യാമിനി 1

‘It means, a voluntary association of persons formed to achieve some common objectives….. ‘

‘യാമിനീ……. നീ എവിടെയാ ശ്രദ്ധിച്ചിരിക്കണേ….? ഞാൻ ഇപ്പൊ എന്താ പറഞ്ഞെന്നു പറയൂ… ടീച്ചറുടെ ഒച്ചത്തിലുള്ള ശബ്ദം കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. ടീച്ചർ പറഞ്ഞത് ശ്രദ്ധിക്കാത്തതുകൊണ്ടു തന്നെ ആ ചോദ്യത്തിന് ഉത്തരം പറയാനായില്ലെനിക്ക്. ഞാൻ നിന്ന് പരുങ്ങുന്നതു കണ്ടയുടനെതന്നെ ടീച്ചർ ഗെറ്റ് ഔട്ട് അടിച്ചു.

ആഹ്…. ക്ലാസ്സിൽ നിന്ന് പുറത്താക്കിയതു നന്നായി, അവിടെ ഇരുന്നിട്ടും കാര്യമില്ല.. എനിക്കൊന്നും ശ്രദ്ധിക്കാനേ പറ്റുന്നില്ല. മനസ്സ് എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തപോലെ….

ഇതിലും വലിയ എത്രയോ വേദന അനുഭവിച്ചിട്ടുണ്ട് ഞാൻ… എങ്കിലും അന്നൊന്നും അനുഭവിക്കാത്ത ഒരു നീറ്റലാണ് ഇപ്പോഴെന്റെയുള്ളിൽ. ഇന്നലെ കേശുവിനെ കാണും വരെയും ഇതായിരുന്നില്ലല്ലോ കൃഷ്ണാ എന്റെ അവസ്ഥ. ഒന്ന് പൊട്ടിക്കരയാണമെന്നുണ്ട് ഈ നിമിഷം…, പക്ഷേ പരിസരം അതിനനുവദിക്കുന്നില്ല.

ബൊട്ടാണിക്കൽ ഗാർഡന്റെ അരികിലായി ഒരുക്കിയിട്ടുളള സിമന്റു ബഞ്ചിൽ ഇപ്പോൾ ഞാൻ മാത്രമാണ്. ബി. എ ഡിപ്പാർട്മെന്റിന്റെ വരാന്തയിൽ നിന്ന് വിഷ്ണു എന്നെ നോക്കുന്നത് ഞാൻ കണ്ടു.അവൻ ഇന്ന് എന്നോട് എന്റെ പെരുമാറ്റത്തിൽ എന്തോ മാറ്റം തോന്നുന്നെന്നു പറഞ്ഞിരുന്നു…. ………………………….

‘യാമിനീ……. നീ എന്തിനാണ് ഇവിടിരിക്കുന്നെ…. നിനക്ക് ഇപ്പൊ ക്ലാസ്സ് ഇല്ലേ?

വിഷ്ണു എപ്പോഴാണ് എന്റെയരികിൽ വന്നതെന്നുപോലും ഞാൻ കണ്ടില്ല. അതുകൊണ്ടു തന്നെ പെട്ടെന്നു വന്ന ആ ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ തെല്ലൊന്നു പതറി നിന്നു……

‘യാമിനീ….. ഞാൻ ചോദിച്ചതു നീ കേട്ടില്ലെന്നുണ്ടോ? ‘

‘അത്….. അത്.. വിഷ്ണൂ… ഞാനിവിടെ വെറുതെ വന്നിരുന്നതാണ്… ‘ ‘നിന്റെ കൂട്ടുകാരെന്തിയേ യാമിനീ… അവർക്കൊപ്പമല്ലാതെ നീ നടക്കാറില്ലല്ലോ? ‘

‘അവരിപ്പോ വരും വിഷ്ണൂ……. തന്മയിക്ക് ലൈബ്രറി വരെ ഒന്ന് പോണംന്നു പറഞ്ഞു…. ഗൗരി കൂടെ പോയേക്കുവാ… ഞാൻ ഇവിടെ ഇരിക്കാം പോയേച്ചും വരാൻ പറഞ്ഞു ഞാനവരോട്…. ‘

‘ങും…. യാമിനീ… നീ എന്നോട് കള്ളം പറഞ്ഞു തുടങ്ങിയോ…. നിന്നെ ഉമ ടീച്ചറു ക്ലാസ്സിൽ നിന്ന് പുറത്താക്കിയെ എന്റെ ഫ്രണ്ട് മഹീന്ദ്രനില്ലേ അവൻ കണ്ടിരുന്നു… അവനാ എന്നോടു വന്നു പറഞ്ഞേ.. എന്തു പറ്റി യാമിനീ നിനക്ക്… ആ ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടിയല്ലേ നീ….. ഇന്ന് രാവിലെ മുതലേ ഞാൻ ചോദിക്കുവല്ലേ എന്താ പറ്റിയതെന്ന്, ഇനിയെങ്കിലും പറയൂ യാമിനീ… ‘

‘എനിക്കെന്തു പറ്റാൻ….

ഒന്നുമില്ല വിഷ്ണു….. അല്ലേലും ആ ഉമ ടീച്ചറെ ക്ലാസ്സിൽ ഇരിക്കാൻ എനിക്കും ഇഷ്ടമല്ല’ എന്നൊരു മറുപടി യും കൊടുത്ത് ഞാൻ നന്നേ പണിപ്പെട്ട് വിഷ്ണുവിന്റെ അരികിൽ നിന്നു മാറി… ഒന്നും മനസ്സിലാകാത്തതുപോലെ അവൻ തെല്ലുനേരം എന്നെത്തന്നെ നോക്കി നിൽക്കുന്നത് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടു.

തന്മയിക്കും ഗൗരി ക്കും കാര്യം എന്താണെന്ന് മനസിലായില്ല. ‘എന്താടി വിഷ്ണുവുമായി പിണങ്ങിയോ? ‘ ‘ഏയ്, ഇല്ല ഗൗരി.’ ‘പിന്നെ എന്താടി പ്രശ്നം, പറയു.. ഞങ്ങളോട് പറയാത്ത എന്തു ദുഃഖാണ് നിനക്കുള്ളത്…. ‘ ‘എനിക്കെന്തു ദുഃഖം !നിനക്കൊക്കെ എന്തുപറ്റി… !’ ‘ഒന്നുമില്ലാന്നൊന്നും നീ പറയണ്ടാ, ഞങ്ങൾ ഇന്നും ഇന്നലേം ഒന്നും അല്ലല്ലോ നിന്നെ കാണാൻ തുടങ്ങിയേ… ഒന്നാം ക്ലാസ്സുമുതൽ ഒന്നിച്ചു പഠിക്കണതാ, അതുകൊണ്ട് മോള് കള്ളമൊന്നും പറയണ്ടാട്ടാ…….. ‘

തന്മയിയുടെ ആ വാക്കുകൾക്കു മുൻപിൽ എനിക്കു മറച്ചു വയ്ക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

‘എടീ…അത് ഞാനിന്നലെ വൈകുന്നേരം അപ്പൂപ്പന്റെ മരുന്ന് മേടിക്കാൻ പുറത്തു പോയി, തിരിച്ചു വരാൻ സ്കൂട്ടിയിലോട്ട് കയറാൻ നേരം ഞാൻ കേശുവിനെ കണ്ടു.. ‘

‘ങും…… നമ്മുടെ കേശവ് അവനെയോ? ‘ ‘ആഹ്… അതേ.. ‘ ‘എന്നിട്ട് അവൻ നിന്നോട് വല്ലതും പറഞ്ഞോ.? ‘ ‘ആഹ് എടീ.. കാണാൻ വല്ലാതെ മാറിയിട്ടുണ്ടവൻ. എന്നോട് സുഖമാണോന്നൊക്കെ ചോദിച്ചു.. നന്നായി പഠിക്കണംന്നൊക്കെ പറഞ്ഞു… ഞാൻ ഒന്നും മിണ്ടിയില്ല… അപ്പോ അവൻ പറഞ്ഞു കുറച്ചു സംസാരിക്കാൻ ഉണ്ട് ഇന്ന് വേണ്ട പിന്നൊരിക്കലാവട്ടേന്ന്….. എന്തോ അവനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു ടെൻഷൻ… ‘ ‘ഓഹ് പിന്നേ….. കോപ്പാണ്… ‘ തന്മയിയുടെ മറുപടി ഉടനടിയെത്തി. ‘അവനോട് പോകാൻ പറയു, അവനു സംസാരിക്കണം പോലും, ഒരിക്കൽ നീയവനെ ഇഷ്ട്ടപ്പെട്ടിരുന്നത് നേരുതന്നെ. പെട്ടെന്നൊരു സുപ്രഭാതത്തിൽ വന്ന് നമുക്കെല്ലാം നിർത്താം എന്നു പറയാൻ അവനോട് നമ്മളാരും പറഞ്ഞില്ലല്ലോ…. എന്നിട്ടവനിപ്പോ സംസാരിക്കണം പോലും…. ‘

തന്മയിയുടെ സ്വരത്തിൽ തെല്ലരിശം മിഴിച്ചു നിന്നു……

‘അതേ ടീ…… ‘ഗൗരിയും അവളുടെ അഭിപ്രായം തുറന്നടിച്ചു.. ‘എന്തു നല്ല സ്നേഹത്തിലാരുന്നു നിങ്ങൾ. അവൻ എല്ലാം അവസാനിപ്പിക്കാം എന്നു പറഞ്ഞ സമയത്തെ നിന്റെ അവസ്ഥ എനിക്കിപ്പോഴും നല്ല ഓർമ്മേണ്ട്.. ! അവനെന്താ പറ്റിയെ….. ഒരു വാക്കിൽ എല്ലാം അവസാനിപ്പിച്ചു…. എന്നാൽ നീയോ……. എത്ര നാളെടുത്തു നീയൊന്നു ശരിയായി വരാൻ… !’

ശരിയാണ്…. ഗൗരിയുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു, എനിക്കവനോട് അതുവരെ തോന്നിയ അനുകമ്പയെ പാടെ തുടച്ചു നീക്കാൻ….
ഓർമയിൽ നിന്ന് ഞാൻ ചീന്തിയെടുത്ത താളുകൾ ആ നിമിഷം അവനോടെനിക്ക് കുറച്ചധികം ദേഷ്യം ജനിപ്പിച്ചു. ..

…………………………

വീട്ടിലെത്തിയപ്പോഴേക്കും വീണ്ടും ഞാൻ പഴയ യാമിയായി മാറിയിട്ടുണ്ടായിരുന്നു……. രാത്രിയിൽ മേശപ്പുറത്തിരുന്ന ഒരു പഴയ ബുക്ക് എന്റെ കൈ തട്ടി നിലത്തു വീണു. അതിനുള്ളിൽ നിന്ന് കേശുവിന്റെ ഒരു ഫോട്ടോ തറയിലേക്ക് മാറി വീണു. ആ ചിത്രം കൈപ്പിടിയിൽ ഒതുക്കവേ വീണ്ടും പഴയ ഓർമ്മകൾ എന്നെ വേട്ടയാടി……

പെട്ടെന്ന് ഞാൻ ഗൗരിയുടെ വാക്കുകൾ ഓർമിച്ചു, അവ എനിക്ക് ആ ഫോട്ടോയെ കീറി കളയാനുള്ള ശക്തി നൽകി… ! ഉറക്കം വരാത്ത ആ രാത്രി ഓർമ്മകൾ എന്റെയുള്ളിൽ ചീവീടുപോലെ ശബ്ദമുയർത്തി…..

കോളേജിലെ എന്റെ സീനിയർ ആയിരുന്നു കേശവ് എന്ന കേശു. കോളേജിലെ ആദ്യ ദിനങ്ങളിൽ തന്നെ ഞങ്ങൾ ഫ്രഷേഴ്സ്നു സുപരിചിതനായ വ്യക്തിത്വം. വളരെ പെട്ടെന്ന് ആ ബന്ധം പ്രണയത്തിലേയ്ക്കു വളർന്നു. കേശുവിൽ നിന്ന് ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറി നടന്നിരുന്നെങ്കിലും പതിയെപ്പതിയെ ആ ഇഷ്ട്ടം എന്റെ മനസ്സിനെയും കീഴ്പ്പെടുത്തി. തന്മയിക്കും ഗൗരിക്കും കേശുവിനെ വളരെയധികം ഇഷ്ടമായിരുന്നു.

ആ സമയത്താണ് ആരോ പറഞ്ഞു ഞാനറിഞ്ഞത് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വിഷ്ണു എന്ന പയ്യന് എന്നെ വലിയ ഇഷ്ടാണെന്ന്. കേട്ടറിഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങൾ ചിരിച്ചു കളഞ്ഞിരുന്നു.

ഞാനും കേശുവും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത വളരെ കൂടിയിരുന്നു. ഒന്നിച്ചല്ലാതെ ഇനി ഒരു ജീവിതം ഇല്ലെന്ന് ഞങ്ങൾ പരസ്പരം വാഗ്ദാത്തം ചെയ്തിരുന്നു. ഒന്നു സെറ്റിൽ ആയതിനു ശേഷം പേരെന്റ്സും ആയി വീട്ടിൽ വന്നു ചോദിക്കാം കേശു ഉറപ്പു നൽകിയിരുന്നു. ഒറ്റക്കിനി ജീവിക്കാനാകില്ലെന്ന് മനസ്സ് കൊണ്ട് നൂറുവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ…. ! അല്ലെങ്കിൽത്തന്നെ ഞാനാ വാഗ്ദാനം തെറ്റിച്ചിട്ടില്ലല്ല…? കേശുവാണ് എല്ലാം ഒരു നിമിഷം കൊണ്ട് മറന്നുകളഞ്ഞത്….. പെട്ടെന്നൊരു സുപ്രഭാതത്തിൽ “യാമീ നമുക്കെല്ലാം ഇവിടെ നിർത്താം… ഇതൊന്നും ശരിയാകില്ല, ഞാൻ ഒത്തിരി ആലോചിച്ചു നോക്കി….. ശരിയാകില്ല ഉറപ്പാണ് “എന്ന് കേശു പറഞ്ഞ ആ നിമിഷം ഇപ്പോഴും എന്റെയുള്ളിലുണ്ട്, അന്നത്തെ അതേ തീവ്രതയോടെ……. !!കാരണം…., ഞാൻ എന്തിനെക്കാളുമധികം സ്നേഹിക്കുന്നു….. അല്ല…. സ്നേഹിച്ചിരുന്നു.. അവനെ !!…………

എങ്ങനെയാണാവോ കണ്ണാ കേശുവിന് ഇങ്ങനെ മാറാൻ കഴിഞ്ഞത്. എത്ര ദിനങ്ങൾ ഞാൻ ആ നിമിഷം മാത്രം ഓർത്ത് ഉരുകി ജീവിച്ചു. !എന്റെ തന്മയിയും ഗൗരിയും ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കണ്ണാ എന്റെ സ്ഥിതി…….


കേശു സിക്സ്ത്ത് സെമസ്റ്റർ ലാസ്റ്റ് പഠിക്കണ സമയത്തായിരുന്നു ഈ സംഭവവികാസങ്ങൾ എല്ലാം.

ആദ്യമായി എന്റെയുള്ളിൽ മൊട്ടിട്ട അനുരാഗം പൂവണിയാതെ പോയതിൽ ഞാൻ നന്നേ നൊമ്പരപ്പെട്ടിരുന്നു.എത്ര നാൾ പിന്നാലെ നടന്നാണ് കേശു എന്റെ പ്രണയത്തെ സമ്പാദിച്ചത് !എന്നിട്ടെങ്ങനെ കഴിഞ്ഞവന് ആ പ്രണയത്തെ നിഷ്കരുണം തള്ളാൻ? !

പിന്നെയുള്ള നാളുകളിൽ കോളേജിൽ പോകാൻ പോലും എനിക്ക് മടിയായിരുന്നു. തന്മയി വീട്ടിൽ വന്നു എന്നെ കൂട്ടിക്കൊണ്ട് പോയ എത്രയോ ദിനങ്ങൾ…. ! പിന്നെ കേശുവിന്റെ മുൻപിൽ പെടാതെ നടക്കാൻ ശ്രമിച്ച എത്രയോ ദിനങ്ങൾ….. !

പിന്നെ എപ്പോഴോ ആ ദുഃഖം എന്റെ വാശിയും കേശുവിനോടുള്ള വെറുപ്പുമൊക്കെയായി മാറി.

ഞാൻ കോളേജിൽ എത്തിയ ആദ്യ ദിനങ്ങളിൽ തന്നെ എനിക്ക് സുപരിചിതനായിരുന്നു വിഷ്ണു. അവനു എന്നോട് പ്രണയമാണെന്ന് മറ്റുള്ളവർ പറഞ്ഞറിയും മുന്നേ എനിക്ക് അറിയാമായിരുന്നു. എന്നാൽ, കേശുവിന്റെ പെണ്ണായി മാത്രം ജീവിക്കാൻ ആഗ്രഹിച്ചതുകൊണ്ട് എനിക്ക് അതിലൊന്നും ഒന്നും തന്നെ തോന്നിയിരുന്നില്ല.

എന്റെ മുൻപിൽ വച്ച് കേശു മറ്റുള്ളവരോട് സ്നേഹത്തിൽ സംസാരിക്കുന്നത് പോലും എന്നെ ഭ്രാന്ത് പിടിപ്പിച്ച ആ നിമിഷത്തിൽ അവനോടുള്ള വാശി തീർക്കാൻ വേണ്ടി മാത്രം, വിഷ്ണുവിനോടുള്ള എന്റെ സമീപനത്തിൽ ഞാൻ അയവു വരുത്തി. എന്തിനാണാവോ കണ്ണാ ഇത്ര ചെറിയ കാര്യത്തിന് വിഷ്ണു അന്ന് അത്രയേറെ സന്തോഷിച്ചത്…. എന്നാൽ തന്മയിക്കും ഗൗരി ക്കും കാണാൻ കഴിയാത്ത ഒരു നൊമ്പരം വിഷ്ണുവിന്റെ കണ്ണുകളിൽ ആ സന്തോഷത്തോടൊപ്പം എനിക്ക് കാണാൻ കഴിഞ്ഞു…

(തുടരും ) (മൈഥിലി )

Comments:

No comments!

Please sign up or log in to post a comment!