക്ക് കിടന്നപ്പോൾ ചെറിയ ഇറിറ്റേഷൻ ഉള്ളതുപോലെ തോന്നി. എൻറെ തോന്നലാകാം ഞാൻ കിളിയെ ചേർത്തണച്ചു. എൻറെ കയ്യിന് നേരിയ വേദനയുണ്ടെങ്കിലും, ഈ വേദനയ്ക്കു മുമ്പിൽ അത് ഒന്നുമല്ലാതായി. ഞാൻ എന്തു പറഞ്ഞാണ് കിളിയെ സമാധാനിപ്പിക്കുക, കാര്യം പറഞ്ഞാലല്ലേ അറിയു. കിളി:- ഞാൻ എന്ത് പാതകമാണ് നിങ്ങളോട് ചെയ്തത്. ഒരിക്കലും ഞാൻ ചെയ്യാൻ പാടില്ലാത്തതാണ്, ആ കത്തി കയ്യിൽ അല്ല വയറിൽ ആണ് കൊണ്ടിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഞാനിന്ന് ജയിലിൽ കിടക്കേണ്ടതാണ്. മുറിവുണ്ടായി രക്തം ചീറ്റിയിട്ടും തിരിഞ്ഞു പോലും നോക്കിയില്ല. ഞാനൊരു ദുഷ്ടയാണ്. ഞാൻ സുഖമില്ലാതിരുന്ന സമയത്ത്, എത്രയൊക്കെ വിരോധവും വെറുപ്പും കാണിച്ചിട്ടും എന്നെ എങ്ങനെയാണ് പരിചരിച്ചിരുന്നത്. ആ സ്ഥാനത്ത് എത്രയൊക്കെ കഷ്ടപ്പെട്ടു, ഞാൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇല്ല ഞാൻ ഒരിക്കലും നിങ്ങൾക്ക് ചേരില്ല. എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ഞാൻ പോകട്ടെ. എന്നുപറഞ്ഞ് കിളി എഴുന്നേറ്റു പോകാൻ ശ്രമിച്ചു. ഞാൻ:- എന്നോട് ഇതല്ല പറയാനുള്ളത്, അത് പറഞ്ഞിട്ട് പോയാൽ മതി. കിളി :- എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഉറക്കം വരുന്നു. ഞാൻ പോകുന്നു. ഞാൻ:- എൻ്റെ നേരെ എന്തിന് കത്തി വീശി ? എന്നെ വെറുക്കാനും മാത്രം ഞാൻ

എന്താണ് കിളിയോട് ചെയ്ത അപരാധം. അത് എനിക്ക് അറിഞ്ഞേ പറ്റൂ. അതു പറയാൻ സാധിക്കുന്നില്ല എങ്കിൽ, കിളിക്ക് ആ ഷിബുവിനെ ഇഷ്ടമാണെന്ന് ഞാൻ വിശ്വസിക്കും. ഇവിടെനിന്ന് പോകുന്നതുവരെ ഇതുപോലെ കിടന്നിരുന്ന കിളി, ഇത്ര പെട്ടെന്ന് മാറ്റം സംഭവിക്കണമെങ്കിൽ എന്താണ് കാരണം? കിളിക്ക് അവനെ ഇഷ്ടം ആണെങ്കിൽ പോലും എനിക്ക് വിരോധമൊന്നുമില്ല, പറഞ്ഞോളൂ.
ഇനിയും ഒന്നും പറയാനില്ല എന്നാണ് തീരുമാനമെങ്കിൽ, ഞാൻ ഇതൊക്കെ തന്നെ വിശ്വസിക്കൂ. ഇനി കിളിയുടെ ആണ് തീരുമാനം. പോയി കിടന്നു ഉറങ്ങണമെങ്കിൽ ഉറങ്ങാം. ഞാനൊരു തടസ്സമാകില്ല. എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചിരുന്ന കൈകൾ വിട്ടു. കിളി എഴുന്നേറ്റു എന്നെ ഒന്നു നോക്കിയിട്ട് പായയിൽ പോയി കിടന്നു. ഞാൻ അവിടെ നിന്നും എഴുന്നേറ്റു, ഇപ്പോൾ മനസ്സിനും കൈക്കും വേദന തോന്നി തുടങ്ങി. തലയണ എടുത്തു ചുവരിൽ വച്ച് തലയിൽ കയ്യും വെച്ച് അവിടെ ചാരിയിരുന്നു. ഇനി ഞാൻ എന്താണ് പറയേണ്ടത്, എത്രത്തോളം ഞാൻ സഹിക്കണം. ഇല്ല ഇനി ഇത് സഹിച്ചു ഇവിടെ നിൽക്കാൻ കഴിയില്ല എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടണം. നാളെ തന്നെ അതിനുള്ള നീക്കുപോക്കുകൾ നടത്തണം. കിളിയുടെ വേദന കണ്ടപ്പോൾ എൻറെ കൈയുടെ വേദന മാറിയതാണ്. മലർന്നുള്ള കിടപ്പ് കൊണ്ട് വേദന കൂടി. ഇനി കിളിയോട് ഒന്നും ചോദിക്കണ്ട. കിളി ഇത്രയും നേരം നടത്തിയത് മുഴുവൻ നാടകം ആണോ എന്ന് എനിക്ക് സംശയമായി. എന്നെ തന്ത്രപൂർവ്വം ഒഴിവാക്കാനുള്ള ഒരു തിരക്കഥ. ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ സുഖനിദ്രയിൽ ആണ് പാർട്ടി. കുറച്ചുനേരം അങ്ങനെയിരുന്നപ്പോൾ എൻറെ കൈയുടെ വേദനക്ക് കുറവുണ്ടായി. പക്ഷേ എൻറെ ഉറക്കം നഷ്ടപ്പെട്ടു. ഇത്രയും നേരം എൻറെ നെഞ്ചിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞ ആളാണോ വാതിൽക്കൽ കിടക്കുന്നത്. എത്ര സുന്ദരം ആയിട്ടാണ് കിടന്നുറങ്ങുന്നത്. വിഷമമുള്ള ഒരാൾക്കും ഇങ്ങനെ കിടന്നുറങ്ങാൻ കഴിയില്ല. ‘കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയം ഉണ്ടായതാണെൻ പരാജയം’ എന്തൊരു നാടകമാണ് കുറച്ചു നേരത്തെ ഇവിടെ നടന്നത്. തുടക്കം മുതൽ എന്തു പെർഫോമൻസ് ആണ് നടത്തിയത്. ഞാനതിൽ മയങ്ങി വീണു, ഞാനൊരു വിഡ്ഢിയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന വിധത്തിലാണ് എൻറെ പ്രവർത്തി. എന്തു വിദഗ്ധമായിട്ടാണ് എന്നെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെ ഇരുന്ന് നേരം വെളുക്കാറായപ്പോൾ ഒന്നു മയങ്ങിപ്പോയി.

ഞാൻ എന്തോ സ്വപ്നം കണ്ട് പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. സ്വപ്നം എന്താണെന്ന് ഓർത്തിട്ട് ഒരു പിടിയും കിട്ടിയില്ല. ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ ഓർത്തപ്പോൾ പെട്ടെന്ന് ഞാൻ എഴുന്നേറ്റ് മുഖം കഴുകി. സമയം നോക്കുമ്പോൾ 9 മണി ആകുന്നു. പെട്ടെന്നുതന്നെ എൻറെ എല്ലാ പ്രഭാതകൃത്യങ്ങളും നടത്തി, ഞാൻ റെഡിയായി ഇന്ന് ആശുപത്രിയിൽ പോയി കൈ ഡ്രസ്സ് ചെയ്യണം. പിന്നെ പോകുവാനുള്ള പേപ്പറുകൾ ഒക്കെ ശരിയാക്കണം. സൈക്കിളിന് പോകാൻ പറ്റാത്ത അവസ്ഥയാണ്, ഗേറ്റിനടുത്ത് നിൽക്കുമ്പോൾ ഒരു ഓട്ടോ പോകുന്നതു കണ്ടു. അത് മടങ്ങി വരുമ്പോൾ അതിൽ കയറി പോകണം.
അപ്പോയ്മെൻറ് ഓർഡറും സർട്ടിഫിക്കറ്റിന് ഫയലുകളും എടുത്തു. ഞാൻ അവിടെ ആരെയും തിരക്കിയില്ല. അമ്മൂമ്മയോട് പോലും യാത്ര പറയാതെ ഞാൻ ഗേറ്റിനടുത്ത് വണ്ടിയും കാത്തുനിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മ പെട്ടെന്ന് എൻറെ അടുത്തേക്ക് വന്നു. അമ്മൂമ്മ :- നീ രാവിലെ തന്നെ എവിടേക്കാ? ഞാൻ :- എൻറെ കൈ ഒന്നു അഡ്രസ്സ് ചെയ്യണം. പിന്നെ കുറച്ചു പേപ്പർ ശരിയാക്കാൻ ഉണ്ട്.

അമ്മുമ്മ :- കൈ മരുന്ന് ചെയ്യാൻ ഒറ്റയ്ക്ക് പോകണ്ട. അതുമല്ല കടലാസൊക്കെ ശരിയാക്കാനും ഇപ്പോൾ പോകണ്ട, രണ്ടാഴ്ച ഉണ്ടല്ലോ. ഞാൻ :- രണ്ടാഴ്ച എന്ന് പറയുന്നത് അവിടെ ചെല്ലാൻ ഉള്ള അവസാന ഡേറ്റ് ആണ്. അതിനുള്ളിൽ പേപ്പറുകൾ ഒക്കെ ശരിയാക്കണം. അതുമല്ല എൻറെ കൂട്ടുകാരനെ വിളിച്ച് ഞാൻ അവിടെ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. ഓടിപ്പിടിച്ച് ചെല്ലുമ്പോൾ അവിടെ റൂം കിട്ടില്ല. ഇപ്പോഴാണെങ്കിൽ അവൻറെ അടുത്ത് തന്നെ ഒരു റൂം ഒഴിവുണ്ട് എന്ന് പറഞ്ഞു. അമ്മൂമ്മ :-എന്തായാലും മൂന്ന് നാല് ദിവസം കഴിയട്ടെ. അപ്പോഴേക്കും നിൻറെ ക്ഷീണം ഒക്കെ മാറും. അതുമല്ല ആ പെങ്കൊച്ച് പറയുന്നത് കേട്ടു നീ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലയെന്ന്. കയ്യിൽ മരുന്ന് ചെയ്യാൻ ആ പെങ്കൊച്ചിനെ വിളിച്ചുകൊണ്ടുപോ….. ഞാൻ :- അതൊന്നും ശരിയാവില്ല അമ്മുമ്മെ, കല്യാണം ഒക്കെ പറഞ്ഞുവെച്ച പെണ്ണല്ലേ അവരുടെ ആരെങ്കിലും എങ്ങാനും കണ്ടാൽ, അതുമതി. ഞാൻ ഇവിടെ ചെയ്തോളാം. അമ്മുമ്മ ഒന്ന് പിടിച്ച് തന്നാൽ മതി. അമ്മൂമ്മ :- ആശുപത്രിയിൽ ചെല്ലാൻ പറഞ്ഞതല്ലേ മോനെ, അവിടെത്തന്നെ പോയി ചെയ്യ്. ഞാൻ വരാം നിൻറെ കൂടെ. എന്നു പറഞ്ഞു അമ്മൂമ്മ വീടിനകത്തേക്ക് പോയി. വണ്ടി നോക്കി നിന്നിട്ട് ആണെങ്കിൽ കാണുന്നുമില്ല. ഞാൻ വണ്ടിക്കായി റോഡിലേക്ക് നോക്കി നിൽപ്പായി. കുറച്ചുനേരം കഴിഞ്ഞപ്പോൾ എൻറെ പുറകിൽ ഒരു അനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ, ദേ നിൽക്കുന്നു ആ മരക്കുരിശ് ഡ്രസ്സ് ഒക്കെ മാറി ഒരുങ്ങി നിൽക്കുകയാണ്. ഇതെവിടെ പോകുന്നു. വണ്ടി വരാറായി അമ്മൂമ്മയെ നോക്കിയിട്ട് കാണുന്നില്ല. ടൗണിലേക്ക് ആണല്ലോ പോകുന്നത്, അമ്മുമ്മയോട് മുമ്പ് പറഞ്ഞതാണ് കിളിയെ വീട്ടിലേക്ക് ആക്കുന്നത്. ഇന്ന് ആശുപത്രിയിൽ പോയി വരുന്ന വഴി അമ്മൂമ്മ കിളിയെ അങ്ങോട്ട് ആക്കുമായിരിക്കും. ഏതായാലും അമ്മുമ്മയോട് പറയണം എന്നെ ആശുപത്രിയിൽ വിട്ടിട്ട് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് വരാൻ. ഈ കുരിശ് ഡ്രസ്സ് ഒന്നും എടുക്കുന്നില്ലെ? അമ്മുമ്മ കൊണ്ടു വരുമായിരിക്കും ബാഗ്. ഈ വണ്ടിക്കാരനെ നോക്കിയിട്ട് കാണാനുമില്ല.
അമ്മൂമ്മയേയും കാണുന്നില്ല. ഞാൻ അകത്തേക്ക് പോയി അമ്മുമ്മയെ നോക്കി വരുമ്പോഴേക്കും വണ്ടി പോയാലോ. ഞാൻ വീടിന് അടുത്തേക്ക് ചെന്ന് അകത്തേക്ക് നോക്കി അമ്മുമ്മയെ വിളിച്ചു. അമ്മൂമ്മ ഇറങ്ങിവന്നു വസ്ത്രം ഒന്നും മാറിയിട്ടില്ല വീട്ടിലിട്ടിരുന്നത് തന്നെ. ഞാൻ:- അമ്മൂമ്മെ വണ്ടി വരാറായി റെഡി ആവുന്നില്ലെ? അമ്മുമ്മ:- ആ പെൺകൊച്ച് വരാമെന്ന് പറഞ്ഞു. ഞാൻ:- അമ്മുമ്മയോട് ഞാൻ മറ്റൊരു കാര്യം പറഞ്ഞതല്ലേ, നമ്മളായിട്ട് ഒരു പ്രശ്നം ഉണ്ടാക്കരുത്. അമ്മൂമ്മ :- അതൊന്നുമില്ല. അതൊന്നും ഉറപ്പിച്ചിട്ടും ഇല്ല. ഞാൻ:- അല്ലെങ്കിൽ ആശുപത്രിയിൽ പോകേണ്ട, ഇവിടെ തന്നെ ഡ്രസ്സ് ചെയ്യാം. എന്നു പറഞ്ഞ് ഞാൻ അകത്തേക്ക് കേറി ഡ്രസ്സ് ഒക്കെ മാറ്റിയിട്ടു. പുറകെ ചവിട്ടി കുലുക്കി കിളി അകത്തേക്ക് കയറി പോയി. ഇവിടെ ചവിട്ടി കുലുക്കാൻ എന്താണ് സംഭവം ഉണ്ടായത് എന്ന് ആവോ? ഞാനൊന്നും മിണ്ടിയില്ല. ഡ്രസ് മാറ്റിയിട്ട് ഞാൻ കട്ടിലിൽ കയറി കിടന്നു. പുറം തിരിഞ്ഞാണ് കിടന്നത്. ഇന്നലെ മര്യാദക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. നാടകം ആയിരുന്നില്ലേ. കുറച്ചു

കഴിഞ്ഞപ്പോൾ മുറിയിൽ ആരോ വരുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കിയില്ല. ദേഷ്യത്തിൽ ഉള്ള ശബ്ദം കിളി :- അവിടെ ചായ എടുത്തു വച്ചിട്ടുണ്ട്. ഞാൻ എഴുന്നേറ്റു ടേബിൾ അടുത്തേക്ക് പോകുമ്പോൾ, എൻറെ മുറിവുള്ള കയ്യിൽ കയറി പിടിച്ചു കൊണ്ട് കിളി:- ഞാൻ വന്നാൽ എന്താണ്? എന്ന് ചോദിച്ചു കൊണ്ട് ആ കൈ പിടിച്ചു തിരിച്ചു, വിട്ടു. എൻറെ ജീവൻ പോണ പോലെ തോന്നി. ഞാൻ:- അയ്യോ……. എന്ന് കരഞ്ഞു. ഞാൻ നോക്കുമ്പോൾ മുറിവിനെ ഭാഗത്ത് നിന്നും ചോര വരുന്നു. കയ്യിൽ കെട്ടിയിരുന്ന തുണി മുറിവേറ്റ ഭാഗത്ത് കുതിർന്നു. വേദന കൂടിയതോടെ പെട്ടെന്ന് എൻറെ കണ്ണിലേക്ക് ഇരുട്ട് വ്യാപിക്കുന്നത് പോലെ തോന്നി. ഡൈനിങ് ടേബിളിനരികിൽ കിടന്നിരുന്ന കസേരയിൽ പെട്ടെന്നിരുന്നു. തല ടേബിളിൽ വെച്ച് കുനിഞ്ഞിരുന്നു. എനിക്ക് വേദനയും ദേഷ്യവും സങ്കടവും ഒക്കെ വന്നു. വേറൊരാൾ ആയിരുന്നെങ്കിൽ ഞാനൊന്ന് കൊടുത്തേനെ. പക്ഷേ എന്നെ എത്ര ഉപദ്രവിച്ചാലും ഒന്നും ചെയ്യാൻ തോന്നില്ല, അത്രയ്ക്കും ഇഷ്ടമാണ്. വേദനകൊണ്ട് എൻറെ വിശപ്പും ദാഹവും ഒക്കെ പോയി. എന്നാലും അവിടെ ഇരുന്ന് ചായ മാത്രം എടുത്തു ഊതി കുടിച്ചു. മുറിവിൻ്റെ ഭാഗത്തെ തുണി ചോരയിൽ കുതിർന്നു, ഇറ്റു വീണില്ല എന്ന് മാത്രമേയുള്ളൂ. ദൈവമേ ഞാൻ എന്ത് അപരാധമാണ് ചെയ്തത്. സ്വമേധയാ ഒഴിഞ്ഞുമാറി നടന്നിട്ടും രക്ഷയില്ലാത്ത അവസ്ഥ. ഇതിനു കാരണക്കാരി അമ്മൂമ്മയാണ്. ചായ കുടിച്ച ഗ്ലാസ്സ് ടേബിളിൽ വച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് പോയി. ഇനി പേടിക്കണം എന്ത് അക്രമവും ചെയ്യാൻ മടിക്കില്ല. ആളെ അവിടെയെങ്ങും കാണാത്തതുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. കൈക്ക് നല്ല വേദന തുടങ്ങി. സ്റ്റിച്ച് പൊട്ടിയോ എന്ന് ഒരു സംശയം. കൂട്ടുകാരെ ആരെയെങ്കിലും വിളിച്ച് ആശുപത്രിയിൽ പോകാമെന്ന് വെച്ചാൽ, അവരുടെ വീട്ടിൽ ചെന്ന് വിളിക്കണം. ഒരാളും എന്നെ കാണാൻ വരാറില്ല. അമ്മുമ്മ ഒരു ദിവസം വഴക്കു പറഞ്ഞ തോടുകൂടി അവരുടെ ഇങ്ങോട്ടുള്ള വരവ് നിന്നു. രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതിനാൽ, കിടന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. പക്കിന് കുത്തു കൊണ്ടപ്പോഴാണ് എഴുന്നേൽക്കുന്നത്. നോക്കുമ്പോൾ ഭദ്രകാളി ഒരു കൊമ്പും പിടിച്ച് ജനലിനടുത്ത് നിൽക്കുന്നു. കിളി :- വാതിൽ തുറക്ക് എനിക്ക് ബാത്റൂമിൽ പോകണം. എഴുന്നേറ്റു പോയി വാതിൽ തുറന്നു കൊടുത്തു, ഞാൻ പോയി കട്ടിലിൽ കിടന്നു. അകത്തുകയറിയ ഉടൻ വാതിലും ജനൽ പാളികളും അടച്ചു കുറ്റിയിട്ടു. എന്നെ കൊല്ലാൻ ഉള്ള തയ്യാറെടുപ്പിലാണ് എന്ന് ഞാൻ കരുതി കമിഴ്ന്നു കിടന്നു. കട്ടിലിനടുത്ത് വന്ന് ദേഷ്യത്തിൽ കിളി :- നീ എന്താടാ വല്യമ്മയോട് പറഞ്ഞത്. എൻറെ കല്യാണച്ചെക്കൻ കണ്ടാൽ എന്താണെന്ന്. എനിക്ക് നീ എവിടെ നിന്നാടാ കല്യാണ ചെക്കനെ ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ നിൻറെ കൂടെ വന്നാൽ എന്താണ് സംഭവിക്കുന്നത്. ഇതും പറഞ്ഞ് എൻറെ പുറത്തുകയറി ഇരുന്നു മുടിക്കു കുത്തിപ്പിടിച്ച് തലയിണയിൽ ഇടിച്ചു. എനിക്ക് എതിർക്കാൻ തോന്നിയില്ല, എന്തെങ്കിലും ചെയ്തിട്ട് പൊയ്ക്കോട്ടെ. ഇതും നാടകത്തിൻറെ ഭാഗമായിരിക്കാം. കുറച്ചുനേരം കഴിഞ്ഞ്

പുറത്തുനിന്നും ഇറങ്ങിപ്പോയി. മുടിക്കു കുത്തിപ്പിടിച്ചതിനാൽ തലവേദന എടുക്കുന്നു. അമ്മൂമ്മ എവിടെ പോയോ ആവോ. ആരെയും അന്വേഷിച്ചിട്ട് കാര്യമില്ല, കിട്ടേണ്ടത് സമയാസമയം കിട്ടും. ഇങ്ങനെ ഓർത്തു വീണ്ടും ഞാൻ മയക്കത്തിലേക്ക് വഴുതി വീണു.

അമ്മൂമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. സമയം നോക്കുമ്പോൾ 12:45. അമ്മൂമ്മ:- ആ ടേബിളിൽ നിനക്കുള്ള ചോറ് എടുത്തു വച്ചിട്ടുണ്ട്. ഞാൻ:- ഞാൻ കഴിച്ചോളാം. അമ്മൂമ്മ :- ഞാനേ ആ കൊച്ചുത്രേസ്യയുടെ വീട് വരെ ഒന്ന് പോവുകയാണ് അവളുടെ കെട്ടിയോൻ സുഖമില്ലാതെ കിടക്കുകയല്ലേ ഒന്നു പോയി കണ്ടിട്ട് വരാം. ഇതുകേട്ട തോടുകൂടി ഞാൻ ചാടിയെഴുന്നേറ്റു. അമ്മൂമ്മ പോകുന്നതിനു മുമ്പ് ഭക്ഷണം കഴിച്ച് വീടിന് പുറത്തിറങ്ങണം. ടേബിൾ അടുത്തെത്തി ഭക്ഷണം കഴിച്ച് പകുതി ആയപ്പോഴേക്കും അമ്മൂമ്മ റെഡിയായി പുറത്തേക്കിറങ്ങി. ഭക്ഷണം മതിയാക്കി കൈകഴുകാൻ എഴുന്നേറ്റപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. അമ്മുമ്മ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി പോകുന്നതിൻ്റെ ശബ്ദം കേട്ടു. കിളി എൻറെ അടുത്തേക്ക് വന്നു ദേഷ്യത്തിൽ കിളി:- ഭക്ഷണം മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റു പോയാൽ മതി. ഞാൻ:- എനിക്കു മതിയായി. കിളി :- അവിടെ ഇരിക്ക് ഞാൻ വാരി തരാം. ദേഷ്യത്തോടെ എൻറെ കയ്യിൽ പിടിച്ച് കസേരയിലിരുത്തി. ഭദ്രകാളിയുടെ ഒരു കയ്യിൽ കത്തി ഉണ്ട്. ഞാൻ:- ഒരു ശല്യത്തിനും ഇനിമേലിൽ വരില്ല. കിളി :- നിന്നോട് ഞാൻ കഴിഞ്ഞ രാത്രി പറഞ്ഞതല്ലേ എൻറെ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിക്കരുതെന്ന്. ഇതും പറഞ്ഞ് ആ മുറിവ് സംഭവിച്ച കയ്യിൽ കയറി പിടിച്ചു. രാവിലത്തെ സംഭവം ഓർത്തപ്പോൾ ഞാൻ ഞെട്ടി. കൈ വിട്ടുകിട്ടാൻ ബലം പ്രയോഗിച്ചാൽ ആ മുറിവിന് വീണ്ടും ക്ഷതം പറ്റും. അതുകൊണ്ട് അനുസരണയോടെ ഞാൻ കസേരയിൽ ഇരുന്നു. ഇതിനെന്താ ബാധ കയറിയോ. അനുസരിച്ചില്ലെങ്കിൽ ആ കത്തി കൊണ്ടുള്ള പ്രയോഗവും നടത്തിയാൽ…….. ബാക്കിയുണ്ടായിരുന്ന ഭക്ഷണം ഒരു വിധത്തിൽ കഴിച്ചു എഴുന്നേറ്റു. കിളി :- അപ്പോൾ നിനക്ക് ഭക്ഷണം കഴിക്കാൻ അറിയാമല്ലേ. കയ്യിലെ പിടി വിട്ടിരുന്നില്ല. കിളി :- ഇനിയെങ്ങാനും നിൻറെ വായിൽ നിന്നും എൻറെ കല്യാണത്തിൻ്റെ കാര്യമെങ്ങാൻ പുറത്തു വന്നാൽ……… നിന്നെയങ്ങ് തട്ടിയിട്ട് ഞാൻ ജയിലിൽ പോകും അതാണ് ഇപ്പോൾ സുഖം. എത്ര ക്രൂരമായാണ് സംസാരിക്കുന്നത്. ബാധ യാണോ ഭ്രാന്താണോ എന്താണെന്നറിയില്ല. കിളി:- എവിടെ നിൻറെ കൈ ഡ്രസ്സ് ചെയ്യേണ്ടേ, അത് ചെയ്തു കഴിഞ്ഞിട്ട് പോയി കിടന്നാൽ മതി. ഞാൻ ചെയ്തു തരാം. വേഗം മരുന്ന് എടുത്ത് പുറത്തേക്ക് വാ. ഇതു പറഞ്ഞ് കൈ മോചിപ്പിച്ചു. ഈ ഭദ്രകാളിയുടെ സ്വഭാവം എന്താണെന്ന് അറിയില്ലല്ലോ, അതിനാൽ മരുന്ന് എടുത്ത് അടുക്കളയുടെ പുറത്തേക്ക് ചെന്നു. ചെന്നപ്പോൾ ആ കാളിയെ അവിടെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ മുഖവുമൊക്കെ കഴുകി വരുന്നത് കണ്ടു. മുഖത്തു നോക്കിയപ്പോൾ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് പോലെ തോന്നി. കരഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.

ഒന്നും ചോദിക്കാനോ പറയാനോ പറ്റില്ലല്ലോ എപ്പോഴാണ് ആക്രമണമെന്ന് അറിയില്ല. അതും ആ മുറിവ് പറ്റിയ കയ്യിൽ തന്നെയാണ് പിടിച്ച് ആക്രമിക്കുന്നത്. കിളി:- ഇരിക്കട അവിടെ. അടുക്കളയുടെ ചവിട്ടുപടി കാണിച്ചുതന്നു. ഞാൻ അവിടെ ഇരുന്നു കൂടെ ആ കാളിയും. മരുന്ന് ഇട്ടു വച്ചിരിക്കുന്ന ബോക്സിൽ നിന്നും കത്രികയെടുത്തു പഴയ ഡ്രസ്സിംഗ് വെട്ടി മാറ്റി. ചോര വന്നു കുതിർന്നിരുന്നതിനാൽ അവിടെ നിന്നും അത് വേർപെട്ടു പോരാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു, വേദനയും ഉണ്ടായി. അതിനുശേഷം മുറിവുള്ള ഭാഗത്ത് സ്പിരിറ്റ് കൊണ്ട് തുടച്ചു. ഇത് ചെയ്യുന്നതിനിടയിൽ ആ കാളി ഇടക്കിടക്ക് ഒളികണ്ണാൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുറിവിൽ നിന്നും പഴയ ഡ്രസ്സിംഗ് മാറ്റിയപ്പോൾ ഉണ്ടായ വേദന സഹിക്കാൻ കഴിയാതെ ഞാൻ ചുവരിലേക്ക് ചാരിയിരുന്നു. മുറിവ് ക്ലീൻ ചെയ്തപ്പോൾ ഞാനൊന്ന് അങ്ങോട്ട് നോക്കി ഏതെങ്കിലും സ്റ്റിച്ച് വിട്ടു പോയിട്ടുണ്ടോ എന്ന് അറിയാൻ. കാരണം കാലത്ത് കൈപിടിച്ചുള്ള തിരിച്ചിൽ അത്ര ശക്തിയിൽ ഉള്ളതായിരുന്നു. പക്ഷേ കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല. ഇങ്ങനെ തുടർന്നാൽ മുറിവുണങ്ങാൻ ഒരുപാട് ദിവസം പിടിക്കും. ഡ്രസ്സ് ചെയ്തുകഴിഞ്ഞ് എഴുന്നേറ്റപ്പോൾ കിളി:- എൻറെ അടുത്ത അഭ്യാസം കാണിക്കരുത്. എനിക്ക് ഇനി താഴെ ഭൂമിയും മുകളിൽ ആകാശവും മാത്രമേയുള്ളൂ . ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റ് പോന്നു. മുറിയിൽ വന്നു കട്ടിലിൽ കയറി കിടന്നു. ഡ്രസ്സ് ചെയ്യുന്നതിന് മുറിവൊക്കെ തുടച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം കൈക്ക് വേദന അനുഭവപ്പെട്ടു. ഒരു തലയിണയെടുത്ത് തലയുടെ മുകളിൽ വെച്ച് അതിൽ കൈവച്ചാണ് കിടന്നത്. പുറം തിരിഞ്ഞു കിടന്നതു കൊണ്ട് മുറിവ് വന്ന കൈ, സൈഡിൽ മുകളിൽ ആയിരുന്നു. കുറച്ചുനേരം അങ്ങനെ കിടന്നു. എൻറെ കാര്യങ്ങളൊക്കെ അവതാളത്തിലാകും എന്ന് തോന്നുന്നു. പേപ്പറുകൾ ഒന്നും ശരിയായിട്ടില്ല, അടുത്ത ദിവസം തന്നെ അതിനു പോകണം. വൈകിട്ട് ഒന്ന് പുറത്തിറങ്ങണം ഏതെങ്കിലും കൂട്ടുകാരെ തപ്പണം നാളെ അവരെയും കൂട്ടി പോകേണ്ട സ്ഥലത്തൊക്കെ പോകണം. ഇതൊക്കെ എത്ര ദിവസംകൊണ്ട് ശരിയാകും എന്ന് അറിയില്ലല്ലോ. ഏതായാലും സുധിയെ വിളിച്ച് ദിവസം കൂട്ടുന്നത് എങ്ങനെയെന്ന് ഓഫീസിൽ ചെന്ന് ചോദിച്ചറിയാൻ പറയണം. ഞാൻ എഴുന്നേറ്റ് ഹാളിൽ ചെന്ന് സമയം നോക്കിയപ്പോൾ 3:00 മണി. ഞാൻ ആ ബാധയെ തിരക്കി അടുക്കളയിലും പുറത്തും ഒക്കെ നടന്നു, കണ്ടില്ല. തിരിച്ച് അകത്തേക്ക് കയറിയപ്പോൾ അവർ കിടക്കുന്ന മുറി അടഞ്ഞുകിടക്കുന്നു. ഇതുതന്നെ തക്കം ആ കാളി അറിയാതെ വേണം വിളിക്കാൻ, ദിവസത്തിൻ്റെ കാര്യമൊക്കെ പറയുന്നത് കേട്ടാൽ, അതു മതി അമ്മുമ്മയോട് പറയാൻ. ഞാൻ പതിയെ ഫോണിൽ ഇരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. ശബ്ദമുണ്ടാക്കാതെ ഫോണെടുത്ത് സുധിയുടെ നമ്പർ ഡയൽ ചെയ്തു. സുധി :- ഹലോ ഞാൻ :- സുധി, ഞാനാണ് അജയ്. നീയൊന്ന് സെക്രട്ടറിയേറ്റിൽ പോയി – – – – – ഈ ഓഫീസിൽ ചെന്ന് എൻറെ അപ്പോയ്മെൻറ് ഓർഡറിൻ്റെ കാര്യവും, ജോയിൻ ചെയ്യാൻ ഒരു 30 ദിവസം കൂടി കൂട്ടി കിട്ടുവാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചറിയുക. സുധി :- എന്തിനാടാ അത്രയും ദിവസം. ഞാൻ:- എൻറെ കൈക്ക് ചെറിയൊരു മുറിവുണ്ട് അതൊന്ന് ക്ലിയർ ആകണം. നാല് സ്റ്റിച്ച് ഉണ്ട്. ഇതെല്ലാം വളരെ ശബ്ദംതാഴ്ത്തി ആണ് ഞാൻ പറഞ്ഞത്. അവൻ “ഓക്കെ’

അന്വേഷിക്കാമെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ തൊട്ടുപുറകിൽ അതാ നിൽക്കുന്നു ബാധ. ഇത്രയും നേരം ഞാൻ പറഞ്ഞതൊക്കെ കേട്ടു നിൽക്കുകയായിരുന്നു എന്ന് ആ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി. രൗദ്രം ഭാവത്തോടുകൂടി ഉള്ള നിൽപ്പ്. അടുത്ത ഒരു അറ്റാക്ക് പ്രതീക്ഷിച്ചു തന്നെ ഞാൻ എൻറെ ആ കൈ മാറ്റിപ്പിടിച്ചു. കിളി :- എന്താടാ ഒളിച്ചും പാത്തും വന്നിരുന്ന് വിളിക്കുന്നത്. ഇത്രയും ദിവസം കിട്ടുമെങ്കിൽ നീ എന്തിനാണ് അത് ഒളിച്ചു വെക്കുന്നത്. ഞാൻ അതിനു മറുപടി കൊടുക്കാതെ മുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വട്ടം കയറി നിന്നു. കിളി :- അങ്ങനെ അങ്ങ് പോയാലോ. ഇതിനു സമാധാനം പറഞ്ഞിട്ട് പോയാൽ മതി. ഒന്നും പറയാതെ ഞാൻ ആ സെറ്റിയിൽ ഇരുന്നു. കിളിയും എൻറെ അടുത്ത് വന്ന് ഇരുന്നു. കിളി :- ചോദിച്ചത് കേട്ടില്ലേ? എന്ന് പറഞ്ഞ് എവിടെയോ മറച്ചു വച്ചിരുന്ന കത്തിയെടുത്ത് കയ്യിൽ പിടിച്ചു. ദൈവമേ ഈ കത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്തുകയാണല്ലോ. ഏതെങ്കിലും തരത്തിൽ എതിർക്കാൻ ശ്രമിച്ചാൽ ആ മുറിവുള്ള കൈയ്യിൽ കയറി പിടിക്കും. ഞാൻ :- ഞാൻ ആരെയും ശല്യപ്പെടുത്താതെ നേരത്തെ പോകാമെന്ന് കരുതിയതാണ്. കിളി :- എന്നിട്ട് പ്രവർത്തി അതല്ലല്ലോ. എൻറെ കല്യാണക്കാര്യം ചെക്കൻറെ കാര്യം എല്ലാം സംസാരിച്ച് ഒരു അവിയൽ പരുവം ആക്കിയിട്ട് പോകാം എന്ന് കരുതിയോ. ഞാൻ:- ഇനിമേലിൽ ഒന്നും പറയില്ല. എന്നെ ഒന്ന് വെറുതെ വിടണം. കത്തി കയ്യിൽ ഉള്ളതുകൊണ്ട് അത് ഏതുവിധത്തിൽ പ്രയോഗിക്കുമെന്ന് അറിയാത്തതുകൊണ്ട് സംയമനം പാലിച്ച് സംസാരിച്ചു. കത്തികൊണ്ട് കുത്തി കൊല്ലുക ആണെങ്കിൽ തട്ടി പോകട്ടെ എന്ന് കരുതാം. ഇതുപോലെ വല്ല മുറിവും സംഭവിച്ചാൽ, രാത്രി കഴിച്ചുകൂട്ടുന്നത് എനിക്കേ അറിയൂ. കിളി :- നീ അത്ര പാവമായി ഒന്നും അഭിനയിക്കേണ്ട. അന്ന് ആ രാത്രി നീ ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല. ഞാൻ:- അതിന് എൻറെ ജീവൻ വേണമെങ്കിൽ എടുത്തോളൂ. ആ കത്തി കയ്യിൽ ഇരിക്കുകയല്ലേ ഒറ്റ കുത്ത് മതി. പിന്നീട് എൻറെ കൈ കത്തിപിടിയിൽ പിടിച്ച് കൈരേഖകൾ ഒക്കെ മായ്ച്ചുകളഞ്ഞു കൊള്ളാം. എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനും നല്ലത് അതാണ്. ആ കത്തി ഇങ്ങോട്ട് കൊണ്ടുവരു, അതിൽ പിടിച്ച് എൻറെ കൈരേഖകൾ അതിൽ ആക്കി കൊള്ളാം. എനിക്ക് ഇതൊന്നും സഹിക്കാനുള്ള ശക്തി ഇല്ല, അന്ന് ആ ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം. കിളി :- നീ എന്ത് പ്രായശ്ചിത്തം ചെയ്താലും, എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമോ? ഞാൻ :- പിന്നെ ഞാനെന്തു വേണം. പെട്ടെന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതോടെ ഞങ്ങൾ രണ്ടുപേരും അവിടെ നിന്നെഴുന്നേറ്റു. സമയം നോക്കിയപ്പോൾ അഞ്ചുമണി. ഞാൻ എൻറെ മുറിയിലേക്ക് പോയി കിടന്നു. കിളി പോയി അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

ഇതെന്ത് അന്ന് എല്ലാത്തിനും മാപ്പ് പറഞ്ഞവസാനിപ്പിച്ചതാണ്. അല്ല ഇത്

അങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു പ്രശ്നമാണോ. ശരിയാണ്, ഒരു പെണ്ണിൻറെ ഏറ്റവും വിലപ്പെട്ടത് ബലപ്രയോഗത്തിലൂടെ കവർന്നെടുത്തത് ഞാനാണ്. അതൊരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റാണ്. പക്ഷേ തെറ്റ് തിരുത്താൻ തയ്യാറായിരുന്നു, അതിന് കിളിയും സമ്മതം തന്നതാണ്. അതിനിടയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ ഉത്സവത്തിന് പോക്കാണ് ഇതിനെയെല്ലാം തകിടംമറിച്ചത്. ഉത്സവത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണെന്ന് ചോദിച്ചിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. വിവരം പറഞ്ഞാലല്ലേ അതിന് ഒരു സൊലൂഷൻ കണ്ടെത്താൻ കഴിയു, അതിന് കിളി തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടണം. എൻറെ മനസ്സ് ആകെ കലുഷിതമാണ്, നഷ്ടപ്പെടലിൻ്റെ ഒരു അസ്വസ്ഥത. ഇനി ആ കുരിശ് ചെന്ന് അമ്മൂമ്മയോട് ദിവസങ്ങൾ ഒരുപാട് ഉണ്ടെന്നുള്ള വിവരങ്ങൾ പറയുമോ. ഇപ്പോൾ ഒരു പാര ആയാണല്ലൊ പ്രവർത്തിക്കുന്നത്. അപ്പുറത്ത് അടുക്കള വശം എന്തോ സംസാരം കേൾക്കുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മുമ്മ എൻറെ മുറിയിലേക്ക് കടന്നു. അമ്മുമ്മ :- കൈയുടെ മുറിവ് ശരിക്കും വലിഞ്ഞിട്ടില്ലല്ലേ, എന്നിട്ടാണ് പെട്ടെന്ന് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇനിയും 45 ദിവസം കിട്ടും എന്നാണല്ലോ ആ പെൺകൊച്ച് പറഞ്ഞത്. കയറ്റി പാര, ഇനിയിപ്പോൾ എന്തു പറഞ്ഞു ഒഴിവാകും. ഒന്നും പറയാനില്ല അനുഭവിക്കുകതന്നെ, എൻറെ വിധി. എല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ നിൽക്കുക. മനുഷ്യനെ ഭ്രാന്ത് പിടിക്കും. ഞാൻ അമ്മൂമ്മ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞില്ല. അമ്മുമ്മ മുറിയിൽ നിന്നും ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭൂതം ഒരു കത്തിയും കൈയും പിടിച്ച് മുറിയിലേക്ക് വന്നു. ആനയെ ചട്ടം പഠിപ്പിക്കാൻ തോട്ടിയുമായി നടക്കുന്നതുപോലെ എന്നെ ഭീഷണിപ്പെടുത്താൻ വേണ്ടി കത്തിയുമായി നടക്കുകയാണ്. കിളി :- ആ ടേബിളിൽ ചായ എടുത്തു വച്ചിട്ടുണ്ട്, പോയി കുടിക്ക്. ഞാൻ മിണ്ടാതെ എഴുന്നേറ്റു പോയി ചായ കുടിക്കാൻ ഇരുന്നു. ഈ അമ്മുമ്മ എവിടെ പോയി, ഇവിടെയെങ്ങും കാണുന്നില്ലല്ലോ. ചായയും കുടിച്ച് എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ പോയ എന്നെ പിടിച്ചുനിർത്തി. കിളി :- എപ്പോഴും പോയി കിടക്കാൻ എന്താ കിടപ്പു രോഗം വല്ലതുമാണോ, ആ സെറ്റിയിൽ പോയിരിക്കു. ശരിക്കും ഞാൻ പെട്ടു, എന്നെ ചട്ടം പഠിപ്പിക്കാൻ ആണ് കത്തി എന്ന് തോന്നുന്നു. ഞാനിനി രാത്രിക്ക് രാത്രി തന്നെ ഒളിച്ചോടേണ്ടി വരുമോ? എന്താണ് ഉദ്ദേശം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ ആ കൈയിൽ പിടിച്ച് തിരിക്കും. ഞാൻ നല്ലകുട്ടിയായി ആ സെറ്റിൽ പോയിരുന്നു. നേരം സന്ധ്യയായി, കയ്യും മുഖവും കഴുകി വന്ന് കാളി നിലവിളക്കുമായി സിറ്റൗട്ടിലേക്ക് പോയി. അമ്മുമ്മയും പുറകെ പോയി തൊഴുതിട്ടു രണ്ടുപേരും തിരിച്ചുപോന്നു. അമ്മുമ്മ സെറ്റിയുടെ കസേരയിൽ വന്നിരുന്നു, സന്ധ്യാനാമം ചൊല്ലാൻ തുടങ്ങി. കാളി അടുക്കളയിലേക്ക് പോയി. അമ്മുമ്മ എഴുന്നേറ്റ് പോകുന്നതിനിടയിലാണ് എന്നെ കാണുന്നത്. അമ്മുമ്മ :- എന്താണ് പതിവില്ലാതെ സന്ധ്യാനേരത്ത് ഇവിടെ സെറ്റിൽ വന്നിരിക്കുന്നത്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. രാത്രി ആകും തോറും എൻറെ കൈക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി, ഇന്ന് കാലത്തെ തിരി കൂടി ആയപ്പോൾ വേദനക്ക് കാഠിന്യം കൂടി. അതും സഹിച്ച് അവിടെ ഇരിക്കുമ്പോൾ അതാ പോകുന്നു കാളി, വിളക്ക് എടുക്കാൻ സിറ്റൗട്ടിലേക്ക് ഉള്ള യാത്രയാണ്. വിളക്കും അടുത്ത്

സിറ്റൗട്ടിൽ നിന്നും വരുന്ന വഴി എന്നെ തുറിച്ചുനോക്കി. ഒരു ഭീഷണിയുടെ മണം അടിച്ചത് പോലെ. കൈ വേദന കലശലായപ്പോൾ കൈ തലയ്ക്കുമീതേ പിടിച്ചു. അല്പം കഴിഞ്ഞപ്പോൾ കാൽപെരുമാറ്റം കേട്ടാണ് ഞാൻ പുറകോട്ട് നോക്കിയത്. രൗദ്രം ആണോ ബീഭൽസം ആണോ ഏതോ ഒരു ഭാവത്തിൽ അതാ നിൽക്കുന്നു കാളി. എൻറെ ചെവിയുടെ അടുത്ത് വന്ന് സ്വകാര്യമായി കിളി :- സന്ധ്യ നേരത്തെ തലയിൽ കൈവച്ച് ഇരിക്കുന്നത് ആരെങ്കിലും ഇവിടെ ചത്തോ? ഞാൻ:- ഞാനല്ലേ ചാകാൻ ഉള്ളത്? അത് എത്രയും പെട്ടെന്ന് നടത്തി തന്നാൽ ഉപകാരം. കിളി :- അത്രപെട്ടെന്നൊന്നും ഞാനത് നടത്തില്ല. പതിയെ പതിയെ ഞാൻ കൊല്ലും. ഞാൻ:- അങ്ങോട്ട് ആക്രമിച്ചാൽ എന്ത് ചെയ്യും? അപ്പോൾ കത്തിയെടുത്ത് കുത്തില്ലെ? കിളി:- കയ്യിൽ കാണുന്ന മുറിവില്ലെ? അതുപോലെ ഇനിയും കാണും കൈകളിലും കാലിലും. അല്ലാതെ ഞാൻ കുത്തുകയൊ ഒന്നുമില്ല. ഓർമ്മയിരിക്കട്ടെ. അതുകേട്ടപ്പോൾ ഞാനാകെ നടുങ്ങി. ഞാൻ:- അപ്പോൾ ഞാൻ ഈ കയ്യിലെ മുറിഞ്ഞത് പറയാതിരുന്നത് പോലെ പറയാതിരിക്കുകയില്ല ഞാൻ ആളുകളോട് പറയും എന്നെ വെട്ടിയതാണെന്ന്. കിളി :- എന്നെ ഭീഷണിപ്പെടുത്തുകയാണൊ? അങ്ങനെ പറഞ്ഞാൽ ഇയാൾക്ക് ആണ് അതു കൊണ്ടുള്ള ദോഷം. ഞാൻ പറയും, എന്നെ കയറി പിടിക്കാൻ വന്നപ്പോൾ ചെയ്തതാണെന്ന്. എൻറെ വായടഞ്ഞു പോയി. ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഞാനങ്ങനെ മിഴിച്ചിരുന്നു. കിളി :- ഓർമയുണ്ടല്ലോ. ഇനി ഞാൻ പറയുന്നത് അനുസരിച്ച് ഇവിടെ നിന്നാൽ കൊള്ളാം. അടുത്തദിവസം എങ്ങാനും പേപ്പർ കോപ്പർ എന്നെങ്ങാനും പറഞ്ഞു ഇവിടെ നിന്നും ഒറ്റയ്ക്ക് പോകാൻ നോക്കിയാൽ…… ഇത് പറഞ്ഞ് പെട്ടെന്ന് അടുക്കളയിലേക്ക് പോയി. ഇതെന്തു ജന്മം. ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെ പിടിച്ചിരിക്കുകയാണ്. എന്നെ ഇവിടെ പിടിച്ചിട്ടിട്ട് എന്ത് കാര്യമാണാവോ? ആ നശിച്ച ദിവസം അവിടെ ചെന്നില്ലായിരുന്നെങ്കിൽ, ഇതൊന്നും എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആദ്യം കാണിച്ച അവഗണന കണ്ടപ്പോൾ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു എന്നോട് സ്നേഹം ഇല്ലായെന്ന്. എന്നിട്ടും വിഡ്ഢിയായ ഞാൻ വീണ്ടും തല വെച്ച് കൊടുക്കുകയല്ല കൈ വെച്ചു കൊടുത്തു. അതുകൊണ്ട് എന്താ ഗുണം ഉണ്ടായത്, ഉള്ള മനസ്സമാധാനം നഷ്ടപ്പെട്ടു. നഷ്ടബോധം വേറെയും. എന്നോട് വെറുപ്പും വിരോധവും ഉണ്ടെങ്കിൽ, ഞാൻ സ്വമേധയാ ഒഴിഞ്ഞു കൊടുക്കാം എന്ന് പറഞ്ഞതാണ്. എന്നിട്ടും അതിന് അനുവദിക്കുന്നില്ല. വല്ലാത്തൊരു വിധിയാണ് എൻ്റേത്. കയ്യ് നല്ല വേദനയുണ്ട്. ഞാൻ ചുറ്റുപാടും നോക്കി കൈ തലയുടെ മുകളിൽ വച്ചു. വേദന കുറഞ്ഞപ്പോൾ കണ്ണുകളിൽ മയക്കം വന്നു തുടങ്ങി. അവിടെയിരുന്ന് ചെറുതായൊന്നു മയങ്ങി. സെറ്റിയിൽ ആരോ വന്നിരിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. സെറ്റിയുടെ കയ്യിൽ സൈഡിൽ ചാരി ആണ് ഞാൻ ഇരുന്നത്. അതാ മറ്റേ സൈഡിൽ ആ കാളി വന്നിരിക്കുന്നു. അതോടെ എൻറെ ഉറക്കം നഷ്ടപ്പെട്ടു. അവർ അമ്മുമ്മയും മകളും TV കാണാൻ ഇരുന്നു. എനിക്ക് അത്ര ഇഷ്ടമല്ലാത്തതിനാൽ ഞാൻ എഴുന്നേറ്റ് പോകാൻ ശ്രമിച്ചപ്പോൾ, അമ്മുമ്മ കാണാതെ എൻറെ തുടയിൽ പിടിച്ചമർത്തി, അവിടെ ഇരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു. തീരെ നിവർത്തി ഇല്ലാത്തതിനാൽ

ഞാൻ അവിടെ ഇരുന്നു. ഇനി രാത്രിയിൽ എങ്ങനെ മനസമാധാനത്തോടെ കൂടി ഉറങ്ങാൻ കഴിയും. ഉറക്കം അല്ലെങ്കിൽ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. നേരം വെളുപ്പാൻകാലം ആകുമ്പോഴാണ് ഒന്ന് ഉറങ്ങുന്നത്, അതേതായാലും ഇതോടെ നഷ്ടപ്പെട്ടു. ഞാൻ തലയിൽ നിന്നും കൈമാറ്റിയിരുന്നു, പേടി കൊണ്ടാണ്. ഇവിടെ നിന്നും പോകുമ്പോൾ കണ്ട, സ്നേഹമുള്ള കിളിയല്ല ഇപ്പോൾ. രൗദ്രവും ബീഭൽസവും ചേർന്ന ഒരു പ്രത്യേകതരം സ്വഭാവത്തോടുകൂടിയ ഉള്ള കിളി അല്ല കാളി. എനിക്കാണെങ്കിൽ കൈ വേദന എടുത്തിട്ട് വയ്യ. കൈ തലയിൽ വെച്ചാൽ വേദന കുറയും, പക്ഷേ കാളി ഇരിക്കുന്നതുകൊണ്ട് അതിനു വയ്യ. ഇപ്പോഴും ആ കൈ എൻറെ തുടയിൽ തന്നെ ഇരിക്കുകയാണ്. ചെകുത്താനും കടലിനും ഇടയിൽ പെട്ട് അവസ്ഥയിലാണ് ഞാൻ. കൈ വേദന ഒരു വശം മറ്റൊരുവശം കാളി. ഇതിൽ ചെകുത്താനേത് കടലേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സങ്കീർണ്ണമാണ്. എപ്പോഴൊ അമ്മ എഴുന്നേറ്റു, ആ നിമിഷം എൻറെ തുടയിലെ കൈ മാറി. അമ്മൂമ്മ :- മോളെ സമയം ഒരുപാടായി നമുക്ക് ഭക്ഷണം കഴിച്ച് കിടക്കാം. കിളി :- ശരി വല്യമ്മേ. ഇതു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. വേദനയാൽ എനിക്ക് ഇരിക്കാൻ വയ്യാത്ത കൊണ്ട് വിശപ്പ് തോന്നിയില്ല. ഞാൻ:- എനിക്ക് നല്ല വിശപ്പ് ഇല്ല അതുകൊണ്ട് ഭക്ഷണം വേണ്ട. പോകുന്ന വഴി കാളി എന്നെ രൂക്ഷമായി ഒന്ന് നോക്കി. ഇതെന്തു മറിമായം എപ്പോഴും എന്നെ ഈ രൂക്ഷമായി നോക്കുന്നത് എന്തിന്? അടുക്കളയിൽ എന്തോ ശബ്ദംതാഴ്ത്തി സംസാരിക്കുന്നത് കേട്ടു . അടുത്ത വല്ല പാരയും ആണോ, അതെ പാര തന്നെ. എനിക്കുള്ള ഭക്ഷണം മേശപ്പുറത്തു വന്നു. അമ്മുമ്മ എന്തോ കാര്യത്തിന് അടുക്കളയിലൂടെ പുറത്തേക്കിറങ്ങിയപ്പോൾ…… സ്വകാര്യമായി ചെവിയിൽ കിളി: – ഞാൻ പകൽ പറഞ്ഞതാണ് എന്നോട് അഭ്യാസം കാണിക്കരുത്, ഭക്ഷണം കഴിച്ചിട്ട് പോയി കിടന്നുറങ്ങ്. ഞാൻ ഒരക്ഷരം മിണ്ടാതെ ടേബിളിൽ പോയിരുന്നു ഭക്ഷണം കഴിച്ചു തിരിച്ച് മുഖവും കഴുകി കട്ടിലിൽ കയറി കിടന്നു. കൈ വേദന കൂടുതലാണ്. അവരുടെ ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു. അമ്മൂമ്മ മുറിയിൽ കയറി വാതിൽ ചാരി. കിളി വാതിൽക്കൽ തന്നെ. ഭഗവാനെ ഇന്നെന്താണ് പരിപാടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിൻ്റെ സിംബൽ കേട്ട് തുടങ്ങി.. ഞാൻ വാതിൽക്കലേക്ക് നോക്കി, അനക്കമൊന്നുമില്ല. സമാധാനമായി, ഉറങ്ങി എന്ന് തോന്നുന്നു. ഞാൻ തലയിണയിൽ നിന്നും താഴെയിറങ്ങി മലർന്നു കിടന്നു. തലയുടെ മുകളിൽ 2 തലയണ കൂട്ടി, കൈ അതിൽ വച്ചു. ഈ കിടപ്പിൽ കൈ വേദനയ്ക്ക് കുറവുണ്ട്. കുറച്ചു ദിവസങ്ങളായുള്ള ഉറക്കത്തിൻ്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി.

ഞാനും അമ്മൂമ്മയും ഡൈനിംഗ് ടേബിളിൽ ഇരുന്ന് കട്ടൻ കുടിക്കുന്നതിനിടയിൽ അമ്മൂമ്മ :- കിളിയെ കൊണ്ടു ചെന്ന് നാളെ ആക്കാം. ഞാൻ:- നാളെയല്ലേ അവർ കാണാൻ വരുന്നത്, ഇന്നു തന്നെ കൊണ്ടുപോയി ആക്കണം അവര് വലിയ പൈസക്കാരല്ലെ. ആ ചെക്കന് ഇങ്ങനെ നിൽക്കുന്നതും

പിടിക്കില്ല. അമ്മൂമ്മ :- ശരിയാണ്. ഞാനൊന്നു കൊച്ചുത്രേസ്യയുടെ വീടുവരെ പോയി വന്നിട്ട് കൊണ്ടു ചെന്നാക്കാം. അയാൾക്ക് അസുഖം കൂടുതലാണ് എന്ന് പറയുന്നത് കേട്ടു ഞാൻ പോയി വരുമ്പോഴേക്കും എന്തെങ്കിലും സംഭവിച്ചാലോ. മോളെ വേഗം ആയിക്കോ ഞാനിപ്പോൾ വരാം. എന്നു പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി. കുറച്ചുനേരം കൂടി അവിടെ ഇരുന്നിട്ട് എഴുന്നേറ്റ് മാറുന്നതിനിടയിൽ എൻറെ കാലുകൾ ഡൈനിംഗ് ടേബിളിൽ തട്ടി മലർന്നു വീണു. എഴുന്നേൽക്കാൻ പറ്റുന്നില്ല പരമാവധി ശ്രമിച്ചു നോക്കി നടക്കുന്നില്ല. പെട്ടെന്ന് കിളി ഓടി വന്നു രണ്ടു കൈകളിലും ചവിട്ടി പിടിച്ചു. കിളി :- തക്കത്തിന് കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഇപ്പോൾ അവസരം വന്നു.നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എൻറെ കാര്യത്തിൽ ഇടപെടരുതെന്ന്. ഞാൻ:- കിളി എഴുന്നേൽക്കാൻ വയ്യ എന്നെ ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കു. കിളി :- അവിടെ കിടക്ക്, നിനക്ക് ഇത് തന്നെ വേണം. നിനക്ക് തരാൻ ഉള്ളത് ഞാൻ ഇപ്പോൾ തന്നെ തരാം. എന്നു പറഞ്ഞു മറച്ചു പിടിച്ചിരുന്ന കത്തിയെടുത്തു. കിളി :- അന്നേ നിന്നെ തീർക്കേണ്ടി ഇരുന്നു. പക്ഷേ കയ്യിൽ ആയിപ്പോയി. നീ രക്ഷപ്പെട്ടത് കൊണ്ടാണ് ഞാൻ വീണ്ടും ഇവിടെ വന്നത്. ഞങ്ങളുടെ ജീവിതത്തിൽ നീ ഒരു ശല്യമായി നിൽക്കരുത്. ഇതും പറഞ്ഞ് നെഞ്ചിൽ ചവിട്ടി തള്ളവിരൽ കൊണ്ട് കൂമ്പിന് അമർത്തി. അതിനുശേഷം രണ്ടു കൈകളും ചവിട്ടി ഞെരിച്ചു. ഞാൻ അയ്യോ അയ്യോ എന്ന് കരഞ്ഞു. കിളി:- ഛീ ….. മിണ്ടല്ലേടാ ….. കരഞ്ഞാൽ കൊന്നുകളയും. അന്ന് ഞാൻ വീശിയത് വയറിനെ ലക്ഷ്യമാക്കിയാണ്. ലക്ഷ്യം തെറ്റിപ്പോയി. എന്നാലും ചോര പോകുന്നത് കണ്ടപ്പോൾ നീ തട്ടി പോകുമെന്ന് കരുതി. അതുകൊണ്ട് തന്നെയാണ് ഞാൻ തിരിഞ്ഞു നോക്കാതെ ഇരുന്നത്. അടുത്ത ചവിട്ട് വയറ്റിലാണ്. ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു ഞാൻ :- അയ്യോ കിളി ഞാൻ ഒന്നും ചെയ്യില്ല….. അയ്യോ അയ്യോ എന്നെ കൊല്ലല്ലേ……. ഇതൊന്നും കേൾക്കാതെ വീണ്ടും കാലുകൾ പൊക്കി മുഖത്ത് ഒരു ചവിട്ട്. അതോടെ വായിൽ മുഴുവൻ ചോര. മൂക്കിൽ നിന്നും വരുന്നുണ്ടോ എന്നൊരു സംശയം. വീണ്ടും കാലുകൾ കൈകളിലേക്ക് തന്നെ കൈകൾ കൂടുതൽ ചവിട്ടിമെതിച്ചു. ഭദ്രകാളി എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കാണുന്നു. ഞാനോർത്തു അമ്മൂമ്മ പോയിട്ട് കുറെ നേരമായി എന്നിട്ടും വന്നില്ല. അമ്മുമ്മ വരുമ്പോഴേക്കും എൻറെ ജീവൻ പോകും. കിളി :- ഞാൻ കൂടുതൽ സൗകര്യത്തിൽ, രാജിയെ പോലെ വാഴുമ്പോൾ ഒഴിയാബാധയായി നീ പാടില്ല. ഞങ്ങളുടെ ജീവിതത്തിൽ ഒരു കല്ലുകടി ഉണ്ടാകരുത്. അതിന് നീ ജീവിച്ചിരിക്കാൻ പാടില്ല. നിന്നെ തഞ്ചത്തിൽ കൊല്ലാൻ വേണ്ടിയാണ് ഞാൻ കുറെ കഥകളൊക്കെ പറഞ്ഞത്. പക്ഷേ നീ അത് വിശ്വസിച്ചില്ല. ഇവിടെ വന്നു ആദ്യത്തെ ദിവസം കട്ടൻചായയിൽ പോയ്സൺ കലക്കിയതാണ്, അപ്പോൾ നീ കട്ടൻ കുടി നിർത്തിയെന്ന് വല്യമ്മ പറഞ്ഞു. അടുത്തദിവസം ചായയുടെ പലഹാരത്തിൽ ചേർത്തു. അന്നു നീ അത് വിശപ്പില്ല എന്നുപറഞ്ഞ് കഴിച്ചില്ല. പിന്നീട് അവസരങ്ങളൊന്നും ഒത്തുവന്നില്ല. ഇതൊക്കെ കേട്ട് ഞാൻ നിർജീവമായി അങ്ങനെ കിടന്നു. ഈ പെണ്ണ് ഇത്രയും ക്രൂരയാെണൊ? എൻറെ വായിൽ നിന്നും ചോരയും ഉമിനീരും ആയി ഒഴുകിയിറങ്ങുന്നു. മൂക്കിൽ നിന്നും വരുന്നുണ്ട്, മൂക്ക് അടഞ്ഞു പോയി.

സംസാരിക്കുന്നതിനിടയിൽ എന്നെ മൊത്തം ചവിട്ടിമെതിക്കുകയായിരുന്നു. ഏതാണ്ട് സംഹാരതാണ്ഡവം പോലെ. ഞാൻ പകുതി ചത്ത നിലയിലായി. എന്തിനാണ് ഈ പ്രവർത്തി ചെയ്യുന്നത് എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഇപ്പോൾ ഞാൻ ഒന്നും പറഞ്ഞതുമില്ല. അസൂയ കൊണ്ട് ഞാൻ കളിയാക്കി എന്ന് വിചാരിച്ച് ആയിരിക്കും ഈ സംഹാരതാണ്ഡവം. എനിക്ക് സംസാരിക്കാൻ ഉള്ള ശക്തി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കിളി കുനിഞ്ഞ് തലമുടിയിൽ പിടിച്ചു തറയിൽ ഇടിച്ചു. തല രണ്ടായി പിളർന്നു പോകുന്നതുപോലെ തോന്നി. കിളി:- ഞങ്ങൾ സ്വസ്ഥമായ ജീവിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നീ എപ്പോഴെങ്കിലും കയറിവന്നു പഴയ സംഭവങ്ങൾ പറഞ്ഞാൽ അതോടെ എൻറെ ജീവിതം തകരും. അതുകൊണ്ട് നിന്നെ വെറുതെ വിടാൻ പറ്റില്ല. ഞാൻ ഉത്സവത്തിന് പോയി വന്നപ്പോൾ നിന്നോട് കാണിച്ച അകൽച്ച കണ്ടെങ്കിലും നീ ഒഴിഞ്ഞു മാറും എന്ന് കരുതി. പക്ഷേ അടുത്ത ദിവസം വന്നു നീ എൻറെ തോളത്ത് പിടിച്ചപ്പോൾ മനസ്സിലായി നീയൊരു ശകുനം മുടക്കി ആണെന്ന്. അതുമല്ല എൻറെ ചേട്ടനെ പറ്റി പറഞ്ഞു ചിരിക്കാൻ നീയാരാടാ. നിന്നോട് ഞാൻ പല ആവർത്തി പറഞ്ഞു വേണ്ടായെന്നു. നീ അത് കേട്ടില്ല, ഇപ്പോഴും അത് ആവർത്തിച്ചു. എനിക്ക് ഒന്നും പറയാനുള്ള ശക്തിയില്ലായിരുന്നു. ഈ ഭദ്രകാളി ഇതൊക്കെ ചെയ്തിട്ടും ഞാൻ അനങ്ങാതെ കിടന്നു. അത് എന്തുകൊണ്ടാണെന്ന് ഓർത്തിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ചെയ്ത തെറ്റിൻ്റെ കാര്യം ഓർത്തിട്ട് ആണോ? അതോ ഭദ്രകാളിയെ പിന്നെയും സ്നേഹിക്കുന്നതുകൊണ്ടൊ? ഒന്നും അറിയില്ല. പക്ഷേ ഈ ഭദ്രകാളിക്ക് എന്നോട് അശേഷം സ്നേഹമില്ലെന്ന് ഇതോടെ ബോധ്യമായി. എന്നിട്ടും ഒന്ന് പ്രതികരിക്കാനാവാതെ നിശ്ചലം കിടന്നു കൊടുക്കുന്നു. ഇപ്പോൾ പ്രതികരിക്കാനുള്ള ശക്തിയും നഷ്ടപ്പെട്ടു. പാതി ജീവനായി. അമ്മൂമ്മ വന്നിരുന്നെങ്കിൽ ജീവനെങ്കിലും രക്ഷപ്പെടുമായിരുന്നു. അതിനും സാധ്യതകൾ കുറഞ്ഞുവരുന്നു. കിളി:- എന്താടാ മിണ്ടാത്തത്……. നിൻറെ നാവിറങ്ങിപ്പോയോ…… കുറച്ചുനേരത്തെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. വല്യമ്മ യോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ആ നാവ് എന്തിയേ? ആ കിടപ്പ് കണ്ടില്ലേ പാവത്താനെ പോലെ. ഇതും പറഞ്ഞ് നെഞ്ചിൻ കൂടിന് ഒരു ചവിട്ടു തന്നു. അപ്പോൾ വായിൽ നിന്നും ‘ഹമ്മേ’ എന്ന ശബ്ദം പുറത്തേക്കു വന്നു. എൻറെ ശബ്ദം കുഴഞ്ഞു കുഴഞ്ഞു പോകുന്നുണ്ട് ഞാൻ :- അയ്യോ എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്…… ഞാൻ ഒരു ഉപദ്രവം നിൽക്കില്ല…….. എന്നെ വെറുതെ വിട്…….. അയ്യോ……… അമ്മേ…….. ഞാനിപ്പോൾ ചാകും…….. ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വരില്ല…….. സത്യമായിട്ടും…….. ഒരു കാരണവശാലും ഞാൻ ആ ഭാഗത്തേക്ക് വരില്ല………… എന്നെ ഒന്നും ചെയ്യല്ലേ കിളി കത്തിയുമായി കുനിഞ്ഞ് കുത്താനാഞ്ഞിട്ട് രണ്ടു കവിളിലും മാറി മാറി അടിച്ചു ഞാൻ :- കിളി എന്നെ ഒന്നും ചെയ്യരുത്…….. ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല……. അയ്യോ കിളി അടിക്കല്ലെ….. എന്നെ കുത്തല്ലേ……. അയ്യോ എന്നെ കൊല്ലുന്നേ……. എന്ന് കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അടി തുടർന്നുകൊണ്ടേയിരുന്നു രണ്ടു കവിളിലും മാറി മാറി അടിക്കുന്നു. ഭദ്രകാളിയെ പോലെ അലറുന്നു.ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എൻറെ ബോധം മറഞ്ഞുകൊണ്ടിരുന്നു.

തുടരും

Comments:

No comments!

Please sign up or log in to post a comment!