The Shadows 2

Previous Parts Of this Story | Part 1 |

“സാർ,” ഇടയിൽകയറി രവി വിളിച്ചു.

“എന്താടോ..”

“മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണമെന്നു പറയുന്നു.”

“മ്, ശരി, ജോർജെ, താൻ എല്ലാവരുടെയും മൊഴിരേഖപ്പെടുത്തി പോസ്റ്റ്മോർട്ടത്തിനുള്ള നടപടിക്രമങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്..”

ഹോസ്റ്റൽവാർഡന്റെ മൊഴി രേഖപ്പെടുത്തുന്ന ജോർജിനെ നോക്കിക്കൊണ്ട് ജയശങ്കർ പറഞ്ഞു.

“ശരി സർ..”

ശേഷം ജയശങ്കർ റെവന്യൂമന്ത്രി പോളച്ചനെ കാണാൻ പോയി. വിസിറ്റിംഗ് റൂമിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം മന്ത്രി പോളച്ചൻ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് മരണപ്പെട്ട നീനയുടെ അമ്മയെന്നുതോന്നിക്കുന്ന സ്ത്രീ കരഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ട്.

“സർ.” ജയശങ്കർ സല്യൂട്ടടിച്ചു മിനിസ്റ്ററുടെ മുൻപിൽ വന്നുനിന്നു.

“ആ, എന്തായാടോ.?” പോളച്ചൻ മുഖമുയർത്തി നോക്കി.

“സർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആത്മഹത്യ…” ജയശങ്കർ പറഞ്ഞു തുടങ്ങിയപ്പോഴേക്കും തളർന്നിരിക്കുന്ന ആ സ്‌ത്രീ അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

“സോറി സർ.”

“മ്..മോൾടെ അപ്പനും അമ്മയുമാ…”

മിനിസ്റ്റർ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു.

“വർഗീസേ, ഇവളേംകൂട്ടി അപ്പുറത്തേക്ക് പോ.” പോളച്ചൻ നീനയുടെ അപ്പച്ചനോട് പറഞ്ഞു.

വർഗീസ് അവരെ തോളിൽ ചേർത്തുപിടിച്ചുകൊണ്ട് അകത്തേക്കുപോയി.

“മ്, താൻ പറ.” സോഫയിലേക്കിരുന്നുകൊണ്ടു പോളച്ചൻ പറഞ്ഞു.

“സർ, ആത്മഹത്യാകുറിപ്പോ, ആണെന്ന് തോന്നിക്കുന്ന മറ്റെവിടൻസോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യൽ തുടരുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലെ എന്തെങ്കിലും പറയാൻ സാധിക്കൂ.”

” മ്, ഒരു പ്രശ്നത്തിലും ചെന്നുചാടാത്ത കുട്ട്യാ, എങ്ങനെ തോന്നി അവൾക്ക്.”

പോളച്ചൻ ഈറനണിഞ്ഞ മിഴികളെ വലതുകൈയാൽ തുടച്ചുനീക്കിക്കൊണ്ട് പറഞ്ഞു.

“സർ എന്നാ ഞാനങ്ങോട്ട്…” പോകാനുള്ള അനുമതിക്കുവേണ്ടി ജയശങ്കർ നിന്നു.

“മ്.. ഞാൻ വിളിപ്പിക്കാം ഔദ്യോഗികമായി.”

“സർ.” ജയശങ്കർ സല്യൂട്ടടിച്ച് വീണ്ടും മൊഴി രേഖപെടുത്തുന്ന ഹാളിലേക്ക് ചെന്നു. ജോർജ് രേഖപ്പെടുത്തിയ മൊഴികൾ ജയശങ്കർ വീണ്ടും വീണ്ടും ആവർത്തിച്ചു വായിച്ചു. ആരുടെ മൊഴിയിലും അസ്വാഭാവികമായ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.

“എവിടാ നീനയുടെ റൂം.” ഫയൽ ജോർജിന്റെ കൈയിലേക്ക് തിരിച്ചേല്പിച്ചുകൊണ്ടു ജയശങ്കർ ചോദിച്ചു.

“സർ, നാലാം നിലയിലാണ്.

റൂം നമ്പർ ഫോർ കെ.” മുകളിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് വാർഡൻ പറഞ്ഞു.

“എനിക്കാമുറിയൊന്നു പരിശോധിക്കണം.”

“വരൂ സർ,”

വാർഡൻ എസ് ഐ ജയശങ്കറിനെയും മറ്റ് കോൺസ്റ്റബിൾമാരെയും കൂട്ടി നീനയുടെ മുറിയിലേക്കു നടന്നു.

കോണിപ്പാടികൾ ഓരോന്നായി തള്ളിനീക്കുമ്പോഴും മുന്നോട്ട് നയിക്കാനുള്ള തെളിവുകൾ കിട്ടുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു ജയശങ്കറിന്.

“സർ ഇതുവഴി.” വാർഡൻ കാണിച്ച വഴിയിലൂടെ അവർ മുന്നോട്ട് നടന്നു.

ഫോർ കെ എന്ന മുറിയിലേക്ക് വാർഡൻ ആദ്യംകയറി. ശേഷം ജയശങ്കറും രവിയും ജോർജും.

നാല് കട്ടിലുകൾ. അതിൽ ജാലകത്തിനോട് ചാരിയായിരുന്നു നീനയുടെ കട്ടിൽ കിടന്നിരുന്നത്. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാൽ ഒരു സ്വകാര്യവ്യക്തിയുടെ വാഴത്തോട്ടമാണ്.

“ഈ റൂമിലുള്ള ബാക്കി മൂന്നുപേരെവിടെ വിളിക്കൂ അവരെ.” ജയശങ്കർ വാർഡനോടായി പറഞ്ഞു. ശരിയെന്നഭാവത്തിൽ അവർ വേഗം താഴേക്കുപോയി ഉടനെതന്നെ തിരിച്ചുവന്നു. കൂടെ നീനയോടൊപ്പം താമസിച്ചിരുന്ന മറ്റ് മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു. മുറിയിലേക്ക് കടന്നുവന്ന് അവർ മൂന്നുപേരും നിരന്നുനിന്നു. നീനയുടെ വേർപാട് അവരെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് അവരുടെ മുഖത്തുനിന്ന് ജയശങ്കറിന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.

“എന്താ നിങ്ങടെ പേര് ?.. ജയശങ്കർ മൂന്നുപേരുടെ മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.

“ജിനു,

“അക്സ”

“അതുല്യ”

“നീന ആത്മഹത്യ ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കുണ്ടോ?

“ഇല്ല സാർ, ഇതുവരെ അങ്ങനെ ഒരു സംസാരം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.”

ജിനു ആയിരുന്നു ജയശങ്കറിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകിയത്.

“പ്രണയം ഉണ്ടായിരുന്നോ അവൾക്ക്.?” എസ് ഐ വീണ്ടും ചോദിച്ചു.

“സർ, അവളുടെ ചേച്ചി ഇവിടെതന്നെയാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പ്രണയമോ മറ്റു ബന്ധങ്ങളോ അവൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഞങ്ങൾക്ക് മനസിലായിട്ടുള്ളത്. കൂടെ കൂടെ അവളുടെ ചേച്ചി ഇവിടേക്ക് വരും. നീനയുടെ കാര്യത്തിൽ അത്രക്ക് ശ്രദ്ധയുണ്ടായിരുന്നു നീതുചേച്ചിക്ക്.

അക്‌സ സംസാരിക്കുന്നതിനിടയിൽ ജോർജ് നീനയുടെ കട്ടിലും അതിനോട് ചേർന്നുകിടക്കുന്ന ചെറിയ അലമാരെയും പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“സർ, ഒന്നുല്ല.” ജോർജ് പറഞ്ഞു.

“ഷിറ്റ്..! ” ജയശങ്കർ അടുത്തുള്ള മേശയിൽ മുഷ്ഠി ചുരുട്ടി ആഞ്ഞടിച്ചു.

“ശരി നിങ്ങൾ പൊയ്ക്കോളൂ, ആവശ്യം വരുമ്പോൾ ഞാൻ വിളിപ്പിക്കാം.


“ശരി സർ” ജിനുവും, അക്സയും, അതുല്യയും ഡോർ തുറന്ന് പുറത്തേക്ക് നടന്നു.

നീനയുടെ മൃതദേഹവുമായി ആംബുലൻസ് ഇന്ദിര വിമൻസ് ഹോസ്റ്റലിൽനിന്നും ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയ ജയശങ്കറിനുചുറ്റും മാധ്യമപ്രവർത്തകർ തടിച്ചുകൂടി. കൂടെ അർജ്ജുനും ആര്യയും ഉണ്ടായിരുന്നു.

“സർ, ഇതൊരു ആത്മഹത്യയാണോ?അതോ കൊലപാതകമോ?”

“ആത്മഹത്യകുറിപ്പോ മറ്റെന്തെങ്കിലും കിട്ടിയോ?

ചോദ്യങ്ങൾ നാലുഭാഗത്തുനിന്നും ഉയർന്നു.

“സീ, പരിശോധന തുടരുന്നുണ്ട്. കുറിപ്പോ അനുബന്ധതെളിവുകളോ കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുവേണ്ടി കാത്തിരിക്കാം.”

“ആത്മഹത്യാകുറിപ്പ് കിട്ടാത്ത ഈ അവസരത്തിൽ നീനയുടെ മരണം ദുരൂഹത ഉയർത്തുന്ന ഒന്നാണോ സർ. ?

ചാനൽ ‘ബി’യുടെ മൈക്കുപിടിച്ചുകൊണ്ടു ആര്യ ചോദിച്ചു.

“ഞങ്ങൾ അന്വേഷിക്കട്ടെ എന്നിട്ട് വിശദമായറിപ്പോർട്ട് നിങ്ങൾക്ക് തരാം.ഓക്കെ.”

അത്രെയും പറഞ്ഞുകൊണ്ട് ജയശങ്കർ പുറത്തുകിടക്കുന്ന പോലീസ് ജീപ്പിനുള്ളിലേക്ക് കയറി.

“അർജ്ജുൻ ദേ അവിടെ നിൽക്ക്. ഓക്കെ. സ്റ്റാർട്ട്.”

മൈക്ക് പിടിച്ചുകൊണ്ട് ആര്യ നിന്നു.

“ഇന്ന് പുലർച്ചയാണ് സീപോർട് എയർപോർട്ട് റോഡിലുള്ള ഇന്ദിരാവിമൻസ് ഹോസ്റ്റലിലെ അടുക്കളയിൽ നീന എന്ന പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലാത്തതുകൊണ്ട് നീനയുടെ മരണത്തിൽ ദുരൂഹതയേറുന്നു. സംഭവസ്ഥലത്തുനിന്നും ക്യാമറമാൻ അർജ്ജുവിനൊപ്പം ആര്യ ലക്ഷ്മി ബി ന്യൂസ്.

ക്യാമറ ഓഫ്‌ചെയ്ത് അർജ്ജുൻ അല്പനേരം മൗനമായി നിൽക്കുന്നതുകണ്ട ആര്യ അവന്റെ തോളിൽതട്ടി കാരണം ചോദിച്ചു..

“എന്നാലും ഒരു ആത്മഹത്യകുറിപ്പ് പോലുംവക്കാതെ ആ കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താകും.? അതാണ് ഞാൻ ആലോചിക്കുന്നത്.

“എന്തായാലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെ” ആര്യ അവനെ ആശ്വസിപ്പിച്ചു.

“മ്, വരട്ടെ, എന്തായാലും വാ നമുക്ക് സ്റ്റുഡിയോയിലേക്ക് പോകാം ടെലികാസ്റ്റ്ചെയ്യാനുണ്ട്.”

അർജ്ജുൻ അവളെവിളിച്ചുകൊണ്ടു ചാനലിലേക്ക് പോയി.

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് നീനയുടെ ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്തിന് അവൾ ആത്‍മഹത്യചെയ്തു എന്ന ചോദ്യംമാത്രം ബാക്കിയാക്കി ഇടവകയിലെ കുടുംബകല്ലറയിൽ അവർ അവളെ അടക്കംചെയ്തു.

പിറ്റേന്ന് വൈകിട്ട് എസ് ഐ ജയശങ്കറിന്റെ ഫോണിലേക്ക് മിനിസ്റ്ററുടെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി വിളിച്ചു.


“എടോ ജയശങ്കറെ താനിന്നുരാത്രി ഗസ്റ്റ് ഹൗസിലേക്ക് ഒന്നുവരണം.”

“ഉവ്വ് സർ, വരാം.”

ഫോൺ കട്ട് ചെയ്ത് മേശപ്പുറത്തുവച്ച നീനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പലതവണ അയാൾ വായിച്ചുനോക്കി. അവസാനം ഒരുചോദ്യം മാത്രം അവശേഷിച്ചു. ‘എന്തിനുവേണ്ടി അവൾ ആത്മഹത്യ ചെയ്‌തു.’

ഫയൽമടക്കി ഹാൻഡ്ബാഗിൽ വച്ചിട്ട് ജയശങ്കർ ജീപ്പെടുത്ത് ഹാൻഡ്ബാഗുമായി വീട്ടിലേക്കുപോയി.

ശേഷം അയാൾ അവിടെനിന്ന് ഇടപ്പള്ളിയിലുള്ള പോളച്ചന്റെ ഗസ്റ്റ്ഹൗസ് ലക്ഷ്യമാക്കി ജീപ്പ് ഓടിച്ചു.

ഐയ്ഞ്ചൽ എന്നപേരുള്ള വീടിന്റെ മുൻപിൽ ജീപ്പ് നിറുത്തി ജയശങ്കർ ഗേറ്റ്തുറന്നു അകത്തേക്കുകയറി.

മുറ്റത്ത് ചെറിയ പുൽത്തകിടുകൾ വച്ചുപ്പിടിപ്പിച്ച് അതിനുചുറ്റുഭാഗവും ചെടിച്ചട്ടികൾ വച്ചിരിക്കുന്നു. പലനിരത്തിലുള്ള പനിനീർപൂക്കൾ നിലാവെളിച്ചത്തിൽ പുഞ്ചിരിപൊഴിച്ചു നിൽക്കുന്നുണ്ടയിരുന്നു.

ഉമ്മറത്തേക്ക് കയറിച്ചെന്നപ്പോൾ അകത്തേക്കുള്ള വാതിൽ തുറന്നുകിടക്കുന്നുകണ്ട ജയശങ്കർ ആ വാതിലിലൂടെ അകത്തേക്കു പ്രവേശിച്ചു. ഹാളിൽ മിനിസ്റ്റർ പോളച്ചനും ഐജി ചെറിയാൻ പോത്തനും. പിന്നെ കുറച്ചു രാഷ്‌ട്രീയ പ്രവർത്തകരും നീനയുടെ അപ്പച്ചനും ഉണ്ടായിരുന്നു.

“ആ, താനോ, വാടോ ” ഐജി ചെറിയാൻ പോത്തൻ അയാളെ കൈനീട്ടി മാടിവിളിച്ചു.

ജയശങ്കർ സല്യൂട്ടടിച്ച് അവർക്ക് സമാന്തരമായി നിന്നു.

“എടോ ജയശങ്കറെ തന്നെ വിളിപ്പിച്ചത് മറ്റൊന്നിനുമല്ല. എന്റെ കൊച്ച് ഞങ്ങളെവിട്ടുപോയിട്ട് നാൽപ്പത്തെട്ടുമണിക്കൂർ ആകുന്നു. എന്തായി അന്വേഷണം. അതറിയാൻ വേണ്ടിയാണ് ഞാൻ തന്നെ വിളിപ്പിച്ചത്.”

“സർ” ജയശങ്കർ കൈയിലുള്ള ഫയൽ തുറന്നു.

“താനിരിക്കടോ.” ഐജി അടുത്തുള്ള സോഫയിലേക്ക് ഇരിക്കാൻ അയാളെ നിർബന്ധിച്ചു. വിനയത്തോടെ ജയശങ്കർ സോഫയിലേക്ക് ഇരുന്നു.

“സർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് രാവിലെയാണ് കിട്ടിയത്. നീനയുടെ ബോഡി ആദ്യംകണ്ട വത്സലയുടെ മൊഴിയിൽ പറയുന്നത്. അവർ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ഭക്ഷണമുണ്ടാക്കാൻ ചെന്നപ്പോഴാണ് നീന ഫാനിൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഉടനെ വാച്ച്മാനെ വിവരം അറിയിക്കുകയും അയാൾ പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം പറയുകയയും ചെയ്തു. സർ, ഞാൻ ആ ഹോസ്റ്റലിന്റെ പുറത്തുകടക്കാനുള്ള എല്ലാ വാതിലുകളും പരിശോദിച്ചു. അസ്വാഭാവികമായ ഒന്നുമില്ല.

പിന്നെ നീനയുടെ റൂം, മൊബൈൽ ഫോൺ, കൂട്ടുകാരുടെ വിവരങ്ങളും പരിശോധിച്ചു. അവസാനം വിളിച്ചത് അവളുടെ അമ്മയെയാണ്.
അതുകഴിഞ്ഞ് ഭക്ഷണം കഴിക്കാൻ റൂംമേറ്റ്സ് ആയ ജിനു,അക്സ, അതുല്യ എന്നിവരോടൊപ്പം ഭക്ഷണം കഴിച്ച് പത്തുമണിയായപ്പോഴേക്കും മുറിയിലേക്ക് തിരിച്ചുകയറി. പോസ്റ്റുമോർട്ടംറിപ്പോട്ടിൽ പറയുന്നത് മരണം നടന്നത് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ്. ബലപ്രയോഗം നടന്നതായിട്ട് റിപ്പോർട്ടിലൊന്നും പറയുന്നുമില്ല. ഇടതുകവിളിൽ ആരോ അടിച്ച പാടുകൾ ഉണ്ട്. അന്വേഷിച്ചപ്പോൾ ‘അമ്മയുമായി രണ്ടുദിവസം മുൻപ് മൊബൈൽ സംബന്ധിച്ച് ഒരു പ്രശ്നം ഉണ്ടായിരുന്നു അതിന്റെ ഭാഗമായി ‘അമ്മ അടിച്ചതാണ് അതെന്ന് അമ്മയുടെ മൊഴിഉണ്ട്.”

“ശരിയാണ്, ഇരുപത്തിനാല് മണിക്കൂറും അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചു പാട്ടുകേൾക്കും അതു ചോദ്യം ചെയ്യുമ്പോൾ ഞാനുമുണ്ട് അവിടെ.” നീനയുടെ അപ്പച്ചൻ ഇടയിൽ കയറി പറഞ്ഞു.

ജയശങ്കർ തുടർന്നു

” ചിലപ്പോൾ അതായിരിക്കാം ഒരു കാരണം. നീന അമ്മക്ക് അവസാനം വിളിച്ചുവച്ച സമയം പതിനൊന്നര. അതിനുശേഷം ആത്മഹത്യ. എന്റെ ഊഹം ശരിയാണെങ്കിൽ അമ്മയുടെ പ്രകോപനം ആയിരിക്കാം ചിലപ്പോ…” ജയശങ്കർ പറഞ്ഞുനിർത്തി.

“മ്, ശരി.. താൻ പൊയ്ക്കോ ഞാൻ വിളിപ്പിക്കാം.” ഐജി ചെറിയാൻ പോത്തൻ പറഞ്ഞു.

“സർ” ജയശങ്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് സല്യൂട്ടടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു. അയാൾ പടിയിറങ്ങിപോയെന്ന് ഉറപ്പാക്കിയതോടെ പോളച്ചൻ ഐജിയെ നോക്കി പരിഹാസത്തോടെ നോക്കി.

“ഇതുപോലെയുള്ള കിഴങ്ങൻമ്മാർ വേറെ ഉണ്ടോടോ പോത്താ”

“സർ”

“മരിച്ചത് എന്റെ കൊച്ചുമോളാണ് പതിനാല് ദിവസത്തിനുള്ളിൽ എനിക്ക് അറിയണം എന്റെ കൊച്ച് മരിക്കാനുള്ള വ്യക്തമായകാരണം. കൊള്ളാവുന്ന ആരെങ്കിലും വച്ച് അന്വേഷിക്കടോ.”

മിനിസ്റ്റർ പോളച്ചൻ എഴുന്നേറ്റ് അകത്തേക്കുപോയി.

×××××

നിറുത്താതെയുള്ള ഫോൺബെൽ കേട്ട് അർജ്ജുൻ കുളിമുറിയിൽ നിന്നും ഈറനോടെ മുറിയിലേക്ക് കടന്നുവന്നു.

“എന്റെ വൈഗേ ഞാനൊന്ന് കുളിക്കട്ടെ.?” ഫോൺ എടുത്ത് വലതുചെവിയോട് ചേർത്തുവച്ചുകൊണ്ടു പറഞ്ഞു.

“എനിക്ക് ഇപ്പൊ കാണണം ഞാൻ പതിവ് കോഫീ ഷോപ്പിൽ ഉണ്ടാകും. വേഗം വാ”

“മ് ശരി, ഒരു അരമണിക്കൂർ.”

കുളികഴിഞ്ഞ് അർജ്ജുൻ പതിവ് കോഫീഷോപ്പിന്റെ പാർകിങ്ങിൽ ബൈക്ക് ഒതുക്കിനിർത്തി ഷോപ്പിനുള്ളിലേക്ക് കടന്നു. ടേബിൾ നമ്പർഅഞ്ചിൽ വൈഗ ഇരിക്കുന്നുണ്ടായിരുന്നു.

ഓറഞ്ച് നിറമുള്ള ചുരിദാർ. ഇളംപച്ചനിറത്തിലുള്ള ഷാൾ അതിനെ ആവരണം ചെയ്തിരിക്കുന്നു.

അവൾക്ക് സമാന്തരമായി ഇരിക്കുന്ന കസേര വലിച്ചിട്ട് അർജ്ജുൻ അവിടെ ഇരുന്നു.

“എന്തിനാ വരാൻ പറഞ്ഞത്. വേഗംപറയ് ഒരു നൂറുകൂട്ടം പണിയുണ്ട്.”

“എന്നാ പൊയ്ക്കോ പണികഴിഞ്ഞുവാ. അപ്പോഴേക്കും എന്റെ കഴുത്തിൽ മറ്റാരെങ്കിലും താലി കെട്ടിയിട്ടുണ്ടാകും. ഹും.”

“പിണങ്ങല്ലേ..” അർജ്ജുൻ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

“ഡി പെണ്ണേ ഇപ്പൊ എനിക്ക് നീനയുടെ കേസാണ് നോക്കാനുള്ളത്. അന്വേഷണഉദ്യോഗസ്ഥനെ മാറ്റി എന്നുപറഞ്ഞു ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എനിക്ക് തോന്നുന്നു അവളെ ആരോ …”

“അതുപറയാൻ വേണ്ടിയിട്ടാണ് ഞാൻ വിളിപ്പിച്ചത്. ആ കുട്ടിയെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. “

“എവിടെ വച്ചിട്ട്” അർജ്ജുൻ ആകാംഷയോടെ ചോദിച്ചു.

“രണ്ടുദിവസം മുൻപ് ഓഫിസിലേക്ക് വന്നിരുന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.”

“അതേതു ചെറുപ്പക്കാരൻ. നിനക്ക് എങ്ങനെ മനസിലായി അത് നീനയാണെയെന്ന്.”

അർജ്ജുൻ ഒറ്റശ്വാസത്തിൽ ചോദിച്ചു.

“ബുർക്കയായിരുന്നു വേഷം ഓഫീസ്സ്റ്റാഫ് ജ്യൂസ് കൊടുത്തപ്പോൾ അതുകുടിക്കാൻ വേണ്ടി അവൾ മുഖത്തിന്റെ മറ നീക്കി. അപ്പോൾ കണ്ടതാണ്.”

“അപ്പൊ എന്റെ ഊഹം ശരിയാണ് നീന ആത്മഹത്യ ചെയ്തതല്ല.”

ഡിജിപിയുടെ മുറിയിലേക്കുള്ള ഹാൾഫ് ഡോർ തുറന്ന് ഐജി അകത്തേക്കുകയറി.

“ആ, തന്നോടുവരാൻ പറഞ്ഞത് മറ്റൊരു കാര്യത്തിനാണ്. മിനിസ്റ്റർ പോളച്ചൻ വിളിച്ചിരുന്നു. ആ കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിക്കാൻ പറഞ്ഞു.”

“ഹാ അടിപൊളി. ഇനിയിപ്പ ആരെ ഏൽപ്പിക്കും സർ.” ചെറിയാൻ പോത്തൻ ചിന്താകുലനായി ഡിജിപിയുടെ എതിർ ദിശയിലുള്ള കസേരയിൽ ഇരുന്നു.

“എടോ നമ്മുടെ ആ പഴയ ഐ പി സ് എവിടെ?

“ആര് സർ, വെണ്മല കൊലപാതകം അന്വേഷിച്ച ഓഫീസറോ? അയാൾ സസ്‌പെൻഷനിലാണ് സർ. കഴിഞ്ഞമാസം അസിസ്റ്റന്റ് കമ്മീഷ്ണറെ തല്ലിയ കേസുണ്ടായിരുന്നു.” ചിരിച്ചുകൊണ്ട് ഐ ജി പറഞ്ഞു.

“അയാൾക്ക് പണ്ടേ രണ്ടുതല്ലിന്റെ കുറവുണ്ടായിരുന്നു. താനൊരു കാര്യംചെയ്യ്, സസ്‌പെൻഷൻ പിൻവലിച്ചിട്ട് ക്രൈംബ്രാഞ്ചിലേക്ക് തിരികെ വിളിച്ചേക്ക് ഓക്കെ.”

“സർ,” ഐജി കസേരയിൽ നിന്നും എഴുന്നേറ്റു.

“ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?” നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.

“സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.”

“ഹാ നസ്രാണിയാണല്ലേ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.

“നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.”

ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!